- Biblica® Open Malayalam Contemporary Version 2020
സങ്കീർത്തനങ്ങൾ
സങ്കീർത്തനങ്ങൾ
സങ്കീർത്തനങ്ങൾ
സങ്കീ.
സങ്കീർത്തനങ്ങൾ
ഒന്നാംപുസ്തകം
[സങ്കീർത്തനങ്ങൾ 1–41]
സങ്കീർത്തനം 1
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും
പാപികളുടെ പാതയിൽ നിൽക്കാതെയും
പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും
ജീവിക്കുന്നവർ അനുഗൃഹീതർ.
അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;
അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.
നീർച്ചാലുകൾക്കരികെ നട്ടതും
അതിന്റെ സമയത്തു ഫലം നൽകുന്നതും
ഇലകൊഴിയാത്തതുമായ1:3 ഇലകൊഴിയാത്തതുമായ, വിവക്ഷിക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നത്. വൃക്ഷംപോലെയാണവർ—
അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.
ദുഷ്ടർ അങ്ങനെയല്ല!
അവർ കാറ്റത്തു പാറിപ്പോകുന്ന
പതിരുപോലെയാണ്.
അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,
എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
സങ്കീർത്തനം 2
രാഷ്ട്രങ്ങൾ ഗൂഢാലോചന2:1 ചി.കൈ.പ്ര. രോഷം നടത്തുന്നതും
ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും
ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.
“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം
അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു.
സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും
തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു,
സീയോനിൽ2:6 അതായത്, ജെറുശലേമിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:
അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.
എന്നോടു ചോദിച്ചുകൊള്ളുക,
ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും
ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.
ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;2:9 അഥവാ, ഭരിക്കും
കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”
അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;
ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.
ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും
വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.
അവിടന്നു കോപാകുലനായി,
മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,2:12 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും
അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.
സങ്കീർത്തനം 3
ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.
യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;
എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്
അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.3:2 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.
എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,
അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും3:3 ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് അങ്ങാണ്.
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,
അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.
ഞാൻ കിടന്നുറങ്ങുന്നു;
യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന
പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
യഹോവേ, എഴുന്നേൽക്കണമേ!
എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!
എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;
ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
രക്ഷ യഹോവയിൽനിന്നു വരുന്നു.
അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.3:8 സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. [ഹബ. 3].)
സങ്കീർത്തനം 4
ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ നീതിയായ ദൈവമേ,
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.
എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ;
എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.
അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?
എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ4:2 അഥവാ, ഭൂതങ്ങൾ അഥവാ, വ്യാജദേവന്മാർ പിൻതുടരും? സേലാ.
യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.
നടുങ്ങുവിൻ4:4 അഥവാ, നിന്റെ കോപത്തിൽ പാപം ചെയ്യാതിരിപ്പിൻ;
നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്
മൗനമായിരിക്കുക. സേലാ.
നീതിയാഗങ്ങൾ അർപ്പിക്കുകയും
യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.
“നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.
യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം
ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,
എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്
യഹോവേ, അവിടന്നുതന്നെയാണല്ലോ.
സംഗീതസംവിധായകന്. വേണുനാദത്തോടെ.4:8 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 5
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ,
എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.
എന്റെ രാജാവും എന്റെ ദൈവവുമേ,
സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ,
അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;
പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും
പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;
തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
അവിടത്തെ സന്നിധിയിൽ
ധിക്കാരികൾ നിൽക്കുകയില്ല.
അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും
യഹോവയ്ക്ക് അറപ്പാകുന്നു.
എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ,
അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും;
അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ
ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.
യഹോവേ, എന്റെ ശത്രുക്കൾനിമിത്തം,
അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ;
അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല;
അവരുടെ ഹൃദയം നാശകൂപംതന്നെ.
അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്;
നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.5:9 [റോമ. 3:13]
അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ,
അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ.
അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു,
അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.
എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;
അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.
തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,
അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.
യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;
പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.5:12 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക
സങ്കീർത്തനം 6
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ
അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;
യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.
എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.
ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?
യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.
പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?
എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു.
രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,
എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.
സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;
എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.
അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക,
കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.
കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു;
യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.
എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും;
തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.
സങ്കീർത്തനം 7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.
എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;
അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും
എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. സേലാ.
യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;
എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ.
എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,
ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.
അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും
അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ—
നീതിമാനായ ദൈവമേ,
അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
അത്യുന്നതനായ ദൈവം എന്റെ പരിച7:10 അഥവാ, കർത്താവ് ആകുന്നു,
അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
ദൈവം7:12 മൂ.ഭാ. അദ്ദേഹം തന്റെ വാളിനു മൂർച്ചകൂട്ടും;
അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;
അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;
അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;
അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.7:17 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 8
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
അങ്ങയുടെ മഹത്ത്വം അവിടന്ന്
ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ8:2 ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. [മത്താ. 21:16] കാണുക.
അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു
വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
അവിടത്തെ വിരലുകളുടെ പണിയായ
ആകാശം,
അങ്ങു സ്ഥാപിച്ച
ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
അങ്ങ് അവരെ8:5 അഥവാ, മനുഷ്യപുത്രനെ ദൂതന്മാരെക്കാൾ8:5 അഥവാ, ദൈവത്തെക്കാൾ അൽപ്പംമാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ8:5 അഥവാ, അവനെ മകുടമായി അണിയിച്ചിരിക്കുന്നു.
അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
ആടുകൾ, കന്നുകാലികൾ,
കാട്ടിലെ സകലമൃഗങ്ങൾ,
ആകാശത്തിലെ പറവകൾ,
സമുദ്രത്തിലെ മത്സ്യങ്ങൾ,
സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”8:9 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 99:0 [9–10] സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു. ഓരോ കാവ്യഭാഗത്തിന്റെയും ആദ്യാക്ഷരങ്ങൾ എബ്രായ ഭാഷയുടെ അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുന്ന രീതി ഈ സങ്കീർത്തനങ്ങളിൽ കാണുന്നു.
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;
അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;
അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.
എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;
അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.
കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,
അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.
അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;
അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.
അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,
അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു;
അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.
യഹോവ എന്നേക്കും വാഴുന്നു;
അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;
ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,
ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;
അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.
കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;
അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.
യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!
എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,
സീയോൻപുത്രിയുടെ കവാടത്തിൽ
ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും;
ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.
രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;
അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.
യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;
ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം.9:16 ഈ വാക്കിന്റെ അർഥം വ്യക്തമല്ല. സേലാ.
ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,
ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.
എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;
പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.
യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;
ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.
യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,
തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.
സങ്കീർത്തനം 1010:0 [9–10] സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്?
കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്?
ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,
അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;
ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;
അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;
അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു;
അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.
അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”
അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”
അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;
അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.
അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു;
ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു.
അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു;
ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു.
നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു;
അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു.
അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു;
അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.
“ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു;
“തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു.
യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ.
അശരണരെ ഒരിക്കലും വിസ്മരിക്കരുതേ.
ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്?
“ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,”
എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്?
എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ;
അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു.
അശരണർ തിരുമുമ്പിൽ അഭയംതേടുന്നു;
അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ.
ദുഷ്ടരുടെ കൈ തകർക്കണമേ;
തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ
അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ.
യഹോവ എന്നെന്നേക്കും രാജാവാകുന്നു;
അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും.
യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു;
അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ,
അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ,
അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും
ആരുടെയുംമേൽ ഭീതിവരുത്തുകയില്ല.
സംഗീതസംവിധായകന്.10:18 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 11
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവയിൽ ഞാൻ അഭയംതേടുന്നു.
“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
“ഇതാ, ദുഷ്ടർ വില്ലുകുലച്ച്,
അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;
ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ
എയ്തുവീഴ്ത്തേണ്ടതിനാണത്.
അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,
നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”
യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.11:7 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 12
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു;
വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.
എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു;
അവർ അധരങ്ങളിൽ മുഖസ്തുതിയും
ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.
മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും
അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
അവർ പറയുന്നു,
“ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—
ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”
“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,
ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു,
കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി,
ശുദ്ധിചെയ്ത വെള്ളിപോലെയാണ്.
യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും
ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ
ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.
സംഗീതസംവിധായകന്.12:8 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 13
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ?
തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും?
എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും
ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും?
എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും?
എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ.
എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും,
അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും
ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.
എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ,
ഞാൻ യഹോവയ്ക്കു സ്തുതിപാടും.
സംഗീതസംവിധായകന്.13:6 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 14
ദാവീദിന്റെ ഒരു സങ്കീർത്തനം.
“ദൈവം ഇല്ല,” എന്നു
മൂഢർ14:1 സങ്കീർത്തനങ്ങളിൽ ഭോഷൻ അഥവാ, മൂഢൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ;
നന്മചെയ്യുന്നവർ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
യഹോവ സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;14:3 [റോമ. 3:12]
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?
മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;
അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.
ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ,
അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.
നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,
എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.
ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!
യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,
യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനം 15
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?
അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
കളങ്കരഹിതരായി ജീവിക്കുകയും
നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും
ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും
അയൽവാസിയെ ദ്രോഹിക്കാതെയും
കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
ദുഷ്ടരെ നിന്ദ്യരായി കാണുകയും
യഹോവാഭക്തരെ ബഹുമാനിക്കുകയും;
നഷ്ടം സഹിക്കേണ്ടിവന്നാലും
ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ;
നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ.
ഇങ്ങനെ ജീവിക്കുന്നവർ
ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
സങ്കീർത്തനം 16
ദാവീദിന്റെ ഒരു സ്വർണഗീതം.
എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ,
അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.
ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്;
അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.
ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്,16:3 മൂ.ഭാ. വിശുദ്ധരെക്കുറിച്ച് “അവർ ആദരണീയരാണ്
അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു.
അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും.
ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ
അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല.
യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം;
അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു.
അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു;
അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു.
എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.
ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;
അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു;
എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല,
അവിടത്തെ പരിശുദ്ധനെ16:10 അഥവാ, വിശ്വസ്തരെ ജീർണത കാണാൻ അനുവദിക്കുകയുമില്ല.
ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;
തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും,
അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.16:11 [അ.പ്ര. 2:28]
സങ്കീർത്തനം 17
ദാവീദിന്റെ ഒരു പ്രാർഥന.
യഹോവേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ;
നീതിക്കായുള്ള എന്റെ അപേക്ഷ കേൾക്കണമേ—
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള
എന്റെ പ്രാർഥന ചെവിക്കൊള്ളണമേ.
എന്റെ കുറ്റവിമുക്തി അവിടത്തെ സന്നിധിയിൽനിന്നായിരിക്കട്ടെ;
അവിടത്തെ കണ്ണുകൾ നീതിയായവ ദർശിക്കട്ടെ.
അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചു,
അവിടന്ന് എന്നെ രാത്രിയിൽ സന്ദർശിച്ച് പരീക്ഷിച്ചു,
അവിടന്ന് എന്നിലൊരു കുറവും കണ്ടെത്തുകയില്ല;
എന്റെ അധരം പാപംചെയ്യുകയില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
മനുഷ്യർ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു,
എന്നാൽ തിരുവായിൽനിന്നുള്ള കൽപ്പനകളാൽ,
അക്രമികളുടെ വഴിയിൽനിന്ന് ഞാൻ എന്നെത്തന്നെ സൂക്ഷിച്ചിരിക്കുന്നു.
എന്റെ കാലടികൾ അങ്ങയുടെ പാതയിൽ ഉറച്ചുനിന്നു;
എന്റെ കാൽപ്പാദങ്ങൾ വഴുതിയതുമില്ല.
എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു;
എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ.
അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ,
അങ്ങയിൽ അഭയംതേടുന്നവരെ
അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.
എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ;
അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ,
എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും,
എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ.
അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു,
അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു.
അവർ എന്നെ പിൻതുടർന്നു കണ്ടെത്തിയിരിക്കുന്നു, അവരെന്നെ വളഞ്ഞിരിക്കുന്നു,
എന്നെ തറപറ്റിക്കുന്നതിനായി അവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.
ഇരയ്ക്കായി വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയാണവർ,
ഇരയ്ക്കുമേൽ ചാടിവീഴാൻ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെയും.
യഹോവേ, എഴുന്നേൽക്കണമേ, അവരോട് ഏറ്റുമുട്ടി കീഴ്പ്പെടുത്തണമേ;
അങ്ങയുടെ വാളിനാൽ ദുഷ്ടരിൽനിന്നും എന്നെ മോചിപ്പിക്കണമേ.
യഹോവേ, ഐഹികജീവിതത്തിൽമാത്രം ആശവെച്ചിരിക്കുന്ന17:14 അഥവാ, യഹോവേ, നിത്യജീവനെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതിരിക്കുന്ന
മനുഷ്യരുടെ കൈകളിൽനിന്ന് എന്നെ രക്ഷിക്കണമേ.
ദുഷ്ടർക്കുവേണ്ടി അങ്ങ് ഒരുക്കിവെച്ചിരിക്കുന്നവയാൽ അവർ ഉദരം നിറയ്ക്കട്ടെ;
അവരുടെ സന്തതികളും അതുതന്നെ ആർത്തിയോടെ ആഹരിക്കട്ടെ,
അവരുടെ പിൻതലമുറകൾക്കായും ഇത് അവശേഷിക്കട്ടെ.
എന്നാൽ ഞാനോ, നീതിയിൽ തിരുമുഖം ദർശിക്കും;
ഞാൻ ഉണരുമ്പോൾ, അവിടത്തെ രൂപം കണ്ട് സംതൃപ്തനാകും.
സംഗീതസംവിധായകന്.17:15 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 18
യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു:
എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു;
എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു,
എന്റെ പരിചയും18:2 അഥവാ, കർത്താവും എന്റെ രക്ഷയുടെ കൊമ്പും18:2 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്.
സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു,
എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു.
മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു;
നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി.
പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി;
മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു;
സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു.
തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു.
എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി.
ഭൂമി പ്രകമ്പനത്താൽ കുലുങ്ങി,
പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു;
അവിടത്തെ കോപത്താൽ അവ ഇളകിയാടി.
അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു;
സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു,
തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു.
അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു;
കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു.
അവിടന്നു കെരൂബിൻമുകളിലേറി18:10 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. പറന്നു;
കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു.
അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി—
ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.
ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ
അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു.
യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി;
പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു,
ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ.18:13 ചി.കൈ.പ്ര. ഈ വരി കാണുന്നില്ല; [2 ശമു. 22:14] കാണുക.
അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു,
മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു.
യഹോവേ, അവിടത്തെ ശാസനയാൽ,
അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ,
സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു
ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു.
അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു;
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു,
അവർ എന്നെക്കാൾ പ്രബലരായിരുന്നു.
എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി,
എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി.
അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു;
എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു.
എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു;
എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു.
കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു;
എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല.
അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്;
അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.
തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു
ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു.
എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു,
തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ.
വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു,
നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു.
നിർമലരോട് അവിടന്ന് നിർമലതയോടും;
എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു.
വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു
എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു.
യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ;
എന്റെ ദൈവം എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു.
അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും;
എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം.
ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്:
യഹോവയുടെ വചനം കുറ്റമറ്റത്;
തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.
യഹോവയല്ലാതെ ദൈവം ആരുള്ളൂ?
നമ്മുടെ ദൈവമല്ലാതെ ആ ശില18:31 ശില, വിവക്ഷിക്കുന്നത് സംരക്ഷകൻ. ആരാണ്?
ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു
എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.
അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു;
ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു.
എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു;
എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു.
അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി,
അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു;
അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.
അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു,
അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.
ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി;
അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല.
ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു;
അവരെന്റെ കാൽക്കൽ വീണടിഞ്ഞു.
ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു
അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു.
യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു,
എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു.
സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല—
യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല.
കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു;
തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു.18:42 അഥവാ, ഒഴിച്ചുകളഞ്ഞു. [2 ശമു. 22:43]
ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു;
അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയാക്കി.
ഞാൻ അറിയാത്ത രാഷ്ട്രങ്ങളിലെ ജനം എന്നെ സേവിക്കുന്നു,
വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു;
അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു.
അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു;
അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു.
യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ!
എന്റെ രക്ഷകനായ ദൈവം അത്യുന്നതൻ!
അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം,
അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു,
അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു.
എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി;
അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു.
അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും;
അവിടത്തെ നാമത്തിനു സ്തുതിപാടും.
അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു;
അവിടത്തെ അഭിഷിക്തനോട് അചഞ്ചലസ്നേഹം പ്രകടിപ്പിക്കുന്നു,
ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും എന്നേക്കുംതന്നെ.
സംഗീതസംവിധായകന്.18:50 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 19
ദാവീദിന്റെ ഒരു സങ്കീർത്തനം.
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;
ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.
പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;
രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.
അവിടെ സംഭാഷണമില്ല, വാക്കുകളില്ല;
ശബ്ദാരവം കേൾക്കാനുമില്ല.
എന്നിട്ടും അവയുടെ സ്വരമാധുര്യം19:4 മൂ.ഭാ. അളവുനൂൽ ഭൂതലമെങ്ങും പരക്കുന്നു,
അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.
ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.
അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും
തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.
ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു
മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;
അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.
യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,
അതു പ്രാണനു നവജീവൻ നൽകുന്നു.
യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്,
അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്,
അതു ഹൃദയത്തിന് ആനന്ദമേകുന്നു.
യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു,
അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.
യഹോവാഭക്തി നിർമലമായത്,
അത് എന്നെന്നേക്കും നിലനിൽക്കുന്നു.
യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ,
അവയെല്ലാം നീതിയുക്തമായവ.
അതു സ്വർണത്തെക്കാളും
തങ്കത്തെക്കാളും അമൂല്യമായവ;
അതു തേനിനെക്കാളും
തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.
അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു;
അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.
എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്?
എന്നിൽ മറഞ്ഞിരിക്കുന്ന പാപങ്ങൾ ക്ഷമിക്കണമേ.
മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ.
അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ.
അപ്പോൾ ഞാൻ നിരപരാധിയും
മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും.
എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.
സംഗീതസംവിധായകന്.19:14 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 20
ദാവീദിന്റെ ഒരു സങ്കീർത്തനം.
കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ;
യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.
അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ
സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.
നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ
നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ.
അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ
നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.
താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും
ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും.
യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.
യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന്
ഞാൻ ഇപ്പോൾ അറിയുന്നു.
അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ
വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു,
എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.
അവർ ശക്തിക്ഷയിച്ച് നിലംപൊത്തും,
ഞങ്ങളോ, എഴുന്നേറ്റ് ഉറച്ചുനിൽക്കും.
യഹോവേ, രാജാവിനു വിജയം നൽകണമേ!
ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ!
സംഗീതസംവിധായകന്.20:9 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 21
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു,
അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു!
അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു
അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ.
അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു
തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു.
അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു—
അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ.
അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു;
അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു.
നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു
അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു.
കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ
അദ്ദേഹം കുലുങ്ങുകയില്ല.
അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും
അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും
അവിടന്ന് പ്രത്യക്ഷനാകുമ്പോൾ
അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും.
തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും
അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും.
അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും,
മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും.
അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത്
ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല.
അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ
അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും.
യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ;
ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും.
സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ.21:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 22
ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്?
എന്നെ രക്ഷിക്കുന്നതിൽനിന്നും
എന്റെ വിലാപവചസ്സുകളിൽനിന്നും വിദൂരസ്ഥനായിരിക്കുന്നതും എന്ത്?
എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല,
രാത്രിയിലും ഞാൻ കേഴുന്നു, എന്നാൽ എനിക്ക് ആശ്വാസം ലഭിക്കുന്നതുമില്ല.
ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന
അവിടന്ന് പരിശുദ്ധനാണല്ലോ!
ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;
അവർ ആശ്രയിക്കുകയും അങ്ങ് അവരെ വിടുവിക്കുകയും ചെയ്തു.
അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;
അവർ അങ്ങയിൽ ആശ്രയിച്ചു, ലജ്ജിതരായതുമില്ല.
എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ.
മനുഷ്യരുടെ പരിഹാസവും ജനത്താൽ നിന്ദിതനുംതന്നെ.
എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;
അവരെന്നെ അവജ്ഞയോടെ നോക്കുന്നു, തലകുലുക്കി പരിഹസിക്കുന്നു.
“ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു,
“യഹോവതന്നെ അയാളെ മോചിപ്പിക്കട്ടെ.
യഹോവ അദ്ദേഹത്തിൽ പ്രസാദിക്കുന്നെങ്കിൽ
അവിടന്നുതന്നെ അദ്ദേഹത്തെ വിടുവിക്കട്ടെ.”
അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;
എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ.
എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം.
കഷ്ടം അടുത്തിരിക്കുകയാലും
സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും
എന്നിൽനിന്ന് അകന്നിരിക്കരുതേ.
അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാനിലെ ശക്തിയുള്ള കാളക്കൂറ്റന്മാർ എന്നെ വലയംചെയ്തിരിക്കുന്നു.
ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ
അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു.
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു,
എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു.
എന്റെ ഹൃദയം മെഴുകുപോലെയായി,
എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു.
എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു
എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു
അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു,
ഒരുകൂട്ടം ദുഷ്ടജനങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;
അവർ22:16 ചി.കൈ.പ്ര. ഒരു സിംഹം ചെയ്യുന്നതുപോലെ അവർ എന്റെ കൈകളും പാദങ്ങളും കുത്തിത്തുളച്ചിരിക്കുന്നു.
എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം
അവർ എന്നെ പരിഹാസപൂർവം തുറിച്ചുനോക്കുന്നു.
എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു
എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിടുന്നു.
എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ.
അവിടന്നാണ് എന്റെ ശക്തി; എന്നെ സഹായിക്കാൻ വേഗം വരണമേ.
വാളിൽനിന്ന് എന്നെ രക്ഷിക്കണമേ;
ഈ നായ്ക്കളുടെ പിടിയിൽനിന്ന് എന്റെ വിലപ്പെട്ട ജീവനെയും!
സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ;
കാട്ടുകാളകളുടെ കൊമ്പുകൾക്കിടയിൽനിന്ന് എന്നെ രക്ഷിക്കണമേ.22:21 അഥവാ, എനിക്ക് ഉത്തരമരുളണമേ.
അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും.
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!
യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക!
സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!
കാരണം പീഡിതരുടെ കഷ്ടത
അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല;
തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല
എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.
മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;
അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും
യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും.
അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!
ഭൂമിയുടെ അതിരുകളെല്ലാം
യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും,
രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം
തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,
ആധിപത്യം യഹോവയ്ക്കുള്ളത്
അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.
ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ
പൊടിയിലേക്കിറങ്ങുന്നവർ അവിടത്തെ മുമ്പിൽ മുട്ടുമടക്കും—
സ്വന്തം ജീവൻ നിലനിർത്താൻ കഴിയാത്തവർതന്നെ.
ഒരു സന്തതി അവിടത്തെ സേവിക്കും
ഭാവിതലമുറകളോട് കർത്താവിനെപ്പറ്റി വർണിക്കും.
അവിടന്ന് നിവർത്തിച്ചിരിക്കുന്നു!
എന്ന് ഇനിയും ജനിക്കാനിരിക്കുന്ന തലമുറയോട്,
അവർ അവിടത്തെ നീതി വിളംബരംചെയ്യും.
സങ്കീർത്തനം 23
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.
തിരുനാമംനിമിത്തം
എന്നെ നീതിപാതകളിൽ നടത്തുന്നു.
മരണനിഴലിൻ23:4 അഥവാ, കൂരിരുട്ടിൻ താഴ്വരയിൽക്കൂടി
ഞാൻ സഞ്ചരിച്ചെന്നാലും,
ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,
എന്നോടൊപ്പം അവിടന്നുണ്ടല്ലോ;
അവിടത്തെ വടിയും കോലും
എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കളുടെമുമ്പിൽ,
അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.
എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
എന്റെ ആയുഷ്കാലമെല്ലാം
നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം,
ഞാൻ യഹോവയുടെ ആലയത്തിൽ
നിത്യം വസിക്കും.
സങ്കീർത്തനം 24
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,
ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം24:4 അഥവാ, വ്യാജദേവതകളെക്കൊണ്ട് ചെയ്യാതെയുമിരിക്കുന്നവർതന്നെ.
അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,
യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
ശക്തനും വീരനുമായ യഹോവ,
യുദ്ധവീരനായ യഹോവതന്നെ.
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
സൈന്യങ്ങളുടെ യഹോവ—
അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.
സങ്കീർത്തനം 2525:0 ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അങ്ങയിലേക്ക്
ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും
ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,
എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ
ലജ്ജിതരായിത്തീരട്ടെ.
യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,
അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,
കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,
ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,
അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
എന്റെ യൗവനകാല പാപങ്ങളും
എന്റെ ലംഘനങ്ങളും ഓർമിക്കരുതേ;
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ,
കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;
അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു
തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ
യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും
യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്?
അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും
അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു;
അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു,
കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ,
കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു
എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ
എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ
അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,
കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ,
അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!
സങ്കീർത്തനം 26
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ,
ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു;
യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു
യാതൊരു ചാഞ്ചല്യവുമില്ല.
യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ,
എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;
അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട്
അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.
വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ
കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.
അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു
ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.
നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു,
യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,
അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും
അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.
യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും
അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.
പാപികളോടൊപ്പം എന്റെ പ്രാണനെയും
രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,
അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,
അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.
എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു;
എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.
എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു;
മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.
സങ്കീർത്തനം 27
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—
ഞാൻ ആരെ പേടിക്കും?
എന്നെ വിഴുങ്ങുന്നതിനായി
ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ,
എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ
അവരാണ് കാലിടറി നിലംപൊത്തുന്നത്!
ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ
എന്റെ ഹൃദയം ഭയരഹിതമായിരിക്കും,
എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ ചഞ്ചലചിത്തനാകുകയില്ല.
യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;
ഇതുതന്നെയാണെന്റെ ആഗ്രഹവും:
യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും
അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി
എന്റെ ജീവിതകാലംമുഴുവൻ
യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
അനർഥദിവസത്തിൽ അവിടന്ന്
തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;
അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും
ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.
അപ്പോൾ എന്റെ ശിരസ്സ്
എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും;
ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും;
ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.
യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ;
എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.
“അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു.
യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.
അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ,
കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ;
അവിടന്നാണല്ലോ എന്റെ സഹായകൻ.
എന്റെ രക്ഷകനായ ദൈവമേ,
എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.
എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും
യഹോവ എന്നെ ചേർത്തണയ്ക്കും.
യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;
എനിക്കായ് പതിയിരിക്കുന്നവർനിമിത്തം
എന്നെ നേർപാതകളിൽ നടത്തണമേ.
എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ,
കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു,
അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.
ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:
ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ ഞാൻ ദർശിക്കും.
യഹോവയ്ക്കായി കാത്തിരിക്കുക;
ശക്തരായിരിക്കുക, സുധീരരായിരിക്കുക
യഹോവയ്ക്കായി കാത്തിരിക്കുക.
സങ്കീർത്തനം 28
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ പാറയായ അങ്ങ്,
അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ.
അവിടന്ന് മൗനം അവലംബിച്ചാൽ,
കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.
അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക്
ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ,
സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ
കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.
അധർമം പ്രവർത്തിക്കുന്നവരോടും
ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ,
അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു
എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.
അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും
യോഗ്യമായത് അവർക്കു നൽകണമേ;
അവരുടെ കൈകളുടെ പ്രവൃത്തികൾക്ക്
അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.
കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല
അവിടത്തെ കരവേലയോടും അങ്ങനെതന്നെ,
അവിടന്ന് അവരെ ഇടിച്ചുനിരത്തും,
പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.
യഹോവ വാഴ്ത്തപ്പെടട്ടെ,
കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;
എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.
എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,
എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.
യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു,
തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.
അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ;
അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.
സങ്കീർത്തനം 29
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,
യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു;
മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു,
യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.
യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്;
യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു
യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു,
ശിര്യോനെ29:6 അതായത്, ഹെർമോൻ പർവതത്തെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.
യഹോവയുടെ ശബ്ദം
അഗ്നിജ്വാലകളെ ഉതിർക്കുന്നു
യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു29:9 അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു
വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു.
കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു
യഹോവ എന്നേക്കും രാജാവായി വാഴുന്നു.
യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;
യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
സങ്കീർത്തനം 30
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,
ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു
എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,
അങ്ങ് എന്നെ സൗഖ്യമാക്കി.
യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.
യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;
അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,
എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;
വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,
എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.
എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു,
“ഞാൻ ഒരുനാളും കുലുങ്ങുകയില്ല.”
യഹോവേ, അവിടത്തെ പ്രസാദത്താൽ
അങ്ങ് എന്നെ പർവതംപോലെ30:7 അതായത്, സീയോൻ പർവതംപോലെ ഉറപ്പിച്ചുനിർത്തി;
എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ,
ഞാൻ പരിഭ്രമിച്ചുപോകുന്നു.
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;
കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:
“എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം
ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം?
ധൂളി അങ്ങയെ സ്തുതിക്കുമോ?
അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ?
യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ;
യഹോവേ, എന്നെ സഹായിക്കണമേ.”
അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;
അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,
എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.
സംഗീതസംവിധായകന്.30:12 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 31
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ.
അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്,
എന്നെ മോചിപ്പിക്കാൻ വേഗം വരണമേ;
അങ്ങ് എനിക്ക് അഭയമാകുന്ന പാറയും
എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ.
അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ.
എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ,
കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.
ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു;
വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ.
മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു;
എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.
അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും,
കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു
എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു.
ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല
എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.
യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ;
എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു,
എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു.
എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു
എന്റെ ആയുസ്സ് നെടുവീർപ്പിനാലും;
എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു,
എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു.
എന്റെ എല്ലാ ശത്രുക്കളുംനിമിത്തം,
ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു.
എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി—
തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു.
മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു;
തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു.
അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു,
“ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!”
അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു
എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു.
എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
“അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു.
എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്;
എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ.
അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ;
അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു,
ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ;
എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ
അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ.
വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ,
കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ
നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.
അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും
അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി
സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ
അവിടത്തെ നന്മ എത്രയോ സമൃദ്ധം.
ആരോപണം നടത്തുന്ന നാവിൽനിന്ന്
അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു;
മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച്
അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.
യഹോവ വാഴ്ത്തപ്പെടട്ടെ,
കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ
വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.
“അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!”
എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു.
എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ,
കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു.
യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക!
യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു,
എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു.
യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ,
ശക്തരായിരിക്കുക, സുധീരരായിരിക്കുക.
സങ്കീർത്തനം 32
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.
ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയ മനുഷ്യർ,
അനുഗൃഹീതർ.
യഹോവ, പാപം കണക്കാക്കാതെയും
ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,
അനുഗൃഹീതർ.
ഞാൻ എന്റെ പാപം ഏറ്റുപറയാതെ,
ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.
രാവും പകലും
അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;
വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ
എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.
അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു
എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.
“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,”
എന്നു ഞാൻ പറഞ്ഞു.
അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം
അങ്ങു ക്ഷമിച്ചുതന്നു. സേലാ.
അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും
അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;
അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം
അവരെ എത്തിപ്പിടിക്കുകയില്ല.
അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;
രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;
നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
വിവേകശൂന്യമായ
കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,
അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു
അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.
ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ
അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.
നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;
ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
സങ്കീർത്തനം 33
നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;
പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.
കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;
പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.
അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;
വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.
കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;
അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.
യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.
യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,
തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.
അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;
ആഴിയെ കലവറകളിൽ സംഭരിക്കുന്നു.
സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;
ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.
കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;
അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.
യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;
ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.
യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,
അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;
സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്
ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—
അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,
അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.
സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;
തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.
പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;
അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.
എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും
അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,
അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും
ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,
കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.
ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.
സങ്കീർത്തനം 3434:0 ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.
ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;
അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.
എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;
പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.
എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;
നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.
ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;
എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.
അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;
അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.
ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;
അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.
യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,
അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.
യഹോവ നല്ലവനെന്ന് രുചിച്ചറിയുക;
അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക
അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.
സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
ജീവനെ സ്നേഹിക്കുകയും
സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും
നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു,
അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.
നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;
അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.
ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.
നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും
എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;
അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,
അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.
അധർമം ദുഷ്ടരെ കൊല്ലുന്നു;
നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.
യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;
അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.
സങ്കീർത്തനം 35
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ;
എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.
പരിചയും പലകയും എടുക്കണമേ;
അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.
എന്നെ പിൻതുടരുന്നവർക്കെതിരേ
കുന്തവും വേലും35:3 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. വീശണമേ.
“അങ്ങാണ് എന്റെ രക്ഷയെന്ന്,”
എന്നോട് അരുളിച്ചെയ്യണമേ.
എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ
ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ;
എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ
നിരാശരായി പിന്തിരിയട്ടെ.
യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ
അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.
യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ
അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.
അകാരണമായി അവരെനിക്കു വല വിരിക്കുകയും
ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,
അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ—
അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ,
അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.
അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ
അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
“യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ?
എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും.
അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു;
കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”
നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു;
എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു
എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട്
നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു.
എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ
ഞാൻ വിലപിച്ചുകൊണ്ടിരുന്നു.
എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ
ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു;
എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു.
ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.
അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു;
അവർ എനിക്കെതിരേ പല്ലുകടിച്ചു.
കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും?
അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.
ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും;
ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ
എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ;
അകാരണമായി എന്നെ വെറുക്കുന്നവർക്ക്
എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.35:19 മൂ.ഭാ. കണ്ണിറുക്കാതിരിക്കട്ടെ
അവർ സമാധാനപരമായി സംസാരിക്കുന്നില്ല,
ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ
അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു
“ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.
യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ.
കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.
ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ!
എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.
എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ;
അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.
“ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ,
“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.
എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ
ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.
എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ
ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ;
“തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ,
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.
എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും,
ദിവസംമുഴുവനും അവിടത്തെ സ്തുതിയും.
സംഗീതസംവിധായകന്.35:28 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 36
യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.
പാപം ദുഷ്ടരുടെ
ഹൃദയാന്തർഭാഗത്തു മന്ത്രിക്കുന്നു36:1 അഥവാ, എന്റെ ഹൃദയത്തിൽ ദൈവത്തിൽനിന്ന് ഒരു അരുളപ്പാടുണ്ട്, ദുഷ്ടരുടെ പാപത്തെക്കുറിച്ചുതന്നെ.
അവരുടെ ദൃഷ്ടിയിൽ
ദൈവഭയം ഇല്ലാതായിരിക്കുന്നു.
തങ്ങളുടെ അകൃത്യം കണ്ടുപിടിക്കപ്പെടുകയോ പാപം വെറുക്കപ്പെടുകയോ
ചെയ്യാതവണ്ണം അവർ ആത്മപ്രശംസചെയ്യുന്നു.
അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു;
വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.
അവരുടെ കിടക്കയിൽവെച്ചുപോലും അവർ ദുഷ്ടത നെയ്തുകൂട്ടുന്നു;
പാപവഴികളിലേക്ക് അവർ അവരെത്തന്നെ സമർപ്പിക്കുന്നു
തിന്മയിൽനിന്നു പിന്തിരിയാൻ ഒരു പരിശ്രമവും നടത്തുന്നില്ല.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു,
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.
അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും
അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു.
യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.
ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു!
സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു;
അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.
കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്;
അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.
അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും
ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.
അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ,
ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ.
ഇതാ! അധർമം പ്രവർത്തിക്കുന്നവർ എപ്രകാരം വീണടിഞ്ഞിരിക്കുന്നു—
തള്ളിവീഴ്ത്തപ്പെട്ടിരിക്കുന്നു, എഴുന്നേൽക്കാൻ കഴിയുന്നതുമില്ല!
സങ്കീർത്തനം 3737:0 ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ദാവീദിന്റെ ഒരു സങ്കീർത്തനം.
അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ
ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.
പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും
പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.
യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;
എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
യഹോവയിൽ ആനന്ദിക്കുക,
അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.
നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;
യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:
അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും,
നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.
യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക
അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക;
അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല,
അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.
കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക;
ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.
കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും,
എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.
ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും;
നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല.
എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും
സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും.
ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു
അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു;
എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു,
അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം.
ദുഷ്ടർ വാളെടുക്കുകയും
വില്ലുകുലയ്ക്കുകയും ചെയ്യുന്നു,
ദരിദ്രരെയും അശരണരെയും നശിപ്പിക്കുന്നതിനും
പരമാർഥതയോടെ ജീവിക്കുന്നവരെ വധിക്കുന്നതിനുംതന്നെ.
എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും,
അവരുടെ വില്ലുകൾ തകർന്നുപോകും.
ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ
നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;
കാരണം ദുഷ്ടരുടെ ശക്തി തകർക്കപ്പെടും,
എന്നാൽ യഹോവ നീതിനിഷ്ഠരെ ഉദ്ധരിക്കും.
നിഷ്കളങ്കരുടെ ദിനങ്ങൾ യഹോവ അറിയുന്നു,
അവരുടെ ഓഹരി ശാശ്വതമായി നിലനിൽക്കും.
കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല;
ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.
എന്നാൽ ദുഷ്ടർ നശിച്ചുപോകും:
യഹോവയുടെ ശത്രുക്കൾ വയലിലെ പൂക്കൾപോലെയാകുന്നു,
അവർ മാഞ്ഞുപോകും, പുകയായി അവർ ഉയർന്നുപോകും.
ദുഷ്ടർ വായ്പവാങ്ങുന്നു, ഒരിക്കലും തിരികെ നൽകുന്നില്ല,
എന്നാൽ നീതിനിഷ്ഠർ ഉദാരപൂർവം ദാനംചെയ്യുന്നു;
യഹോവയാൽ അനുഗൃഹീതർ ദേശം അവകാശമാക്കും,
എന്നാൽ അവിടന്ന് ശപിക്കുന്നവർ ഛേദിക്കപ്പെടും.
