- Biblica® Open Malayalam Contemporary Version 2020
യിരെമ്യാവ്
യിരെമ്യാവിന്റെ പ്രവചനം
യിരെമ്യാവ്
യിര.
യിരെമ്യാവിന്റെ പ്രവചനം
ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഒരുവനായ ഹിൽക്കിയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ. യെഹൂദാരാജാവായ ആമോന്റെ മകനായ യോശിയാവിന്റെ ഭരണത്തിന്റെ പതിമ്മൂന്നാംവർഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണകാലത്തും യെഹൂദാരാജാവായ യോശിയാവിന്റെതന്നെ മറ്റൊരു മകനായ സിദെക്കീയാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷത്തിന്റെ അഞ്ചാംമാസത്തിൽ ജെറുശലേമ്യർ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നതുവരെയും അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാട് ലഭിച്ചുകൊണ്ടിരുന്നു.
യിരെമ്യാവിന്റെ വിളി
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:
“നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,1:5 അഥവാ, തെരഞ്ഞെടുത്തു
നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;
രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”
അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”
എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം. നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു. ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”
പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?”
“ബദാംവൃക്ഷത്തിന്റെ ഒരു കൊമ്പു ഞാൻ കാണുന്നു,” എന്നു ഞാൻ പറഞ്ഞു.
അപ്പോൾ യഹോവ: “നീ കണ്ടതു ശരിതന്നെ. എന്റെ വചനം നിറവേറ്റപ്പെടുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു”1:12 നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു, ബദാംവൃക്ഷം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. എന്ന് അരുളിച്ചെയ്തു.
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?”
“ഞാൻ തിളയ്ക്കുന്ന ഒരു കലം കാണുന്നു, അത് ഉത്തരദിക്കിൽനിന്നു നമ്മുടെ വശത്തേക്കു ചരിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു,” എന്നു പറഞ്ഞു.
അപ്പോൾ യഹോവ എന്നോട്, “ഉത്തരദിക്കിൽനിന്നു ദേശത്തിലെ എല്ലാ നിവാസികളുടെയുംമേൽ അനർഥം വരും. എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
“ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ
അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും;
അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും
യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും.
അവർ തങ്ങളുടെ ദുഷ്ടതനിമിത്തം എന്നെ ഉപേക്ഷിച്ച്,
അന്യദേവതകൾക്കു ധൂപംകാട്ടുകയും
അവരുടെ കൈകളുടെ നിർമിതിയെ ആരാധിക്കുകയും ചെയ്തതുമൂലം
ഞാൻ എന്റെ ജനത്തിന്മേൽ ന്യായവിധി കൽപ്പിക്കും.
“ഇപ്പോൾ നീ അര കെട്ടി എഴുന്നേൽക്കുക! ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം അവരോടു സംസാരിക്കുക. ഞാൻ നിന്നെ അവരുടെമുമ്പിൽ പരിഭ്രാന്തനാക്കാതെയിരിക്കേണ്ടതിന്, നീ അവരെക്കണ്ട് ഭയപ്പെടരുത്. ഇതാ, ഞാൻ സകലദേശത്തിനും—യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും അവരുടെ പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും മുമ്പിൽ നിന്നെ ഇന്ന് ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും വെങ്കലമതിലും ആക്കിയിരിക്കുന്നു. അവൻ നിന്നോടു യുദ്ധംചെയ്യും, എങ്കിലും നിന്നെ ജയിക്കുകയില്ല. നിന്നെ മോചിപ്പിക്കുന്നതിന് ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഇസ്രായേൽ ദൈവത്തെ ഉപേക്ഷിക്കുന്നു
യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “പോയി ജെറുശലേം കേൾക്കെ വിളംബരംചെയ്യുക:
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിന്റെ യൗവനത്തിലെ ഭക്തിയും
വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും
മരുഭൂമിയിൽ വിതച്ചിട്ടില്ലാത്ത ദേശത്ത്
നീ എന്നെ അനുഗമിച്ചു നടന്നതും ഞാൻ ഓർക്കുന്നു.
ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധവും
അവിടത്തെ വിളവിന്റെ ആദ്യഫലവും ആയിരുന്നു.
അവളെ വിഴുങ്ങിക്കളഞ്ഞവരെയെല്ലാം കുറ്റവാളികളായി പ്രഖ്യാപിച്ചു,
അത്യാപത്ത് അവരെ കീഴടക്കും,’ ”
എന്ന് യഹോവയുടെ അരുളപ്പാട്.
യാക്കോബുഗൃഹമേ,
ഇസ്രായേലിന്റെ സകലകുലങ്ങളുമേ, യഹോവയുടെ വാക്കു കേൾക്കുക.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
“നിങ്ങളുടെ പൂർവികർ എന്നെ വിട്ട് ഇത്രമാത്രം അകന്നുപോകാൻ
അവർ എന്നിൽ കണ്ട ദോഷം എന്ത്?
അവർ മിഥ്യാമൂർത്തികളെ പിൻതുടർന്ന്
സ്വയം കൊള്ളരുതാത്തവരായി തീർന്നിരിക്കുന്നു.
‘ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുകയും
വരണ്ട വിജനപ്രദേശങ്ങളിലൂടെയും
മരുഭൂമിയിലൂടെയും പാഴ്നിലങ്ങളിലൂടെയും നടത്തുകയും
വരൾച്ചയും കൂരിരുട്ടും ഉള്ള സ്ഥലത്തിലൂടെ,
ആരും സഞ്ചരിക്കാത്തതും ആൾപ്പാർപ്പില്ലാത്തതുമായ ദേശത്തിലൂടെ,
നടത്തിയ യഹോവ എവിടെ?’ എന്ന് അവർ ചോദിച്ചില്ല.
ഞാൻ നിങ്ങളെ ഫലഭൂയിഷ്ഠമായ ഒരു ദേശത്തേക്ക്
അവിടത്തെ ഫലവും നന്മയും അനുഭവിക്കാൻ കൊണ്ടുവന്നു.
എന്നാൽ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കുകയും
എന്റെ ഓഹരി അറപ്പുള്ളതാക്കുകയും ചെയ്തു.
‘യഹോവ എവിടെ?’
എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല.
ന്യായപ്രമാണം കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല;
ഇസ്രായേല്യനേതാക്കന്മാർ2:8 മൂ.ഭാ. ഇടയന്മാർ എനിക്കെതിരേ മത്സരിച്ചു.
മിഥ്യാമൂർത്തികളെ പിൻതുടർന്നുകൊണ്ട്
പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.
അതിനാൽ ഞാൻ ഇനിയും നിങ്ങൾക്കെതിരേ വാദിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ മക്കളുടെ മക്കൾക്കെതിരേയും ഞാൻ വ്യവഹരിക്കും.
“കിത്തീം2:10 അതായത്, സൈപ്രസും പടിഞ്ഞാറൻ തീരപ്രദേശങ്ങളും. തീരങ്ങളിലേക്കു കടന്നുചെന്നു നോക്കുക,
കേദാരിലേക്ക്2:10 സിറിയൻ അറേബ്യാമരുപ്രദേശത്തെ ബെദോവിൻ വർഗക്കാരുടെ വാസസ്ഥലം. ആളയച്ച് ഇപ്രകാരമൊന്ന്, അവിടെയെങ്ങാനും
സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി അന്വേഷിക്കുക:
ഏതെങ്കിലുമൊരു ജനത തങ്ങളുടെ ദേവതകളെ മാറ്റിയിട്ടുണ്ടോ?
(അവർ ദേവതകൾ അല്ലായിരുന്നിട്ടുകൂടി.)
എന്നാൽ എന്റെ ജനം മിഥ്യാമൂർത്തികൾക്കുവേണ്ടി
തങ്ങളുടെ തേജസ്സേറിയ ദൈവത്തെ മാറ്റിക്കളഞ്ഞിരിക്കുന്നു.
ആകാശമേ, ഇതിൽ അമ്പരന്ന്
മഹാഭീതിയിൽ നടുങ്ങുക,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“എന്റെ ജനം രണ്ടു പാപംചെയ്തിരിക്കുന്നു:
അവർ ജീവജലത്തിന്റെ ഉറവയായ
എന്നെ ഉപേക്ഷിച്ചിരിക്കുന്നു,
അവർ സ്വന്തം ജലസംഭരണികൾ കുഴിച്ചിരിക്കുന്നു
വെള്ളം ശേഖരിക്കാൻ കഴിയാത്ത പൊട്ടിയ ജലസംഭരണികൾതന്നെ.
“ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ?
എന്തുകൊണ്ട് അവൻ കവർച്ചയായിത്തീർന്നു?
സിംഹക്കുട്ടികൾ അലറി,
അവർ അവനെതിരേ ശബ്ദമുയർത്തി.
അവർ അവന്റെ ദേശത്തെ ശൂന്യമാക്കി,
അവന്റെ പട്ടണങ്ങൾ നിവാസികളില്ലാതവണ്ണം ചുട്ടെരിച്ചിരിക്കുന്നു.
നോഫിലെയും തഹ്പനേസിലെയും ജനം
നിന്റെ തലയോട്ടി തകർക്കുകയും ചെയ്തിരിക്കുന്നു.
നിന്റെ ദൈവമായ യഹോവ നിന്നെ വഴി നടത്തിക്കൊണ്ടിരിക്കെ,
അവിടത്തെ ഉപേക്ഷിച്ചുകളയുക നിമിത്തം
നീ തന്നെയല്ലേ ഇതു സമ്പാദിച്ചത്?
എന്നാൽ ഇപ്പോൾ ഈജിപ്റ്റിലേക്കുള്ള നിന്റെ യാത്ര എന്തിന്?
നൈൽനദിയിലെ2:18 മൂ.ഭാ. ശീഹോരിലെ, അതായത്, നൈൽനദിയുടെ ഒരു ശാഖ വെള്ളം കുടിക്കുന്നതിനോ?
അശ്ശൂരിലേക്കുള്ള നിന്റെ യാത്ര എന്തിന്?
യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കുന്നതിനോ?
നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും;
നിന്റെ വിശ്വാസത്യാഗം നിന്നെ ശാസിക്കും.
എന്നെക്കുറിച്ചുള്ള ഭയം നിനക്കില്ലാതെയായി
നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത്
നിനക്കു ദോഷവും കയ്‌പും
ആണെന്ന് കണ്ടറിഞ്ഞുകൊൾക,”
എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
“പണ്ടേതന്നെ നീ നിന്റെ നുകം തകർത്ത്
നിന്റെ ബന്ധനങ്ങൾ പൊട്ടിച്ചുകളഞ്ഞു;
‘ഞാൻ അങ്ങയെ സേവിക്കുകയില്ല!’ എന്നു നീ പറഞ്ഞു.
അപ്പോൾത്തന്നെ എല്ലാ ഉയർന്ന മലയിലും
എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും
നീ ഒരു വേശ്യയായി കിടന്നു.
ഞാൻ നിന്നെ വിശിഷ്ടമായൊരു മുന്തിരിവള്ളിയായി,
ഒരു നല്ല തൈയായിത്തന്നെ നട്ടിരുന്നു.
നീ ഒരു കാട്ടുമുന്തിരിയായി അധഃപതിച്ച്
എനിക്കെതിരേ തിരിഞ്ഞതെങ്ങനെ?
കാരംകൊണ്ടു കഴുകിയാലും
ധാരാളം സോപ്പുകൊണ്ടു കഴുകിയാലും
നിന്റെ അകൃത്യത്തിന്റെ കറ എന്റെ മുമ്പിൽത്തന്നെ അവശേഷിക്കും,”
എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
“ ‘ഞാൻ മലിനയായിട്ടില്ല, ബാൽ വിഗ്രഹങ്ങൾക്കു പിമ്പേ പോയിട്ടുമില്ല,’
എന്ന് നിനക്ക് എങ്ങനെ പറയാൻകഴിയും?
താഴ്വരയിൽ നീ എങ്ങനെ പെരുമാറി എന്നു നോക്കുക.
നീ ചെയ്തത് എന്തെന്നു നീ മനസ്സിലാക്കുക.
വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടോടുന്ന
ഒരു പെണ്ണൊട്ടകക്കുട്ടിയല്ലേ നീ?
മരുഭൂമിയിൽ പരിചയിച്ച ഒരു കാട്ടുകഴുത,
കാറ്റിന്റെ മണംപിടിച്ച് അലയുന്നു.
അവളുടെ മദപ്പാടിൽനിന്ന് ആർക്ക് അവളെ തടയാൻ കഴിയും?
ഒരു ആൺകഴുതയും അതിനെ അന്വേഷിച്ചു തളരുകയില്ല.
ഇണചേരേണ്ട സമയത്ത് അവർ അവളെ കണ്ടെത്തും.
നിന്റെ കാലിലെ ചെരിപ്പ് തേയുംവരെയും
ദാഹിച്ചു തൊണ്ട വരളുംവരെയും അന്യദേവതകളെ പിന്തുടരരുത്.
എന്നാൽ, ‘അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല!
ഞാൻ അന്യദേവതകളെ പ്രണയിക്കുന്നു,
അവരുടെ പിന്നാലെ ഞാൻ പോകും’ എന്നു നീ പറഞ്ഞു.
“പിടിക്കപ്പെടുമ്പോൾ ഒരു മോഷ്ടാവ് ലജ്ജിക്കുന്നതുപോലെ
ഇസ്രായേൽജനം ലജ്ജിച്ചുപോകുന്നു—
അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും
അവരുടെ പുരോഹിതന്മാരും പ്രവാചകന്മാരുംതന്നെ.
അവർ മരത്തടിയോട്, ‘നീ എന്റെ പിതാവാണ്’ എന്നും
കല്ലിനോട്, ‘നീ എനിക്ക് ജന്മം നൽകിയവൾ’ എന്നും പറയുന്നു.
അവർ തങ്ങളുടെ മുഖമല്ല,
മുതുകുതന്നെ എന്റെനേരേ തിരിക്കുന്നു;
എങ്കിലും ആപത്തിൽ അകപ്പെടുമ്പോൾ,
‘വരണമേ, ഞങ്ങളെ രക്ഷിക്കണമേ!’ എന്ന് അവർ പറയും.
എന്നാൽ നീ ഉണ്ടാക്കിയ നിന്റെ ദേവന്മാർ എവിടെ?
നീ ആപത്തിൽ അകപ്പെടുമ്പോൾ
നിന്നെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ അവർ വന്നു നിന്നെ രക്ഷിക്കട്ടെ!
അയ്യോ! യെഹൂദയേ, നിനക്ക് എത്ര പട്ടണങ്ങളുണ്ടോ,
അത്രയും ദേവതകളും ഉണ്ടല്ലോ.
“നിങ്ങൾ എന്നോടു വാദിക്കുന്നത് എന്തിന്?
നിങ്ങളെല്ലാവരും എന്നോട് മത്സരിച്ചിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ നിന്റെ മക്കളെ അടിച്ചതു വ്യർഥം;
അവർ ആ ശിക്ഷയ്ക്ക് അനുസൃതമായി പ്രതികരിച്ചില്ല.
അത്യാർത്തിമൂത്ത സിംഹത്തെപ്പോലെ
നിന്റെ വാൾ നിന്റെ പ്രവാചകന്മാരെ വിഴുങ്ങിക്കളഞ്ഞു.
“ഈ തലമുറയിലുള്ള എന്റെ ജനമേ, യഹോവയുടെ വചനം ശ്രദ്ധിക്കുക:
“ഞാൻ ഇസ്രായേലിന് ഒരു മരുഭൂമിയും
കൂരിരുൾ നിറഞ്ഞ ഒരു ദേശവുമായിട്ടാണോ ഇരുന്നത്?
‘ഞങ്ങൾ സ്വേച്ഛാചാരികൾ, ഞങ്ങൾ ഇനിയൊരിക്കലും നിന്റെ അടുക്കൽ വരികയില്ല,’
എന്ന് എന്റെ ജനം പറയുന്നത് എന്തുകൊണ്ട്?
ഒരു കന്യക തന്റെ ആഭരണങ്ങളും
ഒരു വധു അവളുടെ വിവാഹവസ്ത്രവും മറക്കുമോ?
എന്നിട്ടും എന്റെ ജനം
എണ്ണമില്ലാത്ത ദിവസങ്ങളായി എന്നെ മറന്നിരിക്കുന്നു.
കാമുകരെ തേടാൻ നീ എത്ര വിദഗ്ധ?
ഏറ്റവും വലിയ ദുർന്നടപ്പുകാരിക്കും നിന്നിൽനിന്നു ചില പാഠങ്ങൾ പഠിക്കാൻകഴിയും.
ഭവനഭേദനം നടത്തുമ്പോഴല്ല നീ അവരെ പിടികൂടിയത്, എന്നിട്ടുകൂടി
നിന്റെ വസ്ത്രങ്ങളിലും
നിഷ്കളങ്കരായ സാധുക്കളുടെ രക്തം കാണപ്പെടുന്നു.
എന്നാൽ ഇതിനെല്ലാം ഉപരി,
‘ഞാൻ നിഷ്കളങ്കയാണ്;
അവിടന്ന് എന്നോട് കോപിക്കുന്നില്ല,’ എന്നു നീ പറയുന്നു.
എന്നാൽ ഞാൻ നിന്റെമേൽ ന്യായവിധി നടത്തും,
‘നോക്കൂ, ഞാൻ പാപം ചെയ്തിട്ടില്ല,’ എന്നു നീ പറയുകയാൽത്തന്നെ.
നിന്റെ വഴി മാറ്റിക്കൊണ്ട്
നീ ഇത്രയധികം ചുറ്റിനടക്കുന്നതെന്തിന്?
അശ്ശൂരിനെപ്പറ്റി നീ ലജ്ജിച്ചതുപോലെ
ഈജിപ്റ്റിനെക്കുറിച്ചും നീ ലജ്ജിച്ചുപോകും.
ഈ സ്ഥലത്തുനിന്നു തലയിൽ
കൈവെച്ചുകൊണ്ട് ഇറങ്ങിപ്പോകും,
കാരണം നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു;
അവരെക്കൊണ്ട് നിനക്കൊരു പ്രയോജനവും ലഭിക്കുകയില്ല.
യഹോവയിലേക്കു മടങ്ങുക
“യഹോവ ചോദിക്കുന്നു:
“ഒരു മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും
അവൾ അയാളെ വിട്ട് മറ്റൊരുവനു ഭാര്യയായിത്തീരുകയും ചെയ്താൽ,
അയാൾ അവളുടെ അടുക്കലേക്കു വീണ്ടും മടങ്ങിച്ചെല്ലുമോ?
അങ്ങനെയുള്ള ദേശംമുഴുവനും മലിനമായിത്തീരുകയില്ലേ?
എന്നാൽ നീ അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു,
ഇപ്പോൾ നീ എന്റെ അടുത്തേക്കു മടങ്ങിവരുന്നോ?”
എന്ന് യഹോവയുടെ അരുളപ്പാട്.
“മൊട്ടക്കുന്നുകളിലേക്കു കണ്ണുയർത്തി നോക്കുക.
നീ ബലാൽക്കാരം ചെയ്യപ്പെടാത്ത സ്ഥലം ഏതുള്ളൂ?
മരുഭൂമിയിൽ ഒരു ദേശാന്തരിയെന്നപോലെ3:2 മൂ.ഭാ. അറബിയെന്നപോലെ വഴിവക്കുകളിൽ
നീ കാമുകന്മാർക്കായി പതിയിരുന്നു.
നിന്റെ വേശ്യാവൃത്തിയാലും ദുഷ്ടതയാലും
നീ ദേശത്തെ മലിനമാക്കിയിരിക്കുന്നു.
അതുമൂലം മഴ നിന്നുപോയി,
പിന്മഴ പെയ്തതുമില്ല.
നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്;
ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല.
എന്നിട്ടും നീ എന്നോട്:
‘എന്റെ പിതാവേ, നീ ഇന്നുമുതൽ എന്റെ യൗവനത്തിലെ ആത്മമിത്രമല്ലേ,
അവിടന്ന് എപ്പോഴും കോപിക്കുമോ?
അവിടത്തെ ക്രോധം എന്നേക്കും നിലനിൽക്കുമോ?’ എന്നു വിളിച്ചുപറയുകയില്ലേ?
ഇപ്രകാരം സംസാരിച്ചുകൊണ്ട്,
കഴിയുന്നവിധത്തിലെല്ലാം നീ തിന്മ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.”
യോശിയാരാജാവിന്റെ ഭരണകാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്, “ഇസ്രായേലിന്റെ അവിശ്വസ്തത നീ കണ്ടുവോ? അവൾ ഓരോ ഉയർന്ന മലയിലും കയറിപ്പോയി. ഓരോ ഇലതൂർന്ന മരത്തിൻകീഴിലും വേശ്യാവൃത്തി നടത്തിയിരിക്കുന്നു. ഇതെല്ലാം ചെയ്തതിനുശേഷവും അവൾ എന്റെ അടുക്കലേക്കു മടങ്ങിവരും എന്നു ഞാൻ കരുതി, എന്നാൽ അവൾ മടങ്ങിവന്നില്ല. അവളുടെ അവിശ്വസ്തയായ സഹോദരി, യെഹൂദ അതുകണ്ടു. അവിശ്വസ്തയായ ഇസ്രായേൽ ചെയ്ത എല്ലാ വ്യഭിചാരത്തിന്റെയും ഫലമായി ഞാൻ അവളെ ഉപേക്ഷിച്ച് അവൾക്ക് ഒരു ഉപേക്ഷണപത്രം കൊടുത്തു. ഇതു കണ്ടിട്ടും അവിശ്വസ്തയായ അവളുടെ സഹോദരി യെഹൂദാ ഭയപ്പെട്ടില്ല; അവളും പുറപ്പെട്ടു വ്യഭിചാരംചെയ്തു. ഇസ്രായേലിന്റെ അസാന്മാർഗികത അവൾക്കു വെറും നിസ്സാരകാര്യമായി തോന്നിയതുകൊണ്ട്, അവളും ദേശത്തെ മലിനമാക്കി കല്ലിനോടും മരത്തോടും വ്യഭിചാരംചെയ്തു. ഇതെല്ലാമായിട്ടും അവിശ്വസ്തയായ യെഹൂദാ എന്ന അവളുടെ സഹോദരി കാപട്യത്തോടെയല്ലാതെ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിഞ്ഞില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിയായ ഇസ്രായേൽ വഞ്ചകിയായ യെഹൂദയെക്കാൾ അധികം നീതിയുള്ളവൾ. നീ പോയി വടക്കു ദിക്കിലേക്കു3:12 അഥവാ, ഇസ്രായേലിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക:
“ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു,
‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല,
കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച്
ഓരോ ഇലതൂർന്ന മരത്തിൻകീഴിലും
അന്യദേവതകളെ പ്രസാദിപ്പിച്ചു.
എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല
എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ”
എന്ന് യഹോവയുടെ അരുളപ്പാട്.
“അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാനാണല്ലോ നിങ്ങളുടെ ഭർത്താവ്. ഞാൻ നിങ്ങളെ—ഒരു പട്ടണത്തിൽനിന്ന് ഒരുവനെയും ഒരു കുടുംബത്തിൽനിന്ന് രണ്ടുപേരെയും വീതം—തെരഞ്ഞെടുത്ത് നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും. ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നൽകും; അവർ നിങ്ങളെ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ മേയിക്കും. ആ കാലത്ത് നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ, ‘യഹോവയുടെ ഉടമ്പടിയുടെ പേടകം,’ എന്ന് ജനം ഒരിക്കലും പറയുകയില്ല. അതിനെക്കുറിച്ച് ഓർക്കുംവിധം അതു ചിന്തയിൽ കടന്നുവരികയില്ല; അതിന്റെ അഭാവം അവർക്ക് അനുഭവപ്പെടുകയേ ഇല്ല; അതുപോലെ മറ്റൊന്ന് നിർമിക്കപ്പെടുകയുമില്ല, എന്ന് യഹോവയുടെ അരുളപ്പാട്. ആ കാലത്ത് അവർ ജെറുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും; സകലരാഷ്ട്രങ്ങളും ജെറുശലേമിലേക്ക് യഹോവയുടെ നാമത്തോടുള്ള ആദരവുനിമിത്തം വന്നുചേരും. ഇനിയൊരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിലെ പിടിവാശിക്കനുസരിച്ച് ജീവിക്കുകയില്ല. ആ ദിവസങ്ങളിൽ യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടുചേർന്ന്, അവർ ഒരുമിച്ചു വടക്കേ രാജ്യത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിക്കൊടുത്ത ദേശത്തേക്കു വരും.
“ഞാൻ ഇങ്ങനെ ആത്മഗതംചെയ്തു,
“ ‘എത്രസന്തോഷത്തോടെ ഞാൻ നിന്നെ എന്റെ മക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി
ജനതകളുടെ മനോഹരാവകാശവും
സൗഖ്യപൂർണവുമായ ദേശവും നൽകാൻ ആഗ്രഹിച്ചു.’
നിങ്ങൾ ‘എന്റെ അപ്പാ,’ എന്നു വിളിച്ച്
എന്നെ വിട്ടുമാറാതെയിരിക്കും എന്നു ഞാൻ ചിന്തിച്ചു.
ഇസ്രായേൽഗൃഹമേ, ഒരു സ്ത്രീ തന്റെ ഭർത്താവിനെ വഞ്ചനാപൂർവം വിട്ടുമാറുന്നതുപോലെ
വഞ്ചനാപൂർവം നിങ്ങൾ എന്നെ വിട്ടുമാറിയിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
ഇസ്രായേൽമക്കൾ വഴിപിഴച്ച ജീവിതം നയിച്ച്
തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ
മൊട്ടക്കുന്നുകളിന്മേൽ അവരുടെ കരച്ചിൽ കേൾക്കുന്നു
ഇസ്രായേൽജനത്തിന്റെ വിലാപത്തിന്റെയും യാചനയുടെയും ശബ്ദംതന്നെ.
“അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക.
ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം സൗഖ്യമാക്കും.”
“ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു;
അങ്ങു ഞങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
കുന്നുകളിന്മേലും മലകളിന്മേലുമുള്ള വിഗ്രഹാരാധകരുടെ തിക്കുംതിരക്കും
നിശ്ചയമായും ഒരു വഞ്ചനയത്രേ;
ഇസ്രായേലിന്റെ രക്ഷ നിശ്ചയമായും
നമ്മുടെ ദൈവമായ യഹോവയിലാണ്.
ഞങ്ങളുടെ യൗവനംമുതൽ
ഞങ്ങളുടെ പിതാക്കന്മാരുടെ പ്രയത്നത്തെയും
അവരുടെ ആടുകൾ, കന്നുകാലികൾ,
പുത്രീപുത്രന്മാർ എന്നിവരെയും ലജ്ജാകരമായവ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ,
ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ.
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും
ഞങ്ങളുടെ യൗവനംമുതൽ ഇന്നുവരെയും
ഞങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്തിരിക്കുന്നു;
ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഞങ്ങൾ അനുസരിച്ചതുമില്ല.”
“ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും
ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
‘ജീവിക്കുന്ന യഹോവയാണെ,’ എന്നു
സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ,
രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും
അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളുടെ തരിശുനിലം ഉഴുവിൻ;
മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
എന്റെ കോപം തീപോലെ വരികയും
ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്,
യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ,
നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക;
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
വടക്കുനിന്ന് അനർഥം
“യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക:
‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’
‘ഒരുമിച്ചുകൂടുക!
ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’
എന്ന് ഉറക്കെ വിളിച്ചുപറയുക.
സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക!
നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക!
കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും,
ഒരു മഹാനാശംതന്നെ.”
സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു,
രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു.
അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ്
നിന്റെ ദേശം ശൂന്യമാക്കും.
നിന്റെ പട്ടണം, നിവാസികളില്ലാതെ
ശൂന്യമാക്കപ്പെടും.
അതുകൊണ്ടു ചാക്കുശീല ധരിച്ച്,
വിലപിക്കുകയും അലമുറയിടുകയുംചെയ്യുക.
യഹോവയുടെ ഉഗ്രകോപം
നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.
“ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും,
പുരോഹിതന്മാർ ഭ്രമിച്ചും
പ്രവാചകന്മാർ സ്തംഭിച്ചുംപോകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല, ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
ഇതാ! അവൻ മേഘംപോലെ കയറിവരുന്നു,
അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു,
അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ.
നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!
ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക.
നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?
ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും
എഫ്രയീം മലയിൽനിന്ന് നാശം വിളിച്ചറിയിക്കുകയും ചെയ്യുന്നു.
“രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക,
ഇതു ജെറുശലേമിനെ അറിയിക്കുക:
‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു,
യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.
അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ,
വയൽ കാക്കുന്നവരെപ്പോലെ അവർ വന്ന് അവളെ വളഞ്ഞിരിക്കുന്നു,’ ”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും
ഇതു നിന്റെമേൽ വരുത്തിയിരിക്കുന്നു.
ഇതാണ് നിനക്കുള്ള ശിക്ഷ.
അതു എത്ര കയ്‌പുള്ളത്!
നിന്റെ ഹൃദയത്തിലേക്ക് എത്രമാത്രം തുളഞ്ഞുകയറുന്നത്!”
എന്റെ ഉള്ളം! എന്റെ ഉള്ളം!
ഞാൻ അതിവേദനയിലായിരിക്കുന്നു.
അയ്യോ! എന്റെ ഹൃദയവ്യഥ!
എന്റെ നെഞ്ചിടിക്കുന്നു.
എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല.
കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു;
യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.
നാശത്തിനുമീതേ നാശം വരുന്നു;
ദേശമൊക്കെയും ശൂന്യമായിരിക്കുന്നു.
വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു,
നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.
എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും
കാഹളനാദം കേൾക്കുകയും ചെയ്യണം?
“എന്റെ ജനം ഭോഷരാണ്;
അവർ എന്നെ അറിഞ്ഞിട്ടില്ല.
അവർ ബുദ്ധികെട്ട മക്കൾ;
അവർക്കൊരു ബോധവുമില്ല.
അവർ തിന്മ ചെയ്യാൻ സമർഥർ;
നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”
ഞാൻ ഭൂമിയെ നോക്കി,
അതു രൂപരഹിതവും ശൂന്യവുമായിരുന്നു;
ഞാൻ ആകാശത്തെ നോക്കി;
അതിൽ പ്രകാശം ഇല്ലാതെയായിരിക്കുന്നു.
ഞാൻ പർവതങ്ങളെ നോക്കി;
അവ വിറകൊള്ളുന്നതു ഞാൻ കണ്ടു;
മലകളെല്ലാം ആടിയുലയുകയായിരുന്നു.
ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല;
ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരുന്നു.
ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു;
അതിലെ എല്ലാ പട്ടണങ്ങളും, യഹോവയുടെ സന്നിധിയിൽ,
അവിടത്തെ ഉഗ്രകോപംനിമിത്തം തകർന്നുപോയിരുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ അതിനു പൂർണനാശം വരുത്താതിരുന്നിട്ടും,
ദേശംമുഴുവൻ ശൂന്യമായിത്തീരും.
ഇതുനിമിത്തം ഭൂമി വിലപിക്കും,
മുകളിൽ ആകാശം കറുത്തുപോകും,
കാരണം ഞാൻ അതു സംസാരിച്ചിരിക്കുന്നു, അനുതപിക്കുകയില്ല,
ഞാൻ തീരുമാനിച്ചിരിക്കുന്നു, പിന്മാറുകയില്ല.”
കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട്
പട്ടണംമുഴുവൻ ഓടിപ്പോകും.
ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും,
ചിലർ പാറകളിലേക്കു വലിഞ്ഞുകയറും.
എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും;
ആരും അവിടെ പാർക്കുകയില്ല.
ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും?
നീ രക്താംബരം ധരിക്കുകയും
സ്വർണാഭരണങ്ങൾ അണിയുകയും ചെയ്യുന്നതെന്തിന്?
നീ കണ്ണെഴുതി നിന്റെ കണ്ണുകൾക്കു തിളക്കം വരുത്തുന്നതെന്തിന്?
നീ വ്യർഥമായി അണിഞ്ഞൊരുങ്ങുകയാണ്.
നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കും;
അവർ നിനക്കു പ്രാണഹാനി വരുത്താൻ ആഗ്രഹിക്കും.
പ്രസവവേദന ബാധിച്ച ഒരുവളുടെയും
ആദ്യജാതനെ പ്രസവിക്കാൻ വേദനപ്പെടുന്ന ഒരുവളുടെയും ഞരക്കംപോലെയൊരു ശബ്ദം ഞാൻ കേട്ടു.
വീർപ്പുമുട്ടിയും കൈമലർത്തിയുംകൊണ്ട്
“എനിക്ക് അയ്യോ കഷ്ടം!
കൊലയാളികളുടെ മുമ്പിൽ എന്റെ പ്രാണൻ തളർന്നുപോകുന്നു,”
എന്നു പറഞ്ഞു വിലപിക്കുന്ന സീയോൻപുത്രിയുടെ ശബ്ദംതന്നെ.
ജെറുശലേമിന്റെ പാപം
“ജെറുശലേമിന്റെ വീഥികളിലൂടെ
ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും
വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന
ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും
അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ.
ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
‘ജീവിക്കുന്ന യഹോവയാണെ,’ എന്ന് അവർ പറയുന്നെങ്കിലും
അവർ ശപഥംചെയ്യുന്നത് കാപട്യത്തോടെയാണ്.”
യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്?
അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല;
അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല.
അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും
പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
അതുകൊണ്ടു ഞാൻ: “ഇവർ ദരിദ്രർമാത്രമാണ്;
അവർ ഭോഷരാണ്,
കാരണം അവർ യഹോവയുടെ വഴി അറിയുന്നില്ല,
അവരുടെ ദൈവത്തിന്റെ പ്രമാണങ്ങളും.
അതുകൊണ്ട് ഞാൻ നേതാക്കന്മാരുടെ അടുക്കൽ ചെന്ന്
അവരോടു സംസാരിക്കും;
അവർ യഹോവയുടെ വഴിയും
തങ്ങളുടെ ദൈവത്തിന്റെ പ്രമാണങ്ങളും നിശ്ചയമായും അറിയുന്നു.”
എന്നാൽ അവർ എല്ലാവരും ഒരുപോലെ നുകം തകർക്കുകയും
കെട്ടുകളെ പൊട്ടിക്കുകയും ചെയ്തിരിക്കുന്നു.
അതിനാൽ കാട്ടിൽനിന്നുള്ള ഒരു സിംഹം അവരെ ആക്രമിക്കും,
മരുഭൂമിയിൽനിന്നുള്ള ഒരു ചെന്നായ് അവരെ നശിപ്പിക്കും,
ഒരു പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കരികെ പതിയിരിക്കും;
അവയിൽനിന്ന് പുറത്തേക്കു പോകുന്നവരെ കടിച്ചുകീറിക്കളയുന്നതിനുതന്നെ,
കാരണം, അവരുടെ ലംഘനങ്ങൾ അനവധിയും
അവരുടെ വിശ്വാസത്യാഗം നിരവധിയുമാണ്.
“ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും?
നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്
ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു.
ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി,
എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും
വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.
അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ
ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു.
ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കുകയില്ലേ,
ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു
ഞാൻ പ്രതികാരംചെയ്യുകയില്ലേ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക;
എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്.
അവളുടെ ശാഖകൾ നീക്കിക്കളയുക,
കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ.
എന്തെന്നാൽ ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും
എന്നോട് അത്യന്തം വഞ്ചന കാണിച്ചിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
അവർ യഹോവയെക്കുറിച്ചു വ്യാജം പറഞ്ഞിരിക്കുന്നു:
“അവിടന്ന് ഒന്നും ചെയ്യുകയില്ല!
നമുക്ക് യാതൊരുദോഷവും സംഭവിക്കുകയില്ല;
വാളോ ക്ഷാമമോ നാം കാണുകയുമില്ല.
“യഹോവയുടെ പ്രവാചകന്മാർ വെറും വായുവത്രേ,
അവരിൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടില്ല;
അതുകൊണ്ട് അവരുടെ പ്രവചനം അവരുടെമേൽതന്നെ വന്നുചേരട്ടെ.”
അതിനാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജനം ഈ വാക്കുകൾ പറഞ്ഞതുകൊണ്ട്
ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽനിന്നുള്ള അഗ്നിയായും
ഈ ജനത്തെ അതു ദഹിപ്പിക്കുന്ന വിറകായും തീർക്കും.
