- Biblica® Open Malayalam Contemporary Version 2020
മലാഖി
മലാഖിയുടെ പ്രവചനം
മലാഖി
മലാ.
മലാഖിയുടെ പ്രവചനം
ഒരു പ്രവചനം: മലാഖി1:1 എന്റെ സന്ദേശവാഹകൻ എന്നർഥം. പ്രവാചകനിലൂടെ ഇസ്രായേലിനു യഹോവ നൽകിയ അരുളപ്പാട്.
ഇസ്രായേലിനോടുള്ള യഹോവയുടെ സ്നേഹം
“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“എന്നാൽ നിങ്ങൾ ചോദിക്കുന്നു, ‘എങ്ങനെയാണ് അവിടന്നു ഞങ്ങളെ സ്നേഹിച്ചത്?’ ”
യഹോവ ഉത്തരമരുളി: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നല്ലോ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.”
“ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു.
എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും. സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്, ‘യഹോവ വലിയവൻ, ഇസ്രായേലിന്റെ അതിരിനും അപ്പുറത്തോളംതന്നെ!’ എന്നു നിങ്ങൾ പറയും.
അശുദ്ധമായ യാഗങ്ങളിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു
“പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
“എന്റെ നാമത്തോട് ആദരവുപുലർത്താത്ത പുരോഹിതന്മാരേ, നിങ്ങൾ എന്നോടു ചോദിക്കുന്നു, ‘എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ നാമം മലിനമാക്കിയത്?’
“നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു.
“എന്നാൽ നിങ്ങൾ ചോദിക്കുന്നു: ‘ഏതിനാൽ ഞങ്ങൾ അങ്ങയെ മലിനമാക്കി?’
“യഹോവയുടെ മേശ ആദരവ് അർഹിക്കാത്തത് എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ. നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
“ആകയാൽ ദൈവം നമ്മോടു കരുണ കാണിക്കത്തക്കവിധം അവിടത്തെ പ്രസാദിപ്പിച്ചുകൊൾവിൻ. ഇത്തരം യാഗം അർപ്പിച്ചാൽ അവിടന്ന് നിന്നോടു പ്രീതി കാണിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
“നിങ്ങൾ എന്റെ യാഗപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിലൊരുവൻ വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ ഒരു വഴിപാടും സ്വീകരിക്കുകയുമില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമായിരിക്കും. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും നിർമലമായ വഴിപാടും അർപ്പിക്കപ്പെടുന്നു. കാരണം എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമാണ്,” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ ‘കർത്താവിന്റെ മേശയെക്കുറിച്ച്, അത് നിന്ദ്യം,’ എന്നും ‘അതിലെ ഭോജ്യത്തെ മലിനം,’ എന്നും നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ എന്റെ നാമം അശുദ്ധമാക്കുന്നു. ‘എന്തൊരു മടുപ്പ്,’ എന്നു പറഞ്ഞ് അതിനെതിരേ ചീറിയടുക്കുകയും ചെയ്യുന്നു. എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“മുറിവേറ്റവയും മുടന്തുള്ളവയും രോഗം ബാധിച്ചവയുമായ മൃഗങ്ങളെ നിങ്ങൾ കൊണ്ടുവന്ന് യാഗമർപ്പിക്കുമ്പോൾ നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ അതു സ്വീകരിക്കണമോ,” എന്ന് യഹോവ ചോദിക്കുന്നു. “തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
പുരോഹിതൻമാർക്കുള്ള ആജ്ഞ
“ഇപ്പോൾ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടാകുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കാതെയും എന്റെ നാമത്തിനുതക്ക മഹത്ത്വം നൽകാൻ മനസ്സുവെക്കാതെയുമിരുന്നാൽ, നിങ്ങളുടെമേൽ ശാപം അയച്ചു നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപം ആക്കും.” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, അതേ, നിങ്ങൾ എന്നെ മഹത്ത്വപ്പെടുത്താൻ മനസ്സുവെക്കാതെ ഇരിക്കുന്നതിനാൽ ഞാൻ ഇപ്പോൾത്തന്നെ ശപിച്ചുമിരിക്കുന്നു.
“നിങ്ങൾനിമിത്തം ഞാൻ നിങ്ങളുടെ സന്തതികളെ ശാസിക്കും; നിങ്ങളുടെ ഉത്സവബലികളിലെ ചാണകംതന്നെ നിങ്ങളുടെ മുഖത്തു ഞാൻ വിതറും, നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകുകയും ചെയ്യും. ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിൽക്കേണ്ടതിനാണ് ഈ ആജ്ഞ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങൾ അറിയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു. സത്യമായ ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരുതെറ്റും കണ്ടെത്തിയില്ല. സമാധാനത്തിലും പരമാർഥതയിലും അവൻ എന്നോടൊപ്പം നടന്നു. പലരെയും പാപത്തിൽനിന്നു പിന്തിരിപ്പിച്ചു.
“പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകുകയാൽ അദ്ദേഹം തന്റെ അധരത്തിൽ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് ജനം പ്രബോധനം നേടുന്നു. എന്നാൽ നിങ്ങൾ വഴിതെറ്റി, നിങ്ങളുടെ ഉപദേശങ്ങൾ അനേകർക്ക് ഇടർച്ചയായിത്തീർന്നിരിക്കുന്നു; നിങ്ങൾ ലേവിയുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്ന്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ നിങ്ങൾ എന്റെ നിർദേശങ്ങൾ വിട്ടുമാറി ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാൻ നിങ്ങളെ സകലജനത്തിന്റെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരുമാക്കിയിരിക്കുന്നു.”
വിവാഹമോചനത്തിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു
നമുക്കെല്ലാവർക്കും ഒരു പിതാവല്ലേ ഉള്ളത്? ഒരു ദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? നാം പരസ്പരം അവിശ്വസ്തരായിരിക്കുന്നതിലൂടെ എന്തിനു നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയെ അശുദ്ധമാക്കുന്നു?
യെഹൂദാ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ജെറുശലേമിലും ഇസ്രായേലിലും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു. ഒരു അന്യദേവന്റെ മകളെ വിവാഹംചെയ്തതിലൂടെ യഹോവയ്ക്കു പ്രിയപ്പെട്ട അവിടത്തെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ, അയാൾ ആരായിരുന്നാലും, യഹോവയ്ക്ക് യാഗമർപ്പിക്കുന്ന വ്യക്തി ആയിരുന്നാൽപോലും, സൈന്യങ്ങളുടെ യഹോവ അയാളെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് ഛേദിച്ചുകളയും.
നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല. “അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു.
ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ.2:15 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.
ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു”2:16 അഥവാ, അരുളിച്ചെയ്യുന്നു: “ഭാര്യയെ വെറുത്ത് അവളെ ഉപേക്ഷിക്കുന്ന പുരുഷൻ, അവൻ സംരക്ഷിക്കേണ്ട ആളിനെതിരേ അക്രമം ചെയ്യുന്നു.” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.
അനീതിയിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു
നിങ്ങളുടെ വാക്കുകൾകൊണ്ടു നിങ്ങൾ യഹോവയെ മുഷിപ്പിക്കുന്നു.
എന്നാൽ നിങ്ങൾ, “ഞങ്ങൾ എങ്ങനെയാണ് അവിടത്തെ മുഷിപ്പിക്കുന്നത്?” എന്നു ചോദിക്കുന്നു.
“ദോഷം പ്രവർത്തിക്കുന്ന ഏവരും യഹോവയുടെമുമ്പിൽ നല്ലവരാണ്, അവിടന്ന് അവരിൽ പ്രസാദിക്കുന്നു,” അല്ലെങ്കിൽ “നീതിയുടെ ദൈവം എവിടെ?” എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.
“ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
എന്നാൽ അവിടത്തെ വരവിന്റെ ദിവസത്തെ ആർക്ക് അതിജീവിക്കാൻ കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും? കാരണം അവിടന്ന് ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയും ആയിരിക്കും. വെള്ളി ഉലയിൽ ശുദ്ധിവരുത്തുന്നവനെപ്പോലെ അവിടന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും, സ്വർണംപോലെയും വെള്ളിപോലെയും അവിടന്ന് അവരെ നിർമലീകരിക്കും. അങ്ങനെ അവർ ഒരിക്കൽക്കൂടി യഹോവയ്ക്ക് നീതിയിൽ യാഗങ്ങൾ അർപ്പിക്കുന്നവരായിത്തീരും. അപ്പോൾ യെഹൂദയുടെയും ജെറുശലേമിന്റെയും വഴിപാട് പുരാതനകാലത്തു കഴിഞ്ഞുപോയ ദിവസങ്ങൾപോലെ യഹോവയ്ക്കു പ്രസാദകരമാകും.
“ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ദശാംശം പിടിച്ചുവെക്കുന്നതിലൂടെ ഉടമ്പടി ലംഘിക്കുന്നു
“യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു. നിങ്ങളുടെ പൂർവികരുടെ കാലംമുതൽ എന്റെ ഉത്തരവുകളിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു; അവയെ പ്രമാണിച്ചതുമില്ല. എന്റെ അടുക്കലേക്ക് മടങ്ങിവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ ‘എന്നാൽ ഞങ്ങൾ എങ്ങനെയാണ് മടങ്ങിവരേണ്ടത്?’ എന്നു നിങ്ങൾ ചോദിക്കുന്നു.
“മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു.
“എന്നാൽ നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നത്?
“ദശാംശങ്ങളിലും വഴിപാടുകളിലുംതന്നെ. നിങ്ങൾ മുഴുവൻ ജനതയും എന്നെ കൊള്ളയിടുന്നതുകൊണ്ട് ശാപഗ്രസ്തരാണ്. എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ വിളകളെ നശിപ്പിക്കാതവണ്ണം ഞാൻ കീടങ്ങളെ തടയും. നിങ്ങളുടെ മുന്തിരിത്തോപ്പുകളിൽനിന്ന് ഫലം ലഭിക്കാതെ പോകുകയുമില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ മനോഹരമായ ഒരു ദേശം ആയിത്തീർന്നിരിക്കുകയാൽ സകലജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ഇസ്രായേൽ യഹോവയോടു പരുഷമായി സംസാരിക്കുന്നു
“നിങ്ങൾ എനിക്കെതിരേ മോശമായ കാര്യങ്ങൾ സംസാരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“എന്നിട്ടും നിങ്ങൾ, ‘എന്താണ് ഞങ്ങൾ അങ്ങേക്കെതിരേ പറഞ്ഞത്?’ എന്നു ചോദിക്കുന്നു.
“ ‘ദൈവത്തെ സേവിക്കുന്നത് വ്യർഥമാണ്. സൈന്യങ്ങളുടെ യഹോവയുടെ കാര്യം അന്വേഷിച്ച്, അവിടത്തെ മുമ്പാകെ ദുഃഖാചരണം നടത്തുന്നവരെപ്പോലെ നടക്കുന്നതുകൊണ്ട് എന്തു പ്രയോജനം?’ എന്നു നിങ്ങൾ പറഞ്ഞു. ‘എന്നാൽ ഇപ്പോൾ അഹങ്കാരികളെ ഞങ്ങൾ അനുഗൃഹീതർ എന്നു വിളിക്കുന്നു. ദുഷ്കർമികൾ അഭിവൃദ്ധിപ്രാപിക്കുന്നു; മാത്രമല്ല, അവർ ദൈവത്തെ വെല്ലുവിളിച്ചാലും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു,’ എന്നു നിങ്ങൾ പറയുന്നു.”
വിശ്വസ്തരായ ഒരു ശേഷിപ്പ്
എന്നാൽ, യഹോവാഭക്തർ പരസ്പരം സംസാരിച്ചു, യഹോവ ശ്രദ്ധയോടെ കേട്ടു. യഹോവയെ ഭയപ്പെടുന്നവർക്കും അവിടത്തെ നാമം ബഹുമാനിക്കുന്നവർക്കുംവേണ്ടി അവിടത്തെ സന്നിധിയിൽ ഒരു സ്മരണയുടെ ചുരുൾ എഴുതിവെച്ചിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഉണ്ടാക്കാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും. പിതാവ് തനിക്കു ശുശ്രൂഷചെയ്യുന്ന പുത്രനെ കരുണയോടെ സംരക്ഷിക്കുന്നതുപോലെ ഞാൻ അവരെ സംരക്ഷിക്കും. അപ്പോൾ നീതിനിഷ്ഠരും ദുഷ്ടരും തമ്മിലും ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുമുള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.
ന്യായവിധിയും ഉടമ്പടിയും പുതുക്കുന്നു
“സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും. എന്നാൽ എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ തന്റെ ചിറകിൽ രോഗശാന്തിയുമായി ഉദിക്കും. നിങ്ങൾ തൊഴുത്തിൽനിന്ന് വരുന്ന കാളക്കിടാക്കളെപ്പോലെ തുള്ളിച്ചാടി പുറപ്പെട്ടുവരും. ഞാൻ പ്രവർത്തിക്കാനിരിക്കുന്ന ആ ദിവസത്തിൽ ദുഷ്ടരെ നിങ്ങൾ ചവിട്ടിമെതിക്കും. അവർ നിങ്ങളുടെ കാൽച്ചുവട്ടിൽ ചാരം ആയിരിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ഹോരേബിൽവെച്ച് എല്ലാ ഇസ്രായേലിനുംവേണ്ടി ഞാൻ എന്റെ ദാസനായ മോശയ്ക്കു നൽകിയ ന്യായപ്രമാണവും ഉത്തരവുകളും നിയമങ്ങളും ഓർത്തുകൊള്ളുക.
“യഹോവയുടെ മഹത്തും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പ്, ഞാൻ നിങ്ങൾക്കായി ഏലിയാപ്രവാചകനെ അയയ്ക്കും. അദ്ദേഹം വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന്, അവൻ പിതാക്കൻമാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം പിതാക്കന്മാരോടും അനുരഞ്ജിപ്പിക്കും.”