- Biblica® Open Malayalam Contemporary Version 2020 യാക്കോബ് യാക്കോബ് എഴുതിയ ലേഖനം യാക്കോബ് യാക്കോ. യാക്കോബ് എഴുതിയ ലേഖനം ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ഭൃത്യനായ യാക്കോബ്, അന്യദേശത്തു ചിതറിപ്പാർക്കുന്ന ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽനിന്നുമുള്ള വിശ്വാസികൾക്ക്, എഴുതുന്നത്: വന്ദനം. പരീക്ഷകളും പ്രലോഭനങ്ങളും എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു. താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു. പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല. നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു. കേൾവിയും പ്രവൃത്തിയും എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക. വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും. ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി. പക്ഷഭേദം പാടില്ല തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷഭേദപരമായി പെരുമാറരുത്. നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ. വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്? എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണംചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്ക്കുകയുംചെയ്യുന്നത്? നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ? “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം”2:8 ലേവ്യ. 19:18 എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു. പക്ഷഭേദം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണമനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു. ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്. “വ്യഭിചാരം ചെയ്യരുത്”2:11 പുറ. 20:14; ആവ. 5:18 എന്നു കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊലപാതകം ചെയ്യരുത്”2:11 പുറ. 20:13; ആവ. 5:17 എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു. സ്വാതന്ത്ര്യമേകുന്ന ന്യായപ്രമാണത്താൽ നാം വിധിക്കപ്പെടാനുള്ളവർ ആയതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും അതിനനുസൃതമായിരിക്കട്ടെ. കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയംനേടും. വിശ്വാസവും സൽപ്രവൃത്തികളും എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്. എന്നാൽ, “നിനക്കുള്ളത് വിശ്വാസം; എനിക്കുള്ളത് പ്രവൃത്തി” എന്ന് ഒരാൾ പറഞ്ഞാൽ, പ്രവൃത്തികൾകൂടാതെയുള്ള നിന്റെ വിശ്വാസം എനിക്കു തെളിയിച്ചു തരിക, പ്രവൃത്തിയിലൂടെ ഉള്ള എന്റെ വിശ്വാസം ഞാനും തെളിയിച്ചു തരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അതു വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു. വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ്‌പ്രയോജനമാണ്2:20 ചി.കൈ.പ്ര. ജീവനില്ലാത്തത് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? നമ്മുടെ അബ്രാഹാം പിതാവ് മകൻ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്? അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി”2:23 ഉൽ. 15:6 എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്. അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും2:25 യോശു. 2:1-21 കാണുക. ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്? ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു. നാവിനെ മെരുക്കുക എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്. പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്. കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു. എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്. നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ. രണ്ടുതരം ജ്ഞാനം നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്. എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും. ദൈവത്തിനു കീഴ്പ്പെടുക നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്? ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്. നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്. അപഥസഞ്ചാരികളേ,4:4 അതായത്, ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചവർ. ഇതു വ്യഭിചരിക്കുന്നതിനു സമം. ഹോശ. 3:1 കാണുക. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”4:6 സദൃ. 3:34 എന്നു തിരുവെഴുത്തു പറയുന്നത്. അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും. സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം? നാളെയെക്കുറിച്ചു പ്രശംസിക്കരുത് “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്. പീഡകരായ ധനികർക്കൊരു മുന്നറിയിപ്പ് ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക. നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു. നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു. ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി5:5 വിശേഷദിവസങ്ങളിൽ അറക്കാനായി മൃഗങ്ങളെ പോഷിപ്പിക്കുന്നതുപോലെ എന്നു വിവക്ഷ. എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു. കഷ്ടതയിൽ ദീർഘക്ഷമ സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു! സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം5:11 ഇയ്യോ. 1:21; 2:10; 42:10-17 കാണുക. കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു. സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും. വിശ്വാസത്തോടെയുള്ള പ്രാർഥന നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ. നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും. ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്. ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു. എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.