യഹോവയിൽ ആനന്ദിക്കുന്നവരുടെ
ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;
അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല,
കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.
ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു;
എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ
അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
അവർ എപ്പോഴും ഉദാരമനസ്കരും വായ്പനൽകുന്നവരുമാണ്,
അവരുടെ മക്കൾ അനുഗൃഹീതരായിത്തീരും.37:26 [ഉൽ. 48:20] കാണുക.
തിന്മയിൽനിന്നു പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക,
അപ്പോൾ നീ ദേശത്ത് ചിരകാലം വസിക്കും.
കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു
അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല.
അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും;
എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.
നീതിനിഷ്ഠർ ഭൂമി അവകാശമാക്കുകയും
ചിരകാലം അവിടെ താമസിക്കുകയും ചെയ്യും.
നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു,
അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.
അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്;
അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.
നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്,
ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു.
എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ
ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല.
യഹോവയിൽ പ്രത്യാശയർപ്പിക്കുക
അവിടത്തെ മാർഗം പിൻതുടരുക.
അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും;
ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.
സ്വദേശത്തെ വൃക്ഷംപോലെ
ദുഷ്ടരും അനുകമ്പയില്ലാത്തവരും തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,
എന്നാൽ അവർ വളരെപ്പെട്ടെന്ന് മാറ്റപ്പെടുന്നു, അതിന്റെ സ്ഥാനത്ത് ഒന്നും ശേഷിക്കുകയില്ല;
ഞാൻ അവരെ അന്വേഷിച്ചു, കണ്ടെത്താൻ കഴിഞ്ഞതുമില്ല.
സത്യസന്ധരെ നിരീക്ഷിക്കുക, പരമാർഥതയുള്ളവരെ ശ്രദ്ധിക്കുക;
സമാധാനം അന്വേഷിക്കുന്നവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകും.
എന്നാൽ പാപികൾ എല്ലാവരും നശിപ്പിക്കപ്പെടും;
ദുഷ്ടർ സന്തതിയില്ലാതെ സമൂലം ഛേദിക്കപ്പെടും.
നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു;
ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട.
യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു;
അവർ യഹോവയിൽ അഭയംതേടുന്നതിനാൽ
അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
സങ്കീർത്തനം 38
ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.
യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ
അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു,
തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.
അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല;
എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.
എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു
ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.
എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ
എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.
ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു;
ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.
എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു;
എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.
ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു;
ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.
കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു;
എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.
എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു;
എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു;
എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു,
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു;
ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.
ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു,
സംസാരിക്കാനാകാത്ത മൂകനെപ്പോലെയും
അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും
കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു
യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.
“എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ
ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.
കാരണം ഞാൻ വീഴാറായിരിക്കുന്നു,
എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.
എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.
എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്;
അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.
ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു
ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ,
അവർ എനിക്കു വിരോധികളായിരിക്കുന്നു.
യഹോവേ, എന്നെ ഉപേക്ഷിക്കരുതേ;
എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.
എന്റെ രക്ഷകനായ കർത്താവേ,
എന്റെ സഹായത്തിനായി അതിവേഗം വരണമേ.
യെദൂഥൂൻ എന്ന സംഗീതസംവിധായകന്.38:22 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 39
ദാവീദിന്റെ ഒരു സങ്കീർത്തനം.
“എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും
എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും;
ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം
ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.
അതുകൊണ്ട് ഞാൻ പരിപൂർണനിശ്ശബ്ദതയോടെയിരുന്നു,
നന്മയായതുപോലും ഉച്ചരിക്കാതിരുന്നു.
അപ്പോൾ എന്റെ ആകുലതകൾ അധികരിച്ചു;
എന്റെ ഹൃദയമെന്നുള്ളിൽ ചൂടുപിടിച്ചു
എന്റെ ധ്യാനത്തിങ്കൽ തീ കത്തി;
അപ്പോൾ എന്റെ നാവുകൊണ്ട് ഞാൻ സംസാരിച്ചു:
“യഹോവേ, എന്റെ ജീവിതാന്ത്യവും
എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും;
എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.
എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;
എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.
മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം,
ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.
“മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;
അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു
ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.
“എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ അങ്ങയിലാകുന്നു.
എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;
ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.
ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു,
കാരണം അവിടന്നാണല്ലോ ഇങ്ങനെയെല്ലാം ചെയ്തത്.
അവിടത്തെ ശിക്ഷാദണ്ഡ് എന്നിൽനിന്നു നീക്കണമേ;
അവിടത്തെ കൈകളുടെ പ്രഹരത്താൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു,
ഒരു പുഴു തിന്നുതീർക്കുമ്പോലെ അവിടന്ന് അവരുടെ സമ്പത്ത് ഇല്ലാതെയാക്കുന്നു—
നാമെല്ലാവരും ഒരു നിശ്വാസംമാത്രമാകുന്നു, നിശ്ചയം. സേലാ.
“യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കണമേ;
എന്റെ കരച്ചിൽകേട്ട് മൗനമായിരിക്കരുതേ.
ഒരു പ്രവാസിയെപ്പോലെ ഞാൻ തിരുമുമ്പിൽ ജീവിക്കുന്നു,
എന്റെ സകലപൂർവികരെയുംപോലെ ഒരു അപരിചിതനായി ഞാൻ കഴിയുന്നു.
ഞാൻ മറഞ്ഞ് ഇല്ലാതെയാകുംമുമ്പ്
വീണ്ടും ആനന്ദിക്കേണ്ടതിന് അവിടത്തെ (ക്രോധത്തിന്റെ) ദൃഷ്ടി എന്നിൽനിന്നും അകറ്റണമേ.”
സംഗീതസംവിധായകന്.39:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 40
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
വഴുവഴുപ്പുള്ള കുഴിയിൽനിന്നും
ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു;
അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു
എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.
എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി,
നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ.
പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും
അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.
അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും
വ്യാജദൈവങ്ങളിലേക്കു തിരിയാതെയും
യഹോവയിൽ ആശ്രയിക്കുന്ന
മനുഷ്യർ അനുഗൃഹീതർ.
എന്റെ ദൈവമായ യഹോവേ,
അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും
അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു.
അവിടത്തോട് സദൃശനായി ആരുമില്ല;
അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ
അവ വർണനാതീതമായിരിക്കും.
യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല—
എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു—
സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.
അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു—
തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു;
അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”
മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു;
യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല,
എന്ന് അങ്ങേക്ക് അറിയാമല്ലോ.
അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;
അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും
ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.
അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;
പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു.
അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം,
എന്റെ മനോവീര്യം ചോർന്നുപോകുന്നു.
യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ,
യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം
അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ
ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.
എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;
കർത്താവ് എന്നെ ഓർക്കുന്നു.
അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;
അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.
സംഗീതസംവിധായകന്.40:17 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 41
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;
അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും
യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—
അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും—
അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.
അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും
അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.
“യഹോവേ, എന്നോടു കരുണതോന്നണമേ,
എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.
എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു,
“അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു.
അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ,
ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു;
പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.
എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു;
എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു.
അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു;
ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.”
എന്റെ ആത്മസഖി,
ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്,
എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ
എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.41:9 അഥവാ, എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു.
എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ,
അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ.
എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ
അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു.
എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും
തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
എന്നും എന്നെന്നേക്കും.
ആമേൻ. ആമേൻ.
സംഗീതസംവിധായകന്.41:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
രണ്ടാംപുസ്തകം
[സങ്കീർത്തനങ്ങൾ 42–72]
സങ്കീർത്തനം 4242:0 [42–43] സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.
നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ,
എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.
ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.
എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?
രാവും പകലും
കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു,
“നിന്റെ ദൈവം എവിടെ?”
എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ,
ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും
ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ
ദൈവാലയത്തിലേക്കു ഞാൻ
ഘോഷയാത്രയായി പോയതുമെല്ലാംതന്നെ!
എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു.42:4 ചി.കൈ.പ്ര. ശക്തനായവന്റെ സംരക്ഷണത്തിൽ ആയിരുന്നു.
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു,
അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു;
യോർദാൻ ദേശത്തുനിന്നും
ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ.
ജലപാതകളുടെ ഗർജനത്താൽ
ആഴി ആഴിയെ വിളിക്കുന്നു;
നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും
എന്റെമീതേ കവിഞ്ഞൊഴുകുന്നു.
പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു,
രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്—
എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ.
എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു,
“അങ്ങ് എന്നെ മറന്നതെന്തിന്?
ശത്രുവിന്റെ പീഡനം സഹിച്ച്
ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?”
“നിന്റെ ദൈവം എവിടെ?”
എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്,
എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ
എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു.
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
സങ്കീർത്തനം 4343:0 [42–43] സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു.
എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,
ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ
എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.
വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്
എന്നെ മോചിപ്പിക്കണമേ.
അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട.
അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്?
ശത്രുവിന്റെ പീഡനം സഹിച്ച്
ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ,
അവ എന്നെ നയിക്കട്ടെ;
അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ,
അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും.
ഓ ദൈവമേ, എന്റെ ദൈവമേ,
വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?
ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,
എന്റെ രക്ഷകനും എന്റെ ദൈവവുമേ,
ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
സംഗീതസംവിധായകന്.43:5 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 44
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.
ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു;
പൂർവകാലത്ത് അങ്ങ്
അവർക്കുവേണ്ടി ചെയ്തവയെല്ലാം
ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു.
അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു
ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി;
അവിടന്ന് ജനതകളെ ഞെരിച്ചമർത്തി
ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി.
അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ
ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല;
അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും
തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.
അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു,
അവിടന്ന് യാക്കോബിന് വിജയമരുളുന്നു.
അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു;
അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു.
എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല,
എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;
എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്,
അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു,
അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.
എന്നാൽ ഇപ്പോൾ അവിടന്ന് ഞങ്ങളെ തിരസ്കരിച്ച് ലജ്ജിതരാക്കിയിരിക്കുന്നു;
അവിടന്ന് ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ.
അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി,
ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു.
ആടുകളെ എന്നപോലെ ഞങ്ങളെ തിന്നൊടുക്കാൻ അവർക്ക് അങ്ങ് അനുമതി നൽകി
ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുമിരിക്കുന്നു.
അങ്ങ് അങ്ങയുടെ ജനത്തെ തുച്ഛവിലയ്ക്കു വിറ്റുകളഞ്ഞു,
ആ വിനിമയത്തിൽ ഒരു നേട്ടവും കൈവന്നില്ല.
അങ്ങ് ഞങ്ങളെ അയൽവാസികൾക്ക് അപമാനവും
ചുറ്റുമുള്ളവർക്കിടയിൽ നിന്ദയും അപഹാസവും ആക്കിയിരിക്കുന്നു.
അങ്ങ് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ഒരു പഴമൊഴിയും;
ജനതകൾക്കിടയിൽ പരിഹാസവിഷയവും44:14 മൂ.ഭാ. തലകുലുക്കിക്കാട്ടുക ആക്കിയിരിക്കുന്നു.
എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളും
പ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ള
അപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നു
എന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു.
ഇതൊക്കെയും ഞങ്ങൾക്കുമേൽ വന്നുഭവിച്ചിട്ടും,
ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല;
അവിടത്തെ ഉടമ്പടിയോട് അവിശ്വസ്തരായിട്ടുമില്ല.
ഞങ്ങളുടെ ഹൃദയം പിന്തിരിഞ്ഞിട്ടില്ല;
അവിടത്തെ പാതകളിൽനിന്ന് ഞങ്ങളുടെ കാലടികൾ വ്യതിചലിച്ചിട്ടുമില്ല.
എന്നാൽ അവിടന്നു ഞങ്ങളെ തകർക്കുകയും കുറുനരികൾക്കൊരു സങ്കേതമായി മാറ്റുകയും ചെയ്തിരിക്കുന്നു;
അവിടന്ന് ഞങ്ങളെ ഘോരാന്ധകാരത്താൽ മൂടിയിരിക്കുന്നു.
ഞങ്ങളുടെ ദൈവത്തിന്റെ തിരുനാമം ഞങ്ങൾ മറക്കുകയോ,
അന്യദേവന്റെ മുമ്പിൽ കൈമലർത്തുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ,
ദൈവം അതു കണ്ടെത്താതിരിക്കുമോ?
അവിടന്ന് ഹൃദയരഹസ്യങ്ങളെ അറിയുന്നവനാണല്ലോ.
എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു;
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു.
കർത്താവേ, ഉണരണമേ! അങ്ങ് നിദ്രയിലമരുന്നത് എന്തിന്?
ഉണർന്നെഴുന്നേറ്റാലും! എന്നെന്നേക്കുമായി ഞങ്ങളെ ഉപേക്ഷിക്കരുതേ.
അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്?
ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്?
ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു;
ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു.
കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും;
അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും.
സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”44:26 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 45
കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം.
എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു
രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു;
എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.
അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ
ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു,
കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ.
വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക;
പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.
സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടി
അവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക;
അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ.
അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ;
രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ.
ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;
അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
അങ്ങയുടെ ഉടയാടകൾ മീറയും45:8 അഥവാ, നറുമ്പശയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു;
ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള
തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു.
അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്;
അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു.
അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ:
നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ.
അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ;
അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ.
സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും,
ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും.
രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു;
അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു.
ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു;
കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു.
അവരും അവളോടൊപ്പം വന്നുചേരും.
ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു,
അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു.
അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും;
അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും.
ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും
തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും.
സംഗീതസംവിധായകന്.45:17 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 46
അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.
ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,
കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
അതുകൊണ്ട് ഭൂമി വഴുതിമാറിയാലും
പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും
അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും
അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.
ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു,
അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ.
ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല;
പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും.
രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു;
അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു.
സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.
വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക,
അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു.
അവിടന്ന് ഭൂസീമകളിൽ
യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു.
അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും;
രഥങ്ങൾ46:9 അഥവാ, പരിചകൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.
“ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;
ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും
ഞാൻ ഭൂമിയിൽ ഉന്നതനാകും.”
സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.
സംഗീതസംവിധായകന്.46:11 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 47
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
സകലജനതകളുമേ, കൈകൊട്ടുക;
ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,
അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും
ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,
അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.
ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,
കാഹളനാദത്തോടെ യഹോവയും.
ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;
നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;
അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;
ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ
അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,
കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം47:9 അഥവാ, പരിചകൾ ദൈവത്തിനുള്ളതാണ്;
അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
സങ്കീർത്തനം 48
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,
യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
മഹാരാജാവിന്റെ നഗരമായി
സാഫോൺ48:2 സാഫോൺ, കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. ഗിരിപോലെയുള്ള സീയോൻപർവതം
ഔന്നത്യംകൊണ്ട് മനോഹരവും
സർവഭൂമിയുടെ ആനന്ദവും ആകുന്നു.
അവളിലെ48:3 അവളിലെ, വിവക്ഷിക്കുന്നത് ജെറുശലേമിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്;
അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു
അവർ ഒത്തൊരുമിച്ചു മുന്നേറി,
അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി
സംഭീതരായവർ പലായനംചെയ്തു.
അവർക്കൊരു വിറയൽ ബാധിച്ചു
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ
അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
ഞങ്ങൾ കേട്ടതുപോലെതന്നെ
ഞങ്ങൾ കണ്ടിരിക്കുന്നു,
സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ:
ദൈവം എന്നേക്കും
അവളെ സുരക്ഷിതയാക്കുന്നു. സേലാ.
ദൈവമേ, അവിടത്തെ ആലയത്തിൽ
ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,
അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു;
അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
അവിടത്തെ ന്യായവിധികൾനിമിത്തം
സീയോൻപർവതം ആനന്ദിക്കുകയും
യെഹൂദാപട്ടണങ്ങൾ48:11 മൂ.ഭാ. യെഹൂദാപുത്രികൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക,
അവളുടെ ഗോപുരങ്ങൾ എണ്ണുക,
അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക
അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക,
വരുംതലമുറയോട്
അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു;
അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി.
സംഗീതസംവിധായകന്.48:14 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 49
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക;
ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
താഴ്ന്നവരും ഉന്നതരും
ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
എന്റെ വായ് ജ്ഞാനം സംസാരിക്കും;
എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും;
കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും
കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും
തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ
അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും
ജീർണത49:8-9 അഥവാ, ശവക്കുഴി കാണാതിരിക്കുന്നതിനുമായി
എന്തു നൽകിയാലും മതിയാകുകയില്ല—
ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും
ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും
അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,
ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം,
അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;
അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും,
അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. സേലാ.
അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു;
മരണം അവരുടെ ഇടയനായിരിക്കും
എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും.
അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള
ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും.
എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും;
അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ.
മറ്റുള്ളവരുടെ ധനം വർധിക്കുകയോ
അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല,
അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും—
അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു,
അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ
നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.
സങ്കീർത്തനം 50
ആസാഫിന്റെ ഒരു സങ്കീർത്തനം.
ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു,
അവിടന്ന് ഭൂമിയെ വിളിക്കുന്നു
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും.
ദൈവം പ്രകാശിക്കുന്നു,
സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.
നമ്മുടെ ദൈവം വരുന്നു
അവിടന്നു മൗനമായിരിക്കുകയില്ല;
ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട്
അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു.
അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി
മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:
“ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക,
യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”
അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ,
കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ.
“എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു;
ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും:
ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ!
നിങ്ങളുടെ യാഗങ്ങൾനിമിത്തമോ
നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല.
നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ
ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും
വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു,
വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല,
കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ?
കോലാടുകളുടെ രക്തം പാനംചെയ്യുമോ?
“ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക,
അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക,
അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക;
അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”
എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു:
“എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ
എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം?
നീ എന്റെ ഉപദേശം വെറുക്കുകയും
എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു.
ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു;
വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.
നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു
വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.
നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു
നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു.
ഈ കാര്യങ്ങളൊക്കെ നീ ചെയ്തിട്ടും ഞാൻ മൗനംപാലിച്ചു,
ഞാനും നിന്നെപ്പോലെയുള്ള ഒരാളെന്നു നീ നിരൂപിച്ചു.
എന്നാൽ ഞാൻ ഇപ്പോൾ നിന്നെ ശാസിക്കും
നിനക്കെതിരേ ഞാൻ അവ നിരത്തിവെക്കും.
“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക,
അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല:
സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു,
നിഷ്കളങ്കർക്ക്50:23 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.”
സംഗീതസംവിധായകന്.50:23 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 51
ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.
ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,
അടിയനോടു കരുണയുണ്ടാകണമേ;
അങ്ങയുടെ മഹാകാരുണ്യംനിമിത്തം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്
എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു
അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു;
ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും
അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.
ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്,
എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.
അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്;
ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.
ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും;
എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ;
അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ
എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.
ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,
അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.
അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ
അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.
അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ,
അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.
അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും,
അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.
ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ,
അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.
കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;
എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.
അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു.
ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല.
ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ;
പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ
ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.
അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ,
ജെറുശലേമിന്റെ മതിലുകളെ പണിയണമേ.
അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ;
ദഹനയാഗങ്ങൾ, അവിടത്തേക്ക് പ്രസാദകരമായ സമ്പൂർണദഹനയാഗങ്ങൾതന്നെ അർപ്പിക്കപ്പെടും;
അപ്പോൾ അവിടത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും.
സംഗീതസംവിധായകന്.51:19 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 52
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.
സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ,
ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
വഞ്ചന വിതയ്ക്കുന്നവരേ,
നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;
അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
വഞ്ചനനിറഞ്ഞ നാവേ,
നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്
മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന
ആ മനുഷ്യൻ ഇതാ!”
ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
ഒരു ഒലിവുമരംപോലെയല്ലോ;
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ
ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.
അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും
അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.52:9 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 53
ദാവീദിന്റെ ധ്യാനസങ്കീർത്തനം.
“ദൈവം ഇല്ല,” എന്നു മൂഢർ
തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ;
നന്മചെയ്യുന്നവർ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
ദൈവം സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?
മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;
അവർ ഒരിക്കലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു,
ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല.
നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു;
ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു.
ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,
യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ!
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.53:6 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 54
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു.
ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;
അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;
എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
അപരിചിതർ എന്നെ ആക്രമിക്കുന്നു;
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—
അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ.
ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;
കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;
അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;
യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,
ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.54:7 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 55
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.
ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ,
എന്റെ യാചന അവഗണിക്കരുതേ;
എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ.
എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും
ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും;
എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു
അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു
അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു.
എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;
മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;
ബീഭത്സത എന്നെ മൂടിയിരിക്കുന്നു.
ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!
ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി
മരുഭൂമിയിൽ പാർക്കുമായിരുന്നു; സേലാ.
കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്
ഞാൻ എന്റെ സങ്കേതത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുമായിരുന്നു.”
കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ,
കാരണം നഗരത്തിൽ അതിക്രമവും കലഹവും പിടിപെട്ടതായി ഞാൻ കാണുന്നു.
രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു;
ദുഷ്ടതയും അവഹേളനവും അതിനുള്ളിലുണ്ട്.
നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു;
ഭീഷണിയും വ്യാജവും നഗരവീഥികളിൽ നിരന്തരം അഴിഞ്ഞാടുന്നു.
എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ
അതു ഞാൻ സഹിക്കുമായിരുന്നു;
ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ
എനിക്കോടിമറയാൻ കഴിയുമായിരുന്നു.
എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും
എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,
ഒരിക്കൽ ദൈവാലയത്തിൽവെച്ച്
നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു,
അവിടെ ജനസമൂഹത്തോടൊപ്പം
നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.
എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ;
അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ,
കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ.
എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു,
യഹോവ എന്നെ രക്ഷിക്കുന്നു.
വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും
ഞാൻ ആകുലതയാൽ വിലപിക്കുകയും
അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.
പലരും എന്നെ എതിർക്കുന്നെങ്കിലും
എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന്
അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.
അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന
മാറ്റമില്ലാത്ത ദൈവം,
എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും
കാരണം അവർക്കു ദൈവഭയമില്ല. സേലാ.
എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു;
അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു.
അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്,
എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്;
അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്,
എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.
നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ
നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും;
രക്തദാഹികളും വഞ്ചകരും
അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”55:23 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 56
ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്.
ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,
എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു;
ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.
എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു;
അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.
എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ56:4 മൂ.ഭാ. വചനത്തിൽ ഞാൻ പുകഴുന്നു—
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;
അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്.
അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു,
എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു,
എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.
ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ;
അവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ.
എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ;
എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ—
അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?
ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ
എന്റെ ശത്രുക്കൾ പിന്തിരിയും.
ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.
ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു
അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.
മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു;
എന്റെ സ്തോത്രയാഗങ്ങൾ ഞാൻ അങ്ങേക്ക് അർപ്പിക്കും.
കാരണം ഞാൻ ദൈവമുമ്പാകെ
ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്,
അവിടന്ന് എന്നെ മരണത്തിൽനിന്നും
എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.56:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 57
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.
എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,
കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു.
ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ
അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.
അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു,
എന്നെ കുറ്റവിമുക്തനാക്കുന്ന ദൈവത്തോടുതന്നെ.
അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു,
എന്നെ വേട്ടയാടുന്നവരെ അവിടന്ന് ശകാരിക്കുന്നു—സേലാ.
ദൈവം അവിടത്തെ സ്നേഹവും വിശ്വസ്തതയും അയയ്ക്കുന്നു.
ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു;
അത്യാർത്തിയുള്ള ദുഷ്ടമൃഗങ്ങൾക്കിടയിൽത്തന്നെ കിടക്കുന്നു—
ആ മനുഷ്യരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും ആകുന്നു,
അവരുടെ നാവ് മൂർച്ചയേറിയ വാളുകളും.
ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു—
മനോഭാരത്താൽ ഞാൻ എന്റെ തല കുനിച്ചിരിക്കുന്നു.
അവർ എന്റെ വഴിയിൽ ഒരു കുഴികുഴിച്ചിരിക്കുന്നു—
എന്നാൽ അവർതന്നെ അതിൽ വീണിരിക്കുന്നു. സേലാ.
ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,
എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;
ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.
എന്റെ ആത്മാവേ, ഉണരുക!
വീണയേ, കിന്നരമേ, ഉണരുക!
ഞാൻ ഉഷസ്സിനെ ഉണർത്തും.
അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;
ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.57:11 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 58
ദാവീദിന്റെ ഒരു സ്വർണഗീതം.
ഭരണാധിപരേ, നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ?
നിങ്ങൾ ജനത്തെ മുഖപക്ഷമില്ലാതെയാണോ വിധിക്കുന്നത്?
അല്ല! നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും
നിങ്ങളുടെ കരങ്ങൾ ഭൂമിയിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു;
ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
അവർക്കു സർപ്പസമാനമായ വിഷമുണ്ട്,
അവർ ചെവിയടഞ്ഞ മൂർഖനെപ്പോലെ ബധിരരാണ്,
അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല,
അതിവിദഗ്ദ്ധരായ മാന്ത്രികരുടെ സ്വരം ശ്രദ്ധിക്കുന്നതുമില്ല.
ദൈവമേ, അവരുടെ വായിലെ പല്ല് തകർക്കണമേ;
യഹോവേ, ആ സിംഹങ്ങളുടെ താടിയെല്ലുകൾ പറിച്ചുകളയണമേ!
ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ;
അവർ വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തുവിടുമ്പോൾ, അവ ലക്ഷ്യം കാണാതിരിക്കട്ടെ.
ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ,
ചാപിള്ളപോലെ അവർ ഒരിക്കലും സൂര്യപ്രകാശം കാണാത്തവരായിരിക്കട്ടെ.
നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന—അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ—ചൂടുതട്ടുന്നതിനുമുമ്പുതന്നെ
ദുഷ്ടർ തൂത്തെറിയപ്പെടും.58:9 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും,
അവർ അവരുടെ കാൽ ദുഷ്ടരുടെ രക്തത്തിൽ കഴുകുമ്പോൾത്തന്നെ.
അപ്പോൾ ജനം പറയും:
“നീതിനിഷ്ഠർക്ക് പ്രതിഫലമുണ്ട്, നിശ്ചയം;
ഭൂമിയിൽ ന്യായവിധി നടപ്പിലാക്കുന്ന ഒരു ദൈവവുമുണ്ട്, നിശ്ചയം.”
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.58:11 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 59
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്.
ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ;
എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ
രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ.
ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും!
നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു
യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ.
ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു.
എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ!
സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഇസ്രായേലിന്റെ ദൈവമേ,
സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ;
ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. സേലാ.
സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ—
അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്,
“ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു.
എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു;
ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,
എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും.
എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ
അവിടന്ന് എന്നെ അനുവദിക്കും.
ഞങ്ങളുടെ പരിചയായ59:11 അഥവാ, കർത്താവ് കർത്താവേ, അവരെ കൊന്നുകളയരുതേ,
അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ.
അവിടത്തെ ശക്തിയാൽ അവരെ
വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ.
അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ;
അവരുടെ വായിലെ പാപങ്ങളാലും
അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ.
അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ
അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ.
അപ്പോൾ ദൈവമാണ് ഇസ്രായേലിൽ59:13 മൂ.ഭാ. യാക്കോബിൽ വാഴുന്നതെന്ന്
അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. സേലാ.
സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു
തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു.
എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും,
പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും;
കാരണം അവിടന്നാണെന്റെ അഭയസ്ഥാനം,
കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.
എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ,
അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.
സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”59:17 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 60
ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും60:0 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. അരാം-സോബരോടും60:0 അതായത്, സിറിയയുടെ മധ്യഭാഗത്തുള്ള അരാമ്യർ. യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്.
ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ;
അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ.
അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു;
അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു.
അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു;
അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു
ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. സേലാ.
ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,
അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
ദൈവം തിരുനിവാസത്തിൽനിന്ന്60:6 അഥവാ, വിശുദ്ധിയിൽനിന്നും അരുളിച്ചെയ്യുന്നു:
“ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും
സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;
എഫ്രയീം എന്റെ ശിരോകവചവും
യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?
ഏദോമിലേക്ക് എന്നെ ആര് നയിക്കും?
ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്!
ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,
മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,
അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.60:12 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 61
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ;
എന്റെ പ്രാർഥന ശ്രവിക്കണമേ.
ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു,
എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്;
എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.
കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു,
എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.
ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു
അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. സേലാ.
ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു;
അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.
രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ
അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.
ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.
അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും
എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.61:8 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 62
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;
എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.
അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.
ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ
നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?
ഉന്നതസ്ഥാനത്തുനിന്ന്
എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം,
അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു.
അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു,
എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.
എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
അങ്ങയിലാണ് എന്റെ പ്രത്യാശ.
അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.
എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;62:7 അഥവാ, എന്റെ രക്ഷയും എന്റെ മഹത്ത്വവും അത്യുന്നതനായ ദൈവം ആകുന്നു.
അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.
അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,
കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.
ഹീനകുലജന്മം കേവലമൊരു ശ്വാസവും
ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു.
ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും;
അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.
കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ
മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്;
നിന്റെ ധനം അധികരിച്ചാലും,
നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.
ദൈവം ഒരു കാര്യം അരുളിച്ചെയ്തു,
രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:
“ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,
അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;
അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും
അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”
സങ്കീർത്തനം 63
ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.
ദൈവമേ, അങ്ങാണ് എന്റെ ദൈവം,
ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു;
വെള്ളമില്ലാതെ
ഉണങ്ങിവരണ്ട ദേശത്ത്,
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു,
എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.
വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു
അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.
കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,
എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,
അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
വിശിഷ്ടഭോജനം63:5 മൂ.ഭാ. മജ്ജയും മേദസ്സും ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു;
എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;
രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.
അവിടന്ന് എന്റെ സഹായകനായതിനാൽ,
അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.
ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;
അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.
എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;
അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.
അവർ വാളിന് ഇരയാക്കപ്പെടും
കുറുനരികൾക്കവർ ഇരയായിത്തീരും.
എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;
ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും,
എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.
സംഗീതസംവിധായകന്.63:11 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 64
ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ;
ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.
ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും
അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു
മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.
നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു;
ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.
അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു,
അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു;
“ആരതു64:5 അഥവാ, ഞങ്ങളെ കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.
അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു:
“നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!”
മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.
എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും;
അതിവേഗത്തിലവർ നിലംപൊത്തും.
അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും,
അങ്ങനെ അവർ നശിച്ചുപോകും;
അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.
സകലമനുഷ്യരും ഭയപ്പെട്ട്;
ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും
അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.
നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും
അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ;
ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!
സംഗീതസംവിധായകന്.64:10 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 65
ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം;65:1 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും.
പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ,
സകലജനവും അങ്ങയുടെ അടുക്കലേക്കു വരും
ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും
അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.65:3 അഥവാ, പ്രായശ്ചിത്തം കഴിച്ചു
അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന്
അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ.
അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ
നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും.
ഭൂമിയിലെ സകലസീമകൾക്കും
വിദൂര സമുദ്രങ്ങൾക്കും
പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ,
അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട്
അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.
അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും
തിരമാലകളുടെ അലർച്ചയും
രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു.
ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു;
ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന്
അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.
അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു;
അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി
അവർക്കു ധാന്യംനൽകുന്നു.
അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;
മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു,
അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു
കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.
പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു
താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;
അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.
സംഗീതസംവിധായകന്.65:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 66
ഒരു ഗീതം; ഒരു സങ്കീർത്തനം.
സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;
അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!
അവിടത്തെ ശക്തി അതിമഹത്തായതാണ്
അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;
അവർ അവിടത്തേക്ക് സ്തുതിപാടുന്നു,
അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.
ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,
മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—
വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,
അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—
മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.
സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക,
അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു
നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്‌ഫുടംചെയ്തിരിക്കുന്നു.
അവിടന്ന് ഞങ്ങളെ തടവിലാക്കുകയും
ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി,
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്,
അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
ഞാൻ ദുരിതത്തിലായിരുന്നപ്പോൾ
എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും
ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും;
ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ.
ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക;
അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു;
അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ,
കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം
എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
എന്റെ പ്രാർഥന നിരസിക്കാതെയും
അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.66:20 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 67
ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,
തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— സേലാ.
അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ,
അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,
കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും
ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. സേലാ.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,
അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.
സംഗീതസംവിധായകന്.67:7 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 68
ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ;
അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ.
പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ—
അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ
ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ.
എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും
ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ;
അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ.
ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക,
മേഘപാളികളിൽ68:4 അഥവാ, മരുഭൂമിയിൽക്കൂടി യാത്രചെയ്യുന്നവനെ പുകഴ്ത്തുക;
അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.
ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.
ദൈവം ആലംബഹീനരെ കുടുംബത്തിൽ68:6 അഥവാ, സ്വദേശത്ത് വസിക്കുമാറാക്കുന്നു,
അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു;
എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു.
ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ,
അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ.
സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ
അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ
ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു.
ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;
വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.
അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു,
ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.
കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു,
അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്:
“രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു;
വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു.
നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ,
എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും
തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.”
സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ
അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു.
ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ,
ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ,
ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ,
അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന
പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ?
ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും
കോടിക്കോടിയും ആകുന്നു;
യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു.
യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി
ആരോഹണംചെയ്തപ്പോൾ,
അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി;
അങ്ങ് മനുഷ്യരിൽനിന്ന്,
മത്സരികളിൽനിന്നുപോലും
കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു.
അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന,
നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു;
മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു.
തന്റെ ശത്രുക്കളുടെ ശിരസ്സ്,
സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം.
കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും,
നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും
നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.”
ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു,
എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ.
മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ;
അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്.
മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക;
ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക.
ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു,
അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്,
അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്.
ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ;
ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ.
ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം
രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും.
ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ,
അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ.
അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ.
യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ.
ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും;
കൂശ്68:31 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കണക്കാക്കപ്പെടുന്നു. ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ.
ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക,
കർത്താവിന് സ്തോത്രഗാനം ആലപിക്കുക, സേലാ.
ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്,
തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ.
ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക,
അവിടത്തെ മഹിമ ഇസ്രായേലിന്മേലും
അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു.
ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്;
ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!
സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”68:35 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 69
ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്നെ രക്ഷിക്കണമേ,
ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
കാലുകൾ ഉറപ്പിക്കാനാകാത്ത
ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു.
ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;
ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു.
സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു;
എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു.
എന്റെ ദൈവത്തിനായി കാത്തിരുന്ന്
എന്റെ കണ്ണുകൾ മങ്ങുന്നു.
കാരണംകൂടാതെ എന്നെ വെറുക്കുന്നവർ
എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു;
അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന
എന്റെ ശത്രുക്കൾ അനവധിയാകുന്നു.
ഞാൻ അപഹരിക്കാത്ത വസ്തുവകകൾ
മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു.
ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു;
എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല.
കർത്താവേ, സൈന്യങ്ങളുടെ യഹോവേ,
അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ
ഞാൻമൂലം അപമാനിതരാകരുതേ;
ഇസ്രായേലിന്റെ ദൈവമേ,
അങ്ങയെ അന്വേഷിക്കുന്നവർ
ഞാൻമൂലം ലജ്ജിതരാകരുതേ.
കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു
എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു.
എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും
എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു;
അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു
അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു.
ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ
എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു;
ഞാൻ ചാക്കുശീലധരിക്കുമ്പോൾ
അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു.
നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു,
മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു.
എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്,
ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു;
ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം
അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ.
ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ;
എന്നെ വെറുക്കുന്നവരിൽനിന്നും
ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ.
ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ
ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ
ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ.
യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ;
അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.
അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടതയിൽ ആയിരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ;
എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടുകൊള്ളണമേ.
ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു;
എന്റെ എല്ലാ ശത്രുക്കളും തിരുമുമ്പിലുണ്ടല്ലോ.
നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു
അത് എന്നെ നിസ്സഹായനാക്കിയിരിക്കുന്നു;
ഞാൻ മനസ്സലിവിനായി ചുറ്റും പരതി, എന്നാൽ എനിക്കൊരിടത്തുനിന്നും ലഭിച്ചില്ല,
ആശ്വസിപ്പിക്കുന്നവർക്കായി കാത്തിരുന്നു, എന്നാൽ ആരെയും കണ്ടെത്തിയില്ല.
അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി
എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.
അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ;
അവരുടെ സമൃദ്ധി അവർക്കൊരു കുരുക്കായിത്തീരട്ടെ.
കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ,
അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.
അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ;
അവിടത്തെ ഭീകരകോപം അവരെ കീഴടക്കട്ടെ.
അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും വസിക്കാതിരിക്കട്ടെ.
കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു
അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനയെപ്പറ്റി അവർ ചർച്ചചെയ്യുന്നു.
അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ;
അവർ അങ്ങയുടെ രക്ഷയിൽ പങ്കുകാരാകാൻ അനുവദിക്കരുതേ.
ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ
നീതിനിഷ്ഠരോടുകൂടെ അവരെ എണ്ണുകയുമരുതേ.
ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു—
ദൈവമേ, അവിടത്തെ രക്ഷ എന്നെ സംരക്ഷിക്കണമേ.
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും
സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.
ഇത് യഹോവയ്ക്ക് ഒരു കാളയെ,
കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.
പീഡിതർ അതുകണ്ടു സന്തുഷ്ടരാകും—
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ!
യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും;
തന്റെ ബന്ധിതരായവരെ നിരാകരിക്കുകയുമില്ല.
ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ,
സമുദ്രങ്ങളും അതിൽ സഞ്ചരിക്കുന്ന സമസ്തവുംതന്നെ,
കാരണം ദൈവം സീയോനെ രക്ഷിക്കുകയും
അവിടന്ന് യെഹൂദാനഗരങ്ങളെ പുനർനിർമിക്കുകയും ചെയ്യും.
അപ്പോൾ അങ്ങയുടെ ജനം അവിടെ പാർത്ത് അത് കൈവശമാക്കും;
അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും
തിരുനാമത്തെ സ്നേഹിക്കുന്നവർ അവിടെ അധിവസിക്കുകയും ചെയ്യും.
