- Biblica® Open Malayalam Contemporary Version 2020 യോവേൽ യോവേലിന്റെ പ്രവചനം യോവേൽ യോവേ. യോവേലിന്റെ പ്രവചനം പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്: വെട്ടുക്കിളിയുടെ ആക്രമണം ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ; സകലദേശവാസികളുമേ, ശ്രദ്ധിക്കുക. നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇതു നിങ്ങളുടെ മക്കളോടു പറയുക, നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം. തുള്ളൻ തിന്നു ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു1:4 മൂ.ഭാ. ഈ നാലു വാക്കുകളുടെ കൃത്യമായ അർഥം വ്യക്തമല്ല. തിന്നു. മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ! വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക; പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക. ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു; അതിനു സിംഹത്തിന്റെ പല്ലും സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്. അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു; അതിന്റെ കൊമ്പുകളെ തോലുരിച്ച് എറിഞ്ഞുകളഞ്ഞു, ശാഖകളെ വെളുപ്പിച്ചിരിക്കുന്നു. തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക. ഭോജനയാഗങ്ങളും പാനീയയാഗങ്ങളും യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു. യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ വിലപിക്കുന്നു. വയലുകൾ നശിച്ചിരിക്കുന്നു, നിലങ്ങൾ ഉണങ്ങിയിരിക്കുന്നു; ധാന്യം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, ഒലിവെണ്ണ ഇല്ലാതായി. കൃഷിക്കാരേ, ലജ്ജിക്കുക, മുന്തിരിക്കർഷകരേ, വിലപിക്കുക; ഗോതമ്പിനെയും യവത്തെയും1:11 ബാർലി അഥവാ, ബാർലരി ഓർത്ത് ദുഃഖിക്കുക, നിലത്തിലെ വിളവു നശിച്ചുപോയല്ലോ. മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങിപ്പോയി; മാതളവും ഈന്തപ്പനയും ആപ്പിൾമരവും— നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്റെ സന്തോഷം ഉണങ്ങിപ്പോയിരിക്കുന്നു. അനുതാപത്തിനുള്ള ആഹ്വാനം പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക; യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ. എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ, വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ; കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു. ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക; വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുക, യഹോവയോടു നിലവിളിക്കുക. ആ ദിവസം ഹാ കഷ്ടം! യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും. നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ? വിത്തുകൾ വരണ്ടനിലത്ത്1:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉണങ്ങിച്ചുക്കിച്ചുളിയുന്നു. കളപ്പുരകൾ ശൂന്യമായിരിക്കുന്നു. ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു. കന്നുകാലികൾ നിലവിളിക്കുന്നു! ആട്ടിൻപറ്റം തളർന്നുപോകുന്നു. മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു. യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു, കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു, നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു. കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു; നീരരുവികൾ വറ്റിപ്പോയി തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു. വെട്ടുക്കിളികളുടെ ഒരു സൈന്യം സീയോനിൽ കാഹളം ഊതുക; എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, കാരണം യഹോവയുടെ ദിവസം വരുന്നു. അതു സമീപമായിരിക്കുന്നു— അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല. അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല. അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു. രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു. അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു. അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു. അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു. അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല. യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും? അനുതാപത്തിനായുള്ള ആഹ്വാനം “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു. അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും. സീയോനിൽ കാഹളം ഊതുക, വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സഭയെ വിശുദ്ധീകരിക്കുക; ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മുറിയിൽനിന്ന് അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ. യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. ‘അവരുടെ ദൈവം എവിടെ? എന്ന് അവർ പറയുന്നതെന്തിന്?’ ” യഹോവയുടെ മറുപടി അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും. യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല. “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ2:20 അതായത്, ചാവുകടൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം! ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു! വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു. സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു. മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും. “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ. നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല. യഹോവയുടെ ദിവസം “പിന്നീട്, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശങ്ങളിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും, രക്തവും തീയും പുകച്ചുരുളുംതന്നെ. യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവതത്തിലും ജെറുശലേമിലും രക്ഷപ്പെട്ടവർ ഉണ്ടാകും, അവശേഷിക്കുന്നവർക്കിടയിൽപോലും യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും. രാഷ്ട്രങ്ങളെ ന്യായംവിധിക്കുന്നു “ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്, ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്3:2 യഹോവ ന്യായംവിധിക്കുന്നു എന്നർഥം. താഴ്വരയിൽ കൊണ്ടുവരും. ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്, അവർക്കെതിരേ ന്യായംവിധിക്കും. അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ. അവർ എന്റെ ജനത്തിനു നറുക്കിട്ടു; വേശ്യകൾക്കുവേണ്ടി ബാലന്മാരെയും മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു. “സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും. നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.3:5 അഥവാ, സ്ഥലങ്ങൾ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു. “നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു. ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ. കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ. സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ. യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ! “ജനതകൾ ഉണരട്ടെ; അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ. കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ ഞാൻ ഉപവിഷ്ടനാകും. അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.” വിധിയുടെ താഴ്വരയിൽ ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു! വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം സമീപമായിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും, നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല. യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും. ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ, എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും. ജെറുശലേം വിശുദ്ധമായിരിക്കും; വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല. “ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും, കുന്നുകൾ പാൽ ഒഴുക്കും; യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും. യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച് ശിത്തീം താഴ്വരകളെ നനയ്ക്കും. ഈജിപ്റ്റ് ശൂന്യമാകും, ഏദോം മരുഭൂമിയാകും, അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ. യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും. അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ? ഇല്ല, ഒരിക്കലുമില്ല.” യഹോവ സീയോനിൽ വസിക്കും!