- Biblica® Open Malayalam Contemporary Version 2020 ലൂക്കോസ് ലൂക്കോസ് എഴുതിയ സുവിശേഷം ലൂക്കോസ് ലൂക്കോ. ലൂക്കോസ് എഴുതിയ സുവിശേഷം ആമുഖം ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്. ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു. അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും. യോഹന്നാൻസ്നാപകന്റെ ജനനം പ്രവചിക്കപ്പെടുന്നു യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു. അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു. ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ, കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി. ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി. ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം. അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും. കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.1:15 മൂ.ഭാ. അവൻ പരിശുദ്ധാത്മാവിനാൽ നിറയും. ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.” സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു. അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന1:19 മൂ.ഭാ. നിൽക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു. നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു. ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു. പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി. ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു. “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ, ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു. എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു. അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി. മറിയ എലിസബത്തിനെ സന്ദർശിക്കുന്നു ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു. മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ! എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ? നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!” മറിയയുടെ കീർത്തനം ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു; എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും. സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം. അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും. തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു. അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു. വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും; അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി. യോഹന്നാൻസ്നാപകന്റെ ജനനം പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി. കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു. എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം1:59 അതായത്, സുന്നത്ത് ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു. എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു. വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു. അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു. സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു. പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി. കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു. സെഖര്യാവിന്റെ ഗാനം യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു. ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.1:70 മൂ.ഭാ. രക്ഷയുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. കൊമ്പ് ഇവിടെ ശക്തനായ ഒരു രാജാവിന്റെ പ്രതീകമാണ്. ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്! “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും. അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.” ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ1:80 മൂ.ഭാ. ശക്തിപ്പെട്ടു: ഇസ്രായേലിനു തന്നെ വെളിപ്പെടുത്തുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു. യേശുവിന്റെ ജനനം ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു. —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്— അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു. തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്. അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല. അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.” ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി. എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു. യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നു മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള2:22 ലേവ്യ. 12:1-8 ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,”2:23 പുറ. 13:2,12 എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്. അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ2:25 യെഹൂദർ പ്രതീക്ഷിച്ചുകൊണ്ടിരുന്ന വിമോചകൻ. വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു. ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു. അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും. അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നു! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.” ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു. പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു. ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹംകഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു.2:37 അഥവാ, എൺപത്തിനാലു വർഷം വിധവയുമായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു. ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നതെല്ലാം നിർവഹിച്ചശേഷം യോസേഫും മറിയയും ഗലീലാപ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു. ബാലനായ യേശു ദൈവാലയത്തിൽ അവന്റെ മാതാപിതാക്കൾ വർഷംതോറും2:41 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല. യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി. കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി. മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു. യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉത്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്നറിയാമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയില്ലേ?”2:49 അഥവാ, എന്റെ പിതാവിന്റെ കാര്യങ്ങളിൽ ഞാൻ വ്യാപൃതനാകേണ്ടതല്ലേ? എന്നു പ്രതിവചിച്ചു. യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല. അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു. യോഹന്നാൻസ്നാപകൻ വഴി ഒരുക്കുന്നു റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു.3:1 മൂ.ഭാ. ടെട്രാക്ക്, അതായത്, നാലിൽ ഒരുഭാഗത്തിന്റെ ഭരണാധികാരി; ഇവർ ഹെരോദാരാജാവിന്റെ മക്കൾ, എന്നാൽ ഇപ്പോൾ റോമാ ചക്രവർത്തിയുടെ ആധിപത്യത്തിനുകീഴിൽ ഭരണം നിർവഹിക്കുന്നു. ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരുന്ന ഈ സമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു:3:3 മൂ.ഭാ. ചെന്ന്, പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക! എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും. എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ. തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ!3:7 അതായത്, വഴി തെറ്റിക്കുന്നവരേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്? മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.” അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു. നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു. “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു. അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു. തങ്ങൾ ഉൽക്കടവാഞ്ഛയോടെ കാത്തിരുന്ന ക്രിസ്തു ഈ യോഹന്നാൻതന്നെ ആയിരിക്കുകയില്ലേ? എന്ന് ജനം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു. എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു. അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി. യേശുവിന്റെ സ്നാനവും വംശാവലിയും ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി. യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്, ഹേലിയുടെ മകനായിരുന്നു, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ശെമയിയുടെ മകൻ, ശെമയി യോസെക്കിന്റെ മകൻ, യോസെക്ക് യോദായുടെ മകൻ, യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരൂബ്ബാബേലിന്റെ മകൻ, സെരൂബ്ബാബേൽ ശലഥിയേലിന്റെ മകൻ, ശലഥിയേൽ നേരിയുടെ മകൻ, നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എൽമാദാമിന്റെ മകൻ, എൽമാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി ശിമയോന്റെ മകൻ, ശിമയോൻ യെഹൂദയുടെ മകൻ, യെഹൂദ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ, എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ, ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സൽമോന്റെ മകൻ, സൽമോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ, യെഹൂദ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ, തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശേലാമിന്റെ മകൻ, ശേലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമെക്കിന്റെ മകൻ, ലാമെക്ക് മെഥൂശെലായുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ ഏനോശിന്റെ മകൻ, ഏനോശ് ശേത്തിന്റ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ. യേശുവിനുണ്ടായ പരീക്ഷകൾ പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം നാൽപ്പതുദിവസം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു.4:2 അതായത്, പരീക്ഷിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അദ്ദേഹം ഒന്നും ഭക്ഷിച്ചിരുന്നില്ല, നാൽപ്പതുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. അപ്പോൾ പിശാച് യേശുവിനോട്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു. അപ്പോൾ യേശു അവനോട്, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’4:4 ആവ. 8:3 എന്ന് എഴുതിയിരിക്കുന്നു”4:4 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. എന്ന് ഉത്തരം പറഞ്ഞു. തുടർന്ന് പിശാച് യേശുവിനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അദ്ദേഹത്തെ കാണിച്ചിട്ട്, “ഈ രാജ്യങ്ങളുടെയെല്ലാം ആധിപത്യവും ഇവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; ഇവയെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളവന് ഞാൻ ഇതു കൊടുക്കുകയുംചെയ്യുന്നു. നീ എന്റെമുമ്പിൽ ഒന്നു വീണുവണങ്ങുമെങ്കിൽ ഇതെല്ലാം നിനക്കുള്ളതായിത്തീരും” എന്ന് പിശാച് യേശുവിനോട് പറഞ്ഞു. അപ്പോൾ യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’4:8 ആവ. 6:13 എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക. “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും; അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’4:11 സങ്കീ. 