- Biblica® Open Malayalam Contemporary Version 2020 യെശയ്യാവ് യെശയ്യാവിന്റെ പ്രവചനം യെശയ്യാവ് യെശ. യെശയ്യാവിന്റെ പ്രവചനം യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു. മത്സരിക്കുന്ന ഒരു ജനത ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. കാള തന്റെ ഉടമസ്ഥനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.” അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! കുറ്റഭാരം ചുമക്കുന്ന സന്തതി, ദുഷ്കർമികളുടെ മക്കൾ! വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! അവർ യഹോവയെ ഉപേക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു. നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു. ഉള്ളങ്കാൽമുതൽ ഉച്ചിവരെ ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— മുറിവുകൾ, പൊറ്റകൾ, ചോരയൊലിക്കുന്ന വ്രണങ്ങൾ, അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു. മുന്തിരിത്തോപ്പിലെ കൂടാരംപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു. സൊദോമിലെ ഭരണാധികാരികളേ, യഹോവയുടെ വചനം കേൾക്കുക; ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക! “നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?” യഹോവ ചോദിക്കുന്നു. “മുട്ടാടുകളുടെ ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംമൂലം ഞാൻ മടുത്തിരിക്കുന്നു; കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ കോലാടുകളുടെയോ രക്തത്തിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ എന്റെ സന്നിധിയിൽ വന്ന് എന്റെ അങ്കണങ്ങൾ ചവിട്ടി അശുദ്ധമാക്കാനായി ഇതു നിങ്ങളോട് ആവശ്യപ്പെട്ടത് ആരാണ്? വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്! നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു. അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും— നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു. അവ എനിക്കൊരു ഭാരമായിരിക്കുന്നു; അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു. അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ, ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും; നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും ഞാൻ കേൾക്കുകയില്ല. “കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്! “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക. നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക; ദോഷം പ്രവർത്തിക്കുന്നതു നിർത്തുക. നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക. പീഡിതരെ സ്വതന്ത്രരാക്കുക. അനാഥരുടെ കാര്യം ഏറ്റെടുക്കുക; വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക. “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും, അവ ഹിമംപോലെ ശുഭ്രമാകും; അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും. നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും. എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ, നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്. നോക്കൂ, വിശ്വസ്തമായിരുന്ന നഗരം ഒരു വേശ്യയായി മാറിയത് എങ്ങനെ? ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി അതിൽ കുടികൊണ്ടിരുന്നു— എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു. നിങ്ങളുടെ വെള്ളി കീടമായി മാറി, നിങ്ങളുടെ വിശിഷ്ടമായ വീഞ്ഞിൽ വെള്ളം കലർന്നു. നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ, കള്ളന്മാരുടെ പങ്കാളികൾതന്നെ; അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു: “എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും; എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും. ഞാൻ എന്റെ കരം നിനക്കെതിരേ1:25 നിനക്കെതിരേ, വിവക്ഷിക്കുന്നത് ജെറുശലേമിനെതിരേ. തിരിക്കും; ഞാൻ നിന്നിലെ കിട്ടം ഉരുക്കിക്കളയും; നിന്നിലുള്ള സകല അശുദ്ധിയും ഞാൻ നീക്കിക്കളയും. അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും നിന്റെ ഉപദേഷ്ടാക്കന്മാരെ ആരംഭത്തിലെന്നപോലെയും പുനഃസ്ഥാപിക്കും. അതിനുശേഷം നീ നീതിയുടെ നഗരമെന്നും വിശ്വസ്തതയുടെ പട്ടണമെന്നും വിളിക്കപ്പെടും.” സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ, നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും; യഹോവയെ പരിത്യജിക്കുന്നവർ സംഹരിക്കപ്പെടും. “നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം നിങ്ങൾ ലജ്ജിതരാകും; നിങ്ങൾ തെരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങൾ അവഹേളിക്കപ്പെടും. നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും വരൾച്ച ബാധിച്ച ഉദ്യാനംപോലെയും ആകും. ബലവാൻ ചണനാരുപോലെയും അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും ആകും; അവ രണ്ടും ഒരുമിച്ചു വെന്തുപോകും, അതിന്റെ തീ കെടുത്തുന്നതിന് ആരും ഉണ്ടാകുകയില്ല.” യഹോവയുടെ പർവതം ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു: അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം. യഹോവയുടെ ദിവസം അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു. അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല. അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ. അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ.2:9 അഥവാ, അവരെ ഉയർത്തരുതേ യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക. അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും. സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും. ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും തർശീശിലെ എല്ലാ കപ്പലുകളുടെമേലും2:16 അഥവാ, വാണിജ്യക്കപ്പലുകൾ പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും. മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും, വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും. ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും. തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ മനുഷ്യർ ആ ദിവസത്തിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും. കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ. അവരെ എന്തിനു വിലമതിക്കണം? ജെറുശലേമിന്റെയും യെഹൂദയുടെയുംമേലുമുള്ള ന്യായവിധി കണ്ടാലും, കർത്താവ്, സൈന്യങ്ങളുടെ യഹോവേ, ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും ശേഖരണവും വിതരണവും: അപ്പത്തിന്റെ എല്ലാ ശേഖരവും വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും നീക്കിക്കളയും; വീരന്മാർ, യോദ്ധാക്കൾ, ന്യായാധിപന്മാർ, പ്രവാചകന്മാർ, ദേവപ്രശ്നംവെക്കുന്നവർ, നേതാക്കന്മാർ, സൈന്യത്തിൽ അൻപതുപേർക്ക് അധിപർ, വിവിധ പദവികൾ അലങ്കരിക്കുന്നവർ, ഉപദേഷ്ടാക്കൾ, കരകൗശലപ്പണിക്കാർ, സമർഥരായ മാന്ത്രികർ, എന്നിങ്ങനെയുള്ള എല്ലാവരെയും നീക്കിക്കളയും. “ഞാൻ കേവലം ബാലന്മാരെ അവരുടെ അധിപരായി നിയമിക്കും; ശിശുക്കൾ അവരുടെമേൽ ഭരണംനടത്തും.” ജനം പരസ്പരം പീഡിപ്പിക്കും— ഒരാൾ മറ്റൊരാളെയും അയൽവാസി അയൽവാസിയെയുംതന്നെ. യുവാക്കൾ വൃദ്ധർക്കെതിരേയും ഹീനജനം ബഹുമാനിതർക്കെതിരേയും എഴുന്നേൽക്കും. ഒരു മനുഷ്യൻ തന്റെ പിതൃഭവനത്തിലുള്ള ഒരു സഹോദരനെ പിടിച്ച്, “നിനക്കൊരു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങൾക്ക് അധിപതിയായിരിക്കുക; ഈ നാശനഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ഭരണം ഏറ്റെടുത്താലും!” എന്നു പറയും. എന്നാൽ അന്ന്, “എന്റെപക്കൽ യാതൊരു പ്രതിവിധിയുമില്ല, എന്റെ ഭവനത്തിൽ ഭക്ഷണമോ വസ്ത്രമോ ഇല്ല, എന്നെ നിങ്ങൾ ജനത്തിന് അധിപതിയായി നിയമിക്കരുത്” എന്നിങ്ങനെ അയാൾ നിലവിളിക്കും. ജെറുശലേം വേച്ചുനടക്കുന്നു, യെഹൂദാ വീഴുന്നു; കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ തേജോമയനയനങ്ങൾക്ക് എതിരായിരിക്കുന്നു. അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം! നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക; കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും. യുവാക്കൾ എന്റെ ജനത്തെ പീഡിപ്പിക്കുന്നു, സ്ത്രീകൾ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളെ നയിക്കുന്നവർതന്നെ നിങ്ങളെ വഴിതെറ്റിക്കുന്നു; അവർ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു. യഹോവ കോടതിയിൽ ന്യായാധിപസ്ഥാനം ഏറ്റെടുത്തിരിക്കുന്നു; അവിടന്ന് ജനത്തെ ന്യായംവിധിക്കാൻ എഴുന്നേൽക്കുന്നു. തന്റെ ജനത്തിന്റെ നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും എതിരായി യഹോവ ന്യായവിധി പുറപ്പെടുവിക്കുന്നു: “നിങ്ങളാണ് എന്റെ മുന്തിരിത്തോപ്പ് നശിപ്പിച്ചുകളഞ്ഞവർ; ദരിദ്രരിൽനിന്നു കവർച്ചചെയ്തതു, നിങ്ങളുടെ ഭവനങ്ങളിലുണ്ട്. എന്റെ ജനത്തെ തകർക്കുന്നതിലൂടെയും ദരിദ്രരെ പീഡിപ്പിക്കുന്നതിലൂടെയും നിങ്ങൾ എന്താണ് അർഥമാക്കുന്നത്?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. യഹോവ പിന്നെയും അരുളിച്ചെയ്തത്: “സീയോൻ പുത്രിമാർ അഹങ്കാരികളായിരിക്കുന്നു, അവർ തലയുയർത്തി നടക്കുന്നു, കണ്ണുകൾകൊണ്ട് ശൃംഗരിക്കുന്നു, അഹങ്കാരത്തോടെ നിതംബം കുലുക്കി നടക്കുന്നു, കാൽച്ചിലമ്പൊച്ച കേൾപ്പിക്കുകയും ചെയ്യുന്നു. അതിനാൽ കർത്താവ് സീയോൻപുത്രിമാരുടെ നെറ്റിയിൽ ചൊറി പിടിപ്പിക്കും; യഹോവ അവരുടെ തലയോട്ടി കഷണ്ടിയാക്കും.” ആ ദിവസത്തിൽ കർത്താവ് അവരുടെ പാദസരം, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവിണി, തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്, മുദ്രമോതിരം, മൂക്കുത്തി, മാർദവവസ്ത്രം, ഷാൾ, പുറങ്കുപ്പായം, ചെറുസഞ്ചി, ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും. അന്ന് പരിമളത്തിനുപകരം ദുർഗന്ധവും, അരക്കച്ചയ്ക്കുപകരം കയറും; കേശസൗന്ദര്യത്തിനുപകരം കഷണ്ടിയും ഉടയാടയ്ക്കു പകരം ചാക്കുശീലയും; സൗന്ദര്യത്തിനു പകരം കരുവാളിപ്പും ഉണ്ടാകും. നിന്റെ പുരുഷന്മാർ വാളിനാൽ വീഴും; നിന്റെ യോദ്ധാക്കൾ യുദ്ധത്തിൽ കൊല്ലപ്പെടും. സീയോന്റെ കവാടങ്ങൾ വിലപിച്ചു ദുഃഖിക്കും; ഉപേക്ഷിക്കപ്പെട്ടവളായി അവൾ നിലത്ത് ഇരിക്കും. ആ കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടികൂടി, “ഞങ്ങൾ സ്വന്തം അപ്പം തിന്നുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേരുമാത്രം ഞങ്ങൾക്കു നൽകി ഞങ്ങളുടെ അപമാനം നീക്കിക്കളയുക!” എന്നു പറയും. യഹോവയുടെ ശാഖ ആ ദിവസത്തിൽ യഹോവയുടെ ശാഖ മനോഹരവും മഹത്ത്വപൂർണവുമായിരിക്കും. ഭൂമിയുടെ ഫലം ഇസ്രായേലിൽ ശേഷിക്കുന്നവർക്ക് അഭിമാനവും അലങ്കാരവുമായിരിക്കും. സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും. കർത്താവ് സീയോൻപുത്രിമാരുടെ അശുദ്ധിയും ജെറുശലേമിന്റെ രക്തപാതകവും ന്യായവിധിയുടെ ആത്മാവുകൊണ്ടും അഗ്നിയുടെ ആത്മാവുകൊണ്ടും കഴുകിക്കളയും. അന്നു യഹോവ സീയോൻപർവതത്തിലെ സകലവാസസ്ഥലങ്ങളിന്മീതേയും അവിടെ കൂടിവരുന്ന എല്ലാവരുടെയുംമീതേയും പകൽസമയത്ത് പുകയുടെ ഒരു മേഘവും രാത്രിയിൽ അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; എല്ലാറ്റിന്റെയുംമീതേ തേജസ്സ് ഒരു വിതാനമായിരിക്കും. പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്. മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനം ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു. അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ. “ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക. ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്? അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും. ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.” സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി. കഷ്ടവും ന്യായവിധിയും മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും. പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു5:10 ഏക. 22 ലി. വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ5:10 ഏക. 160 കി.ഗ്രാം. വിത്തിൽനിന്ന് ഒരു ഏഫാ5:10 ഏക. 16 കി.