- Biblica® Open Malayalam Contemporary Version 2020
റോമർ
റോമർക്ക് എഴുതിയ ലേഖനം
റോമർ
റോമ.
റോമർക്ക് എഴുതിയ ലേഖനം
ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്. ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം. യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്. യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു.
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ!
റോം സന്ദർശിക്കാനുള്ള പൗലോസിന്റെ അഭിവാഞ്ഛ
നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്. ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്. അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ. സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.
പരിഷ്കൃതരോടും അപരിഷ്കൃതരോടും1:14 മൂ.ഭാ. ഗ്രേക്കരും ബർബരരും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.
സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്”1:17 [ഹബ. 2:4] എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.
മനുഷ്യന്റെ അനീതിക്കെതിരേ ദൈവത്തിന്റെ കോപം
അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
ദൈവത്തിന്റെ നീതിയുള്ള ന്യായവിധി
ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ? ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.”2:6 [സങ്കീ. 62:12]; [സദൃ. 24:12] നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.2:14 എഴുതപ്പെട്ട ന്യായപ്രമാണം ലഭിച്ചിട്ടില്ലെങ്കിലും യെഹൂദേതരരുടെയും മനസ്സാക്ഷിക്കുള്ളിൽ നന്മയേത് തിന്മയേത് എന്ന വിവേചനശക്തിയുണ്ട്. ഇത് ഒരു അലിഖിത നിയമസംഹിതയാണ്. അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.
യെഹൂദനും ന്യായപ്രമാണവും
എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ. നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ; ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ. എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ? വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ? ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ? “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു”2:24 [യെശ. 52:5] എന്നെഴുതിയിരിക്കുന്നല്ലോ!
നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
ദൈവത്തിന്റെ വിശ്വസ്തത
അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്? എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.
ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്.
“അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും
വിചാരണയിൽ അങ്ങ് വിജയിക്കാനും,”3:4 [സങ്കീ. 51:4]
എന്ന് എഴുതിയിട്ടുണ്ടല്ലോ.
എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ? ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും? എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം, അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും.
നീതിമാൻ ആരുമില്ല
അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.
“നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”3:12 [സങ്കീ. 14:1-3]; [53:1-3]; [സഭാ. 7:20]
“അവരുടെ തൊണ്ട തുറന്ന ശവക്കുഴി;
അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”3:13 [സങ്കീ. 5:9]
“അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”3:13 [സങ്കീ. 140:3]
“അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.”3:14 [സങ്കീ. 10:7]
“അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.
നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.
സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”3:17 [യെശ. 59:7],[8]
“അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,”3:18 [സങ്കീ. 36:1]
എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!
ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
വിശ്വാസത്തിലൂടെ നീതീകരണം
എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.
അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു
അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.”4:3 [ഉൽ. 15:6]
അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്. ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു:
“ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയവർ
അനുഗൃഹീതർ,
കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ
അനുഗൃഹീതർ.”4:8 [സങ്കീ. 32:1],[2]
എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.
ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.
അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു”4:17 [ഉൽ. 17:5] എന്ന് എഴുതിയിരിക്കുന്നല്ലോ.4:17 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.
“നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും”4:18 [ഉൽ. 15:5] എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.
സമാധാനവും ആനന്ദവും
ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
ആദാമിലൂടെ മരണം, ക്രിസ്തുവിലൂടെ ജീവൻ
ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.
ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും? ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ5:14 വരാനിരുന്നയാളിന്റെ, വിവക്ഷിക്കുന്നത് ക്രിസ്തുവിന്റെ പ്രതിച്ഛായയായിരുന്നു.
എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു. ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു. ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.
എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു. ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.
പാപത്തിന് ജീവിക്കുന്നു, ക്രിസ്തുവിൽ ജീവിക്കുന്നു
അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ? അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും? ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്.
ഇപ്രകാരം നാം ക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോട് ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തിലും അദ്ദേഹത്തോട് ഏകീഭവിച്ചിരിക്കും. പാപപ്രകൃതി നിഷ്ക്രിയമാകുന്നതിനു നമ്മുടെ പഴയ വ്യക്തിത്വം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇനിമേൽ പാപത്തിന് അടിമകളായി ജീവിക്കാതിരിക്കേണ്ടതിനാണെന്നും നാം അറിയുന്നുണ്ടല്ലോ. കാരണം, മരണത്തോടുകൂടി നാം പാപത്തിന്റെ ശക്തിയിൽനിന്ന് സ്വതന്ത്രരായിത്തീരുന്നു.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചതുകൊണ്ട് അദ്ദേഹത്തോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തതിനാൽ വീണ്ടും മരിക്കുകയില്ലെന്ന് നമുക്കറിയാം; മൃത്യുവിന് ക്രിസ്തുവിന്റെമേൽ ഇനി ഒരു ആധിപത്യവുമില്ല. ക്രിസ്തു വരിച്ച മരണം പാപനിവാരണത്തിനുള്ള അദ്വിതീയമരണമായിരുന്നു; എന്നാൽ അവിടന്ന് ഇപ്പോൾ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടിയാണ്.
അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക. അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
നീതിയുടെ അടിമകൾ
എങ്കിൽ എന്ത്? നാം ന്യായപ്രമാണത്തിന്റെയല്ല, കൃപയുടെ നിയന്ത്രണത്തിലായിരിക്കുന്നതുകൊണ്ട് നമുക്ക് പാപംചെയ്യാം എന്നാണോ? അല്ലേയല്ല. നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു. നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.
മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക. കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല. അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്. എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു. പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.
ന്യായപ്രമാണത്തിൽനിന്നുള്ള സ്വാതന്ത്ര്യം
സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്. ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു. ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.
അതുപോലെതന്നെ, എന്റെ സഹോദരങ്ങളേ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായതിലൂടെ ന്യായപ്രമാണസംബന്ധമായി നിങ്ങളും മരിച്ചിരിക്കുന്നു. അതാകട്ടെ, മറ്റൊരാളിന്റെ, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ, സ്വന്തമായി നാം തീരേണ്ടതിനും തന്മൂലം നാം ദൈവത്തിനു സത്ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കേണ്ടതിനുമാണ്. നാം പഴയ സ്വഭാവത്തിന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ ന്യായപ്രമാണം വിലക്കുന്നവ ചെയ്യാനുള്ള പാപപ്രലോഭനങ്ങൾ നമ്മുടെ അവയവങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ആ പ്രവർത്തനങ്ങൾ മരണത്തിൽ അവസാനിക്കുന്നവയായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിൽനിന്ന് നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നമ്മെ അധീനപ്പെടുത്തിയിരുന്ന ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളം നാം ഇപ്പോൾ മരിച്ചവരാണ്. എഴുതപ്പെട്ട ന്യായപ്രമാണം ആചരിക്കുകയെന്ന പഴയ രീതിയിലല്ല, ആത്മാവിനാൽ നിയന്ത്രിതമായ പുതിയ ജീവിതത്തിലൂടെ നാം ദൈവത്തിനു ശുശ്രൂഷ ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം.
ന്യായപ്രമാണവും പാപവും
എന്താണ് ഇതിന്റെ അർഥം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലുമല്ല. എങ്കിലും ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്തെന്നു ഞാൻ അറിയുമായിരുന്നില്ല. “മോഹിക്കരുത്,”7:7 [പുറ. 20:17]; [ആവ. 5:21] എന്നു ന്യായപ്രമാണം പറഞ്ഞിരുന്നില്ലെങ്കിൽ മോഹിക്കുന്നത് പാപമോ അല്ലയോ എന്നു ഞാൻ അറിയുകയില്ലായിരുന്നു. എന്നാൽ ഈ കൽപ്പനയിലൂടെ പാപം എന്നിൽ എല്ലാവിധ ദുർമോഹങ്ങൾക്കും അവസരം ഉണ്ടാക്കി. കാരണം ന്യായപ്രമാണത്തിന്റെ അഭാവത്തിൽ പാപം നിർജീവമായിരുന്നു. ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു. ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി. കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്തു. ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ.
