- Biblica® Open Malayalam Contemporary Version 2020
വിലാപങ്ങൾ
വിലാപങ്ങൾ
വിലാപങ്ങൾ
വിലാ.
വിലാപങ്ങൾ
1:0
ഈ പുസ്തകത്തിലെ ഓരോ വാക്യവും മൂന്നാം അധ്യായത്തിലെ ഓരോ മൂന്നു വാക്യങ്ങൾ വീതവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം,
എങ്ങനെ വിജനമായിപ്പോയി!
ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ
എങ്ങനെ വിധവയായിപ്പോയി!
പ്രവിശ്യകളുടെ റാണിയായിരുന്നവൾ
ഇതാ അടിമയായിരിക്കുന്നു!
രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു;
അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു.
അവളുടെ പ്രേമഭാജനങ്ങളിൽ
അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല.
അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു;
അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു.
കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം
യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു.
ജനതകളുടെ മധ്യേ അവൾ വസിക്കുന്നു;
വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല.
അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ
അവളെ പിന്നിലാക്കിയിരിക്കുന്നു.
സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു,
കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല.
അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്,
അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു,
അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു,
അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു.
അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു;
അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു.
അവളുടെ അനവധി പാപങ്ങൾനിമിത്തം
യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു.
അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു,
ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.
സീയോൻപുത്രിയുടെ പ്രതാപമെല്ലാം
അവളെ വിട്ടുപോയിരിക്കുന്നു.
അവളുടെ പ്രഭുക്കന്മാർ
പുൽമേടു കാണാത്ത മാനുകൾപോലെ;
അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ
അവർ അവശരായി ഓടി.
കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ
ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന
എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു.
അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ,
അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
അവളുടെ ശത്രുക്കൾ അവളെ നോക്കി,
അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു.
ജെറുശലേം വലിയ പാപംചെയ്തു,
അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു,
കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ;
അവളാകട്ടെ ഞരക്കത്തോടെ
മുഖംതിരിക്കുന്നു.
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു;
അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല.
അവളുടെ പതനം ഭയങ്കരമായിരുന്നു;
അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല.
“യഹോവേ, എന്റെ കഷ്ടത നോക്കണമേ,
കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.”
ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും
കൈവെച്ചിരിക്കുന്നു;
യെഹൂദേതരരായ ജനതകൾ,
അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന്
അങ്ങു വിലക്കിയവർതന്നെ,
അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.
അപ്പംതേടി അലഞ്ഞുകൊണ്ട്
അവളുടെ ജനം ഞരങ്ങുന്നു;
അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി
തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു.
“നോക്കണമേ, യഹോവേ, കരുതണമേ,
ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.”
“കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ?
ചുറ്റുമൊന്നു നോക്കിക്കാണുക.
യഹോവ തന്റെ
ഉഗ്രകോപത്തിന്റെ ദിവസത്തിൽ
എനിക്ക് വരുത്തിയ
ദുഃഖംപോലൊരു ദുഃഖമുണ്ടോ?
“ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു,
എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു.
അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച്
എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു.
അവിടന്ന് എന്നെ ശൂന്യമാക്കി,
ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു.
“എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു;1:14 ചി.കൈ.പ്ര. അവിടന്ന് എന്റെ പാപങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു.
അവ എന്റെ കഴുത്തിന്മേൽ അമർന്നു,
കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു.
എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക്
അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.
“എന്റെ എല്ലാ പോരാളികളെയും
കർത്താവ് നിരസിച്ചിരിക്കുന്നു;
എന്റെ യുവവീരന്മാരെ തകർക്കുന്നതിന്
അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി.
കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ
യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു.
“അതുകൊണ്ടാണ് ഞാൻ കരയുന്നത്,
എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു.
എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല,
എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല.
എന്റെ മക്കൾ അഗതികളാണ്,
കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.”
സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു,
എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന്
യഹോവ യാക്കോബിനോട് ശപഥംചെയ്തു;
ജെറുശലേം അവർക്കിടയിൽ
ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു.
“യഹോവ നീതിമാനാകുന്നു,
എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു.
സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക
എന്റെ കഷ്ടത നിങ്ങൾ കാണുക.
എന്റെ യുവാക്കളും കന്യകമാരും
പ്രവാസത്തിൽ പോയിരിക്കുന്നു.
“ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു,
എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു.
എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും
ജീവൻ നിലനിർത്തുന്നതിന്
ഭക്ഷണം തേടുന്നതിനിടയിൽ
നഗരത്തിൽ പട്ടുപോയിരിക്കുന്നു.
“യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി!
ഉള്ളിൽ എനിക്ക് അതിവേദനയാണ്,
എന്റെ ഹൃദയം അസ്വസ്ഥമാണ്,
ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ.
പുറമേ വാൾ വിലാപം വിതയ്ക്കുന്നു;
ഉള്ളിലോ മരണംമാത്രവും.
“ജനങ്ങൾ എന്റെ ഞരക്കം കേട്ടു,
എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല.
എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു;
അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു.
അവരും എന്നെപ്പോലെ ആകേണ്ടതിന്
അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.
“അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ;
എന്റെ പാപങ്ങൾനിമിത്തം
എന്നോട് ചെയ്തതുപോലെ,
അവരോടും ചെയ്യുക.
എന്റെ നിശ്വാസങ്ങൾ ബഹുലവും
എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”
അവിടത്തെ കോപമേഘംകൊണ്ട്
കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ!
അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം
ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു;
തന്റെ കോപദിവസത്തിൽ
തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.
യാക്കോബിന്റെ സകലനിവാസികളെയും
കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു;
അവിടത്തെ ക്രോധത്തിൽ അവിടന്ന്
യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു.
അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും
നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.
ഉഗ്രകോപത്തിൽ അവിടന്ന്
ഇസ്രായേലിന്റെ എല്ലാ ശക്തിയും2:3 മൂ.ഭാ. കൊമ്പും മുറിച്ചുമാറ്റി.
ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ
അവിടന്ന് പിൻവലിച്ചു.
ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ
അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.
ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു;
അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു.
വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു
കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ;
സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന്
അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു.
കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു;
അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി.
അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു,
അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും
വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു;
അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു.
യഹോവ സീയോനെ അവളുടെ നിർദിഷ്ട
ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി.
അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന്
രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു
അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു.
അവളുടെ കൊട്ടാരമതിലുകളെ അവിടന്ന്
ശത്രുവിന് കൈമാറിയിരിക്കുന്നു;
നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ
അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ
ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു.
അവിടന്ന് അളന്ന് അതിരിട്ടു,
നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല.
അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി;
ഒന്നിച്ച് അവ ശൂന്യമായിപ്പോയി.
അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി;
അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി,
ന്യായപ്രമാണവും ഇല്ലാതായി,
അവളുടെ പ്രവാചകന്മാർക്ക്
യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി.
സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ
തറയിൽ മൗനമായിരിക്കുന്നു;
അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട്
ചാക്കുശീല അണിഞ്ഞിരിക്കുന്നു.
ജെറുശലേമിലെ കന്യകമാർ
നിലത്തോളം അവരുടെ തല താഴ്ത്തുന്നു.
കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി,
എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു;
എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി,
എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ,
ബാലരും ശിശുക്കളും
നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.
അവർ മുറിവേറ്റവരെപ്പോലെ
നഗരവീഥികളിൽ തളർന്നുവീഴവേ,
അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന്
ജീവൻ വെടിയവേ,
“അപ്പവും വീഞ്ഞും എവിടെ?”
എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.
ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്?
അല്ലയോ, ജെറുശലേംപുത്രീ,
നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും?
സീയോന്റെ കന്യാപുത്രി,
നിന്നെ എന്തിനോട് ഉപമിച്ചാൽ
എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും?
നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്,
നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും?
നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ
വ്യാജവും വ്യർഥവും ആയിരുന്നു;
നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന്
അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല.
അവർ നിനക്കു നൽകിയ വെളിപ്പാടുകൾ
വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു.
നിന്റെ വഴിയിലൂടെ പോകുന്നവർ
നിന്നെ നോക്കി കൈകൊട്ടുന്നു;
ജെറുശലേം പുത്രിയെ
അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു.
“സൗന്ദര്യത്തിന്റെ പൂർണത എന്നും,
സർവഭൂമിയുടെയും ആനന്ദം എന്നും
വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”
നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ
മലർക്കെ വായ് തുറക്കുന്നു;
അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു,
“ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു.
ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം;
ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”
യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു;
അവിടന്ന് തന്റെ വചനം നിവർത്തിച്ചു,
പണ്ടേ അരുളിച്ചെയ്ത വചനംതന്നെ.
ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു,
അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി,
നിന്റെ വൈരികളുടെ കൊമ്പ്2:17 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തുകയും ചെയ്തു.
ജനഹൃദയങ്ങൾ
കർത്താവിനെ നോക്കി കരയുന്നു.
സീയോൻപുത്രിയുടെ മതിലേ,
നിന്റെ കണ്ണുനീർ രാവും പകലും
നദിപോലെ ഒഴുകട്ടെ;
നിനക്ക് യാതൊരു ആശ്വാസവും
നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക.
രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ
എഴുന്നേറ്റ് നിലവിളിക്കുക;
കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം
വെള്ളംപോലെ പകരുക.
എല്ലാ ചത്വരങ്ങളിലും
വിശന്നു തളരുന്ന
നിന്റെ മക്കളുടെ ജീവനായി
അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
“യഹോവേ, കാണണമേ, കരുതണമേ:
അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ?
തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ,
തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ!
കർത്താവിന്റെ ആലയത്തിൽ
പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ?
“യുവാവും വൃദ്ധനും ഒരുമിച്ച്,
വീഥിയിലെ പൂഴിയിൽ കിടക്കുന്നു;
എന്റെ യുവാക്കന്മാരും കന്യകമാരും
വാളിനാൽ വീണുപോയിരിക്കുന്നു.
നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു;
കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.
“വിരുന്നുനാളിലെ ക്ഷണംപോലെ
എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി.
യഹോവയുടെ ക്രോധദിവസത്തിൽ
ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല;
ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ
എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.”
യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട്
കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
അവിടന്നെന്നെ ആട്ടിയകറ്റി
എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു
വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു,
എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
കയ്‌പിനാലും കഠിനയാതനയാലും അവിടന്ന്
എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
പണ്ടേ മരിച്ചവരെപ്പോലെ
അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി;
ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും
അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു;
എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ,
ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി,
നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
അവിടന്ന് വില്ലുകുലയ്ക്കുകയും
അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ
അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി;
ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു,
കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു;
അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;
ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്
ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും
കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
ഞാൻ അവയെ നന്നായി ഓർക്കുന്നു,
എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
എങ്കിലും ഞാൻ ഇത് ഓർക്കും
അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
യൗവനത്തിൽത്തന്നെ
നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത്
അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ;
ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ,
നിന്ദയാൽ അവൻ നിറയട്ടെ.
കർത്താവ് ആരെയും
ശാശ്വതമായി പരിത്യജിക്കുകയില്ല.
അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
ദേശത്തിലെ സകലബന്ധിതരെയും
കാൽച്ചുവട്ടിൽ മെതിച്ചാൽ
അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്
തന്റെ അവകാശം നിഷേധിച്ചാൽ
ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—
കർത്താവ് ഇതൊന്നും കാണുകയില്ലേ.
കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ,
ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
അത്യുന്നതന്റെ നാവിൽനിന്നാണല്ലോ
വിനാശങ്ങളും നന്മകളും വരുന്നത്?
തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ
ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,
നമുക്ക് യഹോവയിലേക്കു മടങ്ങാം.
സ്വർഗത്തിലുള്ള ദൈവത്തിലേക്ക്
നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
“ഞങ്ങൾ പാപംചെയ്തു മത്സരിച്ചു
അവിടന്ന് ക്ഷമിച്ചതുമില്ല.
“അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു;
ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം
അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ
മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
“ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ
അവരുടെ വായ് മലർക്കെ തുറന്നു.
ഞങ്ങൾ ഭീതിയും കെണികളും
തകർച്ചയും നാശവും സഹിച്ചു.”
എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
യഹോവ സ്വർഗത്തിൽനിന്നു
താഴേക്കു നോക്കിക്കാണുവോളം,
എന്റെ മിഴികൾ ആശ്വാസമറിയാതെ
നിരന്തരം ഒഴുകും.
എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം
ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ
പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു,
എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു
ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന്
ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
“ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക്
അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,
അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്
എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു.
എന്റെ ന്യായം ഉയർത്തണമേ!
അവരുടെ പ്രതികാരത്തിന്റെ ആഴവും
എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
യഹോവേ, അവരുടെ ശകാരങ്ങളും
എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ
അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും
അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
അവരുടെ കൈകൾ ചെയ്തത് അനുസരിച്ച്
യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ,
അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ,
യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.
സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ,
തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ!
അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും
ചിതറിപ്പോയിരിക്കുന്നു.
സീയോന്റെ അമൂല്യസന്തതികൾ
ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ,
ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ!
കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!
കുറുനരികൾപോലും അതിന്റെ കുട്ടികളെ
മുലയൂട്ടി പോറ്റുന്നു,
എന്നാൽ എന്റെ ജനം മരുഭൂമിയിലെ
ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു.
ദാഹംകൊണ്ട് ശിശുക്കളുടെ
നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു;
മക്കൾ അപ്പം തിരക്കുന്നു,
ആരും അവർക്കു കൊടുക്കുന്നില്ല.
ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ
ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു.
ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ
ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു.
ഒരു കൈപോലും സഹായിക്കാനില്ലാതെ
ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട
സൊദോമിന്റേതിലും വലിയതാണ്
എന്റെ ജനത്തിന്റെ ശിക്ഷ.4:6 അഥവാ, കുറ്റം
അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും
പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു,
അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത്
അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു.
എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്;
തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല.
അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു
അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി.
വാൾകൊണ്ട് മരിച്ചവർ
ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ;
നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട്
വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു.
കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്
പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ,
എന്റെ ജനത്തിന്റെ നാശത്തിങ്കൽ
അവർക്ക് ഭക്ഷണമായിത്തീർന്നു.
യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു;
തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു.
അവിടന്ന് സീയോനിൽ തീ കത്തിച്ചു.
അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.
ശത്രുക്കൾക്കും വൈരികൾക്കും
ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന്
ഭൂമിയിലെ രാജാക്കന്മാരോ
ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.
എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും
അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു.
അവർ അവളുടെ ഉള്ളിൽത്തന്നെ
നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.
ഇപ്പോൾ അവർ തെരുവീഥികളിലൂടെ
അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു.
ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം
അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.
“മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു,
“ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!”
അവർ ഓടി അലഞ്ഞുതിരിയുമ്പോൾ
രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു,
“അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”
യഹോവതന്നെ അവരെ ചിതറിച്ചു;
അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല.
പുരോഹിതന്മാർക്ക് ബഹുമാനമോ
ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല.
മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി
ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി.
ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത്
ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.
ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം
മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു.
ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു,
ഞങ്ങളുടെ അന്ത്യം വന്നിരുന്നു.
ഞങ്ങളെ പിൻതുടരുന്നവർ
ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു;
അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന്
മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ,
അവരുടെ കെണികളിൽ അകപ്പെട്ടു.
ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ
ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.
ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ,
ഉല്ലസിച്ച് ആനന്ദിക്കുക.
എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും;
നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.
സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും;
അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല.
എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും
നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.
യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ;
നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ.
ഞങ്ങളുടെ ഓഹരി അപരിചിതർക്കും
ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.
ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി,
ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി.
ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം;
വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ;
ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി;
ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല.
മതിയാവോളം അപ്പം കിട്ടേണ്ടതിന്
ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.
ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി
ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു.
അടിമകൾ ഞങ്ങളെ ഭരിക്കുന്നു
അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല.
മരുഭൂമിയിലെ വാൾനിമിത്തം
ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു.
വിശപ്പിന്റെ താപത്താൽ
ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു.
സ്ത്രീകൾ സീയോനിലും
കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.
പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു;
ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല.
യുവാക്കൾ തിരികല്ലിൽ പണിയുന്നു,
ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു
ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി,
യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു.
ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു;
ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു,
ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു!
അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു
അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി.
പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട്
സീയോൻപർവതം ശൂന്യമായി കിടക്കുന്നു.
യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ;
അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു.
എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു?
എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?
അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ,
അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ.
യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ,
പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.