- Biblica® Open Malayalam Contemporary Version 2020
ഉത്തമഗീതം
ശലോമോന്റെ ഉത്തമഗീതം
ഉത്തമഗീതം
ഉത്ത.
ശലോമോന്റെ ഉത്തമഗീതം
ശലോമോന്റെ ഉത്തമഗീതം.
യുവതി1:2 ആൺ, പെൺ എന്നീ പ്രധാന പ്രഭാഷകരെ യുവാവ്, യുവതി എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്നു. ഈ സൂചന പ്രധാനമായും എബ്രായഭാഷയിൽ പ്രതിപാദിച്ചിരിക്കുന്ന ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരുടെ വാക്കുകൾ തോഴിമാർ എന്ന് സൂചിപ്പിച്ചിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ നിലയിലുള്ള വിഭജനവും ശീർഷകവും തർക്കവിധേയമാണ്.
അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—
നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം.
നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;
നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ.
അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല!
എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!
രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ.
തോഴിമാർ
ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും;
നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും.
യുവതി
അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.
ജെറുശലേംപുത്രിമാരേ,
ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ,
കേദാർ കൂടാരങ്ങൾപോലെയും
ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ.
ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,
ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി
അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി;
എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.
എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,
നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്?
അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്?
ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ
നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം?
തോഴിമാർ
സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ
ആട്ടിൻപറ്റങ്ങളുടെ കാലടികൾ പിൻതുടരുകയും
നിന്റെ കുഞ്ഞാടുകളെ
ഇടയകൂടാരങ്ങൾക്കരികെ മേയ്ക്കുകയുംചെയ്യുക.
യുവാവ്
എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ
മദിപ്പിക്കുന്ന പെൺകുതിരകളിലൊന്നിനെപ്പോലെയാകുന്നു നീ.
നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും
നിന്റെ കണ്ഠം രത്നാഭരണങ്ങളാലും അലംകൃതമായിരിക്കുന്നു.
വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ
ഞങ്ങൾ നിനക്കായി പണിയും.
യുവതി
രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,
എന്റെ സുഗന്ധതൈലം സൗരഭ്യം പരത്തി.
എന്റെ പ്രിയൻ എനിക്ക്
എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ1:13 അഥവാ, നറുമ്പശ ആകുന്നു.
എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ
മൈലാഞ്ചിപ്പൂക്കുലപോലെ ആകുന്നു.
യുവാവ്
എന്റെ പ്രിയേ! നീ എത്ര സുന്ദരി!
നീ സുന്ദരിതന്നെ!
നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.
യുവതി
എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!
നീ അതിസുന്ദരൻതന്നെ!
നമ്മുടെ കിടക്കയും ശ്യാമളംതന്നെ.1:16 അഥവാ, പച്ചപ്പുതന്നെ
യുവാവ്
നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;
അതിന്റെ കഴുക്കോൽ സരളവൃക്ഷവുമാകുന്നു.
യുവതി2:1 അഥവാ, യുവാവ്
ഞാൻ ശാരോനിലെ പനിനീർകുസുമം
താഴ്വരകളിലെ ശോശന്നപ്പുഷ്പം.2:1 അതായത്, ഒരുതരം ലില്ലിപ്പൂവ്
യുവാവ്
മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്
യുവതികൾക്കിടയിലെ എന്റെ പ്രിയ.
യുവതി
വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം2:3 അഥവാ, ശീമബദാംപഴം, ചിലർ നാരകം എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പോലെയാണ്
യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ.
അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു
അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.
അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,
എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.
മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,
ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ,
കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.
അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,
അവന്റെ വലതുകരം എന്നെ പുണരുന്നു.
ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും
മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:
അനുയോജ്യസമയം വരുംവരെ
പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
കേൾക്കൂ! എന്റെ പ്രിയരേ,
പർവതങ്ങളിലൂടെ തുള്ളിച്ചാടിയും
കുന്നുകളിലൂടെ കുതിച്ചുചാടിയും
എന്റെ പ്രിയൻ ഇതാ വരുന്നു.
എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.
ജനാലകളിലൂടെ നോക്കിക്കൊണ്ട്,
അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്,
ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.
എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,
“എന്റെ പ്രിയേ, എഴുന്നേൽക്കൂ,
എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.
നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു
മഴക്കാലവും മാറിപ്പോയിരിക്കുന്നു.
മണ്ണിൽ മലരുകൾ വിരിയുന്നു;
ഗാനാലാപനകാലവും2:12 അഥവാ, മുന്തിരിത്തലകൾ വെട്ടിയൊതുക്കുന്നകാലം വന്നുചേർന്നിരിക്കുന്നു,
പ്രാവുകളുടെ കുറുകലും
നമ്മുടെ നാട്ടിൽ കേൾക്കുന്നു.
അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;
പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു.
എന്റെ പ്രിയേ, എഴുന്നേറ്റുവരിക
എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”
യുവാവ്
പാറപ്പിളർപ്പുകളിൽ,
അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ,
നിന്റെ മുഖം ഞാനൊന്നു കാണട്ടെ,
നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ;
കാരണം നിന്റെ സ്വരം മധുരതരവും
നിന്റെ മുഖം രമണീയവും ആകുന്നു.
നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ
കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ
മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന
ചെറുകുറുനരികളെത്തന്നെ.
യുവതി
എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;
അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.2:16 അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു
ഉഷസ്സു പൊട്ടിവിടർന്ന്
ഇരുളിന്റെ നിഴലുകൾ മായുംവരെ,
എന്റെ പ്രിയനേ, എന്നിലേക്കണയുക;
ഒരു ചെറു കലമാനിനെപ്പോലെയോ
പർവതമേടുകളിലെ2:17 അഥവാ, ബേഥേർക്കുന്നുകൾ
മാൻകിടാവിനെപ്പോലെയോതന്നെ.
രാത്രിമുഴുവനും എന്റെ കിടക്കയിൽ
ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു;
ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.
ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും,
അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്,
ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും.
അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.
നഗരവീഥികളിൽ റോന്തുചുറ്റുന്ന
കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി.
“എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.
ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി.
ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു
അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു,
എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.
ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും
മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക:
അനുയോജ്യസമയം വരുംവരെ
പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
മീറയും കുന്തിരിക്കവും
വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്,
പരിമളം പരത്തുന്ന പുകത്തൂണുപോലെ
മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?
നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ,
ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന
അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.
അവരെല്ലാവരും വാളേന്തിയവരാണ്,
എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്,
ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്
തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.
ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്;
ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.
അതിന്റെ തൂണുകൾ വെള്ളികൊണ്ടും
നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു.
അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു,
അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ
തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.
സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക.
കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക,
അദ്ദേഹത്തിന്റെ വിവാഹനാളിൽ,
തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ,
തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.
യുവാവ്
എന്റെ പ്രിയേ! നീ എത്ര സുന്ദരി!
നീ സുന്ദരിതന്നെ!
നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്.
ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.
അവയെല്ലാം ഇണക്കുട്ടികൾ;
ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം;
നിന്റെ വായ് മനോഹരമാകുന്നു.
മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ
മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച4:4 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
ദാവീദിൻ ഗോപുരംപോലെയാണ്.
അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു,
അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ.
നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന
ഇരട്ടപിറന്ന കലമാനുകൾക്കു സമം.
പകൽ പുലർന്ന്
നിഴലുകൾ മായുന്നതുവരെ,
ഞാൻ മീറയുള്ള പർവതത്തിലേക്കും
കുന്തിരിക്കക്കുന്നിലേക്കും പോകും.
എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;
നിന്നിലൊരു ന്യൂനതയുമില്ല.
എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക,
ലെബാനോനിൽനിന്ന് എന്റെകൂടെ വരിക.
അമാനാ പർവതശൃംഗത്തിൽനിന്ന്
സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന്
സിംഹങ്ങളുടെ ഗുഹകളിൽനിന്ന്
പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും
നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.
എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം,
നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം.
നിന്റെ സുഗന്ധലേപനസൗരഭ്യം
മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം!
എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്;
നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്.
നിന്റെ വസ്ത്രാഞ്ചലസൗരഭ്യം
ലെബാനോനിലെ പരിമളത്തിനു സമം.
എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം;
അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും.
നിന്റെ ചെടികൾ
വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം,
മൈലാഞ്ചിയും ജടാമാഞ്ചിയും4:13 മലകളിൽ വളരുന്ന ഒരു സുഗന്ധസസ്യം. അവിടെയുണ്ട്.
ജടാമാഞ്ചിയും കുങ്കുമവും
വയമ്പും ലവംഗവും
മീറയും ചന്ദനവും
എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും
മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ.
നീ4:15 അഥവാ, ഞാൻ ഒരു ഉദ്യാനജലധാരയാണ്,
ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന
തെളിനീരിന്റെ സംഭരണിയാണു നീ.
യുവതി
വടക്കൻകാറ്റേ, ഉണരൂ,
തെക്കൻകാറ്റേ, വരിക!
അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി,
എന്റെ തോട്ടത്തിൽ വീശുക.
എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ,
അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.
യുവാവ്
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു;
ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു.
തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു;
പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു.
തോഴിമാർ
അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ;
ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.
യുവതി
ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു.
ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു:
“എന്റെ സഹോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ.
എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും
എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”
അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു—
അതു ഞാൻ വീണ്ടും അണിയണമോ?
എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു—
അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?”
എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി;
എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി.
ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു,
എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു,
മീറയിൻധാരയുമായി എന്റെ വിരലുകൾ
വാതിലിൻതഴുതുകളിൽവെച്ചു.
ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു,
അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു.
അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു.5:6 അഥവാ, അവന്റെ ഭാഷണത്താൽ ഞാൻ വിവശയായിരുന്നു.
ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.
നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ
എന്നെ കണ്ടെത്തി.
അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു;
മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ,
എന്റെ അങ്കി കവർന്നെടുത്തു!
ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക—
നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ,
അവനോട് നിങ്ങൾ എന്തുപറയും?
ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.
തോഴിമാർ
സ്ത്രീകളിൽ അതിസുന്ദരീ,
മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്,
മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
യുവതി
എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ,
പതിനായിരംപേരിൽ അതിശ്രേഷ്ഠൻ.
അവന്റെ ശിരസ്സ് തനിത്തങ്കം;
അവന്റെ മുടി ചുരുണ്ടതും
കാക്കയെപ്പോലെ കറുത്തതും ആകുന്നു.
നീരൊഴുക്കുകൾക്കരികത്തെ
പ്രാവിനു സമമാണ് അവന്റെ മിഴികൾ,
അവ പാലിൽ കഴുകിയതും
രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്.
അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന
സുഗന്ധത്തട്ടുകൾപോലെയാണ്.
അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന
ശോശന്നപ്പുഷ്പംപോലെയാണ്.
അവന്റെ ഭുജങ്ങൾ
പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ.
അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച
തിളക്കമാർന്ന ദന്തസമം.
തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന
മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ.
അവന്റെ ആകാരം ലെബാനോനിലെ
ദേവദാരുപോലെതന്നെ ശ്രേഷ്ഠം.
അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;
അവൻ സർവാംഗസുന്ദരൻ.
ജെറുശലേംപുത്രിമാരേ,
ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.
തോഴിമാർ
സ്ത്രീകളിൽ അതിസുന്ദരീ,
നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു?
നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു,
അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?
യുവതി
എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്,
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു,
തോട്ടത്തിൽ മേയിക്കുന്നതിനും
ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.
ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു;
അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.6:3 അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു
യുവാവ്
എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ,
ജെറുശലേംപോലെ സൗന്ദര്യവതി,
കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.
നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക;
അവയെന്നെ കീഴടക്കുന്നു.
ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.
അവയെല്ലാം ഇണക്കുട്ടികൾ;
ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ
മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
അറുപതു രാജ്ഞിമാരും
എൺപതു വെപ്പാട്ടികളും
അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;
എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം,
അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ,
അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ.
യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു;
രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.
തോഴിമാർ
അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്?
ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി,
താരഗണങ്ങൾപോലെ പ്രസന്നവതി.
