- Biblica® Open Malayalam Contemporary Version 2020 ഇയ്യോബ് ഇയ്യോബ് ഇയ്യോബ് ഇയ്യോ. ഇയ്യോബ് ആമുഖം ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു. അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു. ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു. ഒരു ദിവസം ദൈവദൂതന്മാർ1:6 മൂ.ഭാ. ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും1:6 പ്രതിയോഗി എന്നർഥം. അവരോടൊപ്പം ചെന്നിരുന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി. യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു. സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്? അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു. എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.” അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി. ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ, ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു. ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!” അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!” അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!” ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു. അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!” അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്, “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. പിന്നീട് ഒരു ദിവസം ദൈവദൂതന്മാർ2:1 മൂ.ഭാ. ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. അവരുടെ കൂട്ടത്തിൽ സാത്താനും യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ എത്തിയിരുന്നു. യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ടു വരുന്നു” എന്നു സാത്താൻ മറുപടി പറഞ്ഞു. യഹോവ സാത്താനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമിയിൽ ആരുംതന്നെ ഇല്ലല്ലോ. അവൻ ഇപ്പോഴും തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചിരിക്കുന്നു; യാതൊരു കാരണവുംകൂടാതെ അവനെ നശിപ്പിക്കുന്നതിനു നീ എന്നെ അവനെതിരായി പ്രകോപിപ്പിച്ചല്ലോ.” സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “ത്വക്കിനുപകരം ത്വക്കുമാത്രം; ഒരു മനുഷ്യൻ തന്റെ ജീവനുവേണ്ടി തനിക്കുള്ളതൊക്കെയും ത്യജിച്ചുകളയും. ഇപ്പോൾ അങ്ങ് കൈനീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക. അവൻ മുഖത്തുനോക്കി അങ്ങയെ ദുഷിച്ചു പറയും.” യഹോവ സാത്താനോട്: “അങ്ങനെയെങ്കിൽ ഇതാ, അവനെ നിന്റെ ഇഷ്ടത്തിനു വിട്ടുതരുന്നു; അവന്റെ ജീവനെമാത്രം തൊടരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടുപോയി. അവൻ ഇയ്യോബിനെ ഉള്ളംകാൽമുതൽ ഉച്ചിവരെ കഠിനമായ പരുക്കളാൽ ബാധിച്ചു. അദ്ദേഹം ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ടു തന്നത്താൻ ചുരണ്ടിക്കൊണ്ടിരുന്നു. അവന്റെ ഭാര്യ അവനോട്: “നീ ഇപ്പോഴും ദൈവത്തോടു വിശ്വസ്തനായി കഴിയുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്നു പറഞ്ഞു. അതിന് ഇയ്യോബ്, “ഒരു ബുദ്ധികെട്ട2:10 ബുദ്ധികെട്ട എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ധാർമികമായി അധഃപതിച്ച അവസ്ഥയെ സൂചിപ്പിക്കുന്നു. സ്ത്രീ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിൽനിന്ന് നന്മമാത്രമാണോ സ്വീകരിക്കേണ്ടത്; തിന്മയും സ്വീകരിക്കേണ്ടതല്ലേ?” എന്നു പറഞ്ഞു. ഈ കാര്യങ്ങളിലൊന്നും ഇയ്യോബ് തന്റെ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല. തേമാന്യനായ എലീഫാസ്, ശൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കേട്ടിട്ട് ഓരോരുത്തനും അവരവരുടെ സ്ഥലത്തുനിന്നും പുറപ്പെട്ട് അദ്ദേഹത്തോടു സഹതപിക്കാനും അദ്ദേഹത്തെ സമാശ്വസിപ്പിക്കാനുമായി പരസ്പരം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്നു. ഇയ്യോബിനെ ദൂരെനിന്നു കണ്ട അവർക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഓരോരുത്തനും താന്താങ്ങളുടെ പുറങ്കുപ്പായം വലിച്ചുകീറുകയും തങ്ങളുടെ ശിരസ്സിന്മേൽ പൂഴി വാരിവിതറുകയും ചെയ്തു. അതിനുശേഷം അവർ ഏഴു രാപകൽ അദ്ദേഹത്തോടുകൂടെ നിലത്തിരുന്നു. അദ്ദേഹത്തിന്റെ കഷ്ടതയുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അവർ ആരും ഒരു വാക്കുപോലും സംസാരിച്ചില്ല. ഇയ്യോബ് സംസാരിക്കുന്നു ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു. ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു: “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ, ‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും. ആ ദിവസം അന്ധകാരപൂരിതമാകട്ടെ; ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ. ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ; ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ. കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ. ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ. ആ രാത്രി വന്ധ്യയായിത്തീരട്ടെ; ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ. ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും3:8 ലിവ്യാഥാൻ ഏതുതരത്തിലുള്ള ജീവി എന്നതിനെപ്പറ്റി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്; കരയിലെ ജീവി എന്നും പൗരാണിക എഴുത്തുകളിൽ കാണപ്പെടുന്ന സമുദ്രത്തിലെ ഭീകരസത്വമായ ഒരു സാങ്കൽപ്പിക ജീവി എന്നും പറയപ്പെടുന്നു. ഉണർത്താൻ കഴിവുള്ളവർ, അവർ ആ ദിവസത്തെ ശപിക്കട്ടെ. ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ; ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ. കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ. “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്? ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്? കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്? എന്നെ മുലയൂട്ടി വളർത്തിയതെന്തിന്? ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ; ഞാൻ ഉറങ്ങി ആശ്വസിക്കുകയായിരുന്നേനേ. തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം നിശ്ശൂന്യമായിക്കിടക്കുന്നതുപോലെതന്നെ. സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ തങ്ങളുടെ ഭവനങ്ങൾ വെള്ളികൊണ്ടു നിറച്ചവരോടൊപ്പമോ ഞാൻ വിശ്രമിക്കുമായിരുന്നേനേ. അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ; വെളിച്ചം കാണാതിരിക്കുന്ന ശിശുവിനെപ്പോലെതന്നെ എന്നെ ഭൂമിയിൽ എന്തുകൊണ്ട് മറവുചെയ്തില്ല? അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല; ക്ഷീണിതർ വിശ്രാന്തി അനുഭവിക്കുന്നു. അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു; പീഡകരുടെ ശബ്ദം അവർ ശ്രവിക്കുന്നില്ല. ചെറിയവരും വലിയവരും അവിടെയുണ്ട്; അവിടെ അടിമകൾ യജമാനരിൽനിന്ന് മോചിതരായിക്കഴിയുന്നു. “ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു ജീവനും നൽകുന്നതെന്തിന്? അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു; നിഗൂഢനിധികളെക്കാൾ അവർ അതിനുവേണ്ടി തെരച്ചിൽ നടത്തുന്നു. കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു; അത്യന്തം സന്തുഷ്ടരായി ആഹ്ലാദിക്കുന്നു. അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്, നാലുപാടും കഷ്ടതകൊണ്ട് ദൈവം നിറച്ചിരിക്കുന്ന മനുഷ്യന്, ദൈവമേ, എന്തിന് ഈ ജീവിതം തന്നു? ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു. എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു. ഞാൻ ഭയന്നിരുന്നത് എനിക്കു വന്നുഭവിച്ചിരിക്കുന്നു. ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്. എനിക്കു വിശ്രമമില്ല, ദുരിതങ്ങൾമാത്രമേ അവശേഷിക്കുന്നുള്ളൂ.” എലീഫസ് അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു: “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും? നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക. ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു. ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു. നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്? “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ? എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു. ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു. സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു. സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു. “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു. രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ, ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി. ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു. അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു: ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ? ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ, മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും! ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു. അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’ “ഇപ്പോൾത്തന്നെ വിളിച്ചുചോദിക്കുക; പക്ഷേ, ആരാണ് നിനക്ക് ഉത്തരം നൽകുക? വിശുദ്ധരിൽ5:1 വിശുദ്ധരിൽ, വിവക്ഷിക്കുന്നത് ദൂതന്മാരിൽ ആരുടെ മുമ്പിലാണ് നീ ശരണാർഥിയാകുന്നത്? നീരസം ഭോഷരെ കൊല്ലുന്നു; അസൂയ ബുദ്ധിഹീനരെ നശിപ്പിക്കുന്നു. ഭോഷർ തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അവരുടെ വാസസ്ഥലം ധൃതഗതിയിൽ ശാപഗ്രസ്തമാക്കപ്പെടുന്നു. അവരുടെ മക്കൾക്ക് സുരക്ഷിതത്വം അന്യമായിരിക്കുന്നു, അവർക്കുവേണ്ടി വാദിക്കാൻ ആരും ഇല്ലാത്തതിനാൽ കോടതിയിൽവെച്ച് അവർ തകർക്കപ്പെടുന്നു. അവരുടെ വിളവ് വിശപ്പുള്ളവർ വിഴുങ്ങിക്കളയുന്നു, മുൾച്ചെടിയുടെ ഫലംപോലും അവർ അപഹരിക്കുന്നു, അവരുടെ സമ്പത്തിനായി ദാഹാർത്തർ കിതയ്ക്കുന്നു. കഷ്ടത പൂഴിയിൽനിന്നു മുളച്ചുപൊങ്ങുന്നില്ല, അനർഥം ഭൂമിയിൽനിന്നു നാമ്പെടുക്കുന്നതുമില്ല. തീപ്പൊരി മുകളിലേക്കു പാറുന്നതുപോലെ മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു. “എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു; എന്റെ സങ്കടം അവിടത്തെ മുമ്പിൽ സമർപ്പിക്കുമായിരുന്നു. അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും അസംഖ്യം അത്ഭുതങ്ങളും അവിടന്ന് പ്രവർത്തിക്കുന്നു. അവിടന്ന് ഭൂമിയിൽ മഴപെയ്യിക്കുകയും വയലുകളെ ജലധാരയാൽ അനുഗ്രഹിക്കുകയും ചെയ്യുന്നു. അവിടന്ന് എളിയവരെ ഉദ്ധരിക്കുകയും വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നു. അവിടന്ന് കൗശലക്കാരുടെ പദ്ധതികൾ തകിടംമറിക്കുന്നു; അതുകൊണ്ട് അവരുടെ കൈകൾ വിജയം കൈവരിക്കാതെ പോകുന്നു. അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു; സൂത്രശാലികളുടെ ആസൂത്രണങ്ങൾ വേഗത്തിൽത്തന്നെ പാളിപ്പോകുന്നു. പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു; മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ അവർ തപ്പിനടക്കുന്നു. അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും ബലവാന്മാരുടെ കൈയിൽനിന്നും സംരക്ഷിക്കുന്നു. അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്; അനീതിയോ, അതിന്റെ വായ് പൊത്തുന്നു. “നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ; അതിനാൽ സർവശക്തന്റെ ശിക്ഷണം നീ നിന്ദിക്കരുത്. അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു; അവിടന്ന് പ്രഹരിക്കുകയും അവിടത്തെ കരം സൗഖ്യം നൽകുകയുംചെയ്യുന്നു. ആറു ദുരന്തങ്ങളിൽനിന്നും അവിടന്ന് നിന്നെ കരകയറ്റും; ഏഴാമത്തേതിൽ ഒരു തിന്മയും നിന്നെ സ്പർശിക്കുകയില്ല. ക്ഷാമകാലത്ത് അവിടന്ന് നിന്നെ മരണത്തിൽനിന്നു വിടുവിക്കും, യുദ്ധമുഖത്ത് വാളിന്റെ വായ്ത്തലയിൽനിന്നും. നാവുകൊണ്ടുള്ള പ്രഹരങ്ങളിൽനിന്നു നീ മറയ്ക്കപ്പെടും വിനാശം വരുമ്പോൾ നീ ഭയപ്പെടേണ്ടതുമില്ല. നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടേണ്ടതുമില്ല. നിലത്തെ കല്ലുകളോടുപോലും നിനക്കു സഖ്യമുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും; നീ സമ്പത്ത് പരിശോധിക്കുമ്പോൾ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. നിന്റെ മക്കൾ അനേകമെന്നും നിന്റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ മനസ്സിലാക്കും. വിളഞ്ഞ കറ്റകൾ തക്കസമയത്ത് അടുക്കിവെക്കുന്നതുപോലെ പൂർണവാർധക്യത്തിൽ നീ കല്ലറയിലേക്ക് ആനയിക്കപ്പെടും. “ഇവയെല്ലാം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു, അവ വാസ്തവമാണുതാനും. എന്റെ ഉപദേശം കേൾക്കുക, നിന്റെ നന്മയ്ക്കായി അതു പ്രാവർത്തികമാക്കുക.” ഇയ്യോബ് അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ, എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ! അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം. അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്. സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു, അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു; ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു. തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ? രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ? മുട്ടയുടെ വെള്ളയ്ക്ക്6:6 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. എന്ത് രുചിയാണുള്ളത്? അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല; അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു. “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ! എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ! എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ! അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു. അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു— പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത് വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു. “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ? എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്? എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്? എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ? എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ? വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ? “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്. എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല. ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ; എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്, ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു. വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു; അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു. തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു; ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു. തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു; അവർ അവിടെയെത്തി ലജ്ജിതരാകുന്നു. ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു; ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു. ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ നിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്‌ക്കൂ എന്നോ ഞാൻ പറഞ്ഞുവോ? ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ മർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’ “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം; എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക. സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം! എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്? എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്? നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്. അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു; നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക; നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ? മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ; പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്. എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ? എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ? “മനുഷ്യനു ഭൂമിയിൽ വിധിച്ചിട്ടുള്ളത് കഠിനാധ്വാനമല്ലേ? അവരുടെ ദിവസങ്ങൾ കൂലിക്കാരുടെ ദിവസങ്ങൾപോലെയല്ലേ? ഒരു അടിമ അന്തിവെയിൽ ആഗ്രഹിക്കുന്നതുപോലെയും തൊഴിലാളികൾ തങ്ങളുടെ കൂലിക്കായി കാത്തിരിക്കുന്നതുപോലെയും വ്യർഥമാസങ്ങൾ എനിക്ക് ഓഹരിയായി ലഭിച്ചിരിക്കുന്നു; കഷ്ടതയുടെ രാത്രികൾ എനിക്കു നിയമിക്കപ്പെട്ടിരിക്കുന്നു. കിടക്കുമ്പോൾ, ‘എനിക്ക് ഉണരാൻ എത്ര നേരമുണ്ട്?’ എന്നതാണ് എന്റെ ചിന്ത. എന്നാൽ രാത്രി നിരങ്ങിനീങ്ങുന്നു, അരുണോദയംവരെയും ഞാൻ കിടന്നുരുളുന്നു. എന്റെ ശരീരം പുഴുവും പൊറ്റനും പൊതിഞ്ഞിരിക്കുന്നു; എന്റെ ത്വക്കു വരണ്ടുപൊട്ടുകയും പഴുത്തൊലിക്കുകയും ചെയ്യുന്നു. “എന്റെ ദിവസങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗമുള്ളത്; പ്രതീക്ഷയ്ക്കു വകയില്ലാതെ അവ നിലയ്ക്കുന്നു. ദൈവമേ, എന്റെ ജീവൻ ഒരു ശ്വാസംമാത്രമെന്ന് ഓർക്കണമേ; എന്റെ കണ്ണുകൾ ഇനിയൊരിക്കലും ആനന്ദം കാണുകയില്ല. എന്നെ ഇപ്പോൾ കാണുന്നവരുടെ കണ്ണുകൾ മേലിൽ എന്നെ കാണുകയില്ല; നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ ഉണ്ടായിരിക്കുകയില്ല. ഒരു മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ ശവക്കുഴിയിലേക്കിറങ്ങുന്നവനും തിരികെ വരുന്നില്ല. അവർ തങ്ങളുടെ വസതികളിലേക്കു തിരിച്ചെത്തുന്നില്ല; അവരുടെ സ്ഥലം ഇനിമേൽ അവരെ അറിയുകയുമില്ല. “അതിനാൽ ഞാനിനി നിശ്ശബ്ദനായിരിക്കുകയില്ല; ആത്മവ്യഥയോടുകൂടിത്തന്നെ ഞാൻ സംസാരിക്കും, മനോവേദനയാൽ ഞാൻ ആവലാതിപ്പെടും. അവിടന്ന് എനിക്കൊരു കാവൽ നിർത്താൻ ഞാൻ കടലോ കടലിലെ ഭീകരസത്വമോ? എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും; എന്റെ കട്ടിൽ എന്റെ ആവലാതികൾക്കു പരിഹാരം നൽകും എന്നു ഞാൻ പറഞ്ഞാൽ, അവിടന്ന് സ്വപ്നങ്ങളാൽ എന്നെ ഭയപ്പെടുത്തുകയും ദർശനങ്ങളാൽ എന്നെ സംഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുന്നു. എന്നെ കഴുത്തുഞെരിച്ചു കൊല്ലുന്നത് എനിക്ക് അധികം ആശ്വാസകരം; ജീവിതത്തെക്കാൾ മരണം എനിക്ക് അഭികാമ്യം. എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; ഞാൻ എന്നേക്കും ജീവിച്ചിരിക്കുകയില്ലല്ലോ. എന്നെ വെറുതേവിടുക; എന്റെ ദിവസങ്ങൾ ഒരർഥവും ഇല്ലാത്തതാണല്ലോ. “അവിടത്തെ ആദരവു ലഭിക്കാൻ മനുഷ്യർക്ക് എന്തു യോഗ്യത? അവരുടെമേൽ അതീവ ശ്രദ്ധചെലുത്തുന്നതിനും. പ്രഭാതംതോറും അവരെ പരിശോധിക്കുന്നതിനും നിമിഷംതോറും പരീക്ഷിക്കുന്നതിനും അവർ എന്തുള്ളൂ? അവിടത്തെ നോട്ടം എന്നിൽനിന്ന് ഒരിക്കലും പിൻവലിക്കുകയില്ലേ? ഞാൻ ഉമിനീർ ഇറക്കുന്ന സമയംവരെപ്പോലും എന്നെ വെറുതേ വിടുകയില്ലേ? മനുഷ്യരുടെ കാവൽക്കാരാ, ഞാൻ പാപം ചെയ്തുവോ? എന്ത് അവിഹിതമാണ് ഞാൻ അങ്ങേക്കെതിരേ ചെയ്തത്? അങ്ങ് എന്നെ ലക്ഷ്യം വെക്കുന്നതെന്തിന്? ഞാൻ അങ്ങേക്ക് ഒരു ഭാരമായിമാറിയിട്ടുണ്ടോ7:20 അഥവാ, ഞാൻ എനിക്കുതന്നെ ഭാരമായിത്തീർന്നിരിക്കുന്നു.? അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ലംഘനം പൊറുക്കുകയും എന്റെ പാപം ക്ഷമിക്കുകയും ചെയ്യുന്നില്ല? ഞാൻ ഇപ്പോൾത്തന്നെ പൊടിയിൽ കിടക്കും; അങ്ങ് എന്നെ അന്വേഷിക്കും, എന്നാൽ ഞാൻ ജീവനോടെ ഉണ്ടായിരിക്കുകയില്ല.” ബിൽദാദ് ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു: “ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ. ദൈവം ന്യായം തകിടംമറിക്കുമോ? സർവശക്തൻ നീതിയെ നിഷേധിക്കുമോ? അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു. എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ, നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും. നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും. “മുൻ തലമുറകളോടു ചോദിക്കുക; അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക. ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ. ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്. അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ? തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ? ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ? വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ? അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്; അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും. അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.8:14 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്. അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു; അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല. അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്, അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു. അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു; അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു. എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ ‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും. ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം, ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും. “നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല; ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല. അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ആനന്ദഘോഷവും നിറയ്ക്കും നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.” ഇയ്യോബ് അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു: “അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം; എങ്ങനെയാണ് നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനാകുന്നത്? അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ, അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ. അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്. അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്? അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും അവിടത്തെ കോപത്തിൽ അവിടന്ന് അവയെ മറിച്ചിടുകയും ചെയ്യുന്നു. അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും അതിന്റെ തൂണുകൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു. സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു; അവിടന്നു നക്ഷത്രങ്ങളുടെ പ്രഭയെ അടച്ചു മുദ്രവെക്കുന്നു. അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും. അവിടന്നു സപ്തർഷികൾ,9:9 അഥവാ, ചിങ്ങരാശി മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു. അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു; എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു. അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല; അവിടന്ന് എന്റെ ചാരത്തുകൂടി നീങ്ങുന്നു, എന്നാൽ എനിക്കു ദർശിക്കാൻ കഴിയുന്നില്ല. അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും? ‘അങ്ങ് എന്താണീ ചെയ്യുന്നത്,’ എന്നു ചോദിക്കാൻ ആർക്കു കഴിയും? ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല. രഹബിന്റെ9:13 പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം. അനുയായികൾ അവിടത്തേക്ക് കീഴടങ്ങുന്നു. “ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ? അവിടത്തോടു തർക്കിക്കാൻ ഞാൻ എവിടെനിന്നു വാക്കുകൾ കണ്ടെത്തും? ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല; എന്റെ ന്യായാധിപനോട് കരുണയ്ക്കായി യാചിക്കുകമാത്രമേ എനിക്കു കഴിയൂ. ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും അവിടന്ന് എന്റെ സങ്കടയാചനകൾ കേൾക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും അകാരണമായി എന്റെ മുറിവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ ദുരിതംകൊണ്ട് എന്റെ ഉള്ളം നിറയ്ക്കുന്നു. ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ! ന്യായവാദത്തിന്റെ കാര്യമാണെങ്കിൽ, അതിനായി ആര് അവിടത്തെ9:19 മൂ.ഭാ. എന്നെ വിളിച്ചുവരുത്തും? ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും. ഞാൻ നിഷ്കളങ്കനായാലും, അവിടന്ന് എന്നെ കുറ്റക്കാരനായി പ്രഖ്യാപിക്കും. “ഞാൻ നിഷ്കളങ്കൻ ആണെങ്കിലും, അത് എന്നെ ബാധിക്കുന്നില്ല; എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു. അതെല്ലാം ഒരുപോലെതന്നെ; അതിനാൽ ഞാൻ പറയുന്നു, ‘അവിടന്നു നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.’ കഠിനപ്രഹരം പെട്ടെന്നു മരണം വരുത്തുന്നു, അവിടന്നു നിരപരാധിയുടെ ദുർഗതിയെ പരിഹസിക്കുന്നു. ഭൂമി അധർമികളുടെ കൈയിൽ അകപ്പെടുമ്പോൾ, ന്യായാധിപരുടെ കണ്ണ് അവിടന്നു കുരുടാക്കുന്നു. ഇതു ചെയ്തത് അവിടന്നല്ലെങ്കിൽ പിന്നെ ആരാണ്? “എന്റെ ആയുസ്സ് ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ പായുന്നു; ആനന്ദത്തിന്റെ ഒരു കണികപോലും കാണാതെ അതു പറന്നുപോകുന്നു. ഞാങ്ങണകൊണ്ടുണ്ടാക്കിയ വള്ളംപോലെ ഓളപ്പരപ്പിൽ തെന്നിമാറുന്നു, ഇര റാഞ്ചുന്ന കഴുകനെപ്പോലെയും അതു കടന്നുപോകുന്നു. ‘എന്റെ ആവലാതി ഞാൻ മറക്കാം, എന്റെ വ്യസനഭാവം ഞാൻ ഉപേക്ഷിച്ചു പുഞ്ചിരിതൂകാം,’ എന്നു ഞാൻ പറഞ്ഞാലും, ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു, അങ്ങ് എന്നെ നിരപരാധിയായി വിട്ടയയ്ക്കുകയില്ലെന്ന് എനിക്കറിയാം. ഞാൻ ഇപ്പോൾത്തന്നെ കുറ്റാരോപിതനായി എണ്ണപ്പെട്ടിരിക്കുന്നു, അങ്ങനെയെങ്കിൽ ഞാൻ എന്തിനു വ്യർഥമായി പ്രയത്നിക്കുന്നു? ഞാൻ ഹിമംകൊണ്ട്9:30 സോപ്പ്, എന്നു വിവക്ഷ എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു കൈകൾ വെടിപ്പാക്കിയാലും, അങ്ങ് എന്നെ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്ത്തും, അതുകൊണ്ട് എന്റെ വസ്ത്രങ്ങൾപോലും എന്നെ വെറുക്കുന്നു. “അവിടത്തോടു ഞാൻ ഉത്തരം പറയേണ്ടതിനും ഞങ്ങൾ ഒരുമിച്ചു ന്യായവിസ്താരത്തിൽ ഏറ്റുമുട്ടുന്നതിനും അവിടന്ന് എന്നെപ്പോലെ കേവലം മനുഷ്യനല്ലല്ലോ. ഞങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിക്കുന്ന ഒരു മധ്യസ്ഥൻ ഞങ്ങൾക്കുമധ്യേ ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിന്റെ വടി എന്നിൽനിന്നു നീക്കട്ടെ, അവിടത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കുമായിരുന്നു. അപ്പോൾ ഭീതികൂടാതെ ഞാൻ അവിടത്തോടു സംസാരിക്കും, എന്നാൽ ഇപ്പോൾ അതിനു യാതൊരു നിർവാഹവുമില്ല. “എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു; അതുകൊണ്ട് ഞാൻ എന്റെ സങ്കടം പൂർണമായും തുറന്നുപറയും എന്റെ ഹൃദയവ്യഥയിൽ ഞാൻ സംസാരിക്കും. ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ, എന്നാൽ എനിക്കെതിരേയുള്ള വാദങ്ങൾ എന്തെല്ലാമെന്ന് എന്നെ അറിയിക്കണമേ. എന്നെ പീഡിപ്പിക്കുന്നതും അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ നിന്ദിക്കുന്നതും ദുഷ്ടരുടെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേക്കു പ്രസാദമോ? മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്? ഒരു മനുഷ്യൻ കാണുന്നതുപോലെയോ അങ്ങു കാര്യങ്ങൾ കാണുന്നത്? എന്റെ കുറ്റം അന്വേഷിക്കുന്നതിനും എന്റെ പാപം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അങ്ങയുടെ നാളുകൾ ഒരു മനുഷ്യന്റെ നാളുകൾപോലെയോ? അങ്ങയുടെ സംവത്സരങ്ങൾ മനുഷ്യന്റെ സംവത്സരങ്ങൾപോലെയോ? ഞാൻ കുറ്റവാളി അല്ലെന്നും അങ്ങയുടെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ ആരും ഇല്ലെന്നും അങ്ങ് അറിയുന്നു. “അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു. ഇപ്പോൾ അങ്ങ് തിരിഞ്ഞ് എന്നെ നശിപ്പിക്കുമോ? കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക. ഇപ്പോൾ അങ്ങ് തിരികെ എന്നെ പൊടിയിലേക്കു ചേർക്കുമോ? അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ? അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും അസ്ഥികളാലും നാഡീഞരമ്പുകളാലും തുന്നിച്ചേർക്കുകയും ചെയ്തില്ലേ? അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി, അങ്ങയുടെ പരിപാലനം എന്റെ ആത്മാവിന് സംരക്ഷണവും നൽകി. “എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു, അങ്ങയുടെ ലക്ഷ്യം ഇതായിരുന്നു എന്ന് എനിക്കറിയാം: ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു, എന്റെ അകൃത്യം ശിക്ഷിക്കപ്പെടാതെ പോകുകയുമില്ലല്ലോ. ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം! ഞാൻ നീതിമാനാണെങ്കിൽപോലും ശിരസ്സുയർത്താൻ എനിക്കു കഴിയുന്നില്ല, കാരണം ഞാൻ ആകെ നാണംകെട്ടിരിക്കുന്നു എന്റെ ദുരിതത്തിൽ ഞാൻ മുങ്ങിപ്പോയിരിക്കുന്നു. ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും എനിക്കെതിരായി അങ്ങയുടെ ഭീകരശക്തി വീണ്ടും പ്രയോഗിക്കുകയും ചെയ്യും. അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും എന്നോടുള്ള അങ്ങയുടെ ക്രോധം വർധിപ്പിക്കുകയും ചെയ്യുന്നു; ദുരിതങ്ങൾ നിരനിരയായി എനിക്കെതിരേ പാഞ്ഞടുക്കുന്നു. “എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്? അതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും ഒരു കണ്ണും എന്നെ കാണാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ! എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു, ഗർഭപാത്രത്തിൽനിന്നുതന്നെ എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു! എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ? ഞാൻ ഒട്ടുനേരം ആനന്ദിക്കേണ്ടതിന് അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കണമേ. മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും അന്ധകാരസ്ഥലത്തേക്കും കൂരിരുട്ടിലേക്കും പോകുന്നതിനുമുമ്പ് എന്നെ വിട്ടുമാറണമേ. അഗാധരാത്രിയുടെ സ്ഥലത്തേക്ക്, അന്ധതമസ്സും അവ്യവസ്ഥയും ഉള്ള സ്ഥലത്തേക്കു ഞാൻ പോകട്ടെ. അവിടത്തെ വെളിച്ചംപോലും ഇരുളാണല്ലോ.” സോഫർ അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു: “ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ? ഈ വിടുവായൻ കുറ്റവിമുക്തനാകുമോ? നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ? ‘എന്റെ ഉപദേശം കുറ്റമറ്റതും ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ. എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ, അവിടത്തെ അധരങ്ങൾ നിനക്കെതിരേയും ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു; കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക. “ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ? സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ? അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും സമുദ്രത്തെക്കാൾ വിശാലവും ആകുന്നു. “അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും ന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും? അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു; അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ? ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം ഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്. “നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ, നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ, നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല. നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും. അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും. നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല, പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും. ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും, അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല; അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.” ഇയ്യോബ് അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു: “നിങ്ങൾമാത്രമാണ് ജ്ഞാനികൾ; നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും. എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്; ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല. ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്? “ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു, എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്; നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ! സുഖലോലുപൻ ആപത്തു വെറുക്കുന്നു; കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്. കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു, ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു— അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു! “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും; നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ. യഹോവയുടെ കൈ ഇതു ചെയ്തുവെന്ന് ഇവയിൽ ഏതിനാണ് അറിവില്ലാത്തത്? എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ, സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്. നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ, ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ? വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ? ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ? “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്; ആലോചനയും വിവേകവും അവിടത്തേക്കുള്ളത്. അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല; അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം. അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു; അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു. ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്; വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ. അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു, ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു. രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു; അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു. അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു. അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു. അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു. അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു; കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു. അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു. അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു; വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു. അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു; അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു. “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടു; എന്റെ കാതുകൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കറിയാവുന്നത് എനിക്കുമറിയാം; ഞാൻ നിങ്ങളെക്കാൾ കുറഞ്ഞവനുമല്ല. എന്നാൽ ഞാൻ സർവശക്തനോടു സംസാരിക്കും; എന്റെ വാദം ദൈവസന്നിധാനത്തിൽ ഉന്നയിക്കുകയും ചെയ്യും, അതാണ് ഞാൻ ആഗ്രഹിക്കുന്നത്. യോഗ്യതയില്ലാത്ത വൈദ്യന്മാരാണ് നിങ്ങളെല്ലാവരും; നിങ്ങൾ എന്നെ വ്യാജവാർത്തകൾകൊണ്ട് കളങ്കിതനാക്കുന്നു! ഹാ! നിങ്ങൾ പൂർണമായും മൗനം അവലംബിച്ചിരുന്നെങ്കിൽ! അതു നിങ്ങൾക്കു ജ്ഞാനമായിരിക്കുമായിരുന്നു. ഇപ്പോൾ എന്റെ വാദം കേൾക്കൂ; എന്റെ അധരങ്ങളിൽനിന്നുള്ള വ്യവഹാരം ശ്രദ്ധിക്കുക. നിങ്ങൾ ദൈവത്തിനുവേണ്ടി അനീതി സംസാരിക്കുമോ? അവിടത്തേക്കുവേണ്ടി വ്യാജവാക്കുകൾ ഉച്ചരിക്കുമോ? നിങ്ങൾ അവിടത്തോട് പക്ഷഭേദം കാണിക്കുമോ? ദൈവത്തിനുവേണ്ടി നിങ്ങൾ വ്യവഹാരം നടത്തുമോ? അവിടന്നു നിങ്ങളെ പരീക്ഷിച്ചാൽ നിങ്ങൾ യോഗ്യരെന്നു തെളിയുമോ? അഥവാ, ഒരുത്തൻ മനുഷ്യനെ വഞ്ചിക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വഞ്ചിക്കാൻ കഴിയുമോ? നിങ്ങൾ ഗൂഢമായി മുഖപക്ഷം കാണിച്ചാൽ അവിടന്നു തീർച്ചയായും നിങ്ങളെ ശാസിക്കും. അവിടത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ? അവിടത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേൽ പതിക്കുന്നില്ലേ? നിങ്ങളുടെ മഹദ്വചനങ്ങൾ നാശത്തിന്റെ പഴമൊഴികളത്രേ; നിങ്ങളുടെ പ്രതിരോധനിരകൾ കളിമൺകോട്ടകൾതന്നെ. “മൗനമായിരിക്കുക, എന്നെ സംസാരിക്കാൻ അനുവദിക്കുക; പിന്നെ എനിക്കു വരുന്നതു വരട്ടെ. എന്തിനു ഞാൻ എന്റെ ശരീരം അപകടത്തിലാക്കുകയും എന്റെ ജീവൻ പണയപ്പെടുത്തുകയും ചെയ്യണം? അവിടന്ന് എന്നെ കൊന്നാലും ഞാൻ ദൈവത്തിൽ പ്രത്യാശവെക്കും; എന്റെ വഴികൾ ശരിയെന്നു തിരുസന്നിധിയിൽ ഞാൻ ബോധിപ്പിക്കും. തീർച്ചയായും, ഇതുതന്നെയായിരിക്കും എന്റെ മോചനത്തിനുള്ള മാർഗം. അഭക്തർ അവിടത്തെ സന്നിധിയിൽ വരുന്നതിനു ധൈര്യപ്പെടുകയില്ല! എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; എന്റെ പ്രസ്താവന നിങ്ങളുടെ ചെവികളിൽ മുഴങ്ങട്ടെ. ഇപ്പോൾ ഞാൻ എന്റെ വ്യവഹാരം തയ്യാറാക്കിയിരിക്കുന്നു; ഞാൻ കുറ്റവിമുക്തനാക്കപ്പെടും എന്ന് എനിക്കുറപ്പുണ്ട്. എനിക്കെതിരേ ആരോപണമുയർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ? ഞാൻ നിശ്ശബ്ദനായിരുന്ന് മരണംവരിക്കും. “ദൈവമേ, ഈ രണ്ടു കാര്യങ്ങൾമാത്രം എനിക്ക് അനുവദിച്ചുതരണമേ, അങ്ങനെയെങ്കിൽ ഞാൻ അങ്ങയിൽനിന്ന് ഒന്നും ഒളിക്കുകയില്ല: അങ്ങയുടെ കരം എന്നിൽനിന്ന് ദൂരേക്ക് അകറ്റണമേ; അങ്ങയുടെ ഭീകരതകൊണ്ട് എന്നെ ഭ്രമിപ്പിക്കുകയും ചെയ്യരുതേ. പിന്നീട്, അങ്ങ് എന്നെ വിളിക്കൂ, ഞാൻ ഉത്തരം പറയാം, അഥവാ, ഞാൻ സംസാരിക്കട്ടെ, അങ്ങ് ഉത്തരമരുളിയാലും. ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളും പാപങ്ങളും എത്രമാത്രം? എന്റെ ലംഘനവും എന്റെ പാപവും എന്നെ അറിയിക്കണമേ. അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും എന്നെ ശത്രുവായി കണക്കാക്കുകയും ചെയ്യുന്നത് എന്തിന്? കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ദണ്ഡിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ അങ്ങു പിൻതുടരുമോ? അങ്ങ് എനിക്കെതിരേ കയ്‌പുള്ളത് രേഖപ്പെടുത്തുന്നു; എന്റെ യൗവനകാല പാപങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു. അങ്ങ് എന്റെ കാൽ ആമത്തിലിടുന്നു; എന്റെ കാലടികളിൽ അടയാളംകുറിച്ച് എന്റെ വഴികളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു. “ചീഞ്ഞഴുകുന്ന വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യൻ ക്ഷയിക്കുന്നു. “സ്ത്രീജാതനായ മനുഷ്യന്റെ ജീവിതകാലം നൈമിഷികവും ദുരിതപൂർണവും ആയിരിക്കും. അവർ ഒരു പുഷ്പംപോലെ പൊട്ടിവിരിയുകയും വാടിക്കൊഴിയുകയും ചെയ്യുന്നു; ക്ഷണികമായ ഒരു നിഴൽപോലെ പെട്ടെന്നു മാഞ്ഞുമറയുന്നു. അങ്ങനെയുള്ള ഒരു പ്രാണിയുടെമേലാണോ അങ്ങു ദൃഷ്ടി പതിപ്പിക്കുന്നത്? എന്നെയോ അങ്ങയുടെ സന്നിധിയിൽ ന്യായവിസ്താരത്തിലേക്കു നടത്തുന്നത്? അശുദ്ധിയിൽനിന്ന് വിശുദ്ധിയെ നിർമിക്കാൻ ആർക്കു കഴിയും? ആർക്കും സാധ്യമല്ല! ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു; അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു. ഒരു തൊഴിലാളിയെപ്പോലെ തന്റെ നാളുകൾ തികയ്ക്കുംവരെ അങ്ങയുടെ കണ്ണുകൾ അയാളിൽനിന്നു മാറ്റണമേ, അയാളെ വെറുതേ വിടണമേ. “ഒരു വൃക്ഷം വെട്ടിയിട്ടാൽ അതു വീണ്ടും മുളയ്ക്കുമെന്നു പ്രത്യാശയുണ്ട്; അതിലെ പൊട്ടിച്ചിനപ്പുകൾക്കു നാശം സംഭവിക്കുകയില്ല. അതിന്റെ വേരുകൾ നിലത്തു പഴകിപ്പോയാലും അതിന്റെ കുറ്റി ഉണങ്ങിയ മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധം കിട്ടിയാൽ അതു മുളയ്ക്കും; ഒരു ചെടിപോലെ ശാഖകൾ പുറപ്പെടുവിക്കും. എന്നാൽ മനുഷ്യൻ മരിച്ചു നിലംപറ്റെ കിടക്കുന്നു; അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ പിന്നെ അവൻ എവിടെ? സമുദ്രം ഉൾവലിയുന്നതുപോലെയും നദീതടം വറ്റിവരണ്ട് ഉണങ്ങുന്നതുപോലെയും, മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല; ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുകയോ ഉറക്കംവിട്ട് എഴുന്നേൽക്കുകയോ ചെയ്യുന്നില്ല. “അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ! അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ! ഒരു മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു നവജീവൻ14:14 അഥവാ, മോചനം ലഭിക്കുന്നതുവരെ എന്റെ കഠിനാധ്വാനകാലം മുഴുവനും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങു വിളിക്കും, ഞാൻ ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങേക്കു താത്പര്യം തോന്നുമായിരുന്നു. ഇപ്പോൾ അങ്ങ് എന്റെ കാലടികൾ എണ്ണുന്നു; എന്നാൽ എന്റെ പാപത്തിന്മേൽ ദൃഷ്ടി വെക്കുന്നതുമില്ല. എന്റെ അകൃത്യങ്ങൾ ഒരു സഞ്ചിയിലാക്കി മുദ്ര വെച്ചിരിക്കുന്നു; എന്റെ അനീതിക്കുമേൽ അങ്ങു മൂടുപടം വിരിക്കുന്നു. “എന്നാൽ ഒരു പർവതം അല്പാല്പം പൊടിഞ്ഞുപോകുന്നതുപോലെയും ഒരു പാറ സ്വസ്ഥാനം വിട്ടു മാറിപ്പോകുന്നതുപോലെയും വെള്ളം പാറകൾക്കു തേയ്മാനം വരുത്തുന്നതുപോലെയും ജലപ്രവാഹങ്ങൾ നിലത്തെ മണ്ണിനെ ഒഴുക്കിക്കൊണ്ടു പോകുന്നതുപോലെയും ഒരു മനുഷ്യന്റെ ആശയെയും അങ്ങു നശിപ്പിക്കുന്നു. അങ്ങ് അവരെ എന്നേക്കുമായി തള്ളിയിടുന്നു, അവൻ കടന്നുപോകുന്നു; അവിടന്ന് അവരുടെ മുഖം വിരൂപമാക്കുകയും അവരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. അവരുടെ മക്കൾ ബഹുമതി പ്രാപിച്ചാൽ അവർ അത് അറിയുന്നില്ല; അവരുടെ മക്കൾക്കു താഴ്ച ഭവിക്കുന്നതും അവർ കാണുന്നില്ല. എന്നാൽ തന്റെ ശരീരത്തിലെ വേദനമാത്രം അവർ അറിയുന്നു, അവർ വിലപിക്കുന്നത് അവർക്കുവേണ്ടിമാത്രം.” എലീഫസ് അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു: “ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ? കിഴക്കൻ കാറ്റുകൊണ്ട് അവർ വയറുനിറയ്ക്കുമോ? അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും ഉപകാരമില്ലാത്ത സംഭാഷണംകൊണ്ടും തർക്കിക്കുമോ? എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; ദൈവസന്നിധിയിലുള്ള ധ്യാനം നീ തുച്ഛീകരിച്ചിരിക്കുന്നു. അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു; കൗശലക്കാരുടെ ഭാഷ നീ തെരഞ്ഞെടുത്തിരിക്കുന്നു. ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു; നിന്റെതന്നെ അധരങ്ങൾ നിനക്കെതിരേ സാക്ഷ്യംനൽകുന്നു. “നീയാണോ ആദ്യം ജനിച്ച മനുഷ്യൻ? കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ? നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ? ജ്ഞാനം കുത്തകയായി ലഭിച്ചിരിക്കുന്നതു നിനക്കുമാത്രമോ? ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്? ഞങ്ങൾക്കില്ലാത്ത ഏത് ഉൾക്കാഴ്ചയാണ് നീ സമ്പാദിച്ചിട്ടുള്ളത്? തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്; നിന്റെ പിതാവിനെക്കാൾ പ്രായമുള്ളവർതന്നെ ദൈവത്തിന്റെ ആശ്വാസവചസ്സുകളും നിന്നോടു സൗമ്യമായി പറഞ്ഞ വാക്കുകളും നിനക്കു വളരെ നിസ്സാരമോ? നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്? നിന്റെ കണ്ണുകൾ ജ്വലിക്കുന്നതിനും കാരണമെന്ത്? നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും ഇത്തരം വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്തിന്? “മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ? സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവർക്ക് നീതിനിഷ്ഠരാകാൻ കഴിയുമോ? ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ സ്വർഗവും അവിടത്തെ ദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ, നിന്ദ്യനും ദൂഷിതനും അനീതിയെ വെള്ളംപോലെ കുടിക്കുന്നവനുമായ മനുഷ്യർ എത്രയധികം! “എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം; എന്റെ നിരീക്ഷണങ്ങൾ ഞാൻ നിന്നോടു വിവരിക്കട്ടെ. ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുകയും ചെയ്ത വാക്കുകൾതന്നെ. ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്, അവർക്കുമാത്രമായി ഈ ദേശം നൽകപ്പെട്ടത്. ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു; നിഷ്ഠുരർക്കു നിയമിക്കപ്പെട്ട സംവത്സരങ്ങൾ തികയുന്നതുവരെത്തന്നെ. അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു; എല്ലാം ശുഭമായിരിക്കുമ്പോൾത്തന്നെ സംഹാരകർ അവരെ ആക്രമിക്കുന്നു. അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല; അവർ വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു. ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു; അന്ധകാരദിനം അടുത്തിരിക്കുന്നു എന്ന് അവർ അറിയുന്നു. കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവരെ ആക്രമിക്കുന്നു. അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും സർവശക്തന്റെനേരേ ഊറ്റംകൊള്ളുകയാലുംതന്നെ. ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട് അവർ ധിക്കാരഭാവത്തോടെ അവിടത്തേക്കെതിരേ പാഞ്ഞുചെല്ലുന്നു. “ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു അവരുടെ അരക്കെട്ട് കൊഴുത്തു തടിച്ചവ ആണെങ്കിലും, അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും. ഇടിഞ്ഞുവീഴാറായതും ആരും പാർക്കാത്തതുമായ വീടുകളിൽത്തന്നെ അവർ പാർക്കും. അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല; അവരുടെ സമ്പാദ്യങ്ങൾ ദേശത്തു വർധിക്കുകയുമില്ല. ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല; അവരുടെ മുളകളെ തീനാളം കരിച്ചുകളയും തിരുവായിലെ നിശ്വാസത്താൽ അവർ നശിച്ചുപോകും. അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ, കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും. അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല. മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും; ഒലിവുമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതുപോലെയും ആയിരിക്കും അവർ. കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും; കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും. അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.” ഇയ്യോബ് അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ. നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്? നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു. എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും. “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല. ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ. അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു. അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു. ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു. ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു. എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു; അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു. വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു. “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; എന്റെ അഭിമാനം16:15 മൂ.ഭാ. കൊമ്പ് പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു. കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു; എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, എന്റെ പ്രാർഥന നിർമലമായതുതന്നെ. “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ! ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു. എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു;16:20 അഥവാ, എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു. മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു! “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന് ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്. എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ നാളുകൾ തീർന്നുപോയി, ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു. തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു; എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. “ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ. എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്? അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു; അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല. സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ സന്തതികളുടെ കണ്ണു മങ്ങിപ്പോകും. “ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു, മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു. വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു; എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി. നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും; നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും. എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും; നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും. “നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക! നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല. എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി. എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ, പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു. ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ, ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ, എന്റെ പ്രത്യാശ എവിടെ? എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും? എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?” ബിൽദാദ് അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു: “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ? കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ? “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല. അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും. അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു. അവർ സ്വയം കെണിയിലേക്കു നടക്കുന്നു; അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു. അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, കെണി അവരെ വരിഞ്ഞുമുറുക്കുന്നു. അവർക്കുവേണ്ടി നിലത്ത് കുടുക്കും വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു. എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു. ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു. അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു. അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും. അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു. കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, മീതേ അവരുടെ ശാഖകൾ കരിയുന്നു. ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല. അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും. അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല. പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; പൂർവദേശക്കാർ നടുങ്ങിപ്പോകും. നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.” ഇയ്യോബ് അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? ഇതാ, പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു; എന്നോടു ദോഷം ചെയ്യാൻ നിങ്ങൾക്കു ലജ്ജയില്ല. ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ, എന്റെ തെറ്റ് എന്നെമാത്രം ബാധിക്കുന്ന വിഷയമാണ്. നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും എന്റെ നിസ്സഹായാവസ്ഥ എനിക്കെതിരേയുള്ള തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ, ദൈവം എന്നോടു ദോഷം പ്രവർത്തിച്ച് അവിടത്തെ വലയിൽ എന്നെ കുടുക്കി എന്ന് അറിഞ്ഞുകൊൾക. “ ‘അതിക്രമം!’ എന്നു ഞാൻ കരയുന്നു, എനിക്ക് ഉത്തരം ലഭിക്കുന്നില്ല; സഹായത്തിനായി ഞാൻ നിലവിളിക്കുന്നു, എനിക്കു നീതി ലഭിക്കുന്നതുമില്ല. എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു; എന്റെ വഴിയിൽ അവിടന്ന് അന്ധകാരം വരുത്തിയിരിക്കുന്നു. അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു; എന്റെ തലയിൽനിന്ന് കിരീടവും നീക്കിയിരിക്കുന്നു. എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു; ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു; ഒരു വൃക്ഷത്തെയെന്നവണ്ണം അവിടന്ന് എന്റെ പ്രത്യാശ പിഴുതുനീക്കിയിരിക്കുന്നു. എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു; എന്നെ അവിടത്തെ ശത്രുഗണത്തിൽ എണ്ണുന്നു. അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു; അവർ എനിക്കെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുന്നു എന്റെ കൂടാരത്തിനുചുറ്റും അവർ താവളമടിക്കുന്നു. “അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ പൂർണമായും എന്നിൽനിന്ന് അകന്നുമാറിയിരിക്കുന്നു. എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി; എന്റെ ഉറ്റ സ്നേഹിതർ എന്നെ മറന്നുകളഞ്ഞു. എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു; അവർ എന്നെ ഒരു അപരിചിതനെപ്പോലെ വീക്ഷിക്കുന്നു. എന്റെ ദാസനെ ഞാൻ വിളിക്കുന്നു, എന്നാൽ അവൻ പ്രതികരിക്കുന്നില്ല; എന്റെ വായ് തുറന്ന് അവനോടു ഞാൻ കെഞ്ചേണ്ടതായിവരുന്നു. എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്; എന്റെ സഹോദരങ്ങൾക്കു ഞാൻ അറപ്പായിത്തീർന്നിരിക്കുന്നു. കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു; ഞാൻ എഴുന്നേൽക്കുമ്പോൾ അവർ എന്നെ പരിഹസിക്കുന്നു. എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു; ഞാൻ സ്നേഹിച്ചവർ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു; ഞാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്. “എന്റെ സ്നേഹിതരേ, എന്നോടു കരുണകാട്ടണേ, എന്നോടു കരുണകാട്ടണേ; ദൈവത്തിന്റെ കൈ എന്റെമേൽ വീണിരിക്കുന്നു. ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്? എന്റെ മാംസം തിന്നിട്ടും നിങ്ങൾ തൃപ്തിപ്പെടാത്തതെന്തുകൊണ്ട്? “ഹാ! എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ! അയ്യോ! അവ ഒരു പുസ്തകച്ചുരുളിൽ എഴുതിവെച്ചെങ്കിൽ! ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ അവ ഒരു പാറയിൽ എന്നേക്കുമായി കൊത്തിയിരുന്നെങ്കിൽ! എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം, ഒടുവിൽ അവിടന്നു പൊടിമേൽ19:25 അഥവാ, ഭൂമിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും; ഞാൻതന്നെ അവിടത്തെ കാണും; മറ്റൊരുവനല്ല, എന്റെ സ്വന്തം കണ്ണുതന്നെ അവിടത്തെ കാണും. എന്റെ ഹൃദയം അതിനായി ആർത്തിയോടിരിക്കുന്നു. “ ‘അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും? അഥവാ, അവനെതിരേ എന്തു കുറ്റം ആരോപിക്കാൻ നമുക്കു കഴിയും?’ വാളിനെ ഭയപ്പെടുക, ക്രോധം വാളിന്റെ ശിക്ഷയെ വിളിച്ചുവരുത്തുന്നു. ഒരു ന്യായവിധി ഉണ്ടെന്ന് അങ്ങനെ നിങ്ങൾ അറിയാൻ ഇടയാകും.” സോഫർ അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു: “എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു. എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു. “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ20:4 അഥവാ, ആദാമിനെ ആക്കിയ കാലംമുതലുള്ളവതന്നെ, ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്. അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും, തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും. ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു. അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല. അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും. അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും. “അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും, അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും, അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും. അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും. അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും. തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല. അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല. കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു. “അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല. അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല. അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും. അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും. ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും. അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും; അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും. ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും. പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ. ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.” ഇയ്യോബ് അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്: “എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ. ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക, സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം. “ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്? പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? എന്നെ നോക്കുക, ആശ്ചര്യപ്പെടുക; സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക. അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു; വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു. ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്? അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു. അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല. അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു. ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു. അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ21:13 അഥവാ, പെട്ടെന്നുതന്നെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു. എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല. ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’ എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു. “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു? എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു. ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ! അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ. അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ? “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ? അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ. ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു, സമ്പൂർണസുരക്ഷയും സമൃദ്ധിയും ശരീരപോഷണവും21:24 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ. അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ മനോവ്യസനത്തോടെ മരിക്കുന്നു. അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു, പുഴുക്കൾ അവരെ പൊതിയുന്നു. “നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്. നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’ വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ? വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.21:30 അഥവാ, വിനാശദിവസത്തിനായി ദുഷ്ടർ സൂക്ഷിക്കപ്പെടുന്നു അഥവാ, ക്രോധദിവസത്തിലേക്ക് അവർ ആനയിക്കപ്പെടുന്നു. അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും? അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു. “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!” എലീഫസ് അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്: “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ? നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്? “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്? നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ? നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു. ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു. ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു. വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു. അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ. കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ. “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക! എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ? ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’ ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ? സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു. അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’ എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു. നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു. ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു. “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും. അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ, സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും. അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും. നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും. നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും. നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.” ഇയ്യോബിന്റെ മറുപടി അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്; ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു. തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ; അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ! എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു. അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു. എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു. തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ? ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ. തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം; അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു. “ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല; ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല. അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല. എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു; അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും. എന്റെ കാലടികൾ അവിടത്തെ കാൽപ്പാടുകൾതന്നെ പിൻതുടരുന്നു; ഞാൻ വിട്ടുമാറാതെ അവിടത്തെ വഴിയിൽത്തന്നെ സഞ്ചരിച്ചു. അവിടത്തെ അധരങ്ങളിൽനിന്നുള്ള കൽപ്പനയിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല; തിരുവായിൽനിന്നുള്ള വചനങ്ങൾ എന്റെ അനുദിനാഹാരത്തെക്കാൾ മൂല്യവത്തായി ഞാൻ സൂക്ഷിച്ചിരിക്കുന്നു. “എന്നാൽ അവിടന്നു മാറ്റമില്ലാത്തവൻ; അവിടത്തോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും? തിരുഹിതം അവിടന്നു പ്രാവർത്തികമാക്കുന്നു. തന്റെ വിധിന്യായം അവിടന്ന് എന്റെമേൽ നടപ്പാക്കുന്നു; അപ്രകാരമുള്ള പല പദ്ധതികളും അവിടത്തെ ഭണ്ഡാരത്തിലുണ്ട്. അതിനാൽ അവിടത്തെ സന്നിധിയിൽ ഞാൻ അങ്കലാപ്പിലാകുന്നു; ഇതേപ്പറ്റി ആലോചിക്കുമ്പോൾ, ഞാൻ അവിടത്തെ ഭയപ്പെടുന്നു. ദൈവം എന്റെ ഹൃദയത്തെ തളർത്തിക്കളഞ്ഞു; സർവശക്തൻ എന്നെ പരിഭ്രാന്തനാക്കി. എന്നിട്ടും ഇരുട്ടിന്, എന്റെ മുഖത്തെ മറയ്ക്കുന്ന കൂരിരുട്ടിന്, എന്നെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല. “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്? അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്? അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്; അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു. അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു; വിധവയുടെ കാളയെ പണയമായി വാങ്ങുന്നു. അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു; ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ, ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു; മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു. അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു; ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു. വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു; ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല. മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു; പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു. ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു; ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു. ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു; അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു. അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു;24:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു. മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു; മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു; എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല. “അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്. സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു. വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു. ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല. അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം. “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്; അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്, അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല. ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. ഗർഭാശയം അവരെ മറക്കുന്നു, അവർ പുഴുക്കൾക്കു സദ്യയാകുന്നു; ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല; എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു. വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു; വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല. ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു; അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല. സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു, അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്. അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു; അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു; കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു. “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നും എന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?” ബിൽദാദ് അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു: “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു. അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്? അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ? ചന്ദ്രൻ പ്രകാശമില്ലാതെയും നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ, കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?” ഇയ്യോബ് അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്: “നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്! ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്! ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്! എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്! നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്? ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്? “മരണമടഞ്ഞവർ തീവ്രയാതനയിലാണ്, ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും. മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു. അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു. അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല. പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു. പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു. ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു. തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു. അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു. ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?” ഇയ്യോബിന്റെ അവസാനവാക്കുകൾ ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു: “എനിക്കു നീതി നിഷേധിച്ച് എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ, എന്നിൽ ജീവനുള്ള കാലത്തോളം, എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും, എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല. നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല. എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല. “എന്റെ ശത്രു ദുഷ്ടരെപ്പോലെയും എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ! അഭക്തർ ഛേദിക്കപ്പെടുകയും ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്? അവർക്കു കഷ്ടത വരുമ്പോൾ ദൈവം അവരുടെ നിലവിളി കേൾക്കുമോ? അവർ സർവശക്തനിൽ സന്തോഷിക്കുമോ? എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം; സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല. ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു; പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ? “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു: അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല. അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും, അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല. അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും, കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും, അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും; നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും. അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ; അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ. ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല; കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും. പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു; കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു. കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു; തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു. അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു; അത് അവരെ നോക്കി കൈകൊട്ടും; കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.” ജ്ഞാനത്തിനായുള്ള അന്വേഷണം വെള്ളിക്ക് ഒരു ഖനിയും സ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്. ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു. മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു; പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന് ഘോരാന്ധകാരത്തിൽ അയിരു തേടുന്നു. ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു; മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത് ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു. ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു; എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു. അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു; അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്. ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല, ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല. വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല, ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല. മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു, അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു. അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു; വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു. അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു, നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്? വിവേകം വസിക്കുന്ന സ്ഥലം എവിടെ? അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല. “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു; “അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു. മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല; വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല. ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം, ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല. സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല, രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല. പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും28:18 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കാര്യം പറയുകയേ വേണ്ട; മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം. കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല; പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ? ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു. നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.” അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്, കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു. കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ, അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ, അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു. “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു. ഇയ്യോബ് സംവാദം തുടരുന്നു ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു: “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ, അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ. എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ! അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു. “അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ. യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു. പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു. പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു. എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു, കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു. നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി. ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു. ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി. ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു. “അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും. എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും. എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’ “ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു. മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു. അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.29:24 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ. “എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല. വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ. ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു. അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു. അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ. തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു. കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു. അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു. “ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു. അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല. കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു. എന്റെ വലതുഭാഗത്ത് അവരുടെ വർഗം30:12 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു. അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു. വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു. ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു. “ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു. അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു. “ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല. അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു. അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു. അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ. “ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം? കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ? ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി. എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു. ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു. ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു. എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു. എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു. “ലൈംഗികാസക്തിയോടെ ഒരു യുവതിയെയും നോക്കുകയില്ലെന്ന് ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടിചെയ്തു. ഉയരത്തിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും ഉന്നതത്തിൽനിന്ന് സർവശക്തൻ നൽകുന്ന അവകാശവും എന്ത്? അത് അധർമികളുടെ വിപത്തും ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാശവുമല്ലേ? അവിടന്ന് എന്റെ വഴികൾ കാണുന്നില്ലേ? എന്റെ കാലടികളെല്ലാം എണ്ണിനോക്കുന്നില്ലേ? “ഞാൻ കാപട്യത്തിൽ വിഹരിക്കുകയോ, എന്റെ കാൽ വഞ്ചനയ്ക്കു പിറകേ പായുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ദൈവം നീതിയുടെ ത്രാസിൽ എന്നെ തൂക്കിനോക്കട്ടെ; എന്റെ നിഷ്കളങ്കത അവിടന്ന് മനസ്സിലാക്കട്ടെ. എന്റെ കാലടികൾ നേർവഴിയിൽനിന്ന് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണുകളെ അനുഗമിച്ചിട്ടുണ്ടെങ്കിൽ, എന്റെ കൈകൾ കളങ്കിതമായിട്ടുണ്ടെങ്കിൽ— ഞാൻ വിതച്ചതു മറ്റൊരാൾ ഭക്ഷിക്കട്ടെ; എന്റെ വിളവുകൾ പിഴുതെറിയപ്പെടട്ടെ. “എന്റെ ഹൃദയം ഒരു സ്ത്രീയാൽ വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ അയൽവാസിയുടെ വാതിൽക്കൽ പതിയിരുന്നിട്ടുണ്ടെങ്കിൽ, എന്റെ ഭാര്യ മറ്റൊരു പുരുഷനുവേണ്ടി മാവു പൊടിക്കട്ടെ; മറ്റുള്ളവർ അവളോടൊത്തു കിടക്കപങ്കിടട്ടെ. കാരണം അതു മ്ലേച്ഛതനിറഞ്ഞ ഒരു പാതകവും ശിക്ഷായോഗ്യമായ ഒരു പാപവും ആണല്ലോ. അതു നരകപര്യന്തം ദഹിപ്പിക്കുന്ന അഗ്നിയാണ്; എന്റെ എല്ലാ സമ്പാദ്യവും അത് ഉന്മൂലനംചെയ്യും. “എന്റെ ദാസനോ ദാസിയോ എന്നോട് ഒരു പരാതി ബോധിപ്പിച്ചിട്ട്; ഞാൻ എന്റെ സേവകരിൽ ആർക്കെങ്കിലും നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ, ദൈവം അവിടത്തെ ന്യായവിധി ആരംഭിക്കുമ്പോൾ ഞാൻ എന്തുചെയ്യും? അവിടന്ന് എന്നോടു കണക്കുചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും? എന്നെ ഉദരത്തിൽ ഉരുവാക്കിയവനല്ലേ അവരെയും ഉരുവാക്കിയത്? ഒരുവൻതന്നെയല്ലേ ഞങ്ങൾ ഇരുവരെയും മാതൃഗർഭത്തിൽ രൂപപ്പെടുത്തിയത്? “ഞാൻ ദരിദ്രരുടെ ആഗ്രഹം നിഷേധിക്കുകയോ വിധവയുടെ കണ്ണുകളെ നിരാശപ്പെടുത്തുകയോ ചെയ്തെങ്കിൽ, അനാഥർക്കു പങ്കുവെക്കാതെ ഞാൻ എന്റെ ആഹാരം തനിയേ ഭക്ഷിച്ചെങ്കിൽ— അല്ല, എന്റെ ചെറുപ്പംമുതൽതന്നെ ഒരു പിതാവിനെപ്പോലെ അവരെ പരിപാലിക്കുകയും എന്റെ ജനനംമുതൽതന്നെ ഞാൻ വിധവയെ സഹായിക്കുകയും ചെയ്തല്ലോ— ആരെങ്കിലും വസ്ത്രമില്ലാതെ നശിക്കുന്നതും ദരിദ്രർ പുതപ്പില്ലാതെ വിഷമിക്കുന്നതും ഞാൻ കണ്ടിട്ട്, അവരുടെ ഹൃദയം എന്നോടു നന്ദി പറയാതെയും എന്റെ ആട്ടിൻരോമംകൊണ്ട് അവർ തണുപ്പു മാറ്റാതെയും ഇരുന്നിട്ടുണ്ടെങ്കിൽ, കോടതിയിൽ എനിക്കു സ്വാധീനം ഉണ്ടെന്നു കരുതി അനാഥരിൽ ആർക്കെങ്കിലുമെതിരേ ഞാൻ കൈയോങ്ങിയിട്ടുണ്ടെങ്കിൽ, എന്റെ കൈ തോളിൽനിന്ന് അടർന്നുപോകട്ടെ; സന്ധിബന്ധങ്ങളിൽനിന്ന് അത് ഒടിഞ്ഞുമാറട്ടെ. കാരണം ദൈവം അയയ്ക്കുന്ന വിപത്ത് ഞാൻ ഭയന്നിരുന്നു; അവിടത്തെ പ്രഭാവംനിമിത്തം എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. “ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയോ ‘നീയാണ് എന്റെ ഭദ്രത,’ എന്നു ശുദ്ധസ്വർണത്തോടു പറയുകയോ ചെയ്തിരുന്നെങ്കിൽ, എന്റെ വൻപിച്ച സമ്പത്തിൽ ഞാൻ ആനന്ദിച്ചിരുന്നെങ്കിൽ, എന്റെ കൈകൾ നേടിയ ബഹുസമ്പത്തിൽത്തന്നെ, കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ പ്രഭ പരത്തി ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ നീങ്ങുന്നതോ കണ്ടിട്ട്, എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ കൈകൾ ആദരചുംബനം അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു, കാരണം, ഉന്നതനായ ദൈവത്തെ ഞാൻ നിഷേധിക്കുകയാണല്ലോ ചെയ്തത്. “എന്റെ ശത്രുവിന്റെ ദുർഗതിയിൽ ഞാൻ ആഹ്ലാദിക്കുകയോ അവർക്ക് ആപത്തു വരുന്നതുകണ്ട് ആസ്വദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഇല്ല, ഒരു ശാപവാക്കുകൊണ്ട് അവരുടെ ജീവൻ നശിപ്പിക്കുംവിധം എന്റെ വായ് പാപംചെയ്യാൻ ഞാൻ അതിനെ അനുവദിച്ചിട്ടില്ല. ‘ഇയ്യോബ് നൽകിയ ആഹാരംകൊണ്ടു തൃപ്തിവരാത്ത ആരുണ്ട്,’ എന്ന് എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞിട്ടില്ലേ? ഞാൻ വഴിപോക്കന് എന്റെ വാതിലുകൾ എപ്പോഴും തുറന്നുകൊടുത്തു; അതിനാൽ ഒരു അപരിചിതനും തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല. ഇതര മനുഷ്യരെപ്പോലെ31:33 അഥവാ, ആദാമിനെപ്പോലെ എന്റെ പാപം ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ, എന്റെ അകൃത്യങ്ങൾ ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചിരുന്നെങ്കിൽ, ആൾക്കൂട്ടത്തെ പേടിച്ച്, കുടുംബാംഗങ്ങളുടെ നിന്ദ ഭയപ്പെട്ട്, ഞാൻ വാതിലിനു പുറത്തിറങ്ങാതെ നിശ്ശബ്ദനായിരുന്നിട്ടുണ്ടോ? “എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ! ഇതാ, എന്റെ പ്രതിവാദത്തിന്മേൽ, ഇതാ, എന്റെ കൈയൊപ്പ്! സർവശക്തൻ എനിക്ക് ഉത്തരം നൽകട്ടെ; എന്നിൽ കുറ്റമാരോപിക്കുന്നവർ എനിക്കെതിരേയുള്ള കുറ്റം രേഖാമൂലം ഹാജരാക്കട്ടെ. തീർച്ചയായും അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു. ഒരു കിരീടംപോലെ അതു ഞാൻ തലയിൽ അണിയുമായിരുന്നു. എന്റെ കാൽച്ചുവടുകളുടെ സംഖ്യ ഞാൻ അവിടത്തെ അറിയിക്കുമായിരുന്നു; അതു ഞാൻ ഒരു ഭരണാധികാരിയോട് എന്നപോലെ അങ്ങയെ ബോധിപ്പിക്കുമായിരുന്നു. “എന്റെ നിലം എന്റെനേരേ നിലവിളിക്കുകയും അതിലെ ഉഴവുചാലുകൾ കണ്ണുനീരിനാൽ കുതിരുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഞാൻ വിലകൊടുക്കാതെ അതിലെ വിളവു ഭക്ഷിച്ചിട്ടുണ്ടെങ്കിൽ, അതിലെ പാട്ടക്കർഷകരുടെ ആത്മഹത്യയ്ക്കു ഞാൻ വഴിതെളിച്ചിട്ടുണ്ടെങ്കിൽ, ഗോതമ്പിനു പകരം മുൾച്ചെടിയും യവത്തിനു പകരം കളകളും അതിൽ മുളച്ചുവരട്ടെ.” ഇയ്യോബിന്റെ വചനങ്ങൾ സമാപിച്ചു. എലീഹൂ അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി. ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി. ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു. അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു. ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു. അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു: “ഞാൻ പ്രായത്തിൽ കുറഞ്ഞവനും നിങ്ങൾ വയോധികരും; അതിനാൽ എന്റെ അഭിപ്രായം നിങ്ങളോട് അറിയിക്കാൻ എനിക്കു ഭയവും സങ്കോചവും തോന്നി. ‘പ്രായം സംസാരിക്കട്ടെ, പ്രായാധിക്യമാണ് ജ്ഞാനം ഉപദേശിക്കേണ്ടത്,’ എന്നു ഞാൻ ചിന്തിച്ചു. എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്; സർവശക്തന്റെ ശ്വാസംതന്നെ, അതാണ് മനുഷ്യനു വിവേകം നൽകുന്നത്. പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല, വൃദ്ധർ ആയതുകൊണ്ടുമാത്രം ന്യായം ഗ്രഹിക്കണമെന്നുമില്ല. “അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക; എനിക്ക് അറിവുള്ളത് ഞാനുംകൂടി നിങ്ങളോടു പറയട്ടെ. നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു, നിങ്ങൾ വാക്കുകൾക്കുവേണ്ടി പരതിക്കൊണ്ടിരുന്നപ്പോൾ, നിങ്ങളുടെ യുക്തി ഞാൻ അവലോകനംചെയ്തു; നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു. എന്നാൽ നിങ്ങൾ ആരും ഇയ്യോബിന്റെ വാദമുഖത്തെ ഖണ്ഡിച്ചിട്ടില്ല; അദ്ദേഹത്തിന്റെ വാദഗതികൾക്കു നിങ്ങൾ മറുപടി നൽകിയിട്ടുമില്ല. ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു; മനുഷ്യനല്ല, ദൈവംതന്നെ അദ്ദേഹത്തെ ഖണ്ഡിക്കട്ടെ,’ എന്നു നിങ്ങൾ പറയരുത്. ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല, നിങ്ങളുടെ വാദഗതികൾകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉത്തരം പറയുകയുമില്ല. “അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല; അവർക്കു മൊഴിമുട്ടിയിരിക്കുന്നു. ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ, ഉത്തരമൊന്നും പറയുന്നില്ലല്ലോ? എനിക്കും ചിലതു പറയാനുണ്ട്; എന്റെ അഭിപ്രായം ഞാനും പ്രസ്താവിക്കും. ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു. എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ; ഞാൻ പൊട്ടാറായ ഒരു പുതിയ തുകൽക്കുടംപോലെ ആയിരിക്കുന്നു. ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം; എന്റെ അധരങ്ങൾ തുറന്ന് എനിക്ക് ഉത്തരം പറയണം. ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ മുഖസ്തുതി പറയുകയോ ഇല്ല. മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ, എന്റെ സ്രഷ്ടാവ് എന്നെ ക്ഷണത്തിൽ നീക്കിക്കളയുമായിരുന്നു. “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക; എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക. ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു; എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു. എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ; എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു. ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു. നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക; എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക. നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ; ഞാനും ഒരു കളിമൺകഷണമല്ലേ. എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല, എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല. “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്— ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു— ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല; ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല. കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു; എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു. അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു; എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’ “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല, കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ. അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം? ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും. സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ, അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു. മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ. “തങ്ങളുടെ കിടക്കമേൽ വേദനയാലും തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു. അവരുടെ ശരീരം ആഹാരത്തെയും പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു. അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു. അവർ ശവക്കുഴിയിലേക്കും അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു. അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, പരസഹസ്രം ദൂതന്മാരിൽ ഒരാളെ മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ, ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, ‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ. അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ. അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും. അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല. ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’ “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം അവരോടു പ്രവർത്തിക്കുന്നു. “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക, മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ. താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക. താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക. അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.” എലീഹൂ പിന്നെയും ഇപ്രകാരം സംസാരിച്ചു: “ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക; വിദ്യാസമ്പന്നരേ, എനിക്കു ചെവിതരിക. നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കുന്നു. ശരിയായത് എന്തെന്നു നമുക്കുതന്നെ വിവേചിച്ചറിയാം; നന്മയെന്തെന്നു നമുക്ക് ഒരുമിച്ചു പഠിക്കാം. “ഇയ്യോബ് അവകാശപ്പെടുന്നത്: ‘ഞാൻ നീതിമാൻ, എന്നാൽ ദൈവം എനിക്കു നീതി നിഷേധിക്കുന്നു. ന്യായം എന്റെ ഭാഗത്തായിരുന്നിട്ടും എന്നെ ഒരു നുണയനായി കണക്കാക്കുന്നു; ഞാൻ ഒരു കുറ്റവാളി അല്ലാതിരുന്നിട്ടും അവിടത്തെ അസ്ത്രങ്ങൾ എന്നിൽ ഭേദമാകാത്ത മുറിവുകൾ സൃഷ്ടിച്ചിരിക്കുന്നു.’ ഇയ്യോബിനെപ്പോലെ ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹം പരിഹാസത്തെ വെള്ളംപോലെ പാനംചെയ്യുന്നു. അദ്ദേഹം അനീതി പ്രവർത്തിക്കുന്നവരോടു ചങ്ങാത്തംകൂടുന്നു; ദുഷ്ടരോടൊപ്പം അദ്ദേഹം നടക്കുന്നു. കാരണം ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതുകൊണ്ട് മനുഷ്യർക്ക് യാതൊരു പ്രയോജനവുമില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ലേ? “അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ഒരുനാളും ദുഷ്ടത പ്രവർത്തിക്കുന്നില്ല; സർവശക്തൻ ഒരിക്കലും ദോഷം ചെയ്യുകയുമില്ല. അവിടന്നു മനുഷ്യർക്ക് അവരുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകുന്നു; തങ്ങളുടെ പെരുമാറ്റത്തിന് അർഹമായത് അവർ നേടുന്നു. തീർച്ചയായും ദൈവം തിന്മ പ്രവർത്തിക്കുകയില്ല, സർവശക്തൻ നീതി മറിച്ചുകളയുകയുമില്ല. ഭൂമിയുടെ അധിപനായി അവിടത്തെ നിയമിച്ചത് ആരാണ്? സർവ പ്രപഞ്ചത്തിന്റെയും നിയന്ത്രണം ആരാണ് അവിടത്തേക്ക് ഏൽപ്പിച്ചുകൊടുത്തത്? അവിടത്തെ ഹിതപ്രകാരം തന്റെ ആത്മാവിനെയും ശ്വാസത്തെയും അവിടന്നു പിൻവലിച്ചാൽ, മനുഷ്യകുലമെല്ലാം ഒന്നടങ്കം നശിച്ചുപോകും, മനുഷ്യൻ പൊടിയിലേക്കുതന്നെ തിരികെച്ചേരും. “നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക; ഞാൻ പറയുന്നത് ശ്രദ്ധിക്കുക. ന്യായത്തെ വെറുക്കുന്നവർക്കു ഭരണം നടത്താൻ കഴിയുമോ? നീതിനിഷ്ഠനും സർവശക്തനുമായ ദൈവത്തെ നിങ്ങൾക്കു കുറ്റം വിധിക്കാമോ? രാജാവിനോട്, ‘നീ അയോഗ്യനെന്നും’ പ്രഭുക്കളോട് ‘നിങ്ങൾ ദുഷ്ടരെന്നും,’ പറയുന്നത് അവിടന്നല്ലേ? അവിടന്നു പ്രഭുക്കന്മാരോടു പക്ഷപാതം കാട്ടുകയില്ല; ദരിദ്രരെക്കാൾ ധനവാന്മാരെ അധികം ആദരിക്കുകയില്ല. അവരെല്ലാം അവിടത്തെ കരവിരുതല്ലോ? ഒരു നിമിഷത്തിനുള്ളിൽ അവർ മരിക്കുന്നു; അർധരാത്രിയിൽത്തന്നെ ഒരു നടുക്കത്തിൽ ആളുകൾ ഞെട്ടിവിറച്ച് കടന്നുപോകുന്നു. ആരുടെയും കൈ ചലിപ്പിക്കാതെതന്നെ പ്രബലർ നീക്കപ്പെടുന്നു. “അവിടത്തെ കണ്ണ് മനുഷ്യരുടെ വഴികൾ നിരീക്ഷിക്കുന്നു; അവരുടെ ഓരോ കാൽവെയ്പും അവിടന്നു കാണുന്നു. അധർമികൾക്ക് ഒളിച്ചുപാർക്കാൻ കഴിയുന്ന ഇരുളോ അന്ധതമസ്സോ ഉണ്ടാകുകയില്ല. ന്യായവിസ്താരത്തിന് ദൈവസന്നിധിയിൽ ആരൊക്കെ വരണം എന്നു തീരുമാനിക്കുന്നതിന്, ആരെക്കുറിച്ചും പ്രത്യേകമായി അന്വേഷണം നടത്തേണ്ട ആവശ്യം ദൈവത്തിനില്ല. യാതൊരു അന്വേഷണവും കൂടാതെതന്നെ അവിടന്നു ശക്തരെ ചിതറിക്കുന്നു, അവരുടെ സ്ഥാനത്തു മറ്റുചിലരെ നിയമിക്കുകയും ചെയ്യുന്നു. അവരുടെ പ്രവൃത്തികൾ അവിടന്ന് ശ്രദ്ധിക്കുന്നു, രാത്രിയിൽത്തന്നെ അവിടന്ന് അവരെ തകിടംമറിക്കുന്നു, അവർ തകർന്നുപോകുന്നു. അവരുടെ ദുഷ്ടതനിമിത്തം എല്ലാവരും കാണുന്ന ഇടത്തുവെച്ചുതന്നെ അവിടന്ന് അവരെ ശിക്ഷിക്കുന്നു. കാരണം അവർ അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കുകയാലും അവിടത്തെ വഴികളോട് യാതൊരു ആദരവും കാണിക്കാതിരിക്കുകയാലുംതന്നെ. ദരിദ്രരുടെ നിലവിളി അവിടത്തെ പക്കലെത്താൻ അവർ ഇടവരുത്തി; അതുകൊണ്ട് നിരാലംബരുടെ കരച്ചിൽ അവിടത്തെ ചെവിയിൽ എത്തുകയും ചെയ്തു. എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും? അവിടന്നു മുഖം മറച്ചുകളയുമ്പോൾ ആർക്ക് അവിടത്തെ കാണാൻ കഴിയും? വ്യക്തികളുടെമേലും രാഷ്ട്രത്തിന്റെമേലും അവിടന്ന് ഒരുപോലെതന്നെ. അഭക്തരായ മനുഷ്യർ ഭരണം പിടിച്ചടക്കാതിരിക്കുന്നതിനും അവർ ആളുകൾക്കു കെണിവെക്കാതിരിക്കേണ്ടതിനുംതന്നെ. “ഒരു വ്യക്തി ഇപ്രകാരം ദൈവത്തോടു ബോധിപ്പിക്കുന്നു എന്നു കരുതുക, ‘ഞാൻ കുറ്റവാളിയാണ്; എന്നാൽ ഇനിയൊരു അപരാധവും ഞാൻ ചെയ്യുകയില്ല. എനിക്ക് അദൃശ്യമായത് എന്നെ അഭ്യസിപ്പിക്കണമേ; ഞാൻ അകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും അപ്രകാരം ചെയ്യുകയില്ല.’ പശ്ചാത്തപിക്കാൻ താങ്കൾ വിസമ്മതിക്കുമ്പോൾ ദൈവം താങ്കളുടെ വ്യവസ്ഥകൾക്കനുസരിച്ചു പ്രത്യുപകാരം ചെയ്യണമോ? ഞാനല്ല, താങ്കൾതന്നെയാണ് അതു തീരുമാനിക്കേണ്ടത്. അതിനാൽ താങ്കൾക്ക് അറിയാവുന്നതു ഞങ്ങളോടു പറയുക. “ജ്ഞാനികൾ ഇപ്രകാരം പറയും എന്റെ വാക്കു കേൾക്കുന്ന വിവേകികൾ എന്നോടു പറയും, ‘ഇയ്യോബ് പരിജ്ഞാനമില്ലാതെ സംസാരിക്കുന്നു; അദ്ദേഹത്തിന്റെ വാക്കുകളിൽ ഉൾക്കാഴ്ചയില്ല.’ ഇയ്യോബ് ഒരു ദുഷ്ടനെപ്പോലെ ഉത്തരം പറയുകയാൽ അദ്ദേഹത്തെ പരമാവധി പരിശോധിച്ചിരുന്നെങ്കിൽ. അയാൾ പാപത്തിനുപുറമേ മത്സരവും കൂട്ടിച്ചേർക്കുന്നു; അയാൾ നമ്മുടെ മധ്യേ പരിഹാസരൂപേണ കൈകൊട്ടുകയും ദൈവത്തിനെതിരേ വാക്കുകൾ പെരുപ്പിക്കുകയും ചെയ്യുന്നു.” എലീഹൂ ഇപ്രകാരം തുടർന്നു: “ ‘എന്റെ നീതി ദൈവത്തിന്റെ നീതിയെ കവിയുന്നു,’ എന്നു താങ്കൾ പറയുന്നു, ഇതു ന്യായമെന്നു കരുതുന്നോ? പിന്നെ താങ്കൾ ചോദിക്കുന്നു: ‘അതുകൊണ്ട് എനിക്കെന്തു മെച്ചം? പാപം ചെയ്യാതിരുന്നാൽ എനിക്കെന്തു നേട്ടം?’ “അതിന് ഞാൻ താങ്കളോടും താങ്കളോടൊപ്പമുള്ള ഈ സ്നേഹിതന്മാരോടും മറുപടി പറയാൻ ആഗ്രഹിക്കുന്നു. ആകാശത്തേക്കു തലയുയർത്തി കാണുക; നിങ്ങളെക്കാൾ വളരെ മുകളിലുള്ള മേഘപാളികളിലേക്ക് ഇമവെട്ടാതെ നോക്കുക. താങ്കൾ പാപംചെയ്താൽ അത് അത്യുന്നതനെ എങ്ങനെയാണ് ബാധിക്കുന്നത്? താങ്കളുടെ പാപങ്ങൾ അനേകമാണെങ്കിൽ അത് അവിടത്തോട് എന്തുചെയ്യും? താങ്കൾ നീതിനിഷ്ഠൻ ആയിരിക്കുന്നതിലൂടെ ദൈവത്തിന് എന്തോ ഉപകാരം ചെയ്യുകയാണോ? അവിടത്തേക്ക് താങ്കളുടെ കൈയിൽനിന്ന് എന്തു ലഭിക്കുന്നു? താങ്കളുടെ ദുഷ്ടത താങ്കളെപ്പോലെ മനുഷ്യർക്കു ദോഷംവരുത്തുന്നു. താങ്കളുടെ നീതികൊണ്ടും ഇതരമനുഷ്യർക്കാണ് പ്രയോജനം. “പീഡനത്തിന്റെ ബാഹുല്യംനിമിത്തം ജനം നിലവിളിക്കുന്നു; ശക്തരുടെ കരങ്ങളിൽനിന്നു മോചിപ്പിക്കപ്പെടുന്നതിനായി അവർ മുറവിളി കൂട്ടുന്നു. എന്നാൽ ‘രാത്രിയിൽ ഗീതങ്ങൾ നൽകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ അഭ്യസിപ്പിക്കുന്നവനും ആകാശത്തിലെ പക്ഷികളെക്കാൾ ജ്ഞാനം നൽകുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെ?’ എന്ന് ആരും ചോദിക്കുന്നില്ല. ദുഷ്ടമനുഷ്യരുടെ അഹങ്കാരംനിമിത്തം ജനം നിലവിളിക്കുമ്പോൾ അവിടന്ന് ഉത്തരമരുളുന്നില്ല. തീർച്ചയായും വ്യർഥമായ ഒരു നിലവിളി ദൈവം ശ്രദ്ധിക്കുകയില്ല; സർവശക്തൻ അവയ്ക്കു യാതൊരുവിധ ശ്രദ്ധയും കൊടുക്കുകയില്ല. അവിടത്തെ കാണുന്നില്ല എന്നു താങ്കൾ പറയുമ്പോൾ എത്ര അല്പം ആയിരിക്കും അവിടന്ന് താങ്കളെ ശ്രദ്ധിക്കുന്നത്, താങ്കളുടെ ആവലാതി അവിടത്തെ മുമ്പിൽത്തന്നെ ഇരിക്കുന്നു; അതിനാൽ അവിടത്തേക്കായി കാത്തിരിക്കുക; കാരണം, അവിടത്തെ കോപം ശിക്ഷാവിധി നടപ്പാക്കുന്നില്ല, ദുഷ്ടത അവിടന്ന് അശേഷം പരിഗണിക്കുന്നതുമില്ല. ഇയ്യോബ് വായ് തുറന്നു വ്യർഥമായി സംസാരിക്കുന്നു; പരിജ്ഞാനമില്ലാതെ അദ്ദേഹം പാഴ്വാക്കുകൾ പുലമ്പുന്നു.” എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു: “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം. ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും. വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്. “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്. അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു. നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു. എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു. തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു. അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും. ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും. “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല. ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു. അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു. “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു. താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു. ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ. താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ? ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.36:20 മൂ.ഭാ. വാ. 18–20 അർഥം വ്യക്തമല്ല. അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം. “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്? അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും? മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക. സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും. ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല. “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു. മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു. അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും? അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക. ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;36:31 അഥവാ, പരിപോഷിപ്പിക്കുന്നു ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു. തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു. അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു. “ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു; അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു. അവിടത്തെ ശബ്ദത്തിന്റെ ഗർജനവും അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക. അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു, അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു. അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു; തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു; തന്റെ ശബ്ദം മുഴങ്ങുമ്പോഴും അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല. ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു; നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു. മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു. സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്, അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.37:7 മൂ.ഭാ. മുദ്രവെപ്പിക്കുന്നു മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു; ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു. കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു; വടക്കൻകാറ്റിൽനിന്നു ശൈത്യവും. ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു; ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു. ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു; അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു. ഭൂമുഖത്തെങ്ങും അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന് അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു. അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. “ഇയ്യോബേ, ഇതു ശ്രദ്ധിക്കുക; ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക. ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ? മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ? തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ? “അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക, ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല. എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ? അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ? കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല. ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു; ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു. സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ; അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല. അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.” ദൈവം അരുളിച്ചെയ്യുന്നു അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി: “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്? പുരുഷനെപ്പോലെ അര മുറുക്കുക; ഞാൻ നിന്നോടു ചോദിക്കും, നീ എനിക്ക് ഉത്തരം നൽകണം. “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പറയുക. അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം! അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്? ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും ദൈവപുത്രന്മാരെല്ലാം38:6 അഥവാ, ദൈവദൂതന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്? അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്? “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്? ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ, ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്; കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ, ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല; അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’ ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ? അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ? മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു; ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു. ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു, അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു. “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ? ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ? മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക. “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ? ഇരുളിന്റെ പാർപ്പിടവും എവിടെ? അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ? അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ? നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ! നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ! “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ? അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ? ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു. വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്? കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്? നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു മാർഗവും വെട്ടിക്കൊടുത്തത്? മഴയ്ക്ക് ഒരു പിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്? ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്? വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ, ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ? “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ38:31 മൂ.ഭാ. സൗന്ദര്യം നിനക്കു ബന്ധിക്കാൻ കഴിയുമോ? മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ? നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ? ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ? ഭൂമിയുടെമേൽ ദൈവത്തിന്റെ38:33 അഥവാ, അവയുടെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ? “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ? ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ? ‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ? ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്? പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ?38:36 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല. പൊടി കട്ടപിടിക്കുമ്പോഴും മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്? ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും? “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ? സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ? കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച് ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ, അതിന് ആഹാരം നൽകുന്നത് ആരാണ്? “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ? അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ? അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു. അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു. അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല. “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്? അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്? മരുഭൂമിയെ അവയ്ക്കു ഭവനമായും ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി. പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു; തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല. മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു, പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു. “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ? ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ? അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ? അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ? നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ? അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന് മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ? “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു; എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ? അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു. അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല. അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു; അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല. കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല; അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല. അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു. “കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്? അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ! അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു. അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല. ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു. ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല. കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ. “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ? നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും? പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു. അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു. അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.” യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു: “സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ? ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.” അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു: “കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും? ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്. ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല. രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.” അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം. “നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ? അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ? മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക. നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും. നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും. അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും. അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം. “നിന്നെയെന്നപോലെ ഞാൻ നിർമിച്ച നീർക്കുതിരയെ നോക്കുക. അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക, ഉദരപേശികളിലാണ് അതിന്റെ ബലം. ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു; അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്, അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ. ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്; എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും. പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു; എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു. താമരച്ചെടിയുടെ തണലിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു. താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു; അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു. നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല; യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും! അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ? അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും? “നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ? അഥവാ, കയറുകൊണ്ട് അതിന്റെ നാക്ക് നിനക്കു ബന്ധിക്കാമോ? അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ? അതിന്റെ താടിയെല്ലിൽ ഒരു കൊളുത്ത് കുത്തിയിറക്കാൻ പറ്റുമോ? അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ? അതു സൗമ്യമായി നിന്നോടു സംസാരിക്കുമോ? അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ? ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ? അഥവാ, നിന്റെ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിന് അതിനെ കെട്ടിയിടാമോ? വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ? കച്ചവടക്കാർ അതിനെ പങ്കിട്ടെടുക്കുമോ? അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ? അഥവാ, അതിന്റെ തലയിൽ മത്സ്യവേധത്തിനുള്ള കുന്തം തറയ്ക്കാമോ? അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ, ആ മൽപ്പിടുത്തം നീ എന്നെന്നും ഓർക്കുകയും പിന്നീടൊരിക്കലും അതിനു തുനിയുകയുമില്ല! അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം; അതിന്റെ കാഴ്ചയിൽത്തന്നെ നീ വീണുപോകുമല്ലോ. അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല; അങ്ങനെയെങ്കിൽ എന്റെമുമ്പിൽ നിൽക്കാവുന്നവൻ ആര്? ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ? ആകാശത്തിൻകീഴിലുള്ള സകലതും എനിക്കു സ്വന്തം. “ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ ചേലൊത്ത രൂപത്തെയോപറ്റി ഞാൻ മൗനിയാകുകയില്ല. അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം? അതിന്റെ ഇരട്ടക്കവചം കുത്തിത്തുളയ്ക്കാൻ ആർക്കു കഴിയും? അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും? അതിന്റെ ദന്തനിര ഭയാനകമത്രേ. അതിന്റെ ചെതുമ്പലുകൾ41:15 അഥവാ, അഹങ്കാരം പരിചകളാണ്, അവ ഭദ്രമായി മുദ്രവെച്ച് അടച്ചിരിക്കുന്നു; വായു കടക്കാത്തവിധം അവ ഒന്നിനോടൊന്നു ചേർന്നിരിക്കുന്നു. അവ ഒന്നിനോടൊന്നിണക്കപ്പെട്ട് വേർപെടുത്താൻ കഴിയാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നു. അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും; അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്. അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു; അതിൽനിന്ന് തീപ്പൊരികൾ മിന്നിച്ചിതറുന്നു. തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ അതിന്റെ നാസാരന്ധ്രത്തിൽനിന്ന് പുക വമിക്കുന്നു. അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ആഗ്നേയാസ്ത്രങ്ങൾ പായുന്നു. അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു; സംഭ്രമം അതിന്റെ മുമ്പിൽ കുതിക്കുന്നു, അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും ഇളക്കമില്ലാതെയും പറ്റിച്ചേർന്നും ഇരിക്കുന്നു, അതിന്റെ നെഞ്ച് പാറപോലെ കഠിനം; തിരികല്ലിന്റെ പിള്ളപോലെ ഉറപ്പുള്ളതുതന്നെ. അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു; അതിന്റെ മർദനത്തിൽ അവർ പിന്മാറുന്നു. വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല; കുന്തമോ ചാട്ടുളിയോ വേലോ41:26 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. എല്ലാം ഫലശൂന്യംതന്നെ. അതിന് ഇരുമ്പ് വൈക്കോൽപോലെയും വെങ്കലം ചെതുക്കായ തടിപോലെയുംമാത്രം. അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല; കവിണക്കല്ല് അതിനു പതിർപോലെയാണ്. ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം; ശൂലത്തിന്റെ കിലുകിലാരവത്തെ അതു പരിഹസിക്കുന്നു. അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്; ചെളിമേൽ ഒരു മെതിവണ്ടിപോലെ അതു വലിയുന്നു. അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു; കടലിനെ അതു തൈലപ്പാത്രംപോലെ ഇളക്കിമറിക്കുന്നു. അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു; കടലിനു നരബാധിച്ച പ്രതീതി ജനിപ്പിക്കുന്നു. ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല; അതു ഭയമില്ലാത്ത ഒരു ജീവിതന്നെ. ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു; അഹന്തയുള്ള എല്ലാറ്റിനുംമീതേ അതു രാജാവുതന്നെ.” ഇയ്യോബ് അപ്പോൾ ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: “അങ്ങേക്ക് എല്ലാം സാധ്യമെന്നും അങ്ങയുടെ ഉദ്ദേശ്യങ്ങളൊന്നും തടയിടാൻ പറ്റാത്തവയുമാണെന്നും എനിക്കറിയാം. ‘അജ്ഞതയാൽ എന്റെ ആലോചന ആച്ഛാദനംചെയ്യുന്ന ഇവൻ ആർ?’ അവിടന്നു ചോദിക്കുന്നു. എനിക്ക് അജ്ഞാതമായവയെക്കുറിച്ചു ഞാൻ സംസാരിച്ചു. നിശ്ചയം, അവ എനിക്കു ഗ്രഹിക്കാൻ കഴിയുന്നതിലും അധികം അത്ഭുതകരമായിരുന്നു. “ ‘ശ്രദ്ധിച്ചുകേൾക്കുക; ഞാൻ സംസാരിക്കും. ഞാൻ ചോദ്യങ്ങൾ ചോദിക്കും; നീ ഉത്തരം നൽകണം,’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ. അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ. അതിനാൽ ഞാൻ സ്വയം വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.” പരിസമാപ്തി യഹോവ ഇയ്യോബിനോട് ഈ കാര്യങ്ങളെല്ലാം അരുളിച്ചെയ്തതിനുശേഷം, തേമാന്യനായ എലീഫാസിനോട് കൽപ്പിച്ചത്: “എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നീ എന്നെക്കുറിച്ചു ശരിയായ കാര്യങ്ങൾ സംസാരിക്കാഞ്ഞതിനാൽ എന്റെ കോപം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാർക്കും എതിരേ ജ്വലിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ ഏഴു കാളകളും ഏഴ് കോലാട്ടുകൊറ്റന്മാരുമായി, എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽപോയി നിങ്ങൾക്കുവേണ്ടി ഒരു ഹോമയാഗം അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. നിങ്ങളുടെ തെറ്റിനു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കുമാറ് ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ എന്നെക്കുറിച്ചു സത്യമായ കാര്യങ്ങൾ നിങ്ങൾ സംസാരിച്ചിട്ടില്ലല്ലോ.” അങ്ങനെ തേമാന്യനായ എലീഫാസും ശൂഹ്യനായ ബിൽദാദും നാമാത്യനായ സോഫറും പോയി യഹോവ തങ്ങളോടു കൽപ്പിച്ചതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കൈക്കൊണ്ടു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരും മുമ്പ് അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിന്റെമേൽ വരുത്തിയ എല്ലാ ദോഷങ്ങളെയുംകുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരിലോരോരുത്തരും അദ്ദേഹത്തിന് ഓരോ വെള്ളിനാണയവും42:11 മൂ.ഭാ. കെശിതാ കെശിതാ എന്ന പണത്തിന്റെ മൂല്യമോ തൂക്കമോ ലഭ്യമല്ല. ഓരോ സ്വർണമോതിരവും പാരിതോഷികമായി നൽകി. യഹോവ ഇയ്യോബിന്റെ ശിഷ്ടജീവിതകാലം മുൻകാലത്തെക്കാൾ അനുഗ്രഹപൂർണമാക്കി. അദ്ദേഹത്തിനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരംജോടി കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. തന്റെ പുത്രിമാരിൽ മൂത്തവൾക്ക് യെമീമയെന്നും രണ്ടാമത്തവൾക്കു കെസിയായെന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക് എന്നും പേരിട്ടു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരികളായ സ്ത്രീകൾ ആ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. അവരുടെ പിതാവ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് ഓഹരികൊടുത്തു. ഇതിനുശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; തന്റെ മക്കളെയും അവരുടെ മക്കളെയും അങ്ങനെ നാലു തലമുറകൾവരെ കണ്ടു. ഇയ്യോബ് വയോവൃദ്ധനും പൂർണായുഷ്മാനുമായി ഇഹലോകവാസം വെടിഞ്ഞു.