- Biblica® Open Malayalam Contemporary Version 2020
വെളിപ്പാട്
യോഹന്നാന് ലഭിച്ച വെളിപ്പാട്
വെളിപ്പാട്
വെളി.
യോഹന്നാന് ലഭിച്ച വെളിപ്പാട്
ആമുഖം
യേശുക്രിസ്തുവിന്റെ വെളിപ്പാട്. വേഗത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ യേശുക്രിസ്തുവിന്റെ ദാസർക്കു കാണിച്ചുകൊടുക്കുന്നതിനായി ദൈവം അത് യേശുക്രിസ്തുവിന് നൽകി. അവിടന്ന് ഒരു ദൂതനെ അയച്ച് അവിടത്തെ ദാസനായ യോഹന്നാന് അതു വെളിപ്പെടുത്തി. അദ്ദേഹം ദൈവവചനത്തിന്റെയും യേശുക്രിസ്തുവിന്റെയും സാക്ഷ്യത്തിനായി താൻ കണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. സമയം അടുത്തിരിക്കുന്നതിനാൽ, ഈ പ്രവചനപുസ്തകത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവരും കേൾക്കുന്നവരും അവ അനുസരിക്കുന്നവരും അനുഗൃഹീതർ.
അഭിവാദനവും സ്തുതിയും
യോഹന്നാൻ,
ഏഷ്യാപ്രവിശ്യയിലെ1:4 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം. ഏഴു സഭകൾക്ക് എഴുതുന്നത്:
ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ1:4 മൂ.ഭാ. ആയിരുന്നവനും ആയിരിക്കുന്നവനും വരുന്നവനുമായ ദൈവത്തിൽനിന്നും അവിടത്തെ സിംഹാസനത്തിന്റെ മുമ്പിലുള്ള ഏഴ് ആത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും1:5-6 മൂ.ഭാ. ജനിച്ചവനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപനുമായ യേശുക്രിസ്തുവിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
നമ്മെ സ്നേഹിച്ച് സ്വന്തം രക്തത്താൽ, നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ വിടുവിച്ച് അവിടത്തെ ദൈവവും പിതാവുമായവനുവേണ്ടി നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീർത്ത യേശുക്രിസ്തുവിന് എന്നെന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
“ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,”1:7 [ദാനി. 7:13]
“എല്ലാ കണ്ണുകളും—തന്നെ
കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും.”
ഭൂമിയിലെ സകലഗോത്രങ്ങളും “അദ്ദേഹത്തെക്കുറിച്ചു വിലപിക്കും.”1:7 [സെഖ. 12:10]
അതേ, ആമേൻ.
“ഞാൻ ആൽഫയും ഒമേഗയും1:8 ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ; ആരംഭവും അവസാനവും എന്നു വിവക്ഷ. ആകുന്നു,” എന്ന് ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
മനുഷ്യപുത്രന് സദൃശനായ ഒരാൾ
നിങ്ങളുടെ സഹോദരനും യേശുവിന്റെ രാജ്യത്തിലും കഷ്ടതയിലും സഹിഷ്ണുതയിലും നിങ്ങളുടെ പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം “പത്മൊസ്” എന്നു വിളിക്കപ്പെട്ടിരുന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,” എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.
എന്നോടു സംസാരിച്ച ശബ്ദം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞു. അപ്പോൾ തങ്കംകൊണ്ടുള്ള ഏഴു നിലവിളക്കും അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു1:13 [ദാനി. 7:13] സദൃശനായ ഒരു ആളിനെയും കണ്ടു. അദ്ദേഹത്തിന്റെ തലയിലെ മുടി കമ്പിളിപോലെയും ഹിമംപോലെയും അതിശുഭ്രവും കണ്ണുകൾ അഗ്നിജ്വാലയ്ക്കും കാലുകൾ ഉലയിൽ കാച്ചിപ്പഴുപ്പിച്ച വെള്ളോടിനുതുല്യവും ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനുതുല്യവും ആയിരുന്നു. അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു.
അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.
“ആകയാൽ ഇപ്പോഴുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ നീ ദർശിച്ചകാര്യങ്ങൾ എഴുതുക. എന്റെ വലതുകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെയും ഏഴു തങ്കനിലവിളക്കിന്റെയും രഹസ്യം ഇതാകുന്നു: ഏഴു നക്ഷത്രം ഏഴു സഭയുടെ ദൂതന്മാരും,1:20 അതായത്, സന്ദേശവാഹകന് ഏഴു നിലവിളക്ക് ഏഴു സഭയുമാണ്.
