- Biblica® Open Malayalam Contemporary Version 2020
യോശുവ
യോശുവയുടെ പുസ്തകം
യോശുവ
യോശു.
യോശുവയുടെ പുസ്തകം
യോശുവ നായകനായി അവരോധിക്കപ്പെടുന്നു
യഹോവയുടെ ദാസനായ മോശയുടെ മരണാനന്തരം, മോശയുടെ ശുശ്രൂഷകനും നൂന്റെ മകനുമായ യോശുവയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “എന്റെ ദാസനായ മോശ മരിച്ചു; ആകയാൽ യോർദാനക്കരെ—നീയും ഈ ജനമൊക്കെയും—ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ തയ്യാറെടുക്കുക. ഞാൻ മോശയോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ കാൽപാദങ്ങൾ പതിക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു തരും. തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും1:4 മൂ.ഭാ. മഹാസമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും. നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.
“ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും. ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”
അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു: “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.”
എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’ നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക. യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.”
അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി. ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”
രാഹാബും ചാരപ്രവർത്തകരും
ഇതിനുശേഷം നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന് രഹസ്യമായി രണ്ട് ചാരപ്രവർത്തകരെ അയച്ചു. “നിങ്ങൾ പോയി ദേശം പര്യവേക്ഷണംചെയ്യുക വിശിഷ്യ, യെരീഹോപട്ടണവും നോക്കുക” എന്നു പറഞ്ഞു. അവർ പോയി രാഹാബ് എന്നു പേരുള്ള ഒരു ഗണികയുടെ വീട്ടിൽ പ്രവേശിച്ച് അവിടെ താമസിച്ചു.
“ഇസ്രായേൽമക്കളിൽ ചിലർ ദേശത്തെ പര്യവേക്ഷണംചെയ്യാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു,” എന്നു യെരീഹോരാജാവിന് അറിവുകിട്ടി. അതുകൊണ്ട് യെരീഹോരാജാവ് രാഹാബിന് ഇപ്രകാരം കൽപ്പനകൊടുത്തു: “നിന്റെ അടുക്കൽവന്ന് വീട്ടിൽ പ്രവേശിച്ചിരിക്കുന്ന പുരുഷന്മാരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും പര്യവേക്ഷണംചെയ്യാൻ വന്നവരാകുന്നു.”
എന്നാൽ ആ സ്ത്രീ രണ്ടു പുരുഷന്മാരെയും ഒളിപ്പിച്ചിരുന്നു. അവൾ ഇപ്രകാരം പറഞ്ഞു: “ആ പുരുഷന്മാർ ഇവിടെ വന്നിരുന്നു എന്നതു ശരിതന്നെ; എങ്കിലും അവർ എവിടെനിന്നു വന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത് അവർ സ്ഥലംവിട്ടു. അവർ ഏതുവഴി പോയി എന്നും എനിക്കറിഞ്ഞുകൂടാ. വേഗം അവരെ പിൻതുടരുക. ഒരുപക്ഷേ അവരെ കണ്ടുപിടിക്കാം.” (എന്നാൽ അവൾ അവരെ വീട്ടിന്മുകളിൽകൊണ്ടുപോയി അവിടെ നിരത്തിയിട്ടിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.) ചാരപ്രവർത്തകരെ തേടിവന്നവർ അവരെ തെരഞ്ഞ് യോർദാൻനദീതീരംവരെ പോയി, രാജാവിന്റെ ആളുകൾ പുറപ്പെട്ട ഉടനെതന്നെ പട്ടണവാതിൽ അടച്ചു.
ചാരപ്രവർത്തകർ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവൾ മുകളിൽ ചെന്ന് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്. നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾത്തന്നെ നിങ്ങൾനിമിത്തം ഞങ്ങളുടെ ഹൃദയം ഭയംകൊണ്ടു കലങ്ങി; ധൈര്യം ചോർന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും ദൈവം ആകുന്നു.
“അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക. എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.”
ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”
അങ്ങനെ അവൾ ജനാലയിലൂടെ ഒരു കയർകെട്ടി അവരെ ഇറക്കി. അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു. അവൾ അവരോട്, “പിൻതുടരുന്നവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കുന്നതിനു പർവതങ്ങളിലേക്കു പോകുക. അവർ മടങ്ങിവരുന്നതുവരെ—മൂന്നുദിവസം—അവിടെ ഒളിച്ചിരുന്നശേഷം നിങ്ങളുടെ വഴിക്കു പോകുക” എന്നും പറഞ്ഞു.
ആ പുരുഷന്മാർ അവളോടു പറഞ്ഞത്, “ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ, നീ ഞങ്ങളെ ഇറക്കിവിട്ട ഈ ജനാലയിൽ ഈ ചെമപ്പുചരടു കെട്ടുകയും നിന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്നും ഞങ്ങൾ ഒഴിവുള്ളവരായിരിക്കും. ആരെങ്കിലും വീടിനുപുറത്ത്, തെരുവിലേക്കിറങ്ങിയാൽ അവരുടെ രക്തം അവരുടെ തലമേൽ ഇരിക്കും; ഞങ്ങൾ ഉത്തരവാദികളായിരിക്കുകയില്ല. നിന്നോടുകൂടെ വീട്ടിൽ ഇരിക്കുന്ന ആരുടെയെങ്കിലുംമേൽ ആരെങ്കിലും കൈവെച്ചാൽ, അവരുടെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. എന്നാൽ ഞങ്ങൾ ചെയ്യുന്നത് നീ ആരെയെങ്കിലും അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരായിരിക്കും.”
“സമ്മതിച്ചിരിക്കുന്നു, നിങ്ങൾ പറഞ്ഞതുപോലെതന്നെ ആകട്ടെ,” അവൾ പറഞ്ഞു.
അവൾ അവരെ യാത്രയയച്ചതിനുശേഷം, ആ ചെമപ്പുചരട് ജനാലയിൽ കെട്ടുകയും ചെയ്തു.
അവർ പുറപ്പെട്ട് പർവതത്തിൽച്ചെന്നു മൂന്നുദിവസം അവിടെ താമസിച്ചു. അവരെ തെരഞ്ഞുപോയവർ വഴിനീളെ അന്വേഷിച്ചു, കണ്ടെത്താതെ മടങ്ങിപ്പോകുകയും ചെയ്തു. ഇതിനുശേഷം ആ രണ്ടു പുരുഷന്മാർ പർവതത്തിൽനിന്നിറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനെ അറിയിച്ചു. “തീർച്ചയായും, യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ദേശവാസികൾ എല്ലാവരും നമ്മുടെനിമിത്തം ഭയത്താൽ ഉരുകിയിരിക്കുന്നു,” എന്ന് അവർ യോശുവയോടു പറഞ്ഞു.
യോർദാൻനദികടക്കുന്നു
അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു. മൂന്നുദിവസത്തിനുശേഷം ജനത്തിന്റെ നായകന്മാർ പാളയത്തിൽക്കൂടി കടന്ന്, ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം. ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം3:4 ഏക. 900 മീ. അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.”
പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു.
യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു.
പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.”
യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക. ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും. ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു. അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”
അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു. കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ, മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക്3:16 അതായത്, ചാവുകടൽ ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു: “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”
അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”
യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.
മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു. മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു. ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.
അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.
പിന്നെ യഹോവ യോശുവയോട്, “ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
“യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.
അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.
ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു. യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു. യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ, ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക. കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു. ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”
ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു.
പുതിയ തലമുറ പരിച്ഛേദനം ഏൽക്കുന്നു
ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം5:2 അതായത്, സുന്നത്ത് ചെയ്യുക” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ5:3 അഗ്രചർമഗിരി എന്നർഥം. വെച്ച് പരിച്ഛേദനം ചെയ്തു.
ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു. അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു. മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു.
അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ5:9 ഉരുൾ എന്നർഥം. എന്നു പേർ പറയുന്നു.
ആ മാസം പതിന്നാലാംതീയതി സന്ധ്യക്ക് യെരീഹോസമഭൂമിയിലെ ഗിൽഗാലിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേൽമക്കൾ പെസഹാ ആഘോഷിച്ചു. പെസഹായുടെ പിറ്റേന്നാൾതന്നെ അവർ ദേശത്തെ വിളവിൽനിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും മലരും ഭക്ഷിച്ചു. അവർ ദേശത്തെ വിളവിൽനിന്നുള്ള ഈ ഭക്ഷണം കഴിച്ചതിന്റെ അടുത്തദിവസംതന്നെ5:12 അഥവാ, ആ ദിവസംതന്നെ മന്ന നിന്നുപോയി. അതിനുശേഷം അവർക്കു മന്ന ലഭിച്ചതുമില്ല. അങ്ങനെ ആ വർഷംമുതൽ ഇസ്രായേല്യർ കനാൻദേശത്തെ വിളവു ഭക്ഷിച്ചു.
