- Biblica® Open Malayalam Contemporary Version 2020
ന്യായാധിപന്മാർ
ന്യായാധിപന്മാരുടെ പുസ്തകം
ന്യായാധിപന്മാർ
ന്യായാ.
ന്യായാധിപന്മാരുടെ പുസ്തകം
ഇസ്രായേല്യർ കനാന്യരിൽ ശേഷിക്കുന്നവരെ നേരിടുന്നു
യോശുവയുടെ മരണശേഷം, “തങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു.
“യെഹൂദാ പുറപ്പെടട്ടെ; ഞാൻ ശേഷിക്കുന്ന ഭൂപ്രദേശം അവരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.
യെഹൂദാഗോത്രത്തിലെ പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരായ ശിമെയോന്യഗോത്രത്തോട്, “ഞങ്ങളുടെ അവകാശഭൂമിയിൽ ജീവിക്കുന്ന കനാന്യരോട് യുദ്ധംചെയ്യുന്നതിന് ഞങ്ങളോടുകൂടെ വരണമേ. അതിനുപകരമായി നിങ്ങളുടെ അവകാശഭൂമി കൈവശപ്പെടുത്തുന്നതിനു നിങ്ങളോടുകൂടെ ഞങ്ങളും വരാം” എന്നു പറഞ്ഞു. അങ്ങനെ ശിമെയോന്യർ അവരോടുകൂടെ പുറപ്പെട്ടു.
അങ്ങനെ യെഹൂദാ യുദ്ധംചെയ്തു, യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു. ബേസെക്കിൽവെച്ച് അവർ അദോനീ-ബേസെക്കിനെ എതിരിട്ടു, അവനെതിരേ യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും തോൽപ്പിച്ചു. അദോനീ-ബേസെക്ക് ഓടിപ്പോയി; എന്നാൽ അവർ അവനെ പിൻതുടർന്നുപിടിച്ചു, അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയുടെ കീഴിൽനിന്ന് പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കുപകരം ചെയ്തിരിക്കുന്നു.” അവർ അവനെ ജെറുശലേമിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ മരിച്ചു.
യെഹൂദാഗോത്രത്തിലെ പുരുഷന്മാർ ജെറുശലേമിനോടു യുദ്ധംചെയ്തു, അതും കീഴടക്കി; അതിലെ നിവാസികളെ വാളിനിരയാക്കി നഗരം തീവെച്ചു.
അതിനുശേഷം യെഹൂദാപുരുഷന്മാർ മലനാട്ടിലും തെക്കേദേശത്തും1:9 അതായത്, കനാന്റെ തെക്കും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും താമസിച്ചിരുന്ന കനാന്യരോടു യുദ്ധംചെയ്തു. യെഹൂദാ ഹെബ്രോനിൽ താമസിച്ചിരുന്ന കനാന്യരോടും യുദ്ധംചെയ്തു—ഹെബ്രോന് പണ്ടു കിര്യത്ത്-അർബാ എന്നായിരുന്നു പേര്—അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ തോൽപ്പിച്ചു. അവിടെനിന്ന് അവർ, ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിൽ മുന്നേറി. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു;1:14 ചി.കൈ.പ്ര. ഒത്നിയേൽ അക്സയെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
അവൾ മറുപടിയായി: “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
മോശയുടെ അമ്മായിയപ്പന്റെ പിൻഗാമികളായ കേന്യർ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അതായത്, യെരീഹോനഗരത്തിൽനിന്ന് തെക്കേദേശത്ത് അരാദിനു സമീപമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവിടെയുള്ള ജനത്തോടുകൂടെ താമസിച്ചു.
പിന്നെ യെഹൂദാപുരുഷന്മാർ തന്റെ സഹോദരനായ ശിമെയോന്യപുരുഷന്മാരോടുകൂടെ സെഫാത്തിൽ താമസിച്ചിരുന്ന കനാന്യരെ ആക്രമിച്ചു; അവരെ നിശ്ശേഷം നശിപ്പിച്ചു; ആ നഗരത്തിനു ഹോർമാ1:17 നശീകരണം എന്നർഥം. എന്നു പേരിട്ടു. യെഹൂദാപുരുഷന്മാർ, ഗസ്സാ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അതിന്റെ അതിരിനോടു ചേർന്നുള്ള ദേശങ്ങളും പിടിച്ചടക്കി.
യഹോവ യെഹൂദാപുരുഷന്മാരോടുകൂടെ ഉണ്ടായിരുന്നു. അവർ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളയാൻ കഴിഞ്ഞില്ല. മോശ വാഗ്ദത്തം ചെയ്തിരുന്നതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അദ്ദേഹം അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും ഓടിച്ചുകളഞ്ഞു. ബെന്യാമീൻഗോത്രം ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നും ബെന്യാമീന്യരോടുകൂടെ ജെറുശലേമിൽ താമസിച്ചുവരുന്നു.
യോസേഫിന്റെ ഗോത്രങ്ങൾ ബേഥേലിനെതിരേ പുറപ്പെട്ടു. യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. അവർ ബേഥേലിൽ ചാരപ്രവർത്തകരെ അയച്ചു—ബേഥേലിനു മുമ്പ് ലൂസ് എന്നു പേരായിരുന്നു. പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരു മനുഷ്യനെ ചാരപ്രവർത്തകർ കണ്ടു. അവർ അവനോട്, “പട്ടണത്തിൽ കടക്കാൻ ഒരു വഴി കാണിച്ചുതരണം; എന്നാൽ ഞങ്ങൾ നിന്നോടു ദയ ചെയ്യും” എന്നു പറഞ്ഞു. അവൻ പട്ടണത്തിലേക്കുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണനിവാസികളെ മുഴുവനും വാളിനിരയാക്കി. ആ മനുഷ്യനെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും രക്ഷിച്ചു. ഇതിനുശേഷം ആ മനുഷ്യൻ ഹിത്യരുടെ ദേശത്തുചെന്ന് ഒരു പട്ടണം പണിതു. അതിനു ലൂസ് എന്നു പേരിട്ടു; ഇന്നും ആ പേരിൽ അത് അറിയപ്പെടുന്നു.
എന്നാൽ ബേത്-ശയാൻ,1:27 ബേത്-ശാൻ, ബേത്-ശയാൻ എന്നതിന്റെ മറ്റൊരുരൂപം. താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ഉള്ളവരെ മനശ്ശെഗോത്രം നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ തുടരാനുള്ള ആഗ്രഹം അങ്ങനെ സാധിച്ചു. എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെ മുഴുവൻ നീക്കിക്കളയാതെ അവരെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. എഫ്രയീംഗോത്രം ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെയും നീക്കിക്കളഞ്ഞില്ല; കനാന്യർ അവിടെ അവരുടെയിടയിൽ താമസിച്ചു. സെബൂലൂൻഗോത്രം കിത്രോനിലും നഹലോലിലും താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; അവർ സെബൂലൂൻഗോത്രത്തിന് അടിമവേലചെയ്ത് അവരുടെയിടയിൽ താമസിച്ചു. ആശേർഗോത്രം അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫേക്കിലും രെഹോബിലും താമസിച്ചിരുന്നവരെ നീക്കിക്കളഞ്ഞില്ല. ആശേർഗോത്രത്തിലുള്ളർ അവരെ നീക്കിക്കളയാതെതന്നെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു. നഫ്താലിഗോത്രം ബേത്-ശേമെശിലും ബേത്-അനാത്തിലും താമസിച്ചിരുന്നവരെ നീക്കിക്കളയാതെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു; എന്നാൽ ബേത്-ശേമെശിലെയും ബേത്-അനാത്തിലെയും നിവാസികൾ അവർക്ക് നിർബന്ധിതമായി വേലചെയ്യുന്നവരായിത്തീർന്നു. അമോര്യർ ദാൻഗോത്രത്തിലുള്ളവരെ മലനാട്ടിൽത്തന്നെ പാർക്കാൻ നിർബന്ധിതരാക്കി. താഴ്വരയിലേക്കിറങ്ങാൻ അവരെ സമ്മതിച്ചുമില്ല. അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു. അമോര്യരുടെ അതിര് അക്രബീം1:36 തേളുകൾ എന്നർഥം. ചുരംമുതൽ സേലാവരെയും അതിനുമുകളിലേക്കുമായിരുന്നു.
ബോക്കീമിലെ യഹോവയുടെ ദൂതൻ
യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്ന് ബോക്കീമിലേക്കു ചെന്നു പറഞ്ഞതു: “ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. ‘നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല എന്നും നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം’ എന്നും കൽപ്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വചനം അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്തുകൊണ്ട്? അതുകൊണ്ട്, ‘ഞാൻ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ വശങ്ങളിൽ2:3 [സംഖ്യ. 33:55] കാണുക. മുള്ളായിരിക്കുകയും അവരുടെ ദേവന്മാർ നിങ്ങൾക്കൊരു കെണിയാകുകയും ചെയ്യും.’ ”
യഹോവയുടെ ദൂതൻ ഈ വചനം എല്ലാ ഇസ്രായേൽമക്കളെയും അറിയിച്ചപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു. അവർ ആ സ്ഥലത്തിന്നു ബോക്കീം2:5 കരയുന്നവർ എന്നർഥം. എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു.
അനുസരണക്കേടും പരാജയവും
യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു. യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു.
നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ2:9 തിമ്നത്ത്-സേരഹ് എന്നും അറിയപ്പെടുന്നു; [യോശു. 19:50]; [24:30] ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു. ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു. അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു, അവർ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കൾക്കെതിരേ ചെറുത്തുനിൽക്കാൻ അവർക്കു കഴിഞ്ഞതേയില്ല. യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.
അപ്പോൾ യഹോവ ന്യായാധിപന്മാരെ2:16 അഥവാ, നേതാക്കന്മാരെ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു. എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല. യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപന്മാരോടുകൂടെയിരുന്ന് അവരുടെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തമുള്ള അവരുടെ നിലവിളികേട്ട് യഹോവയ്ക്ക് അവരിൽ മനസ്സലിവു തോന്നുന്നതുകൊണ്ടാണ് അവിടന്ന് ഇപ്രകാരംചെയ്യുന്നത്. എന്നാൽ ആ ന്യായാധിപന്റെ മരണത്തിനുശേഷം അവർ വീണ്ടും അന്യദേവന്മാരെ സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദുഷ്ടത പ്രവർത്തിക്കും; അവർ തങ്ങളുടെ ഹീനകൃത്യങ്ങളും ദുശ്ശാഠ്യജീവിതവും ഉപേക്ഷിക്കാൻ വിസമ്മതിച്ചു.
അതുകൊണ്ട് യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു: “ഈ ജനത അവരുടെ പിതാക്കന്മാരോടു ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ കൽപ്പനകൾ അവഗണിച്ചു. അതിനാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്ന് ഇസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ കീഴ്പ്പെടുത്താതിരുന്ന ജനതകളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല,” എന്ന് അവിടന്ന് അരുളിച്ചെയ്തു. അതുകൊണ്ട് യഹോവ ആ ജനതകളെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു; അവരെ വേഗത്തിൽ നീക്കിക്കളയുന്നതിനായി യോശുവയുടെ കൈയിൽ ഏൽപ്പിക്കാതെയുമിരുന്നു.
കനാനിലെ യുദ്ധങ്ങളെക്കുറിച്ച് അനുഭവമില്ലാത്ത ഇസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന് യഹോവ ശേഷിപ്പിച്ചിരുന്ന ജനതകൾ ഇവരായിരുന്നു. യുദ്ധം അറിഞ്ഞിട്ടില്ലാത്ത ഇസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന് യഹോവ ഇപ്രകാരം ചെയ്തു. മോശമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്കു നൽകിയിരുന്ന കൽപ്പനകൾ ഇസ്രായേൽ അനുസരിക്കുമോ എന്നു പരീക്ഷിക്കേണ്ടതിന്, ഫെലിസ്ത്യരുടെ അഞ്ചുഭരണാധിപന്മാരെയും കനാന്യർ എല്ലാവരെയും സീദോന്യരെയും ലെബാനോൻ പർവതത്തിൽ ബാൽ-ഹെർമോൻമുതൽ ലെബോ-ഹമാത്തിലേക്കുള്ള പ്രവേശനംവരെ പാർത്തിരുന്ന ഹിവ്യരെയും യഹോവ അവശേഷിപ്പിച്ചു.
കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ ഇസ്രായേൽജനം വസിച്ചു. അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായി എടുക്കുകയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയും അവരുടെ ദേവന്മാരെ സേവിക്കുകയും ചെയ്തു.
ഒത്നിയേൽ
ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ3:8 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു. എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു. യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു. കെനസിന്റെ മകനായ ഒത്നിയേലിന്റെ മരണംവരെ ദേശത്തിന് നാൽപ്പതുവർഷം സ്വസ്ഥതയുണ്ടായി.
ഏഹൂദ്
ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുകയാൽ യഹോവ മോവാബ് രാജാവായ എഗ്ലോനെ ഇസ്രായേലിനു വിരോധമായി ബലപ്പെടുത്തി. അദ്ദേഹം അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി ഇസ്രായേലിനെ തോൽപ്പിച്ചു, അവർ ഈന്തപ്പനപ്പട്ടണം3:13 അതായത്, യെരീഹോനഗരം കൈവശമാക്കി. അങ്ങനെ ഇസ്രായേൽജനം മോവാബ് രാജാവായ എഗ്ലോനെ പതിനെട്ടുവർഷം സേവിച്ചു.
ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചു. യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കൈയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനം അദ്ദേഹത്തിന്റെ പക്കൽ മോവാബ് രാജാവായ എഗ്ലോന് കപ്പംകൊടുത്തയച്ചു.3:15 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരുമുഴം3:16 ഏക. 45 സെ.മീ. നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലതുതുടയിൽ കെട്ടി. അദ്ദേഹം മോവാബ് രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പംകൊണ്ടുചെന്നു; എഗ്ലോൻ വളരെയധികം തടിച്ചുകൊഴുത്ത ശരീരമുള്ളവനായിരുന്നു. ഏഹൂദ് കപ്പം രാജസന്നിധിയിൽ സമർപ്പിച്ചുകഴിഞ്ഞശേഷം കപ്പം ചുമന്നുകൊണ്ടുവന്നവരെ മടക്കി അയച്ചു. എന്നാൽ ഏഹൂദ് ഗിൽഗാലിനരികെയുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽ മടങ്ങിച്ചെന്നപ്പോൾ, താൻതന്നെ മടങ്ങിവന്ന്, “രാജാവേ, എനിക്കൊരു രഹസ്യസന്ദേശമുണ്ട്” എന്നു പറഞ്ഞു.
