- Biblica® Open Malayalam Contemporary Version 2020
രൂത്ത്
രൂത്ത്
രൂത്ത്
രൂത്ത്.
രൂത്ത്
നവൊമിക്ക് ഭർത്താവും പുത്രന്മാരും നഷ്ടപ്പെടുന്നു
ന്യായാധിപന്മാരുടെ ഭരണകാലത്ത് ഇസ്രായേലിൽ ദേശവ്യാപകമായ ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യെഹൂദ്യയിലെ ബേത്ലഹേംകാരനായ ഒരാൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബുരാജ്യത്ത് കുറച്ചുകാലത്തേക്കു താമസിക്കാൻ പുറപ്പെട്ടു. ആ പുരുഷന്റെ പേര് എലീമെലെക്ക് എന്നും ഭാര്യയുടെ പേര് നവൊമി എന്നുമായിരുന്നു. അവരുടെ പുത്രന്മാരുടെ പേര് മഹ്ലോൻ എന്നും കില്യോൻ എന്നും ആയിരുന്നു. അവർ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു. അവർ മോവാബിൽച്ചെന്ന് അവിടെ താമസമാക്കി.
കുറച്ചുനാളുകൾക്കുശേഷം നവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. നവൊമിയും രണ്ടു പുത്രന്മാരുംമാത്രം ശേഷിച്ചു. അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു. അതിനുശേഷം മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ ഭർത്താവും രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടവളായി നവൊമിമാത്രം ശേഷിച്ചു.
നവൊമിയും രൂത്തും ബേത്ലഹേമിലേക്കു തിരിക്കുന്നു
യഹോവ തന്റെ ജനത്തിന് നല്ല വിളവുനൽകി അനുഗ്രഹിച്ചു എന്ന് നവൊമി മോവാബിൽവെച്ച് അറിഞ്ഞപ്പോൾ അവരും മരുമക്കളും സ്വദേശത്തേക്കു മടങ്ങാൻ തയ്യാറെടുത്തു. അങ്ങനെ രണ്ടു മരുമക്കളോടുമൊപ്പം നവൊമി താമസസ്ഥലമായ മോവാബുദേശം വിട്ട് യെഹൂദ്യയിലേക്കുള്ള വഴിയിലൂടെ യാത്രതിരിച്ചു.
എന്നാൽ വഴിമധ്യേ നവൊമി തന്റെ രണ്ടു മരുമക്കളോടും ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ കരുണകാണിച്ചതുപോലെ യഹോവ നിങ്ങളോടും കരുണകാണിക്കട്ടെ. നിങ്ങൾ ഓരോരുത്തരും വിവാഹിതരായി നിങ്ങളുടെ ഭർത്തൃഗൃഹത്തിൽ സുരക്ഷിതരായിരിക്കാൻ യഹോവ സഹായിക്കട്ടെ.”
ഇതു പറഞ്ഞിട്ട് യാത്രയയയ്ക്കുന്നതിനായി നവൊമി അവരെ ചുംബിച്ചു. എന്നാൽ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട്, “ഇല്ല, അമ്മയോടുകൂടെ അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു” എന്നു പറഞ്ഞു.
എന്നാൽ നവൊമി പറഞ്ഞു: “എന്റെ മക്കളേ, നിങ്ങൾ തിരികെപ്പൊയ്ക്കൊള്ളൂ, എന്തിനാണ് നിങ്ങൾ എന്നോടൊപ്പം വരുന്നത്? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ ഇനിയും എനിക്കു മക്കളുണ്ടാകുമോ? എന്റെ മക്കളേ, തിരികെ ഭവനത്തിലേക്കു പോയ്ക്കൊള്ളൂ; എനിക്കു മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ പ്രായം കഴിഞ്ഞുപോയി. ഇനിയും അങ്ങനെ ആഗ്രഹിച്ചിട്ട്—ഇന്നു രാത്രി ഒരു ഭർത്താവിനെ സ്വീകരിച്ച് എനിക്കു പുത്രന്മാരുണ്ടായാൽപോലും— അവർക്ക് പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? അവർക്കുവേണ്ടി നിങ്ങൾ അവിവാഹിതരായി തുടരുമോ? എന്റെ മക്കളേ, അങ്ങനെയല്ല, യഹോവതന്നെ1:13 മൂ.ഭാ. യഹോവയുടെ ഭുജം എനിക്കെതിരേ തിരിഞ്ഞതിനാൽ, ഞാൻ നിങ്ങളെക്കാളധികം കയ്‌പ് അനുഭവിച്ചവളായിത്തീർന്നിരിക്കുന്നു.”