ഇസ്രായേൽഗൃഹമേ,” യഹോവ അരുളിച്ചെയ്യുന്നു,
“ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു രാഷ്ട്രത്തെ നിങ്ങൾക്കെതിരേ വരുത്തും—
പുരാതനവും പ്രബലവുമായ ഒരു രാഷ്ട്രത്തെത്തന്നെ,
അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ,
അവർ പറയുന്നതു നിങ്ങൾ ഗ്രഹിക്കുകയുമില്ല.
അവരുടെ ആവനാഴി തുറന്ന ശവക്കുഴിപോലെ;
അവരെല്ലാവരും പരാക്രമശാലികളായ യോദ്ധാക്കൾതന്നെ.
അവർ നിങ്ങളുടെ ധാന്യവും അപ്പവും ഭക്ഷിക്കും,
നിന്റെ പുത്രന്മാരെയും പുത്രിമാരെയും വിഴുങ്ങിക്കളയും;
അവർ നിന്റെ ആട്ടിൻപറ്റത്തെയും കന്നുകാലികളെയും തിന്നുതീർക്കും;
നിന്റെ മുന്തിരിയും അത്തിവൃക്ഷവും അവർ തിന്നുതീർക്കും.
നീ ആശ്രയം വെച്ചിരിക്കുന്ന നിങ്ങളുടെ ഉറപ്പുള്ള പട്ടണങ്ങൾ
അവർ വാളിനാൽ ശൂന്യമാക്കും.
“എന്നാൽ ആ നാളിലും ഞാൻ നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. “ ‘നമ്മുടെ ദൈവമായ യഹോവ ഈ കാര്യങ്ങളൊക്കെയും നമ്മോടു ചെയ്യുന്നത് എന്തുകൊണ്ട്,’ എന്ന് അവർ ചോദിക്കുമ്പോൾ, നീ അവരോട്, ‘നിങ്ങൾ നിങ്ങളുടെ ദേശത്ത് എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ സേവിച്ചതുപോലെ, നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് വിദേശികളെ സേവിക്കേണ്ടിവരും’ എന്ന് ഉത്തരം പറയണം.
“യാക്കോബുഗൃഹത്തിൽ ഇതു പ്രസ്താവിക്കുക
യെഹൂദ്യയിൽ ഇതു പ്രസിദ്ധമാക്കുക:
ഭോഷരും വിവേകശൂന്യരും
കണ്ണുണ്ടെങ്കിലും കാണാത്തവരും
ചെവിയുണ്ടെങ്കിലും കേൾക്കാത്തവരുമായ ജനങ്ങളേ, ഇതു കേൾക്കുക:
നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?”
എന്ന് യഹോവ ചോദിക്കുന്നു.
“എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ?
ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന്
മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു.
അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല.
അവ അലറിയാലും അതിനെ മറികടക്കുകയില്ല.
എന്നാൽ ഈ ജനത്തിന് ധിക്കാരവും മത്സരവുമുള്ള ഒരു ഹൃദയമാണുള്ളത്;
അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.
‘നമ്മുടെ തക്കസമയത്തു മുന്മഴയും പിന്മഴയും തരുന്ന
നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം,
അവിടന്നു തക്കസമയത്ത് നമുക്കു കൊയ്ത്തുകാലം തരുന്നല്ലോ,’
എന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല.
നിങ്ങളുടെ അകൃത്യങ്ങൾ ഇവ അകറ്റിനിർത്തി;
നിങ്ങളുടെ പാപങ്ങൾ നിങ്ങളുടെ നന്മ മുടക്കിക്കളഞ്ഞിരിക്കുന്നു.
“എന്റെ ജനത്തിനിടയിൽ ദുഷ്ടരുണ്ട്;
അവർ പക്ഷിക്ക് കെണി വെക്കുന്നവരെപ്പോലെ പതിയിരിക്കുന്നു,
അവർ കുടുക്കുവെച്ച് മനുഷ്യരെ പിടിക്കുന്നവരെപ്പോലെതന്നെ.
പക്ഷികൾ കൂടുകളിൽ നിറഞ്ഞിരിക്കുന്നതുപോലെ,
അവരുടെ വീടുകളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു;
അവർ ധനികരും ശക്തരും ആയിരിക്കുന്നു,
അവർ തടിച്ചുകൊഴുത്തിരിക്കുന്നു.
അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല;
അവർ ന്യായം അന്വേഷിക്കുന്നില്ല.
അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല;
അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല.
ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?
ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു
ഞാൻ പ്രതികാരം ചെയ്യാതെയിരിക്കുമോ?”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഭയാനകവും വിസ്മയാവഹവുമായ ഒന്ന്
ദേശത്തു സംഭവിച്ചിരിക്കുന്നു:
പ്രവാചകന്മാർ വ്യാജപ്രവചനം നടത്തുന്നു,
പുരോഹിതന്മാർ സ്വേച്ഛാധിപതികളായി ഭരണം നടത്തുന്നു,
എന്റെ ജനം അത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാൽ അവസാനം നിങ്ങൾ എന്തുചെയ്യും?
ജെറുശലേമിന്മേലുള്ള ഉപരോധം
“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക!
ജെറുശലേമിൽനിന്ന് ഓടിപ്പോകുക!
തെക്കോവയിൽ കാഹളനാദം മുഴക്കുക!
ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക!
കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു
ഒരു മഹാനാശംതന്നെ.
സുന്ദരിയും പേലവാംഗിയുമായ
സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും.
ഭരണാധിപന്മാർ6:3 മൂ.ഭാ. ഇടയന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും;
അവർ അവൾക്കുചുറ്റും കൂടാരമടിക്കും,
അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.”
“അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക!
എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം!
എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു,
സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.
അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച്
അതിന്റെ അരമനകളെ നശിപ്പിക്കാം!”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വൃക്ഷങ്ങൾ വെട്ടിയിടുക
ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക.
ഈ നഗരം ശിക്ഷിക്കപ്പെടണം;
അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു.
ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ,
അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു.
അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ;
അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു.
ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക,
അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും
ആർക്കും വസിക്കാൻ കഴിയാത്ത
ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മുന്തിരിവള്ളിയിലെ കാലാ എന്നപോലെ
ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ;
മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ
നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.”
ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും?
എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും?
അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ6:10 മൂ.ഭാ. പരിച്ഛേദനമേൽക്കാത്തവർ
അവർക്കു കേൾക്കാൻ കഴിയുകയില്ല.
യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു.
അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.
അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു,
അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല.
“ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും
ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും;
ഭർത്താവിനോടൊപ്പം ഭാര്യയും
പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.
അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം
വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും,
ദേശവാസികൾക്കെതിരേ
ഞാൻ കൈനീട്ടുമ്പോൾത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ
സകലരും ദ്രവ്യാഗ്രഹികളാണ്;
പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ,
എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
സമാധാനം ഇല്ലാതിരിക്കെ
‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്,
അവർ എന്റെ ജനത്തിന്റെ മുറിവുകൾ
ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?
ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല;
നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല.
അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും;
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക;
പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക
നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക;
അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും.
അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.
ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി;
‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു.
എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.
അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക;
സാക്ഷികളേ,
അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക.
ഭൂമിയേ, കേൾക്കുക:
ഇതാ, ഈ ജനം എന്റെ വചനങ്ങളും
എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ
അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം
ഞാൻ അവരുടെമേൽ വരുത്തും.
ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും
ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം?
നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല;
നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.”
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും.
മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും;
അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, വടക്കേദേശത്തുനിന്ന്
ഒരു സൈന്യം വരുന്നു;
ഭൂമിയുടെ വിദൂരസീമകളിൽനിന്ന്
ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.
അവർ വില്ലും കുന്തവും കൈയിലേന്തും;
അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്.
അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ,
അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു;
സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ
നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”
നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,
ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു.
പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ
അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.
യുദ്ധരംഗത്തേക്കു ചെല്ലുകയോ
വഴിയിലൂടെ നടക്കുകയോ അരുത്,
കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്,
എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു.
എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക,
ചാരത്തിൽക്കിടന്ന് ഉരുളുക;
ഏകജാതനെക്കുറിച്ച് എന്നപോലെ
അതികഠിനമായി വിലപിക്കുക.
സംഹാരകൻ പെട്ടെന്നു
നമ്മുടെനേരേ വരും.
“നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി
പരീക്ഷിച്ചറിയേണ്ടതിന്
ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു,
എന്റെ ജനം അയിരും.
അവർ എല്ലാവരും മഹാമത്സരികൾ,
ദൂഷണം പറഞ്ഞു നടക്കുന്നവർ.
അവർ വെങ്കലവും ഇരുമ്പുംതന്നെ;
അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്.
അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി
ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു,
എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു.
ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.
യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ,
അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.”
യിരെമ്യാവിന്റെ പ്രസംഗം
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക:
“ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; എന്നാൽ നിങ്ങൾ ഈ സ്ഥലത്തു വസിക്കാൻ ഞാൻ ഇടയാക്കും. “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്. എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ, വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും. എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു.
“ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും7:9 അഥവാ, വ്യാജദേവതകളെക്കൊണ്ട് ശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ? എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? എന്നാൽ ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു! എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ ‘ആദിയിൽ എന്റെ നാമം വഹിച്ചിരുന്ന ശീലോവിൽ എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്ന് നിങ്ങൾ പോയി നോക്കുക. നിങ്ങൾ ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കെ, യഹോവ അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചില്ല; ഞാൻ നിങ്ങളെ വിളിച്ചു, നിങ്ങൾ ഉത്തരം പറഞ്ഞില്ല. അതിനാൽ ഞാൻ ശീലോവിനോടു ചെയ്തത് എന്റെ നാമം വഹിക്കുന്ന ഈ സ്ഥലത്തോടും നിങ്ങൾ ആശ്രയം വെച്ചിരിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയതുമായ ഈ ദൈവാലയത്തോടും ഞാൻ ചെയ്യും. എഫ്രയീമിന്റെ സന്തതികളായ ഇസ്രായേലിന്റെ സഹോദരങ്ങളെയെല്ലാം തള്ളിക്കളഞ്ഞതുപോലെ, നിങ്ങളെയും എന്റെ സന്നിധിയിൽനിന്ന് ഞാൻ തള്ളിക്കളയും,’ എന്ന് യഹോവയുടെ അരുളപ്പാട്.
“അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്, അവർക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുകയുമരുത്. എന്നോട് അപേക്ഷിക്കരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല. യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ തെരുവുകളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലേ? എന്റെ ക്രോധം ജ്വലിപ്പിക്കാൻവേണ്ടി അന്യദേവന്മാർക്ക് പാനീയബലികൾ അർപ്പിക്കുന്നതിനും ആകാശരാജ്ഞിക്കു സമർപ്പിക്കാൻ അടകൾ ചുടുന്നതിനും, മക്കൾ വിറകു ശേഖരിക്കുകയും പിതാക്കന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു. എന്നാൽ അവർ എന്നെയാണോ പ്രകോപിപ്പിക്കുന്നത്? അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി സ്വന്തം ലജ്ജവരിക്കുകയല്ലേ ചെയ്യുന്നത്, എന്ന് യഹോവയുടെ അരുളപ്പാട്.
“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.
“ ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഹോമയാഗങ്ങളോട് മറ്റു യാഗങ്ങൾ കലർത്തി, മാംസം തിന്നുക. ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന് അവരോടു സംസാരിച്ചപ്പോൾ, ഹോമയാഗങ്ങളെക്കുറിച്ചോ, മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ അവർക്കു കൽപ്പന നൽകിയിട്ടില്ല. എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക. എന്നാൽ അവർ അതു ശ്രദ്ധിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യാതെ അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ ശാഠ്യമുള്ള പ്രവണതകൾ അനുസരിച്ചു. അവർ മുന്നോട്ടല്ല, പിറകോട്ടുതന്നെ പോയി. നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. എന്നിട്ടും അവർ എന്റെ വചനം കേൾക്കാതെയും അതിനു ചെവി കൊടുക്കാതെയും ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം പ്രവർത്തിച്ചു.’
“നീ ഈ വചനങ്ങളൊക്കെയും അവരോടു സംസാരിക്കുമ്പോൾ, അവർ നിന്റെ വാക്കു കേൾക്കുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം നൽകുകയില്ല. എന്നാൽ നീ അവരോടു പറയേണ്ടത്: ‘ഇതു തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം അനുസരിക്കുകയോ തെറ്റിൽനിന്ന് പിന്മാറുകയോ ചെയ്യാത്ത ഒരു ജനതയാകുന്നു. സത്യം നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളിൽനിന്ന് നീങ്ങിപ്പോയിരിക്കുന്നു.
“ ‘നിന്റെ മുടി കത്രിച്ച് ദൂരെ എറിഞ്ഞുകളയുക; മൊട്ടക്കുന്നുകളിൽ ദുഃഖാചരണം നടത്തുക. യഹോവ തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ തള്ളിക്കളയുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.
കശാപ്പുതാഴ്വര
“ ‘യെഹൂദാജനം എന്റെ ദൃഷ്ടിയിൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു, എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തെ മലിനമാക്കേണ്ടതിന് അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിൽ, ക്ഷേത്രങ്ങൾ പണിതിരിക്കുന്നു. ഇതു ഞാൻ അവരോടു കൽപ്പിച്ചതല്ല, എന്റെ ഹൃദയത്തിൽ തോന്നിയതുമല്ല. അതിനാൽ അതിനെ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ അല്ല, കശാപ്പുതാഴ്വര എന്നുതന്നെ വിളിക്കുന്ന കാലം വരുന്നു. സ്ഥലം ഇല്ലാതെയാകുംവരെ അവർ തോഫെത്തിൽത്തന്നെ ശവം അടക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും; ആരും അവയെ ആട്ടിക്കളയുകയില്ല. യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിന്റെ തെരുവീഥികളിൽനിന്നും ആനന്ദഘോഷവും ഉല്ലാസധ്വനിയും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാൻ നീക്കിക്കളയും, കാരണം ദേശം വിജനമായിത്തീരും.
“ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും. തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും. ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’
പാപവും അതിന്റെ ശിക്ഷയും
“നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ?
അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?
ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്?
ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്?
അവർ വഞ്ചന മുറുകെപ്പിടിക്കുന്നു;
മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?
ഞാൻ ശ്രദ്ധയോടെ കേട്ടു,
എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല.
“ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ്
ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല.
കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ
ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.
ആകാശത്തിലെ പെരിഞ്ഞാറ
തന്റെ സമയം അറിയുന്നു;
കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും
മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു.
എന്നാൽ എന്റെ ജനം
യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.
“ ‘ഞങ്ങൾ ജ്ഞാനികൾ, യഹോവയുടെ ന്യായപ്രമാണം ഞങ്ങൾക്കുണ്ട്,’
എന്നു നിങ്ങൾ പറയുന്നത് എങ്ങനെ?
ഇതാ, എഴുത്തുകാരുടെ വ്യാജംനിറഞ്ഞ തൂലിക
അതിനെയും വ്യാജമാക്കി മാറ്റിയിരിക്കുന്നു.
ജ്ഞാനികൾ ലജ്ജിതരാക്കപ്പെടും;
അവർ നിരാശരാകുകയും കെണിയിലകപ്പെടുകയും ചെയ്യും.
അവർ യഹോവയുടെ വചനം തിരസ്കരിച്ചതുകൊണ്ട്,
അവരിൽ എന്തു ജ്ഞാനമാണുള്ളത്?
അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും
അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും.
ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ
സകലരും ദ്രവ്യാഗ്രഹികളാണ്;
പ്രവാചകന്മാരും പുരോഹിതന്മാരും
ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
സമാധാനം ഇല്ലാതിരിക്കെ
‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്,
അവർ എന്റെ ജനത്തിന്റെ മുറിവുകൾ
ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?
ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല;
നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല.
അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും;
ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും,
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും,
എന്ന് യഹോവയുടെ അരുളപ്പാട്.
മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല.
അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല,
അതിന്റെ ഇലയും വാടിപ്പോകും.
ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം
വേഗംതന്നെ നഷ്ടപ്പെട്ടുപോകും.8:13 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.’ ”
നാം ഇവിടെ ഇരിക്കുന്നത് എന്തിന്?
കൂടിവരിക!
നാം ഉറപ്പുള്ള പട്ടണങ്ങളിലേക്കു ചെല്ലുക
അവിടെ നശിച്ചുപോകുക!
നാം അവിടത്തോടു പാപം ചെയ്യുകയാൽ
നമ്മുടെ ദൈവമായ യഹോവ നമ്മെ നാശത്തിന് ഏൽപ്പിക്കുകയും
നമുക്കു കുടിക്കാൻ വിഷജലം നൽകുകയും ചെയ്തിരിക്കുന്നു.
നാം സമാധാനത്തിനായി കാത്തിരുന്നു
എന്നാൽ ഒരു നന്മയും ഉണ്ടായില്ല,
രോഗശാന്തിക്കായി കാത്തിരുന്നു
എന്നാൽ ഇതാ, ഭീതിമാത്രം.
ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം
ദാനിൽനിന്ന് കേൾക്കുന്നു;
ആൺകുതിരകളുടെ ചിനപ്പുകൊണ്ടു
നാടുമുഴുവൻ നടുങ്ങുന്നു.
ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും
പട്ടണത്തെയും അതിൽ വസിക്കുന്നവരെയും
വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.
“ഞാൻ വിഷസർപ്പങ്ങളെയും
മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും,
അവ നിങ്ങളെ കടിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
ദുഃഖത്തിൽ എന്റെ ആശ്വാസകനേ!8:18 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
എന്റെ ഹൃദയം തകർന്നിരിക്കുന്നു.
ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി
ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു:
“യഹോവ സീയോനിൽ ഇല്ലയോ?
അവളുടെ രാജാവ് അവിടെയില്ലയോ?”
“അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും
അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”
“കൊയ്ത്തു കഴിഞ്ഞു,
ഗ്രീഷ്മകാലവും അവസാനിച്ചു,
എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”
എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു;
ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.
ഗിലെയാദിൽ ഔഷധലേപനം ഇല്ലേ?
അവിടെ വൈദ്യനില്ലേ?
എന്റെ ജനത്തിന്റെ മുറിവിന്
സൗഖ്യം വരാത്തത് എന്തുകൊണ്ട്?
അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം
രാവും പകലും കരയേണ്ടതിന്,
എന്റെ തല ഒരു നീരുറവയും
എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!
അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന്
അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്,
എനിക്ക് മരുഭൂമിയിൽ
വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ!
അവരെല്ലാം വ്യഭിചാരികളും
വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.
“അവർ തങ്ങളുടെ നാവുകൾ
വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു;
സത്യം നിമിത്തമല്ല
അവർ ഭൂമിയിൽ വിജയിക്കുന്നത്.9:3 അഥവാ, അവർ സത്യത്തിനുവേണ്ടി ധീരതയോടെ നിൽക്കാതെ
അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു;
അവർ എന്നെ അറിയുന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക;
സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്.
കാരണം അവർ ഓരോരുത്തരും വഞ്ചകരും9:4 അഥവാ, വഞ്ചകനായ യാക്കോബും
ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.
ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും,
ആരും സത്യം പറയുകയുമില്ല.
വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു;
പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.
നിന്റെ9:6 അതായത്, യിരെമ്യാവിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്,
അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും,
എന്റെ ജനത്തിന്റെ പാപംനിമിത്തം
മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?
അവരുടെ നാവ് മാരകമായ ഒരു അമ്പാണ്;
അതു വഞ്ചന സംസാരിക്കുന്നു.
അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു,
എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.
ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?”
യഹോവ അരുളിച്ചെയ്യുന്നു.
“ഇതുപോലെയുള്ള ഒരു ജനതയോട്
ഞാൻ പകരം ചെയ്യാതിരിക്കുമോ?”
പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും
മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും.
ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല,
കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല.
ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു
മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു.
“ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും
കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും;
ഞാൻ യെഹൂദാനഗരങ്ങളെ
നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”
ഇതു ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനിയാര്? അതു വ്യക്തമാക്കാൻ തക്കവണ്ണം യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവൻ ആര്? ആരും വഴിപോകാതവണ്ണം ഈ ദേശം മരുഭൂമിപോലെ നശിച്ചുപോകാൻ കാരണമെന്ത്?
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിക്കയും എന്നെ അനുസരിക്കാതിരിക്കുകയും എന്റെ ന്യായപ്രമാണം പാലിക്കാതിരിക്കുകയും ചെയ്തതിനാൽത്തന്നെ. പ്രത്യുത, അവർ തങ്ങളുടെ ഹൃദയത്തിലെ ദുർവാശിയനുസരിച്ചും തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ച ബാലിന്റെ വഴിയിൽ ജീവിക്കുകയും ചെയ്തു.” അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കയ്‌പുള്ള ഭക്ഷണം കഴിപ്പിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ചിന്തിച്ച്, വിലപിക്കുന്നതിന് സ്ത്രീകളെ വിളിപ്പിക്കുക;
അവരിൽ സമർഥരായവരെത്തന്നെ വരുത്തുക.
“അവർ വേഗംവന്ന്
നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ;
നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ,
കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ.
സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു:
‘നാം എത്ര ശൂന്യമായിരിക്കുന്നു!
നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു!
നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ,
നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ”
ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക;
നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക.
നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും
നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.
മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി
കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു;
അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും
ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.
“യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക:
“ ‘ആളുകളുടെ ശവങ്ങൾ
തുറസ്സായസ്ഥലത്തെ ചാണകംപോലെയും
കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും,
അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ
ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ
ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
യഹോവയായ ഞാൻ ഭൂമിയിൽ ദയയും
ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,
ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,
എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്
എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ9:25-26 അഥവാ നെറ്റിത്തടത്തിലെ മുടി മുറിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.
യഹോവയും വിഗ്രഹങ്ങളും
ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ
ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ
നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.
ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;
അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു,
ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.
അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;
അത് ആടിയുലയാതെ,
ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,
അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല;
അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ
ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം.
അവയെ ഭയപ്പെടരുത്;
അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല,
നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”
യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;
അവിടന്നു വലിയവൻ,
അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.
രാഷ്ട്രങ്ങളുടെ രാജാവേ,
അങ്ങയെ ആർ ഭയപ്പെടാതിരിക്കും?
അത് അങ്ങയുടെ അവകാശമാണല്ലോ.
രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും
അവരുടെ എല്ലാ രാജ്യങ്ങളിലും,
അങ്ങയെപ്പോലെ ആരുമില്ല.
അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;
തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.
തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും
ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു.
ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ
നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു—
ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.
എന്നാൽ യഹോവ സത്യദൈവമാകുന്നു;
അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ.
അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു;
ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
“ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”10:11 ഈ വാക്യം അരാമ്യഭാഷയിലാണ്.
എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.
അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,
തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.
അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;
ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
അവ മിഥ്യയും അപഹാസപാത്രവുമാണ്;
അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല,
സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
നാശം വരുന്നു
ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,
നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ
കവിണയിൽവെച്ച് എറിഞ്ഞുകളയും;
ഞാൻ അവർക്കു ദുരിതംവരുത്തും
അങ്ങനെ അവർ പിടിക്കപ്പെടും.”
എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!
എന്റെ മുറിവു സൗഖ്യംവരാത്തതത്രേ!
എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”
എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;
അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു.
എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല;
എന്റെ കൂടാരമടിക്കുന്നതിനും
എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.
ഇടയന്മാർ മൃഗത്തിനു തുല്യരാണ്,
അവർ യഹോവയെ അന്വേഷിക്കുന്നില്ല;
അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല,
അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.
ഇതാ, ഒരു വാർത്ത വരുന്നു—
വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ!
അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും
കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.
യിരെമ്യാവിന്റെ പ്രാർഥന
യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;
സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.
യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,
ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ,
അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.
അങ്ങയുടെ കോപം
അങ്ങയെ അറിയാത്ത ജനതകളുടെമേലും
അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ.
കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു;
അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു,
അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
തകർന്ന ഉടമ്പടി
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: “നീ ഈ ഉടമ്പടിയുടെ നിബന്ധനകൾ കേട്ട് യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും അത് അറിയിക്കുക. അവരോട് ഇപ്രകാരം പറയുക, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ. ഇരുമ്പുചൂളയായ ഈജിപ്റ്റുദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാളിൽ ഇവയെ ഞാൻ അവരോടറിയിച്ചു. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന പ്രകാരത്തിലെല്ലാം നിങ്ങൾ എന്റെ വചനം കേട്ട് അനുസരിക്കുക; എന്നാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്ക് ദൈവവുമായിരിക്കും,’ എന്ന് അരുളിച്ചെയ്തു. ‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’ ”
അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഈ വചനങ്ങളെല്ലാം യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ വീഥികളിലും വിളിച്ചുപറയുക, ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ നിങ്ങൾ കേട്ട് അനുസരിക്കുക. നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും “എന്റെ വചനം അനുസരിക്കുക,” എന്ന് അവർക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുന്നു. എന്നിട്ടും അവർ എന്നെ അനുസരിക്കുകയും എനിക്കു ചെവിതരികയും ചെയ്യാതെ ഓരോരുത്തനും തങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു നടന്നിരിക്കുന്നു. അതിനാൽ ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള ഉടമ്പടിയുടെ നിബന്ധനകൾപോലെ ഞാൻ അവരോടു ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അവയെ പ്രമാണിച്ചില്ല.’ ”
യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാജനങ്ങളുടെ ഇടയിലും ജെറുശലേംനിവാസികളുടെ മധ്യത്തിലും ഒരു ഗൂഢാലോചന ഉണ്ടായിരിക്കുന്നു. എന്റെ വാക്കുകൾ നിരസിച്ചുകളഞ്ഞ തങ്ങളുടെ പൂർവികരുടെ പാപങ്ങളിലേക്ക് അവർ വീണ്ടും കടന്നിരിക്കുന്നു. അന്യദേവതകളെ സേവിക്കേണ്ടതിന് അവരുടെ അടുക്കലേക്ക് അവർ തിരിഞ്ഞിരിക്കുന്നു. യെഹൂദാഗൃഹവും ഇസ്രായേൽഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചിരിക്കുന്നു. അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവർക്കു രക്ഷപ്പെടാൻ കഴിയാത്ത ഒരു അനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല. അപ്പോൾ യെഹൂദാനഗരങ്ങളും ജെറുശലേംനിവാസികളും അവർ ധൂപം കാട്ടുന്ന ദേവതകളുടെ അടുക്കൽപോയി അവരോടു നിലവിളിക്കും; എങ്കിലും അവരുടെ കഷ്ടതയിൽ ദേവതകൾ അവരെ രക്ഷിക്കുകയില്ല. അല്ലയോ, യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളംതന്നെ നിനക്കു ദേവതകളുണ്ട്. ജെറുശലേമിലെ വീഥികളുടെ എണ്ണത്തോളം ബാൽ എന്ന മ്ലേച്ഛദേവനു ധൂപം കാട്ടാൻ ബലിപീഠങ്ങൾ നിങ്ങൾ നിർമിച്ചിരിക്കുന്നു.’
“അതിനാൽ നീ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി പ്രാർഥനയുടെ ഒരു നിലവിളി ഉയർത്തരുത്. തങ്ങളുടെ അനർഥം നിമിത്തം അവർ എന്നോടു നിലവിളിക്കുമ്പോൾ അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല.
“പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ
എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്?
വിശുദ്ധമാംസത്തിനു11:15 അഥവാ, അർപ്പിച്ച യാഗങ്ങൾക്കു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ?
ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ
നീ സന്തോഷിക്കുന്നു.11:15 അഥവാ, കഴിയുമോ? എന്നാൽ നീ സന്തോഷിക്കുമായിരുന്നു.”
ആകർഷകമായ ഫലങ്ങൾനിറഞ്ഞ സൗന്ദര്യത്തോടെ തഴച്ചുവളരുന്ന ഒലിവുവൃക്ഷം
എന്ന് യഹോവ നിനക്കു പേരു വിളിച്ചിരുന്നു.
എന്നാൽ കൊടുംകാറ്റിന്റെ ഗർജനത്തോടെ
അവിടന്ന് അതിനു തീവെക്കും
അതിന്റെ ശാഖകൾ ഒടിഞ്ഞുപോകും.
ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപംകാട്ടി ദുഷ്കർമം ചെയ്തുകൊണ്ട് എന്നിലെ ക്രോധമുണർത്തിയതിനാൽ നിന്നെ നട്ടവനായ സൈന്യങ്ങളുടെ യഹോവയായ ഞാൻ നിനക്ക് അനർഥം വിധിച്ചിരിക്കുന്നു.
യിരെമ്യാവിനെതിരേ ഗൂഢാലോചന
യഹോവ അവരുടെ ഗൂഢാലോചനയെക്കുറിച്ച് എനിക്ക് അറിവു തന്നു, അങ്ങനെ ഞാൻ അത് അറിഞ്ഞു. അപ്പോൾ അവരുടെ പ്രവൃത്തികൾ അങ്ങ് എനിക്കു കാണിച്ചുതന്നു. എന്നാൽ ഞാൻ കൊലയ്ക്കായി കൊണ്ടുവരപ്പെട്ട സൗമ്യതയുള്ള ഒരു കുഞ്ഞാടുപോലെ ആയിരുന്നു,
“നമുക്കു വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചുകളയാം;
അവന്റെ പേര് ഇനി ആരും ഓർക്കരുത്,
ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്കവനെ ഛേദിച്ചുകളയാം,”
എന്നു പറഞ്ഞുകൊണ്ട് അവർ എനിക്കെതിരേ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞതുമില്ല.
എന്നാൽ, നീതിയോടെ വിധിക്കുകയും
ഹൃദയവിചാരങ്ങളെ അറിയുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ,
അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണട്ടെ,
ഞാൻ എന്റെ വ്യവഹാരം അങ്ങയോടല്ലോ ബോധിപ്പിച്ചത്.
അതിനാൽ “ഞങ്ങളുടെ കൈകളാൽ നീ മരിക്കാതിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്,” എന്നു പറഞ്ഞുകൊണ്ടു നിന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്ന അനാഥോത്തുജനതയെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— “ഞാൻ അവരെ ശിക്ഷിക്കും. അവരുടെ യുവാക്കൾ വാളിനാൽ വീഴും, അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമത്താൽ മരിക്കും. ഞാൻ അവരെ ശിക്ഷിക്കുന്ന വർഷത്തിൽ, അനാഥോത്തിലെ ജനങ്ങൾക്കു ഞാൻ വിനാശം വരുത്തുകയാൽ, അവരിൽ ആരുംതന്നെ ശേഷിക്കുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവിന്റെ ആവലാതി
യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ,
അങ്ങ് എപ്പോഴും എനിക്കു നീതി നടപ്പാക്കിത്തരുന്നു.
എങ്കിലും അങ്ങയുടെ വിധികളെപ്പറ്റി ഞാൻ അങ്ങയോടു സംസാരിക്കട്ടെ:
ദുഷ്ടരുടെ വഴി ഐശ്വര്യം പ്രാപിക്കാൻ കാരണമെന്ത്?
വിശ്വാസഘാതകർ സന്തുഷ്ടരായി ജീവിക്കുന്നത് എന്തുകൊണ്ട്?
അങ്ങ് അവരെ നട്ടു, അവർ വേരൂന്നുകയും,
വളർന്നു ഫലംകായ്ക്കുകയും ചെയ്യുന്നു.
അവരുടെ വായിൽ അങ്ങ് എപ്പോഴുമുണ്ട്
എന്നാൽ അവരുടെ ഹൃദയങ്ങളിൽനിന്ന് അകലെയുമാണ്.
എന്നാൽ യഹോവേ, അങ്ങ് എന്നെ അറിയുന്നു;
അങ്ങ് എന്നെ കാണുകയും അങ്ങയെക്കുറിച്ചുള്ള എന്റെ ഹൃദയസ്ഥിതി പരിശോധിക്കുകയുംചെയ്യുന്നു.
കൊല്ലാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ!
കശാപ്പുദിവസത്തിനായി അവരെ വേർതിരിക്കണമേ!
നിവാസികളുടെ ദുഷ്ടതനിമിത്തം
ഭൂമി എത്രകാലം ഉണങ്ങിവരണ്ടിരിക്കും?
നിലത്തിലെ സസ്യമെല്ലാം എത്രകാലം വാടിയിരിക്കും?
മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു.
“ഞങ്ങൾക്ക് എന്തു സംഭവിക്കും എന്ന് യഹോവ കാണുകയില്ല,”
എന്ന് അവർ പറയുന്നു.
ദൈവത്തിന്റെ മറുപടി
“കാലാൾപ്പടയാളികളോടുകൂടെ മത്സരിച്ചോടിയിട്ട്
നീ ക്ഷീണിച്ചുപോയാൽ,
കുതിരകളോടു നീ എങ്ങനെ മത്സരിക്കും?
സുരക്ഷിതസ്ഥാനത്ത് നീ വീണുപോയാൽ
യോർദാന്റെ വനത്തിൽ നീ എന്തുചെയ്യും?
നിന്റെ സഹോദരങ്ങളും പിതൃഭവനവും
നിന്നോടു വഞ്ചനകാട്ടിയിരിക്കുന്നു;
അവർ നിനക്കെതിരേ ഒരു വലിയ ആർപ്പുവിളി ഉയർത്തിയിരിക്കുന്നു.
അവർ നിന്നോടു മധുരവാക്കു സംസാരിച്ചാലും
നീ അവരെ വിശ്വസിക്കരുത്.
“ഞാൻ എന്റെ വീടുവിട്ടിറങ്ങി,
എന്റെ അവകാശത്തെ ഉപേക്ഷിച്ചിരിക്കുന്നു;
ഞാൻ ഏറ്റവും സ്നേഹിച്ചവളെ
അവളുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചിരിക്കുന്നു.
എന്റെ ഓഹരി എനിക്കു
കാട്ടിലെ സിംഹംപോലെ ആയിത്തീർന്നു.
അവൾ എന്റെനേരേ അലറുന്നു;
അതിനാൽ ഞാൻ അവളെ വെറുക്കുന്നു.
എന്റെ ഓഹരി എനിക്ക്
ഒരു പുള്ളിക്കഴുകൻപോലെയോ?
അതിനെ മറ്റ് ഇരപിടിയൻപക്ഷികൾ വളഞ്ഞ് ആക്രമിക്കുന്നു.
നിങ്ങൾ പോയി വയലിലെ എല്ലാ വന്യമൃഗങ്ങളെയും
കൂട്ടിക്കൊണ്ട് ഇരപിടിക്കാൻ വരിക.
അനേകം വിദേശികളായ ഭരണാധിപന്മാർ12:10 മൂ.ഭാ. ഇടയന്മാർ എന്റെ മുന്തിരിത്തോപ്പ് നശിപ്പിക്കും,
അവർ എന്റെ ഓഹരി ചവിട്ടിക്കളഞ്ഞു;
എന്റെ മനോഹരമായ അവകാശത്തെ
ഒരു ശൂന്യദേശമാക്കി തീർത്തിരിക്കുന്നു.
അവർ അതിനെ ശൂന്യദേശമാക്കും,
അതു ശൂന്യമായിരിക്കുകയാൽ എന്നോടു നിലവിളിക്കുന്നു;
കരുതുന്നവർ ആരും ഇല്ലാത്തതിനാൽ
ദേശംമുഴുവൻ ശൂന്യമായിത്തീരും.
കൊള്ളക്കാർ മരുഭൂമിയിലൂടെ കുന്നുകളിലെല്ലാം
അനേകമായി വന്നുചേർന്നിരിക്കുന്നു,
യഹോവയുടെ വാൾ ഒരറ്റംമുതൽ
മറ്റേ അറ്റംവരെ നശിപ്പിക്കും;
ഒരു മനുഷ്യനും സമാധാനം കാണുകയില്ല.
അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും;
അവർ അത്യധ്വാനംചെയ്യും, എന്നാൽ ഒന്നും നേടുകയില്ല.
യഹോവയുടെ ഉഗ്രകോപംനിമിത്തം
അവർ തങ്ങളുടെ വിളവിനെപ്പറ്റി ലജ്ജിക്കും.”
“ഞാൻ എന്റെ ജനമായ ഇസ്രായേലിനു നൽകിയിരിക്കുന്ന അവകാശത്തെ കൈയടക്കുന്ന ദുഷ്ടന്മാരായ എന്റെ സകല അയൽവാസികളെയുംപറ്റി,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പിഴുതെടുക്കും, യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചെടുക്കും. എന്നാൽ അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണകാണിക്കും. അവരെ ഓരോരുത്തരെയും അവരവരുടെ അവകാശത്തിലേക്കും രാജ്യത്തേക്കും ഞാൻ മടക്കിവരുത്തും. അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ ശപഥംചെയ്യാൻ പഠിപ്പിച്ചതുപോലെ അവർ ‘ജീവിക്കുന്ന യഹോവയാണെ, എന്ന്,’ എന്റെ നാമത്തിൽ ശപഥംചെയ്യാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികൾ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധിപ്രാപിക്കും. എന്നാൽ ഏതെങ്കിലും ജനത അനുസരിക്കാതിരുന്നാൽ ഞാൻ ആ ജനതയെ പിഴുതെറിയുകയും നശിപ്പിച്ചുകളയുകയും ചെയ്യും,” എന്ന് യഹോവയുടെ അരുളപ്പാട്.
ചണനൂൽകൊണ്ടുള്ള അരപ്പട്ട
യഹോവ എന്നോട്, “നീ ചെന്ന് ചണനൂൽകൊണ്ടുള്ള ഒരു അരപ്പട്ട13:1 അതായത്, ബെൽറ്റ് വാങ്ങി അരയിൽ കെട്ടുക, അതു വെള്ളത്തിൽ മുക്കരുത്” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി.
അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം എനിക്കുണ്ടായത്: “നീ വാങ്ങി അരയിൽ കെട്ടിയ അരപ്പട്ട എടുത്തുകൊണ്ട് ഫ്രാത്തിന്റെ നദിക്കരയിൽ13:4 അഥവാ, പക്ഷേ യൂഫ്രട്ടീസ് നദിക്കരയിൽ; വാ. 5–7 കാണുക. ചെന്ന് ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവെക്കുക.” അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു.
വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ ഫ്രാത്തിന്റെ കരയിൽ ചെന്നു ഞാൻ ഒളിച്ചുവെച്ചിരുന്ന അരപ്പട്ട മാന്തിയെടുത്തു. അരപ്പട്ട ജീർണിച്ച് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.
അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും. എന്റെ വചനം കേൾക്കാതെ സ്വന്തം ഹൃദയത്തിലെ പിടിവാശിക്കനുസരിച്ചു ജീവിക്കുകയും അന്യദേവതകൾക്കു പിന്നാലെചെന്ന് അവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരപ്പട്ടപോലെയാകും! അരപ്പട്ട ഒരു മനുഷ്യന്റെ അരയോടു പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഗൃഹംമുഴുവനെയും യെഹൂദാഗൃഹംമുഴുവനെയും എന്റെ പ്രശസ്തിയും പ്രശംസയും മഹത്ത്വവുമാകാനായി എന്നോടു ചേർത്തു ബന്ധിച്ചു. എന്നാൽ അവരോ അതിൽ ശ്രദ്ധവെച്ചില്ല,’ എന്ന് യഹോവയുടെ അരുളപ്പാട്.
വീഞ്ഞുതുരുത്തി
“അതിനാൽ, ഈ വചനം നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടും.’ അപ്പോൾ അവർ നിന്നോട്, ‘എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കും. അപ്പോൾ നീ അവരോടു പറയേണ്ടത്, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഈ ദേശത്തിലെ എല്ലാ നിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജെറുശലേമിലെ എല്ലാ നിവാസികളെയും ഞാൻ മദ്യലഹരിയിൽ ആക്കിത്തീർക്കും. അവർ പരസ്പരം ഏറ്റുമുട്ടാൻ, മാതാപിതാക്കളും മക്കളും ഒരുപോലെ ഏറ്റുമുട്ടി നശിക്കാൻ, ഞാൻ ഇടയാക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ സഹതപിക്കുകയോ കരുണകാണിക്കുകയോ ദയകാണിക്കുകയോ ചെയ്യാതെ അവരെ നശിപ്പിച്ചുകളയും.’ ”
നാശം അടുത്തിരിക്കുന്നു
കേൾക്കുക, ചെവിതരിക,
നിഗളിക്കരുത്,
കാരണം യഹോവ അരുളിച്ചെയ്തിരിക്കുന്നു.
യഹോവ, അന്ധകാരം വരുത്തുന്നതിനും
നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ
ഇടറിപ്പോകുന്നതിനും മുമ്പേ
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക.
നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു,
എന്നാൽ അവിടന്നതു ഘോരാന്ധകാരമായും
കൂരിരുളായും മാറ്റും.
നിങ്ങൾ കേട്ട് അനുസരിക്കുന്നില്ലെങ്കിൽ,
നിങ്ങളുടെ നിഗളം ഓർത്ത്
ഞാൻ രഹസ്യത്തിൽ കരയും;
യഹോവയുടെ ആട്ടിൻപറ്റത്തെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയതോർത്ത്
എന്റെ കണ്ണുകൾ അതികഠിനമായി വിലപിച്ച്
കണ്ണീരൊഴുക്കും.
രാജാവിനോടും രാജമാതാവിനോടും നീ പറയേണ്ടത്,
“നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് താഴെയിറങ്ങുക,
കാരണം നിങ്ങളുടെ മഹത്ത്വകിരീടംതന്നെ
നിങ്ങളുടെ തലയിൽനിന്നു താഴെവീണുപോകും.”
തെക്കേദേശത്തിലെ13:19 അതായത്, യെഹൂദയ്ക്കു തെക്കുള്ള നഗരങ്ങൾ അടയ്ക്കപ്പെടും,
അവ തുറക്കുന്നതിന് ആരുംതന്നെ ഉണ്ടാകുകയില്ല.
എല്ലാ യെഹൂദ്യരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോകും,
അവരെ മുഴുവൻ തടവുകാരാക്കി കൊണ്ടുപോകും.
നിങ്ങളുടെ കണ്ണുയർത്തി
വടക്കുനിന്നു വരുന്നവരെ നോക്കുക.
നിനക്കു നൽകപ്പെട്ടിരുന്ന ആട്ടിൻപറ്റം എവിടെ,
നിന്റെ അഭിമാനമായ ആട്ടിൻപറ്റംതന്നെ?
നിന്റെ സഖ്യകക്ഷികളായി നീ തന്നെ ശീലിപ്പിച്ചിരുന്നവരെ
അവിടന്നു നിന്റെമേൽ അധിപതികളായി നിയമിക്കുമ്പോൾ നീ എന്തുപറയും?
പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ
വേദന നിന്നെ പിടികൂടുകയില്ലേ?
“ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?”
എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ,
നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം
നിന്റെ വസ്ത്രം ചീന്തപ്പെടുകയും
നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു.
ഒരു കൂശ്യന്13:23 അഥവാ, എത്യോപ്യാക്കാരന് അവന്റെ ത്വക്കിനെയും
പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയെയും മാറ്റാൻ കഴിയുമോ?
എങ്കിൽ തിന്മമാത്രം ചെയ്യാൻ ശീലിച്ചിരിക്കുന്ന
നിങ്ങൾക്ക് നന്മചെയ്യാൻ കഴിയുമോ?
“മരുഭൂമിയിലെ കാറ്റിനാൽ പാറിപ്പോകുന്ന
പതിരുപോലെ ഞാൻ നിന്നെ ചിതറിച്ചുകളയും.
നീ എന്നെ മറന്ന്
വ്യാജദേവതകളിൽ ആശ്രയിക്കുകയാൽ
ഇത് നിന്റെ ഓഹരിയും
ഞാൻ കൽപ്പിച്ചുതന്ന നിന്റെ പങ്കുമാകുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അതുകൊണ്ട് നിന്റെ ഗുഹ്യഭാഗം കാണേണ്ടതിന്
ഞാൻ നിന്റെ വസ്ത്രാഗ്രം നിന്റെ മുഖത്തിനുമീതേ പൊക്കും.
നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്,
ലജ്ജാകരമായ വേശ്യാവൃത്തി
എന്നീ മ്ലേച്ഛതകൾ,
വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു.
ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം!
എത്രകാലം നീ അശുദ്ധയായിരിക്കും?”
വരൾച്ച, ക്ഷാമം, വാൾ
വരൾച്ചയെ സംബന്ധിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്:
“യെഹൂദാ വിലപിക്കുന്നു,
അതിന്റെ പട്ടണങ്ങൾ തളരുന്നു;
അവർ ദേശത്തിനുവേണ്ടി വിലപിക്കുന്നു,
ജെറുശലേമിൽനിന്നു നിലവിളി ഉയരുന്നു.
അവരുടെ പ്രഭുക്കന്മാർ തങ്ങളുടെ സേവകരെ വെള്ളത്തിനായി പറഞ്ഞയയ്ക്കുന്നു;
അവർ ജലസംഭരണിയിങ്കലേക്കുപോയി
എന്നാൽ വെള്ളം കാണാതെ,
ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങിപ്പോകുന്നു;
നിരാശരും ലജ്ജിതരുമായി
അവർ തങ്ങളുടെ തലമൂടുന്നു.
മഴയില്ലാത്തതിനാൽ
നിലം വിണ്ടുകീറിയിരിക്കുന്നു;
ഉഴവുകാർ നിരാശരായിരിക്കുന്നു
അവർ തങ്ങളുടെ തലമൂടുകയുംചെയ്യുന്നു.
വയലിലെ മാൻപേട
കുട്ടിയെ പ്രസവിച്ചശേഷം
പുല്ലില്ലായ്കയാൽ ഉപേക്ഷിച്ചുപോകുന്നു.
കാട്ടുകഴുത മൊട്ടക്കുന്നുകളിന്മേൽ നിന്നുകൊണ്ട്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾ ഇല്ലായ്കയാൽ
അതിന്റെ കണ്ണുകൾ തളരുന്നു.”
യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നെങ്കിലും
അങ്ങയുടെ നാമംനിമിത്തം പ്രവർത്തിക്കണമേ.
ഞങ്ങൾ പലപ്പോഴും വിശ്വാസത്യാഗികളായി;
ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു.
ഇസ്രായേലിന്റെ പ്രത്യാശയും
കഷ്ടകാലത്ത് അവരുടെ രക്ഷകനും ആയവനേ,
അങ്ങ് ദേശത്ത് ഒരു അപരിചിതനെപ്പോലെയും
ഒരു രാത്രിമാത്രം താമസിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും
രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്?
യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്,
ഞങ്ങൾ തിരുനാമം വഹിക്കുന്നു
ഞങ്ങളെ ഉപേക്ഷിക്കരുതേ!
യഹോവ തന്റെ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അവർ ഈ വിധം അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടു;
തങ്ങളുടെ കാലുകളെ അവർ അടക്കിവെച്ചില്ല.
അതിനാൽ യഹോവ അവരെ അംഗീകരിക്കുകയില്ല;
അവിടന്ന് ഇപ്പോൾ അവരുടെ ദുഷ്ടത ഓർക്കുകയും
അവരുടെ പാപങ്ങൾ ശിക്ഷിക്കുകയും ചെയ്യും.”
അതിനുശേഷം യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കരുത്. അവർ ഉപവസിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ കൈക്കൊള്ളുകയില്ല. പ്രത്യുത, ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും നശിപ്പിക്കും.”
അപ്പോൾ ഞാൻ, “യഹോവയായ കർത്താവേ, പ്രവാചകന്മാർ അവരോട്: ‘നിങ്ങൾ വാൾ കാണുകയോ നിങ്ങൾക്കു ക്ഷാമമുണ്ടാകുകയോ ഇല്ല, ഞാൻ ഈ സ്ഥലത്തു നിങ്ങൾക്ക് ശാശ്വതമായ സമാധാനം നൽകും’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും14:14 അഥവാ, വിഗ്രഹാരാധനകളും സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്. ഞാൻ അയയ്ക്കാതിരുന്നിട്ടും അവർ പറയുന്നു, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകുകയില്ല.’ എന്റെ നാമത്തിൽ പ്രവചിക്കുന്ന ആ പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും.’ അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.
“അതിനാൽ നീ ഈ വചനം അവരോടു പറയണം:
“ ‘എന്റെ കണ്ണിൽനിന്ന് രാവും പകലും
നിരന്തരം കണ്ണുനീർ ഒഴുകട്ടെ;
കാരണം എന്റെ ജനത്തിന്റെ പുത്രിയായ കന്യക
കഠിനമായി തകർന്നും
വ്യസനകരമായവിധം അടിയേറ്റും ഇരിക്കുന്നു.
ഞാൻ വയലിലേക്കു പോയാൽ,
അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും
ഞാൻ പട്ടണത്തിൽ കടന്നാൽ,
അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു.
പ്രവാചകനും പുരോഹിതനും ഒരുപോലെ
തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”
അങ്ങ് യെഹൂദയെ നിശ്ശേഷം തള്ളിക്കളഞ്ഞുവോ?
അങ്ങു സീയോനെ വെറുത്തുവോ?
ഞങ്ങൾക്കു സൗഖ്യം ലഭിക്കാതവണ്ണം
അങ്ങ് ഞങ്ങളെ മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ട്?
ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു
എന്നാൽ ഒരു ഫലവും ഉണ്ടായില്ല,
രോഗശാന്തിക്കായി കാത്തിരുന്നു
എന്നാലിതാ ഭീതിമാത്രം.
യഹോവേ, ഞങ്ങളുടെ ദുഷ്ടതയും
ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും ഞങ്ങൾ ഏറ്റുപറയുന്നു;
ഞങ്ങൾ അങ്ങയോടു പാപംചെയ്തിരിക്കുന്നു.
അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ;
അങ്ങയുടെ തേജസ്സുള്ള സിംഹാസനത്തെ അപമാനിക്കരുതേ.
ഞങ്ങളോടുള്ള അവിടത്തെ ഉടമ്പടി ഓർക്കണമേ,
അതു ലംഘിക്കരുതേ.
ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്?
അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്.
അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്,
കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ! ‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം:
“ ‘മരണത്തിനുള്ളവർ മരണത്തിനും;
വാളിനുള്ളവർ വാളിനും;
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും;
പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ. യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
“ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും?
ആര് നിന്നെയോർത്തു വിലപിക്കും?
നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു.
തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും;
ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന്
ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും.
ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും;
എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
അവരുടെ വിധവകൾ എന്റെമുമ്പിൽ
കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും.
അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ
ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും;
ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും
അവളുടെമേൽ പതിക്കാൻ ഇടയാക്കും.
ഏഴുമക്കളെ പ്രസവിച്ചവൾ
തളർന്ന് ജീവൻ വെടിയുന്നു.
പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും;
അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും.
അവരിൽ ശേഷിച്ചവരെ ഞാൻ
ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ,
അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്.
എനിക്ക് അയ്യോ കഷ്ടം!
ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല,
എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല,
എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
യഹോവ അരുളിച്ചെയ്തു:
“തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും;
ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത്
നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
“ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള
ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
“നിന്റെ രാജ്യംമുഴുവനും
പാപത്താൽ നിറഞ്ഞതുനിമിത്തം
നിന്റെ സമ്പത്തും നിക്ഷേപങ്ങളും
ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ
നിന്റെ ശത്രുക്കൾക്ക് അടിമയാക്കും;
കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു,
അതു നിനക്കെതിരേ ജ്വലിക്കും.”
യഹോവേ, അങ്ങ് അറിയുന്നല്ലോ;
എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ.
എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ.
എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ;
അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു.
അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു;
സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ
അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല;
അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ
അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
എന്റെ വേദന അവസാനിക്കാത്തതും
എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്?
അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും
വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി,
ഞാൻ നിന്നെ പുനരുദ്ധരിക്കും;
വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ,
നീ എന്റെ വക്താവായിത്തീരും.
ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ,
എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
ഞാൻ നിന്നെ ആ ജനത്തിന്
കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും;
അവർ നിനക്കെതിരേ യുദ്ധംചെയ്യും,
എന്നാൽ ജയിക്കുകയില്ലതാനും;
നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും
ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും
ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”
അനർഥകാലം
അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “നീ ഒരു ഭാര്യയെ എടുക്കരുത്, നിനക്ക് ഇവിടെ പുത്രന്മാരും പുത്രിമാരും ഉണ്ടാകുകയും അരുത്.” കാരണം ഈ സ്ഥലത്തു ജനിച്ചിട്ടുള്ള പുത്രന്മാരെയും പുത്രിമാരെയും അവരെ പ്രസവിച്ചിട്ടുള്ള അമ്മമാരെയും ഈ സ്ഥലത്ത് അവർക്കു ജന്മംനൽകിയ പിതാക്കന്മാരെയും സംബന്ധിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മാരകരോഗങ്ങളാൽ മരിക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയോ അവരെ ആരും അടക്കംചെയ്യുകയോ ഇല്ല. അവർ ഭൂമുഖത്തിനു വളമായിച്ചേരും. അവർ വാളിനാലും ക്ഷാമത്താലും നശിച്ചുപോകും. അവരുടെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർക്കുവേണ്ടി വിലാപഭവനത്തിൽ പ്രവേശിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ സഹതപിക്കുകയോ അരുത്. കാരണം ഞാൻ ഈ ജനത്തിൽനിന്ന് എന്റെ സമാധാനവും അചഞ്ചലസ്നേഹവും അനുകമ്പയും നീക്കിക്കളഞ്ഞിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഈ ദേശത്തിലെ വലിയവരും ചെറിയവരും മരണമടയും; അവരെ അടക്കംചെയ്യുകയില്ല, ജനം അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിവേൽപ്പിക്കുകയോ അവരുടെ തല ക്ഷൗരംചെയ്യുകയോ ഇല്ല. മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവരെ—സ്വന്തം മാതാവിനോ പിതാവിനോവേണ്ടി ആണെങ്കിൽപോലും—ആശ്വസിപ്പിക്കാനായി ആരും അവർക്ക് അപ്പം നുറുക്കി കൊടുക്കുകയില്ല, ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.
“അവരോടൊപ്പം ഇരുന്ന് ഭക്ഷിച്ചു പാനംചെയ്യുന്നതിനായി നീ വിരുന്നുവീട്ടിലേക്കു പോകരുത്. കാരണം ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, നിങ്ങൾ കാൺകെ, ഞാൻ ഈ സ്ഥലത്തുനിന്ന് നിങ്ങളുടെ കാലത്തുതന്നെ ആഹ്ലാദശബ്ദവും ആനന്ദധ്വനിയും മണവാളന്റെ ശബ്ദവും മണവാട്ടിയുടെ ശബ്ദവും ഇല്ലാതെയാക്കും.
“നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’ അപ്പോൾ നീ അവരോട് ഇങ്ങനെ ഉത്തരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ ആശ്രയിച്ച് അവയെ സേവിക്കുകയും ആരാധിക്കുകയും എന്നെ പരിത്യജിച്ച് എന്റെ ന്യായപ്രമാണം അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ടുതന്നെ, എന്ന് യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വാക്കുകൾ അനുസരിക്കാതെ നിങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു ജീവിക്കുന്നു. അതുകൊണ്ടു ഞാൻ നിങ്ങളെ ഈ രാജ്യത്തുനിന്നു ഭ്രഷ്ടരാക്കും, നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത ഒരു അന്യദേശത്തേക്ക് അയച്ചുകളയും. അവിടെ നിങ്ങൾ രാപകൽ അന്യദേവതകളെ സേവിക്കും; ഞാൻ നിങ്ങളോടു യാതൊരു ദയയും കാണിക്കുകയുമില്ല.’
“അതിനാൽ, ‘ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ, എന്ന് ഇനിയും പറയാതെ ഉത്തരദേശത്തുനിന്നും യഹോവ അവരെ നാടുകടത്തിയിരുന്ന എല്ലാ ദേശങ്ങളിൽനിന്നും ഇസ്രായേൽമക്കളെ കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരുന്നു; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്തിരിക്കുന്ന അവരുടെ ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
“എന്നാൽ ഇപ്പോൾ ഞാൻ അനേകം മീൻപിടിത്തക്കാരെ അയയ്ക്കും, അവർ അവരെ പിടിക്കും. അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ അയയ്ക്കും, അവർ അവരെ എല്ലാ മലയിൽനിന്നും കുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “എന്റെ കണ്ണുകൾ അവരുടെ എല്ലാ വഴികളിന്മേലും ഇരിക്കുന്നു; അവർ എന്റെ മുമ്പിൽനിന്ന് മറഞ്ഞിരിക്കുന്നില്ല; അവരുടെ അനീതി എന്റെ കണ്ണുകൾക്കു മറവായിരിക്കുന്നതുമില്ല. അവർ എന്റെ ദേശം മലിനമാക്കുകയും അവർ തങ്ങളുടെ മലിനവിഗ്രഹങ്ങളുടെ ജീവനില്ലാത്ത രൂപങ്ങളാലും മ്ലേച്ഛവിഗ്രഹങ്ങളാലും എന്റെ അവകാശത്തെ നിറയ്ക്കുകയും ചെയ്തതിനാൽ, ഞാൻ അവരുടെ ദുഷ്ടതയ്ക്കും പാപത്തിനും ഇരട്ടി പകരംചെയ്യും.”
എന്റെ ബലവും എന്റെ കോട്ടയും
കഷ്ടകാലത്ത് എന്റെ സങ്കേതവുമായ യഹോവേ,
ഭൂമിയുടെ അറുതികളിൽനിന്ന്
രാഷ്ട്രങ്ങൾ അങ്ങയുടെ അടുക്കൽവന്ന്,
“തീർച്ചയായും ഞങ്ങളുടെ പിതാക്കന്മാർ വ്യാജദേവതകളല്ലാതെ മറ്റൊന്നും അവകാശമാക്കിയിരുന്നില്ല,
നിഷ്‌പ്രയോജനമായിരുന്ന മിഥ്യാമൂർത്തികളെത്തന്നെ, എന്നു പറയും.
ഒരു മനുഷ്യൻ തനിക്കായിത്തന്നെ ദേവതകളെ നിർമിക്കുമോ?
അതേ, എന്നാൽ അവ ദേവതകളല്ലാതാനും!”
“അതിനാൽ ഞാൻ അവരെ പഠിപ്പിക്കും—
എന്റെ ഭുജവും എന്റെ ശക്തിയും
ഈ പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും.
എന്റെ നാമം യഹോവ എന്ന്
അവർ അപ്പോൾ അറിയും.
“യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും
വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു,
അത് അവരുടെ ഹൃദയത്തിന്റെ പലകമേലും
അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
അവരുടെ മക്കൾപോലും
ഉയർന്ന മലകളിൽ
ഇലതൂർന്ന മരങ്ങൾക്കരികെയുള്ള
അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും17:2 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. ഓർക്കുന്നുവല്ലോ.
വയൽപ്രദേശത്തുള്ള എന്റെ പർവതമേ,
രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം
നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും
നിന്റെ ക്ഷേത്രങ്ങളോടൊപ്പം
ഞാൻ കൊള്ളമുതലായി കൊടുക്കും.
ഞാൻ നിനക്കുതന്ന അവകാശത്തെ
നീ വിട്ടുപോകേണ്ടിവരും.
നീ അറിയാത്ത ദേശത്ത്
നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും,
കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു,
അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ,
മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും
ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.
അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും;
അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല.
മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും
വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.
“എന്നാൽ യഹോവയിൽ ആശ്രയിക്കുകയും
യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും
ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.
ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;
അതിന്റെ ഇല നിത്യഹരിതമായിരിക്കും.
വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ
ഫലം കായ്ച്ചുകൊണ്ടിരിക്കും.”
ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും
സൗഖ്യമാക്കാൻ കഴിയാത്തതുമാണ്.
ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?
“ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും
അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന്
യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും
മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”
അന്യായമായി ധനം സമ്പാദിക്കുന്നവർ
ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.
തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും,
ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.
തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം,
അതാണ് നമ്മുടെ അഭയസ്ഥാനം.
ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,
അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും.
അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും17:13 അഥവാ, അധോലോകത്തിന് അവകാശികളാകും.
കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ
അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.
യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും;
എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും,
കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.
“യഹോവയുടെ വചനം എവിടെ?
അതു നിവർത്തിയാകട്ടെ!”
എന്ന് അവർ എന്നോടു പറയുന്നു.
ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല;
നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു.
എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു.
അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ;
അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ.
എന്റെ പീഡകർ ലജ്ജിക്കട്ടെ,
എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ;
അവർ സംഭീതരാകട്ടെ,
എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ.
ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ;
ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ.
ശബ്ബത്തുദിനം ആചരിക്കുക
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ പോയി, യെഹൂദാരാജാക്കന്മാർ അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യുന്ന ജനത്തിന്റെ17:19 അഥവാ, സൈന്യത്തിന്റെ കവാടത്തിലും ജെറുശലേമിന്റെ എല്ലാ കവാടങ്ങളിലും നിന്നുകൊണ്ട്, അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക. നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക. എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു. നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്. അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും17:26 അതായത്, യെഹൂദയ്ക്കു തെക്കുവശത്തുനിന്നും. ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും. എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”
കുശവന്റെ വീട്ടിൽ
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: “നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു പോകുക. അവിടെവെച്ചു ഞാൻ എന്റെ അരുളപ്പാട് നിനക്കു നൽകും.” അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽച്ചെന്നു. അയാൾ ചക്രത്തിന്മേൽ വേലചെയ്യുകയായിരുന്നു. കുശവൻ നിർമിച്ചുകൊണ്ടിരുന്ന പാത്രം അയാളുടെ കൈകളിൽ അതിന്റെ ശരിയായ ആകൃതിയിൽ രൂപപ്പെട്ടില്ല; അതിനാൽ അയാൾ തനിക്ക് ഉചിതമെന്നു തോന്നിയതുപോലെ ആ പശമണ്ണു മറ്റൊരു പാത്രമാക്കിത്തീർത്തു.
അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യാൻ കഴിയുകയില്ലേ?” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇസ്രായേലേ, കളിമണ്ണു കുശവന്റെ കൈയിലെന്നപോലെ നിങ്ങൾ എന്റെ കൈയിലിരിക്കുന്നു. ഒരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് ഞാൻ അവരെ ഉന്മൂലനംചെയ്യുമെന്നും തകർത്തുകളയുമെന്നും നശിപ്പിക്കുമെന്നും അരുളിച്ചെയ്തേക്കാം. ഞാൻ ഇപ്രകാരം അരുളിച്ചെയ്ത ജനത അതിന്റെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അതിന്റെമേൽ വരുത്തുമെന്നു നിർണയിച്ച അനർഥത്തെക്കുറിച്ച് അനുതപിക്കും. അഥവാ, മറ്റൊരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് അതിനെ കെട്ടിപ്പടുക്കുമെന്നും നടുമെന്നും ഞാൻ സംസാരിച്ചെന്നു വരാം, എങ്കിലും അവർ എന്നെ അനുസരിക്കാതെ തിന്മ പ്രവർത്തിച്ചാൽ അവർക്കു വരുത്തുമെന്നു ഞാൻ അരുളിച്ചെയ്ത നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും.
“അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’ അതിന് അവർ, ‘ഇതു വെറുതേയാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗങ്ങളിൽത്തന്നെ നടക്കും. ഞങ്ങളിൽ ഓരോരുത്തനും ഞങ്ങളുടെ ദുഷ്ടഹൃദയത്തിലെ ശാഠ്യമനുസരിച്ചുതന്നെ പ്രവർത്തിക്കും’ ” എന്നു മറുപടി പറഞ്ഞു.
അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ഇതര രാഷ്ട്രങ്ങൾക്കിടയിൽ ചെന്ന് അന്വേഷിക്കുക:
ഇപ്രകാരമുള്ളത് ആരെങ്കിലും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
ഇസ്രായേൽ കന്യക
അതിഭയാനകമായ ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു.
ലെബാനോനിലെ ഹിമം അതിന്റെ
പാതയിടുക്കിൽനിന്ന് മാഞ്ഞുപോകുമോ?
ദൂരെനിന്ന് ഒഴുകിവരുന്ന അതിന്റെ
തണുത്ത വെള്ളം വറ്റിപ്പോകുമോ?18:14 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
എന്നിട്ടും എന്റെ ജനം എന്നെ മറന്നിരിക്കുന്നു;
അവർ മിഥ്യാമൂർത്തികൾക്കു ധൂപംകാട്ടുന്നു.
അവ അവരെ തങ്ങളുടെ വഴികളിൽനിന്നും
പുരാതനമായ പാതകളിൽനിന്നും കാലിടറി വീഴുമാറാക്കി.
അവർ അവരെ ഊടുവഴിയിലൂടെ
പണിതിട്ടില്ലാത്ത പാതകളിലൂടെത്തന്നെ സഞ്ചരിക്കാൻ ഇടയാക്കി.
അങ്ങനെ അവർ തങ്ങളുടെ ദേശത്തെ വിജനവും
എന്നേക്കും ഒരു പരിഹാസവിഷയവും ആക്കുന്നു;
അതിൽക്കൂടി കടന്നുപോകുന്ന എല്ലാവരും സ്തബ്ധരായി,
അവർ തങ്ങളുടെ തലകുലുക്കും.
കിഴക്കുനിന്നുള്ള കാറ്റുപോലെ,
ഞാൻ അവരെ അവരുടെ ശത്രുക്കൾക്കുമുമ്പിൽ ചിതറിക്കും;
അവരുടെ നാശദിവസത്തിൽ
ഞാൻ എന്റെ മുഖമല്ല, പിറകുതന്നെ അവർക്കു കാണിക്കും.”
അപ്പോൾ അവർ പറഞ്ഞു, “വരിക നമുക്കു യിരെമ്യാവിനെതിരേ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതനിൽനിന്നുള്ള ന്യായപ്രമാണ അധ്യാപനവും ജ്ഞാനിയിൽനിന്നുള്ള ആലോചനയും പ്രവാചകനിൽനിന്നുള്ള അരുളപ്പാടും ഇല്ലാതാകുകയില്ല. വരിക, നമുക്കു നാവുകൊണ്ട് അദ്ദേഹത്തെ പ്രഹരിക്കാം; അദ്ദേഹത്തിന്റെ വാക്കിനു യാതൊരു പരിഗണനയും നൽകേണ്ടതില്ല.”
യഹോവേ, എനിക്കു ചെവിതരണമേ;
എന്റെമേൽ കുറ്റം ആരോപിക്കുന്നവരുടെ ശബ്ദം ശ്രദ്ധിക്കണമേ!
നന്മയ്ക്കുപകരം ആരെങ്കിലും തിന്മ ചെയ്യുമോ?
എന്നിട്ടും അവൻ എന്റെ പ്രാണനുവേണ്ടി ഒരു കുഴികുഴിച്ചിരിക്കുന്നു.
ഞാൻ അവരുടെ നന്മയ്ക്കായി സംസാരിക്കുന്നതിനും
അവരിൽനിന്ന് അങ്ങയുടെ ക്രോധം നീക്കിക്കളയുന്നതിനുമായി
അങ്ങയുടെമുമ്പിൽ നിന്നത് ഓർക്കണമേ.
അതിനാൽ അവരുടെ മക്കളെ ക്ഷാമത്തിന് ഏൽപ്പിക്കണമേ;
അവരെ വാളിന്റെ ശക്തിക്ക് ഇരയാക്കണമേ.
അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളും ആയിത്തീരട്ടെ;
അവരുടെ പുരുഷന്മാരും മരണത്തിന് ഏൽപ്പിക്കപ്പെടട്ടെ,
അവരുടെ യുവാക്കന്മാർ യുദ്ധത്തിൽ വാൾകൊണ്ടു വീഴാൻ ഇടയാകട്ടെ.
അങ്ങ് വളരെപ്പെട്ടെന്നു കവർച്ചക്കാരെ അവരുടെനേരേ അയയ്ക്കുമ്പോൾ
അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ,
കാരണം അവർ എന്നെ വീഴ്ത്തുന്നതിന് കുഴികുഴിക്കുകയും
എന്റെ കാലുകൾക്ക് കെണിയൊരുക്കുകയും ചെയ്തല്ലോ.
എന്നാൽ യഹോവേ, എന്നെ വധിക്കുന്നതിനുള്ള
അവരുടെ എല്ലാ പദ്ധതികളും അങ്ങ് അറിയുന്നല്ലോ.
അവരുടെ കുറ്റം ക്ഷമിക്കുകയോ
അവരുടെ പാപങ്ങൾ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് മായിച്ചുകളയുകയോ ചെയ്യരുതേ.
അങ്ങയുടെമുമ്പാകെ അവരെ തകിടം മറിക്കണമേ,
അങ്ങയുടെ കോപകാലത്തുതന്നെ അവരോടു വ്യവഹരിക്കണമേ.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പോയി കുശവന്റെ കൈയിൽനിന്ന് ഒരു മൺകുടം വാങ്ങുക. സമുദായനേതാക്കന്മാരിൽ ചിലരെയും പുരോഹിതന്മാരിൽ ചിലരെയും കൂട്ടിക്കൊണ്ട്, ഹർസീത്തു19:2 മൺപാത്രക്കഷണം എന്നർഥം. കവാടത്തിനു സമീപമുള്ള ബെൻ-ഹിന്നോം താഴ്വരയിലേക്കു പോകുക. അവിടെവെച്ച് ഞാൻ നിന്നെ അറിയിക്കുന്ന വാക്കുകൾ പ്രസ്താവിക്കുക: ‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിച്ചെയ്യുകയോ ചെയ്തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കശാപ്പുതാഴ്വര എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.
“ ‘അങ്ങനെ ഞാൻ ഈ സ്ഥലത്ത് യെഹൂദയുടെയും ജെറുശലേമിന്റെയും പദ്ധതികൾ നിഷ്ഫലമാക്കിത്തീർക്കും; ഞാൻ അവരെ അവരുടെ ശത്രുക്കളുടെയും അവരുടെ പ്രാണനെ വേട്ടയാടുന്നവരുടെയും വാളിന് ഇരയാക്കിത്തീർക്കും; ഞാൻ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വയലിലെ മൃഗങ്ങൾക്കും ഭക്ഷണമാക്കും. ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും. അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’
“അതിനുശേഷം നിന്നോടൊപ്പം വന്നവർ കാൺകെ നീ ആ കുടം ഉടയ്ക്കണം. പിന്നീട് അവരോടു നീ ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും നന്നാക്കാൻ കഴിയാത്തവിധം കുശവന്റെ ഈ മൺകുടം ഞാൻ ഉടച്ചുകളഞ്ഞതുപോലെ ഈ രാഷ്ട്രത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. സംസ്കരിക്കാൻ വേറെ സ്ഥലമില്ലാതെവരുവോളം അവരെ തോഫെത്തിൽ സംസ്കരിക്കും. ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഇപ്രകാരം ചെയ്യും. ഞാൻ ഈ നഗരത്തെ തോഫെത്തുപോലെ ആക്കിത്തീർക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”
അതിനുശേഷം യിരെമ്യാവ്, യഹോവ തന്നെ പ്രവചിക്കാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു മടങ്ങി, യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനത്തോടുമായി ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, അവർ എന്റെ വാക്കു കേൾക്കാതെ ശാഠ്യമുള്ളവരായിത്തീർന്നതുകൊണ്ട് ഈ നഗരത്തിന്റെമേലും അടുത്തുള്ള എല്ലാ പട്ടണങ്ങളുടെമേലും ഞാൻ അവയ്ക്കെതിരേ വിധിച്ചിട്ടുള്ള സകല അനർഥങ്ങളും വരുത്തും.’ ”
യിരെമ്യാവും പശ്ഹൂരും
യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു. അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു. അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ്20:3 ഭീതിയിൽ കഴിയുന്ന പുരുഷൻ എന്നർഥം. എന്നാകുന്നു. കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും. ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും. പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’ ”
യിരെമ്യാവിന്റെ പരാതി
യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു;20:7 അഥവാ, നിർബന്ധിച്ചു ഞാൻ പ്രലോഭിതനാകുകയും ചെയ്തു.
അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു;
ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു;
എല്ലാവരും എന്നെ പരിഹസിക്കുന്നു.
സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്,
അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു.
അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും
എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.
“ഞാൻ അവിടത്തെ വചനം ഓർക്കുകയോ
അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ,
അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്,
എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു.
ഞാൻ തളർന്നു; എനിക്ക് അതു
സഹിക്കാൻ കഴിയാതായിരിക്കുന്നു.
“ചുറ്റും കൊടുംഭീതി!
അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!”
എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു.
“ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച്
അയാളോടു പകരം വീട്ടാൻ തക്കവണ്ണം
അയാൾ വശീകരിക്കപ്പെടാം,”
എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന
എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു.
എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്;
അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല.
അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും
അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.
നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും
കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ,
അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ,
കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.
യഹോവയ്ക്കു പാടുക!
യഹോവയ്ക്കു സ്തോത്രംചെയ്യുക!
കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ
ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
ഞാൻ പിറന്ന ദിവസം ശപിക്കപ്പെടട്ടെ!
എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ!
“നിനക്ക് ഒരു പുരുഷപ്രജ ലഭിച്ചിരിക്കുന്നു!”
എന്ന് എന്റെ പിതാവിന്റെ അടുക്കൽ വാർത്ത കൊണ്ടുവന്ന്
അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവനാകട്ടെ.
ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ
പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ.
രാവിലെ അയാൾ നിലവിളിയും
ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.
എന്റെ അമ്മ എനിക്കു ശവക്കുഴിയായി,
അവളുടെ ഉദരം എപ്പോഴും എന്നെക്കൊണ്ടു നിറഞ്ഞിരിക്കുമാറ്,
അയാൾ എന്നെ ഗർഭത്തിൽവെച്ചുതന്നെ കൊന്നുകളഞ്ഞില്ലല്ലോ.
കഷ്ടതയും സങ്കടവും അനുഭവിക്കാനും
എന്റെ ജീവിതകാലം ലജ്ജയിൽ കഴിഞ്ഞുകൂടുന്നതിനും
ഞാൻ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതെന്തിന്?
സിദെക്കീയാവിന്റെ അഭ്യർഥന ദൈവം നിരസിക്കുന്നു
സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്: “ബാബേൽരാജാവായ നെബൂഖദ്നേസർ21:2 മൂ.ഭാ. നെബൂഖദരേനേസ്സർ, നെബൂഖദ്നേസർ എന്നതിന്റെ മറ്റൊരുരൂപം. നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”
എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക, ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും21:4 അഥവാ, കൽദയർക്കും എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും. ഞാൻതന്നെയും നീട്ടിയ ഭുജംകൊണ്ടും ബലവത്തായ കരംകൊണ്ടും ഉഗ്രകോപത്തോടും മഹാക്രോധത്തോടുംകൂടി നിങ്ങൾക്കെതിരേ യുദ്ധംചെയ്യും. ഈ നഗരത്തിലെ നിവാസികളെ— മനുഷ്യരെയും മൃഗങ്ങളെയും—ഞാൻ സംഹരിക്കും. അവർ ഒരു മഹാമാരിയാൽ മരിക്കും. അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’
“നീ ഇതുംകൂടി ഈ ജനത്തോടു പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെമുമ്പിൽ വെക്കുന്നു. ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ പുറത്തുപോയി നിങ്ങളെ ഉപരോധിക്കുന്ന ബാബേല്യർക്കു കീഴ്പ്പെടുന്നവർ ജീവനോടെ ശേഷിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും. ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’
“അതിനുശേഷം നീ യെഹൂദയിലെ രാജകുടുംബത്തോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക. ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം
ആർക്കും കെടുത്താൻ കഴിയാത്തവിധം
എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്,
പ്രഭാതംതോറും ന്യായം പരിപാലിക്കുകയും
കവർച്ചയ്ക്കിരയായവരെ
പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.
ഈ താഴ്വരയ്ക്കുമീതേ,
പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന
ജെറുശലേമേ, ഞാൻ നിനക്കെതിരാണ്—
എന്ന് യഹോവ അരുളിച്ചെയ്യുന്നു—
“ആർ ഞങ്ങളുടെനേരേ വരും?
ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.
നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും,
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും
ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’ ”
ദുഷ്ടരാജാക്കന്മാർക്കുള്ള ശിക്ഷ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക: ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്. നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും. എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ എനിക്കു ഗിലെയാദിനെപ്പോലെയും
ലെബാനോൻ ഗിരിശൃംഗംപോലെയും ആകുന്നു.
എന്നാൽ നിശ്ചയമായും ഞാൻ നിന്നെ മരുഭൂമിയെപ്പോലെയും
നിവാസികളില്ലാത്ത പട്ടണംപോലെയും ആക്കിത്തീർക്കും.
ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച,
വിനാശകന്മാരെ അയയ്ക്കും.
അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ
വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.
“അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും. ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട;
എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക,
കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ
സ്വദേശം കാണുകയോ ഇല്ല.
തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച്22:11 യഹോവാഹാസ് എന്നും അറിയപ്പെട്ടിരുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല. അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
“അനീതികൊണ്ടു തന്റെ കൊട്ടാരവും
അന്യായംകൊണ്ടു തന്റെ മാളികകളും പണിത്,
തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച്
അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.
‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള
അതിഗംഭീരമായ ഒരു കൊട്ടാരം ഞാൻ നിർമിക്കും,’ എന്നും അവൻ പറയുന്നു.
അങ്ങനെ അവൻ ജനാലകൾ വിസ്താരത്തിൽ ഉണ്ടാക്കുന്നു,
ദേവദാരുകൊണ്ട് അതിനു തട്ടിടുകയും
ചെമപ്പുനിറംകൊണ്ടു മോടി വരുത്തുകയുംചെയ്യുന്നു.
“ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ
നീ രാജാവായിത്തീരുമോ?
നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ?
അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു,
അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു.
അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു,
അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു.
എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
“എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും
സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു,
കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും
പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”
അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’
എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല.
‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’
എന്നും അവർ വിലപിക്കുകയില്ല.
ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക്
ഒരു കഴുതയെ വലിച്ചെറിഞ്ഞ്
കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”
“ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക,
ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ,
അബാരീമിൽനിന്നു നിലവിളിക്കുക,
കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു,
എന്നാൽ ‘ഞാൻ കേൾക്കുകയില്ല!’ എന്നു നീ മറുപടി പറഞ്ഞു.
എന്നെ അനുസരിക്കാതിരിക്കുക എന്നതുതന്നെയായിരുന്നു
യൗവനംമുതലേ നിനക്കുണ്ടായിരുന്ന ശീലം.
നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും,
നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും.
അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം
നീ ലജ്ജിതനും അപമാനിതനുമായിത്തീരും.
ദേവദാരുക്കളിൽ കൂടുവെച്ച്
‘ലെബാനോനിൽ,22:23 അതായത്, ജെറുശലേമിൽ; [1 രാജാ. 7:2] കാണുക.’ വസിക്കുന്നവളേ,
പ്രസവവേദന ബാധിച്ചവളെപ്പോലെ
വ്യസനം നിന്നെ പിടികൂടുമ്പോൾ നീ എത്ര ഞരങ്ങും!
“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്22:24 മൂ.ഭാ. കൊന്യാവ്, യെഹോയാഖീൻ എന്നതിന്റെ മറ്റൊരുരൂപം. വാ. 28 കാണുക. എന്റെ വലങ്കൈയിലെ ഒരു മുദ്രമോതിരമായിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ22:25 അഥവാ, കൽദയരുടെ കൈയിലും ഏൽപ്പിച്ചുകളയും. ഞാൻ നിന്നെയും നിന്നെ പ്രസവിച്ച മാതാവിനെയും നിങ്ങൾ ജനിച്ചതല്ലാത്ത മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളയും; അവിടെവെച്ചു നിങ്ങൾ രണ്ടുപേരും മരിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് നിങ്ങൾ മടങ്ങിവരികയില്ല.”
യെഹോയാക്കീൻ എന്ന ഈ മനുഷ്യൻ നിന്ദയോടെ ഉടയ്ക്കപ്പെട്ട ഒരു മൺപാത്രമോ?
അതോ, ആർക്കും വേണ്ടാത്ത ഒരു പാത്രമോ?
അവനെയും അവന്റെ സന്തതികളെയും അവർ അറിഞ്ഞിട്ടില്ലാത്ത
ഒരു ദേശത്തേക്ക് എറിഞ്ഞുകളയാൻ എന്താണു കാരണം?
ദേശമേ, ദേശമേ, ദേശമേ,
യഹോവയുടെ വചനം കേൾക്കുക!
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഈ മനുഷ്യനെ മക്കളില്ലാത്ത ഒരുവനെന്നും
ജീവിതകാലത്തൊരിക്കലും ശുഭം വരാത്തവനെന്നും എഴുതുവിൻ,
കാരണം അവന്റെ സന്തതിയിൽ ഒരുവനും
ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുകയോ
യെഹൂദ്യയിൽ വാഴാൻ തക്കവണ്ണം ഐശ്വര്യം പ്രാപിക്കുകയോ ഇല്ല.”
നീതിയുള്ള ശാഖ
“എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ട് എന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻപറ്റത്തെ സൂക്ഷിക്കാതെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദുഷ്ടതയ്ക്കുള്ള ശിക്ഷ ഞാൻ നിങ്ങളുടെമേൽ വരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും. ഞാൻ അവയ്ക്ക് ഇടയന്മാരെ എഴുന്നേൽപ്പിക്കും; അവർ അവയെ പരിപാലിക്കും. അവ മേലാൽ പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെടുകയുമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഇതാ, ഞാൻ ദാവീദിനുവേണ്ടി23:5 അഥവാ, ദാവീദിന്റെ വംശത്തിൽനിന്ന് നീതിയുള്ള ഒരു ശാഖ
എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും
ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.
അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും,
ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.
‘അതിനാൽ ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്ന് ഇനിമേൽ ജനം പറയാതെ, ‘ഇസ്രായേൽഗൃഹത്തിന്റെ അനന്തരഗാമികളെ വടക്കേദേശത്തുനിന്നും അവർ നാടുകടത്തപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരും. അന്ന് അവർ സ്വന്തം ദേശത്തു വസിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.”
വ്യാജപ്രവാചകന്മാർ
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്:
എന്റെ ഹൃദയം എന്റെ ഉള്ളിൽ തകർന്നിരിക്കുന്നു;
എന്റെ അസ്ഥികളെല്ലാം ഇളകുന്നു.
യഹോവ നിമിത്തവും
അവിടത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും
ഞാൻ കുടിച്ചു മത്തനായവനെപ്പോലെയും വീഞ്ഞിന്റെ
ലഹരി ബാധിച്ചവനെപ്പോലെയും ആയിരിക്കുന്നു.
ദേശം വ്യഭിചാരികളാൽ നിറഞ്ഞിരിക്കുന്നു;
ശാപം23:10 അഥവാ, ഈ കാര്യങ്ങളാൽ നിമിത്തം ദേശം വരണ്ടുണങ്ങുന്നു,
മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങിപ്പോകുന്നു.
പ്രവാചകർ ദുഷ്ടതനിറഞ്ഞ മാർഗം അവലംബിക്കുന്നു
അവരുടെ ബലം അന്യായത്തിന് ഉപയോഗിക്കുന്നു.
“പ്രവാചകനും പുരോഹിതനും ഒരുപോലെ അഭക്തരായിരിക്കുന്നു;
എന്റെ ആലയത്തിൽപോലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അതുകൊണ്ട് അവരുടെ വഴി അവർക്കു വഴുവഴുപ്പുള്ള പാതപോലെ ആകും;
അവർ ഇരുട്ടിലേക്കു നാടുകടത്തപ്പെടുകയും
അവിടെ അവർ വീണുപോകുകയും ചെയ്യും.
ഞാൻ അവരുടെമേൽ നാശംവരുത്തും;
അവരെ ശിക്ഷിക്കുന്ന വർഷത്തിൽത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ശമര്യയിലെ പ്രവാചകന്മാരിൽ
ഞാൻ അറപ്പുളവാക്കുന്നവ കണ്ടെത്തിയിരിക്കുന്നു:
അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്
എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.
ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ,
ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു:
അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു.
ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ്
അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു.
അവരെല്ലാവരും എനിക്കു സൊദോംപോലെയും
അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.”
അതിനാൽ പ്രവാചകന്മാരെക്കുറിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ അവരെ കയ്‌പുള്ള ഭക്ഷണം തീറ്റിക്കുകയും
വിഷജലം കുടിപ്പിക്കുകയും ചെയ്യും,
കാരണം ജെറുശലേമിലെ പ്രവാചകന്മാരിൽനിന്നു
ദേശത്തു മുഴുവൻ വഷളത്തം വ്യാപിച്ചിരിക്കുന്നു.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കരുത്;
അവർ നിങ്ങളെ വ്യാജവാഗ്ദാനങ്ങളാൽ നയിക്കുന്നു.
അവർ സംസാരിക്കുന്നതു യഹോവയുടെ വായിൽനിന്നുള്ളതല്ല,
സ്വന്തം ഹൃദയങ്ങളിലെ സങ്കൽപ്പങ്ങളാണ് അവരുടെ ദർശനങ്ങൾ.
എന്നെ നിന്ദിക്കുന്നവരോട്, അവർ,
‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു.
സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ,
‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു.
എന്നാൽ യഹോവയുടെ വചനം ദർശിക്കുകയും കേൾക്കുകയും തക്കവണ്ണം
അവരിൽ ആരാണ് അവിടത്തെ ആലോചനാസഭയിൽ നിന്നിട്ടുള്ളത്?
അവിടത്തെ വചനത്തിനു ചെവിചായ്‌ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതും ആര്?
ഇതാ, യഹോവയുടെ ചുഴലിക്കാറ്റ്
വലിയ ക്രോധത്തോടുതന്നെ പൊട്ടിപ്പുറപ്പെടും,
ഒരു കൊടുങ്കാറ്റ് ചുഴറ്റിയടിക്കുന്നു,
ദുഷ്ടരുടെ ശിരസ്സുകളിന്മേൽത്തന്നെ പതിക്കും.
യഹോവ തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം
നിറവേറ്റുന്നതുവരെയും
അവിടത്തെ ക്രോധം പിന്മാറുകയില്ല.
ഭാവികാലത്ത് നിങ്ങൾ
അതു പൂർണമായും ഗ്രഹിക്കും.
ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും
അവർ അവരുടെ സന്ദേശവുമായി ഓടി;
ഞാൻ അവരോടു സംസാരിച്ചിട്ടില്ല,
എന്നിട്ടും അവർ പ്രവചിച്ചു.
എന്നാൽ അവർ എന്റെ ആലോചനാസഭയിൽ നിന്നിരുന്നെങ്കിൽ,
അവർ എന്റെ ജനത്തിന് എന്റെ വചനങ്ങൾ അറിയിക്കുകയും
അവരുടെ ദുഷ്ടവഴികളിൽനിന്നും ദുഷ്ടതനിറഞ്ഞ പ്രവർത്തനങ്ങളിൽനിന്നും
അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു.
“ഞാൻ സമീപസ്ഥനായ ഒരു ദൈവംമാത്രമോ,
ഞാൻ വിദൂരസ്ഥനായ ഒരു ദൈവവും അല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ കാണാതവണ്ണം ഒരു മനുഷ്യന്
ഒളിവിടങ്ങളിൽ ഒളിക്കാൻ കഴിയുമോ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
“ ‘ഞാൻ ഒരു സ്വപ്നംകണ്ടു, ഞാൻ ഒരു സ്വപ്നംകണ്ടു,’ എന്ന് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ ഹൃദയത്തിൽ ഈ താത്പര്യം എത്രകാലത്തേക്ക് തുടരും? അവർ തങ്ങളുടെ ഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരാണ്. ബാൽദേവനെ ആരാധിക്കുന്നതുനിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, അവർ പരസ്പരം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ ഇടവരണമെന്നതാണ് അവരുടെ ലക്ഷ്യം. സ്വപ്നം കണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിട്ടുള്ളവർ എന്റെ വചനം വിശ്വസ്തതയോടെ സംസാരിക്കട്ടെ. വൈക്കോലിനു ധാന്യവുമായി എന്തു ബന്ധം?” എന്ന് യഹോവയുടെ അരുളപ്പാട്. “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന കൂടംപോലെയും അല്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്.
“അതിനാൽ, എന്റെ വചനം എന്ന് അവകാശപ്പെട്ടുകൊണ്ട്, പരസ്പരം വാക്കുകൾ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്. “അതേ, സ്വന്തം നാവു വഴങ്ങുന്നതു പറഞ്ഞിട്ട്, ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു പ്രഖ്യാപിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരായിരിക്കും എന്ന്,” യഹോവയുടെ അരുളപ്പാട്. “അതേ, വ്യാജസ്വപ്നങ്ങൾ പ്രവചനമായി പറയുന്നവരെ ഞാൻ എതിർക്കും. ഞാൻ അയയ്ക്കുകയോ നിയോഗിക്കുകയോ ചെയ്യാതെ, അവരുടെ നിയന്ത്രണമില്ലാത്ത വ്യാജത്താൽ എന്റെ ജനത്തെ വഴിതെറ്റിക്കുന്നവരെ എതിർക്കുകതന്നെ ചെയ്യും. ഇത്തരം പ്രവാചകന്മാരെക്കൊണ്ട് ജനത്തിന് യാതൊരു പ്രയോജനവുമില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
വ്യാജപ്രവചനം
“ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ, ‘യഹോവയുടെ അരുളപ്പാട്23:33 മൂ.ഭാ. ഭാരം എന്ത്?’ എന്നു നിന്നോടു ചോദിക്കുമ്പോൾ, നീ അവരോട്: ‘എന്ത് അരുളപ്പാട്! ഞാൻ നിങ്ങളെ ഉപേക്ഷിച്ചുകളയും,’ എന്നു മറുപടി പറയണം. ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ, ‘ഇത് യഹോവയുടെ അരുളപ്പാട്’ എന്ന് അവകാശപ്പെടുന്നെങ്കിൽ, അയാളെയും അയാളുടെ ഭവനത്തെയും ഞാൻ ശിക്ഷിക്കും. അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും തങ്ങളുടെ അയൽക്കാരോടോ തന്റെ സഹോദരങ്ങളോടോ, ‘യഹോവ എന്ത് ഉത്തരമരുളുന്നു?’ എന്നും ‘യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നും അത്രേ ചോദിക്കേണ്ടത്. എന്നാൽ ‘യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ ഇനിയും പറയാനേ പാടില്ല. കാരണം ഓരോരുത്തരുടെയും വാക്കുകൾ അവരുടെ അരുളപ്പാടായി മാറുന്നു. അങ്ങനെ സൈന്യങ്ങളുടെ യഹോവയും നമ്മുടെ ദൈവവുമായ ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു. ‘യഹോവ എന്ത് ഉത്തരമരുളിയിരിക്കുന്നു? അഥവാ, യഹോവ എന്ത് അരുളിച്ചെയ്യുന്നു?’ എന്നത്രേ നിങ്ങൾ പ്രവാചകനോടു ചോദിക്കേണ്ടത്. ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതാണ് യഥാർഥത്തിൽ യഹോവയുടെ അരുളപ്പാട്: ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടരുത് എന്നു ഞാൻ കർശനമായി പറഞ്ഞിരുന്നിട്ടും ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്ന വാക്കുകൾ നിങ്ങൾ ഉപയോഗിച്ചു. അതുകൊണ്ട്, ഞാൻ നിങ്ങളെ സമ്പൂർണമായി മറന്നുകളയും. നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ നഗരത്തെയും ഞാൻ ഉപേക്ഷിച്ചുകളകയും എന്റെ സന്നിധിയിൽനിന്ന് നിങ്ങളെ നീക്കിക്കളയുകയും ചെയ്യും. ഞാൻ നിത്യനിന്ദയും വിസ്മരിക്കപ്പെടാത്ത നിത്യലജ്ജയും നിങ്ങളുടെമേൽ വരുത്തും.”
രണ്ടു കുട്ട അത്തിപ്പഴം
ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും24:1 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും ബന്ദികളാക്കി ജെറുശലേമിൽനിന്ന് ബാബേലിലേക്കു കൊണ്ടുപോയതിനുശേഷം, യഹോവയുടെ ആലയത്തിനുമുമ്പിൽ വെച്ചിരിക്കുന്ന രണ്ടു കുട്ട അത്തിപ്പഴം യഹോവ എനിക്കു കാണിച്ചുതന്നു. ഒരു കുട്ടയിൽ ആദ്യമേ പഴുക്കുന്ന വളരെ നല്ല അത്തിപ്പഴവും മറ്റേതിൽ തിന്നാൻ കൊള്ളാത്തവിധം വളരെ ചീഞ്ഞ അത്തിപ്പഴവും ഉണ്ടായിരുന്നു.
അപ്പോൾ യഹോവ എന്നോട്: “യിരെമ്യാവേ, നീ എന്തു കാണുന്നു?” എന്നു ചോദിച്ചു.
“അത്തിപ്പഴങ്ങൾ; നല്ല അത്തിപ്പഴം വളരെ നല്ലതും, ചീത്തയായവ തിന്നുകൂടാതവണ്ണം ഏറ്റവും ചീത്തയും,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ദേശത്തുനിന്നും ബാബേല്യരുടെ24:5 അഥവാ, കൽദയരുടെ ദേശത്തേക്ക് ഞാൻ അയച്ച യെഹൂദരായ ബന്ധിതരെ ഈ നല്ല അത്തിപ്പഴംപോലെ നല്ലവരായി ഞാൻ കരുതും. ഞാൻ നന്മയ്ക്കായി എന്റെ ദൃഷ്ടി അവരുടെമേൽ വെച്ച് വീണ്ടും അവരെ ഈ ദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ നീക്കിക്കളയാതെ പണിതുയർത്തുകയും അവരെ പറിച്ചുകളയാതെ നടുകയും ചെയ്യും. ഞാൻ യഹോവ എന്ന്, എന്നെ അറിയാൻ തക്ക ഒരു ഹൃദയം ഞാൻ അവർക്കു നൽകും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമായിരിക്കും. അവർ പൂർണഹൃദയത്തോടെ എങ്കലേക്കു മടങ്ങിവരും.
“ ‘എന്നാൽ ചീഞ്ഞുപോയിട്ട് ഭക്ഷിക്കാൻ കൊള്ളരുതാത്ത അത്തിപ്പഴംപോലെ ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനോടും അവന്റെ പ്രഭുക്കന്മാരോടും ജെറുശലേമിൽ ശേഷിച്ചിരിക്കുന്ന ജനത്തോടും ഇടപെടും,’ എന്ന് യഹോവയുടെ അരുളപ്പാട്; ‘അവർ ഈ ദേശത്തു താമസിക്കുന്നവരായാലും ഈജിപ്റ്റിൽ പാർക്കുന്നവരായാലും അങ്ങനെതന്നെ. ഞാൻ അവരെ ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ഭീതിവിഷയവും തിന്മയുടെ പ്രതീകവും ഞാൻ അവരെ നാടുകടത്തുന്ന എല്ലാ സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും ശാപവും24:9 അതായത്, അവരുടെ പേരുകൾ ഒരു ശാപമായി ഉപയോഗിക്കും. [29:22] കാണുക. അഥവാ, മറ്റുള്ളവർ അവരെ ശപിക്കപ്പെട്ടവർ എന്നനിലയിൽ വീക്ഷിക്കും. പരിഹാസവിഷയവും ആക്കും. ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തുനിന്ന്, അവരെ നശിപ്പിച്ചുകളയുന്നതുവരെയും അവർക്കെതിരേ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.’ ”
എഴുപതുവർഷം പ്രവാസത്തിൽ
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്: അങ്ങനെ യിരെമ്യാപ്രവാചകൻ അത് എല്ലാ യെഹൂദാജനത്തോടും ജെറുശലേംനിവാസികളായ എല്ലാവരോടും അറിയിച്ചത് ഇപ്രകാരമായിരുന്നു: യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.
യഹോവ തന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചു; എന്നാൽ നിങ്ങൾ ശ്രദ്ധിക്കുകയോ കേൾക്കാൻ ചെവിചായ്‌ക്കുകയോ ചെയ്തില്ല. “നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും. അന്യദേവതകളെ സേവിക്കാനോ ആരാധിക്കാനോ അവയുടെ പിന്നാലെ പോകരുത്. നിങ്ങളുടെ കൈകളുടെ നിർമിതികൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല,” എന്നിങ്ങനെ അവർ നിങ്ങളോടു പറഞ്ഞു.
“എന്നാൽ നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചില്ല, നിങ്ങളുടെതന്നെ ദോഷത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ അപ്രകാരംചെയ്തു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനം അനുസരിക്കാതിരിക്കുക നിമിത്തം, വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “മാത്രമല്ല, ഞാൻ ആഹ്ലാദാരവവും ആനന്ദധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും. ഈ ദേശമൊന്നാകെ ശൂന്യതയും ഭീതിവിഷയവുമായിത്തീരും. ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതുവർഷം സേവിക്കും എന്ന് യഹോവയുടെ അരുളപ്പാട്.
“എന്നാൽ ആ എഴുപതുവർഷം തികയുമ്പോൾ ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും ബാബേൽദേശത്തെയും25:12 അഥവാ, കൽദയദേശം അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. ഞാൻ അതിനെ എന്നെന്നേക്കും ഒരു ശൂന്യദേശമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അതിനെതിരേ ഞാൻ പ്രസ്താവിച്ചിട്ടുള്ള എല്ലാ വചനങ്ങളും യിരെമ്യാപ്രവാചകൻ എല്ലാ രാഷ്ട്രങ്ങൾക്കുമെതിരെ പ്രവചിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലവചനങ്ങളും ഞാൻ ആ ദേശത്തിന്റെമേൽ വരുത്തും. അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവരെ അടിമകളാക്കിത്തീർക്കും; ഞാൻ അവരുടെ കർമങ്ങൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരംചെയ്യും.”
ദൈവക്രോധത്തിന്റെ പാനപാത്രം
ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് അരുളിച്ചെയ്തത് ഇപ്രകാരമാണ്: “എന്റെ ക്രോധമദ്യം അടങ്ങിയ ഈ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി, ഞാൻ ഏതെല്ലാം ജനതകളുടെ മധ്യത്തിലേക്കു നിന്നെ അയയ്ക്കുന്നുവോ അവരെയെല്ലാം അതു കുടിപ്പിക്കുക. അവർ അതു കുടിക്കുകയും ഞാൻ അവരുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തരായിത്തീരുകയും ചെയ്യും.” അപ്പോൾ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി യഹോവ എന്നെ അയച്ച എല്ലാ ജനതകളെയും കുടിപ്പിച്ചു:
ജെറുശലേം, യെഹൂദാപട്ടണങ്ങൾ, രാജാക്കന്മാർ, പ്രഭുക്കന്മാർ ഇവരെല്ലാം ഇന്ന് ആയിരിക്കുന്നതുപോലെ ഒരു ശൂന്യതയും ഭീതിവിഷയവും പരിഹാസവും ശാപവും ആയിത്തീരേണ്ടതിന് അവരെ കുടിപ്പിച്ചു;
ഈജിപ്റ്റ് രാജാവായ ഫറവോൻ, അവന്റെ ഭൃത്യന്മാർ, പ്രഭുക്കന്മാർ ഇവരെയും, അവന്റെ സകലജനത്തെയും അവിടെയുള്ള എല്ലാ വിദേശജനതകളെയും കുടിപ്പിച്ചു;
ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും
അസ്കലോൻ, ഗസ്സാ, എക്രോൻ എന്നീ ഫെലിസ്ത്യദേശങ്ങളിലെ എല്ലാ രാജാക്കന്മാരെയും, അശ്ദോദിൽ ശേഷിക്കുന്ന ജനത്തെയും കുടിപ്പിച്ചു;
ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും;
സോർദേശത്തിലെയും സീദോൻദേശത്തിലെയും എല്ലാ രാജാക്കന്മാരെയും കുടിപ്പിച്ചു;
സമുദ്രത്തിനക്കരെയുള്ള തീരദേശങ്ങളിലെ രാജാക്കന്മാരെയും;
ദേദാനെയും തേമായെയും ബൂസിനെയും തലയുടെ അരികു വടിക്കുന്നവരെ ഒക്കെയും കുടിപ്പിച്ചു;
അറേബ്യയിലെ എല്ലാ രാജാക്കന്മാരെയും മരുഭൂമിയിലുള്ള വിദേശരാജാക്കന്മാരെയും
സകലസിമ്രിരാജാക്കന്മാരെയും ഏലാമിലെയും മേദ്യയിലെയും സകലരാജാക്കന്മാരെയും കുടിപ്പിച്ചു;
ഉത്തരദേശത്ത് അടുത്തും അകലെയുമുള്ള എല്ലാ രാജാക്കന്മാരെയും ഭൂമിയിലെ സകലലോകരാജാക്കന്മാരെയും കുടിപ്പിച്ചു;
അവർക്കെല്ലാംശേഷം ശേശക്കുരാജാവും25:26 ഇത് ബാബേലിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതു കുടിക്കണം.
“നീ അവരോട് ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കുടിക്കുക, മദോന്മത്തരായി ഛർദിക്കുക; ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം പിന്നീട് എഴുന്നേൽക്കാതിരിക്കുംവിധം വീഴുക.’ എന്നാൽ അവർ നിന്റെ കൈയിൽനിന്നു പാനപാത്രം വാങ്ങിക്കുടിക്കാൻ വിസമ്മതിക്കുന്നെങ്കിൽ നീ അവരോട് ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഇതു കുടിച്ചേ മതിയാവൂ! ഇതാ, എന്റെ നാമം വഹിക്കുന്ന ഈ നഗരത്തിന്മേൽ ഞാൻ നാശം വരുത്താൻപോകുന്നു; പിന്നെ നിങ്ങൾ ശിക്ഷ കൂടാതെ ഒഴിഞ്ഞുപോകുമോ? നിങ്ങൾ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. ഞാൻ സകലഭൂവാസികളുടെമേലും ഒരു വാളിനെ അയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’
“അതുകൊണ്ട് നീ അവർക്കെതിരായി ഈ വചനങ്ങളൊക്കെയും പ്രവചിച്ച് അവരോടു പറയുക:
“ ‘യഹോവ ഉന്നതത്തിൽനിന്ന് ഗർജിക്കുന്നു;
അവിടന്നു തന്റെ വിശുദ്ധനിവാസത്തിൽനിന്ന് ഇടിമുഴക്കുകയും,
തന്റെ ദേശത്തിനെതിരേ ഉച്ചത്തിൽ ഗർജിക്കുകയുംചെയ്യുന്നു.
മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടന്ന് അലറുന്നു,
സകലഭൂവാസികളുടെയുംനേരേ അട്ടഹസിക്കുകയും ചെയ്യുന്നു.
യഹോവ രാഷ്ട്രങ്ങൾക്കെതിരേ കുറ്റം ആരോപിക്കുന്നതിനാൽ
ആരവം ഭൂമിയുടെ അതിരുകൾവരെയും പ്രതിധ്വനിക്കുന്നു,
അവിടന്നു സകലമനുഷ്യരുടെമേലും ന്യായവിധി അയയ്ക്കുകയും
ദുഷ്ടരെ വാളിന് ഏൽപ്പിക്കുകയും ചെയ്യുന്നു,’ ”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ! അനർഥം രാഷ്ട്രത്തിൽനിന്നു
രാഷ്ട്രത്തിലേക്ക് വ്യാപിക്കുന്നു.
ഭൂമിയുടെ അറുതികളിൽനിന്ന്
ഒരു വലിയ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുന്നു.”
ആ ദിവസത്തിൽ യഹോവയാൽ സംഹരിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എല്ലായിടത്തും വീണുകിടക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല. അവരെ ശേഖരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല, എന്നാൽ അവർ നിലത്തിനു വളം എന്നപോലെ ആയിത്തീരും.
ഇടയന്മാരേ, കരയുകയും വിലപിക്കുകയുംചെയ്യുക;
ആട്ടിൻപറ്റത്തിന്റെ അധിപതികളേ, ചാരത്തിൽക്കിടന്ന് ഉരുളുക.
കാരണം നിങ്ങളെ കശാപ്പുചെയ്ത് എറിഞ്ഞുകളയുന്ന ദിവസം വന്നിരിക്കുന്നു;
നല്ലൊരു ആട്ടുകൊറ്റൻ വീഴുംപോലെ നീയും വീഴും.25:34 അഥവാ, മനോഹരമായ ഒരു മൺപാത്രംപോലെ നിങ്ങൾ വീണുടഞ്ഞുപോകും.
ഇടയന്മാർക്ക് ഓടിപ്പോകാൻ വഴിയില്ലാതാകും,
ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാർക്കു രക്ഷപ്പെടാൻ മാർഗമുണ്ടാകുകയില്ല.
യഹോവ അവരുടെ ആട്ടിൻപറ്റത്തെ നശിപ്പിച്ചുകളയുന്നതിനാൽ
ഇടയന്മാരുടെ നിലവിളിയും
ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാരുടെ വിലാപവും കേൾക്കുക.
യഹോവയുടെ ഉഗ്രകോപംനിമിത്തം
സമാധാനത്തോടിരുന്ന മേച്ചിൽപ്പുറങ്ങൾ വിജനമാക്കപ്പെടും.
സിംഹക്കുട്ടി ഒളിവിടത്തുനിന്നു പുറത്തുവരുന്നതുപോലെ,
അവരുടെ ദേശം വിജനമായിത്തീരും,
പീഡകന്റെ വാൾകൊണ്ടും25:38 മിക്ക എബ്രായ കൈ.പ്ര. കോപംകൊണ്ടും. [46:16]; [50:16] കാണുക.
യഹോവയുടെ ഉഗ്രകോപംകൊണ്ടുംതന്നെ.
യിരെമ്യാവിന് വധഭീഷണി
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആരംഭത്തിൽ യഹോവയിൽനിന്ന് ഇപ്രകാരം അരുളപ്പാടുണ്ടായി: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും. നീ അവരോട് ഇപ്രകാരം പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ വാക്കുകേട്ട് ഞാൻ നിങ്ങളുടെമുമ്പിൽ വെച്ചിട്ടുള്ള ന്യായപ്രമാണം അനുസരിച്ചു ജീവിക്കാതിരിക്കുകയും ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഇനിയും കേൾക്കാതിരിക്കുകയുംചെയ്താൽ, ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”
യിരെമ്യാവ് യഹോവയുടെ ആലയത്തിൽവെച്ച് ഈ വാക്കുകൾ സംസാരിക്കുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു. എന്നാൽ സകലജനത്തോടും സംസാരിക്കാൻ യഹോവ അദ്ദേഹത്തോടു കൽപ്പിച്ചിരുന്നതെല്ലാം യിരെമ്യാവു സംസാരിച്ചുതീർന്നപ്പോൾ, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അദ്ദേഹത്തെ പിടിച്ച്, “താങ്കൾ നിശ്ചയമായും മരിക്കണം!” എന്നു പറഞ്ഞു. “ഈ ആലയം ശീലോവിനു തുല്യമാകും; ഈ പട്ടണം നിവാസികളില്ലാതെ ശൂന്യമായിത്തീരും എന്നിങ്ങനെ യഹോവയുടെ നാമത്തിൽ താങ്കൾ പ്രവചിച്ചത് എന്തിന്?” അങ്ങനെ ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിനു ചുറ്റും തടിച്ചുകൂടി.
ഈ കാര്യങ്ങൾ യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ അവർ രാജകൊട്ടാരത്തിൽനിന്ന് യഹോവയുടെ ആലയത്തിലേക്ക് കയറിവന്ന്, യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു. അതിനുശേഷം പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യൻ ഈ നഗരത്തിനെതിരേ പ്രവചിച്ചിരിക്കുകയാൽ അയാളെ മരണശിക്ഷയ്ക്കു വിധിക്കണം. നിങ്ങൾ അതു സ്വന്തം ചെവികൊണ്ടുതന്നെ കേട്ടിരിക്കുന്നു!”
അപ്പോൾ യിരെമ്യാവ് എല്ലാ പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ കേട്ടതായ സകലകാര്യങ്ങളും, ഈ ആലയത്തിനും ഈ നഗരത്തിനും എതിരായി പ്രവചിക്കാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുക; അങ്ങനെയെങ്കിൽ നിങ്ങൾക്കെതിരായി യഹോവ അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അവിടന്ന് അനുതപിക്കും, അവ നിങ്ങളുടെമേൽ വരുത്തുകയുമില്ല. എന്റെ കാര്യത്തിലോ, ഞാനിതാ, നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു യുക്തവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്യുക. എന്നെ കൊന്നുകളഞ്ഞാൽ നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തുകയായിരിക്കും എന്നു തീർച്ചയായും അറിഞ്ഞുകൊൾക. നിങ്ങൾ കേൾക്കെ ഈ വചനങ്ങളൊക്കെയും സംസാരിക്കാൻ എന്നെ അയച്ചിരിക്കുന്നത് യഹോവയാണ്.”
