- Biblica® Open Malayalam Contemporary Version 2020
നഹൂം
നഹൂമിന്റെ പ്രവചനം
നഹൂം
നഹു.
നഹൂമിന്റെ പ്രവചനം
നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.
നിനവേക്കെതിരേ യഹോവയുടെ കോപം
യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;
അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു.
യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും
തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു.
യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;
അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.
അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,
മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.
അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;
നദികളെയെല്ലാം വറ്റിക്കുന്നു.
ബാശാനും കർമേലും ഉണങ്ങുന്നു,
ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു.
പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;
കുന്നുകൾ ഉരുകിപ്പോകുന്നു.
അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു,
ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ.
അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?
അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും?
അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു;
പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.
യഹോവ നല്ലവനും
അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.
തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,
എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽ
അവിടന്ന് നിനവേയെ നിശ്ശേഷം നശിപ്പിക്കും;
അവിടന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിൻതുടരും.
യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു?
അവിടന്ന് നിശ്ശേഷം നശിപ്പിക്കും;
കഷ്ടത രണ്ടുപ്രാവശ്യം വരികയില്ല.
കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലും
തങ്ങളുടെ മദ്യത്തിൽ മത്തുപിടിച്ചിരുന്നാലും;
വൈക്കോൽക്കുറ്റിപോലെ അവർ ദഹിപ്പിക്കപ്പെടും.
യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും
വഞ്ചന ഉപദേശിക്കുകയും ചെയ്യുന്നവൻ
നിനവേ, നിന്നിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“പൂർണശക്തരും സംഖ്യാബലമുള്ളവരും ആയിരുന്നാലും
അവർ ഛേദിക്കപ്പെടും; അവർ ഇല്ലാതെയാകും.
ഞാൻ നിന്നെ കഷ്ടപ്പെടുത്തിയെങ്കിലും, യെഹൂദയേ,
ഇനിയൊരിക്കലും ഞാൻ നിന്നെ കഷ്ടപ്പെടുത്തുകയില്ല.
ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയും
നിന്റെ വിലങ്ങുകൾ അഴിച്ചുകളയും.”
എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു:
“നിന്റെ നാമം നിലനിർത്താൻ നിനക്കു സന്തതി ഉണ്ടാകുകയില്ല.
നിന്റെ ദേവന്മാരുടെ ക്ഷേത്രങ്ങളിലുള്ള
രൂപങ്ങളെയും വിഗ്രഹങ്ങളെയും ഞാൻ നശിപ്പിക്കും.
നീ നീചനാകുകയാൽ
ഞാൻ നിനക്കായി ഒരു ശവക്കുഴി ഒരുക്കും.”
ഇതാ, പർവതങ്ങളിൽ
സുവാർത്താദൂതനായി
സമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ.
യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക,
നിന്റെ നേർച്ചകൾ നിറവേറ്റുക.
ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല;
അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.
നിനവേയുടെ പതനം
നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു.
കോട്ടകളെ കാവൽചെയ്ക,
വഴി സൂക്ഷിക്കുക,
അര മുറുക്കുക,
നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക!
യഹോവ യാക്കോബിന്റെ മഹിമയെ
ഇസ്രായേലിന്റെ മഹിമപോലെ പുനഃസ്ഥാപിക്കും.
കവർച്ചക്കാർ അവരെ കൊള്ളയടിച്ച് ശൂന്യമാക്കി,
അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞല്ലോ.
അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്;
പടയാളികൾ രക്താംബരം അണിഞ്ഞിരിക്കുന്നു.
സന്നാഹദിവസത്തിൽ
അവരുടെ രഥങ്ങളിലെ ഇരുമ്പ് വെട്ടിത്തിളങ്ങുന്നു.
സരളമരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റിയെറിയപ്പെടുന്നു.
രഥങ്ങൾ തെരുവുകളിലൂടെ പായുന്നു;
ചത്വരങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു.
എരിയുന്ന പന്തംപോലെ അവ കാണപ്പെടുന്നു;
മിന്നൽപോലെ അവ പായുന്നു.
നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു,
എന്നാൽ അവർ വഴിയിൽവെച്ച് ഇടറിപ്പോകുന്നു.