യുവാവ്
ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു,
താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ,
മുന്തിരിലതകൾ പുഷ്പിണികളായോ എന്നും
മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.
ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ,
എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.6:12 അഥവാ, അമ്മീനാദാബിന്റെ രഥവ്യൂഹത്തിലേക്ക്; അഥവാ, പ്രഭുക്കന്മാരുടെ രഥവ്യൂഹത്തിലേക്ക്.
തോഴിമാർ
അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക;
മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ!
യുവാവ്
മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ
ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?6:13 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
അല്ലയോ പ്രഭുകുമാരീ,
പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!
നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ
കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന
വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി.
ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട
ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
ഇരട്ടപിറന്ന കലമാനുകൾക്കു സമം.
ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.
ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള
ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ.
ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന
ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.
നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്;
രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
എന്റെ പ്രിയേ, നീ എത്ര സുന്ദരി,
നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
നിന്റെ ആകാരം പനയുടേതുപോലെ,
നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
“ഞാൻ പനയിൽ കയറും;
അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു.
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും
നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.
യുവതി
ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ,
അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
ഞാൻ എന്റെ പ്രിയനുള്ളവൾ,
അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,
നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന്7:11 അഥവാ, മൈലാഞ്ചിച്ചെടികൾക്കിടയിൽ രാപാർക്കാം.
അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—
മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും
അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും
മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം—
അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
ദൂദായിപ്പഴം സുഗന്ധം വീശുന്നു,
നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്;
എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം
ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.
എന്റെ അമ്മ മുലയൂട്ടിവളർത്തിയ
ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ,
എനിക്കു നിന്നെ ചുംബിക്കാമായിരുന്നു,
ആരും എന്നെ നിന്ദിക്കുമായിരുന്നില്ല.
ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്
കൂട്ടിക്കൊണ്ടുപോകുമായിരുന്നു—
എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ.
സുഗന്ധരസംചേർത്ത വീഞ്ഞും
മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.
അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,
അവന്റെ വലതുകരം എന്നെ പുണരുന്നു.
ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക:
അനുയോജ്യസമയം വരുംവരെ
പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
തോഴിമാർ
തന്റെ പ്രിയന്റെമേൽ ചാരി,
മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്?
യുവതി
നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച,
അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി;
അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.
നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,
നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;
കാരണം പ്രേമം മരണംപോലെതന്നെ ശക്തവും
അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ8:6 അഥവാ, പാതാളം; മൂ.ഭാ. ഷിയോൽ കഠിനവുമാകുന്നു.
ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,
ഉഗ്രമായ അഗ്നിനാളംപോലെതന്നെ.
പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;
നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.
ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും
പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും
ആ വാഗ്ദാനവും8:7 അഥവാ, അവൻ അപഹാസ്യമാകുകയേയുള്ളൂ.
തോഴിമാർ
ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്,
അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല
നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ
അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?
അവൾ ഒരു മതിലാകുന്നെങ്കിൽ,
നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും
അവൾ ഒരു വാതിലാകുന്നെങ്കിൽ,
ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും.
യുവതി
ഞാൻ ഒരു മതിലാകുന്നു,
എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.
അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക്
ഒരുത്സവമായി.
ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു;
അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു.
അതിന്റെ ആദായവിഹിതമായി ഓരോരുത്തരും
ആയിരം വെള്ളിനാണയങ്ങൾ8:11 ഏക. 12 കി.ഗ്രാം. വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.
എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്;
ശലോമോനേ, ആയിരം നിന്റേത്,
തോട്ടം കാക്കുന്നവർക്ക് ഇരുനൂറും.8:12 ഏക. 2.3 കി.ഗ്രാം.
യുവാവ്
പരിചാരികമാരായ തോഴിമാരോടൊപ്പം
ഉദ്യാനങ്ങളിൽ വസിക്കുന്നവളേ,
ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!
യുവതി
എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും,
ഒരു ചെറു കലമാനിനെപ്പോലെ
പരിമളപർവതമേടുകളിലെ
മാൻകിടാവിനെപ്പോലെതന്നെ.