അപ്പോൾ രാജാവ് അംഗരക്ഷകരോട്, “പുറത്തേക്കു പോകുക!” എന്നു കൽപ്പിച്ചു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും വെളിയിൽപോയി.
ഏഹൂദ് അടുത്തുചെന്നു. എന്നാൽ എഗ്ലോൻ തന്റെ കൊട്ടാരത്തിൽ3:20 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. മുകളിലത്തെ നിലയിൽ തനിയേ ഇരിക്കുകയായിരുന്നു. “എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കാനുണ്ട്,” എന്ന് ഏഹൂദ് പറഞ്ഞു. ഉടനെ അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു. ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി. ചുരികയോടുകൂടെ പിടിയും അകത്തുചെന്നു; അദ്ദേഹത്തിന്റെ വയറ്റിൽനിന്നും ചുരിക അവൻ വലിച്ചെടുക്കായ്കയാൽ കൊഴുപ്പ് അതിനെ മൂടി. ഏഹൂദ് പുറത്തിറങ്ങി അദ്ദേഹത്തെ അകത്തിട്ട് കൊട്ടാരത്തിന്റെ മുകളിലത്തെ നിലയുടെ വാതിൽ അടച്ചുപൂട്ടി.
ഏഹൂദ് പുറത്തിറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; മുകളിലത്തെ നിലയുടെ വാതിൽ പൂട്ടിയിരിക്കുന്നതുകണ്ടു. “അദ്ദേഹം ഉൾമുറിയിൽ വിസർജനത്തിന് ഇരിക്കുകയായിരിക്കും,” എന്ന് അവർ പറഞ്ഞു. അവർ കാത്തിരുന്നു വിഷമിച്ചു; അദ്ദേഹം മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ അവർ താക്കോൽകൊണ്ടു തുറന്നു; തങ്ങളുടെ പ്രഭു നിലത്തു മരിച്ചുകിടക്കുന്നത് അവർ കണ്ടു.
എന്നാൽ അവർ കാത്തിരിക്കുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെക്കടന്ന് സെയീരായിൽ എത്തിച്ചേർന്നു. അവിടെ എത്തിയശേഷം അദ്ദേഹം എഫ്രയീംപർവതത്തിൽ കാഹളം ഊതി. അങ്ങനെ ഇസ്രായേൽജനം അദ്ദേഹത്തോടുകൂടെ പർവതത്തിൽനിന്നിറങ്ങി; അദ്ദേഹം അവർക്കു നായകനായി.
“എന്റെ പിന്നാലെ വരിക; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ഏഹൂദ് ഇസ്രായേൽജനത്തോടു പറഞ്ഞു; അവർ അദ്ദേഹത്തിന്റെ പിന്നാലെചെന്ന് മോവാബിലേക്കുള്ള യോർദാന്റെ കടവുകൾ കൈവശമാക്കി. അതിലൂടെ കടന്നുപോകാൻ ആരെയും അനുവദിച്ചതുമില്ല. അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ആരും രക്ഷപ്പെട്ടില്ല. അങ്ങനെ അന്ന് മോവാബ് ഇസ്രായേലിന് കീഴടങ്ങി; ദേശത്തിന് എൺപതുവർഷം സ്വസ്ഥതയുണ്ടായി.
ശംഗർ
ഏഹൂദിനുശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു. അദ്ദേഹം ഒരു കലപ്പകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അദ്ദേഹവും ഇസ്രായേലിനെ രക്ഷിച്ചു.
ദെബോറാ
ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ4:2 ഹരോശെത്ത്-ഹഗോയിം എന്നർഥം. പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ. തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു.
ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്. അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക; ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.”
ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി. അവിടെ ബാരാക്ക് സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; അദ്ദേഹത്തിന്റെ പിന്നിൽ പതിനായിരം പടയാളികൾ അണിനിരന്നു. ദെബോറായും അദ്ദേഹത്തോടൊപ്പം പോയി.
എന്നാൽ കേന്യനായ ഹേബെർ, മോശയുടെ അളിയൻ4:11 അഥവാ, അമ്മായിയപ്പൻ ഹോബാബിന്റെ മക്കളായ, മറ്റു കേന്യരിൽനിന്നും പിരിഞ്ഞ് കേദേശിനരികെയുള്ള സാനന്നീമിലെ കരുവേലകത്തിനടുത്ത് കൂടാരമടിച്ചിരുന്നു.
അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയെ അറിയിച്ചു. സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും തന്റെ സർവസൈന്യത്തെയും ഹരോശെത്ത്-ഹഗോയിമിൽനിന്ന് കീശോൻതോട്ടിനരികെ കൂട്ടിവരുത്തി.
അപ്പോൾ ദെബോറാ ബാരാക്കിനോട്, “പോകുക! യഹോവ സീസെരയെ താങ്കളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ദിവസം ഇന്നുതന്നെ. യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും പതിനായിരം പടയാളികളും താബോർപർവതത്തിൽനിന്നും ഇറങ്ങിച്ചെന്നു. യഹോവ സീസെരയെയും അയാളുടെ സകലരഥങ്ങളെയും ബാരാക്കിന്റെ മുമ്പിൽ തോൽപ്പിച്ച് സൈന്യത്തെ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. സീസെര സ്വന്തം രഥം ഉപേക്ഷിച്ച് ഓടിപ്പോയി.
ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹഗോയിംവരെ പിൻതുടർന്നു; സീസെരയുടെ സൈന്യംമുഴുവൻ വാളിനിരയായി. ഒരുത്തൻപോലും അവശേഷിച്ചില്ല. എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു.
യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.
“എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി.
സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.”
എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.
ബാരാക്ക് സീസെരയെ പിൻതുടർന്നു ചെല്ലുമ്പോൾ യായേൽ അദ്ദേഹത്തെ എതിരേറ്റു, “വരിക, താങ്കൾ അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. ബാരാക്ക് അവളുടെ അടുക്കൽ ചെന്നപ്പോൾ; അതാ, സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നു!
ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി. കനാന്യരാജാവായ യാബീനെ ഉന്മൂലമാക്കുന്നതുവരെ ഇസ്രായേൽമക്കളുടെ കൈ അയാൾക്കെതിരേ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
ദെബോറായുടെ കീർത്തനം
അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:
“പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും
ജനം സ്വയം സമർപ്പിച്ചതിനും
യഹോവയെ വാഴ്ത്തുക!
“രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക!
ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും;
ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.
“യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,
ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ,
ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.
മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു,
ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.
“അനാത്തിൻ പുത്രൻ ശംഗരിൻനാളിലും
യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി;
യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.
ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ,
ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ,
ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.
യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ
ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു,
ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ
പരിചയും കുന്തവും കണ്ടതേയില്ല.
എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും
ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു.
യഹോവയെ വാഴ്ത്തുക!
“പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന്
വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ,
പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,
നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ5:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ശബ്ദം.
അവിടെ അവർ യഹോവയുടെ വിജയഗാഥകൾ,
ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും.
“അന്ന് യഹോവയുടെ ജനം
നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.
‘ഉണരൂ, ഉണരൂ, ദെബോറേ!
ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ!
ഉണരൂ ബാരാക്കേ!
അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’
“അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു;
യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.
അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു;
നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്.
മാഖീരിൽനിന്നു സേനാപതികളും
സെബൂലൂനിൽനിന്നു സൈന്യാധിപന്റെ5:14 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ദണ്ഡുവഹിച്ചവരും വന്നു.
യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ;
അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ
താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു.
രൂബേന്യദേശത്തെ ജനം അവരുടെ
ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട്
നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്?
രൂബേന്യദേശത്തെ ജനം അവരുടെ
ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
ഗിലെയാദ് യോർദാനക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്?
ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു;
തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.
സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം;
നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.
“രാജാക്കന്മാർ വന്നു; അവർ പൊരുതി;
കനാന്യരാജാക്കന്മാർ പൊരുതി.
താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ.
വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.
ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി,
സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.
കീശോൻതോട്, പുരാതനനദിയായ കീശോൻതോട്,
അവരെ ഒഴുക്കിക്കളഞ്ഞു,
എൻ മനമേ, നീ ബലത്തോടെ മുന്നേറുക.
അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി;
ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.
‘മെരോസിനെ ശപിക്കുക,
അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി.
‘കാരണം അവർ യഹോവയ്ക്കു തുണയായി,
ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’
“കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ,
സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ,
കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.
അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു;
രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.
കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി,
തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു.
സീസെരയെ അവൾ ആഞ്ഞടിച്ചു,
അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.
അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു,
വീണയാൾ അവിടെ വീണുകിടന്നു;
അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു.
വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
“സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു;
ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്:
‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’
അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു;
അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:
‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം,
നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ;
നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ,
എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ—
ഇതെല്ലാമല്ലയോ കൊള്ളമുതൽ?’
“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ.
എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ
സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!”
ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.
ഗിദെയോൻ
ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ അവരെ ഏഴുവർഷത്തേക്ക് മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചു. മിദ്യാന്യർ ഇസ്രായേലിന്മേൽ പ്രബലരായി; മിദ്യാന്യരുടെ ആക്രമണം അതിശക്തമായിരുന്നതിനാൽ ഇസ്രായേൽജനം പർവതങ്ങളിലെ മാളങ്ങൾ, ഗുഹകൾ, കോട്ടകൾ എന്നിവിടങ്ങളിൽ അഭയംനേടി. ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും. അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല. അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു.
മിദ്യാന്യരുടെ നിമിത്തം ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു; അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന്, അടിമദേശത്തുനിന്നുതന്നെ കൊണ്ടുവന്നു; ഈജിപ്റ്റിന്റെ അധികാരത്തിൽനിന്ന്, നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നുതന്നെ, ഞാൻ നിങ്ങളെ വിടുവിച്ചു; നിങ്ങളുടെമുമ്പിൽനിന്ന് അവരെ ഓടിച്ചു; അവരുടെ ദേശം നിങ്ങൾക്ക് നൽകി. യഹോവയായ ഞാൻ ആകുന്നു നിങ്ങളുടെ ദൈവം; നിങ്ങൾ വസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ വന്ദിക്കരുതെന്നും ഞാൻ നിങ്ങളോടു കൽപ്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല.”
യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.”
യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു.
“അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു.
യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.”
അപ്പോൾ ഗിദെയോൻ, “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ, എന്നോടു സംസാരിക്കുന്നത് അവിടന്നുതന്നെ എന്നതിന് ഒരു ചിഹ്നം തരണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് അങ്ങയുടെമുമ്പാകെ അർപ്പിക്കുന്നതുവരെ ഇവിടെനിന്നു പോകരുതേ” എന്നു പറഞ്ഞു.
“നീ മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കാം” യഹോവ അരുളിച്ചെയ്തു.
ഗിദെയോൻ പോയി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്തു. ഒരു ഏഫാ6:19 ഏക. 16 കി.ഗ്രാം. മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കൊട്ടയിലും ചാറ് ഒരു കലത്തിലും പകർന്നുകൊണ്ടുവന്ന് കരുവേലകത്തിൻകീഴേ അവിടത്തെ മുമ്പിൽ അർപ്പിച്ചു.
അപ്പോൾ ദൈവത്തിന്റെ ദൂതൻ അയാളോട്, “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറയിൽ വെക്കുക, ചാറ് അതിന്മേൽ ഒഴിക്കുക” എന്നു കൽപ്പിച്ചു; അയാൾ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; പാറയിൽനിന്നു തീ ജ്വലിച്ച് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; തുടർന്ന് യഹോവയുടെ ദൂതൻ അപ്രത്യക്ഷനായി. അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു.
എന്നാൽ യഹോവ അയാളോട്: “നിനക്കു സമാധാനം; ഭയപ്പെടേണ്ട, നീ മരിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ-ശാലേം6:24 യഹോവ-സമാധാനം എന്നർഥം. എന്നു പേരിട്ടു; അത് ഇപ്പോഴും അബിയേസ്രിയർക്കുള്ള ഒഫ്രയിൽ ഉണ്ട്.
അന്നുരാത്രി യഹോവ അദ്ദേഹത്തോട് കൽപ്പിച്ചു: “നിന്റെ പിതാവിന്റെ ഏഴുവയസ്സുള്ള6:25 ഏഴുവയസ്സുള്ള, വിവക്ഷിക്കുന്നത് പൂർണവളർച്ചയെത്തിയത്. രണ്ടാമത്തെ കാളയെ കൊണ്ടുവരിക; നിന്റെ പിതാവിന്റെ വകയായ ബാലിന്റെ ബലിപീഠം ഇടിച്ചുനിരത്തി അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ6:25 അതായത്, അശേരാദേവിയുടെ പ്രതീകങ്ങൾ; ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പരാമർശമുണ്ട്. വെട്ടിക്കളയുക. ഈ മലമുകളിലെ കോട്ടയിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അനുയോജ്യമായ6:26 അതായത്, കല്ലുകൾ അതിന്റെ നിരയിൽ അടുക്കിക്കൊണ്ട്. ഒരു യാഗപീഠം പണിയുക. നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ആ രണ്ടാമത്തെ കാളയെ ഹോമയാഗം കഴിക്കണം.”
ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ചെയ്തു; എന്നാൽ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും ഭയന്ന് അദ്ദേഹം പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.
പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു!
“ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു.
സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു.
പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു.
യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.” ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു.
അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽവന്നു, അദ്ദേഹം കാഹളമൂതി അബിയേസെരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അദ്ദേഹം മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു; യുദ്ധസന്നദ്ധരാകാൻ അവരെ ആഹ്വാനംചെയ്തു. അദ്ദേഹം ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും അദ്ദേഹത്തോടൊപ്പം ചേർന്നു.
ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ— ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.” അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു.
ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു. അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.
ഗിദെയോൻ മിദ്യാന്യരെ തോൽപ്പിക്കുന്നു
പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു. യഹോവ ഗിദെയോനോട്, “നിന്നോടുകൂടെയുള്ള ജനം വളരെ അധികമാകുന്നു: ‘സ്വന്തം ശക്തിയാൽ ഞാൻ രക്ഷപ്രാപിച്ചു’ എന്ന് ഇസ്രായേൽ എനിക്കെതിരേ നിഗളിക്കരുത്. അതിനായി ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. നീ ചെന്ന്, ‘ഭയന്നുവിറയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഗിലെയാദ് പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ’ എന്ന് ജനത്തോടു പറയുക” എന്നു കൽപ്പിച്ചു. ജനത്തിൽ ഇരുപത്തീരായിരംപേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.”
അങ്ങനെ ഗിദെയോൻ ജനത്തെ വെള്ളത്തിലേക്കു കൊണ്ടുപോയി. യഹോവ ഗിദെയോനോട്, “നായെപ്പോലെ നാവുകൊണ്ട് വെള്ളം നക്കിക്കുടിക്കുന്നവരെ വേറെയും കുടിക്കാൻ മുട്ടുകുത്തി കുനിയുന്നവരെ വേറെയും നിർത്തുക” എന്നു കൽപ്പിച്ചു. മുന്നൂറുപേർ വെള്ളം കൈയിൽക്കോരി നക്കിക്കുടിച്ചു, മറ്റുള്ളവർ എല്ലാവരും വെള്ളം കുടിക്കാൻ മുട്ടുകുത്തി കുനിഞ്ഞു.
യഹോവ ഗിദെയോനോട്, “നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏൽപ്പിക്കും; മറ്റുള്ളവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ” എന്നു കൽപ്പിച്ചു. അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി.
മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു. അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു. ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക. അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു.
ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.”
അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.” അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു.
ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം. ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.”
മധ്യയാമാരംഭത്തിൽ,7:19 അതായത്, അർഥരാത്രി കഴിഞ്ഞുള്ള സമയം. കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു, പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി. ഇസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിൻതുടർന്നു. ഗിദെയോൻ എഫ്രയീം മലനാട്ടിലെല്ലായിടവും ദൂതന്മാരെ അയച്ചു. “മിദ്യാന്യരുടെനേരേ ഇറങ്ങിവന്ന് ബേത്-ബാരാവരെയുള്ള യോർദാൻനദി7:24 മൂ.ഭാ. അതായത്, യോർദാന്റെ ജലാശയങ്ങൾ അവർക്കുമുമ്പേ കൈവശമാക്കിക്കൊൾക,” എന്നു പറയിച്ചു.
അങ്ങനെ എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്-ബാരായും7:24 കടവുകടക്കുന്ന സ്ഥലം എന്നർഥം. യോർദാനുംവരെയുള്ള ജലാശയങ്ങൾ കൈവശമാക്കി. അവർ ഓരേബ്,7:25 കാക്ക എന്നർഥം. സേബ്7:25 കുറുക്കൻ എന്നർഥം. എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറയിൽവെച്ചും സേബിനെ സേബ് മുന്തിരിച്ചക്കിനരികെവെച്ചും കൊന്നുകളഞ്ഞു. ഓരേബിന്റെയും സേബിന്റെയും തല യോർദാന് അക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
സേബഹും സൽമുന്നയും
എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു.
അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്? ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു.
ഗിദെയോനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നെങ്കിലും ശത്രുക്കളെ പിൻതുടർന്നുകൊണ്ട് അവർ യോർദാന്റെ അക്കരെ കടന്നു. അദ്ദേഹം സൂക്കോത്ത് നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള സൈന്യത്തിന് അൽപ്പം ഭക്ഷണം കൊടുക്കണമേ. അവർ ക്ഷീണിച്ചിരിക്കുന്നു. ഞാൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിൻതുടരുകയാണ്.”
എന്നാൽ സൂക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കൈവശമായിക്കഴിഞ്ഞില്ലല്ലോ? അങ്ങനെയെങ്കിൽ ഞങ്ങൾ നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യമെന്ത്?”
അപ്പോൾ ഗിദെയോൻ: “ആകട്ടെ; സേബഹിനെയും സൽമുന്നയെയും യഹോവ എന്റെ കൈയിൽ ഏൽപ്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും കീറിമുറിക്കും” എന്നു പറഞ്ഞു.
അവിടെനിന്ന് അദ്ദേഹം പെനീയേലിലേക്ക്8:8 മൂ.ഭാ. പെനുവേൽ, പെനീയേൽ എന്നതിന്റെ മറ്റൊരുരൂപം. പോയി. അവരോടും അദ്ദേഹം ഭക്ഷണത്തിനായി അപേക്ഷിച്ചു. സൂക്കോത്ത് നിവാസികൾ പറഞ്ഞതുപോലെതന്നെ പെനീയേൽ നിവാസികളും ഉത്തരം പറഞ്ഞു. അദ്ദേഹം പെനീയേൽ നിവാസികളോട്, “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു.
സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കു ദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരും കർക്കോരിൽ ആയിരുന്നു; പടയാളികളിൽ ഒരുലക്ഷത്തി ഇരുപതിനായിരം പേർ വധിക്കപ്പെട്ടിരുന്നു. ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള ദേശാന്തരികളുടെ വഴിയായി ചെന്ന് യുദ്ധം പ്രതീക്ഷിക്കാതിരുന്ന ആ സൈന്യത്തെ തോൽപ്പിച്ചു. മിദ്യാന്യ രാജാക്കന്മാരായിരുന്ന സേബഹും സൽമുന്നയും ഓടിപ്പോയി. ഗിദെയോൻ അവരെ പിൻതുടർന്നുപിടിച്ചു. സൈന്യത്തെ ഒക്കെയും ചിതറിച്ചുകളഞ്ഞു.
യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധംകഴിഞ്ഞ് ഹേരെസ് ചുരംവഴി മടങ്ങി. വഴിയിൽ അദ്ദേഹം സൂക്കോത്ത് നിവാസികളിൽ ഒരു യുവാവിനെ പിടിച്ച് അവനെ ചോദ്യംചെയ്തു. അവൻ സൂക്കോത്തിലെ പ്രഭുക്കന്മാരും പട്ടണത്തലവന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേര് അദ്ദേഹത്തിന് എഴുതിക്കൊടുത്തു. പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “ ‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു. അവർ പട്ടണത്തലവന്മാരെ പിടിച്ച് കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് ശിക്ഷിച്ച് സൂക്കോത്ത് നിവാസികളെ ഒരു പാഠം പഠിപ്പിച്ചു. അതിനുശേഷം അദ്ദേഹം പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണനിവാസികളെ കൊന്നുകളഞ്ഞു.
പിന്നെ ഗിദെയോൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു വധിച്ച പുരുഷന്മാർ എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു.
“അവർ താങ്കളെപ്പോലെയുള്ളവർ; ഓരോരുത്തനും രാജകുമാരനു തുല്യർ ആയിരുന്നു,” എന്ന് അവർ ഉത്തരം പറഞ്ഞു.
അതിനു ഗിദെയോൻ: “അവർ എന്റെ സഹോദരന്മാർ ആയിരുന്നു; എന്റെ അമ്മയുടെ പുത്രന്മാർ. നിങ്ങൾ അവരെ ജീവനോടെ ശേഷിപ്പിച്ചിരുന്നു എങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു. പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല.
അപ്പോൾ സേബഹും സൽമുന്നയും, “താങ്കൾതന്നെ അതു ചെയ്യുക; ‘ആളിനെ കാണുന്നതുപോലുള്ള ബലമല്ലേ അയാൾക്കുള്ളൂ’ ” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങൾ എടുത്തു.
ഗിദെയോന്റെ ഏഫോദ്
ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!”
എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു. പിന്നെ ഗിദെയോൻ അവരോടു പറഞ്ഞു: “എനിക്ക് ഒരു അപേക്ഷയേയുള്ളൂ; കൊള്ളയിൽ കിട്ടിയ കർണാഭരണങ്ങൾ നിങ്ങൾ ഓരോരുത്തരും എനിക്കു നൽകണം.” (അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് സ്വർണംകൊണ്ടുള്ള കർണാഭരണം ധരിച്ചിരുന്നു.)
“ഞങ്ങൾ സന്തോഷത്തോടെ തരാം,” അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഓരോരുത്തന് കൊള്ളയിൽ കിട്ടിയ ഓരോ സ്വർണക്കടുക്കൻ അതിലിട്ടു. അവൻ ചോദിച്ചുവാങ്ങിയ സ്വർണക്കടുക്കന്റെ തൂക്കം ആയിരത്തിയെഴുനൂറു ശേക്കേൽ8:26 ഏക. 20 കി.ഗ്രാം. ആയിരുന്നു; വസ്ത്രത്തിന്റെ എണ്ണം എടുത്തിരുന്നില്ല. ഇതു കൂടാതെ ആഭരണങ്ങളും കുണ്ഡലങ്ങളും മിദ്യാന്യ രാജാക്കന്മാർ ധരിച്ചിരുന്ന ഊതവർണ വസ്ത്രങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.
ഗിദെയോന്റെ മരണം
മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി.
യോവാശിന്റെ മകനായ യെരൂ-ബാൽ തന്റെ വീട്ടിൽ മടങ്ങിവന്നു. ഗിദെയോന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു. സ്വന്തം മക്കളായിട്ടുതന്നെ എഴുപതു പുത്രന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. ശേഖേമിലുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയും അദ്ദേഹത്തിനൊരു മകനെ പ്രസവിച്ചു. അബീമെലെക്ക് എന്ന് അവനു പേരിട്ടു. യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അദ്ദേഹത്തെ അബിയേസ്രിയർക്കുള്ള ഒഫ്രയിൽ അദ്ദേഹത്തിന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.
ഗിദെയോൻ മരിച്ചയുടനെ, ഇസ്രായേൽമക്കൾ വീണ്ടും ബാൽവിഗ്രഹങ്ങളെ വണങ്ങുന്നതിലൂടെ പരസംഗംചെയ്തു. ബാൽ-ബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള സകലശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ അവർ ഓർത്തില്ല. ഗിദെയോൻ എന്ന യെരൂ-ബാൽ ഇസ്രായേലിനു ചെയ്ത സകലനന്മയ്ക്കും തക്കവണ്ണം അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ കരുണ കാണിച്ചതുമില്ല.
അബീമെലെക്ക്
യെരൂ-ബാലിന്റെ മകനായ അബീമെലെക്ക് ശേഖേമിൽ ചെന്നു തന്റെ അമ്മയുടെ സഹോദരന്മാരോടും അമ്മയുടെ കുലത്തിലുള്ള എല്ലാവരോടും സംസാരിച്ചു: “ശേഖേം പൗരന്മാരോട് ചോദിക്കുക: ‘യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുവൻ നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങൾക്കു നല്ലത്?’ ഞാൻ നിങ്ങളുടെ മാംസവും രക്തവുമാണെന്ന് ഓർക്കുക.”
അങ്ങനെ അബീമെലെക്കിന്റെ അമ്മയുടെ സഹോദരന്മാർ ശേഖേമിലെ സകലപൗരന്മാരോടും ഈ വാക്കുകൾ സംസാരിച്ചപ്പോൾ, അവർ അദ്ദേഹത്തോട് ചാഞ്ഞു; “അദ്ദേഹം നമ്മുടെ സഹോദരനല്ലോ” എന്ന് അവർ പറഞ്ഞു. അവർ ബാൽ-ബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപത് ശേക്കേൽ9:4 ഏക. 800 ഗ്രാം. വെള്ളി എടുത്ത് അയാൾക്കു കൊടുത്തു; അബീമെലെക്ക്, അത് ഉപയോഗിച്ച് വീണ്ടുവിചാരമില്ലാത്ത ആഭാസന്മാരെ കൂലിക്കെടുത്തു. അവർ അയാളുടെ അനുയായികളായിത്തീർന്നു. അയാൾ ഒഫ്രയിൽ തന്റെ പിതാവിന്റെ വീട്ടിൽച്ചെന്നു. യെരൂ-ബാലിന്റെ പുത്രന്മാരായ തന്റെ എഴുപത് സഹോദരന്മാരെയും ഒരു കല്ലിൽവെച്ചു വധിച്ചു; എന്നാൽ യെരൂ-ബാലിന്റെ ഇളയപുത്രൻ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. അതിന്റെശേഷം ശേഖേമിലെയും ബേത്-മില്ലോയിലെയും എല്ലാ പൗരന്മാരും ശേഖേമിലെ സ്തംഭത്തിനരികെയുള്ള9:6 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. കരുവേലകത്തിന് സമീപം ഒരുമിച്ചുകൂടി, അവിടെവെച്ച് അബീമെലെക്കിനെ രാജാവായി വാഴിച്ചു.
ഇതു കേട്ടപ്പോൾ യോഥാം ഗെരിസീം മലമുകളിൽ കയറി ഉച്ചത്തിൽ അവരോട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ശേഖേം പൗരന്മാരേ, ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കേണ്ടതിനു നിങ്ങൾ എന്റെ വാക്കു കേൾക്കുക, ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകംചെയ്യാൻ പോയി; അവ ഒലിവു വൃക്ഷത്തോട്: ‘നീ ഞങ്ങൾക്കു രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
“അതിന് ഒലിവുവൃക്ഷം, ‘ദേവന്മാരും മനുഷ്യരും ഒരുപോലെ പുകഴ്ത്തുന്ന എന്റെ എണ്ണ ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്ന് ഉത്തരം പറഞ്ഞു.
“പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
“അതിന് അത്തിവൃക്ഷം, ‘മധുരമുള്ള വിശേഷപ്പെട്ട എന്റെ പഴം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്നു ചോദിച്ചു.
“പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട് അപേക്ഷിച്ചു, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക.’
“മുന്തിരിവള്ളി പറഞ്ഞു, ‘ദേവന്മാരെയും മനുഷ്യരെയും ആനന്ദിപ്പിക്കുന്ന എന്റെ വീഞ്ഞുപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’
“ഒടുവിൽ വൃക്ഷങ്ങളെല്ലാം ചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു, ‘വരിക, നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്കുക.’
“മുൾപ്പടർപ്പ് വൃക്ഷങ്ങളോട്, ‘നിങ്ങൾ യഥാർഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകംചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്റെ തണലിൽ ആശ്രയിക്കുക; അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്ന് തീയിറങ്ങി ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!’
“നിങ്ങൾ ഇപ്പോൾ അബീമെലെക്കിനെ രാജാവാക്കിയതിൽ മാന്യതയോടും ഉത്തമബോധ്യത്തോടും കൂടെയാണോ പ്രവർത്തിച്ചത്? നിങ്ങൾ യെരൂ-ബാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്തത് ന്യായമാണോ? അദ്ദേഹം അർഹിക്കുന്നവിധത്തിലാണോ നിങ്ങൾ അദ്ദേഹത്തോട് പെരുമാറിയത്? എന്റെ പിതാവ് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്യരുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചു. എന്നാൽ നിങ്ങൾ ഇന്ന് എന്റെ പിതാവിന്റെ ഗൃഹത്തിനെതിരേ മത്സരിച്ചു, അദ്ദേഹത്തിന്റെ എഴുപത് പുത്രന്മാരെയും ഒരു കല്ലിന്മേൽവെച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസിയുടെ മകനായ അബീമെലെക്ക് നിങ്ങളുടെ സഹോദരനായതുകൊണ്ട് അയാളെ ശേഖേം പൗരന്മാർക്ക് രാജാവാക്കുകയും ചെയ്തല്ലോ. നിങ്ങൾ ഇന്ന് മാന്യതയോടെയും ഉത്തമബോധ്യത്തോടും കൂടെയാണ് യെരൂ-ബാലിനൊടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവർത്തിച്ചതെങ്കിൽ നിങ്ങൾ അബീമെലെക്കിൽ ആനന്ദിക്കുക; അയാൾ നിങ്ങളിലും ആനന്ദിക്കട്ടെ! അല്ലാത്തപക്ഷം, അബീമെലെക്കിൽനിന്ന് തീ ഇറങ്ങി ശേഖേമിലെയും ബേത്-മില്ലോയുടെയും ജനത്തെ ദഹിപ്പിക്കട്ടെ; ശേഖേമിൽനിന്നും ബേത്-മില്ലോയിൽനിന്നും തീ ഇറങ്ങി അബീമെലെക്കിനെയും വിഴുങ്ങട്ടെ!”
യോഥാം ബേരിലേക്കു പലായനംചെയ്തു. തന്റെ സഹോദരനായ അബീമെലെക്കിനെ ഭയന്ന് അവിടെ പാർത്തു.
അബീമെലെക്ക് മൂന്നുവർഷം ഇസ്രായേലിനെ ഭരിച്ചു. അബീമെലെക്കിന്റെയും ശേഖേം പൗരന്മാരുടെയും മധ്യത്തിൽ, ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ശേഖേം പൗരന്മാർ അബീമെലെക്കിനോട് ദ്രോഹം തുടങ്ങി; അങ്ങനെ യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരമായിട്ടാണ് അവരുടെ രക്തം അവരുടെ ഘാതകനായ അവരുടെ സഹോദരൻ അബീമെലെക്കിന്റെയും അയാൾക്കു തുണയായിരുന്ന ശേഖേം പൗരന്മാരുടെയുംമേൽ ദൈവം വരുത്തിയത്. ശേഖേം പൗരന്മാർ അയാൾക്കു വിരോധമായി മലമുകളിൽ ആളുകളെ പതിയിരുത്തി. ഇവർ ആ വഴി പോകുന്ന എല്ലാവരെയും കവർച്ചചെയ്തു; ഇതിനെക്കുറിച്ച് അബീമെലെക്കിന് അറിവുകിട്ടി.
അപ്പോൾ ഏബെദിന്റെ മകനായ ഗാലും അദ്ദേഹത്തിന്റെ സഹോദരന്മാരും ശേഖേമിലേക്കു വന്നു; ശേഖേം പൗരന്മാർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. അവർ വയലിൽച്ചെന്ന് തങ്ങളുടെ മുന്തിരിത്തോപ്പുകളിലെ കുലകളറത്ത് തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ഉത്സവം ആചരിച്ചു, അവർ തിന്നുകുടിച്ച് അബീമെലെക്കിനെ ശപിച്ചു. ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “നാം അയാളെ സേവിക്കേണ്ടതിന് അബീമെലെക്ക് ആര്? ശേഖേം ആര്? അയാൾ യെരൂ-ബാലിന്റെ മകനല്ലേ? സെബൂൽ അയാളുടെ പ്രതിനിധിയുമല്ലേ? ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളെ സേവിക്കട്ടെ! നാം എന്തിന് അബീമെലെക്കിനെ സേവിക്കണം? ഈ ജനം എന്റെ കൽപ്പനയിൻ കീഴിലായിരുന്നെങ്കിൽ! ഞാൻ അബീമെലെക്കിനെ ഒടുക്കിക്കളയുമായിരുന്നു. അബീമെലെക്കിനോട്, ‘നിന്റെ മുഴുവൻ സൈന്യവുമായി വരിക’ എന്നു പറയുമായിരുന്നു.”
നഗരാധിപനായ സെബൂൽ ഏബെദിന്റെ മകനായ ഗാലിന്റെ വാക്കു കേട്ടപ്പോൾ, അയാൾ കോപിഷ്ഠനായി. അയാൾ രഹസ്യമായി അബീമെലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഇതാ ഏബെദിന്റെ മകനായ ഗാലും അയാളുടെ സഹോദരന്മാരും ശേഖേമിൽ വന്നിരിക്കുന്നു. അയാൾ നിനക്കെതിരേ പട്ടണനിവാസികളെ മത്സരിപ്പിക്കുന്നു. അതുകൊണ്ട് നീയും നിന്നോടുകൂടെയുള്ള സൈന്യവും രാത്രി വയലിൽ പതിയിരിക്കുക. രാവിലെ സൂര്യോദയത്തിൽ എഴുന്നേറ്റ് പട്ടണത്തിലേക്കു വരിക; എന്നാൽ ഗാലും സൈന്യവും താങ്കളുടെനേരേ വരുമ്പോൾ യുക്തമായത് അവരോട് പ്രവർത്തിക്കുക” എന്നറിയിച്ചു.
അങ്ങനെ അബീമെലെക്കും കൂടെയുള്ള സൈന്യവും രാത്രിയിൽ പുറപ്പെട്ട് ശേഖേമിനരികെ നാലു സംഘമായി പതിയിരുന്നു. ഏബെദിന്റെ മകനായ ഗാൽ പുറത്തുവന്ന് നഗരകവാടത്തിൽ നിലയുറപ്പിച്ചു. ഉടനെ അബീമെലെക്കും കൂടെയുള്ള സൈന്യവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.
ഗാൽ അവരെ കണ്ടപ്പോൾ സെബൂലിനോട്, “അതാ, പർവതങ്ങളുടെ മുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നു പറഞ്ഞു.
സെബൂൽ പറഞ്ഞു, “പർവതങ്ങളുടെ നിഴൽ കണ്ട് മനുഷ്യരെന്ന് താങ്കൾക്കു തോന്നുകയാണ്.”
എന്നാൽ ഗാൽ പിന്നെയും പറഞ്ഞു: “അതാ, ദേശത്തിന്റെ മധ്യേനിന്ന്9:37 മൂ.ഭാ. അതാ, ഭൂമിയുടെ പൊക്കിളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ദേവപ്രശ്നംവെക്കുന്നവരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു.”
സെബൂൽ അവനോട്, “നാം അബീമെലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? ഇത് നീ പരിഹസിച്ച പുരുഷന്മാർ അല്ലേ? പോയി, അവരോട് യുദ്ധംചെയ്യുക!” എന്നു പറഞ്ഞു.
അങ്ങനെ ഗാൽ ശേഖേം പൗരന്മാരെ അബീമെലെക്കിനെതിരേ അണിനിരത്തി; അബീമെലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; നഗരകവാടംവരെ ശേഖേം പൗരന്മാരിൽ അനേകർ മുറിവേറ്റുവീണു. അബീമെലെക്ക് അരൂമയിൽ താമസിച്ചു, സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശേഖേമിൽനിന്ന് ഓടിച്ചുകളഞ്ഞു.
പിറ്റേന്നാൾ ശേഖേമിലെ ജനം വയലിലേക്കുപോയി. അബീമെലെക്കിന് അത് അറിവുകിട്ടി. അദ്ദേഹം തന്റെ ആളുകളെ മൂന്നുകൂട്ടമായി വിഭജിച്ച് വയലിൽ പതിയിരുത്തി. ജനം പട്ടണത്തിൽനിന്ന് പുറപ്പെട്ട് വരുന്നതുകണ്ട്, താനും തന്നോടുകൂടെയുള്ളവരും എഴുന്നേറ്റ് അവരെ ആക്രമിച്ചു. പിന്നെ അബീമെലെക്കും കൂടെയുള്ള സംഘവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. മറ്റേ രണ്ടുസംഘങ്ങൾ വയലിലുള്ള സകലജനത്തിന്റെയുംനേരേ പാഞ്ഞുചെന്നു; അവരെ സംഹരിച്ചു. അബീമെലെക്ക് അന്നുമുഴുവനും പട്ടണത്തോട് യുദ്ധംചെയ്ത് പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണം ഇടിച്ചുനിരത്തി അതിൽ ഉപ്പുവിതറി.
ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ9:46 ബാൽ-ബെരീത്ത്, ഏൽ-ബെരീത്ത് എന്നതിന്റെ മറ്റൊരുരൂപം. [ന്യായാ. 9:4] കാണുക. ക്ഷേത്രമണ്ഡപത്തിൽ കടന്നു. ശേഖേം ഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമെലെക്കിന് അറിവുകിട്ടി. അബീമെലെക്കും കൂടെയുള്ള ജനവും സൽമോൻ പർവതത്തിൽ കയറി; അദ്ദേഹം കോടാലി എടുത്ത് ഒരു മരത്തിലെ ചില കൊമ്പുകൾ വെട്ടി ചുമലിൽവെച്ചു. തന്നോടുകൂടെയുള്ളവരോട്, “വേഗം! ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക!” എന്നു പറഞ്ഞു. അവരും അതുപോലെ ഓരോരുത്തരും ചില കൊമ്പുകൾ വെട്ടി അതുമായി അബീമെലെക്കിന്റെ പിന്നാലെ ചെന്നു. ആ കൊമ്പുകൾ മണ്ഡപത്തോട് ചേർത്തിട്ടു തീകൊളുത്തി. മണ്ഡപം ഉൾപ്പെടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ പുരുഷന്മാരും സ്ത്രീകളും ശേഖേം ഗോപുരവാസികളായ ആയിരത്തോളംപേർ മരിച്ചു.
അതിനുശേഷം അബീമെലെക്ക് തേബെസിലേക്കു ചെന്ന്, അതിനെ ഉപരോധിച്ച്, ആ പട്ടണം പിടിച്ചു. പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് പുരുഷന്മാരും സ്ത്രീകളുമായി പട്ടണത്തിലുള്ളവരെല്ലാം ഓടിക്കടന്നു വാതിലടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി. അബീമെലെക്ക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അത് തീവെച്ച് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന് അടുത്തുചെന്നു. അപ്പോൾ ഒരു സ്ത്രീ ഒരു തിരികല്ലിൻപിള്ള അബീമെലെക്കിന്റെ തലയിലിട്ട് അവന്റെ തലയോട്ടി തകർത്തുകളഞ്ഞു.
ഉടനെ അവൻ തന്റെ ആയുധവാഹകനായ യുവാവിനോട്, “ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. അവന്റെ ഭൃത്യൻ അവനെ വാൾകൊണ്ട് വെട്ടി. അങ്ങനെ അവൻ മരിച്ചു. അബീമെലെക്ക് മരിച്ചെന്നുകണ്ടപ്പോൾ ഇസ്രായേൽജനം വീടുകളിലേക്കു മടങ്ങിപ്പോയി.
അബീമെലെക്ക് തന്റെ എഴുപത് സഹോദരന്മാരെയും കൊന്ന് തന്റെ പിതാവിനോട് ചെയ്ത പാതകത്തിന്, ദൈവം അവനോട് ഇങ്ങനെ പ്രതികാരംചെയ്തു. ശേഖേം നിവാസികളുടെ സകലദുഷ്ടതയ്ക്കും ദൈവം തക്ക ശിക്ഷ നൽകി. അങ്ങനെ യെരൂ-ബാലിന്റെ പുത്രനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
തോലാ
അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു. അദ്ദേഹം ഇസ്രായേലിനെ ഇരുപത്തിമൂന്നു വർഷം നയിച്ചശേഷം മരിച്ചു; ശമീരിൽ അടക്കപ്പെട്ടു.
യായീർ
അദ്ദേഹത്തിനുശേഷം ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിനു നായകനായിരുന്നു. അദ്ദേഹത്തിന് മുപ്പത് പുത്രന്മാരുണ്ടായിരുന്നു. മുപ്പതുപേരും കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു. ഗിലെയാദ് ദേശത്ത് ഹാവോത്ത്-യായീർ10:4 അതായത്, യായീരിലെ പട്ടണങ്ങൾ എന്ന് ഇന്നും അറിയപ്പെടുന്ന മുപ്പത് പട്ടണങ്ങൾ അവരുടെ അധീനതയിലായിരുന്നു. യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.
യിഫ്താഹ്
ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു. ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു. അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി. അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ? സീദോന്യരും അമാലേക്യരും മാവോന്യരും10:12 ചി.കൈ.പ്ര. മിദ്യാന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ? എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു. അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.
അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി. ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും പരസ്പരം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നയാൾ ആരോ അദ്ദേഹം ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കും.”
ഗിലെയാദ്യനായ യിഫ്താഹ് ധീരനായ ഒരു യോദ്ധാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗിലെയാദും അമ്മ ഒരു വേശ്യയുമായിരുന്നു. ഗിലെയാദിന് സ്വന്തം ഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവൻ വളർന്നപ്പോൾ, “ഞങ്ങളുടെ പിതൃഭവനത്തിലെ ഓഹരി നിനക്കു ലഭിക്കുകയില്ല, നീ പരസ്ത്രീയുടെ മകനാകുന്നു” എന്നു പറഞ്ഞ് യിഫ്താഹിനെ ഓടിച്ചുകളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെവിട്ട് തോബ് ദേശത്തു ചെന്നുപാർത്തു; ആഭാസന്മാരായ ചിലർ യിഫ്താഹിന്റെ ചുറ്റുംകൂടി അദ്ദേഹത്തെ അനുഗമിച്ചു.
കുറെക്കാലം കഴിഞ്ഞ് അമ്മോന്യർ ഇസ്രായേലിനോട് യുദ്ധം തുടങ്ങി. ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരാൻ ചെന്നു. അവർ യിഫ്താഹിനോട് പറഞ്ഞു: “വരിക, അമ്മോന്യരോട് യുദ്ധംചെയ്യാൻ നീ ഞങ്ങളുടെ സൈന്യാധിപനായിരിക്കുക.”
യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു.
ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെവന്ന് അമ്മോന്യരോടു യുദ്ധംചെയ്യുകയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കുകയും ചെയ്യുക. അതിനുവേണ്ടിത്തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
“അമ്മോന്യരോടു യുദ്ധംചെയ്യാൻ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുന്നു എങ്കിൽ നിങ്ങൾ നിശ്ചയമായും എന്നെ തലവനാക്കുമോ?” എന്ന് യിഫ്താഹ് ചോദിച്ചു.
ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.” അങ്ങനെ യിഫ്താഹ് ഗിലെയാദിലെ നേതാക്കന്മാരോടുകൂടെ പോയി; ജനം അദ്ദേഹത്തെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പായിൽ യഹോവയുടെമുമ്പാകെ, താൻ പറഞ്ഞതെല്ലാം വീണ്ടും പ്രസ്താവിച്ചു.
അതിനുശേഷം യിഫ്താഹ് അമ്മോന്യരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “എന്നോട് എന്തു വിരോധംകൊണ്ടാണ് എന്റെ രാജ്യത്തിനെതിരേ യുദ്ധംചെയ്യാൻ താങ്കൾ വരുന്നത്?” എന്നു ചോദിച്ചു.
അമ്മോന്യരാജാവ് യിഫ്താഹിന്റെ ദൂതന്മാരോട് ഇപ്രകാരം പറഞ്ഞയച്ചു: “ഇസ്രായേൽ ഈജിപ്റ്റിൽനിന്നു വന്നപ്പോൾ അർന്നോൻമുതൽ യാബ്ബോക്കും യോർദാനുംവരെയുള്ള എന്റെ ദേശം കൈവശപ്പെടുത്തി, ഇപ്പോൾ ആ ദേശം സമാധാനത്തോടെ മടക്കിത്തരിക.”
അമ്മോന്യരാജാവിനോട് ഇപ്രകാരം പറയാൻ യിഫ്താഹ് പിന്നെയും ദൂതന്മാരെ പറഞ്ഞയച്ചു.
“യിഫ്താഹ് ഇപ്രകാരം പറയുന്നു: ഇസ്രായേൽ മോവാബുദേശമോ അമ്മോന്യദേശമോ കൈവശപ്പെടുത്തിയിട്ടില്ല. എന്നാൽ ഇസ്രായേൽ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെനിന്നു കാദേശിലും എത്തി. അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു.
“അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു.
“പിന്നെ ഇസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ‘താങ്കളുടെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്ക് കടന്നുപോകാൻ അനുവാദം തരണമേ’ എന്നു പറയിച്ചു. എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല.11:20 അഥവാ, തക്കവണ്ണം ഇസ്രായേല്യരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി.
“ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അയാളുടെ സകലജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; അവർ അവരെ തോൽപ്പിച്ചു; ഇങ്ങനെ ഇസ്രായേൽ ആ ദേശവാസികളായ അമോര്യരുടെ ദേശം പിടിച്ചെടുത്തു. അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി.
“ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ, നിനക്ക് അവ തിരികെ നൽകേണ്ടതിന്റെ ആവശ്യമെന്ത്? താങ്കളുടെ ദേവനായ കെമോശ് താങ്കൾക്കു തരുന്നത് താങ്കൾ കൈവശം വെക്കുകയില്ലേ? അങ്ങനെതന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്നതൊക്കെ ഞങ്ങളും അവകാശമാക്കും. സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവിനെക്കാൾ താങ്കൾ ശ്രേഷ്ഠനോ? അദ്ദേഹം എപ്പോഴെങ്കിലും ഇസ്രായേലിനോട് കലഹിക്കുകയോ യുദ്ധംചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല? ആകയാൽ ഞാൻ താങ്കളോട് അന്യായമൊന്നുംചെയ്തിട്ടില്ല. എനിക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നതിനാൽ താങ്കൾ എന്നോടാകുന്നു അന്യായംചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് ഇസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായംവിധിക്കട്ടെ.”
എന്നാൽ യിഫ്താഹ് പറഞ്ഞയച്ച സന്ദേശം അമ്മോന്യരുടെ രാജാവ് അശ്ശേഷം വകവെച്ചില്ല.
അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.”
പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി.
യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു.
“അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു.
“പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച്11:38 ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകുകയില്ല എന്നു വിവക്ഷ. പർവതങ്ങളിൽ ദുഃഖാചരണം നടത്തി. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു.
ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
യിഫ്താഹും എഫ്രയീമും
ഇതിനുശേഷം എഫ്രയീമ്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി സാഫോണിയിലേക്കു ചെന്നു. അവർ യിഫ്താഹിനോട് ചോദിച്ചു: “താങ്കൾ അമ്മോന്യരോട് യുദ്ധത്തിനു പോയപ്പോൾ താങ്കളോടൊപ്പം പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? താങ്കളെ ഞങ്ങൾ വീടിനകത്തിട്ട് വീടിനു തീവെച്ച് ചുട്ടുകളയാൻ പോകുന്നു.”
യിഫ്താഹ് അവരോടു പറഞ്ഞു: “എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ പോരാട്ടം ഉണ്ടായി ഞാൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല. നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നുകണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിൽ എടുത്തുകൊണ്ട് അമ്മോന്യരോട് യുദ്ധംചെയ്തു; യഹോവ അവരുടെമേൽ എനിക്കു വിജയം നൽകി. ഇങ്ങനെയിരിക്കേ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധംചെയ്യാൻ വരുന്നത് എന്ത്?”
പിന്നീട് യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോൽപ്പിച്ചു. “ഗിലെയാദുകാരായ നിങ്ങൾ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നുമുള്ള പലായിതന്മാർ ആകുന്നു,” എന്ന് എഫ്രയീമ്യർ പറഞ്ഞതുകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചു. ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദാന്റെ കടവുകൾ കൈവശപ്പെടുത്തി; എഫ്രയീമ്യരിൽ ശേഷിച്ച ഒരാൾ വന്ന്, “ഞാൻ അക്കരയ്ക്കു കടക്കട്ടെ” എന്നു പറയുമ്പോഴെല്ലാം ഗിലെയാദ്യർ അവനോട്, “നീ എഫ്രയീമ്യനോ?” എന്നു ചോദിക്കും: “അല്ല” എന്ന് അയാൾ പറഞ്ഞാൽ, അവർ അയാളോട്, “ശിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. അത് അയാൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവുകളിൽവെച്ച് കൊല്ലും; അങ്ങനെ നാൽപ്പത്തീരായിരം എഫ്രയീമ്യർ ആ ദിവസങ്ങളിൽ വധിക്കപ്പെട്ടു.
യിഫ്താഹ് ആറുവർഷം ഇസ്രായേലിനെ നയിച്ചു.12:7 അഥവാ, ന്യായപാലനംചെയ്തു. പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. അദ്ദേഹത്തെ ഗിലെയാദിലെ ഒരു പട്ടണത്തിൽ അടക്കംചെയ്തു.
ഇസ്ബാൻ, ഏലോൻ, അബ്ദോൻ
യിഫ്താഹിനുശേഷം ബേത്ലഹേമ്യനായ ഇസ്ബാൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു. അദ്ദേഹത്തിനു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ പുത്രിമാരെ അദ്ദേഹത്തിന്റെ കുലത്തിനു പുറത്തുള്ളവർക്ക് വിവാഹംകഴിച്ചുകൊടുക്കുകയും പുത്രന്മാർക്കു കുലത്തിനു പുറത്തുനിന്ന് മുപ്പതു കന്യകമാരെ എടുക്കുകയും ചെയ്തു. അദ്ദേഹം ഇസ്രായേലിന് ഏഴുവർഷം ന്യായാധിപനായിരുന്നു. പിന്നെ ഇസ്ബാൻ മരിച്ചു; അദ്ദേഹത്തെ ബേത്ലഹേമിൽ അടക്കംചെയ്തു.
പിന്നീട് സെബൂലൂന്യനായ ഏലോൻ ഇസ്രായേലിനു പത്തുവർഷം ന്യായപാലനംചെയ്തു. പിന്നെ ഏലോൻ മരിച്ചു; അദ്ദേഹത്തെ സെബൂലൂൻനാട്ടിലെ അയ്യാലോനിൽ അടക്കംചെയ്തു.
അദ്ദേഹത്തിനുശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു. അദ്ദേഹത്തിനു നാൽപ്പതു പുത്രന്മാരും മുപ്പത് പൗത്രന്മാരും ഉണ്ടായിരുന്നു. അവർ എഴുപതുപേരും കഴുതകളുടെ പുറത്തുകയറി ഓടിക്കുമായിരുന്നു. അദ്ദേഹം ഇസ്രായേലിൽ എട്ടുവർഷം ന്യായാധിപനായിരുന്നു; പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ മരിച്ചു; അദ്ദേഹത്തെ എഫ്രയീം ദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
ശിംശോന്റെ ജനനം
ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾ തുടർന്നു. യഹോവ അവരെ നാൽപ്പതുവർഷം ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
സോരാഥയിൽ ദാൻഗോത്രക്കാരനായ മനോഹ എന്ന പേരുള്ള ഒരു പുരുഷനുണ്ടായിരുന്നു. അയാളുടെ ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടായിരുന്നില്ല. യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു. ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും13:4 അശുദ്ധി, വിവക്ഷിക്കുന്നത് യെഹൂദാമതപരമായ, അഥവാ, ആചാരപരമായ അശുദ്ധിയാണ്. ഭക്ഷിക്കുകയുമരുത്. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും;13:5 [സംഖ്യ. 6:1-21] കാണുക. അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല. എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.”
അപ്പോൾ മനോഹ യഹോവയോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനെ വളർത്തേണ്ടത് എപ്രകാരമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അനുവദിക്കണമേ.”
ദൈവം മനോഹയുടെ പ്രാർഥന കേട്ടു, ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽവന്നു. അവൾ വയലിലായിരുന്നു; അവളുടെ ഭർത്താവ് മനോഹ അപ്പോൾ അവളുടെകൂടെ ഉണ്ടായിരുന്നില്ല. ഉടനെ ആ സ്ത്രീ ഓടിച്ചെന്ന് ഭർത്താവിനോട്, “അന്ന് എനിക്കു പ്രത്യക്ഷനായ ആൾ ഇതാ വീണ്ടും വന്നിരിക്കുന്നു!” എന്നു പറഞ്ഞു.
മനോഹ ഭാര്യയോടുകൂടെ പോയി ആ പുരുഷന്റെ അടുക്കൽ എത്തി; “എന്റെ ഭാര്യയോടു സംസാരിച്ച ആൾ താങ്കളാണോ?” എന്നു ചോദിച്ചു.
“ഞാൻതന്നെ,” ദൂതൻ മറുപടി നൽകി.
മനോഹ ദൂതനോട് ചോദിച്ചു: “താങ്കളുടെ വചനം നിറവേറുമ്പോൾ ബാലന്റെ ജീവിതവും പ്രവർത്തനവും സംബന്ധിച്ചുള്ള നിബന്ധനകൾ എന്തൊക്കെയാണ്?”
യഹോവയുടെ ദൂതൻ മനോഹയോട് പറഞ്ഞു: “ഞാൻ സ്ത്രീയോട് പറഞ്ഞതെല്ലാം അവൾ പാലിക്കട്ടെ. മുന്തിരിവള്ളിയിൽനിന്നുള്ള യാതൊന്നും അവൾ ഭക്ഷിക്കരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ അവളോടു കൽപ്പിച്ചതൊക്കെയും അവൾ പാലിക്കണം” എന്നു പറഞ്ഞു.
മനോഹ യഹോവയുടെ ദൂതനോട് പറഞ്ഞു: “ഞങ്ങൾ താങ്കൾക്കുവേണ്ടി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്യുന്നതുവരെ നിൽക്കണമേ.”
യഹോവയുടെ ദൂതൻ മനോഹയോട്: “നീ എന്നെ തടഞ്ഞുനിർത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല; ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ അത് യഹോവയ്ക്ക് അർപ്പിക്കുക” എന്നു പറഞ്ഞു. അത് യഹോവയുടെ ദൂതൻ എന്ന് മനോഹ മനസ്സിലാക്കിയിരുന്നില്ല.
മനോഹ യഹോവയുടെ ദൂതനോട്: “താങ്കളുടെ വചനം യാഥാർഥ്യമാകുമ്പോൾ ഞങ്ങൾ താങ്കളെ ബഹുമാനിക്കേണ്ടതിന് താങ്കളുടെ പേരെന്ത്?” എന്നു ചോദിച്ചു.
യഹോവയുടെ ദൂതൻ അയാളോട്, “എന്റെ പേര് ചോദിക്കുന്നതെന്ത്? അതു നിനക്കു ഗ്രഹിക്കാവുന്നതല്ല”13:18 അഥവാ, ആശ്ചര്യകരവുമല്ല. എന്നു പറഞ്ഞു. മനോഹ ഒരു കോലാട്ടിൻകുട്ടിയെ എടുത്ത് ഭോജനയാഗത്തോടൊപ്പം ഒരു പാറമേൽ യഹോവയ്ക്ക് യാഗം അർപ്പിച്ചു; മനോഹയുടെയും ഭാര്യയുടെയും മുമ്പിൽ യഹോവ ഒരു അതിശയം പ്രവർത്തിച്ചു. യാഗപീഠത്തിൽനിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയർന്നപ്പോൾ യഹോവയുടെ ദൂതൻ ആ അഗ്നിജ്വാലയിൽ കയറിപ്പോയി; മനോഹയും ഭാര്യയും അതുകണ്ട് സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ പിന്നെ മനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായില്ല; അത് യഹോവയുടെ ദൂതനെന്ന് മനോഹ ഗ്രഹിച്ചു.
“ദൈവത്തെ കാണുകയാൽ നാം മരിച്ചുപോകും,” എന്നു മനോഹ ഭാര്യയോടു പറഞ്ഞു.
“നമ്മെ കൊല്ലാൻ യഹോവ ഉദ്ദേശിച്ചിരുന്നെങ്കിൽ അവിടന്ന് നമ്മുടെ ഹോമയാഗവും ഭോജനയാഗവും സ്വീകരിക്കുകയോ ഇവയൊക്കെയും നമുക്ക് കാണിച്ചുതരികയോ ഈ സമയത്ത് ഇക്കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നല്ലോ,” എന്ന് അവൾ പറഞ്ഞു.
ആ സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്നു പേരിട്ടു. ബാലൻ വളർന്നു, യഹോവ അവനെ അനുഗ്രഹിച്ചു. സോരായ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവെച്ച് യഹോവയുടെ ആത്മാവ് അദ്ദേഹത്തെ ഉദ്യമിപ്പിച്ചുതുടങ്ങി.
ശിംശോന്റെ വിവാഹം
ശിംശോൻ തിമ്നയിലേക്കുപോയി. അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. അദ്ദേഹം മടങ്ങിവന്നപ്പോൾ തന്റെ പിതാവിനോടും മാതാവിനോടും, “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്കു വിവാഹംചെയ്തുതരണം” എന്ന് ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു.
എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു. ഇത് യഹോവയാൽ സംഭവിച്ചു എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രഹിച്ചില്ല; ആ കാലത്ത് ഇസ്രായേലിനെ വാണിരുന്ന ഫെലിസ്ത്യർക്കെതിരേ യഹോവ ഒരു അവസരം കണ്ടെത്തുകയായിരുന്നു.
ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല. ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി.
കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും. അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല.
ശിംശോന്റെ പിതാവ് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നു നടത്തി. മണവാളന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. അദ്ദേഹത്തിന് അകമ്പടിയായി ആരുംതന്നെയില്ല എന്നുകണ്ടപ്പോൾ, അവർ മുപ്പത് വിവാഹത്തോഴന്മാരെ തെരഞ്ഞെടുത്ത് അദ്ദേഹത്തിനു നൽകി.
ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം. ഉത്തരം പറയാത്തപക്ഷം നിങ്ങൾ എനിക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും തരണം.”
“നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ,” എന്ന് അവർ പറഞ്ഞു.
ശിംശോൻ അവരോട്,
“ഭോക്താവിൽനിന്നു ഭോജനവും;
ശക്തനിൽനിന്നു മാധുര്യവും പുറപ്പെട്ടു” എന്നു പറഞ്ഞു.
മൂന്നു ദിവസമായിട്ടും ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല.
ഏഴാം14:15 ചി.കൈ.പ്ര. നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നിന്റെ ഭർത്താവിനെ സ്വാധീനിച്ച് കടങ്കഥയുടെ ഉത്തരം ഞങ്ങൾക്കു പറഞ്ഞുതരുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ കുടുംബത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങളെ കൊള്ളയടിക്കാനാണോ നിങ്ങൾ ഞങ്ങളെ ക്ഷണിച്ചത്?”
ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ മുന്നിൽവീണു കരഞ്ഞു: “താങ്കൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നില്ല, എന്നോടു വെറുപ്പാണ്. എന്റെ ആളുകളോട് താങ്കൾ പറഞ്ഞ കടങ്കഥയുടെ ഉത്തരം എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
അദ്ദേഹം അവളോട്: “എന്റെ പിതാവിനും മാതാവിനുംപോലും ഞാനതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ ഞാൻ നിനക്കു പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. വിരുന്നിന്റെ ഏഴുദിവസവും അദ്ദേഹത്തെ തുടർച്ചയായി അസഹ്യപ്പെടുത്തുകയാൽ, അദ്ദേഹം ഏഴാംദിവസം അവൾക്ക് അതു പറഞ്ഞുകൊടുത്തു; അവൾ അത് തന്റെ ആളുകൾക്കു പറഞ്ഞുകൊടുത്തു.
ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു:
“തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്?
സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?”
അതിനുത്തരമായി ശിംശോൻ അവരോട്,
“നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ,
എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു.
പിന്നെ, യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ശക്തിയോടെ വന്നു; അദ്ദേഹം അസ്കലോനിൽചെന്ന് മുപ്പതുപേരെ കൊന്ന് അവരെ കൊള്ളയടിച്ച് അവരുടെ വസ്ത്രം കൊണ്ടുവന്ന് കടങ്കഥയ്ക്ക് ഉത്തരം നൽകിയവർക്കു കൊടുത്തു. കോപാകുലനായ അദ്ദേഹം തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. അതിനുശേഷം ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു ഭാര്യയായിത്തീർന്നു.
ഫെലിസ്ത്യരോടുള്ള ശിംശോന്റെ പ്രതികാരം
കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.
“നിനക്ക് അവളിൽ അനിഷ്ടമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവളെ നിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം നീ ഇവളെ സ്വീകരിക്കുക,” എന്നു പറഞ്ഞു.
ശിംശോൻ പറഞ്ഞു: “ഇപ്പോൾ ഫെലിസ്ത്യരോട് എന്തെങ്കിലും ചെയ്താൽ ഞാൻ കുറ്റക്കാരനല്ല; ഞാൻ അവരോട് പകരംവീട്ടും.” ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് ഈരണ്ടെണ്ണത്തിനെ വാലോടുവാൽ ചേർത്തുവെച്ച് വാലിനിടയിൽ ഓരോ പന്തം വെച്ചുകെട്ടി. പന്തത്തിനു തീകൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു. വിളഞ്ഞുനിന്നവയും കൊയ്ത കറ്റയും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും എല്ലാം ശിംശോൻ അഗ്നിക്കിരയാക്കി.
“ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി.
അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു. അപ്പോൾ ശിംശോൻ അവരോട്, “നിങ്ങൾ ഈ വിധം ചെയ്തതുകൊണ്ട് ഞാൻ നിങ്ങളോടു പ്രതികാരംചെയ്യാതെ വിടുകയില്ല” എന്നു പറഞ്ഞു. അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു.
എന്നാൽ ഫെലിസ്ത്യർ വന്ന് യെഹൂദ്യയിൽ പാളയമിറങ്ങി; ലേഹിക്കു സമീപം നിരന്നു. “നിങ്ങൾ എന്തിന് ഞങ്ങളോടു യുദ്ധത്തിനുവന്നു?” എന്ന് യെഹൂദ്യർ ചോദിച്ചു.
“ശിംശോൻ ഞങ്ങളോടു പ്രവർത്തിച്ചതുപോലെ അയാളോടും ചെയ്യേണ്ടതിന്, അവനെ പിടിച്ചുകെട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്,” എന്ന് അവർ ഉത്തരം പറഞ്ഞു.
അപ്പോൾ യെഹൂദ്യയിൽനിന്ന് മൂവായിരംപേർ ഏതാംപാറയിലെ ഗുഹയിൽചെന്ന് ശിംശോനോട് പറഞ്ഞു: “ഫെലിസ്ത്യരാണ് നമ്മെ ഭരിക്കുന്നതെന്ന് താങ്കൾ അറിയുന്നില്ലേ? താങ്കൾ ഇങ്ങനെ ചെയ്തതെന്ത്?” എന്നു ചോദിച്ചു.
“അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു,” അദ്ദേഹം അവരോടു പറഞ്ഞു.
അവർ ശിംശോനോട്, “നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾതന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്യണം.”
“ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏൽപ്പിക്കുകയേയുള്ളൂ,” എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ പുതിയ കയർകൊണ്ട് അവനെ ബന്ധിച്ച് ഗുഹയിൽനിന്നു കൊണ്ടുപോയി. അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി. ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് അയാൾ കൈയിലെടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്ന് രണ്ടുകൂനകളായി കൂട്ടി.
“കഴുതയുടെ താടിയെല്ലുകൊണ്ട്
കുന്ന് ഒന്ന്, കുന്ന് രണ്ട്;
കഴുതയുടെ താടിയെല്ലുകൊണ്ട്
ഞാൻ ആയിരംപേരെ കൊന്നു.”
എന്നു ശിംശോൻ പറഞ്ഞു. ഇതു പറഞ്ഞിട്ട്, അദ്ദേഹം ആ താടിയെല്ല് കൈയിൽനിന്ന് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിന് രാമത്-ലേഹി15:17 താടിയെല്ലിൻകുന്ന് എന്നർഥം. എന്നു പേരായി.
പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു. അപ്പോൾ ദൈവം ലേഹിയിൽ പൊള്ളയായ ഒരു സ്ഥലം പിളർന്നു. അവിടെനിന്നു വെള്ളം പുറപ്പെട്ടു; ശിംശോൻ കുടിച്ചു ചൈതന്യം പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് എൻ-ഹക്കോരെ15:19 സന്ദർശകരുടെ അരുവി എന്നർഥം. എന്നു പേരായി. അത് ഇന്നും ലേഹിയിലുണ്ട്.
ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു.
ശിംശോനും ദലീലയും
ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി. “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.
എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി.
ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ16:5 ഏക. 13 കി.ഗ്രാം. വെള്ളിവീതം തരാം” എന്നു പറഞ്ഞു.
അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.”
ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.”
ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു. ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല.
പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു.
അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.”
ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു.
ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.”
അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത് പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു.
വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.
അപ്പോൾ അവൾ അദ്ദേഹത്തോട്: “അങ്ങ് എന്നെ വിശ്വസിക്കാതെ, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് എന്നോട് എങ്ങനെ പറയാൻകഴിയും? ഈ മൂന്നുപ്രാവശ്യവും അങ്ങ് എന്നെ വഞ്ചിച്ചു; അങ്ങയുടെ മഹാശക്തിയുടെ രഹസ്യം ഏതിലാണ് എന്ന് എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവൾ ദിവസംതോറും ബുന്ധിമുട്ടിച്ച് അദ്ദേഹത്തെ അസഹ്യപ്പെടുത്തി; ആ അലട്ടൽ അദ്ദേഹത്തെ, മരിച്ചാൽമതി എന്ന ചിന്തയിൽ എത്തിച്ചു.
അങ്ങനെ അദ്ദേഹം സകലരഹസ്യവും അവളെ അറിയിച്ചു. “ക്ഷൗരക്കത്തി എന്റെ തലയിൽ വെച്ചിട്ടില്ല; ഞാൻ ഗർഭംമുതൽ ദൈവത്തിനായി വേർതിരിക്കപ്പെട്ട നാസീർവ്രതസ്ഥനാണ്. ക്ഷൗരംചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകുകയും ഞാൻ മറ്റാരെയുംപോലെ ദുർബലനായിത്തീരുകയും ചെയ്യും.”
ശിംശോൻ തന്റെ സകലരഹസ്യവും തന്നെ അറിയിച്ചു എന്നു ദലീല കണ്ടപ്പോൾ, അവൾ ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ആളയച്ചു: “ഇന്നു വരിക, അദ്ദേഹം സകലവും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽവന്നു; വെള്ളിയും കൊണ്ടുവന്നിരുന്നു. അവൾ അദ്ദേഹത്തെ മടിയിൽക്കിടത്തി ഉറക്കി, ഒരാളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും ക്ഷൗരംചെയ്തുനീക്കി. അങ്ങനെ അവൾ അദ്ദേഹത്തെ ഒതുക്കാൻ തുടങ്ങി; ശക്തി അദ്ദേഹത്തെ വിട്ടകന്നിരുന്നു.
പിന്നെ അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!”
ഉടനെ അദ്ദേഹം ഉറക്കമുണർന്നു. “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും” എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.
ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി. ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി.
ശിംശോന്റെ മരണം
പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, “നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു:
“നമ്മുടെ ദേശം ശൂന്യമാക്കുകയും
നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത,
നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ
നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, “നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക” എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു.
തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്. തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: “ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ” എന്നു പറഞ്ഞു. ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിനുംവേണ്ടി ഫെലിസ്ത്യരോട് പ്രതികാരംചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യംമാത്രം എനിക്കു ശക്തി നൽകണമേ.” ക്ഷേത്രം താങ്ങിനിൽക്കുന്ന രണ്ട് നെടുംതൂണുകളിൽ ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും പിടിച്ചുകൊണ്ട് ശിംശോൻ മുന്നോട്ടാഞ്ഞു. “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ ശക്തിയോടെ മുന്നോട്ടു കുനിഞ്ഞു; ഉടനെ ക്ഷേത്രം തകർന്നു. അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയുംമേൽ അതു വീണു. അങ്ങനെ അദ്ദേഹം തന്റെ മരണസമയത്തു വധിച്ചവർ, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വധിച്ചവരെക്കാൾ അധികമായിരുന്നു.
ശിംശോന്റെ സഹോദരന്മാരും പിതൃഭവനക്കാരൊക്കെയും വന്ന് അദ്ദേഹത്തെ എടുത്ത് സോരായ്ക്കും എസ്തായോലിനും ഇടയ്ക്ക് അദ്ദേഹത്തിന്റെ പിതാവായ മനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. ശിംശോൻ ഇസ്രായേലിൽ ഇരുപതുവർഷം ന്യായപാലനംചെയ്തു.
മീഖായാവിന്റെ വിഗ്രഹങ്ങൾ
എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു17:2 ഏക. 13 കി.ഗ്രാം. ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.”
അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!”
അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു.
അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ17:4 ഏക. 2.3 കി.ഗ്രാം. വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു.
മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി. ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
യെഹൂദയിലെ ബേത്ലഹേമിൽ വന്നുപാർത്തിരുന്ന ഒരു യുവ ലേവ്യൻ ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.
മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?”
“ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
മീഖാവ് അദ്ദേഹത്തോടു പറഞ്ഞു: “എന്നോടുകൂടെ താമസിക്കുക. താങ്കൾ എനിക്കു പിതാവും പുരോഹിതനും ആയിരിക്കുക. ഞാൻ താങ്കൾക്ക് ഒരുവർഷം പത്തുശേക്കേൽ17:10 ഏക. 115 ഗ്രാം. വെള്ളിയും വസ്ത്രവും ഭക്ഷണവും തരാം.” അങ്ങനെ ലേവ്യൻ അദ്ദേഹത്തോടുകൂടെ പാർക്കാൻ സമ്മതിച്ചു. ആ യുവാവ് അദ്ദേഹത്തിനു സ്വന്തം പുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. മീഖാവ് ലേവ്യനെ പുരോഹിതനാക്കി. ആ യുവാവ് അദ്ദേഹത്തിന്റെ പുരോഹിതനായി ആ വീട്ടിൽ താമസിച്ചു. “ഒരു ലേവ്യൻ എന്റെ പുരോഹിതനായിരിക്കുകയാൽ ഇപ്പോൾ യഹോവ എനിക്കു നന്മചെയ്യുമെന്നു ഞാൻ അറിയുന്നു,” എന്നു മീഖാവു പറഞ്ഞു.
ദാന്യർ ലയീശ് പിടിക്കുന്നു
ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു.
ദാൻഗോത്രക്കാർ തങ്ങൾക്ക് അധിവസിക്കാൻ ഒരു അവകാശഭൂമി അന്വേഷിച്ചു. ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിച്ചിരുന്നില്ല. ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.”
അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു. മീഖായാവിന്റെ വീടിനു സമീപം എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ഉച്ചാരണഭേദം തിരിച്ചറിഞ്ഞ് അവിടെ കയറി അവനോടു ചോദിച്ചു: “താങ്കളെ ഇവിടെ ആരാണ് കൊണ്ടുവന്നത്? ഇവിടെ എന്തുചെയ്യുന്നു? എന്തിനാണ് ഇവിടെ ആയിരിക്കുന്നത്?”
അയാൾ അവരോട്: “എനിക്ക് ഇതൊക്കെ ചെയ്തുതന്നിരിക്കുന്നത് മീഖാവാണ്; അദ്ദേഹം എന്നെ ശമ്പളത്തിനു നിർത്തിയിരിക്കുന്നു; ഞാൻ അദ്ദേഹത്തിന്റെ പുരോഹിതനാണ്” എന്നു പറഞ്ഞു.
അവർ അവനോട്, “ഞങ്ങളുടെ യാത്ര ശുഭകരമാകുമോ എന്നു ദൈവത്തോട് ചോദിച്ചറിഞ്ഞാലും” എന്നപേക്ഷിച്ചു.
പുരോഹിതൻ അവരോട്, “നിങ്ങൾ സമാധാനത്തോടെ പോകുക; ഈ യാത്ര യഹോവയ്ക്കു സമ്മതമായിരിക്കുന്നു” എന്നു പറഞ്ഞു.
അങ്ങനെ ആ അഞ്ചുപേരും അവിടംവിട്ട് ലയീശിൽ വന്നു. സീദോന്യരെപ്പോലെ സുരക്ഷിതരും സമാധാനത്തോടെ നിർഭയരായി ജീവിക്കുന്നവരുമായ അവിടത്തെ ജനത്തെ കണ്ടു. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു, അവർ സമ്പന്നരായിരുന്നു.18:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. സീദോന്യരിൽനിന്ന് അകലെ താമസിച്ചിരുന്ന ഇവർക്ക് മറ്റാരുമായും18:7 ചി.കൈ.പ്ര. അരാമ്യരായിരുന്നു. സംസർഗവും ഇല്ലായിരുന്നു.
പര്യവേക്ഷണംചെയ്യാൻ പോയവർ മടങ്ങി സോരായിലും എസ്തായോലിലും ഉള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: “നിങ്ങൾ കൊണ്ടുവരുന്ന വാർത്ത എന്താണ്?”
അതിന് അവർ: “വരിക, നമുക്കുചെന്ന് അവരെ ആക്രമിക്കാം! ആ ദേശം വളരെ നല്ലതെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നാം എന്തെങ്കിലും ചെയ്യണം. പോയി ആ ദേശം കൈവശമാക്കാൻ മടിക്കരുത്. നിങ്ങൾ ചെല്ലുമ്പോൾ അവിടെ നിർഭയരായിരിക്കുന്ന ഒരു സമൂഹത്തെ കാണും; ദേശം വിശാലമായതാണ്. ദൈവം അത് നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; അത് യാതൊന്നിനും കുറവില്ലാത്ത സ്ഥലംതന്നെ” എന്നു പറഞ്ഞു.
അതിനുശേഷം ദാൻഗോത്രക്കാരിൽ അറുനൂറുപേർ സോരായിൽനിന്നും എസ്തായോലിൽനിന്നും യുദ്ധസന്നദ്ധരായി പുറപ്പെട്ടു. അവർ യെഹൂദയിലെ കിര്യത്ത്-യെയാരീമിന് പടിഞ്ഞാറുചെന്ന് പാളയമിറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും മഹനേ-ദാൻ18:12 ദാനിന്റെ പാളയം എന്നർഥം. എന്നു പേര്. അവിടെനിന്നു അവർ എഫ്രയീം മലനാട്ടിലേക്കുപോയി അവിടെ മീഖായാവിന്റെ വീടിനു സമീപം എത്തി.
അപ്പോൾ ലയീശ് ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന ആ അഞ്ചുപേർ തങ്ങളുടെ സഹോദരന്മാരോട് പറഞ്ഞു: “ഇവിടെ ഒരു വീട്ടിൽ ഒന്നിൽ ഒരു ഏഫോദും മറ്റു ഗൃഹബിംബങ്ങളും കൊത്തുപണിയും വാർപ്പുപണിയുമായ ഓരോ വിഗ്രഹവുമുണ്ട് എന്നതറിഞ്ഞുകൊൾക; ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് അറിയാമല്ലോ.” അവർ മീഖായാവിന്റെ വീടിനോടു ചേർന്നുള്ള ലേവ്യയുവാവിന്റെ അടുക്കൽ ചെന്ന് അവരെ അഭിവാദനംചെയ്തു. ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു. ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന അഞ്ചുപേരും അകത്തുകടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; അപ്പോൾ ആ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്നു.
മീഖായാവിന്റെ വീട്ടിൽ കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും, വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?”
“ശബ്ദിക്കരുത്! ഒന്നും മിണ്ടിപ്പോകരുത്. ഞങ്ങളോടുകൂടി വരിക; വന്ന് ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരുവന്റെ കുടുംബത്തിനുമാത്രം പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതല്ലേ നിനക്കു നല്ലത്?” എന്ന് അവർ ചോദിച്ചു. അപ്പോൾ പുരോഹിതൻ സന്തുഷ്ടനായി, അദ്ദേഹംതന്നെ ആ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി. ഇങ്ങനെ അവർ കുഞ്ഞ് കുട്ടികളെയും ആടുമാടുകളെയും തങ്ങളുടെ സർവസമ്പത്തും മുന്നിലാക്കി യാത്രതിരിച്ചു.
അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു. അവർ ദാന്യരെ കൂകിവിളിച്ചു; അവർ തിരിഞ്ഞുനിന്ന് മീഖായാവിനോട്, “താങ്കൾ ഇങ്ങനെ ആളുകളെ വിളിച്ചുകൂട്ടി യുദ്ധത്തിനു വരാൻ കാരണമെന്ത്?” എന്നു ചോദിച്ചു.
“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്നു ‘എനിക്ക് ഇനി എന്താണ് ഉള്ളത്?’ ” എന്ന് അദ്ദേഹം പറഞ്ഞു.
ദാന്യർ അയാളോട്, “താങ്കൾ വാദപ്രതിവാദത്തിനൊരുങ്ങിയാൽ ക്ഷിപ്രകോപികൾ ആരെങ്കിലും കയർത്ത് താങ്കളെയും വീട്ടുകാരെയും കൊന്നുകളയും” എന്നു പറഞ്ഞു. അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കുപോയി; അവർ തന്നിലും ബലമേറിയവരെന്നു കണ്ടതുകൊണ്ട് മീഖാവും വീട്ടിലേക്കു മടങ്ങിപ്പോന്നു.
മീഖാവ് പണിയിച്ചിരുന്നവയും അദ്ദേഹത്തിന്റെ പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സമാധാനത്തോടെ നിർഭയമായി ജീവിച്ചിരുന്ന ജനത്തിന്റെ അടുക്കൽ എത്തി. അവരെ വാൾകൊണ്ടാക്രമിച്ച് ആ പട്ടണം തീവെച്ചു നശിപ്പിച്ചു. ആ പട്ടണം സീദോനിൽനിന്ന് അകലെ ആയിരുന്നതിനാലും മറ്റാരുമായും അവർക്കു സംസർഗം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ബേത്-രഹോബ് താഴ്വരയിലായിരുന്നു ആ പട്ടണം.
ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ താമസമുറപ്പിച്ചു. ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു. ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് മോശയുടെ മകനായ18:30 ചി.കൈ.പ്ര. മനശ്ശെയുടെ മകനായ ഗെർശോമിന്റെ മകൻ യോനാഥാനും അദ്ദേഹത്തിന്റെ പുത്രന്മാരും പുരോഹിതന്മാർ ആയിരുന്നു. ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹംവെച്ച് അവർ പൂജിച്ചുപോന്നു.
ലേവ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും
ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു.
എഫ്രയീം മലനാടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു. എന്നാൽ അവൾ അദ്ദേഹത്തോട് അവിശ്വസ്തയായി, അദ്ദേഹത്തെ ഉപേക്ഷിച്ച് യെഹൂദയിലെ ബേത്ലഹേമിൽ, തന്റെ പിതാവിന്റെ വീട്ടിലേക്കു പോയി. അവൾ അവിടെ എത്തി നാലുമാസം കഴിഞ്ഞ് അവളുടെ ഭർത്താവ് അവളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരാൻ പോയി. അദ്ദേഹത്തോടുകൂടെ അദ്ദേഹത്തിന്റെ ഭൃത്യനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ തന്റെ പിതാവിന്റെ വീട്ടിൽ സ്വീകരിച്ചു; യുവതിയുടെ പിതാവ് അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷപൂർവം സ്വാഗതംചെയ്തു. അദ്ദേഹത്തിന്റെ അമ്മായിയപ്പൻ—ആ യുവതിയുടെ പിതാവ്—അവിടെ താമസിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം മൂന്നുദിവസം അവരോടൊപ്പം തിന്നുകുടിച്ചു പാർത്തു.
നാലാംദിവസം അതിരാവിലെ അദ്ദേഹം എഴുന്നേറ്റ് യാത്ര പുറപ്പെടാൻ ഭാവിച്ചപ്പോൾ യുവതിയുടെ പിതാവ് മരുമകനോടു പറഞ്ഞു: “അൽപ്പം വല്ലതും കഴിച്ചു വിശപ്പടക്കിയശേഷം പോകുക.” അങ്ങനെ അവർ ഇരുവരും ഇരുന്ന് ഭക്ഷിച്ചു, പാനംചെയ്തു. പിന്നീട് യുവതിയുടെ പിതാവ് പറഞ്ഞു: “ദയവുചെയ്ത് ഇന്നുരാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക.” അദ്ദേഹം പോകാനൊരുങ്ങിയപ്പോൾ അമ്മായിയപ്പൻ അദ്ദേഹത്തെ പിന്നെയും നിർബന്ധിച്ചു. ആ രാത്രിയും അദ്ദേഹം അവിടെ താമസിച്ചു. അഞ്ചാംദിവസം രാവിലെ അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ യുവതിയുടെ പിതാവ് പറഞ്ഞു: “ഉച്ചകഴിഞ്ഞ് വെയിലാറിയിട്ട് പോകാം. അതുവരെ ഇവിടെ താമസിക്കുക!” പിന്നെ അവർ ഇരുവരും ഭക്ഷണം കഴിച്ചു.
ഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് ആ മനുഷ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഭൃത്യനും പോകാൻ എഴുന്നേറ്റപ്പോൾ യുവതിയുടെ പിതാവായ അദ്ദേഹത്തിന്റെ അമ്മായിയപ്പൻ അദ്ദേഹത്തോടു പറഞ്ഞു: “ഇതാ, വൈകുന്നേരമായല്ലോ, നേരവും വൈകി, ഈ രാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്കുപോകാം.” എന്നാൽ ഒരു രാത്രികൂടി അവിടെ താമസിക്കാൻ മനസ്സില്ലാതെ അദ്ദേഹം എഴുന്നേറ്റ് ജെറുശലേം എന്ന യെബൂസിലേക്കു യാത്രപുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം കോപ്പിട്ട രണ്ടു കഴുതയും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഉണ്ടായിരുന്നു.
അങ്ങനെ അവർ യെബൂസിൽ എത്താറായപ്പോൾ പകൽ കഴിഞ്ഞിരുന്നു. ഭൃത്യൻ യജമാനനോടു പറഞ്ഞു: “വരിക, നമുക്ക് ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കാം.”
യജമാനൻ അവനോട്, “ഇസ്രായേൽമക്കളുടേതല്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്. നമുക്കു ഗിബെയയിലേക്കു പോകാം” അദ്ദേഹം തുടർന്നു: “നമുക്കു ഗിബെയയിലോ രാമായിലോ എത്തി രാത്രികഴിക്കാം.” അവർ യാത്രതുടർന്നു. ബെന്യാമീൻഗോത്രക്കാരുടെ പട്ടണമായ ഗിബെയയിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. അവർ ഗിബെയയിൽ രാത്രി വിശ്രമിക്കാൻ ചെന്നു. അവൻ നഗരത്തിലെ ചത്വരങ്ങളിൽ ഇരുന്നു; രാത്രി താമസിക്കുന്നതിന് ആരും അവരെ വീട്ടിലേക്കു സ്വാഗതം ചെയ്തില്ല.
അപ്പോൾ അതാ, ഒരു വൃദ്ധൻ വയലിലെ വേല കഴിഞ്ഞ് മടങ്ങിവരുന്നു. അദ്ദേഹം എഫ്രയീം മലനാട്ടുകാരനും ഗിബെയയിൽ വന്നു താമസിക്കുന്നവനും ആയിരുന്നു—സ്ഥലവാസികൾ ബെന്യാമീൻഗോത്രക്കാർ ആയിരുന്നു. വൃദ്ധൻ തലയുയർത്തിനോക്കിയപ്പോൾ പട്ടണത്തിലെ ചത്വരത്തിൽ ഇരിക്കുന്ന വഴിയാത്രക്കാരനെ കണ്ടു. അദ്ദേഹം ചോദിച്ചു: “താങ്കൾ എവിടെനിന്നു വരുന്നു? എവിടേക്ക് പോകുന്നു?”
അദ്ദേഹം മറുപടിയായി, “ഞങ്ങൾ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നു എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തിലേക്കു പോകുകയാണ്. ഞാൻ ആ ദേശക്കാരനാണ്. യെഹൂദ്യയിലെ ബേത്ലഹേമിൽ പോയതാണ്. ഇപ്പോൾ ഞാൻ യഹോവയുടെ ആലയത്തിലേക്കു19:18 ചി.കൈ.പ്ര. ഭവനത്തിലേക്കുപോകുന്നു. അതായത്, യഹോവയുടെ സമാഗമകൂടാരത്തിലേക്കു പോകുന്നു. പോകുന്നു; ഇവിടെ എന്നെ വീട്ടിൽ സ്വീകരിക്കാൻ ആരുമില്ല. കഴുതകൾക്കുവേണ്ടതായ പുല്ലും വൈക്കോലും അടിയനും അങ്ങയുടെ ദാസിക്കും അടിയനോടുകൂടെയുള്ള ഈ ഭൃത്യനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.”
വൃദ്ധൻ പറഞ്ഞു: “താങ്കൾക്ക് എന്റെ വീട്ടിലേക്കു സ്വാഗതം. വേണ്ടതൊക്കെ ഞാൻ ചെയ്തുതരാം. ഈ പൊതുസ്ഥലത്ത് രാത്രി കഴിക്കരുത്.” അങ്ങനെ വൃദ്ധൻ അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. കഴുതകൾക്കു തീറ്റികൊടുത്ത് അവർ കാൽകഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
അങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില നീചന്മാർ വീടുവളഞ്ഞ് വാതിലിൽ ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങൾ അവനുമായി രമിക്കട്ടെ.”
വീട്ടുടമസ്ഥൻ പുറത്തുവന്ന് അവരോട്, “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ മനുഷ്യൻ എന്റെ അതിഥിയാണല്ലോ? ഈ വഷളത്തം നിങ്ങൾ ചെയ്യരുതേ. നോക്കൂ, എനിക്ക് കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു വെപ്പാട്ടിയും ഉണ്ട്. ഞാൻ അവരെ ഇപ്പോൾത്തന്നെ നിങ്ങൾക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവർത്തിച്ചുകൊൾക. എന്നാൽ ഈ മനുഷ്യനോട് ഇത്തരം വഷളത്തം കാണിക്കരുതേ” എന്നു പറഞ്ഞു.
എന്നാൽ അവർ അദ്ദേഹത്തെ കൂട്ടാക്കിയില്ല. അതുകൊണ്ട് ആ മനുഷ്യൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കി കൊടുത്തു. അവർ അവളെ രാത്രിമുഴുവനും ബലാൽക്കാരംചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി. പ്രഭാതത്തിൽ ആ സ്ത്രീ, മടങ്ങിവന്ന് തന്റെ യജമാനൻ പാർത്തിരുന്ന വീടിന്റെ വാതിൽക്കൽ തളർന്നുവീണു. നല്ല വെളിച്ചം വരുന്നതുവരെ അവൾ അവിടെത്തന്നെ കിടന്നു.
അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്ന് യാത്രതുടരാൻ പുറത്തിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ വെപ്പാട്ടി കൈകൾ കട്ടിളപ്പടിമേൽവെച്ചു വാതിൽക്കൽ വീണുകിടക്കുന്നത് കണ്ടു. അദ്ദേഹം അവളെ വിളിച്ചു; “എഴുന്നേൽക്കുക, നമുക്കു പോകാം.” എന്നാൽ ഒരു മറുപടിയും ഉണ്ടായില്ല. അദ്ദേഹം അവളെ എടുത്ത് കഴുതപ്പുറത്തുവെച്ച് തന്റെ വീട്ടിലേക്കു പോയി.
വീട്ടിലെത്തിയശേഷം അദ്ദേഹം ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ അവയവങ്ങൾ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിൽ എല്ലായിടത്തേക്കും കൊടുത്തയച്ചു. അതു കണ്ടവർ എല്ലാം പറഞ്ഞു, “ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതിനെപ്പറ്റി ചിന്തിക്കുക! നമുക്കെന്തെങ്കിലും ചെയ്യണം! ആലോചിച്ച് അഭിപ്രായം പറയുക!”
ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നു
അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി. ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി, (ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു. ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു. ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?”
അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല. നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം. ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ20:10 അതായത്, പത്തിലൊന്നുപേരെ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ20:10 ചി.കൈ.പ്ര. ഗേബാ. ഗേബാ, ഗിബെയാ എന്നതിന്റെ മറ്റൊരുരൂപം. നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.” അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു.
പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്? അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.”
എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല. ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു. അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.
ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു.20:18 അഥവാ, ദൈവഭവനത്തിലേക്കുചെന്നു, വാ. 26 കാണുക. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?”
“യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.
അങ്ങനെ ഇസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കുനേരേ പാളയമടിച്ചു. ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു. ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു. എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു. ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു.
“അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.
ഇസ്രായേൽമക്കൾ രണ്ടാംദിവസവും ബെന്യാമീന്യർക്കെതിരേചെന്നു. ബെന്യാമീന്യർ രണ്ടാംദിവസവും ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേൽമക്കളിൽ പതിനെണ്ണായിരം യോദ്ധാക്കളെ പിന്നെയും കൊന്നു.
അപ്പോൾ ഇസ്രായേൽമക്കൾ മുഴുവനും സർവയോദ്ധാക്കളും ബേഥേലിലേക്കുചെന്നു; അവിടെ അവർ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് സന്ധ്യവരെ ഉപവസിച്ചു. യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. പിന്നെ ഇസ്രായേൽമക്കൾ യഹോവയുടെഹിതം ആരാഞ്ഞു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ആ നാളുകളിൽ അവിടെ ഉണ്ടായിരുന്നു. അഹരോന്റെ പുത്രനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ആയിരുന്നു അന്ന് പൗരോഹിത്യശുശ്രൂഷയ്ക്കു നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പുറപ്പെടണമോ? അതോ പിന്മാറണമോ?” അവർ ചോദിച്ചു.
“നിങ്ങൾ പോകുക; നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി. ഇസ്രായേൽമക്കൾ മൂന്നാംദിവസവും ബെന്യാമീന്യർക്ക് എതിരായി യുദ്ധത്തിനു പുറപ്പെട്ടു; മുൻദിവസങ്ങളിലേതുപോലെ ഗിബെയയ്ക്കെതിരേ യുദ്ധത്തിന് അണിനിരന്നു. ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു. “അവർ വീണ്ടും നമ്മുടെ മുന്നിൽ തോറ്റോടുന്നു,” എന്ന് ബെന്യാമീന്യർ പറഞ്ഞു. “നമുക്ക് പിൻവാങ്ങാം; അങ്ങനെ അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആനയിക്കാം,” എന്ന് ഇസ്രായേൽമക്കൾ നേരത്തേ ആലോചിച്ചിരുന്നു.
ഇസ്രായേല്യർ ഒന്നടങ്കം തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ അണിനിരന്നു; ഗിബെയായുടെ20:33 ഗേബാ. ഗേബാ, ഗിബെയാ എന്നതിന്റെ മറ്റൊരുരൂപം. പുൽപ്പുറത്തുനിന്ന്20:33 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഇസ്രായേല്യരുടെ പതിയിരിപ്പുകാരും പുറത്തുവന്നു. എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല. യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു. ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി.
ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി. പതിയിരുന്നവർ ഗിബെയയിലേക്കു പാഞ്ഞുകയറി; അവർ പട്ടണത്തെ മുഴുവൻ വാൾകൊണ്ട് കൊന്നു. അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു. അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി.
ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു. എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു. ഇസ്രായേല്യർ തിരിച്ചുവന്നു. ബെന്യാമീന്യർ ഭയപ്പെട്ടു, തങ്ങൾക്കു നാശം ഭവിച്ചു എന്ന് അവർ മനസ്സിലാക്കി; അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു. ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ20:43 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പിടികൂടി. ബെന്യാമീന്യരിൽ പതിനെണ്ണായിരംപേരെ അങ്ങനെ സംഹരിച്ചു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.
അങ്ങനെ ബെന്യാമീൻഗോത്രത്തിൽ ഇരുപത്തയ്യായിരം യോദ്ധാക്കൾ അന്നു മരിച്ചുവീണു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. എന്നാൽ അറുനൂറുപേർ മരുഭൂമിയിൽ രിമ്മോൻപാറയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ അവർ നാലുമാസം താമസിച്ചു. ഇസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ പട്ടണങ്ങൾക്കുനേരേചെന്നു കണ്ണിൽക്കണ്ട സകലത്തെയും—മനുഷ്യരെയും മൃഗങ്ങളെയും എല്ലാം—വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങൾക്കും തീവെച്ചു.
ബെന്യാമീന്യരുടെ ഭാര്യമാർ
ഇസ്രായേല്യർ മിസ്പായിൽവെച്ച് ഇപ്രകാരം ശപഥംചെയ്തിരുന്നു; “നമ്മിൽ ആരും നമ്മുടെ പുത്രിയെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത്.”
ജനം ബേഥേലിലേക്കുപോയി,21:2 അഥവാ, ദൈവഭവനത്തിലേക്കുപോയി അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ വിലപിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇസ്രായേലിന് ഇങ്ങനെ സംഭവിച്ചതെന്ത്? ഇസ്രായേലിൽ ഒരു ഗോത്രം ഇന്ന് ഇല്ലാതായിപ്പോകുമല്ലോ,” അവർ പറഞ്ഞു.
പിറ്റേദിവസം അതിരാവിലെ ജനം എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.
തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് ഇസ്രായേൽമക്കൾക്ക് അനുകമ്പതോന്നി. “ഇന്ന് ഇസ്രായേലിൽനിന്ന് ഒരു ഗോത്രം ഛേദിക്കപ്പെട്ടിരുന്നു. ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതെന്ന് നാം യഹോവയുടെ നാമത്തിൽ സത്യവും ചെയ്തിരിക്കുന്നു. ഇനി അവർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചു. ഗിലെയാദിലെ യാബേശിൽനിന്നുള്ളവർ ആരും പാളയത്തിൽ സമ്മേളിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി. ജനത്തെ എണ്ണിനോക്കിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികൾ ആരും വന്നിട്ടില്ല എന്നുകണ്ടു.
അപ്പോൾ ആ സമൂഹം പന്തീരായിരം യോദ്ധാക്കളെ അവിടേക്കു നിയോഗിച്ച്, അവരോടു കൽപ്പിച്ചു: “നിങ്ങൾ ഗിലെയാദിലെ യാബേശിലേക്കുചെന്ന് അതിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും വാൾകൊണ്ടു കൊല്ലുക.” നിങ്ങൾ ഇപ്രകാരമാണു ചെയ്യേണ്ടത്: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ കിടക്കപങ്കിട്ടിട്ടുള്ള സകലസ്ത്രീകളെയും കൊല്ലണം.” അങ്ങനെ അവർ ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി കിടക്കപങ്കിട്ടു പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറ് യുവതികളെ കണ്ടെത്തി അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു.
അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു. ആ ബെന്യാമീന്യർ മടങ്ങിവന്നു. ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; എന്നാൽ എല്ലാവർക്കും തികഞ്ഞില്ല.
യഹോവ ഇസ്രായേൽഗോത്രങ്ങളിൽ ഒരു ഛിദ്രം വരുത്തിയതുകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു. അതുകൊണ്ട് ജനത്തിലെ നേതാക്കന്മാർ പറഞ്ഞു: “ശേഷിച്ചവർക്കുകൂടെ സ്ത്രീകളെ കിട്ടേണ്ടതിനു നാം എന്താണ് ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെയായിരിക്കുന്നു. ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീൻഗോത്രക്കാരിൽ ശേഷിച്ചവർക്ക് അവരുടെ ഓഹരി നിലനിർത്തണമല്ലോ. ‘ബെന്യാമീന്യർക്കു ഭാര്യയെ നൽകുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഇസ്രായേൽമക്കൾ ശപഥംചെയ്തിരിക്കുന്നതിനാൽ നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി നൽകാനും സാധ്യമല്ല. അപ്പോൾ അവർ പറഞ്ഞു: ബെഥുവേലിനു വടക്കും ബേഥേലിൽനിന്നു ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കുമുള്ള ശീലോവിൽ വർഷംതോറും യഹോവയുടെ ഉത്സവം ആഘോഷിക്കാറുണ്ടല്ലോ.”
അവർ ബെന്യാമീന്യരോടു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മുന്തിരിത്തോപ്പുകളിൽചെന്ന് ഒളിച്ചു കാത്തിരിക്കുക. ശീലോവിലെ കന്യകമാർ നൃത്തക്കാരോടു ചേരുന്നതിനു പുറത്തേക്കുവരുമ്പോൾ നിങ്ങൾ മുന്തിരിത്തോപ്പിൽനിന്നു പുറത്തുവന്ന് ഓരോരുത്തരും അവരവരുടെ ഭാര്യയാക്കുന്നതിനു ശീലോവിലെ കന്യകമാരിൽനിന്നു ഓരോരുത്തരെ പിടിച്ച് ബെന്യാമീൻദേശത്തേക്കു കൊണ്ടുപോകുക. അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”
ബെന്യാമീന്യർ അപ്രകാരംചെയ്തു. നൃത്തത്തിനുവരുന്ന യുവതികളെ തങ്ങളുടെ എണ്ണത്തിനനുസരിച്ചു പിടിച്ചു ഭാര്യമാരായി കൊണ്ടുപോയി. അവർ തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് അവിടെ വീണ്ടും പട്ടണങ്ങൾ പണിത് അവയിൽ വസിച്ചു.
ഇസ്രായേൽമക്കളും അവിടംവിട്ട് ഓരോരുത്തരും തങ്ങളുടെ അവകാശഭൂമിയിലേക്കും ഗോത്രത്തിലേക്കും വീട്ടിലേക്കും മടങ്ങി.
ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.