ഇതു കേട്ടപ്പോൾ അവർ പിന്നെയും പൊട്ടിക്കരഞ്ഞു. അപ്പോൾ ഓർപ്പാ അമ്മായിയമ്മയെ ചുംബിച്ചതിനുശേഷം യാത്രയായി; എന്നാൽ രൂത്ത് അവളോടു ചേർന്നുനിന്നു.
അപ്പോൾ നവൊമി: “നോക്കൂ, നിന്റെ നാത്തൂൻ അവളുടെ ജനത്തിന്റെയും അവളുടെ ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോകുന്നു; അവളെപ്പോലെതന്നെ നീയും പോകുക” എന്നു പറഞ്ഞു.
അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.” രൂത്ത്, തന്നോടുകൂടെ പോരുന്നു എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നു മനസ്സിലാക്കിയ നവൊമി പിന്നീട് അവളെ മടങ്ങിപ്പോകാൻ നിർബന്ധിച്ചതുമില്ല.
അങ്ങനെ അവർ ബേത്ലഹേമിൽ എത്തുന്നതുവരെ യാത്രതുടർന്നു. അവർ ബേത്ലഹേമിൽ എത്തിയപ്പോൾ, അവർകാരണം പട്ടണം ഇളകി; “ഇവൾ നവൊമിതന്നെയോ?” എന്നു സ്ത്രീകൾ അത്ഭുതത്തോടെ ചോദിച്ചു.
അവൾ അവരോടു പറഞ്ഞു: “എന്നെ നവൊമി1:20 സന്തോഷകരം എന്നർഥം. എന്നല്ല മാറാ1:20 കയ്‌പ് എന്നർഥം. എന്നാണ് വിളിക്കേണ്ടത്; കാരണം, സർവശക്തൻ എന്റെ ജീവിതം വളരെ കയ്‌പുള്ളതാക്കിയിരിക്കുന്നു. ഞാൻ നിറഞ്ഞവളായി പോയി, എന്നാൽ യഹോവ എന്നെ ഒന്നുമില്ലാത്തവളായി തിരികെ കൊണ്ടുവന്നിരിക്കുന്നു. എന്തിന് എന്നെ നവൊമി എന്നു വിളിക്കുന്നു? യഹോവ എന്നെ കഷ്ടത്തിലാക്കി; സർവശക്തൻ എന്റെമേൽ അത്യാഹിതം വരുത്തിയിരിക്കുന്നു.1:21 അഥവാ, സർവശക്തൻ എനിക്കെതിരേ സാക്ഷി പറഞ്ഞിരിക്കുന്നു.”
ഇങ്ങനെ നവൊമി മൊവാബ്യസ്ത്രീയായ മരുമകൾ രൂത്തിനോടൊപ്പം മോവാബിൽനിന്നു മടങ്ങി; യവക്കൊയ്ത്തിന്റെ ആരംഭത്തിൽ അവർ ബേത്ലഹേമിൽ എത്തിച്ചേർന്നു.
വയലിൽവെച്ച് രൂത്ത് ബോവസിനെ കണ്ടുമുട്ടുന്നു
നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.
മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു.
നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.
ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു.
“യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.
ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു.
മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി.
അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു.
മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.
“യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു.
അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു. അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്. കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.
അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം2:17 ഏക. 13 കി.ഗ്രാം. യവം ഉണ്ടായിരുന്നു. അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു.
അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു.
അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു.
“യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ2:20 [ലേവ്യ. 25:25-55] ഒരുവനുമാണ്” എന്നു പറഞ്ഞു.
അപ്പോൾ മോവാബ്യയായ രൂത്ത്: “ ‘കൊയ്ത്തുകാർ, എന്റെ ധാന്യംമുഴുവനും കൊയ്തുതീരുംവരെ അവരോടൊപ്പം കൂടിക്കൊള്ളൂ’ എന്നും യജമാനൻ അറിയിച്ചു” എന്നു പറഞ്ഞു.
നവൊമി തന്റെ മരുമകളായ രൂത്തിനോട്: “മോളേ, അദ്ദേഹത്തിന്റെ ജോലിക്കാരികളോടൊപ്പം പണിയെടുക്കുന്നതാണു നിനക്കു നല്ലത്; കാരണം മറ്റൊരാളുടെ വയലിൽ നീ ചിലപ്പോൾ ഉപദ്രവിക്കപ്പെട്ടേക്കാം” എന്നു പറഞ്ഞു.
അങ്ങനെ രൂത്ത് ബോവസിന്റെ വേലക്കാരികളോടൊപ്പം യവവും ഗോതമ്പും കൊയ്തുതീരുംവരെ പണിയെടുത്തു. അവൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു.
രൂത്തും ബോവസും മെതിക്കളത്തിൽ
അമ്മായിയമ്മയായ നവൊമി ഒരു ദിവസം രൂത്തിനോട്: “എന്റെ മോളേ, നീ നന്നായി സംരക്ഷിക്കപ്പെടേണ്ടതിനായി നിനക്ക് ഒരഭയസ്ഥാനം ഞാൻ കണ്ടുപിടിക്കേണ്ടതല്ലേ? നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും. അപ്പോൾ നീ കുളിച്ചു സുഗന്ധതൈലംപുരട്ടി, നിന്റെ ഏറ്റവും നല്ല വസ്ത്രംധരിച്ച്, മെതിക്കളത്തിലേക്കു പോകുക; എന്നാൽ അദ്ദേഹം ഭക്ഷിച്ചുപാനംചെയ്തു തീരുംവരെ നീ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിയരുത്. അദ്ദേഹം കിടക്കുന്നത് എവിടെയെന്നു ശ്രദ്ധിക്കുക. പിന്നീട് ചെന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അദ്ദേഹം നിന്നോടു പറയും” എന്നു പറഞ്ഞു.
“അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു. അവൾ അങ്ങനെ മെതിക്കളത്തിൽ പോയി അമ്മായിയമ്മ പറഞ്ഞതെല്ലാം അതുപോലെതന്നെ ചെയ്തു.
ബോവസ് ഭക്ഷിച്ചുപാനംചെയ്തു സന്തുഷ്ടനായശേഷം ധാന്യകൂമ്പാരത്തിൽനിന്നു ദൂരെമാറി ഒരു കോണിൽ കിടക്കാൻ പോയി. രൂത്ത് നിശ്ശബ്ദയായി വന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടന്നു. അർധരാത്രിയിൽ ഞെട്ടിയുണർന്ന അദ്ദേഹം, ചുറ്റും നോക്കി—തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു!
“ആരാണു നീ?” അദ്ദേഹം ചോദിച്ചു.
“ഞാൻ അങ്ങയുടെ ദാസിയായ രൂത്താണ്,” അവൾ അപേക്ഷിച്ചു: “അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരനായതുകൊണ്ട് അങ്ങയുടെ പുതപ്പിന്റെ അഗ്രം എന്റെമേൽ ഇടണമേ!”
അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ. അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം. നിന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരൻ ഞാനാണ് എന്നത് വാസ്തവം, എന്നാൽ എന്നെക്കാൾ കൂടുതൽ അടുത്ത ബന്ധുവായ മറ്റൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്. ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു.
