- Biblica® Open Malayalam Contemporary Version 2020 മീഖാ മീഖായുടെ പ്രവചനം മീഖാ മീഖ. മീഖായുടെ പ്രവചനം യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം. സകലജനങ്ങളുമേ, കേൾക്കുക, ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്, യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു. ജെറുശലേമിനും ശമര്യക്കും എതിരേയുള്ള വിധി നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു; അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു. തീയിൽ മെഴുകുപോലെയും മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം? യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ? ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം? “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും മുന്തിരി നടുന്ന നിലംപോലെയും ആക്കും. ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും. അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും; അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും; ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും. വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്, വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.” ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. ഞാൻ കുറുക്കനെപ്പോലെ ഓരിയിടും ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല; അത് യെഹൂദയ്ക്കു വന്നിരിക്കുന്നു. അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു, ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു. അത് ഗത്തിൽ അറിയിക്കരുത്; കരയുകയേ അരുത്. ബേത്ത്-അഫ്രായിൽ1:10 പൊടികൊണ്ടുള്ള വീട് എന്നർഥം. പൊടിയിൽ ഉരുളുന്നു. ശാഫീർ1:11 അലങ്കാരം എന്നർഥം. നഗരനിവാസികളേ, നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക, സയനാനിൽ1:11 പുറപ്പാട് എന്നർഥം. പാർക്കുന്നവർ പുറത്തുവരികയില്ല. ബേത്ത്-ഏസെൽ വിലപിക്കുന്നു; അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല. യഹോവയിൽനിന്ന് മഹാനാശം ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്, മാരോത്തുനിവാസികൾ1:12 കയ്‌പ് എന്നർഥം. ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു. ലാഖീശുനിവാസികളേ,1:13 തയ്യാറെടുപ്പ് എന്നർഥം. കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക! സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ, ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു. അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന് വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും. ബേത്ത്-അക്സീബുനഗരം1:14 വ്യാജഗൃഹം എന്നർഥം. ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു. മാരേശാനിവാസികളേ,1:15 കൈവശം എന്നർഥം. ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും. ഇസ്രായേൽ പ്രഭുക്കന്മാർ അദുല്ലാമിലേക്ക് ഓടിപ്പോകും. നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക; അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക. മനുഷ്യന്റെയും ദൈവത്തിന്റെയും പദ്ധതികൾ കിടക്കയിൽ അതിക്രമം ആലോചിച്ച് ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം! തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്, പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു. അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു. അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല. നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല, കാരണം ഇതു ദുഷ്കാലമാണല്ലോ. ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും ഈ വിലാപഗീതം പാടി നിങ്ങളെ നിന്ദിക്കും: ‘ഞങ്ങൾ നിശ്ശേഷം നശിച്ചുപോയി; എന്റെ ജനത്തിന്റെ ഓഹരി വിഭജിക്കപ്പെട്ടു. അവിടന്ന് അത് എന്നിൽനിന്ന് എടുക്കുന്നു! ഞങ്ങളുടെ വയലുകളെ അവിടന്നു രാജ്യദ്രോഹികൾക്കു നൽകുന്നു.’ ” അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല. “പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു. “ഇവയെക്കുറിച്ച് പ്രവചിക്കരുത്; അങ്ങനെയെങ്കിൽ നമുക്ക് അപമാനം വരികയില്ല.” യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ? “യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ? അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?” “നേരായവഴിയിൽ ജീവിക്കുന്നവർക്ക് എന്റെ വചനം നന്മയല്ലയോ? ഒടുവിലിതാ, എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു. യുദ്ധത്തിൽനിന്നു മടങ്ങിവരുന്നവരെപ്പോലെ ചിന്താരഹിതരായി കടന്നുപോകുന്നവരിൽനിന്ന് അവരുടെ വിലയേറിയ പുറങ്കുപ്പായം നിങ്ങൾ ഉരിഞ്ഞെടുക്കുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ തങ്ങളുടെ സുഖകരമായ ഭവനങ്ങളിൽനിന്ന് ഓടിച്ചുകളയുന്നു. അവരുടെ കുഞ്ഞുങ്ങളുടെമേലുള്ള എന്റെ അനുഗ്രഹങ്ങൾ എന്നേക്കും നഷ്ടപ്പെടുത്തുന്നു. എഴുന്നേൽക്കുക, ഓടിപ്പോകുക! ഇതു നിങ്ങളുടെ വിശ്രമസ്ഥലമല്ല, ഉദ്ധരിക്കാനാകാത്തവിധം ഇതു നശിപ്പിച്ചും മലിനപ്പെടുത്തിയും ഇരിക്കുന്നു. ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്, ‘മദ്യത്തെയും വീഞ്ഞിനെയുംകുറിച്ച് ഞാൻ പ്രവചിക്കാം’ എന്നു പറഞ്ഞാൽ, അവൻതന്നെയാണ് നിങ്ങൾക്കു പറ്റിയ പ്രവാചകൻ. വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു “യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും; ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും. തൊഴുത്തിലെ ആടുപോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും. ദേശത്തു ജനം തിങ്ങിനിറയും. വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും; അവർ കവാടം തകർത്ത് വെളിയിൽപ്പോകും. അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും, യഹോവതന്നെ അവരെ നയിക്കും.” നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു അപ്പോൾ ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്. നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ, എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികൾ തകർക്കുന്നവരേ, ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?” അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭക്ഷണം നൽകുന്നവരോട് ‘സമാധാനം,’ എന്നും ആഹാരം നൽകാത്തവരോട്, യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്, എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരേ, ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും അവർക്കു പകൽ ഇരുണ്ടുപോകും. ദർശകന്മാർ ലജ്ജിക്കും; ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും. ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ അവർ വായ് പൊത്തും.” യാക്കോബിനോട് അവന്റെ അതിക്രമത്തെയും ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, ഞാൻ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും നീതിയാലും ബലത്താലും നിറഞ്ഞിരിക്കുന്നു. യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക! നിങ്ങൾ നീതി നിഷേധിച്ചു; നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു. അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു. അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു; അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു. എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന: “യഹോവ നമ്മുടെ മധ്യത്തിലില്ലേ? ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു. അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും. യഹോവയുടെ പർവതം അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും ജനതകൾ അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും; അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല, കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു. സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു; എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും. “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും; പ്രവാസികളെയും ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും; ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും. യഹോവ അന്നുമുതൽ എന്നേക്കും സീയോൻപർവതത്തിൽ അവരെ ഭരിക്കും. ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ, സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ,4:8 അഥവാ, മല നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും; രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.” യഹോവയുടെ പദ്ധതി നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്? നിങ്ങൾക്കു രാജാവില്ലേ? നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ? അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്? സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ നീ വേദനകൊണ്ട് പുളയുക. ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട് തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും. നീ ബാബേലിലേക്കു പോകും; അവിടെവെച്ച് നീ മോചിക്കപ്പെടും. അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് യഹോവ നിന്നെ വീണ്ടെടുക്കും. എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. “അവൾ അശുദ്ധയാക്കപ്പെടട്ടെ, നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു. എന്നാൽ, യഹോവയുടെ വിചാരങ്ങൾ അവർ അറിയുന്നില്ല; മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല. “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും വെള്ളോട്ടിൻ കുളമ്പുകളും നൽകും. നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും. ബേത്ലഹേമിൽനിന്ന് ഒരു ഭരണാധികാരി നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു, അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക. ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത് അവർ വടികൊണ്ട് അടിക്കും. “എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും, ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ; എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും, അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും പുരാതനമായതുംതന്നെ.” അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ ഇസ്രായേല്യരോടു ചേരുന്നതുവരെയും ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവയുടെ ശക്തിയിലും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും. അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും. അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും എട്ട് സൈന്യാധിപന്മാരെയും ഉയർത്തും. അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും. അനേക ജനതകളുടെ മധ്യത്തിൽ യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും. അവർ യഹോവയിൽനിന്നു വരികയും ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ വരുന്ന മഞ്ഞുതുള്ളിപോലെയും പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും. യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ, അതേ, അനേക വംശങ്ങൾക്കിടയിൽ, കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും; അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും, വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല. നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും, നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും. ഇസ്രായേലിനു ശുദ്ധീകരണവും രാഷ്ട്രങ്ങൾക്ക് ശിക്ഷയും “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും. ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും. നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല. ഞാൻ നിന്റെ ബിംബങ്ങളും ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും; നിന്റെ കൈപ്പണികളുടെ മുമ്പിൽ നീ ഇനി വണങ്ങുകയില്ല. ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ5:14 അതായത്, തടിയിൽത്തീർത്ത അശേരാദേവിയുടെ പ്രതീകങ്ങൾ. തരിപ്പണമാക്കും നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും. എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.” ഇസ്രായേലിനു വിരോധമായി യഹോവയുടെ വ്യവഹാരം യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ. “പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക; ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക. യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു. “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ. ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു, അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു. നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു. എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക; യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന് ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.” യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ, ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ? ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ? ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ? മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു; നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക. ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്? ഇസ്രായേലിന്റെ കുറ്റവും ശിക്ഷയും ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു. അങ്ങയുടെ നാമത്തെ ഭയപ്പെടുന്നതുതന്നെ ജ്ഞാനം! “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക. ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ? അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ? കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ ഞാൻ കുറ്റവിമുക്തനാക്കുമോ? പട്ടണത്തിലെ ധനികർ അക്രമികൾ അതിലെ ജനം വ്യാജംപറയുന്നവർ അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും. നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല; അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും. നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല, കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും. നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല; നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല, മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല. നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു; ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു. നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും; നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.” ഇസ്രായേലിന്റെ കഷ്ടത എന്റെ ദുരിതം എത്ര ഭയങ്കരം! ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ. എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല. ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല. വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു. ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്; ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു, ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു, ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു. അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു. അവരിൽ ഉത്തമർ മുൾച്ചെടിപോലെ; ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ. നിന്റെ കാവൽക്കാർ7:4 കാവൽക്കാർ, വിവക്ഷിക്കുന്നത് പ്രവാചകന്മാർ. മുന്നറിയിപ്പു നൽകിയ ദിവസം, ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു. ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്. അയൽവാസിയെ വിശ്വസിക്കരുത്; ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്. നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക. മകൻ അപ്പനെ അപമാനിക്കുന്നു, മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു, മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു— ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും. എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും, എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും. ഇസ്രായേലിന്റെ വിജയഗാനം എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്! വീണുപോയെങ്കിലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എന്റെ വെളിച്ചമായിരിക്കും. യഹോവ എന്റെ വ്യവഹാരം നടത്തി എന്റെ അവകാശം സ്ഥാപിക്കുന്നതുവരെ ഞാൻ അവിടത്തെ കോപം വഹിക്കും. കാരണം, ഞാൻ യഹോവയ്ക്കെതിരായി പാപംചെയ്തല്ലോ. അവിടന്ന് എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും; ഞാൻ അവിടത്തെ നീതിയെ കാണും. അപ്പോൾ എന്റെ ശത്രു അതു കാണും, അവൾ ലജ്ജകൊണ്ടു മൂടപ്പെടും. “നിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് എന്നോടു ചോദിച്ചവളുടെ പതനം എന്റെ കണ്ണ് കാണും; ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും. നിന്റെ മതിലുകൾ പണിയുകയും നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും. ആ ദിവസത്തിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും, ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും. ഭൂമി അതിലെ നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തി നിമിത്തവും ശൂന്യമായിത്തീരും. അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ, അങ്ങയുടെ അവകാശമായ ആട്ടിൻകൂട്ടത്തെത്തന്നെ മേയിക്കണമേ, കാട്ടിലും ഫലപുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലും വസിക്കുന്ന ഈ ആട്ടിൻകൂട്ടം പണ്ടത്തെപ്പോലെ ബാശാനിലും ഗിലെയാദിലും മേയട്ടെ. “നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.” രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും, തങ്ങളുടെ സകലശക്തിയും നഷ്ടപ്പെട്ടതുനിമിത്തംതന്നെ. അവർ വായ് പൊത്തും അവരുടെ ചെവികൾ കേൾക്കാതെയാകും. അവൾ സർപ്പംപോലെ, ഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ പൊടിനക്കും. അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്നു വിറച്ചുകൊണ്ടുവരും; അവർ നിങ്ങളെ ഭയപ്പെട്ട് നമ്മുടെ ദൈവമായ യഹോവയിലേക്കു തിരിയും. തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു. അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും; അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും. പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയ്തതുപോലെതന്നെ, അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.