യെരീഹോവിന്റെ പതനം
യോശുവ യെരീഹോവിനു സമീപത്തായിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ മുമ്പിൽ നിൽക്കുന്നതു കണ്ടു; യോശുവ അവനോട്: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു.
അതിന് അവൻ, “ആരുടെയും പക്ഷമല്ല; ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചു; “എന്റെ കർത്താവിന്5:14 അഥവാ, യജമാനന് അവിടത്തെ ദാസനോടുള്ള കൽപ്പന എന്ത്?” എന്നു ചോദിച്ചു.
യഹോവയുടെ സൈന്യാധിപതി അവനോട്, “നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുകയാൽ നിന്റെ ചെരിപ്പ് ഊരുക” എന്നു പറഞ്ഞു. യോശുവ അപ്രകാരംചെയ്തു.
എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക. മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.”
നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു. “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു.
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു. ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു. അങ്ങനെ യഹോവയുടെ പേടകം പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റി. അതിനുശേഷം സൈന്യം പാളയത്തിലേക്കു മടങ്ങി, രാത്രി അവിടെ ചെലവഴിച്ചു.
യോശുവ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പേടകം എടുത്തു. ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനിന്ന ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് യഹോവയുടെ പേടകത്തിനുമുമ്പിൽ അണിനടന്നു. ആയുധധാരികളായ പുരുഷന്മാർ അവരുടെമുന്നിലും പിന്നിലുള്ള പട്ടാളക്കാർ യഹോവയുടെ പേടകത്തിനു പിന്നിലുമായി അണിനടന്നു; കാഹളങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെ രണ്ടാംദിവസവും അവർ പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ ആറുദിവസം ഇപ്രകാരം ചെയ്തു.
ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു കൽപ്പിച്ചു: “ആർപ്പിടുക! യഹോവ നിങ്ങൾക്കു പട്ടണം തന്നിരിക്കുന്നു. ഈ പട്ടണവും ഇതിലുള്ളതൊക്കെയും യഹോവയ്ക്ക് അർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന ഗണിക നാം അയച്ച ചാരപ്രവർത്തകരെ ഒളിപ്പിച്ചതുകൊണ്ട് അവളും അവളുടെ വീട്ടിൽ അവളോടുകൂടെയുള്ളവരുംമാത്രം ജീവിച്ചിരിക്കട്ടെ. എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും. വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.”
പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി. അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു. അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു.
ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു. രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.
അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ:
“അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ
അവന്റെ മൂത്തമകൻ നഷ്ടമാകും;
അതിന്റെ കവാടം വെക്കുമ്പോൾ
അവന്റെ ഇളയമകനും നഷ്ടമാകും.”
അങ്ങനെ യഹോവ യോശുവയോടുകൂടെയുണ്ടായിരുന്നു; അവന്റെ കീർത്തി ദേശമെല്ലാം പരന്നു.
ആഖാന്റെ പാപം
എന്നാൽ അർപ്പിതവസ്തുക്കളെ സംബന്ധിച്ച് ഇസ്രായേൽമക്കൾ അവിശ്വസ്തത കാണിച്ചു. യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ മകൻ സബ്ദിയുടെ7:1 ചി.കൈ.പ്ര. സിമ്രി, വാ. 17, 18 കാണുക. മകനായ കർമിയുടെ മകൻ ആഖാൻ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തു. അതുകൊണ്ട് ഇസ്രായേലിനു വിരോധമായി യഹോവയുടെ കോപം ജ്വലിച്ചു.
യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു.
അവർ യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അദ്ദേഹത്തെ അറിയിച്ചത്, “ഹായിക്കുനേരേ സൈന്യമെല്ലാം പോകേണ്ട ആവശ്യമില്ല. അതു പിടിക്കുന്നതിനു രണ്ടായിരമോ മൂവായിരമോ ജനത്തെമാത്രം അയയ്ക്കുക; എല്ലാവരെയും കഷ്ടപ്പെടുത്തേണ്ടാ. കാരണം, അവിടെ കുറച്ചു ജനംമാത്രമേയുള്ളൂ.” അതുകൊണ്ട് ഏകദേശം മൂവായിരംപേർ അങ്ങോട്ടുപോയി; എന്നാൽ ഹായിയിലെ ആളുകൾ ഇസ്രായേല്യരോടെതിരിട്ട് അവരെ തോൽപ്പിച്ചു, അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു.
അപ്പോൾ യോശുവ വസ്ത്രംകീറി യഹോവയുടെ പേടകത്തിനുമുമ്പിൽ നിലത്തു സാഷ്ടാംഗം വീണു. സന്ധ്യവരെ അവിടെ കിടന്നു. ഇസ്രായേല്യ ഗോത്രത്തലവന്മാരും തലയിൽ പൊടിവാരിയിട്ടുകൊണ്ട് അപ്രകാരംചെയ്തു. യോശുവ ഇപ്രകാരം പറഞ്ഞു: “കർത്താവായ യഹോവേ! ഞങ്ങളെ നശിപ്പിക്കാൻ അമോര്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് ഈ ജനത്തെ അവിടന്ന് എന്തിനുവേണ്ടി യോർദാന് ഇക്കരെ കൊണ്ടുവന്നു? ഞങ്ങൾ യോർദാനക്കരെ താമസിച്ചാൽ മതിയാകുമായിരുന്നല്ലോ! കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിക്കണമേ. ഇസ്രായേലിനെ ശത്രുക്കൾ തകർത്തശേഷം ഇനി ഞാൻ എന്താണു പറയേണ്ടത്? കനാന്യരും ദേശത്തെ മറ്റ് ആളുകളും ഈ വിവരം അറിഞ്ഞ് ഞങ്ങളെ ചുറ്റിവളയുകയും ഞങ്ങളുടെ പേര് ഭൂമിയിൽനിന്ന് തുടച്ചുമാറ്റുകയും ചെയ്യുമല്ലോ. എന്നാൽ, അങ്ങ് അവിടത്തെ മഹത്തായ നാമത്തിനുവേണ്ടി എന്തുചെയ്യും?”
യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല.
“പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
“ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം. അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ”
അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു.
അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു.
ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ7:21 മൂ.ഭാ. ശിനാർ മേലങ്കിയും ഇരുനൂറു ശേക്കേൽ7:21 ഏക. 2.3 കി.ഗ്രാം. വെള്ളിയും അൻപതുശേക്കേൽ7:21 ഏക. 575 ഗ്രാം. തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”
യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടി. അവന്റെ കൂടാരത്തിൽ വെള്ളി അടിയിലായി അവ ഒളിച്ചുവെച്ചിരിക്കുന്നതു കണ്ടു; അവ കൂടാരത്തിൽനിന്നെടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു; യഹോവയുടെമുമ്പാകെ നിരത്തിയിട്ടു.
അപ്പോൾ യോശുവയും എല്ലാ ഇസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ, വെള്ളി, മേലങ്കി, സ്വർണക്കട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, മാട്, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി. യോശുവ ഇങ്ങനെ പറഞ്ഞു: “നീ ഈ അത്യാഹിതം ഞങ്ങളുടെമേൽ വരുത്തിവെച്ചത് എന്തിന്? ഇന്ന് യഹോവ നിന്റെമേലും അത്യാഹിതം വരുത്തും.”
പിന്നെ ഇസ്രായേലെല്ലാം ആഖാനെ കല്ലെറിഞ്ഞു, മറ്റുള്ളവരെയും കല്ലെറിഞ്ഞതിനുശേഷം അവരെ ചുട്ടുകളഞ്ഞു. ആഖാന്റെമേൽ അവർ ഒരു വലിയ കൽക്കൂന കൂട്ടി. അത് ഇപ്പോഴും അവിടെയുണ്ട്. അങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർ7:26 കഷ്ടപ്പാട് എന്നർഥം. താഴ്വര എന്ന് ഇന്നും പറഞ്ഞുവരുന്നു.
ഹായിയുടെ നാശം
ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.”
അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു: “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും. ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ, നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”
അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു.
അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.
ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.
അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ8:18 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി. അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു.
ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു. ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു. ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല. യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി.
പിന്നെ യോശുവ ഹായി8:28 അനർഥം എന്നർഥം. പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു. ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.
ഏബാൽപർവതത്തിൽവെച്ചു ന്യായപ്രമാണ പുനഃപ്രതിജ്ഞ
യഹോവയുടെ ദാസനായ മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നതുപോലെ യോശുവ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ചെത്തുകയോ ഇരുമ്പുപകരണം തൊടുകയോ ചെയ്യാത്ത കല്ലുകൾകൊണ്ട് യാഗപീഠം ഉണ്ടാക്കി.8:31 [പുറ. 20:25]; [ആവ. 27:5-6]. അതിന്മേൽ അവർ യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അവിടെ, ഇസ്രായേൽമക്കളുടെ സാന്നിധ്യത്തിൽ, യോശുവ മോശയുടെ ന്യായപ്രമാണം കല്ലുകളിന്മേൽ പകർത്തി. എല്ലാ ഇസ്രായേല്യരും പ്രവാസിയും സ്വദേശിയും ഒരുപോലെ, അവരുടെ ഗോത്രത്തലവന്മാരോടും നേതാക്കന്മാരോടും ന്യായാധിപന്മാരോടുംകൂടി, യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന്റെ ഇരുവശങ്ങളിലുമായി, പേടകം വഹിച്ചിരുന്ന ലേവ്യരായ പുരോഹിതന്മാർക്കഭിമുഖമായി നിന്നിരുന്നു. പകുതിപേർ ഗെരിസീം പർവതത്തിന്റെ മുന്നിലും പകുതിപേർ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു; ഇസ്രായേൽജനത്തെ അനുഗ്രഹിക്കണമെന്നു യഹോവയുടെ ദാസനായ മോശ മുമ്പു കൽപ്പിച്ചിരുന്നതുപോലെതന്നെ.
അതിനുശേഷം യോശുവ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അടങ്ങിയ നിയമത്തിലെ എല്ലാ വാക്കുകളും വായിച്ചു. സ്ത്രീകളും കുട്ടികളും അവരുടെ ഇടയിൽ താമസിച്ചിരുന്ന പ്രവാസികളുമുൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയെയും, മോശ കൽപ്പിച്ചിരുന്ന ഒരൊറ്റ വാക്കുപോലും വിടാതെ, യോശുവ വായിച്ചുകേൾപ്പിച്ചു.
ഗിബെയോന്യർ ഇസ്രായേല്യരെ വഞ്ചിക്കുന്നു
യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ9:1 മൂ.ഭാ. മഹാസമുദ്രം തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ— ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.
എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ, അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു. ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു.
ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു.
അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു.
എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും, യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.”
ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി. അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു.
ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി. അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി. ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല.
എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു. എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ. നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ. അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.
പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്? അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു.
അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു. ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു.
അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല. അന്ന് അവരെ ഇസ്രായേല്യസമൂഹത്തിനും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരുമാക്കി. അവർ ഇന്നുവരെയും അങ്ങനെ ചെയ്തുവരുന്നു.
സൂര്യൻ നിശ്ചലമാകുന്നു
യോശുവ ഹായിപട്ടണം പിടിച്ച് ഉന്മൂലനാശംവരുത്തി എന്നും, യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്യർ ഇസ്രായേലിനോടു സമാധാനയുടമ്പടി ചെയ്ത് അവരോട് സഖ്യത്തിലായി എന്നും ജെറുശലേംരാജാവായ അദോനി-സെദെക് കേട്ടു. ഗിബെയോൻ ഒരു രാജകീയ നഗരംപോലെ പ്രധാനപട്ടണമായിരുന്നു. ഹായിയെക്കാൾ വലിയ പട്ടണവുമായിരുന്നു അത്. മാത്രമല്ല അവിടത്തെ പുരുഷന്മാരെല്ലാം നല്ല പോരാളികളുമായിരുന്നു. ഇക്കാരണങ്ങളാൽ അദോനി-സേദെക്കും അവന്റെ ആളുകളും വളരെ ഭയപ്പെട്ടു. അതുകൊണ്ട് ജെറുശലേംരാജാവായ അദോനി-സെദെക്, ഹെബ്രോൻരാജാവായ ഹോഹാമിനോടും യർമൂത്തുരാജാവായ പിരാമിനോടും ലാഖീശുജാവായ യാഫിയയോടും എഗ്ലോൻരാജാവായ ദെബീരിനോടും, “ഗിബെയോൻ യോശുവയോടും ഇസ്രായേൽമക്കളോടും സമാധാന ഉടമ്പടി ചെയ്തിരിക്കുകയാൽ, ഗിബെയോനെ ആക്രമിക്കുന്നതിന് എന്നെ വന്നു സഹായിക്കുക” എന്നപേക്ഷിച്ചു.
ഇങ്ങനെ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരുംകൂടി ഒരു ഐക്യചേരിയായി; അവരുടെ മുഴുവൻ സൈന്യവുമായി ഗിബെയോനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു.
“അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഉപേക്ഷിക്കരുതേ, അതിവേഗം വന്നു ഞങ്ങളെ രക്ഷിക്കണമേ. പർവതപ്രദേശങ്ങളിലെ അമോര്യരാജാക്കന്മാർ എല്ലാവരും ഒരുമിച്ചുകൂടി ഞങ്ങൾക്കുനേരേ വന്നിരിക്കുന്നു, ഞങ്ങളെ സഹായിക്കണമേ,” എന്നു ഗിബെയോന്യർ ഗിൽഗാൽപാളയത്തിലായിരുന്ന യോശുവയ്ക്കു സന്ദേശം അയച്ചു.
അപ്പോൾ യോശുവ ഏറ്റവും നല്ല പോരാളികളുൾപ്പെടെയുള്ള സർവസൈന്യവുമായി ഗിൽഗാലിൽനിന്ന് പുറപ്പെട്ടു. യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു. യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി. ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ.
യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു:
“സൂര്യാ, നീ ഗിബെയോനു മുകളിലും,
ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.”
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ,
സൂര്യൻ നിശ്ചലമായി നിന്നു;
ചന്ദ്രനും നിന്നു.
യാശീരിന്റെ10:13 ധർമിഷ്ഠരുടെ അഥവാ, ശൂരന്മാരുടെ എന്നർഥം. ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.
സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു. യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു!
അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി.
അഞ്ച് അമോര്യരാജാക്കന്മാർ കൊല്ലപ്പെടുന്നു
രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു. ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു. യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക. എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി. ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.
ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.
യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു. അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു.
സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.
തെക്കൻനഗരങ്ങൾ കീഴടങ്ങുന്നു
അന്ന് യോശുവ മക്കേദാ പിടിച്ചു. പട്ടണത്തെയും അതിലെ രാജാവിനെയും വാളിന്റെ വായ്ത്തലയാൽ വീഴ്ത്തി. അതിലുണ്ടായിരുന്ന സകലരെയും ഉന്മൂലനാശംവരുത്തി. ഒരുത്തനും അവശേഷിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ മക്കേദാരാജാവിനോടും ചെയ്തു.
ഇതിനുശേഷം യോശുവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന ഇസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നായിലേക്കു പുറപ്പെട്ട് അതിനെ ആക്രമിച്ചു. യഹോവ അതിനെയും അതിലെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. പട്ടണത്തെയും അതിലുള്ള എല്ലാവരെയും യോശുവ വാളിനിരയാക്കി; ആരെയും ശേഷിപ്പിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
പിന്നെ യോശുവ, ഇസ്രായേൽമക്കൾ എല്ലാവരോടുംകൂടി ലിബ്നായിൽനിന്ന് ലാഖീശിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു; യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; രണ്ടാംദിവസം യോശുവ അതു പിടിച്ചു. ലിബ്നായിൽ ചെയ്തതുപോലെതന്നെ, പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി. ഇതിനിടയിൽ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കാൻ വന്നു. എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം തോൽപ്പിച്ചു.
പിന്നെ യോശുവയും എല്ലാ ഇസ്രായേലും ലാഖീശിൽനിന്ന് എഗ്ലോനിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ച്, അതിനെ ആക്രമിച്ചു. അന്നുതന്നെ അവർ അതിനെ പിടിച്ചു; പട്ടണം വാളിനിരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി.
അതിനുശേഷം യോശുവയും എല്ലാ ഇസ്രായേലും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു ചെന്ന് അതിനെ ആക്രമിച്ചു. ആരെയും ശേഷിപ്പിക്കാതെ പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും അതിലുള്ള സകലരെയും വാളിനിരയാക്കി. എഗ്ലോനോടു ചെയ്തതുപോലെതന്നെ ആ പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും ഉന്മൂലനാശംവരുത്തി.
