- Biblica® Open Malayalam Contemporary Version 2020
ലേവ്യ
ലേവ്യാപുസ്തകം
ലേവ്യ
ലേവ്യ.
ലേവ്യാപുസ്തകം
ഹോമയാഗം
യഹോവ സമാഗമകൂടാരത്തിൽനിന്ന് മോശയെ വിളിച്ച് ഇപ്രകാരം അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം.
“ ‘കന്നുകാലികളിൽ ഒന്നിനെ വഴിപാടായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ആണിനെ ഹോമയാഗമായി അർപ്പിക്കണം. അതു യഹോവയ്ക്കു സ്വീകാര്യമായിരിക്കാൻ അയാൾ അതിനെ സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച് അർപ്പിക്കണം. അയാൾ ഹോമയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈവെക്കണം; അത് അയാൾക്കുവേണ്ടി പാപപരിഹാരമായി1:4 അഥവാ, പ്രായശ്ചിത്തമായി സ്വീകരിക്കപ്പെടും. യഹോവയുടെ സന്നിധിയിൽ അയാൾ കാളക്കിടാവിനെ അറക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
“ ‘വഴിപാട് ആട്ടിൻപറ്റത്തിലെ ചെമ്മരിയാടോ കോലാടോ ആകുന്നെങ്കിൽ, ഊനമില്ലാത്ത ആണിനെ അർപ്പിക്കണം. അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. ഇതിനുശേഷം അയാൾ അതിനെ കഷണങ്ങളായി മുറിക്കണം. പുരോഹിതൻ തലയും മേദസ്സുമുൾപ്പെടെ അവയെ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാം ഹോമയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
“ ‘യഹോവയ്ക്കുള്ള വഴിപാടായി പക്ഷിയെയാണ് ഹോമയാഗം അർപ്പിക്കുന്നതെങ്കിൽ അയാൾ ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം. പുരോഹിതൻ അതിനെ യാഗപീഠത്തിൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ച് യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ ഒഴിച്ചുകളയണം. അയാൾ അതിന്റെ അന്നസഞ്ചി പപ്പുംചേർത്തു1:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു ചാരം ഇടുന്ന സ്ഥലത്തു കളയണം. അയാൾ അതിനെ പൂർണമായി വേർപെടുത്താതെ ചിറകുകളോടുകൂടെ പിളർക്കണം. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വിറകിനുമീതേ ഹോമയാഗമായി ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
ഭോജനയാഗം
“ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം. അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി2:2 അഥവാ, പ്രതിരൂപം. വാ. 2: 9,16 കാണുക. യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
“ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം. നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം. അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം. നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം. ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം. അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം. ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
“ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്. നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്. നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
“ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം. അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം. ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.
സമാധാനയാഗം
“ ‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ അതിനെ അറക്കുകയും ചെയ്യണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. സമാധാനയാഗത്തിൽനിന്ന്, അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം. അഹരോന്റെ പുത്രന്മാർ, യാഗപീഠത്തിൽ കത്തുന്ന വിറകിന്മേലുള്ള ഹോമയാഗത്തിനുമീതേ അത് ദഹിപ്പിക്കണം. അത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
“ ‘ഒരാൾ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നിനെ യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ഒരു ആണിനെയോ പെണ്ണിനെയോ അർപ്പിക്കണം. ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നെങ്കിൽ യഹോവയുടെ സന്നിധിയിൽ അതിനെ അർപ്പിക്കണം. അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അതിനെ അറക്കുകയും വേണം. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. പുരോഹിതൻ അതു യാഗപീഠത്തിൽ ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ദഹനയാഗമാകുന്നു.
“ ‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം. അയാൾ അതിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അറക്കുകയും വേണം, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. അയാൾ അർപ്പിക്കുന്നതിൽനിന്ന് അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് അയാൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. പുരോഹിതൻ യാഗപീഠത്തിൽ ഹൃദ്യസുഗന്ധമായ ദഹനയാഗമായി അവയെ ദഹിപ്പിക്കണം. മേദസ്സെല്ലാം യഹോവയ്ക്കുള്ളതാണ്.
“ ‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’ ”
പാപശുദ്ധീകരണയാഗം
യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ—
“ ‘മഹാപുരോഹിതൻ4:3 മൂ.ഭാ. അഭിഷിക്തനായ മഹാപുരോഹിതൻ. വാ. 5, 16 കാണുക. സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം. ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം. പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും, വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം— സമാധാനയാഗമായി അർപ്പിച്ച കാളയുടെ4:10 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം.
“ ‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്. അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം. ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം. എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം. പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം. അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം. പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും. പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.
“ ‘ഒരു പ്രമാണി മനഃപൂർവമല്ലാതെ പാപംചെയ്ത്, തന്റെ ദൈവമായ യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ അവൻ കുറ്റക്കാരനാണ്. അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം. അവൻ ആ കോലാടിന്റെ തലയിൽ കൈവെച്ചു ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് യഹോവയുടെമുമ്പാകെ അതിനെ അറക്കണം. അത് ഒരു പാപശുദ്ധീകരണയാഗം. അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് കുറെ പാപശുദ്ധീകരണയാഗരക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും.
“ ‘ദേശത്തിലെ ജനത്തിൽ ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്ത്, യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ ആ മനുഷ്യൻ കുറ്റക്കാരനാണ്. അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം. അയാൾ പാപശുദ്ധീകരണയാഗത്തിന്റെ തലയിൽ കൈവെച്ചു ഹോമയാഗസ്ഥലത്ത് അതിനെ അറക്കണം. അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് അതിന്റെ കുറെ രക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം, ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. പുരോഹിതൻ സമാധാനയാഗത്തിൽനിന്നുള്ള മേദസ്സു നീക്കംചെയ്തതുപോലെ മേദസ്സു മുഴുവനും നീക്കംചെയ്ത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അതിനെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇങ്ങനെ പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
“ ‘ആരെങ്കിലും പാപശുദ്ധീകരണയാഗമായി ഒരു ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ അർപ്പിക്കണം. അയാൾ തന്റെ കൈ അതിന്റെ തലയിൽവെച്ച്, ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് പാപശുദ്ധീകരണയാഗത്തിനായി അറക്കണം. അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. സമാധാനയാഗത്തിൽ ആട്ടിൻകുട്ടിയുടെ മേദസ്സു നീക്കംചെയ്തതുപോലെ അയാൾ മേദസ്സു മുഴുവൻ നീക്കണം. പുരോഹിതൻ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗമെന്നപോലെ അതിനെ ദഹിപ്പിക്കണം. അയാൾ ചെയ്ത പാപത്തിനു പുരോഹിതൻ ഈ വിധം പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
“ ‘സാക്ഷിമൊഴി നൽകാൻ പരസ്യപ്പെടുത്തിയ കൽപ്പന കേട്ടിട്ടും താൻ കണ്ടതോ അറിഞ്ഞതോ ആയ സംഗതി അറിയിക്കാതെ ആ വിധത്തിൽ പാപംചെയ്യുന്ന വ്യക്തി തന്റെ കുറ്റം വഹിക്കണം.
“ ‘ആചാരപരമായി അശുദ്ധമായ5:2 മൂ.ഭാ. ആചാരപരമായി എന്ന പ്രയോഗം കാണുന്നില്ല. ലേവ്യാപുസ്തകത്തിൽ അശുദ്ധി, ശാരീരികമായ ശുദ്ധിയോ അശുദ്ധിയോ അല്ല വിവക്ഷിക്കുന്നത്. പ്രത്യുത, യെഹൂദാമതപരമായ, അഥവാ, ആചാരപരമായ അശുദ്ധിയാണ് വ്യക്തമാക്കുന്നത്. എന്തെങ്കിലുമോ ശുദ്ധിയില്ലാത്ത കാട്ടുമൃഗം, ശുദ്ധിയില്ലാത്ത കന്നുകാലി, മണ്ണിൽ ഇഴയുന്ന ശുദ്ധിയില്ലാത്ത ഇഴജന്തു എന്നിവയിൽ ഏതിന്റെയെങ്കിലും ശവമോ ആരെങ്കിലും അറിയാതെ സ്പർശിക്കുകയും എന്നാൽ അത് ആ മനുഷ്യൻ തിരിച്ചറിയുകയും ചെയ്താൽ അയാൾ അശുദ്ധനും കുറ്റക്കാരനുമാണ്. അല്ലെങ്കിൽ ആരെങ്കിലും ഒരു മനുഷ്യനെ അറിയാതെ സ്പർശിക്കുകയും അങ്ങനെ ആ വ്യക്തി അശുദ്ധമായിത്തീരുകയും ചെയ്താൽ, ആ മനുഷ്യൻ അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് അറിയുമ്പോൾ അയാൾ കുറ്റക്കാരനാകും. അല്ലെങ്കിൽ ഒരാൾ അവിവേകത്തോടെ നന്മയോ തിന്മയോ ആയ എന്തെങ്കിലും കാര്യം ചെയ്യാൻ ശപഥംചെയ്യുകയോ ഏതെങ്കിലും കാര്യത്തിൽ അശ്രദ്ധമായി ആണയിടുകയോ ചെയ്താൽ, ആ മനുഷ്യൻ അതിനെക്കുറിച്ച് അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് തിരിച്ചറിയുമ്പോൾ അയാൾ കുറ്റക്കാരനാകും. ആരെങ്കിലും ഇവയിൽ ഏതിലെങ്കിലും കുറ്റക്കാരാകുന്നെങ്കിൽ, അവർ ഏതിലാണു പാപം ചെയ്തതെന്ന് ഏറ്റുപറയണം. താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് പ്രായശ്ചിത്തമായി5:6 മൂ.ഭാ. അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയോ പെൺകോലാടിനെയോ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. പുരോഹിതൻ അവരുടെ പാപത്തിന് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം.
“ ‘ആ മനുഷ്യന് ഒരു ആട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, തന്റെ പാപത്തിന്റെ ശിക്ഷയായി രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും യഹോവയ്ക്ക് അർപ്പിക്കണം. ആ വ്യക്തി അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ആദ്യം ഒന്നിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അതിന്റെ തല കഴുത്തിൽനിന്ന് പൂർണമായി വേർപെട്ടുപോകാതെ പിരിച്ചുമുറിക്കണം. പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം യാഗപീഠത്തിന്റെ വശത്തു തളിക്കണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം. ഇതു പാപശുദ്ധീകരണയാഗം. പിന്നീടു പുരോഹിതൻ മറ്റേതിനെ നിർദിഷ്ടരീതിയിൽ ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
“ ‘എന്നാൽ, ആ മനുഷ്യനു രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ വകയില്ലെങ്കിൽ, തന്റെ പാപത്തിനുവേണ്ടി വഴിപാടായി ഒരു ഓമെർ നേരിയമാവ്5:11 ഏക. 1.6 കി.ഗ്രാം. പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അത് ഒരു പാപശുദ്ധീകരണയാഗമായതുകൊണ്ട് അവൻ അതിൽ ഒലിവെണ്ണയോ കുന്തിരിക്കമോ ചേർക്കരുത്. അയാൾ അതിനെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അതിൽനിന്ന് ഒരുപിടി സ്മാരകഭാഗമായി എടുത്തു യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമെന്നപോലെ ദഹിപ്പിക്കണം. ഇതു പാപശുദ്ധീകരണയാഗം. ആ മനുഷ്യൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അവനോടു ക്ഷമിക്കും. ബാക്കിയുള്ളതു ഭോജനയാഗത്തിലെന്നപോലെ പുരോഹിതനുള്ളതായിരിക്കും.’ ”
അകൃത്യയാഗം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരാൾ യഹോവയുടെ വിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് മനഃപൂർവമല്ലാതെ പിഴവുപറ്റി പാപംചെയ്താൽ, ഊനമില്ലാത്തതും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിർദിഷ്ട ശേക്കേൽ വെള്ളി5:15 ഏക. 12 ഗ്രാം. വിലയുള്ളതുമായ ഒരു ആണാടിനെ ആട്ടിൻപറ്റത്തിൽനിന്ന് പ്രായശ്ചിത്തമായി യഹോവയ്ക്ക് അർപ്പിക്കണം. ഇത് അകൃത്യയാഗം. ഇതിനോടൊപ്പം വിശുദ്ധകാര്യങ്ങളെക്കുറിച്ചു തനിക്കു പിഴവുപറ്റിയതും അതിന്റെ അഞ്ചിലൊന്നും നഷ്ടപരിഹാരമായി5:16 നഷ്ടപരിഹാരം പണമായിട്ടാണോ സാധനമായിട്ടാണോ നൽകേണ്ടതെന്ന് എബ്രായഭാഷയിൽനിന്ന് വ്യക്തമല്ല. ആ മനുഷ്യൻ പുരോഹിതനെ ഏൽപ്പിക്കണം. പുരോഹിതൻ അകൃത്യയാഗത്തിന്റെ ആണാടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തംചെയ്യും; എന്നാൽ അത് അവനോടു ക്ഷമിക്കും.
“ആരെങ്കിലും പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ, ആ വ്യക്തിക്ക് അത് അറിഞ്ഞുകൂടെങ്കിലും അയാൾ കുറ്റക്കാരനാണ്; അതിന്റെ കുറ്റം അയാൾ വഹിക്കണം. ആ മനുഷ്യൻ ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും ന്യായമായ വിലയുള്ളതുമായ ഒരു ആണാടിനെ അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധം പുരോഹിതൻ, അയാൾ അറിയാതെ ചെയ്ത തെറ്റിന്, അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവനോടു ക്ഷമിക്കും. ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.”
യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ— ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം. ആ വ്യക്തി അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും നിർദിഷ്ട വിലയുള്ളതുമായ ഒരു ആണാടിനെ യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധത്തിൽ പുരോഹിതൻ ആ മനുഷ്യനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അയാൾ ചെയ്ത കുറ്റമൊക്കെയും ക്ഷമിക്കും.”
ഹോമയാഗം
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനും പുത്രന്മാർക്കും ഈ കൽപ്പന കൊടുക്കുക: ‘ഹോമയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗം രാത്രിമുഴുവനും രാവിലെവരെ യാഗപീഠത്തിലെ നെരിപ്പോടിലിരിക്കണം; യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കുകയും വേണം. പുരോഹിതൻ പരുത്തിനൂൽവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുകൊണ്ട് യാഗപീഠത്തിൽ ഹോമയാഗം ദഹിച്ചുണ്ടാകുന്ന ചാരം എടുത്തു യാഗപീഠത്തിന്റെ ഒരുവശത്തു വെക്കണം. പിന്നെ അദ്ദേഹം ആ വസ്ത്രങ്ങൾ മാറി വേറെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു പാളയത്തിനുപുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്തേക്ക് ആ ചാരം കൊണ്ടുപോകണം. യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം. യാഗപീഠത്തിലെ തീ നിരന്തരമായി കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്.
ഭോജനയാഗം
“ ‘ഭോജനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിനുമുമ്പിൽ അതു കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും ഒലിവെണ്ണയും ഭോജനയാഗത്തിനുള്ള കുന്തിരിക്കം മുഴുവനും എടുത്ത്, സ്മാരകഭാഗമായി യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ദഹിപ്പിക്കണം. അതിൽ ബാക്കിയുള്ളത് അഹരോനും പുത്രന്മാരും ഭക്ഷിക്കണം; എന്നാൽ അതു പുളിപ്പില്ലാത്തതായി വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അവർ അതു സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവെച്ചു ഭക്ഷിക്കണം. അതു പുളിപ്പുചേർത്തു ചുടരുത്; എനിക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽ ഇതു ഞാൻ അവർക്ക് ഓഹരിയായി കൊടുത്തിരിക്കുന്നു. പാപശുദ്ധീകരണയാഗവും അകൃത്യയാഗവുംപോലെതന്നെ ഇത് ഏറ്റവും വിശുദ്ധമാണ്. അഹരോന്റെ മക്കളിൽ ഏതൊരാണിനും ദഹനയാഗങ്ങളിൽനിന്ന് ഭക്ഷിക്കാം. അത് യഹോവയ്ക്ക് അർപ്പിക്കുന്ന യാഗത്തിൽനിന്ന് അദ്ദേഹത്തിനു തലമുറതലമുറയായി എന്നെന്നേക്കുമുള്ള അവകാശമാണ്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും.’ ”
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അദ്ദേഹവും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട വഴിപാട് ഇതാണ്: നിരന്തരം അർപ്പിക്കേണ്ട ഭോജനയാഗത്തിനായി ഒരു ഓമെർ6:20 മൂ.ഭാ. ഒരു ഏഫായുടെ പത്തിലൊന്ന്. ഏകദേശം 1.6 കി.ഗ്രാം. നേരിയമാവ്, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം അത് എണ്ണചേർത്ത് അപ്പച്ചട്ടിയിൽ പാകംചെയ്യണം; നന്നായി കുഴച്ച് കഷണങ്ങളാക്കി6:21 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അർപ്പിക്കണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഭോജനയാഗം. മഹാപുരോഹിതനായി തന്റെ പിൻതുടർച്ചക്കാരനാകേണ്ട പുത്രൻ അതു പാകംചെയ്യണം. അത് യഹോവയ്ക്കു നിത്യമായ ഓഹരി. അതു പൂർണമായി ദഹിപ്പിക്കപ്പെടണം. ഒരു പുരോഹിതന്റെ ഓരോ ഭോജനയാഗവും പൂർണമായി ദഹിപ്പിക്കണം; അതു ഭക്ഷിക്കാൻ അനുവാദമില്ല.”