സംഗീതസംവിധായകന്.69:36 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 70
ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.
ദൈവമേ, എന്നെ രക്ഷിക്കണമേ,
യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം
അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ
തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;
ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ.
അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;
യഹോവേ, താമസിക്കരുതേ.
സങ്കീർത്തനം 71
യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ;
അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ.
എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന,
എന്റെ അഭയമാകുന്ന പാറയാകണമേ.
അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ.
എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും
അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ.
കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ,
എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം.
ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു;
അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്.
ഞാൻ അങ്ങയെ സദാ സ്തുതിക്കും.
ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു;
എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം.
എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു,
ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.
ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ;
എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു;
അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു.
“ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു;
അയാളെ പിൻതുടർന്ന് പിടികൂടാം,
ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു.
ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ;
എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ
നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ.
എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും;
ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും.
ദിവസംമുഴുവനും എന്റെ വായ്
അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും—
അവ എന്റെ അറിവിന് അതീതമാണല്ലോ.71:15 മൂ.ഭാ. അവയുടെ എണ്ണം എനിക്കറിഞ്ഞുകൂടാ.
കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും;
അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.
ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു,
ഇന്നുവരെ ഞാൻ അവിടത്തെ അത്ഭുതപ്രവൃത്തികളെപ്പറ്റി വർണിക്കുന്നു.
എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും
അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും
എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും.
എന്നെ ഉപേക്ഷിക്കരുതേ.
ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു.
അങ്ങ് മഹത്കാര്യങ്ങൾ ചെയ്തിരിക്കുന്നു.
ദൈവമേ, അങ്ങേക്കുതുല്യൻ ആരുള്ളൂ?
ഒട്ടനവധി കഠിനയാതനകളിലൂടെ
അവിടന്ന് എന്നെ നടത്തിയെങ്കിലും
അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും;
ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും
അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.
അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച്
ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും.
കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും
എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ;
ഇസ്രായേലിന്റെ പരിശുദ്ധനേ,
വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.
ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ
എന്റെ അധരങ്ങളും
അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.
ദിവസംമുഴുവനും
എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും,
കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.
സങ്കീർത്തനം 72
ശലോമോന്റെ ഒരു സങ്കീർത്തനം.
ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും
രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.
അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും
പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ.
പർവതങ്ങൾ ജനത്തിനു സമൃദ്ധിയും
കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ.
ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും
ദരിദ്രരുടെ മക്കളെ മോചിപ്പിക്കും;
പീഡകരെ അദ്ദേഹം തകർക്കും
സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം
എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ.
അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.
അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും
ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും.
സമുദ്രംമുതൽ സമുദ്രംവരെയും
യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.
മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും
അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ.
തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ
അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ.72:10 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി.
ശേബയിലെയും സേബയിലെയും രാജാക്കന്മാർ
ഉപഹാരങ്ങൾ കൊണ്ടുവരട്ടെ.
എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും
സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ.
കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും
ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.
ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും
അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.
പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും,
അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.
രാജാവ് നീണാൾ വാഴട്ടെ!
ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ.
ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും
ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ;
കുന്നിൻമുകളിൽ അവ ആലോലമാടട്ടെ.
ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ
നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ.
അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ;
സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ.
അങ്ങനെ സകലരാഷ്ട്രങ്ങളും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കപ്പെടട്ടെ,72:17 [ഉൽ. 48:20] കാണുക.
അദ്ദേഹത്തെ അനുഗൃഹീതൻ എന്ന് അവർ വാഴ്ത്തിപ്പാടട്ടെ.
ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ;
സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ.
ആമേൻ, ആമേൻ.
യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.
മൂന്നാംപുസ്തകം
[സങ്കീർത്തനങ്ങൾ 73–89]
സങ്കീർത്തനം 73
ആസാഫിന്റെ ഒരു സങ്കീർത്തനം.
ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു,
ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.
എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി;
എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.
ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ
അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.
അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല;
അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.
അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല;
ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.
അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;
അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു;
അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.
അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു;
ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.
അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു,
അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.
അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു
അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.73:10 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
“ദൈവം എങ്ങനെ അറിയും?
അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.
ദുഷ്ടർ ഇപ്രകാരമാണ്—
അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.
ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും
എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.
ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,
ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.
ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ,
അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.
ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു
എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.
അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;
അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.
അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം;
അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.
അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു,
കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!
കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ,
ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ;
ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.
എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും
എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.
എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;
അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,
അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?
ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും
എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;
അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.
എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.
കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു;
അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.
സങ്കീർത്തനം 74
ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം.
ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്?
അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ,
അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും
അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ,
ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി;
അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ
അവർ അവരുടെ മഴുവീശി.
അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം
മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു;
തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
“ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു.
ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല;
ഒരു പ്രവാചകനും ശേഷിക്കുന്നില്ല,
ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും?
എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു?
തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്;
അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു;
സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും
അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു;
ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;
അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്;
ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും
ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
അങ്ങയുടെ പ്രാവിന്റെ74:19 പ്രാവിനെ ഇസ്രായേലിനോട് തുലനംചെയ്തിരിക്കുന്നു; [ഹോശ. 7:11] കാണുക. ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ;
അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
അവിടത്തെ ഉടമ്പടി ഓർക്കണമേ,
ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ;
ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ;
ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ,
അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.74:23 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 75
ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു,
അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു;
നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ
അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ.
അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും
ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ്75:4 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തരുത്
നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ
മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു:
അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച
ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്;
അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും
അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും;
ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും,
എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.75:10 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 76
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
അവിടത്തെ കൂടാരം ശാലേമിലും
അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
അവിടന്ന് പ്രഭാപൂരിതനാണ്,
വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,
അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു;
പടയാളികളിൽ ആർക്കുംതന്നെ
തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,
കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.
അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ.
മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,
അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.76:10 എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;
അയൽദേശവാസികളായിരിക്കുന്ന എല്ലാവരും
ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;
ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.76:12 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 77
ആസാഫിന്റെ ഒരു സങ്കീർത്തനം.
സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു
എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.
ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു;
രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി,
എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.
ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു;
ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ.
എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു;
സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.
പൂർവദിവസങ്ങളെപ്പറ്റിയും
പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;
രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു.
എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.
“കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ?
അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?
അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ?
അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?
ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ?
അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ.
അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ
എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.
ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും;
അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.
അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും;
അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”
ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു.
നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?
അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്;
അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.
അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു,
യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. സേലാ.
ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു,
ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി;
ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
മേഘങ്ങൾ ജലവർഷം നടത്തി,
ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു;
അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.
അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു,
അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;
ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.
അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും,
അവിടത്തെ പാത സമുദ്രത്തിലൂടെയും
അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.
മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ,
അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.
സങ്കീർത്തനം 78
ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം.
എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക;
എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക.
ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും;
പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും—
നാം കേൾക്കുകയും അറിയുകയും
നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ.
നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല;
യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി,
അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും
ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും.
അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും
ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു—
നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക്
ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ—
അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും
ഇനി ജനിക്കാനിരിക്കുന്ന മക്കളും!
അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും.
അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും
അവിടത്തെ പ്രവൃത്തികൾ മറക്കാതെ
അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും.
അവർ തങ്ങളുടെ പൂർവികരെപ്പോലെ
ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ
അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത
ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.
എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും
യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി;
അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ
അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല.
അവിടന്നു ചെയ്ത പ്രവൃത്തികളും
അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു.
അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ
ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ.
അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി;
അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി.
പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി
രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു.
അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി
ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി;
കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു.
ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി.
എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു,
മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു.
തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി
അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു.
അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട്
ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക്
ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ?
അവിടന്ന് പാറയെ അടിച്ചു,
വെള്ളം പൊട്ടിപ്പുറപ്പെട്ടു
അരുവികൾ കവിഞ്ഞൊഴുകി, സത്യം,
എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ?
അവിടത്തെ ജനത്തിനു മാംസം നൽകുമോ?”
യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി;
അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും
അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു,
അവർ ദൈവത്തിൽ വിശ്വസിക്കുകയോ
അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ.
എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു
ആകാശത്തിന്റെ കവാടങ്ങൾ തുറന്നു;
അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു,
സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി.
അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത
ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു.
അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു
അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു.
അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും
കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു.
അവയെ അവരുടെ പാളയത്തിലേക്ക്,
അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി.
മതിയാകുവോളം അവർ ഭക്ഷിച്ചു;
അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി.
എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്,
അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,
ദൈവകോപം അവർക്കുനേരേ ജ്വലിച്ചു;
അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു,
ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു.
എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു;
അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല.
അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും
അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.
എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു;
വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു.
ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും
അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു.
എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും
നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു;
അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല,
അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല.
എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു;
അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു
അവിടന്ന് അവരെ നശിപ്പിച്ചതുമില്ല.
തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ
പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.
അവർ കേവലം മാംസംമാത്രം,
മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു.
എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു
വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു!
അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു;
ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു.
അവിടത്തെ ശക്തി അവർ ഓർത്തില്ല—
പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും
ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും
സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല.
അവരുടെ നദികളെ അവിടന്ന് രക്തമാക്കി;
അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി.
അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു,
തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു.
അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും
അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി.
അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും
അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു.
കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു,
അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി.
അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി,
കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത,
എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു.
അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു;
അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല,
എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു.
ഈജിപ്റ്റിലെ78:51 മൂ.ഭാ. ഹാമിന്റെ കൂടാരത്തിലുള്ള എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു,
ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ.
എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു;
മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി.
അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല;
എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു.
അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു,
അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ.
അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു
അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു;
ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു.
എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു
അത്യുന്നതനെതിരേ മത്സരിച്ചു;
അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല.
അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു
കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു.
തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു;
തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി.
ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു;
ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു.
അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു,
അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ.
അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും
തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു.
സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു;
അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി.
അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു,
അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല;
അവരുടെ പുരോഹിതന്മാർ വാളിനിരയായി,
അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല.
അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു,
മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ.
അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി;
അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു.
എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു,
എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല;
എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ,
താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു.
അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു,
താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ.
അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു,
ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു;
ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു,
തന്റെ ജനമായ യാക്കോബിന്,
തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ.
ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു;
കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.
സങ്കീർത്തനം 79
ആസാഫിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു;
അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു
ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.
അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ
ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു,
അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.
ജെറുശലേമിനുചുറ്റും
അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി,
മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.
ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി,
ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.
ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ?
അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?
അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും
അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത
രാജ്യങ്ങളുടെമേലും
അവിടത്തെ ക്രോധം ചൊരിയണമേ;
കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും
അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ;
അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ,
ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.
ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
അവിടത്തെ നാമംനിമിത്തം
ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
എന്നു ചോദിപ്പിക്കുന്നതെന്തിന്?
അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം
ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.
ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ;
മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.
കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ
ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.
അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം—
അങ്ങയെ നിത്യം സ്തുതിക്കും;
ഞങ്ങൾ അവിടത്തെ സ്തുതി
തലമുറതലമുറകളോളം പ്രസ്താവിക്കും.
സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.79:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 80
ആസാഫിന്റെ ഒരു സങ്കീർത്തനം.
യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന
ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ.
കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ,
പ്രകാശിക്കണമേ. എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ.
അങ്ങയുടെ ശക്തി ഉണർത്തണമേ;
ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,
തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ,
അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ
അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും?
അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി;
കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ.
അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു,
ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,
തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു;
അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു.
അതിനായി അങ്ങ് നിലമൊരുക്കി,
അതു വേരൂന്നി ദേശത്തെല്ലാം പടർന്നു.
അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു,
അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു.
അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു,
അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും.
വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന്
അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്?
കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും
വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ!
സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ!
അവിടത്തെ വലതുകരംതന്നെ നട്ട
ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത
ഈ മുന്തിരിവള്ളിയെ80:15 അഥവാ, പുത്രനെ കാത്തുസൂക്ഷിക്കണമേ.
അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു;
അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു.
അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ,
അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.
അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല;
ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,
തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.80:19 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 81
ആസാഫിന്റെ ഒരു സങ്കീർത്തനം.
നമ്മുടെ ബലമായ ദൈവത്തിന് ആനന്ദഗീതമാലപിക്കുക;
യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുക!
തപ്പുകൊട്ടിയും ഇമ്പസ്വരമുള്ള കിന്നരവും വീണയും വായിച്ചും
സംഗീതം തുടങ്ങുക.
അമാവാസിയിലും പൗർണമിനാളിലുമുള്ള നമ്മുടെ ഉത്സവദിനങ്ങളിലും
കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം മുഴക്കുക;
ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും
യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു.
ദൈവം ഈജിപ്റ്റിനെതിരേ പുറപ്പെട്ടപ്പോൾ,
അവിടന്ന് ഇത് ഒരു നിയമമായി യോസേഫിന് സ്ഥാപിച്ചുകൊടുത്തു.
അവിടെ ഞാൻ അപരിചിതമായ ഒരു ശബ്ദം കേട്ടു, അത് ഇപ്രകാരമായിരുന്നു:
“അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു;
അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു.
നിങ്ങളുടെ ദുരിതത്തിൽ നിങ്ങൾ നിലവിളിച്ചു, ഞാൻ നിങ്ങളെ മോചിപ്പിച്ചു,
ഇടിമുഴക്കത്തിൽനിന്ന് ഞാൻ നിങ്ങൾക്ക് ഉത്തരമരുളി;
മെരീബയിലെ ജലാശയത്തിനരികെവെച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. സേലാ.
എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുനൽകുന്നു—
ഇസ്രായേലേ, നിങ്ങൾ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു!
നിങ്ങളുടെ ഇടയിൽ അന്യദേവൻ ഉണ്ടാകരുത്;
ഒരു അന്യദേവന്റെയും മുമ്പാകെ നിങ്ങൾ വണങ്ങരുത്.
നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന
നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു.
നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്കുക; ഞാൻ അതു നിറയ്ക്കും.
“എന്നാൽ എന്റെ ജനം ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല;
ഇസ്രായേൽ എനിക്കു കീഴടങ്ങിയിരിക്കുന്നതുമില്ല.
അവർ അവരുടേതായ പദ്ധതികൾക്കനുസൃതമായി ജീവിക്കുന്നതിന്
ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏൽപ്പിച്ചു.
“എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ,
ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ,
ഞാൻ അവരുടെ ശത്രുക്കളെ അതിവേഗം കീഴടക്കുമായിരുന്നു!
എന്റെ കൈ അവരുടെ വൈരികൾക്കെതിരേ തിരിക്കുമായിരുന്നു!
യഹോവയെ വെറുക്കുന്നവർ അവിടത്തെ കാൽക്കൽവീണു കെഞ്ചുമായിരുന്നു,
അവരുടെ ശിക്ഷ എന്നെന്നേക്കും നിലനിൽക്കുമായിരുന്നു.
എന്നാൽ ഏറ്റവും മേൽത്തരമായ ഗോതമ്പുകൊണ്ട് ഞാൻ നിങ്ങളെ പരിപോഷിപ്പിക്കുമായിരുന്നു;
പാറയിൽനിന്നുള്ള തേൻകൊണ്ട് ഞാൻ നിങ്ങളെ തൃപ്തരാക്കുമായിരുന്നു.”
സങ്കീർത്തനം 82
ആസാഫിന്റെ ഒരു സങ്കീർത്തനം.
ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു;
അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും
ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. സേലാ
അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;
ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;
അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല.
അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
“ ‘നിങ്ങൾ ദേവന്മാർ, എന്നും
നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും;
ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ,
കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.
സങ്കീർത്തനം 83
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവമേ, മൗനമായിരിക്കരുതേ;
ദൈവമേ, അവിടന്ന് ചെവി അടച്ചും
നിഷ്ക്രിയനായും ഇരിക്കരുതേ.
ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു,
അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു;
അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു.
“വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം,
ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.”
അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു;
അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു—
ഏദോമ്യരുടെയും യിശ്മായേല്യരുടെയും
മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും,
ഗിബാൽ, അമ്മോൻ, അമാലേക്ക്,
സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും
അശ്ശൂരും അവരോടൊപ്പംചേർന്ന്
ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. സേലാ.
അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ,
കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ,
അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ്
മണ്ണിനു വളമായിത്തീർന്നു.
അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും
അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
“ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ
നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ.
എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും
കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ.
വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ
പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ
അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും
അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ.
യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന്
അവരുടെ മുഖം ലജ്ജയാൽ മൂടണമേ.
അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ.
അവർ അപമാനഭാരത്താൽ നശിക്കട്ടെ.
സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും
അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.83:18 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 84
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
സൈന്യങ്ങളുടെ യഹോവേ,
തിരുനിവാസം എത്ര മനോഹരം!
യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച്
എന്റെ പ്രാണൻ തളരുന്നു;
എന്റെ ഹൃദയവും എന്റെ ശരീരവും
ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.
കുരികിൽ ഒരു വീടും
മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക്
ഒരു കൂടും കണ്ടെത്തിയിരിക്കുന്നു—
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ
അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.
അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ;
അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ,
അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
കണ്ണുനീർ84:6 മൂ.ഭാ. ബാഖാ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ,
അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു;
മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.84:6 അഥവാ, ജലാശയമാക്കുന്നു
അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ,
ബലത്തിനുമേൽ ബലം ആർജിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.
ഞങ്ങളുടെ പരിചയായ84:9 അഥവാ, ശക്തനായ ദൈവമേ, നോക്കണമേ;
അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.
അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം
വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ;
ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ,
എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.
കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നൽകുന്നു;
നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്
അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.
സൈന്യങ്ങളുടെ യഹോവേ,
അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.
സംഗീതസംവിധായകന്.84:12 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 85
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
യഹോവേ, അവിടന്ന് അങ്ങയുടെ ദേശത്തോട് കരുണകാണിച്ചിരിക്കുന്നു;
യാക്കോബിന്റെ സൗഭാഗ്യങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.
അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും
അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. സേലാ.
അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും
ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ.
ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ,
ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ.
അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ?
അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ?
അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന്
അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ?
യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ,
അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ.
യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കും;
തന്റെ വിശ്വസ്തസേവകരായ തന്റെ ജനത്തിന് അവിടന്ന് സമാധാനം അരുളും—
അങ്ങനെ അവർ അവരുടെ ഭോഷത്തത്തിലേക്കു മടങ്ങാതിരിക്കട്ടെ.
ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കേണ്ടതിന്,
അവിടത്തെ രക്ഷ തന്നെ ഭയപ്പെടുന്നവർക്ക് സമീപസ്ഥമായിരിക്കുന്നു.
വിശ്വസ്തതയും അചഞ്ചലസ്നേഹവുംതമ്മിൽ എതിരേറ്റിരിക്കുന്നു;
നീതിയും സമാധാനവുംതമ്മിൽ ചുംബിക്കുന്നു.
വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു,
നീതി സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു.
