- Biblica® Open Malayalam Contemporary Version 2020
ഫിലിപ്പിയർ
ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
ഫിലിപ്പിയർ
ഫിലി.
ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും തിമോത്തിയോസും,
ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ച ഫിലിപ്പിയ സഭയിലെ1:1 മൂ.ഭാ. ഈ വാക്ക് കാണുന്നില്ല. അധ്യക്ഷന്മാരും ശുശ്രൂഷകരും ഉൾപ്പെടെ എല്ലാ വിശുദ്ധർക്കും, എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
സ്തോത്രാർപ്പണവും പ്രാർഥനയും
നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു. നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.
എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്.1:7 മൂ.ഭാ. എന്റെ ഹൃദയത്തിലുണ്ട് ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ. ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.
ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.
പൗലോസിന്റെ ബന്ധനം സുവിശേഷാഭിവൃദ്ധിക്ക്
സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു. അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്. സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു. മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു.
അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും, കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു. ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും! ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല! ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്. അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.
സുവിശേഷത്തിനു യോഗ്യമായ ജീവിതം
ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോഴും1:27 മൂ.ഭാ. ഞാൻ വന്നു നിങ്ങളെ നേരിട്ടു കണ്ടാലും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്കു കേൾക്കാൻ കഴിയും. നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്കു പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്നു ലഭിച്ചതാണ്. ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു. എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ക്രിസ്തുവിന്റെ താഴ്മ അനുകരിക്കുക
ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
പ്രകൃത്യാതന്നെ ദൈവമായിരിക്കെ,2:6 അഥവാ, ദൈവരൂപത്തിലിരിക്കെ
ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,
ദാസവേഷം ധരിച്ച്,
മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,
മരണംവരെ;
അതേ, ക്രൂശുമരണംവരെ,
അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,
എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.
തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും
യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും
എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.
ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുക
അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ2:12 മൂ.ഭാ. ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.
എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ”2:15 [ആവ. 32:5] ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം. നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും2:17 വീഞ്ഞ് യാഗപീഠത്തിന്മേൽ അർപ്പിക്കപ്പെടുന്നതുപോലെ തന്റെ ജീവൻ ഒരു യാഗമായി അർപ്പിക്കേണ്ടിവന്നാലും. ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും. ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക.
തിമോത്തിയോസും എപ്പഫ്രൊദിത്തൊസും
കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും. നിങ്ങളുടെ കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുന്നതിൽ, എന്റെ സമാനചിന്താഗതിയുള്ള മറ്റാരും എനിക്കില്ല. കാരണം, എല്ലാവരും സ്വന്തം താത്പര്യങ്ങൾ അല്ലാതെ യേശുക്രിസ്തുവിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നതേയില്ല. എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്. എനിക്ക് എന്തു സംഭവിക്കും എന്ന് അറിഞ്ഞാൽ ഉടൻതന്നെ അവനെ അങ്ങോട്ട് അയയ്ക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എത്രയുംവേഗം ഞാനും നിങ്ങളുടെ അടുക്കൽ വരുമെന്ന് കർത്താവിൽനിന്ന് എനിക്കുറപ്പുണ്ട്.
എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം. നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു. വാസ്തവത്തിൽ അയാൾ രോഗിയും മരിക്കാറായവനും ആയിരുന്നു. എന്നാൽ, ദൈവം അയാളോടു കരുണ കാണിച്ചു. അയാളോടുമാത്രമല്ല, എനിക്കു ദുഃഖത്തിനുമേൽ ദുഃഖം വരാതിരിക്കേണ്ടതിന് എന്നോടും കരുണചെയ്തു. നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു. ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ2:29 മൂ.ഭാ. കർത്താവിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക. ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.
സ്വപരിശ്രമത്തിൽ ആശ്രയിക്കുന്നില്ല
എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്. നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക. മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ. മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്.
ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ, ക്രിസ്തുവിൽ വിശ്വസിച്ചവരെ3:6 മൂ.ഭാ. സഭയെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.
ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി. തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു. ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്. ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്.
ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്. സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.
പൗലോസിന്റെ മാതൃക അനുകരിക്കുക
ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം.
സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക;3:17 എന്നെപ്പോലെ ഒരു ക്രിസ്തു അനുകാരിയാകുക എന്നു വിവക്ഷ. ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക. ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്.3:18 ക്രിസ്തുവിന്റെ ക്രൂശുമരണം നിഷ്ഫലമെന്നു പഠിപ്പിക്കുന്ന അനേകരുണ്ട് എന്നു വിവക്ഷ. അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും3:19 മൂ.ഭാ. അവരുടെ ദൈവം വയറ് ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്. എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
പ്രബോധനങ്ങൾ
അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക.
യുവോദ്യയോടും ഞാൻ അപേക്ഷിക്കുന്നു, സുന്തുക്കയോടും അപേക്ഷിക്കുന്നു: നിങ്ങൾ കർത്താവിൽ ഏകഭാവമുള്ളവർ ആയിരിക്കുക. ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്.
അവസാന പ്രബോധനങ്ങൾ
കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.
ദാനങ്ങൾക്കു നന്ദി
വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല. എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.
എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ. മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ4:15 മൂ.ഭാ. കൊടുക്കൽവാങ്ങലുകളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു. സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്. എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു. എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.
നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
അന്തിമ അഭിവാദനങ്ങൾ
എല്ലാവിശുദ്ധരെയും ക്രിസ്തുയേശുവിൽ അഭിവാദനംചെയ്യുക.
എന്നോടൊപ്പമുള്ള സഹോദരങ്ങൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.
വിശുദ്ധർ എല്ലാവരും, വിശിഷ്യ കൈസറുടെ4:22 അതായത്, റോമാ ചക്രവർത്തി അരമനയിലുള്ളവരും നിങ്ങൾക്കു വന്ദനം അറിയിക്കുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ4:23 അതായത്, നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.4:23 ചി.കൈ.പ്ര. ആമേൻ എന്ന പദം കാണുന്നില്ല.