അങ്ങനെ അവൾ നേരംപുലരുംവരെ അദ്ദേഹത്തിന്റെ കാൽക്കൽ കിടന്നു. എന്നാൽ ആളറിയുംമുമ്പ് അവൾ എഴുന്നേറ്റു. ബോവസ് അവളോട്: “ഒരു സ്ത്രീ മെതിക്കളത്തിൽ വന്നു എന്നു മറ്റാരും അറിയരുത്” എന്നു പറഞ്ഞു.
അദ്ദേഹം പിന്നെയും അവളോട്, “നീ പുതച്ചിരിക്കുന്ന പുതപ്പു നിവർത്തിപ്പിടിക്കുക” എന്നു പറഞ്ഞു. അവൾ അപ്രകാരംചെയ്തപ്പോൾ ബോവസ് അതിൽ ആറുപാത്രം3:15 ഏക. 25 കി.ഗ്രാം. യവം അളന്നുകൊടുത്തു; പിന്നീട് ബോവസ്3:15 ചി.കൈ.പ്ര. അവൾ പട്ടണത്തിലേക്കു മടങ്ങിപ്പോയി.
രൂത്ത് തിരികെ അവളുടെ അമ്മായിയമ്മയുടെ അടുക്കൽ എത്തിയപ്പോൾ, നവൊമി അവളോട്: “എന്റെ മോളേ, കാര്യങ്ങൾ എന്തായി?” എന്നു ചോദിച്ചു.
തനിക്കുവേണ്ടി ബോവസ് ചെയ്തതെല്ലാം അപ്പോൾ രൂത്ത്, നവൊമിയെ അറിയിച്ചു. “ ‘നിന്റെ അമ്മായിയമ്മയുടെ അടുക്കൽ നീ വെറുംകൈയായി പോകേണ്ട’ എന്നു പറഞ്ഞ് അദ്ദേഹം ആറുപാത്രം യവം തന്നയച്ചു” എന്നും അവൾ പറഞ്ഞു.
അപ്പോൾ നവൊമി, “എന്റെ മോളേ, എന്തു സംഭവിക്കും എന്നറിയുന്നതുവരെ കാത്തിരിക്കുക. ഇന്ന് ഈ കാര്യത്തിനൊരു തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം വിശ്രമിക്കുകയില്ല” എന്നു പറഞ്ഞു.
ബോവസ് രൂത്തിനെ വിവാഹംചെയ്യുന്നു
ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ4:1 മൂ.ഭാ. വീണ്ടെടുപ്പുകാരൻ വലിയ വിഷമഘട്ടത്തിൽ ഒരു ബന്ധുവിനെ വീണ്ടെടുക്കാൻ ബാധ്യസ്ഥനായ വ്യക്തിക്കുള്ള നിയമപരമായ പദമാണ് ഇത്. [ലേവ്യ. 25:25-55] കാണുക; വാ. 3, 6, 8, 14 കാണുക. അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു.
ബോവസ് പട്ടണത്തലവന്മാരിൽ പത്തുപേരെ ക്ഷണിച്ചുകൊണ്ടുവന്ന്, “ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു, അവർ അങ്ങനെ ചെയ്തു. അതിനുശേഷം ബോവസ് വീണ്ടെടുപ്പുകാരനോട്: “മോവാബിൽനിന്നും തിരികെവന്ന നവൊമി, നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ വയൽ വിൽക്കുന്നു. ഈ വസ്തുത താങ്കളെ അറിയിക്കണമെന്നു ഞാൻ കരുതി. ഇവിടെ കൂടിവന്നിരിക്കുന്ന ജനത്തെയും എന്റെ ജനത്തിന്റെ നേതാക്കന്മാരെയും സാക്ഷികളാക്കി താങ്കൾ അതുവാങ്ങണം എന്ന നിർദേശമാണുള്ളത്. താങ്കൾക്ക് വീണ്ടെടുക്കാൻ താത്പര്യമെങ്കിൽ അങ്ങനെ ചെയ്യുക, വീണ്ടെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് എന്നോടു വ്യക്തമാക്കിയാലും. നാം ഇരുവരുമൊഴികെ അതു വീണ്ടെടുക്കാനുള്ള അവകാശം മറ്റാർക്കുമില്ല; ഇതിൽ ആദ്യസ്ഥാനം താങ്കൾക്കും താങ്കൾക്കുശേഷം എനിക്കുമാണല്ലോ” എന്നു പറഞ്ഞു.