പാപശുദ്ധീകരണയാഗം
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും പറയുക: ‘പാപശുദ്ധീകരണയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്തുവെച്ചു പാപശുദ്ധീകരണയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറക്കണം; അത് ഏറ്റവും വിശുദ്ധമാണ്. അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ, വിശുദ്ധസ്ഥലത്തുവെച്ച് അതു ഭക്ഷിക്കണം. ആ മാംസത്തിൽ സ്പർശിക്കുന്നതെന്തും വിശുദ്ധമായിരിക്കും, ഒരു വസ്ത്രത്തിൽ രക്തം തെറിച്ചാൽ നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ചു കഴുകണം. ആ മാംസം പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം, എന്നാൽ അത് ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ, ആ പാത്രം വെള്ളത്തിൽ തേച്ചുകഴുകണം. ഒരു പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു പുരുഷനും അതു ഭക്ഷിക്കാം; അത് ഏറ്റവും വിശുദ്ധമാണ്. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം കഴിക്കാനായി സമാഗമകൂടാരത്തിൽ രക്തം കൊണ്ടുവരുന്ന പാപശുദ്ധീകരണയാഗം ഭക്ഷിക്കരുത്; അതു ചുട്ടുകളയണം.
അകൃത്യയാഗം
“ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം. പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം. പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്.
“ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്. ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം. അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.
സമാധാനയാഗം
“ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
“ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം. സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം. ആ മനുഷ്യൻ യഹോവയ്ക്കുവേണ്ടി ഓരോ ഇനത്തിൽ ഒന്നുവീതം സ്വമേധാർപ്പണമായി കൊണ്ടുവരണം; അത് സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിനുചുറ്റും തളിക്കുന്ന പുരോഹിതനുള്ളതാണ്. സ്തോത്രാർപ്പണമായ സമാധാനയാഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം; അതിലൊട്ടും രാവിലെവരെ ശേഷിപ്പിക്കരുത്.
“ ‘എന്നാൽ അദ്ദേഹത്തിന്റെ യാഗം ഒരു നേർച്ചയോ സ്വമേധായാഗമോ ആണെങ്കിൽ, ആ യാഗം അർപ്പിക്കുന്ന ദിവസം അതു ഭക്ഷിക്കണം; എന്നാൽ എന്തെങ്കിലും ശേഷിച്ചാൽ അടുത്തദിവസം ഭക്ഷിക്കാവുന്നതാണ്. യാഗമാംസത്തിൽ മൂന്നാംദിവസംവരെ അവശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം. സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം മൂന്നാംദിവസം ഭക്ഷിച്ചാൽ അതു പ്രസാദകരമല്ല. അത് അർപ്പിക്കുന്നയാളുടെപേരിൽ കണക്കാക്കുകയില്ല, കാരണം അത് അശുദ്ധമായിത്തീരും; അതിന്റെ ഏതെങ്കിലും ഒരുഭാഗം ഭക്ഷിക്കുന്നയാൾ കുറ്റക്കാരനായിരിക്കും.
“ ‘ആചാരപരമായി, അശുദ്ധമായ എന്തിനെയെങ്കിലും സ്പർശിച്ചിട്ടുള്ള മാംസം ഭക്ഷിക്കരുത്; അതു തീയിലിട്ടു ചുട്ടുകളയണം. മറ്റു മാംസമാകട്ടെ, ആചാരപരമായി ശുദ്ധിയുള്ള ഏതൊരാൾക്കും ഭക്ഷിക്കാം. യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം അശുദ്ധരായ ആരെങ്കിലും ഭക്ഷിച്ചാൽ, അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. ആരെങ്കിലുമൊരാൾ അശുദ്ധമായ എന്തെങ്കിലും—മനുഷ്യന്റെ അശുദ്ധിയോ ഒരു അശുദ്ധമൃഗമോ അശുദ്ധവും നിഷിദ്ധവുമായ എന്തെങ്കിലുമോ—സ്പർശിച്ചിട്ട്, യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം ഭക്ഷിച്ചാൽ, ആ വ്യക്തിയെ തന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”
മേദസ്സും രക്തവും ഭക്ഷിക്കരുത്
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: ‘കന്നുകാലിയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്സ് അൽപ്പംപോലും ഭക്ഷിക്കരുത്. ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ മൃഗത്തിന്റെ മേദസ്സു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം, എന്നാൽ അതു ഭക്ഷിക്കരുത്. യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാനുള്ള മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നയാൾ അവരുടെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം. നിങ്ങൾ എവിടെ ജീവിച്ചാലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം കുടിക്കരുത്. ആരെങ്കിലും രക്തം കുടിച്ചാൽ ആ മനുഷ്യൻ തന്റെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.’ ”
പുരോഹിതന്റെ വീതം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സമാധാനയാഗം കൊണ്ടുവരുന്നയാൾ അതിന്റെ ഭാഗം ആ മനുഷ്യന്റെ യാഗമായി യഹോവയ്ക്ക് അർപ്പിക്കണം. അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക. പുരോഹിതൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം, എന്നാൽ നെഞ്ച് അഹരോനും തന്റെ പുത്രന്മാർക്കുമുള്ളതാണ്. നിങ്ങളുടെ സമാധാനയാഗത്തിന്റെ വലതുതുട പുരോഹിതന് ഒരു സ്വമേധാദാനമായി കൊടുക്കണം. അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗത്തിന്റെ രക്തവും മേദസ്സും അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്, വലത്തെ തുട. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ”
അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതന്മാരായി സമർപ്പിച്ച നാളിൽ, യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽനിന്ന് അവർക്കുള്ള ഓഹരി ഇതാണ്. അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു.
ഇവയാണ്, ദഹനയാഗം, ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം, പ്രതിഷ്ഠായാഗം, സമാധാനയാഗം എന്നിവയുടെ ചട്ടങ്ങൾ. സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.
അഹരോന്റെയും പുത്രന്മാരുടെയും പ്രതിഷ്ഠ
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനെയും പുത്രന്മാരെയും അവരോടുകൂടെ വസ്ത്രം, അഭിഷേകതൈലം, പാപശുദ്ധീകരണയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരിക; മുഴുസഭയെയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൂട്ടുക.” യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു, സഭ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നുകൂടി.
മോശ സഭയോടു പറഞ്ഞു: “യഹോവ ചെയ്യണമെന്ന് അരുളിച്ചെയ്തത് ഇതാണ്.” പിന്നെ മോശ അഹരോനെയും പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന് അവരെ വെള്ളത്തിൽ കഴുകി. അദ്ദേഹം അഹരോനെ കുപ്പായം ധരിപ്പിച്ചു, അരക്കച്ച ചുറ്റിക്കെട്ടി, മേലങ്കി അണിയിച്ചു. ഏഫോദ്8:7 അഥവാ, പുരോഹിതവസ്ത്രം ധരിപ്പിച്ചു. വിദഗ്ധമായി നെയ്ത അതിന്റെ അരക്കച്ചകൊണ്ട് അദ്ദേഹം ഏഫോദ് ചേർത്തുകെട്ടി. അദ്ദേഹത്തെ നിർണയപ്പതക്കം അണിയിച്ചു. നിർണയപ്പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു. ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.
പിന്നെ മോശ അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിനകത്തുള്ള സകലതും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. അദ്ദേഹം കുറെ തൈലം പീഠത്തിന്മേൽ ഏഴുപ്രാവശ്യം തളിച്ചു, യാഗപീഠവും അതിലെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അദ്ദേഹത്തെ അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ, പിന്നീട് അദ്ദേഹം അഹരോന്റെ പുത്രന്മാരെ മുമ്പോട്ടുകൊണ്ടുവന്ന് അവരെ കുപ്പായം ധരിപ്പിച്ചു. അരക്കച്ച കെട്ടി, ശിരോവസ്ത്രവും വെച്ചു.
ഇതിനുശേഷം മോശ പാപശുദ്ധീകരണയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു, അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു. മോശ കാളയെ അറത്ത്, രക്തം കുറെ എടുത്ത് അദ്ദേഹത്തിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, യാഗപീഠത്തെ ശുദ്ധീകരിച്ചു. ശേഷിച്ചരക്തം അദ്ദേഹം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ പ്രായശ്ചിത്തം അർപ്പിക്കാൻ അദ്ദേഹം യാഗപീഠത്തെ ശുദ്ധീകരിച്ചു. മോശ, ആന്തരികാവയവങ്ങൾക്കു ചുറ്റുമുള്ള എല്ലാ മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് യാഗപീഠത്തിൽ ദഹിപ്പിച്ചു. എന്നാൽ യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം കാളയെ അതിന്റെ തുകൽ, മാംസം, ചാണകം എന്നിവയോടുകൂടെ പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളഞ്ഞു.
പിന്നെ അദ്ദേഹം ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെച്ചു. പിന്നെ മോശ ആട്ടുകൊറ്റനെ അറത്തു രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. അദ്ദേഹം ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തിൽ കഴുകി ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
പിന്നെ അദ്ദേഹം പ്രതിഷ്ഠയ്ക്കുള്ള രണ്ടാമത്തെ ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെച്ചു. മോശ ആട്ടുകൊറ്റനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടി. അഹരോന്റെ പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന്, മോശ അവരുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും രക്തം പുരട്ടി. പിന്നെ അദ്ദേഹം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിച്ചു. ഇതിനുശേഷം അദ്ദേഹം മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിലുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുത്തു. പിന്നെ യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരുന്ന കുട്ടയിൽനിന്ന് അദ്ദേഹം ഒരു വടയും ഒലിവെണ്ണചേർത്തുണ്ടാക്കിയ ഒരു അടയും ഒരു ദോശയും എടുത്ത്, മേദസ്സിന്മേലും വലതുതുടയിന്മേലും വെച്ചു. അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു. അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. പ്രതിഷ്ഠായാഗത്തിനുള്ള ആട്ടുകൊറ്റനിൽ മോശയുടെ ഓഹരിയായ നെഞ്ച് എടുത്തു യഹോവ മോശയോടു കൽപ്പിച്ചതുപോലെ യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
പിന്നെ മോശ കുറച്ച് അഭിഷേകതൈലവും യാഗപീഠത്തിൽനിന്ന് കുറച്ച് രക്തവും എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിച്ചു. അങ്ങനെ അദ്ദേഹം അഹരോനെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.
ഇതിനുശേഷം മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “ ‘അഹരോനും പുത്രന്മാരും അതു ഭക്ഷിക്കണം’ എന്നു ഞാൻ കൽപ്പിച്ചതുപോലെ, സമാഗമകൂടാരവാതിലിൽ മാംസം പാകംചെയ്ത്, പ്രതിഷ്ഠായാഗത്തിനുള്ള കുട്ടയിലെ അപ്പത്തോടുകൂടെ അതു ഭക്ഷിക്കണം. ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിക്കണം. നിങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷ ഏഴുദിവസമാണ്. അതു കഴിയുന്നതുവരെ, ഏഴുദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ കവാടംവിട്ട് പുറത്തുപോകരുത്. യഹോവ കൽപ്പിച്ചതനുസരിച്ചു നിങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തമാണ് ഇന്നു ചെയ്തത്. നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് ഏഴു രാവും ഏഴു പകലും യഹോവ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ട് സമാഗമകൂടാരവാതിലിൽ താമസിക്കണം; അങ്ങനെയാണ് എന്നോടു കൽപ്പിച്ചിരിക്കുന്നത്.”
അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു.
പുരോഹിതന്മാർ അവരുടെ ശുശ്രൂഷ ആരംഭിക്കുന്നു
പ്രതിഷ്ഠാശുശ്രൂഷയ്ക്കുശേഷം, എട്ടാംദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരെയും വിളിച്ചു. അദ്ദേഹം അഹരോനോടു പറഞ്ഞത്, “നിങ്ങളുടെ പാപശുദ്ധീകരണയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും നിങ്ങളുടെ ഹോമയാഗത്തിനായി ഒരു ആട്ടുകൊറ്റനെയും യഹോവയുടെമുമ്പാകെ സമർപ്പിക്കണം. എന്നിട്ട് ഇസ്രായേല്യരോടു പറയണം: ‘പാപശുദ്ധീകരണയാഗത്തിനായി ഒരു ആൺകോലാടിനെയും ഹോമയാഗത്തിനായി ഊനമില്ലാത്തതും ഒരുവയസ്സു പ്രായമുള്ളതുമായ ഒരു കാളക്കിടാവിനെയും ഒരു ആട്ടിൻകുട്ടിയെയും സമാധാനയാഗത്തിനായി ഒരു കാളയെയും9:4 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ഒരു ആട്ടുകൊറ്റനെയും ഒലിവെണ്ണയിൽ കുഴച്ച ഭോജനയാഗത്തോടൊപ്പം യഹോവയുടെമുമ്പാകെ യാഗം കഴിക്കാൻ എടുക്കണം. കാരണം, യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”
മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു. പിന്നെ മോശ പറഞ്ഞു: “യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകുന്നതുകൊണ്ട്, നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചത് ഇതാണ്.”
മോശ അഹരോനോടു പറഞ്ഞു: “യഹോവ കൽപ്പിച്ചതുപോലെ യാഗപീഠത്തിലേക്കു വന്നു നിങ്ങൾ പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക; ജനത്തിനുവേണ്ടിയുള്ള വഴിപാടും യാഗവും കഴിച്ചു ജനത്തിന്നു പ്രായശ്ചിത്തം ചെയ്യുക.”
അങ്ങനെ അഹരോൻ യാഗപീഠത്തിലേക്കു വന്നു കാളക്കിടാവിനെ തനിക്കുവേണ്ടി പാപശുദ്ധീകരണയാഗമായി അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം തന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അദ്ദേഹം പാപശുദ്ധീകരണയാഗത്തിൽനിന്ന് മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു.
പിന്നെ അഹരോൻ ഹോമയാഗമൃഗത്തെ അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയും അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കുകയും ചെയ്തു. അവർ ഹോമയാഗമൃഗത്തെ തലയുൾപ്പെടെ കഷണംകഷണമായി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു.
അഹരോൻ പിന്നീടു ജനത്തിനുവേണ്ടിയുള്ള വഴിപാടുകൊണ്ടുവന്നു. അദ്ദേഹം ജനത്തിന്റെ പാപശുദ്ധീകരണയാഗത്തിനുള്ള കോലാടിനെ എടുത്ത് അതിനെ അറത്ത് ആദ്യത്തേതിനെ ചെയ്തതുപോലെ പാപശുദ്ധീകരണയാഗമായി അർപ്പിച്ചു.
അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു. അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.