അവർ കോട്ടയിലേക്ക് അതിവേഗം പായുന്നു
അവിടെയവർ രക്ഷാകവചം സ്ഥാപിച്ചിരിക്കുന്നു.
നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു;
രാജമന്ദിരം തകർന്നടിയുന്നു.
നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന്
ഉത്തരവിട്ടിരിക്കുന്നു.
അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ ഞരങ്ങുകയും
മാറത്തടിക്കുകയുംചെയ്യുന്നു.
നിനവേ ഒരു ജലാശയംപോലെ ആകുന്നു
അതിലെ വെള്ളം വാർന്നുപോകുന്നു.
“നിൽക്കൂ! നിൽക്കൂ!” എന്ന് അവർ നിലവിളിക്കുന്നു,
എന്നാൽ ആരും തിരിഞ്ഞുനോക്കുന്നില്ല.
വെള്ളി കൊള്ളയടിക്കുക!
സ്വർണം കൊള്ളയടിക്കുക!
എല്ലാ നിധികളിൽനിന്നുമുള്ള
സമ്പത്തിനു കണക്കില്ല!
അവൾ കൊള്ളയടിക്കപ്പെട്ടു, പിടിച്ചുപറിക്കപ്പെട്ടു, ശൂന്യയുമാക്കപ്പെട്ടു!
ഹൃദയം ഉരുകുന്നു, മുഴങ്കാൽ ഇടറുന്നു,
ശരീരം വിറയ്ക്കുന്നു, എല്ലാ മുഖവും വിളറുന്നു.
സിംഹങ്ങളുടെ ഗുഹ എവിടെ?
അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ?
സിംഹവും സിംഹിയും കുട്ടികളും നിർഭയരായി
സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?
സിംഹം തന്റെ കുട്ടികൾക്കുവേണ്ടി ആവശ്യത്തിനു കൊന്നു,
തന്റെ ഇണയ്ക്കുവേണ്ടി ഇരയെ കഴുത്തുഞെരിച്ചു കൊന്നു.
കൊന്നതിനെക്കൊണ്ട് തന്റെ ഒളിവിടങ്ങളും
ഇരയെക്കൊണ്ട് തന്റെ ഗുഹകളും നിറച്ചു.
“ഞാൻ നിനക്ക് എതിരാണ്,”
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ നിന്റെ രഥങ്ങളെ ചുട്ട് പുകയാക്കും
വാൾ നിന്റെ സിംഹക്കുട്ടികളെ സംഹരിക്കും.
ഞാൻ ഭൂമിയിൽ നിനക്ക് ഇരയെ ശേഷിപ്പിക്കുകയില്ല.
നിന്റെ സന്ദേശവാഹകരുടെ ശബ്ദം
ഇനി ഒരിക്കലും കേൾക്കുകയില്ല.”
നിനവേയുടെ ദയനീയസ്ഥിതി
രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!
കള്ളവും കവർച്ചയും
അതിൽ നിറഞ്ഞിരിക്കുന്നു,
പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!
ചമ്മട്ടിയുടെ പ്രഹരശബ്ദം,
ചക്രങ്ങൾ ഉരുളുന്ന ശബ്ദം,
ഓടുന്ന കുതിരകൾ,
കുതിക്കുന്ന രഥങ്ങൾ!
മുന്നേറുന്ന കുതിരപ്പട,
മിന്നുന്ന വാളുകൾ,
വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ,
അനേകം അത്യാഹിതങ്ങൾ,
അനവധി ശവക്കൂമ്പാരങ്ങൾ,
അസംഖ്യം ശവശരീരങ്ങൾ,
ജനം ശവങ്ങളിൽ തട്ടിവീഴുന്നു—
ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;
അവൾ വശീകരണവും ക്ഷുദ്രനൈപുണ്യവുമുള്ളവൾ!
വ്യഭിചാരത്താൽ രാജ്യങ്ങളെയും
ദുർമന്ത്രവാദത്താൽ ജനതകളെയും കീഴ്പ്പെടുത്തിയവൾതന്നെ.
“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും.
ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും
രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.
ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,
നിന്ദയോടെ നിന്നോട് ഇടപെട്ട്,
നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.
‘നിനവേ ജീർണിച്ചിരിക്കുന്നു, അവൾക്കുവേണ്ടി ആർ വിലപിക്കും?’ എന്ന് അവർ പറയും.
നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടെത്തും?”
നൈൽനദീതീരത്ത്
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന
നോ-അമ്മോനെക്കാൾ3:8 അഥവാ തേബ്സിനെക്കാൾ നീ ഉത്തമയോ?
നദി അവൾക്കു പ്രതിരോധവും
വെള്ളം മതിലും ആയിരുന്നു.
കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും
പൂത്യരും ലൂബ്യരും അവളോടു സഖ്യമുള്ളവരുടെ കൂട്ടത്തിലും ആയിരുന്നു.
എങ്കിലും അവൾ തടവിലായി,
നാടുകടത്തപ്പെടുകയും ചെയ്തു.
സകലചത്വരങ്ങളിലുംവെച്ച്
അവളുടെ ശിശുക്കൾ എറിഞ്ഞുകൊല്ലപ്പെട്ടു.
അവളുടെ പ്രഭുക്കന്മാർക്കുവേണ്ടി നറുക്കിട്ടു
എല്ലാ മഹാന്മാരും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.
നീയും ലഹരിയാൽ മത്തുപിടിക്കും;
ശത്രുനിമിത്തം നീ ഒളിവിൽപ്പോയി
ഒരു സുരക്ഷിതസ്ഥാനം അന്വേഷിക്കും.
നിന്റെ കോട്ടകളെല്ലാം
വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷത്തിനു തുല്യം;
അവ കുലുക്കിയാൽ
തിന്നുന്നവരുടെ വായിൽത്തന്നെ അത്തിക്കായ്കൾ വീഴും.
നിന്റെ സൈന്യങ്ങളെ നോക്കൂ
അവരെല്ലാം അശക്തർതന്നെ!3:13 മൂ.ഭാ. നാരികൾതന്നെ.
നിന്റെ ദേശത്തിലെ കവാടങ്ങൾ
ശത്രുക്കൾക്കായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു;
അഗ്നി അതിന്റെ ഓടാമ്പലുകളെ ദഹിപ്പിച്ചിരിക്കന്നു.
ഉപരോധത്തിനായി വെള്ളം ശേഖരിക്ക
നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക!
ചെളിയിൽ അധ്വാനിച്ച്
ചാന്തു കുഴച്ച്
ഇഷ്ടികക്കെട്ടിന്റെ കേടുതീർക്കുക!
അവിടെ അഗ്നി നിന്നെ വിഴുങ്ങും;
വാൾ നിന്നെ അരിഞ്ഞുവീഴ്ത്തും
വിട്ടിലിനെ എന്നപോലെ നിന്നെ വിഴുങ്ങിക്കളയും.
നീ വിട്ടിലിനെപ്പോലെ പെരുകി,
വെട്ടുക്കിളിയെപ്പോലെ വർധിക്കുക.
നിന്റെ വ്യാപാരികളുടെ എണ്ണം
നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം വർധിപ്പിച്ചു,
എന്നാൽ അവർ വെട്ടുക്കിളി എന്നപോലെ
ദേശത്തെ നശിപ്പിച്ച് പറന്നുപോകുന്നു.
നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും
നിന്റെ ഉദ്യോഗസ്ഥർ ശൈത്യദിനത്തിൽ മതിലുകളിൽ
പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുക്കിളിക്കൂട്ടം പോലെയുമാകുന്നു.
എന്നാൽ, സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു,
എവിടേക്കെന്ന് ആരും അറിയുന്നതുമില്ല.
അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ3:18 ഇടയന്മാർ, വിവക്ഷിക്കുന്നത് ഭരണാധിപന്മാർ. മയങ്ങുന്നു;
നിന്റെ പ്രഭുക്കന്മാർ വിശ്രമത്തിനായി കിടക്കുന്നു.
ഒരുമിച്ചുകൂട്ടുന്നതിന് ആരുമില്ലാതെ
നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു.
നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;
നിന്റെ മുറിവ് മാരകംതന്നെ.
നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം
നിന്റെ പതനത്തിൽ കൈകൊട്ടുന്നു,
നിന്റെ അന്തമില്ലാത്ത ദ്രോഹം
ഏൽക്കാത്തവരായി ആരുണ്ട്?