- Biblica® Open Malayalam Contemporary Version 2020
യോനാ
യോനായുടെ പ്രവചനം
യോനാ
യോന.
യോനായുടെ പ്രവചനം
യോനാ ദൈവസന്നിധിയിൽനിന്ന് ഓടിപ്പോകുന്നു
അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”
എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ1:3 മൂ.ഭാ. യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകേണ്ടതിന് തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.
എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി. പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു.
യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു. കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”
തുടർന്ന് നാവികർ പരസ്പരം കൂടി ആലോചിച്ചു: “വരൂ, ആർ നിമിത്തമാണ് ഈ അത്യാപത്ത് നമ്മുടെമേൽ വന്നതെന്ന് അറിയുന്നതിനായി നമുക്കു നറുക്കിടാം.” അങ്ങനെ അവർ നറുക്കിട്ടു; നറുക്ക് യോനായ്ക്കു വീണു. അപ്പോൾ അവർ യോനായോട് ആവശ്യപ്പെട്ടു, “പറയൂ, ഈ അത്യാപത്ത് നമ്മുടെമേൽ വന്നതിന് കാരണക്കാരൻ ആരാണ്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ രാജ്യം ഏതാണ്? ഏതു ജനതയിൽ ഉൾപ്പെട്ടവനാണ് നീ?”
“ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.
അപ്പോൾ അവർ ഭയവിഹ്വലരായി അദ്ദേഹത്തോട്, “നീ എന്തിനിങ്ങനെ ചെയ്തു?” എന്നു ചോദിച്ചു—യോനാ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുകയാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞിരുന്നതിനാൽ ഇക്കാര്യം അവർക്ക് അറിയാമായിരുന്നു.
കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
“എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.”
അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.” പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു. അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
യോനായുടെ പ്രാർഥന
യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.
മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു. അവൻ പറഞ്ഞു:
“എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
അവിടന്ന് എനിക്കുത്തരമരുളി.
പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു;
അവിടന്ന് എന്റെ അപേക്ഷ കേട്ടു.
ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,
സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു.
വൻപ്രവാഹം എന്നെ വലയംചെയ്തു.
അങ്ങയുടെ എല്ലാ തിരമാലകളും വൻതിരകളും
എന്റെ മുകളിലൂടെ കടന്നുപോയി.
‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്
എന്നെ ആട്ടിപ്പായിച്ചിരുന്നു;
എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ
ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.
പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,
ആഴിയുടെ അഗാധത എന്നെ വലയംചെയ്തു,
എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.
സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;
അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു.
എങ്കിലും, എന്റെ ദൈവമായ യഹോവേ,
ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.
“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ
ഞാൻ യഹോവയെ ഓർത്തു.
അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ,
എന്റെ പ്രാർഥന ഉയർന്നു.
“മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ
തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു.
ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്
യാഗം അർപ്പിക്കും.
ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും.
രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”
തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.
യോനാ നിനവേയിലേക്കു പോകുന്നു
യഹോവയുടെ അരുളപ്പാട് യോനായ്ക്കു രണ്ടാമതും ഉണ്ടായി: “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്നു ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക.”
അങ്ങനെ യഹോവയുടെ അരുളപ്പാടനുസരിച്ച് യോനാ പെട്ടെന്നുതന്നെ നിനവേയിലേക്കു പോയി. ഒരറ്റംമുതൽ മറ്റേയറ്റംവരെ നടക്കാൻ മൂന്നുദിവസം വേണ്ടിവരുന്നത്ര വലുപ്പമുള്ള ഒരു നഗരമായിരുന്നു നിനവേ. യോനാ, പട്ടണത്തിൽ പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നശേഷം വിളിച്ചുപറഞ്ഞു: “നാൽപ്പതുദിവസം കഴിയുമ്പോൾ നിനവേനഗരം നശിപ്പിക്കപ്പെടും.” ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു.
ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു. തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി:
“നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന:
“മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല. മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ. ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.”
ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.
ദൈവത്തിന്റെ കരുണയിൽ യോനാ കോപിക്കുന്നു
എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു. അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.”
അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു.
തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു. യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി4:6 ഈ ചെടി ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി. എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.
ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?”
അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”