- Biblica® Open Malayalam Contemporary Version 2020
മത്തായി
മത്തായി എഴുതിയ സുവിശേഷം
മത്തായി
മത്താ.
മത്തായി എഴുതിയ സുവിശേഷം
യേശുക്രിസ്തുവിന്റെ വംശാവലി
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:
അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു
യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു
യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.
യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്.
പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു
ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.
ആരാമിൽനിന്ന് അമ്മീനാദാബും
അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു.
നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.
സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്.
ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്;
ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.
യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്.
ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.
ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു.
രെഹബ്യാമിൽനിന്ന് അബീയാവും
അബീയാവിൽനിന്ന് ആസായും ജനിച്ചു.
ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു
യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു
യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.
ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു.
യോഥാമിൽനിന്ന് ആഹാസും
ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്,
മനശ്ശെ ആമോന്റെ പിതാവ്,
ആമോൻ യോശിയാവിന്റെ പിതാവ്.
യോശിയാവിന്റെ മകൻ യെഖൊന്യാവും1:11 അതായത്, യെഹോയാഖീൻ; വാ. 12 കാണുക. അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.
ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ
ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.
സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു
അബീഹൂദിൽനിന്ന് എല്യാക്കീമും
എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.
ആസോരിൽനിന്ന് സാദോക്ക് ജനിച്ചു.
സാദോക്കിൽനിന്ന് ആഖീമും
ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.
എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു.
എലീയാസറിൽനിന്ന് മത്ഥാനും
മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.
യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.1:16 മൂ.ഭാ. യേശു ജനിക്കപ്പെട്ടു, (കർമണിപ്രയോഗം) എന്നും ഈ വംശാവലിയിൽ അബ്രാഹാംമുതൽ യോസേഫുവരെയുള്ളവർ ജനിച്ചു, (കർത്തരിപ്രയോഗം) എന്നുമാണ്.
ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
യേശുക്രിസ്തുവിന്റെ ജനനം
യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.
അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’1:21 യഹോവ രക്ഷിക്കുന്നു എന്നർഥമുള്ള യോശുവ എന്ന വാക്കിന്റെ ഗ്രീക്കു രൂപമാണ് യേശു എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.
“ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;”1:22-23 [യെശ. 7:14] ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.
യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.
ജ്ഞാനികളുടെ സന്ദർശനം
ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി. “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.
“ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ,
ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ;
നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത്
ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’2:6 [മീഖ. 5:2]
എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”
അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.
അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ2:11 അതായത്, നറുമ്പശ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.
ഈജിപ്റ്റിലേക്കുള്ള രക്ഷപ്പെടൽ
ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; ഹെരോദാവ് നാടുനീങ്ങുന്നതുവരെ2:15 അതായത്, മരിക്കുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി”2:15 [ഹോശ. 11:1] എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.
“രാമായിൽ2:17 ജെറുശലേമിന് ഏകദേശം പത്ത് കി.മീ. വടക്കുള്ള പട്ടണം. ഒരു ശബ്ദം കേൾക്കുന്നു,
രോദനവും അത്യുച്ചവിലാപവുംതന്നെ.
റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.
അവരിലാരും അവശേഷിക്കുന്നില്ല;
സാന്ത്വനം അവൾ നിരസിക്കുന്നു,”2:17 [യിര. 31:15]
എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.
നസറെത്തിലേക്കു മടങ്ങുന്നു
ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു.
യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു. എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു. അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.
യോഹന്നാൻസ്നാപകൻ വഴിയൊരുക്കുന്നു
ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.
“ ‘കർത്താവിന്റെ വഴിയൊരുക്കുക;
അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’
എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം,”3:3 [യെശ. 40:3]
എന്ന് യെശയ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.
യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും3:4 അതായത്, ബെൽറ്റ് ധരിച്ചിരുന്നു.3:4 [2 രാജാ. 1:8] വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ജെറുശലേമിൽനിന്നും യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തുനിന്നും യോർദാൻനദിയുടെ പരിസരപ്രദേശങ്ങളിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
എന്നാൽ, പരീശന്മാരും സദൂക്യരുമായ3:7 യെഹൂദർക്കിടയിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ. പരീശന്മാർ: ന്യായപ്രമാണത്തിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് ഊന്നൽ കൊടുക്കുന്നവർ. സദൂക്യർ: ദൃശ്യമായതിൽ അപ്പുറമുള്ളവ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. ഉദാ. മരണാനന്തരജീവിതം, ദൈവദൂതന്മാർ എന്നിവ നിരാകരിക്കുന്നവർ. അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ!3:7 അഥവാ, വഴിതെറ്റിക്കുന്നവർ. വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു. “മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.
“ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
യേശുവിന്റെ സ്നാനം
ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക്3:13 യോർദാൻനദി ഗലീലാപ്രവിശ്യയിൽക്കൂടെ ഒഴുകുന്നുണ്ടെങ്കിലും യോഹന്നാനാൽ സ്നാനം സ്വീകരിക്കേണ്ടതിന് യെഹൂദ്യമരുഭൂമിയിലുള്ള യോർദാൻനദിയുടെ ഭാഗത്തേക്കാണ് യേശു വന്നത്. വന്നു. എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു. “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു
ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന്4:1 അഥവാ, പരീക്ഷിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി. നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു”4:4 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു.4:4 [ആവ. 8:3] എന്ന് ഉത്തരം പറഞ്ഞു.
തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക.
“ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും,
അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ
അങ്ങയെ അവരുടെ കരങ്ങളിലേന്തും,’4:6 [സങ്കീ. 91:11],[12]
എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’4:7 [ആവ. 6:16] എന്നും എഴുതിയിരിക്കുന്നു.”
വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്, “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.
അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’4:10 [ആവ. 6:13] എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
യേശുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നു
യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി; നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.
“സെബൂലൂൻ ദേശവും നഫ്താലി ദേശവും
തടാകതീരവും യോർദാൻ അക്കരെ നാടും,
യെഹൂദേതര ഗലീലയും—
അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും
വലിയൊരു പ്രഭ ദർശിച്ചു.
മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ
ഒരു പ്രകാശം ഉദിച്ചു!”4:14-16 [യെശ. 9:1],[2]
എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.
ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു.
യേശു ആദ്യശിഷ്യന്മാരെ വിളിക്കുന്നു
യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു. യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”4:19 മനുഷ്യരെ പിടിക്കുന്നവരാക്കും, വിവക്ഷിക്കുന്നത് സുവിശേഷം അറിയിച്ച് മനുഷ്യരെ എന്റെ അനുഗാമികളാക്കുന്നവരാക്കും എന്നാണ്. എന്നു പറഞ്ഞു. ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു, അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
യേശു രോഗികളെ സൗഖ്യമാക്കുന്നു
യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു. ഗലീല, ദെക്കപ്പൊലി,4:25 അതായത്, യോർദാൻനദിക്ക് കിഴക്കുള്ള പത്തു പട്ടണങ്ങൾ. ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.
ഗിരിപ്രഭാഷണത്തിന് ഒരു ആമുഖം
ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു. അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു.
ഗിരിപ്രഭാഷണം
അദ്ദേഹം പറഞ്ഞു:
“ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
വിലപിക്കുന്നവർ അനുഗൃഹീതർ;
അവർക്ക് സാന്ത്വനം ലഭിക്കും.
സൗമ്യശീലർ അനുഗൃഹീതർ;
അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ;
അവർ സംതൃപ്തരാകും.
കരുണാഹൃദയർ അനുഗൃഹീതർ;
അവർക്ക് കരുണ ലഭിക്കും.
ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ;
അവർക്കു ദൈവം ദർശനമേകും.
സമാധാനസ്ഥാപകർ അനുഗൃഹീതർ;
അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
“എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരേ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ. നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
“നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
ന്യായപ്രമാണത്തിന്റെ പൂർത്തീകരണം
“ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും. ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
കോപവും കൊലപാതകവും
“ ‘കൊലപാതകം ചെയ്യരുതെന്ന്’5:21 [പുറ. 20:13] പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ5:22 ചി.കൈ.പ്ര. സഹോദരങ്ങളോട് കാരണംകൂടാതെ കോപിക്കുന്നയാൾ. ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.
“അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
“നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
വ്യഭിചാരം
“ ‘വ്യഭിചാരം ചെയ്യരുത്’5:27 [പുറ. 20:14] എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.
വിവാഹമോചനം
“ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’5:31 [ആവ. 24:1] എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.
ആണയിടൽ
“ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.
കണ്ണിനുപകരം കണ്ണ്
“ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’5:38 [പുറ. 21:24]; [ലേവ്യ. 24:20]; [ആവ. 19:21] എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന5:39 മൂ.ഭാ. ദുഷ്ടൻ വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക. ഒരു പടയാളി ഒരു കിലോമീറ്റർ5:41 മൂ.ഭാ. നാഴിക ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക. നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.
ശത്രുക്കളെ സ്നേഹിക്കണം
“ ‘അയൽവാസിയെ സ്നേഹിക്കണം5:43 [ലേവ്യ. 19:18] എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക,5:44 ചി.കൈ.പ്ര. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കണം, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, വെറുക്കുന്നവർക്കു നന്മ ചെയ്യുക, എന്നും കാണുന്നു. നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
ദാനധർമങ്ങൾ
“നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
“അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
പ്രാർഥന
“പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
“അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
“ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ,
സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും6:12 മൂ.ഭാ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിലേക്കു6:13 അഥവാ, പരീക്ഷയിലേക്ക് നയിക്കരുതേ,
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.
രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’6:13 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
ഉപവാസം
“ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
സ്വർഗത്തിലെ നിക്ഷേപങ്ങൾ
“കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
“കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
“രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
ആകുലചിത്തരാകരുത്
“അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം6:27 മൂ.ഭാ. നീളത്തോട് ഒരടി കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
“വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ6:28 അതായത്, ഒരുതരം ലില്ലിച്ചെടി എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. ദൈവത്തെ അറിയാത്തവരാണ്6:32 മൂ.ഭാ. യെഹൂദേതരരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
അന്യരെ വിധിക്കരുത്
“മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.
“സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
“വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
അപേക്ഷിക്കുക, അന്വേഷിക്കുക, മുട്ടുക
“അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
“നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും! അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
ഇടുങ്ങിയതും വിശാലവുമായ കവാടങ്ങൾ
“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
വൃക്ഷവും അതിന്റെ ഫലവും
“ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. അവരുടെ ചെയ്തികളിലൂടെ7:16 മൂ.ഭാ. ഫലം നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു. നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല. നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു. ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
രണ്ടുതരം ശിഷ്യർ
“ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
രണ്ടുതരം വീടുപണിക്കാർ
“അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു. കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.
കുഷ്ഠരോഗി
യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. ഒരു കുഷ്ഠരോഗി8:2 മൂ.ഭാ. വിവിധയിനം ത്വഗ്രോഗങ്ങളെ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ8:2 മൂ.ഭാ. ശുദ്ധമാക്കാൻ കഴിയും” എന്നു പറഞ്ഞു.
യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി. തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും8:4 [ലേവ്യ. 14:1-7] ചെയ്യുക” എന്നു പറഞ്ഞു.
ശതാധിപന്റെ വിശ്വാസം
യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ8:5 അതായത്, നൂറുപേരടങ്ങുന്ന സൈന്യത്തിന്റെ അധിപൻ. സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്, “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു.
അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു.
അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു.
ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു. യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും. എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും8:12 മൂ.ഭാ. രാജ്യത്തിന്റെ പുത്രർ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ ” എന്നു പറഞ്ഞു.
പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി.
യേശു അനേകരെ സൗഖ്യമാക്കുന്നു
യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു. യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.
സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.
“ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു;
ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,”8:17 [യെശ. 53:4]
എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.
യേശുവിനെ അനുഗമിക്കുന്നവർ നൽകേണ്ട വില
തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി. ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ8:20 യേശു തന്നെക്കുറിച്ചാണ് ഈ പദത്തിലൂടെ ഉദ്ദേശിക്കുന്നത്. തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു.
യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.
“വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.
ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
രണ്ട് ഭൂതബാധിതരെ സൗഖ്യമാക്കുന്നു
യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ8:28 ചി.കൈ.പ്ര. ഗർഗസേന; മറ്റുചിലതിൽ, ഗദര ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു. അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.
അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.
“പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു. അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
യേശു പക്ഷാഘാതമുള്ള വ്യക്തിയെ സൗഖ്യമാക്കുന്നു
യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി. ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.
യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.
മത്തായിയെ വിളിക്കുന്നു
യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.
പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും9:10 മൂ.ഭാ. പാപികൾ ഉണ്ടായിരുന്നു. ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’9:13 [ഹോശ. 6:6] എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ഉപവാസം
അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും.
“ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവെക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”
രോഗിയായ സ്ത്രീയെ സൗഖ്യമാക്കുന്നു
യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു. യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.
അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു. “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.
യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.
യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്, “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു. ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.
അന്ധരെയും ഊമയെയും സൗഖ്യമാക്കുന്നു
യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു.
“തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.
അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.
അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു.
എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു.
വേലക്കാർ ചുരുക്കം
യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.
യേശു പന്ത്രണ്ടുപേരെ അയയ്ക്കുന്നു
അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് ദുരാത്മാക്കളെ പുറത്താക്കാനും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കാനും അവർക്ക് അധികാരംനൽകി.
പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ ഇവയാണ്:
ഒന്നാമൻ പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്;
സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ;
ഫിലിപ്പൊസ്, ബർത്തൊലൊമായി;
തോമസ്, നികുതിപിരിവുകാരനായ മത്തായി;
അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി;
കനാന്യനായ10:4 അഥവാ, ദേശീയവാദിയായ. റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
യേശു ഈ നിർദേശങ്ങൾ നൽകി പന്ത്രണ്ട് അപ്പൊസ്തലന്മാരെ അയച്ചു: “നിങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കു പോകുകയോ ശമര്യരുടെ ഏതെങ്കിലും പട്ടണത്തിൽ പ്രവേശിക്കയോ ചെയ്യരുത്. പിന്നെയോ, ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ ചെല്ലുക. ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു,’ എന്ന സന്ദേശം നിങ്ങൾ പോയി വിളംബരംചെയ്യുക. രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക.
“നിങ്ങളുടെ മടിശ്ശീലയിൽ സ്വർണം, വെള്ളി, ചെമ്പ് ഇവകൊണ്ടുള്ള നാണയങ്ങൾ കരുതിവെക്കരുത്; സഞ്ചിയോ രണ്ട് വസ്ത്രമോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ. നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായി ആരുണ്ടെന്ന് അന്വേഷിക്കുക; ആ സ്ഥലത്തുനിന്ന് പോകുന്നതുവരെ അയാളുടെ ഭവനത്തിൽത്തന്നെ താമസിക്കുക. ആ വീട്ടിൽ പ്രവേശിക്കുന്നമാത്രയിൽ അവർക്ക് ‘സമാധാനം’10:12 മൂ.ഭാ. അഭിവാദനം ആശംസിക്കുക. ആ ഭവനത്തിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ നിവസിക്കും; അല്ലാത്തപക്ഷം സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങിവരും. ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യാതിരിക്കയോ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, ആ ഭവനമോ പട്ടണമോ വിട്ടുപോകുക; പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.10:14 പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക, വിവക്ഷിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി, ഇനി നിങ്ങളുടെമേൽ വരുന്ന ശിക്ഷയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ന്യായവിധിദിവസത്തിൽ ആ പട്ടണനിവാസികൾക്കുണ്ടാകുന്ന അനുഭവത്തിന്റെ ഭയങ്കരതയെക്കാൾ സൊദോം, ഗൊമോറാ നിവാസികൾക്കുണ്ടായ അനുഭവം10:15 [ഉൽ. 19] കാണുക. ഏറെ സഹനീയമായിരിക്കും, നിശ്ചയം.