“ഞാൻ അതു വീണ്ടെടുക്കാം,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അപ്പോൾ ബോവസ്: “നവൊമിയിൽനിന്ന് ആ സ്ഥലം വാങ്ങുന്ന ദിവസം, വസ്തുവിന്മേൽ മരിച്ചയാളിന്റെ പേര് നിലനിർത്തേണ്ടതിന്, അദ്ദേഹത്തിന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും വീണ്ടുകൊള്ളണം” എന്നു പറഞ്ഞു.
ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു.
(മുൻകാലങ്ങളിൽ ഇസ്രായേലിൽ, വീണ്ടെടുപ്പും സ്ഥലകൈമാറ്റവും ഉറപ്പിക്കാൻ ഒരാൾ തന്റെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുത്തിരുന്നു. ഇങ്ങനെയായിരുന്നു ഇസ്രായേലിൽ കൈമാറ്റങ്ങൾക്ക് നിയമസാധുത വരുത്തിയിരുന്നത്.)
അങ്ങനെ വീണ്ടെടുപ്പുകാരൻ ബോവസിനോട്, “താങ്കൾതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞു. അതിനുശേഷം തന്റെ ചെരിപ്പൂരി ബോവസിന് കൊടുത്തു.
അപ്പോൾ ബോവസ് ഗോത്രത്തലവന്മാരോടും ചുറ്റുംനിന്ന ജനത്തോടും ഇപ്രകാരം പറഞ്ഞു: “എലീമെലെക്കിന്റെയും, കില്യോന്റെയും മഹ്ലോന്റെയും സകലസ്വത്തുക്കളും ഞാൻ നവൊമിയുടെ പക്കൽനിന്നും ഏറ്റുവാങ്ങി എന്നതിനു നിങ്ങൾ ഇന്നു സാക്ഷികളാകുന്നു. മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”
അപ്പോൾ ഗോത്രത്തലവന്മാരും അവിടെ കൂടിയിരുന്ന സകലരും, “ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ യഹോവ ഇസ്രായേൽഗൃഹം പണിതവരായ റാഹേലിനെയും ലേയയെയുംപോലെ ആക്കട്ടെ. നീ എഫ്രാത്തയിൽ ആദരണീയനും ബേത്ലഹേമിൽ പ്രസിദ്ധനുമായിരിക്കട്ടെ. യഹോവ ഈ സ്ത്രീയിൽ നിനക്കു നൽകുന്ന സന്തതിയാൽ നിന്റെ കുടുംബം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റേതുപോലെ ആകട്ടെ” എന്ന് ആശംസിച്ചു.
നവൊമിക്ക് ഒരു മകൻ ജനിക്കുന്നു
ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു. അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ! അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.”
അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു. അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
ദാവീദിന്റെ വംശാവലി
ഇതാണ് ഫേരെസിന്റെ വംശാവലി:
ഫേരെസ് ഹെസ്രോന്റെ പിതാവ്,
ഹെസ്രോൻ രാമിന്റെ പിതാവ്,
രാം അമ്മീനാദാബിന്റെ പിതാവ്,
അമ്മീനാദാബ് നഹശോന്റെ പിതാവ്,
നഹശോൻ സൽമോന്റെ4:20 മൂ.ഭാ. ശാൽമാന്റെ. [1 ദിന. 2:11] കാണുക. പിതാവ്,
സൽമോൻ ബോവസിന്റെ പിതാവ്,
ബോവസ് ഓബേദിന്റെ പിതാവ്,
ഓബേദ് യിശ്ശായിയുടെ പിതാവ്,
യിശ്ശായി ദാവീദിന്റെ പിതാവ്.