അപ്പോൾ നന്മയായത് എനിക്കു മരണഹേതുവായി ഭവിച്ചെന്നാണോ? ഒരിക്കലുമില്ല. നന്മയായതിലൂടെ എനിക്ക് മരണം വരുത്തിയതു പാപമാണ്. അങ്ങനെ പാപത്തിന്റെ തനിസ്വഭാവം വെളിപ്പെടുകയും കൽപ്പനയിലൂടെ പാപത്തിന്റെ ഭീകരത വ്യക്തമാകുകയുമാണ് ചെയ്യുന്നത്.
ന്യായപ്രമാണം ആത്മികം എന്ന് നമുക്കറിയാം; ഞാനോ പാപത്തിന് വിൽക്കപ്പെട്ട വെറും മനുഷ്യൻ. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്. ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്. എന്നാൽ, അതു ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്. എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്. അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അതു പ്രവർത്തിക്കുന്നത്.
അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു; എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു. അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം!
ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം
ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം,8:2 അതായത്, നിയമസംഹിത പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.
അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന8:15 റോമൻ സംസ്കാരത്തിൽ ദത്തെടുക്കുന്ന ഒരു ആൺകുട്ടിക്ക് നിയമപരമായി ലഭിക്കുന്ന എല്ലാ അവകാശങ്ങളും പുത്രത്വം ലഭിക്കുന്ന വ്യക്തിക്കുണ്ട്. ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ,8:15 പിതാവ് എന്നതിനുള്ള അരാമ്യപദം. പിതാവേ” എന്നു വിളിക്കുന്നു. ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
വർത്തമാനകാലത്തെ കഷ്ടതയും ഭാവിതേജസ്സും
നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.8:29 മൂ.ഭാ. ആദ്യജാതൻ അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
സമ്പൂർണവിജയം
ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
“അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”8:36 [സങ്കീ. 44:22]
എന്ന് എഴുതിയിരിക്കുന്നല്ലോ. നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
ദൈവത്തിന്റെ തെരഞ്ഞെടുപ്പ്
ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്. എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയുമുണ്ട് എന്നതു സത്യം. ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്. ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണു നൽകിയത്. ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ.
ദൈവത്തിന്റെ പരമാധികാരം
ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല. അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും”9:7 [ഉൽ. 21:12] എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”9:9 [ഉൽ. 18:10],[14]
ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും”9:11-12 [ഉൽ. 25:23] എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു”9:13 [മലാ. 1:2],[3] എന്ന് എഴുതിയിരിക്കുന്നല്ലോ.
അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
“കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.
കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”9:15 [പുറ. 33:19]
എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.9:17 [പുറ. 9:16] ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.
അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”9:20 [യെശ. 29:16]; [45:9] ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?
ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്. ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും
‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”9:25 [ഹോശ. 2:23]
വീണ്ടും,
“ ‘നിങ്ങൾ എന്റെ ജനമല്ല,’
എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും,
അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും”9:26 [ഹോശ. 1:10]
യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു:
“ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും,
അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.
കർത്താവ് അതിവേഗത്തിലും
കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.”9:28 [യെശ. 10:22],[23]
“സൈന്യങ്ങളുടെ കർത്താവ്
നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ,
നാം സൊദോം നഗരംപോലെയും
ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,”9:29 [യെശ. 1:9]9:29 [ഉൽ. 19:1-29] കാണുക.
എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!
ഇസ്രായേലിന്റെ അവിശ്വാസം
ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ. എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല. എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.
“ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയും വെക്കുന്നു.
അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,”9:33 [യെശ. 8:14]; [28:16]
എന്ന് എഴുതിയിട്ടുണ്ടല്ലോ.
സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു. ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല. കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു. ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആരും നീതീകരിക്കപ്പെടും.
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”10:5 [ലേവ്യ. 18:15] എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’10:6 [ആവ. 30:12] എന്നോ ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ”10:7 [ആവ. 30:13] എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,”10:8 [ആവ. 30:14] ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല”10:11 [യെശ. 28:16] എന്നു തിരുവെഴുത്തു പറയുന്നല്ലോ. യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,”10:13 [യോവേ. 2:32] എന്നുണ്ടല്ലോ.
എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!”10:15 [യെശ. 52:7] എന്ന് എഴുതിയിരിക്കുന്നല്ലോ.
എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?”10:16 [യെശ. 53:1] എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ. അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു. എന്നാൽ, അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും അവർ കേട്ടിരിക്കുന്നു.
“അവരുടെ ശബ്ദം സർവഭൂമിയിലും
അവരുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തിയിരിക്കുന്നു,”10:18 [സങ്കീ. 19:4]
എന്ന് എഴുതിയിരിക്കുന്നല്ലോ. ഇസ്രായേൽ ഗ്രഹിച്ചില്ലയോ? എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യമായി,
“ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങളെ അസൂയയുള്ളവരാക്കും;
തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ നിങ്ങളെ പ്രകോപിപ്പിക്കും,”10:19 [ആവ. 32:21]
എന്നിങ്ങനെ മോശ പറയുന്നു.
അതുപോലെ യെശയ്യാവും ധൈര്യപൂർവം പറയുന്നു:
“എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി;
എന്നെ ആവശ്യപ്പെടാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി.”10:20 [യെശ. 65:1]
എന്നാൽ ഇസ്രായേലിനെക്കുറിച്ചാകട്ടെ,
“അനുസരണകെട്ടവരും നിഷേധികളുമായ ജനങ്ങളിലേക്കു
ഞാൻ ദിവസംമുഴുവനും കൈനീട്ടി”10:21 [യെശ. 65:2]
എന്നാണ് അദ്ദേഹം പറയുന്നത്.
ഇസ്രായേലിലെ ശേഷിപ്പ്
ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ. ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ? “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”11:3 [1 രാജാ. 19:10],[14] എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.”11:4 [1 രാജാ. 19:18] അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു. കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു.
“ദൈവം അവർക്കു മരവിച്ച ആത്മാവും
കാണാത്ത കണ്ണുകളും
കേൾക്കാത്ത കാതുകളും നൽകി.
അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,”11:8 [ആവ. 29:4]; [യെശ. 29:10]
എന്നെഴുതിയിരിക്കുന്നല്ലോ! ദാവീദ് പറയുന്നത് ഇങ്ങനെയാണ്:
“അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ.
അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ.
കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ;
അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”11:10 [സങ്കീ. 69:22],[23]
ഒട്ടിച്ചുചേർത്ത കൊമ്പുകൾ
ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്. എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!
ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു; കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ. അവരെ തിരസ്കരിച്ചതു ലോകം11:15 ലോകം, വിവക്ഷിക്കുന്നത് യെഹൂദർ അല്ലാത്തവർ ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും? ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.
ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക. “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും. അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ! പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം!
രക്ഷ എല്ലാ ഇസ്രായേല്യർക്കും
സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു. ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും.
“വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും;
അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.
ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ
ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,”11:27 [യെശ. 59:20],[21]; [27:9]; [യിര. 31:33],[34]
എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.
സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ. കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്. ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു. എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്.
സ്തുതിഗീതം
ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം!
അവിടത്തെ വിധികൾ എത്ര അപ്രമേയം!
അവിടത്തെ വഴികൾ എത്ര അഗോചരം!
“കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്?
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”11:34 [യെശ. 40:13]
“തിരികെ വാങ്ങാനായി
ദൈവത്തിനു കടംകൊടുത്തവനാര്?”11:35 [ഇയ്യോ. 41:11]
സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ.
അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.
സജീവയാഗങ്ങൾ
സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
ക്രിസ്തുവിന്റെ ശരീരത്തിലുള്ള സേവനം
എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
പ്രായോഗികസ്നേഹം
സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.
നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്. ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക. പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും”12:19 [ആവ. 32:35] എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ,
“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;
ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”12:20 [സദൃ. 25:21],[22]
നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
അധികാരത്തോടുള്ള വിധേയത്വം
ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത്13:4 മൂ.ഭാ. അയാൾ വാൾപിടിച്ചിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി
പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്”13:9 [പുറ. 20:13-15],[17]; [ആവ. 5:17-19],[21] എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
പകൽ അടുത്തിരിക്കുന്നു
ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ13:11 അതായത്, ശരീരത്തിന്റെ വീണ്ടെടുപ്പ് അഥവാ, തേജസ്കരണം ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്. രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക. പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല, മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
അശക്തരും ശക്തരും
തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.
ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.
പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.
“കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,
എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;
എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ”14:11 [യെശ. 45:23] എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.
അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.
അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം. കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.
അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.
ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.
എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു”15:3 [സങ്കീ. 69:9] എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.
സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ.
അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ15:8 മൂ.ഭാ. പരിച്ഛേദനമേറ്റവരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം,
“അവരും ദൈവത്തെ പുകഴ്ത്തും.
അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും”15:9 [2 ശമു. 22:50]; [സങ്കീ. 18:49]
എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
“യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,”15:10 [ആവ. 32:43]
എന്നും എഴുതിയിരിക്കുന്നു.
“യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക,
ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,”15:11 [സങ്കീ. 117:1]
എന്നും പറയുന്നു. യെശയ്യാവ് പിന്നെയും പറയുന്നത്:
“യിശ്ശായിയുടെ വേര്15:12 അതായത്, ദാവീദുവംശജൻ രാജാധികാരത്തിൽ വരും.
അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും,
യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”15:12 [യെശ. 11:10] കാണുക.
പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.
യെഹൂദേതരരുടെ ശുശ്രൂഷകനായ പൗലോസ്
എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരാണെന്നും, പരസ്പരം പ്രബോധിപ്പിക്കുന്നതിന് ജ്ഞാനവും നൈപുണ്യവും ഉള്ളവരാണെന്നും എനിക്കു നിശ്ചയമുണ്ട്. എന്നാൽ, നിങ്ങളെ ഓർമപ്പെടുത്തുന്നത് ആവശ്യമായതുകൊണ്ടാണ് ഞാൻ ചില വിഷയങ്ങളെക്കുറിച്ച് ധൈര്യപൂർവം നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. അതിനു കാരണം, യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.
അതുകൊണ്ട്, ഞാൻ നിർവഹിക്കുന്ന ദൈവികശുശ്രൂഷയെക്കുറിച്ച് ക്രിസ്തുയേശുവിൽ അഭിമാനിക്കുന്നു. എങ്കിലും, യെഹൂദേതരർ ദൈവത്തെ അനുസരിക്കാൻ ക്രിസ്തു എന്നെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചതിനെക്കുറിച്ചുമാത്രമേ ഞാൻ പ്രശംസിക്കാൻ തുനിയുകയുള്ളൂ. ഇത് വചനത്താലും പ്രവൃത്തിയാലും, ശക്തിയാലും ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും അവിടന്ന് എന്നിലൂടെ പ്രവർത്തിച്ചു. അങ്ങനെ ജെറുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷം ഞാൻ പൂർണമായി പ്രഘോഷിച്ചിരിക്കുന്നു. മറ്റൊരാൾ ആരംഭിച്ച പ്രവർത്തനം തുടരുന്നതിനെക്കാൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയായിരുന്നു15:20 മൂ.ഭാ. മറ്റൊരാളിന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കുക എപ്പോഴും എന്റെ ആഗ്രഹം.
“അവിടത്തെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ലാത്തവർ കാണും;
കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും,”15:21 [യെശ. 52:15] കാണുക.
എന്നു തിരുവെഴുത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഈ ശുശ്രൂഷകൾനിമിത്തം നിങ്ങളുടെ അടുത്തുവരുന്നതിന് എനിക്കു വളരെ തടസ്സം ഉണ്ടായി.
റോം സന്ദർശിക്കുന്നതിനു പൗലോസിന്റെ ആഗ്രഹം
എന്നാൽ ഇപ്പോഴാകട്ടെ, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ശുശ്രൂഷകൾക്ക് ഇനിയും സ്ഥലം ഇല്ല; മാത്രവുമല്ല, റോമൻ നിവാസികളായ നിങ്ങളെ കാണാൻ അനേകവർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതുമാണല്ലോ. അതുകൊണ്ട്, സ്പെയിനിലേക്കുള്ള യാത്രയ്ക്കിടയിൽ ആദ്യം നിങ്ങളുടെ അടുത്തുവന്ന് അൽപ്പനാൾ നിങ്ങളോടൊപ്പം ആനന്ദിക്കാമെന്നും നിങ്ങളാൽ യാത്രയയയ്ക്കപ്പെട്ട് യാത്ര തുടരാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു. അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്. ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.