“ഇതാ, ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് ആടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; ആകയാൽ പാമ്പുകളെപ്പോലെ ബുദ്ധിചാതുര്യമുള്ളവരും പ്രാവുകളെപ്പോലെ നിർമലരും ആയിരിക്കുക. ജാഗ്രതയോടിരിക്കുക, മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക്10:17 അതായത്, മഹാപുരോഹിതന്റെ അധ്യക്ഷതയിൽ യെഹൂദനേതൃത്വനിരയിലെ 70 പേർ അടങ്ങുന്ന സംഘം. ഏൽപ്പിച്ചുകൊടുക്കുകയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ, നിങ്ങളെ അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും. ഇങ്ങനെ അവർക്കും യെഹൂദേതരർക്കും മുമ്പിൽ നിങ്ങൾ എന്റെ സാക്ഷ്യംവഹിക്കും. അവർ നിങ്ങളെ അധികാരികൾക്ക് ഏൽപ്പിക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല, നിങ്ങൾക്ക് പറയാനുള്ളത് തക്കസമയത്തുതന്നെ നിങ്ങളുടെ നാവിൽ തന്നിരിക്കും. അപ്പോൾ നിങ്ങളല്ല സംസാരിക്കുന്നത്, നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.
“സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം10:22 മൂ.ഭാ. എന്റെ നാമംനിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. ഒരിടത്തെ നിവാസികൾ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊരിടത്തേക്ക് പലായനംചെയ്യുക. ഇസ്രായേൽ പട്ടണങ്ങളിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം മനുഷ്യപുത്രന്റെ പുനരാഗമനത്തിലും പൂർത്തിയാക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല. ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ10:25 ബേസെബൂൽ, ബേൽസെബൂബ് എന്നീ രൂപങ്ങളും ഉപയോഗിക്കുന്നു. ഭൂതങ്ങളുടെ തലവനാണ് ബേൽസെബൂൽ. എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം!
“ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. നിങ്ങളുടെ ആത്മാവിനെ10:28 മൂ.ഭാ. പ്രാണൻ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. ഒരു രൂപയ്ക്ക്10:29 ഒരു ദിവസത്തെ വേതനത്തിന്റെ പതിനാറിലൊന്ന്. രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
“മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും നിരാകരിക്കും.
“ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്:
“ ‘ഒരുവനെ തന്റെ പിതാവിനെതിരേയും
മകളെ തന്റെ അമ്മയ്ക്കെതിരേയും
മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,
ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’10:36 [മീഖ. 7:6]
“എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല. സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.
“നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു. ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും. എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
യേശുവും യോഹന്നാൻസ്നാപകനും
യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള11:1 മൂ.ഭാ. അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി.
കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ11:2-3 അതായത്, യെഹൂദർ പ്രതീക്ഷിച്ചുകൊണ്ടിരുന്ന വിമോചകൻ. അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.
യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.11:5 [യെശ. 35:5-6]; [42:18]; [61:1] എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.
യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ? അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്? പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.
“ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും,
നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’11:10 [മലാ. 3:1]
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്. ‘സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻസ്നാപകന്റെ കാലംമുതൽ ഇന്നുവരെയും സ്വർഗരാജ്യം ക്രൂരപീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു,11:12 അഥവാ, സ്വർഗരാജ്യം ശക്തിയോടെ മുന്നേറുന്നു. പീഡകർ അതിനെ പിടിച്ചടക്കുകയുംചെയ്യുന്നു; സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു. ഇത് അംഗീകരിക്കാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, ‘വരാനിരിക്കുന്നവൻ’ എന്ന് അവർ പറഞ്ഞ ഏലിയാവ് ഈ യോഹന്നാൻതന്നെയാണ്. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
“ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും?
“ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി,
നിങ്ങളോ നൃത്തംചെയ്തില്ല;
ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു,
നിങ്ങളോ വിലപിച്ചില്ല,’
എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. മനുഷ്യപുത്രനാകട്ടെ11:19 യേശു സ്വയം വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു നാമമാണ് മനുഷ്യപുത്രൻ. അവിടന്ന് പരിപൂർണ ദൈവമായിരിക്കുമ്പോൾത്തന്നെ പരിപൂർണമനുഷ്യനുമാണ് എന്നതു വെളിപ്പെടുത്തുന്നു. ദൈവത്തിൽനിന്ന് സവിശേഷ അധികാരങ്ങൾ ലഭിച്ച പ്രഭാവശാലിയായ വ്യക്തിയെ സൂചിപ്പിക്കാനാണ് ദാനീയേൽപ്രവാചകൻ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. [ദാനി. 7:13-14] തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”
മാനസാന്തരപ്പെടാത്ത പട്ടണങ്ങൾക്കു ഹാ കഷ്ടം!
തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ക്ഷീണിതർക്ക് വിശ്രമം
അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
“എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു.
“ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
ശബ്ബത്തിന്മേൽ അധികാരമുള്ളവൻ
അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ12:1 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി. പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു.12:4 [1 ശമു. 21:1-6] ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ? എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’12:7 [ഹോശ. 6:6] എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു. കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ? ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി. അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
ദൈവം തെരഞ്ഞെടുത്ത ദാസൻ
ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി. താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി. ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു:
“ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ;
ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ.
ഞാൻ എന്റെ ആത്മാവിനെ അവന് നൽകും.
അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;
അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല;
തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല.
ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല;
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.
അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.
അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”12:21 [യെശ. 42:1-4]
യേശുവും ബേൽസെബൂലും
പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു. അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?”12:23 ഇസ്രായേലിന്റെ വിമോചകനായ മശിഹാ ജനിക്കുന്നത് ദാവീദിന്റെ വംശത്തിൽ ആയിരിക്കും, എന്നു പ്രവചനം ഉണ്ടായിരുന്നു. ഇതാണ് ഈ ചോദ്യത്തിന്റെ പ്രസക്തി. എന്നു പറഞ്ഞു.
എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല. സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ? ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
“ബലിഷ്ഠനായ ഒരു മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ, അയാളെ ബന്ധനസ്ഥനാക്കിയിട്ടല്ലാതെ ആർക്കെങ്കിലും സാധിക്കുമോ? ബന്ധനസ്ഥനാക്കിയാൽ വീട്ടിലുള്ളത് അപഹരിക്കാൻ സാധിക്കും.
“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല.
“ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ12:36 മൂ.ഭാ. സൂക്ഷ്മതയില്ലാത്ത പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”
യോനായുടെ അടയാളം
അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള12:39 മൂ.ഭാ. വ്യഭിചാരം തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ12:40 [യോന. 1–2] കാണുക. മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും. ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. ന്യായവിധിദിവസത്തിൽ ശേബാ12:42 മൂ.ഭാ. തെക്കേദേശത്തെ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന്12:42 മൂ.ഭാ. ഭൂമിയുടെ അതിരുകളിൽനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.12:42 [1 രാജാ. 10:1-13]; [2 ദിന. 9:1-12]
“ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”
യേശുവിന്റെ അമ്മയും സഹോദരന്മാരും
യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യത്തിൽ പുറത്തു നിൽക്കുകയായിരുന്നു. ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു. പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും. എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.
വിതയ്ക്കുന്നവന്റെ സാദൃശ്യകഥ
ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി. ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു. യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.13:12 ഈ പഴഞ്ചൊല്ല് യേശു തന്റെ ശിഷ്യന്മാരെ ഉദ്ദേശിച്ചാണ് പറഞ്ഞത്. ദൈവം പ്രവർത്തിക്കുന്നവിധങ്ങളെക്കുറിച്ച് അൽപ്പം അറിവ് അവർക്കു ലഭിച്ചിട്ടുണ്ട്. അവർക്ക് ഇതിലും ആഴത്തിലുള്ള അറിവ് നൽകപ്പെടും. എന്നാൽ, ഈ ജ്ഞാനം തിരസ്കരിച്ചവരിൽനിന്ന് അവർക്കു ലഭിച്ചിരിക്കുന്ന അറിവുകൂടി എടുത്തുകളയപ്പെടും.
“അവർ നോക്കുന്നെങ്കിലും കാണുന്നില്ല;
അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല.
ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്. ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു.
“ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;
നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.
ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു;
അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല.
അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു.
അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും
ചെവികൾകൊണ്ടു കേൾക്കുകയും
ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട്
അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’13:15 [യെശ. 6:9],[10]
എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ. അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
“കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക: ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്. പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്. എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.”
കളകളെക്കുറിച്ചുള്ള സാദൃശ്യകഥ
യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു.
“വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു.
“ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു.
“വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു.
“യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”
കടുകുമണിയുടെയും പുളിമാവിന്റെയും സാദൃശ്യകഥ
യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.”
അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ13:33 ഏക. 22 ലി. മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.”
യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല.
“സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും;
ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,”13:35 [സങ്കീ. 78:2]
എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി.
കളയുടെ സാദൃശ്യകഥ വിശദീകരിക്കുന്നു
അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു.
യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു.
“കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
നിഗൂഢമായ നിധിയുടെയും മുത്തിന്റെയും സാദൃശ്യകഥ
“വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
“ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
വലയുടെ സാദൃശ്യകഥ
“യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു. യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
“നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു.
“ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു.
അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു.
ആദരവു ലഭിക്കാത്ത പ്രവാചകൻ
ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു. “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.13:57 മൂ.ഭാ. അദ്ദേഹത്തിനുനേരേ അവർക്ക് ഇടർച്ചയുണ്ടായി.
എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.
അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.
യോഹന്നാൻസ്നാപകന്റെ ശിരച്ഛേദം
ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന14:1 മൂ.ഭാ. ടെട്രാക്ക്; അതായത്, നാലിൽ ഒരുഭാഗത്തിന്റെ ഭരണാധികാരി. ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്, തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്നു പറഞ്ഞു.
ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു. “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്. യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.
ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു. അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു. രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി. അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്യിച്ചു; അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി. യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.
അയ്യായിരംപേർക്ക് ആഹാരം നൽകുന്നു
യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു. യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.
സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.
അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.
“ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
“എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട് ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
യേശു വെള്ളത്തിനുമീതേ നടക്കുന്നു
യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു. ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു. അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.
രാത്രി മൂന്നുമണിക്കുശേഷം14:25 മൂ.ഭാ. രാത്രിയുടെ നാലാംയാമത്തിൽ യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി. അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.
ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.
“വരിക,” അദ്ദേഹം പറഞ്ഞു.
അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.
യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.
പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.
അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി. ആ ദേശവാസികൾ യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ, യേശു വന്ന വിവരം സമീപപ്രദേശങ്ങളിലെല്ലാം അറിയിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ രോഗികൾക്ക് അനുവാദം നൽകണമെന്ന് അവർ യാചിച്ചു; തൊട്ടവർക്കെല്ലാം സൗഖ്യം ലഭിച്ചു.
ആന്തരികവിശുദ്ധിയുടെ പ്രാധാന്യം
അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു.
അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്? ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’15:4 [പുറ. 20:12]; [ആവ. 5:16] എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’15:4 [പുറ. 21:17]; [ലേവ്യ. 20:9] എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ. ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ15:6 ചി.കൈ.പ്ര. മാതാവിനെ എന്ന് കാണുന്നില്ല ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ? കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:
“ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;
അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;
അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’15:9 [യെശ. 29:13]”
പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”
അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.
യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”
“ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.
“നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”
കനാൻ നിവാസിയായ സ്ത്രീയുടെ വിശ്വാസം
യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു.
യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു.
“ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.
എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു.
അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല”15:26 അവരുടെ മനോഭാവത്തെ വിമർശിച്ചുകൊണ്ടും താൻ ഈ കുഞ്ഞിനു സൗഖ്യം നൽകിയാൽ അവരുടെ പ്രതികരണം എന്തായിരിക്കും എന്ന് നന്നായി ഗ്രഹിച്ചുകൊണ്ടുമാണ് യേശു ഇപ്രകാരം പുറമേ ക്രൂരമെന്നു തോന്നുന്ന ഒരു പ്രസ്താവന ചെയ്തത്. എന്നു പറഞ്ഞു.
“ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”
അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.
യേശു നാലായിരംപേർക്ക് ആഹാരം നൽകുന്നു
യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു. ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി. ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.
യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”
അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.
യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു.
“ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.
യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.
അത്ഭുതചിഹ്നം ആവശ്യപ്പെടുന്നു
പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’ സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല. ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.
പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവ്
അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി. യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
“നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ? എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?” അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
പത്രോസിന്റെ ഏറ്റുപറച്ചിൽ
യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
“എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?”
“അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു.
യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ16:17 മൂ.ഭാ. ബർയോനാ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല16:17 മൂ.ഭാ. ജഡരക്തങ്ങളല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ്16:18 പാറ എന്നർഥം. ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” പിന്നെ, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുത് എന്ന ആജ്ഞയും ശിഷ്യന്മാർക്ക് നൽകി.
യേശു തന്റെ മരണത്തെപ്പറ്റി മുൻകൂട്ടിപ്പറയുന്നു
ആ സമയംമുതൽ യേശു, താൻ ജെറുശലേമിലേക്കു പോകേണ്ടതാണെന്നും സമുദായനേതാക്കന്മാർ,16:21 അതായത്, യെഹൂദാമതത്തിലെ പ്രമുഖർ. പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരിൽനിന്ന് അനേക കഷ്ടം സഹിച്ച് വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി.
പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി, “ഒരിക്കലും പാടില്ല കർത്താവേ; അങ്ങേക്ക് ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞ് ശാസിച്ചുതുടങ്ങി.
യേശു തിരിഞ്ഞ് പത്രോസിനോട്, “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ! നീ എനിക്ക് ഒരു പ്രതിബന്ധമാണ്. നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും? മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സോടെ അവിടത്തെ ദൂതരുമൊത്തു വരും. അപ്പോൾ അവിടന്ന് ഓരോ വ്യക്തിക്കും അവരവരുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം കൊടുക്കും.
“ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം.”
യേശുവിന്റെ രൂപാന്തരം
ഈ സംഭാഷണംനടന്ന് ആറുദിവസം കഴിഞ്ഞ് യേശു, പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു; വസ്ത്രം പ്രകാശംപോലെ വെണ്മയുള്ളതായിത്തീർന്നു. മോശയും ഏലിയാവും യേശുവിനോട് സംസാരിക്കുന്നതായും അവർ കണ്ടു.
അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു. യേശു വന്ന് അവരെ തൊട്ടു. “എഴുന്നേൽക്കുക, ഭയപ്പെടേണ്ട,” എന്നു പറഞ്ഞു. അവർ തലയുയർത്തിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടല്ലാതെ നിങ്ങൾ കണ്ട കാര്യം ആരോടും പറയരുത്” എന്നു കൽപ്പിച്ചു.
ശിഷ്യന്മാർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു.
അതിന് യേശു, “ഏലിയാവ് വരികയും എല്ലാക്കാര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്യും, നിശ്ചയം. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു, അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനും അവരിൽനിന്ന് പീഡനം സഹിക്കും” എന്നു പറഞ്ഞു. യേശു തങ്ങളോടു സംസാരിച്ചത് യോഹന്നാൻസ്നാപകനെക്കുറിച്ചാണ് എന്ന് അപ്പോൾ ശിഷ്യന്മാർക്ക് മനസ്സിലായി.
ഭൂതബാധിതനായ ബാലനു സൗഖ്യം ലഭിക്കുന്നു
യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി, “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു. അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു.
അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി.
അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.
“അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല. എന്നാൽ പ്രാർഥനയാലും ഉപവാസത്താലും അല്ലാതെ ഈ വിധമുള്ളവ ഒഴിഞ്ഞുപോകുകയില്ല.”17:21 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
യേശു സ്വന്തം മരണത്തെക്കുറിച്ചു വീണ്ടും പ്രവചിക്കുന്നു
അവർ ഒന്നിച്ച് ഗലീലയിൽ എത്തിയപ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും; അവർ അവനെ കൊല്ലും. എന്നാൽ, മൂന്നാംദിവസം അവൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി.
ദൈവാലയനികുതി
യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ17:24 ഒരു ദ്രഹ്മ ഒരു ദിവസത്തെ വേതനത്തിനു തുല്യം. വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു.
“ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു.
പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു.
“അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി.
“അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു. “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.
ആരാണ് ഏറ്റവും ശ്രേഷ്ഠൻ?
ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.
അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.
പാപത്തിൽ വീഴ്ത്തുക
“എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല്18:6 മൂ.ഭാ. കഴുതയെ കെട്ടുന്ന തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം! നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.
അലഞ്ഞുതിരിയുന്ന ആടിന്റെ സാദൃശ്യകഥ
“ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.18:11 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
“ഒരു മനുഷ്യന്റെ നൂറ് ആടുകളിൽ ഒന്ന് കൂട്ടം തെറ്റിപ്പോയാൽ അദ്ദേഹം എന്തുചെയ്യും, എന്താണ് നിങ്ങളുടെ അഭിപ്രായം? തൊണ്ണൂറ്റിയൊൻപതിനെയും കുന്നിൻചെരുവിൽ വിട്ടശേഷം കൂട്ടം തെറ്റിയതിനെ തേടി പോകുകയില്ലേ? അയാൾ അതിനെ കണ്ടെത്തിയാൽ, ആ ഒരാടിനെക്കുറിച്ച് ഉണ്ടാകുന്ന ആനന്ദം കൂട്ടം തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത് ആടുകളെക്കുറിച്ചുള്ളതിലും അധികം ആയിരിക്കും എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ, ഈ ചെറിയവരിൽ ഒരാൾപോലും നശിച്ചുപോകാൻ നിങ്ങളുടെ സ്വർഗസ്ഥപിതാവ് ആഗ്രഹിക്കുന്നില്ല.
ഒരാൾ പാപംചെയ്താൽ
“അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ18:15 ചി.കൈ.പ്ര. നിനക്കെതിരേ എന്ന് കാണുന്നില്ല. പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’18:16 [ആവ. 19:15] അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.
“നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
“നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”
നിർദയനായ ദാസൻ
അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴുതവണ മതിയോ?” എന്നു ചോദിച്ചു.
അതിന് യേശു, “ഏഴുപ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.
“സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം. ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത്18:24 ഒരു ദിവസവേതനക്കാരന്റെ 20 വർഷത്തെ വേതനം അഥവാ, 375 ടൺ വെള്ളി. കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.
“എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു. രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.
“എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർമാത്രം18:28 ഒരു ദിവസവേതനക്കാരന്റെ 100 ദിവസത്തെ വേതനം. കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്നു പറഞ്ഞു.
“ആ സഹഭൃത്യൻ സാഷ്ടാംഗം വീണ്, ‘എനിക്ക് അൽപ്പം അവധി തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.
“എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു. ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.
“രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘ദുഷ്ടദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു. എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു. രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.
“നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”
വിവാഹമോചനം
യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി.
“ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’19:4 [ഉൽ. 1:27] അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’19:5 [ഉൽ. 2:24] എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
“അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.
യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി19:8 മൂ.ഭാ. കഠിനഹൃദയം നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല. പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം. ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”
ശിശുക്കളും യേശുവും
അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു. യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.
ധനികരും സ്വർഗരാജ്യവും
അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു.
യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.
“ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.
“ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക,19:19 [പുറ. 20:12-16]; [ആവ. 5:16-20] നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’19:19 [ലേവ്യ. 19:18] എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.
ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.
യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.
അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.
യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ,19:28 മൂ.ഭാ. പുനർജനനത്തിൽ മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ,19:29 ചി.കൈ.പ്ര. ഭാര്യ എന്ന വാക്കു കാണുന്നില്ല. മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.
മുന്തിരിത്തോപ്പിലെ വേലക്കാരുടെ സാദൃശ്യകഥ
“തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ദിവസം ഒരു ദിനാർ20:2 ഒരു ദിവസവേതനക്കാരന്റെ ഒരു ദിവസത്തെ കൂലി. കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു.
“രാവിലെ ഏകദേശം ഒൻപതുമണിക്ക് അദ്ദേഹം പുറത്തുപോയപ്പോൾ ചിലർ ചന്തസ്ഥലത്ത് ജോലിയൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട് ‘എന്റെ മുന്തിരിത്തോപ്പിലേക്കു നിങ്ങളും ചെല്ലുക; ന്യായമായ വേതനം ഞാൻ നിങ്ങൾക്കു തരാം’ എന്നു പറഞ്ഞു. അങ്ങനെ അവർ പോയി.
“അദ്ദേഹം വീണ്ടും, ഉച്ചയ്ക്കും ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്കും പുറത്തേക്കുപോയി, മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു.
“ ‘ആരും ഞങ്ങളെ വേലയ്ക്കു വിളിക്കാത്തതുകൊണ്ടാണ്,’ എന്ന് അവർ ഉത്തരം പറഞ്ഞു.
“ ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുക,’ അദ്ദേഹം അവരോടു പറഞ്ഞു.
“സന്ധ്യയായപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ തന്റെ കാര്യസ്ഥനോട്, ‘ഏറ്റവും ഒടുവിൽവന്നവർമുതൽ ആദ്യംവന്നവർ എന്നക്രമത്തിൽ വേലക്കാരെ വിളിച്ച് അവർക്ക് അവരുടെ കൂലി കൊടുക്കുക’ ” എന്നു പറഞ്ഞു.
“ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി. ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്. അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്, ‘ഒടുവിൽവന്ന കൂലിക്കാർ ഒരുമണിക്കൂർമാത്രമാണ് ജോലി ചെയ്തത്, എന്നാൽ പകൽ മുഴുവനുമുള്ള ജോലിഭാരവും ചൂടും സഹിച്ച് ജോലിചെയ്ത ഞങ്ങൾക്കു ലഭിച്ച അത്രയുംതന്നെ, കൂലിയായി അങ്ങ് അവർക്കും നൽകിയല്ലോ.’
“എന്നാൽ, അദ്ദേഹം അവരിലൊരുവനോട്, ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമായി ഒന്നും ചെയ്തില്ലല്ലോ? ഒരു ദിനാറല്ലായിരുന്നോ നമ്മൾതമ്മിൽ കൂലി പറഞ്ഞൊത്തിരുന്നത്? നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്. എന്റെ പണംകൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാൻ എനിക്ക് അധികാരമില്ലേ? ഞാൻ ഔദാര്യം കാണിക്കുന്നതിൽ നിനക്ക് അസൂയ തോന്നുന്നോ?’ എന്നു പറഞ്ഞു.
“അങ്ങനെ, ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളും ഇന്ന് അഗ്രഗാമികളായ പലരും അന്ന് ഏറ്റവും പിന്നിലുള്ളവരുമായിത്തീരും.”
യേശു സ്വന്തം മരണത്തെപ്പറ്റി വീണ്ടും പ്രവചിക്കുന്നു
യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി, “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം, പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ20:19 മൂ.ഭാ. യെഹൂദേതരരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു.
ഒരു അമ്മയുടെ അപേക്ഷ
പിന്നീടൊരിക്കൽ സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മ തന്റെ മക്കളുമായി യേശുവിന്റെ അടുക്കൽവന്ന് യാചനാരൂപേണ മുട്ടുകുത്തി.
“എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു.
“അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു.
അതിനുത്തരമായി, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം പാനംചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?” എന്ന് യേശു ചോദിച്ചു.
“ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു.
“ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും, നിശ്ചയം. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അത് അവർക്കുള്ളതാണ്,” എന്ന് യേശു അവരോടു പറഞ്ഞു.
ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി. യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ20:25 മൂ.ഭാ. യെഹൂദേതരരുടെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ മറ്റുള്ളവർക്ക് അടിമയുമായിരിക്കണം. മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
രണ്ട് അന്ധന്മാർക്ക് കാഴ്ച ലഭിക്കുന്നു
യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു. വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.
മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
“കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.
യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.
ജെറുശലേമിലേക്കുള്ള ജൈത്രയാത്ര
അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
“സീയോൻപുത്രിയോട്21:4 അതായത്, ജെറുശലേംനിവാസികളോട് പറയുക,
‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു,
അവിടന്ന് വിനയാന്വിതനായി കഴുതമേലേറി,
അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ”21:4 [സെഖ. 9:9]
എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു. ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു. യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം,
“ദാവീദുപുത്രന് ഹോശന്നാ!”21:9 രക്ഷിക്കണമേ എന്നർഥം; ഒരു സ്തോത്രഘോഷണമായും ഇത് ഉപയോഗിക്കുന്നു.
“കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!”21:9 [സങ്കീ. 118:26]
“സ്വർഗോന്നതങ്ങളിൽ ഹോശന്നാ!”
എന്ന് ആർത്തുവിളിച്ചു.
യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.
കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.
യേശു ദൈവാലയത്തിൽ
യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന21:12 അതായത്, വിൽക്കുകയും വാങ്ങുകയുംചെയ്യുന്ന യാഗമൃഗത്തെ. സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ21:12 അതായത്, കൈസറുടെ മുഖമുദ്രയുള്ള റോമൻ നാണയം ദൈവാലയത്തിൽ അർപ്പിക്കുന്നത് നിഷിദ്ധമായിരുന്നതിനാൽ അവ മാറ്റി ദൈവാലയത്തിലെ നാണയം കൊടുക്കുന്നവർ. മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു. യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’21:13 [യെശ. 56:7] എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’21:13 [യിര. 7:11] ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി. എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.
“എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു.
“ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു,
“ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന്
അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’21:16 [സങ്കീ. 8:2]
എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
യേശു അത്തിവൃക്ഷത്തെ ശപിക്കുന്നു
പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.
ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു
യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ”
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
രണ്ട് പുത്രന്മാരുടെ സാദൃശ്യകഥ
“ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
“ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
“അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
“ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?”
“ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു.
യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും21:31 യെഹൂദാചിന്താഗതിപ്രകാരം ഈ രണ്ടുകൂട്ടർക്കും സ്വർഗരാജ്യത്തിൽ പ്രവേശനമില്ല. നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
പാട്ടക്കർഷകരുടെ സാദൃശ്യകഥ
“മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു,21:33 പാറയിൽ കൊത്തിയെടുക്കുന്ന കുഴിയാണ് ഇത്. ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
“ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു. പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു. ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
“എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’ അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
“മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
“അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
യേശു അവരോടു ചോദിച്ചത്,
“ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു;
ഇത് കർത്താവ് ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’21:42 [സങ്കീ. 118:22],[23]
എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
“അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”21:44 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
കല്യാണവിരുന്നിന്റെ സാദൃശ്യകഥ
യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു: “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു.
“രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു.
“എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി. ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു. രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.
“അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി. അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’ അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
“അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
“അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു.
“ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
കൈസർക്കു കരം കൊടുക്കണമോ?
യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം22:16 അതായത്, ഹെരോദാവിന്റെ പിൻതുടർച്ചക്കാരുടെ ഭരണത്തെ അനുകൂലിക്കുന്നവർ; റോമൻ അധിനിവേശത്തെ അനുകൂലിക്കുന്നവർ. യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി22:17 റോമൻ പൗരർ അല്ലാത്തവർ നൽകേണ്ട വ്യക്തിഗത നികുതി. കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.
യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം22:19 മൂ.ഭാ. ദിനാർ കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
“കൈസറുടേത്,” അവർ മറുപടി പറഞ്ഞു.
അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.
പുനരുത്ഥാനവും വിവാഹവും
പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു. “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ22:24 [ആവ. 25:5-6] കൽപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു. അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.”
അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. പുനരുത്ഥിത22:30 പുനരുത്ഥിത, വിവക്ഷിക്കുന്നത് ഉയിർത്തെഴുന്നേൽപ്പിന് ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’22:31 [പുറ. 3:6] എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.”
ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ഏറ്റവും മുഖ്യകൽപ്പന
യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു; അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്, “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.
അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’22:37 [ആവ. 6:15] ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന. രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’22:39 [ലേവ്യ. 19:18] സർവന്യായപ്രമാണവും പ്രവാചകന്മാരും22:40 പ്രവാചകന്മാരും, വിവക്ഷിക്കുന്നത് പ്രവാചകന്മാരുടെ ലിഖിതങ്ങൾ ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
ക്രിസ്തു ആരുടെ പുത്രൻ?
ഒത്തുകൂടിയ പരീശന്മാരോട് യേശു, “ക്രിസ്തുവിനെപ്പറ്റി നിങ്ങൾ എന്തു ചിന്തിക്കുന്നു? അവിടന്ന് ആരുടെ പുത്രനാണ്?” എന്നു ചോദിച്ചു.
“ദാവീദിന്റെ പുത്രൻ,” അവർ പ്രതിവചിച്ചു.
“അങ്ങനെയെങ്കിൽ, ദാവീദ് ആത്മനിയോഗത്താൽ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നത് എങ്ങനെ?” യേശു അവരോടു ചോദിച്ചു.
“ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു:
“നിന്റെ ശത്രുക്കളെ ഞാൻ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,” ’22:44 [സങ്കീ. 110:1]
എന്ന് ദാവീദ് പ്രസ്താവിച്ചല്ലോ! ഇങ്ങനെ ദാവീദുതന്നെയും ക്രിസ്തുവിനെ ‘കർത്താവേ,’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” അതിനു മറുപടിനൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
കപടഭക്തർക്കുള്ള മുന്നറിയിപ്പ്
അതിനുശേഷം യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമായി ഇപ്രകാരം പറഞ്ഞു: “വേദജ്ഞരും പരീശന്മാരും മോശയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാണ്.23:2 സിംഹാസനത്തിൽ ഉപവിഷ്ടരാണ്, വിവക്ഷിക്കുന്നത് ന്യായപ്രമാണം വ്യാഖ്യാനിക്കാൻ അധികാരം നൽകപ്പെട്ടവർ. അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം സസൂക്ഷ്മം അനുവർത്തിക്കണം; എന്നാൽ, അവരുടെ ജീവിതശൈലി മാതൃകയാക്കരുത്. കാരണം, തങ്ങൾ ഉപദേശിക്കുന്നതല്ല, അവർ അനുവർത്തിച്ചുവരുന്നത്. അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല.
“മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു23:5 അതായത്, വചനം ആലേഖനംചെയ്ത്, തിരുനെറ്റിയിലും കൈകളിലുമായി കെട്ടുന്ന ബെൽറ്റ്. വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു23:5 ദൈവത്തോടുള്ള ഭക്തി പ്രദർശിപ്പിക്കാൻ തൊങ്ങലിന്റെ നീളം പരമാവധി കൂട്ടുന്നു. നീളവും കൂട്ടുന്നു. വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു. ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’23:7 എബ്രായപദം: എന്റെ ഗുരു എന്നർഥം. എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.
“ആരും നിങ്ങളെ ‘റബ്ബീ’ എന്നു വിളിക്കാൻ അനുവദിക്കരുത്. ഒരാൾമാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും പരസ്പരം സഹോദരീസഹോദരന്മാർമാത്രം. ഭൂമിയിൽ ആരെയും ബഹുമാനാർഥം ‘പിതാവ്’ എന്ന് അഭിസംബോധന ചെയ്യരുത്; സ്വർഗസ്ഥപിതാവെന്ന ഒരേയൊരു പിതാവേ നിങ്ങൾക്കുള്ളൂ. നിങ്ങളിൽ ആരും ‘ഗുരു’ എന്നു വിളിക്കപ്പെടരുത്; ക്രിസ്തുമാത്രമാണ് നിങ്ങൾക്കുള്ള ഏക ‘ഗുരു.’ നിങ്ങളിൽ ഉന്നതസ്ഥാനികൾ നിങ്ങളുടെ സേവകർ ആയിരിക്കണം. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.
വേദജ്ഞർക്കും പരീശന്മാർക്കുമുള്ള ഏഴ് അയ്യോ കഷ്ടം
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യർക്കുനേരേ കൊട്ടിയടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല, പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കുന്നതുമില്ല. കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ വിധവകളെ ചൂഷണംചെയ്ത് അവരുടെ വീടുകൾ കവർന്നെടുക്കുന്നു.23:14 മൂ.ഭാ. ചൂഷണംചെയ്ത് വിധവകളുടെ വീടുകളെ വിഴുങ്ങുന്നു. എന്നാൽ, മറ്റുള്ളവരെ കേൾപ്പിക്കേണ്ടതിന് ദീർഘമായി പ്രാർഥിക്കുന്നു. മറ്റുള്ളവർക്കു ലഭിക്കുന്നതിലും അതിഭീകരമായ ശിക്ഷ നിങ്ങൾക്കു ലഭിക്കും.23:14 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ഒരാളെ മതപരിവർത്തനം ചെയ്യാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. ആ വ്യക്തി നിങ്ങളോടൊപ്പം ചേർന്നാലോ; നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന നരകശിക്ഷയുടെ ഇരട്ടിക്ക് അവരെ അർഹരാക്കുന്നു.
“അന്ധന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ‘ഒരാൾ ദൈവാലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ദൈവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അയാൾ തന്റെ ശപഥം നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും,’ നിങ്ങൾ പറയുന്നു. അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ? ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു. ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ? അതിനാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്ന വ്യക്തി യാഗപീഠത്തെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി ആണയിടുന്നു. ദൈവാലയത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവാലയത്തെയും അതിൽ നിവസിക്കുന്ന ദൈവത്തെയുംചൊല്ലി ആണയിടുന്നു. സ്വർഗത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവസിംഹാസനത്തെയും അതിന്മേൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയുംകൊണ്ടാണ് ആണയിടുന്നത്.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു!23:24 കീടവും ഒട്ടകവും യെഹൂദന് അനുവദനീയമല്ലാത്ത ഭക്ഷണമാണ്.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ അകമോ അത്യാർത്തിയും സ്വാർഥതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വെള്ളപൂശി അലങ്കരിച്ച ശവക്കല്ലറകൾപോലെയാണ് നിങ്ങൾ. പുറമേ കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതെങ്കിലും അകമേ, അവ മരിച്ചവരുടെ അസ്ഥികളാലും സകലവിധ മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. അതുപോലെതന്നെ, നിങ്ങളും ജനമധ്യേ നീതിനിഷ്ഠരായി കാണപ്പെടുന്നു. പക്ഷേ, ഉള്ളിലോ കപടഭക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു. ‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു. ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു. നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക.
“സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? നിങ്ങളുടെ അടുത്തേക്കു പ്രവാചകന്മാരെയും വിജ്ഞാനികളെയും വേദജ്ഞരെയും ഞാൻ അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ ക്രൂശിൽ തറച്ചു കൊല്ലുകയും മറ്റുചിലരെ നിങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അങ്ങനെ, നീതിനിഷ്ഠനായ ഹാബേലിന്റെ രക്തംമുതൽ ദൈവാലയത്തിനും യാഗപീഠത്തിനും മധ്യേവെച്ച് ബേരെഖ്യാവിന്റെ മകൻ സെഖര്യാവിനെ കൊന്ന് നിങ്ങൾ ചിന്തിയ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള സകലനീതിനിഷ്ഠരുടെ രക്തത്തിന്റെയും ഉത്തരവാദികൾ നിങ്ങൾ ആയിരിക്കും.23:35 മൂ.ഭാ. നിങ്ങളുടെമേൽ ഇവയെല്ലാം ഈ തലമുറമേൽ നിശ്ചയമായും വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല. ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’23:39 [സങ്കീ. 118:26] എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
യുഗാവസാനലക്ഷണങ്ങൾ
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു.
അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
“മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും. അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും. വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ24:14 മൂ.ഭാ. ഒരു സാക്ഷ്യമായി ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
“ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’24:15 [ദാനി. 9:27]; [11:13]; [12:11] വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ— യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്. വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം! നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
“ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും. അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
“അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.24:28 ഈ വാക്യത്തിന്റെ രണ്ടാംപകുതി മൂ.ഭാ. ഇല്ല.
“ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ,
“ ‘സൂര്യൻ അന്ധകാരമയമാകും,
ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;
ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’24:29 [യെശ. 13:10]; [34:4]
“അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.24:30 [ദാനി. 7:13-14] കാണുക. മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.
“അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ. അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ24:34 അഥവാ, ജനത അവസാനിക്കുകയില്ല, നിശ്ചയം. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
ദിവസവും മണിക്കൂറും അറിയുന്നില്ല
“ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ24:36 ചി.കൈ.പ്ര. പുത്രൻപോലുമോ എന്ന ഭാഗം ഇല്ല. അറിയുന്നില്ല. നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു. പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും. അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.
“അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.
“ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
പത്തു കന്യകമാരുടെ സാദൃശ്യകഥ
“മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം. അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു. ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല. എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.
“അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.
“കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി. ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.
“ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.
“അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
“പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.
“എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.
“ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!
താലന്തുകളുടെ സാദൃശ്യകഥ
“ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്,25:15 ഒരു താലന്ത്: ഒരു ദിവസവേതനക്കാരന്റെ 20 വർഷത്തെ കൂലിക്കു തുല്യം. മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.
“ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
“യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’
“രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
“യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.
“പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.
“അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?
“ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’
അന്ത്യന്യായവിധി
“മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
“പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
“അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
“അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
“തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
“അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
“അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
“പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”
യേശുവിനെതിരേ ഗൂഢാലോചന
ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്, “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക്26:2 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ; അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു.
ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി; യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി. “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.
യേശുവിന്റെ തൈലാഭിഷേകം
യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.
ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്? ഈ സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു ചോദിച്ചു.
യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ. ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ;26:11 [ആവ. 15:11] കാണുക. ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല. അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു. ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു യൂദാ സമ്മതിക്കുന്നു
അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്, “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
അന്ത്യ അത്താഴം
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ26:17 യെഹൂദന്മാരുടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണിത്. ഈ ഏഴുദിവസവും അവർ പുളിപ്പിക്കാതെ ചുട്ട അപ്പംമാത്രം ഭക്ഷിക്കുന്നു. ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു. യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു. അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.
ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു.
“നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.
അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.26:28 പഴയനിയമകാലത്ത് ഉടമ്പടികൾ സ്ഥിരപ്പെടുത്തിയിരുന്നത് മൃഗത്തെ അറത്ത് അതിന്റെ രക്തം ചൊരിയുന്നതിലൂടെ ആയിരുന്നു. [ഉൽ. 15] കാണുക. എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
പത്രോസിന്റെ തിരസ്കരണം യേശു പ്രവചിക്കുന്നു
പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും.
“ ‘ഞാൻ ഇടയനെ വെട്ടും;
ആട്ടിൻപറ്റം ചിതറിപ്പോകും,’26:31 [സെഖ. 13:7]
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ. എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു.
അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു.
“ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.
ഗെത്ത്ശേമന
യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. “ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു, അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക,” എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്, പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി. അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.
പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, “ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലേ?” എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”
യേശു രണ്ടാമതും പോയി, “എന്റെ പിതാവേ, ഞാൻ പാനം ചെയ്യാതെ ഈ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ ഇഷ്ടംതന്നെ നിറവേറട്ടെ” എന്നു പ്രാർഥിച്ചു.
അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്, വീണ്ടും അവരെ വിട്ടുപോയി, മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു.
പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു. എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.
യേശുവിനെ അറസ്റ്റുചെയ്യുന്നു
യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക”26:50 അഥവാ, സ്നേഹിതാ, നീ വന്നതെന്തിന്? എന്നു പ്രതിവചിച്ചു.
ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും. എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന്26:53 മൂ.ഭാ. പന്ത്രണ്ട് ലെഗ്യോനിലധികം. ആറായിരത്തോളം പട്ടാളക്കാർ അടങ്ങുന്ന ഒരു ട്രൂപ്പാണ് ഒരു ലെഗ്യോൻ. ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു.
അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
യേശു യെഹൂദരുടെ കോടതിയിൽ
യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു. അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.
പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി26:59 മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്. മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു. കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല.
അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്, “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.
അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു. യേശുവോ നിശ്ശബ്ദനായിരുന്നു.
മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും”26:64 [സങ്കീ. 110:1]; [ദാനി. 7:13] എന്നു പറഞ്ഞു.
ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്നു ചോദിച്ചു.
“അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു.
അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്, “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നു പറഞ്ഞു.
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു.
എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു.
പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു.
അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു.
അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി.
ഉടനെ കോഴി കൂവി. അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
യൂദായുടെ അന്ത്യം
അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്, അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.
യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു.
“അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.
യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.
പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്, ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു. അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു. “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്, കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു”27:10 [സെഖ. 11:12],[13]; [യിര. 19:1-13]; [32:6-9] കാണുക. എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി.
യേശു പീലാത്തോസിന്റെ മുമ്പിൽ
ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.
അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.
പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല. അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.
പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു. ആ വർഷം അവിടെ ബറബ്ബാസ്27:16 ചി.കൈ.പ്ര. യേശുബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു. ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു. അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു.
പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”
എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു.
“ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു.
“ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.
“അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു.
“അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു.
“എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു.
എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി.
“അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു.
അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
സൈനികർ യേശുവിനെ പരിഹസിക്കുന്നു
ഉടനെതന്നെ പീലാത്തോസിന്റെ സൈനികർ യേശുവിനെ അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി; തങ്ങളുടെ സഹസൈനികരെയെല്ലാം അദ്ദേഹത്തിനുമുമ്പിൽ വിളിച്ചുവരുത്തി. അവർ അദ്ദേഹത്തിന്റെ പുറങ്കുപ്പായം വലിച്ചൂരിയശേഷം ഒരു ചെമന്ന പുറങ്കുപ്പായം ധരിപ്പിച്ചു. ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകൈയിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു. ഇങ്ങനെ, അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
ക്രൂശീകരണം
അവർ പോകുമ്പോൾ കുറേനഗ്രാമവാസിയായ27:32 ആഫ്രിക്കയുടെ വടക്കൻതീരത്തുള്ള ഒരു ഗ്രാമം. ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു. “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിച്ചുവരുന്ന സ്ഥലത്ത് അവർ എത്തി. അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്‌പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല. അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. അവിടെ അവർ അദ്ദേഹത്തിനു കാവലിരുന്നു.
യെഹൂദരുടെ രാജാവായ യേശുവാണ് ഇവൻ,
എന്ന് അദ്ദേഹത്തിന്റെമേൽ ചുമത്തപ്പെട്ട കുറ്റം എഴുതി അവർ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചു.
അദ്ദേഹത്തോടൊപ്പം രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി, ക്രൂശിച്ചു. ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവാ!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു. അങ്ങനെതന്നെ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും ഇതേവിധത്തിൽത്തന്നെ അദ്ദേഹത്തെ പരിഹസിച്ചു. അവർ പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ, തന്നെത്താൻ രക്ഷിക്കാനുള്ള കഴിവില്ല താനും! ഇവനാണോ ഇസ്രായേലിന്റെ രാജാവ്! ഇവൻ ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ, എങ്കിൽ ഇവനിൽ ഞങ്ങൾ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
യേശുവിന്റെ മരണം
ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ27:45 മൂ.ഭാ. ഉച്ചയ്ക്ക് ആറാംമണിമുതൽ ഒൻപതാംമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ഏകദേശം മൂന്നുമണിക്ക് യേശു, “ഏലീ, ഏലീ, ലമ്മാ ശബക്താനി?” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?”27:46 [സങ്കീ. 22:1] എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു.
ഉടനെതന്നെ അവരിൽ ഒരാൾ ഓടിച്ചെന്ന് ഒരു സ്പോഞ്ച് എടുത്തു. അയാൾ അതിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തു. എന്നാൽ മറ്റുള്ളവർ, “നിൽക്കൂ, ഏലിയാവ് അയാളെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം.” എന്നു പറഞ്ഞു.
യേശു വീണ്ടും അത്യുച്ചത്തിൽ നിലവിളിച്ച് തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.
ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു, ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു. അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്തുവരികയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയും ചെയ്തു.
യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു.
യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു.
യേശുവിന്റെ ശവസംസ്കാരം
സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി. അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു.
കല്ലറയിലെ കാവൽക്കാർ
ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്നു പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്നപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയും ചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയും ചെയ്യും.”
അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.
ഉയിർത്തെഴുന്നേൽപ്പ്
ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ28:1 സൂര്യാസ്തമയസമയത്താണ് യെഹൂദരുടെ ദിവസം ആരംഭിക്കുന്നത്. മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.
അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു. ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു. കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.
ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക. നിങ്ങൾ പെട്ടെന്നുതന്നെ ചെന്ന്, ‘യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും’ എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറിയിക്കുക. ഇതാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്” എന്നു പറഞ്ഞു.
സ്ത്രീകൾ ഭയപരവശരായിരുന്നെങ്കിലും ദൂതൻ അറിയിച്ച വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ അത്യധികം ആനന്ദത്തോടുകൂടി കല്ലറയുടെ അടുത്തുനിന്ന് വേഗം ഓടിപ്പോയി. അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു. അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകാൻ പറയുക. അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.
കാവൽക്കാരുടെ അറിയിപ്പ്
ആ സ്ത്രീകൾ മടങ്ങിപ്പോകുന്നതിനിടയിൽ, സൈനികരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പുരോഹിതമുഖ്യന്മാരെ അറിയിച്ചു. പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്, അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം, ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു. അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.
ശിഷ്യന്മാർക്കുള്ള മഹാനിയോഗം
ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്നു കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു. യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു. യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.