അദ്ദേഹം കാളയെയും ആട്ടുകൊറ്റനെയും ജനത്തിനുവേണ്ടിയുള്ള സമാധാനയാഗമായി അറത്തു. അഹരോന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. എന്നാൽ അവർ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സ്, തടിച്ചവാൽ, ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ് എന്നിവ നെഞ്ചിന്മേൽവെച്ചു. എന്നിട്ട് അഹരോൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിച്ചു. മോശ കൽപ്പിച്ചതുപോലെ അഹരോൻ നെഞ്ചും വലതുതുടയും യഹോവയുടെമുമ്പാകെ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
പിന്നെ അഹരോൻ കൈകൾ ഉയർത്തി ജനത്തിനുനേരേ അവരെ അനുഗ്രഹിച്ചു. പാപശുദ്ധീകരണയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അദ്ദേഹം താഴേക്കിറങ്ങി.
മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു ഹോമയാഗമൃഗത്തെയും യാഗപീഠത്തിന്മേലിരുന്ന മേദസ്സിനെയും ദഹിപ്പിച്ചു. അതുകണ്ടപ്പോൾ ജനമെല്ലാം ആനന്ദത്താൽ ആർത്തു സാഷ്ടാംഗം വീണു.
നാദാബിന്റെയും അബീഹൂവിന്റെയും മരണം
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീയിട്ടു സുഗന്ധദ്രവ്യവും ചേർത്തു; തങ്ങളോടു കൽപ്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെമുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു, അവർ യഹോവയുടെ സന്നിധിയിൽ മരിച്ചു. മോശ അഹരോനോടു പറഞ്ഞു, “യഹോവ അരുളിച്ചെയ്തപ്പോൾ പറഞ്ഞതിതാണ്:
“ ‘എന്നോട് അടുത്തുവരുന്നവരിലൂടെ
ഞാൻ എന്റെ പരിശുദ്ധി തെളിയിക്കും;
സർവജനത്തിന്റെയും മുമ്പിൽ
ഞാൻ മഹത്ത്വപ്പെടും.’ ”
അഹരോൻ മൗനമായിരുന്നു.
മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “ഇവിടെ വരിക, നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനുപുറത്ത് അകലെ കൊണ്ടുപോകുക.” അങ്ങനെ അവർ വന്നു, മോശ കൽപ്പിച്ചതുപോലെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനുപുറത്തു കൊണ്ടുപോയി.
പിന്നെ മോശ അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും സർവസഭയുടെയുംമേൽ കോപം വരാതിരിക്കേണ്ടതിനും നിങ്ങൾ തലമുടി ചീകാതിരിക്കുകയോ10:6 അഥവാ, നിങ്ങൾ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്. എന്നാൽ നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേൽഗൃഹം മുഴുവനും യഹോവ തീയാൽ നശിപ്പിച്ചവരെച്ചൊല്ലി വിലപിക്കട്ടെ. നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് സമാഗമകൂടാരത്തിന്റെ കവാടം വിട്ടുപോകരുത്. കാരണം, യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നു.” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ ചെയ്തു.
പിന്നീടു യഹോവ അഹരോനോടു പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു. ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം. യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”
മോശ അഹരോനോടും അദ്ദേഹത്തിന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “യഹോവയ്ക്കു ദഹനയാഗം അർപ്പിച്ചതിനുശേഷമുള്ള ഭോജനയാഗം എടുത്ത്, പുളിപ്പില്ലാതെ ഒരുക്കി യാഗപീഠത്തിന്റെ വശത്തുവെച്ച് ഭക്ഷിക്കുക; കാരണം അത് അതിവിശുദ്ധമാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതു നിന്റെയും നിന്റെ പുത്രന്മാരുടെയും ഓഹരിയാണ്. അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം. ഇങ്ങനെ എന്നോടു കൽപ്പിച്ചിരിക്കുന്നു. എന്നാൽ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും ഭക്ഷിക്കാം. ആചാരപരമായി ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് അവ ഭക്ഷിക്കണം. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽ നിനക്കും നിന്റെ മക്കൾക്കും നിങ്ങളുടെ ഓഹരിയായി അവ നൽകപ്പെട്ടിരിക്കുന്നു. വിശിഷ്ടയാഗാർപ്പണമായ തുടയും ഉയർത്തി അർപ്പിക്കാനുള്ള നെഞ്ചും ദഹനയാഗങ്ങളുടെ മേദസ്സോടുകൂടെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. യഹോവ കൽപ്പിച്ചതുപോലെ ഇതു നിന്റെയും നിന്റെ മക്കളുടെയും ശാശ്വതാവകാശം ആയിരിക്കും.”
പാപശുദ്ധീകരണയാഗത്തിന്റെ കോലാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതു ദഹിപ്പിച്ചുപോയി എന്നുകണ്ട് അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചു. “ആ പാപശുദ്ധീകരണയാഗം നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ച് ഭക്ഷിക്കാഞ്ഞതെന്ത്? അത് അതിവിശുദ്ധമല്ലോ. സഭയുടെ അകൃത്യം അകറ്റിക്കളയാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം ചെയ്യാനുമാണ് അതു നിങ്ങൾക്കു നൽകിയിരിക്കുന്നത്. അതിന്റെ രക്തം വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരാഞ്ഞതുകൊണ്ടു ഞാൻ കൽപ്പിച്ചതുപോലെ കോലാടിനെ നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”
അഹരോൻ മോശയോടു മറുപടി പറഞ്ഞു: “ഇന്ന് അവർ അവരുടെ പാപശുദ്ധീകരണയാഗവും ഹോമയാഗവും യഹോവയുടെമുമ്പാകെ അർപ്പിച്ചു. എനിക്കോ ഇങ്ങനെയെല്ലാം സംഭവിച്ചു. ഇന്നു ഞാൻ പാപശുദ്ധീകരണയാഗം ഭക്ഷിച്ചിരുന്നെങ്കിൽ യഹോവ പ്രസാദിക്കുമായിരുന്നോ?” ഇതു കേട്ടപ്പോൾ മോശയ്ക്കു തൃപ്തിയായി.
ശുദ്ധവും അശുദ്ധവുമായ ആഹാരം
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
“ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്. മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
“ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
“ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ,11:13 ഈ അധ്യായത്തിലെ പക്ഷികൾ, ഷഡ്പദങ്ങൾ, മൃഗങ്ങൾ എന്നിവ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. ചെമ്പരുന്ത്, കരിമ്പരുന്ത് ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്, എല്ലാ ഇനത്തിലുംപെട്ട കാക്ക, ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
“ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്. നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം. ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം. എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
“ ‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും. നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
“ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും. അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും. അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം. ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും. അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം. എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്. നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും. എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
“ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
“ ‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്. ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം. ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
“ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു. നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”
പ്രസവാനന്തര ശുദ്ധീകരണം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുന്ന സ്ത്രീ ആർത്തവകാലത്തെന്നപോലെ ഏഴുദിവസം ആചാരപരമായി അശുദ്ധയായിരിക്കും. എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം12:3 അതായത്, സുന്നത്ത് ചെയ്യിക്കണം. ഇതിനുശേഷം സ്ത്രീ രക്തസ്രാവം നിലച്ചു ശുദ്ധിയായിത്തീരുന്നതിനു മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണകാലം തീരുന്നതുവരെ അവൾ വിശുദ്ധമായതൊന്നും സ്പർശിക്കരുത്; വിശുദ്ധസ്ഥലത്തു പോകുകയുമരുത്. അവൾ ഒരു മകളെയാണു പ്രസവിക്കുന്നതെങ്കിൽ, ആർത്തവകാലത്തെന്നപോലെ രണ്ടാഴ്ച അവൾ അശുദ്ധയായിരിക്കും. പിന്നീട് അവൾ രക്തസ്രാവം നിലച്ചു ശുദ്ധയായിത്തീരുന്നതിന് അറുപത്താറു ദിവസം കാത്തിരിക്കണം.
“ ‘മകനോ മകൾക്കോവേണ്ടിയുള്ള അവളുടെ ശുദ്ധീകരണകാലം കഴിയുമ്പോൾ, ഒരുവയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ കുറുപ്രാവിനെയോ പാപശുദ്ധീകരണയാഗത്തിനായും സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തമായി അർപ്പിക്കണം. അപ്പോൾ ആചാരപരമായി അവൾ രക്തസ്രാവത്തിൽനിന്ന് ശുദ്ധയാകും.
“ ‘ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള ചട്ടങ്ങളാണിവ. അവൾക്ക് ഒരാട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ, ഒന്നു ഹോമയാഗത്തിനും മറ്റേതു പാപശുദ്ധീകരണയാഗത്തിനുമായി കൊണ്ടുവരണം. ഈ വിധം പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം, എന്നാൽ അവൾ ശുദ്ധയാകും.’ ”
ഗുരുതരമായ ത്വഗ്രോഗങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന13:2 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം. പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം. അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും. ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം. പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.
“ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല.
“രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്. എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും. പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്. പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം. പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും.
“ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ, പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം. പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്. എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ. എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
“ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ, പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ. എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ. എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്.
“ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്. എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും. അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ, പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
“ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ, പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്.
“ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്. തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്. എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ, ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്.
“കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ13:45 അഥവാ, ശിരോവസ്ത്രം ധരിക്കാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം. അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.
വടുക്കൾ സംബന്ധിച്ച പ്രമാണങ്ങൾ
“ഏതെങ്കിലും കമ്പിളിവസ്ത്രമോ ചണവസ്ത്രമോ ചണം അഥവാ, കമ്പിളികൊണ്ടു നെയ്തതും മെടഞ്ഞതുമായ വസ്ത്രമോ തുകൽ അഥവാ, ഏതെങ്കിലും തുകലുൽപ്പന്നമോ കുഷ്ഠത്തിന്റെ വടുകൊണ്ടു മലിനമായാൽ: വസ്ത്രത്തിലോ തുകലിലോ നെയ്ത്തിലോ മെടഞ്ഞതിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടു ഇളം പച്ചയോ ഇളം ചെമപ്പോ ആണെങ്കിൽ അതു കുഷ്ഠലക്ഷണം; അതു പുരോഹിതനെ കാണിക്കണം. പുരോഹിതൻ വടു പരിശോധിച്ച് അതു ബാധിക്കപ്പെട്ട വസ്തു ഏഴുദിവസം മാറ്റിവെക്കണം. ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്. അദ്ദേഹം—മാലിന്യമുള്ള ആ വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ കമ്പിളിയോ ചണമോ ഏതെങ്കിലും തുകലുൽപ്പന്നമോ—ആ വടു ഗുരുതരമായതുകൊണ്ട് ആ വസ്തു കത്തിച്ചുകളയണം.
“എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ തുകൽസാധനത്തിലോ വടു പടർന്നിട്ടില്ലെങ്കിൽ, അദ്ദേഹം അതു കഴുകാൻ കൽപ്പിക്കണം. പിന്നെ ഏഴുദിവസംകൂടെ അതു മാറ്റിവെക്കണം. ബാധിക്കപ്പെട്ട സാധനം കഴുകിയശേഷം പുരോഹിതൻ പരിശോധിക്കണം. അതു നിറംമാറാതെയും പരക്കാതെയും ഇരുന്നാൽ, അത് അശുദ്ധമാണ്. വടു ഒരുവശത്തോ മറുവശത്തോ ബാധിച്ചിട്ടുള്ളതെന്തായാലും അതിനെ കത്തിച്ചുകളയണം. പുരോഹിതൻ പരിശോധിക്കുമ്പോൾ ആ സാധനം കഴുകിയശേഷം വടു മങ്ങിയിരുന്നാൽ, അദ്ദേഹം വസ്ത്രത്തിലോ തുകലിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോനിന്ന് മലിനമായ ഭാഗം കീറിക്കളയണം. എന്നാൽ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ തുകൽസാധനത്തിലോ അതു പിന്നെയും കാണുന്നെങ്കിൽ, അതു പടരുന്നതാണ്. വടുവുള്ളതെന്തും തീയിൽ കത്തിച്ചുകളയണം. വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരമോ ഏതെങ്കിലും തുകൽസാധനമോ കഴുകിയശേഷം വടു മാറിയെങ്കിൽ, വീണ്ടും കഴുകണം, അതു ശുദ്ധമാകും.”
കമ്പിളി വസ്ത്രത്തിലോ ചണവസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടുകൊണ്ടുള്ള മാലിന്യം സംബന്ധിച്ച്, അവയെ ശുദ്ധമെന്നും അശുദ്ധമെന്നും പ്രഖ്യാപിക്കാനുള്ള പ്രമാണങ്ങൾ ഇവയാണ്.
കുഷ്ഠരോഗശുദ്ധീകരണം
യഹോവ മോശയോട് അരുളിച്ചെയ്തു: “കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്: പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ, ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം. പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം. പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം. ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം.
“ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം. ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും.
“എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ14:10 ഏക. 5 കി.ഗ്രാം. നേരിയമാവും ഒരു പാത്രം14:10 ഏക. 0.3 ലി. ഒലിവെണ്ണയും കൊണ്ടുവരണം. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം.
“പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം. പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്. പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം. പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു. വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം. തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
“പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.
“അയാൾ ദരിദ്രനും ഇവയ്ക്കു വകയില്ലാത്ത വ്യക്തിയുമാണെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വിശിഷ്ടയാഗാർപ്പണത്തിന് അകൃത്യയാഗമായി ഒരു കോലാട്ടിൻകുട്ടിയും ഭോജനയാഗമായി ഒരു പാത്രം ഒലിവെണ്ണചേർത്ത ഒരു ഓമെർ14:21 ഏക. 1.6 കി.ഗ്രാം. നേർമയുള്ള മാവും ഒരു പാത്രം എണ്ണയും എടുക്കണം. ഒപ്പം, തന്റെ കഴിവുപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം. അവയിലൊന്ന് പാപശുദ്ധീകരണയാഗത്തിനും മറ്റേതു ഹോമയാഗത്തിനുമായിരിക്കണം.
“എട്ടാംദിവസം ശുദ്ധീകരിക്കപ്പെടേണ്ടയാൾ അവ തന്റെ ശുദ്ധീകരണത്തിനായി യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയും ഒലിവെണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അദ്ദേഹം അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറത്ത് അതിന്റെ കുറെ രക്തം എടുത്തു ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും, വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും പുരട്ടണം. പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു തന്റെ വലതുചൂണ്ടുവിരൽകൊണ്ടു തന്റെ ഉള്ളംകൈയിലെ എണ്ണ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. കുറെ എണ്ണ അദ്ദേഹം, ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും അകൃത്യയാഗത്തിന്റെ രക്തം പുരട്ടിയ അതേസ്ഥലങ്ങളിൽ പുരട്ടണം. പുരോഹിതൻ തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. പിന്നെ പുരോഹിതൻ, ആ വ്യക്തിയുടെ കഴിവുപോലെ കുറുപ്രാവുകളെയും പ്രാവിൻകുഞ്ഞുങ്ങളെയും ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും ഭോജനയാഗത്തോടുകൂടെ അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.”
ഇവ ശുദ്ധീകരണത്തിനുള്ള സാധാരണ വഴിപാടുകൾക്കു പ്രാപ്തിയില്ലാത്ത, ഗുരുതരമായ കുഷ്ഠരോഗമുള്ളവർക്കുള്ള പ്രമാണം.
വടുവിൽനിന്നുള്ള ശുദ്ധീകരണം
യഹോവ മോശയോടും അഹരോനോടും ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന കനാൻദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശത്തിലൊരു വീട്ടിൽ ഞാൻ പടരുന്ന വടു വരുത്തിയാൽ, വീട്ടുടമസ്ഥൻ പുരോഹിതന്റെ അടുക്കൽവന്നു, ‘വടുപോലുള്ള ഒന്ന് എന്റെ വീട്ടിൽ കണ്ടിരിക്കുന്നു’ എന്നു പറയണം. വീട്ടിലുള്ളതൊന്നും അശുദ്ധമെന്നു വിധിക്കപ്പെടാതിരിക്കാൻ, പുരോഹിതൻ വടു പരിശോധിക്കാൻ പോകുന്നതിനുമുമ്പ് വീട് ഒഴിച്ചിടാൻ കൽപ്പിക്കണം. അതിനുശേഷം പുരോഹിതൻ ചെന്നു വീട് പരിശോധിക്കണം. അദ്ദേഹം ചുമരിലെ വടു നോക്കി, അതു പച്ചയോ ചെമപ്പോ ആയി ചുമരിന്റെ പ്രതലത്തെക്കാൾ കുഴിഞ്ഞുകണ്ടാൽ, പുരോഹിതൻ വീടിനു വെളിയിൽവന്ന് വീട് ഏഴുദിവസം പൂട്ടിയിടണം. പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ, അതു ബാധിച്ചിട്ടുള്ള കല്ലുകൾ ഇളക്കിയെടുത്തു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്ത് എറിഞ്ഞുകളയാൻ അദ്ദേഹം കൽപ്പിക്കണം. അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം. പിന്നീട് അവർ ഇവയ്ക്കു പകരം വേറെ കല്ലു വെക്കുകയും പുതിയ കുമ്മായംകൊണ്ടു വീട് പൂശുകയും വേണം.
