- Biblica® Open Malayalam Contemporary Version 2020
സെഫന്യാവ്
സെഫന്യാവിന്റെ പ്രവചനം
സെഫന്യാവ്
സെഫ.
സെഫന്യാവിന്റെ പ്രവചനം
ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
യഹോവയുടെ ദിവസത്തിൽ സർവഭൂമിയിലുമുള്ള ന്യായവിധി
“ഞാൻ ഭൂമുഖത്തുനിന്ന്
സകലത്തെയും നശിപ്പിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും.
ആകാശത്തിലെ പറവകളെയും
സമുദ്രത്തിലെ മത്സ്യങ്ങളെയും—
ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.1:3 ചി.കൈ.പ്ര. ദുഷ്ടർക്കു ചണ്ടിക്കൂമ്പാരംമാത്രമേ ലഭിക്കുകയുള്ളൂ”
“ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും
ഉന്മൂലനംചെയ്യുമ്പോൾ,
ഞാൻ, യെഹൂദയ്ക്കുനേരേയും
ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും
വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും.
പുരമുകളിൽ, നക്ഷത്രസമൂഹത്തെ
സേവിച്ചുവണങ്ങുന്നവരെയും
യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും
മോലെക്കിന്റെ1:5 മൂ.ഭാ. മൽക്കാം നാമത്തിൽ ശപഥംചെയ്യുന്നവരെയും
യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.”
കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക,
യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.
യഹോവ ഒരു യാഗം ഒരുക്കിയിരിക്കുന്നു;
താൻ ക്ഷണിച്ചവരെ അവിടന്ന് ശുദ്ധീകരിച്ചിരിക്കുന്നു.
“യഹോവയുടെ യാഗദിവസത്തിൽ
ഞാൻ അധികാരങ്ങളെയും
രാജാവിന്റെ പുത്രന്മാരെയും
വൈദേശികവസ്ത്രം ധരിച്ചിട്ടുള്ള
എല്ലാവരെയും ശിക്ഷിക്കും.
ആ ദിവസത്തിൽ
ഉമ്മറപ്പടി ചാടിക്കടക്കുന്നവരെയും1:9 [1 ശമു. 5:5] കാണുക.
തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടും
നിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ആ ദിവസം
മീൻകവാടത്തിൽനിന്ന് നിലവിളി ഉയരും;
പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവും
കുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും.
മക്തേശ്1:11 അഥവാ, വാണിജ്യമേഖലയിലെ നിവാസികളേ, വിലപിക്കുക,
നിങ്ങളുടെ എല്ലാ കച്ചവടക്കാരും ഉന്മൂലനംചെയ്യപ്പെടും
എല്ലാ വെള്ളിവ്യാപാരികളും നശിച്ചുപോകും.
ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും.
നിർവികാരികളെയും
ഉന്മത്തരായി കിടന്നുകൊണ്ട്,
‘യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല’
എന്നു പറയുന്നവരെയും ഞാൻ ശിക്ഷിക്കും.
അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും
അവരുടെ വീടുകൾ ശൂന്യമാക്കപ്പെടും.
അവർ വീടുപണിയും
എന്നാൽ അവർ അവിടെ പാർക്കുകയില്ല;
അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും
എന്നാൽ വീഞ്ഞ് കുടിക്കുകയില്ല.”
യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—
സമീപമായി, അതിവേഗം വരുന്നു.
യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും;
യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.
ആ ദിവസം ക്രോധത്തിന്റെ ദിവസം—
കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം,
ശൂന്യതയുടെയും നാശത്തിന്റെയും ദിവസം,
അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം,
മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം—
കോട്ടയുള്ള നഗരങ്ങൾക്കും
ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ
കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം.
“ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;
അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും.
അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ
അവരുടെ രക്തം പൊടിപോലെയും
അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.
യഹോവയുടെ ക്രോധദിവസത്തിൽ
അവരുടെ വെള്ളിയോ സ്വർണമോ
അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.”
അവിടത്തെ തീക്ഷ്ണാഗ്നിയിൽ
സർവലോകവും ദഹിച്ചുപോകും.
സകലഭൂവാസികളുടെയുംമേൽ അവിടന്ന്
ശീഘ്രസംഹാരം വരുത്തും.
യെഹൂദയും ജെറുശലേമും ഇതര രാഷ്ട്രങ്ങൾക്കൊപ്പം വിധിക്കപ്പെടുന്നു
അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു
നാണംകെട്ട ജനതയേ,
കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക.
നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും
ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ,
യഹോവയുടെ ഭയങ്കരകോപം
നിന്റെമേൽ വരുന്നതിനുംമുമ്പേ,
യഹോവയുടെ ക്രോധദിവസം
നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക.
ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ,
യഹോവയെ അന്വേഷിക്കുക.
നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക;
പക്ഷേ, യഹോവയുടെ കോപദിവസത്തിൽ
നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.
ഫെലിസ്ത്യദേശത്തിനുനേരേ
ഗസ്സാ ഉപേക്ഷിക്കപ്പെടും
അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും.
നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും
എക്രോൻ തകർന്നുപോകും.
സമുദ്രതീരവാസികളേ,
കെരീത്യരേ, നിങ്ങൾക്കു ഹാ കഷ്ടം!
ഫെലിസ്ത്യരുടെ ദേശമായ കനാനേ,
യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു:
“ഞാൻ നിന്നെ നശിപ്പിക്കും.
ആരും ശേഷിക്കുകയില്ല.”
ക്രേത്യർ വസിക്കുന്ന സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും
ആട്ടിൻകൂട്ടത്തിനു തൊഴുത്തുകളുമുള്ള
പുൽപ്പുറമായിത്തീരും.
ആ ദേശം യെഹൂദാഗൃഹത്തിന്റെ
ശേഷിപ്പിന് അവകാശമാകും;
അവർ അവിടെ മേച്ചിൽപ്പുറം കണ്ടെത്തും.
സായാഹ്നത്തിൽ അവർ
അസ്കലോൻവീടുകളിൽ കിടക്കും.
അവരുടെ ദൈവമായ യഹോവ അവർക്കുവേണ്ടി കരുതും;
അവിടന്ന് അവരെ സന്ദർശിച്ച് അവരുടെ സൗഭാഗ്യം പുനഃസ്ഥാപിക്കും.
മോവാബിനും അമ്മോനും എതിരേ
“എന്റെ ജനതയെ അപമാനിച്ചവരും
അവരുടെ ദേശത്തെ ഭീഷണിപ്പെടുത്തിയവരുമായ
മോവാബിന്റെ അപമാനവും
അമ്മോന്യരുടെ ധിക്കാരവും ഞാൻ കേട്ടിരിക്കുന്നു.
അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും
അമ്മോന്യർ ഗൊമോറായെപ്പോലെയും—
പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ്
എന്നേക്കും ശൂന്യമായിത്തീരും,
എന്ന് ഇസ്രായേലിന്റെ ദൈവമായ
സൈന്യങ്ങളുടെ യഹോവ,
ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു.
എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും
എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.”
അവരുടെ നിഗളത്തിന്റെ പ്രതിഫലമായി അവർക്കു ലഭിക്കുന്നത് ഇതുതന്നെ,
കാരണം, സൈന്യങ്ങളുടെ യഹോവയുടെ ജനത്തെ
അവർ അപമാനിക്കുകയും പരിഹസിക്കുകയുംചെയ്തല്ലോ.
യഹോവ ഭൂമിയിലെ സകലദേവതകളെയും നശിപ്പിക്കുമ്പോൾ
അവിടന്ന് അവർക്കെതിരേ ഭയങ്കരനായിരിക്കും.
വിദൂരങ്ങളിലുള്ള സകലരാഷ്ട്രങ്ങളും യഹോവയെ നമസ്കരിക്കും,
അവരെല്ലാവരും അവരവരുടെ ദേശത്തുവെച്ചുതന്നെ.
കൂശിനെതിരേ
“കൂശ്യരേ, നിങ്ങളും
എന്റെ വാളിനാൽ വധിക്കപ്പെടും.”
അശ്ശൂരിനെതിരേ
അവിടന്ന് തന്റെ കരം വടക്ക്
അശ്ശൂരിനെതിരേ നീട്ടി അതിനെ നശിപ്പിക്കും.
നിനവേ അശേഷം ശൂന്യമാകും;
മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകും.
ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും
അവിടെക്കിടക്കും.
അതിന്റെ തൂണുകൾക്കു മധ്യത്തിൽ
മൂങ്ങയും നത്തും രാപാർക്കും.
അവയുടെ ശബ്ദം ജനാലകളിൽ പ്രതിധ്വനിക്കും
വാതിലിനുമുമ്പിൽ ചണ്ടിക്കൂമ്പാരങ്ങൾ നിറഞ്ഞുകിടക്കും
ദേവദാരുകൊണ്ടുള്ള ഉത്തരങ്ങൾ വെയിലുംമഴയും ഏറ്റുകിടക്കും.
ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം;
സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ.
അവൾ സ്വയം പറഞ്ഞു;
“ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.”
അവൾ എത്ര വലിയ നാശത്തിന് ഇരയായി,
വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി!
കടന്നുപോകുന്നവർ പരിഹസിക്കുകയും
മുഷ്ടി കുലുക്കുകയും ചെയ്യുന്നു.
ജെറുശലേമിനെതിരേ
പീഡകരുടെയും മത്സരികളുടെയും
അശുദ്ധരുടെയും പട്ടണത്തിന് ഹാ കഷ്ടം!
അവൾ ആരെയും അനുസരിക്കുന്നില്ല,
അവൾക്കു പ്രബോധനം സ്വീകാര്യമല്ല.
അവൾ യഹോവയിൽ ആശ്രയിക്കുന്നില്ല,
അവൾ തന്റെ ദൈവത്തോട് അടുത്തുവരുന്നതുമില്ല.
അവളുടെ ഉദ്യോഗസ്ഥർ
അലറുന്ന സിംഹങ്ങൾ;
അവളുടെ അധിപന്മാർ പ്രഭാതത്തിനായി ഒന്നും ശേഷിപ്പിക്കാത്ത
സന്ധ്യാസമയത്ത് അലയുന്ന ചെന്നായ്ക്കൾ.
അവളുടെ പ്രവാചകന്മാർ താന്തോന്നികൾ,
അവർ വഞ്ചകന്മാർതന്നെ.
അവളുടെ പുരോഹിതന്മാർ മന്ദിരത്തെ അശുദ്ധമാക്കുന്നു,
അവർ ന്യായപ്രമാണത്തോട് അതിക്രമംചെയ്യുന്നു.
നീതിമാനായ യഹോവ അവളിൽ വസിക്കുന്നു;
അവിടന്ന് അനീതി ചെയ്യുന്നില്ല.
പ്രഭാതംതോറും അവിടന്ന് നീതി നടപ്പാക്കുന്നു,
ഓരോ പുതിയ ദിവസവും അവിടന്ന് അതിനു മുടക്കം വരുത്തുന്നില്ല,
എങ്കിലും നീതികെട്ടവർക്കു നാണമില്ല.
ജെറുശലേം അനുതപിക്കുന്നില്ല
“ഞാൻ രാജ്യങ്ങളെ ഛേദിച്ചുകളഞ്ഞിരിക്കുന്നു;
അവരുടെ സുരക്ഷിതകേന്ദ്രങ്ങൾ തകർത്തിരിക്കുന്നു.
ഞാൻ അവരുടെ തെരുവുകൾ ശൂന്യമാക്കി,
ആരും അവിടെ വഴിനടക്കുന്നില്ല.
അവരുടെ പട്ടണങ്ങൾ നശിച്ചിരിക്കുന്നു;
ആരും, ഒരുത്തൻപോലും ശേഷിക്കുകയില്ല.
‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട്
എന്റെ പ്രബോധനം അംഗീകരിക്കും,’
എന്നു ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു.
അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരുടെ വാസസ്ഥലം ശൂന്യമാകുകയില്ലായിരുന്നു,
എന്റെ യാതൊരു ശിക്ഷയും അവളുടെമേൽ വരികയുമില്ലായിരുന്നു.
എന്നിട്ടും അവരുടെ സകലദുഷ്‍പ്രവൃത്തിയിലും
അവർ ജാഗ്രതയുള്ളവരായിരുന്നു.
അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ.
രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും
എന്റെ ക്രോധത്തെയും
എന്റെ ഭയങ്കരകോപമെല്ലാം
അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ
സർവലോകവും ദഹിച്ചുപോകും.
ഇസ്രായേലിന്റെ ശേഷിപ്പിന്റെ പുനഃസ്ഥാപനം
“അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും
ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും
ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും.
എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും
കൂശിലെ നദിക്കപ്പുറത്തുനിന്ന്
എനിക്കു നേർച്ചകൾ കൊണ്ടുവരും.
നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം
ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല.
തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ
ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും.
എന്റെ വിശുദ്ധപർവതത്തിൽ
നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല.
താഴ്മയും സൗമ്യതയും ഉള്ളവരായി,
യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന
ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ
ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും.
അവർ അതിക്രമം ചെയ്യുകയില്ല;
അവർ വ്യാജം പറയുകയുമില്ല.
അവരുടെ നാവുകളിൽ
വഞ്ചനയും ഉണ്ടായിരിക്കുകയില്ല.
അവർ ഭക്ഷിച്ചു കിടന്നുറങ്ങും
ആരും അവരെ ഭയപ്പെടുത്തുകയില്ല.”
സീയോൻപുത്രീ, പാടുക,
ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക!
ജെറുശലേംപുത്രീ,
പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക!
യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു,
അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു.
ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്;
നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല.
ആ ദിവസത്തിൽ
അവർ ജെറുശലേമിനോടു പറയും:
“സീയോനേ, ഭയപ്പെടേണ്ട,
നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല.
നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,
അവിടന്ന് രക്ഷിക്കാൻ ശക്തൻ.
അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;
യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,
എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”
“നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത്
നിങ്ങൾക്കൊരു ഭാരവും ലജ്ജയും ആണല്ലോ
അതേക്കുറിച്ച് വിലപിക്കുന്നവർ ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല.
നിന്നെ പീഡിപ്പിച്ച സകലരോടും
ആ കാലത്ത് ഞാൻ ഇടപെടും.
ഞാൻ മുടന്തനെ വിടുവിക്കും;
ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും.
അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും
ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും.
ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും;
ആ കാലത്ത് ഞാൻ നിങ്ങളെ ഭവനങ്ങളിൽ കൂട്ടിച്ചേർക്കും.
നിങ്ങളുടെ സ്വന്തം ദൃഷ്ടികൾക്കുമുമ്പിൽ
ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ,
ഭൂമിയിലെ സകലജനങ്ങളുടെയും മധ്യത്തിൽ
ഞാൻ നിങ്ങൾക്കു മഹത്ത്വവും പുകഴ്ചയും നൽകും,”
ഇത് യഹോവയുടെ അരുളപ്പാട്.