എഫേസോസിലെ സഭയ്ക്ക്
“എഫേസോസിലെ സഭയുടെ ദൂതന് എഴുതുക:
“വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട്2:1 അതായത്, നിയന്ത്രിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:
“നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു. എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.
“എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും. എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും.
സ്മുർന്നയിലെ സഭയ്ക്ക്
“സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക:
“മരിച്ചിട്ട് പുനരുത്ഥാനംചെയ്ത ആദ്യനും അന്ത്യനും ആകുന്ന ഞാൻ അരുളിച്ചെയ്യുന്നു:
“നീ സഹിക്കുന്ന കഷ്ടതയും ദാരിദ്ര്യവും—എങ്കിലും നീ ധനികൻതന്നെ—ഞാൻ അറിയുന്നു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ യെഹൂദരെന്നു മിഥ്യാഭിമാനം പുലർത്തുന്ന സാത്താന്റെ പള്ളിക്കാർ നിങ്ങളെക്കുറിച്ചു പറയുന്ന അപവാദങ്ങളും ഞാൻ അറിയുന്നു. നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും.
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.
പെർഗമൊസിലെ സഭയ്ക്ക്
“പെർഗമൊസിലുള്ള സഭയുടെ ദൂതന് എഴുതുക:
“മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാളുള്ള ഞാൻ അരുളിച്ചെയ്യുന്നു:
“നീ വസിക്കുന്നത് എവിടെയെന്നും അവിടെ സാത്താന്റെ സിംഹാസനമുണ്ടെന്നും എനിക്കറിയാം. എങ്കിലും നീ എന്റെ നാമത്തോടുള്ള വിശ്വസ്തതപുലർത്തുന്നു. നിങ്ങളുടെയിടയിൽ, സാത്താൻ താമസിക്കുന്നിടത്തുനിന്നുതന്നെയുള്ള എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് രക്തസാക്ഷിയായിത്തീർന്ന കാലത്തുപോലും, നീ എന്നിലുള്ള വിശ്വാസം ത്യജിച്ചില്ല.
“എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്. അതുപോലെതന്നെ നിക്കൊലാവ്യരുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നവരും നിങ്ങൾക്കിടയിലുണ്ട്. അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന2:17 ഇസ്രായേൽജനത നാൽപ്പതുവർഷം മരുഭൂമിയിൽ ഭക്ഷിച്ച ആഹാരം. [പുറ. 16:32-34]; [എബ്രാ. 9:4] നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അറിയാത്ത ഒരു പുതിയ പേരും ആ കല്ലിന്മേൽ എഴുതപ്പെട്ടിരിക്കും.
തുയഥൈരയിലെ സഭയ്ക്ക്
“തുയഥൈരയിലുള്ള സഭയുടെ ദൂതന് എഴുതുക:
“അഗ്നിജ്വാലപോലെ കണ്ണുകളും വെള്ളോടിനു തുല്യമായ പാദങ്ങളുമുള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നു:
“നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത എന്നിവയും നീ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി ആദ്യം ചെയ്തതിനെക്കാൾ ശ്രേഷ്ഠമായിരുന്നു എന്നതും ഞാൻ അറിയുന്നു.
“എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.
“എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്: ‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’
“വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും. ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’2:27 [സങ്കീ. 2:9] എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
സർദിസിലെ സഭയ്ക്ക്
“സർദിസിലെ സഭയുടെ ദൂതന് എഴുതുക:
“ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്. ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.
“എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും. വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
ഫിലദെൽഫിയയിലെ സഭയ്ക്ക്
“ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക:
“വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാത്തവിധം തുറക്കുന്നവനും ആരും തുറക്കാത്തവിധം അടയ്ക്കുന്നവനുമായ ഞാൻ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. നിനക്കു ശക്തി അൽപ്പമേ അവശേഷിച്ചിട്ടുള്ളൂ എങ്കിലും എന്റെ വചനം അനുസരിക്കുകകയും എന്റെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്തു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ, യെഹൂദരെന്ന വ്യാജേന മിഥ്യാഭിമാനം പുലർത്തുന്നവരാണ് സാത്താന്റെ പള്ളിക്കാർ. ഞാൻ നിന്നെ വാസ്തവമായി സ്നേഹിച്ചു എന്ന് അവർ ഗ്രഹിച്ചിട്ട് നിന്റെ കാൽക്കൽ വീഴാനിടയാക്കുന്നതു നീ കണ്ടുകൊള്ളുക. സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.
“ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക. വിജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അയാൾ ഒരുനാളും അവിടംവിട്ട് പുറത്തുപോകുകയില്ല. അവന്റെമേൽ എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ ജെറുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
ലവൊദിക്യയിലെ സഭയ്ക്ക്
“ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക:
“വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
“ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.
“ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”
സ്വർഗത്തിലെ സിംഹാസനം
ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു. ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.
കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,
“ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,
‘സർവശക്തിയുള്ള ദൈവമായ കർത്താവ്,4:8 [യെശ. 6:3]
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”
എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
“ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,
അങ്ങ് സകലത്തെയും സൃഷ്ടിച്ചു.
അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും
സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,
അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”
എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.
പുസ്തകച്ചുരുളും കുഞ്ഞാടും
ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു. “പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു. എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല. ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു. അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും5:5 മൂ.ഭാ. വേര് ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി. വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. അവർ പുതിയൊരു കീർത്തനം ആലപിച്ചു:
“അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും
അവിടത്തെ രക്തത്താൽ
സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ
ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.
ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. അവർ അത്യുച്ചശബ്ദത്തിൽ:
“അറക്കപ്പെട്ട കുഞ്ഞാട്,
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”
എന്നു പറയുന്നു.
അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,
“സിംഹാസനസ്ഥനും കുഞ്ഞാടിനും
സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,
എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”
എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.
മുദ്രകൾ
കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു. തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു.
കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. “ഒരു ദിവസത്തെ കൂലിക്ക്6:6 മൂ.ഭാ. ഒരു ഡിനാറിയസ് ഒരു കിലോ6:6 മൂ.ഭാ. ഏക. 1 ലി. ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ6:6 മൂ.ഭാ. ഏക. 3 ലി. യവം;6:6 ബാർലി അഥവാ, ബാർലരി എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു.
കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു. അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു. ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.
കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ6:13 മൂ.ഭാ. നക്ഷത്രങ്ങൾ ഭൂമിയിൽ നിപതിച്ചു. ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു. അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക;6:16 [ഹോശ. 10:8] കാണുക. അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
മുദ്രയിട്ട 1,44,000
ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.
യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000,
രൂബേൻഗോത്രത്തിൽനിന്ന് 12,000,
ഗാദ്ഗോത്രത്തിൽനിന്ന് 12,000,
ആശേർ ഗോത്രത്തിൽനിന്ന് 12,000,
നഫ്താലിഗോത്രത്തിൽനിന്ന് 12,000,
മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,
ശിമയോൻ ഗോത്രത്തിൽനിന്ന് 12,000,
ലേവി ഗോത്രത്തിൽനിന്ന് 12,000,
യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,
സെബൂലൂൻഗോത്രത്തിൽനിന്ന് 12,000,
യോസേഫ് ഗോത്രത്തിൽനിന്ന് 12,000,
ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000.
വെള്ളവസ്ത്രം ധരിച്ച മഹാസമൂഹം
ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. അവർ അത്യുച്ചത്തിൽ:
“ ‘രക്ഷ’ സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിനും
കുഞ്ഞാടിനും ഉള്ളത്”
എന്ന് ആർത്തുകൊണ്ടിരുന്നു. അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,
“ആമേൻ!
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും
സ്തുതിയും മഹത്ത്വവും
ജ്ഞാനവും സ്തോത്രവും ബഹുമാനവും
അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,
ആമേൻ!”
എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.
അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു. ആകയാൽ,
“അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ,
രാപകൽ ദൈവത്തെ ആരാധിക്കുന്നു.
സിംഹാസനസ്ഥൻ
അവർക്കുമീതേ കൂടാരമായിരിക്കും.
‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ
ദാഹിക്കുകയോ ഇല്ല;
വെയിലോ അത്യുഷ്ണമോ,’7:16 [യെശ. 49:10]
അവരെ ഒരിക്കലും ബാധിക്കുകയുമില്ല.
കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്
അവരെ മേയിച്ച്
‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’7:17 [യെശ. 49:10]
‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’7:17 [യെശ. 25:8]”
ഏഴാംമുദ്രയും തങ്കധൂപകലശവും
കുഞ്ഞാട് ഏഴാംമുദ്ര തുറന്നപ്പോൾ സ്വർഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ അപ്പോൾ ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയും ചെയ്തു.
അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു. ദൂതന്റെ കൈയിൽനിന്നും ധൂപവർഗത്തിന്റെ പുക വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർന്നു. ആ ദൂതൻ ധൂപകലശമെടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
കാഹളങ്ങൾ
കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.
ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തംകലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്തുവെണ്ണീറായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി.
രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു. സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു.
മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. —ആ നക്ഷത്രത്തിനു കയ്‌പ്8:11 മൂ.ഭാ. അപ്സിന്തോസ്, ഇതിനു കാഞ്ഞിരം എന്നർഥം. എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.
നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു.
ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.”
അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു. ആ നക്ഷത്രം അഗാധഗർത്തിന്റെ തുരങ്കം തുറന്നപ്പോൾ വലിയ തീച്ചൂളയിലെ പുകപോലെ അതിൽനിന്ന് പുക പൊങ്ങി. ആ പുകയിൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. പുകയിൽനിന്ന് വെട്ടുക്കിളികൾ പുറപ്പെട്ടു ഭൂമിയിലേക്കിറങ്ങിവന്നു. അവയ്ക്കു ഭൂമിയിലെ തേളുകൾക്കുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കൊഴികെ മറ്റാർക്കുമോ ഭൂമിയിലെ പുല്ലിനോ സസ്യത്തിനോ വൃക്ഷത്തിനോ കേടുവരുത്തരുത് എന്ന് അവയ്ക്കു കൽപ്പന ലഭിച്ചു. അവരെ അഞ്ചുമാസത്തേക്ക് ഉപദ്രവിക്കാനല്ലാതെ, കൊല്ലാനുള്ള അധികാരം അവയ്ക്കു നൽകപ്പെട്ടിരുന്നില്ല. അവയിൽനിന്ന് മനുഷ്യർക്കുണ്ടാകുന്ന വേദന തേൾ ഇറുക്കുന്നതുപോലെ ആയിരുന്നു. ആ ദിവസങ്ങളിൽ മനുഷ്യർ മരണം അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ മരണം അവരെ വിട്ട് ഓടിപ്പോകും.
ആ വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിനണിയിച്ചൊരുക്കിയ കുതിരകളുടേതിനു തുല്യം. അവയുടെ തലകളിൽ സ്വർണക്കിരീടംപോലെ എന്തോ ഒന്ന് അണിഞ്ഞിരുന്നു; അവയുടെ മുഖം മനുഷ്യരുടെ മുഖങ്ങൾപോലെയും ആയിരുന്നു. അവയ്ക്ക് സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹങ്ങളുടേതുപോലെ പല്ലുകളും ഉണ്ടായിരുന്നു. ഇരുമ്പു കവചങ്ങൾക്കു തുല്യമായ കവചങ്ങൾ അവയ്ക്കുണ്ടായിരുന്നു. അവയുടെ ചിറകുകളുടെ ഇരമ്പൽ യുദ്ധത്തിനായി പായുന്ന അനേകം കുതിരകളുടെയും രഥങ്ങളുടെയും മുഴക്കത്തിനു തുല്യമായിരുന്നു. അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുകളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസത്തേക്കു ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലിൽ ഉണ്ട്. അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ9:11 അബദ്ദോൻ, അപ്പല്യോൻ എന്നിവക്ക് നശിപ്പിക്കുന്നവൻ എന്നർഥം. എന്നുമാണ്.
ഒന്നാമത്തെ ഭീകരാനുഭവം കഴിഞ്ഞു; ഇതാ, ഇനിയും രണ്ട് ഭീകരാനുഭവങ്ങൾകൂടി വരുന്നു.
ആറാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള തങ്കയാഗപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വരുന്നതു ഞാൻ കേട്ടു. കാഹളം വഹിച്ചിരുന്ന ആറാമത്തെ ദൂതനോട് ആ ശബ്ദം, “യൂഫ്രട്ടീസ് മഹാനദിയുടെ തീരത്തു ബന്ധിതരായിട്ടുള്ള നാലു ദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറഞ്ഞു. ഈ വർഷം, ഈമാസം, ഈ ദിവസം, ഈ മണിക്കൂറിൽ മനുഷ്യരിൽ മൂന്നിലൊന്നു ഭാഗത്തെ കൊന്നുകളയുന്നതിനുവേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു. അശ്വാരൂഢരായ സൈനികരുടെ എണ്ണം ഇരുപതുകോടിയാണ് എന്നു പറയുന്നതു ഞാൻ കേട്ടു.
തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു. അങ്ങനെ ബഹിർഗമിച്ചുകൊണ്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആയിരുന്നു; സർപ്പത്തെപ്പോലെ തലയുള്ള വാൽ ഉപയോഗിച്ചാണ് അവ മുറിവേൽപ്പിച്ചിരുന്നത്.
ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.
ദൂതനും ചെറിയ പുസ്തകച്ചുരുളും
മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു. സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി. ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.”
എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’10:9 [യെഹ. 3:3]” എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി. അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”
രണ്ട് സാക്ഷികൾ
അളവുകോൽപോലെയുള്ള ഒരു ഓടത്തണ്ട് എന്റെ കൈയിൽ ലഭിച്ചു. തുടർന്ന് എനിക്കു ലഭിച്ച ആജ്ഞ: “നീ ചെന്നു ദൈവാലയവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെ എണ്ണുക. ദൈവാലയാങ്കണം അളക്കാതെ വിടുക. കാരണം, അത് യെഹൂദേതരർക്കു നൽകപ്പെട്ടിരിക്കുന്നു. അവർ വിശുദ്ധനഗരത്തെ നാൽപ്പത്തിരണ്ട് മാസം ചവിട്ടി അശുദ്ധമാക്കും. അവിടെ എന്റെ രണ്ട് സാക്ഷികളെ ഞാൻ നിയോഗിക്കും. അവർ ചണവസ്ത്രം ധരിച്ചുകൊണ്ട് 1,260 ദിവസം പ്രവചിക്കും.” അവർ “ഈ ഭൂമിയുടെ അധിപതിയുടെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവുമരവും രണ്ട് വിളക്കുതണ്ടും ആകുന്നു.”11:4 [സെഖ. 4:3],[11],[14] കാണുക. അവർക്കു ദോഷം വരുത്താൻ ആരെങ്കിലും തുനിഞ്ഞാൽ ആ പ്രവാചകന്മാരുടെ വായിൽനിന്ന് തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ നശിപ്പിച്ചുകളയും. ഇങ്ങനെ അവർക്കു ദോഷം വരുത്താൻ ഇച്ഛിക്കുന്ന ഓരോരുത്തനും ഹിംസിക്കപ്പെടും. തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.
അവർ തങ്ങളുടെ ശുശ്രൂഷ11:7 മൂ.ഭാ. സാക്ഷ്യം പൂർത്തിയാക്കിക്കഴിയുമ്പോൾ അഗാധഗർത്തത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊന്നുകളയും. അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആലങ്കാരികമായി സൊദോം എന്നും ഈജിപ്റ്റ് എന്നും വിളിക്കപ്പെടുന്നതുമായ മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും. സകലജനവിഭാഗങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ളവർ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങൾ വീക്ഷിക്കും; ആ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആരെയും അനുവദിക്കുകയുമില്ല. ഈ രണ്ട് പ്രവാചകന്മാർ ഭൂവാസികളെ ദണ്ഡിപ്പിച്ചതിനാൽ അവരുടെ മരണത്തിൽ ഭൂവാസികൾ ആനന്ദിക്കുകയും ആഹ്ലാദം പങ്കിടാൻ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.
എന്നാൽ, മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം11:11 [യെഹ. 37:5],[14] കാണുക. അവരിൽ പ്രവേശിച്ചു, അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരെല്ലാം അത്യന്തം ഭയപ്പെട്ടു. അപ്പോൾ, “ഇവിടെ കയറിവരിക” എന്നു സ്വർഗത്തിൽനിന്ന് തങ്ങളോടു പറയുന്ന ഒരു മഹാശബ്ദം അവർ കേട്ടു. അവരുടെ ശത്രുക്കൾ നോക്കിനിൽക്കെ ഒരു മേഘത്തിൽ അവർ സ്വർഗത്തിലേക്കു കയറിപ്പോയി.