“ആ വീട് കല്ലുകൾ മാറ്റി, ചുരണ്ടി പൂശിയതിനുശേഷം വടു വീണ്ടും പ്രത്യക്ഷപ്പെട്ടാൽ പുരോഹിതൻ പോയി അതു പരിശോധിക്കണം. വടു വീട്ടിൽ പടർന്നിട്ടുണ്ടെങ്കിൽ അതു നാശകരമായ വടുവാണ്, ആ വീട് അശുദ്ധം. അതിനെ ഇടിച്ചുപൊളിച്ച്, അതിന്റെ കല്ലും തടിയും കുമ്മായവുമെല്ലാം പട്ടണത്തിനുവെളിയിൽ അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.
“ആ വീട് അടച്ചിട്ടിരുന്ന കാലത്ത് അതിനകത്തു കടന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നയാൾ തന്റെ വസ്ത്രം കഴുകണം.
“എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം. ആ വീട് ശുദ്ധീകരിക്കാൻ അദ്ദേഹം രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ എടുക്കണം. അതിലൊരു പക്ഷിയെ അദ്ദേഹം മൺപാത്രത്തിലെ ശുദ്ധജലത്തിനുമീതേ അറക്കണം. പിന്നെ അദ്ദേഹം ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് കൊന്ന പക്ഷിയുടെ രക്തത്തിലും ശുദ്ധജലത്തിലും മുക്കി വീട്ടിൽ ഏഴുപ്രാവശ്യം തളിക്കണം. അദ്ദേഹം ആ വീടിനെ പക്ഷിയുടെ രക്തം, ശുദ്ധജലം, ജീവനുള്ള പക്ഷി, ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ എന്നിവകൊണ്ടു ശുദ്ധീകരിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ പട്ടണത്തിനുപുറത്ത് തുറസ്സായസ്ഥലത്തു തുറന്നുവിടണം. ഇങ്ങനെ അദ്ദേഹം ആ വീടിനു പ്രായശ്ചിത്തംചെയ്യും; വീട് ശുദ്ധിയുള്ളതായിത്തീരും.”
സകലവിധ കുഷ്ഠം, വടു, ചിരങ്ങ്, വസ്ത്രത്തിലോ വീട്ടിലോ ഉള്ള വടു തിണർപ്പ്, ചുണങ്ങ്, തെളിഞ്ഞപുള്ളി എന്നിവയ്ക്കുള്ള പ്രമാണങ്ങൾ ഇവയാണ്; ഈ രീതിയിലാണ് ഒരു വ്യക്തിയോ വസ്തുവോ ആചാരപരമായി ശുദ്ധമോ അശുദ്ധമോ എന്നു തീരുമാനിക്കുന്നത്.
ഗുരുതരമായ കുഷ്ഠം, വടു എന്നിവയെക്കുറിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്.
അശുദ്ധമാക്കുന്ന സ്രവം
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു; “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയണം: ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടായാൽ, ആ സ്രവം ആചാരപരമായി അശുദ്ധമാണ്. അത് അവന്റെ ശരീരത്തിൽനിന്ന് നിരന്തരമായി ഒഴുകിക്കൊണ്ടിരുന്നാലും അടഞ്ഞിരുന്നാലും അത് അവനെ അശുദ്ധനാക്കും. സ്രവത്താൽ അശുദ്ധിയുണ്ടാകുന്നത് ഇപ്രകാരമാണ്:
“ ‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം. അവന്റെ കിടക്ക തൊടുന്ന ഏതൊരാളും വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. സ്രവമുള്ളവൻ ഇരുന്ന എന്തിലെങ്കിലും ഇരിക്കുന്നവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘സ്രവമുള്ളയാളെ തൊടുന്നവരും വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘ശുദ്ധരായ ആരുടെയെങ്കിലുംമേൽ സ്രവമുള്ളവൻ തുപ്പിയാൽ, അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും. അവന്റെകീഴേയിരുന്ന എന്തിലെങ്കിലും തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവ എടുക്കുന്നവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘സ്രവമുള്ളവൻ വെള്ളത്തിൽ കൈകഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘ആ മനുഷ്യൻ തൊടുന്ന മൺപാത്രം ഉടയ്ക്കണം. മരസാധനങ്ങൾ വെള്ളത്തിൽ കഴുകണം.
“ ‘ഒരു പുരുഷൻ തന്റെ സ്രവത്തിൽനിന്ന് ശുദ്ധനായാൽ, അവന്റെ ആചാരപരമായ ശുദ്ധീകരണത്തിന് അവൻ ഏഴുദിവസം എണ്ണണം. അവൻ വസ്ത്രം കഴുകി, ശുദ്ധജലത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും. എട്ടാംദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തുകൊണ്ട് യഹോവയുടെമുമ്പാകെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നു പുരോഹിതന്റെ പക്കൽ അവയെ കൊടുക്കണം. പുരോഹിതൻ അവയെ, ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
“ ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടാകുമ്പോൾ, അയാൾ ദേഹം ആസകലം വെള്ളത്തിൽ കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധനായിരിക്കും. ഏതെങ്കിലും വസ്ത്രത്തിലോ തുകലിലോ ശുക്ലം ഉണ്ടെങ്കിൽ അതു വെള്ളത്തിൽ കഴുകണം. സന്ധ്യവരെ അത് അശുദ്ധമായിരിക്കും. ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കപങ്കിടുകയും ശുക്ലസ്രവം ഉണ്ടാകുകയും ചെയ്താൽ, രണ്ടുപേരും വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും. അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും.
“ ‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും. സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും, അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും.
“ ‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും. എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
“ ‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം15:31 അഥവാ, സമാഗമകൂടാരം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’ ”
സ്രവമുള്ള ആൾക്കും ശുക്ലസ്രവത്താൽ അശുദ്ധമായ ഏതൊരാൾക്കും ആർത്തവകാലത്തുള്ള സ്ത്രീക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും ആചാരപരമായി അശുദ്ധയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവനും ഉള്ള പ്രമാണങ്ങൾ ഇവയാണ്.
പ്രായശ്ചിത്തദിനം
അഹരോന്റെ രണ്ടു പുത്രന്മാരുടെ മരണശേഷം യഹോവ മോശയോട് അരുളിച്ചെയ്തു. യഹോവയുടെ സന്നിധിയിൽ അന്യാഗ്നിയുമായി അടുത്തുചെന്നതിനാലാണ് അവർ മരിച്ചുപോയത്. യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ പാപനിവാരണസ്ഥാനത്തിന്മേൽ മേഘത്തിൽ പ്രത്യക്ഷപ്പെടുമെന്നതിനാൽ, നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്, അതിവിശുദ്ധസ്ഥലത്തു തിരശ്ശീലയ്ക്കു പിറകിൽ പേടകത്തിനുമീതേയുള്ള പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം വരരുതെന്ന് അയാളോടു പറയുക.
“ഈ നിർദേശങ്ങൾ പൂർണമായി അനുസരിച്ചതിനുശേഷം മാത്രമേ അതിവിശുദ്ധസ്ഥലത്ത് അഹരോൻ പ്രവേശിക്കാൻ പാടുള്ളൂ: ആദ്യമായി പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും അഹരോൻ കൊണ്ടുവരണം. അദ്ദേഹം ശരീരത്തോടുചേർത്തു പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള വിശുദ്ധമായ കുപ്പായവും ധരിച്ച്, പരുത്തിനൂൽകൊണ്ടുള്ള അരക്കച്ച ചുറ്റിക്കെട്ടി, പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും ധരിച്ചിരിക്കണം. ഇവ വിശുദ്ധ വസ്ത്രങ്ങളാണ്. അതുകൊണ്ട് അദ്ദേഹം വെള്ളത്തിൽ കുളിച്ചിട്ടുവേണം ഇവ ധരിക്കാൻ. അദ്ദേഹം പാപശുദ്ധീകരണയാഗത്തിന് രണ്ട് കോലാട്ടുകൊറ്റന്മാരെയും ഹോമയാഗത്തിന് ഒരു കോലാടിനെയും ഇസ്രായേൽ സഭയിൽനിന്ന് വാങ്ങണം.
“അഹരോൻ തന്റെ പാപപരിഹാരത്തിനായി കാളയെ അർപ്പിക്കണം. ഇങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. പിന്നെ അദ്ദേഹം രണ്ടു കോലാടുകളെയും സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ നിർത്തണം. അദ്ദേഹം രണ്ടു കോലാടുകൾക്കുംവേണ്ടി നറുക്ക് ഇടണം. ഒന്ന് യഹോവയ്ക്ക്; മറ്റേത് ജനത്തിന്റെ പാപം വഹിച്ചുകൊണ്ട് മരുഭൂമിയിലേക്കു പോകുന്ന ബലിയാട്.16:8 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. വാ. 10, 26 കാണുക. യഹോവയ്ക്കു കുറിവീണ കോലാടിനെ അഹരോൻ കൊണ്ടുവന്നു പാപശുദ്ധീകരണയാഗമായി യാഗം കഴിക്കണം. അസസ്സേലിനു നറുക്കുവീണ കോലാടിനെ, പ്രായശ്ചിത്തം വരുത്തേണ്ടതിനും അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി, യഹോവയുടെമുമ്പാകെ ജീവനോടെ നിർത്തണം.
“അഹരോൻ, തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം വരുത്താനുള്ള തന്റെ പാപശുദ്ധീകരണയാഗത്തിന്റെ കാളയെ കൊണ്ടുവന്നു, തന്റെ പാപശുദ്ധീകരണയാഗത്തിനായി അറക്കണം. അദ്ദേഹം യഹോവയുടെ സന്നിധിയിലെ യാഗപീഠത്തിൽനിന്ന് ഒരു ധൂപകലശം നിറച്ചു കനൽക്കട്ടയും രണ്ടു കൈനിറയെ നേർമയായി പൊടിച്ച സൗരഭ്യമുള്ള ധൂപവർഗവും എടുത്ത് അവയെ തിരശ്ശീലയ്ക്കു പിറകിൽ കൊണ്ടുപോകണം. അദ്ദേഹം യഹോവയുടെമുമ്പാകെ ആ കുന്തിരിക്കം തീയിൽ ഇടണം. അയാൾ മരിക്കാതിരിക്കേണ്ടതിനു കുന്തിരിക്കത്തിന്റെ പുക ഉടമ്പടിയുടെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തെ മറയ്ക്കും. അദ്ദേഹം കാളയുടെ കുറെ രക്തം എടുത്തു തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ കിഴക്കുവശത്തു തളിക്കണം; പിന്നെ അതിൽ കുറെ തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.
“ഇതിനുശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപശുദ്ധീകരണയാഗത്തിനായി കോലാടിനെ അറത്ത് അതിന്റെ രക്തം എടുത്തു തിരശ്ശീലയ്ക്കു പിന്നിൽ കൊണ്ടുപോയി, കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ കോലാടിന്റെരക്തംകൊണ്ടും ചെയ്യണം. അദ്ദേഹം അതു പാപനിവാരണസ്ഥാനത്തിനുമേലും അതിനു മുന്നിലും തളിക്കണം. ഇങ്ങനെ, അഹരോൻ ഇസ്രായേല്യരുടെ അശുദ്ധിയും മത്സരവും അവരുടെ മറ്റെല്ലാ പാപങ്ങളുംനിമിത്തം അതിവിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം കഴിക്കണം.16:16 അഥവാ, നിമിത്തം, അതിവിശുദ്ധസ്ഥലത്തെ വിശുദ്ധീകരിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിലിരിക്കുന്ന സമാഗമകൂടാരത്തിനുവേണ്ടിയും അദ്ദേഹം അങ്ങനെതന്നെ ചെയ്യണം. അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്.
“ഇതിനുശേഷം അഹരോൻ പുറത്ത് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിനു സമീപത്തേക്കു വന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. അദ്ദേഹം കാളയുടെ രക്തവും കോലാടിന്റെ രക്തവും കുറെ എടുത്തു യാഗപീഠത്തിന്റെ എല്ലാ കൊമ്പിലും പുരട്ടണം. അതിനെ ഇസ്രായേല്യരുടെ അശുദ്ധിയിൽനിന്ന് ശുദ്ധീകരിച്ചു വിശുദ്ധമാക്കാൻ അദ്ദേഹം കുറെ രക്തം തന്റെ വിരലുകൾകൊണ്ട് ഏഴുപ്രാവശ്യം അതിൽ തളിക്കണം.
“അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം. അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം. ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം.
“പിന്നെ അഹരോൻ സമാഗമകൂടാരത്തിനകത്തുചെന്ന് അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പു താൻ ധരിച്ച പരുത്തിനൂൽ വസ്ത്രങ്ങളെല്ലാം അഴിക്കുകയും അവയെ അവിടെ വെക്കുകയും വേണം. അദ്ദേഹം ശുദ്ധിയുള്ള സ്ഥലത്തുവെച്ച് വെള്ളത്തിൽ കുളിച്ചു തന്റെ സാധാരണ വസ്ത്രം ധരിക്കണം. പിന്നെ അഹരോൻ പുറത്തുവന്നു തനിക്കും ജനത്തിനും പ്രായശ്ചിത്തം വരുത്താൻ തനിക്കുവേണ്ടിയുള്ള ഹോമയാഗവും ജനത്തിനുവേണ്ടിയുള്ള ഹോമയാഗവും അർപ്പിക്കണം. അയാൾ പാപശുദ്ധീകരണയാഗത്തിന്റെ മേദസ്സ് യാഗപീഠത്തിൽ ദഹിപ്പിക്കുകയും വേണം.
“അസസ്സേലിനുള്ള കോലാടിനെ കൊണ്ടുപോയി വിട്ട വ്യക്തി വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അവനു പാളയത്തിനകത്തുവരാം. വിശുദ്ധമന്ദിരത്തിലേക്കു, പ്രായശ്ചിത്തം വരുത്താൻ, രക്തം കൊണ്ടുവന്ന പാപശുദ്ധീകരണയാഗത്തിന്റെ കാളയെയും കോലാടിനെയും പാളയത്തിനുപുറത്തു കൊണ്ടുപോകണം; അതിന്റെ തുകലും മാംസവും ചാണകവും ചുട്ടുകളയണം. അവയെ ദഹിപ്പിക്കുന്നയാൾ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അയാൾക്കു പാളയത്തിലേക്കുവരാം.
“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം;16:29 അഥവാ, ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്, കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും. അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. തങ്ങളുടെ പൂർവപിതാവായ അഹരോന്റെ സ്ഥാനത്തേക്ക് അഭിഷിക്തനായി സമർപ്പിക്കപ്പെട്ട മഹാപുരോഹിതനാണ് പ്രായശ്ചിത്തം കഴിക്കേണ്ടത്. അദ്ദേഹം വിശുദ്ധമായ പരുത്തിനൂൽവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
“ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം: ഇസ്രായേല്യരുടെ സകലപാപങ്ങൾക്കുംവേണ്ടി വർഷത്തിലൊരിക്കൽ പ്രായശ്ചിത്തം കഴിക്കണം.”
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ചെയ്തു.
രക്തം കുടിക്കരുത്
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കണം. അവരോടു പറയേണ്ട ‘യഹോവയുടെ കൽപ്പന ഇതാണ്— യഹോവയുടെ കൂടാരത്തിനുമുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരാതെ, കാളയെയോ17:3-4 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ യാഗം കഴിക്കുന്ന ഏതൊരു ഇസ്രായേല്യനെയും രക്തപാതകം ചെയ്ത വ്യക്തിയായി കരുതണം; ആ മനുഷ്യൻ രക്തം ചൊരിഞ്ഞതിനാൽ, അയാളെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. ഇപ്പോൾ ഇസ്രായേല്യർ തുറസ്സായ സ്ഥലത്ത് അർപ്പിക്കുന്ന യാഗങ്ങൾ യഹോവയ്ക്കു സമാധാനയാഗങ്ങളായി യഹോവയുടെ സന്നിധിയിൽ പുരോഹിതന്മാരുടെ അടുക്കൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്. പുരോഹിതൻ സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യഹോവയുടെ യാഗപീഠത്തിനുനേരേ രക്തം തളിക്കുകയും മേദസ്സ് യഹോവയ്ക്കു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം. അവർ പരസംഗമായി17:7 പരസംഗമായി, വിവക്ഷിക്കുന്നത് യഹോവയോടു പാതിവ്രത്യമില്ലാതിരിക്കുക. പിൻതുടരുന്ന കോലാടു വിഗ്രഹങ്ങൾക്ക്17:7 അഥവാ, ഭൂതങ്ങൾക്ക് ഇനിയൊരിക്കലും യാഗം അർപ്പിക്കരുത്. ഇത് അവർക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള ചട്ടമായിരിക്കണം.’
“അവരോടു പറയുക: ‘ഒരു ഹോമയാഗമോ വഴിപാടോ അർപ്പിക്കുന്ന ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ യഹോവയ്ക്കു യാഗം അർപ്പിക്കാൻ അതു സമാഗമകൂടാരവാതിലിൽ കൊണ്ടുവരുന്നില്ലെങ്കിൽ ആ മനുഷ്യനെ ഇസ്രായേൽജനത്തിൽനിന്ന് ഛേദിച്ചുകളയണം.
“ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും. കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്. അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”
“ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം. കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.
“ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും. വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ”
നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്. നിങ്ങൾ എന്റെ നിയമം അനുസരിക്കയും എന്റെ ഉത്തരവുകൾ പ്രമാണിക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുക; കാരണം അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും. ഞാൻ യഹോവ ആകുന്നു.
“ ‘നിങ്ങളിൽ ആരും രക്തബന്ധമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരെ സമീപിക്കരുത്, ഞാൻ യഹോവ ആകുന്നു.
“ ‘നിന്റെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു നിന്റെ പിതാവിനെ അപമാനിക്കരുത്. അവൾ നിന്റെ മാതാവല്ലോ; അവളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
“ ‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.
“ ‘പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവർ വീട്ടിൽ ജനിച്ചവരോ പുറത്തുജനിച്ചവരോ ആകട്ടെ, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
“ ‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; കാരണം, അതു നിന്നെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
“ ‘നിന്റെ പിതാവിനു ജനിച്ചവളും അയാളുടെ ഭാര്യയുടെ മകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ സഹോദരിയാണല്ലോ.
“ ‘നിന്റെ പിതാവിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ പിതാവിന്റെ അടുത്ത ബന്ധുവാണല്ലോ.
“ ‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ബന്ധുവാണല്ലോ.
“ ‘നിന്റെ പിതാവിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അങ്ങനെ നീ അദ്ദേഹത്തെ അപമാനിക്കരുത്; അവൾ നിന്റെ അമ്മായിയാണല്ലോ.
“ ‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.
“ ‘സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ സഹോദരനെ അപമാനിക്കുന്നതിനു തുല്യമാണല്ലോ.
“ ‘ഒരു സ്ത്രീയുമായും അവളുടെ മകളുമായും ലൈംഗികബന്ധത്തിലേർപ്പെടരുത്. അവളുടെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; അവർ അടുത്ത ബന്ധുക്കളാണല്ലോ. അതു ദുഷ്ടതയാണ്.
“ ‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.
“ ‘ഋതുകാലത്തെ അശുദ്ധിയിൽ കഴിയുന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
“ ‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.
“ ‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
“ ‘സ്ത്രീയോടെന്നപോലെ ഒരുവൻ പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിഷിദ്ധമാണ്.
“ ‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.
“ ‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്. ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു.18:25 മൂ.ഭാ. ഛർദിച്ചുകളഞ്ഞു, വാ. 28 കാണുക. എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്. കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു. നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും.
“ ‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
വിവിധ നിയമങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക.
“ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘നിങ്ങൾ യഹോവയ്ക്ക് ഒരു സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾക്കു പ്രസാദം ലഭിക്കുമാറ് അർപ്പിക്കണം. അതു നിങ്ങൾ യാഗമർപ്പിക്കുന്ന ദിവസംതന്നെയോ അടുത്ത ദിവസമോ ഭക്ഷിക്കണം; മൂന്നാംദിവസത്തേക്കു ശേഷിക്കുന്നതു തീയിലിട്ടു ചുട്ടുകളയണം. അതിലെന്തെങ്കിലും മൂന്നാംദിവസം ഭക്ഷിച്ചാൽ അത് അശുദ്ധമാണ്, അതു പ്രസാദമാകുകയില്ല. അതു ഭക്ഷിക്കുന്നവർ കുറ്റക്കാരായിരിക്കും. അവർ യഹോവയ്ക്കു വിശുദ്ധമായതിനെ അശുദ്ധമാക്കിയല്ലോ; അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
“ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘മോഷ്ടിക്കരുത്.
“ ‘കള്ളം പറയരുത്.
“ ‘പരസ്പരം വഞ്ചിക്കരുത്.
“ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.
“ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്.
“ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്.
“ ‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
“ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം.
“ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്.
“ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
“ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.
“ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.
“ ‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക.
“ ‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്.
“ ‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്.
“ ‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
“ ‘മറ്റൊരു പുരുഷനു വാഗ്ദാനം ചെയ്യപ്പെട്ടവളും എന്നാൽ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തവളും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്തവളുമായ ഒരടിമസ്ത്രീയോടുകൂടെ ഒരാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ ന്യായമായി ശിക്ഷിക്കണം. എന്നാൽ, അവരെ മരണത്തിന് ഏൽപിക്കരുത്, കാരണം അവൾ സ്വതന്ത്രയായിട്ടില്ലല്ലോ. എങ്കിലും ആ പുരുഷൻ സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ അകൃത്യയാഗത്തിനായി ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം. അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പാപപരിഹാരംചെയ്യണം; അങ്ങനെ അവന്റെ പാപം ക്ഷമിക്കപ്പെടും.
“ ‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി19:23 മൂ.ഭാ. പരിച്ഛേദനമേൽക്കാത്തത്. ആചാരപരമായി അശുദ്ധം എന്നു വിവക്ഷ. കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്. നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും. എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്.
“ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.
“ ‘നിങ്ങളുടെ തലയുടെ അരികു വടിക്കുകയോ താടിയുടെ അറ്റം മുറിക്കുകയോ ചെയ്യരുത്.
“ ‘മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ നിങ്ങളുടെമേൽ പച്ച കുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
“ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.
“ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
“ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘വൃദ്ധരുടെമുമ്പാകെ എഴുന്നേൽക്കുക, നരച്ചവനോടു ബഹുമാനം കാണിക്കുക. നിങ്ങളുടെ ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുക. ഞാൻ യഹോവ ആകുന്നു.
“ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്. നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും19:36 ഏഫാ ഒരു ധാന്യ അളവ്; ഒരു ഏഫ 22 ലി. തുല്യം. കൃത്യമായ ഹീനും19:36 ഹീൻ ഒരു ദ്രവ അളവ്; ഒരു ഹീൻ ഏകദേശം 3.8 ലി. ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.
“ ‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’ ”
പാപത്തിന്റെ ശിക്ഷകൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന ഏതെങ്കിലും പ്രവാസിയോ തങ്ങളുടെ കുഞ്ഞുങ്ങളിൽ ഒന്നിനെയെങ്കിലും മോലെക്കിനു യാഗമർപ്പിച്ചാൽ ആ മനുഷ്യനെ വധിക്കണം. ദേശത്തിലെ ജനം അയാളെ കല്ലെറിയണം. അയാൾ തന്റെ കുഞ്ഞുങ്ങളെ മോലെക്കിനു യാഗമർപ്പിച്ച് എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ വിശുദ്ധനാമത്തെ നിന്ദിക്കുകയും ചെയ്തതുകൊണ്ടു ഞാൻ ആ മനുഷ്യനു വിരോധമായി എന്റെ മുഖംതിരിക്കുകയും അയാളെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയുകയും ചെയ്യും. ആ മനുഷ്യൻ തന്റെ കുഞ്ഞുങ്ങളിലൊന്നിനെ മോലെക്കിനു യാഗമർപ്പിക്കുമ്പോൾ ദേശത്തിലെ ജനം അയാളെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ, ഞാൻ ആ മനുഷ്യനും അയാളുടെ കുടുംബത്തിനും വിരോധമായി മുഖംതിരിച്ച് അയാളെയും മോലെക്കിനോടു പരസംഗം ചെയ്യുന്ന എല്ലാവരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.
“ ‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.
“ ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആയതുകൊണ്ടു നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരായിരിക്കുക. എന്റെ ഉത്തരവുകൾ പ്രമാണിച്ചു നടക്കുക. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
“ ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്നയാൾ മരണശിക്ഷ അനുഭവിക്കണം. അയാൾ തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചതുകൊണ്ട്; ആ കുറ്റത്തിന്റെ രക്തം അയാളുടെ തലമേലിരിക്കും.
“ ‘മറ്റൊരാളിന്റെ ഭാര്യയുമായി—തന്റെ അയൽക്കാരന്റെ ഭാര്യയുമായിത്തന്നെ—ഒരാൾ വ്യഭിചാരം ചെയ്താൽ, വ്യഭിചാരിയെയും വ്യഭിചാരിണിയെയും വധിക്കണം.
“ ‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.
“ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
“ ‘ഒരു പുരുഷൻ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതുപോലെ പുരുഷൻ പുരുഷനോടുകൂടെ കിടക്കപങ്കിട്ടാൽ, അവർ രണ്ടുപേരും അറപ്പായതു പ്രവർത്തിച്ചിരിക്കുന്നു. അവരെ കൊല്ലണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
“ ‘ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ മാതാവിനെയും വിവാഹംകഴിച്ചാൽ, അതു ദുഷ്ടതയാണ്. നിങ്ങളുടെ മധ്യത്തിൽ ദുഷ്ടത ഇല്ലാതെയിരിക്കാൻ അയാളെയും ആ സ്ത്രീകളെയും തീയിൽ ദഹിപ്പിക്കണം.
“ ‘ഒരു പുരുഷൻ ഒരു മൃഗവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അയാളെ കൊല്ലണം, ആ മൃഗത്തെയും കൊല്ലണം.
“ ‘ഒരു മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീ അതിനെ സമീപിച്ചാൽ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
“ ‘ഒരു പുരുഷൻ തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ തന്റെ സഹോദരിയെ വിവാഹംകഴിക്കുകയും അവർ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്താൽ അതു നിന്ദ്യം. അവരെ അവരുടെ ജനത്തിന്റെ കണ്മുന്നിൽവെച്ചുതന്നെ വധിക്കണം. അവൻ തന്റെ സഹോദരിയെ അപമാനിച്ചു, അവൻ കുറ്റക്കാരനായിരിക്കും.
“ ‘ഒരു പുരുഷൻ ഋതുമതിയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവൻ അവളുടെ സ്രവത്തിന്റെ ഉറവിടം അനാവൃതമാക്കി; അവളും അത് അനാവൃതമാക്കി. അവർ രണ്ടുപേരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
“ ‘നിന്റെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്, അത് അടുത്ത ബന്ധുക്കാരിയെ അപമാനിക്കലാണ്, നിങ്ങൾ ഇരുവരും കുറ്റക്കാരായിരിക്കും.
“ ‘ഒരു പുരുഷൻ തന്റെ അമ്മായിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവൻ തന്റെ ഇളയപ്പനെ അപമാനിച്ചു. അവർ കുറ്റക്കാരായിരിക്കും. അവർ സന്താനരഹിതരായി മരിക്കണം.
“ ‘ഒരു പുരുഷൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹംകഴിക്കുന്നെങ്കിൽ, അത് ഒരു മലിനപ്രവൃത്തി; അയാൾ തന്റെ സഹോദരനെ അപമാനിച്ചു. അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
“ ‘നിങ്ങൾക്കു വസിക്കാനായി ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഉപേക്ഷിക്കാതിരിക്കേണ്ടതിന്20:22 മൂ.ഭാ. ഛർദിക്കാതിരിക്കേണ്ടതിന് എന്റെ എല്ലാ ഉത്തരവുകളും നിയമങ്ങളും പാലിച്ച് അവ അനുവർത്തിക്കുക. ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയുന്ന ജനതയുടെ ആചാരരീതികൾ അനുസരിച്ചു ജീവിക്കരുത്. അവർ ഇവയൊക്കെ ചെയ്തതുകൊണ്ടു ഞാൻ അവരെ കഠിനമായി വെറുക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും; പാലും തേനും ഒഴുകുന്ന ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായിത്തരും.” ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച ദൈവമായ യഹോവ ഞാൻ ആകുന്നു.
“ ‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
“ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”
പുരോഹിതന്മാർക്കുള്ള നിയമങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘പുരോഹിതൻ തന്റെ ജനത്തിൽ ആരുടെയെങ്കിലും ശവത്തിൽ സ്പർശിച്ച് സ്വയം അശുദ്ധമാക്കരുത്. എന്നാൽ തന്റെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, കന്യകയായ സഹോദരി—അവൾക്ക് ഭർത്താവ് ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആശ്രയിച്ചാണല്ലോ കഴിയുന്നത്— എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളാൽ അദ്ദേഹത്തിന് ആചാരപരമായി അശുദ്ധനാകാം. അയാൾ വിവാഹത്താൽ ബന്ധുക്കളായിത്തീർന്ന ആളുകൾക്കുവേണ്ടി സ്വയം അശുദ്ധനാകരുത്, അങ്ങനെ സ്വയം മാലിന്യമേൽക്കരുത്.
“ ‘പുരോഹിതൻ തലമുണ്ഡനം ചെയ്യുകയോ താടിയുടെ വക്കുകൾ വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്. അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
“ ‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു. നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.
“ ‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
“ ‘തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് തലയിൽ അഭിഷേകതൈലം ഒഴിക്കപ്പെട്ടവനും, പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ സമർപ്പിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തന്റെ തലമുടി ചീകാതിരിക്കുകയോ21:10 അഥവാ, തന്റെ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ വസ്ത്രം കീറുകയോ ചെയ്യരുത്. ഒരു ശവശരീരം ഉള്ളിടത്ത് അദ്ദേഹം പ്രവേശിക്കരുത്. തന്റെ പിതാവിനുവേണ്ടിയോ മാതാവിനുവേണ്ടിയോപോലും അദ്ദേഹം സ്വയം അശുദ്ധനാകരുത്. തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാൽ അദ്ദേഹം തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം വിട്ടുപോകുകയോ അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
“ ‘അദ്ദേഹം വിവാഹംകഴിക്കുന്ന സ്ത്രീ കന്യകയായിരിക്കണം. അദ്ദേഹം ഒരു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വേശ്യാവൃത്തിയാൽ അശുദ്ധമാക്കപ്പെട്ടവളെയോ വിവാഹംകഴിക്കരുത്. സ്വജനത്തിലുള്ള ഒരു കന്യകയെമാത്രമേ വിവാഹംകഴിക്കാവൂ. ഇങ്ങനെയായാൽ അദ്ദേഹം തന്റെ സന്തതിയെ തന്റെ ജനത്തിനിടയിൽ അശുദ്ധമാക്കുകയില്ല; അവനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടു പറയുക: ‘നിന്റെ സന്തതിപരമ്പരയിൽ വികലാംഗർ ആരും ഒരുനാളും, അവരുടെ ദൈവത്തിന്റെ ഭോജനം അർപ്പിക്കാൻ അടുത്തുവരരുത്. അന്ധൻ, മുടന്തൻ, വിരൂപി, വൈകല്യമുള്ളവൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ, കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്. പുരോഹിതനായ അഹരോന്റെ പുത്രന്മാരിൽ ഊനമുള്ളവൻ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻ അടുത്തുവരരുത്. അവന് ഒരു ഊനമുണ്ട്; തന്റെ ദൈവത്തിനു ഭോജനം അർപ്പിക്കാൻ അവൻ അടുത്തുവരരുത്. തന്റെ ദൈവത്തിന്റെ അതിവിശുദ്ധഭോജനവും വിശുദ്ധഭോജനവും അയാൾക്കു ഭക്ഷിക്കാം, എങ്കിലും അയാൾ ഊനമുള്ളവൻ ആകുകകൊണ്ട് തിരശ്ശീലയ്ക്കടുത്തു പോകുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുത്. അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
അങ്ങനെ മോശ ഇത് അഹരോനോടും പുത്രന്മാരോടും സകല ഇസ്രായേല്യരോടും പറഞ്ഞു.
