- Biblica® Open Malayalam Contemporary Version 2020 സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ സദൃശവാക്യങ്ങൾ സദൃ. സദൃശവാക്യങ്ങൾ സുഭാഷിതങ്ങൾക്കൊരു ആമുഖം ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ: മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും; പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും; ലളിതമാനസർക്കു1:4 സദൃശവാക്യങ്ങളിൽ ലളിതമാനസർ, എന്ന വാക്കിന്റെ എബ്രായപദത്തിന്, ധാർമികബോധമില്ലാതെ, ദുഷ്ടതയിലേക്കു തിരിഞ്ഞവർ എന്ന അർഥം പൊതുവേ നൽകപ്പെടുന്നു. കാര്യപ്രാപ്തിയും, യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും— ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും വിവേകികൾ മാർഗദർശനം നേടുന്നതിനും— സുഭാഷിതങ്ങളും സാദൃശ്യകഥകളും സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും ഇവ പ്രയോജനപ്രദമാകും. യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു എന്നാൽ ഭോഷർ1:7 സദൃശവാക്യങ്ങളിലും വിവിധ പഴയനിയമഭാഗങ്ങളിലും, ഭോഷൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു. ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മുന്നറിയിപ്പ് എന്റെ കുഞ്ഞേ,1:8 മൂ.ഭാ. എന്റെ മകനേ; വാ. 10,15 കാണുക. നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്. അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും. എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ, അവർക്കു വിധേയപ്പെട്ടുപോകരുത്. അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ; നമുക്കു രക്തത്തിനായി1:11 രക്തത്തിനായി, വിവക്ഷിക്കുന്നത് കൊല്ലുന്നതിനായി. പതിയിരിക്കാം, ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം; പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം; വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം; ഞങ്ങളോടൊപ്പം പങ്കുചേരൂ; നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”— എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ, അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ; കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു, രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു. പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ വല വിരിക്കുന്നത് എത്ര നിരർഥകം! എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു; അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു! അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്; കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു. ജ്ഞാനം അവഗണിക്കരുത് തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു; ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു: “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും? എന്റെ ശാസനകേട്ട് അനുതപിക്കുക. അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും. എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല. എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; എന്റെ ശാസന സ്വീകരിച്ചതുമില്ല. അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും— അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ. “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല, അവർ പരിജ്ഞാനത്തെ വെറുത്തു യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല. അവർ എന്റെ ഉപദേശം തിരസ്കരിച്ച് ശാസനയെ പുച്ഛിച്ചു, അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും. ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും; എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.” ജ്ഞാനത്തിന്റെ പ്രതിഫലം എന്റെ കുഞ്ഞേ,2:1 മൂ.ഭാ. എന്റെ മകനേ നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക. ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക. അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക. അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്. പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്, നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും. കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും. വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും. ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും, ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു, അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്. ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും, അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു. അവളുടെ ഭവനം മരണത്തിലേക്കും അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു. അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല, ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല. ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം. കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും; എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും, വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും. ജ്ഞാനത്തിന്റെ അധിക സത്ഫലങ്ങൾ എന്റെ കുഞ്ഞേ,3:1 മൂ.ഭാ. എന്റെ മകനേ; വാ. 11, 21 കാണുക. എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക, അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും. ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും. പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്; നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.3:6 അഥവാ, നിന്നെ വഴിനടത്തും സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക. ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും. നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ; അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും. എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്, കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.3:12 എബ്രാ. 12:6 ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ, കാരണം അവൾ3:14 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്. അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു. അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു. അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും. ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു; അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു. എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ; കാരണം അവ നിനക്കു ജീവനും, നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ. അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, നിന്റെ കാലടികൾ ഇടറുകയുമില്ല. കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്, കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും. നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്. നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്. നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്. നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, യാതൊരുകാരണവശാലും കലഹിക്കരുത്. അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്. വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു. ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു. പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.3:34 യാക്കോ. 4:6; 1 പത്രോ. 5:5 ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും. ജ്ഞാനം സർവോന്നതം എന്റെ കുഞ്ഞുങ്ങളേ,4:1 മൂ.ഭാ. എന്റെ മകനേ; വാ. 10, 20 കാണുക പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക. കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്. ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു. എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും. ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്. ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും. ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും4:7 അഥവാ, മറ്റുള്ളതെന്തു ചെയ്താലും അറിവ് സമ്പാദിക്കുക. അവളെ4:8 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും. അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.” എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും. ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു. നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല. ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ. ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്. അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക. കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു, അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു. നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും. എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല. എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക. അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക; കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു. എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്. വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക. നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക. നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക4:26 അഥവാ, ആലോചന നൽകുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ. വ്യഭിചാരത്തിനെതിരേ മുന്നറിയിപ്പ് എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക, അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ. വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു; എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു. അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു. ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല; അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല. അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്. നീ അവളിൽനിന്നും അകന്നിരിക്കുക, അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്, നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക5:9 അഥവാ, അങ്ങനെചെയ്താൽ നിനക്ക് നിന്റെ മാന്യത നഷ്ടമാകും. നിന്റെ കുലീനത5:9 മൂ.ഭാ. സംവത്സരങ്ങൾ ക്രൂരരായവർക്ക് അടിയറവുവെക്കരുത്, അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ. നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും, നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ. അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു! എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു! ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല. ദൈവജനത്തിന്റെ സഭാമധ്യേ ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.” നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.5:15 അതായത്, നിന്റെ പ്രിയപത്നിയുടെ സ്നേഹംമാത്രം പങ്കിടുക. നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?5:16 അതായത്, ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമോ? അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല. നിന്റെ ജലധാര അനുഗൃഹീതമാകട്ടെ, നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക. അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം— അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ, അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ. എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്? ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്? ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്, അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു. ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു; അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു. സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു, മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു. മടയരാകാതിരിക്കുക എന്റെ കുഞ്ഞേ,6:1 മൂ.ഭാ. എന്റെ മകനേ നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു. എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക,6:3 അഥവാ, പോയി നിന്നെത്തന്നെ വിനീതമാക്കുക. (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്! നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്. കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക. ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക! അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല, എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു. കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്? ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം, അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും. വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു, അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു, അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു. അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു. യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു: അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ, ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ, നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ. വ്യഭിചാരത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക. നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും. കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ, അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും. അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത് അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്. എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും, എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു. ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ? ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ? അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല. പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല. പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ. എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു. മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം, അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല. അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല. ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല. വ്യഭിചാരിണിയായ സ്ത്രീക്കുള്ള മുന്നറിയിപ്പ് എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക. അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക. അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും. എന്റെ വീടിന്റെ ജനാലയ്ക്കരികിൽ അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി. യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, ഒരു ലളിതമാനസനെ ഞാൻ കണ്ടു, ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ. അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു, അന്തിമയക്കത്തിൽ പ്രകാശം മങ്ങി, രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്. അപ്പോൾ കുടിലചിത്തയായ ഒരുവൾ വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു. അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്; അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു. അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു ലജ്ജാരഹിതയായി അവനോടു പറഞ്ഞു: “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു. അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു! ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ. മീറ,7:17 അതായത്, നറുമ്പശ ചന്ദനം, ലവംഗം എന്നിവകൊണ്ട് എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു. വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം! എന്റെ ഭർത്താവ് ഭവനത്തിലില്ല; അയാൾ ദൂരയാത്ര പോയിരിക്കുകയാണ്. അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.” മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു. ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു7:22 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പായുന്ന മാനിനെപ്പോലെ,7:22 മൂ.ഭാ. ഭോഷരെപ്പോലെ അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല. അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക. നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്. അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്. അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു. ജ്ഞാനത്തിന്റെ വിളംബരം ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ? വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു; നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു: “അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു. ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക. ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു. എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്. എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല. വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും. എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക, ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. “ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വിവേചനശക്തിയും എന്റെ അധീനതയിലുണ്ട്. അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; അഹന്തയും അഹങ്കാരവും ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു. ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു; ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും നാടുവാഴികളും ഭരണം നിർവഹിക്കുന്നത്.8:16 ചി.കൈ.പ്ര. നീതിനിഷ്ഠരായ ഭരണാധികാരികൾ എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം. എന്റെ അധീനതയിൽ ധനവും ബഹുമാനവും, അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്. എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും. ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു, അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും. “യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ; പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ. സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ; പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ. അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും, അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും, ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും, ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു, അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു. “അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ,8:32 മൂ.