ഉടൻതന്നെ ശക്തമായ ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്നു ഭാഗം തകർന്നുവീണു. ഏഴായിരംപേർ ആ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയന്ന്, സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങി.
രണ്ടാമത്തെ ഭീകരാനുഭവം കഴിഞ്ഞു. ഇതാ, മൂന്നാമത്തെ ഭീകരാനുഭവം ആസന്നമായിരിക്കുന്നു.
ഏഴാമത്തെ കാഹളം
ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ,
“ലോകഭരണം നമ്മുടെ കർത്താവിനും
അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു;
അവിടന്ന് എന്നെന്നേക്കും ഭരിക്കും”
എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി. ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:
“ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ
സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ
ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
രാജ്യങ്ങൾ ക്രുദ്ധിച്ചു;
അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു.
മരിച്ചവരെ ന്യായംവിധിക്കാനും;
അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും
അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും
ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും
ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”
അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു; ആലയത്തിനുള്ളിൽ ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ദൃശ്യമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
സ്ത്രീയും മഹാവ്യാളിയും
സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു. അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി.12:3 അതായത്, തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പം അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു. “സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന”12:5 [സങ്കീ. 2:9] ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു. സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.
അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി. എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു. ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു:
“ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും
രാജ്യവും
തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു.
നമ്മുടെ സഹോദരങ്ങളെക്കുറിച്ച്
ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി,
താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
അവർ കുഞ്ഞാടിന്റെ രക്തവും
തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം
അവനെ ജയിച്ചു;
അവസാനശ്വാസംവരെ
അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
അതുകൊണ്ട്, സ്വർഗവും
സ്വർഗവാസികളുമായവരേ, ആനന്ദിക്കുക!
എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം!
തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്,
പിശാച് ഉഗ്രകോപത്തോടെ
നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു. മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു. സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു. മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.
സമുദ്രത്തിൽനിന്ന് കയറിവന്ന മൃഗം
അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി. മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു. മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.
അഹന്തനിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു. ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു. വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവനു ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവനു നൽകപ്പെട്ടു. ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.
ചെവിയുള്ളവർ കേൾക്കട്ടെ.
“ബന്ധനത്തിനായി വിധിക്കപ്പെട്ടവർ
ബന്ധനത്തിലേക്കു പോകുന്നു.
വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ
വാളിനാൽ വധിക്കപ്പെടുന്നു.”13:10 [യിര. 15:2]
ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.
ഭൂമിയിൽനിന്നുള്ള മൃഗം
ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു. ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു.
ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.
കുഞ്ഞാടും 1,44,000 പേരും
ഞാൻ നോക്കി: അപ്പോൾ സീയോൻ14:1 അതായത്, ജെറുശലേം മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു! സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു. സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല. അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്ന് വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവരുടെ അധരങ്ങളിൽ ഒരിക്കലും വ്യാജം ഉണ്ടായിരുന്നില്ല; അവർ നിഷ്കളങ്കരാണ്.
മൂന്നു ദൂതന്മാർ
മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’14:8 [യെശ. 21:9]”
അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.” ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് സഹിഷ്ണുത ഇവിടെ അത്യാവശ്യമായിരിക്കുന്നു.
അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.”
“അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”
ഭൂമിയിലെ കൊയ്ത്ത്
അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന്14:14 [ദാനി. 7:13] തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കൈയിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു. അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.” മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു.
വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു. നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ14:20 മൂ.ഭാ. 1,600 സ്റ്റേഡിയ. ദൂരംവരെ ഒഴുകി.
ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാർ
ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്. പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു. അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു:
“മഹത്തും വിസ്മയകരവുമാകുന്ന
സർവശക്തിയുള്ള ദൈവമായ കർത്താവേ,
ജനതകളുടെ രാജാവേ,
അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.
ആര് അങ്ങയെ ഭയപ്പെടാതെയും
അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?
പരിശുദ്ധൻ അങ്ങുമാത്രം.
അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ
ജനതകളെല്ലാം വന്ന്
തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”15:4 [സങ്കീ. 111:2],[3]; [ആവ. 32:4]; [യിര. 10:7]; [സങ്കീ. 86:9]; [98:2] കാണുക.
ഇതിനെല്ലാംശേഷം സ്വർഗത്തിലെ ഉടമ്പടിയുടെ കൂടാരമെന്ന ദൈവാലയം തുറന്നിരിക്കുന്നതു ഞാൻ കണ്ടു. ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു. ദൈവത്തിന്റെ ഉജ്ജ്വലപ്രഭയുടെയും ശക്തിയുടെയും പുകകൊണ്ട് ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ അവരുടെ ഏഴു ബാധകളും പൂർത്തിയാക്കുന്നതുവരെ ദൈവാലയത്തിൽ പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.
ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങൾ
തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി.
രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ16:3 അതായത്, രക്തം കട്ടപിടിച്ച് ഇരുണ്ടനിറത്തിലായി. ഈജിപ്റ്റിലെ പത്തു ബാധകളിൽ ഒന്നുപോലെ. [പുറ. 7:20],[21] രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി.
മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ,
ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!
അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്,
രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!”
ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു:
“സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”
നാലാമത്തെ ദൂതൻ തന്റെ കുംഭം സൂര്യനിൽ ഒഴിച്ചു. തീകൊണ്ടു മനുഷ്യരെ പൊള്ളലേൽപ്പിക്കാനുള്ള ശക്തി അതിനു ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല.
അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു. വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു. അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.
“ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”
ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ16:16 മെഗിദ്ദോമല എന്നർഥം. പുരാതനകാലത്ത് അനേകയുദ്ധങ്ങൾ നടന്ന സ്ഥലം. [ന്യായാ. 5:19]; [2 രാജാ. 23:29],[30] എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി.
ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു. അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു. എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി. ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം16:21 മൂ.ഭാ. ഏക. ഒരു താലന്ത് ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ
ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും, പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.
രഹസ്യം: മഹതിയാം ബാബേൽ,
ഭൂമിയിലെ വേശ്യകളുടെയും
മ്ലേച്ഛതകളുടെയും മാതാവ്.
ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു. ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.
“വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു; അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്.17:11 ഒരാൾ തന്നെ രണ്ടുതവണ വാഴും എന്നായിരിക്കാം അർഥമാക്കുന്നത്. അവന്റെ നാശം ആസന്നമായിരിക്കുന്നു.
“നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും. ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു. ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”
ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു. നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു. നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”
ബാബേലിന്റെ പതനം
ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു. ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
“ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’18:2 [യെശ. 21:9]
അവൾ ഭൂതാവേശിതസ്ഥലവും
സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും
അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും
അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു
ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു.
ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു;
ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”
ബാബേലിന്മേൽ വരുന്ന ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുപോകുക
സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്:
“ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’18:4 [യിര. 51:45]
അവളുടെ പാപങ്ങളിൽ പങ്കാളികളായി
അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു.
അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ.
അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക.
അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക;
അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ.
‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു.
ഞാനൊരു വിധവയല്ല;18:7 [യെശ. 47:7],[8]
ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’
എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ
മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും;
ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ
അവളെ തീയിൽ ദഹിപ്പിച്ചുകളയും.
ബാബേലിന്റെ പതനത്തിലുള്ള വിലാപം
“അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും. അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്:
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ!
ശക്തിയുള്ള നഗരമേ!
ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’
എന്നു പറയും.
“സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും; കറുവപ്പട്ട, ഏലം, മീറ,18:12 അതായത്, നറുമ്പശ കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.
“നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു. ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്;
സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’
എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും.
“എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന് അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും. അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും:
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
കപ്പലുടമകളെയെല്ലാം
നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ,
നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’
“ദൂതൻ തുടർന്നു പറഞ്ഞത്:
“ ‘അല്ലയോ, സ്വർഗമേ,
വിശുദ്ധരേ,
അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’
ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു
അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”
ബാബേലിന്റെ പതനം
ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്:
“മഹാനഗരമായ ബാബേൽ
ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും,
പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം
ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല.
ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും
ഇനി നിന്നിൽ കാണുകയില്ല.
ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം
നിന്നിൽനിന്ന് ഉയരുകയുമില്ല.