അനന്തരം യോശുവയും ഇസ്രായേല്യർ എല്ലാവരുംകൂടി തിരിഞ്ഞു ദെബീരിനുനേരേ ചെന്ന് അതിനെ ആക്രമിച്ചു. പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും പിടിച്ച് അവർ വാളിനിരയാക്കി. അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി. ആരെയും ശേഷിപ്പിച്ചില്ല. ലിബ്നായോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ഹെബ്രോനോടു ചെയ്തതുപോലെയും അവർ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
അങ്ങനെ യോശുവ മലനാട്, തെക്കേദേശം,10:40 അതായത്, ഉപ്പുകടലിന്റെ തെക്കുപടിഞ്ഞാറ് പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങളുൾപ്പെട്ട മേഖലമുഴുവനും അവയിലെ സകലരാജാക്കന്മാരെയും കീഴടക്കി. ആരെയും ശേഷിപ്പിച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ജീവനുള്ള സകലതിനും ഉന്മൂലനാശംവരുത്തി. യോശുവ കാദേശ്-ബർന്നേയമുതൽ ഗസ്സാവരെയും ഗോശെൻമേഖലമുതൽ ഗിബെയോൻവരെയും എല്ലാവരെയും കീഴടക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട്, യോശുവ ഈ രാജാക്കന്മാരെല്ലാവരെയും അവരുടെ പ്രദേശങ്ങളെയും ഒരൊറ്റ സൈനികനീക്കത്തിൽ കീഴടക്കി.
പിന്നെ യോശുവയും എല്ലാ ഇസ്രായേലും ഗിൽഗാലിൽ പാളയത്തിലേക്കു മടങ്ങി.
വടക്കൻരാജാക്കന്മാർ പരാജയപ്പെടുന്നു
ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ മാദോൻരാജാവായ യോബാബിനെയും, ശിമ്രോനിലെയും അക്ശാഫിലെയും രാജാക്കന്മാരെയും, വടക്ക് മലമ്പ്രദേശത്തുള്ള എല്ലാ രാജാക്കന്മാരെയും, കിന്നെരെത്തിനു11:2 അതായത്, ഗലീലയ്ക്കു തെക്കുള്ള അരാബാ, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, പടിഞ്ഞാറ് നാഫത്ത്-ദോർമേടുകൾ എന്നിവിടങ്ങളിലെ രാജാക്കന്മാരെയും, കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു. അവരുടെ മുഴുവൻ സൈന്യവും അനവധി കുതിരകളും രഥങ്ങളും അടങ്ങിയ കടൽപ്പുറത്തെ മണൽപോലെ എണ്ണമില്ലാത്ത ഒരു വലിയ സൈന്യം യുദ്ധത്തിനു പുറപ്പെട്ടു. ഈ രാജാക്കന്മാർ എല്ലാവരും അവരുടെ സൈന്യവും ഒന്നിച്ചുകൂടി ഇസ്രായേലിനോടു യുദ്ധംചെയ്യാൻ മേരോംതടാകത്തിനരികെ വന്നു പാളയമടിച്ചു.
യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു.
അങ്ങനെ യോശുവയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഉടൻതന്നെ പുറപ്പെട്ട് മേരോംതടാകത്തിനരികെ വന്ന് അവരെ ആക്രമിച്ചു. യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല. യഹോവയുടെ കൽപ്പനപോലെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി; രഥങ്ങൾ ചുട്ടുകളഞ്ഞു.
ആ സമയം യോശുവ പുറകോട്ടുതിരിഞ്ഞ് ഹാസോർ പിടിച്ചു; അതിന്റെ രാജാവിനെ വാളിനിരയാക്കി. (ഹാസോർ ഈ രാജ്യങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനമായിരുന്നു.) അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി, ജീവനോടെ ആരെയും ശേഷിപ്പിക്കാതെ ഉന്മൂലനാശംവരുത്തി. ഹാസോർ ചുട്ടുകളയുകയും ചെയ്തു.
യോശുവ ഈ രാജകീയ പട്ടണങ്ങളെയും അവയുടെ രാജാക്കന്മാരെയും പിടിച്ച് വാളിനിരയാക്കി. യഹോവയുടെ ദാസനായ മോശ കൽപ്പിച്ചതുപോലെ അവരെ ഉന്മൂലനാശംവരുത്തി. എന്നാൽ കുന്നുകളിൽ നിർമിക്കപ്പെട്ടിരുന്ന ഒരു പട്ടണവും ഇസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർമാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ. ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. അവരെ ഉന്മൂലനാശം ചെയ്യുന്നതുവരെ സകലജനത്തെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. യഹോവ തന്റെ ദാസനായ മോശയോടു കൽപ്പിച്ചതുപോലെ മോശ യോശുവയോടു കൽപ്പിച്ചിരുന്നു; യോശുവ അങ്ങനെതന്നെ ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതിൽ ഒന്നും അദ്ദേഹം ചെയ്യാതിരുന്നില്ല.
ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ, സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു. ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു. ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി. യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി. ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല.
യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.
കീഴ്പ്പെടുത്തപ്പെട്ട രാജാക്കന്മാരുടെ പട്ടിക
ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:
അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു.
അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.
അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ12:3 അതായത്, ചാവുകടൽ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.
ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.
യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.
യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു.
ആ രാജാക്കന്മാർ ഇവരാകുന്നു:
യെരീഹോരാജാവ് |
ഒന്ന് |
ബേഥേലിന്നരികെയുള്ള ഹായിരാജാവ് |
ഒന്ന് |
ജെറുശലേംരാജാവ് |
ഒന്ന് |
ഹെബ്രോൻരാജാവ് |
ഒന്ന് |
യർമൂത്തുരാജാവ്, |
ഒന്ന് |
ലാഖീശുരാജാവ് |
ഒന്ന് |
എഗ്ലോൻരാജാവ് |
ഒന്ന് |
ഗേസെർരാജാവ് |
ഒന്ന് |
ദെബീർരാജാവ് |
ഒന്ന് |
ഗേദെർരാജാവ് |
ഒന്ന് |
ഹോർമാരാജാവ് |
ഒന്ന് |
അരാദുരാജാവ് |
ഒന്ന് |
ലിബ്നാരാജാവ് |
ഒന്ന് |
അദുല്ലാംരാജാവ് |
ഒന്ന് |
മക്കേദാരാജാവ് |
ഒന്ന് |
ബേഥേൽരാജാവ് |
ഒന്ന് |
തപ്പൂഹരാജാവ് |
ഒന്ന് |
ഹേഫെർരാജാവ് |
ഒന്ന് |
അഫേക്കുരാജാവ് |
ഒന്ന് |
ശാരോൻരാജാവ് |
ഒന്ന് |
മാദോൻരാജാവ് |
ഒന്ന് |
ഹാസോർരാജാവ് |
ഒന്ന് |
ശിമ്രോൻ-മെരോൻരാജാവ് |
ഒന്ന് |
അക്ശാഫുരാജാവ് |
ഒന്ന് |
താനാക്കുരാജാവ് |
ഒന്ന് |
മെഗിദ്ദോരാജാവ് |
ഒന്ന് |
കേദേശുരാജാവ് |
ഒന്ന് |
കർമേലിലെ യൊക്നെയാംരാജാവ് |
ഒന്ന് |
ദോർമേടിലെ നാഫത്ത്-ദോർരാജാവ് |
ഒന്ന് |
ഗിൽഗാലിലെ ഗോയീംരാജാവ് |
ഒന്ന് |
തിർസാരാജാവ് |
ഒന്ന്. |
|
ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ. |
ഇനിയും പിടിച്ചടക്കാനുള്ള ഭൂപ്രദേശങ്ങൾ
യോശുവ വൃദ്ധനായപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു. ഇനിയും വളരെയധികം ദേശം കൈവശമാക്കാനുമുണ്ട്.
“ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്:
“ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ
എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം; തെക്ക്;
സീദോന്യരുടെ ആരമുതൽ13:4 ചി.കൈ.പ്ര. മെയാരാമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;
ഗിബാല്യരുടെ മേഖലയും ലെബാനോൻ മുഴുവനും കിഴക്ക്;
ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ബാൽ-ഗാദുമുതൽ ലെബോ-ഹമാത്തുവരെയുള്ള ദേശം ഈ ഭൂപ്രദേശമാകുന്നു.
“ലെബാനോൻമുതൽ മിസ്രെഫോത്ത്-മയീംവരെയുള്ള പർവതമേഖലകളിലെ നിവാസികളായ സീദോന്യരെ മുഴുവൻ ഞാൻതന്നെ ഇസ്രായേലിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും. ഞാൻ നിന്നോടു നിർദേശിച്ചതുപോലെ ഈ ഭൂപ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശമായിക്കൊടുക്കണം. ഒൻപതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി അതു ഭാഗിച്ചുകൊടുക്കണം.”
യോർദാന്റെ കിഴക്കുള്ള ദേശത്തിന്റെ വിഭജനം
മനശ്ശെയുടെ മറ്റേപകുതിക്കും രൂബേന്യർക്കും ഗാദ്യർക്കും യഹോവയുടെ ദാസനായ മോശ വിഭജിച്ചുകൊടുത്തതനുസരിച്ച് യോർദാന് കിഴക്കുള്ള ഭൂപ്രദേശത്ത് ഓഹരി ലഭിച്ചു.
അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും, അമ്മോന്യരുടെ അതിരുവരെ ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും— അസ്തരോത്തിലും എദ്രെയിലും ഭരിച്ചിരുന്നവനും മല്ലന്മാരിൽ അവസാനത്തെ ആളായി ശേഷിച്ചവരിൽ ഒരുത്തനുമായ ബാശാനിലെ ഓഗിന്റെ രാജ്യംമുഴുവനും ഉൾപ്പെട്ടിരുന്നു. മോശ ഇവരെ തോൽപ്പിച്ചു ദേശം കൈവശമാക്കിയിരുന്നു. എന്നാൽ ഇസ്രായേൽമക്കൾ ഗെശൂര്യരെയും മയഖാത്യരെയും ഓടിച്ചുകളഞ്ഞില്ല. അവർ തുടർന്നും ഇന്നുവരെ ഇസ്രായേല്യരുടെ ഇടയിൽ താമസിച്ചുവരുന്നു.
മോശ ലേവിഗോത്രത്തിന് ഒരു അവകാശവും കൊടുത്തില്ല; ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കുള്ള ദഹനയാഗങ്ങൾ, താൻ അവരോടു വാഗ്ദാനംചെയ്തതുപോലെ അവർക്കുള്ള ഓഹരി ആകുന്നു.
മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യഭാഗത്തുള്ള പട്ടണവുംമുതൽ മെദേബയ്ക്ക് അപ്പുറമുള്ള പീഠഭൂമിമുഴുവൻ; ഹെശ്ബോനും അതിന്റെ പീഠഭൂമിയിലുള്ള എല്ലാ പട്ടണങ്ങളും ദീബോൻ, ബാമോത്ത്-ബാൽ, ബേത്-ബാൽ-മെയോൻ, യാഹാസ്, കെദേമോത്ത്, മേഫാത്ത്, കിര്യാത്തയീം, സിബ്മ, താഴ്വരയിലെ കുന്നിലുള്ള സേരത്ത്-ശഹർ, ബേത്-പെയോർ, പിസ്ഗാചെരിവുകൾ, ബേത്-യെശീമോത്ത്, ഇങ്ങനെ പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും, ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനുംതന്നെ. മോശ സീഹോനെയും അവനുമായി സഖ്യമുള്ള പ്രഭുക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിങ്ങനെ അവിടെ താമസിച്ച മിദ്യാന്യപ്രമാണികളെയും പരാജയപ്പെടുത്തിയിരുന്നു. യുദ്ധത്തിൽ കൊന്നവരെക്കൂടാതെ ഇസ്രായേൽമക്കൾ ബെയോരിന്റെ മകനായ ബിലെയാം എന്ന ദേവപ്രശ്നംവെക്കുന്നവനെയും വാൾകൊണ്ടു കൊന്നു.
രൂബേന്യരുടെ അതിര് യോർദാന്റെ തീരമായിരുന്നു. ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു രൂബേന്യർക്കു കുലംകുലമായി കിട്ടിയ ഓഹരി.
മോശ ഗാദ്ഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും; ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും, താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.
ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു ഗാദ്യർക്കു കുലംകുലമായി ലഭിച്ച ഓഹരി.
മോശ മനശ്ശെഗോത്രത്തിന്റെ പകുതിക്ക്, മനശ്ശെയുടെ പിൻഗാമികളുടെ കുടുംബത്തിന്റെ പകുതിക്ക്, കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ; ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും.
ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.
മോശ യെരീഹോവിനു കിഴക്ക് യോർദാനക്കരെ മോവാബ് സമതലപ്രദേശങ്ങളിൽവെച്ചു ഭാഗിച്ചുകൊടുത്ത ഓഹരി ഇവയായിരുന്നു. എന്നാൽ ലേവിഗോത്രത്തിന് മോശ ഒരു അവകാശവും കൊടുത്തില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവതന്നെ, താൻ അവരോടു കൽപ്പിച്ചതുപോലെ, അവരുടെ ഓഹരി ആകുന്നു.
യോർദാന്റെ പടിഞ്ഞാറുള്ള ഭൂപ്രദേശത്തിന്റെ വിഭജനം
കനാൻദേശത്ത് ഇസ്രായേൽമക്കൾക്കു ലഭിച്ച അവകാശഭൂമി ഇതാണ്: എലെയാസാർ പുരോഹിതനും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രത്തലവന്മാരും ചേർന്ന് അവർക്കു വിഭജിച്ചുകൊടുത്തു. യഹോവ മോശയിൽക്കൂടി കൽപ്പിച്ചതുപോലെ ഒൻപതരഗോത്രങ്ങൾക്ക് ഓഹരി ഭാഗിച്ചുകൊടുത്തത് നറുക്കിട്ടായിരുന്നു. രണ്ടര ഗോത്രങ്ങൾക്കു മോശ യോർദാനു കിഴക്ക് അവരുടെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ലേവ്യർക്കു മറ്റുള്ളവരുടെ ഇടയിൽ ഓഹരി കൊടുത്തില്ല; യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ദേശം വിഭജിച്ചു.
കാലേബിനുള്ള ഓഹരി
ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ. യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി. എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു. അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട്14:9 [ആവ. 1:36] നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു.
“യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു. മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്. അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു; അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ. ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ.
അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.
യെഹൂദാഗോത്രത്തിനുള്ള അവകാശഭൂമി
യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ15:2 അതായത്, ചാവുകടൽ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി; അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി; വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ15:4 അഥവാ, നിങ്ങളുടെ തെക്കേ അതിര്.
കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു.
വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി, ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു. പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു. പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു. മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു. പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു. പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ.
യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു) ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു. അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു;15:18 ചി.കൈ.പ്ര. ചോദിക്കാൻ ഒത്നിയേൽ അക്സയെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു:
കബ്സെയേൽ, ഏദെർ, യാഗൂർ, കീനാ, ദിമോനാ, അദാദാ, കേദേശ്, ഹാസോർ, ഇത്നാൻ; സീഫ്, തേലെം, ബെയാലോത്ത്, ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ; അമാം, ശേമ, മോലാദാ ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, ബാലാ, ഇയ്യീം, ഏസെം; എൽതോലദ്, കെസീൽ, ഹോർമാ, സിക്ലാഗ്, മദ്മന്ന, സൻസന്ന; ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ:
എസ്തായോൽ, സോരാ, അശ്നാ; സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പാ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ലീശ്; ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ലിബ്നാ, ഏഥെർ, ആശാൻ; യിഫ്താഹ്, അശ്നാ, നെസീബ്; കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും, അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
മലനാട്ടിൽ:
ശമീർ, യത്ഥീർ, സോഖോ; ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
അരാബ്, രൂമാ, എശാൻ, യാനീം, ബേത്-തപ്പൂഹാ, അഫേക്കാ, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
മാവോൻ, കർമേൽ, സീഫ്, യുത്ത; യെസ്രീൽ, യോക്ദെയാം, സനോഹ, കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
മരുഭൂമിയിൽ:
ബേത്-അരാബ, മിദ്ദീൻ, സെഖാഖാ: നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.
എഫ്രയീമിന്റെയും മനശ്ശെയുടെയും അവകാശഭൂമി
യോസേഫിന്റെ ഓഹരി യെരീഹോനീരുറവകൾക്കു കിഴക്കുള്ള യെരീഹോവിലെ യോർദാനിൽ ആരംഭിച്ചു മരുഭൂമിയിൽക്കൂടി മേൽപ്പോട്ടു മലനാടായ ബേഥേലിലേക്കു കടക്കുന്നു. ലൂസ് എന്ന ബേഥേലിൽനിന്ന്16:2 ചി.കൈ.പ്ര. ബേഥേലിൽനിന്നു ലൂസ് വരെ അർഖ്യരുടെ പ്രദേശത്തേക്ക് അതാരോത്തിൽക്കൂടി കടന്ന് പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ ദേശമായ താഴത്തെ ബേത്-ഹോരോൻവരെ താഴോട്ട് ചെന്ന്, ഗേസെരും കടന്ന്, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
അങ്ങനെ യോസേഫിന്റെ പിൻഗാമികളായ മനശ്ശെയ്ക്കും എഫ്രയീമിനും ഓഹരി ലഭിച്ചു.
എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു:
അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു; തുടർന്ന് അതു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു പോകുന്നു; വടക്കുള്ള മിക്‌മെഥാത്തിൽനിന്നും കിഴക്കോട്ടു വളഞ്ഞ് താനത്ത്-ശിലോവിന്റെ സമീപം കൂടി കിഴക്കുള്ള യാനോഹയിൽ എത്തുന്നു. അവിടെനിന്ന് അതാരോത്തും നയരായും ഇറങ്ങി യെരീഹോവിനെ സ്പർശിച്ചുകൊണ്ട് യോർദാനിങ്കൽ അവസാനിക്കുന്നു. തപ്പൂഹയിൽനിന്ന് ആ അതിര് പടിഞ്ഞാറോട്ട് കാനാമലയിടുക്കുവരെ ചെന്നു മെഡിറ്ററേനിയൻ സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീം ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി ഇതായിരുന്നു.
മനശ്ശ്യരുടെ അവകാശത്തിനിടയിൽ എഫ്രയീമ്യർക്ക് വേർതിരിച്ചിട്ടിരുന്ന പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടി ഇതിൽ ഉൾപ്പെട്ടിരുന്നു.
അവർ ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞിരുന്നില്ല. ഇന്നുവരെ കനാന്യർ എഫ്രയീമ്യരുടെ ഇടയിൽ നിർബന്ധിതമായി ജോലിചെയ്തു പാർക്കുന്നു.
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു. മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു. അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു. യോർദാനു കിഴക്കുള്ള ഗിലെയാദും ബാശാനും കൂടാതെ പത്തുമേഖലകൾ മനശ്ശെയുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു.
മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു. (തപ്പൂഹദേശം മനശ്ശെയുടേതായിരുന്നു. എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.) അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.
യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത്17:11 അതായത്, നാഫത്ത്-ദോർ ആകുന്നു.
എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു. എന്നാൽ ഇസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ കനാന്യരെ പൂർണമായും ഓടിച്ചുകളയാതെ അവരെക്കൊണ്ടു നിർബന്ധിതമായി ജോലിചെയ്യിച്ചു.
ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.
“നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.
അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.
എന്നാൽ യോശുവ യോസേഫിന്റെ ഗോത്രങ്ങളായ മനശ്ശെയോടും എഫ്രയീമിനോടും, “നിങ്ങൾ എണ്ണത്തിലും ശക്തിയിലും വലുപ്പമുള്ളവർതന്നെ. നിങ്ങൾക്കു കിട്ടേണ്ടത് ഒരു ഓഹരിമാത്രമല്ല. വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.
ശേഷം ദേശത്തിന്റെ വിഭജനം
ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു.
അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും? ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം. ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ. ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും. ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.”
ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു.
യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു.
ബെന്യാമീനുള്ള അവകാശഭൂമി
ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. അവരുടെ അവകാശഭൂമി യെഹൂദയുടെയും യോസേഫിന്റെയും ഗോത്രങ്ങളുടെ അവകാശങ്ങളുടെ ഇടയിൽ ആയിരുന്നു.
അതിന്റെ വടക്കേ അതിര് യോർദാൻനദിയിൽ ആരംഭിച്ച്, യെരീഹോവിന്റെ വടക്കേ ചരിവ് കടന്ന്, പടിഞ്ഞാറ് മലനാട്ടിൽ പ്രവേശിച്ച് ബേത്-ആവെൻ മരുഭൂമിയിൽക്കൂടി പുറത്തുവരുന്നു. അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു.
തെക്കുവശത്തുള്ള ബേത്-ഹോരോന് എതിരേയുള്ള കുന്നിൽനിന്ന് ആ അതിര് വീണ്ടും തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറുവശത്തുകൂടി യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലിൽ അവസാനിക്കുന്നു. ഇതു പടിഞ്ഞാറേ ഭാഗം.
തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു. പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു. അവിടെനിന്നു വടക്കോട്ടു വളഞ്ഞ് ഏൻ-ശേമെശിലേക്കു കയറി അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങുന്നു. തുടർന്ന് ബേത്-അരാബയുടെ വടക്കേ ചരിവിലേക്ക് ഇറങ്ങി അരാബയിൽ എത്തുന്നു. പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ18:19 അതായത്, ചാവുകടലിന്റെ വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്.
കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു.
ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു.
ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ലഭിച്ച പട്ടണങ്ങൾ ഇവയാണ്:
യെരീഹോ, ബേത്-ഹൊഗ്ലാ, ഏമെക്-കെസീസ്; ബേത്-അരാബ, സെമരായീം, ബേഥേൽ, അവ്വീം, പാറാ, ഒഫ്ര; കെഫാർ-അമ്മോനി, ഒഫ്നി, ഗേബാ— ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ഗിബെയോൻ, രാമാ, ബേരോത്ത് മിസ്പാ, കെഫീരാ, മോസ, രേക്കെം, യിർപ്പേൽ, തരലാ, സേല, ഹലെഫ്, ജെറുശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്—ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ഇവയാകുന്നു ബെന്യാമീൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
ശിമെയോനുള്ള അവകാശഭൂമി
രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു. അവരുടെ ഭൂപ്രദേശം:
ബേർ-ശേബാ അഥവാ, ശേബാ,19:2 അഥവാ, ബേർ-ശേബാ അഥവാ, ശേബാ; [1 ദിന. 4:28]-ൽ ശേബാ എന്നു കാണുന്നില്ല. മോലാദാ, ഹസർ-ശൂവാൽ, ബാലാ, ഏസെം, എൽതോലദ്, ബേഥൂൽ, ഹോർമാ, സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ, ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു.
ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി. യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.
സെബൂലൂന്റെ അവകാശഭൂമി
മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു.
അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു. ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു. സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു. കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു. അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.
കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
യിസ്സാഖാറിന്റെ അവകാശഭൂമി
നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.
യെസ്രീൽ, കെസുല്ലോത്ത്, ശൂനേം, ഹഫാരയീം, ശീയോൻ, അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ, ഏബെസ്; രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.
അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു.
ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.
ആശേരിന്റെ അവകാശഭൂമി
അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു. അവരുടെ ദേശം:
ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു. അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി അബ്ദോൻ,19:28 ചി.കൈ.പ്ര. എബ്രോൻ രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു. ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.
നഫ്താലിയുടെ അവകാശഭൂമി
ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു. പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ19:34 മൂ.ഭാ. യെഹൂദ എന്ന യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.
സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്; അദമ, രാമാ, ഹാസോർ, കേദേശ്, എദ്രെയി, എൻ-ഹാസോർ, യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു.
ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.
ദാനിന്റെ അവകാശഭൂമി
ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു. അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു:
സോരാ, എസ്തായോൽ, ഈർ-ശേമെശ്, ശാലബ്ബീൻ, അയ്യാലോൻ, യിത്ല, ഏലോൻ, തിമ്ന, എക്രോൻ, എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്, യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ, മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.
(എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
യോശുവയുടെ അവകാശഭൂമി
ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു. അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ്19:50 തിമ്നത്ത്-ഹേരെസ് എന്നും അറിയപ്പെടുന്നു. [ന്യായാ. 2:9] കാണുക. എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.
സങ്കേതനഗരങ്ങൾ
ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയിൽക്കൂടി ഇസ്രായേൽമക്കളോടു കൽപ്പിച്ചപ്രകാരം, അഭയസ്ഥാനമായിരിക്കേണ്ട പട്ടണങ്ങൾ നിശ്ചയിക്കാൻ നീ ഇസ്രായേൽമക്കളോടു പറയുക. അവിചാരിതമായോ അബദ്ധവശാലോ ഒരാളെ കൊന്ന ഒരു വ്യക്തി അവിടേക്ക് ഓടിപ്പോയി രക്തപ്രതികാരകനിൽനിന്നു രക്ഷനേടാനായിട്ടാണ് ഈ ക്രമീകരണം. ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിച്ചെല്ലുന്ന വ്യക്തി പട്ടണകവാടത്തിൽ നിന്നുകൊണ്ടു കാര്യത്തിന്റെ നിജസ്ഥിതി പട്ടണത്തലവന്മാരെ അറിയിക്കണം. അങ്ങനെ ഗോത്രത്തലവന്മാർ ആ മനുഷ്യനെ പട്ടണത്തിൽ പ്രവേശിപ്പിച്ച്, തങ്ങളുടെകൂടെ പാർക്കേണ്ടതിനു സ്ഥലം കൊടുക്കുകയും വേണം. രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്. അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.”
അങ്ങനെ അവർ നഫ്താലിമലനാട്ടിലെ ഗലീലായിലുള്ള കേദേശ്, എഫ്രയീംമലനാട്ടിലെ ശേഖേം, യെഹൂദാമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, യെരീഹോവിലെ യോർദാൻനദിയുടെ കിഴക്കുവശത്തുള്ള മരുഭൂമിയിൽ രൂബേൻഗോത്രത്തിലെ പീഠഭൂമിയിലുള്ള ബേസെർ, ഗാദ്ഗോത്രത്തിലെ ഗിലെയാദിലുള്ള രാമോത്ത്, മനശ്ശെഗോത്രത്തിലെ ബാശാനിലുള്ള ഗോലാൻ എന്നീ പട്ടണങ്ങൾ വേർതിരിച്ചു. ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.
ലേവ്യരുടെ പട്ടണങ്ങൾ
ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു. (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.) എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹോലോൻ, ദെബീർ, ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
ബെന്യാമീൻഗോത്രത്തിൽനിന്ന്,
ഗിബെയോൻ, ഗേബാ, അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
എഫ്രയീം മലനാട്ടിൽ
ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ, കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
ദാൻഗോത്രത്തിൽനിന്ന്
എൽ-തെക്കേ, ഗിബ്ബെഥോൻ, അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്
താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്,
മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്:
ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
യിസ്സാഖാർ ഗോത്രത്തിൽനിന്ന്,
കിശ്യോൻ, ദാബെരത്ത്, യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
ആശേർ ഗോത്രത്തിൽനിന്ന്,
മിശാൽ, അബ്ദോൻ, ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
നഫ്താലിഗോത്രത്തിൽനിന്ന്,
ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്,
സെബൂലൂൻഗോത്രത്തിൽനിന്ന്.
യൊക്നെയാം, കർഥ, ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
രൂബേൻഗോത്രത്തിൽനിന്ന്:
ബേസെർ, യാഹാസ്, കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
ഗാദ്ഗോത്രത്തിൽനിന്ന്,
ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം, ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു. ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.
അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു. യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.
കിഴക്കുള്ള ഗോത്രങ്ങൾ സ്വദേശത്തേക്കു മടങ്ങുന്നു
ഇതിനുശേഷം യോശുവ രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പകുതിഗോത്രം എന്നിവരെ വിളിച്ച് അവരോടു ഇപ്രകാരം പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ചതൊക്കെയും നിങ്ങൾ ചെയ്യുകയും ഞാൻ കൽപ്പിച്ചതൊക്കെയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഈ കാലമത്രയും—ഇന്നുവരെയും—നിങ്ങൾ നിങ്ങളുടെ സഹയിസ്രായേല്യരെ ഉപേക്ഷിച്ചുകളയാതെ, യഹോവയായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ ശേഷം ഗോത്രങ്ങളിലുള്ള നിങ്ങളുടെ സഹോദരങ്ങളോടു വാഗ്ദാനംചെയ്തതുപോലെ അവർക്കു സ്വസ്ഥത നൽകിയിരിക്കുന്നതിനാൽ, യഹോവയുടെ ദാസനായ മോശ യോർദാനക്കരെ നിങ്ങൾക്കു നൽകിയിട്ടുള്ള സ്വദേശത്തേക്കു നിങ്ങൾ മടങ്ങിപ്പോകുക. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ എല്ലാ വഴികളിലും നടക്കുക, അവിടത്തെ കൽപ്പനകളെ ആചരിക്കുക, അവിടത്തോടു പറ്റിച്ചേർന്നുനിന്നുകൊണ്ട് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സേവിക്കുക എന്നിങ്ങനെ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കുതന്ന കൽപ്പനകളും ന്യായപ്രമാണവും അനുസരിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരിക്കണം.”
പിന്നീടു യോശുവ അവരെ അനുഗ്രഹിച്ചു യാത്രയയച്ചു, അവർ അവരുടെ വീടുകളിലേക്കു പോകുകയും ചെയ്തു. (മനശ്ശെയുടെ പകുതി ഗോത്രത്തിന് മോശ ബാശാനിൽ സ്ഥലം കൊടുത്തിരുന്നു; മറ്റേ പകുതിഗോത്രത്തിനു യോശുവ യോർദാന്റെ പടിഞ്ഞാറുവശത്ത് അവരുടെ സഹോദരങ്ങളോടുകൂടി സ്ഥലം കൊടുക്കുകയും ചെയ്തിരുന്നു.) യോശുവ അവരെ അനുഗ്രഹിച്ച് വീടുകളിലേക്കയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: “നിരവധി കന്നുകാലികൾ, വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, വളരെ വസ്ത്രങ്ങൾ തുടങ്ങി വമ്പിച്ച സമ്പത്തോടുകൂടി നിങ്ങൾ വീടുകളിലേക്കു മടങ്ങുക. നിങ്ങളുടെ ശത്രുക്കളിൽനിന്നു ലഭിച്ച കൊള്ളമുതൽ നിങ്ങളുടെ സഹോദരങ്ങളുമായി പങ്കിടുകയും ചെയ്യണം.”
അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും, മോശയിൽക്കൂടി യഹോവ കൽപ്പിച്ചപ്രകാരം അവർക്ക് അവകാശമായി ലഭിച്ചിരുന്ന അവരുടെ സ്വന്തം ദേശമായ ഗിലെയാദിലേക്ക്, കനാനിലെ ശീലോവിൽനിന്ന് ഇസ്രായേൽമക്കളെ വിട്ടുപുറപ്പെട്ടു.
കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു. യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു. അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി.
ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു. അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു.
അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു: “യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്? പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ. നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ?
“ ‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും. നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്. സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ”
അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു: “സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്! യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ.
“അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു22:25 മൂ.ഭാ. ഭയക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.
“അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല. നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.
“കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’
“ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.”
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി. പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു. ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല.
രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ്22:34 സാക്ഷി എന്നർഥം. എന്നു പേരിട്ടു.
യോശുവയുടെ വിടവാങ്ങൽ സന്ദേശം
യഹോവ ഇസ്രായേലിന്, അതിനുചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സ്വസ്ഥതനൽകി. ഇങ്ങനെ വളരെക്കാലം കഴിഞ്ഞു, അപ്പോഴേക്കും യോശുവ വയോവൃദ്ധനായിത്തീർന്നു. അപ്പോൾ മുഴുവൻ ഇസ്രായേലിനെയും—അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും—വിളിച്ച് യോശുവ അവരോടു പറഞ്ഞു: “ഞാൻ വൃദ്ധനായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ ഈ രാഷ്ട്രങ്ങളോടൊക്കെയും നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതെല്ലാം നിങ്ങൾതന്നെ കണ്ടിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്. യോർദാൻമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ ശേഷിച്ച എല്ലാ രാഷ്ട്രങ്ങളുടെയും—ഞാൻ ആക്രമിച്ചു കീഴടക്കിയ എല്ലാ രാഷ്ട്രങ്ങളുടെയും—ഭൂപ്രദേശം മുഴുവൻ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗിച്ചുതന്നത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നീക്കിയതിനുശേഷം, നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശപ്പെടുത്തുകയും ചെയ്യും.
“ആകയാൽ നല്ല കരുത്തുള്ളവരായിരിക്കുക. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതൊക്കെയും, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, അനുസരിച്ചു നടക്കുന്നതിൽ ശ്രദ്ധവെക്കുക. നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ദേശവാസികളോട് ഇടകലരരുത്. അവരുടെ ദേവന്മാരുടെ പേരുകൾ പ്രസ്താവിക്കുകയോ ആ പേരു പറഞ്ഞ് ശപഥംചെയ്യുകയോ അരുത്. അവയെ സേവിക്കുകയോ നമസ്കരിക്കുകയോ അരുത്. നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നു നിൽക്കുക.
“യഹോവ നിങ്ങളുടെമുമ്പിൽനിന്ന് വലുപ്പവും ബലവുമുള്ള ദേശവാസികളെ ഓടിച്ചുകളഞ്ഞു. നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരുത്തനും സാധിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ, താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതിനാൽ, നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിൽ ഏറ്റവും ജാഗ്രത പാലിക്കുക.
“എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് ദേശവാസികളിൽ ശേഷിച്ചവരോട് ഇടകലരുകയും അവരുമായി മിശ്രവിവാഹബന്ധത്തിലും മറ്റു ബന്ധങ്ങളിലും ഏർപ്പെടുകയും ചെയ്താൽ, മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക.
“ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ എല്ലാ നല്ല വാഗ്ദാനങ്ങളും നിറവേറിയതുപോലെതന്നെ, യഹോവ കൽപ്പിച്ചതുപോലെ ഈ നല്ല ദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുന്നതിന് എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തുന്നതിനും യഹോവയ്ക്കു കഴിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി നിങ്ങൾ ലംഘിക്കുകയോ അന്യദൈവങ്ങളുടെ അടുക്കൽപോയി അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെമേൽ ജ്വലിക്കുകയും, അവിടന്ന് നിങ്ങൾക്കു നൽകിയിട്ടുള്ള ഈ നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകുകയും ചെയ്യും.”
ശേഖേമിൽവെച്ച് ഉടമ്പടി പുതുക്കുന്നു
ഇതിനുശേഷം യോശുവ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചു. അവർ ദൈവസന്നിധിയിൽ വന്നു.
യോശുവ സർവജനത്തോടുമായി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വളരെക്കാലം മുമ്പ് അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവികർ യൂഫ്രട്ടീസ് നദിക്കക്കരെ താമസിച്ച് അന്യദേവന്മാരെ ഭജിച്ചുവന്നു. എന്നാൽ, ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ യൂഫ്രട്ടീസ് നദിക്കക്കരെനിന്നു കൊണ്ടുവന്നു; കനാൻദേശത്തുകൂടി നടത്തി; അദ്ദേഹത്തിന് നിരവധി പിൻഗാമികളെ കൊടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തിന് യിസ്ഹാക്കിനെ നൽകി, യിസ്ഹാക്കിനു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു. ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്കു പോയി.
“ ‘പിന്നെ ഞാൻ മോശയെയും അഹരോനെയും അയച്ചു; ഞാൻ അവിടെ ചെയ്ത പ്രവൃത്തികളാൽ ഈജിപ്റ്റുകാരെ പീഡിപ്പിച്ചു, നിങ്ങളെ സ്വതന്ത്രരാക്കി പുറത്ത് കൊണ്ടുവന്നു. നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ നിങ്ങൾ ചെങ്കടലിനരികെവന്നു. ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരപ്പട്ടാളത്തോടുംകൂടി അവരെ പിൻതുടർന്ന് ആ കടൽവരെ ചെന്നു. അപ്പോൾ അവർ യഹോവയോടു സഹായത്തിനു നിലവിളിച്ചു, അവിടന്ന് അവർക്കും ഈജിപ്റ്റുകാർക്കും ഇടയ്ക്ക് അന്ധകാരം വരുത്തി. കടൽ അവരുടെമേൽ മൂടി അവരെ മുക്കിക്കളഞ്ഞു; ഞാൻ ഈജിപ്റ്റുകാരോടു ചെയ്തതു നിങ്ങളുടെ കണ്ണിനാൽതന്നെ കണ്ടു. ഇതിനുശേഷം നിങ്ങൾ ഒരു നീണ്ട കാലയളവു മരുഭൂമിയിൽ താമസിച്ചു.
“ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി. മോവാബ് രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് ഇസ്രായേലിനുനേരേ യുദ്ധംചെയ്യാൻ ഒരുങ്ങിയപ്പോൾ നിങ്ങളെ ശപിക്കാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു; എങ്കിലും ബിലെയാമിന്റെ അപേക്ഷ ഞാൻ കേൾക്കായ്കയാൽ, അവൻ നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിച്ചു. ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിച്ചു.
“ ‘പിന്നെ നിങ്ങൾ യോർദാൻ കടന്ന് യെരീഹോവിൽ എത്തി; യെരീഹോപട്ടണനിവാസികളും, അതുപോലെതന്നെ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ, എന്നിവരും നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ നിങ്ങൾക്കുമുമ്പായി കടന്നലിനെ അയച്ചു; അവ അവരെയും ആ രണ്ട് അമോര്യരാജാക്കന്മാരെയും നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; നിങ്ങളുടെ വാൾകൊണ്ടോ വില്ലുകൊണ്ടോ അല്ല ഇതു നേടിയത്. നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’
“ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”
അതിനു ജനം ഉത്തരമായി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിക്കാൻ ഞങ്ങൾക്ക് ഇടവരരുതേ! ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിക്കുകയും ഞങ്ങൾ കാൺകെ വലിയ ചിഹ്നങ്ങൾ പ്രവർത്തിക്കയും യാത്രയിലും ഞങ്ങൾ കടന്നുപോന്ന എല്ലാ ദേശവാസികളുടെ ഇടയിലും ഞങ്ങളെ സുരക്ഷിതരായി കാക്കുകയും ചെയ്തതു ഞങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ. ദേശത്തു താമസിച്ചിരുന്ന അമോര്യർ ഉൾപ്പെടെ എല്ലാ ദേശവാസികളെയും അവിടന്ന് ഞങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു. ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും. അവിടന്നല്ലോ ഞങ്ങളുടെ ദൈവം.”
യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു യഹോവയെ സേവിക്കാൻ കഴിയുന്നതല്ല; അവിടന്ന് പരിശുദ്ധനായ ദൈവം ആകുന്നു; തീക്ഷ്ണതയുള്ള ദൈവവും ആകുന്നു. നിങ്ങളുടെ അതിക്രമവും പാപവും അവിടന്ന് ക്ഷമിക്കുകയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മ ചെയ്തതുപോലെ അവിടന്ന് ഇപ്പോൾ തിരിഞ്ഞു തിന്മ ചെയ്തു നിങ്ങളെ ഉന്മൂലനംചെയ്യും.”
എന്നാൽ ജനം യോശുവയോട്: “അങ്ങനെയുണ്ടാകുകയില്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു.
അപ്പോൾ യോശുവ ജനത്തോട്: “നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും” എന്നു പറഞ്ഞു.
അവർ മറുപടിയായി: “അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു” എന്നു പറഞ്ഞു.
“ആകയാൽ നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ വലിച്ചെറിഞ്ഞു ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ സമർപ്പിക്കുക,” എന്നു യോശുവ പറഞ്ഞു.
ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും. അവിടത്തെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു.
ആ ദിവസം യോശുവ ജനത്തിനുവേണ്ടി ഒരു ഉടമ്പടി ഉണ്ടാക്കി അവിടെ ശേഖേമിൽവെച്ച് അതിനുവേണ്ട ഉത്തരവുകളും നിയമങ്ങളും ഉറപ്പിച്ചു. യോശുവ ഈ കാര്യങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തി. പിന്നെ അദ്ദേഹം ഒരു വലിയ കല്ലെടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന്നരികെയുള്ള കരുവേലകത്തിൻകീഴിൽ സ്ഥാപിച്ചു.
യോശുവ സകലജനത്തോടും: “ഇതാ! ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; യഹോവ നമ്മോടു കൽപ്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും അതു കേട്ടിരിക്കുന്നു. ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിന്, അതു നിങ്ങൾക്കു സാക്ഷിയായിരിക്കും” എന്നു പറഞ്ഞു.
പിന്നെ യോശുവ ജനത്തെ ഓരോരുത്തരെയും അവരുടെ അവകാശഭൂമിയിലേക്കു പറഞ്ഞയച്ചു.
യോശുവയുടെ മരണം
ഈ സംഭവത്തിനുശേഷം, യഹോവയുടെ ദാസനായ നൂന്റെ മകൻ യോശുവ, നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹിൽ,24:30 തിമ്നത്ത്-ഹേരെസ് എന്നും അറിയപ്പെടുന്നു. [ന്യായാ. 2:9] കാണുക. ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്തതൊക്കെയും അനുഭവിച്ചറിഞ്ഞിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ഇസ്രായേൽ യഹോവയെ സേവിച്ചു.
ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യോസേഫിന്റെ അസ്ഥികൾ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളിൽനിന്ന് നൂറു വെള്ളിക്കാശിനു24:32 മൂ.ഭാ. നൂറ് കെശിതാ കെശിതാ എന്ന പണത്തിന്റെ മൂല്യമോ തൂക്കമോ ലഭ്യമല്ല. വാങ്ങിയ സ്ഥലത്ത് അടക്കംചെയ്തു. അതു യോസേഫിന്റെ പിൻഗാമികൾക്ക് അവകാശമായിത്തീർന്നു.
അഹരോന്റെ മകൻ എലെയാസാരും മരിച്ചു. എലെയാസാരിനെ എഫ്രയീം മലനാട്ടിൽ അദ്ദേഹത്തിന്റെ മകനായ ഫീനെഹാസിന് കൊടുത്തിരുന്ന ഗിബെയാപട്ടണത്തിൽ അടക്കി.