- Biblica® Open Malayalam Contemporary Version 2020 യോഹന്നാൻ യോഹന്നാൻ എഴുതിയ സുവിശേഷം യോഹന്നാൻ യോഹ. യോഹന്നാൻ എഴുതിയ സുവിശേഷം വചനം ശരീരമായിത്തീർന്നു ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പം ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. അവിടന്നാണ് സർവത്തിന്റെയും അസ്തിത്വകാരണം; സൃഷ്ടിക്കപ്പെട്ടവയിൽ, അവിടത്തെക്കൂടാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല. അവിടന്നായിരുന്നു ജീവന്റെ ഉറവിടം; ഈ ജീവൻ ആയിരുന്നു മനുഷ്യകുലത്തിന്റെ പ്രകാശം. പ്രകാശം അന്ധകാരത്തിൽ പ്രശോഭിക്കുന്നു; അന്ധകാരം അതിന്മേൽ പ്രബലമായതുമില്ല. യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം വന്നത്, പ്രകാശത്തെക്കുറിച്ച് സാക്ഷ്യം പറയാനും സർവരും ആ സാക്ഷ്യത്തിൽ വിശ്വസിക്കേണ്ടതിനുമാണ്. അദ്ദേഹം പ്രകാശം ആയിരുന്നില്ല; പിന്നെയോ പ്രകാശത്തെക്കുറിച്ച് സാക്ഷ്യംവഹിക്കുകമാത്രമായിരുന്നു. ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല. എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്. വചനം മനുഷ്യനായി1:14 മൂ.ഭാ. ജഡമായിത്തീർന്നു നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു. യോഹന്നാൻ അദ്ദേഹത്തെക്കുറിച്ചു സാക്ഷ്യംവഹിച്ചുകൊണ്ട് ഇപ്രകാരം പ്രഘോഷിച്ചു: “ ‘എന്റെ പിന്നാലെ വരുന്നയാൾ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.” അവിടത്തെ പരിപൂർണതയിൽനിന്ന് നമുക്കെല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശമുഖേന നൽകപ്പെട്ടെങ്കിൽ കൃപയും സത്യവും യേശുക്രിസ്തുമുഖേനയാണ് ലഭ്യമായത്. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന1:18 മൂ.ഭാ. പിതാവിന്റെ മടിയിൽ ഇരിക്കുന്ന നിസ്തുലപുത്രനായ ദൈവംതന്നെ1:18 ചി.കൈ.പ്ര. ദൈവം എന്ന പദം ഇല്ല. അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു. താൻ ക്രിസ്തു അല്ല എന്നു യോഹന്നാൻസ്നാപകൻ യോഹന്നാൻ ആരാകുന്നു എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കാൻ, ജെറുശലേമിൽനിന്ന് യെഹൂദനേതാക്കന്മാർ പുരോഹിതന്മാരെയും ലേവ്യരെയും,1:19 ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവരാണ് ലേവ്യർ. അയച്ചു. അപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇപ്രകാരമായിരുന്നു: “ഞാൻ ക്രിസ്തു അല്ല.” ഒട്ടും മടിക്കാതെയാണ് അദ്ദേഹം അക്കാര്യം ഏറ്റുപറഞ്ഞത്. “പിന്നെ താങ്കൾ ആരാണ്? ഏലിയാവോ?” അവർ ചോദിച്ചു. “ഞാനല്ല.” അദ്ദേഹം പ്രതിവചിച്ചു. “താങ്കൾ ആ പ്രവാചകനാണോ?” “അല്ല,” അദ്ദേഹം മറുപടി നൽകി. “എങ്കിൽ താങ്കൾ ആരാണ്? ഞങ്ങളെ അയച്ചവരെ അറിയിക്കേണ്ടതിന്, ഞങ്ങൾക്ക് ഒരു മറുപടി തരിക. താങ്കൾക്ക് താങ്കളെക്കുറിച്ചുതന്നെ എന്താണ് പറയാനുള്ളത്?” എന്ന് അവർ ചോദിച്ചു. യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “ ‘കർത്താവിനുവേണ്ടി പാത നേരേയാക്കുക,’ എന്നു മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം ഞാൻ ആകുന്നു”1:23 യെശ. 40:3 എന്ന് യോഹന്നാൻ മറുപടി പറഞ്ഞു. അയയ്ക്കപ്പെട്ടവരിൽ പരീശപക്ഷത്തുനിന്നുള്ളവർ യോഹന്നാനോട്, “താങ്കൾ ക്രിസ്തുവോ ഏലിയാവോ ആ പ്രവാചകനോ അല്ലെങ്കിൽ പിന്നെ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, നിങ്ങൾ തിരിച്ചറിയാത്ത ഒരാൾ നിങ്ങളുടെ മധ്യേ നിൽക്കുന്നുണ്ട്. അദ്ദേഹം എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല” എന്ന് യോഹന്നാൻ അവരോടു മറുപടി പറഞ്ഞു. ഈ സംഭാഷണമെല്ലാം, യോർദാന്റെ മറുകരയിലുള്ള ബെഥാന്യയിലാണു സംഭവിച്ചത്, അവിടെയായിരുന്നു യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്. യേശു ദൈവത്തിന്റെ കുഞ്ഞാട് അടുത്തദിവസം തന്റെ അടുക്കലേക്കു വരുന്ന യേശുവിനെ കണ്ടിട്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം പരിഹരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!1:29 അഥവാ, യാഗമൃഗം ‘എന്റെ പിന്നാലെ വരുന്ന മനുഷ്യൻ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു. ഇദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, ഇദ്ദേഹം ഇസ്രായേലിനു വെളിപ്പെടേണ്ടതിനാണ് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നവനായി വന്നത്.” യോഹന്നാൻ തന്റെ സാക്ഷ്യം തുടർന്നു: “പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതും അദ്ദേഹത്തിന്റെമേൽ ആവസിക്കുന്നതും ഞാൻ കണ്ടു. അദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല; എന്നാൽ, വെള്ളത്തിൽ സ്നാനം കഴിപ്പിക്കാൻ ദൈവം എന്നെ അയച്ചിട്ട്, ‘ആരുടെമേൽ ആത്മാവ് അവരോഹണം ചെയ്യുകയും നിവസിക്കുകയും ചെയ്യുന്നത് നീ കാണുന്നോ അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്,’ എന്ന് എന്നോട് അരുളിച്ചെയ്തിരുന്നു. അതു ഞാൻ യേശുവിൽ കാണുകയും അദ്ദേഹം ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” യേശുവിന്റെ ആദ്യശിഷ്യന്മാർ പിറ്റേദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വീണ്ടും അവിടെ നിൽക്കുകയായിരുന്നു. അപ്പോൾ, യേശു പോകുന്നതു നോക്കിക്കൊണ്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” എന്നു വിളിച്ചുപറഞ്ഞു. യോഹന്നാൻ ഇതു പറയുന്നതു കേട്ട ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, “എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?” അവർ, “ഗുരോ,” എന്ന് അർഥമുള്ള “റബ്ബീ,” എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, “അങ്ങ് എവിടെ താമസിക്കുന്നു?” എന്നു ചോദിച്ചു. “വന്നു കാണുക,” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു. അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു.1:39 മൂ.ഭാ. പത്താംമണി നേരമായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു. യോഹന്നാന്റെ സാക്ഷ്യംകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു. അന്ത്രയോസ് ആദ്യംതന്നെ തന്റെ സഹോദരനായ ശിമോനെ കണ്ട്, “ഞങ്ങൾ മശിഹായെ, അതായത്, ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അയാൾ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു. യേശു അയാളെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു. (ഇതിന്റെ പരിഭാഷ പത്രോസ്1:42 കേഫാ (അരാമ്യ), പത്രോസ് (ഗ്രീക്ക്) എന്നിവയുടെ അർഥം പാറ എന്നാകുന്നു.) യേശു ഫിലിപ്പൊസിനെയും നഥനയേലിനെയും വിളിക്കുന്നു പിറ്റേദിവസം യേശു ഗലീലയ്ക്കു പോകാൻ തീരുമാനിച്ചു. അദ്ദേഹം ഫിലിപ്പൊസിനെ കണ്ട്, “എന്നെ അനുഗമിക്കുക,” എന്നു പറഞ്ഞു. ഫിലിപ്പൊസ്, അന്ത്രയോസിനെയും പത്രോസിനെയുംപോലെതന്നെ ബേത്ത്സയിദ പട്ടണത്തിൽനിന്നുള്ളവൻതന്നെ ആയിരുന്നു. ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അയാളോട്, “മോശ ന്യായപ്രമാണത്തിലും പ്രവാചകന്മാർ അവരുടെ ലിഖിതങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നോ അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—അത് നസറെത്തുകാരനായ1:45 മത്താ. 2:23 യോസേഫിന്റെ പുത്രൻ യേശുതന്നെ” എന്നു പറഞ്ഞു. അപ്പോൾ നഥനയേൽ ചോദിച്ചു, “നസറെത്തുകാരനോ! അവിടെനിന്നു വല്ല നന്മയും വരുമോ.” “വന്നു കാണുക,” ഫിലിപ്പൊസ് പറഞ്ഞു. തന്റെ അടുത്തേക്കു വരുന്ന നഥനയേലിനെ കണ്ടിട്ട് യേശു പറഞ്ഞു, “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവും ഇല്ല.” “അവിടത്തേക്ക് എന്നെ എങ്ങനെ അറിയാം?” നഥനയേൽ ചോദിച്ചു. “ഫിലിപ്പൊസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു,” യേശു പറഞ്ഞു. “റബ്ബീ, അങ്ങു ദൈവപുത്രൻ; അങ്ങാണ് ഇസ്രായേലിന്റെ രാജാവ്,” നഥനയേൽ പ്രതിവചിച്ചു. “നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടു നീ വിശ്വസിക്കുന്നു.1:50 അഥവാ, എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? അതിലും വലിയ കാര്യങ്ങൾ നീ കാണും” എന്ന് യേശു മറുപടി പറഞ്ഞു. തുടർന്ന് യേശു, “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ:1:51 മൂ.ഭാ. ആമേൻ ആമേൻ ‘സ്വർഗം തുറന്നിരിക്കുന്നതും’ മനുഷ്യപുത്രന്റെ1:51 യേശു തന്നെക്കുറിച്ചാണ് ഈ പദത്തിലൂടെ ഉദ്ദേശിക്കുന്നത്. അടുക്കൽ ‘ദൈവദൂതന്മാർ കയറുന്നതും ഇറങ്ങുന്നതും’1:51 ഉൽ. 28:12 നിങ്ങൾ കാണും” എന്നു പറഞ്ഞു. യേശു വെള്ളം വീഞ്ഞാക്കുന്നു മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു. വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു. അതിന് യേശു, “സ്ത്രീയേ,2:4 മൂ.ഭാ. സ്ത്രീയേ, എന്ന അഭിസംബോധന യാതൊരു അനാദരവും പ്രകടമാക്കുന്നില്ല. നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു. യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു. അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു. “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു. തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു. കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!” യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല. യേശു ദൈവാലയാങ്കണം ശുദ്ധീകരിക്കുന്നു യെഹൂദരുടെ പെസഹ2:13 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി. ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം2:14 കൈസറുടെ മുഖമുദ്രയുള്ള റോമൻ നാണയം ദൈവാലയത്തിൽ അർപ്പിക്കുന്നത് നിഷിദ്ധമായിരുന്നതിനാൽ അവ മാറ്റി ദൈവാലയത്തിലെ നാണയം കൊടുക്കുന്നവർ. ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു. അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.” അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു”2:17 സങ്കീ. 69:9 എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു. “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,”2:19 പുനരുജ്ജീവിപ്പിക്കും എന്നും ഈ വാക്കിന് അർഥമുണ്ട്. എന്ന് യേശു അവരോടു പറഞ്ഞു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു. യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.2:23 അഥവാ, പലരും അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.2:24 മൂ.ഭാ. സ്വയം അവരുടെപക്കൽ വിശ്വസിച്ചേൽപ്പിച്ചില്ല. മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല. യേശു നിക്കോദേമൊസിനെ ഉപദേശിക്കുന്നു യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.” “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല3:3 അഥവാ, ഉയരത്തിൽനിന്നു ജനിച്ചില്ല. വാ. 7 കാണുക. എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു. “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല. ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു. ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല. കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.” “ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു. അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ? സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന3:13 ചി.കൈ.പ്ര. സ്വർഗത്തിലുള്ള മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്;3:14 സംഖ്യ. 21:9 അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു. ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര3:16 മൂ.ഭാ. നൽകുക ദൈവം ലോകത്തെ സ്നേഹിച്ചു. ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു. യേശുവിനെപ്പറ്റി യോഹന്നാൻസ്നാപകന്റെ സാക്ഷ്യം പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു. യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്. ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി3:25 ചി.കൈ.പ്ര. ചില യെഹൂദരുമായി തർക്കം ഉണ്ടായി. അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു. അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം. “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു. കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.” യേശു ശമര്യസ്ത്രീയോടു സംസാരിക്കുന്നു യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു— വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്— ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി. ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു. അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി. അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു. (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.) ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.4:9 ശമര്യർ ഉപയോഗിച്ച പാത്രങ്ങൾ യെഹൂദർ ഉപയോഗിക്കുകയില്ല.) “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു. ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.” “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു. യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.” “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി. വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു. “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു. “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?” അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു. അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു. ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ”4:26 മൂ. ഭാ. “ഞാൻ ആകുന്നു” എന്നു പറഞ്ഞു. ശിഷ്യന്മാർ മടങ്ങി എത്തുന്നു ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല. ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്, “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു. ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു. “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു. അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.” ശമര്യർ വിശ്വസിക്കുന്നു “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു. അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു. അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.” യേശു രാജഭൃത്യന്റെ മകനെ സൗഖ്യമാക്കുന്നു രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി. —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു— ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു. യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു. രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു. യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക്4:52 മൂ.ഭാ. ഏഴാം യാമം പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു. “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു. യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്. ബേഥെസ്ദാ കുളക്കരയിലെ രോഗസൗഖ്യം പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ5:2 ചി.കൈ.പ്ര. ബേഥ്സദാ, മറ്റുചിലതിൽ ബേഥ്സെയിദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും.5:4 ചി.കൈ.പ്ര. വെള്ളം ഇളകുന്നതു കാത്ത്, എന്ന വാക്യഭാഗവും ഈ വാക്യവും കാണുന്നില്ല. മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു. ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു. ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു.5:9 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. അതുകൊണ്ട് സൗഖ്യമായ മനുഷ്യനോടു യെഹൂദനേതാക്കന്മാർ പറഞ്ഞു, “ഇന്നു ശബ്ബത്തുദിനമാണ്; ഇന്നു കിടക്ക ചുമക്കുന്നതു നിയമവിരുദ്ധമാണ്.” എന്നാൽ അയാൾ, “എന്നെ സൗഖ്യമാക്കിയ അദ്ദേഹം എന്നോടു ‘കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു’ ” എന്നു മറുപടി നൽകി. അപ്പോൾ അവർ അയാളോട് ചോദിച്ചു, “കിടക്കയെടുത്തു നടക്കാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആര്?” യേശു അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കു മാറിപ്പോയിരുന്നതുകൊണ്ട് അത് ആരായിരുന്നെന്ന് സൗഖ്യമായ മനുഷ്യൻ അറിഞ്ഞിരുന്നില്ല. പിന്നീട് അയാളെ യേശു ദൈവാലയത്തിൽ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ, നിനക്കു സൗഖ്യം ലഭിച്ചല്ലോ. ഇതിലും വഷളായത് വരാതിരിക്കാൻ ഇനി പാപംചെയ്യരുത്.” തന്നെ സൗഖ്യമാക്കിയത് യേശുവാണെന്ന് ആ മനുഷ്യൻ ചെന്ന് യെഹൂദനേതാക്കന്മാരോട് പറഞ്ഞു. ജീവൻ പുത്രനിലൂടെ യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു. അങ്ങനെ, ശബ്ബത്തു ലംഘിച്ചതുകൊണ്ടുമാത്രമല്ല, ദൈവത്തെ സ്വപിതാവ് എന്നു പറഞ്ഞു സ്വയം ദൈവത്തോടു സമനാക്കുകയും ചെയ്തതിനാൽ യെഹൂദനേതാക്കന്മാർ യേശുവിനെ വധിക്കാൻ അധികം യത്നിച്ചു. യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും. മരിച്ചവരെ പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും തനിക്കു പ്രസാദമുള്ളവർക്കു ജീവൻ നൽകുന്നു. അത്രയുമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടി പിതാവ് ആരെയും ന്യായംവിധിക്കാതെ ന്യായവിധിയെല്ലാം പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ, അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു. അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു. “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു; നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും. എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല. എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു. “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു. “എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു;5:39 അഥവാ, ഉപദേശിക്കുന്നു അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല. “ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും. ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും? “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്. നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?” യേശു അയ്യായിരംപേർക്ക് ആഹാരം നൽകുന്നു കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി. രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു. യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു. യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു. അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു. “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന്6:7 അതായത്, ആറ് മാസത്തെ ദിവസവേതനത്തിലും അധികം വരുന്ന ഒരു തുക. അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു. മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു, “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള6:9 ബാർലി അഥവാ, ബാർലരി അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?” “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു. തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.” അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു. യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി. യേശു വെള്ളത്തിനുമീതേ നടക്കുന്നു സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ6:19 ഏക. അഞ്ചോ ആറോ കി.മീ. തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു. ഒരു വള്ളംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി. തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു. യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി. യേശു ജീവന്റെ അപ്പം തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?” “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’6:31 പുറ. 16:4; നെഹ. 9:15; സങ്കീ. 78:24,25 എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.” യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.” “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു. അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു6:35 ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്ന് മോശയ്ക്ക് മുൾപ്പടർപ്പിൽവെച്ച് വെളിപ്പെടുത്തിയ അതേ യഹോവയായ ദൈവം താനാണെന്നാണ് യേശു അവകാശപ്പെടുന്നത്. ഈ പുസ്തകത്തിൽ പല ആവൃത്തി ഈ പ്രയോഗം കാണുന്നു. ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.” “ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും. ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ”6:45 യെശ. 54:13 എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ആകുന്നു ജീവന്റെ അപ്പം. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.” അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?” യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും. ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും. ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്. പല ശിഷ്യന്മാരും യേശുവിനെ വിട്ടുപോകുന്നു ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു. ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ? മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ? ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു. അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.” അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല. “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു. അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.” അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു. (ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.) യേശു കൂടാരപ്പെരുന്നാളിനു പോകുന്നു ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി. എന്നാൽ യെഹൂദരുടെ കൂടാരപ്പെരുന്നാൾ സമീപിച്ചപ്പോൾ, യേശുവിന്റെ സഹോദരന്മാർ അദ്ദേഹത്തോട്, “താങ്കൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ യെഹൂദ്യയിലുള്ള അങ്ങയുടെ ശിഷ്യന്മാർ കാണേണ്ടതിന് ഇവിടെനിന്ന് യെഹൂദ്യയിലേക്കു പോകുക. പൊതുജനസമ്മതി ആഗ്രഹിക്കുന്ന ആരും രഹസ്യമായി ഒന്നും പ്രവർത്തിക്കുന്നില്ലല്ലോ. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് താങ്കൾ ലോകത്തിനു സ്വയം വെളിപ്പെടുത്തിക്കൊടുക്കണം” എന്നു പറഞ്ഞു. സ്വന്തം സഹോദരന്മാർപോലും അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല. യേശു അവരോട്, “എന്റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കോ, എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു. നിങ്ങൾ പെരുന്നാളിനു പൊയ്ക്കൊള്ളൂ, എന്റെ സമയം ആയിട്ടില്ലാത്തതിനാൽ പെരുന്നാളിനു ഞാൻ ഇപ്പോൾ പോകുന്നില്ല” ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു. എങ്കിലും, തന്റെ സഹോദരന്മാർ പെരുന്നാളിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പരസ്യമായല്ല, രഹസ്യമായിട്ടു പോയി. പെരുന്നാളിൽ യെഹൂദനേതാക്കന്മാർ, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു. ജനസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ചു വലിയതോതിൽ രഹസ്യചർച്ചകൾ നടന്നുകൊണ്ടിരുന്നു: “അദ്ദേഹം നല്ലവൻ” എന്നു ചിലർ പറഞ്ഞു. “അല്ല, അയാൾ ജനക്കൂട്ടത്തെ കബളിപ്പിക്കുകയാണ്” എന്നു മറ്റുചിലരും പറഞ്ഞു. എന്നാൽ, യെഹൂദനേതാക്കന്മാരെ ഭയന്നതിനാൽ ആരും അദ്ദേഹത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല. യേശു പെരുന്നാളിൽ ഉപദേശിക്കുന്നു പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി. യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു. യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്. ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും. സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല. മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?” “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?” യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. മോശ നിങ്ങൾക്കു പരിച്ഛേദനം7:22 അതായത്, സുന്നത്ത് ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.” യേശുതന്നെയോ ക്രിസ്തു? അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെയാണല്ലോ അവർ കൊല്ലാൻ ശ്രമിക്കുന്നത്? ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ? ഇദ്ദേഹം എവിടെനിന്നു വന്നുവെന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയുമില്ല.” ഇതിനു പ്രതികരണമായി, ദൈവാലയാങ്കണത്തിൽ ഉപദേശിച്ചുകൊണ്ടിരുന്ന യേശു ഇങ്ങനെ ശബ്ദമുയർത്തിപ്പറഞ്ഞു: “അതേ, നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്നു വരുന്നെന്നും അറിയാം. ഞാൻ സ്വന്തം അധികാരത്താൽ വന്നതല്ല; എന്നെ അയച്ചവൻ സത്യസന്ധൻ ആകുന്നു; അവിടത്തെ നിങ്ങൾ അറിയുന്നില്ല. എന്നാൽ, ഞാൻ എന്നെ അയച്ചവന്റെ അടുക്കൽനിന്നു വരുന്നതുകൊണ്ടും അവിടന്ന് എന്നെ അയച്ചിരിക്കുന്നതുകൊണ്ടും ഞാൻ അവിടത്തെ അറിയുന്നു.” അപ്പോൾ അവർ അദ്ദേഹത്തെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ, തന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെമേൽ കൈവെക്കാൻ ആർക്കും സാധിച്ചില്ല. ജനക്കൂട്ടത്തിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. “ക്രിസ്തു വരുമ്പോൾ, ഈ മനുഷ്യൻ ചെയ്യുന്നതിലും അധികം അത്ഭുതചിഹ്നങ്ങൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു. യേശുവിനെപ്പറ്റി ജനക്കൂട്ടം ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നു എന്നു പരീശന്മാർ കേട്ടു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധിക്കാൻ ദൈവാലയത്തിലെ കാവൽഭടന്മാരെ നിയോഗിച്ചു. യേശു പറഞ്ഞു: “ഞാൻ ഇനി അൽപ്പകാലംമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ, പിന്നീട് എന്നെ അയച്ചവന്റെ അടുത്തേക്കു പോകും. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” യെഹൂദനേതാക്കന്മാർ പരസ്പരം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാനുദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ? ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല’ എന്നും ‘ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല’ എന്നും പറയുന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കുന്നത്?” ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.” തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ജനങ്ങളിൽ ചിലർ, “തീർച്ചയായും ഈ മനുഷ്യൻ ആ പ്രവാചകൻതന്നെ” എന്നു പറഞ്ഞു. “ഇദ്ദേഹം ക്രിസ്തു ആകുന്നു,” എന്നു മറ്റുചിലർ പറഞ്ഞു. എന്നാൽ വേറെ ചിലരാകട്ടെ, “ക്രിസ്തു ഗലീലയിൽനിന്നോ വരുന്നത്? ദാവീദിന്റെ വംശത്തിൽനിന്നും, ദാവീദിന്റെ പട്ടണമായ ബേത്ലഹേമിൽനിന്നും ക്രിസ്തു വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?” എന്നു ചോദിച്ചു. അങ്ങനെ യേശുവിനെച്ചൊല്ലി ജനങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി. ചിലർ അദ്ദേഹത്തെ ബന്ധിക്കാൻ ആഗ്രഹിച്ചു. എന്നാൽ ആരും അദ്ദേഹത്തിന്റെമേൽ കൈവെച്ചില്ല. യെഹൂദനേതാക്കന്മാരുടെ അവിശ്വാസം ഒടുവിൽ കാവൽഭടന്മാർ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിച്ചെന്നപ്പോൾ “നിങ്ങൾ അയാളെ പിടിച്ചുകൊണ്ടുവരാതിരുന്നതെന്ത്?” എന്ന് അവർ അവരോടു ചോദിച്ചു. “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല,” എന്നു ഭടന്മാർ ബോധിപ്പിച്ചു. “അയാൾ നിങ്ങളെയും കബളിപ്പിച്ചിരിക്കുന്നോ?” പരീശന്മാർ തിരിച്ചു ചോദിച്ചു. “ഭരണാധികാരികളിലോ പരീശന്മാരിലോ ആരെങ്കിലും അയാളിൽ വിശ്വസിച്ചിട്ടുണ്ടോ? ഇല്ല! എന്നാൽ ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടവരാണ്.” നേരത്തേ യേശുവിന്റെ അടുക്കൽ ചെന്നിരുന്നയാളും അവരുടെ കൂട്ടത്തിലുൾപ്പെട്ടയാളുമായ നിക്കോദേമൊസ്, “ഒരു മനുഷ്യന്റെ മൊഴികേട്ട് അയാൾ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കുന്നതിനുമുമ്പേ, അയാൾക്കു ശിക്ഷ വിധിക്കാൻ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നുണ്ടോ?” എന്നു ചോദിച്ചു. അവർ അതിനു മറുപടിയായി, “താങ്കളും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്ന് ഒരു പ്രവാചകൻ എഴുന്നേൽക്കുന്നില്ലെന്ന് അപ്പോൾ വ്യക്തമാകും.” എന്നു പറഞ്ഞു.7:52 മിക്ക പു.