അപ്പോൾ ഉദ്യോഗസ്ഥന്മാരും സകലജനങ്ങളും, പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യനു മരണശിക്ഷ വിധിക്കരുത്! കാരണം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിലാണ് അദ്ദേഹം നമ്മോടു സംസാരിച്ചിരിക്കുന്നത്.”
അനന്തരം ദേശത്തിലെ നേതാക്കന്മാരിൽ ചിലർ എഴുന്നേറ്റ് മുന്നോട്ടുവന്ന് ജനത്തിന്റെ സർവസംഘത്തോടും ഇപ്രകാരം പറഞ്ഞു: “യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു പറഞ്ഞത്: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും,
ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;
ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.’26:18 [മീഖ. 3:12]
യെഹൂദാരാജാവായ ഹിസ്കിയാവും സകല യെഹൂദാജനവും അദ്ദേഹത്തെ വധിച്ചുവോ? ഹിസ്കിയാവ് യഹോവയെ ഭയപ്പെട്ട് യഹോവയോടു കാരുണ്യത്തിനായി യാചിച്ചില്ലേ? യഹോവ അവർക്ക് വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥത്തിൽനിന്നു പിന്തിരിഞ്ഞില്ലേ? നാം ഒരു വലിയ വിനാശമാണ് നമ്മുടെമേൽ വരുത്താൻപോകുന്നത്!”
അതുപോലെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായി ഊരിയാവ് എന്നൊരുവനും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു; അദ്ദേഹം ഈ നഗരത്തിനും ദേശത്തിനും എതിരായി യിരെമ്യാവു പ്രവചിച്ച അതേ കാര്യങ്ങൾതന്നെ പ്രവചിച്ചു. യെഹോയാക്കീം രാജാവും അദ്ദേഹത്തിന്റെ യുദ്ധവീരന്മാരും എല്ലാ പ്രഭുക്കന്മാരും ഊരിയാവിന്റെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹത്തെ കൊന്നുകളയാൻ രാജാവ് ആഗ്രഹിച്ചു. ഊരിയാവ് അതുകേട്ടു ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി. അപ്പോൾ യെഹോയാക്കീം രാജാവ് ഈജിപ്റ്റിലേക്ക് ആളയച്ചു; അക്ബോരിന്റെ മകനായ എൽനാഥാനും അദ്ദേഹത്തോടുകൂടി ചില ആളുകളും ഈജിപ്റ്റിലേക്കു ചെന്നു. അവർ ഊരിയാവിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ ഹാജരാക്കി. രാജാവ് അദ്ദേഹത്തെ വാൾകൊണ്ടു കൊന്ന് ശവശരീരം സാമാന്യജനങ്ങളുടെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
എന്നാൽ, യിരെമ്യാവിനെ ജനത്തിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്ത് കൊല്ലാതിരിക്കാൻ, ശാഫാന്റെ മകനായ അഹീക്കാം അദ്ദേഹത്തിനു സഹായിയായിനിന്നു.
യെഹൂദാ നെബൂഖദ്നേസരിനെ സേവിക്കുന്നു
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ സിദെക്കീയാവിന്റെ27:1 ചി.കൈ.പ്ര. യെഹോയാക്കീം; മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല. ഭരണത്തിന്റെ ആരംഭത്തിൽ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി. യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ നിനക്കായി കയറും നുകവും ഉണ്ടാക്കി അവയെ നിന്റെ കഴുത്തിൽ വെക്കുക. അതിനുശേഷം യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ ജെറുശലേമിലേക്കു വരുന്ന സ്ഥാനപതികളുടെ പക്കൽ ഏദോം രാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർ രാജാവിനും സീദോൻ രാജാവിനും ഒരു സന്ദേശം കൊടുത്തയയ്ക്കുക. അവരോട് തങ്ങളുടെ യജമാനന്മാരുടെ അടുക്കൽപോയി ഇപ്രകാരം പറയാൻ കൽപ്പിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറയുക: എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും. ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ രാജ്യങ്ങളെല്ലാം എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസെറിനു നൽകും; ഞാൻ വന്യമൃഗങ്ങളെപ്പോലും അവന്റെ നിയന്ത്രണത്തിലാക്കിക്കൊടുക്കും. എല്ലാ രാഷ്ട്രങ്ങളും അവനെയും പുത്രനെയും പൗത്രനെയും ദേശത്തിന്മേൽ അവന്റെ കാലാവധി കഴിയുംവരെയും സേവിക്കും; അതിനുശേഷം അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവനെ കീഴ്പ്പെടുത്തും.
“ ‘ “ബാബേൽരാജാവായ നെബൂഖദ്നേസരിനെത്തന്നെ, സേവിക്കാതെയും ബാബേൽരാജാവിന്റെ നുകത്തിൻകീഴിൽ തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാതെയുമിരിക്കുന്ന രാഷ്ട്രത്തെയും രാജ്യത്തെയും ഞാൻ അവന്റെ കൈയാൽ നശിപ്പിച്ചുകളയുന്നതുവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും, എന്ന് യഹോവയുടെ അരുളപ്പാട്. ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു നിങ്ങളോടു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്. നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു നീക്കിക്കളയുന്നതിന് അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു; ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങൾ നശിച്ചുപോകുകയും ചെയ്യും. എന്നാൽ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പ്പെടുത്തുകയും അവനെ സേവിക്കുകയുംചെയ്യുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ പാർപ്പിക്കും. അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.” ’ ”
ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനും ഈ സന്ദേശംതന്നെ നൽകി. ഞാൻ പറഞ്ഞു, “നിന്റെ കഴുത്തിനെ ബാബേൽരാജാവായ നെബൂഖദ്നേസെറിന്റെ നുകത്തിനു കീഴ്പ്പെടുത്തി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജനത്തെയും സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും. ബാബേൽരാജാവിനെ സേവിക്കാത്ത രാജ്യത്തെക്കുറിച്ചു യഹോവ അരുളിച്ചെയ്തിട്ടുള്ളതുപോലെ താങ്കളും താങ്കളുടെ ജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നശിക്കുന്നതെന്തിന്? ‘താങ്കൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ അങ്ങയോടു വ്യാജമത്രേ പ്രവചിക്കുന്നത്. ‘ഞാൻ അവരെ അയച്ചിട്ടില്ല, ഞാൻ നിന്നെ നീക്കിക്കളഞ്ഞിട്ട് നീയും നിന്നോടു പ്രവചിക്കുന്ന ഈ പ്രവാചകന്മാരും നശിച്ചുപോകേണ്ടതിന് അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുകയാണ് ചെയ്യുന്നത്,’ എന്ന് യഹോവയുടെ അരുളപ്പാട്.”
അതിനുശേഷം ഞാൻ പുരോഹിതന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ അധികം താമസിക്കാതെ ബാബേലിൽനിന്ന് കൊണ്ടുവരപ്പെടും,’ എന്ന് നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു നിങ്ങൾ കേൾക്കരുത്. അവർ നിങ്ങളോടു വ്യാജമത്രേ പ്രവചിക്കുന്നത്. അവരെ ശ്രദ്ധിക്കരുത്. ബാബേൽരാജാവിനെ സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും. ഈ നഗരം ഒരു കൽക്കൂമ്പാരമായിത്തീരുന്നത് എന്തിന്? അവർ പ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ വചനം അവരുടെപക്കൽ ഉണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കാൻവേണ്ടി അവർ സൈന്യങ്ങളുടെ യഹോവയോട് അപേക്ഷിക്കട്ടെ. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാഖീന്റെ27:19-20 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. മകനായ യെഹോയാക്കീമിനെയും യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയപ്പോൾ, അദ്ദേഹം കൊണ്ടുപോകാതിരുന്നിട്ടുള്ള ചലിപ്പിക്കാവുന്ന സ്തംഭങ്ങൾ, വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണി, ചലിപ്പിക്കാവുന്ന പീഠങ്ങൾ എന്നിവയെക്കുറിച്ചും ഈ നഗരത്തിൽ ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ചും സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിക്കുന്ന ഉപകരണങ്ങളെപ്പറ്റി ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അവർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകപ്പെടും, ഞാൻ അവർക്കുവേണ്ടി വരുന്ന നാൾവരെ അവർ അവിടെ ആയിരിക്കും, അതിനുശേഷം ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരികെവരുത്തി ഈ ദേശത്തിനു മടക്കി നൽകും’ എന്ന് യഹോവയുടെ അരുളപ്പാട്.”
വ്യാജപ്രവാചകനായ ഹനന്യാവ്
ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും. രണ്ടു വർഷത്തിനുള്ളിൽ, ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നെടുത്ത് ബാബേലിലേക്കു കൊണ്ടുപോയ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെല്ലാം ഞാൻ ഈ സ്ഥലത്തേക്കു തിരികെവരുത്തും. യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും28:4 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”
അപ്പോൾ യഹോവയുടെ ആലയത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും സകലജനങ്ങളുടെയും മുമ്പിൽവെച്ച് യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട് ഇപ്രകാരം പറഞ്ഞു. “ആമേൻ! യഹോവ അപ്രകാരം ചെയ്യട്ടെ! യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെയും എല്ലാ പ്രവാസികളെയും ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു തിരികെ വരുത്തുമെന്നു നീ പ്രവചിച്ച നിന്റെ വാക്കുകൾ യഹോവ സത്യമാക്കിത്തീർക്കട്ടെ. എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക: നിനക്കുമുമ്പും എനിക്കുമുമ്പും പ്രാചീനകാലംമുതൽ ഉണ്ടായിരുന്ന പ്രവാചകന്മാർ അനേക ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കുമെതിരേ യുദ്ധവും അനർഥവും മഹാമാരിയും പ്രവചിച്ചു. എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”
അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു. സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.
ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി: “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ”
അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു. അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”
അങ്ങനെ ഹനന്യാപ്രവാചകൻ, ആ വർഷം ഏഴാംമാസത്തിൽ മരിച്ചു.
പ്രവാസിക്കുള്ള കത്ത്
യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. (യെഹോയാഖീൻരാജാവും29:2 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.) യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു:
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
“യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു,” എന്നു നിങ്ങൾ പറയുന്നല്ലോ. എന്നാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ ശേഷിക്കുന്നവരും പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സഹോദരീസഹോദരന്മാരുമായ സകലജനങ്ങളെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും; ഭക്ഷ്യയോഗ്യമല്ലാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ ഞാൻ അവരെ ആക്കിത്തീർക്കും. വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ഞാനവരെ പിൻതുടർന്ന് ഭൂമിയിലെ സകലരാജ്യങ്ങൾക്കും അവരെ ഒരു ഭീതിവിഷയവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനങ്ങളുടെയും ഇടയിൽ ഒരു ശാപവും ഭയഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ വീണ്ടും വീണ്ടും പറഞ്ഞയച്ച വചനങ്ങൾ കേൾക്കാതിരുന്നതിന്റെ ഫലമാണിത്,” എന്ന് യഹോവയുടെ അരുളപ്പാട്. “പ്രവാസത്തിലായിരിക്കുന്ന നിങ്ങളും എന്റെ വാക്കുകൾ കേട്ടില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അതിനാൽ ഞാൻ ജെറുശലേമിൽനിന്ന് ബാബേലിലേക്കയച്ചിട്ടുള്ള സകലപ്രവാസികളുമേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്റെ മകനായ സിദെക്കീയാവിനെക്കുറിച്ചും ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിട്ട് അദ്ദേഹം നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ അവരെ കൊന്നുകളയും. ‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും. അവർ ഇസ്രായേലിൽ നീചകൃത്യം പ്രവർത്തിക്കുകയും തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും എന്റെ നാമത്തിൽ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ലാത്ത വ്യാജം പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അത് അറിയുന്നു; അതിനു സാക്ഷിയും ആകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
ശെമയ്യാവിനുള്ള സന്ദേശം
നെഹെലാമ്യനായ ശെമയ്യാവിനോട് നീ ഇപ്രകാരം പറയണം: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജെറുശലേമിലുള്ള സകലജനങ്ങൾക്കും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും മറ്റെല്ലാ പുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു കത്തയച്ചല്ലോ. നീ സെഫന്യാവിന് എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു: ‘യെഹോയാദായ്ക്കുപകരം യഹോവയുടെ ആലയത്തിന്റെ ചുമതലയുള്ള പുരോഹിതനായി യഹോവ നിന്നെ നിയമിച്ചിരിക്കുന്നു; ഒരു പ്രവാചകനെപ്പോലെ അഭിനയിക്കുന്ന ഏതു ഭ്രാന്തനെയും പിടിച്ച് ആമത്തിലും കഴുത്തു-ചങ്ങലയിലും നീ ബന്ധിക്കണം. അതിനാൽ ഒരു പ്രവാചകനെന്നു നടിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ എന്തുകൊണ്ടു ശാസിച്ചില്ല? പ്രവാസം ദീർഘിക്കുമെന്നും നിങ്ങൾ വീടുണ്ടാക്കി അതിൽ പാർക്കണമെന്നും തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കണമെന്നും അയാൾ ബാബേലിലേക്ക് ആളയച്ച് ഞങ്ങളോടു പറയിച്ചിരിക്കുന്നു.’ ”
സെഫന്യാപുരോഹിതൻ ഈ കത്ത് യിരെമ്യാപ്രവാചകനെ വായിച്ചു കേൾപ്പിച്ചിരുന്നു. അതിനുശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ സകലപ്രവാസികളുടെയും അടുക്കൽ ആളയച്ച് ഈ സന്ദേശം അറിയിക്കുക: ‘യഹോവ നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയച്ചിട്ടില്ല എങ്കിലും അയാൾ നിങ്ങളോടു പ്രവചിച്ച് നിങ്ങൾ ഒരു വ്യാജം വിശ്വസിക്കാൻ ഇടവരുത്തിയല്ലോ, അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്റെ സന്തതിയെയും നിശ്ചയമായും ശിക്ഷിക്കും. ഈ ജനത്തിന്റെ ഇടയിൽ പാർക്കാൻ അവന് ആരും ഉണ്ടാകുകയില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല; അവൻ യഹോവയെക്കുറിച്ച് ദ്രോഹം സംസാരിച്ചല്ലോ,’ എന്ന് യഹോവയുടെ അരുളപ്പാട്.”
ഇസ്രായേലിന്റെ വീണ്ടെടുപ്പ്
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക. ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”
ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു—
ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.
ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ,
എന്ന് ഇപ്പോൾ ചോദിച്ചുനോക്കുക.
ഓരോ പുരുഷനും തന്റെ നടുവിൽ കൈവെച്ചുകൊണ്ട്
പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഇരിക്കുന്നതെന്ത്?
എല്ലാ മുഖങ്ങളും മരണഭയത്താൽ വിളറിയിരിക്കുന്നതും എന്തുകൊണ്ട്?
അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു!
അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല.
അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും,
എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.
“ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം
അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും,
അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും;
ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും
ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കാനിരിക്കുന്ന
തങ്ങളുടെ രാജാവായ ദാവീദിനെയും അവർ സേവിക്കും.
“ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട,
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘ഞാൻ ദൂരത്തുനിന്നു നിങ്ങളെയും പ്രവാസദേശത്തുനിന്നു
നിങ്ങളുടെ സന്തതിയെയും രക്ഷിക്കും.
യാക്കോബിനു വീണ്ടും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും,
ആരും അവനെ ഭയപ്പെടുത്തുകയില്ല.
ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ
ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും
ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല.
ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം;
ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിങ്ങളുടെ പരിക്ക് സൗഖ്യമാകാത്തതും
നിങ്ങളുടെ മുറിവു വളരെ വലുതുമാകുന്നു.
നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല,
നിന്റെ മുറിവിനു മരുന്നില്ല,
നിനക്കു രോഗശാന്തിയുമില്ല.
നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു;
അവർ നിന്നെ അന്വേഷിക്കുന്നതുമില്ല.
ഒരു ശത്രു അടിക്കുന്നതുപോലെ ഞാൻ നിന്നെ അടിച്ചു,
ക്രൂരനായ ഒരുവൻ ശിക്ഷിക്കുന്നതുപോലെ ഞാൻ നിന്നെ ശിക്ഷിച്ചു;
കാരണം നിന്റെ അകൃത്യം വലുതും
നിന്റെ പാപങ്ങൾ അസംഖ്യവുമാകുന്നു.
നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്?
നിന്റെ വേദനയ്ക്കു യാതൊരു ശമനവുമില്ല;
നിന്റെ അകൃത്യം വലുതും പാപങ്ങൾ അസംഖ്യവുമാകുകയാൽ
ഇതെല്ലാം ഞാൻ നിനക്കു വരുത്തിയിരിക്കുന്നു.
“ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും;
നിന്റെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും.
നിന്നെ കൊള്ളയിടുന്നവരെല്ലാം കൊള്ളയിടപ്പെടും;
നിന്നെ ആക്രമിക്കുന്നവരെല്ലാം ആക്രമിക്കപ്പെടും.
എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,
നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’
എന്ന് യഹോവയുടെ അരുളപ്പാട്.
‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട
സീയോൻ നീ ആകുകയാൽത്തന്നെ.’
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം
അവന്റെ നിവാസങ്ങളോടു കരുണകാണിക്കും;
ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും,
അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും.
അവരിൽനിന്നു സ്തോത്രഗാനങ്ങളും
ആനന്ദഘോഷവും പുറപ്പെടും,
ഞാൻ അവരെ വർധിപ്പിക്കും;
അവർ കുറഞ്ഞുപോകുകയില്ല;
ഞാൻ അവരെ ആദരിക്കും;
അവർ നിന്ദിക്കപ്പെടുകയുമില്ല.
അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും
അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും;
അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും.
അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;
അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും.
ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും.
എന്റെ സമീപസ്ഥനായിരുന്നുകൊണ്ട്
എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും
ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ”
ഇതാ, യഹോവയുടെ കൊടുങ്കാറ്റ്!
അതു ക്രോധത്തോടെ പൊട്ടിപ്പുറപ്പെടും,
ചീറിയടിക്കുന്ന ഒരു കൊടുങ്കാറ്റായി അതു പുറപ്പെട്ടിരിക്കുന്നു,
ദുഷ്ടന്മാരുടെ തലമേൽ അതു വന്നുപതിക്കും.
യഹോവയുടെ ഉഗ്രകോപം
അവിടന്നു തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം
നിറവേറ്റുന്നതുവരെയും പിന്മാറുകയില്ല.
ഭാവികാലത്ത്
നിങ്ങൾ ഇതു മനസ്സിലാക്കും.
“ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം
മരുഭൂമിയിൽ കൃപ കണ്ടെത്തി;
ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.”
യഹോവ ദൂരത്തുനിന്ന്31:3 അഥവാ, മുൻകാലത്ത് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:
“നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;
അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.
ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും,
നീ വീണ്ടും പണിയപ്പെടും.
നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം
നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും.
വീണ്ടും നീ ശമര്യാപർവതങ്ങളിൽ
മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും;
കർഷകർ അതു കൃഷിചെയ്യുകയും
അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്,
നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ”
എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ
വിളിച്ചുപറയുന്ന കാലം വരും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക;
രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക.
നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്,
‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ
അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.”
ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും,
ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.
അവരോടൊപ്പം അന്ധരും മുടന്തരും
ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും
എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.
അവർ കരഞ്ഞുകൊണ്ടു വരും;
ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും.
അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത
ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും;
കാരണം ഞാൻ ഇസ്രായേലിനു പിതാവും
എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.
“രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക;
വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക:
‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും
ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’
കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും,
അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും.
അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും;
ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ,
കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ
യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും.
അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും,
അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.
അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും
ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും.
അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും;
അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും.
ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും;
എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,”
എന്ന് യഹോവയുടെ അരുളപ്പാട്.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“രാമായിൽ ഒരു ശബ്ദം കേൾക്കുന്നു;
വിലാപവും കഠിനമായ രോദനവുംതന്നെ,
റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.
അവരിലാരും അവശേഷിക്കുന്നില്ല;
സാന്ത്വനം അവൾ നിരസിക്കുന്നു.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിന്റെ കരച്ചിൽ നിർത്തുക,
നിന്റെ കണ്ണുനീർ തുടയ്ക്കുക;
കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.
അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.
“ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം:
‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു
ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു;
ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ,
കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.
തെറ്റിപ്പോയശേഷം
ഞാൻ അനുതപിച്ചു;
ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ
എന്റെ മാറത്തടിച്ചു.
ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു,
കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’
എഫ്രയീം എന്റെ പ്രിയപുത്രനല്ലേ,
ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ.
അവനെതിരായി സംസാരിച്ചാലും
ഞാനവനെ ഇപ്പോഴും ഓർക്കുന്നു.
അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു;
ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക.
നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക.
നീ പോയ രാജവീഥി
മനസ്സിൽ കരുതിക്കൊള്ളുക.
ഇസ്രായേൽ കന്യകേ, മടങ്ങിവരിക,
നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.
അവിശ്വസ്തയായ ഇസ്രായേൽപുത്രീ,
എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും?
യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു—
ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.31:22 അഥവാ, ഒരു പുരുഷനിലേക്കു മടങ്ങിവരും.”
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും. യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ. ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.”
ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു.
“ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്. “പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ആ കാലങ്ങളിൽ,
“ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു;
മക്കളുടെ പല്ലു പുളിച്ചു,’
എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല. ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ
ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും
എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,
അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും;
ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
സൂര്യനെ പകൽവെളിച്ചത്തിനായി
നിയമിക്കുകയും
ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി
നൽകുകയും
സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു
ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും
സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:
“ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,”
യഹോവ അരുളിച്ചെയ്യുന്നു,
“ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം
എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മീതേയുള്ള ആകാശത്തെ അളക്കുകയും
താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ
ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും
അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും. ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”
യിരെമ്യാവ് ഒരു നിലം വാങ്ങുന്നു
യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താംവർഷം, നെബൂഖദ്നേസരിന്റെ പതിനെട്ടാം വർഷത്തിൽത്തന്നെ, യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: ആ സമയത്ത് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനെതിരേ ഉപരോധം ഏർപ്പെടുത്തിയിരുന്നു, യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയിലുള്ള കാവൽപ്പുരമുറ്റത്ത് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു.
യെഹൂദാരാജാവായ സിദെക്കീയാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് യിരെമ്യാവിനെ കാരാഗൃഹത്തിൽ അടച്ചിട്ടു, “നീ ഇങ്ങനെ എന്തുകൊണ്ട് പ്രവചിക്കുന്നു? നീ പറയുന്നു: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും; അദ്ദേഹം അതിനെ പിടിച്ചടക്കും. യെഹൂദാരാജാവായ സിദെക്കീയാവ് ബാബേല്യരുടെ32:4 അഥവാ, കൽദയരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല; അദ്ദേഹം തീർച്ചയായും ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. അയാൾ അദ്ദേഹത്തോടു മുഖാമുഖമായി; സ്വന്തം കണ്ണിനാൽ കണ്ടുകൊണ്ട് സംസാരിക്കും. അദ്ദേഹം സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോകും ഞാൻ അവന്റെ കാര്യം പരിഗണിക്കുന്നതുവരെയും അവൻ അവിടെ ആയിരിക്കും, എന്ന് യഹോവ പ്രഖ്യാപിക്കുന്നു. നിങ്ങൾ ബാബേല്യർക്കെതിരേ യുദ്ധം ചെയ്താലും ജയിക്കുകയില്ല.’ ”
യിരെമ്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും.
“അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’
“അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി; അങ്ങനെ ഞാൻ എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം വിലയ്ക്കുവാങ്ങി. പതിനേഴു ശേക്കേൽ32:9 ഏക. 200 ഗ്രാം. വെള്ളി ഞാൻ അയാൾക്കു തൂക്കിക്കൊടുത്തു. ആധാരം ഞാൻ ഒപ്പിട്ടു മുദ്രവെച്ചശേഷം സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പിന്നെ ഞാൻ വെള്ളി അയാൾക്കു തുലാസിൽ തൂക്കിക്കൊടുത്തു. പിന്നീടു ഞാൻ വാങ്ങിയ ആധാരം എടുത്തു—വ്യവസ്ഥകൾ എഴുതിയതും മുദ്രയിട്ടതുമായ ആധാരവും അതിന്റെ പകർപ്പും— ഞാൻ വിലയാധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ, എന്റെ പിതൃസഹോദരന്റെ മകൻ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവൽപ്പുരമുറ്റത്ത് ഇരുന്നിരുന്ന എല്ലാ യെഹൂദന്മാരും കാൺകെ കൊടുത്തു.
“അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇപ്രകാരമുള്ള നിർദേശങ്ങളും നൽകി: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ട ഈ വിലയാധാരവും ഈ പകർപ്പും വാങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കേണ്ടതിന് അവ ഒരു മൺപാത്രത്തിലാക്കി വെക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വീടുകളും നിലങ്ങളും മുന്തിരിത്തോപ്പുകളും ഈ ദേശത്ത് ഇനിയും വിലയ്ക്കു വാങ്ങപ്പെടും.’
“ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ കൊടുത്തശേഷം ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു.
“അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല. അങ്ങ് ആയിരം തലമുറവരെ ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവർക്കുശേഷമുള്ള മക്കളുടെ മാർവിടത്തിൽ ശിക്ഷ നടപ്പാക്കുകയുംചെയ്യുന്നു. മഹത്ത്വവും ശക്തിയും ഉള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ അവിടത്തെ നാമം! അങ്ങ് ആലോചനയിൽ ഉന്നതനും പ്രവൃത്തിയിൽ ബലവാനും ആകുന്നു. ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിന് അനുസരിച്ചും പ്രവൃത്തികൾക്ക് അർഹമായനിലയിലും പകരം നൽകേണ്ടതിന് അങ്ങയുടെ കണ്ണുകൾ മനുഷ്യപുത്രന്മാരുടെ എല്ലാ ജീവിതരീതികളും കാണുന്നല്ലോ. അങ്ങ് ഈജിപ്റ്റുദേശത്ത് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു, അവ ഇസ്രായേലിലും സകലമനുഷ്യർക്കിടയിലും ഇന്നും തുടരുന്നു എന്നുമാത്രമല്ല, അവിടത്തെ നാമത്തിന് ഇന്നും നിലനിൽക്കുന്ന കീർത്തിയും അതുമൂലം ലഭിച്ചിരിക്കുന്നു. അങ്ങ് എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റുദേശത്തുനിന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും കൊണ്ടുവന്നു. അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്തിരുന്ന ഈ ദേശം, പാലും തേനും ഒഴുകുന്നതായ ദേശംതന്നെ, അവർക്കു കൊടുത്തു. അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു.
“നഗരം പിടിച്ചടക്കാൻ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമെന്നു കാണുക. വാളും ക്ഷാമവും മഹാമാരിയുംനിമിത്തം ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ കൈകളിൽ അത് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ കാണാൻ കഴിയുന്നതുപോലെതന്നെ അങ്ങ് അരുളിച്ചെയ്തത് നിറവേറ്റപ്പെടുന്നു. യഹോവയായ കർത്താവേ, ഈ നഗരം ബാബേല്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനിരിക്കെ, ‘നീ നിലം വിലയ്ക്കുവാങ്ങി സാക്ഷ്യപ്പെടുത്തുക’ എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചല്ലോ.”
അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: “ഇതാ, ഞാൻ സകലമനുഷ്യരുടെയും ദൈവമായ യഹോവ ആകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ? അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ഈ നഗരം ബാബേല്യരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏൽപ്പിക്കാൻ പോകുന്നു. അദ്ദേഹം അതിനെ പിടിച്ചടക്കും. ഈ നഗരത്തെ ആക്രമിക്കുന്ന ബാബേല്യർ കടന്നുകയറി ഇവിടം അഗ്നിക്കിരയാക്കും; ജനങ്ങൾ എന്നെ കോപിപ്പിക്കാനായി മേൽക്കൂരകളിൽവെച്ച് ബാലിനു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടൊപ്പം അതിനെ ചുട്ടു നശിപ്പിക്കും.
“ഇസ്രായേൽജനവും യെഹൂദാജനവും തങ്ങളുടെ ബാല്യംമുതൽ എന്റെ ദൃഷ്ടിയിൽ തിന്മമാത്രം ചെയ്തുപോന്നു. ഇസ്രായേൽജനം തങ്ങളുടെ കൈകളുടെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഈ നഗരം അവർ അതിനെ പണിത നാൾമുതൽ ഇന്നുവരെയും, ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയുംവിധം എന്റെ കോപത്തെയും ക്രോധത്തെയും ജ്വലിപ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അവർ ചെയ്ത എല്ലാ ദുഷ്ടതകളിലൂടെയും, ഇസ്രായേൽജനവും യെഹൂദാജനവും എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരും അവരുടെ രാജാക്കന്മാരും നേതാക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാജനവും ജെറുശലേംനിവാസികളുംതന്നെ. അവർ തങ്ങളുടെ മുഖമല്ല, പുറംതന്നെ എങ്കലേക്കു തിരിച്ചിരിക്കുന്നു. ഞാൻ അവരെ വീണ്ടും വീണ്ടും ഉപദേശിച്ച് പഠിപ്പിച്ചിട്ടും അവർ കേൾക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്തില്ല. എന്നാൽ എന്റെ നാമം വഹിക്കുന്ന എന്റെ ആലയത്തെ അശുദ്ധമാക്കാൻ അവർ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മോലെക്കിനുവേണ്ടി അഗ്നിപ്രവേശം ചെയ്യിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാൽദേവനുവേണ്ടി ക്ഷേത്രങ്ങൾ പണിയിച്ചു. ഈ മ്ലേച്ഛതകൾ ചെയ്ത് യെഹൂദയെക്കൊണ്ടു പാപം ചെയ്യിക്കാൻ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ല; ആ കാര്യം എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല.
“അതിനാൽ, ‘വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,’ എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഉഗ്രകോപത്തോടും മഹാക്രോധത്തോടും നാടുകടത്തിയിരിക്കുന്ന സകലദേശങ്ങളിൽനിന്നും അവരെ കൂട്ടിച്ചേർക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരിച്ചു വരുത്തി ഇവിടെ സുരക്ഷിതരായി പാർപ്പിക്കും. അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും. അവരുടെ നന്മയ്ക്കും അവരുടെശേഷം അവരുടെ മക്കളുടെ നന്മയ്ക്കുമായി അവർ എപ്പോഴും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഹൃദയത്തിലും പ്രവൃത്തിയിലും ഐക്യംനൽകും. ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും: അവർ എന്നെവിട്ടു പിന്മാറാതിരിക്കേണ്ടതിന്, അവർക്കു ചെയ്യുന്ന നന്മകൾക്കൊന്നും ഞാൻ മുടക്കംവരുത്തുകയില്ല, എന്നെ ഭയപ്പെടുന്നതിന് ഞാൻ അവർക്ക് പ്രചോദനംനൽകും. അവർക്കു നന്മ ചെയ്യേണ്ടതിന് ഞാൻ അവരിൽ സന്തോഷിക്കും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിശ്ചയമായും അവരെ ഈ ദേശത്തു നടും.
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെമേൽ ഈ അനർഥമെല്ലാം വരുത്തിയതുപോലെതന്നെ, ഞാൻ വാഗ്ദാനം ചെയ്യുന്ന എല്ലാ നന്മയും ഞാൻ അവർക്കു നൽകും. മനുഷ്യനോ മൃഗമോ ശേഷിച്ചിട്ടില്ലാത്ത ഒരു ശൂന്യസ്ഥലമെന്നും ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടതെന്നും നീ പറയുന്ന ഈ ദേശത്ത് ജനം ഒരിക്കൽക്കൂടി നിലങ്ങൾ വിലയ്ക്കു വാങ്ങും. ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ32:44 അതായത്, യെഹൂദയ്ക്കു തെക്കുവശത്തെ. നഗരങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങുകയും ആധാരത്തിൽ ഒപ്പും മുദ്രയും വെക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്.”
പുനഃസ്ഥാപനത്തെക്കുറിച്ചുള്ള വാഗ്ദാനം
യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി: “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’ ബാബേല്യരുമായുള്ള33:4 അഥവാ, കൽദയരോടു യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്: ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
“ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും. ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും. അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും. ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി, ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്,
“ ‘ “സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ,
യഹോവ നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,”
എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും. മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ33:13 അതായത്, യെഹൂദയ്ക്കു തെക്കുവശത്തെ. പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്.
“ ‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്.
“ ‘ആ നാളുകളിലും ആ കാലത്തും
ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും.
അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും,
ജെറുശലേം സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല, ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’ ”
യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം. ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ”
യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി: “ ‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും33:24 അഥവാ, വംശങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ, ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”
സിദെക്കീയാവിനുള്ള മുന്നറിയിപ്പ്
ബാബേൽരാജാവായ നെബൂഖദ്നേസരും അദ്ദേഹത്തിന്റെ സകലസൈന്യവും അദ്ദേഹത്തിന്റെ അധികാരത്തിൻകീഴുള്ള ഭൂമിയിലെ സകലരാജ്യങ്ങളും സകലജനങ്ങളും ചേർന്ന് ജെറുശലേമിനും അതിലെ എല്ലാ പട്ടണങ്ങൾക്കുമെതിരേ യുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാരാജാവായ സിദെക്കീയാവിനോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും. നീ അദ്ദേഹത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല, എന്നാൽ നിന്നെ അവൻ പിടിച്ചടക്കും, നീ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. നീ ബാബേൽരാജാവിനെ കണ്മുമ്പിൽ കാണും; അദ്ദേഹം അഭിമുഖമായി നിന്നോടു സംസാരിക്കും. നീ ബാബേലിലേക്കു പോകേണ്ടിവരും.
“ ‘എന്നാലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വാഗ്ദാനം കേൾക്കുക. നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും. നിനക്കുമുമ്പ് വാണിരുന്ന രാജാക്കന്മാരായ നിന്റെ മുൻഗാമികളുടെ ആദരസൂചകമായി ചിതയൊരുക്കിയതുപോലെ അവർ നിനക്കുവേണ്ടിയും ആദരസൂചകമായി ചിതയൊരുക്കി, “അയ്യോ തമ്പുരാനേ!” എന്നു പറഞ്ഞ് അവർ നിനക്കായും വിലപിക്കും. ഞാൻതന്നെയാണ് ഈ വാഗ്ദാനം നൽകുന്നത്, എന്നു യഹോവ പ്രഖ്യാപിക്കുന്നു.’ ”
അതിനുശേഷം യിരെമ്യാപ്രവാചകൻ ജെറുശലേമിൽവെച്ച് ഈ വചനങ്ങളെല്ലാം യെഹൂദാരാജാവായ സിദെക്കീയാവിനോട് സംസാരിച്ചു. അന്ന് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനോടും യെഹൂദ്യയിലെ ശേഷിച്ച നഗരങ്ങളായ ലാഖീശ്, അസേക്കാ എന്നിവയോടും യുദ്ധംചെയ്തുകൊണ്ടിരുന്നു. യെഹൂദാനഗരങ്ങളിൽ ഇവമാത്രം കോട്ടകൾകെട്ടി ഉറപ്പിക്കപ്പെട്ട നഗരങ്ങളായി ശേഷിച്ചിരുന്നു.
അടിമകൾക്കു മോചനം
ഒരു യെഹൂദൻ തന്റെ സഹോദരങ്ങളായ എബ്രായദാസീദാസന്മാരെ അടിമകളാക്കി വെക്കാതെ അവരെ സ്വതന്ത്രരാക്കാൻ ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന്, സിദെക്കീയാരാജാവ് ജെറുശലേമിലുണ്ടായിരുന്ന എല്ലാ ജനങ്ങളോടും ഒരു ഉടമ്പടി ചെയ്തശേഷം യഹോവയിൽനിന്നും യിരെമ്യാവിനുണ്ടായ അരുളപ്പാട്. അതുകൊണ്ട് ഓരോരുത്തനും തന്റെ ദാസനെയും ദാസിയെയും അടിമകളായി വെച്ചുകൊണ്ടിരിക്കാതെ അവരെ സ്വതന്ത്രരാക്കണമെന്ന ഉടമ്പടിയിൽ പങ്കാളികളായിരുന്ന എല്ലാ പ്രഭുക്കന്മാരും ജനങ്ങളും അതനുസരിച്ച് അവരെ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റി അവർ സ്വതന്ത്രരാക്കിയ ദാസന്മാരെയും ദാസിമാരെയും തിരികെ വിളിച്ച് അവരെ വീണ്ടും അടിമകളാക്കി.
അപ്പോൾ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പൂർവികരെ അടിമദേശമായ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ ഞാൻ അവരോട് ഒരു ഉടമ്പടിചെയ്തു. ‘നിനക്കു വിലയ്ക്കു വിൽക്കപ്പെട്ട ഓരോ എബ്രായദാസരും ആറുവർഷം നിങ്ങളെ സേവിച്ചതിനുശേഷം, ഏഴാംവർഷത്തിൽ നിങ്ങൾ അയാളെ വിട്ടയയ്ക്കണം; നിങ്ങൾ അവരെ സ്വതന്ത്രരായി വിട്ടയയ്ക്കണം.’34:14 [ആവ. 15:12] എന്നാൽ നിങ്ങളുടെ പൂർവികർ എന്നെ അനുസരിക്കുകയോ എന്റെ വചനത്തിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല. അടുത്തകാലത്ത് നിങ്ങൾ പശ്ചാത്തപിച്ച് എന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്തു: നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്വന്തം ജനത്തിനു സ്വാതന്ത്ര്യം പ്രസിദ്ധമാക്കി. എന്റെ നാമം വഹിക്കുന്ന ആലയത്തിൽവെച്ച് നിങ്ങൾ ഉടമ്പടിയും ചെയ്തു. എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് എന്റെ നാമം അശുദ്ധമാക്കി; ഓരോരുത്തനും അവരവരുടെ ഹിതപ്രകാരം നിങ്ങൾ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്ന ദാസനെയും ദാസിയെയും തിരികെ വിളിപ്പിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും അവരെ ബലപ്രയോഗത്തിലൂടെ അടിമകളാക്കിയിരിക്കുന്നു.
“അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ജനത്തിനു വിമോചനം പ്രസിദ്ധമാക്കണമെന്നുള്ള എന്റെ വചനം അനുസരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു ‘വിമോചനം,’ പ്രസിദ്ധമാക്കുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു—വാളിലേക്കും മഹാമാരിയിലേക്കും ക്ഷാമത്തിലേക്കും വീഴുന്നതിനുള്ള ഒരു വിമോചനംതന്നെ. ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഒരു ഭീതി വിഷയമാക്കിത്തീർക്കും. എന്റെ ഉടമ്പടി ലംഘിക്കുകയും എന്റെമുമ്പാകെ ചെയ്ത ഉടമ്പടിയുടെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവരെ, അവർ ഏതൊരു കാളക്കിടാവിനെ രണ്ടു ഖണ്ഡമായി പിളർന്ന് അതിനു മധ്യേകൂടി കടന്നുപോയോ, ആ കിടാവിനെപ്പോലെ ഞാൻ അവരോട് ഇടപെടും. യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥമേധാവിമാരെയും പുരോഹിതന്മാരെയും പിളർക്കപ്പെട്ട കാളക്കിടാവിന്റെ ഖണ്ഡങ്ങളിലൂടെ നടന്ന ദേശത്തെ സകലജനങ്ങളെയും, ഞാൻ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.
“യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടു പിൻവാങ്ങിയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏൽപ്പിക്കും. ഇതാ, ഞാൻ ആജ്ഞ കൊടുക്കാൻ പോകുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരെ ഞാൻ ഈ നഗരത്തിലേക്കു തിരികെവരുത്തും. അവർ അതിനെതിരേ യുദ്ധംചെയ്ത് അതിനെ പിടിച്ചടക്കി തീവെച്ചു ചുട്ടുകളയും. ഞാൻ യെഹൂദാനഗരങ്ങളെ ആൾപ്പാർപ്പില്ലാത്ത ഒരു ശൂന്യസ്ഥലമാക്കും.”
രേഖാബ്യരുടെ വിശ്വസ്തത
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് യഹോവയിൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്: “നീ രേഖാബ്യരുടെ ഭവനത്തിൽചെന്ന് അവരെ യഹോവയുടെ ആലയത്തിന്റെ വശത്തോടു ചേർന്നുള്ള ഒരു മുറിയിലേക്കു വരുന്നതിനു ക്ഷണിക്കുക, അതിനുശേഷം അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുക.”
അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവിനെയും അദ്ദേഹത്തിന്റെ സഹോദരന്മാരെയും അദ്ദേഹത്തിന്റെ സകലപുത്രന്മാരെയും—രേഖാബ്യഗൃഹത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരുന്നതിനു പോയി. ഞാൻ അവരെ യഹോവയുടെ ആലയത്തിൽ ദൈവപുരുഷനായ ഇഗ്ദല്യാവിന്റെ മകനായ ഹാനാന്റെ പുത്രന്മാരുടെ മുറിയിലേക്കു കൊണ്ടുവന്നു. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയാവിന്റെ മുറിക്കുമീതേ പ്രഭുക്കന്മാരുടെ മുറിയുടെ സമീപത്ത് ആയിരുന്നു ആ മുറി. പിന്നീട് ഞാൻ രേഖാബ്യഗൃഹത്തിലെ ആ പുരുഷന്മാരുടെമുമ്പിൽ വീഞ്ഞുനിറച്ച പാത്രങ്ങളും പാനപാത്രങ്ങളുംവെച്ച്, “അല്പം വീഞ്ഞു കുടിക്കുക” എന്ന് അവരോടു പറഞ്ഞു.
എന്നാൽ അവർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല; കാരണം രേഖാബിന്റെ മകനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ്:35:6 യെഹോനാദാബ്, യോനാദാബ് എന്നതിന്റെ മറ്റൊരുരൂപം. ‘നിങ്ങളും നിങ്ങളുടെ പുത്രന്മാരും ഒരിക്കലും വീഞ്ഞു കുടിക്കരുത്’ എന്നു കൽപ്പിച്ചിട്ടുണ്ട്. ‘മാത്രമല്ല, നിങ്ങൾ വീടുകൾ പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുകയോ ചെയ്യരുത്; ഇവയൊന്നും നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല, എന്നാൽ നിങ്ങൾ എപ്പോഴും കൂടാരങ്ങളിൽത്തന്നെ പാർക്കണം. അങ്ങനെയായാൽ നിങ്ങൾ ദേശാന്തരികളായി പാർക്കുന്ന ദേശത്ത് ദീർഘകാലം വസിക്കും, എന്നും അദ്ദേഹം കൽപ്പിച്ചു.’ അങ്ങനെ ഞങ്ങൾ രേഖാബിന്റെ പുത്രനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം അനുസരിച്ചിരിക്കുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഒരിക്കലും വീഞ്ഞു കുടിക്കാതെയും താമസിക്കാൻ വീടുകൾ നിർമിക്കാതെയും മുന്തിരിത്തോട്ടമോ വയലോ വിത്തോ ഇല്ലാതെയും ജീവിച്ചുപോരുന്നു. ഞങ്ങൾ കൂടാരങ്ങളിൽമാത്രം താമസിച്ചും ഞങ്ങളുടെ പൂർവപിതാവായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം പൂർണമായും അനുസരിച്ചും പോരുന്നു. എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ഈ ദേശത്തെ ആക്രമിച്ചപ്പോൾ, ഞങ്ങൾ, ‘വരിക, ബാബേല്യരുടെയും35:11 അഥവാ, കൽദയരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെടുന്നതിനു നമുക്കു ജെറുശലേമിലേക്കു പോകണം’ എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ജെറുശലേമിൽ താമസിക്കുന്നത്.”
അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാജനത്തോടും ജെറുശലേംനിവാസികളോടും ഇപ്രകാരം പറയുക, ‘നിങ്ങൾ ഒരു പാഠം പഠിച്ച് എന്റെ വാക്കുകൾ അനുസരിക്കുകയില്ലേ?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ മക്കളോടു വീഞ്ഞു കുടിക്കരുത്, എന്നു കൽപ്പിച്ചത് പാലിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ ഇന്നുവരെയും തങ്ങളുടെ പൂർവപിതാവിന്റെ കൽപ്പന അനുസരിച്ചു വീഞ്ഞു കുടിക്കാതെയിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. “നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞ്, നിങ്ങളുടെ പ്രവൃത്തികൾ പുനരുദ്ധരിക്കുക; അന്യദേവതകളെ സേവിക്കുന്നതിന് അവയുടെ പിന്നാലെ പോകരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ ദേശത്തു നിങ്ങൾ പാർക്കും,” എന്നിങ്ങനെ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കലേക്കയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവിതരികയോ എന്റെ വാക്ക് അനുസരിക്കുകയോ ചെയ്തിട്ടില്ല. രേഖാബിന്റെ മകനായ യോനാദാബിന്റെ മക്കൾ സത്യമായും തങ്ങളുടെ പൂർവപിതാവ് തങ്ങളോടു കൽപ്പിച്ച വചനം അനുസരിച്ചിരിക്കുന്നു; എന്നാൽ ഈ ജനം എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.’
“അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിക്കാതെയും ഞാൻ അവരെ വിളിച്ചിട്ടും അവർ ഉത്തരം പറയാതെയും ഇരിക്കുകയാൽ ഞാൻ യെഹൂദയുടെമേലും എല്ലാ ജെറുശലേംനിവാസികളുടെമേലും വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അനർഥങ്ങളും അവരുടെമേൽ വരുത്തും.’ ”
അതിനുശേഷം യിരെമ്യാവ് രേഖാബ്യഗൃഹത്തോട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ നിങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന അനുസരിച്ച് അവന്റെ എല്ലാ ആജ്ഞകളും പാലിക്കുകയും അവൻ നിങ്ങളോടു കൽപ്പിച്ചതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുകനിമിത്തം രേഖാബിന്റെ മകനായ യോനാദാബിന് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
യെഹോയാക്കീം യിരെമ്യാവിന്റെ തുകൽച്ചുരുൾ കത്തിക്കുന്നു
യോശിയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: “നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക. ഒരുപക്ഷേ യെഹൂദ്യയിലെ ജനത്തിന്മേൽ ഞാൻ വരുത്താൻപോകുന്ന എല്ലാ അനർഥങ്ങളെക്കുറിച്ചും അവർ കേൾക്കുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയാൻ ഇടയാകും; അങ്ങനെയെങ്കിൽ ഞാൻ അവരുടെ ദുഷ്ടതയും പാപവും അവരോടു ക്ഷമിക്കും.”
അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി. പിന്നീട് യിരെമ്യാവ് ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ തടവിൽ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിലേക്കു പോകാൻ കഴിയുകയില്ല. അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം. ഒരുപക്ഷേ അവർ യഹോവയുടെമുമ്പാകെ വീണ് അപേക്ഷിക്കയും ഓരോരുത്തരും തങ്ങളുടെ ദുഷ്ടവഴികൾ വിട്ടു തിരിയുകയും ചെയ്യും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലുതാണല്ലോ.”
നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ തന്നോടു കൽപ്പിച്ചതുപോലെയെല്ലാം ചെയ്തു. യഹോവയുടെ ആലയത്തിൽവെച്ച് അദ്ദേഹം യഹോവയുടെ എല്ലാ വചനങ്ങളും വായിച്ചുകേൾപ്പിച്ചു. യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ അഞ്ചാമാണ്ടിൽ ഒൻപതാംമാസത്തിൽ ജെറുശലേമിലെ എല്ലാ ജനങ്ങൾക്കും യെഹൂദാപട്ടണങ്ങളിൽനിന്ന് ജെറുശലേമിലേക്കു വന്ന എല്ലാവർക്കുമായി യഹോവയുടെമുമ്പാകെ ഒരു ഉപവാസം പ്രഖ്യാപിക്കപ്പെട്ടു. ആ സമയത്ത് ബാരൂക്ക് യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനസ്ഥലത്ത് മുകൾഭാഗത്തുള്ള അങ്കണത്തിൽ ലേഖകനായ36:10 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ശാഫാന്റെ മകനായ ഗെമര്യാവിന്റെ മുറിയിൽവെച്ച് യിരെമ്യാവിന്റെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്നു സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്ന് വായിച്ചുകേട്ടപ്പോൾ, അദ്ദേഹം രാജകൊട്ടാരത്തിൽ ലേഖകന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഉണ്ടായിരുന്നു: ലേഖകനായ എലീശാമയും ശെമയ്യാവിന്റെ മകൻ ദെലായാവും അക്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ബാരൂക്ക് തുകൽച്ചുരുളിൽനിന്ന് ജനത്തെ വായിച്ചു കേൾപ്പിച്ചപ്പോൾ താൻ കേട്ടിരുന്ന എല്ലാ വചനങ്ങളും മീഖായാവ് അവരോടു പ്രസ്താവിച്ചു. അപ്പോൾ പ്രഭുക്കന്മാരെല്ലാവരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കലേക്ക് അയച്ച്, “നീ ജനത്തിനു വായിച്ചു കേൾപ്പിച്ച ചുരുൾ എടുത്തുകൊണ്ടുവരിക” എന്ന് അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ നേര്യാവിന്റെ മകനായ ബാരൂക്ക് തന്റെ കൈയിൽ ഉണ്ടായിരുന്ന തുകൽച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ ചെന്നു. “അവിടെ ഇരുന്ന് അതു ഞങ്ങളെ വായിച്ചു കേൾപ്പിക്കുക,” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.
അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു. അവർ ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ ഭയപ്പെട്ട് പരസ്പരം നോക്കിക്കൊണ്ട് ബാരൂക്കിനോട്: “തീർച്ചയായും ഈ വചനങ്ങളെല്ലാം നമുക്കു രാജാവിനെ അറിയിക്കണം” എന്നു പറഞ്ഞു. അവർ ബാരൂക്കിനോട്: “താങ്കൾ എങ്ങനെയാണ് ഈ വചനങ്ങൾ ഒക്കെയും എഴുതിയത്? യിരെമ്യാവ് പറഞ്ഞുതന്നതോ? ഞങ്ങളോടു പറയുക” എന്നു പറഞ്ഞു.
അപ്പോൾ ബാരൂക്ക് അവരോട്: “അതേ, അദ്ദേഹം ഈ വചനങ്ങളെല്ലാം എനിക്കു പറഞ്ഞുതന്നു; ഞാൻ അവ മഷികൊണ്ടു തുകൽച്ചുരുളിൽ എഴുതി” എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി താങ്കളും യിരെമ്യാവും ഒളിച്ചുകൊൾക. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
അങ്ങനെ അവർ തുകൽച്ചുരുൾ ലേഖകനായ എലീശാമയുടെ മുറിയിൽ വെച്ചശേഷം അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ അറിയിച്ചു. അതിനുശേഷം രാജാവ് തുകൽച്ചുരുൾ എടുത്തുകൊണ്ടുവരാൻ യെഹൂദിയെ അയച്ചു. അയാൾ ലേഖകനായ എലീശാമയുടെ മുറിയിൽനിന്നും അത് എടുത്തുകൊണ്ടുവന്നു. യെഹൂദി അത് രാജാവിനെയും അദ്ദേഹത്തിന്റെ അടുക്കൽനിന്ന എല്ലാ പ്രഭുക്കന്മാരെയും വായിച്ചുകേൾപ്പിച്ചു. അത് ഒൻപതാംമാസമായിരുന്നു, രാജാവ് തന്റെ ഹേമന്തഗൃഹത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു. യെഹൂദി തുകൽച്ചുരുളിന്റെ മൂന്നോ നാലോ ഭാഗം വായിച്ചുതീരുമ്പോൾ, രാജാവ് എഴുത്തുകാരന്റെ പേനാക്കത്തികൊണ്ട് അതു മുറിച്ച് ചുരുൾമുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുന്നതുവരെ ഇട്ടുകൊണ്ടിരുന്നു. എങ്കിലും രാജാവും ഈ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരും ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. എൽനാഥാനും ദെലായാവും ഗെമര്യാവും തുകൽച്ചുരുൾ ചുട്ടുകളയാതിരിക്കാൻ രാജാവിനോട് അപേക്ഷിച്ചു, എങ്കിലും അദ്ദേഹം അവരുടെ വാക്കു ശ്രദ്ധിച്ചില്ല. രാജാവിന്റെ ഒരു പുത്രനായ യെരഹ്മയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും വേദജ്ഞനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിക്കാൻ കൽപ്പിച്ചു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചിരുന്നു.
യിരെമ്യാവു പറഞ്ഞുകൊടുത്തിട്ട് ബാരൂക്ക് എഴുതിയിരുന്ന വചനങ്ങളുള്ള തുകൽച്ചുരുൾ രാജാവ് ചുട്ടുകളഞ്ഞശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി: “നീ മറ്റൊരു തുകൽച്ചുരുൾ എടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളെല്ലാം അതിൽ എഴുതുക. യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് നീ ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവു തീർച്ചയായും വന്ന് ഈ ദേശത്തെ നശിപ്പിക്കുകയും മനുഷ്യനെയും മൃഗത്തെയും അതിൽനിന്ന് മുടിച്ചുകളയുകയും ചെയ്യുമെന്ന് നീ അതിൽ എഴുതിയത് എന്തിന്, എന്നു പറഞ്ഞുകൊണ്ട് നീ ആ ചുരുൾ ദഹിപ്പിച്ചല്ലോ.” അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ സിംഹാസനത്തിലിരിക്കാൻ അവന് ആരും ഉണ്ടാകുകയില്ല; അവന്റെ ശവശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏൽക്കാൻ എറിഞ്ഞുകളയും. ഈ അകൃത്യത്തിന് ഞാൻ അവനെയും അവന്റെ സന്തതികളെയും അവന്റെ ഭൃത്യന്മാരെയും ശിക്ഷിക്കും; അവരുടെമേലും ജെറുശലേംനിവാസികളുടെമേലും യെഹൂദാജനത്തിന്റെമേലും ഞാൻ അവർക്കു വരുത്തുമെന്ന് പ്രഖ്യാപിച്ച അനർഥമൊക്കെയും വരുത്തും; അവർ എന്റെ മുന്നറിയിപ്പുകൾ ഒന്നുംതന്നെ ശ്രദ്ധിച്ചില്ലല്ലോ.’ ”
അതിനുശേഷം യിരെമ്യാവ് മറ്റൊരു തുകൽച്ചുരുൾ എടുത്ത് നേര്യാവിന്റെ മകനായ ബാരൂക്ക് എന്ന വേദജ്ഞന്റെ കൈയിൽ കൊടുത്തു. യെഹൂദാരാജാവായ യെഹോയാക്കീം തീയിലിട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവു പറഞ്ഞുകൊടുത്തപ്രകാരം അദ്ദേഹം അതിൽ എഴുതി. അതുപോലെയുള്ള അനേകം വചനങ്ങളും അവയോടൊപ്പം എഴുതിച്ചേർത്തു.
യിരെമ്യാവ് കാരാഗൃഹത്തിൽ
ബാബേൽരാജാവായ നെബൂഖദ്നേസർ, യോശിയാവിന്റെ പുത്രനായ സിദെക്കീയാവിനെ യെഹൂദാദേശത്തു രാജാവായി വാഴിച്ചു; അദ്ദേഹം യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്റെ37:1 മൂ.ഭാ. കൊന്യാവ്, യെഹോയാഖീൻ എന്നതിന്റെ മറ്റൊരുരൂപം. സ്ഥാനത്ത് രാജ്യഭരണം നടത്തി. എന്നാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഭൃത്യരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനങ്ങൾ അനുസരിച്ചില്ല.
എങ്കിലും സിദെക്കീയാരാജാവ്, ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും37:3 യൂഖൽ, യെഹൂഖൽ എന്നതിന്റെ മറ്റൊരുരൂപം. മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ച്, “അങ്ങ് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണമേ,” എന്നു പറയിച്ചു.
യിരെമ്യാവ് അപ്പോഴും ജനങ്ങളുടെ അടുക്കൽ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു; അതുവരെ അദ്ദേഹം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നില്ല. ഈ ഘട്ടത്തിൽ ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടിരുന്നു; അവരെക്കുറിച്ചുള്ള വാർത്ത ജെറുശലേമിന് ഉപരോധം ഏർപ്പെടുത്തിയിരുന്ന ബാബേല്യർ37:5 അഥവാ, കൽദയർ കേട്ടപ്പോൾ അവർ ജെറുശലേമിൽനിന്നു പിൻവാങ്ങി.
അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാപ്രവാചകന് ഉണ്ടായി: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും. ബാബേല്യർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധംചെയ്യും; അവർ ഈ നഗരം പിടിച്ചടക്കി അഗ്നിക്കിരയാക്കും.’
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്യർ തീർച്ചയായും നമ്മെ വിട്ടുപോകും,’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്. അവർ വിട്ടുപോകുകയില്ല! നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ37:10 അഥവാ, കൽദയരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”
ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ, യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര. എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു.
എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു.
അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി. അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു.
“ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു.
യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്? ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ? എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.”
അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
യിരെമ്യാവ് പൊട്ടിയ ജലസംഭരണിയിൽ
യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകൻ ശെഫത്യാവും പശ്ഹൂരിന്റെ മകൻ ഗെദല്യാവും ശെലെമ്യാവിന്റെ മകൻ യെഹൂഖലും മൽക്കീയാവിന്റെ മകൻ പശ്ഹൂരും കേട്ടു. ഇപ്രകാരമായിരുന്നു അദ്ദേഹം സംസാരിച്ചത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ നഗരത്തിൽ പാർക്കുന്നവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും. എന്നാൽ ബാബേല്യരുടെ38:2 അഥവാ, കൽദയരുടെ അടുക്കലേക്കു പോകുന്നവർ ജീവിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടെയിരിക്കും.’ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ പട്ടണം തീർച്ചയായും ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; രാജാവ് അതിനെ പിടിച്ചടക്കും.’ ”
അപ്പോൾ ആ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യത്തെയും അതുപോലെതന്നെ സകലജനത്തെയും നിരുത്സാഹപ്പെടുത്തുന്നതാണ്. അതുകൊണ്ട് ഇയാളെ കൊന്നുകളയണം. ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല, അവരുടെ നാശമാണ് ആഗ്രഹിക്കുന്നത്.”
അതിനാൽ സിദെക്കീയാരാജാവ് ഇപ്രകാരം കൽപ്പിച്ചു: “ഇതാ, അയാൾ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു. നിങ്ങൾക്കെതിരായി രാജാവിന് ഒന്നും ചെയ്യാൻ കഴിയുകയില്ല.”
അങ്ങനെ അവർ യിരെമ്യാവിനെ പിടിച്ചുകൊണ്ടുപോയി കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മൽക്കീയാവിന്റെ ജലസംഭരണിയിൽ ഇട്ടു. അവർ കയർകൊണ്ട് യിരെമ്യാവിനെ താഴേക്കിറക്കി. അതിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല, അങ്ങനെ യിരെമ്യാവ് ചെളിയിൽ താണു.
എന്നാൽ രാജകൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന38:7 അഥവാ, ഷണ്ഡൻ കൂശ്യനായ38:7 അഥവാ, എത്യോപ്യക്കാരനായ ഏബെദ്-മെലെക്ക്, അവർ യിരെമ്യാവിനെ ഒരു ജലസംഭരണിയിലിട്ട വാർത്ത കേട്ടു. അപ്പോൾ രാജാവ് ബെന്യാമീൻകവാടത്തിൽ ഇരിക്കുകയായിരുന്നു. ഏബെദ്-മെലെക്ക് രാജകൊട്ടാരത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനായ രാജാവേ, ഈ പുരുഷന്മാർ യിരെമ്യാപ്രവാചകനോടു ചെയ്തതെല്ലാം ദുഷ്ടതയാണ്. അവർ അദ്ദേഹത്തെ ആ ജലസംഭരണിയിൽ ഇട്ടുകളഞ്ഞല്ലോ. നഗരത്തിൽ ആഹാരമില്ലായ്കയാൽ അദ്ദേഹം അവിടെക്കിടന്ന് പട്ടിണികൊണ്ടു മരിച്ചുപോകും.”
അപ്പോൾ രാജാവ് കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം കൽപ്പിച്ചു: “ഇവിടെനിന്നു നിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പതുപേരെ നിന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ജലസംഭരണിയിൽനിന്ന് കയറ്റുക.”
അങ്ങനെ ഏബെദ്-മെലെക്ക് അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പത് ആളുകളെ കൂട്ടിക്കൊണ്ട് കൊട്ടാരത്തിൽ ഭണ്ഡാരമുറിക്കുകീഴേയുള്ള ഒരു സ്ഥലത്തുചെന്ന് അവിടെനിന്നു പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും ശേഖരിച്ച് അവ കയറിൽ കെട്ടി ജലസംഭരണിൽ യിരെമ്യാവിന്റെ അടുക്കലേക്ക് ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മെലെക്ക് യിരെമ്യാവിനോട്: “ഈ പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും കയറിനുകീഴേ നിന്റെ കക്ഷത്തിൽ വെക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ യിരെമ്യാവിനെ കയറുകൊണ്ടു ജലസംഭരണിയിൽനിന്നു വലിച്ചുകയറ്റി. അതിനുശേഷം യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
സിദെക്കീയാവ് യിരെമ്യാവിനെ വീണ്ടും വിളിപ്പിക്കുന്നു
അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനദ്വാരത്തിൽ തന്റെ അടുക്കൽ വരുത്തി. “ഞാൻ ഒരു കാര്യം താങ്കളോടു ചോദിക്കുകയാണ്. എന്നിൽനിന്ന് ഒന്നും മറച്ചുവെക്കരുത്,” എന്നു രാജാവ് യിരെമ്യാവിനോട് കൽപ്പിച്ചു.
അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ പറഞ്ഞാൽ അങ്ങ് എന്നെ കൊല്ലുകയില്ലേ? ഞാൻ അങ്ങയെ ഉപദേശിച്ചാൽ അങ്ങ് അതു കേൾക്കുകയുമില്ല” എന്നു പറഞ്ഞു.
എന്നാൽ സിദെക്കീയാരാജാവ് രഹസ്യത്തിൽ യിരെമ്യാവിനോട് ഇപ്രകാരം ശപഥംചെയ്തുപറഞ്ഞു: “ഈ ജീവൻ നമുക്കു തന്ന ജീവിക്കുന്ന യഹോവയാണെ, ഞാൻ തീർച്ചയായും താങ്കളെ കൊല്ലുകയോ താങ്കൾക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്ന ആളുകളുടെ കൈയിൽ താങ്കളെ ഏൽപ്പിക്കുകയോ ഇല്ല.”
അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അങ്ങ് കീഴടങ്ങി ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു ചെല്ലുന്നെങ്കിൽ അങ്ങ് ജീവിച്ചിരിക്കും; ഈ നഗരം അഗ്നിക്കിരയായി നശിപ്പിക്കപ്പെടുകയുമില്ല; അങ്ങും അങ്ങയുടെ കുടുംബവും ജീവനോടെ ശേഷിക്കുകയും ചെയ്യും. എന്നാൽ അങ്ങ് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ലെങ്കിൽ ഈ നഗരം ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ ഇതു തീവെച്ചു ചുട്ടുകളയും; അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’ ”
അപ്പോൾ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “ബാബേല്യരുടെ പക്ഷംചേർന്നിരിക്കുന്ന യെഹൂദ്യരെ ഞാൻ ഭയപ്പെടുന്നു, കാരണം ബാബേല്യർ എന്നെ അവരുടെപക്കൽ ഏൽപ്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
യിരെമ്യാവു മറുപടി പറഞ്ഞത്: “അവർ അങ്ങയെ അവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. അങ്ങേക്കു നന്മയുണ്ടാകാനും അങ്ങു ജീവിച്ചിരിക്കുന്നതിനും ഞാൻ അങ്ങയോടു പറയുന്ന കാര്യത്തിൽ യഹോവയെ അനുസരിച്ചാലും. എന്നാൽ അങ്ങു കീഴടങ്ങാൻ വിസമ്മതിക്കുന്നെങ്കിലോ, യഹോവ ഇപ്രകാരമാണ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്: ഇതാ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ശേഷിച്ചിട്ടുള്ള സകലസ്ത്രീകളും ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെമുമ്പിലേക്ക് ആനയിക്കപ്പെടും. ആ സ്ത്രീകൾ അങ്ങയോട് ഇപ്രകാരം പറയും:
“ ‘അങ്ങയുടെ വിശ്വസ്ത സ്നേഹിതന്മാർ
അങ്ങയെ തെറ്റിദ്ധരിപ്പിച്ച് വശത്താക്കി.
അങ്ങയുടെ കാൽ ചെളിയിൽ താണുപോയപ്പോൾ
അവർ അങ്ങയെ ഉപേക്ഷിച്ചുകളഞ്ഞു.’
“അവർ അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബേല്യരുടെ അടുക്കലേക്കു കൊണ്ടുപോകും. അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും. ഈ പട്ടണം ചുട്ടെരിക്കപ്പെടുകയും ചെയ്യും.”
അപ്പോൾ സിദെക്കീയാവ് യിരെമ്യാവിനോടു പറഞ്ഞു: “ഈ സംഭാഷണം ഒരാളും അറിയരുത്. അറിഞ്ഞാൽ താങ്കൾ മരിച്ചിരിക്കും. എന്നാൽ ഞാൻ താങ്കളോടു സംസാരിച്ചെന്നും താങ്കളുടെ അടുക്കൽ വന്നെന്നും പ്രഭുക്കന്മാർ അറിഞ്ഞിട്ട്, അവർ താങ്കളുടെ അടുക്കൽവന്ന്, ‘താങ്കൾ രാജാവിനോട് എന്താണു സംസാരിച്ചത്? രാജാവ് താങ്കളോട് എന്തു പറഞ്ഞു? ഞങ്ങൾക്ക് അതു മറയ്ക്കരുത്; അല്ലായെങ്കിൽ ഞങ്ങൾ താങ്കളെ വധിക്കും’ എന്നു പറയുന്നെങ്കിൽ താങ്കൾ അവരോട്: ‘യോനാഥാന്റെ ഭവനത്തിൽവെച്ചു മരിക്കേണ്ടതിന് അവിടേക്കു മടങ്ങാൻ എന്നെ അനുവദിക്കരുത് എന്നിങ്ങനെ ഞാൻ രാജാവിന്റെ തിരുമുമ്പിൽ എന്റെ അപേക്ഷ സമർപ്പിക്കുകയായിരുന്നു’ എന്നു പറഞ്ഞുകൊള്ളണം.”
അതിനുശേഷം പ്രഭുക്കന്മാരെല്ലാവരും യിരെമ്യാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ ചോദ്യംചെയ്തു. അതിനാൽ രാജാവു കൽപ്പിച്ച ഈ വാക്കുകളെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ അവർ അദ്ദേഹത്തോടു സംസാരിക്കുന്നതു മതിയാക്കി. രാജാവുമായി നടത്തിയ സംഭാഷണം ആരും കേട്ടിരുന്നതുമില്ല.
അങ്ങനെ ജെറുശലേം പിടിക്കപ്പെടുന്നതുവരെയും യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
ജെറുശലേമിന്റെ പതനം
ജെറുശലേം കീഴടക്കപ്പെട്ടത് ഇപ്രകാരമായിരുന്നു:
യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്ന് അതിന് ഉപരോധം ഏർപ്പെടുത്തി. സിദെക്കീയാവിന്റെ പതിനൊന്നാമാണ്ടിൽ നാലാംമാസം ഒൻപതാംതീയതി യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ. യെഹൂദാരാജാവായ സിദെക്കീയാവും അദ്ദേഹത്തിന്റെ സകലസൈനികരും അവരെ കണ്ടപ്പോൾ അവർ രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനം വഴിയായി രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ നഗരത്തിനു പുറത്തുകടന്ന് അരാബയിലേക്കു39:4 അതായത്, യോർദാൻ താഴ്വര യാത്രചെയ്തു.
എന്നാൽ ബാബേൽസൈന്യം39:5 അഥവാ, കൽദയസൈന്യം അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു. അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു. അതിനുശേഷം അദ്ദേഹം സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച്, ബാബേലിലേക്കു കൊണ്ടുപോകുന്നതിനായി വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ചു.
ബാബേല്യർ39:8 അഥവാ, കൽദയർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു. നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷിച്ച മറ്റുള്ളവരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. എന്നാൽ സ്വന്തമായി ഒന്നുമില്ലാത്ത ഏറ്റവും എളിയവരായ ചിലരെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യെഹൂദാദേശത്തു താമസിപ്പിച്ചു. അദ്ദേഹം അവർക്കു മുന്തിരിത്തോപ്പുകളും നിലങ്ങളും അക്കാലത്ത് അനുവദിച്ചുകൊടുത്തു.
ബാബേൽരാജാവായ നെബൂഖദ്നേസർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാന് യിരെമ്യാവിനെക്കുറിച്ച് ഇപ്രകാരം കൽപ്പന കൊടുത്തിരുന്നു: “നീ അദ്ദേഹത്തെ കൊണ്ടുപോയി സംരക്ഷിക്കണം; അദ്ദേഹത്തിന് ഒരു ദോഷവും ചെയ്യരുത്. അദ്ദേഹം ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുകയും വേണം.” അങ്ങനെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ, നെബൂശസ്ബാൻ എന്ന ഷണ്ഡന്മാരുടെ തലവനോടും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനോടും ബാബേൽരാജാവിന്റെ എല്ലാ പ്രധാന പ്രഭുക്കന്മാരോടുംകൂടെ ആളയച്ച് യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്ന് വരുത്തി. അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനായി ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം ജനത്തിന്റെ മധ്യേ താമസിച്ചു.
യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് തടവിലായിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് ഇപ്രകാരം അദ്ദേഹത്തിന് ഉണ്ടായി: “നീ പോയി കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം സംസാരിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്റെ ക്ഷേമത്തിനായിട്ടല്ല, നാശത്തിനായിത്തന്നെ നിറവേറ്റാൻ പോകുന്നു. ആ ദിവസത്തിൽ നിന്റെ കൺമുമ്പിൽത്തന്നെ അവ നിറവേറും. എന്നാൽ ആ നാളിൽ നിന്നെ ഞാൻ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏൽപ്പിക്കപ്പെടുകയുമില്ല, എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും; നീ വാളാൽ വീഴുകയില്ല, എന്നാൽ നീ എന്നിൽ വിശ്വസിച്ചതുകൊണ്ട് നിന്റെ ജീവൻ നിനക്ക് കൊള്ള കണ്ടുകിട്ടിയതുപോലെ ആയിരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
യിരെമ്യാവ് മോചിതനാകുന്നു
അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ യിരെമ്യാവിനെ രാമായിൽവെച്ച് തടവിൽനിന്നു മോചിപ്പിച്ചശേഷം അദ്ദേഹത്തിനു യഹോവയിൽനിന്നുണ്ടായ അരുളപ്പാട്: ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും താൻ ബാബേലിലേക്കു കൊണ്ടുപോയ സകലബന്ധിതരുടെയും കൂട്ടത്തിൽ യിരെമ്യാവും ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി നെബൂസരദാൻ കണ്ടായിരുന്നു. അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യിരെമ്യാവിനെ വരുത്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തിരുന്നു. യഹോവ അരുളിച്ചെയ്തതുപോലെ ഇപ്പോൾ അതു വരുത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി പാപംചെയ്യുകയും അവിടത്തെ ശബ്ദം അനുസരിക്കാതിരിക്കുകയും ചെയ്യുകയാൽത്തന്നെ ഇതു സംഭവിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ ഞാൻ താങ്കളെ താങ്കളുടെ കൈമേലുള്ള ചങ്ങലയിൽനിന്നു സ്വതന്ത്രനാക്കുന്നു. താങ്കൾ എന്നോടൊപ്പം ബാബേലിലേക്കു വരാൻ തീരുമാനിക്കുന്നെങ്കിൽ വരിക. ഞാൻ താങ്കളെ സംരക്ഷിക്കും. എന്നാൽ താങ്കൾ ബാബേലിലേക്കു വരാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോരേണ്ട. ഇതാ, ദേശംമുഴുവൻ താങ്കളുടെമുമ്പിൽ കിടക്കുന്നു; താങ്കൾക്കു പോകാൻ ഇഷ്ടമുള്ള സ്ഥലത്തേക്കു പൊയ്ക്കൊള്ളൂ.” യിരെമ്യാവ് തന്നെ വിട്ടുപോകുന്നതിനുമുമ്പ്40:5 അഥവാ, ഉത്തരം പറയുന്നതിനുമുമ്പ് നെബൂസരദാൻ ഇതുംകൂടി പറഞ്ഞു: “ബാബേൽരാജാവ് യെഹൂദ്യയിലെ പട്ടണങ്ങൾക്ക് അധിപതിയായി നിയമിച്ചിരുന്നവനും ശാഫാന്റെ പുത്രനും അഹീക്കാമിന്റെ പുത്രനുമായ ഗെദല്യാവിന്റെ അടുക്കലേക്കുപോയി അദ്ദേഹത്തോടൊപ്പം ജനങ്ങളുടെ ഇടയിൽ പാർക്കുക; അതല്ലെങ്കിൽ താങ്കൾ യോഗ്യമെന്നു കരുതുന്ന സ്ഥലത്തേക്കു പൊയ്ക്കൊള്ളൂ.”