91:11,12 എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’4:12 ആവ. 6:16 എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി. യേശു നസറെത്തിൽ തിരസ്കരിക്കപ്പെടുന്നു യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു. അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ4:16 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു. “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം4:18 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അന്ധർക്കു കാഴ്ചയും മർദിതർക്കു മോചനവും നൽകാനും, കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,4:19 യെശ. 61:1,2 എന്നെ അയച്ചിരിക്കുന്നു.” പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു. എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു. യേശു അവരോട്, “ ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു. അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം. എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്. അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം4:27 മൂ.ഭാ. വിവിധയിനം ത്വഗ്രോഗങ്ങളെ സൂചിപ്പിക്കുന്നു. ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.”4:27 2 രാജാ. 5:1-24 ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു;4:28 സരെപ്തയിലെ വിധവയും നയമാനും ഇസ്രായേല്യരല്ലായിരുന്നു; ഇസ്രായേല്യരെ ഒഴിവാക്കി ദൈവം അവർക്ക് അനുഗ്രഹം നൽകി എന്നത് അവർക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി. യേശു ഒരു ദുരാത്മാവിനെ പുറത്താക്കുന്നു പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു. അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ, “നസറായനായ4:34 മത്താ. 2:23 യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി. ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!” യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു അനേകരെ സൗഖ്യമാക്കുന്നു യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു. അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി. സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി. അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി.4:41 യേശു ദൈവപുത്രനെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, യേശുക്രിസ്തുവിന്റെ ശുശ്രൂഷകളുടെ സമയക്രമത്തിൽ ആ യാഥാർഥ്യം പരസ്യമാക്കുന്നതിനുള്ള സമയം അപ്പോൾ ആയിട്ടില്ലാഞ്ഞതിനാലാണ് സംസാരിക്കാൻ ഭൂതങ്ങളെ അനുവദിക്കാതിരുന്നത്. പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ4:44 ചി.കൈ.പ്ര. ഗലീല പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു. ആദ്യശിഷ്യന്മാരെ വിളിക്കുന്നു ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു5:1 അതായത്, ഗലീലാതടാകതീരത്ത് നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു. യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു. അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി. അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു. ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു. ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു; സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും”5:10 മനുഷ്യരെ പിടിക്കുന്നവനാകും, വിവക്ഷിക്കുന്നത് സുവിശേഷം അറിയിച്ച് മനുഷ്യരെ എന്റെ അനുഗാമികളാക്കുന്നവരാക്കും. എന്നു പറഞ്ഞു. അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു. അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക”5:14 ലേവ്യ. 14:2-32 കാണുക. എന്നു കൽപ്പിച്ചു. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു. എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു. യേശു ഒരു പക്ഷാഘാതരോഗിയെ സൗഖ്യമാക്കുന്നു ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു. ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി. അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം? എന്നാൽ, മനുഷ്യപുത്രനു5:24 യേശു തന്നെക്കുറിച്ചാണ് ഈ പദത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. ലേവിയെ വിളിക്കുന്നു ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു. പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു. യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു. യേശുവിനോട് ഉപവാസത്തെപ്പറ്റി ചോദിക്കുന്നു പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു. അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ? എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു. തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.” ശബ്ബത്തിന്റെ കർത്താവ് ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി. അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു. അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു. മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു. തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?” അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു. എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു. പന്ത്രണ്ട് അപ്പൊസ്തലന്മാർ അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു. പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്: പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന6:15 റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. കനാന്യർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. മർ. 3:18; മത്താ. 10:4 കാണുക. ശിമോൻ, യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ. അനുഗ്രഹങ്ങളും ശാപങ്ങളും യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു. ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും. നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ. “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്. “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു. ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും. എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ. ശത്രുക്കളോടുള്ള സ്നേഹം “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്. മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക. “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക. ന്യായവിധി നടത്തരുത് “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.” തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ? ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും. “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും. വൃക്ഷവും അതിന്റെ ഫലവും “വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല. ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല. നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. വീടുപണിയുന്ന വിവേകിയും മൂഢനും “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല. എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.” ശതാധിപന്റെ വിശ്വാസം അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി. അവിടെ ഒരു ശതാധിപനു7:2 അതായത്, നൂറുപേരടങ്ങുന്ന സൈന്യത്തിന്റെ അധിപൻ. വളരെ വിലപ്പെട്ട ഒരു സേവകൻ രോഗംബാധിച്ച് മരണാസന്നനായിരുന്നു. യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇതു ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ; കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.” അപ്പോൾ യേശു അവരോടുകൂടെ പോയി. അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽ ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു.” ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്നു പറഞ്ഞു. ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു. യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു. യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി. ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു. യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു. യേശുവും യോഹന്നാൻസ്നാപകനും ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു. അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു. പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.7:22 യെശ. 35:5-6; 61:1 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു. യോഹന്നാന്റെ സന്ദേശവാഹകർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ? അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, അമൂല്യ വസ്ത്രങ്ങൾ ധരിക്കുകയും ആഡംബരത്തിൽ മുഴുകുകയുംചെയ്യുന്നവർ കൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്? പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു. “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും,’7:27 മലാ. 