സഹോദരങ്ങളേ, എനിക്ക് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ആത്മാവ് നമുക്കു നൽകിയിട്ടുള്ള സ്നേഹത്താലും ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്: എനിക്കുവേണ്ടി, ദൈവത്തോട് ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയിൽ എന്നോടു സഹകരിക്കണം. യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്. അങ്ങനെ, ദൈവഹിതമായാൽ ആനന്ദത്തോടുകൂടെ നിങ്ങളുടെ അടുത്തുവന്നു നിങ്ങളുടെ സാമീപ്യത്താൽ നവോന്മേഷം ലഭിക്കാൻ സാധിക്കും. സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
അഭിവാദനങ്ങൾ
കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.
ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക. എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.
അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക.
ഏഷ്യാപ്രവിശ്യയിൽ16:5 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക.
നിങ്ങളുടെ നന്മയ്ക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെ വന്ദനം അറിയിക്കുക.
എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്.
കർത്താവുമായുള്ള കൂട്ടായ്മയിൽ ഞാൻ വളരെ സ്നേഹിക്കുന്ന അംപ്ളിയാത്തോസിനെ വന്ദനം അറിയിക്കുക.
ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന ഉർബനൊസിനെയും ഞാൻ വളരെ സ്നേഹിക്കുന്ന സ്റ്റാക്കിസിനെയും വന്ദനം അറിയിക്കുക.
ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക.
അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക.
എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക.
നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക.
കർത്താവിന്റെ ശുശ്രൂഷയിൽ അധ്വാനിക്കുന്ന സഹോദരിമാരായ ത്രുഫൈനെയെയും ത്രുഫോസെയെയും വന്ദനം അറിയിക്കുക.
കർത്താവിന്റെ ശുശ്രൂഷയിൽ വളരെയേറെ അധ്വാനിച്ചിട്ടുള്ള സഹോദരി പ്രിയ പെർസിസിനെയും വന്ദനം അറിയിക്കുക.
ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും അവന്റെ മാതാവിനെയും വന്ദനം അറിയിക്കുക, അവർ എന്റെയും മാതാവുതന്നെ.
അസുംക്രിതോസ്, ഫ്ലേഗോൺ, ഹെർമെസ് ഇവരെയും കൂടെയുള്ള സഹോദരങ്ങളെയും വന്ദനം അറിയിച്ചാലും. പത്രൊബാസിനും ഹെർമാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുക.
ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക.
ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക.
ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.
സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.
കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
എന്റെ സഹപ്രവർത്തകനായ തിമോത്തിയോസും എന്റെ ബന്ധുക്കളായ ലൂക്യൊസ്, യാസോൻ, സോസിപത്രോസ് എന്നിവരും നിങ്ങളെ വന്ദനംചെയ്യുന്നു.
ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.
എനിക്കും ഇവിടെയുള്ള സഭയ്ക്കുമുഴുവനും ആതിഥ്യം അരുളുന്ന ഗായൊസ് നിങ്ങളെ വന്ദനംചെയ്യുന്നു.
നഗരത്തിലെ ധനകാര്യ ഉദ്യോഗസ്ഥനായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വർത്തോസും നിങ്ങളെ വന്ദനംചെയ്യുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ!16:24 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ ഘോഷിക്കുന്ന എന്റെ സുവിശേഷത്തിന് അനുസൃതമായി, നിങ്ങളെ സുസ്ഥിരരാക്കാൻ കഴിയുന്ന ദൈവത്തിന് എല്ലാ മഹത്ത്വവും ഉണ്ടാകട്ടെ. ഈ സുവിശേഷമാണ്, അനാദികാലത്തിനുമുമ്പേ യെഹൂദേതരരെക്കുറിച്ച് ഗുപ്തമായിരുന്നതും നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്. സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ.