- Biblica® Open Malayalam Contemporary Version 2020
സംഖ്യ
സംഖ്യാപുസ്തകം
സംഖ്യ
സംഖ്യ.
സംഖ്യാപുസ്തകം
ജനസംഖ്യാഗണനം
സീനായിമരുഭൂമിയിൽ സമാഗമകൂടാരത്തിൽ യഹോവ മോശയോട് സംസാരിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്നും പുറപ്പെട്ടതിന്റെ രണ്ടാംവർഷം രണ്ടാംമാസം ഒന്നാംതീയതി1:1 ചന്ദ്രവർഷമനുസരിച്ചുള്ള എബ്രായമാസമാണ്; ഇന്നത്തെ ഏപ്രിൽ, മേയ് മാസങ്ങളിലാണിത്. ആയിരുന്നു അത്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “ഇസ്രായേൽസമൂഹത്തെയെല്ലാം പിതൃഭവനം തിരിച്ചും കുടുംബം തിരിച്ചും സകലപുരുഷന്മാരുടെയും പേര് പട്ടികയിൽപ്പെടുത്തി ഒരു ജനസംഖ്യയെടുക്കണം. സൈന്യസേവനം ചെയ്യാൻ പ്രാപ്തിയുള്ളവരായ ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായ ഇസ്രായേൽപുരുഷന്മാരെ നീയും അഹരോനും ഗണംഗണമായി എണ്ണണം. ഓരോ ഗോത്രത്തിൽനിന്നും ഓരോ പിതൃഭവനത്തലവൻ നിങ്ങളെ സഹായിക്കട്ടെ.
“നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്:
“രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;
ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ പുത്രൻ ശെലൂമിയേൽ
യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ പുത്രൻ നഹശോൻ;
യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ പുത്രൻ നെഥനയേൽ;
സെബൂലൂൻഗോത്രത്തിൽ ഹേലോന്റെ പുത്രൻ എലീയാബ്;
യോസേഫിന്റെ പുത്രന്മാരിൽ:
എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ പുത്രൻ എലീശാമ;
മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ പുത്രൻ ഗമാലിയേൽ;
ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ പുത്രൻ അബീദാൻ;
ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസെർ;
ആശേർഗോത്രത്തിൽ ഒക്രാന്റെ പുത്രൻ പഗീയേൽ;
ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ പുത്രൻ എലീയാസാഫ്;
നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”
ഇവരായിരുന്നു ഇസ്രായേൽസമൂഹത്തിൽനിന്നും നിയമിതരായ പിതൃഭവനത്തലവന്മാർ. ഇവർ ഇസ്രായേലിൽ സഹസ്രങ്ങൾക്ക് അധിപതിമാരായിരുന്നു.
നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും കൂട്ടിവരുത്തി. തുടർന്ന് അവർ രണ്ടാംമാസം ഒന്നാംതീയതി സകല ഇസ്രായേൽസമൂഹത്തെയും വിളിച്ചുവരുത്തി. ജനങ്ങൾ ഗോത്രങ്ങളായും കുടുംബങ്ങളായും തങ്ങളുടെ വംശവിവരം അറിയിക്കുകയും ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള പുരുഷന്മാരുടെ ഓരോരുത്തരുടെയും പേര് പട്ടികയിൽ ചേർക്കുകയും ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി:
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ.
ശിമെയോന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ.
ഗാദിന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ.
യെഹൂദയുടെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ 74,600 പേർ.
യിസ്സാഖാറിന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ.
സെബൂലൂന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ.
യോസേഫിന്റെ മക്കളിൽ:
എഫ്രയീമിന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ.
മനശ്ശെയുടെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. മനശ്ശെ ഗോത്രത്തിൽനിന്ന് ഉള്ളവർ 32,200 പേർ.
ബെന്യാമീന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ.
ദാന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. ദാൻഗോത്രത്തിൽനിന്ന് ഉള്ളവർ 62,700 പേർ.
ആശേരിന്റെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ.
നഫ്താലിയുടെ ഗോത്രത്തിൽനിന്നും:
വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു. നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ.
മോശയും അഹരോനും പിതൃഭവനത്തലവന്മാരായ പന്ത്രണ്ട് ഇസ്രായേൽ പ്രഭുക്കന്മാരുംകൂടി തങ്ങളുടെ ഗോത്രങ്ങളിൽനിന്നും എണ്ണിയ പുരുഷന്മാർ ഇവരായിരുന്നു. ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള സകല ഇസ്രായേല്യരെയും അവരുടെ കുടുംബങ്ങളായി എണ്ണി. അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു.
ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല. യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു: “നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്. പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം. സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം. ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം. ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”
യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.
പാളയങ്ങളുടെ ക്രമീകരണം
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം.
അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.
യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.
അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.
യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം.
ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.
ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.
ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ2:14 ചി.കൈ.പ്ര. ഡെയൂവേൽ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.
രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.
പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം.
അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.
മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.
അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.
എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.
ദാൻഗണം വടക്ക്:
തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.
അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.
നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു. അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.
ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550. യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.
ലേവ്യർ
സീനായിമലയിൽ യഹോവ മോശയോടു സംസാരിച്ച കാലത്ത് അഹരോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു:
അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പൗരോഹിത്യശുശ്രൂഷചെയ്യാൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അഹരോന്റെ പുത്രന്മാരായ അഭിഷിക്തപുരോഹിതന്മാരുടെ പേരുകൾ ഇവതന്നെ. ഇവരിൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ച് യഹോവയുടെ തിരുമുമ്പാകെ അന്യാഗ്നി കൊണ്ടുവന്നതു നിമിത്തം അവിടെ വീണ് മരിച്ചുപോയിരുന്നു. അവർക്കു പുത്രന്മാരില്ലായിരുന്നു; അതുകൊണ്ട് എലെയാസാരും ഈഥാമാരുംമാത്രമാണ് തങ്ങളുടെ പിതാവായ അഹരോന്റെ കാലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തത്.
യഹോവ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോനെ സഹായിക്കുന്നതിനായി ലേവിഗോത്രത്തെ കൂട്ടിവരുത്തുക. അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം. സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം. ലേവ്യരെ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കുമായി ഏൽപ്പിച്ചുകൊടുക്കുക; അദ്ദേഹത്തിനു3:9 ചി.കൈ.പ്ര. എനിക്കു പരിപൂർണമായി ഏൽപ്പിക്കപ്പെടേണ്ട ഇസ്രായേല്യർ അവരാണ്. പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.”
യഹോവ മോശയോടു വീണ്ടും പറഞ്ഞു: “എല്ലാ ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതന്മാർക്കു പകരമായി ഇസ്രായേല്യരിൽനിന്ന് ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. ലേവ്യർ എനിക്കുള്ളവരാകുന്നു, കാരണം സകല ആദ്യജാതന്മാരും എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിലെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോൾ ഇസ്രായേലിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒക്കെയും എനിക്കായി വേർതിരിച്ചു. അവർ എനിക്കുള്ളവർ; ഞാൻ യഹോവ ആകുന്നു.”
യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു: “ലേവ്യരെ കുടുംബമായും പിതൃഭവനമായും എണ്ണണം. ഒരുമാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെയൊക്കെയും എണ്ണണം.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ അവരെ എണ്ണി.
ലേവിയുടെ മക്കളുടെ പേരുകൾ ഇവയായിരുന്നു:
ഗെർശോൻ, കെഹാത്ത്, മെരാരി.
കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ:
ലിബ്നി, ശിമെയി.
കുടുംബം കുടുംബമായി കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
കുടുംബം കുടുംബമായി മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.
പിതൃഭവനപ്രകാരം ലേവ്യകുടുംബങ്ങൾ ഇവയായിരുന്നു.
ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ.
ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500.
ഗെർശോന്യകുലങ്ങൾ പടിഞ്ഞാറുഭാഗത്ത് സമാഗമകൂടാരത്തിനു പിന്നിൽ പാളയമടിക്കണം.
ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു.
സമാഗമകൂടാരത്തിൽ ഗെർശോന്യർ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നത് സമാഗമകൂടാരം, തിരുനിവാസം, അതിന്റെ മൂടുവിരികൾ, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല, കൂടാരാങ്കണകവാടത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റി അങ്കണകവാടത്തിലുള്ള മറശ്ശീല, അതിന്റെ കയറുകൾ, അതിന്റെ ഉപയോഗത്തിനുള്ള എല്ലാ അനുബന്ധ ഉപകരണങ്ങൾ എന്നിവ ആയിരുന്നു.
അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നീ കുലങ്ങൾ കെഹാത്തിനുള്ളവയായിരുന്നു; ഇവയായിരുന്നു കെഹാത്യ പിതൃഭവനങ്ങൾ.
ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 8,600.3:28 ചില ഗ്രീക്കു പതിപ്പിൽ 8,300.
കെഹാത്യർക്കായിരുന്നു വിശുദ്ധമന്ദിരം സൂക്ഷിക്കുന്ന ചുമതല.
കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്.
കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിനു പ്രഭു ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ ആയിരുന്നു.
പേടകം, മേശ, വിളക്കുതണ്ട്, യാഗപീഠങ്ങൾ, ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, മറശ്ശീല എന്നിവയും അവയുടെ ഉപയോഗത്തോടു ബന്ധപ്പെട്ട സകലതും ഈ നാലു കുലങ്ങളുടെ ചുമതലയിലായിരുന്നു.
പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരായിരുന്നു ലേവ്യരുടെ പ്രധാന പ്രഭു. വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിനു ചുമതലപ്പെട്ടവരുടെ മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
മഹ്ലീയരുടെയും മൂശ്യരുടെയും കുടുംബങ്ങൾ മെരാരിയിൽനിന്നുള്ളവയായിരുന്നു; ഇവയായിരുന്നു മെരാര്യകുടുംബങ്ങൾ.
അവരിൽ ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങൾ 6,200.
മെരാര്യകുടുംബങ്ങളുടെ പ്രഭു അബീഹയീലിന്റെ പുത്രൻ സൂരിയേലായിരുന്നു.
സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്ത് അവർ പാളയമടിക്കണം.
സമാഗമകൂടാരത്തിന്റെ ചട്ടക്കൂടുകൾ, അതിന്റെ സാക്ഷകൾ, തൂണുകൾ, ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ സകലതും, കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്,3:38 അതായത്, മുൻവശത്തേക്ക് സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം.
ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ.
വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു.
യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും കുടുംബങ്ങൾ അനുസരിച്ച് എണ്ണിയ ലേവ്യർ, ഒരുമാസമോ അതിലധികമോ പ്രായമുള്ള സകല ആണുങ്ങളുടെയും എണ്ണം 22,000 ആയിരുന്നു.
യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: “ഒരുമാസവും അതിലധികവും പ്രായമുള്ളവരായ ഇസ്രായേല്യരിലെ ആദ്യജാതരായ ആണുങ്ങളെ എല്ലാവരെയും എണ്ണി അവരുടെ പേരുകളുടെ ഒരു പട്ടിക തയ്യാറാക്കുക. ഇസ്രായേല്യരിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളിലെ സകലകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ യഹോവ ആകുന്നു.”
അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ഇസ്രായേല്യരിലെ സകല ആദ്യജാതന്മാരെയും എണ്ണി. പട്ടികയിൽ പേരു ചേർത്ത ഒരുമാസമോ അതിലധികമോ പ്രായമുള്ള ആദ്യജാതരായ ആണുങ്ങൾ 22,273 ആയിരുന്നു.
യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: “ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും, അവരുടെ കന്നുകാലികൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക. ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. ഞാൻ യഹോവ ആകുന്നു. ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരിൽ ലേവ്യപുരുഷന്മാരുടെ സംഖ്യയെ കവിയുന്ന 273 പേരും, വീണ്ടെടുപ്പുവിലയായി, ആളാംപ്രതി അഞ്ചുശേക്കേൽ3:47 ഏക. 58 ഗ്രാം. വീതം വാങ്ങുക. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം, ശേക്കേൽ ഒന്നിന് ഇരുപതു ഗേരാവീതം വാങ്ങണം. ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇസ്രായേല്യരുടെ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും നൽകണം.”
അങ്ങനെ ലേവ്യരാൽ വീണ്ടെടുക്കപ്പെട്ടവരുടെ എണ്ണത്തെ കവിയുന്നവരിൽനിന്ന് വീണ്ടെടുപ്പുവില മോശ വാങ്ങി. ഇസ്രായേല്യരുടെ ആദ്യജാതന്മാരിൽനിന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 1,365 ശേക്കേൽ3:50 ഏക. 16 കി.ഗ്രാം. വെള്ളി അദ്ദേഹം വാങ്ങി. യഹോവയുടെ വചനത്താൽ തനിക്കു കൽപ്പന ലഭിച്ചതിൻപ്രകാരം മോശ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും കൊടുത്തു.
കെഹാത്യർ
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ലേവ്യാഗോത്രത്തിലെ കെഹാത്യരുടെ ജനസംഖ്യ പിതൃഭവനമായും കുടുംബമായും എടുക്കുക. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
“സമാഗമകൂടാരത്തിലെ അതിവിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയാണ് കെഹാത്യരുടെ ചുമതല. പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അകത്തുചെന്ന് മറശ്ശീല അഴിച്ചിറക്കി ഉടമ്പടിയുടെ പേടകം അതുകൊണ്ടു മൂടണം. പിന്നെ അവർ അതു തഹശുതുകൽകൊണ്ടു4:6 ജലത്തിൽ വസിക്കുന്ന വലിയ സസ്തനജീവികളുടെ തുകൽ ആകാനാണ് സാധ്യത. മൂടണം. ഒരു നീല തുണി അതിന്മേൽ വിരിച്ച് തണ്ടുകൾ യഥാസ്ഥാനത്ത് ഇടുകയും വേണം.
“കാഴ്ചയപ്പത്തിന്റെ മേശമേൽ അവർ ഒരു നീലത്തുണി വിരിച്ച് തളികകളും പാത്രങ്ങളും കോപ്പകളും പാനീയയാഗത്തിനുള്ള ഭരണികളും അതിന്മേൽ വെക്കണം; അവിടെ നിരന്തരം ഉണ്ടാകാറുള്ള അപ്പവും അതിന്മേൽതന്നെ ഉണ്ടായിരിക്കണം. ഇവയുടെമേൽ അവർ ഒരു ചെമപ്പു തുണി വിരിക്കുകയും അതു തഹശുതുകൽകൊണ്ടു മൂടുകയും, പിന്നീട് അതിന്റെ തണ്ടുകൾ ഉറപ്പിക്കുകയും ചെയ്യണം.
“അവർ ഒരു നീലത്തുണി എടുത്ത് വെളിച്ചത്തിനുള്ള വിളക്ക്, അതിന്റെ ദീപങ്ങളോടും അതിന്റെ കരിന്തിരി മുറിക്കുന്നതിനുള്ള കത്രികകളോടും അതിന്റെ പാത്രങ്ങളോടും അതിൽ ഒഴിക്കുന്ന എണ്ണയുടെ എല്ലാ ഭരണികളോടുംകൂടെ മൂടണം. പിന്നെ അവർ അതും അതോടു ബന്ധപ്പെട്ട സകല ഉപകരണഭാഗങ്ങളും തഹശുതുകൽകൊണ്ടു പൊതിഞ്ഞ് ചുമക്കാനുള്ള ഒരു തണ്ടിന്മേൽ വെക്കണം.
“തങ്കയാഗപീഠത്തിന്മേൽ അവർ ഒരു നീലത്തുണി വിരിക്കുകയും തഹശുതുകൽകൊണ്ട് അതു മൂടുകയും അതിന്റെ തണ്ട് ഉറപ്പിക്കുകയും വേണം.
“അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം.
“അവർ വെങ്കലയാഗപീഠത്തിന്മേൽനിന്ന് ചാരം നീക്കി ഒരു ഊതവർണത്തിലുള്ള ഒരു ശീല അതിന്മേൽ വിരിക്കണം. പിന്നെ അവർ അഗ്നികലശങ്ങൾ, മാംസം കൈകാര്യം ചെയ്യാനുള്ള മുൾക്കരണ്ടികൾ, കോരികകൾ, തളിക്കുന്നതിനുള്ള കലങ്ങൾ എന്നിവ ഉൾപ്പെടെ യാഗപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന സകല ഉപകരണങ്ങും അതിന്മേൽ വെക്കണം. അതിന്മേൽ അവർ തഹശുതുകൽകൊണ്ടുള്ള ഒരു വിരി വിരിച്ച്, ചുമക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം.
“അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധ ഉപകരണങ്ങളും സകലവിശുദ്ധവസ്തുക്കളും മൂടിത്തീർന്നശേഷം, പാളയം പുറപ്പെടാൻ തയ്യാറാക്കിയിരിക്കുമ്പോൾ ചുമക്കുന്ന ജോലിക്കായി കെഹാത്യർ വരണം. എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്, വിശുദ്ധവസ്തുക്കളെ സ്പർശിക്കരുത്. സമാഗമകൂടാരത്തിലുള്ള ഈ സാധനങ്ങളാണ് കെഹാത്യർ ചുമക്കേണ്ടത്.
“വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരം അർപ്പിക്കുന്ന ഭോജനയാഗം, അഭിഷേകതൈലം എന്നിവയുടെ മേൽനോട്ടം പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാർക്ക് ആയിരിക്കണം. സമാഗമകൂടാരം മുഴുവനും, അതിന്റെ വിശുദ്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടെ അതിലുള്ള സകലതിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കണം.”
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “കെഹാത്യകുടുംബങ്ങളുടെ കുലങ്ങൾ ലേവ്യരിൽനിന്ന് നശിപ്പിക്കപ്പെടരുത്. അതിവിശുദ്ധവസ്തുക്കളോടു സമീപിക്കുമ്പോൾ അവർ മരിക്കാതിരിക്കേണ്ടതിന് അവർക്കുവേണ്ടി ഇതു ചെയ്യുക: അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ കടന്നുചെന്ന് ഓരോ പുരുഷനെയും അവന്റെ ജോലിയും അവൻ ചുമക്കേണ്ട വസ്തുക്കളും ഏൽപ്പിക്കുക. എന്നാൽ കെഹാത്യർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധവസ്തുക്കൾ മൂടുന്ന സമയം അവർ അകത്തുചെന്നു വിശുദ്ധവസ്തുക്കൾ നോക്കരുത്.”
ഗെർശോന്യർ
യഹോവ മോശയോട് അരുളിച്ചെയ്തു: “പിതൃഭവനമായും കുടുംബമായും ഗെർശോന്യരുടെ ജനസംഖ്യയെടുക്കുക. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
“വേലയിലും ചുമട് എടുക്കുന്നതിലും ഗെർശോന്യകുലങ്ങളുടെ ശുശ്രൂഷ ഇതാണ്: കൂടാരത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരം, അതിന്റെ വിരി, തഹശുതുകൽകൊണ്ടുള്ള പുറംമൂടി, സമാഗമകൂടാരവാതിൽക്കലുള്ള മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റിയുള്ള അങ്കണത്തിന്റെ മറശ്ശീലകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, അതിന്റെ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവയെല്ലാം അവർ ചുമക്കണം. ഇവകൊണ്ടു ചെയ്യേണ്ട ജോലിയൊക്കെയും ഗെർശോന്യർ ചെയ്യണം. ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം. സമാഗമകൂടാരത്തിലെ ഗെർശോന്യകുടുംബങ്ങളുടെ ശുശ്രൂഷ ഇതാണ്. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം അവർ ശുശ്രൂഷചെയ്യണം.
മെരാര്യർ
“മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണുക. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക. സമാഗമകൂടാരത്തിൽ അവർ ശുശ്രൂഷ നിവർത്തിക്കുമ്പോഴുള്ള അവരുടെ കർത്തവ്യം ഇതാണ്: കൂടാരത്തിന്റെ ചട്ടക്കൂട്, അതിന്റെ സാക്ഷകൾ, തൂണുകളും ചുവടുകളും, അതുപോലെതന്നെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകളും ചുവടുകളും, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ എന്നിങ്ങനെ എല്ലാ ഉപകരണങ്ങളും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും അവർ ചുമക്കണം. ഓരോ പുരുഷനെയും അവൻ ചുമക്കേണ്ട സാധനങ്ങൾ പ്രത്യേകം ഏൽപ്പിക്കുക. സമാഗമകൂടാരത്തിൽ വേലചെയ്യുമ്പോൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം മെരാര്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്.”
ലേവ്യരുടെ എണ്ണം
മോശയും അഹരോനും സഭയിലെ നേതാക്കന്മാരും കെഹാത്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ പിതൃഭവനപ്രകാരം എണ്ണപ്പെട്ടവർ ആകെ 2,750 ആയിരുന്നു. സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി കെഹാത്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. മോശയോട് യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
ഗെർശോന്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള, പിതൃഭവനമായും കുടുംബമായും എണ്ണപ്പെട്ട പുരുഷന്മാർ ആകെ 2,630 ആയിരുന്നു. സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി ഗെർശോന്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവരും പിതൃഭവനപ്രകാരം എണ്ണപ്പെട്ടവരുമായ പുരുഷന്മാർ ആകെ 3,200 ആയിരുന്നു. മെരാര്യകുടുംബങ്ങളിൽ ഉള്ളവരുടെ ആകെ എണ്ണമായിരുന്നു ഇത്. മോശയിലൂടെ യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
അങ്ങനെ മോശയും അഹരോനും ഇസ്രായേലിന്റെ പ്രഭുക്കന്മാരുംകൂടി ലേവ്യരെ മുഴുവൻ പിതൃഭവനമായും കുടുംബമായും എണ്ണി. സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കും ചുമടിനും വന്നിരുന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ ആകെ 8,580 ആയിരുന്നു. യഹോവ മോശയിലൂടെ കൽപ്പിച്ചതുപോലെ, ഓരോരുത്തനെയും താന്താങ്ങളുടെ ചുമതല ഏൽപ്പിച്ചു; അവരുടെ കർത്തവ്യങ്ങളെക്കുറിച്ചു നിർദേശവും നൽകി.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ എണ്ണി.
പാളയത്തിന്റെ വിശുദ്ധി
യഹോവ മോശയോടു കൽപ്പിച്ചു: “കുഷ്ഠരോഗമോ,5:2 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക. സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.” ഇസ്രായേല്യർ അങ്ങനെ ചെയ്തു; അവർ അവരെ പാളയത്തിനു പുറത്താക്കി. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ അവർ ചെയ്തു.
പ്രായശ്ചിത്തം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്; ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം. എന്നാൽ തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ ആ വ്യക്തിക്ക് അടുത്ത ബന്ധുക്കളാരുമില്ലെങ്കിൽ പ്രായശ്ചിത്തം യഹോവയ്ക്കുള്ളതായിരിക്കും, അത് അവന്റെ പാപപരിഹാരത്തിനുള്ള ആട്ടുകൊറ്റനോടൊപ്പം പുരോഹിതനു കൊടുക്കണം. പുരോഹിതന്റെ മുമ്പിൽ ഇസ്രായേല്യർ കൊണ്ടുവരുന്ന സകലവിശുദ്ധ സംഭാവനകളും അദ്ദേഹത്തിനുള്ളതായിരിക്കും. ഓരോരുത്തരുടെയും വിശുദ്ധവഴിപാടുകൾ അർപ്പിക്കുന്ന വ്യക്തിയുടേതുതന്നെയായിരിക്കും; എന്നാൽ ആ വ്യക്തി പുരോഹിതനു നൽകുന്നതെന്തും പുരോഹിതനുള്ളതായിരിക്കും.’ ”
പാതിവ്രത്യശങ്കയ്ക്കുള്ള നിയമം
പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷന്റെ ഭാര്യ പിഴച്ച് അവനോട് അവിശ്വസ്തയായിത്തീരുകയും; പരപുരുഷനുമൊത്ത് അവൾ ലൈംഗികബന്ധത്തിലേർപ്പെടുകയും—അവൾ അശുദ്ധയെങ്കിലും പ്രവൃത്തിയിൽ പിടിക്കപ്പെടാത്തതിനാൽ അവൾക്കെതിരേ സാക്ഷിയില്ലാതിരിക്കുകയും—ഇക്കാര്യം അവളുടെ ഭർത്താവിനു മറഞ്ഞിരിക്കുകയും അവളുടെ അശുദ്ധി കണ്ടുപിടിക്കപ്പെടാതിരിക്കുകയും അവനു സംശയം ജനിക്കുകയും തന്റെ ഭാര്യയെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്താൽ—അല്ല, അവൾ അശുദ്ധയായിട്ടില്ല എങ്കിലും ഭർത്താവ് അവളെ സംശയിച്ചാൽ— അവൻ തന്റെ ഭാര്യയെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുചെല്ലണം. അവൾക്കുവേണ്ടി വഴിപാടായി അവൻ ഒരു ഓമെർ5:15 ഏക. 1.6 കി.ഗ്രാം. യവമാവും കൊണ്ടുചെല്ലണം. അതിന്മേൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്, കാരണം അതു സംശയത്തിന്റെ ഭോജനയാഗമാണ്—അപരാധസ്മാരകമായ ഭോജനയാഗംതന്നെ.
“ ‘പുരോഹിതൻ അവളെ കൊണ്ടുവന്ന് യഹോവയുടെമുമ്പാകെ നിർത്തണം. ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്ത് സമാഗമകൂടാരത്തിന്റെ തറയിൽനിന്നെടുത്ത പൊടി പുരോഹിതൻ ആ വെള്ളത്തിൽ ഇടണം. പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി, അദ്ദേഹം അവളുടെ തല അനാവരണം ചെയ്ത്,5:18 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. തലമുടിക്കെട്ട് അഴിക്കുക എന്നും പരിഭാഷപ്പെടുത്താം. അനുസ്മരണയാഗം, സംശയത്തിന്റെ ഭോജനയാഗംതന്നെ, അവളുടെ കൈകളിൽ വെക്കണം. ശാപകരമായ കയ്‌പുവെള്ളം പുരോഹിതൻതന്നെ അദ്ദേഹത്തിന്റെ കൈകളിൽ വഹിക്കണം. പിന്നീട് പുരോഹിതൻ സ്ത്രീയെ ശപഥംചെയ്യിച്ചു പറയേണ്ടത്: “നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, മറ്റൊരു പുരുഷനും നിന്നോടൊത്തു ലൈംഗികബന്ധത്തിലേർപ്പെടുകയോ വഴിപിഴച്ചുപോകുകയോ ചെയ്യാതെ, നീ ശുദ്ധയായിരിക്കുന്നെങ്കിൽ, ശാപകരമായ ഈ കയ്‌പുവെള്ളം നിനക്കു ഹാനി വരുത്താതിരിക്കട്ടെ. എന്നാൽ നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത അന്യപുരുഷനുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട് നിന്നെത്തന്നെ അശുദ്ധയാക്കിയിരിക്കുന്നെങ്കിൽ”— ഇവിടെ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശപഥംചെയ്യിച്ച് ഇങ്ങനെ പറയണം—“യഹോവ നിന്റെ തുട ക്ഷയിപ്പിച്ചു നിന്റെ ഉദരം വീർപ്പിക്കുമ്പോൾ നിന്റെ ജനം നിന്നെ ശപിക്കാനും ആക്ഷേപിക്കാനും ഇടയാകട്ടെ. നിന്റെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യത്തക്കവണ്ണം, ശാപത്തിന് ഉതകുന്ന ഈ ജലം നിന്റെ ശരീരത്തിൽ പ്രവേശിക്കട്ടെ.”
“ ‘അപ്പോൾ സ്ത്രീ, “ആമേൻ, ആമേൻ” എന്നു പറയണം.
“ ‘പുരോഹിതൻ ഈ ശാപങ്ങളെ ഒരു ചുരുളിൽ എഴുതി അതു കഴുകി കയ്‌പുവെള്ളത്തിലാക്കണം. ശാപകരമായ കയ്‌പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം. ശാപകരമായ ഈ കയ്‌പുവെള്ളം അവളിൽ കടന്ന് കയ്പേറിയതായിത്തീരും. പുരോഹിതൻ അവളുടെ കൈകളിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം എടുത്ത്, അത് യഹോവയുടെമുമ്പാകെ ഉയർത്തി യാഗപീഠത്തിൽ കൊണ്ടുവരണം. തുടർന്നു പുരോഹിതൻ ഭോജനയാഗത്തിൽ ഒരുപിടി എടുത്ത് ഒരു സ്മരണാംശമായി യാഗപീഠത്തിൽ ദഹിപ്പിക്കണം; അതിനുശേഷം, അദ്ദേഹം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം. അവൾ തന്നെത്തന്നെ അശുദ്ധയാക്കി തന്റെ ഭർത്താവിനോട് അവിശ്വസ്തയായിരുന്നെങ്കിൽ, ആ ശാപജലം അവളെ കുടിപ്പിക്കുമ്പോൾ, അത് അവളിൽ കടന്ന് കയ്‌പായിത്തീരും; അവളുടെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും, അവൾ തന്റെ ജനത്തിനിടയിൽ ശപിക്കപ്പെട്ടവളായിത്തീരും. എന്നാൽ സ്ത്രീ തന്നെത്തന്നെ അശുദ്ധയാക്കാതെയും മാലിന്യം ഒഴിഞ്ഞവളായും ഇരിക്കുന്നെങ്കിൽ, അവൾ കുറ്റവിമുക്തയാകുകയും ഒരു കുഞ്ഞിനു ജന്മംനൽകുകയും ചെയ്യും.
“ ‘ഇതാണു പാതിവ്രത്യശങ്ക സംബന്ധിച്ചുള്ള നിയമം. ഒരു ഭർത്താവുമായി വിവാഹബന്ധത്തിലായിരിക്കെ വഴിപിഴച്ച് തന്നെത്താൻ അശുദ്ധയാക്കുകയോ, ഒരു പുരുഷൻ തന്റെ ഭാര്യയെ സംശയിക്കുകയോ ചെയ്യുമ്പോഴുള്ള നിയമം ഇതുതന്നെ. പുരോഹിതൻ അവളെ യഹോവയുടെമുമ്പിൽ നിർത്തി, ഈ നിയമങ്ങളെല്ലാം ആ സ്ത്രീയുടെമേൽ നടപ്പിൽവരുത്തണം. എന്നാൽ ഭർത്താവ് അകൃത്യത്തിൽനിന്ന് വിമുക്തനായിരിക്കും, എന്നാൽ സ്ത്രീ തന്റെ അകൃത്യം വഹിക്കണം.’ ”
നാസീർ വ്രതസ്ഥൻ
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്. നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
“ ‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
“ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്. സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു. അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.
“ ‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം. പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം. പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.
“ ‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം. അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.
“ ‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം. കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.
“ ‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.
“ ‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം. പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
“ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ”
പുരോഹിതന്റെ അനുഗ്രഹവചനങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:
“ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും
കാക്കുകയും ചെയ്യട്ടെ;
യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും
നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്
നിങ്ങൾക്കു സമാധാനം നൽകട്ടെ.’
“ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”
കൂടാരപ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ
മോശ സമാഗമകൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം യാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. ഇതിനുശേഷം, ഇസ്രായേൽ പ്രഭുക്കന്മാർ, എണ്ണപ്പെട്ടവരുടെ മേൽവിചാരകരായിരുന്ന ഗോത്രപ്രഭുക്കന്മാരായ പിതൃഭവനത്തലവന്മാർതന്നെ, യാഗങ്ങൾ അർപ്പിച്ചു. രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു.
യഹോവ മോശയോട് അരുളിച്ചെയ്തു: “അവരിൽനിന്ന് അവയെ സ്വീകരിക്കുക, സമാഗമകൂടാരത്തിലെ വേലകൾക്ക് അവ ഉപയോഗിക്കാം. ഓരോരുത്തരുടെയും ശുശ്രൂഷയ്ക്ക് ഉപയുക്തമാകുംവണ്ണം അവയെ ലേവ്യർക്കു കൊടുക്കുക.”
അങ്ങനെ മോശ വണ്ടികളും കാളകളും എടുത്ത് ലേവ്യർക്കു കൊടുത്തു. അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു; അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ കെഹാത്യർക്കു മോശ ഒന്നും നൽകിയിട്ടില്ല, കാരണം അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.
യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു. “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസവും ഓരോ പ്രഭു തന്റെ വഴിപാട് കൊണ്ടുവരണം,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു. അതുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്.
ഒന്നാംദിവസം തന്റെ വഴിപാട് കൊണ്ടുവന്നത് യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോനായിരുന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ7:13 ഏക. 1.5 കി.ഗ്രാം. തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ7:13 ഏക. 800 ഗ്രാം. തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള,7:14 ഏക. 115 ഗ്രാം. സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.
രണ്ടാംദിവസം യിസ്സാഖാറിന്റെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹം കൊണ്ടുവന്ന വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു സൂവാരിന്റെ മകൻ നെഥനയേലിന്റെ വഴിപാട്.
മൂന്നാംദിവസം, സെബൂലൂൻഗോത്രജനങ്ങളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.
നാലാംദിവസം രൂബേൻഗോത്രജനങ്ങളുടെ പ്രഭുവായ ശെദെയൂരിന്റെ മകൻ എലീസൂർ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച, ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ശെദെയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.
അഞ്ചാംദിവസം ശിമെയോൻഗോത്രജനങ്ങളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലിന്റെ വഴിപാട്.
ആറാംദിവസം ഗാദ്ഗോത്രജനങ്ങളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.
ഏഴാംദിവസം എഫ്രയീംഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു അമ്മീഹൂദിന്റെ മകൻ എലീശാമയുടെ വഴിപാട്.
എട്ടാംദിവസം മനശ്ശെഗോത്രജനങ്ങളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമാലിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു പെദാസൂരിന്റെ മകൻ ഗമാലിയേലിന്റെ വഴിപാട്.
ഒൻപതാംദിവസം ബെന്യാമീൻഗോത്രജനങ്ങളുടെ പ്രഭുവായ ഗിദെയോനിയുടെ മകനായ അബീദാൻ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ഗിദെയോനിയുടെ മകനായ അബീദാന്റെ വഴിപാട്.
പത്താംദിവസം ദാൻഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.
പതിനൊന്നാംദിവസം ആശേർഗോത്രജനങ്ങളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ഒക്രാന്റെ മകൻ പഗീയേലിന്റെ വഴിപാട്.
പന്ത്രണ്ടാംദിവസം നഫ്താലിഗോത്രജനങ്ങളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീരാ വഴിപാട് കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ വഴിപാട്:
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്.
ഇതായിരുന്നു ഏനാന്റെ മകൻ അഹീരായുടെ വഴിപാട്.
യാഗപീഠം അഭിഷേകംചെയ്ത അവസരത്തിൽ അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേൽ പ്രഭുക്കന്മാർ അർപ്പിക്കേണ്ട വഴിപാടുകൾ ഇവയായിരുന്നു:
പന്ത്രണ്ടു വെള്ളിത്തളികകൾ, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങൾ, പന്ത്രണ്ടു തങ്കത്താലങ്ങൾ. ഓരോ വെള്ളിത്തളികയും നൂറ്റിമുപ്പത് ശേക്കേൽവീതവും ഓരോ വെള്ളിക്കിണ്ണവും എഴുപത് ശേക്കേൽവീതവും തൂക്കമുള്ളവയായിരുന്നു. വെള്ളിപ്പാത്രങ്ങൾക്ക് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കേൽ7:85 ഏക. 28 കി.ഗ്രാം. തൂക്കം ഉണ്ടായിരുന്നു. സുഗന്ധധൂപവർഗം നിറച്ച തങ്കത്താലങ്ങൾ ഓരോന്നിനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തുശേക്കേൽ വീതം തൂക്കം ഉണ്ടായിരുന്നു. തങ്കപ്പാത്രങ്ങൾക്ക് ആകെ നൂറ്റി ഇരുപത് ശേക്കേൽ7:86 ഏക. 1.4 കി.ഗ്രാം. തൂക്കം ഉണ്ടായിരുന്നു.
ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.
സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്.
യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു.
മോശ യഹോവയുമായി സംസാരിക്കാൻ സമാഗമകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, ഉടമ്പടിയുടെ പേടകത്തിന്മേലുള്ള പാപനിവാരണസ്ഥാനത്തിനു മുകളിലായി രണ്ടു കെരൂബുകളുടെ7:89 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. മധ്യത്തിൽനിന്ന് തന്നോടു സംസാരിക്കുന്ന ശബ്ദം കേട്ടു. അങ്ങനെ യഹോവ അദ്ദേഹവുമായി സംസാരിച്ചു.
വിളക്കുകളുടെ സജ്ജീകരണം
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”
അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു. വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.
ലേവ്യരെ വേർതിരിക്കുന്നു
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക. അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം8:7 മൂ.ഭാ. പാപശുദ്ധീകരണയാഗജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം. അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം. ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം. ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം. അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
“ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം. ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക. ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.
“ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം. ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു. മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു. ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു. ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു. ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു. അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.
യഹോവ മോശയോട് അരുളിച്ചെയ്തു: “ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം. എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം. അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”
പെസഹാ
അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്: “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.”
അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു, ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.
എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്, മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?”
മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.”
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം. അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം. അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം. എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം.
“ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”
സമാഗമകൂടാരത്തിന്മേലുള്ള മേഘം
സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു. —അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു. കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും. യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു. മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു. ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും. ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും. സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും. യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.
വെള്ളിക്കാഹളങ്ങൾ
യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു: “വെള്ളികൊണ്ട് അടിപ്പുപണിയായി രണ്ടു കാഹളങ്ങൾ ഉണ്ടാക്കുക; അവ സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തെ പുറപ്പെടുവിക്കാനും ഉപയോഗിക്കണം. അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം. ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം. കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം. രണ്ടാമത്തെ കാഹളധ്വനി മുഴക്കുമ്പോൾ തെക്കുഭാഗത്തുള്ള പാളയങ്ങൾ യാത്രപുറപ്പെടണം. ഇപ്രകാരം കാഹളധ്വനി മുഴക്കുന്നത് പുറപ്പാടിനുള്ള ചിഹ്നമായിരിക്കും. സഭയെ വിളിച്ചുകൂട്ടാൻ കാഹളംമുഴക്കുമ്പോൾ, യാത്രപുറപ്പെടാനുള്ള കാഹളധ്വനി മുഴക്കരുത്.
“അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങൾക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള നിയമം ആയിരിക്കണം. നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ ഞെരുക്കുന്ന ഒരു ശത്രുവിനോടു നിങ്ങൾ യുദ്ധത്തിനുപോകുമ്പോൾ, കാഹളങ്ങൾ മുഴക്കി മുന്നറിയിപ്പുനൽകണം. അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർക്കുകയും നിങ്ങൾ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ആനന്ദമുണ്ടാകുന്ന അവസരങ്ങളിൽ, ഉത്സവങ്ങളിലും മാസാരംഭങ്ങളിലും, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അവ നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു സ്മാരകം ആയിരിക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”
ഇസ്രായേല്യർ സീനായിയിൽനിന്ന് പുറപ്പെടുന്നു
രണ്ടാംവർഷം രണ്ടാംമാസം ഇരുപതാംതീയതി മേഘം ഉടമ്പടിയുടെ കൂടാരത്തിൽനിന്ന് ഉയർന്നു. അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. മോശയിൽക്കൂടെ യഹോവ കൽപ്പിച്ചപ്രകാരം അവർ പുറപ്പെടുന്നത് ഇതാദ്യമായിരുന്നു.
യെഹൂദാപാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോൻ അവരുടെ സൈന്യാധിപനായിരുന്നു. അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. ഇതിനുശേഷം സമാഗമകൂടാരം അഴിച്ചു താഴ്ത്തി; അതു വഹിച്ച് ഗെർശോന്യരും മെരാര്യരും യാത്രപുറപ്പെട്ടു.
രൂബേൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. ശെദെയൂരിന്റെ മകൻ എലീസൂർ അവരുടെ സൈന്യാധിപനായിരുന്നു. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ ശിമെയോൻ ഗോത്രഗണത്തിന്മേലും ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു.
എഫ്രയീം പാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമ അവരുടെ സൈന്യാധിപനായിരുന്നു. പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും ഗിദെയോനിയുടെ മകൻ അബീദാൻ ബെന്യാമീൻഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
ഒടുവിൽ, എല്ലാ ഗണങ്ങൾക്കും പിൻപടയായി ദാൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ യാത്രപുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ അവരുടെ സൈന്യാധിപനായിരുന്നു. ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു, ഇസ്രായേല്യഗോത്രങ്ങൾ യാത്രപുറപ്പെട്ടപ്പോൾ അവരുടെ അണിനീക്കത്തിന്റെ ക്രമം ഇതായിരുന്നു.
മോശ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്റെ പുത്രനായ ഹോബാബിനോടു പറഞ്ഞു: “ ‘ഞാൻ നിങ്ങൾക്കു തരും’ എന്ന് യഹോവ പറഞ്ഞ ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. ഞങ്ങളോടൊപ്പം വരിക, ഞങ്ങൾ താങ്കൾക്കു നന്മ ചെയ്യും. കാരണം, യഹോവ ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിരിക്കുന്നു.”
അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, ഞാൻ വരികയില്ല; ഞാൻ എന്റെ സ്വന്തം ദേശത്തേക്കും സ്വന്തജനങ്ങളുടെ ഇടയിലേക്കും പോകുകയാണ്.”
എന്നാൽ മോശ പറഞ്ഞു: “ദയവായി ഞങ്ങളെ പിരിയരുതേ! മരുഭൂമിയിൽ ഞങ്ങൾ എങ്ങനെ പാളയമടിക്കണം എന്നു താങ്കൾക്കറിയാം, താങ്കൾ ഞങ്ങൾക്കു കണ്ണുകളായിരിക്കും. താങ്കൾ ഞങ്ങളോടൊപ്പം വന്നാൽ, യഹോവ ഞങ്ങൾക്കു നൽകുന്ന സകലനന്മയിലും താങ്കൾക്കു ഞങ്ങൾ ഓഹരി നൽകും.”
അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് യാത്രപുറപ്പെട്ട് മൂന്നുദിവസം സഞ്ചരിച്ചു. അവർക്കൊരു വിശ്രമസ്ഥലം കണ്ടെത്താൻ ആ മൂന്നു ദിവസങ്ങളിൽ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർക്കുമുമ്പായി പോയി. അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു.
പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു:
“യഹോവേ, എഴുന്നേൽക്കണേ!
അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ;
അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
അതു നിൽക്കുമ്പോഴൊക്കെയും അദ്ദേഹം പറഞ്ഞു:
“യഹോവേ,
ഇസ്രായേലിന്റെ എണ്ണിക്കൂടാത്ത ആയിരങ്ങളിലേക്കു മടങ്ങിവരണമേ.”
യഹോവയിൽനിന്ന് അഗ്നി
ഇതിനുശേഷം, യഹോവ കേൾക്കെ ജനം തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചു പിറുപിറുത്തു, അതു കേട്ടപ്പോൾ അവിടത്തെ കോപം ജ്വലിച്ചു. അപ്പോൾ യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അതിർത്തിയിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. ഉടനെതന്നെ ജനം മോശയോടു നിലവിളിച്ചു; അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, അഗ്നി കെട്ടടങ്ങി. യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തിയതിനാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
കാടപ്പക്ഷികൾ
അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം11:4 [പുറ. 12:38] മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു. എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”
മന്നാ വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും കാഴ്ചയ്ക്ക് ഗുല്ഗുലു11:7 അതായത്, ഒരുതരം മരത്തിന്റെ ഉണങ്ങിയ കറ. സമാനവും ആയിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ എടുക്കും. അവർ അതു കലത്തിൽ പാകംചെയ്തെടുക്കുകയോ അപ്പമുണ്ടാക്കുകയോ ചെയ്തുവന്നു. അതിന്റെ രുചി ഒലിവെണ്ണചേർത്തുണ്ടാക്കിയ ധാന്യപ്പലഹാരംപോലെയായിരുന്നു. രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.
കുടുംബങ്ങളോരോന്നും സ്വന്തം കൂടാരവാതിൽക്കലിരുന്നു നിലവിളിക്കുന്നതു മോശ കേട്ടു. യഹോവ അത്യന്തം കോപിച്ചു; മോശയ്ക്കും അനിഷ്ടമുണ്ടായി. അദ്ദേഹം യഹോവയോടു ചോദിച്ചു: “അങ്ങയുടെ ദാസന്റെമേൽ അങ്ങ് ഈ ക്ലേശം വരുത്തിയതെന്തിന്? എന്നോടു കൃപ കാണിക്കാതെ ഈ ജനത്തിന്റെയെല്ലാം ഭാരം എന്റെമേൽ വെച്ചതെന്തിന്? ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്? ഈ ജനത്തിനെല്ലാം ഞാൻ എവിടെനിന്നു മാംസം കൊണ്ടുവരും? ‘ഞങ്ങൾക്കു തിന്നാൻ മാംസം തരിക’ എന്ന് അവർ എന്നോടു നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഈ ജനത്തെയെല്ലാം തനിയേ പോറ്റാൻ എനിക്കു കഴിവില്ല; ഇത് എനിക്ക് അതിഭാരം ആകുന്നു. ഇപ്രകാരമാണ് അങ്ങ് എന്നോടു പ്രവർത്തിക്കുന്നതെങ്കിൽ, എന്നെ കൊന്നുകളയണമേ. എന്നോടു കനിവുതോന്നി എന്റെ അരിഷ്ടത ഞാൻ കാണാൻ അനുവദിക്കരുതേ.”
യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പ്രഭുക്കന്മാരും മേൽവിചാരകരുമായി അംഗീകരിക്കപ്പെട്ട ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ എഴുപതുപേരെ എന്റെ അടുക്കൽ കൊണ്ടുവരിക. അവർ വന്ന് സമാഗമകൂടാരത്തിങ്കൽ നിന്നോടൊപ്പം നിൽക്കട്ടെ. അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും; നിന്റെമേലുള്ള ആത്മാവിൽ അൽപ്പം എടുത്ത് അവരുടെമേൽ പകരും. ജനത്തിന്റെ ഭാരം വഹിക്കാൻ അവർ നിന്നെ സഹായിക്കും, അങ്ങനെ നീ തനിയേ അതു വഹിക്കേണ്ടിവരികയില്ല.
“ജനത്തോടു പറയുക: ‘നാളേയ്ക്കായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക, നാളെ നിങ്ങൾ മാംസം ഭക്ഷിക്കും. “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് എത്ര നന്നായിരുന്നു!” എന്നു നിങ്ങൾ കരയുന്നത് യഹോവ കേട്ടു. ഇപ്പോൾ യഹോവ നിങ്ങൾക്കു മാംസം തരും. നിങ്ങൾ അതു തിന്നും. കേവലം ഒരു ദിവസമോ രണ്ടു ദിവസമോ അഞ്ചോ പത്തോ ഇരുപതോ ദിവസമോ അല്ല; ഒരുമാസം മുഴുവൻ—അതു നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് നിങ്ങൾക്ക് അറപ്പുണ്ടാകുന്നതുവരെ—നിങ്ങൾ തിന്നും. കാരണം നിങ്ങളുടെ മധ്യത്തിലുള്ള യഹോവയെ നിങ്ങൾ ത്യജിച്ച് “ഞങ്ങൾ ഈജിപ്റ്റിൽനിന്നും പോന്നതെന്തിന്” എന്നു പറഞ്ഞ് അവിടത്തെ മുമ്പാകെ നിലവിളിച്ചല്ലോ.’ ”
എന്നാൽ മോശ പറഞ്ഞു: “ഇവിടെ ആറുലക്ഷം യോദ്ധാക്കളുടെ മധ്യേ ഞാൻ നിൽക്കുന്നു, എന്നിട്ടും ‘ഞാൻ അവർക്ക് മാംസം കൊടുക്കും; അവർ ഒരുമാസം അതു ഭക്ഷിക്കും’ എന്ന് അങ്ങു പറയുന്നു. ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറത്താലും അവർക്ക് തൃപ്തിയാകുമോ? സമുദ്രത്തിലെ മത്സ്യം മുഴുവനും പിടിച്ചാലും അവർക്കു തികയുമോ?”
യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
അങ്ങനെ മോശ പുറത്തുചെന്ന് യഹോവ പറഞ്ഞത് ജനത്തോട് അറിയിച്ചു. എഴുപതു തലവന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിർത്തി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അദ്ദേഹത്തിന്റെമേലുണ്ടായിരുന്ന ആത്മാവിൽനിന്ന് കുറെ എടുത്ത് തലവന്മാരായ ആ എഴുപതു പുരുഷന്മാരുടെമേൽ പകർന്നു. ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പക്ഷേ, പിന്നീട് അവർ അങ്ങനെ ചെയ്തില്ല.
എന്നാൽ എൽദാദ്, മേദാദ് എന്ന രണ്ടുപേർ പാളയത്തിൽത്തന്നെ താമസിച്ചു. അവർ ഗോത്രത്തലവന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവരായിരുന്നെങ്കിലും കൂടാരത്തിലേക്കിറങ്ങിച്ചെന്നില്ല. എങ്കിലും ആത്മാവ് അവരുടെമേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു. ഒരു യുവാവ് ഓടിച്ചെന്ന് മോശയോടു പറഞ്ഞു: “എൽദാദും മേദാദും പാളയത്തിൽ പ്രവചിക്കുന്നു.”
യൗവനംമുതൽ മോശയുടെ സഹായിയായിരുന്ന നൂന്റെ മകനായ യോശുവ അപ്പോൾ പറഞ്ഞു: “എന്റെ യജമാനനായ മോശയേ, അവരെ തടയണമേ!”
എന്നാൽ മോശ മറുപടി പറഞ്ഞു: “എന്നെയോർത്ത് നീ അസൂയപ്പെടുന്നോ? യഹോവയുടെ സർവജനവും പ്രവാചകന്മാരാകണമെന്നും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരണമെന്നുമാണു ഞാൻ ആഗ്രഹിക്കുന്നത്!” ഇതിനുശേഷം മോശയും ഇസ്രായേലിലെ ഗോത്രത്തലവന്മാരും പാളയത്തിലേക്കു മടങ്ങി.
അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം11:31 ഏക. 90 സെ.മീ. പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ11:32 പത്തു കഴുത ചുമക്കുന്നഭാരം, അഥവാ, പത്തു വലിയകുട്ട. കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി. എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു. മറ്റു ഭക്ഷണങ്ങൾക്കായി മുറവിളി കൂട്ടിയ ജനത്തെ അവിടെ അടക്കിയതിനാൽ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി.
കിബ്രോത്ത്-ഹത്താവയിൽനിന്ന് ജനം ഹസേരോത്തിലേക്കു യാത്രചെയ്ത് അവിടെ കുറച്ചുനാൾ താമസിച്ചു.
മിര്യാം ശിക്ഷിക്കപ്പെടുന്നു
മോശ ഒരു കൂശ്യസ്ത്രീയെ വിവാഹംകഴിച്ചിരുന്നതിനാൽ, കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും മോശയ്ക്കു വിരോധമായി സംസാരിച്ചു. “മോശയിൽക്കൂടിമാത്രമേ യഹോവ സംസാരിച്ചിട്ടുള്ളോ?” അവർ ചോദിച്ചു. “അവിടന്ന് ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലയോ?” യഹോവ ഇതു കേട്ടു.
എന്നാൽ മോശയാകട്ടെ, ഭൂതലത്തിലുള്ള സകലമനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യനായിരുന്നു.
ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു. യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക:
“നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ,
യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും.
ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.
എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല;
അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്.
അവനുമായി ഞാൻ അവ്യക്തമായല്ല,
സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്;
അവൻ യഹോവയുടെ രൂപം കാണും.
എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി
സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?”
യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.
മേഘം കൂടാരത്തിനുമീതേനിന്ന് ഉയർന്നപ്പോൾ, മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി. അഹരോൻ അവളെ നോക്കി. അവൾ കുഷ്ഠരോഗിണി എന്നുകണ്ടു അപ്പോൾത്തന്നെ അഹരോൻ മോശയോട് അപേക്ഷിച്ചു: “യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്ത പാപം ഞങ്ങളോടു കണക്കിടരുതേ. പാതി മാംസം അഴുകിപ്പോയനിലയിൽ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തു വന്ന ചാപിള്ളപോലെ അവൾ ആകരുതേ.”
അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു, “ദൈവമേ, അവളെ സൗഖ്യമാക്കണേ!”
യഹോവ മോശയോട് അരുളിച്ചെയ്തു: “അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയിരുന്നെങ്കിൽ അവൾ ഏഴുദിവസം ലജ്ജിക്കുകയില്ലേ? ഏഴുദിവസം പാളയത്തിനുപുറത്ത് അവളെ അടച്ചിടുക; അതിനുശേഷം അവളെ തിരികെക്കൊണ്ടുവരാം.” അങ്ങനെ മിര്യാമിനെ ഏഴുദിവസം പാളയത്തിനുപുറത്ത് അടച്ചിട്ടു, അവളെ തിരികെക്കൊണ്ടുവരുംവരെ ജനം യാത്രചെയ്തില്ല.
ഇതിനുശേഷം ജനം ഹസേരോത്ത് വിട്ട് പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.
കനാൻദേശം പര്യവേക്ഷണംചെയ്യുന്നു
യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേല്യർക്കു നൽകുന്ന കനാൻദേശം പര്യവേക്ഷണംചെയ്യാൻ ചില പുരുഷന്മാരെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അതിന്റെ പ്രഭുക്കന്മാരിൽ ഒരുവനെ അയയ്ക്കുക.”
യഹോവ കൽപ്പിച്ചതുപോലെ പാരാൻ മരുഭൂമിയിൽനിന്ന് മോശ അവരെ അയച്ചു. അവർ എല്ലാവരും ഇസ്രായേല്യരുടെ പ്രഭുക്കന്മാരായിരുന്നു.
അവരുടെ പേരുകൾ ഇവയാണ്:
രൂബേൻഗോത്രത്തിൽനിന്ന്, സക്കൂറിന്റെ മകൻ ശമ്മൂവാ;
ശിമെയോൻഗോത്രത്തിൽനിന്ന്, ഹോരിയുടെ മകൻ ശാഫാത്ത്
യെഹൂദാഗോത്രത്തിൽനിന്ന്, യെഫുന്നയുടെ മകൻ കാലേബ്;
യിസ്സാഖാർ ഗോത്രത്തിൽനിന്ന്, യോസേഫിന്റെ മകൻ യിഗാൽ;
എഫ്രയീംഗോത്രത്തിൽനിന്ന്, നൂന്റെ മകൻ ഹോശേയാ,
ബെന്യാമീൻഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ ഫൽതി;
സെബൂലൂൻഗോത്രത്തിൽനിന്ന്, സോദിയുടെ മകൻ ഗദ്ദിയേൽ;
യോസേഫിന്റെ ഒരു ഗോത്രമായ മനശ്ശെയിൽനിന്ന് സൂസിയുടെ മകൻ ഗദ്ദി;
ദാൻഗോത്രത്തിൽനിന്ന്, ഗെമല്ലിയുടെ മകൻ അമ്മീയേൽ;
ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ;
നഫ്താലിഗോത്രത്തിൽനിന്ന് വൊപ്‌സിയുടെ മകൻ നഹ്ബി;
ഗാദ്ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ.
ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവയായിരുന്നു. മോശ നൂന്റെ മകൻ ഹോശേയായ്ക്ക് യോശുവ എന്നു പേരുനൽകി.
കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ13:17 അതായത്, കനാന്റെ തെക്കുവശം. കടന്ന് മലനാട്ടിലേക്കു ചെല്ലുക. ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക. എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ? മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.)
അങ്ങനെ അവർ കയറിപ്പോയി സീൻ മരുഭൂമിമുതൽ, ലെബോ-ഹമാത്തിനുനേരേ രെഹോബുവരെയുള്ള ദേശം പര്യവേക്ഷണംചെയ്തു. അവർ തെക്കേദേശത്തിലൂടെ കയറിച്ചെന്ന് അനാക്യരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർക്കുന്ന ഹെബ്രോനിൽ വന്നു. പുരാതനനഗരമായ ഹെബ്രോൻ ഈജിപ്റ്റിലെ സോവാൻപട്ടണത്തിന് ഏഴുവർഷം മുമ്പു പണിയപ്പെട്ടിരുന്നു. അവർ എസ്കോൽ13:23 കുല അഥവാ, കറ്റ എന്നർഥം. താഴ്വരയിൽ വന്ന്, ഒരുകുല മുന്തിരിങ്ങ മുറിച്ചെടുത്തു. അവരിൽ രണ്ടുപേർ കുറെ മാതളപ്പഴം അത്തിപ്പഴം എന്നിവയ്ക്കൊപ്പം ഒരു തണ്ടിൽ അതു ചുമന്നു. ഇസ്രായേല്യർ അവിടെവെച്ച് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിനു എസ്കോൽതാഴ്വര എന്നു പേരായി. നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി.
പര്യവേക്ഷണത്തെപ്പറ്റിയുള്ള സംക്ഷിപ്തവിവരണം
അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു. അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ. എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു. അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.”
അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.”
എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്. ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”
ജനം മത്സരിക്കുന്നു
ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു; സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?” “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു.
അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു. ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്. യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും. യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.”
എന്നാൽ യോശുവയെയും കാലേബിനെയും കല്ലെറിയണമെന്നു സർവസഭയും പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമകൂടാരത്തിൽ സർവ ഇസ്രായേല്യർക്കും പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.”
മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു. അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു. അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും: ‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’
“അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു. ‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’ അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.”
അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു, എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല. എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്തമായ ഒരു ആത്മാവുള്ളതിനാലും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റുന്നതിനാലും അവൻ പോയ ദേശത്തേക്കു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ സന്തതികൾ അത് അവകാശമാക്കും. അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതിനാൽ, നാളെ നിങ്ങൾ പിന്തിരിഞ്ഞ് ചെങ്കടലിലേക്കുള്ള മാർഗത്തിലൂടെ മരുഭൂമിയിലേക്ക് യാത്രപുറപ്പെടുക.”
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഈ ദുഷ്ടസമൂഹം എനിക്കെതിരേ എത്രത്തോളം പിറുപിറുക്കും? ഈ പിറുപിറുപ്പുകാരായ ഇസ്രായേല്യരുടെ പരാതികൾ ഞാൻ കേട്ടിരിക്കുന്നു. ആകയാൽ, ‘ഞാൻ കേൾക്കെ നിങ്ങൾ പിറുപിറുത്തതുപോലെതന്നെ നിങ്ങളോടു ഞാൻ ചെയ്യും; ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നതായി അവരോടു പറയുക. ഈ മരുഭൂമിയിൽ നിങ്ങളുടെ ശവങ്ങൾ വീഴും—നിങ്ങളിൽ ഇരുപതോ അതിലധികമോ വയസ്സു പ്രായമുള്ളവരായി ജനസംഖ്യയിൽ എണ്ണപ്പെട്ടവരും എനിക്കെതിരേ പിറുപിറുത്തവരുമായ ഏവരുംതന്നെ. നിങ്ങളെ പാർപ്പിക്കാമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്ത് യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ നിങ്ങളിൽ ഒരാൾപോലും കടക്കുകയില്ല. കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടെ പ്രവേശിപ്പിക്കും; നിങ്ങൾ തിരസ്കരിച്ച ദേശം അവർ അനുഭവിക്കും. എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീഴും. നിങ്ങളുടെ മക്കൾ നിങ്ങളുടെ അവിശ്വസ്തതനിമിത്തം കഷ്ടതയനുഭവിച്ചുകൊണ്ട്, നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ മരുഭൂമിയിൽ വീഴുന്നതുവരെ, ഇവിടെ നാൽപ്പതുവർഷം ഇടയന്മാരായിരിക്കും. നിങ്ങൾ ദേശം പര്യവേക്ഷണംചെയ്ത നാൽപ്പതു ദിവസങ്ങളിൽ ഓരോന്നിനും ഓരോ വർഷം എന്ന കണക്കിനു നാൽപ്പതുവർഷം നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ കഷ്ടത അനുഭവിക്കുകയും അങ്ങനെ നിങ്ങൾ എന്റെ എതിർപ്പ് അറിയുകയും ചെയ്യും.’ യഹോവയായ ഞാൻ അരുളിച്ചെയ്യുന്നു; എനിക്കെതിരേ ഒത്തുകൂടിയ ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ഇപ്രകാരം ചെയ്യും. ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും.”
അങ്ങനെ ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ചവരും—മടങ്ങിവന്ന് അതിനെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരേ സഭമുഴുവനും പിറുപിറുക്കാൻ ഇടയാക്കിയവരുമായവർ— ദേശത്തെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവരുമായ ഈ പുരുഷന്മാർ യഹോവയുടെമുമ്പാകെ ദണ്ഡിക്കപ്പെടുകയും ഒരു ബാധയാൽ സംഹരിക്കപ്പെടുകയും ചെയ്തു. ദേശം പര്യവേക്ഷണംചെയ്യാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബുംമാത്രം ജീവനോടെ ശേഷിച്ചു.
മോശ ഇക്കാര്യം സകല ഇസ്രായേല്യരോടും അറിയിച്ചപ്പോൾ, അവർ അതികഠിനമായി വിലപിച്ചു. “ഞങ്ങൾ പാപംചെയ്തു; യഹോവ വാഗ്ദാനംചെയ്ത സ്ഥലത്തേക്കു കയറിച്ചെല്ലാൻ ഞങ്ങൾ തയ്യാറാണ്” എന്നു പറഞ്ഞ് അടുത്തദിവസം അതിരാവിലെ അവർ ഉയർന്ന മലമ്പ്രദേശത്തേക്കു കയറിപ്പോയി.
എന്നാൽ മോശ പറഞ്ഞു: “നിങ്ങൾ എന്തിന് യഹോവയുടെ കൽപ്പന ലംഘിക്കുന്നു? ഇതു വിജയിക്കുകയില്ല! കയറിപ്പോകരുത്; കാരണം യഹോവ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും, അമാലേക്യരും കനാന്യരും നിങ്ങളെ നേരിടും. യഹോവയിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞു പോയിരിക്കുകയാൽ, അവിടന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല, നിങ്ങൾ വാളാൽ വീണുപോകും.”
എങ്കിലും മോശയോ യഹോവയുടെ ഉടമ്പടിയുടെ പേടകമോ പാളയത്തിൽനിന്നും പുറപ്പെടാതിരുന്നിട്ടും അവർ ധിക്കാരപൂർവം മലമുകളിലേക്കു കയറിച്ചെന്നു. അപ്പോൾ ആ മലകളിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് ആക്രമിച്ച് ഹോർമാവരെ അവരെ സംഹരിച്ചു.
യാഗങ്ങൾക്കുള്ള നിയമങ്ങൾ
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം, യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ15:4 ഏക. 1 ലി. ഒലിവെണ്ണചേർത്ത ഒരു ഓമെർ15:4 ഏക. 1.6 കി.ഗ്രാം. നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം. ഹോമയാഗത്തിനോ വഴിപാടിനോ ഉള്ള ഓരോ ആട്ടിൻകുട്ടിക്കും ഒപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരണം.
“ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ15:6 ഏക. 1.3 ലി. ഒലിവെണ്ണചേർത്ത രണ്ട് ഓമെർ15:6 ഏക. 3.2 കി.ഗ്രാം. നേരിയമാവിന്റെ ഒരു ഭോജനയാഗവും മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം.
“ ‘യഹോവയ്ക്ക് ഒരു ഹോമയാഗമായോ പ്രത്യേക നേർച്ചയ്ക്കുള്ള യാഗമായോ ഒരു സമാധാനയാഗമായോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ അര ഹീൻ15:9 ഏക. 1.9 ലി. ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ15:9 ഏക. 5 കി.ഗ്രാം. നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം. അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗത്തിനൊത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ ചെയ്യണം.
“ ‘സ്വദേശിയായ ഓരോരുത്തരും യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോൾ അവർ ഇവയെല്ലാം ഇങ്ങനെതന്നെ ചെയ്യണം. വരാനുള്ള തലമുറകളിലും ഒരു പ്രവാസിയോ നിങ്ങളുടെ മധ്യേ പാർക്കുന്ന മറ്റാരെങ്കിലുമോ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോഴൊക്കെയും നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവരും ചെയ്യണം. സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും: നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിക്കുകയും ആ ദേശത്തിലെ ഭക്ഷണം നിങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ ഒരു അംശം യഹോവയ്ക്കു വഴിപാടായി നീക്കിവെക്കുക. നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഒരു വട ഉണ്ടാക്കി അർപ്പിക്കുക. മെതിക്കളത്തിൽനിന്നുള്ള വിശിഷ്ടയാഗമായി അത് അർപ്പിക്കുക. വരുംതലമുറകളിലെല്ലാം നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഈ വിശിഷ്ടയാഗാർപ്പണം യഹോവയ്ക്ക് സമർപ്പിക്കണം.
അബദ്ധവശാലുള്ള പാപം
“ ‘യഹോവ മോശയ്ക്കു നൽകിയ ഈ കൽപ്പനകളിലേതെങ്കിലും അനുസരിക്കുന്നതിൽ നിങ്ങൾ അബദ്ധവശാൽ വീഴ്ചവരുത്തിയാൽ— യഹോവ മോശയിൽക്കൂടെ അരുളിച്ചെയ്ത ആ നാളുമുതൽ തലമുറതലമുറയായി നിങ്ങൾ അനുസരിക്കാത്ത കൽപ്പനകൾ എല്ലാംതന്നെ— നിങ്ങൾ അബദ്ധവശാൽ പിഴയ്ക്കുകയും സഭ അതിനെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്താൽ സഭമുഴുവനും യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഹോമയാഗമായി ഒരു കാളക്കിടാവിനെ അർപ്പിക്കണം. അതിനോടൊപ്പം വിധിപ്രകാരമുള്ള ഭോജനയാഗവും പാനീയയാഗവും, പാപശുദ്ധീകരണയാഗമായ ഒരു കോലാട്ടുകൊറ്റനോടൊപ്പം അർപ്പിക്കണം. പുരോഹിതൻ സകല ഇസ്രായേൽസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അത് അബദ്ധവശാലായിരുന്നതിനാൽ അവർക്കു ക്ഷമലഭിക്കും. അവരുടെ തെറ്റിനായി അവർ യഹോവയ്ക്ക് ഒരു ദഹനയാഗവും ഒരു പാപശുദ്ധീകരണയാഗവും കൊണ്ടുവരികയും ചെയ്തല്ലോ. അങ്ങനെയെങ്കിൽ സകല ഇസ്രായേൽസഭയോടും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികളോടും ക്ഷമിക്കും സർവജനങ്ങളും അബദ്ധവശാലുള്ള ആ പാപത്തിൽ ഉൾപ്പെട്ടിരുന്നല്ലോ.
“ ‘എന്നാൽ കേവലം ഒരു വ്യക്തിമാത്രം അബദ്ധവശാൽ പാപംചെയ്താൽ, അയാൾ പാപശുദ്ധീകരണയാഗത്തിനായി ഒരുവയസ്സു പ്രായമുള്ള ഒരു പെണ്ണാടിനെ കൊണ്ടുവരണം. അബദ്ധവശാൽ പാപം ചെയ്തവനുവേണ്ടി പുരോഹിതൻ യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തുകഴിയുമ്പോൾ അയാളോടു ക്ഷമിക്കും. സ്വദേശിയായ ഇസ്രായേല്യരോ പ്രവാസിയോ ആകട്ടെ, അബദ്ധവശാൽ പാപംചെയ്യുന്ന ഏവനും നിയമം ഒന്നുതന്നെ ആയിരിക്കും.
“ ‘സ്വദേശിയോ പ്രവാസിയോ മനഃപൂർവം പാപംചെയ്താൽ അയാൾ യഹോവയെ നിന്ദിക്കുന്നു. ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. യഹോവയുടെ വചനത്തോട് അവജ്ഞകാട്ടി അവിടത്തെ കൽപ്പന ലംഘിച്ചിരിക്കുകയാൽ, അയാൾ നിശ്ചയമായും ഛേദിക്കപ്പെടണം; അയാളുടെ അകൃത്യം അയാളുടെമേൽ നിൽക്കും.’ ”
ശബ്ബത്തു ലംഘനത്തിനുള്ള ശിക്ഷ
ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു. അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സർവസഭയുടെയും മുമ്പാകെ കൊണ്ടുവന്നു. ആ മനുഷ്യനോട് എന്തുചെയ്യണമെന്നു വ്യക്തമല്ലാതിരുന്നതിനാൽ അവർ അയാളെ തടങ്കലിൽ വെച്ചു. അതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ മരിക്കണം. സർവസഭയും അയാളെ പാളയത്തിനു പുറത്തുവെച്ചു കല്ലെറിയണം.” അങ്ങനെ സഭ അയാളെ പാളയത്തിനുപുറത്തു കൊണ്ടുപോയി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കല്ലെറിഞ്ഞുകൊന്നു.
വസ്ത്രങ്ങളിലെ തൊങ്ങൽ
യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു സംസാരിക്കുക അവരോട് ഇപ്രകാരം പറയുക: ‘വരുംതലമുറകളിലൊക്കെയും നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളുടെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കണം. ഓരോ തൊങ്ങലിലും ഓരോ നീലനൂൽ ഉണ്ടായിരിക്കണം. ഈ തൊങ്ങലുകളിന്മേൽ നോക്കുമ്പോൾ നിങ്ങൾ യഹോവയുടെ സകലകൽപ്പനകളും ഓർക്കാനും അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളുടെയും കണ്ണുകളുടെയും മോഹങ്ങൾക്കു പിന്നാലെപോയി നിങ്ങൾതന്നെ പരസംഗം ചെയ്യാതിരിക്കാനും അവ നിങ്ങൾക്ക് ഉപകരിക്കും. അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന, നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
കോരഹ്, ദാഥാൻ, അബീരാം
ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി16:1 അഥവാ, ഓനും—മനുഷ്യരെക്കൂട്ടി മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?”
ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു. ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും. കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത് നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!”
കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക! ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ? അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു. നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?”
ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു. അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ! അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ?16:14 അഥവാ, ഈ കണ്ണുകൾ നീ ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!”
അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു.
മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ. നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.” അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു. ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി. യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.”
എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?”
അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ ‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.”
മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു. ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.” അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.
ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും: എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല. എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.”
മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി.
യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.
ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്. പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.”
അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ. കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്.
അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു.
എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി. അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു.
ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.” ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു. അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു. എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു. ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.
അഹരോന്റെ തളിർത്ത വടി
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക. ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതുക; കാരണം ഓരോ പിതൃഭവനത്തലവനും ഓരോ വടി ഉണ്ടായിരിക്കണമല്ലോ. സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ അവയെ നിങ്ങൾ വെക്കണം. ഞാൻ തെരഞ്ഞെടുക്കുന്ന പുരുഷന്റെ വടി മുളയ്ക്കുകയും നിനക്കെതിരേ സ്ഥിരമായുള്ള ഇസ്രായേല്യരുടെ ഈ പിറുപിറുപ്പ് ഞാൻ ഇല്ലാതാക്കുകയും ചെയ്യും.”
അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.
അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു. ഇതിനുശേഷം മോശ യഹോവയുടെ സന്നിധിയിൽനിന്ന് വടികൾ ഇസ്രായേല്യരുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു. ഓരോരുത്തരും അവരവരുടെ വടി നോക്കിയെടുത്തു.
യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു.
ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങൾ മരിച്ചുപോകും, ഞങ്ങൾ നശിക്കുന്നു, ഞങ്ങളെല്ലാം നശിച്ചുപോകുന്നു! യഹോവയുടെ കൂടാരത്തിന്റെ സമീപത്ത് വരുന്നവർപോലും മരിക്കും. ഞങ്ങളെല്ലാവരും മരണത്തിനു വിധിക്കപ്പെട്ടവരോ?”
പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകൾ
പിന്നീട് യഹോവ അഹരോനോട് അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിന് എതിരേയുള്ള അതിക്രമങ്ങൾക്കു നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും ഉത്തരവാദികളായിരിക്കും. പൗരോഹിത്യം സംബന്ധിച്ചുള്ള അകൃത്യങ്ങൾക്കു നീയും നിന്റെ പുത്രന്മാരുംമാത്രം ഉത്തരവാദികളായിരിക്കും. നീയും നിന്റെ പുത്രന്മാരും ഉടമ്പടിയുടെ കൂടാരത്തിനുമുമ്പിൽ ശുശ്രൂഷചെയ്യുമ്പോൾ നിങ്ങളോടു ചേർന്ന് നിങ്ങളെ സഹായിക്കുന്നതിനായി നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും കൊണ്ടുവരിക. നിങ്ങൾ അവർക്കു മേൽവിചാരകരായിരിക്കുകയും അവർതന്നെ കൂടാരത്തിലെ ചുമതലകൾ എല്ലാം നിർവഹിക്കുകയും വേണം. എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, യാഗപീഠം എന്നിവയെ അവർ സമീപിക്കരുത്. അവർ നിങ്ങളോടു ചേർന്ന് സമാഗമകൂടാരത്തിന്റെ പരിചരണത്തിലും കൂടാരത്തിലെ സകലവേലയ്ക്കും ഉത്തരവാദികളായിരിക്കണം; എന്നാൽ മറ്റാരും സഹായിക്കുന്നതിനായി നിങ്ങളുടെ അടുക്കൽ വരരുത്.
“ഇസ്രായേല്യരുടെമേൽ യഹോവയുടെ ക്രോധം വീണ്ടും വരാതിരിക്കേണ്ടതിനു നിങ്ങൾ വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും പരിചരണത്തിന്റെ ഉത്തരവാദികളായിരിക്കണം. ഇസ്രായേല്യരുടെ ഇടയിൽനിന്നും നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻതന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി യഹോവ അവരെ നിങ്ങൾക്കൊരു ദാനമായി നൽകിയിരിക്കുന്നു. എന്നാൽ യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള പൗരോഹിത്യശുശ്രൂഷകൾ എല്ലാം നീയും നിന്റെ പുത്രന്മാരുംമാത്രമേ ചെയ്യാൻ പാടുള്ളൂ. പൗരോഹിത്യശുശ്രൂഷ ഞാൻ നിങ്ങൾക്ക് ഒരു ദാനമായി നൽകിയിരിക്കുന്നു. വിശുദ്ധമന്ദിരത്തോടടുക്കുന്ന മറ്റേതൊരുമനുഷ്യനും മരണശിക്ഷനൽകണം.”
പുരോഹിതർക്കും ലേവ്യർക്കുംവേണ്ടിയുള്ള യാഗങ്ങൾ
ഇതിനുശേഷം യഹോവ അഹരോനോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾ എനിക്കു സമർപ്പിക്കുന്ന യാഗങ്ങളുടെ ഉത്തരവാദിത്വം ഞാൻതന്നെ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; ഇസ്രായേല്യർ എനിക്കു തരുന്ന സകലവിശുദ്ധയാഗങ്ങളും നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു. തീയിൽ ദഹിപ്പിക്കാത്ത അതിവിശുദ്ധയാഗങ്ങളുടെ ഭാഗം നിനക്കായിരിക്കണം. ഭോജനയാഗമോ പാപശുദ്ധീകരണയാഗമോ അകൃത്യയാഗമോ ആകട്ടെ, അതിവിശുദ്ധയാഗാർപ്പണമായി അവർ എനിക്കു കൊണ്ടുവരുന്ന സകലകാഴ്ചകളിൽനിന്നും, ആ ഭാഗം നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കും. അതിവിശുദ്ധമായതൊന്ന് എന്നപോലെ അതു ഭക്ഷിക്കണം; സകല ആണിനും അതു ഭക്ഷിക്കാം. നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം.
“ഇതുംകൂടെ നിനക്കുള്ളതായിരിക്കും: ഇസ്രായേല്യരുടെ സകലവിശിഷ്ടയാഗാർപ്പണങ്ങളുടെയും കാഴ്ചകളിൽനിന്ന് മാറ്റിവെക്കുന്നതെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ നിത്യേനയുള്ള ഓഹരിയായിത്തന്നിരിക്കുന്നു. നിന്റെ ഭവനത്തിൽ ആചാരപരമായി വിശുദ്ധിയുള്ളവർക്കെല്ലാം അതു ഭക്ഷിക്കാം.
“അവർ യഹോവയ്ക്ക് ആദ്യഫലമായി കൊടുക്കുന്ന ഏറ്റവും വിശിഷ്ടമായ ഒലിവെണ്ണ മുഴുവനും ഏറ്റവും വിശിഷ്ടമായ പുതുവീഞ്ഞു മുഴുവനും ധാന്യവും ഞാൻ നിനക്കു തരുന്നു. അവർ യഹോവയ്ക്കു കൊണ്ടുവരുന്ന നിലത്തിന്റെ ആദ്യഫലം സകലതും നിന്റേതായിരിക്കും. നിന്റെ ഭവനത്തിൽ വിശുദ്ധിയുള്ള എല്ലാവർക്കും അതു ഭക്ഷിക്കാം.
“ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം. അവയ്ക്ക് ഒരുമാസം പ്രായമുള്ളപ്പോൾ, അവയുടെ വീണ്ടെടുപ്പുവിലയായ ഇരുപതു ഗേരയ്ക്കു സമമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരമുള്ള അഞ്ചുശേക്കേൽ18:16 ഏക. 58 ഗ്രാം. വെള്ളികൊണ്ട് അവയെ വീണ്ടെടുക്കണം.
“എന്നാൽ പശുവിന്റെയോ ആടിന്റെയോ കോലാടിന്റെയോ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു. അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും മേദസ്സ് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കുകയും വേണം. വിശിഷ്ടയാഗാർപ്പണത്തിന്റെ നെഞ്ചും വലതുതുടയും നിന്റേതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്കായിരിക്കണം. ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗങ്ങളിൽനിന്നു മാറ്റിവെക്കുന്നതൊക്കെയും ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ ശാശ്വതാവകാശമായിത്തരുന്നു. ഇതു നിനക്കും നിന്റെ സന്തതിക്കും യഹോവയുടെമുമ്പാകെ ശാശ്വതമായ ലവണയുടമ്പടി18:19 എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉപ്പ് അവിഭാജ്യഘടകമായിരിക്കുന്നതുപോലെ മാറ്റം വരുത്തിക്കൂടാത്ത നിയമം ആയിരിക്കും.”
യഹോവ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും അവരുടെ ഇടയിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഇസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ആകുന്നു നിന്റെ അവകാശവും നിന്റെ ഓഹരിയും.
“സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുമ്പോൾ ചെയ്യുന്ന വേലയ്ക്കു പകരമായി ഞാൻ ലേവ്യർക്ക് ഇസ്രായേലിലെ ദശാംശം മുഴുവനും അവകാശമായി നൽകുന്നു. ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം. സമാഗമകൂടാരത്തിൽ വേല ചെയ്യേണ്ടതും അതിനെതിരേ ചെയ്യുന്ന നിയമലംഘനത്തിന് അകൃത്യം വഹിക്കേണ്ടതും ലേവ്യരാണ്. ഇതു വരാനുള്ള തലമുറകൾക്ക് ഒരു ശാശ്വതനിയമമായിരിക്കും. അവർക്ക് ഇസ്രായേൽമക്കളുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇസ്രായേൽമക്കൾ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി നൽകുന്നു. അതുകൊണ്ടാണ് ‘അവർക്ക് ഇസ്രായേല്യരുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല,’ എന്നു ഞാൻ കൽപ്പിച്ചത്.”
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിന്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക. നിങ്ങളുടെ യാഗം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിച്ചക്കിൽനിന്നുള്ള മുന്തിരിച്ചാർപോലെയും നിങ്ങൾക്കു കണക്കാക്കും. നിങ്ങൾക്ക് ഇസ്രായേല്യരിൽനിന്നു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം ഇപ്രകാരം നിങ്ങളും യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കണം. ഈ ദശാംശങ്ങളിൽനിന്നുള്ള യഹോവയുടെ പങ്ക് നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കണം. നിങ്ങൾക്കു നൽകപ്പെട്ട സകലത്തിൽനിന്നും ഉത്തമവും വിശുദ്ധവുമായ ഭാഗം വേണം യഹോവയ്ക്കുള്ള പങ്കായി അർപ്പിക്കേണ്ടത്.’
“ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും. അതിന്റെ ബാക്കിഭാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവെച്ചും ഭക്ഷിക്കാം; കാരണം അതു സമാഗമകൂടാരത്തിലെ നിങ്ങളുടെ വേലയ്ക്കുള്ള കൂലിയാണ്. അതിന്റെ ഉത്തമഭാഗം അർപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. അങ്ങനെ നിങ്ങൾ ഇസ്രായേല്യരുടെ വിശുദ്ധാർപ്പണങ്ങൾ മലിനപ്പെടുത്താതിരിക്കുകയും നിങ്ങൾ മരിക്കാതിരിക്കുകയും ചെയ്യും.’ ”
ശുദ്ധീകരണജലം
യഹോവ പിന്നെയും മോശയോടും അഹരോനോടും അരുളിച്ചെയ്തു: “യഹോവ കൽപ്പിച്ച ന്യായപ്രമാണത്തിലെ ഒരു ചട്ടം ഇതാണ്: ഊനമോ കളങ്കമോ ഇല്ലാത്തതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. അതിനെ പുരോഹിതനായ എലെയാസറിനു നൽകുക; പാളയത്തിനുപുറത്തു കൊണ്ടുപോയി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിനെ കൊല്ലണം. ഇതിനുശേഷം പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ കുറെ വിരലിന്മേൽ എടുത്ത് സമാഗമകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം. പശുക്കിടാവിനെ അതിന്റെ തുകൽ, മാംസം, രക്തം, ചാണകം എന്നിവയോടുകൂടെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു ദഹിപ്പിക്കണം. പുരോഹിതൻ കുറച്ച് ദേവദാരുത്തടി, ഈസോപ്പ്, ചെമന്നനൂൽ എന്നിവ പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്നിയിൽ ഇടണം. അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും. അതിനെ ദഹിപ്പിക്കുന്ന മനുഷ്യനും തന്റെ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. ആ മനുഷ്യനും സന്ധ്യവരെ അശുദ്ധനായിരിക്കും.
“ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു വെളിയിൽ വെടിപ്പുള്ള ഒരു സ്ഥലത്ത് ഇടണം. ശുദ്ധീകരണജലത്തിനായി ഉപയോഗിക്കാൻ ഇസ്രായേൽസഭ അതു സൂക്ഷിക്കണം; അത് ഒരു പാപശുദ്ധീകരണയാഗം. പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്ന വ്യക്തിയും തന്റെ വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കും. ഇസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികൾക്കും ഇത് ഒരു ശാശ്വത അനുഷ്ഠാനമായിരിക്കണം.
“മനുഷ്യന്റെ ശവം തൊടുന്ന ഏതൊരാളും ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും. മൂന്നാംദിവസവും ഏഴാംദിവസവും അയാൾ ശുദ്ധീകരണജലംകൊണ്ടു സ്വയം ശുദ്ധീകരിക്കണം. അപ്പോൾ അയാൾ ശുദ്ധനാകും. എന്നാൽ മൂന്നും, ഏഴും ദിവസങ്ങളിൽ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാൾ ശുദ്ധനാകുകയില്ല. ശവം തൊടുന്ന ആരെങ്കിലും തന്നെ വിശുദ്ധീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ യഹോവയുടെ കൂടാരത്തെ മലിനമാക്കുന്നു. ആ വ്യക്തിയെ ഇസ്രായേലിൽനിന്നും ഛേദിച്ചുകളയണം. കാരണം ശുദ്ധീകരണജലം അയാളുടെമേൽ തളിക്കാതിരുന്നതുനിമിത്തം അയാൾ അശുദ്ധനാണ്; അയാളുടെ അശുദ്ധി അയാളുടെമേൽ നിലനിൽക്കുന്നു.
“ഒരു വ്യക്തി കൂടാരത്തിൽവെച്ചു മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവരും അതിനുള്ളിലുള്ളവരും ഏഴുദിവസം അശുദ്ധരായിരിക്കും. അടപ്പുകൊണ്ടു മൂടിവെക്കാത്ത പാത്രമൊക്കെയും അശുദ്ധമായിരിക്കും.
“വാളാൽ മരിച്ചവരെയോ സ്വാഭാവികമായി മരിച്ചവരെയോ മനുഷ്യാസ്ഥി, ശവക്കല്ലറ എന്നിവ സ്പർശിക്കുന്നവരെയോ വെളിമ്പ്രദേശത്തുവെച്ചു തൊടുന്നവർ ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും.
“അശുദ്ധനായ മനുഷ്യനുവേണ്ടി, ശുദ്ധീകരണയാഗത്തിൽ ദഹിച്ച കുറെ ചാരം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവയുടെമേൽ ശുദ്ധജലം ഒഴിക്കണം. ഇതിനുശേഷം ആചാരപരമായി ശുദ്ധിയുള്ള ഒരാൾ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി ആ കൂടാരത്തിന്മേലും സകല ഉപകരണങ്ങളിന്മേലും അവിടെ ഉണ്ടായിരുന്ന ആളുകളുടെമേലും തളിക്കണം. മനുഷ്യന്റെ അസ്ഥി, ശവക്കല്ലറ, വധിക്കപ്പെട്ട ആൾ, സ്വാഭാവികമരണം സംഭവിച്ച ആൾ എന്നിവ സ്പർശിച്ച ഏവരുടെയുംമേൽ അയാൾ ശുദ്ധീകരണജലം തളിക്കണം. ശുദ്ധിയുള്ള പുരുഷൻ അശുദ്ധിയുള്ള വ്യക്തിയെ മൂന്നാംദിവസവും ഏഴാംദിവസവും തളിക്കുകയും ഏഴാംദിവസം അയാൾ ആ മനുഷ്യനെ ശുദ്ധീകരിക്കുകയും വേണം. ശുദ്ധീകരിക്കപ്പെട്ട വ്യക്തി തന്റെ വസ്ത്രങ്ങൾ അലക്കി വെള്ളത്തിൽ കുളിക്കണം. അന്നു സന്ധ്യക്ക് ആ മനുഷ്യൻ ശുദ്ധിയുള്ളതായിത്തീരും. എന്നാൽ അശുദ്ധരായവർ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ, അവർ സമൂഹത്തിൽനിന്ന് ഛേദിക്കപ്പെടണം. കാരണം അവർ യഹോവയുടെ വിശുദ്ധമന്ദിരത്തെ മലിനപ്പെടുത്തിയിരിക്കുന്നു. ശുദ്ധീകരണജലം അവരുടെമേൽ തളിക്കാതിരുന്നതിനാൽ അവർ അശുദ്ധരാണ്. ഇത് അവർക്കൊരു ശാശ്വത അനുഷ്ഠാനമായിരിക്കണം.
“ശുദ്ധീകരണജലം തളിക്കുന്ന പുരുഷനും തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണജലത്തെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും. അശുദ്ധരായവർ തൊടുന്ന ഏതൊരു വസ്തുവും അശുദ്ധമാകും; അതിനെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.”
പാറയിൽനിന്ന് വെള്ളം
ഒന്നാംമാസം ഇസ്രായേൽസഭ മുഴുവനും സീൻമരുഭൂമിയിൽ എത്തി. അവർ കാദേശിൽ താമസിച്ചു. അവിടെവെച്ച് മിര്യാം മരിച്ചു. അവളെ അവർ അവിടെ അടക്കി.
എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു. അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു? ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.”
മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”
അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.
എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.
ഇസ്രായേൽമക്കൾ യഹോവയോടു കലഹിക്കുകയും അവരുടെമധ്യത്തിൽ അവിടന്ന് തന്റെ വിശുദ്ധി വെളിപ്പെടുത്തുകയുംചെയ്ത മെരീബാ20:13 കലഹം എന്നർഥം. ജലാശയം ഇതുതന്നെ.
ഏദോം ഇസ്രായേലിനു വഴി നിഷേധിക്കുന്നു
ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:
“നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ. ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി. എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
“ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.”
എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു:
“നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.”
അതിന് ഇസ്രായേല്യർ,
“ഞങ്ങൾ പ്രധാനനിരത്തിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ അതിനു വിലതരാം. ഞങ്ങൾക്കു കാൽനടയായി കടന്നുപോയാൽമാത്രം മതി—മറ്റൊന്നും വേണ്ട” എന്ന മറുപടി അറിയിച്ചു.
വീണ്ടും അവർ മറുപടികൊടുത്തു:
“നിങ്ങൾ കടന്നുപോയിക്കൂടാ.”
അപ്പോൾ ഏദോം വലിയതും ശക്തവുമായ ഒരു സൈന്യത്തോടുകൂടി അവർക്കെതിരേ പുറപ്പെട്ടു. തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഏദോം അവർക്ക് അനുമതി നിഷേധിച്ചതിനാൽ, ഇസ്രായേൽ അവിടെനിന്നു പിന്തിരിഞ്ഞു.
അഹരോന്റെ മരണം
ഇസ്രായേൽസഭ മുഴുവനും കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിൽ എത്തി. ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും, “അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും. ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അദ്ദേഹം കടക്കുകയില്ല; കാരണം നിങ്ങൾ ഇരുവരും മെരീബയിലെ ജലാശയത്തിനരികിൽവെച്ച് എന്റെ കൽപ്പനയോടു മത്സരിച്ചു. അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക. അഹരോന്റെ വസ്ത്രങ്ങൾ ഊരി അവന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിക്കുക. കാരണം അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും; അദ്ദേഹം അവിടെ മരിക്കും” എന്ന് അരുളിച്ചെയ്തതു.
യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു; സർവസമൂഹത്തിന്റെയും മുമ്പാകെ അവർ ഹോർ പർവതത്തിലേക്കു കയറിപ്പോയി. മോശ അഹരോന്റെ വസ്ത്രങ്ങൾ ഊരി അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിച്ചു. അഹരോൻ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു. ഇതിനുശേഷം മോശയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അഹരോൻ മരിച്ചു എന്ന് സഭയെല്ലാം മനസ്സിലാക്കിയപ്പോൾ ഇസ്രായേൽഗൃഹം മുഴുവനും മുപ്പതുദിവസം അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
ആരാദിന്റെ തോൽവി
അഥാരീം വഴിയായി ഇസ്രായേൽ വരുന്നു എന്നു തെക്കേദേശത്തു21:1 അതായത്, കനാന്റെ തെക്കുവശത്തു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് കേട്ടപ്പോൾ അയാൾ ഇസ്രായേല്യരെ ആക്രമിച്ച് അവരിൽ ചിലരെ പിടിച്ചുകൊണ്ടുപോയി. അപ്പോൾ ഇസ്രായേൽ, “അവിടന്ന് ഈ ജനത്തെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചുതരുമെങ്കിൽ ഞങ്ങൾ അവരുടെ പട്ടണങ്ങളെ ഉന്മൂലനംചെയ്യും” എന്ന് യഹോവയോട് ശപഥംചെയ്തു. യഹോവ ഇസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ അവർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു; അങ്ങനെ ആ സ്ഥലത്തിനു ഹോർമാ21:3 നശീകരണം എന്നർഥം. എന്നു പേരായി.
വെള്ളോടുകൊണ്ടുള്ള സർപ്പം
ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി. അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ച്, “മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ എന്തിന് ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു? ഇവിടെ അപ്പവുമില്ല! വെള്ളവുമില്ല! ഈ നിസ്സാരഭക്ഷണം ഞങ്ങൾ വെറുക്കുന്നു!” എന്നു പറഞ്ഞു.
അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു. ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
യഹോവ മോശയോട്, “ഒരു വിഷസർപ്പത്തെ ഉണ്ടാക്കി ഒരു കൊടിമരത്തിൽ ഉയർത്തുക. സർപ്പദംശനമേറ്റ ഏതൊരാളും അതിൽ നോക്കിയാൽ ജീവിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല.
മോവാബിലേക്കുള്ള യാത്ര
ഇസ്രായേൽമക്കൾ തങ്ങളുടെ യാത്രതുടർന്ന് ഓബോത്തിൽ പാളയമടിച്ചു. അതിനുശേഷം അവർ ഓബോത്തിൽനിന്ന് യാത്രപുറപ്പെട്ട് സൂര്യോദയത്തിനുനേരേ മോവാബിന് അഭിമുഖമായുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമടിച്ചു. അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു. അവർ അവിടെനിന്നു പുറപ്പെട്ട് അമോര്യരുടെ അതിർത്തിയിലേക്കു നീളുന്ന മരുഭൂമിയിലുള്ള അർന്നോൻനദിക്കു സമാന്തരമായി പാളയമടിച്ചു. മോവാബിന്റെയും അമോര്യരുടെയും പ്രദേശങ്ങൾക്ക് ഇടയിൽ മോവാബിന്റെ അതിർത്തിയാണ് അർന്നോൻ. തന്മൂലം,
“സൂഫയിലെ വാഹേബും21:14 ഈ പദം, ഗ്രീക്കു പതിപ്പിൽ, സാഹബ് എന്നാണ്.
അർന്നോൻ മലയിടുക്കുകളും
മോവാബിന്റെ അതിർത്തിയിലുടനീളം ചാഞ്ഞുകിടക്കുന്ന
ആർപട്ടണംവരെയുള്ള മലഞ്ചെരിവുകളും”
എന്ന് യഹോവയുടെ യുദ്ധപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അവിടെനിന്ന് അവർ ബേരിലേക്കു പുറപ്പെട്ടു. “ജനങ്ങളെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കും,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്ത കിണർ ഇതുതന്നെ.
അപ്പോൾ ഇസ്രായേൽ ഈ ഗാനം ആലപിച്ചു:
“കിണറേ, പൊങ്ങിവാ!
അതിനെക്കുറിച്ചു പാടുക,
പ്രഭുക്കന്മാർ കുഴിച്ച കിണർ,
ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും ദണ്ഡുകൾകൊണ്ടും
കുത്തിയ കിണറിനെക്കുറിച്ചുതന്നെ.”
ഇതിനുശേഷം അവർ മരുഭൂമിയിൽനിന്ന് മത്ഥാനയിലേക്കും മത്ഥാനയിൽനിന്ന് നഹലീയേലിലേക്കും, നഹലീയേലിൽനിന്ന് ബാമോത്തിലേക്കും, ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും പോയി. അതു മരുഭൂമിക്ക് അഭിമുഖമായുള്ള പിസ്ഗകൊടുമുടിയുടെ താഴെയാണ്.
സീഹോന്റെയും ഓഗിന്റെയും പരാജയം
അവിടെനിന്ന് ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു പറഞ്ഞു:
“താങ്കളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ഇല്ല. താങ്കളുടെ ഭൂപ്രദേശം കടക്കുന്നതുവരെ ഞങ്ങൾ രാജപാതയിലൂടെമാത്രം യാത്രചെയ്യും.”
എന്നാൽ സീഹോൻ തന്റെ രാജ്യത്തിലൂടെ കടന്നുപോകാൻ ഇസ്രായേലിനെ അനുവദിച്ചില്ല. അയാൾ സൈന്യത്തെയെല്ലാം ഒന്നിച്ചുകൂട്ടി ഇസ്രായേലിനെതിരായി മരുഭൂമിയിലേക്കു പുറപ്പെട്ടു. യാഹാസിലെത്തിയപ്പോൾ അയാൾ ഇസ്രായേലിനോടു യുദ്ധംചെയ്തു. എന്നാൽ ഇസ്രായേൽ അയാളെ വാൾകൊണ്ടു കൊന്ന് അർന്നോൻമുതൽ യാബ്ബോക്കുവരെ അയാളുടെ ദേശം പിടിച്ചെടുത്തു. അമ്മോന്യരുടെ അതിരുവരെമാത്രമേ പിടിച്ചെടുത്തുള്ളൂ, കാരണം അവരുടെ അതിർത്തി കോട്ടകെട്ടി ബലപ്പെടുത്തിയിരുന്നു. ഹെശ്ബോനും അതിനുചുറ്റുമുള്ള സകലഗ്രാമങ്ങളുമടക്കം അമോര്യരുടെ എല്ലാ പട്ടണങ്ങളും ഇസ്രായേൽ പിടിച്ചടക്കി അവിടെ താമസമാക്കി. അമോര്യരാജാവായ സീഹോന്റെ പട്ടണമായിരുന്നു ഹെശ്ബോൻ. അദ്ദേഹം മോവാബിൽ മുമ്പുണ്ടായിരുന്ന രാജാവിനോടു യുദ്ധംചെയ്ത് അർന്നോൻനദിവരെയുള്ള സകലഭൂപ്രദേശങ്ങളും പിടിച്ചടക്കിയിരുന്നു.
അതുകൊണ്ടാണ് കവികൾ പറയുന്നത്:
“ഹെശ്ബോനിലേക്കു വരിക, അതു വീണ്ടും പണിയപ്പെടട്ടെ;
സീഹോന്റെ പട്ടണം പുനഃസ്ഥാപിക്കപ്പെടട്ടെ.
“ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു,
സീഹോന്റെ നഗരത്തിൽനിന്ന് ഒരു ജ്വാലയും.
മോവാബിലെ ആർപട്ടണവും
അർന്നോൻ ഗിരികളിലെ നിവാസികളെയും അതു ദഹിപ്പിച്ചു.
മോവാബേ, നിനക്കു ഹാ കഷ്ടം!
കെമോശ് ജനതയേ, നിങ്ങൾ നശിച്ചു!
അയാൾ തന്റെ പുത്രന്മാരെ പലായിതരായും
പുത്രിമാരെ അമോര്യരാജാവായ സീഹോന്
അടിമകളായും കൈവിട്ടു.
“എന്നാൽ ഞങ്ങളവരെ തകർത്തുകളഞ്ഞു;
ദീബോൻവരെ ഹെശ്ബോന്റെ അധീനതയിലുള്ളതെല്ലാം നശിപ്പിച്ചിരിക്കുന്നു.
ഞങ്ങൾ അവരെ മെദേബായിലേക്കു നീളുന്ന
നോഫാവരെയും തകർത്തിരിക്കുന്നു.”
അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്തു താമസിച്ചു.
മോശ യാസേരിലേക്കു ചാരന്മാരെ അയച്ചശേഷം, അതിനുചുറ്റുമുള്ള ജനാധിവാസകേന്ദ്രങ്ങളെ ഇസ്രായേൽ പിടിച്ചെടുത്ത് അവിടെ ഉണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. അതിനുശേഷം അവർ തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും അവരുടെനേരേ ചെന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
യഹോവ മോശയോട്, “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക” എന്ന് അരുളിച്ചെയ്തു.
അങ്ങനെ അവർ അയാളെ അയാളുടെ പുത്രന്മാരോടും സർവസൈന്യത്തോടുംകൂടെ നിശ്ശേഷം കൊന്നൊടുക്കി, ആരും ശേഷിച്ചില്ല. അവർ അവരുടെ ദേശം കൈവശമാക്കി.
ബാലാക്ക് ബിലെയാമിനെ ക്ഷണിക്കുന്നു
ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.
ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു. ജനം വളരെയധികം ഉണ്ടായിരുന്നതിനാൽ മോവാബ് ഭയപ്പെട്ടു. വാസ്തവത്തിൽ ഇസ്രായേൽമക്കളുടെ സാന്നിധ്യം മോവാബ്യരിൽ ഭീതിയുളവാക്കി.
മോവാബ്യർ മിദ്യാനിലെ തലവന്മാരോട്, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ പടക്കൂട്ടം നമുക്കുചുറ്റുമുള്ള സകലതും നക്കിക്കളയാൻ പോകുന്നു” എന്നു പറഞ്ഞു.
അന്നു മോവാബിലെ രാജാവായിരുന്ന സിപ്പോരിന്റെ മകൻ ബാലാക്ക് ബെയോരിന്റെ മകൻ ബിലെയാമിനെ വിളിക്കാൻ ദൂതന്മാരെ അയച്ചു. അദ്ദേഹം തന്റെ സ്വദേശത്ത്, യൂഫ്രട്ടീസ് നദിക്ക് അരികെയുള്ള പെഥോരിൽ ആയിരുന്നു. ബാലാക്ക് പറഞ്ഞു:
“ഈജിപ്റ്റിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു; അവർ ദേശത്തെ മൂടി എനിക്കു സമീപം പാർപ്പുറപ്പിച്ചിരിക്കുന്നു. അവർ എന്നിലും ശക്തന്മാരാകുകയാൽ വന്ന് ഈ ജനത്തെ ശപിക്കണമേ. എങ്കിൽ എനിക്ക് ഈ ജനത്തെ തോൽപ്പിച്ച് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാൻ കഴിഞ്ഞേക്കും. കാരണം നീ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും; നീ ശപിക്കുന്നവർ ശപിക്കപ്പെടും എന്നു ഞാൻ അറിയുന്നു.”
മോവാബിലെയും മിദ്യാനിലെയും തലവന്മാർ പ്രശ്നദക്ഷിണയുമായി പുറപ്പെട്ടു. അവർ ബിലെയാമിന്റെ അടുക്കൽവന്ന് ബാലാക്ക് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.
“രാത്രി ഇവിടെ പാർക്കുക, എങ്കിൽ യഹോവ എനിക്കു തരുന്ന മറുപടി ഞാൻ നിങ്ങളെ അറിയിക്കാം,” എന്ന് ബിലെയാം അവരോടു പറഞ്ഞു. അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അദ്ദേഹത്തോടൊപ്പം താമസിച്ചു.
ദൈവം ബിലെയാമിന്റെ അടുക്കൽവന്ന് “നിന്നോടൊപ്പമുള്ള ഈ പുരുഷന്മാർ ആര്?” എന്നു ചോദിച്ചു.
ബിലെയാം ദൈവത്തോട്, “മോവാബിലെ രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് എനിക്ക് ഈ സന്ദേശമയച്ചു: ‘ഈജിപ്റ്റിൽനിന്നും പുറപ്പെട്ടുവന്ന ഒരു ജനം ദേശത്തെ മൂടിയിരിക്കുന്നു. ആകയാൽ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. അങ്ങനെയെങ്കിൽ എനിക്ക് അവരെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞേക്കും.’ ”
എന്നാൽ ദൈവം ബിലെയാമിനോട്, “അവരോടൊപ്പം പോകരുത്. നീ ആ ജനത്തെ ശപിക്കരുത്, അവർ അനുഗ്രഹിക്കപ്പെട്ടവരാണ്” എന്നു പറഞ്ഞു.
അടുത്ത പ്രഭാതത്തിൽ ബിലെയാം എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്, “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊൾക, നിങ്ങളോടൊപ്പം വരുന്നതിനു യഹോവ എന്നെ അനുവദിക്കുന്നില്ല” എന്നു പറഞ്ഞു.
അങ്ങനെ മോവാബ്യപ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, “ഞങ്ങളോടൊപ്പം വരുന്നതിനു ബിലെയാം വിസമ്മതിച്ചു” എന്നു പറഞ്ഞു.
അതിനുശേഷം ബാലാക്ക് ആദ്യത്തേതിലും മാന്യരായ വേറെ അധികം പ്രഭുക്കന്മാരെ അയച്ചു. അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു,
“സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്. കാരണം ഞാൻ താങ്കൾക്ക് മാന്യമായ പ്രതിഫലംനൽകും; താങ്കൾ പറയുന്നതെന്തും ചെയ്യും. വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.’ ”
എന്നാൽ ബിലെയാം അവരോടു പറഞ്ഞത്:
“ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല. നിങ്ങളും ഇന്നു രാത്രി ഇവിടെ പാർക്കുക, മറ്റെന്തെങ്കിലുംകൂടി യഹോവ എന്നോടു പറയുമോ എന്നു ഞാൻ അറിയട്ടെ.”
ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”
ബിലെയാമിന്റെ കഴുത
ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി. എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു. യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.
പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികിലേക്ക് ഒതുങ്ങി. ബിലെയാമിന്റെ കാൽ മതിലിനിടയിൽ ഞെരുങ്ങി. അതുകൊണ്ട് അയാൾ അതിനെ വീണ്ടും അടിച്ചു.
പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുനീങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഒട്ടും ഇടമില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ ബിലെയാമിന്റെ കീഴിൽ കിടന്നു. അയാൾ കോപിച്ചു തന്റെ വടികൊണ്ട് അതിനെ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.
ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.
കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?”
“ഇല്ല,” അയാൾ പറഞ്ഞു.
അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുകൾ തുറന്നു. ഊരിയ വാളുമേന്തി യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നത് കണ്ടു. അയാൾ സാഷ്ടാംഗം വണങ്ങി വീണു.
യഹോവയുടെ ദൂതൻ അയാളോടു ചോദിച്ചു: “നീ മൂന്നുപ്രാവശ്യം നിന്റെ കഴുതയെ അടിച്ചതെന്ത്? നിന്റെ വഴി നാശകരമാകുകയാൽ22:32 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. നിന്നെ എതിരിടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. കഴുത എന്നെക്കണ്ട് മൂന്നു തവണയും തിരിഞ്ഞുമാറിപ്പോയി. അതു തിരിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ കൊല്ലുകയും അതിനെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.”
ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.
ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു. ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “ഞാൻ താങ്കൾക്ക് ഒരു അടിയന്തരക്ഷണം അല്ലേ അയച്ചത്? എന്തുകൊണ്ടു താങ്കൾ എന്റെയടുക്കൽ വന്നില്ല? താങ്കൾക്കു പ്രതിഫലം നൽകാൻ തക്ക പ്രാപ്തി എനിക്കില്ലേ?”
“ആകട്ടെ, ഞാൻ ഇപ്പോൾ നിന്റെയടുക്കൽ വന്നല്ലോ,” ബിലെയാം മറുപടി പറഞ്ഞു. “പക്ഷേ, വെറുതേ എന്തെങ്കിലും പറയാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിൽ തരുന്നതുമാത്രമേ ഞാൻ സംസാരിക്കൂ.”
പിന്നെ ബിലെയാം ബാലാക്കിനോടുകൂടെ കിര്യത്ത്-ഹൂസോത്തിലേക്കു പോയി. ബാലാക്ക് കാളകളെയും ആടുകളെയും യാഗമർപ്പിച്ചു. ബിലെയാമിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. അടുത്ത പ്രഭാതത്തിൽ ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ട് ബാമോത്ത്-ബാലിലേക്കു കയറിച്ചെന്നു. അവിടെനിന്ന് അദ്ദേഹത്തിന് ഇസ്രായേൽജനത്തിന്റെ ഒരുഭാഗം കാണാമായിരുന്നു.
ബിലെയാമിന്റെ ആദ്യ അരുളപ്പാട്
ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാള, ഏഴ് ആട്ടുകൊറ്റൻ എന്നിവ എനിക്കായി ഒരുക്കുക.” ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ബാലാക്കും ബിലെയാമും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ ഓരോ യാഗപീഠത്തിന്മേലും അർപ്പിച്ചു.
പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ അൽപ്പം വേറിട്ടു പോകുമ്പോൾ നീ ഇവിടെ നിന്റെ ഹോമയാഗത്തിനരികെ നിൽക്കുക. പക്ഷേ, യഹോവ എന്നെ സന്ദർശിച്ചേക്കും. അവിടന്ന് എന്ത് വെളിപ്പെടുത്തുന്നോ അതു ഞാൻ അറിയിക്കാം” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഒരു മൊട്ടക്കുന്നിലേക്കു കയറിപ്പോയി.
ദൈവം അദ്ദേഹത്തെ സന്ദർശിച്ചു. ബിലെയാം പറഞ്ഞു: “ഞാൻ ഏഴു യാഗപീഠം ഒരുക്കി, ഓരോ യാഗപീഠത്തിന്മേലും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ അർപ്പിച്ചിരിക്കുന്നു.”
യഹോവ ബിലെയാമിന്റെ നാവിൽ ഒരു ദൂത് നൽകി, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
അങ്ങനെ അദ്ദേഹം ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു. അദ്ദേഹം മോവാബ്യ പ്രഭുക്കന്മാരെല്ലാവരോടുംകൂടെ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. അപ്പോൾ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:
“ബാലാക്ക് അരാമിൽനിന്ന് എന്നെ കൊണ്ടുവന്നു,
മോവാബ് രാജാവ് പൂർവഗിരികളിൽനിന്ന് എന്നെ വരുത്തി.
‘വരിക, എനിക്കുവേണ്ടി യാക്കോബിനെ ശപിക്കുക.
വരിക, ഇസ്രായേലിനെ ശപിക്കുക’
ദൈവം ശപിക്കാത്തവരെ
ഞാൻ എങ്ങനെ ശപിക്കും?
യഹോവ ശകാരിക്കാത്തവരെ
ഞാൻ എങ്ങനെ ശകാരിക്കും?
പാറക്കെട്ടുകളിൽനിന്ന് ഞാൻ അവരെ കാണുന്നു.
ഗിരികളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു.
ഇതാ, വേറിട്ടു പാർക്കുന്നൊരു ജനം.
അവർ ഇതര ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല.
യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?
ഇസ്രായേലിന്റെ കാൽഭാഗത്തെ ആർക്ക് എണ്ണാം?
നീതിമാന്മാർ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ.
എന്റെ അന്ത്യവും അവരുടേതുപോലെയാകട്ടെ!”
ബാലാക്ക് ബിലെയാമിനോട്, “താങ്കൾ എന്നോടീ ചെയ്തത് എന്താണ്? എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ താങ്കളെ കൂട്ടിക്കൊണ്ടുവന്നു, എന്നാൽ താങ്കൾ അവരെ അനുഗ്രഹിക്കുകമാത്രമാണു ചെയ്തത്!” എന്നു പറഞ്ഞു.
അതിനു ബിലെയാം, “യഹോവ എന്റെ നാവിൽ തന്നതു ഞാൻ പറയേണ്ടതല്ലേ?” എന്നു മറുപടി പറഞ്ഞു.
ബിലെയാമിന്റെ രണ്ടാം അരുളപ്പാട്
പിന്നെ ബാലാക്ക് അദ്ദേഹത്തോട്, “താങ്കൾക്ക് അവരെ കാണാവുന്ന മറ്റൊരു സ്ഥലത്തേക്ക് എന്നോടൊപ്പം വരിക; അവരിൽ ഒരു ഭാഗത്തെമാത്രം അല്ലാതെ എല്ലാവരെയും താങ്കൾക്കു കാണാൻ കഴിയുകയില്ല. അവിടെനിന്ന് അവരെ എനിക്കുവേണ്ടി ശപിക്കുക” എന്നു പറഞ്ഞു. അങ്ങനെ ബാലാക്ക് ബിലെയാമിനെ പിസ്ഗാമലയുടെ മുകളിലുള്ള സോഫീം വയലിലേക്കു കൊണ്ടുപോയി. അവിടെ അയാൾ ഏഴു യാഗപീഠങ്ങൾ നിർമിച്ച് ഓരോ പീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
ബിലെയാം ബാലാക്കിനോട്: “താങ്കളുടെ ഹോമയാഗത്തിനരികെ നിൽക്കുക. ഞാൻ അവിടെ യഹോവയെ കാണട്ടെ.”
യഹോവ ബിലെയാമിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നാവിൽ ഒരു സന്ദേശം കൊടുത്തിട്ട്, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു.
അപ്പോൾ അദ്ദേഹം അറിയിച്ച അരുളപ്പാട് ഇപ്രകാരമായിരുന്നു:
“ബാലാക്കേ, എഴുന്നേറ്റു കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക.
വ്യാജം പറയാൻ ദൈവം മനുഷ്യനല്ല,
തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല.
അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ?
വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു.
അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ.
“അത്യാഹിതം യാക്കോബിൽ കാണാനില്ല.
ദുരിതം ഇസ്രായേലിൽ ദർശിക്കാനുമില്ല.
യഹോവയായ അവരുടെ ദൈവം അവരോടുകൂടെയുണ്ട്.
രാജാവിന്റെ ഗർജനം അവരുടെ മധ്യേയുണ്ട്.
ഈജിപ്റ്റിൽനിന്ന് ദൈവം അവരെ കൊണ്ടുവന്നു;
ഒരു കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല,
ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല.
യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി,
ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.
ആ ജനം സിംഹിയെപ്പോലെ ഉണരുന്നു;
അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു.
അവർ തന്റെ ഇരയെ വിഴുങ്ങുകയും
ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.”
അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ട, അനുഗ്രഹിക്കുകയും വേണ്ട!” എന്നു പറഞ്ഞു.
ബിലെയാം മറുപടിയായി, “യഹോവ എന്തു കൽപ്പിച്ചാലും ഞാൻ അതു ചെയ്യും എന്നു ഞാൻ താങ്കളോടു പറഞ്ഞില്ലേ?” എന്നു പറഞ്ഞു.
ബിലെയാമിന്റെ മൂന്നാം അരുളപ്പാട്
ഇതിനുശേഷം ബാലാക്ക് ബിലെയാമിനോട്, “വരിക, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. ഒരുപക്ഷേ അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണ്ടതിനു നിന്നെ അനുവദിക്കാൻ ദൈവത്തിനു പ്രസാദമായേക്കും” എന്നു പറഞ്ഞു. അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിലേക്കു കൊണ്ടുപോയി.
ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത് ഏഴു കാളകളെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കുക.” ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ഓരോ യാഗപീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
എന്നാൽ, ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ, മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു. ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു, അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:
“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്,
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും,
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
“യാക്കോബേ, നിന്റെ കൂടാരങ്ങൾ,
ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!
“താഴ്വരപോലെ അവ പടർന്നുകിടക്കുന്നു.
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ട ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെതന്നെ.
അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും;
അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും.
“അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും,
അവരുടെ രാജ്യം ഉന്നതമാകും.
“ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു.
കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു.
അവരുടെ അസ്ഥികളെ തകർക്കുന്നു;
തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.
ഒരു സിംഹത്തെപ്പോലെ, ഒരു സിംഹിയെപ്പോലെ, അവർ പതുങ്ങിക്കിടക്കുന്നു.
ആര് അവരെ ഉണർത്തും?
“നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ,
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെടട്ടെ!”
അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത്. എന്നാൽ താങ്കൾ അവരെ ഈ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു. നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക. മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു. എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു.”
ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു: “താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്, ‘ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും, യഹോവയുടെ കൽപ്പനയെ മറികടന്ന്, നന്മയോ തിന്മയോ ആകട്ടെ, സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ; മാത്രമല്ല, യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ’ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ? ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. എന്നാൽ വരിക, വരുംനാളുകളിൽ ഈ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം.”
ബിലെയാമിന്റെ നാലാം അരുളപ്പാട്
പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:
“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്.
പരമോന്നതനിൽനിന്ന് പരിജ്ഞാനം പ്രാപിച്ചവനും
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
“ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;
ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
മോവാബിന്റെ നെറ്റിത്തടം24:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അവിടന്ന് തകർക്കും,
ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.
ഏദോം പിടിക്കപ്പെടും;
സേയീരും അവന്റെ ശത്രുക്കളുടെ കൈവശമാക്കപ്പെടും,
എന്നാൽ ഇസ്രായേലോ ശക്തിപ്പെടും,
യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന്
നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”
ബിലെയാമിന്റെ അഞ്ചാമത്തെ അരുളപ്പാട്
പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:
“അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു.
എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”
ബിലെയാമിന്റെ ആറാമത്തെ അരുളപ്പാട്
പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:
“നിന്റെ വാസസ്ഥലം സുരക്ഷിതം;
നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു.
അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ
കേന്യരായ നിങ്ങൾ നശിക്കും.”
ബിലെയാമിന്റെ ഏഴാമത്തെ അരുളപ്പാട്
പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:
“ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും?
കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും;
അശ്ശൂരിനെയും ഏബെരിനെയും അവർ അധീനമാക്കും;
എന്നാൽ അവരും നശിക്കും.”
പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി. ബാലാക്ക് തന്റെ വഴിക്കുപോയി.
മോവാബ് ഇസ്രായേലിനെ വഴിതെറ്റിക്കുന്നു
ഇസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവരുടെ പുരുഷന്മാർ മോവാബ്യസ്ത്രീകളുമായി ലൈംഗിക അസാന്മാർഗികതയിലേർപ്പെട്ടു. അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു. അങ്ങനെ പെയോരിലെ ബാലിന്റെ ആരാധനയിൽ ഇസ്രായേൽ കൂട്ടുചേർന്നു. യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു.
യഹോവ മോശയോട്, “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിനെ വിട്ടുമാറേണ്ടതിന്, ജനത്തിന്റെ നായകന്മാരെ സകലരെയും കൂട്ടി യഹോവയുടെമുമ്പാകെ അവരെ കൊന്ന് പകൽവെളിച്ചത്തിൽ പ്രദർശിപ്പിക്കുക” എന്നു പറഞ്ഞു.
മോശ ഇസ്രായേലിന്റെ ന്യായാധിപന്മാരോട്, “നിങ്ങളുടെ പുരുഷന്മാരിൽ പെയോരിലെ ബാലിന്റെ ആരാധനയിൽ കൂട്ടുചേർന്നവരെ നിങ്ങൾതന്നെ വധിക്കുക.”
ഈ വിധി വന്നതിനുശേഷം, മോശയും ഇസ്രായേൽസഭ മുഴുവനും സമാഗമകൂടാരവാതിൽക്കൽ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്മുമ്പിൽത്തന്നെ ഒരു ഇസ്രായേല്യപുരുഷൻ ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്നു. പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇതു കണ്ടപ്പോൾ, അദ്ദേഹം സഭയിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം കൈയിലെടുത്ത് ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു. എന്നാൽ ബാധയിൽ മരിച്ചവരുടെ എണ്ണം 24,000 ആയിരുന്നു.
യഹോവ മോശയോട്, “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു. അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക. അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ഇസ്രായേല്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തതിനാൽ അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും സുസ്ഥിരമായ ഒരു പൗരോഹിത്യത്തിന്റെ ഉടമ്പടി ആകുന്നു.”
മിദ്യാന്യസ്ത്രീയോടുകൂടി കൊല്ലപ്പെട്ട ഇസ്രായേല്യന്റെ പേര് സിമ്രി എന്നായിരുന്നു. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു കുടുംബത്തിന്റെ നായകനായിരുന്ന സാലുവിന്റെ മകനായിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കോസ്ബി എന്നായിരുന്നു; അവൾ മിദ്യാന്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ ഗോത്രത്തലവനായ സൂരിന്റെ മകളായിരുന്നു.
യഹോവ മോശയോട്, “പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.
രണ്ടാം ജനസംഖ്യാഗണനം
ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു: “ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.” യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു: “യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.”
ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ:
ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം;
ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം;
കർമിയിലൂടെ കർമ്യകുടുംബം.
ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
ഫല്ലൂവിന്റെ പുത്രൻ എലീയാബ്. എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ. ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു. എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
നെമൂവേലിലൂടെ നെമൂവേല്യകുടുംബം;
യാമിനിലൂടെ യാമിന്യകുടുംബം;
യാഖീനിലൂടെ യാഖീന്യകുടുംബം;
സേരഹിലൂടെ സേരഹ്യകുടുംബം;
ശാവൂലിലൂടെ ശാവൂല്യകുടുംബം.
ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
സെഫോനിലൂടെ സെഫോന്യകുടുംബം;
ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം;
ശൂനിയിലൂടെ ശൂനീയകുടുംബം;
ഒസ്നിയിലൂടെ ഒസ്നീയകുടുംബം;
ഏരിയിലൂടെ ഏര്യകുടുംബം;
അരോദിലൂടെ26:17 [ഉൽ. 46:16] അരോദ്യകുടുംബം;
അരേലിയിലൂടെ അരേല്യകുടുംബം.
ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശേലഹിലൂടെ ശേലഹ്യകുടുംബം;
ഫേരെസിലൂടെ ഫേരെസ്യകുടുംബം;
സേരഹിലൂടെ സേരഹ്യകുടുംബം.
ഫേരെസിന്റെ സന്തതികൾ:
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം;
ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
തോലാവിലൂടെ തോലാവ്യകുടുംബം;
പൂവായിലൂടെ പൂവ്യകുടുംബം;26:23 [1 ദിന. 7:1]
യാശൂബിലൂടെ യാശൂബ്യകുടുംബം;
ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
സേരെദിലൂടെ സേരെദ്യകുടുംബം,
ഏലോനിലൂടെ ഏലോന്യകുടുംബം,
യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
മനശ്ശെയുടെ സന്തതികൾ:
മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു;
ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
ഗിലെയാദിന്റെ സന്തതികൾ:
ഈയേസെരിലൂടെ ഈയേസെര്യകുടുംബം:
ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം;
ശേഖേമിലൂടെ ശേഖേമ്യകുടുംബം;
ശെമീദാവിലൂടെ ശെമീദാവ്യകുടുംബം;
ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം;
ബേഖെരിലൂടെ ബേഖെര്യകുടുംബം;
തഹനിലൂടെ തഹന്യകടുംബം,
ശൂഥേലഹിന്റെ സന്തതികൾ:
ഏരാനിലൂടെ ഏരാന്യകുടുംബം.
എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു.
ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ബേലയിലൂടെ ബേലാവ്യകുടുംബം;
അശ്ബേലിലൂടെ അശ്ബേല്യകുടുംബം;
അഹീരാമിലൂടെ അഹീരാമ്യകുടുംബം;
ശൂപാമിലൂടെ ശൂപാമ്യകുടുംബം;
ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ:
അർദിലൂടെ അർദ്യകുടുംബം.
നാമാനിലൂടെ നാമാന്യകുടുംബം
ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശൂഹാമിലൂടെ ശൂഹാമ്യകുടുംബം.
ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
യിമ്നായിലൂടെ യിമ്നീയകുടുംബം;
യിശ്വിയിലൂടെ യിശ്വീയകുടുംബം;
ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
ബേരീയാവിന്റെ സന്തതികളിലൂടെ:
ഹേബെരിലൂടെ ഹേബെര്യകുടുംബം;
മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
യഹ്സേലിലൂടെ യഹ്സേല്യകുടുംബം;
ഗൂനിയിലൂടെ ഗൂന്യകുടുംബം;
യെസെരിലൂടെ യെസെര്യകടുംബം;
ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
യഹോവ മോശയോട്, “ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം. നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്. വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു:
ഗെർശോനിലൂടെ ഗെർശോന്യകുടുംബം;
കെഹാത്തിലൂടെ കെഹാത്യകുടുംബം;
മെരാരിയിലൂടെ മെരാര്യകുടുംബം.
ഇവയും ലേവ്യകുടുംബങ്ങളായിരുന്നു:
ലിബ്നീയകുടുംബം,
ഹെബ്രോന്യകുടുംബം,
മഹ്ലീയകുടുംബം,
മൂശ്യകുടുംബം,
കോരഹ്യകുടുംബം.
അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്; അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു. നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ. എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്. മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.
സെലോഫഹാദിന്റെ പുത്രിമാർ
യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു. അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു: “ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.”
അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം.
“ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം. അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം. അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം. അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’ ”
യോശുവ മോശയുടെ പിൻഗാമി
ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക. നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും. സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.
മോശ യഹോവയോട്, “യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു.
അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക. അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക. നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും. അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.”
യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.
പ്രതിദിന വഴിപാടുകൾ
യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾക്ക് ഈ കൽപ്പന നൽകി അവരോടു പറയുക: ‘എനിക്കു ഹൃദ്യസുഗന്ധമായി ദഹനയാഗമാകുന്ന വഴിപാടുകൾ യഥാസമയം അർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക’ അവരോടു പറയുക: ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി അർപ്പിക്കുക. ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം. ഇടിച്ചുപിഴിഞ്ഞെടുത്ത ഒലിവെണ്ണ കാൽ ഹീൻ28:5 ഏക. 1 ലി. ചേർത്ത ഒരു ഓമെർ28:5 ഏക. 1.6 കി.ഗ്രാം. നേരിയമാവ് ഭോജനയാഗമായും അർപ്പിക്കണം. ഇതു ഹൃദ്യസുഗന്ധമായി, യഹോവയ്ക്കു ദഹനയാഗമായി സീനായിമലയിൽവെച്ച് നിയമിക്കപ്പെട്ട, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം. അതിന്റെ പാനീയയാഗം ഓരോ കുഞ്ഞാടിനുമൊപ്പം കാൽ ഹീൻ വീര്യമുള്ള പാനീയം ആയിരിക്കണം. യഹോവയ്ക്കുള്ള പാനീയയാഗം വിശുദ്ധമന്ദിരത്തിൽ ഒഴിക്കുക. രാവിലെ നിങ്ങൾ അർപ്പിക്കുന്നവിധംതന്നെയുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കണം. ഇത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
ശബ്ബത്തിലെ വഴിപാട്
“ ‘ശബ്ബത്തുദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടുകളെ, അതിന്റെ പാനീയയാഗത്തോടും, അതിന്റെ ഭോജനയാഗമായ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ28:9 ഏക. 3.2 കി.ഗ്രാം. നേരിയമാവോടുംകൂടെ അർപ്പിക്കണം. എല്ലാ ശബ്ബത്തിനുമുള്ള ഹോമയാഗം ഇതുതന്നെ. നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേയുള്ളതാണ് ഇത്.
മാസംതോറുമുള്ള വഴിപാടുകൾ
“ ‘എല്ലാമാസവും ഒന്നാംദിവസം ഊനമില്ലാത്ത രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവ ഹോമയാഗമായി യഹോവയ്ക്ക് അർപ്പിക്കുക. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ28:12 ഏക. 5 കി.ഗ്രാം. നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ എണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ഓരോ കുഞ്ഞാടിനോടുംകൂടെ എണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. ഇതു ഹോമയാഗത്തിനുവേണ്ടിയുള്ളതാണ്; യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കപ്പെടുന്ന ഹോമയാഗംതന്നെ. അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീനും28:14 ഏക. 1.9 ലി. ഓരോ ആട്ടുകൊറ്റനും മൂന്നിലൊന്നു ഹീനും,28:14 ഏക. 1.3 ലി. ഓരോ കുഞ്ഞാടിനും കാൽ ഹീനും വീഞ്ഞ് ആയിരിക്കണം. വർഷത്തിലെ എല്ലാ അമാവാസിയിലും അർപ്പിക്കേണ്ട മാസംതോറുമുള്ള ദഹനയാഗം ഇതുതന്നെ. പാനീയയാഗത്തോടുകൂടെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനുപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും യഹോവയ്ക്ക് അർപ്പിക്കണം.
പെസഹാ
“ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം. ഈ മാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം ഉണ്ടായിരിക്കണം; ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗം: ഊനമില്ലാത്ത രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഒരു ഹോമയാഗമായി അർപ്പിക്കണം. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും ഒരുക്കുക. നിങ്ങൾക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗത്തിന് ഒരു കോലാടിനെയുംകൂടി അർപ്പിക്കണം. പ്രഭാതത്തിൽ നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനുപുറമേയാണ് ഇവ ഒരുക്കേണ്ടത്. ഇപ്രകാരം യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ദഹനയാഗത്തിന്റെ ഭോജനം ഏഴുദിവസത്തേക്ക് ദിനംപ്രതി ഒരുക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനുംപുറമേയാണ് ഇത് ഒരുക്കപ്പെടേണ്ടത്. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
ആഴ്ചകളുടെ പെരുന്നാൾ
“ ‘ആദ്യഫലം ശേഖരിക്കുന്ന ദിവസം, പുതിയ ധാന്യത്തിന്റെ ഒരു ഭോജനയാഗം ആഴ്ചകളുടെ പെരുന്നാളിൽ28:26 അഥവാ, വാരോത്സവം, [പുറ. 34:22]; [ലേവ്യ. 23:15-22] കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, [അ.പ്ര. 2:1] കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. യഹോവയ്ക്കു ഹൃദ്യസുഗന്ധമായി രണ്ടു കാളക്കിടാവും ഒരു ആട്ടുകൊറ്റനും ഒരുവയസ്സു പ്രായമുള്ള ഏഴ് ആണാട്ടിൻകുട്ടിയും ഹോമയാഗമായി അർപ്പിക്കണം. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം. നിനക്കു പ്രായശ്ചിത്തം വരുത്താനായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനുംപുറമേ ഇവ അവയുടെ പാനീയയാഗങ്ങളോടുകൂടെ ഒരുക്കുക. മൃഗങ്ങൾ ഊനമില്ലാത്തവ ആയിരിക്കണം.
കാഹളനാദപ്പെരുന്നാൾ
“ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം. യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ29:3 ഏക. 5 കി.ഗ്രാം. നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ,29:3 ഏക. 3.2 കി.ഗ്രാം. ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ,29:4 ഏക. 1.6 കി.ഗ്രാം. ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം. നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക. ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
പ്രായശ്ചിത്തദിനം
“ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം. യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം. പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
കൂടാരപ്പെരുന്നാൾ
“ ‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം. യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം. പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
“ ‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
“ ‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
“ ‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
“ ‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
“ ‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
“ ‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
“ ‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം. കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
“ ‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’ ”
യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.
നേർച്ചകൾ
ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: “യഹോവ കൽപ്പിച്ചത് ഇതാണ്: ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.
“തന്റെ പിതാവിന്റെ ഭവനത്തിൽത്തന്നെ താമസിക്കുന്ന ഒരു യുവതി യഹോവയ്ക്ക് ഒരു നേർച്ചനേരുകയും ഒരു വ്രതം നിശ്ചയിക്കുകയും അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും. എന്നാൽ അവളുടെ പിതാവ് അതേക്കുറിച്ചു കേൾക്കുമ്പോൾ അദ്ദേഹം അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളിലും വ്രതത്തിലും ഒന്നും നിലനിൽക്കുകയില്ല; അവളുടെ പിതാവ് അവളെ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
“ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ട് അവളോടൊന്നും മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും വ്രതങ്ങളും നിലനിൽക്കും. എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.
“ഒരു വിധവയോ വിവാഹമോചനം ചെയ്യപ്പെട്ടവളായ ഒരു സ്ത്രീയോ നേരുന്ന നേർച്ചയും വ്രതവും അവളുടെമേൽ നിലനിൽക്കും.
“ഭർത്താവിന്റെകൂടെ ജീവിക്കുന്ന ഒരു സ്ത്രീ ഒരു നേർച്ചനേരുകയും വ്രതത്തിനു ശപഥംചെയ്യുകയും അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ടും, അവളോടൊന്നും പറയാതിരിക്കുകയും അവളെ വിലക്കാതിരിക്കുകയും ചെയ്താൽ അവളുടെ സകലനേർച്ചകളും വ്രതത്തിനു ചെയ്ത ശപഥവും നിലനിൽക്കും. എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും. ആത്മതപനം30:13 അഥവാ, ഉപവസിക്കുക ചെയ്യാനുള്ള നേർച്ചയോ വ്രതമോ സ്ഥിരപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ അവളുടെ ഭർത്താവിന് അധികാരമുണ്ട്. എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു. എന്നാൽ, അവയെക്കുറിച്ച് കേട്ട് കുറെക്കാലം കഴിഞ്ഞ് അദ്ദേഹം അത് ദുർബലപ്പെടുത്തിയാൽ ആ മനുഷ്യൻതന്നെയായിരിക്കും അവളുടെ തെറ്റിന് ഉത്തരവാദി.”
ഒരു പുരുഷനും അയാളുടെ ഭാര്യയുംതമ്മിലും ഒരു പിതാവും തന്റെ വീട്ടിൽത്തന്നെ താമസിക്കുന്ന യുവതിയായ പുത്രിയുംതമ്മിലും ഉള്ള ബന്ധങ്ങൾ സംബന്ധിച്ച് യഹോവ മോശയ്ക്കു നൽകിയ നിബന്ധനകൾ ഇവയാണ്.
മിദ്യാന്യരോടു പ്രതികാരം നടത്തുന്നു
യഹോവ മോശയോട്, “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
അങ്ങനെ മോശ ജനത്തോടു പറഞ്ഞു: “മിദ്യാന്യർക്കെതിരായി യുദ്ധംചെയ്യേണ്ടതിനും യഹോവയ്ക്ക് അവരുടെമേലുള്ള പ്രതികാരം നടത്തേണ്ടതിനുമായി നിങ്ങളുടെ പുരുഷന്മാരിൽ ചിലരെ സജ്ജരാക്കുക. ഇസ്രായേല്യരുടെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പുരുഷന്മാരെവീതം യുദ്ധത്തിനയയ്ക്കുക.” അങ്ങനെ ഇസ്രായേലിന്റെ കുലങ്ങളിൽനിന്ന് ആയിരംപേർവീതം തെരഞ്ഞെടുക്കപ്പെട്ടു; അങ്ങനെ പന്തീരായിരം പുരുഷന്മാർ യുദ്ധസന്നദ്ധരായി. ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമായിവന്ന അവരെ മോശ പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനൊപ്പം യുദ്ധത്തിനയച്ചു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള ഉപകരണങ്ങളും മുന്നറിയിപ്പു നൽകുന്നതിനുള്ള കാഹളങ്ങളും അദ്ദേഹം തന്നോടൊപ്പം എടുത്തിരുന്നു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ മിദ്യാന്യരുമായി യുദ്ധംചെയ്ത് പുരുഷന്മാരെയൊക്കെയും വധിച്ചു. ആ വധിക്കപ്പെട്ടവരെക്കൂടാതെ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാനിലെ അഞ്ചു രാജാക്കന്മാരെയും വധിച്ചു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാൾകൊണ്ടു കൊന്നു. ഇസ്രായേല്യർ മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളെ മുഴുവൻ എടുക്കുകയും അവരുടെ സമ്പത്ത് എല്ലാം കൊള്ളയിടുകയും ചെയ്തു. മിദ്യാന്യർ താമസിച്ചിരുന്ന സകലപട്ടണങ്ങളും അവരുടെ പാളയങ്ങളും അവർ തീയിട്ടു ചുട്ടു. ജനങ്ങളും മൃഗങ്ങളും ഉൾപ്പെടെ സകലകൊള്ളവസ്തുക്കളും കവർച്ചയും അവർ എടുത്തു; യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.
മോശയും പുരോഹിതനായ എലെയാസാരും സഭാനേതാക്കന്മാരെല്ലാവരും പാളയത്തിനുപുറത്ത് അവരെ എതിരേൽക്കാൻ പോയി. എന്നാൽ യുദ്ധംചെയ്തു മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ31:14 അതായത്, ആയിരംപേരും നൂറുപേരും അടങ്ങുന്ന സൈന്യത്തിന്റെ അധിപന്മാർ. സൈന്യാധിപന്മാരോട് മോശ കോപിച്ചു:
“സകലസ്ത്രീകളെയും നിങ്ങൾ ജീവനോടെ വെച്ചുവോ?” മോശ അവരോടു ചോദിച്ചു. “യഹോവയുടെ ജനത്തിന്മേൽ ഒരു ബാധ വരാൻ തക്കവണ്ണം പെയോരിലെ സംഭവത്തിൽ ബിലെയാമിന്റെ ഉപദേശം അനുസരിച്ചതിനാൽ, ഇസ്രായേല്യർ യഹോവയോട് അവിശ്വസ്തരായിത്തീരാൻ കാരണക്കാരായവർ അവരാണ്. ഇപ്പോൾ സകല ആൺകുട്ടികളെയും പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള സകലസ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷനോടുകൂടെ ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്ത സകലപെൺകുട്ടികളെയും നിങ്ങൾക്കായി രക്ഷിക്കുക.
“ആരെയെങ്കിലും കൊന്നിട്ടുള്ളവരോ കൊല്ലപ്പെട്ട ആരെയെങ്കിലും സ്പർശിച്ചവരോ ആയ നിങ്ങൾ എല്ലാവരും ഏഴുദിവസത്തേക്കു പാളയത്തിനു വെളിയിൽ പാർക്കണം. മൂന്നും ഏഴും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ ബന്ദികളെയും ശുദ്ധീകരിക്കണം. അപ്രകാരംതന്നെ സകലവസ്ത്രങ്ങളും തുകൽ, ആട്ടുരോമം, മരം എന്നിവകൊണ്ടു നിർമിച്ച സകലതും ശുദ്ധീകരിക്കണം.”
ഇതിനുശേഷം പുരോഹിതനായ എലെയാസാർ യുദ്ധത്തിനുപോയ പടയാളികളോടു പറഞ്ഞു, “യഹോവ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിലെ ചട്ടം ഇതാണ്: സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, വെളുത്തീയം, കറുത്തീയം മുതലായ തീയാൽ നശിക്കാത്ത മറ്റെന്തും തീയിലിട്ട് എടുക്കണം. അപ്പോൾ അവ ശുദ്ധമാകും. എന്നാൽ അവ ശുദ്ധീകരണജലത്താലും ശുദ്ധമാക്കപ്പെടണം. അഗ്നിയെ അതിജീവിക്കാൻ കഴിയാത്ത വസ്തു ഒക്കെയും ആ ജലത്തിലിട്ട് എടുക്കണം. ഏഴാംദിവസം നിങ്ങളുടെ വസ്ത്രം കഴുകണം; അപ്പോൾ നിങ്ങൾ ശുദ്ധരാകും. പിന്നെ നിങ്ങൾക്കു പാളയത്തിലേക്ക് വരാം.”
കൊള്ളമുതൽ പങ്കിടുന്നു
യഹോവ മോശയോടു കൽപ്പിച്ചു: “നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം. യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം. യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം. അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക. ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.” അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്, 72,000 കന്നുകാലി, 61,000 കഴുത, പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു:
3,37,500 ചെമ്മരിയാട്, അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു.
പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി 3,37,500 ചെമ്മരിയാട്, 36,000 കന്നുകാലി, 30,500 കഴുത, 16,000 ജനങ്ങൾ എന്നിവയായിരുന്നു. യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു. സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ31:52 ഏക. 190 കി.ഗ്രാം. ആയിരുന്നു. ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു. മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.
യോർദാൻനദിക്കു കിഴക്കു താമസിച്ച ഗോത്രങ്ങൾ
വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു. അതിനാൽ രൂബേന്യരും ഗാദ്യരും മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും സഭാനേതാക്കന്മാരുടെയും അടുക്കൽവന്ന് പറഞ്ഞു: “അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ യഹോവ കീഴടക്കിയ ദേശം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്; അങ്ങയുടെ ദാസന്മാർക്കു വളർത്തുമൃഗങ്ങൾ ഉണ്ടല്ലോ. അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”
മോശ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞു: “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമോ? ഇസ്രായേല്യരെ യഹോവ അവർക്കു നൽകിയ ദേശത്തേക്കു പോകുന്നതിൽനിന്ന് നിങ്ങൾ നിരുത്സാഹപ്പെടുത്തുന്നതെന്ത്? ഇതുതന്നെയാണ്, ഞാൻ കാദേശ്-ബർന്നേയയിൽനിന്ന് ദേശം നോക്കാൻ വിട്ടപ്പോൾ, നിങ്ങളുടെ പിതാക്കന്മാരും ചെയ്തത്. എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി. അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു: ‘കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകനായ യോശുവയും പൂർണഹൃദയത്തോടെ യഹോവയെ പിൻപറ്റിയിരിക്കുകയാൽ, അവരല്ലാതെ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വന്നവരിൽ ഇരുപതു വയസ്സോ അതിലധികമോ പ്രായമുള്ള പുരുഷന്മാരിൽ ഒരുത്തൻപോലും, അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥംചെയ്ത വാഗ്ദത്തദേശം കാണുകയില്ല. കാരണം ഇവരാരും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റിയില്ല.’ യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടത്തെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരുടെ തലമുറ മുഴുവനും നശിക്കുംവരെ അവിടന്ന് അവരെ നാൽപ്പതുവർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമാറാക്കി.
“ഇപ്പോൾ ഇവിടെയിതാ നിങ്ങൾ, പാപികളുടെ ഒരു കുലം, നിങ്ങളുടെ പിതാക്കന്മാരുടെ ചുവടുകളിൽത്തന്നെ നിന്നുകൊണ്ട് യഹോവ ഇസ്രായേലിനോട് വീണ്ടും അധികം കോപാകുലനാക്കാൻ ഇടയാക്കുന്നു. അവിടത്തെ പിൻപറ്റുന്നതിൽനിന്നും നിങ്ങൾ മാറിപ്പോയാൽ, അവിടന്ന് ഈ ജനത്തെ മുഴുവൻ മരുഭൂമിയിൽ വീണ്ടും കൈവിടും; അവരുടെ നാശത്തിന് കാരണക്കാർ നിങ്ങളായിരിക്കുകയും ചെയ്യും.”
പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരെ അവരുടെ സ്ഥാനത്ത് എത്തിക്കുംവരെ ആയുധധാരികളായി അവർക്കുമുമ്പായി അണിനിരക്കാനും ഞങ്ങൾ തയ്യാറാണ്. അതേസമയം ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും തദ്ദേശവാസികളിൽനിന്ന് സംരക്ഷിക്കപ്പെടാൻ കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കും. സകല ഇസ്രായേല്യർക്കും അവരുടെ ഓഹരി ലഭിക്കുന്നതുവരെ ഞങ്ങൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങുകയില്ല. ഞങ്ങളുടെ ഓഹരി യോർദാന്റെ കിഴക്കുഭാഗത്ത് ഞങ്ങൾക്കു ലഭിച്ചിരിക്കുകയാൽ അവരോടൊപ്പം യോർദാന്റെ മറുകരയിൽ ഞങ്ങൾ ഓഹരി വാങ്ങുകയില്ല.”
അപ്പോൾ മോശ അവരോടു പറഞ്ഞു: “ഈ വാക്കു നിങ്ങൾ പാലിക്കുമെങ്കിൽ യഹോവയുടെമുമ്പാകെ നിങ്ങൾ നിങ്ങളെത്തന്നെ യുദ്ധസന്നദ്ധരാക്കുകയും തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം. അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും.
“എന്നാൽ ഇതു ചെയ്യുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയാൽ, യഹോവയ്ക്കെതിരായി നിങ്ങൾ പാപം ചെയ്യുകയായിരിക്കും; നിങ്ങളുടെ പാപത്തിനുള്ള ശിക്ഷ നിങ്ങൾതന്നെ അനുഭവിക്കുമെന്നു നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. നിങ്ങളുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി പട്ടണങ്ങളും കന്നുകാലികൾക്കായി തൊഴുത്തുകളും പണിയുക. എന്നാൽ നിങ്ങൾ ചെയ്ത വാഗ്ദാനവും നിറവേറ്റുക.”
ഗാദ്യരും രൂബേന്യരും മോശയോടു പറഞ്ഞു: “യജമാനൻ കൽപ്പിച്ചതുപോലെതന്നെ അങ്ങയുടെ ദാസരായ ഞങ്ങൾ ചെയ്യും. ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ആടുമാടുകളും ഇവിടെ ഗിലെയാദിലെ പട്ടണങ്ങളിൽത്തന്നെ പാർക്കും. എന്നാൽ അങ്ങയുടെ ദാസന്മാർ, യുദ്ധസന്നദ്ധരായ സകലരും, ഞങ്ങളുടെ യജമാനൻ പറയുന്നതുപോലെതന്നെ യഹോവയുടെമുമ്പാകെ യുദ്ധംചെയ്യാൻ അക്കരെ കടക്കും.”
പിന്നെ മോശ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേല്യഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാർക്കും കൽപ്പനകൾ കൊടുത്തു. അദ്ദേഹം അവരോടു പറഞ്ഞു: “ഗാദ്യരിലും രൂബേന്യരിലും യുദ്ധസന്നദ്ധരായ സകലപുരുഷന്മാരും യഹോവയുടെമുമ്പാകെ നിങ്ങളോടൊപ്പം യോർദാൻ കടക്കുന്നെങ്കിൽ, ദേശം നിങ്ങളുടെമുമ്പാകെ അധീനമാകുമ്പോൾ ഗിലെയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം. എന്നാൽ നിങ്ങളുടെകൂടെ ആയുധധാരികളായി അവർ അക്കരെ കടക്കുന്നില്ലെങ്കിൽ, അവരുടെ ഓഹരി കനാനിലുള്ള നിങ്ങളോടൊപ്പം ആയിരിക്കണം.”
ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും. യഹോവയുടെമുമ്പിൽ ആയുധധാരികളായി ഞങ്ങൾ കനാനിൽ കടക്കും. എന്നാൽ ഞങ്ങളുടെ അവകാശദേശം യോർദാന്റെ ഇക്കരെയായിരിക്കും.”
പിന്നെ മോശ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും അവയുടെ പട്ടണങ്ങളോടും ചുറ്റുമുള്ള പ്രദേശങ്ങളോടുംകൂടി നൽകി.
ഗാദ്യർ ദീബോൻ, അതാരോത്ത്, അരോയേർ, അത്രോത്ത്-ശോഫാൻ, യാസേർ, യൊഗ്ബെഹാ, ബേത്-നിമ്രാ, ബേത്-ഹാരാൻ എന്നിവ കെട്ടുറപ്പുള്ള പട്ടണങ്ങളായി പണിതു; അവരുടെ കന്നുകാലികൾക്കു തൊഴുത്തുകളും അവിടെ പണിതു. രൂബേന്യർ ഹെശ്ബോൻ, എലെയാലേ, കിര്യാത്തയീം എന്നിവയും നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു.
മനശ്ശെയുടെ പുത്രൻ മാഖീരിന്റെ സന്തതികൾ ഗിലെയാദിലേക്കു പോയി അതിനെ പിടിച്ചടക്കി അവിടെ ഉണ്ടായിരുന്ന അമോര്യരെ തുരത്തി. അതുകൊണ്ട് മോശ മനശ്ശെയുടെ സന്തതികളായ മാഖീര്യർക്കു ഗിലെയാദ് കൊടുത്തു. അവർ അവിടെ താമസമുറപ്പിച്ചു, മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു. നോബഹ് ചെന്ന് കെനാത്തും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളും പിടിച്ചടക്കി; ആ ദേശത്തിനു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പുനർനാമകരണംചെയ്തു.
ഇസ്രായേലിന്റെ പ്രയാണത്തിലെ ഘട്ടങ്ങൾ
മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്റ്റിൽനിന്നും ഗണംഗണമായി പുറപ്പെട്ട ഇസ്രായേൽമക്കളുടെ പ്രയാണത്തിലെ പാളയങ്ങൾ ഇവയാണ്: യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണത്തിലെ പാളയങ്ങൾ മോശ രേഖപ്പെടുത്തി. ഘട്ടംഘട്ടമായുള്ള അവരുടെ പ്രയാണം ഇതാണ്:
ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു.
അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിക്കരികെയുള്ള ഏഥാമിൽ പാളയമടിച്ചു.
അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു കിഴക്കുഭാഗത്തുള്ള പീ-ഹഹീരോത്തിലേക്കു പിൻവാങ്ങി മിഗ്ദോലിനു സമീപം പാളയമടിച്ചു.
അവർ പീ-ഹഹീരോത്തിൽനിന്ന് പുറപ്പെട്ട് കടലിലൂടെ മരുഭൂമിയിൽ കടന്നു. അവർ ഏഥാം മരുഭൂമിയിലൂടെ മൂന്നുദിവസം സഞ്ചരിച്ചു, തുടർന്ന് അവർ മാറായിൽ പാളയമടിച്ചു.
അവർ മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിലേക്കു പോയി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവർ അവിടെ പാളയമടിച്ചു.
അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു.
അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു.
അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു.
അവർ ദൊഫ്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു.
അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.
അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.
അവർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.
അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.
അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്മയിൽ പാളയമടിച്ചു.
അവർ രിത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-ഫേരെസിൽ പാളയമടിച്ചു.
അവർ രിമ്മോൻ-ഫേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നായിൽ പാളയമടിച്ചു.
അവർ ലിബ്നായിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു.
അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു.
അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിൽ പാളയമടിച്ചു.
അവർ ശാഫേർ പർവതത്തിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു.
അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു.
അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമടിച്ചു.
അവർ തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമടിച്ചു.
അവർ താരഹിൽനിന്ന് പുറപ്പെട്ട് മിത്ക്കയിൽ പാളയമടിച്ചു.
അവർ മിത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു.
അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മൊസേരോത്തിൽ പാളയമടിച്ചു.
അവർ മൊസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേ-യാക്കാനിൽ പാളയമടിച്ചു.
അവർ ബെനേ-യാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു.
അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്-ബാഥായിൽ പാളയമടിച്ചു.
അവർ യൊത്-ബാഥായിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു.
അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെറിൽ പാളയമടിച്ചു.
അവർ എസ്യോൻ-ഗേബെറിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിലെ കാദേശിൽ പാളയമടിച്ചു.
അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു. യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു. അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു.
കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു.
ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.
അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു.
അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.
അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു.
അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു.
അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു.
അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു.
അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു. അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.
യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ, നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം. ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു. നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം.
“ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും. അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”
കനാന്റെ അതിരുകൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും:
“ ‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ34:3 അതായത്, ചാവുകടൽ അതിരുമുതൽ, അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട് അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും.
പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്.
വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും. അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി, സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി.
കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും. ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ34:11 അതായത്, ഗലീലാതടാകം കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും. പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും.
“ ‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’ ”
മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു. എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.”
യഹോവ മോശയോട് അരുളിച്ചെയ്തു: “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും. കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക.
“ഇവയാണ് അവരുടെ പേരുകൾ:
“യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്.
ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്.
ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.
എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ.
ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്.
നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.”
കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.
ലേവ്യർക്കുള്ള പട്ടണങ്ങൾ
യെരീഹോവിനെതിരേ യോർദാന്നരികിൽ മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഇസ്രായേല്യർ കൈവശമാക്കുന്ന അവകാശത്തിൽ ലേവ്യർക്ക് വസിക്കാനായി പട്ടണങ്ങൾ നൽകാൻ അവരോടു കൽപ്പിക്കുക. പട്ടണങ്ങൾക്കു ചുറ്റുമായി പുൽമേടുകളും അവർക്കു കൊടുക്കുക. അങ്ങനെ അവർക്ക് വസിക്കാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും സകലവളർത്തുമൃഗങ്ങൾക്കും മേയാൻ പുൽമേടുകളും ലഭിക്കും.
“നിങ്ങൾ ലേവ്യർക്കു നൽകുന്ന പുൽപ്പുറങ്ങൾക്ക്, പട്ടണമതിലിൽനിന്ന് പുറത്തേക്കു ചുറ്റും ആയിരംമുഴം35:4 ഏക. 450 മീ. വിസ്താരമുണ്ടായിരിക്കും. പട്ടണത്തിനുപുറത്ത്, രണ്ടായിരംമുഴം35:5 ഏക. 900 മീ. കിഴക്കുഭാഗത്തും രണ്ടായിരം തെക്കുഭാഗത്തും രണ്ടായിരം പടിഞ്ഞാറുഭാഗത്തും രണ്ടായിരംമുഴം വടക്കുഭാഗത്തും നടുവിൽ പട്ടണം വരത്തക്കവിധം അളക്കുക. ഇത് അവർക്കു പട്ടണങ്ങളുടെ പുൽമേടുകളായിരിക്കും.
സങ്കേതനഗരങ്ങൾ
“നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കും. അബദ്ധവശാൽ കൊലപാതകം ചെയ്ത വ്യക്തിക്ക് അവയിലൊന്നിലേക്ക് ഓടിയൊളിക്കാം. ഇതിനുപുറമേ, മറ്റു നാൽപ്പത്തിരണ്ട് പട്ടണങ്ങളും അവർക്കു നൽകണം. ആകെ നാൽപ്പത്തിയെട്ടു പട്ടണങ്ങൾ, അവയുടെ പുൽമേടുകളോടുകൂടെ നിങ്ങൾ ലേവ്യർക്കു നൽകണം. ഇസ്രായേല്യർ കൈവശമാക്കുന്ന ദേശത്തുനിന്ന് നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങൾ ഓരോ ഗോത്രത്തിന്റെയും അവകാശത്തിന് അനുപാതമായിട്ട് ആയിരിക്കണം നൽകേണ്ടത്: അധികം പട്ടണങ്ങൾ ഉള്ള ഗോത്രത്തിൽനിന്ന് അധികം എടുക്കണം. എന്നാൽ കുറച്ചുള്ള ഒന്നിൽനിന്ന് കുറച്ചും എടുക്കണം.”
പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ യോർദാൻ കടന്ന് കനാനിൽ എത്തുമ്പോൾ, അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്ന ഒരു വ്യക്തിക്ക് ഓടിച്ചെല്ലാനുള്ള—നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കാൻ—ചില പട്ടണങ്ങളെ തെരഞ്ഞെടുക്കണം. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി സഭയുടെമുമ്പാകെ വിസ്താരത്തിന്നു വിധേയനാകുന്നതുവരെ മരിക്കാതിരിക്കാനായി പ്രതികാരകനിൽനിന്നുള്ള സങ്കേതസ്ഥാനങ്ങൾ അവ ആയിരിക്കും. നിങ്ങൾ നൽകുന്ന ഈ ആറുപട്ടണങ്ങൾ നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കും. മൂന്നെണ്ണം യോർദാന്റെ അക്കരെയും മൂന്നെണ്ണം കനാനിലും സങ്കേതനഗരങ്ങളായി നൽകുക. മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.
“ ‘ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിക്കുകയും അയാൾ മരിക്കുകയും ചെയ്താൽ ആ മനുഷ്യൻ ഒരു കൊലപാതകി; കൊലപാതകി മരണശിക്ഷ അനുഭവിക്കണം. അല്ല, ഒരാൾ കല്ലുകൊണ്ടിടിച്ച്, ആരെങ്കിലും മരിച്ചാൽ ആ മനുഷ്യനും കൊലപാതകി; കൊലപാതകിക്കു മരണശിക്ഷനൽകണം. അല്ല, ഒരാൾ മാരകമായ ഒരു മരയായുധംകൊണ്ട് ആരെയെങ്കിലും അടിച്ച് അയാൾ മരിച്ചാൽ ആ മനുഷ്യൻ കൊലപാതകി; കൊലപാതകിക്കു മരണശിക്ഷ കൊടുക്കണം. രക്തപ്രതികാരംചെയ്യുന്ന വ്യക്തിക്കു കൊലപാതകിയെ വധിക്കാം; രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി കൊലപാതകിയെ കാണാനിടയായാൽ അയാൾക്ക് ആ മനുഷ്യനെ വധിക്കാം. ആരെങ്കിലും വിദ്വേഷംകൊണ്ട് ഒരാളെ കുത്തുകയോ പതിയിരുന്ന് എറിയുകയോ ചെയ്തിട്ട് ആരെങ്കിലും മരിച്ചാൽ, അല്ലെങ്കിൽ ശത്രുതയാൽ തന്റെ മുഷ്ടികൊണ്ട് ഒരു മനുഷ്യനെ ഇടിക്കുകയോ ചെയ്തിട്ട് അയാൾ മരിച്ചാൽ ആ വ്യക്തിക്ക് വധശിക്ഷ കൊടുക്കണം; അയാൾ ഒരു കൊലപാതകി. രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്ക് അയാളെ കാണുമ്പോൾ വധിക്കാം.
“ ‘എന്നാൽ ശത്രുത്വം ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരാളെ കുത്തുകയോ മനഃപൂർവമല്ലാതെ അയാളെ എറിയുകയോ അല്ലെങ്കിൽ, അയാളെ കാണാതെ മരണത്തിനിടയാക്കുന്നതരത്തിൽ ഒരു കല്ല് അയാളുടെമേൽ ഇടുകയോ ചെയ്യുകയും അയാൾ മരിക്കുകയും ചെയ്താൽ, ആ മനുഷ്യൻ അയാളുടെ ശത്രുവല്ലാതിരുന്നതിനാലും അയാളെ അപായപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാതിരുന്നതിനാലും, അയാളുടെയും രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയുടെയും മധ്യേ സഭ ഈ ചട്ടങ്ങൾക്കനുസൃതമായി വിധി കൽപ്പിക്കണം. കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം.
“ ‘എന്നാൽ കൊലക്കുറ്റം ചുമത്തപ്പെട്ട വ്യക്തി താൻ ഓടിച്ചെന്ന സങ്കേതനഗരത്തിന്റെ അതിരുകൾക്കു പുറേത്തക്ക് പോകുകയും രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി അയാളെ സങ്കേതനഗരത്തിനു വെളിയിൽവെച്ച് കാണുകയുംചെയ്താൽ, രക്തപ്രതികാരം നടപ്പിൽവരുത്തേണ്ട വ്യക്തിക്ക് ആ മനുഷ്യനെ കൊല്ലാം. അയാളിൽ രക്തപാതകം ഇല്ല. കുറ്റം ചുമത്തപ്പെട്ടവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടതാണ്; മഹാപുരോഹിതന്റെ മരണാനന്തരം അവനു തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
“ ‘നിങ്ങൾ താമസിക്കുന്നിടങ്ങളിലെല്ലാം, വരാനുള്ള തലമുറകളിൽ ന്യായവിധിക്കുള്ള ചട്ടം ഇവയായിരിക്കണം.
“ ‘ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരുവനും ഒരു കൊലപാതകിയെന്ന നിലയിൽ സാക്ഷികളുടെ വാമൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷനൽകണം. എന്നാൽ ഒരു സാക്ഷിയുടെമാത്രം വാമൊഴിയാൽ ആർക്കും വധശിക്ഷ നൽകരുത്.
“ ‘മരണയോഗ്യനായ ഒരു കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം സ്വീകരിക്കരുത്. ആ മനുഷ്യനു നിശ്ചയമായും വധശിക്ഷനൽകണം.
“ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.
“ ‘നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്. രക്തച്ചൊരിച്ചിൽ ദേശത്തെ മലിനമാക്കുന്നു. രക്തം ചൊരിയിച്ച വ്യക്തിയുടെ രക്തത്താലല്ലാതെ രക്തംചൊരിഞ്ഞ ദേശത്തിനു പ്രായശ്ചിത്തം വരുത്താൻ സാധ്യമല്ല. നിങ്ങൾ വസിക്കുന്നതും ഞാൻ അധിവസിക്കുന്നതുമായ ദേശത്തെ അശുദ്ധമാക്കരുത്. കാരണം, യഹോവ ആകുന്ന ഞാൻ ഇസ്രായേൽമക്കളുടെ ഇടയിൽ വസിക്കുന്നു.’ ”
സെലോഫഹാദിന്റെ പുത്രിമാർക്കുള്ള ഓഹരി
യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു. അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ. എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും. ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ. സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം. ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം. ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്. അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു. യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.