കൈ.പ്ര. യോഹ. 7:53–8:11 വരെയുള്ള വാക്യങ്ങൾ കാണുന്നില്ല. പിന്നീട് ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി. യേശുവോ, ഒലിവുമലയിലേക്കു യാത്രയായി. അതിരാവിലെ യേശു വീണ്ടും ദൈവാലയാങ്കണത്തിൽ എത്തി. ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു. യേശുവിന്റെ സാക്ഷ്യം യേശു വീണ്ടും ജനങ്ങളോടു സംസാരിച്ചു: “ഞാൻ ആകുന്നു ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും ഇരുളിൽ നടക്കുന്നില്ല; അവർ ജീവന്റെ പ്രകാശമുള്ളവരാകും.” പരീശന്മാർ അദ്ദേഹത്തോട്, “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു, അത് സത്യമല്ല” എന്നു പറഞ്ഞു. മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങൾ മനുഷ്യന്റെ മാനദണ്ഡമനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിലോ, ഞാൻ ഏകനായല്ല, എന്നെ അയച്ച പിതാവിനോടുചേർന്ന് ആകയാൽ എന്റെ വിധി സത്യമാകുന്നു. രണ്ടുപേരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ടല്ലോ. ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം പറയുന്നു.” “താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” ദൈവാലയാങ്കണത്തിലെ ഭണ്ഡാരസ്ഥലത്തുവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തെ ബന്ധിച്ചില്ല. യേശു ആര് എന്നതിനെപ്പറ്റി വാഗ്വാദം യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?” യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” “താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.” അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല. അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.” യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. അബ്രാഹാമിന്റെ മക്കൾ തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും. അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ഞങ്ങളെ സ്വതന്ത്രരാക്കുമെന്നു താങ്കൾ പറയുന്നതെങ്ങനെ?” അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്. ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ. പിതാവിന്റെ സന്നിധിയിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നിങ്ങളോടു പ്രസ്താവിക്കുന്നത്; നിങ്ങളോ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു ചെയ്യുന്നു.” “അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ! നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.” യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.” യേശുവിന്റെ അവകാശവാദങ്ങൾ യെഹൂദനേതാക്കന്മാർ പറഞ്ഞു: “താങ്കൾ ഒരു ശമര്യാക്കാരനെന്നും ഭൂതം ബാധിച്ചവനെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?” യേശു പറഞ്ഞു: “എന്നെ ഭൂതം ബാധിച്ചിട്ടില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. ഞാൻ സ്വന്തം ബഹുമാനം ആഗ്രഹിക്കുന്നില്ല; എന്നാൽ അത് അന്വേഷിക്കുന്ന ഒരാളുണ്ട്; വിധികർത്താവായ എന്റെ പിതാവുതന്നെ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്റെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരണം കാണുകയില്ല.” ഇതു കേട്ട് യെഹൂദർ പറഞ്ഞു: “താങ്കൾ ഭൂതബാധിതനെന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാം മരിച്ചു, പ്രവാചകന്മാരും മരിച്ചു. എന്നിട്ടും താങ്കളുടെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരിക്കുകയില്ലെന്ന് താങ്കൾ പറയുന്നു! ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ താങ്കൾ വലിയവനോ? അദ്ദേഹം മരിച്ചു, പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് താങ്കളുടെ വിചാരം?” അതിന് യേശു ഇങ്ങനെ മറുപടി നൽകി: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ ആ മഹത്ത്വം നിരർഥകമാണ്. നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അവകാശപ്പെടുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്. നിങ്ങൾ അവിടത്തെ അറിയുന്നില്ലെങ്കിലും ഞാൻ അറിയുന്നു. ഞാൻ അറിയുന്നില്ല എന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ അസത്യവാദിയാകും; എന്നാൽ ഞാൻ അവിടത്തെ അറിയുകയും അവിടത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നോർത്ത് ആനന്ദിച്ചു; അദ്ദേഹം അതുകണ്ട് ആനന്ദിക്കുകയും ചെയ്തു.” യെഹൂദർ പറഞ്ഞു, “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല, എന്നിട്ടും അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്നോ?” യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രാഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” ഇതു കേട്ടപ്പോൾ അവർ അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ യേശു ദൈവാലയംവിട്ടു മാറിപ്പോയി. യേശു ജന്മനാ അന്ധനായ ഒരുവന് കാഴ്ചനൽകുന്നു യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?” മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.” ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി. അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?” “അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു. “അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു. “ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു. “എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.” “ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു. “എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു. പരീശന്മാരുടെ അന്വേഷണം അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.” പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി. അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു. അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.” യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്. അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.” അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു. അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ! മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.” അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല! പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു. ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.” അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി. ആത്മിക അന്ധത അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?” “അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.” യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു. “കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു. യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.” സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.” ഇടയനും ആട്ടിൻപറ്റവും “പരീശന്മാരായ നിങ്ങളോട്, ഞാൻ സത്യം സത്യമായി പറയട്ടെ: വാതിലിലൂടെയല്ലാതെ വേറെ വഴിയായി ആട്ടിൻ തൊഴുത്തിൽ കടക്കുന്നവൻ കള്ളനും കൊള്ളക്കാരനും ആകുന്നു. വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്. കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു. അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു. എന്നാൽ, ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല. ശബ്ദം തിരിച്ചറിയാത്തതുകൊണ്ട് അവ അയാളെ വിട്ട് ഓടിപ്പോകും.” യേശു ഇത് ആലങ്കാരികമായിട്ടാണു പറഞ്ഞത്; എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ അർഥമെന്തെന്ന് അവർ ഗ്രഹിച്ചില്ല. യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ. എനിക്കുമുമ്പ് വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു; ആടുകൾ അവരെ ശ്രദ്ധിച്ചുമില്ല. ഞാൻ ആകുന്നു വാതിൽ. എന്നിലൂടെ പ്രവേശിക്കുന്ന ആടുകൾ സുരക്ഷിതരായിരിക്കും10:9 മൂ.ഭാ. രക്ഷിക്കപ്പെടും അവ അകത്തുവരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്. “ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു. എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു. അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ. “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു. ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും. ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.” യേശുവിന്റെ ഈ വാക്കുകൾനിമിത്തം യെഹൂദനേതാക്കന്മാരുടെ ഇടയിൽ വീണ്ടും ഭിന്നത ഉണ്ടായി. അവരിൽ പലരും പറഞ്ഞു: “അയാൾ ഭൂതബാധിതനാണ്, അയാൾക്കു സ്ഥിരബുദ്ധിയില്ല; അയാൾ പറയുന്നത് എന്തിനു കേൾക്കണം?” എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്നാണു ചോദിച്ചത്. യെഹൂദരുടെ അവിശ്വാസം ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ10:22 അതായത്, ഹാനുക്കാ സമയമായി. അത് ശീതകാലമായിരുന്നു. യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു. യെഹൂദനേതാക്കന്മാരിൽ ചിലർ അദ്ദേഹത്തിന്റെ ചുറ്റും വന്നു പറഞ്ഞു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക.” യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു. എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.” യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?” യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.” യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ”10:34 സങ്കീ. 82:6 എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ? ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ— പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു? ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു. എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.” അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി. അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു. ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽവന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു. അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു. ലാസറിന്റെ മരണം മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽ ലാസർ എന്നു പേരുള്ള ഒരു മനുഷ്യൻ രോഗിയായിക്കിടന്നിരുന്നു. ഈ മറിയ ആയിരുന്നു കർത്താവിന്റെമേൽ സുഗന്ധതൈലം പകരുകയും പാദങ്ങൾ തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരനായിരുന്നു രോഗിയായിരുന്ന ലാസർ. ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്നറിയിച്ചു. ഇതു കേട്ട് യേശു, “ഈ രോഗം മരണകാരണമല്ല; പിന്നെയോ, ദൈവമഹത്ത്വത്തിനും അതിലൂടെ ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനും വേണ്ടിയുള്ളതാണ്” എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്ത് അദ്ദേഹം രണ്ടുദിവസംകൂടി താമസിച്ചു. അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്നു പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദനേതാക്കന്മാർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?” യേശു മറുപടി പറഞ്ഞു: “പന്ത്രണ്ടുമണിക്കൂറല്ലേ പകലിനുള്ളത്? ഈ ലോകത്തിന്റെ പ്രകാശം കാണാൻ കഴിയുന്നതുകൊണ്ട് പകലിൽ നടക്കുന്ന മനുഷ്യൻ തട്ടിവീഴുന്നില്ല. എന്നാൽ രാത്രിയിൽ നടക്കുന്നയാൾ പ്രകാശമില്ലാത്തതുകൊണ്ടു കാലിടറിവീഴുന്നു.” ഇതു പറഞ്ഞിട്ട് യേശു തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.” ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?” യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു. അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി. നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.” അപ്പോൾ ദിദിമൊസ് എന്നു പേരുള്ള തോമസ്, “നമുക്കും പോകാം അദ്ദേഹത്തോടുകൂടെ മരിക്കാം” എന്നു മറ്റുള്ള ശിഷ്യന്മാരോടു പറഞ്ഞു. യേശു ആ സഹോദരിമാരെ ആശ്വസിപ്പിക്കുന്നു യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു. ജെറുശലേമിൽനിന്ന് ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ11:18 മൂ.ഭാ. പതിനഞ്ച് സ്റ്റേഡിയ താഴെമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം.” “നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു. “അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു. യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും; എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?” അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.” ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു. ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി. യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു. യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു. യേശു കരഞ്ഞു. അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!” എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?” യേശു ലാസറിനെ ഉയിർപ്പിക്കുന്നു യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു. “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു. മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു. “നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു. അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.” തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു. മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു. “അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു. യേശുവിനെ വധിക്കാൻ ഗൂഢാലോചന മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു. അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ11:47 മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്. ഒരു യോഗം വിളിച്ചുകൂട്ടി. “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ! ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും11:48 മൂ.ഭാ. സ്ഥാനവും രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.” അവിടെ കൂടിയിരുന്നവരിൽ ഒരാളും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണ് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.” ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആ വർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു. ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ചു ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്. അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു. യെഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ പരസ്പരം ചോദിച്ചു, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?” യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു. യേശുവിന് തൈലാഭിഷേകം നടത്തുന്നു പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്. അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം12:3 മൂ.ഭാ. ഒരുറാത്തൽ എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്, “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു. ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു. അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി. ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ;12:8 ആവ. 15:11 ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.” യേശു ഉണ്ടെന്നറിഞ്ഞ് യെഹൂദരുടെ ഒരു വലിയകൂട്ടം അവിടെ എത്തി. യേശുവിനെമാത്രമല്ല, അദ്ദേഹം മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെയുംകൂടി കാണുന്നതിനാണ് അവർ വന്നത്. അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു. കാരണം, അയാൾനിമിത്തം അനേകം യെഹൂദർ അവരെ ഉപേക്ഷിച്ച് യേശുവിന്റെ അനുയായികളാകുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാജകീയ പ്രവേശനം പിറ്റേദിവസം, പെരുന്നാളിനു വന്നിരുന്ന വലിയ ജനക്കൂട്ടം, യേശു ജെറുശലേമിലേക്കു വരുന്നു എന്നുള്ള വാർത്ത കേട്ടു. അവർ ഈന്തപ്പനയുടെ കുരുത്തോലകൾ എടുത്തുകൊണ്ട്: “ഹോശന്നാ!”12:13 എബ്രായപദം: രക്ഷിക്കുക എന്നർഥം; ഒരു സ്തോത്രഘോഷണമായി ഇത് ഉപയോഗിക്കപ്പെടുന്നു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “ഇസ്രായേലിന്റെ രാജാവു വാഴ്ത്തപ്പെട്ടവൻ!”12:13 സങ്കീ. 118:25,26 എന്ന് ആർത്തുവിളിച്ചുകൊണ്ട് അദ്ദേഹത്തെ എതിരേൽക്കാൻ പുറപ്പെട്ടു. യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്തുകയറി ഇരുന്നു. “സീയോൻപുത്രീ,12:15 അതായത്, ജെറുശലേംനിവാസികൾ ഭയപ്പെടേണ്ട, ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിമേൽ കയറിവരുന്നു,”12:15 സെഖ. 9:9 എന്ന് എഴുതിയിരിക്കുന്നതുപോലെ12:15 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. തന്നെ. ഈ സംഭവിച്ചതെല്ലാറ്റിന്റെയും അർഥം ശിഷ്യന്മാർക്ക് ആദ്യം മനസ്സിലായില്ല. ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ചാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അവർ ഈ ചെയ്തതെല്ലാമെന്നും യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷംമാത്രമേ അവർ ഗ്രഹിച്ചുള്ളൂ. മരിച്ചവനായിരുന്ന ലാസറിനെ, യേശുകർത്താവ് തന്റെ വാക്കാൽ, മരണത്തിൽനിന്നുയിർപ്പിച്ച്, കല്ലറയ്ക്കു പുറത്തു വരുത്തിയതിന് സാക്ഷികളായിരുന്ന ജനം ആ വാർത്ത പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ചെയ്ത ഈ മഹാത്ഭുതത്തെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് ഒരു വലിയ ജനാവലിതന്നെ അദ്ദേഹത്തെ എതിരേൽക്കാൻ വന്നുചേർന്നു. അപ്പോൾ, “നോക്കൂ, നമ്മുടെ പരിശ്രമങ്ങളെല്ലാം വിഫലമാകുകയാണല്ലോ; ലോകം മുഴുവൻ അയാളുടെ അനുഗാമികളായിരിക്കുന്നു!” എന്നു പരീശന്മാർ പരസ്പരം പറഞ്ഞു. യേശു തന്റെ മരണത്തെക്കുറിച്ചു പ്രവചിക്കുന്നു പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു. അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും. “ഇപ്പോൾ എന്റെ ഹൃദയം കലങ്ങിയിരിക്കുന്നു; ഞാൻ എന്താണു പറയേണ്ടത്? ‘പിതാവേ, ഈ മണിക്കൂറുകളിൽനിന്ന് എന്നെ രക്ഷിച്ചാലും’ എന്നോ? അല്ല, ഇതിനുവേണ്ടിത്തന്നെയാണല്ലോ ഞാൻ ഈ മണിക്കൂറിൽ എത്തിയിരിക്കുന്നത്. പിതാവേ, അവിടത്തെ നാമം മഹത്ത്വപ്പെടുത്തണമേ!” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും” എന്നൊരു അശരീരിയുണ്ടായി. അവിടെ ഉണ്ടായിരുന്ന ജനസമൂഹത്തിൽ ചിലർ ആ ശബ്ദം കേട്ടിട്ട് “ഒരു ഇടിമുഴക്കമുണ്ടായി,” എന്നും മറ്റുചിലർ “ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചു,” എന്നും പറഞ്ഞു. എന്നാൽ, യേശു പറഞ്ഞു: “ഈ ശബ്ദമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. ഇപ്പോൾ ഈ ലോകത്തിന്മേൽ ന്യായവിധിനടത്താനുള്ള സമയമായിരിക്കുന്നു; ഈ ലോകത്തിന്റെ അധിപതി നിഷ്കാസിതനാകും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.” തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്. ഇതു കേട്ട ജനക്കൂട്ടം, “ക്രിസ്തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു. അപ്പോൾ യേശു അവരോടു പറഞ്ഞു: “ഇനി അൽപ്പകാലംകൂടിമാത്രമേ പ്രകാശം നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കുകയുള്ളൂ. പ്രകാശം ഉള്ളേടത്തോളംകാലം, അന്ധകാരം നിങ്ങളെ കീഴടക്കുന്നതിനുമുമ്പ്, പ്രകാശത്തിൽത്തന്നെ നടക്കുക; അന്ധകാരത്തിൽ നടക്കുന്നയാൾക്ക് ഒരു ദിശാബോധവും ഉണ്ടായിരിക്കുകയില്ല. പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി. യെഹൂദരുടെ അവിശ്വാസം യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല; “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”12:38 യെശ. 53:1 എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി. അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു: “കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”12:40 യെശ. 6:10 യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്. അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല. കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു. യേശു വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നയാൾ എന്നിൽമാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു. എന്നെ കാണുന്നയാൾ എന്നെ അയച്ച പിതാവിനെയും കാണുന്നു. എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു. “എന്റെ വചനം കേട്ടിട്ടും അത് അനുസരിക്കാത്തയാളെ ഞാനല്ല ന്യായം വിധിക്കുന്നത്; ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ് ഞാൻ വന്നത്. എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും. ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു. അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.” യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു. അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു. യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി. പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി. ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.” “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു. അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്. അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു. “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും. ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി യേശു പ്രവചിക്കുന്നു “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’13:18 സങ്കീ. 41:9 എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്. “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.” ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി. യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു. “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു. അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു. അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു. യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു. യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല. യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു. അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു. പുതിയകൽപ്പന—പരസ്പരസ്നേഹം യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും. “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.” “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു. യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.” “കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു. അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.” യേശു ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നു “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.” യേശു പിതാവിലേക്കുള്ള വഴി “കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.” അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക. സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും. യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനംചെയ്യുന്നു “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും. ലൗകികർക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാൻ കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും. ഞാൻ നിങ്ങളെ അനാഥരായി ഉപേക്ഷിക്കുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽവരും. അൽപ്പകാലത്തിനുശേഷം ലോകത്തിന് എന്നെ കാണാൻ കഴിയുകയില്ല, എന്നാൽ നിങ്ങൾക്ക് കഴിയും. ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമെന്ന് അന്നാളിൽ നിങ്ങൾ ഗ്രഹിക്കും. എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.” അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?” യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും. എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്. “ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾത്തന്നെ ഇതെല്ലാം നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും. സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്. “ ‘ഞാൻ പോകുന്നു എന്നും നിങ്ങളുടെ അടുക്കൽ മടങ്ങിവരും’ എന്നും പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചല്ലോ. നിങ്ങൾക്കെന്നോടു സ്നേഹമുണ്ടെങ്കിൽ, എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ ആനന്ദിക്കുമായിരുന്നു; പിതാവ് എന്നെക്കാൾ വലിയവനല്ലോ. ഇതെല്ലാം സംഭവിക്കുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടാകേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പേതന്നെ സൂചന നൽകുന്നത്. ഇനിയും ഞാൻ അധികമൊന്നും നിങ്ങളോടു സംസാരിക്കുകയില്ല. ഈ ലോകത്തിന്റെ അധിപതി വരുന്നു. അവന് എന്റെമേൽ ഒരധികാരവുമില്ല. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കൽപ്പിച്ചിട്ടുള്ളതുമാത്രം ഞാൻ ചെയ്യുന്നു എന്നും ലോകം മനസ്സിലാക്കാൻ ഇടയാകേണ്ടതിനാണ് അവൻ വരുന്നത്. “വരിക; നമുക്ക് ഇവിടെനിന്നു പോകാം. മുന്തിരിച്ചെടിയും ശാഖകളും “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും! ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല. “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല. നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും. ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും. “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല. ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും. നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന. ലോകം ശിഷ്യരെ വെറുക്കുന്നു “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക. നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്. ‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’15:20 യോഹ. 13:16 എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു. എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും. ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല. എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു. മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. ‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’15:25 സങ്കീ. 35:19; 69:4 എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം “പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും. നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്. “നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്. യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്. ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ? ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു. എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും. അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു. “ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല. എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും. അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.” ശിഷ്യന്മാരുടെ സങ്കടം ആനന്ദമായിമാറുന്നു “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.” ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു, “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും പറയുന്നതിന്റെ അർഥമെന്താണ്?’ ‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?” അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥമെന്താണെന്നാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്? സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല. നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല. ആ ദിവസം വരുമ്പോൾ നിങ്ങൾക്കെന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും. “ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല. കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ16:27 ചി.കൈ.പ്ര. പിതാവിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ. ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.” “ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്നു ശിഷ്യന്മാർ പറഞ്ഞു. “അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.” “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു. “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ. “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.” യേശു തേജസ്കരണത്തിനായി പ്രാർഥിക്കുന്നു ഇങ്ങനെ, ശിഷ്യന്മാരുമായുള്ള സംഭാഷണം അവസാനിപ്പിച്ചശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തിക്കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ഇതാ വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തണമേ. അങ്ങ് അവനെ ഏൽപ്പിച്ചിട്ടുള്ള എല്ലാവർക്കും നിത്യജീവൻ നൽകേണ്ടതിന് സകലമനുഷ്യരുടെമേലും അവന് അധികാരം നൽകിയിരിക്കുന്നല്ലോ. ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ. അവിടന്ന് എനിക്കു ചെയ്യാൻ തന്ന പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ, പിതാവേ, ലോകാരംഭത്തിനുമുമ്പേ അങ്ങയോടൊപ്പം എനിക്കുണ്ടായിരുന്ന മഹത്ത്വത്താൽ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ. യേശു ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിക്കുന്നു “ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടത്തെ നാമം വെളിപ്പെടുത്തി. അവർ അങ്ങയുടെ സ്വന്തമായിരുന്നു. അവരെ അങ്ങ് എനിക്കു തന്നു; അവർ അങ്ങയുടെ വചനം അനുസരിച്ചുമിരിക്കുന്നു. അങ്ങ് എനിക്കു നൽകിയിട്ടുള്ളതെല്ലാം അങ്ങയുടെ അടുക്കൽനിന്ന് വന്നിട്ടുള്ളതാണെന്ന് അവർക്കിപ്പോൾ അറിയാം. അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ. അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ17:12 സങ്കീ. 41:9 കാണുക. ആരും നഷ്ടപ്പെട്ടുപോയിട്ടില്ല. “ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു. അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു. അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന. ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ. അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. യേശു എല്ലാവിശ്വാസികൾക്കുംവേണ്ടി പ്രാർഥിക്കുന്നു “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും. “പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. “നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും17:26 പിതാവ് പുത്രനെ സ്നേഹിച്ചതുപോലുള്ള സ്നേഹമാണ് വിശ്വാസികൾ മറ്റുള്ളവരെ സ്നേഹിക്കുന്നതിനുള്ള മാനണ്ഡം. അപ്പോൾ കർത്താവായ യേശുവിനെ മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയും എന്നു വിവക്ഷ. ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.” യേശുവിനെ ബന്ധനസ്ഥനാക്കുന്നു പ്രാർഥനയ്ക്കുശേഷം യേശു അവിടംവിട്ടു ശിഷ്യന്മാരുമായി കെദ്രോൻ താഴ്വരയുടെ മറുവശത്തേക്കുപോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരുമൊത്ത് അതിൽ പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു. യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു. തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു. “ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,”18:9 യോഹ. 6:39 എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു. അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു. “നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം18:11 അതായത്, കഷ്ടതയാകുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു. അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്. പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു. തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു. മഹാപുരോഹിതൻ യേശുവിനെ ചോദ്യംചെയ്യുന്നു ഈ സമയത്ത് മഹാപുരോഹിതൻ യേശുവിന്റെ ശിഷ്യന്മാരെയും ഉപദേശത്തെയുംപറ്റി അദ്ദേഹത്തെ ചോദ്യംചെയ്തു. “ഞാൻ ലോകത്തോടു പരസ്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. എല്ലാ യെഹൂദരും ഒരുമിച്ചുകൂടുന്ന പള്ളികളിലും ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുപോന്നു; രഹസ്യമായി ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല. എന്നെ എന്തിനു ചോദ്യംചെയ്യുന്നു? എന്റെ വാക്കുകൾ കേട്ടിട്ടുള്ളവരോടു ചോദിക്കുക. ഞാൻ പറഞ്ഞിട്ടുള്ളത് അവർക്കറിയാം,” യേശു മറുപടി നൽകി. യേശു ഇതു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചുകൊണ്ട്, “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?” എന്നു ചോദിച്ചു. “ഞാൻ തെറ്റായിട്ടാണ് സംസാരിച്ചതെങ്കിൽ അതു തെളിയിക്കുക; ഞാൻ പറഞ്ഞതു സത്യമെങ്കിൽ പിന്നെ നിങ്ങൾ എന്നെ അടിച്ചതെന്തിന്?” എന്ന് യേശു ചോദിച്ചു. പിന്നീട് ഹന്നാവ് യേശുവിനെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്ക് അയച്ചു. പത്രോസ് വീണ്ടും തള്ളിപ്പറയുന്നു ശിമോൻ പത്രോസ് അപ്പോഴും തീകാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ചിലർ, “നിങ്ങൾ അയാളുടെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” എന്നു ചിലർ അയാളോടു ചോദിച്ചു. “ഞാൻ അല്ല,” അയാൾ പിന്നെയും നിഷേധിച്ചു. മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു. പത്രോസ് പിന്നെയും അതു നിഷേധിച്ചു; അപ്പോൾത്തന്നെ കോഴി കൂവി. യേശു പീലാത്തോസിന്റെ മുമ്പിൽ അതിരാവിലെതന്നെ യെഹൂദനേതാക്കന്മാർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് റോമൻ ഭരണാധികാരിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. തങ്ങൾക്കു പെസഹ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ ആചാരപരമായ അശുദ്ധി ഒഴിവാക്കാൻ അവർ അരമനയിലേക്കു കടന്നില്ല. അതിനാൽ പീലാത്തോസ് പുറത്തേക്കു വന്ന് അവരോട്, “ഈ മനുഷ്യന്റെമേൽ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്ത്?” എന്നു ചോദിച്ചു. “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇയാളെ അങ്ങയുടെപക്കൽ ഏൽപ്പിക്കുകയില്ലായിരുന്നു.” അവർ ഉത്തരം പറഞ്ഞു. അതിനു പീലാത്തോസ്, “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു ന്യായവിധിനടത്തുക” എന്നു പറഞ്ഞു. “മരണശിക്ഷ നൽകാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ!” അവർ പറഞ്ഞു. താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു.18:32 യോഹ. 12:32-33 കാണുക. പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു. “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?” അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.” “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു. “ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു. “എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല. പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു. “വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു. യേശുവിനെ ക്രൂശിക്കാൻ വിധിക്കുന്നു അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു. “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു. പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു. യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു. പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു. യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു. ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു. അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?” അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.” അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി. ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത്19:14 മൂ.ഭാ. ആറാംമണി ആയിരുന്നു. പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു. “ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു. ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. യേശുവിന്റെ ക്രൂശീകരണം പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി. യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു. പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു. നസറായനായ യേശു, യെഹൂദരുടെ രാജാവ്, എന്നായിരുന്നു അത്. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു. യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “ ‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു. അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു. യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു. “ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,”19:24 സങ്കീ. 22:18 എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്. ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു. അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ19:27 അമ്മയെപ്പോലെ എന്നു വിവക്ഷ സ്വീകരിച്ചു. യേശുവിന്റെ മരണം അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറച്ച് ഒരു പാത്രം വെച്ചിരുന്നു. അവർ ഒരു സ്പോഞ്ച് അതിൽ മുക്കി ഈസോപ്പുചെടിയുടെ തണ്ടിന്മേലാക്കി യേശുവിന്റെ വായോടടുപ്പിച്ചു. അതു കുടിച്ചശേഷം യേശു “സകലതും നിവൃത്തിയായി!” എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും19:31 പെസഹാപ്പെരുന്നാളിനോടു ചേർന്നു വരുന്ന ശബ്ബത്ത് എന്നതാണ് ഈ ശബ്ബത്തിന്റെ സവിശേഷത. ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്. “അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,”19:36 പുറ. 12:46; സംഖ്യ. 9:12; സങ്കീ. 34:20 എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു. “തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,”19:37 സെഖ. 12:10 എന്നു വേറൊരു തിരുവെഴുത്തും പറയുന്നു. യേശുവിന്റെ ശവസംസ്കാരം അതിനുശേഷം, യെഹൂദനേതാക്കന്മാരോടുള്ള ഭയംനിമിത്തം രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമഥ്യക്കാരൻ യോസേഫ്, പീലാത്തോസിനോട് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പീലാത്തോസിന്റെ അനുവാദത്തോടെ അയാൾ വന്നു മൃതശരീരം എടുത്തു. മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും19:39 അതായത്, നറുമ്പശ ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം19:39 മൂ.ഭാ. നൂറുറാത്തൽ നിക്കോദേമൊസ് കൊണ്ടുവന്നു. ഇരുവരുംകൂടി യേശുവിന്റെ ശരീരം എടുത്തു, യെഹൂദരുടെ ശവസംസ്കാര ആചാരമനുസരിച്ച് ആ സുഗന്ധമിശ്രിതം പുരട്ടി ശവക്കച്ചയിൽ പൊതിഞ്ഞു. യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തിൽ, ആരെയും ഒരിക്കലും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു. അന്ന് യെഹൂദരുടെ പെരുന്നാളിന്റെ ഒരുക്കനാൾ ആയിരുന്നതിനാലും ആ കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു. ഒഴിഞ്ഞ കല്ലറ ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു. അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു. പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു; രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി. അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം20:5 അതായത്, ശവക്കച്ചമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല. പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു. ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു. കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല. പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി. യേശു മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷപ്പെടുന്നു എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി. യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു. അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു. “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല. “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.” യേശു അവളെ, “മറിയേ” എന്നു വിളിച്ചു. അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “റബ്ബൂനീ,” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം. യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട;20:17 മത്താ. 28:9 എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.” അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു. യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു. യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു. യേശു തോമസിനും പ്രത്യക്ഷപ്പെടുന്നു യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു. എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.” തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു. അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു. യോഹന്നാന്റെ സുവിശേഷത്തിന്റെ ഉദ്ദേശ്യം ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു. എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു. യേശു ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു അതിനുശേഷം തിബെര്യാസ് തടാകത്തിന്റെ21:1 തിബെര്യാസ്, ഗലീലാതടാകത്തിന്റെ മറ്റൊരുപേര് തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത് ഇപ്രകാരം ആയിരുന്നു: ശിമോൻ പത്രോസും ദിദിമൊസ് എന്നു പേരുള്ള തോമസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. “ഞാൻ മീൻപിടിക്കാൻ പോകുന്നു,” ശിമോൻ പത്രോസ് പറഞ്ഞു. “ഞങ്ങളും പോരുന്നു,” എന്ന് കൂടെയുള്ളവരും പറഞ്ഞു. അങ്ങനെ അവർ, വള്ളത്തിൽ കയറി അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല. ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല. യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു. “ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു. “വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു. യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി. മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ21:8 മൂ.ഭാ. ഏക. ഇരുനൂറുക്യുബിറ്റ് ദൂരത്തിലായിരുന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു. ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല! യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്. പത്രോസിന്റെ പുനഃസ്ഥാപനം പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു. “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു. യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു. “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു. മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.” അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു, “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.” ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ച ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്?” എന്നു ചോദിച്ചത് ഇയാൾതന്നെ. അയാളെ കണ്ടിട്ടു പത്രോസ് യേശുവിനോട്, “കർത്താവേ, ഇദ്ദേഹത്തിന്റെ കാര്യം എന്താകും?” എന്നു ചോദിച്ചു. അതിന് യേശു, “ഞാൻ മടങ്ങിവരുന്നതുവരെയും ഇവൻ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം? നീ എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഇതുനിമിത്തം, ആ ശിഷ്യൻ മരിക്കുകയില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നാൽ, അയാൾ മരിക്കുകയില്ല എന്ന് യേശു പറഞ്ഞില്ല; അവിടന്നു പറഞ്ഞത്, “ഞാൻ മടങ്ങിവരുന്നതുവരെ അയാൾ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം?” എന്നുമാത്രം ആയിരുന്നു. ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യംവഹിക്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങൾ അറിയുന്നു. ഇവകൂടാതെ മറ്റ് അനേകകാര്യങ്ങളും യേശു ചെയ്തു. അവ ഓരോന്നും എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ കരുതുന്നു.