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യർ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധയാഗങ്ങളെ, ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും, അങ്ങനെ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അഹരോനോടും അവന്റെ പുത്രന്മാരോടും പറയുക. ഞാൻ യഹോവ ആകുന്നു.
“അവരോടു പറയുക: ‘നിങ്ങളുടെ വരുംതലമുറകളിൽ, നിങ്ങളുടെ സന്തതിപരമ്പരയിൽ ആരെങ്കിലും ആചാരപരമായി അശുദ്ധരായിരിക്കുമ്പോൾ, ഇസ്രായേല്യർ യഹോവയ്ക്കു വിശുദ്ധീകരിച്ച വഴിപാടുകളുടെ അടുക്കൽ വരികയാണെങ്കിൽ, അയാളെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയണം. ഞാൻ യഹോവ ആകുന്നു.
“ ‘അഹരോന്റെ സന്തതിയിൽ ആർക്കെങ്കിലും കുഷ്ഠമോ ശുക്ലസ്രവമോ ഉണ്ടെങ്കിൽ, ആ മനുഷ്യൻ ശുദ്ധമാകുന്നതുവരെ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കരുത്. ശവത്തെയോ ബീജസ്ഖലനമുള്ളവനെയോ സ്പർശിക്കുന്നവൻ അശുദ്ധനാകും. അശുദ്ധമായ ഏതെങ്കിലും ഇഴജന്തുവിനെ സ്പർശിക്കുന്നവർ, ആചാരപരമായി അശുദ്ധനായ ഒരു മനുഷ്യനെ സ്പർശിക്കുന്നവർ, ഏതെങ്കിലും മാലിന്യത്തെ സ്പർശിക്കുന്നവർ; അശുദ്ധി എന്തുതന്നെയായാലും, ഇങ്ങനെയുള്ളവർ അശുദ്ധരായിരിക്കും. ഇവ ഏതെങ്കിലും സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവർ വെള്ളത്തിൽ കുളിച്ചിട്ടല്ലാതെ വിശുദ്ധവസ്തുക്കൾ ഒന്നും ഭക്ഷിക്കരുത്. സൂര്യൻ അസ്തമിക്കുമ്പോൾ അവർ ശുദ്ധരാകും. അതിനുശേഷം അവർക്ക് വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാം. അത് അവരുടെ ആഹാരമല്ലോ. ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ ഒന്നും ഭക്ഷിച്ച് അവർ അശുദ്ധരാകരുത്. ഞാൻ യഹോവ ആകുന്നു.
“ ‘പുരോഹിതന്മാർ അവ അശ്രദ്ധയോടെ കൈകാര്യം ചെയ്തു കുറ്റക്കാരായി മരിക്കാതിരിക്കാൻ എന്റെ ശുശ്രൂഷ ഗൗരവത്തോടെ ചെയ്യണം. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
“ ‘പുരോഹിതകുടുംബത്തിന് അന്യരായ ഒരാളും വിശുദ്ധവസ്തുക്കളിൽനിന്ന് ഭക്ഷിക്കരുത്, പുരോഹിതന്റെ അതിഥിയോ കൂലിക്കാരനോ അതു തിന്നരുത്. എന്നാൽ ഒരു പുരോഹിതൻ ഒരു അടിമയെ പണം കൊടുത്തു വാങ്ങുകയോ തന്റെ വീട്ടിൽ ഒരു അടിമ ജനിക്കുകയോ ചെയ്താൽ ആ അടിമയ്ക്ക് അവന്റെ ആഹാരം ഭക്ഷിക്കാം. ഒരു പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹംകഴിച്ചാൽ അവൾ വിശുദ്ധമായ ഓഹരിയിൽനിന്ന് ഭക്ഷിക്കരുത്. എന്നാൽ ഒരു പുരോഹിതന്റെ മകൾ കുഞ്ഞുങ്ങളില്ലാതെ വിധവയാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തിട്ട്, അവളുടെ യൗവനകാലത്തിലെന്നപോലെ അവളുടെ പിതാവിന്റെ വീട്ടിലേക്കു മടങ്ങിവന്നാൽ, അവൾക്ക് അവളുടെ പിതാവിന്റെ ആഹാരം ഭക്ഷിക്കാം. എങ്കിലും ഒരു പുരോഹിതകുടുംബത്തിനു പുറത്തുനിന്നുള്ള ആരും അതിൽനിന്നും ഭക്ഷിക്കരുത്.
“ ‘ഒരാൾ അബദ്ധത്തിൽ വിശുദ്ധയാഗം ഭക്ഷിച്ചുപോയാൽ അയാൾ ഭക്ഷിച്ച യാഗവസ്തുവും അതിന്റെ വിലയുടെ അഞ്ചിലൊന്നുംകൂട്ടി പുരോഹിതനു നഷ്ടപരിഹാരം ചെയ്യണം. ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ—അനുവദനീയമല്ലാത്ത വ്യക്തികൾക്ക് ഭക്ഷിക്കാൻ നൽകുന്നതുമൂലം—പുരോഹിതന്മാർ അശുദ്ധമാക്കരുത്. ഈ അകൃത്യത്തിന്റെ കുറ്റം അവരുടെമേൽ വരികയും നഷ്ടപരിഹാരം നൽകേണ്ടിവരികയും ചെയ്യും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”
സ്വീകാര്യമല്ലാത്ത യാഗങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും അവന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളിലൊരാൾ—ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന പ്രവാസിയോ—നേർച്ചയായോ സ്വമേധാദാനമായോ യഹോവയ്ക്ക് ഒരു ഹോമയാഗം കൊണ്ടുവരുന്നെങ്കിൽ, അതു നിങ്ങളുടെ പേർക്കു സ്വീകാര്യമായിരിക്കാൻ, മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണിനെ കൊണ്ടുവരണം. ഊനമുള്ള ഒന്നിനെയും കൊണ്ടുവരരുത്. അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല. ഒരു പ്രത്യേക നേർച്ച നിറവേറ്റാനോ സ്വമേധാദാനം അർപ്പിക്കാനോ കാലിക്കൂട്ടത്തിൽനിന്നാകട്ടെ ആട്ടിൻപറ്റത്തിൽനിന്നാകട്ടെ, ഒരാൾ ഒരു സമാധാനയാഗം യഹോവയ്ക്ക് അർപ്പിക്കുമ്പോൾ, അതു സ്വീകാര്യമായിരിക്കാൻ ഊനമോ കളങ്കമോ ഇല്ലാത്തതായിരിക്കണം. കുരുടുള്ളതോ മുറിവേറ്റതോ അംഗഭംഗം വന്നതോ അരിമ്പാറയുള്ളതോ പഴുത്തു സ്രവം ഒലിക്കുന്ന ചുണങ്ങുള്ളതോ ആയ ഒന്നും യഹോവയ്ക്ക് അർപ്പിക്കരുത്. ഇവയിലൊന്നും യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്. എങ്കിലും വിരൂപമായതോ കുറുകിയതോ ആയ ഒരു കാളയെയോ22:23 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ആണാടിനെയോ സ്വമേധാദാനമായി അർപ്പിക്കാം; എന്നാൽ അത് ഒരു നേർച്ചയുടെ നിർവഹണമായി സ്വീകാര്യമല്ല. വൃഷണങ്ങൾ തകർന്നതോ ചതച്ചതോ കീറിയതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്. നിങ്ങളുടെ സ്വന്തം ദേശത്ത് ഇതു ചെയ്യരുത്. ഇങ്ങനെയുള്ള മൃഗങ്ങളെ ഒരു പ്രവാസിയുടെ കൈയിൽനിന്ന് സ്വീകരിച്ചു നിങ്ങളുടെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അവ വിരൂപവും അംഗഹീനമുള്ളതും ആയതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”
യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരു കന്നുകുട്ടിയോ ആട്ടിൻകുട്ടിയോ കോലാടോ പിറന്നാൽ അത് ഏഴുദിവസം തള്ളയോടുകൂടെ ആയിരിക്കണം. എട്ടാംദിവസംമുതൽ യഹോവയ്ക്ക് ഒരു ദഹനയാഗമായി സ്വീകാര്യമായിരിക്കും. ഒരു പശുവിനെയോ ഒരു ആടിനെയോ കൊല്ലുന്നദിവസംതന്നെ അതിന്റെ കുട്ടിയെയും കൊല്ലരുത്.
“നിങ്ങൾ യഹോവയ്ക്ക് ഒരു സ്തോത്രയാഗം അർപ്പിക്കുമ്പോൾ നിങ്ങളുടെ പേർക്കു സ്വീകാര്യമാകുന്നവിധം അർപ്പിക്കുക. അന്നുതന്നെ അതു ഭക്ഷിക്കണം. പ്രഭാതംവരെ അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്. ഞാൻ യഹോവ ആകുന്നു.
“എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു. എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”
നിയതമായ ഉത്സവങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്:
ശബ്ബത്ത്
“ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്.
പെസഹയും പുളിപ്പില്ലാത്ത അപ്പവും
“ ‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്: യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും. ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’ ”
ആദ്യഫലം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക. നിങ്ങളുടെപേർക്ക് അതു സ്വീകാര്യമാകാൻ അദ്ദേഹം കറ്റ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിക്കണം. ശബ്ബത്തിന്റെ പിറ്റേദിവസം പുരോഹിതൻ അത് ഉയർത്തണം. നിങ്ങൾ കറ്റ ദൈവസന്നിധിയിൽ ഉയർത്തി അർപ്പിക്കുന്ന ദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. അതോടൊപ്പം അതിന്റെ ധാന്യവഴിപാടായി യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായ ഒലിവെണ്ണചേർത്ത് രണ്ട് ഓമെർ23:13 ഏക. 3.2 കി.ഗ്രാം. നേർമയുള്ള മാവും അതിന്റെ പാനീയയാഗമായ കാൽ ഹീൻ23:13 ഏക. 1 ലി. വീഞ്ഞും യഹോവയ്ക്കു ദഹനയാഗം കഴിക്കണം. ഈ യാഗം നിങ്ങളുടെ ദൈവത്തിനു കൊണ്ടുവരുന്നതുവരെ അപ്പമോ വറുത്തതോ പുതിയ ധാന്യമോ ഭക്ഷിക്കരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും എല്ലാ തലമുറകളിലും എന്നേക്കുമുള്ള പ്രമാണമാണ്.
ആഴ്ചകളുടെ പെരുന്നാൾ
“ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.23:15 ഇതു വാരോത്സവം, [പുറ. 34:22]; [ലേവ്യ. 23:15-22] കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, [അ.പ്ര. 2:1] കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക. നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം. ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം. പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം. ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം.
“ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
കാഹളനാദപ്പെരുന്നാൾ
യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസത്തിന്റെ ഒന്നാംദിവസം നിങ്ങൾക്കു കാഹളം മുഴക്കിക്കൊണ്ടു സ്മാരകോത്സവം ആചരിക്കുന്ന വിശുദ്ധസഭായോഗമുള്ള വിശ്രമത്തിനുള്ള ശബ്ബത്തായിരിക്കും. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ”
പാപപരിഹാരദിനം
യഹോവ മോശയോട് അരുളിച്ചെയ്തു: “ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം23:27 അഥവാ, ഉപവസിക്കുക ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം. നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്. അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും. നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും. അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.”
കൂടാരപ്പെരുന്നാൾ
യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസം പതിനഞ്ചാംതീയതി യഹോവയുടെ കൂടാരപ്പെരുന്നാൾ ആരംഭിക്കും; അത് ഏഴുദിവസം നീണ്ടുനിൽക്കും. ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കുക. എട്ടാംദിവസം വിശുദ്ധസഭായോഗം ചേരുകയും യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയുംചെയ്യുക. അതു സമാപനസഭായോഗമാണ്; ആ ദിവസം സാധാരണ ജോലിയൊന്നും ചെയ്യരുത്.
(“ ‘ഓരോ ദിവസത്തേക്കും വേണ്ടുന്ന ഹോമയാഗങ്ങൾ, ധാന്യവഴിപാടുകൾ, യാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കുന്നതിനു കൊണ്ടുവരാൻ വിശുദ്ധ സഭായോഗംചേരുന്നതിനു നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങളാണിവ. ഈ വഴിപാടുകൾ, യഹോവയുടെ ശബ്ബത്തുകൾക്കും നിങ്ങളുടെ കാഴ്ചകൾക്കും നിങ്ങൾ നേർന്ന നേർച്ചകൾക്കും നിങ്ങൾ യഹോവയ്ക്കു സ്വമനസ്സാലെ കൊടുക്കുന്ന എല്ലാ വഴിപാടുകൾക്കുംപുറമേയാണ്.)
“ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്. ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം. ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം. അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.
ഒലിവെണ്ണയും അപ്പവും യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുന്നു
യഹോവ മോശയോട് അരുളിച്ചെയ്തു: “വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം.
“നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം24:5 ഏക. 3.2 കി.ഗ്രാം. ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം. യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്. ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം. അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.”
ദൈവദൂഷണക്കാരനു വധശിക്ഷ
ഒരു ഇസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ ഇസ്രായേൽമക്കളുടെ ഇടയിൽ ചെന്നു. അവനും ഒരു ഇസ്രായേല്യനുമായി ശണ്ഠകൂടി. ഇസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകളായ ശെലോമീത്ത് ആയിരുന്നു. യഹോവയുടെഹിതം വ്യക്തമാകുന്നതുവരെ അവർ അവനെ തടവിൽവെച്ചു.
പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: “ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോകുക; അവനെ കേട്ടവരെല്ലാവരും അവരുടെ കൈകൾ അവന്റെ തലമേൽ വെക്കണം, പിന്നീട് സഭമുഴുവനും അവനെ കല്ലെറിയണം. ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ കുറ്റക്കാരനാകും; യഹോവയുടെ നാമം ദുഷിക്കുന്ന വ്യക്തിയെ കൊല്ലണം. സഭമുഴുവനും ആ മനുഷ്യനെ കല്ലെറിയണം. പ്രവാസിയായാലും സ്വദേശിയായാലും യഹോവയുടെ നാമം ദുഷിക്കുന്നവർ മരണശിക്ഷ അനുഭവിക്കണം.
“ ‘ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ. ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം. ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം. ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ചെയ്തു.
ശബ്ബത്തുവർഷം
സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം. ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം. ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും, നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം.
അൻപതാംവാർഷികോത്സവം
“ ‘ഏഴു ശബ്ബത്തുവർഷമായി ഏഴുപ്രാവശ്യം ഏഴുവർഷം എണ്ണുക; ഏഴു ശബ്ബത്തുവർഷം നാൽപ്പത്തൊൻപതു വർഷമാണ്. ഏഴാംമാസം പത്താംതീയതി എല്ലായിടവും കാഹളം ധ്വനിപ്പിക്കണം—നിങ്ങളുടെ ദേശത്തെല്ലായിടത്തും പാപപരിഹാരദിനത്തിൽ കാഹളം ധ്വനിപ്പിക്കണം. അൻപതാംവർഷം വിശുദ്ധമായി വേർതിരിച്ചു ദേശത്തിലങ്ങോളമിങ്ങോളം സകലനിവാസികൾക്കും സ്വാതന്ത്ര്യം വിളംബരംചെയ്യുക. അതു നിങ്ങൾക്ക് അൻപതാംവാർഷികോത്സവം ആയിരിക്കും; നിങ്ങളോരോരുത്തരും തങ്ങളുടെ അവകാശത്തിലേക്കും തങ്ങളുടെ ഗോത്രത്തിലേക്കും മടങ്ങിപ്പോകണം. അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്. കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക.
“ ‘ഈ അൻപതാംവാർഷികോത്സവത്തിൽ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകേണ്ടതാണ്.