യഹോവ നമുക്ക് നന്മയായതുമാത്രം നൽകുന്നു
നമ്മുടെ ദേശം അതിന്റെ വിളവുനൽകുകയുംചെയ്യുന്നു.
നീതി അവിടത്തേക്കു മുമ്പായി നടക്കുകയും
അങ്ങയുടെ കാൽച്ചുവടുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു.
സങ്കീർത്തനം 86
ദാവീദിന്റെ ഒരു പ്രാർഥന.
യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ,
കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ;
അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ.
എന്റെ ദൈവം അവിടന്ന് ആകുന്നു; കർത്താവേ, എന്നോട് കരുണയുണ്ടാകണമേ,
ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ.
കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ,
എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു.
കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു.
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ;
അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല.
കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും
തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും;
അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും.
കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്;
അങ്ങുമാത്രമാണ് ദൈവം.
യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;
അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും;
തിരുനാമം ഭയപ്പെടാൻ തക്കവിധം
ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ.
എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;
തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.
എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്;
ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു,
അധമപാതാളത്തിൽനിന്നുതന്നെ.
ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു;
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—
അവർ അങ്ങയെ ഗണ്യമാക്കുന്നില്ല.
എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു,
അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.
എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ;
അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ;
അവിടത്തെ ദാസിയുടെ പുത്രനെ
രക്ഷിക്കുകയും ചെയ്യണമേ.
എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്,
അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ,
യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
സങ്കീർത്തനം 87
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.
യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.
യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും
സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.
ദൈവത്തിന്റെ നഗരമേ,
നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ.
“എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ
ഞാൻ രഹബിനെയും87:4 ഈജിപ്റ്റിനുള്ള ഒരു കാവ്യാത്മക നാമം. പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം. ബാബേലിനെയും രേഖപ്പെടുത്തും—
ഫെലിസ്ത്യദേശവും സോരും കൂശും87:4 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. അക്കൂട്ടത്തിലുണ്ട്—
‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”
സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം,
“ഇവനും അവനും ജനിച്ചത് ഇവിടെയാണ്,
അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”
യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ:
“ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ.
ഗായകരെപ്പോലെ നർത്തകരും
“എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.
ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.87:7 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 88
എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.
യഹോവേ, എന്റെ രക്ഷയുടെ ദൈവമേ,
ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു.
എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ;
എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്‌ക്കണമേ.
എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു
എന്റെ ജീവൻ പാതാളത്തോടടുക്കുന്നു.
ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു;
ഞാൻ ശക്തിഹീനനായ ഒരു മനുഷ്യനെപ്പോലെ ആയിരിക്കുന്നു.
മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും
ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുമാണ് ഞാൻ,
അങ്ങ് അവരെ ഒരിക്കലും ഓർക്കുന്നില്ല,
അങ്ങയുടെ കരുതലിൽനിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ,
അന്ധകാരംനിറഞ്ഞ അഗാധതയിൽ തള്ളിയിട്ടിരിക്കുന്നു.
അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു;
അങ്ങയുടെ തിരമാലകളെല്ലാം എന്നെ വിഴുങ്ങിയിരിക്കുന്നു. സേലാ.
എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു
എന്നെ അവർക്ക് അറപ്പുള്ളവനാക്കിത്തീർത്തിരിക്കുന്നു.
രക്ഷപ്പെടാൻ കഴിയാത്തവിധം എന്നെ കെണിയിൽ വീഴ്ത്തിയിരിക്കുന്നു;
ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു.
യഹോവേ, എല്ലാ ദിവസവും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ഞാൻ തിരുമുമ്പിൽ എന്റെ കൈകൾ ഉയർത്തുന്നു.
മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ?
മൃതരായവർ ഉയിർത്തെഴുന്നേറ്റ് അവിടത്തെ പുകഴ്ത്തുമോ? സേലാ.
അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും
അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും88:11 അഥവാ, മരിച്ചവരുടെ ദേശം. മൂ.ഭാ. അബ്ബദൊൻ ഘോഷിക്കപ്പെടുമോ?
അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും
അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ?
എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു;
പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു.
യഹോവേ, അവിടന്ന് എന്നെ കൈവിടുകയും
അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്?
ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു;
അങ്ങയുടെ ഭീകരതകൾ ഞാൻ അനുഭവിച്ചു, ഞാൻ നിസ്സഹായനുമാണ്.
അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു;
അവിടത്തെ ഭീകരതകൾ എന്നെ തകർത്തുകളഞ്ഞിരിക്കുന്നു.
ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു;
അവ എന്നെ പൂർണമായും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു.
അന്ധകാരമാണ് എനിക്കേറ്റവും അടുത്ത മിത്രം.
സങ്കീർത്തനം 89
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം.
നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും;
എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ
ഞാൻ തലമുറകൾതോറും അറിയിക്കും.
അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും
അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും.
യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു,
എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു,
‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും
നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” സേലാ.
യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും
വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.
യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്?
ദൈവപുത്രന്മാരിൽ89:6 അതായത്, സ്വർഗനിവാസികൾ അഥവാ, ദൈവദൂതഗണം. യഹോവയ്ക്കു സമനായി ആരാണുള്ളത്?
വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ;
അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്?
യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.
ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു;
അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.
അവിടന്ന് രഹബിനെ89:10 [സങ്കീ. 74:13] കാണുക. വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു;
അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ;
ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.
ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു;
താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു.
അവിടത്തെ കരം ശക്തിയുള്ളതാകുന്നു;
അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.
നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു;
അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു.
യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ,
കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും.
അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു;
അവർ അവിടത്തെ നീതിയിൽ പുകഴുന്നു.
കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും,
അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ്89:17 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തുന്നു.
ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം,
ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.
ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു,
അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു:
“ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു;
ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി.
എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;
എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു.
എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും;
എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം.
ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല;
ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല.
അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും
അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.
എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും
എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും.
അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും
വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും.
അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്,
എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും,
ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.
അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും,
അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല.
അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും,
അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും.
“അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും
എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ,
ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും
അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും;
എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ
എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല.
ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ
എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല.
എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു;
ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.
അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും
അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും;
അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും,
ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” സേലാ.
എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു,
അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു.
അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും
അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു.
അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു
അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു.
വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു;
അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു.
അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു;
അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു.
അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു
യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല.
അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു
അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു;
ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. സേലാ.
ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ?
അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും?
എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ
കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!
മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക?
പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? സേലാ.
കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത,
അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ?
കർത്താവേ, അങ്ങയുടെ ദാസൻ89:50 അഥവാ, അങ്ങയുടെ സേവകർ എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ,
സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു,
യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്,
അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു.
യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
ആമേൻ, ആമേൻ.
നാലാംപുസ്തകം
[സങ്കീർത്തനങ്ങൾ 90–106]
സങ്കീർത്തനം 90
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.
കർത്താവേ, തലമുറതലമുറയായി
അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.
പർവതങ്ങൾ ജനിക്കുന്നതിനും
ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ,
അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു.
“മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്,
അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു.
ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ
ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ
രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ
അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു.
രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു,
എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു.
അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും
അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു.
അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും
ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു.
ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു;
ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു.
ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം,
കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ;
എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ,
അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു.
അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക?
അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ.
ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,
ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.
യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും?
അവിടത്തെ സേവകരോട് കനിവു തോന്നണമേ.
അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ,
അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.
അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും
ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ.
അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും
അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം90:17 അഥവാ, സൗന്ദര്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ—
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.
സങ്കീർത്തനം 91
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
സർവശക്തന്റെ തണലിൽ വിശ്രമിക്കും.
ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
അവിടന്നു നിശ്ചയമായും നിന്നെ
വേട്ടക്കാരുടെ കെണിയിൽനിന്നും
മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;
അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
രാത്രിയുടെ ഭീകരതയോ
പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
നിന്റെ വശത്ത് ആയിരംപേരും
നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.
എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,
ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും
എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
സങ്കീർത്തനം 92
ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതനേ, അവിടത്തെ നാമത്തിന്
പത്തുകമ്പിയുള്ള വീണയുടെയും
കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും
രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.
യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ;
തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം
അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല,
ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും
അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും,
എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.
എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
യഹോവേ, അങ്ങയുടെ ശത്രുക്കൾ,
അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം;
എല്ലാ അധർമികളും ചിതറിക്കപ്പെടും.
എന്നാൽ അവിടന്ന് എന്റെ കൊമ്പ്92:10 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി;
പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;
എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.
നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു,
അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു,
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും,
അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
“യഹോവ നീതിനിഷ്ഠനാകുന്നു;
അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
സങ്കീർത്തനം 93
യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു;
യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു;
നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്;
അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.
യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു,
നദികൾ അവയുടെ ആരവം ഉയർത്തുന്നു;
തിരകൾ അലച്ചുതിമിർക്കുന്നു.
വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും
ശക്തിയേറിയ തിരകളെക്കാളും
ഉന്നതനായ യഹോവ ശക്തൻതന്നെ.
അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു;
യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന്
എന്നെന്നേക്കും ഒരു അലങ്കാരമാണ്.
സങ്കീർത്തനം 94
യഹോവേ, പ്രതികാരത്തിന്റെ ദൈവമേ,
പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.
ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ;
അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.
ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ,
ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?
അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു;
അധർമികൾ എല്ലാവരും വമ്പുപറയുന്നു.
യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു;
അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.
വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു;
അനാഥരെ അവർ വധിക്കുന്നു.
അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല;
യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”
ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക;
ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?
കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ?
കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?
രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ?
മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?
മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു;
അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.
യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ,
അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.
അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു,
ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.
കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;
അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.
ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും
ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.
ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്?
ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?
യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ,
ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.
“എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ,
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.
എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ,
അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.
അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ—
ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?
അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന്
നിരപരാധികളെ മരണത്തിന് വിധിക്കുന്നു.
എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു,
അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.
അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും
അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും;
നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.
സങ്കീർത്തനം 95
വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.
സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം
സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.
കാരണം യഹോവ മഹാദൈവം ആകുന്നു,
എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.
ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്,
പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.
സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു,
കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.
വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം,
നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.
കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു
നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും
അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ.
ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
“മെരീബയിൽവെച്ചു95:8 കലഹം എന്നർഥം. ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്,
അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച്95:8 പരീക്ഷ എന്നർഥം. ചെയ്തതുപോലെതന്നെ.
അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു.
നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി;
‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത,
എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
സങ്കീർത്തനം 96
യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;
സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.
യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക;
അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,
സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,
എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;
ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.
രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക,
മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.
യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
“യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക.
ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു;
അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.
ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;
സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ.
അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു,
അവിടന്ന് ലോകത്തെ നീതിയിലും
ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
സങ്കീർത്തനം 97
യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ;
വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;
മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;
നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു
ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു,
സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.
ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും
ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.
പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും,
വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ—
സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!
യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം
സീയോൻ കേൾക്കുകയും ആനന്ദിക്കുകയും
യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.
കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ;
അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.
യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,
കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു
അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.
നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു;
ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.
നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും
അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.
സങ്കീർത്തനം 98
ഒരു സങ്കീർത്തനം.
യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;
അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടത്തെ വലതുകരവും വിശുദ്ധഭുജവും
അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു
അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും
വിശ്വസ്തതയും ഓർത്തിരിക്കുന്നു;
നമ്മുടെ ദൈവത്തിന്റെ രക്ഷയെ
ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.
സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,
ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,
കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—
രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.
സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,
ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
നദികൾ കരഘോഷം മുഴക്കട്ടെ,
മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;
അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.
അവിടന്ന് ലോകത്തെ നീതിയോടും
ജനതകളെ ന്യായപൂർവമായും വിധിക്കും.
സങ്കീർത്തനം 99
യഹോവ വാഴുന്നു,
രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ;
അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു
ഭൂമി പ്രകമ്പനംകൊള്ളട്ടെ.
യഹോവ സീയോനിൽ ഉന്നതനാകുന്നു;
അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.
അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—
അവിടന്ന് പരിശുദ്ധനാകുന്നു.
രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു—
അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു;
അങ്ങ് യാക്കോബിൽ
നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;
അവിടന്ന് പരിശുദ്ധനാകുന്നു.
അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു,
അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും;
അവർ യഹോവയെ വിളിച്ചപേക്ഷിച്ചു
അവിടന്ന് അവർക്ക് ഉത്തരമരുളി.
മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി;
അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.
ഞങ്ങളുടെ ദൈവമായ യഹോവേ,
അവിടന്ന് അവർക്ക് ഉത്തരമരുളി;
ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും
അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ
തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ,
കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.
സങ്കീർത്തനം 100
ഒരു സ്തോത്രസങ്കീർത്തനം.
സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;
ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.
യഹോവ ആകുന്നു ദൈവം എന്നറിയുക.
അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു;
നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.
അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും
അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക;
അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.
കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു;
അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
സങ്കീർത്തനം 101
ദാവീദിന്റെ ഒരു സങ്കീർത്തനം.
അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും
യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.
നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—
അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക?
പരമാർഥഹൃദയത്തോടെ
ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.
എന്റെ കണ്ണിനുമുന്നിൽ
ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.
വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;
എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.
വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;
തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.
തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ
ഞാൻ നശിപ്പിക്കും;
അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ
ഞാൻ സഹിക്കുകയില്ല.
ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്
എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;
നിഷ്കളങ്കരായി ജീവിക്കുന്നവർ
എനിക്കു ശുശ്രൂഷചെയ്യും.
വഞ്ചന പ്രവർത്തിക്കുന്നവരാരും
എന്റെ ഭവനത്തിൽ വസിക്കുകയില്ല;
വ്യാജം പറയുന്നവരാരും
എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.
ദേശത്തിലെ സകലദുഷ്ടരെയും
ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;
അധർമികളായ എല്ലാവരെയും ഞാൻ
യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.
സങ്കീർത്തനം 102
യഹോവയുടെമുമ്പാകെ അവശനായി ആവലാതിപറയുന്ന ഒരു പീഡിതന്റെ പ്രാർഥന, അദ്ദേഹം യഹോവയുടെമുമ്പാകെ തന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു.
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ.
എന്റെ ദുരിതദിനങ്ങളിൽ
അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ.
അങ്ങയുടെ ചെവി എന്നിലേക്കു ചായ്‌ക്കണമേ;
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു;
എന്റെ അസ്ഥികൾ കൽക്കരിക്കനൽപോലെ കത്തിയെരിയുന്നു.
എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു;
ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു.
ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം,
ഞാൻ എല്ലുംതോലും ആയിത്തീർന്നിരിക്കുന്നു.
ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു;
അവശിഷ്ടങ്ങൾക്കിടയിലെ മൂങ്ങപോലെതന്നെ.
എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു;
പുരമുകളിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെതന്നെ.
ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു;
എന്നെ പരിഹസിക്കുന്നവർ എന്റെ പേരുതന്നെ ഒരു ശാപവാക്കായി ഉപയോഗിക്കുന്നു.
ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നു
എന്റെ പാനീയത്തിൽ ഞാൻ കണ്ണുനീർ കലർത്തുന്നു
അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം;
അവിടന്ന് എന്നെ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞുകളഞ്ഞല്ലോ.
എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു;
പുല്ലുപോലെ ഞാൻ ഉണങ്ങിപ്പോകുന്നു.
എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു;
അങ്ങയുടെ ഔന്നത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും;
അവളോട് കരുണ കാണിക്കുന്നതിനുള്ള സമയമാണിത്;
നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നല്ലോ.
അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു;
അവളുടെ ധൂളിപോലും അവരിൽ അനുകമ്പ ഉയർത്തുന്നു.
രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും,
ഭൂമിയിലെ സകലരാജാക്കന്മാരും അവിടത്തെ മഹത്ത്വത്തെ ആദരിക്കും.
കാരണം യഹോവ സീയോനെ പുനർനിർമിക്കുകയും
അവിടന്ന് തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും.
അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കും
അവരുടെ യാചന അവിടന്ന് നിരാകരിക്കുകയില്ല.
ഇത് വരുംതലമുറകൾക്കുവേണ്ടി രേഖപ്പെടുത്തട്ടെ,
അങ്ങനെ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും യഹോവയെ വാഴ്ത്തട്ടെ:
“തടവുകാരുടെ ഞരക്കം കേൾക്കുന്നതിനും
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുംവേണ്ടി;
യഹോവ ഉന്നതത്തിലുള്ള തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് താഴോട്ടു നോക്കി
സ്വർഗത്തിൽനിന്ന് അവിടന്ന് ഭൂമിയെ വീക്ഷിച്ചു.”
ജനതകളും രാജ്യങ്ങളും
യഹോവയെ ആരാധിക്കാൻ ഒത്തുചേരുമ്പോൾ,
യഹോവയുടെ നാമം സീയോനിലും
അവിടത്തെ സ്തുതി ജെറുശലേമിലും വിളംബരംചെയ്യപ്പെടും.
എന്റെ ജീവിതയാത്ര പൂർത്തിയാകുന്നതിനുമുമ്പേതന്നെ അവിടന്ന് എന്റെ ബലം ക്ഷയിപ്പിച്ചു;
അവിടന്ന് എന്റെ നാളുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നു.
അതിനാൽ ഞാൻ പറഞ്ഞു:
“എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവെച്ച് എന്നെ എടുക്കരുതേ;
അവിടത്തെ സംവത്സരങ്ങൾ തലമുറതലമുറയായി തുടരുന്നുവല്ലോ.
ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു,
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
വസ്ത്രം മാറുന്നതുപോലെ അങ്ങ് അവയെ മാറ്റിക്കളയും
അവ പുറന്തള്ളപ്പെടും.
എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.
അവിടത്തെ സേവകരുടെ മക്കൾ അങ്ങയുടെ സന്നിധിയിൽ സുരക്ഷിതരായി ജീവിക്കും;
അവരുടെ പിൻതലമുറ തിരുമുമ്പാകെ നിലനിൽക്കും.”
സങ്കീർത്തനം 103
ദാവീദിന്റെ ഒരു സങ്കീർത്തനം.
എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—
അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു
നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.
അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്103:4 മൂ.ഭാ. കുഴിയിൽനിന്ന് വീണ്ടെടുക്കുകയും
നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,
നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്
അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.
പീഡിതരായ എല്ലാവർക്കുംവേണ്ടി
യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.
അവിടന്നു തന്റെ വഴികളെ മോശയ്ക്കും
തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:
യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,
അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,
അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,
വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,
അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ
നിതാന്തകാലം നിലനിൽക്കും
അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
അവിടത്തെ ഉടമ്പടികൾ പാലിക്കുകയും
അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,
സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,
അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ,
ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.
അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന
സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.
അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള
സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 104
എൻ മനമേ, യഹോവയെ വാഴ്ത്തുക.
എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്;
അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു.
ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു;
ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും
മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു.
അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി,
കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു.
അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും104:4 അഥവാ, സന്ദേശവാഹകർ
അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു.
അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു;
അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല.
അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു;
വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു.
എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി,
അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു;
പർവതങ്ങൾ ഉയർന്നു,
താഴ്വരകൾ താണു,
അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.
അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു;
അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.
മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു;
അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.
അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.
ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു;
ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.
അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു;
ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.
കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു
മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന്
സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,
അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ,
മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു,
അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ.
അവിടെ പക്ഷികൾ കൂടൊരുക്കുന്നു;
കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.
ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്;
കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു.
ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു,
എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.
അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു,
അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.
സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു,
ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു;
അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.
അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു,
വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.
യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!
അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു;
ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
അതാ, അനന്തവിശാലമായ സമുദ്രം,
ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു—
അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,
അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.
തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി
എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,
അവയത് ശേഖരിക്കുന്നു;
അങ്ങ് തൃക്കൈ തുറക്കുമ്പോൾ
അവ നന്മകൊണ്ട് തൃപ്തരാകുന്നു.
അവിടന്ന് തിരുമുഖം മറയ്ക്കുന്നു,
അവ പരിഭ്രാന്തരാകുന്നു;
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.
അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ104:30 അഥവാ, അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോൾ
അവ സൃഷ്ടിക്കപ്പെടുന്നു,
അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.
യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ;
യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ—
അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു,
അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു.
ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ
എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.
എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും
ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
യഹോവയെ വാഴ്ത്തുക.104:35 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
സങ്കീർത്തനം 105
യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;
അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;
അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
എപ്പോഴും അവിടത്തെ മുഖവും.
യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ,
അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ,
അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക,
അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു;
അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു,
അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും
യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും
ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി,
ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,
ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും
ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;
അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;
എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും
അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു;
അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു—
അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ.
അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു,
അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;
അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ,
അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.
രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു,
ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി,
തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും;
തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും
തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ.
അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു;
ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.
യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു;
അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,
അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു,
യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ.
അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു,
താൻ തെരഞ്ഞെടുത്ത അഹരോനെയും.
അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി;
അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ.
അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി;
അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു,
അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു,
അവരുടെ ദേശത്തെല്ലാം പേനും പെരുകി.
മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി,
ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു;
അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും
രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു.
അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു,
പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;
അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി,
നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു.
അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു,
അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ.
അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു,
ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.
അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു;
ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ.
അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു,
രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി.
അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി;
ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.
അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു;
മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.
അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ
വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.
അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും
തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു.
അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി,
അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു—
അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും
അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ.
യഹോവയെ വാഴ്ത്തുക.105:45 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
സങ്കീർത്തനം 106
യഹോവയെ വാഴ്ത്തുക.106:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ
അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും?
ന്യായം പാലിക്കുന്നവർ അനുഗൃഹീതർ,
എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.
യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ,
അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ,
അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും.
അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ,
അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.
ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു;
ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!
ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ,
അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല;
അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല,
ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.
എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു,
അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.
അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു;
അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി.
അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു;
തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു.
ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു;
അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല.
അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച്
സ്തുതിഗീതങ്ങൾ ആലപിച്ചു.
എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു
അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;
വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,
എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.
പാളയത്തിൽവെച്ച് അവർ മോശയോടും
യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു.
ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു.
അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു;
ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി.
അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത്
പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു.
ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾചെയ്ത
തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു,
ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും
ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ.
അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു—
എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ
അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു,
അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ.
അവർ മനോഹരദേശത്തെ നിരസിച്ചു;
അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല.
തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു
യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല.
അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും
അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്,
വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും
അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു.
അവർ പെയോരിലെ ബാലിനോട് ചേർന്നു
ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു;
തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു,
ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു.
എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു,
മഹാമാരി നിലയ്ക്കുകയും ചെയ്തു.
അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു;
അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.
മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു,
അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു.
അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു,
അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.
യഹോവ അവരോടു കൽപ്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല,
എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന്
അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു,
അത് അവർക്കൊരു കെണിയായി ഭവിച്ചു.
അവർ തങ്ങളുടെ പുത്രീപുത്രന്മാരെ
ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു,
കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത,
അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ;
അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;
വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു
തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു.
അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി,
അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി.
അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി
അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി.
പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു,
എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്,
തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു.
എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ
അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു;
അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും
അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു.
അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും
അവരോട് കനിവുതോന്നുമാറാക്കി.
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ,
ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും
അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്,
ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ.
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,
എന്നും എന്നെന്നേക്കും.
“ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ.
യഹോവയെ വാഴ്ത്തുക.
അഞ്ചാംപുസ്തകം
[സങ്കീർത്തനങ്ങൾ 107–150]
സങ്കീർത്തനം 107
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ,
അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ,
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും107:3 മൂ.ഭാ. വടക്കുനിന്നും സമുദ്രത്തിൽനിന്നും
അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ:
അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു,
വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല.
അവർ വിശന്നും ദാഹിച്ചും അലഞ്ഞു,
അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു.
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,
അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു.
അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക്
അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു.
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും
അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും
വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.
ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു,
കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു.
കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു
അത്യുന്നതന്റെ ആലോചനകൾ നിരസിച്ചു.
അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു;
അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,
അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു,
അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു.
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും
അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും
ഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു.
ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു
അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു.
എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി,
മരണകവാടത്തോട് അവർ സമീപിച്ചിരുന്നു.
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,
അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;
ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു.
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും
അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും
അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.
ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി;
കടലിലൂടെയവർ കപ്പൽയാത്രചെയ്തു.
അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു,
ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.
അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി,
തിരമാലകൾ ഉയർന്നുപൊങ്ങി.
അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു;
തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു.
അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു;
അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.
അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,
അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി;
സമുദ്രത്തിലെ തിരമാലകൾ അമർന്നു.
അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു,
അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു.
അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും
അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ
സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ.
ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം
അവിടന്ന് നദികളെ മരുഭൂമിയും
അരുവികളെ ദാഹാർത്തഭൂമിയും
ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു.
അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും
വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു;
അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു,
അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു.
അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു
അതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു;
അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി,
അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല.
പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി,
അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു;
പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ
ഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി.
എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു
അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു.
ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു,
എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു.
ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും
യഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനം 108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;
ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും.
വീണയേ, കിന്നരമേ, ഉണരുക!
ഞാൻ ഉഷസ്സിനെ ഉണർത്തും.
യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;
ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം;
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,
അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
ദൈവം തിരുനിവാസത്തിൽനിന്ന്108:7 അഥവാ, വിശുദ്ധിയിൽനിന്നും അരുളിച്ചെയ്യുന്നു:
“ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും
സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;
എഫ്രയീം എന്റെ ശിരോകവചവും
യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?
ഏദോമിലേക്ക് എന്നെ ആര് നയിക്കും?
ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഞങ്ങളെ തിരസ്കരിച്ചത്!
ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,
മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,
അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
സംഗീതസംവിധായകന്.108:13 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 109
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ,
മൗനമായിരിക്കരുതേ,
ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ,
അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു;
വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു.
വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു;
അകാരണമായി അവർ എന്നെ ആക്രമിക്കുന്നു.
എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു,
ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.
അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു,
എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു.
എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ;
അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ.
വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ,
അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ.
അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ;
അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ.
അയാളുടെ മക്കൾ അനാഥരും
ഭാര്യ വിധവയും ആയിത്തീരട്ടെ.
അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ;
നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ.
അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ;
അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ.
ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ
അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ.
അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ,
അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.
അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ;
അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ.
അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ,
അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ.
കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല,
എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും
അയാൾ മരണംവരെ വേട്ടയാടിയിരുന്നു.
ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു—
അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു.
അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല—
അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു.
അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു
അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും
അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു.
അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും
എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്,
ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ.
എന്നാൽ കർത്താവായ യഹോവേ,
തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ;
അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ.
കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു,
എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു.
ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു;
ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു.
ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു;
എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു.
ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു;
എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു.
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;
അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ.
യഹോവേ, ഇത് അവിടത്തെ കരമാണെന്നും
അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ.
അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ;
എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ,
എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ.
എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ
ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ.
എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും;
ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും.
കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി,
അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.
സങ്കീർത്തനം 110
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”
യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;
“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”
നിന്റെ യുദ്ധദിവസത്തിൽ,
നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.
വിശുദ്ധിയുടെ പ്രഭാവത്തിൽ,
ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ110:3 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
യുവാക്കൾ നിന്നിലേക്കു വന്നുചേരും.
യഹോവ ശപഥംചെയ്തിരിക്കുന്നു,
ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
കർത്താവ്110:5 അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്;
തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.
അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും
ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.
അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും110:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
അതിനാൽ അവിടന്ന് ശിരസ്സുയർത്തും.
സങ്കീർത്തനം 111111:0 സങ്കീർത്തനം 111-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
യഹോവയെ വാഴ്ത്തുക.111:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
പരമാർഥികളുടെ സമിതിയിലും സഭയിലും
പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.
യഹോവയുടെ പ്രവൃത്തികൾ വലിയവ;
അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു.
അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ,
അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു.
തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;
യഹോവ കരുണാമയനും കൃപാലുവും ആകുന്നു.
തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.
ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി
അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്.
അവ എന്നെന്നേക്കും നിലനിൽക്കുന്നു
ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു.
അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു;
തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു—
അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു.
യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്.
നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.
സങ്കീർത്തനം 112112:0 സങ്കീർത്തനം 112-ലെ ഓരോ വരിയും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
യഹോവയെ വാഴ്ത്തുക.112:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
യഹോവയെ ഭയപ്പെടുകയും
അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;
പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.
ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,
അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
ഔദാര്യത്തോടെ വായ്പകൊടുക്കുകയും
നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;
അവരുടെ ഓർമ എന്നും നിലനിൽക്കും.
ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;
കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;
ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു;
അവരുടെ കൊമ്പ്112:9 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.
ദുഷ്ടർ കണ്ട് അസ്വസ്ഥരാകും,
അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും;
ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.
സങ്കീർത്തനം 113
യഹോവയെ വാഴ്ത്തുക.113:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.
അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക;
യഹോവയുടെ നാമത്തെ വാഴ്ത്തുക.
യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും
വാഴ്ത്തപ്പെടുമാറാകട്ടെ.
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും
യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,
അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,
കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന
നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു
എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,
സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി
ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 114
ഇസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും
ഇസ്രായേൽ അവിടത്തെ ആധിപത്യവും114:2 അഥവാ, രാജ്യം ആയിത്തീർന്നു.
ചെങ്കടൽ114:3 മൂ.ഭാ. സമുദ്രം അവർ വരുന്നതുകണ്ട് ഓടിപ്പോയി,
യോർദാൻനദി പിൻവാങ്ങി;
പർവതങ്ങൾ മുട്ടാടുകളെപ്പോലെയും
മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
സമുദ്രമേ, നീ ഓടുന്നതെന്തിന്?
യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും
മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
അവിടന്ന് പാറയെ ജലാശയവും
തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
സങ്കീർത്തനം 115
ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം
തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ.
ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
എന്നു ചോദിപ്പിക്കുന്നതെന്തിന്?
ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;
അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;
മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.
അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ട്, എങ്കിലും നടക്കുന്നില്ല;
തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.
അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക—
അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും:
അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും
അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും
യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും—
ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.
യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.
ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
സ്വർഗം യഹോവയുടേതാകുന്നു,
എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു.
മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല,
നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ;
എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്,
ഇന്നും എന്നെന്നേക്കും.
യഹോവയെ വാഴ്ത്തുക.115:18 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
സങ്കീർത്തനം 116
അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു;
കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.
അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്,
എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.
മരണപാശങ്ങൾ എന്നെ ചുറ്റി,
പാതാളവേദനകൾ എന്നെ പിടികൂടി;
കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.
അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!”
എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു;
നമ്മുടെ ദൈവം ദയാപൂർണൻതന്നെ.
യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു;
ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.
എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക;
യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ.
യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും
എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും
എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.
ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു,
“ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”
എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു,
“എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”
യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും
ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?
ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത്
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ
ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും.
തന്റെ വിശ്വസ്തസേവകരുടെ മരണം
യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.
യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു.
ഞാൻ അങ്ങയുടെ സേവകൻതന്നെ;
അങ്ങയുടെ ദാസിയുടെ പുത്രൻതന്നെ;
അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച്
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ
ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും,
യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും—
ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ.
യഹോവയെ വാഴ്ത്തുക.116:19 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
സങ്കീർത്തനം 117
സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;
ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,
യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു.
യഹോവയെ വാഴ്ത്തുക.117:2 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
സങ്കീർത്തനം 118
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ഇസ്രായേല്യർ പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
അഹരോൻഗൃഹം പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;
അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.
ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.
മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു,
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു,
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി,
എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി,
എന്നാൽ യഹോവ എന്നെ സഹായിച്ചു.
യഹോവ എന്റെ ബലവും എന്റെ ഗീതവും118:14 അഥവാ, പരിരക്ഷ ആകുന്നു;
അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.
നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ
ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു:
“യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!
യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”
ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്,
യഹോവയുടെ പ്രവൃത്തികൾ വർണിക്കും.
യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു,
എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.
നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക;
ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.
യഹോവയുടെ കവാടം ഇതാകുന്നു
നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.
അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും;
അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.
ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നിരിക്കുന്നു;
ഇത് യഹോവ ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.
ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.
യഹോവേ, ഞങ്ങളെ രക്ഷിക്കണമേ!
യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!
യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
യഹോവ ആകുന്നു ദൈവം,
അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു.
യാഗപീഠത്തിന്റെ കൊമ്പുകളിൽ
യാഗമൃഗത്തെ ബന്ധിക്കുക.
അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;
അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
സങ്കീർത്തനം 119119 സങ്കീർത്തനം 119-ലെ ഓരോ കാവ്യഭാഗത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
א ആലേഫ്
യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്,
നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ.
സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും
അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ—
അവർ അനീതി പ്രവർത്തിക്കാതെ
അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു.
അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന്
അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു.
ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ
എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ!
എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല,
അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ.
ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട്
ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും.
ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും;
എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ.
ב ബേത്ത്
ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ?
അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ.
ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു;
അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ.
അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ,
അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം
ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു.
മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു.
അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും
അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു.
അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു;
അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല.
ג ഗീമെൽ
ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന്
ഈ ദാസന്റെമേൽ ദയകാണിക്കണമേ.
അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന്
അടിയന്റെ കണ്ണുകളെ തുറക്കണമേ.
ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്;
അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ.
അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം
എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു.
അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത
ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു.
നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ.
ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു,
എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്;
അവയാണെന്റെ ഉപദേഷ്ടാക്കളും.
ד ദാലെത്ത്
ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു;
അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ.
എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ,
അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും.
എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു;
അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ.
വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ;
കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ.
വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു;
ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു.
യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു,
എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ.
ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു,
കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ.
ה ഹേ
യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ,
അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.119:33 അഥവാ, അതിന്റെ പ്രതിഫലം ലഭിക്കുന്നതുവരെ പിൻതുടരുക.
അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും
അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.
അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ,
കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.
അന്യായമായ ആദായത്തിലേക്കല്ല,
അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.
വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;
തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ,
അപ്പോൾ ജനം അങ്ങയെ ആദരിക്കും
ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ,
അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ
ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു!
അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.
ו വൗ
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ,
അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും;
അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും,
കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു.
സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ,
കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും,
എന്നുമെന്നേക്കുംതന്നെ.
അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ,
ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.
അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും
ഞാൻ ലജ്ജിതനാകുകയില്ല,
അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു
അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും.
എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു,
അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
ז സയിൻ
അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ,
കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ.
അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു;
എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം.
അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.
യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു,
ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു.
ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം,
എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു.
ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ
അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു.
യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു
അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു,
ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു;
അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു.
ח ഹേത്ത്
യഹോവേ, അവിടന്നാണ് എന്റെ ഓഹരി;
അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു.
പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു;
അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ.
ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു
എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു.
അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ
അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു.
ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും,
അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല.
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു.
അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും,
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ט തേത്ത്
യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം
അടിയനു നന്മചെയ്യണമേ.
ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്,
നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ.
കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു,
എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു.
അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി,
എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു.
അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.
ഞാൻ കഷ്ടതയിൽ ആയതു നന്നായി
അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ.
ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ
തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്.
י യോദ്
തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;
അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ.
അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ,
കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു.
യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം,
അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം.
അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം,
അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ.
ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ,
കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ;
എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും.
അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ,
അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ.
നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ,
അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.
כ കഫ്
എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു,
എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു.
എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു;
“അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു.
പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും,
അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല.
എത്രകാലം അടിയൻ കാത്തിരിക്കണം?
എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്?
അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത
അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു.
അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു;
കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ.
അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു,
എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല.
അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ,
ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും.
ל ലാമെദ്
യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു;
അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു.
അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു;
അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു.
അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു,
കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ.
അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ,
എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു.
അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല,
കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്.
എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ;
അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്.
എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു,
എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും.
സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു,
എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്.
מ മേം
ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു!
ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു.
അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു;
അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു.
അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്,
എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്.
അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ,
വയോധികരെക്കാളും വിവേകം എനിക്കുണ്ട്.
തിരുവചനം പാലിക്കേണ്ടതിനുവേണ്ടി,
ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു.
അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല,
അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്.
തിരുവചനം എന്റെ നാവിന് എത്ര മധുരം!
അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്.
അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു;
അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു.
נ നുൻ
അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും,
എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്,
ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.
ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു;
യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്,
അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ.
എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്,
എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല.
ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു,
എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല.
അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്;
അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം.
അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ
ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു.
ס സാമെക്
ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു,
എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു.
അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു;
ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു.
അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ,
ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ!
അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും;
എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ.
എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും;
അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും.
അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു,
കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ.
ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു;
അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു.
അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു;
അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു.
ע അയിൻ
നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു;
എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ.
അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ;
അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ.
അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്,
എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു.
അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ,
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ഞാൻ അവിടത്തെ ദാസനാകുന്നു;
അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും.
യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം,
അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ
സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു,
അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു,
എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.
פ പേ
അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം;
ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു.
അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു;
ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു.
അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ,
ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു.
തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ,
എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ.
തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ;
ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ.
മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ,
അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും.
അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച്
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ,
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
צ സാദെ
യഹോവേ, അവിടന്നു നീതിമാൻ ആകുന്നു,
അവിടത്തെ നിയമങ്ങളും നീതിയുക്തമായവ.
അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ;
അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു.
എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്,
എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു.
അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്,
അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു.
ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും,
അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല.
അവിടത്തെ നീതി ശാശ്വതവും
ന്യായപ്രമാണം സത്യവും ആകുന്നു.
കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു,
എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു.
അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.
ק കോഫ്
യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ,
ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും.
ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ,
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും.
ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു;
ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു.
ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്,
രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു
എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്.
എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്,
അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ.
അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന്
വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു.
ר രേശ്
എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ,
കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ.
എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;
അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,
കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല.
യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്,
എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല.
ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു,
കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ.
അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക;
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു;
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്.
ש സിനും ശീനും
ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു,
എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു.
വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ
ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു.
കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു.
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു.
അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്,
അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.
യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു,
ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു.
അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ,
ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു.
ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു,
കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.
ת തൗ
യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ;
അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ.
എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ;
അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ.
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്,
എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്,
എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ.
ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്,
അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ.
യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു,
അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു.
ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ,
അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ.
കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു.
അടിയനെ തേടി വരണമേ,
അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.
സങ്കീർത്തനം 120
ആരോഹണഗീതം.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു,
അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും
വഞ്ചനയുരുവിടുന്ന നാവിൽനിന്നും
എന്നെ രക്ഷിക്കണമേ.
വ്യാജമുള്ള നാവേ,
ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്?
ഇതിലധികം എന്തുവേണം?
യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും
കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും
കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!
സമാധാനം വെറുക്കുന്നവരോടൊപ്പം
ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.
ഞാൻ ഒരു സമാധാനകാംക്ഷിയാണ്;
ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.
സങ്കീർത്തനം 121
ആരോഹണഗീതം.
പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—
എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—
നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
ഇസ്രായേലിന്റെ കാവൽക്കാരൻ
ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
യഹോവ നിന്നെ സംരക്ഷിക്കുന്നു!
നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,
രാത്രി, ചന്ദ്രനും.
യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—
അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,
ഇന്നും എന്നെന്നേക്കും.
സങ്കീർത്തനം 122
ദാവീദിന്റെ ആരോഹണഗീതം.
“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”
എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
ജെറുശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.
ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;
അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—
യഹോവയുടെ ഗോത്രങ്ങൾ—
ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി
യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;
ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.
ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:
“ഈ പട്ടണത്തെ122:6 മൂ.ഭാ. അവളെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.122:6 അഥവാ, അഭിവൃദ്ധിപ്പെടട്ടെ
നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും
അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,
“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി
ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
സങ്കീർത്തനം 123
ആരോഹണഗീതം.
സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്,
ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ,
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്,
കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.
ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ,
കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു.
അഹന്തനിറഞ്ഞവരുടെ പരിഹാസവും
വിമതരുടെ വെറുപ്പും
ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.
സങ്കീർത്തനം 124
ദാവീദിന്റെ ആരോഹണഗീതം.
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ—
ഇസ്രായേല്യർ പറയട്ടെ—
മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ,
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,
അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,
ആർത്തിരമ്പുന്ന ജലപ്രവാഹം
നമ്മെ തുടച്ചുനീക്കുമായിരുന്നു.
അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന,
യഹോവ വാഴ്ത്തപ്പെട്ടവൻ.
വേട്ടക്കാരന്റെ കെണിയിൽനിന്ന്
ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു;
ആ കെണി പൊട്ടിപ്പോയി,
നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.
സങ്കീർത്തനം 125
ആരോഹണഗീതം.
യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,
അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,
യഹോവ ഇന്നും എന്നെന്നേക്കും
തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ
അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്,
നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ,
ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
യഹോവേ, നല്ലയാളുകൾക്കും
ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ
അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും.
ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
സങ്കീർത്തനം 126
ആരോഹണഗീതം.
യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ,
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു.
അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു:
“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”
യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു,
ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
യഹോവേ, തെക്കേദേശത്തിലെ126:4 അതായത്, യെഹൂദയ്ക്കു തെക്കുള്ള തോടുകളെ എന്നപോലെ,
ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.
കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,
കണ്ണുനീരോടെ നടക്കുന്നവർ,
കറ്റകൾ ചുമന്നുകൊണ്ട്
ആനന്ദഗീതം പാടി മടങ്ങുന്നു.
സങ്കീർത്തനം 127
ശലോമോന്റെ ആരോഹണഗീതം.
യഹോവ വീട് പണിയുന്നില്ലെങ്കിൽ,
നിർമാതാക്കളുടെ അധ്വാനം വ്യർഥം.
യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ,
കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.
നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും
വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം,
ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം.
കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.
മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.
ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ
ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള
പുരുഷൻ അനുഗൃഹീതൻ.
നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ
അവർ ലജ്ജിതരാകുകയില്ല.
സങ്കീർത്തനം 128
ആരോഹണഗീതം.
യഹോവയെ ഭയപ്പെടുകയും
അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.
നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും;
അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.
നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ
ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;
നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും
ഒലിവുതൈകൾപോലെയായിരിക്കും.
യഹോവയെ ഭയപ്പെടുന്ന മനുഷ്യർ
ഇപ്രകാരം അനുഗൃഹീതരാകും.
യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;
നിന്റെ ജീവിതകാലത്തുടനീളം
നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.
മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ—
ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
സങ്കീർത്തനം 129
ആരോഹണഗീതം.
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,”
ഇസ്രായേല്യർ പറയട്ടെ;
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,
എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
ഉഴവുകാർ എന്റെ പുറം ഉഴുത്
ഉഴവുചാലുകൾ നീളമുള്ളതാക്കി.
എന്നാൽ യഹോവ നീതിമാൻ ആകുന്നു;
അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
സീയോനെ വെറുക്കുന്ന ഏവരും
ലജ്ജിച്ചു പിന്തിരിയട്ടെ.
വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന,
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ
കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ;
ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,”
എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.
സങ്കീർത്തനം 130
ആരോഹണഗീതം.
യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ.
കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി
അങ്ങയുടെ കാതുകൾ തുറക്കണമേ.
യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,
കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,
അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,
കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും
സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും
അവിടന്നുതന്നെ വീണ്ടെടുക്കും.
സങ്കീർത്തനം 131
ദാവീദിന്റെ ആരോഹണഗീതം.
യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല,
എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല;
ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ
അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.
എന്നാൽ ഞാൻ എന്നെത്തന്നെ സ്വസ്ഥവും ശാന്തവുമാക്കിയിരിക്കുന്നു,
അമ്മയുടെ മടിയിൽ തൃപ്തിയടഞ്ഞ ഒരു ശിശുവിനെപ്പോലെ;
അതേ, മുലകുടിച്ചുറങ്ങുന്ന ഒരു ശിശുവിനെപ്പോലെ എന്റെ ആത്മാവ് തൃപ്തിയടഞ്ഞിരിക്കുന്നു.
ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക—
ഇന്നും എന്നെന്നേക്കും.
സങ്കീർത്തനം 132
ആരോഹണഗീതം.
യഹോവേ, ദാവീദിനെയും
അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ.
അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു,
യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു:
“യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ,
യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ,
ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ
എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;
ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ
കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.”
എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു,132:6 അതായത്, ഉടമ്പടിയുടെ പേടകത്തെപ്പറ്റി.
യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി:132:6 [1 ദിന. 13:5],[6]
“നമുക്കു തിരുനിവാസത്തിലേക്കു പോകാം
അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം,
‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,
അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും.
അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ;
അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ”
അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്,
അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.
യഹോവ ദാവീദിനോടൊരു ശപഥംചെയ്തു,
അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല:
“നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ
ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും.
നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും
ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ,
അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ
എന്നുമെന്നും വാഴും.”
കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു,
അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു,
“ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം;
ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു.
അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും;
അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും.
അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും,
അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും.
“ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു132:17 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. അതായത്, രാജാവിന്റെ പ്രതീകം. മുളപ്പിക്കും
എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും,
എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”
സങ്കീർത്തനം 133
ദാവീദിന്റെ ആരോഹണഗീതം.
കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത്
എത്ര മനോഹരവും ആനന്ദകരവുമാകുന്നു!
അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്,
താടിയിലേക്ക് ഒഴുകുന്ന,
അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി,
അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
അതു സീയോൻപർവതത്തിൽ പതിക്കുന്ന
ഹെർമോൻ ഹിമകണംപോലെയാണ്.
യഹോവ തന്റെ അനുഗ്രഹവും
ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
സങ്കീർത്തനം 134
ആരോഹണഗീതം.
രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന,
യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി
യഹോവയെ വാഴ്ത്തുക.
ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,
യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
സങ്കീർത്തനം 135
യഹോവയെ വാഴ്ത്തുക.135:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 3, 21 കാണുക.
യഹോവയുടെ നാമത്തെ വാഴ്ത്തുക;
യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക,
യഹോവയുടെ ആലയത്തിൽ—
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ,
യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു;
തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ.
യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും
ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു.
യഹോവ ഉന്നതൻ ആകുന്നു എന്നും
നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു.
ആകാശത്തിലും ഭൂമിയിലും
സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും
യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;
മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു
അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.
അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു,
മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ.
ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ,
ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ.
അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും
ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു—
അമോര്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ—
അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ.
യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി,
എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു.
കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു
അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു.
ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്,
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല,
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല,
അവയുടെ വായിൽ ശ്വാസവുമില്ല.
അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക;
ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക.
സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ,
കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 136
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
പകലിന്റെ അധിപതിയായി സൂര്യനെയും,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അമോര്യരുടെ രാജാവായ സീഹോനെയും
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
ബാശാൻരാജാവായ ഓഗിനെയും—
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
സങ്കീർത്തനം 137
ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു
സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.
അവിടെ അലരിവൃക്ഷങ്ങളിൽ
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,
കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,
“സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക,
ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.
ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ
യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?
ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,
എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.
ഞാൻ നിന്നെ ഓർക്കാതെപോയാൽ,
എന്റെ പരമാനന്ദമായ
ജെറുശലേമിനെ കരുതാതെപോയാൽ
എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.
യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,
ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ.
“ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു,
“അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”
ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,
നീ ഞങ്ങളോടു ചെയ്തതിനൊക്കെ
പകരം വീട്ടുന്നവർ ധന്യർ.
നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;
അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!
സങ്കീർത്തനം 138
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും;
“ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.
ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം
തിരുനാമത്തെ വാഴ്ത്തും,
കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം
അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി;
അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.
യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ
അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.
യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;
എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും
അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.
എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;
അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
യഹോവ എന്നെ കുറ്റവിമുക്തനാക്കും;
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു—
തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.
സംഗീതസംവിധായകന്.138:8 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 139
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അവിടന്നെന്നെ പരിശോധിച്ചു,
അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു;
എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു;
എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ
യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു,
അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്,
അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും?
തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്;
ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്.
ഞാൻ ഉഷസ്സിൻ ചിറകിലേറി,
ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും,
അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
“അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും
പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ,
ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും,
കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;
എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,
അതെനിക്കു നന്നായി അറിയാം.
ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,
എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;
എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,
അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!
അവയുടെ ആകെത്തുക എത്ര വലുത്!
ഞാൻ അവയെ എണ്ണിനോക്കിയാൽ
അവ മണൽത്തരികളെക്കാൾ അധികം!
ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.
ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു!
രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!
അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു;
അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.
യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?
എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ;
ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.
ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ;
എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.
ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി,
ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.
സംഗീതസംവിധായകന്.139:24 [സങ്കീ. 3:8]-ലെ കുറിപ്പ് കാണുക.
സങ്കീർത്തനം 140
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ,
അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും
നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.
അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു.
അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ.
യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ;
എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന
അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു;
അവർ ഒരു വല വിരിച്ചിരിക്കുന്നു
എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ.
“അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു.
യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
കർത്താവായ യഹോവേ, ശക്തനായ രക്ഷകാ,
യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു.
യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ,
അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. സേലാ.
എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു;
അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ.
അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ;
അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ,
ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ.
പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ;
അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ.
യഹോവ പീഡിതർക്ക് ന്യായവും
അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.
നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും
ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.
സങ്കീർത്തനം 141
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.
എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ;
ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.
യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,
എന്റെ അധരകവാടം കാക്കണമേ.
അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്
അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ.
എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി,
ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.
നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്;
അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്.
എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല,
കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.
അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ,
എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.
അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ,
ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.”
എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു;
ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.
അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും
അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.
ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ,
ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.
സങ്കീർത്തനം 142
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന.
യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു;
കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു.
എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു;
എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു.
എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ,
എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ.
ഞാൻ പോകേണ്ട പാതകളിൽ
എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു.
എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ,
എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല.
ആരും എന്നെ ശ്രദ്ധിക്കുന്നില്ല;
എനിക്കൊരു അഭയസ്ഥാനവുമില്ല.
യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു;
“അങ്ങാണ് എന്റെ സങ്കേതം,
ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു.
എന്റെ കരച്ചിൽ കേൾക്കണമേ,
ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;
എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,
അവർ എന്നെക്കാൾ അതിശക്തരാണ്.
ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്,
തടവറയിൽനിന്നും എന്നെ വിടുവിക്കണമേ.
അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം
നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.
സങ്കീർത്തനം 143
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ;
അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം
എന്റെ ആശ്വാസത്തിനായി വരണമേ.
തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ,
അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ.
ശത്രു എന്നെ പിൻതുടരുന്നു,
അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു;
പണ്ടേ മരിച്ചവരെപ്പോലെ
അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു.
അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു;
എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു.
പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു;
അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും
തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു.
ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു;
ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. സേലാ.
യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ;
എന്റെ ആത്മാവ് തളർന്നിരിക്കുന്നു.
അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ
അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും.
പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,
കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു.
ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ,
കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.
യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.
തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,
കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;
അങ്ങയുടെ നല്ല ആത്മാവ്
നീതിപഥത്തിൽ143:10 മൂ.ഭാ. സമഭൂമിയിൽ എന്നെ നടത്തട്ടെ.
യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ;
അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ.
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ;
എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ,
ഞാൻ അങ്ങയുടെ സേവകനാണല്ലോ.
സങ്കീർത്തനം 144
ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ,
അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും
എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു.
അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും,
എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും,
ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന
എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു.
യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ?
അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?
മനുഷ്യർ ഒരു ശ്വാസംമാത്രം;
അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ.
യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ;
പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ.
മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ;
അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.
ഉയരത്തിൽനിന്നും തൃക്കരം നീട്ടി;
പെരുവെള്ളത്തിൽനിന്നും
വിദേശികളുടെ കൈയിൽനിന്നും
എന്നെ രക്ഷിക്കണമേ,
അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു,
അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും;
പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും,
രാജാക്കന്മാർക്ക് വിജയം നൽകുകയും
അവിടത്തെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കുതന്നെ.
നാശകരമായ വാളിൽനിന്നും എന്നെ രക്ഷിക്കണമേ;
വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,
അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു,
അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ
നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും,
നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ
കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.
നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും;
എല്ലാവിധ ധാന്യങ്ങളാലുംതന്നെ.
ഞങ്ങളുടെ ആടുകൾ പുൽപ്പുറങ്ങളിൽ പെറ്റുപെരുകം,
ആയിരങ്ങളായും പതിനായിരങ്ങളായും;
നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും.
മതിലുകൾ ഇടിക്കപ്പെടുകയില്ല,
ആരും ബന്ദികളാക്കപ്പെടുന്നില്ല,
ഞങ്ങളുടെ തെരുവുകളിൽ ദീനരോദനവുമില്ല.
ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ;
യഹോവ ദൈവമായിരിക്കുന്ന ജനം അനുഗൃഹീതർ.
സങ്കീർത്തനം 145145:0 ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം.
എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും
തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
ഓരോ തലമുറയും അനന്തരതലമുറയോട്
അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും
ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും
ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും
അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
യഹോവ ആർദ്രഹൃദയനും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു,
അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും
അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും
അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു,
അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും.
യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.145:13 വാ. 13-ലെ അവസാനത്തെ രണ്ടുവരികൾ മിക്ക കൈ.പ്ര. കാണുന്നില്ല.
യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,
സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു;
അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു,
എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും.
സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ
എന്നെന്നേക്കും വാഴ്ത്തട്ടെ.
സങ്കീർത്തനം 146
യഹോവയെ വാഴ്ത്തുക.146:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 10 കാണുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും
രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.
അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;
അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.
യാക്കോബിന്റെ ദൈവം തന്റെ സഹായവും
അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.
ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.
പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും
വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു.
യഹോവ തടവുകാരെ മോചിപ്പിക്കുന്നു,
യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,
യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,
യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.
യഹോവ പ്രവാസികളെ സംരക്ഷിക്കുകയും
അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,
എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.
യഹോവ എന്നേക്കും വാഴുന്നു,
സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 147
യഹോവയെ വാഴ്ത്തുക.147:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 20 കാണുക.
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്,
അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!
യഹോവ ജെറുശലേമിനെ പണിയുന്നു;
അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു
അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;
അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു
എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
യഹോവയ്ക്ക് നന്ദിയോടെ പാടുക;
കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;
അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും
കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
അവിടന്ന് കന്നുകാലികൾക്കും
കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്,
യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു,
അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
ജെറുശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും
നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും
മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും
ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു.
ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു;
അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
അവിടത്തെ വചനം യാക്കോബിനും
അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല;
അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്.147:20 ചി.കൈ.പ്ര. അവിടത്തെ വിധികൾ അവർക്ക് വെളിപ്പെടുത്തിയില്ല.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 148
യഹോവയെ വാഴ്ത്തുക.148:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 14 കാണുക.
സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക;
ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.
യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;
അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.
സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;
പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.
സ്വർഗാധിസ്വർഗങ്ങളേ,
ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.
അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;
അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—
മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.
സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,
തീയും കന്മഴയും മഞ്ഞും മേഘങ്ങളും
അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും
പർവതങ്ങളും സകലകുന്നുകളും
ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും
കാട്ടുമൃഗങ്ങളും കന്നുകാലികളും
ഇഴജന്തുക്കളും പറവകളും
ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും
ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും
യുവാക്കളും യുവതികളും
വൃദ്ധരും കുട്ടികളും.
ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു;
അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു.
തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,
തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി,
അവിടന്ന് ഒരു കൊമ്പ്148:14 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തിയിരിക്കുന്നു.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 149
യഹോവയെ വാഴ്ത്തുക.149:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക.
യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക,
അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ;
സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ
തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു;
അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ
അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
ദൈവത്തിന്റെ സ്തുതി അവരുടെ വായിലും
ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും
ജനതകൾക്കു ശിക്ഷ നൽകുന്നതിനും
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ—
ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു.
യഹോവയെ വാഴ്ത്തുക.
സങ്കീർത്തനം 150
യഹോവയെ വാഴ്ത്തുക.150:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 6 കാണുക.
ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;
പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.
അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ;
അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.
കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ,
കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.
തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ,
തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.
ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ,
അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.
സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.
യഹോവയെ വാഴ്ത്തുക.