3:1 എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ജനങ്ങൾ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. അതിനാൽ അവർ യേശുവിന്റെ വചസ്സുകൾ കേട്ടപ്പോൾ ദൈവത്തിന്റെ വഴി നീതിയുള്ളതെന്ന് അംഗീകരിച്ചു. നികുതിപിരിവുകാർപോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, യോഹന്നാനാൽ സ്നാനം സ്വീകരിക്കാതിരുന്ന പരീശന്മാരും നിയമജ്ഞരും തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന തിരസ്കരിച്ചു. അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? അവർ എന്തിനോടു സദൃശർ? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞു പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു”7:35 മൂ.ഭാ. ജ്ഞാനം തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെടുന്നു. എന്നു പറയുന്നു. ഒരു പാപിനി യേശുവിന് പാദാഭിഷേകം ചെയ്യുന്നു പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു. ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്— അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു. യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു. യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞു. “ഗുരോ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു. “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ്7:41 ഒരു ദിനാർ ഒരു ദിവസത്തെ വേതനമാണ്. തിരികെ കൊടുക്കേണ്ടിയിരുന്നത്. തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?” “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു. “ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു. പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു.7:46 പാദങ്ങൾ കഴുകാൻ വെള്ളം നൽകി, അതിഥിയെ ചുബിച്ച്, തലയിൽ സുഗന്ധലേപനംചെയ്തു സ്വീകരിക്കുക എന്നത് യെഹൂദ ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു. ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.” പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി. യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം7:50 നിന്റെ വിശ്വാസം, വിവക്ഷിക്കുന്നത് നീ എന്നിൽ അർപ്പിച്ച വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. വിതയ്ക്കുന്നവന്റെ സാദൃശ്യകഥ ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു. പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’8:10 യെശ. 6:9 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം. വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു. നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു. തണ്ടിന്മേലുള്ള വിളക്ക് “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.” യേശുവിന്റെ അമ്മയും സഹോദരന്മാരും യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു. യേശു കൊടുങ്കാറ്റ് ശാന്തമാക്കുന്നു ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു. ഒരു ഭൂതബാധിതനെ സൗഖ്യമാക്കുന്നു അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത്8:26 ചി.കൈ.പ്ര. ഗദരേന്യ, മറ്റു ചി.കൈ.പ്ര. ഗർഗസേന്യ വന്നു. യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു. യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ”8:30 സൈന്യത്തിന്റെ 4,000-മുതൽ 6,000-പേർവരെ അടങ്ങുന്ന ഒരു സംഘത്തിന്റെ പേരാണ് ലെഗ്യോൻ. എന്ന് അയാൾ ഉത്തരം പറഞ്ഞു. “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി. ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു. ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു. ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി. ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്, “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു. രോഗത്തിനും മരണത്തിനുംമേൽ അധികാരമുള്ള യേശു യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു. അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു. രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു. എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു. അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു. ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു. യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.” അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു. അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു. അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു. യേശു പന്ത്രണ്ടുശിഷ്യന്മാരെ അയയ്ക്കുന്നു യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു. ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”9:5 പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക, വിവക്ഷിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി, ഇനി നിങ്ങളുടെമേൽ വരുന്ന ശിക്ഷയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു. ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും, ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി. “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു. അഞ്ച് അപ്പവും അയ്യായിരംപേരും അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി. എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു. സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു. എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. യേശു, ക്രിസ്തുവെന്ന് പത്രോസ് പ്രഖ്യാപിക്കുന്നു ഒരിക്കൽ യേശു ഏകാന്തമായി പ്രാർഥിച്ചുകൊണ്ടിരുന്നു; അപ്പോൾ അദ്ദേഹത്തിന്റെ സമീപത്ത് ഉണ്ടായിരുന്ന ശിഷ്യന്മാരോട് അദ്ദേഹം, “ഞാൻ ആരാകുന്നു എന്നാണ് ജനക്കൂട്ടം പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പുരാതനകാലത്തു ജീവിച്ചിരുന്ന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റുവെന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “ദൈവത്തിന്റെ ക്രിസ്തു,” എന്ന് പത്രോസ് പ്രതിവചിച്ചു. യേശു തന്റെ മരണം മുൻകൂട്ടിപ്പറയുന്നു ഇത് ആരോടും പറയരുത് എന്ന് യേശു അവർക്കു കർശനനിർദേശം നൽകി. തുടർന്ന് അദ്ദേഹം, “മനുഷ്യപുത്രൻ9:22 അതായത്, ക്രിസ്തു വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും വേണം” എന്നും പറഞ്ഞു. അതിനുശേഷം തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അനുദിനം എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം? എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും. “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം കാണുന്നതിനുമുമ്പ്, ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല നിശ്ചയം!” രൂപാന്തരം ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി. മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു. മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു. അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല. ദുരാത്മാവു ബാധിച്ച ബാലനെ യേശു സൗഖ്യമാക്കുന്നു പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ; ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്. ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.” അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു. ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി. യേശു തന്റെ മരണത്തെക്കുറിച്ച് വീണ്ടും പ്രവചിക്കുന്നു യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്, “ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു. ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു. “പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു. “അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.” ശമര്യാക്കാരുടെ എതിർപ്പ് തന്റെ സ്വർഗാരോഹണത്തിനുള്ള സമയം സമീപിച്ചപ്പോൾ യേശു നിശ്ചയദാർഢ്യത്തോടെ ജെറുശലേമിലേക്കു യാത്രയായി. അപ്പോൾത്തന്നെ അദ്ദേഹം തനിക്കുമുമ്പേ സന്ദേശവാഹകന്മാരെ അയച്ചു; അവർ അദ്ദേഹത്തിനുവേണ്ടി ഒരുക്കങ്ങൾ ചെയ്യുന്നതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു. എന്നാൽ, അദ്ദേഹത്തിന്റെ യാത്ര ജെറുശലേം ലക്ഷ്യമാക്കിയായിരുന്നതുകൊണ്ട് ആ ഗ്രാമവാസികൾക്ക് യേശുവിനെ സ്വീകരിക്കാൻ മനസ്സുണ്ടായില്ല. ഇതു കണ്ടിട്ട്, ശിഷ്യന്മാരായ യാക്കോബും യോഹന്നാനും, “കർത്താവേ, ഏലിയാവു ചെയ്തതുപോലെ9:54 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. ആകാശത്തിൽനിന്ന് തീ ഇറക്കി ഞങ്ങൾ ഇവരെ ചാമ്പലാക്കട്ടേ?” എന്നു ചോദിച്ചു. എന്നാൽ യേശു അവർക്കുനേരേ തിരിഞ്ഞ് അവരെ ശാസിച്ചു, “ഏതാത്മാവാണ് നിങ്ങളെ ഭരിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല; മനുഷ്യരുടെ ജീവനെ ഹനിക്കാനല്ല, രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.9:55 ഈ വിശദീകരണം ചി.കൈ.പ്ര. കാണുന്നില്ല. പിന്നെ അവർ മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി. ശിഷ്യത്വത്തിന്റെ വില അവർ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട്, “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു. അദ്ദേഹം മറ്റൊരു വ്യക്തിയോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. എന്നാൽ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു. എന്നാൽ യേശു അയാളോട്, “മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീയോ പോയി ദൈവരാജ്യം വിളംബരംചെയ്യുക” എന്നു പറഞ്ഞു. വേറൊരാൾ, “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ, ഞാൻ ഒന്നാമത് എന്റെ കുടുംബാംഗങ്ങളോടു യാത്രപറയാൻ അനുവദിക്കേണം” എന്നു പറഞ്ഞു. യേശു മറുപടിയായി, “കലപ്പയ്ക്കു കൈവെച്ചശേഷം പിറകോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തിനു യോഗ്യരല്ല” എന്നു പറഞ്ഞു. യേശു എഴുപതുപേരെ അയയ്ക്കുന്നു ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ10:1 ചി.കൈ.പ്ര. എഴുപത്തിരണ്ടുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു. അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു. പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്. “ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക. അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും. വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ. “ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക. അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക. എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്, ‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം10:12 ഉൽ. 19 കാണുക. ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും. “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.” ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു. ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.” അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം! “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനാരെന്ന് യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവാരെന്ന് അറിയുന്നില്ല” എന്നു പറഞ്ഞു. പിന്നെ യേശു ശിഷ്യന്മാർക്കുനേരേ തിരിഞ്ഞ് അവരോടുമാത്രമായി, “നിങ്ങൾ കാണുന്നത് കാണുന്ന നേത്രങ്ങൾ അനുഗ്രഹിക്കപ്പെട്ട നേത്രങ്ങൾ! കാരണം, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആഗ്രഹിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” നല്ല ശമര്യാക്കാരന്റെ സാദൃശ്യകഥ ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” “എന്താണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്? നീ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു. അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം;10:27 ആവ. 6:5 നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം”10:27 ലേവ്യ. 19:18 എന്നുത്തരം പറഞ്ഞു. യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു. എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി, അതുപോലെതന്നെ ഒരു ലേവ്യനും10:32 ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവനാണ് ലേവ്യൻ അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി. എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി. അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു. പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം10:35 മൂ.ഭാ. രണ്ടുദിനാർ എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു. “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു. “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു. “നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു. യേശു മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ യേശു ശിഷ്യന്മാരുമായി യാത്ര തുടരവേ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്കു സ്വാഗതംചെയ്തു. അവൾക്കു മറിയ എന്നു വിളിക്കുന്ന ഒരു സഹോദരി ഉണ്ടായിരുന്നു. മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകൊണ്ടിരുന്നു. മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു. അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു. എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു. പ്രാർഥനയെക്കുറിച്ച് യേശുവിന്റെ ഉപദേശം യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ. ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും11:4 മൂ.ഭാ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു11:4 അഥവാ, പരീക്ഷയിലേക്ക് നയിക്കരുതേ. ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”11:4 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ, എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു. അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു. എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും. “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു. “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക?11:11 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!” യേശുവും ബേൽസെബൂലും പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി. എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും. സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ11:20 മൂ.ഭാ. കൈവിരൽകൊണ്ടാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം. “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും. എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു. “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്. “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.” യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു. യോനാ ഒരത്ഭുതചിഹ്നം യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ11:30 യോന. 1–2 കാണുക. യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നിട്ടും ജീവനോടെ പുറത്തുവന്നു എന്നതാണ് ഈ ചിഹ്നം വിവക്ഷിക്കുന്നത്. മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും, ന്യായവിധിദിവസത്തിൽ ശേബാ11:31 മൂ.ഭാ. തെക്കേദേശത്തെ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന്11:31 മൂ.ഭാ. ഭൂമിയുടെ അതിരുകളിൽനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ. ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. ശരീരത്തിന്റെ വിളക്ക് “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും. അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക. ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.” യേശു പരീശന്മാരെയും വേദജ്ഞരെയും ശാസിക്കുന്നു യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു. ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു. അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്? അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും. “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു. “നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.” ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു. അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല. “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു. ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’ ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,11:50 പഴയനിയമചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും പ്രവാചകന്മാരാണ് ഹാബേലും സെഖര്യാവും. ഉൽ. 4:2-15; 2 ദിന. 24:20-2211:50 എബ്രായ പുസ്തകക്രമം അനുസരിച്ച് ഉൽപ്പത്തി ആദ്യത്തെ പുസ്തകവും 2 ദിനവൃത്താന്തം അവസാനത്തെ പുസ്തകവുമാണ്. ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം. “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. മുന്നറിയിപ്പുകളും പ്രോത്സാഹനങ്ങളും ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും. “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ട് രൂപയ്ക്ക്12:6 ഒരു ദിവസത്തെ വേതനത്തിന്റെ എട്ടിലൊന്ന്. അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല. “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല; നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.” ധനികനായ ഭോഷന്റെ സാദൃശ്യകഥ ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു. അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു. “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും. “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു. “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.” ചിന്താകുലരാകരുത് ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം12:25 മൂ.ഭാ. നീളത്തോട് ഒരടി കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്? “ശോശന്നച്ചെടികൾ12:27 അതായത്, ഒരുതരം ലില്ലിച്ചെടി എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. ദൈവത്തെ അറിയാത്തവരുടെ12:30 മൂ.ഭാ. യെഹൂദേതരരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. കർത്താവിന്റെ പുനരാഗമനത്തിനായി ഒരുങ്ങുക “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും12:35 അതായത്, എപ്പോഴും ശുശ്രൂഷചെയ്യാനുള്ള ഒരുക്കത്തോടെ ഇരിക്കുക. ഇരിക്കട്ടെ. വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക. യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ12:38 മൂ.ഭാ. രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ. കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.” അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും. “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും. എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും. സമാധാനമല്ല, ഭിന്നതതന്നെ “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്? എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു! നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും. പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.” കാലങ്ങളെ വിവേചിക്കുക പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു. തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു. കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല? “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്? നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.” അനുതപിക്കുക, അല്ലെങ്കിൽ നശിക്കുക ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച13:1 മൂ.ഭാ. ഗലീലക്കാരുടെ രക്തം അവരുടെ യാഗങ്ങളിൽ കലർത്തി എന്ന വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു. “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം. അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.” ഒരു വികലാംഗയെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നു ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി. യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.” അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?” യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു. കടുകുമണിയുടെയും പുളിച്ചമാവിന്റെയും സാദൃശ്യകഥകൾ പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു. ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.” അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? അത്, മൂന്നുപറ13:21 മൂ.ഭാ. മൂന്നുസത. ഏക. 22 ലി. മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.” ഇടുങ്ങിയ വാതിൽ ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു. ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞത്, “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും. “അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും. “അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും. പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.” ജെറുശലേമിനെപ്പറ്റി യേശു വിലപിക്കുന്നു ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു. അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക. എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ! “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല. ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’13:35 സങ്കീ. 118:26 എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” യേശു ഒരു പരീശന്റെ ഭവനത്തിൽ ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?” അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല. വിരുന്നിൽ അതിഥികൾ ബഹുമാന്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതു കണ്ടിട്ട് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “നിന്നെ ഒരാൾ കല്യാണവിരുന്നിനു ക്ഷണിച്ചാൽ ബഹുമാന്യസ്ഥാനത്ത് ഇരിക്കരുത്; നിന്നെക്കാൾ വിശിഷ്ടനായ ഒരാളെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, നിങ്ങളെ ഇരുവരെയും ക്ഷണിച്ച ആതിഥേയൻ വന്നു നിന്നോട്, ‘നിന്റെ ഇരിപ്പിടം ഇദ്ദേഹത്തിന് ഒഴിഞ്ഞുകൊടുക്കുക’ എന്നു പറയും. അപ്പോൾ നിനക്ക് അപമാനിതനായി ഏറ്റവും അപ്രധാനമായ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും. എന്നാൽ, നീ ക്ഷണിക്കപ്പെട്ടാൽ ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ ഇരിക്കുക; നിന്റെ ആതിഥേയൻ വരുമ്പോൾ നിന്നോട്, ‘സ്നേഹിതാ, മുമ്പോട്ടുകയറി നല്ല ഇരിപ്പിടത്തിൽ ഇരിക്കുക’ എന്നു പറയും. അപ്പോൾ നിന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന എല്ലാവരുടെയും മുമ്പാകെ നീ ബഹുമാനിതനാകും. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.” പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം. എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക; അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.” വലിയ വിരുന്നിന്റെ സാദൃശ്യകഥ യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരാൾ ഇതു കേട്ട് അദ്ദേഹത്തോട്, “ദൈവരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നയാൾ എത്ര അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു. യേശു അതിനു മറുപടിയായി പറഞ്ഞത്: “ഒരു മനുഷ്യൻ വലിയൊരു വിരുന്നൊരുക്കി, ആ വിരുന്നിന് അയാൾ അനേകരെ ക്ഷണിച്ചിരുന്നു. അയാൾ വിരുന്നിന്റെ സമയമായപ്പോൾ ‘വരിക, എല്ലാം തയ്യാറായിരിക്കുന്നു,’ എന്നു ക്ഷണിക്കപ്പെട്ടവരെ അറിയിക്കാൻ തന്റെ ഭൃത്യനെ അയച്ചു. “എന്നാൽ, ക്ഷണിതാക്കൾ എല്ലാവരും ഒരുപോലെ ഒഴിവുകഴിവുകൾ പറഞ്ഞുതുടങ്ങി. ഒരാൾ പറഞ്ഞു, ‘ഞാനൊരു വയൽ വാങ്ങിയിരിക്കുന്നു, അത് ചെന്നു കാണേണ്ട ആവശ്യമുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’ “മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളകളെ വാങ്ങിയിരിക്കുന്നു. എനിക്ക് അവയെ പരീക്ഷിക്കേണ്ടതുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’ “വേറൊരാൾ, ‘ഞാൻ ഇപ്പോൾ വിവാഹിതനായിരിക്കുന്നു; അതുകൊണ്ട് എനിക്കു വരാൻ കഴിയുകയില്ല’ എന്നു പറഞ്ഞു. “ആ ഭൃത്യൻ മടങ്ങിവന്ന് ഈ പ്രതികരണങ്ങൾ അയാളുടെ യജമാനനെ അറിയിച്ചു. അപ്പോൾ വീട്ടുടമസ്ഥൻ കോപാകുലനായി, ഭൃത്യനോട്, ‘നീ ഉടനെ പോയി തെരുവുകളിലും പട്ടണത്തിന്റെ ഇടവഴികളിലും ചെന്ന് ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും ക്ഷണിച്ചുകൊണ്ടുവരിക’ എന്നു പറഞ്ഞു. “ആ ഭൃത്യൻ തിരികെവന്ന്, ‘യജമാനനേ, അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു; എന്നാൽ, ഇനിയും സ്ഥലമുണ്ട്’ എന്നറിയിച്ചു. “അപ്പോൾ ആ യജമാനൻ ഭൃത്യനോട്, ‘നീ വീഥികളിലും തെരുക്കോണുകളിലും ചെന്ന് ആളുകളെ നിർബന്ധിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുവരിക; അങ്ങനെ എന്റെ വീട് നിറയട്ടെ. ഞാൻ ആദ്യം ക്ഷണിച്ചവരിൽ ആരുംതന്നെ എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.’ ” ശിഷ്യൻ നൽകേണ്ട വില ഒരു വലിയ ജനക്കൂട്ടം യേശുവിനോടുകൂടെ സഞ്ചരിച്ചിരുന്നു. യേശു അവർക്കുനേരേ തിരിഞ്ഞ് അവരോടു പറഞ്ഞത്: “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും14:26 മത്താ. 10:37 ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല. സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവർക്കും എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല. “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അയാൾ ആദ്യംതന്നെ ഇരുന്ന്, അതു പൂർത്തിയാക്കാൻ വേണ്ടുന്ന പണം ഉണ്ടോയെന്നു കണക്കുകൂട്ടുകയില്ലേ? അല്ലാത്തപക്ഷം, അടിസ്ഥാനം ഇട്ടിട്ട് അയാൾക്ക് അതു പൂർത്തിയാക്കാൻ കഴിയാതെപോയാൽ അതു കാണുന്നവരെല്ലാവരും, ‘ഇയാൾ ഗോപുരം പണിയാൻ തുടങ്ങി; പക്ഷേ, പൂർത്തിയാക്കാൻ കഴിവില്ലാതെപോയി’ എന്നു പറഞ്ഞു പരിഹസിക്കും. “ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധംചെയ്യാൻ പോകുന്നെന്നു സങ്കൽപ്പിക്കുക. അയാൾ ആദ്യം ഇരുന്ന്, തനിക്കുനേരേ 20,000 ഭടന്മാരുടെ സൈന്യവുമായി വരുന്ന രാജാവിനോട് യുദ്ധംചെയ്യാൻ തന്റെ 10,000 ഭടന്മാരുടെ സൈന്യത്തിന് സാധ്യമാകുമോ എന്ന് ആദ്യംതന്നെ ആലോചിക്കുകയില്ലേ? അതിനു കഴിവില്ലെങ്കിൽ, ശത്രുരാജാവ് വളരെ ദൂരെയായിരിക്കുമ്പോൾത്തന്നെ ഒരു പ്രതിനിധിസംഘത്തെ അയച്ച് സമാധാനവ്യവസ്ഥകൾക്കായി അപേക്ഷിക്കുന്നു. അതുപോലെതന്നെ, നിങ്ങളിൽ ഒരാൾ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അവർക്ക് എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല. “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? അതു മണ്ണിനോ വളത്തിനോ അനുയോജ്യമല്ലാത്തതാകുകയാൽ; മനുഷ്യർ അതിനെ പുറത്തേക്കു വലിച്ചെറിഞ്ഞുകളയും. “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.” കാണാതെപോയ ആടിന്റെ സാദൃശ്യകഥ നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി. എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു. അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ? കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും. പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാണാതെപോയ നാണയത്തിന്റെ സാദൃശ്യകഥ “പത്ത് വെള്ളിനാണയങ്ങളുള്ള15:8 മൂ.ഭാ. പത്തു ദ്രഹ്മ. ഒരു ദ്രഹ്മ ഒരു ദിവസത്തെ വേതനത്തിനു തുല്യം. ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ? അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.” നഷ്ടപ്പെട്ടുപോയ മകന്റെ സാദൃശ്യകഥ യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു. “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു. അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി. ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു. പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല. “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’ ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും. അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു. “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു. “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി. “എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു. അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു. ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കിടാവിനെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു. “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തുചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പന് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപോലും അപ്പന്റെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പൻ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ. എന്നാൽ, വേശ്യമാരോടുകൂടെ അപ്പന്റെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കിടാവിനെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’ “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ. നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’ ” എന്നു പറഞ്ഞു. തന്ത്രശാലിയായ കാര്യസ്ഥന്റെ സാദൃശ്യകഥ യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി. ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു. “അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു. അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’ “പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു. “ ‘3,000 ലിറ്റർ16:6 മൂ.ഭാ. നൂറുബത്ത് ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു. “രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു. “ ‘മുപ്പതു ടൺ16:7 മൂ.ഭാ. നൂറുകോർ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു. “ ‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു. “ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും. “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു16:12 അതായത്, ശാശ്വതാവകാശമായി ലഭിക്കാനുള്ള സമ്പത്ത്. നിങ്ങൾക്ക് ആര് തരും? “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.” ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു. അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു. കൂടുതൽ ഉപദേശങ്ങൾ “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു. ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം. “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. ധനികനും ലാസറും “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു. “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’ “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’ “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’ “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു. “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു. “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ” പാപം, വിശ്വാസം, കർത്തവ്യം യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം! എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്. ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.” അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും. “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ? ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക? തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ? അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.” പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം ലഭിക്കുന്നു യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക”17:14 ലേവ്യ. 14:2-32 കാണുക. എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു. അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു. “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ദൈവരാജ്യത്തിന്റെ ആഗമനം ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്. ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,”17:21 അഥവാ, മധ്യത്തിൽ എന്ന് യേശു ഉത്തരം പറഞ്ഞു. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും. മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്. ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ. എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു. “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക. നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു. എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു. “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും. ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്! ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.17:32 ഉൽ. 19:1-26 കാണുക. സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും. ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”17:36 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും”17:37 ഈ വാക്യത്തിന്റെ രണ്ടാംപകുതി മൂ.ഭാ. കാണുന്നില്ല. എന്ന് ഉത്തരം പറഞ്ഞു. മുട്ടിപ്പായി അപേക്ഷിച്ച വിധവയുടെ സാദൃശ്യകഥ ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു. “ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു. “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.” കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു. പരീശന്റെയും നികുതിപിരിവുകാരന്റെയും സാദൃശ്യകഥ തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ18:11 അഥവാ, തന്നോടുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’ “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു. “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.” യേശുവും ശിശുക്കളും യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ധനികനായ നേതാവ് ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’18:20 പുറ. 20:12-16; ആവ. 5:16-20 എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു. “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു. ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു. യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു. ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു. അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. യേശുവിന്റെ മരണത്തെപ്പറ്റി പ്രവചിക്കുന്നു ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും. മനുഷ്യപുത്രൻ റോമാക്കാർക്ക്18:32 മൂ.ഭാ. യെഹൂദേതരർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.” ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല. അന്ധനായ യാചകൻ കാഴ്ച പ്രാപിക്കുന്നു യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി. അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു. അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു, “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു. “നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു. നികുതിപിരിവുകാരൻ സക്കായി യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ നികുതിപിരിവുകാരിൽ പ്രധാനിയും ധനികനും ആയിരുന്നു. യേശുവിനെ കാണാൻ സക്കായി ശ്രമിച്ചെങ്കിലും അയാൾ ഉയരം കുറഞ്ഞവനാകുകയാൽ ആൾക്കൂട്ടംനിമിത്തം സാധിച്ചില്ല. യേശു വന്നുകൊണ്ടിരുന്ന വഴിയിൽക്കൂടെ അയാൾ മുന്നോട്ടോടി; അദ്ദേഹത്തെ കാണാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു. യേശു ആ സ്ഥലത്തെത്തിയപ്പോൾ മുകളിലേക്കുനോക്കിക്കൊണ്ട്, “സക്കായീ, പെട്ടെന്ന് ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ താമസിക്കേണ്ടതാകുന്നു” എന്ന് അയാളോടു പറഞ്ഞു. അയാൾ വേഗത്തിൽ ഇറങ്ങിവന്ന് അദ്ദേഹത്തെ ആനന്ദത്തോടെ സ്വീകരിച്ചു. ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു. എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു. അപ്പോൾ യേശു, “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു; കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്” എന്നു പ്രതിവചിച്ചു. പത്തു നാണയത്തിന്റെ സാദൃശ്യകഥ യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു. “അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു. അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ19:13 ഒരു മിന്നാ ഏകദേശം ദിവസവേതനക്കാരന്റെ മൂന്നു മാസത്തെ കൂലിക്കു തുല്യം. ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു. “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു. “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു. “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു. “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു. “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’ “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു. “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു. “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.” ജെറുശലേമിലേക്കുള്ള ജൈത്രയാത്ര ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.” അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. “കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി. അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്: “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ!19:38 സങ്കീ. 118:26 “സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം” എന്ന് അത്യുച്ചത്തിൽ ആർത്തു. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു. “അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു. യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.” യേശു ദൈവാലയത്തിൽ പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’19:46 യെശ. 56:7 എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”19:46 യിര. 7:11 ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി. ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം; സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.” ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി. പാട്ടക്കർഷകരുടെ സാദൃശ്യകഥ തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി. വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു. “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’ “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’ അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’20:17 സങ്കീ. 118:22 എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ? ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു. യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു. കൈസർക്കു കരം കൊടുക്കുന്നത് അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു. അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം. നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?” അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്, “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു. “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. പുനരുത്ഥാനവും വിവാഹവും പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.20:28 ആവ. 25:5-6 കാണുക. ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു; അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!” യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ പുനരുത്ഥിതരായിരിക്കുകയാൽ20:36 മൂ.ഭാ. പുനരുത്ഥാനത്തിന്റെ മക്കൾ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല. മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’20:37 പുറ. 3:6 എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ. അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.” “ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു. ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല. ക്രിസ്തു ആരുടെ പുത്രൻ? എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ? ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “ ‘കർത്താവ് എന്റെ കർത്താവിനോട്: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”20:43 സങ്കീ. 110:1 എന്നു പ്രസ്താവിച്ചല്ലോ! ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” വേദജ്ഞരെക്കുറിച്ച് മുന്നറിയിപ്പ് ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട്20:47 മൂ.ഭാ. വിധവകളുടെ വീടുകൾ വിഴുങ്ങുകയും കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.” വിധവയുടെ വഴിപാട് യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു. അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു. “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. യുഗാവസാനലക്ഷണങ്ങൾ ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.” “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു. അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’21:8 ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്ന് യഹോവയായ ദൈവം മോശയ്ക്ക് മുൾപ്പടർപ്പിൽവെച്ച് വെളിപ്പെട്ടപ്പോൾ ഉപയോഗിച്ച അതേ പദഘടന. എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.” അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും. “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും. അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും. “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും. അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ. കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്. ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും. അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും. “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും. ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും. അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും. ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!” പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക; അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ. അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം. “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ21:32 അഥവാ, ജനത അവസാനിക്കുകയില്ല, നിശ്ചയം. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും. “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ. ആ ദിവസം സകലഭൂവാസികളുടെമേലും വരും. എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.” യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു. അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാ സമ്മതിക്കുന്നു പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന22:1 പെസഹാപ്പെരുന്നാളിനെത്തുടർന്നുള്ള ഏഴുദിവസങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും ആചരിക്കപ്പെട്ടിരുന്നതുകൊണ്ട് ഒരാഴ്ച നീളുന്ന ഈ ആഘോഷം ഇരുനാമങ്ങളിലും അറിയപ്പെട്ടിരുന്നു. യഥാർഥത്തിൽ ഇവ രണ്ടും വ്യത്യസ്ത ആഘോഷങ്ങളാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു. ആ സമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു. അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽ ചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു. അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു. അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. അന്ത്യ അത്താഴം പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു. യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു. “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു. യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ22:10 യെഹൂദാസംസ്കാരത്തിൽ ഒരു പുരുഷൻ വെള്ളം ചുമന്നുകൊണ്ട് പോകുന്നത് തികച്ചും അസാധാരണമാണ്. നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക. ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു. വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി. സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു. യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു. ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക. ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,”22:20 ഉടമ്പടിയുടെ സ്ഥിരീകരണത്തിന് രക്തച്ചൊരിച്ചിൽ അനിവാര്യമാണ്. എന്നു പറഞ്ഞു. “എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്. ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!” “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി. തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി. യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു. എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം. ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ. ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ. എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു. അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും. “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു; എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.” അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു. യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.” പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു. യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’22:37 യെശ. 53:12 എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.” അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു. യേശു ഒലിവുമലയിൽ പ്രാർഥിക്കുന്നു ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു. അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു. പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി, “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു. പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു. പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്, “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു. യേശു ബന്ധിതനാകുന്നു യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു. എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു. അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി. തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു. പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു. ചിലർ22:55 അതായത്, കാവൽക്കാർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു. ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു. എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു. അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു. “മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!” അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി. അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു. പടയാളികൾ യേശുവിനെ പരിഹസിക്കുന്നു യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു. യേശു പീലാത്തോസിന്റെയും ഹെരോദാവിന്റെയും മുമ്പിൽ നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി. “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.” അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല, ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല. എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. “നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു. അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു. അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി. “ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി. പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു. അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്നു പ്രഖ്യാപിച്ചു. അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്നു തറപ്പിച്ചുപറഞ്ഞു. ഇതു കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?” യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു. യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നു പ്രതീക്ഷിച്ചു. അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല. പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു. ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു. അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു. പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി, അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു: “ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെമുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല; ഹെരോദാവിനും അതു കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണയോഗ്യമായതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.” പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു.23:17 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!” (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.) യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു. അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തു കുറ്റമാണു ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായതൊന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.” അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയംകണ്ടു. അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു. കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ക്രൂശീകരണം യേശുവിനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്നു വരികയായിരുന്ന, കുറേനഗ്രാമവാസിയായ23:26 ആഫ്രിക്കയുടെ വടക്കൻതീരത്തുള്ള ഒരു ഗ്രാമം. ശിമോൻ എന്നയാളിനെ സൈനികർ പിടിച്ച് ക്രൂശ് ചുമപ്പിച്ച് യേശുവിന്റെ പിന്നാലെ നടത്തി. ഒരു വലിയ ജനാവലി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ യേശുവിനുവേണ്ടി വിലപിക്കുകയും മുറവിളികൂട്ടുകയുംചെയ്യുന്ന സ്ത്രീകളും ഉണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോട്, “ജെറുശലേംപുത്രിമാരേ, എനിക്കുവേണ്ടി കരയേണ്ടാ; നിങ്ങൾക്കായും നിങ്ങളുടെ മക്കൾക്കായും കരയുക; എന്തുകൊണ്ടെന്നാൽ, ‘വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്തവരും മുലകുടിപ്പിച്ചിട്ടില്ലാത്തവരും സൗഭാഗ്യവതികൾ!’ എന്നു നിങ്ങൾ പറയുന്ന കാലം വരുന്നു. “ ‘അന്ന്, ജനം മലകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും കുന്നുകളോട് “ഞങ്ങളെ മൂടുക” എന്നും’23:30 ഹോശ. 10:8 പറയും. പച്ചമരത്തോട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്തായിരിക്കും സംഭവിക്കുന്നത്?” കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി. തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്, “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു. ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു. യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. യേശുവിന്റെ മരണം അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി23:44 മൂ.ഭാ. ആറാംമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട് മൂന്നുമണിവരെ23:45 മൂ.ഭാ. ഒൻപതാംമണി ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി. “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു”23:46 സങ്കീ. 31:5 എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു. സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു. കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി. എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു. യേശുവിന്റെ ശവസംസ്കാരം ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു. അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. അന്ന് ഒരുക്കനാളായിരുന്നു;23:54 അതായത്, ശബ്ബത്തുശനിയാഴ്ച, അതിനായുള്ള ഒരുക്കം വെള്ളിയാഴ്ച ഉച്ചകഴിയുമ്പോൾത്തന്നെ ആരംഭിക്കും. ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു. ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു. പുനരുത്ഥാനം ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ആ സ്ത്രീകൾ തങ്ങൾ തയ്യാറാക്കിയ സുഗന്ധദ്രവ്യങ്ങൾ എടുത്തുകൊണ്ട് കല്ലറയുടെ അടുത്തെത്തി. കല്ലറയുടെ കവാടത്തിൽനിന്ന് കല്ല് ഉരുട്ടി മാറ്റിയിരുന്നതായി അവർ കണ്ടു. അവർ ഉള്ളിൽ പ്രവേശിച്ചപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. അതിനെക്കുറിച്ച് അവർ ആശ്ചര്യചകിതരായിരിക്കുമ്പോൾ, പെട്ടെന്നു മിന്നൽപ്പിണർപോലെ തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ തൊട്ടരികത്തുനിൽക്കുന്നതു കണ്ടു. ആ സ്ത്രീകൾ ഭയവിഹ്വലരായി, തല ഉയർത്താൻപോലും കഴിയാതെ നിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്? അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! മുമ്പേ നിങ്ങളോടുകൂടെ ഗലീലയിൽ ആയിരുന്നപ്പോൾ യേശു നിങ്ങളോട്, ‘മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടു ക്രൂശിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം’ എന്നു പറഞ്ഞത് ഓർക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു. കല്ലറയിൽനിന്ന് മടങ്ങിയെത്തിയശേഷം അവർ ഈ കാര്യങ്ങളെല്ലാം പതിനൊന്ന് അപ്പൊസ്തലന്മാരോടും മറ്റു ശിഷ്യരോടും അറിയിച്ചു. മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മ മറിയ എന്നിവരും അവരോടുകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ വാർത്ത അപ്പൊസ്തലന്മാരെ ആദ്യം അറിയിക്കുന്നത്. എന്നാൽ, അവരുടെ വാക്കുകൾ വെറും കെട്ടുകഥപോലെ തോന്നുകയാൽ അപ്പൊസ്തലന്മാർ അതു വിശ്വസിച്ചില്ല. എങ്കിലും പത്രോസ് എഴുന്നേറ്റു കല്ലറയുടെ അടുത്തേക്കോടി. അയാൾ കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം24:12 അതായത്, ശവക്കച്ചമാത്രം അവിടെ കിടക്കുന്നതുകണ്ട് സംഭവിച്ചതെന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോയി. എമ്മവൂസിലേക്കുള്ള വഴിയിൽ അന്നുതന്നെ ശിഷ്യരിൽ രണ്ടുപേർ ജെറുശലേമിൽനിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റർ24:13 മൂ.ഭാ. 60 സ്റ്റേഡിയ അകലെയുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു. സംഭവിച്ച സകലകാര്യങ്ങളെക്കുറിച്ചും അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ സംസാരിച്ചും ചർച്ച ചെയ്തും പൊയ്ക്കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോടു ചേർന്നു നടന്നു. എന്നാൽ, അദ്ദേഹത്തെ തിരിച്ചറിയാത്തവണ്ണം ദൈവം അവരുടെ കാഴ്ചശക്തി നിയന്ത്രിച്ചിരുന്നു. അദ്ദേഹം അവരോട്, “യാത്രയ്ക്കിടയിൽ നിങ്ങൾ ചർച്ചചെയ്യുന്ന കാര്യമെന്താണ്?” എന്നു ചോദിച്ചു. അവർ നിരാശപ്പെട്ട മുഖത്തോടെ നിശ്ചലരായി നിലകൊണ്ടു. അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളയാൾ അദ്ദേഹത്തോട് ചോദിച്ചു, “ജെറുശലേമിലെ സന്ദർശകരിൽ താങ്കൾമാത്രമാണല്ലോ ഈ നാളുകളിൽ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയാത്തത്?” “എന്തു സംഭവങ്ങൾ?” യേശു ചോദിച്ചു. അവർ അപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “നസറെത്തുകാരനായ യേശുവിനു സംഭവിച്ച കാര്യങ്ങൾതന്നെ. പ്രവൃത്തിയിലും വാക്കിലും ദൈവത്തിന്റെയും സർവമനുഷ്യരുടെയും ദൃഷ്ടിയിൽ അതിശക്തനായ ഒരു പ്രവാചകൻ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ പുരോഹിതമുഖ്യന്മാരും ഭരണാധികാരികളും അദ്ദേഹത്തെ മരണശിക്ഷയ്ക്കായി റോമാക്കാരെ ഏൽപ്പിക്കുകയും അവർ ക്രൂശിക്കുകയും ചെയ്തു. ഞങ്ങളോ, ഇസ്രായേലിനെ വിമോചിപ്പിക്കാൻ പോകുന്നത് അദ്ദേഹമാണെന്ന് ആശിച്ചിരുന്നു. എന്തു പറയേണ്ടൂ? ഇതൊക്കെ സംഭവിച്ചിട്ട് ഇന്ന് മൂന്നാംനാൾ ആകുന്നു. അതുകൊണ്ടും തീർന്നില്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു; അവർ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തുചെന്നു; എന്നാൽ, അദ്ദേഹത്തിന്റെ ശരീരം അവർക്കു കാണാൻ കഴിഞ്ഞില്ല. അവർ വന്നു ഞങ്ങളോട്, അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിയിച്ച ദൂതന്മാരെ അവർ ദർശനത്തിൽ കണ്ടതായി പറഞ്ഞു. അപ്പോൾ ഞങ്ങളുടെ കൂട്ടുകാരിൽ ചിലർ കല്ലറയുടെ അടുത്തേക്കുപോയി. അവരും സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ അവർ യേശുവിനെ കണ്ടില്ല.” അദ്ദേഹം അവരോട്, “ഹാ! നിങ്ങൾ എത്ര ബുദ്ധിശൂന്യർ! പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കാൻ കഴിയാത്ത മന്ദബുദ്ധികളേ! ഇവയെല്ലാം സഹിച്ചതിനുശേഷമല്ലേ ക്രിസ്തു അവിടത്തെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്?” പിന്നെ അദ്ദേഹം മോശയുടെയും സകലപ്രവാചകന്മാരുടെയും ലിഖിതങ്ങളിലും ശേഷം എല്ലാ തിരുവെഴുത്തുകളിലും24:27 മോശയുടെ പഞ്ചഗ്രന്ഥങ്ങൾ, പ്രവാചകന്മാർ, തിരുവെഴുത്തുകൾ ഇങ്ങനെ മൂന്നായിട്ടാണ് യെഹൂദർ പഴയനിയമത്തെ വിഭജിച്ചിരിക്കുന്നത്. തന്നെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു. അവർ തങ്ങൾക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടടുത്തപ്പോൾ യേശു അവരെ വിട്ട് മുന്നോട്ട് തന്റെ യാത്ര തുടരുന്നതായി ഭാവിച്ചു. അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി. അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി. അപ്പോൾ അവരുടെ കാഴ്ചശക്തിമേലുണ്ടായിരുന്ന നിയന്ത്രണം മാറുകയും അവർ അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തൽക്ഷണം അദ്ദേഹം അവരുടെ ദൃഷ്ടിയിൽനിന്നു മറയുകയും ചെയ്തു. “അദ്ദേഹം വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?” അവർ പരസ്പരം ചോദിച്ചു. അവർ ഉടൻതന്നെ എഴുന്നേറ്റ് ജെറുശലേമിലേക്കു മടങ്ങിപ്പോയി. “ഇതു സത്യം! കർത്താവ് പുനരുത്ഥാനംചെയ്തിരിക്കുന്നു; അവിടന്നു ശിമോനു പ്രത്യക്ഷനായി,” എന്നിങ്ങനെ ഒരുമിച്ചുകൂടിയിരുന്ന് പറഞ്ഞുകൊണ്ടിരുന്ന പതിനൊന്ന് അപ്പൊസ്തലന്മാരെയും ശേഷം ശിഷ്യരെയും കണ്ടു. തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു. യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു അവർ ഇങ്ങനെ സംസാരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്ന് അവരോടു പറഞ്ഞു. അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി. അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്? എന്റെ കൈകളും കാലുകളും ശ്രദ്ധിച്ചുനോക്കുക. ഇത് ഞാൻതന്നെ! എന്നെ സ്പർശിച്ചു നോക്കുക. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥികളും ഇല്ലല്ലോ.” ഇതു പറഞ്ഞിട്ട് യേശു തന്റെ കൈകളും കാലുകളും അവർക്കു കാണിച്ചുകൊടുത്തു. ആനന്ദാധിക്യം നിമിത്തം തങ്ങൾ കാണുന്നത് യാഥാർഥ്യമാണോ എന്നു വിശ്വസിക്കാനാകാതെ സ്തബ്ധരായി നിൽക്കുന്ന അവരോട് അദ്ദേഹം, “ഇവിടെ നിങ്ങളുടെപക്കൽ ഭക്ഷിക്കാൻ എന്തെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചു. അവർ അദ്ദേഹത്തിന് ഒരു കഷണം വറുത്ത മീൻ കൊടുത്തു. അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു. പിന്നെ അദ്ദേഹം അവരോടു പറഞ്ഞു, “ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടണമെന്ന് പറഞ്ഞത് ഇക്കാര്യങ്ങളൊക്കെയായിരുന്നു.” പിന്നെ, തിരുവെഴുത്തുകൾ ഗ്രഹിക്കാൻ സാധ്യമാകുംവിധം അദ്ദേഹം അവരുടെ ബുദ്ധിമണ്ഡലത്തെ തുറന്നു. അദ്ദേഹം അവരോട് തുടർന്നു പറഞ്ഞത്, “ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ക്രിസ്തു യാതനകൾ സഹിച്ച് മരിക്കുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ജെറുശലേമിൽ ആരംഭിച്ച് സകലജനതകളോടും അവിടത്തെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കപ്പെടുകയും വേണം. ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു. എന്റെ പിതാവുചെയ്ത വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. എന്നാൽ, ഉന്നതത്തിൽനിന്ന് ശക്തി നിങ്ങൾ ധരിക്കുംവരെ നഗരത്തിൽത്തന്നെ താമസിക്കുക.” സ്വർഗാരോഹണം ഇതിനുശേഷം അദ്ദേഹം അവരെ ബെഥാന്യവരെ കൂട്ടിക്കൊണ്ടുപോയി. കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. ഇങ്ങനെ അനുഗ്രഹിച്ചുകൊണ്ടിരിക്കെത്തന്നെ അദ്ദേഹം അവരെ വിട്ട് സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. അവർ അദ്ദേഹത്തെ ആരാധിച്ചു; അത്യാനന്ദത്തോടെ ജെറുശലേമിലേക്ക് മടങ്ങിപ്പോയി. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ സമയമെല്ലാം ദൈവാലയത്തിൽ ചെലവഴിച്ചുകൊണ്ടിരുന്നു.