“ ‘നിങ്ങൾ കൂട്ടുകാരിൽ ആർക്കെങ്കിലും നിലം വിൽക്കുകയോ അവരിൽനിന്നു വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം കബളിപ്പിക്കരുത്. അൻപതാംവാർഷികോത്സവത്തിനുശേഷമുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ കൂട്ടുകാരിൽനിന്നു വാങ്ങണം. അയാൾ വിളക്കൊയ്ത്തിനു ശേഷിച്ചിട്ടുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു വിൽക്കണം. വർഷം കൂടിയിരുന്നാൽ നിങ്ങൾ വില കൂട്ടണം, വർഷം കുറവായിരുന്നാൽ വില കുറയ്ക്കണം; കാരണം ഓരോരുത്തരും വാസ്തവത്തിൽ വിൽക്കുന്നതു വിളവുകളാണ്. പരസ്പരം കബളിപ്പിക്കരുത്; ദൈവത്തെ ഭയപ്പെടുക. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും. അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും. “നടാതെയും കൊയ്യാതെയുമിരുന്നാൽ ഏഴാംവർഷം ഞങ്ങൾ എന്തു ഭക്ഷിക്കും?” എന്നു നിങ്ങൾ ചോദിച്ചേക്കാം. മൂന്നുവർഷത്തേക്കു മതിയായതു ഭൂമിയിൽനിന്ന് കിട്ടത്തക്കവിധം ഞാൻ ആറാംവർഷം ഒരു അനുഗ്രഹം അയയ്ക്കും. എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും.
“ ‘ഭൂമി എന്റേതാണ്, നിങ്ങൾ അന്യരും കുടികിടപ്പുകാരുമായി ദേശത്തുതാമസിക്കുന്നതുകൊണ്ടു ഭൂമി എന്നെന്നേക്കുമായി വിൽക്കരുത്. നിങ്ങൾ സ്വന്തമാക്കുന്ന ദേശത്ത് എല്ലായിടത്തും നിങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.
“ ‘നിങ്ങളുടെ സഹോദരങ്ങൾ ദരിദ്രരായി തങ്ങളുടെ വസ്തുവിൽ കുറെ വിൽക്കുന്നെങ്കിൽ അവരുടെ ഏറ്റവും അടുത്ത ബന്ധു തങ്ങളുടെ സഹോദരങ്ങൾ വിറ്റതു വീണ്ടെടുക്കണം. എങ്കിലും, ഒരു മനുഷ്യനു തനിക്കുവേണ്ടി അതു വീണ്ടെടുക്കാൻ ആരുമില്ലാതിരിക്കുകയും അയാൾതന്നെ അതു വീണ്ടെടുക്കാനാവശ്യമായതു ശേഖരിക്കുകയും ചെയ്താൽ അയാൾ വിറ്റതിനുശേഷമുള്ള വർഷങ്ങളുടെ വില നിശ്ചയിച്ചു, ബാക്കി ആ മനുഷ്യൻ വിറ്റയാൾക്കു മടക്കിക്കൊടുക്കണം; പിന്നീടു തന്റെ സ്വന്തം വസ്തുവിലേക്ക് അയാൾക്കു മടങ്ങിപ്പോകാം. എന്നാൽ മടക്കിക്കൊടുക്കാനുള്ള വക സ്വരൂപിക്കാൻ അയാൾക്കു കഴിയുന്നില്ലെങ്കിൽ, ആ മനുഷ്യൻ വിറ്റത് അൻപതാംവാർഷികോത്സവംവരെ വാങ്ങിയ ആളിന്റെ കൈവശം ഇരിക്കും. അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കും; പിന്നീട് അയാൾക്കു തന്റെ സ്വന്ത വസ്തുവിലേക്കു മടങ്ങിപ്പോകാം.
“ ‘ഒരു മനുഷ്യൻ മതിലുള്ള ഒരു നഗരത്തിൽ ഒരു വീട് വിറ്റാൽ വിറ്റശേഷം ഒരുവർഷം മുഴുവനും അവനു വീണ്ടെടുപ്പവകാശമുണ്ടായിരിക്കും. ആ കാലത്ത് അയാൾക്ക് അതു വീണ്ടെടുക്കാം. ഒരു പൂർണവർഷം കഴിയുംമുമ്പ് അതു വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ മതിലുള്ള നഗരത്തിലെ വീട് വാങ്ങിയ ആളിനും അയാളുടെ സന്തതികൾക്കും സ്ഥിരമായിരിക്കും. അൻപതാംവാർഷികോത്സവത്തിൽ അതു തിരികെനൽകേണ്ടതില്ല. എന്നാൽ മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ തുറസ്സായ നിലംപോലെ കരുതണം. അവ ഏതുസമയത്തും വീണ്ടെടുക്കാം. അൻപതാംവാർഷികോത്സവത്തിൽ അത് അതിന്റെ ആദ്യ ഉടമയ്ക്കു മടക്കിക്കൊടുക്കണം.
“ ‘എന്നാൽ ലേവ്യരുടെ അവകാശമായ അവരുടെ പട്ടണങ്ങളിലെ വീട് വീണ്ടെടുക്കാൻ ലേവ്യർക്ക് എപ്പോഴും അവകാശമുണ്ട്. അങ്ങനെ ലേവ്യർക്ക് ഏതെങ്കിലും പട്ടണത്തിൽ വിറ്റുപോയ അവരുടെ ഓഹരി വീണ്ടെടുക്കാവുന്നതാണ്, അല്ലാത്തപക്ഷം അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കണം. കാരണം ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ പട്ടണങ്ങളിൽ ഉള്ള അവരുടെ വീടുകൾ അവർക്കുള്ള അവകാശമാണ്. എന്നാൽ അവരുടെ പട്ടണങ്ങളുടെ ചുറ്റുമുള്ള പുൽപ്പുറങ്ങൾ വിൽക്കരുത്; അത് അവരുടെ സ്ഥിരമായ കൈവശാവകാശമാണ്.
“ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ ദരിദ്രനായിരിക്കുകയും നിങ്ങളുടെയിടയിൽ സ്വയം ഉപജീവനത്തിനു കഴിവില്ലാതിരിക്കുകയും ചെയ്താൽ ആ മനുഷ്യനു നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കത്തക്കവിധം, ഒരു അന്യനെയോ പ്രവാസിയെയോ സഹായിക്കുന്നതുപോലെ അയാളെ സഹായിക്കണം. നിങ്ങളുടെ ദേശവാസി നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കാൻ കഴിയേണ്ടതിന് അയാളിൽനിന്ന് യാതൊരുവിധ പലിശയോ ലാഭമോ വാങ്ങരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്. ഈ കനാൻദേശം നിങ്ങൾക്കു തരികയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ നിങ്ങളുടെ ഇടയിൽ ദരിദ്രനായിത്തീരുകയും സ്വയം നിങ്ങൾക്കു വിൽക്കുകയുംചെയ്താൽ ഒരു അടിമയെപ്പോലെ ആ മനുഷ്യനെക്കൊണ്ടു പണിയെടുപ്പിക്കരുത്. ഒരു കൂലിക്കാരനെപ്പോലെയോ താൽക്കാലികമായി വന്നു നിങ്ങൾക്കിടയിൽ താമസിക്കുന്നവനെപ്പോലെയോ അയാളോടു പെരുമാറണം; അയാൾ അൻപതാംവാർഷികോത്സവംവരെ നിങ്ങൾക്കു പണിയെടുക്കണം. പിന്നെ അയാളെയും കുഞ്ഞുങ്ങളെയും സ്വതന്ത്രരായി വിടണം, അയാൾക്കു തന്റെ ഗോത്രത്തിലേക്കും തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകാം. ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്. അവരോടു ക്രൂരമായി പെരുമാറരുത്, നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക.
“ ‘നിങ്ങളുടെ അടിമകൾ—സ്ത്രീകളും പുരുഷന്മാരും—നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്നായിരിക്കണം; അവരിൽനിന്ന് നിങ്ങൾക്ക് അടിമകളെ വാങ്ങാം. നിങ്ങളുടെ ഇടയിൽവന്നു താൽക്കാലികമായി പാർക്കുന്നവരിൽ ചിലരെയും നിങ്ങളുടെ ദേശത്തു ജനിച്ച അവരുടെ ഗോത്രങ്ങളിലുള്ളവരെയും നിങ്ങൾക്കു വാങ്ങാം; അവർ നിങ്ങളുടെ സ്വത്തായിത്തീരും. അവരെ നിങ്ങളുടെ മക്കൾക്കുവേണ്ടി പിൻതുടർച്ചയായി ആജീവനാന്തം അടിമകളായി കൊടുക്കാം. എന്നാൽ നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു ക്രൂരമായി പെരുമാറരുത്.
“ ‘ഒരു പ്രവാസിയോ നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നയാളോ ധനികരായിത്തീരുകയും നിങ്ങളുടെ സഹോദരങ്ങളിലൊരാൾ ദരിദ്രരായിട്ടു തങ്ങളെത്തന്നെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കോ പ്രവാസിയുടെ ഗോത്രത്തിലൊരാൾക്കോ വിൽക്കുകയുംചെയ്താൽ, അവർ സ്വയം വിറ്റതിനുശേഷം അവരെ വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. അയാളുടെ ഒരു ബന്ധുവിന് ആ മനുഷ്യനെ വീണ്ടെടുക്കാം: അയാളുടെ പിതൃസഹോദരനോ പിതൃസഹോദരന്റെ പുത്രനോ ആ മനുഷ്യനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അയാളുടെ കുടുംബത്തിൽ അയാളുടെ അടുത്ത ബന്ധുക്കാരിൽ ഒരാൾക്ക് ആ മനുഷ്യനെ വീണ്ടെടുക്കാം; ആ വിറ്റുപോയ അടിമയ്ക്ക് ആസ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കുകയും ചെയ്യാം. ആ മനുഷ്യനും അയാളെ വാങ്ങിയ ആളും കൂടെ വിറ്റവർഷംമുതൽ അൻപതാംവാർഷികോത്സവംവരെയുള്ള കാലം എണ്ണണം. ആ കാലത്തേക്ക് ഒരു കൂലിക്കാരനു കൊടുക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം അയാളെ സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്നതിനു നൽകുന്ന വില. അനേകവർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അയാളുടെ വീണ്ടെടുപ്പിനായി, അയാൾക്കു കിട്ടിയ വിലയിൽ വലിയൊരുപങ്ക് അയാൾ മടക്കിക്കൊടുക്കണം. അൻപതാംവാർഷികോത്സവത്തിനു ചില വർഷങ്ങൾമാത്രമാണ് ബാക്കിയുള്ളതെങ്കിൽ, അതു കണക്കാക്കി അതനുസരിച്ചു തന്റെ വീണ്ടെടുപ്പുവില കൊടുക്കണം. അയാളെ വർഷംതോറും കൂലിക്കെടുക്കുന്ന ആളായി കരുതണം. അയാളെ കൈവശമാക്കിയിരിക്കുന്ന വ്യക്തി ആ മനുഷ്യനോട് ക്രൂരമായി പെരുമാറാൻ നിങ്ങൾ അനുവദിക്കരുത്.
“ ‘ഈ ഏതെങ്കിലുംരീതിയിൽ ആ മനുഷ്യൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ, അയാളെയും കുഞ്ഞുങ്ങളെയും അൻപതാംവാർഷികോത്സവത്തിൽ സ്വതന്ത്രരായി വിടണം. കാരണം ഇസ്രായേൽമക്കൾ എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന എന്റെ സേവകരാണ് അവർ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
അനുസരണത്തിനു പ്രതിഫലം
“ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
“ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.
“ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ തുരത്തും. അവർ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും. നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും.
“ ‘ഞാൻ നിങ്ങളെ കടാക്ഷിച്ച് സന്താനപുഷ്ടിയുള്ളവരാക്കി എണ്ണത്തിൽ പെരുകുമാറാക്കും; നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും. നിങ്ങൾ പഴയ ധാന്യശേഖരത്തിൽനിന്നു ഭക്ഷിക്കുകയും പുതിയവയ്ക്കുവേണ്ടി പഴയത് മാറ്റിക്കളയുകയും ചെയ്യും. ഞാൻ എന്റെ നിവാസം26:11 അഥവാ, സമാഗമകൂടാരം നിങ്ങളുടെ ഇടയിലാക്കും. ഞാൻ നിങ്ങളെ വെറുക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ നടക്കുകയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും, നിങ്ങൾ എന്റെ ജനമായിരിക്കും. നിങ്ങൾ ഇനിയും ഈജിപ്റ്റുകാരുടെ അടിമകളാകാതിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. നിങ്ങൾ തലയുയർത്തി നിവർന്നു നടക്കേണ്ടതിന് ഞാൻ നിങ്ങളുടെ അടിമത്തത്തിന്റെ നുകക്കൈകൾ ഒടിച്ചുകളഞ്ഞു.
അനുസരണക്കേടിനുള്ള ശിക്ഷ
“ ‘എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കൽപ്പനകളെല്ലാം പ്രമാണിക്കാതെയും എന്റെ ഉത്തരവുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയുംചെയ്ത് എന്റെ കൽപ്പനകളെല്ലാം പ്രമാണിക്കാതെ എന്റെ ഉടമ്പടി ലംഘിച്ചാൽ, ഇപ്രകാരം ഞാൻ നിങ്ങളോടു ചെയ്യും: നിങ്ങളുടെ കാഴ്ച നശിപ്പിക്കുകയും ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്ന, പെട്ടെന്നുള്ള ഉഗ്രഭയം, മഹാവ്യാധി, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും. നിങ്ങൾ വെറുതേ വിത്തു വിതയ്ക്കും, അതു നിങ്ങളുടെ ശത്രുക്കൾ തിന്നുകളയും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കത്തക്കവിധം എന്റെ മുഖം നിങ്ങൾക്കു വിരോധമാക്കും; നിങ്ങളെ പകയ്ക്കുന്നവർ നിങ്ങളെ ഭരിക്കും; ആരും ഓടിക്കാതെതന്നെ നിങ്ങൾ ഓടിപ്പോകും.
“ ‘ഇതിനെല്ലാം ശേഷവും നിങ്ങൾ എന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. നിങ്ങളുടെ ദുശ്ശാഠ്യമുള്ള ഗർവ് ഞാൻ തകർക്കും; നിങ്ങൾക്കുമീതേയുള്ള ആകാശത്തെ ഇരുമ്പുപോലെയും കീഴേയുള്ള ഭൂമിയെ വെള്ളോടുപോലെയും ആക്കും. നിങ്ങളുടെ ശക്തി ഞാൻ നിഷ്ഫലമാക്കും; കാരണം നിങ്ങളുടെ മണ്ണു വിളവു തരികയില്ല, ദേശത്തിലെ വൃക്ഷങ്ങൾ അവയുടെ ഫലം തരികയുമില്ല.
“ ‘നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ, നിങ്ങളുടെ പാപങ്ങൾക്കു തക്കവിധം നിങ്ങളുടെ ബാധകളെ ഞാൻ ഏഴിരട്ടിയാക്കും. ഞാൻ നിങ്ങൾക്കു വിരോധമായി വന്യമൃഗങ്ങളെ അയയ്ക്കും. അവ നിങ്ങളെ കുഞ്ഞുങ്ങളില്ലാത്തവരാക്കും; നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ നിരത്തുകൾ വിജനമാകത്തക്കവിധം നിങ്ങളെ എണ്ണത്തിൽ കുറയ്ക്കും.
“ ‘ഇവയെല്ലാറ്റിനുശേഷവും നിങ്ങൾ എന്റെ ശിക്ഷണം സ്വീകരിക്കാതെ എന്നോടു വിരോധമായിരിക്കുന്നെങ്കിൽ, ഞാനും നിങ്ങളോടു വിരോധമായിരുന്ന് നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം നിങ്ങളെ ഏഴുമടങ്ങു പീഡിപ്പിക്കും. എന്റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരംചെയ്യാൻ, ഞാൻ നിങ്ങളുടെമേൽ വാൾ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിലേക്കു പിൻവാങ്ങുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ബാധ അയയ്ക്കും. നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുടും. അവർ അൽപ്പാൽപ്പം അപ്പം തൂക്കിത്തരും. നിങ്ങൾ തിന്നും, എന്നാൽ നിങ്ങൾക്കു തൃപ്തിയാകുകയില്ല.
“ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എന്നോടു വിരോധമായിരുന്നാൽ, ഞാനും എന്റെ കോപത്തിൽ നിങ്ങൾക്കു വിരോധമായിരിക്കും. നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. നിങ്ങളുടെ പുത്രന്മാരുടെ മാംസവും നിങ്ങളുടെ പുത്രിമാരുടെ മാംസവും നിങ്ങൾ തിന്നും. നിങ്ങൾ യാഗമർപ്പിക്കുന്ന ക്ഷേത്രങ്ങൾ26:30 [2 രാജാ. 23:5-30] ഞാൻ നശിപ്പിക്കും. ധൂപപീഠങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവശരീരങ്ങൾ നിങ്ങളുടെ നിർജീവ വിഗ്രഹങ്ങളുടെമേൽ കൂമ്പാരമാക്കുകയും ചെയ്യും; ഞാൻ നിങ്ങളെ കഠിനമായി വെറുക്കും. ഞാൻ നിങ്ങളുടെ നഗരങ്ങളെ പാഴിടങ്ങളും നിങ്ങളുടെ വിശുദ്ധമന്ദിരത്തെ ശൂന്യവുമാക്കും. നിങ്ങളുടെ യാഗങ്ങളിലെ ഹൃദ്യസുഗന്ധത്തിൽ ഞാൻ പ്രസാദിക്കുകയില്ല. അവിടെ ജീവിക്കുന്ന നിങ്ങളുടെ ശത്രുക്കൾ ആശ്ചര്യപ്പെടത്തക്കവിധം ഞാൻതന്നെ നിങ്ങളുടെ ദേശത്തെ ശൂന്യമാക്കും. ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കുകയും എന്റെ വാളൂരി നിങ്ങളെ തുരത്തുകയും ചെയ്യും. നിങ്ങളുടെ ദേശം ശൂന്യമായിക്കിടക്കും. നിങ്ങളുടെ നഗരങ്ങൾ പാഴിടങ്ങളായിത്തീരും. നിങ്ങളുടെ ദേശം നിർജനമായിക്കിടക്കുകയും നിങ്ങൾ നിങ്ങളുടെ ശത്രുരാജ്യത്തിന്റേതായിരിക്കുകയും ചെയ്യുന്ന കാലമൊക്കെയും ദേശം അതിനു ലഭിക്കാതിരുന്ന ശബ്ബത്തുവർഷങ്ങൾ ആസ്വദിക്കും; അപ്പോൾ ദേശം വിശ്രമിച്ച് അതിന്റെ ശബ്ബത്ത് ആസ്വദിക്കും. നിങ്ങൾ അതിൽ താമസിച്ചിരുന്നകാലത്ത് നിങ്ങളുടെ ശബ്ബത്തുകളിൽ അതിനില്ലാതിരുന്ന വിശ്രമം അതു നിർജനമായിക്കിടക്കുന്ന കാലമൊക്കെയും അതിനുണ്ടാകും.
“ ‘നിങ്ങളിൽ ശേഷിക്കുന്നവരുടെ ഹൃദയങ്ങളിൽ ശത്രുരാജ്യത്തിൽവെച്ച് ഞാൻ ഭീതിവരുത്തും; കാറ്റിൽ പറക്കുന്ന ഇലയുടെ ശബ്ദം കേൾക്കുമ്പോൾ ആരും അവരെ പിൻതുടരുന്നില്ലെങ്കിലും വാളിൽനിന്ന് ഒഴിഞ്ഞ് ഓടുന്നവരെപ്പോലെ അവർ ഓടുകയും വീഴുകയും ചെയ്യും. ആരും അവരെ പിൻതുടരുന്നില്ലെങ്കിലും അവർ വാളിൽനിന്ന് ഓടുന്നവരെപ്പോലെ ഓടി ഒരാൾ മറ്റൊരാളുടെമേൽ തട്ടിവീഴും. ശത്രുക്കളുടെമുമ്പിൽ നിൽക്കാനുള്ള ശക്തി നിങ്ങൾക്കു ഉണ്ടാകുകയില്ല. ജനതകളുടെ ഇടയിൽ നിങ്ങൾ നശിക്കും, നിങ്ങളുടെ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും. നിങ്ങളിൽ ശേഷിച്ചവർ ശത്രുക്കളുടെ ദേശത്ത് തങ്ങളുടെ പാപംനിമിത്തം ക്ഷയിച്ചുപോകും; അവരുടെ പിതാക്കന്മാരുടെ പാപംനിമിത്തവും അവർ ക്ഷയിച്ചുപോകും.
“ ‘എന്നാൽ അവർ, ഞാൻ അവരെ അവരുടെ ശത്രുക്കളുടെ രാജ്യത്തേക്ക് അയയ്ക്കത്തക്കവിധം എന്നെ അവർക്കു ശത്രുവാക്കിയ, അവരുടെ പാപങ്ങളെയും അവരുടെ പിതാക്കന്മാരുടെ പാപങ്ങളെയും—എനിക്കു വിരോധമായുള്ള അവരുടെ ദ്രോഹങ്ങളെയും എന്നോടുള്ള അവരുടെ വിരോധത്തെയും—ഏറ്റുപറയുമെങ്കിൽ, അവരുടെ പരിച്ഛേദനമില്ലാത്ത ഹൃദയങ്ങൾ താഴ്ത്തുകയും അവരുടെ പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമ്പോൾ, ഞാൻ യാക്കോബിനോടുള്ള എന്റെ ഉടമ്പടിയും യിസ്ഹാക്കിനോടുള്ള എന്റെ ഉടമ്പടിയും അബ്രാഹാമിനോടുള്ള എന്റെ ഉടമ്പടിയും ഓർക്കും; ഞാൻ ദേശത്തെ ഓർക്കും. ദേശം അവരാൽ പരിത്യജിക്കപ്പെട്ടിട്ട്, അത് അവരെക്കൂടാതെ വിജനമായിക്കിടന്നു ശബ്ബത്ത് അനുഭവിക്കും. എന്റെ നിയമങ്ങളെ തള്ളിക്കളയുകയും എന്റെ ഉത്തരവുകളെ വെറുക്കുകയും ചെയ്തതുകൊണ്ട് അവർ അവരുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും അവർ അവരുടെ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട്, അവരെ പൂർണമായി നശിപ്പിക്കത്തക്കവിധം അവരെ തള്ളിക്കളയുകയോ കഠിനമായി വെറുക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. എന്നാൽ, ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന അവരുടെ പൂർവികന്മാരുമായുള്ള എന്റെ ഉടമ്പടി, ഞാൻ അവർക്കുവേണ്ടി ഓർക്കും. ഞാൻ യഹോവ ആകുന്നു.’ ”
യഹോവ സീനായിപർവതത്തിൽ തനിക്കും ഇസ്രായേല്യർക്കുംതമ്മിൽ മോശമുഖാന്തരം സ്ഥാപിച്ച ഉടമ്പടിയുടെ ഉത്തരവുകളും നിയമങ്ങളും പ്രമാണങ്ങളും ഇവയാണ്.
യഹോവയ്ക്കുള്ളതിനെ വീണ്ടെടുക്കൽ
യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരാൾ മറ്റൊരാളെ ആ മനുഷ്യന്റെ മൂല്യത്തിനു തക്കതായ നേർച്ച നേർന്ന് യഹോവയ്ക്കായി സമർപ്പിക്കുമ്പോൾ, ഇരുപതും അറുപതും വയസ്സിനിടയ്ക്കുള്ള ഒരു പുരുഷന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അൻപതുശേക്കേൽ27:3 ഏക. 575 ഗ്രാം. വെള്ളിയായിരിക്കണം. സ്ത്രീ ആയിരുന്നാൽ അവളുടെ മൂല്യം മുപ്പതു ശേക്കേൽ27:4 ഏക. 345 ഗ്രാം. ആയിരിക്കും. അത് അഞ്ചും ഇരുപതും വയസ്സിനു മധ്യേയുള്ള വ്യക്തിയാണെങ്കിൽ, പുരുഷന് ഇരുപതു ശേക്കേലും,27:5 ഏക. 230 ഗ്രാം. സ്ത്രീക്കു പത്തു ശേക്കേലും27:5 ഏക. 115 ഗ്രാം. മൂല്യം നിശ്ചയിക്കുക. ഒരുമാസംമുതൽ അഞ്ചുവയസ്സുവരെയാണു പ്രായമെങ്കിൽ ആണിന് അഞ്ചുശേക്കേൽ27:6 ഏക. 58 ഗ്രാം. വെള്ളിയും പെണ്ണിനു മൂന്നു ശേക്കേൽ27:6 ഏക. 35 ഗ്രാം. വെള്ളിയും മൂല്യം നിശ്ചയിക്കുക. ഒരു വ്യക്തി അറുപതു വയസ്സോ അതിലധികമോ പ്രായമുള്ളയാളാണെങ്കിൽ പുരുഷനു പതിനഞ്ചു ശേക്കേലും27:7 ഏക. 175 ഗ്രാം. സ്ത്രീക്ക് പത്തു ശേക്കേലും വില നിശ്ചയിക്കുക. നേരുന്നയാൾ, നിശ്ചിത തുക കൊടുക്കാൻ കഴിയാത്തവിധം ദരിദ്രനെങ്കിൽ അയാൾ ആ വ്യക്തിയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. നേരുന്നയാളുടെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ മൂല്യം നിശ്ചയിക്കട്ടെ.
“ ‘ആ മനുഷ്യൻ നേർന്നതു യഹോവയ്ക്ക് സ്വീകാര്യമായ ഒരു മൃഗമെങ്കിൽ, ആ മൃഗത്തെ യഹോവയ്ക്കു കൊടുക്കുന്നതിനാൽ അതു വിശുദ്ധമാകും. അയാൾ അതു നല്ലതിനുപകരം ചീത്തയോ ചീത്തയായതിനു പകരം നല്ലതോ ആയി വെച്ചുമാറാൻ പാടില്ല; ഇങ്ങനെ ഒരു മൃഗത്തിനുപകരം മറ്റൊന്നു വെക്കണമെങ്കിൽ, അതും പകരം വെക്കുന്നതും വിശുദ്ധമായിരിക്കും. ഒരാൾ നേർന്നത്, യഹോവയ്ക്കു സ്വീകാര്യമല്ലാത്ത ഒരു അശുദ്ധമൃഗമെങ്കിൽ, ആ മൃഗത്തെ പുരോഹിതന്റെ അടുക്കൽ നിർത്തണം. നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ അതിനു മതിക്കുന്നതു തന്നെയായിരിക്കും അതിന്റെ മൂല്യം. ഉടമസ്ഥൻ മൃഗത്തെ വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ മൂല്യത്തോട് അഞ്ചിലൊന്നുകൂടെ ചേർക്കണം.
“ ‘ഒരാൾ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായി സമർപ്പിച്ചാൽ അതു നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ നിശ്ചയിക്കുന്ന മൂല്യം എന്തായാലും അത് അങ്ങനെതന്നെ ആയിരിക്കും. തന്റെ വീട് സമർപ്പിച്ചയാൾ അതിനെ വീണ്ടുകൊള്ളുന്നെങ്കിൽ അയാൾ മൂല്യത്തോട് അഞ്ചിലൊന്നു കൂട്ടണം; വീട് വീണ്ടും അയാളുടേതാകും.
“ ‘ഒരാൾ തന്റെ കുടുംബഭൂമിയിൽ കുറെ യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, ഒരു ഹോമർ27:16 ഏക. 135 കി.ഗ്രാം. യവം വിതയ്ക്കാവുന്ന നിലത്തിന് അൻപതുശേക്കേൽ എന്ന നിരക്കിൽ, അതിനുവേണ്ടുന്ന വിത്തിന്റെ അളവനുസരിച്ചായിരിക്കണം വിലമതിക്കേണ്ടത്. ഒരാൾ തന്റെ നിലം അൻപതാംവാർഷികോത്സവത്തിൽ സമർപ്പിച്ചാൽ അതിനു മതിച്ചവില നിലനിൽക്കും. അൻപതാംവാർഷികോത്സവത്തിനുശേഷമാണ് ഒരാൾ സമർപ്പിക്കുന്നതെങ്കിൽ അടുത്ത വാർഷികോത്സവത്തിനുശേഷിക്കുന്ന വർഷങ്ങളുടെ എണ്ണമനുസരിച്ചു പുരോഹിതൻ വില നിശ്ചയിക്കണം. അതിന്റെ മതിച്ചിരുന്ന വില കുറയ്ക്കുകയും വേണം. നിലം സമർപ്പിച്ചയാൾ അതു വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. നിലം വീണ്ടും അയാളുടേതാകും. എങ്കിലും അയാൾ നിലം വീണ്ടെടുക്കാതിരിക്കുകയോ ആ മനുഷ്യൻ മറ്റൊരാൾക്ക് അതു വിൽക്കുകയോ ചെയ്തെങ്കിൽ പിന്നീടൊരിക്കലും അതു വീണ്ടെടുക്കാൻ സാധിക്കുകയില്ല. ആ നിലം അൻപതാംവാർഷികോത്സവത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ, യഹോവയ്ക്കു സമർപ്പിതനിലംപോലെ അതു വിശുദ്ധമായിരിക്കും; അതു പുരോഹിതന്മാരുടെ വസ്തുവാകും.
“ ‘തന്റെ കുടുംബസ്വത്തിൽ ഉൾപ്പെടാതെ ഒരാൾ സ്വന്തമായി വാങ്ങിയ ഒരു നിലം യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, അൻപതാംവാർഷികോത്സവംവരെയുള്ള അതിന്റെ വില പുരോഹിതൻ നിർണയിക്കണം. അയാൾ അതിന്റെ വില യഹോവയ്ക്കു വിശുദ്ധമായി, അന്നുതന്നെ കൊടുക്കണം. ആ നിലം അൻപതാംവാർഷികോത്സവത്തിൽ, അതു വിറ്റ അതിന്റെ മുൻഉടമസ്ഥനു മടങ്ങിച്ചേരണം. എല്ലാ വിലയും, ശേക്കേലിന് ഇരുപതു ഗേരാവെച്ച് വിശുദ്ധമന്ദിരത്തിലെ ശേക്കേൽപ്രകാരം ആയിരിക്കണം.
“ ‘മൃഗങ്ങളുടെ കടിഞ്ഞൂൽ യഹോവയ്ക്കുള്ളതായതുകൊണ്ട്, ഒരു മൃഗത്തിന്റെ കടിഞ്ഞൂലിനെയും യഹോവയ്ക്ക് ആരും സമർപ്പിക്കരുത്; കാളയായാലും27:26 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ആടായാലും, അതു യഹോവയുടേതാണ്. അത് അശുദ്ധമൃഗങ്ങളിലൊന്നാണെങ്കിൽ, അതിന്റെ മതിപ്പുവിലയും അഞ്ചിലൊന്നും ചേർത്തു മടക്കിവാങ്ങാം. ആരും അതു വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കണം.
“ ‘എന്നാൽ, മനുഷ്യനോ മൃഗമോ കുടുംബസ്വത്തോ ആയി ഒരു മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതും യഹോവയ്ക്കു സമർപ്പിതവുമായ യാതൊന്നും വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്; അങ്ങനെ സമർപ്പിതമായതൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാണ്.
“ ‘മനുഷ്യനിൽനിന്ന് ഉന്മൂലനംചെയ്യാൻ വേർതിരിക്കപ്പെട്ട ആരെയും മോചനദ്രവ്യം കൊടുത്തു വീണ്ടെടുക്കരുത്; അയാളെ കൊന്നുകളയണം.
“ ‘നിലത്തിലെ ധാന്യത്തിലായാലും വൃക്ഷങ്ങളിലെ ഫലങ്ങളിലായാലും ദേശത്തിലെ എല്ലാറ്റിന്റെയും ദശാംശം യഹോവയ്ക്കുള്ളതാണ്; അതു യഹോവയ്ക്കു വിശുദ്ധമാണ്. ഒരാൾ, അയാളുടെ ദശാംശത്തിൽ എന്തെങ്കിലും വീണ്ടെടുക്കുന്നെങ്കിൽ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. ആടുമാടുകളുടെ മുഴുവൻ ദശാംശം—ഇടയന്റെ കോൽക്കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും—യഹോവയ്ക്കു വിശുദ്ധമാണ്. അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല; അവയെ വെച്ചുമാറരുത്. അങ്ങനെചെയ്താൽ ആ മൃഗവും അതിനുപകരം വെച്ചതും വിശുദ്ധമാകും; അവയെ വീണ്ടെടുക്കാൻ പാടില്ല.’ ”
യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്.