ഒരു ദീപവും
ഇനി നിന്നിൽ ജ്വലിക്കുകയില്ല.
വധൂവരന്മാരുടെ ഉല്ലാസഘോഷം
ഇനി നിന്നിൽ കേൾക്കുകയില്ല.
നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു.
ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും
വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”
സ്വർഗത്തിൽ ജയാരവം
ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു:
“ഹല്ലേലുയ്യാ!
രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,
അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ.
വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ
ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു;
ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”
പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്:
“ഹല്ലേലുയ്യാ!
അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.”
ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്,
“ആമേൻ, ഹല്ലേലുയ്യാ!”
എന്ന് ആർത്തു.
അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി:
“വലിയവരും ചെറിയവരുമായി
ദൈവഭക്തരായവരേ,
സകലസേവകരുമേ,
നമ്മുടെ ദൈവത്തെ സ്തുതിക്കുക.”
അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:
“ഹല്ലേലുയ്യാ!
സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.
നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും
അവിടത്തേക്ക് മഹത്ത്വം നൽകാം;
കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ;
മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.
ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം
അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.”
ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.
പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത19:10 മൂ.ഭാ. ആത്മാവ്” എന്നു പറഞ്ഞു.
വെള്ളക്കുതിരപ്പുറത്തു സഞ്ചരിക്കുന്നവൻ
പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.”19:15 [സങ്കീ. 2:9] സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
രാജാധിരാജാവ്, കർത്താധികർത്താവ്,
എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു.
അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു. അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.
സഹസ്രാബ്ദം
അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു. ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്.
തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.
സാത്താനെ ന്യായംവിധിക്കുന്നു
ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും. അയാൾ പുറപ്പെട്ട് ഭൂമിയുടെ നാലു ദിക്കുകളിലുമുള്ള ജനതകളായ ഗോഗ്, മാഗോഗ് എന്നിവരെ വശീകരിച്ചു യുദ്ധത്തിനു കൂട്ടിച്ചേർക്കും. അവർ കടൽപ്പുറത്തെ മണൽപോലെ അസംഖ്യമാണ്. അവർ ഭൂമിയിൽ എല്ലായിടവും സഞ്ചരിച്ച് ദൈവജനത്തിന്റെ20:9 മൂ.ഭാ. വിശുദ്ധരുടെ പാളയത്തെയും ദൈവത്തിനു പ്രിയപ്പെട്ട നഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്ന് അഗ്നിവർഷമുണ്ടായി അവർ ഭസ്മീകരിക്കപ്പെടും. അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും.
മരിച്ചവരെ ന്യായംവിധിക്കുന്നു
പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.
പുതിയ ആകാശവും പുതിയ ഭൂമിയും
പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും”21:1 [യെശ. 65:17] കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ21:4 [യെശ. 25:8] വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
പുതിയ ജെറുശലേം, കുഞ്ഞാടിന്റെ വധു
അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.” പിന്നെ അയാൾ എന്നെ ആത്മാവിൽ വലുപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു. ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു. അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു. നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്.
എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു. സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ;21:16 മൂ.ഭാ. 12,000 സ്റ്റേഡിയ. അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ21:17 മൂ.ഭാ. 144 പേഖൂസ്. ആയിരുന്നു. കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു. കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം,21:20 അഥവാ, നീലരത്നം പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.
നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു.21:22 പുതിയ ജെറുശലേമിൽ സർവശക്തനായ ദൈവവും കുഞ്ഞാടായ യേശുക്രിസ്തുവും നഗരംമുഴുവനും നിറഞ്ഞു നിൽക്കുന്നതുകൊണ്ട് ഒരു പ്രത്യേക ആരാധനാലയത്തിന്റെ ആവശ്യമില്ല. നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും. അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല. ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.
ജീവജലനദി
അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും. ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.
യോഹന്നാനും സ്വർഗദൂതനും
അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ22:6 മൂ.ഭാ. ആത്മാക്കളുടെ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
“ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്. അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
പരിസമാപ്തി: ക്ഷണവും മുന്നറിയിപ്പും
“ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്. ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
“നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട22:14 മൂ.ഭാ. അലക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
“സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും. ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!”
ആമേൻ! കർത്താവായ യേശുവേ, വരണമേ.
കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.