അങ്ങനെ അകമ്പടിനായകൻ ഭക്ഷണച്ചെലവും സമ്മാനവും നൽകി അദ്ദേഹത്തെ വിട്ടയച്ചു. അതിനുശേഷം യിരെമ്യാവ് മിസ്പായിൽ അഹീക്കാമിന്റെ പുത്രൻ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അദ്ദേഹത്തോടൊപ്പം ദേശത്തു ശേഷിച്ചിരുന്ന ജനങ്ങളോടുകൂടെ താമസിച്ചു.
ഗെദല്യാവ് വധിക്കപ്പെടുന്നു
ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്നും ബാബേലിലേക്കു പ്രവാസികളായി കൊണ്ടുപോകാതെ ശേഷിച്ചിരുന്ന ദേശത്തിലെ ഏറ്റവും ദരിദ്രരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിൽ ഏൽപ്പിച്ചെന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടു. അതിനാൽ അവർ—നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ എന്നിവരും തൻഹൂമെത്തിന്റെ പുത്രനായ സെരായാവ്, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകനായ യെസന്യാവ്40:8 യയസന്യാവ്, യെസന്യാവ് എന്നതിന്റെ മറ്റൊരുരൂപം. എന്നിവരോടും അവരുടെ ആളുകളോടുംകൂടെ—മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി. അപ്പോൾ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേല്യരെ40:9 അഥവാ, കൽദയരെ സേവിക്കാൻ ഭയപ്പെടരുത്, നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക. ഞാനോ, മിസ്പായിൽ താമസിച്ചുകൊണ്ട് നമ്മുടെ അടുക്കൽ വരുന്ന ബാബേല്യരുടെമുമ്പിൽ നിങ്ങൾക്കുവേണ്ടി ഉത്തരവാദിയായിരിക്കും. നിങ്ങളാകട്ടെ, വീഞ്ഞും വേനൽക്കാലഫലങ്ങളും ഒലിവെണ്ണയും ശേഖരിച്ചു നിങ്ങളുടെ പാത്രങ്ങളിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുക.”
അപ്രകാരംതന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലുമുണ്ടായിരുന്ന എല്ലാ യെഹൂദരും ബാബേൽരാജാവ് യെഹൂദ്യയിൽ ഒരു ശേഷിപ്പിനെ വിട്ടിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ അവർക്ക് അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു. അപ്പോൾ എല്ലാ യെഹൂദരും തങ്ങൾ ഓടിപ്പോയിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലേക്കു മടങ്ങിവന്ന് വീഞ്ഞും വേനൽക്കാലഫലങ്ങളും സമൃദ്ധമായി ശേഖരിച്ചു.
അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “അങ്ങേക്കു ജീവഹാനി വരുത്താൻ അമ്മോന്യരുടെ രാജാവായ ബാലിസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുകയാണെന്ന് അങ്ങേക്ക് അറിയില്ലേ?” എന്നാൽ അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരെ വിശ്വസിച്ചില്ല.
അപ്പോൾ കാരേഹിന്റെ മകൻ യോഹാനാൻ മിസ്പായിൽവെച്ച് രഹസ്യമായി ഗെദല്യാവിനോടു സംസാരിച്ചു: “ഞാൻ പോയി നെഥന്യാവിന്റെ മകനായ യിശ്മായേലിനെ ആരുമറിയാതെ കൊന്നുകളയട്ടെ? അങ്ങയുടെ അടുക്കൽ വന്നുചേർന്നിരിക്കുന്ന എല്ലാ യെഹൂദരും ചിതറിപ്പോകുന്നതിനും യെഹൂദയുടെ ശേഷിപ്പു നശിച്ചുപോകുന്നതിനുംവേണ്ടി അവൻ നിന്നെ കൊന്നുകളയുന്നത് എന്തിന്?”
എന്നാൽ അഹീക്കാമിന്റെ മകനായ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്, “നീ ഈ കാര്യം ചെയ്യരുത്. നീ യിശ്മായേലിനെക്കുറിച്ച് സംസാരിക്കുന്ന കാര്യം സത്യമല്ല” എന്നു പറഞ്ഞു.
ഏഴാംമാസത്തിൽ രാജവംശക്കാരനായ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനുമായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽവന്നു. അവിടെ അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, നെഥന്യാവിന്റെ മകൻ യിശ്മായേലും അയാളോടു കൂടെയുള്ള പത്തു പുരുഷന്മാരും ചാടിയെഴുന്നേറ്റ്, ബാബേൽരാജാവു ദേശാധിപതിയായി നിയമിച്ചിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനുമായ ഗെദല്യാവിനെ വാളിനിരയാക്കി. മിസ്പായിൽ ഗെദല്യാവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന ബാബേല്യസൈനികരെയുംകൂടി41:3 അഥവാ, കൽദയസൈന്യം യിശ്മായേൽ വധിച്ചു.
ഗെദല്യാവിനെ വധിച്ചതിന്റെ അടുത്തദിവസം, ആരും അത് അറിയാതിരിക്കുമ്പോൾതന്നെ, ശേഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എൺപതു പുരുഷന്മാർ താടിവടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേൽപ്പിച്ചുംകൊണ്ട് കൈയിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുപോകാനുള്ള ഭോജനയാഗങ്ങളും സുഗന്ധവർഗവുമായി അവിടെയെത്തി. അപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേൽ മിസ്പായിൽനിന്നു കരഞ്ഞുകൊണ്ട് അവരെ എതിരേറ്റുചെന്നു. അവരെ കണ്ടപ്പോൾ, “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കലേക്കു വരിക” എന്ന് അവരോടു പറഞ്ഞു. അവർ പട്ടണത്തിനുള്ളിൽ കടന്ന ഉടൻതന്നെ, നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളഞ്ഞു. എന്നാൽ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്തുപേർ യിശ്മായേലിനോട്, “ഞങ്ങളെ കൊല്ലരുതേ! ഞങ്ങളുടെപക്കൽ വയലിൽ ഒളിച്ചുവെച്ച ഗോതമ്പ്, യവം, ഒലിവെണ്ണ, തേൻ എന്നിവയുടെ ശേഖരമുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് അദ്ദേഹം അവരെ മറ്റുള്ളവരോടൊപ്പം കൊല്ലാതെ പോകാൻ അനുവദിച്ചു. ഗെദല്യാവിനോടൊപ്പം യിശ്മായേൽ കൊന്ന ആളുകളുടെയെല്ലാം ശവങ്ങൾ ഇട്ടുകളഞ്ഞ ജലസംഭരണി ഇസ്രായേൽരാജാവായ ബയെശായെ പ്രതിരോധിക്കാനായി ആസാരാജാവു നിർമിച്ചവയുടെ കൂട്ടത്തിൽപ്പെട്ടവയായിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അത് കൊല്ലപ്പെട്ടവരുടെ ശവംകൊണ്ടു നിറച്ചു.
അതിനുശേഷം യിശ്മായേൽ, മിസ്പായിൽ ശേഷിച്ച എല്ലാ ജനത്തെയും ബന്ദികളാക്കി—രാജകുമാരിമാരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ആക്കിവെച്ചിരുന്നവരെയും—കൊണ്ടുപോയി. നെഥന്യാവിന്റെ മകനായ യിശ്മായേൽ അവരെ ബന്ധനസ്ഥരാക്കി അമ്മോന്യരുടെ അടുത്തേക്കു കൊണ്ടുപോകാൻ യാത്രതിരിച്ചു.
എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയുംപറ്റി കാരേഹിന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പമുള്ള പടത്തലവന്മാരും കേട്ടു. അതിനാൽ അവർ അവരുടെ സകലപുരുഷന്മാരെയും ചേർത്തുകൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യാൻ പുറപ്പെട്ടു. ഗിബെയോനിലുള്ള വലിയ കുളത്തിനു സമീപത്തുവെച്ച് അവനെ കണ്ടെത്തി. യിശ്മായേലിനോടൊപ്പമുള്ള സകലജനവും കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈനിക ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ സന്തോഷിച്ചു. അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു. എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ എട്ട് ആളുകളോടൊപ്പം യോഹാനാന്റെ അടുക്കൽനിന്ന് തെറ്റിയൊഴിഞ്ഞ് അമ്മോന്യരുടെ അടുത്തേക്ക് പൊയ്ക്കളഞ്ഞു.
ഈജിപ്റ്റിലേക്കുള്ള പലായനം
കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ. അവർ ബാബേല്യരിൽനിന്നു41:17-18 അഥവാ, കൽദയരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.
അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും42:1 ചി.കൈ.പ്ര. അസര്യാവ് ഉൾപ്പെടെ എല്ലാ സൈന്യാധിപന്മാരും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനങ്ങളും അടുത്തുവന്ന്, യിരെമ്യാപ്രവാചകനോട് ഇപ്രകാരം അഭ്യർഥിച്ചു, “ഞങ്ങളുടെ അപേക്ഷ മാനിച്ച്, ഈ അവശേഷിച്ച ജനത്തിനുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിച്ചാലും. ഒരിക്കൽ അസംഖ്യമായിരുന്ന ഞങ്ങൾ അങ്ങേക്ക് ഇപ്പോൾ കാണാൻ കഴിയുന്നതുപോലെ വളരെ ചുരുക്കംപേരായി ശേഷിച്ചിരിക്കുന്നു. ഞങ്ങൾ എങ്ങോട്ട് പോകണമെന്നും എന്തു ചെയ്യണമെന്നും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യേണ്ടുന്നതിനായി പ്രാർഥിച്ചാലും.”
അപ്പോൾ യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. ദൈവം നിങ്ങൾക്കു മറുപടിയായി നൽകുന്ന സന്ദേശം മുഴുവൻ ഞാൻ നിങ്ങളെ അറിയിക്കുകയും ചെയ്യാം. ഒരു വാക്കുപോലും ഞാൻ മറച്ചുവെക്കുകയില്ല.”
അവർ യിരെമ്യാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽക്കൂടി ഞങ്ങളെ അറിയിക്കുന്ന എല്ലാ വചനവും അനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപക്ഷം യഹോവ നമുക്കുമധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഗുണമായാലും ദോഷമായാലും ഞങ്ങൾ അനുസരിക്കും. അവിടത്തെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മയുണ്ടാകേണ്ടതിനായി ഞങ്ങൾ അങ്ങയെ ദൈവസന്നിധിയിലേക്കു പറഞ്ഞയയ്ക്കുകയാണ്.”
പത്തുദിവസം കഴിഞ്ഞിട്ട് യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. അതുകൊണ്ട് അദ്ദേഹം കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാ സൈന്യാധിപന്മാരെയും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനത്തെയും വിളിച്ചുകൂട്ടി. യിരെമ്യാവ് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ അപേക്ഷ അറിയിക്കുന്നതിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് എന്നെ അയച്ചുവോ, ഇസ്രായേലിന്റെ ദൈവമായ ആ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു. നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു. അദ്ദേഹത്തിനു നിങ്ങളോട് അനുകമ്പ തോന്നിയിട്ട് നിങ്ങളുടെ സ്വന്തം ദേശത്തേക്കു നിങ്ങളെ മടക്കി അയയ്ക്കാൻ തക്കവണ്ണം ഞാൻ നിങ്ങളോടു കരുണകാണിക്കും.’
“എന്നാൽ നിങ്ങൾ: ‘ഇല്ല, യുദ്ധം കാണാനില്ലാത്തതും കാഹളനാദം കേൾക്കാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ ഈജിപ്റ്റുദേശത്തേക്കു ഞങ്ങൾ പോകും, എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ, ഈ ദേശത്തു ഞങ്ങൾ പാർക്കുകയില്ല എന്നു പറയുന്നപക്ഷം,’ യെഹൂദയുടെ ശേഷിപ്പായ ജനങ്ങളേ, യഹോവയുടെ വചനം കേട്ടുകൊൾക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകാൻ മനസ്സുവെച്ച് അവിടെപ്പോയി പാർക്കുന്നെങ്കിൽ, നിങ്ങൾ ഭയപ്പെടുന്ന വാൾ അവിടെ ഈജിപ്റ്റുദേശത്തുവെച്ചു നിങ്ങളെ പിടികൂടും; നിങ്ങൾ പേടിക്കുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ചു നിങ്ങളെ വിടാതെ പിൻതുടരും. അങ്ങനെ അവിടെവെച്ച് നിങ്ങൾ മരിക്കും. അതിനാൽ, ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകാൻ മനസ്സുവെക്കുന്ന സകലജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; അവരുടെമേൽ ഞാൻ വരുത്താൻപോകുന്ന അനർഥത്തിൽ അകപ്പെടാതെ ആരും ശേഷിക്കുകയോ അവിടെനിന്നു രക്ഷപ്പെടുകയോ ചെയ്യുകയില്ല.’ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജെറുശലേംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ഞാൻ ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്റ്റിലേക്കു പോകുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിയും. നിങ്ങൾ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവുമായിത്തീരും; ഈ ദേശം നിങ്ങൾ ഇനിയൊരിക്കലും കാണുകയുമില്ല.’
“യെഹൂദയുടെ ശേഷിപ്പേ, ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകരുത്’ എന്ന് യഹോവ നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നു. ഇന്ന് നിങ്ങൾക്കു ഞാൻ മുന്നറിയിപ്പായി നൽകുന്ന ഈ വചനം നിങ്ങൾ വ്യക്തമായി മനസ്സിലാക്കുക. ‘ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചാലും, ഞങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതെന്തായാലും അതു ഞങ്ങളെ അറിയിച്ചാലും; ഞങ്ങൾ അതു കേട്ടനുസരിക്കും,’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു നിങ്ങൾതന്നെ എന്നെ പറഞ്ഞയച്ചതിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നു. ഞാൻ ഇന്നു നിങ്ങളോടു സംസാരിച്ചിരിക്കുന്നു, എന്നാൽ നിങ്ങളോട് അറിയിക്കാൻ യഹോവ എന്നെ അയച്ച കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഇപ്പോഴും അനുസരിച്ചിട്ടില്ല. അതിനാൽ നിങ്ങൾ പോയി പാർക്കാനുദ്ദേശിക്കുന്ന സ്ഥലത്തുവെച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുമെന്ന് ഇപ്പോൾ വ്യക്തമായി അറിഞ്ഞുകൊൾക.”
യിരെമ്യാവ് ഈ വചനങ്ങളൊക്കെയും—അവരുടെ ദൈവമായ യഹോവ അവരോടറിയിക്കാൻ യിരെമ്യാവിനെ ഏൽപ്പിച്ചിരിക്കുന്ന വചനങ്ങളെല്ലാംതന്നെ—ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “താങ്കൾ വ്യാജം സംസാരിക്കുകയാണ്! ‘നിങ്ങൾ ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകരുത്,’ എന്നു പറയാൻ ഞങ്ങളുടെ ദൈവമായ യഹോവ താങ്കളെ അയച്ചിട്ടില്ല. ബാബേല്യർ43:3 അഥവാ, കൽദയർ ഞങ്ങളെ കൊന്നുകളയുകയോ ബാബേലിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോകയോ ചെയ്യേണ്ടതിന് അവരുടെ കൈയിൽ ഞങ്ങളെ ഏൽപ്പിക്കാൻ തക്കവണ്ണം നേര്യാവിന്റെ മകനായ ബാരൂക്ക് ഞങ്ങൾക്കു വിരോധമായി താങ്കളെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”
അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല. എന്നാൽ എല്ലാ രാഷ്ട്രങ്ങളിൽനിന്നും, ചിതറിപ്പോയശേഷം യെഹൂദാദേശത്തു പാർക്കുന്നതിനായി മടങ്ങിവന്നവരിൽ ശേഷിക്കുന്ന മുഴുവൻ യെഹൂദരെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും കൂട്ടിക്കൊണ്ടുപോയി. അവർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചിരുന്ന, പുരുഷന്മാരും സ്ത്രീകളും കുട്ടികളും രാജകുമാരിമാരും അടങ്ങിയ സകലജനത്തെയും കൂട്ടിക്കൊണ്ടുപോയി. യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും അവരോടൊപ്പം കൊണ്ടുപോയി. യഹോവയുടെ വചനം അനുസരിക്കാതെ ഈജിപ്റ്റുദേശത്തേക്കു കടന്ന് തഹ്പനേസുവരെയും അവർ എത്തിച്ചേർന്നു.
തഹ്പനേസിൽവെച്ച് യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: “യെഹൂദാജനം നിന്നെ നോക്കിക്കൊണ്ടിരിക്കെ, നീ ഏതാനും വലിയ കല്ലുകൾ എടുത്ത് തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിവാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ കുഴിച്ചിടുക. എന്നിട്ട് അവരോടു നീ ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ ഇവിടേക്കു വരുത്തും. ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; അവൻ തന്റെ മണിപ്പന്തൽ ഇവയ്ക്കുമേൽ നിർത്തും. അവൻ അന്ന് ഈജിപ്റ്റുദേശത്തെ പിടിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏൽപ്പിച്ചുകൊടുക്കും. അവൻ ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കും; അവരുടെ ക്ഷേത്രങ്ങൾക്ക് തീവെച്ച് അവൻ അവരുടെ ദേവതകളെ തടവുകാരാക്കി കൊണ്ടുപോകും. ഒരു ഇടയൻ തന്റെ വസ്ത്രത്തിൽനിന്ന് പേനുകളെ പെറുക്കി അത് ശുദ്ധീകരിക്കുന്നതുപോലെ അവൻ ഈജിപ്റ്റിനെ പെറുക്കി ശുദ്ധീകരിച്ച് പുറപ്പെട്ടുപോകും. അവൻ ഈജിപ്റ്റുദേശത്ത് ബേത്-ശേമെശിൽ സൂര്യക്ഷേത്രത്തിലുള്ള43:13 അഥവാ, ഹെലിയൊപ്പൊലീസിലുള്ള വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ തീവെച്ചു ചുട്ടുകളയും.’ ”
വിഗ്രഹാരാധനയാലുള്ള നാശം
ഉത്തര ഈജിപ്റ്റിലും—മിഗ്ദോൽ, തഹ്പനേസ്, നോഫ് എന്നിവിടങ്ങളിലും—പത്രോസുദേശത്തും44:1 അതായത്, തെക്കേ ഈജിപ്റ്റ് വസിച്ചിരുന്ന എല്ലാ യെഹൂദരെയുംകുറിച്ച് യിരെമ്യാവിന് ഈ അരുളപ്പാടുണ്ടായി: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജെറുശലേമിന്മേലും യെഹൂദ്യയിലുള്ള എല്ലാ പട്ടണങ്ങളിൻമേലും ഞാൻ വരുത്തിയ നാശമൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു. ആ പട്ടണങ്ങൾ ഇപ്പോൾ ശൂന്യമായിരിക്കുന്നു. ആരും അവയിൽ പാർക്കുന്നതുമില്ല; അവർ ചെയ്ത ദുഷ്ടതനിമിത്തമാണ് അപ്രകാരം സംഭവിച്ചത്. അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ധൂപംകാട്ടുകയും അവയെ ഭജിക്കുകയും ചെയ്തതിലൂടെ അവർ എന്നെ കുപിതനാക്കി. എന്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ച്, ‘ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛതകൾ ചെയ്യരുതേ!’ എന്നു പറയിച്ചു. എങ്കിലും അന്യദേവതകൾക്കു ധൂപം കാട്ടുന്ന ദുഷ്ടത വിട്ടുമാറാൻ തക്കവണ്ണം അവർ ശ്രദ്ധിക്കുകയോ ചെവിചായ്‌ക്കുകയോ ചെയ്തില്ല. അതുനിമിത്തം എന്റെ കോപവും ക്രോധവും യെഹൂദ്യയിലെ പട്ടണങ്ങളുടെമേലും ജെറുശലേം വീഥികളിലും ചൊരിഞ്ഞു. അങ്ങനെ ഇന്ന് ആയിരിക്കുന്ന നിലയിൽ അവ നാശത്തിനും ശൂന്യതയ്ക്കും ഇരയായിത്തീർന്നു.
“അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഉണ്ടാകാതിരിക്കുംവിധം, യെഹൂദയിൽനിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും മക്കളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ഛേദിച്ചുകളയുമാറ്, നിങ്ങൾ നിങ്ങൾക്കുതന്നെ ദോഷം വരുത്തുന്നത് എന്തുകൊണ്ട്? നിങ്ങൾ താൽക്കാലികമായി വസിക്കാൻ വന്നിരിക്കുന്ന ഈജിപ്റ്റിലെ അന്യദേവതകളെ നിങ്ങളുടെ കൈകളാൽ നിർമിച്ച് അവയ്ക്കു ധൂപാർപ്പണംചെയ്തുകൊണ്ട് നിങ്ങൾ എന്നെ കുപിതനാക്കുകയും അങ്ങനെ നിങ്ങൾ സ്വയം നശിക്കുകയും ഭൂമിയിലെ സകലജനതകളുടെയും മധ്യത്തിൽ ഒരു ശാപവും നിന്ദയുമാകാൻ സ്വയം ഇടവരുത്തുകയും ചെയ്യുന്നതെന്തുകൊണ്ട്? യെഹൂദാദേശത്തും ജെറുശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദുഷ്ടതയും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരുംചെയ്ത ദുഷ്ടതയും നിങ്ങളുടെ സ്വന്തം ദുഷ്ടതയും നിങ്ങളുടെ ഭാര്യമാരുടെ ദുഷ്ടതയും നിങ്ങൾ മറന്നുകളഞ്ഞോ? എങ്കിലും ഇന്നുവരെയും അവർ തങ്ങളെത്തന്നെ താഴ്ത്തിയിട്ടില്ല; നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വെച്ചിട്ടുള്ള ന്യായപ്രമാണത്തിന്റെ എല്ലാ ഉത്തരവുകളും ഭയപ്പെട്ട് അവ പാലിക്കുകയും ചെയ്തിട്ടില്ല.
“അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെമേൽ നാശം വരുത്തുന്നതിനും യെഹൂദയെ മുഴുവൻ നശിപ്പിച്ചുകളയുന്നതിനും ഞാൻ തീരുമാനിച്ചിരിക്കുന്നു. ഈജിപ്റ്റിൽ അധിവസിക്കാനായി അവിടെപ്പോകാൻ തീരുമാനിച്ചിരുന്ന യെഹൂദ്യരുടെ ശേഷിപ്പിനെ ഞാൻ എടുത്തുകളയും; അവർ എല്ലാവരും ഈജിപ്റ്റിൽവെച്ചു നശിച്ചുപോകും; അവർ വാളാൽ കൊല്ലപ്പെടുകയോ ക്ഷാമത്താൽ മരിക്കുകയോ ചെയ്യും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും വലിയവർവരെയുള്ള സകലരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നാശമടയും. അവർ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവും ആയിത്തീരും. ജെറുശലേമിനെ ഞാൻ ശിക്ഷിച്ചതുപോലെ ഈജിപ്റ്റിൽ പാർക്കുന്നവരെയും ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. ഈജിപ്റ്റിൽ പാർക്കാൻ വന്നിട്ടുള്ള യെഹൂദ്യയിലെ ശേഷിപ്പിൽ ആരുംതന്നെ രക്ഷപ്പെടുകയോ യെഹൂദാദേശത്തേക്കു മടങ്ങിപ്പോകാൻ തക്കവണ്ണം ശേഷിക്കുകയോ ചെയ്യുകയില്ല. അവിടേക്കു മടങ്ങിച്ചെന്നു ജീവിക്കാൻ അവർ ആഗ്രഹിക്കുമെങ്കിലും ഏതാനും ചില പലായിതർ ഒഴികെ ആരും മടങ്ങിപ്പോകുകയില്ല.”
അപ്പോൾ തങ്ങളുടെ ഭാര്യമാർ അന്യദേവതകൾക്കു ധൂപം കാട്ടുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരുന്ന സകലപുരുഷന്മാരും അവരോടൊപ്പം നിന്നിരുന്ന—ഒരു വലിയകൂട്ടം—സ്ത്രീകളും ഉത്തര ഈജിപ്റ്റിലും പത്രോസുദേശത്തും വന്നു താമസിച്ചിരുന്ന എല്ലാ ജനങ്ങളും യിരെമ്യാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയുടെ നാമത്തിൽ താങ്കൾ ഞങ്ങളെ അറിയിച്ച ഈ വചനം ഞങ്ങൾ അനുസരിക്കുകയില്ല! ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും അവൾക്കു പാനീയബലി അർപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ സ്വന്തം വായാൽ നേർന്നിട്ടുള്ള കാര്യങ്ങളൊക്കെയും ഞങ്ങൾ നിശ്ചയമായും നിറവേറ്റും. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ തെരുവീഥികളിലും ചെയ്തുപോന്നിട്ടുള്ള വിധത്തിൽ തന്നെ. അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു; ഞങ്ങൾ ക്ഷേമമായി ജീവിച്ചു. ഒരാപത്തും ഞങ്ങൾക്കു ഭവിച്ചതുമില്ല. എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും അവൾക്കു പാനീയബലി അർപ്പിക്കുന്നതും നിർത്തിയതുമുതൽ ഞങ്ങൾക്ക് എല്ലാറ്റിനും ബുദ്ധിമുട്ടായി; വാൾകൊണ്ടും ക്ഷാമംകൊണ്ടും ഞങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്തു.”
ആ സ്ത്രീകൾ ഇതുംകൂടി ചോദിച്ചു, “ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്തപ്പോൾ, അവളുടെ രൂപത്തിൽ അടകൾ ഉണ്ടാക്കുകയും അവൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ ഭർത്താക്കന്മാരുടെ അറിവുകൂടാതെയോ?”
അപ്പോൾ യിരെമ്യാവ് ആ ജനത്തോടെല്ലാം, പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ തന്നോട് ഉത്തരം പറഞ്ഞ സകലജനത്തോടുംതന്നെ, ചോദിച്ചത്: “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും യെഹൂദ്യയിലെ പട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ധൂപം കാട്ടിയത് യഹോവ ഓർത്തിട്ടില്ലേ? അതൊക്കെയും അവിടത്തെ മനസ്സിൽ വന്നിട്ടില്ലേ? അതിനാൽ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷവും നിങ്ങൾ ചെയ്തിട്ടുള്ള മ്ലേച്ഛതകളും യഹോവയ്ക്കു സഹിക്കാൻ കഴിയാതെയായി. അങ്ങനെ നിങ്ങളുടെ ദേശം നിവാസികളില്ലാതെ ഇന്ന് ആയിരിക്കുന്ന നിലയിൽ ശൂന്യവും ശാപഹേതുവും ആയിത്തീർന്നു. നിങ്ങൾ യഹോവയുടെ വചനം അനുസരിക്കാതെയും അവിടത്തെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കാതെയും ധൂപംകാട്ടി യഹോവയോടു പാപംചെയ്തിരിക്കുകയാൽ ഇന്ന് ഈ ആപത്തു നിങ്ങൾക്കു ഭവിച്ചിരിക്കുന്നു.”
അതിനുശേഷം യിരെമ്യാവ് സ്ത്രീകൾ ഉൾപ്പെടെയുള്ള സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈജിപ്റ്റുദേശത്തുള്ള സകല യെഹൂദാജനങ്ങളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും പാനീയബലി അർപ്പിക്കുന്നതിനും ഞങ്ങൾ നേർന്നിട്ടുള്ള നേർച്ചകൾ നിശ്ചയമായും ഞങ്ങൾ നിറവേറ്റും.’ എന്നിങ്ങനെ നിങ്ങളും നിങ്ങളുടെ ഭാര്യമാരും വാകൊണ്ടു സംസാരിക്കുകയും കൈകൊണ്ട് അത് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു.
“നിങ്ങളുടെ നേർച്ച ഉറപ്പാക്കിക്കൊൾക! അതു നിറവേറ്റുകയും ചെയ്യുക! അതുകൊണ്ട് ഈജിപ്റ്റിൽ പാർക്കുന്ന സകല യെഹൂദാജനമേ, യഹോവയുടെ വചനം കേൾക്കുക: ‘ഈജിപ്റ്റുദേശത്തു പാർക്കുന്ന ഒരു യെഹൂദനും നാവെടുത്തു “ജീവിക്കുന്ന യഹോവയായ കർത്താവാണെ,” എന്ന് എന്റെ നാമം ഉച്ചരിക്കുകയോ ശപഥംചെയ്യുകയോ ഇല്ലെന്ന് എന്റെ മഹത്തായ നാമത്തിൽ ഞാൻ ശപഥംചെയ്യുന്നു എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിത്തന്നെ അവരുടെമേൽ ദൃഷ്ടിവെച്ചിരിക്കുന്നു; ഈജിപ്റ്റുദേശത്തു വസിക്കുന്ന സകല യെഹൂദ്യരും നിശ്ശേഷം ഒടുങ്ങിപ്പോകുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിക്കും. വാളിൽനിന്നും തെറ്റിയൊഴിയുന്ന ചുരുക്കം ചിലർമാത്രം ഈജിപ്റ്റിൽനിന്ന് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകും. അന്ന് ഈജിപ്റ്റുദേശത്തു വന്നുപാർക്കുന്ന ശേഷം യെഹൂദ്യർ ഒക്കെയും എന്റെ വാക്കോ അവരുടേതോ ഏതു നിറവേറി എന്നറിയും.
“ ‘ഈ സ്ഥലത്തു ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു എന്നതിന് ഇതു നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും.’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘അങ്ങനെ എന്റെ വചനം നിങ്ങൾക്കു തിന്മയ്ക്കായി നിറവേറുമെന്ന് നിങ്ങൾ അറിയും.’ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനെ അവന്റെ ശത്രുവും അവനു ജീവഹാനി വരുത്താൻ നോക്കിയവനുമായ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചതുപോലെ ഈജിപ്റ്റുരാജാവായ ഫറവോൻ ഹോഫ്റയെയും അവന്റെ ശത്രുക്കളുടെയും അവനു പ്രാണഹാനി വരുത്താൻ നോക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും.’ ”
ബാരൂക്കിന് ഒരു സന്ദേശം
യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി: “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ. എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും. അങ്ങനെയെങ്കിൽ നീ നിനക്കായിത്തന്നെ വലിയ കാര്യങ്ങൾ അന്വേഷിക്കണമോ? അന്വേഷിക്കരുത്. കാരണം ഞാൻ സകലജനത്തിന്മേലും വിനാശംവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ കഷ്ടിച്ച് ഞാൻ രക്ഷപ്പെടുത്തും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
ഈജിപ്റ്റിനെക്കുറിച്ചുള്ള ഒരു സന്ദേശം
രാഷ്ട്രങ്ങളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട് ഇവയാണ്:
ഈജിപ്റ്റിനെക്കുറിച്ചുള്ളത്:
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള കർക്കെമീശിൽവെച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിനാൽ തോൽപ്പിക്കപ്പെട്ടതും ഈജിപ്റ്റുരാജാവായ ഫറവോൻ നെഖോവിന്റേതുമായ സൈന്യത്തിനെതിരേയുള്ള അരുളപ്പാടുതന്നെ:
“പരിചയും കവചവും ഒരുക്കിക്കൊണ്ടു
യുദ്ധത്തിന് അണിനിരക്കുക!
ആൺകുതിരകളെ യുദ്ധസജ്ജമാക്കുക,
അതിന്മേൽ ആരൂഢരാകുക!
ശിരോകവചമണിഞ്ഞ്
അണിനിരക്കുക!
കുന്തങ്ങൾ മിനുക്കി
കവചം ധരിക്കുക!
ഞാൻ എന്താണ് കാണുന്നത്?
അവർ ഭയന്നുവിറച്ചിരിക്കുന്നു,
അവരുടെ ധീരരായ സൈനികർ
തോറ്റു പിൻവാങ്ങുന്നു.
അവർ തിരിഞ്ഞുനോക്കാതെ
പലായനംചെയ്യുന്നു.
സർവത്ര ഭീതി,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഏറ്റവും വേഗമുള്ളവർക്കു പലായനംചെയ്യുന്നതിനോ
ശക്തരായവർക്കു രക്ഷപ്പെടുന്നതിനോ കഴിയുന്നില്ല.
വടക്ക് യൂഫ്രട്ടീസ് നദീതീരത്ത്
അവർ കാലിടറി നിലംപൊത്തുന്നു.
“നൈൽനദിപോലെ പൊങ്ങുകയും
അലറിപ്പായുന്ന നദിപോലെ മുന്നേറുകയും ചെയ്യുന്ന ഇവനാര്?
ഈജിപ്റ്റ് നൈൽനദിപോലെ പൊങ്ങുന്നു,
കുതിച്ചുയരുന്ന വെള്ളമുള്ള നദികൾപോലെതന്നെ.
അവൾ പറയുന്നു, ‘ഞാൻ പൊങ്ങിച്ചെന്ന് ഭൂമിയെ മൂടും;
നഗരങ്ങളെയും അതിലെ ജനത്തെയും ഞാൻ നശിപ്പിക്കും.’
കുതിരകളേ, കുതിക്കുക!
രഥങ്ങളേ, ഇരച്ചുകയറുക!
യോദ്ധാക്കളേ, അണിയണിയായി മുന്നേറുക—പരിചയേന്തുന്ന കൂശ്യരും പൂത്യരും
വില്ലുകുലയ്ക്കുന്ന ലൂദ്യാ പുരുഷന്മാരുംതന്നെ.
എന്നാൽ ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു—
ഒരു പ്രതികാരദിവസം തന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുന്ന ദിവസംതന്നെ.
വാൾ തൃപ്തിയാകുവോളം ആഹരിക്കും
ദാഹശമനം വരുംവരെ രക്തം കുടിക്കും.
ഈ നരസംഹാരം വടക്കേ ദേശത്തിൽ യൂഫ്രട്ടീസ് നദീതീരത്ത്
സൈന്യങ്ങളുടെ യഹോവയായ കർത്താവിനുള്ള ഒരു യാഗം അർപ്പണമാണല്ലോ.
“കന്യകയായ ഈജിപ്റ്റിൻ പുത്രീ,
ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക.
എന്നാൽ നീ വ്യർഥമായി ഔഷധങ്ങൾ വർധിപ്പിക്കുന്നു;
നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല.
രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും;
നിന്റെ നിലവിളിയാൽ ഭൂമി നിറയും.
ഒരു യോദ്ധാവ് മറ്റൊരു യോദ്ധാവിങ്കൽ ഇടറിവീഴും;
ഇരുവരും ഒന്നിച്ചു വീണുപോകും.”
ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്:
“ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക;
നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക:
‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ
അണിനിരന്ന് ഒരുങ്ങിനിൽക്കുക.’
നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്?
യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നിൽക്കാൻ കഴിയുന്നില്ല.
അവർ വീണ്ടും വീണ്ടും ഇടറിവീഴും;
ഒരാൾ മറ്റൊരാളിന്റെമേൽ വീഴും.
അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം
പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ്
നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.
അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു:
‘ഈജിപ്റ്റുരാജാവായ ഫറവോൻ ഒരു ബഹളക്കാരൻമാത്രം;
അദ്ദേഹം തന്റെ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു.’
“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,
പർവതങ്ങളുടെ ഇടയിൽ താബോർപോലെയും
സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
“ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ,
പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക,
കാരണം നോഫ് ശൂന്യമാക്കപ്പെടുകയും
നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.
“ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു,
എന്നാൽ ചോര കുടിക്കുന്ന ഒരു ഈച്ച
വടക്കുനിന്നു പറന്നുവന്ന് അതിന്റെമേൽ ഇരിക്കും.
അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ
തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ.
അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും;
അവരുടെ ശിക്ഷാസമയമായ
നാശദിവസം വരുന്നതുമൂലം
അവർ ഉറച്ചുനിൽക്കുകയില്ല.
ശത്രു ശക്തിയോടെ മുന്നേറുമ്പോൾ;
മരംവെട്ടുകാരെപ്പോലെ
മഴുവുമായി അവർ അവൾക്കെതിരേ വന്നടുക്കും.
അപ്പോൾ ഈജിപ്റ്റ് ഓടിപ്പോകുന്ന പാമ്പിനെപ്പോലെ ചീറ്റും.
അവളുടെ വനം അവർ വെട്ടിനശിപ്പിക്കും;
അത് എത്ര നിബിഡമായിരുന്നാലും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“അവർ വെട്ടുക്കിളികളെക്കാൾ അസംഖ്യം
അവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല.
ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും,
ഉത്തരദേശത്തെ ജനങ്ങളുടെ കൈയിൽ അവൾ ഏൽപ്പിക്കപ്പെടും.”
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ. അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും. അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും,” എന്ന് യഹോവയുടെ അരുളപ്പാട്.
“എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട;
ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ.
ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും;
നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും.
യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും,
ആരും അവരെ ഭയപ്പെടുത്തുകയില്ല.
എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്,
കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും
പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും
നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല.
ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം;
ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം
ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു;
അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും.
അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും
നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും.
മനുഷ്യർ നിലവിളിക്കും,
ദേശവാസികളൊക്കെയും വിലപിക്കും;
കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും
ശത്രുരഥങ്ങളുടെ ഘോഷവും
ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ.
മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും;
അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും
സോരിൽനിന്നും സീദോനിൽനിന്നും
അവരുടെ എല്ലാ സഹായികളെയും
ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ.
കഫ്തോർ47:4 അതായത്, ക്രീത്ത് തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന
ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.
ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും;
അസ്കലോൻ നിശ്ശബ്ദരായിത്തീരും.
താഴ്വരയിലെ ശേഷിപ്പേ,
എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?
“ ‘അയ്യോ, യഹോവയുടെ വാളേ,
നീ എത്രവരെ വിശ്രമമില്ലാതിരിക്കും?
നിന്റെ ഉറയിലേക്കു പിൻവാങ്ങുക
വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’
അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ
യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ,
അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ,
അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്
മോവാബിനെക്കുറിച്ച്:
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും.
കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും;
കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും.
മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല;
ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു:
‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’
മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും;
വാൾ നിങ്ങളെയും പിൻതുടരും.
‘സംഹാരം, മഹാനാശം’ എന്നിങ്ങനെ
ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.
മോവാബ് തകർക്കപ്പെടും;
അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.
ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും,
നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു;
ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ
സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.
ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക;
മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക.
നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം
നിങ്ങൾതന്നെയും അടിമകളാക്കപ്പെടും,
തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ
കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും.
ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ
സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും.
യഹോവ അരുളിച്ചെയ്തതുകൊണ്ട്
താഴ്വര ശൂന്യമാക്കപ്പെടുകയും,
സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.
മോവാബ് വിജനമാക്കപ്പെടേണ്ടതിന്48:9 മൂ.ഭാ. പറന്നുപോകേണ്ടതിന്
അവൾക്കു ചിറകു നൽകുക.
അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ
ശൂന്യമായിത്തീരും.
“യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ!
രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!
“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു,
അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ,
പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല—
അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല.
അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു,
അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.
എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്,
“കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ,
അവർ അവളെ പകർന്നുകളകയും;
അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും
പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന
ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ
മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും.
“ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’
എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും;
അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
“മോവാബിന്റെ നാശം അടുത്തിരിക്കുന്നു;
അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും.
അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ,
അവളുടെ പ്രശസ്തി48:17 മൂ.ഭാ. നാമം അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക;
‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു!
മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.
“ദീബോൻപുത്രിയിലെ നിവാസികളേ,
നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന്
ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക;
കാരണം മോവാബിന്റെ സംഹാരകൻ
നിനക്കെതിരേ പുറപ്പെട്ടുവരുകയും
അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.
അരോയേർ നിവാസികളേ,
വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക,
ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും,
‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.
മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു.
വിലപിക്കുക, നിലവിളിക്കുക!
മോവാബ് നശിപ്പിക്കപ്പെട്ടു
എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.
സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു—
ഹോലോനും യാഹാസെക്കും മേഫാത്തിനും
ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
കെരീയോത്തിനും ബൊസ്രായ്ക്കും—
ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ.
മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു;
അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ
അവളെ മത്തുപിടിപ്പിക്കുക.
മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ;
അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.
ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ?
അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും
നീ പരിഹാസത്തോടെ തലകുലുക്കുന്നു,
എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?
മോവാബുനിവാസികളേ,
പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക.
ഗുഹാമുഖത്ത് കൂടുവെക്കുന്ന
പ്രാവിനെപ്പോലെ ആകുക.
“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു—
അവളുടെ ഗർവ് എത്ര ഭീമം!
അവളുടെ ധിക്കാരം, അഹന്ത, ഗർവം,
ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.
ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല.
അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും,
മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും,
കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.
സിബ്മയിലെ മുന്തിരിവള്ളികളേ,
യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും.
നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു;
അവ യസേർവരെ എത്തിയിരുന്നു.
നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും
സംഹാരകൻ ചാടിവീണിരിക്കുന്നു.
തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്,
മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു.
മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു;
ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല.
ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും,
അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല.
“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും
അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു,
സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ,
കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.
ഞാൻ മോവാബിന് അന്ത്യംവരുത്തും,
ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും
ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു;
കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു.
അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു.
എല്ലാ തലയും ക്ഷൗരംചെയ്യുകയും
എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു;
എല്ലാ കൈകളിലും മുറിവും
അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.
ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ
ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ
മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും
എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു!
അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു!
മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും
ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു,
മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു.
കെരീയോത്ത്48:41 അഥവാ, പട്ടണങ്ങൾ പിടിക്കപ്പെടും,
കോട്ടകൾ കൈവശമാക്കപ്പെടും.
ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.
മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട്
അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല.
മോവാബ് നിവാസികളേ,
കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഭീതിനിമിത്തം ഓടിപ്പോകുന്നവർ
കിടങ്ങിൽ വീഴും,
കിടങ്ങിൽനിന്ന് കയറുന്നവർ
കെണിയിലകപ്പെടും;
കാരണം ഞാൻ മോവാബിന്റെമേൽ
അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“പലായിതർ നിസ്സഹായരായി
ഹെശ്ബോന്റെ മറവിൽ നിൽക്കും,
കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു
സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും;
അതു മോവാബിന്റെ നെറ്റിയും
കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.
മോവാബേ, നിനക്ക് അയ്യോ കഷ്ടം!
കെമോശിലെ ജനം നശിച്ചിരിക്കുന്നു;
നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും
പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു.
“എങ്കിലും ഭാവികാലത്ത്
ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു.
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്
അമ്മോന്യരെക്കുറിച്ച്:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇസ്രായേലിനു പുത്രന്മാരില്ലേ?
ഇസ്രായേലിന് അവകാശിയില്ലേ?
അല്ലെങ്കിൽ മോലെക്ക്,49:1 അഥവാ, അവരുടെ രാജാവ് ഗാദിനെ കൈവശമാക്കിയത് എന്തിന്?
അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്?
അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ
യുദ്ധത്തിന്റെ കാഹളനാദം ധ്വനിപ്പിക്കുന്ന
കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്,
“അത് ഒരു ശൂന്യകൂമ്പാരമായിത്തീരും,
അതിനുചുറ്റുമുള്ള ഗ്രാമങ്ങൾ തീവെച്ചു നശിപ്പിക്കപ്പെടും.
അപ്പോൾ ഇസ്രായേൽ തന്നെ കൈവശമാക്കിയവരെ
ആട്ടിപ്പായിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു!
രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക!
അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക;
നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക,
കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും,
അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ.
നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്?
ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്?
അവിശ്വസ്തരായ മകളായ അമ്മോനേ,
നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട്
‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.
നിനക്കുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും
ഞാൻ നിനക്കു ഭയം വരുത്തും,”
എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
“നിങ്ങൾ ഓരോരുത്തനും ആട്ടിപ്പായിക്കപ്പെടും,
പലായിതരെ കൂട്ടിച്ചേർക്കാൻ ആരും ഉണ്ടാകുകയില്ല.
“എങ്കിലും പിൽക്കാലത്ത്, ഞാൻ അമ്മോന്യരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്
ഏദോമിനെക്കുറിച്ച്:
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
“തേമാനിൽ ഇനി ജ്ഞാനമില്ലേ?
വിവേകികൾക്ക് ആലോചന നഷ്ടപ്പെട്ടുപോയോ?
അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
ദേദാൻ നിവാസികളേ,
പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക;
കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ,
അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ
കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ?
കള്ളന്മാർ രാത്രിയിൽ വന്നാൽ,
തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ?
എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും;
അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും,
അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല.
അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു,
അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;
അതുകൊണ്ട് ‘അനാഥരാകുന്ന നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വിട്ടേക്കുക; ഞാൻ അവരെ ജീവനോടെ സംരക്ഷിക്കാം.
നിന്റെ വിധവമാർക്കും എന്നിൽ ആശ്രയിക്കാം,’ ”
എന്ന് ആശ്വസിപ്പിക്കാൻ ആരും അവശേഷിച്ചിട്ടില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കാൻ അർഹതയില്ലാത്തവർ അതു പാനംചെയ്യണം എന്നാണെങ്കിൽ, നീ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കും? നീ ശിക്ഷിക്കപ്പെടാതെ പോകുകയില്ല, നീ അതു പാനംചെയ്തേ മതിയാവൂ. ബൊസ്രാ വിജനവും ശാപവും ഭീതിവിഷയവും നിന്ദയും ആയിത്തീരും; അതിലെ എല്ലാ പട്ടണങ്ങളും എന്നും ശൂന്യമായിത്തന്നെയിരിക്കും, എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
“അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക!
യുദ്ധത്തിനായി എഴുന്നേൽക്കുക!”
എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു,
എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു.
“ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും
മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു.
പാറപ്പിളർപ്പുകളിൽ വസിച്ച്,
മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ,
നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും
നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു,
നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും,
അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഏദോം ഒരു ഭീതിവിഷയമായിത്തീരും;
ഇതുവഴി കടന്നുപോകുന്ന സകലരും
അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,
ആരും അവിടെ പാർക്കുകയില്ല;
ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്
നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ,
ഞാൻ ഏദോമ്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും.
ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്?
എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്?
ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
അതുകൊണ്ട്, ഏദോമിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,
തേമാൻ നിവാസികൾക്കെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ:
ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും;
അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;
അവരുടെ നിലവിളി! ചെങ്കടലിൽ പ്രതിധ്വനിക്കും.
ഇതാ, ഒരു കഴുകൻ ഉയർന്നു പറന്നിട്ട്
പെട്ടെന്ന് ചിറകുവിരിച്ച് ഇരയുടെമേലെന്നതുപോലെ
ബൊസ്രായുടെമേൽ പാഞ്ഞടുക്കുന്നു.
ആ ദിവസത്തിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം
പ്രസവവേദന ബാധിച്ച സ്ത്രീയുടെ ഹൃദയംപോലെയാകും.
ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്
ദമസ്കോസിനെക്കുറിച്ച്:
“ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു,
കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു.
അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു,
അസ്വസ്ഥമായ കടൽപോലെതന്നെ.
ദമസ്കോസ് നിസ്സഹായയായിത്തീർന്നു,
അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു,
ഭീതി അവളെ പിടികൂടിയിരിക്കുന്നു;
നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ
അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
പ്രശസ്തമായ പട്ടണം ഉപേക്ഷിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്,
എന്റെ ആനന്ദമായിരിക്കുന്ന ആ നഗരംതന്നെ?
അവളുടെ യുവാക്കൾ വീഥികളിൽ വീണുപോകും, നിശ്ചയം;
അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നശിച്ചുപോകും,”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ദമസ്കോസിന്റെ മതിലുകൾക്ക് ഞാൻ തീവെക്കും;
അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.”
കേദാരിനെയും ഹാസോറിനെയുംകുറിച്ചുള്ള അരുളപ്പാട്
ബാബേൽരാജാവായ നെബൂഖദ്നേസർ ആക്രമിച്ച കേദാരിനെയും ഹാസോരിന്റെ രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എഴുന്നേൽക്കുക, കേദാരിനെ ആക്രമിക്കുക,
കിഴക്കുദേശത്തെ ജനതയെ നശിപ്പിക്കുക.
അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും അപഹരിക്കപ്പെടും;
അവരുടെ കൂടാരശീലകൾ കൊണ്ടുപോകപ്പെടും,
എല്ലാ വസ്തുവകകളോടും ഒട്ടകങ്ങളോടും ഒപ്പംതന്നെ.
‘സർവത്ര കൊടുംഭീതി!’
എന്നു ജനം അവരോടു വിളിച്ചുപറയും.
“ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക,
ആഴമുള്ള ഗുഹകളിൽ അഭയംതേടുക,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു;
അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
“എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക,
ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്,
“കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ;
നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക.
അവരുടെ ഒട്ടകങ്ങൾ കവർച്ചയായും
അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളമുതലായും കൊണ്ടുപോകപ്പെടുകയും ചെയ്യും.
തലയുടെ അരികു വടിക്കുന്നവരെ എല്ലാ കാറ്റുകളിലേക്കും ഞാൻ ചിതറിച്ചുകളയും;
അവരുടെ നാശം എല്ലാവശങ്ങളിൽനിന്നും ഞാൻ വരുത്തും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഹാസോർ കുറുനരികൾ വിഹരിക്കുന്ന ഇടവും
എന്നേക്കും ശൂന്യസ്ഥലവും ആയിത്തീരും.
ആരും അവിടെ പാർക്കുകയില്ല;
ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.”
ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട്
യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ ഏലാമിന്റെ വില്ല് ഒടിക്കും,
അവരുടെ ശക്തിയുടെ മുഖ്യധാരയെത്തന്നെ.
ആകാശത്തിന്റെ നാലു മൂലകളിൽനിന്നും
നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും;
അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും,
ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത
ഒരു രാജ്യവും ഉണ്ടാകുകയില്ല.
ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും
അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും;
ഞാൻ അവരുടെമേൽ നാശംവരുത്തും,
എന്റെ ഭീകരക്രോധംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അവരെ നശിപ്പിച്ചുകളയുന്നതുവരെ
ഞാൻ അവരെ വാളുമായി പിൻതുടരും.
ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും,
ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“എന്നാൽ ഒടുവിൽ
ഞാൻ ഏലാമിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ബാബേലിനെക്കുറിച്ചുള്ള അരുളപ്പാട്
ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും50:1 അഥവാ, കൽദയദേശം യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:
“രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക,
ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക;
ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക,
‘ബാബേൽ പിടിക്കപ്പെടും;
ബേൽദേവൻ ലജ്ജയിലാണ്ടുപോകും,
മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു.
അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു,
അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’
വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു,
അത് അവളുടെ രാജ്യത്തെ ശൂന്യമാക്കുന്നു.
അതിൽ നിവാസികൾ ഉണ്ടാകുകയില്ല;
മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
“ആ കാലത്തെ നാളുകളിൽ,
ഇസ്രായേൽജനവും യെഹൂദാജനവും ഒരുമിച്ച് കരഞ്ഞുകൊണ്ടുവന്ന്
തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
“അവർ സീയോനിലേക്കുള്ള വഴി ആരായും,
അവിടേക്ക് അവരുടെ മുഖം തിരിക്കും.
അവർ വന്ന് ശാശ്വതമായ ഒരു ഉടമ്പടിയിൽ
യഹോവയുമായി തങ്ങളെത്തന്നെ ബന്ധിക്കും,
അത് അവിസ്മരണീയമായിരിക്കും.
“എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു;
അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിക്കുകയും
അവരെ പർവതങ്ങളിൽ ഉഴന്നുനടക്കാൻ ഇടവരുത്തുകയും ചെയ്തു.
അവർ പർവതത്തിൽനിന്ന് മലയിലേക്ക് അലഞ്ഞുതിരിഞ്ഞ്
തങ്ങളുടെ വിശ്രമസ്ഥലം മറന്നുപോയി.
അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു;
‘ഞങ്ങൾ കുറ്റക്കാരല്ല; നീതിയുടെ ഇരിപ്പിടമായ യഹോവയ്ക്കെതിരേ,
അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായിരുന്ന യഹോവയ്ക്കെതിരേതന്നെ
അവർ പാപംചെയ്തുവല്ലോ,’ എന്ന് അവരുടെ ശത്രുക്കൾ പറഞ്ഞു.
“ബാബേലിൽനിന്ന് ഓടിപ്പോകുക;
ബാബേൽദേശം വിട്ടുപോകുക,
ആട്ടിൻപറ്റത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആകുക.
ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി,
ബാബേലിനെതിരേ കൊണ്ടുവരും.
അവർ അവൾക്കെതിരേ യുദ്ധത്തിന് അണിനിരക്കും,
ഉത്തരദിക്കിൽനിന്ന് അവൾ പിടിക്കപ്പെടും.
വെറുംകൈയോടെ മടങ്ങിവരാത്ത
സമർഥരായ യോദ്ധാക്കളെപ്പോലെ ആയിരിക്കും അവരുടെ അസ്ത്രങ്ങൾ.
ബാബേൽദേശം കൊള്ളയായിത്തീരും,
അവളെ കൊള്ളയിടുന്നവരെല്ലാം തൃപ്തരാകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“എന്റെ ഓഹരി കൊള്ളയിട്ടവരേ,
നിങ്ങൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതുകൊണ്ട്,
ധാന്യം മെതിക്കുന്ന ഒരു പശുക്കിടാവിനെപ്പോലെ നിങ്ങൾ തുള്ളിച്ചാടുന്നതുകൊണ്ടും
വിത്തുകുതിരകളെപ്പോലെ ഹർഷാരവം മുഴക്കുന്നതുകൊണ്ടും,
നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും;
നിന്നെ പ്രസവിച്ചവൾ അപമാനിതയാകും.
അവൾ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും ചെറിയവളാകും—
ഒരു മരുഭൂമിയും വരണ്ടദേശവും ശൂന്യസ്ഥലവുമാകും.
യഹോവയുടെ കോപംനിമിത്തം അവൾ,
നിവാസികളില്ലാതെ തികച്ചും ശൂന്യമായിത്തീരും.
ബാബേലിനരികേകൂടി യാത്രചെയ്യുന്നവരെല്ലാം സംഭ്രാന്തരായി,
അവർക്കേറ്റ എല്ലാ മുറിവുകളും കണ്ട് ഏങ്ങലടിക്കും.
“വില്ലുകുലയ്ക്കുന്ന ഏവരുമേ,
ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക.
അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക,
കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു.
എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക!
അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു,
അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു.
ഇത് യഹോവയുടെ പ്രതികാരമാകുകയാൽ,
അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ
അവളോടും പകരംവീട്ടുക.
ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും
കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക.
പീഡകന്റെ വാൾനിമിത്തം
ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും
സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.
“ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്,
സിംഹങ്ങൾ അവരെ തുരത്തിയോടിച്ചു.
അശ്ശൂർരാജാവാണ്
അവരെ ആദ്യം വിഴുങ്ങിയത്;
അവരുടെ എല്ലുകൾ ഒടിച്ചുകളഞ്ഞ അവസാനത്തെ ശത്രു
ബാബേൽരാജാവായ നെബൂഖദ്നേസർ തന്നെ.”
അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, അശ്ശൂർരാജാവിനെ ഞാൻ ശിക്ഷിച്ചതുപോലെ
ബാബേൽരാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും.
എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും,
അവർ കർമേലിലും ബാശാനിലും മേയും;
എഫ്രയീമിലെയും ഗിലെയാദിലെയും മലകളിൽ മേഞ്ഞ്
അവർ അവരുടെ വിശപ്പിനു ശമനംവരുത്തും.
ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും
എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല,
യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും
എന്നാൽ ഒന്നും കണ്ടെത്തുകയില്ല,
കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ.
“മെറാഥയീം ദേശത്തെ ആക്രമിക്കുക,
പെക്കോദ് നഗരത്തിലെ നിവാസികളെയും.
അവരെ പിൻതുടർന്ന് വധിക്കുക, നിശ്ശേഷം നശിപ്പിക്കുക,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിങ്ങളോടു കൽപ്പിച്ച വിധത്തിലെല്ലാം അവരോടു ചെയ്യുക.
യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്,
മഹാസംഹാരത്തിന്റെ ആരവംതന്നെ!
സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം
എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി!
ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ
വിജനമായിത്തീർന്നതെങ്ങനെ!50:23 മൂ.ഭാ. ഭീതിവിഷയമായി
ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു,
അറിയുന്നതിനുമുമ്പേ നീയതിൽ അകപ്പെട്ടിരിക്കുന്നു;
നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു
കാരണം നീ യഹോവയോടല്ലോ എതിർത്തുനിന്നത്.
യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു,
തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു,
സൈന്യങ്ങളുടെ യഹോവയായ കർത്താവിന്
ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്.
വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന്
അവളുടെ കളപ്പുരകൾ തുറക്കുക.
ധാന്യക്കൂമ്പാരങ്ങൾപോലെ അവളെ കൂനകൂട്ടുക.
അവളിൽ ഒന്നും ശേഷിപ്പിക്കാതെ
അവളെ നിശ്ശേഷം നശിപ്പിക്കുക.
അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക;
അവർ കൊലക്കളത്തിലേക്കു പോകട്ടെ.
അവർക്ക് അയ്യോ കഷ്ടം! അവരുടെ ദിവസം വന്നുചേർന്നല്ലോ,
അവരെ ശിക്ഷിക്കുന്നതിനുള്ള ദിവസംതന്നെ.
നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്,
അവിടത്തെ ആലയത്തിനുവേണ്ടി എങ്ങനെ പ്രതികാരംചെയ്തു എന്നും,
ബാബേലിൽനിന്ന് പലായനംചെയ്തു വന്നവരും അഭയാർഥികളും
സീയോനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുക.
“വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ,
ബാബേലിനെതിരേ വില്ലാളികളെ നിയോഗിക്കുക.
അവളുടെ എല്ലാവശത്തും പാളയമിറങ്ങുക;
ആരും ചാടിപ്പോകരുത്.
അവൾ ചെയ്ത എല്ലാ പ്രവൃത്തികൾക്കും തക്കവണ്ണം
അവൾക്കു പകരം കൊടുക്കുക.
യഹോവയ്ക്കെതിരേയല്ലോ അവൾ അഹങ്കരിച്ചത്,
ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ.
അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും;
അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നാശമടയും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,”
എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,
“നിന്റെ ദിവസം വന്നെത്തിയിരിക്കുന്നു,
നീ ശിക്ഷിക്കപ്പെടുന്ന ദിവസംതന്നെ.
അഹങ്കാരി കാലിടറി നിലംപൊത്തും,
അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല;
അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും,
അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഇസ്രായേൽജനം പീഡിപ്പിക്കപ്പെടുന്നു,
അതുപോലെതന്നെ യെഹൂദാജനവും.
അവരെ തടവുകാരാക്കിയവരെല്ലാം
അവരെ വിട്ടയയ്ക്കാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ;
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
അവരുടെ ദേശത്തിന് സ്വസ്ഥതയും
ബാബേൽ നിവാസികൾക്ക് കഷ്ടതയും വരുത്തേണ്ടതിന്
അവിടന്ന് ശക്തിയോടെ അവർക്കുവേണ്ടി വ്യവഹരിക്കും.
“ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു
ബാബേൽ നിവാസികൾക്കെതിരേയും
അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരേയുംതന്നെ!”
എന്ന് യഹോവയുടെ അരുളപ്പാട്.
അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ!
അവർ ഭോഷരായിത്തീരും.
അവളുടെ യോദ്ധാക്കൾക്കെതിരേ ഒരു വാൾ!
അവർ ഭയന്നുവിറയ്ക്കും.
അവളുടെ കുതിരകൾക്കും രഥങ്ങൾക്കും
അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ!
അവർ അശക്തരായിത്തീരും.
അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ
അവ കൊള്ളയിടപ്പെടും!
അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം
ഞാൻ അവളുടെമേൽ ഒരു വരൾച്ച50:38 അഥവാ, വാൾ വരുത്തും;
അതു വിഗ്രഹങ്ങളുടെ ഒരു ദേശമല്ലോ,
ഭീതികരമായ വിഗ്രഹങ്ങളുടെ കാര്യത്തിൽ അവർ ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
“അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും,
ഒട്ടകപ്പക്ഷിയും50:39 അഥവാ, മൂങ്ങായും അവിടെ വസിക്കും.
എന്നാൽ ഇനിയൊരിക്കലും അവിടെ ജനവാസം ഉണ്ടാകുകയില്ല
തലമുറകൾതോറും അവ നിവാസികളില്ലാതെ കിടക്കും.
ഞാൻ സൊദോമിനെയും ഗൊമോറായെയും
അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“ആരും അവിടെ പാർക്കുകയില്ല;
ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.
“ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു;
ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രവും
അനേകം രാജാക്കന്മാരും ഉണർത്തപ്പെടുന്നു.
അവർ വില്ലും കുന്തവും കൈയിലേന്തും;
അവർ ക്രൂരരും കരുണയില്ലാത്തവരുമാണ്.
അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ,
അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു;
ബാബേൽപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ
നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.
ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,
അവന്റെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു.
പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ
അതിവേദന അവനെ പിടികൂടിയിരിക്കുന്നു.
ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്
നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ,
ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും.
ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്?
എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്?
ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,
ബാബേൽദേശത്തിനെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ:
ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും;
അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;
അതിന്റെ നിലവിളി രാഷ്ട്രങ്ങൾക്കിടയിൽ പ്രതിധ്വനിക്കും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ്51:1 മൂ.ഭാ. ആത്മാവിനെ ഞാൻ ഉണർത്തിവിടും
ബാബേലിനെതിരേയും ലെബ്-കമാരിയിലെ51:1 കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. നിവാസികൾക്കെതിരേയുംതന്നെ.
ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും,
അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ;
അവളുടെ നാശദിവസത്തിൽ
അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.
വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ,
അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ.
അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്;
അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.
അവർ ബാബേൽദേശത്ത്51:4 അഥവാ, കൽദയദേശത്ത് നിഹതന്മാരായി വീഴും
അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ.
ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ
തങ്ങളുടെദേശം51:5 അതായത്, ബാബേൽദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും
അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ
ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.
“ബാബേലിൽനിന്ന് ഓടിപ്പോകുക!
ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക!
അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ.
ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്;
അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
ബാബേൽ യഹോവയുടെ കൈയിൽ
സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു.
രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു;
അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.
അവളെക്കുറിച്ചു വിലപിക്കുക!
അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക;
ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
“ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,
എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല;
നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം,
കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു,
സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
“ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു;
വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി
നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
“അമ്പുകൾക്ക് മൂർച്ച കൂട്ടുക,
പരിചകൾ എടുക്കുക!
യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു,
കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ.
യഹോവ പ്രതികാരംചെയ്യും,
അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക!
കാവൽ ശക്തിപ്പെടുത്തുക,
കാവൽക്കാരെ നിർത്തുക,
പതിയിരിപ്പുകാരെ നിയമിക്കുക!
ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ
അവിടന്ന് നിശ്ചയമായും നിറവേറ്റും.
അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന
വളരെ നിക്ഷേപങ്ങളുള്ള ദേശമേ,
നിന്റെ അവസാനം വന്നിരിക്കുന്നു,
നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു:
തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും,
അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
“അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.
അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,
തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
“മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.
അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;
ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
അവ മിഥ്യയും അപഹാസപാത്രവുമാണ്;
അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
അവിടത്തെ അവകാശജനതയുടെമാത്രമല്ല,
സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
“നിങ്ങൾ എന്റെ ഗദയും
യുദ്ധത്തിനുള്ള ആയുധവുമാണ്;
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
“ബാബേലും ബാബേലിലെ51:24 അഥവാ, കൽദയയിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
“ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ,
ഞാൻ നിനക്ക് എതിരായിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ നിനക്കെതിരേ കൈനീട്ടി
പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും,
കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.
അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ
അടിസ്ഥാനക്കല്ലോ എടുക്കുകയില്ല,
കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ദേശത്ത് ഒരു കൊടി ഉയർത്തുക!
രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക!
അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക;
അരാരാത്ത്, മിന്നി, അശ്കേനസ്
എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക.
അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക;
വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക.
അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക—
മേദ്യരാജാക്കന്മാരെയും
അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും
അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ.
ബാബേൽദേശത്തെ നിവാസികളില്ലാതെ
ശൂന്യസ്ഥലമാക്കിത്തീർക്കാൻ
യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം
ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു;
അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു.
അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു;
അവർ ശക്തിയില്ലാത്തവരായിരിക്കുന്നു.
അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു;
അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു.
ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും
ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും
ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു
എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു.
നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും
ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും
പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.”
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മെതിക്കാലത്തെ മെതിക്കളംപോലെയാണ്
ബാബേൽപുത്രി,
അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”
“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ51:34 സീയോനെ അഥവാ ജെറുശലേമിനെ എന്നു വിവക്ഷ വിഴുങ്ങിക്കളഞ്ഞു,
അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു,
അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു.
ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി,
ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു
അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു.
ഞങ്ങളുടെ ശരീരത്തിൽ51:35 അഥവാ, ഞങ്ങളോടും ഞങ്ങളുടെ മക്കളോടും അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,”
എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു.
“ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,”
എന്നു ജെറുശലേം പറയുന്നു.
അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി
നിനക്കുവേണ്ടി പ്രതികാരം നടത്തും;
ഞാൻ അവളുടെ കടൽ വറ്റിക്കുകയും
അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.
ബാബേൽ ഒരു ശൂന്യകൂമ്പാരവും
കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും.
അത് നിവാസികൾ ഇല്ലാതെ
ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.
അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും,
സിംഹക്കുട്ടികളെപ്പോലെ മുരളും.
എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ,
ഞാൻ അവർക്കൊരു വിരുന്നൊരുക്കി
അവരെ മത്തുപിടിപ്പിക്കും;
അങ്ങനെ അവർ ആർത്തട്ടഹസിക്കും—
പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ
കശാപ്പിനായി ഇറക്കിക്കൊണ്ടുവരും,
ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ.
“ശേശക്ക്51:41 കൽദയരെ, അഥവാ, ബാബേല്യരെക്കുറിച്ച് രഹസ്യഭാഷയിലെ വാക്ക്. എങ്ങനെ പിടിക്കപ്പെടും?
സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു?
രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ
ഒരു വിജനദേശമായത് എങ്ങനെ?
കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും;
അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും.
അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും
വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു;
അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ,
മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.
ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും
അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും.
ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല.
ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം.
“എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക!
ജീവരക്ഷയ്ക്കായി ഓടിപ്പോകുക!
യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.
ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ
നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്;
ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്,
ദേശത്തുനടക്കുന്ന അക്രമങ്ങളെയും
ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ.
ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന
സമയം നിശ്ചയമായും വരും;
അവളുടെ ദേശം മുഴുവനായും അപമാനിതമാകും,
അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും.
അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും
ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും,
ഉത്തരദിക്കിൽനിന്നു
സംഹാരകർ അവളെ ആക്രമിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഭൂമിയിലെങ്ങും ബാബേൽനിമിത്തം
ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ
ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം.
വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ,
എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക!
ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക,
ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”
“ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം
ഞങ്ങൾ നിന്ദിതരായിരിക്കുന്നു,
യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ
വിദേശികൾ കടന്നുകയറിയതുമൂലം
ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.”
“എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും
അവളുടെ രാജ്യത്തുടനീളം
മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന
കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ബാബേൽ ആകാശംവരെ കയറിയാലും
അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും
ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ബാബേലിൽനിന്ന് ഒരു നിലവിളിയും,
ബാബേൽദേശത്തുനിന്ന്51:54 അഥവാ, കൽദയദേശത്തുനിന്ന്
മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.
യഹോവ ബാബേലിനെ നശിപ്പിക്കും;
അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും.
ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു;
അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.
സംഹാരകൻ ബാബേലിനെതിരേ വരും;
അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും,
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
യഹോവ പ്രതികാരത്തിന്റെ ദൈവമാണ്;
അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.
അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും
അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും;
അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും,
അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും;
അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും,
രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം. അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി. യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം. പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം. ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം. പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.”
യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.
ജെറുശലേമിന്റെ പതനം
സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു. യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ കോപംനിമിത്തം ജെറുശലേമിനും യെഹൂദയ്ക്കും ഇതെല്ലാം വന്നുഭവിച്ചു; അവസാനം യഹോവ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു.
എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.
അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അവർ നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു. അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി. ബാബേല്യർ52:7 അഥവാ, കൽദയർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ52:7 അഥവാ, യോർദാൻ താഴ്വര നേർക്കാണു പലായനംചെയ്തത്. എന്നാൽ ബാബേൽസൈന്യം52:8 അഥവാ, കൽദയസൈന്യം സിദെക്കീയാരാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.
അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു. ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. യെഹൂദ്യയിലെ സകലപ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽവെച്ചു കൊന്നുകളഞ്ഞു. അതിനുശേഷം ബാബേൽരാജാവ് സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. മരണപര്യന്തം അദ്ദേഹത്തെ കാരാഗൃഹത്തിൽ പാർപ്പിച്ചു.
ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം പത്താംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായി സേവനം അനുഷ്ഠിക്കുന്ന നെബൂസരദാൻ ജെറുശലേമിലേക്കു വന്നു. അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു. അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിലെല്ലാം ഇടിച്ചുനിരത്തി. നഗരവാസികളിൽ ശേഷിച്ചിരുന്ന ജനത്തിൽ ഏറ്റവും ദരിദ്രരിൽ ചിലരെയും ശില്പവേലക്കാരിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി. എന്നാൽ നെബൂസരദാൻ, മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.
യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം മുഴുവനും അവർ ബാബേലിലേക്കു കൊണ്ടുപോയി. ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി. ക്ഷാളനപാത്രങ്ങളും ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും കുടങ്ങളും വിളക്കുതണ്ടുകളും പാനീയയാഗത്തിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും കോപ്പകളും തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.
യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും അതിനടിയിലെ വെങ്കലംകൊണ്ടുള്ള പന്ത്രണ്ടു കാളകളുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു. ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും നാലു വിരൽപ്പാടു കനവും ഉള്ളതായിരുന്നു.52:21 ഏക. 8.1 മീ. ഉയരവും 5.4 ചുറ്റളവും. അതു പൊള്ളയായിരുന്നു. ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം അഞ്ചുമുഴം52:22 ഏക. 2.3 മീ. ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും മാതളപ്പഴങ്ങൾ ഉൾപ്പെടെ ഇതുപോലെതന്നെ ആയിരുന്നു. നാലു വശത്തുമായി തൊണ്ണൂറ്റിയാറു മാതളപ്പഴം ഉണ്ടായിരുന്നു. ചുറ്റുമുള്ള വലപ്പണിയിൽ മാതളപ്പഴങ്ങൾ ആകെ നൂറ് ആയിരുന്നു.
അംഗരക്ഷകസേനയുടെ നായകൻ മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ ഏഴുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു ഗ്രാമീണരെയുംകൂടെ പിടിച്ചുകൊണ്ടുപോയി. സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി.
അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.
നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയവരുടെ എണ്ണം ഇവയാണ്:
ഏഴാംവർഷത്തിൽ,
3,023 യെഹൂദർ;
നെബൂഖദ്നേസരിന്റെ പതിനെട്ടാംവർഷത്തിൽ,
ജെറുശലേമിൽനിന്ന് 832 പേർ;
അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വർഷത്തിൽ
അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ 745 യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയി.
ഇങ്ങനെ ആകെ 4,600 പേർ.
യെഹോയാഖീന്റെ മോചനം
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു. അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു. അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു. യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി ബാബേൽരാജാവ് കൊടുത്തുപോന്നു. ഇത് അദ്ദേഹത്തിന്റെ മരണംവരെ തുടർന്നുവന്നു.