ഭാ. എന്റെ മകനേ എന്നെ ശ്രദ്ധിക്കുക; എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ. എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്. എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ. എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു. എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.” ജ്ഞാനവും അവിവേകവും ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു. അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.” പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും. പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും. ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും. യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു. ജ്ഞാനംമൂലം9:11 മൂ.ഭാ. ഞാൻ നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും. നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും. ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്. അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ, സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന9:15 മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു, “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു, “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!” എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല. ശലോമോന്റെ സുഭാഷിതങ്ങൾ ശലോമോന്റെ സുഭാഷിതങ്ങൾ: ജ്ഞാനമുള്ള മക്കൾ10:1 മൂ.ഭാ. മകൻ അവരുടെ പിതാവിന് ആനന്ദമേകുന്നു, ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു. അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല, എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു. നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല, ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു. അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും, എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു. വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു, എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു. അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക്10:7 ഉൽ. 48:20 ഉപയുക്തമാകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും. ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും. സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും, കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും. ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു. നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്, എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു. വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു, എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു, എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്. ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു, എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്, എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്. നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം, എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും. ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു. വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്. വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും. നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു, എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു. യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു, അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല.10:22 അഥവാ, കഠിനാധ്വാനംകൊണ്ട് അതിനോട് ഒന്നും കൂട്ടാൻ കഴിയുന്നില്ല. ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം, എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും; നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും. വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും, എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും. തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ പല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു, എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും. നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം. യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം. നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല. നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു, എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും. നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു, എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം. കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും. അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു. നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു. സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു. നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും. സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു. ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു. നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു. അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും. നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു. സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു. അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു. മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു. അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും, ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും. ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു. ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു. ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു, എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു. നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും, എന്നാൽ അധർമം പിൻതുടരുന്നവർ മരണത്തെ പുൽകുന്നു. യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു, എന്നാൽ നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവരിൽ അവിടന്ന് ആനന്ദിക്കുന്നു. ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം, എന്നാൽ നീതിനിഷ്ഠരുടെ സന്തതി സ്വതന്ത്രരാക്കപ്പെടും. വിവേചനശക്തിയില്ലാത്ത സുന്ദരി, പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ. നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു, എന്നാൽ ദുഷ്ടരുടെ പ്രതീക്ഷ ന്യായവിധിമാത്രം. ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു. ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.11:25 മൂ.ഭാ. വെള്ളം നൽകുന്നവർക്ക് വെള്ളം ലഭിക്കും. ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും, എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും. ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും, തിന്മ തേടുന്നവർ അതുതന്നെ കണ്ടെത്തും. സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും, എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും. സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും, എന്നാൽ ഭോഷർ ജ്ഞാനിക്കു ദാസ്യവൃത്തിചെയ്യും. നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ11:30 അഥവാ, ആത്മാക്കളെ നേടുന്നു. ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ, അഭക്തർക്കും പാപികൾക്കും എത്രമടങ്ങായിരിക്കും!11:31 1 പത്രോ. 4:18 ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്. നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും, ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു. ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല, എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല. ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും. നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം, എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം. ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു. ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും, എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു. ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും. സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ് അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ. നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്, എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്. സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്. നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു. ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു. തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു. ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു. വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്. നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു. സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല,12:27 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്. ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല. തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അക്രമങ്ങളിൽ ആസക്തരാണ്. തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു. അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല, എന്നാൽ സ്ഥിരോത്സാഹിയുടെ ആഗ്രഹങ്ങൾക്കു പരിപൂർണതൃപ്തിവരുന്നു. നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു, എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി സ്വയം അപമാനം വിളിച്ചുവരുത്തുന്നു. നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു. ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു, മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു. ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം, എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല. നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു, എന്നാൽ ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുന്നു. എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്, എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്. കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും, എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും. സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്. ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും, എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും. ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു13:15 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. നയിക്കുന്നു. വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു. ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു. ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും. അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു. ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും! അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു. നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു. ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു. വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു, എന്നാൽ ദുഷ്ടരുടെ ഉദരത്തിൽ വിശപ്പിനു ശമനംവരികയില്ല. ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു. യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു. ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു. കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു. ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല. വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു. ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ14:9 ചി.കൈ.പ്ര. പാപത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു. ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും. ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു. ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്. ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു. ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു. ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; നീചർ നീതിനിഷ്ഠരുടെ കവാടത്തിലും. ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു, എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്. ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്, ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ. തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ? എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു. എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും, എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു. ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം, എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു. സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു, എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു. യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും. യഹോവാഭക്തി ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു. ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു. ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്, എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു. പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്. ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു, അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു. ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്. വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു.14:33 ചി.കൈ.പ്ര. എന്നാൽ ഭോഷരുടെ ഹൃദയം അവളെ അറിയുകപോലുമില്ല. നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം. ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്, എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു. സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു. ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു. യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു. സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു. ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ. നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു. ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല. ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം. ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു. നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും. മരണവും പാതാളവും15:11 മൂ.ഭാ. ഷിയോലും അബദ്ദോനും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു! പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു. സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു. വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ. പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു. യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്. സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം. ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു. അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്. ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു. വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു. ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും. ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം! വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും. അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും. ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം. അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും. ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു. യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു. പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു. ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു. ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്. യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്. ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു. മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും. യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും. അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം. സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു. ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു. നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്. മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു. രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല. കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്. ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്. സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു. രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും. പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്. ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം! നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു. അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ. പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്. ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ. ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും. വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു. വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും. ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും. വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു. വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു. ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു. കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു. നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു. പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ. തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു. സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്. വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും. തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു. ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു; കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു. ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു; അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്. അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല— വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും! കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു. അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു, എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു. ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു. അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു; അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും. കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്, ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്. നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്, തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല. കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്; അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക. കുറ്റവാളിയെ മോചിപ്പിക്കുന്നതും നിരപരാധിക്ക് ശിക്ഷവിധിക്കുന്നതും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു. ജ്ഞാനം സമ്പാദിക്കാൻ ആഗ്രഹമില്ലാത്ത ഭോഷരുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കുന്നതു എന്തു ഭോഷത്തം? ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്, ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്. ബുദ്ധിഹീനർ ജാമ്യക്കരാറിൽ കൈയൊപ്പുചാർത്തുകയും അയൽവാസിയുടെ ബാധ്യത ഏൽക്കുകയും ചെയ്യുന്നു. കലഹപ്രിയർ പാപത്തെ പ്രണയിക്കുന്നു; ഉയർന്ന മതിൽ നിർമിക്കുന്നവർ നാശം ക്ഷണിച്ചുവരുത്തുന്നു. വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല, വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും. മാതാപിതാക്കൾക്ക് ഭോഷരായ മക്കൾ ഉണ്ടായിരിക്കുന്നതു വേദനാജനകം; ഭോഷരുടെ മാതാപിതാക്കൾക്ക് ആനന്ദം അന്യമായിരിക്കും. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം, എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു. ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു. വിവേകികൾ തങ്ങളുടെ ദൃഷ്ടി ജ്ഞാനത്തിൽ ഉറപ്പിക്കുന്നു, എന്നാൽ ഭോഷരുടെ കണ്ണുകൾ ഭൂമിയുടെ അതിർത്തികളിൽ അലയുന്നു. ഭോഷരായ മക്കൾ17:25 മൂ.ഭാ. ഭോഷനായ മകൻ അവരുടെ പിതാവിനു സങ്കടവും തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു. നിഷ്കളങ്കർക്കു പിഴ കൽപ്പിക്കുന്നത് ഉചിതമല്ല, സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ പ്രഹരിക്കുന്നതും യുക്തമല്ല. പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു, വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു. നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും. കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു. ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്. ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു. ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും. ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല. ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു. ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു. യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു. അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു. കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു. ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും? വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു, ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു. ദാനം ദാതാവിനു വഴിതുറക്കുകയും അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു. എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും. നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം; തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും. ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു. മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും. ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു. ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു. അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും, എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്. വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ. പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു. ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു. സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു. കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല. ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു. ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.19:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും. കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും. ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം! ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു. രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും. ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും. വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം. അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു. കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും. ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും. പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്. ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും. ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും. മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു. ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്. യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും. അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല! ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും. സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും. എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും. അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു. പരിഹാസിക്കു ന്യായവിധിയും ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല. രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു. കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു. അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല. ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു. തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും? നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും. ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു. “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും? വ്യാജ അളവും വ്യാജ തൂക്കവും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു. തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു. കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി. ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും. “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു. സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം. അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക. വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും. ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്. കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്. നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും. തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല. “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും. വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല. മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും? ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്. ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു. യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ20:27 അഥവാ, ഒരു വ്യക്തിയുടെ വാക്കുകൾ ആരാഞ്ഞറിയുന്നു അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു. സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു. ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, നരച്ചതല വൃദ്ധർക്കു ഗാംഭീര്യം. ക്ഷതവും മുറിവും തിന്മയെ20:30 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉരച്ചുകഴുകുന്നു, പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു. രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്; തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു. ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു, എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു. ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം. അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും— ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു. ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു, ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം. വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്. ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും, കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല. അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്, എന്നാൽ നിഷ്കളങ്കരുടെ പ്രവർത്തനമോ, നേരുള്ളത്. കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്. ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു; അവരുടെ അയൽവാസിക്ക് അവരിൽനിന്നു യാതൊരുവിധ കരുണയും ലഭിക്കുന്നില്ല. പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു; ജ്ഞാനിയെ ഉപദേശിക്കുക, അവർ പരിജ്ഞാനം ആർജിക്കുന്നു. നീതിമാനായവൻ21:12 നീതിമാനായവൻ, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും ദുഷ്ടരെ ദുരന്തത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു. ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ രോദനത്തിനും ഉത്തരം ലഭിക്കുകയില്ല. രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും. നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും. വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു. സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും; വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല. ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; വഞ്ചകർ പരമാർഥിക്കും. കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം. ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു. നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും21:21 അഥവാ, അഭിവൃദ്ധിയും ബഹുമാനവും കണ്ടെത്തും. ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും. സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു. അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— മഹാഗർവത്തോടെ പെരുമാറുന്നു. അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു. ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു. ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം! കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും. ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു. യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല. യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു. സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം. സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും. ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു. കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല. ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്. ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച22:8 മൂ.ഭാ. കോപത്തിന്റെ ദണ്ഡ് അവസാനിക്കും. ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു. പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും. ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും. പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു. അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!” വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;22:14 മൂ.ഭാ. ആഴമുള്ള കുഴി യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു. മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു. സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും. ജ്ഞാനിയുടെ സൂക്തങ്ങൾ ഒന്നാംസൂക്തം ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക, കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു. ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ, നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്. രണ്ടാംസൂക്തം ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്, കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും. മൂന്നാംസൂക്തം ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്. അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും. നാലാംസൂക്തം മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്; അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും. അഞ്ചാംസൂക്തം നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്. ആറാംസൂക്തം തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും. ഏഴാംസൂക്തം ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക, നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക. അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്, കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്. എട്ടാംസൂക്തം സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്; തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം. ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും, അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും. ഒൻപതാംസൂക്തം അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്, അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്; കാരണം അവരെപ്പോഴും അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്. “ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും, എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല. ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും. പത്താംസൂക്തം ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്, കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും. പതിനൊന്നാംസൂക്തം പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്, കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും. പന്ത്രണ്ടാംസൂക്തം നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക. പതിമ്മൂന്നാംസൂക്തം മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്; വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല. അവരെ വടികൊണ്ട് ശിക്ഷിക്കുക, അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക. പതിനാലാംസൂക്തം എന്റെ കുഞ്ഞേ,23:15 മൂ.ഭാ. എന്റെ മകനേ; വാ. 19 കാണുക. നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ, എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും; നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും. പതിനഞ്ചാംസൂക്തം നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക. നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല. പതിനാറാംസൂക്തം എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക: അമിതമായി മദ്യം കുടിക്കുന്നവരുടെയോ മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്, കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും; മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും. പതിനേഴാംസൂക്തം നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്. സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്; ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക. നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്; ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും. നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ. പതിനെട്ടാംസൂക്തം എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ, വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;23:27 മൂ.ഭാ. ആഴമുള്ള കുഴി ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.23:27 മൂ.ഭാ. ഇടുങ്ങിയ കിണർ കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു. പത്തൊൻപതാംസൂക്തം ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം? ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി? ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്? മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ. വീഞ്ഞു ചെമന്നിരിക്കുമ്പോഴും ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്. ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും. നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും. “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും. ഇരുപതാംസൂക്തം ദുഷ്ടരോടു നീ അസൂയപ്പെടരുത്, അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്; കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു, അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു. ഇരുപത്തിയൊന്നാംസൂക്തം ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു, വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു. അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു; അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ. ഇരുപത്തിരണ്ടാംസൂക്തം ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്, പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു. യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു. ഇരുപത്തിമൂന്നാംസൂക്തം ജ്ഞാനം ഭോഷർക്ക് അപ്രാപ്യം; പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു. ഇരുപത്തിനാലാംസൂക്തം ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും. ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം, പരിഹാസിയെ ജനം വെറുക്കുന്നു. ഇരുപത്തിയഞ്ചാംസൂക്തം ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ, നിങ്ങളുടെ ശക്തി എത്രയോ പരിമിതം! അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക. “ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ, ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ? നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ? അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ? ഇരുപത്തിയാറാംസൂക്തം എന്റെ കുഞ്ഞേ,24:13 മൂ.ഭാ. എന്റെ മകനേ; വാ. 21 കാണുക. തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്. അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക: അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല. ഇരുപത്തിയേഴാംസൂക്തം നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്, അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്; കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു. ഇരുപത്തിയെട്ടാംസൂക്തം നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്, അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും. ഇരുപത്തിഒൻപതാംസൂക്തം ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ നീചരായവരോട് അസൂയപ്പെടുകയോ അരുത്, കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല, ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും. മുപ്പതാംസൂക്തം എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക, മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്, കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം? ജ്ഞാനിയുടെ സൂക്തങ്ങൾ തുടരുന്നു ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്: വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല: ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും. എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും, അനവധി അനുഗ്രഹങ്ങൾ വന്നുചേരും. സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.24:26 മൂ.ഭാ. ചുണ്ടിൽ നൽകുന്ന ചുംബനംപോലെ വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക. മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്— നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്. “അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും; അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്. ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി; അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു, നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു, അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു. ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി, ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു: ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം, ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം; അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും. ശലോമോന്റെ മറ്റുള്ള സുഭാഷിതങ്ങൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ആളുകൾ സമാഹരിച്ച ശലോമോന്റെ മറ്റുള്ള സുഭാഷിതങ്ങളാണിവ: വസ്തുതകൾ നിഗൂഢതയിൽ സൂക്ഷിക്കുക എന്നതു ദൈവത്തിന്റെ മഹത്ത്വം; വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുക എന്നതു രാജാവിന്റെ മഹത്ത്വം. ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്. വെള്ളിയിൽനിന്ന് കീടം നീക്കംചെയ്യുക, അപ്പോൾ വെള്ളിപ്പണിക്കാർക്കു പാത്രം നിർമിക്കാൻ കഴിയുന്നു; രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും. രാജസന്നിധിയിൽ നിങ്ങളെത്തന്നെ പുകഴ്ത്തരുത്, അവിടത്തെ ഉന്നതർക്കിടയിൽ ഒരു സ്ഥാനം അവകാശപ്പെടരുത്; പ്രഭുക്കന്മാർക്കിടയിൽ അവഹേളിക്കപ്പെടുന്നതിനെക്കാൾ, “ഇവിടെ കയറിവരിക,” എന്നു രാജാവ് നിങ്ങളോടു കൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ ചില വസ്തുതകൾ കണ്ടു എന്ന കാരണത്താൽ തിടുക്കത്തിൽ കോടതിവ്യവഹാരത്തിനു കൊണ്ടുവരരുത്, നിങ്ങളുടെ അയൽവാസി നിങ്ങളെ അപമാനപ്പെടുത്തിയാൽ അവസാനം നിങ്ങൾ എന്തുചെയ്യും? അയൽവാസിയുമായി നിങ്ങൾക്കുള്ള തർക്കം ഉന്നയിക്കുന്നതിനിടയിൽ, മറ്റൊരാളുടെ രഹസ്യം ഒറ്റുകൊടുക്കരുത്, അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല. തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.25:11 അഥവാ, അത്തിപ്പഴംപോലെയാണ് ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്. വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്; അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു. താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്. ദീർഘക്ഷമയാൽ ഭരണാധികാരിയെപ്പോലും അനുനയിപ്പിക്കാൻ കഴിയും, മൃദുഭാഷണം അസ്ഥിയെപ്പോലും ഭേദിക്കും. നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും. വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും. തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്. ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്. വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്. നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ25:22 കൽക്കരിക്കനൽ, വിവക്ഷിക്കുന്നത് അപമാനത്തിന്റെ കനൽ. കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും. വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു. കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്. ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്. ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു. അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല. ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്. വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല. പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല. കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി! ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും. ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ, അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക. ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്. മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്. മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ് ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ. നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ, ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും. സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്. അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!” ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്. വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു. താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്. അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ; മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം. വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും. കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്. ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു. അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും. ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും. വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു. നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ. കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്. കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും? മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു. ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്. വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു. നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്. എന്റെ കുഞ്ഞേ,27:11 മൂ.ഭാ. എന്റെ മകനേ നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക; പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക. അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ, അതൊരു ശാപമായി പരിഗണിക്കപ്പെടും. കലഹപ്രിയയായ ഭാര്യ പെരുമഴയത്തു ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്; അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്. ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു. അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു, തങ്ങളുടെ യജമാനനെ സംരക്ഷിക്കുന്നവർ ബഹുമാനിക്കപ്പെടും. വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ, ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല, അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും. തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു. ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ, ഭോഷരെ ഇടിച്ചാലും അവരുടെ ഭോഷത്തം അവരിൽനിന്നകറ്റുക അസാധ്യം. നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക, നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക; കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല, കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല. ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു, ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും. നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും. ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു. ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു. അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്. നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു. ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു. വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം. വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം. ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു. ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്. നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും. താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു. നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം; എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു. തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും. എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും. നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും. സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു. കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ. നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും. സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും. വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല. പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും. ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല. മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു. മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്. അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും. ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും. നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു. ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും. നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു. ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു. ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു. തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു. ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു. നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല. പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു. ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല. രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു. ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു. ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും. ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു. രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും. വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു. ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും. നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും. ദൈവിക നിർദേശങ്ങൾ29:18 മൂ.ഭാ. ദർശനം ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ. കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല. ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്. ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും. കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു. അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു. മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല. മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും. ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്. നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു. ആഗൂരിന്റെ സൂക്തങ്ങൾ യാക്കേയുടെ30:1 മസ്സായിൽനിന്നുള്ള വ്യക്തിയാണ് യാക്കേ. പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: “ഈഥിയേലിനോടും ഉകാലിനോടുംതന്നെ.30:1 എബ്രായഭാഷയിൽ, മറ്റൊരു രീതിയിലുള്ള വാക്കുകളുടെ വിഭജനം: ദൈവമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു, അതിജീവനം ദുഷ്കരമായിരിക്കുന്നു. ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ സാമാന്യബോധം എനിക്കില്ല. ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല. സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? പറയൂ, നിനക്കറിയുമെങ്കിൽ! “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച. അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും. “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ. കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ. അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും. “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും. “സ്വന്തം പിതാവിനെ ശപിക്കുകയും മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട് അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്; ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു, അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു; ആ തലമുറയുടെ പല്ലുകൾ വാളുകളും അണപ്പല്ലുകൾ കത്തികളുമാണ്, ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്. “കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്. ‘തരിക! തരിക!’ അവർ കരയുന്നു. “ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്, ‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്: പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ. “പിതാവിനെ പരിഹസിക്കുകയും മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്, താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും. “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്: ആകാശത്ത് കഴുകന്റെ വഴി, പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ. “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നുകയും30:20 അഥവാ, ഒരു പുരുഷനെ വലയിലാക്കിയിട്ട് വായ് കഴുകുകയും ചെയ്തിട്ട്, ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു. “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു, അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്: സേവകരിലൊരാൾ രാജാവാകുക, സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ, നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്, യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ. “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്, എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്: ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ, എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു; അശക്തരായ ജീവികളാണ് കുഴിമുയൽ, എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു; വെട്ടുക്കിളികൾക്കു രാജാവില്ല, എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു; ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം, എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു. “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്, നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു: യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം, അഹന്തയോടെ നടക്കുന്ന പൂങ്കോഴി, കോലാട്ടുകൊറ്റൻ, സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ്30:31 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. എന്നിവർതന്നെ. “നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വായ് പൊത്തിക്കൊൾക! പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു, മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു, അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.” ലെമുവേൽ രാജസൂക്തങ്ങൾ ലെമുവേൽ രാജാവിന്റെ31:1 അഥവാ, മസ്സായിലെ രാജാവായ ലെമുവേൽ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ. എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ. നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്. ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, സുരാപാനം രാജാക്കന്മാർക്കനുചിതം, മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല, അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ. നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ! അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ. സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക, അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ. ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക; ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക. പരിസമാപ്തി: കുലീനത്വമുള്ള ഭാര്യയുടെ ഗുണമഹിമകൾ 31:10 വാ. 10–31, ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ ക്രമമനുസരിച്ചുള്ള ഓരോ അക്ഷരത്തിൽ ആരംഭിക്കുന്നു. ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം. അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു അവന് മൂല്യവത്തായ ഒന്നിനും കുറവില്ല. അവളുടെ ജീവിതകാലമെല്ലാം അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു. അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച് ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു. അവൾ വ്യാപാരക്കപ്പൽപോലെയാണ് വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു. ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു അവളുടെ കുടുംബത്തിനു ഭക്ഷണവും വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു. അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു; അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു. അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു; അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം. തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു, അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല. തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്. അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു. ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു. അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു. നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്, ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു. അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു. അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു; അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു. അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു, അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്. തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല. അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു: “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്, എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.” വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്; എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും. അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക, അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ.