- Biblica® Open Malayalam Contemporary Version 2020 തീത്തോസ് തീത്തോസിന് എഴുതിയ ലേഖനം തീത്തോസ് തീത്തോ. തീത്തോസിന് എഴുതിയ ലേഖനം ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലോസ്, നമുക്കു പൊതുവായുള്ള വിശ്വാസത്തിൽ എന്റെ യഥാർഥ പുത്രതുല്യനായ തീത്തോസിന്, എഴുതുന്നത്: നിനക്കു പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ദൈവം തെരഞ്ഞെടുത്തവർ വിശ്വസിക്കാനും ഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിപൂർണജ്ഞാനം അവർക്കു ലഭിക്കാനുമായി നിത്യജീവന്റെ പ്രത്യാശ അവിടത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവർക്കു വെളിപ്പെടുത്താൻ നമ്മുടെ രക്ഷകനായ ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ പ്രത്യാശ വ്യാജംപറയാത്ത ദൈവം കാലാരംഭത്തിനു മുമ്പേ വാഗ്ദാനം ചെയ്തതും നിയുക്തസമയത്ത് വെളിപ്പെടുത്തിയതുമാണ്. സഭാമുഖ്യന്മാരെ നിയമിക്കുക എന്ന ദൗത്യം ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്. സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം. അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ. നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം. നന്മ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവരെ ശാസിക്കുക കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദനം1:10 അതായത്, സുന്നത്ത് ആവശ്യമെന്നു വാദിക്കുന്നവരാണിവർ. ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്. “ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും, യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്. ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്. അവർ ദൈവത്തെ അറിയുന്നെന്ന് വാദിക്കുന്നെങ്കിലും പ്രവൃത്തികളാൽ അവിടത്തെ നിഷേധിക്കുന്നു. അവർ മ്ലേച്ഛരും അനുസരണയില്ലാത്തവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാണ്. സത്യോപദേശം എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക. അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക. അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക. സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും. അടിമകൾ തങ്ങളുടെ യജമാനന്മാർക്ക് എല്ലാറ്റിലും വിധേയരായിരിക്കണം. യജമാനന്മാരെ പ്രീതിപ്പെടുത്തുന്നവരും എതിരുപറയാത്തവരും ആയിരിക്കണം. ധനം അപഹരിക്കാതെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തിന് എല്ലാ ബഹുമതിയും ലഭിക്കത്തക്കവിധം സകലത്തിലും നല്ല വിശ്വസ്തത പുലർത്താനും അവരെ പ്രോത്സാഹിപ്പിക്കുക. സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു. നീ ഇവ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും പൂർണഅധികാരത്തോടെ ശാസിക്കുകയുംചെയ്യുക. ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ. നന്മ ചെയ്യുക ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക. ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക. കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു. എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്. ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാധാന്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്. നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, കുടുംബശ്രേഷ്ഠതയെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്നു പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്. അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക. വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ. സമാപനവാക്കുകൾ ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്കയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു, നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലോസിനെയും ഒരു കുറവുംകൂടാതെ ഉത്സാഹത്തോടെ നീ യാത്രയാക്കുക. നമ്മുടെ ജനങ്ങൾ സൽപ്രവൃത്തികളിൽ വ്യാപൃതരായി അത്യാവശ്യക്കാരെ സഹായിക്കാൻ പഠിക്കട്ടെ. അപ്പോൾ അവർ പ്രയോജനമില്ലാത്തവർ ആകുകയില്ല. എന്നോടുകൂടെയുള്ളവരുടെ അഭിവാദനം അറിയിക്കുന്നു. വിശ്വാസത്തിൽ ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങളുടെ അഭിവാദനം അറിയിക്കുക. നിങ്ങൾക്കെല്ലാവർക്കും കൃപ ഉണ്ടാകുമാറാകട്ടെ.