ഗ്രാം. ധാന്യംമാത്രം കിട്ടും.” മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല. പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു. അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും. അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും. അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും. വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം! “ദൈവം തന്റെ വേഗം കൂട്ടട്ടെ; വേല തിടുക്കത്തിൽ ചെയ്യട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും വെളിച്ചത്തെ ഇരുളും ഇരുളിനെ വെളിച്ചവും കയ്‌പിനെ മധുരവും മധുരത്തെ കയ്‌പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം! സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം! വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം! അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു. അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ. അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. ഇതാ, തിടുക്കത്തിലും വേഗത്തിലും അവർ വരുന്നു. അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; ആരുടെയും അരപ്പട്ട5:27 അതായത്, ബെൽറ്റ് അഴിയുന്നില്ല, ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല. അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും. അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; ഇരപിടിക്കുമ്പോൾ അവ മുരളുകയും ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു. അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ അവർ ശത്രുവിന്റെനേരേ അലറും. ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും. യെശയ്യാവിന്റെ നിയോഗം ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.” അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.” അതിനുശേഷം, “ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു. “അടിയൻ ഇതാ! അടിയനെ അയയ്ക്കണമേ,” എന്നു ഞാൻ പറഞ്ഞു. അവിടന്ന് എന്നോട്: “നീ പോയി ഈ ജനത്തോടു പറയുക: “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല.’ ഈ ജനത്തിന്റെ ഹൃദയം കഠിനമാക്കുക അവരുടെ കാതുകൾ മന്ദമാക്കുക അവരുടെ കണ്ണുകൾ അന്ധമാക്കുക. അല്ലാത്തപക്ഷം അവർ തങ്ങളുടെ കണ്ണുകളാൽ കാണുകയും തങ്ങളുടെ കാതുകളാൽ കേൾക്കുകയും അവർ തങ്ങളുടെ ഹൃദയങ്ങളാൽ ഗ്രഹിക്കുകയും ചെയ്തിട്ട്, മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കുകയും ചെയ്യുമല്ലോ,” എന്നു പറഞ്ഞു. “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ, യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ, ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ. അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ, അതു പിന്നെയും ദഹിപ്പിക്കപ്പെടും. കരിമരവും കരുവേലകവും വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” ഇമ്മാനുവേൽ എന്ന ചിഹ്നം ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല. “അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി. അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും7:3 ഒരു ശേഷിപ്പു മടങ്ങിവരും എന്നർഥം. അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക. അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു: “നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.” എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല; അതു സാധ്യമാകുകയുമില്ല, കാരണം അരാമിന്റെ തല ദമസ്കോസും ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ. ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിന്റെ തല ശമര്യയും ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ. നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ” യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.” എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു. അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്? അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ7:14 ദൈവം നമ്മോടുകൂടെ എന്നർഥം. എന്നു വിളിക്കപ്പെടും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും. എഫ്രയീം യെഹൂദയുമായുള്ള ബന്ധം വിച്ഛേദിച്ചകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നാളുകൾ യഹോവ നിന്റെമേലും നിന്റെ ജനത്തിന്റെമേലും നിന്റെ പിതൃഭവനത്തിന്റെമേലും വരുത്തും—അവിടന്ന് അശ്ശൂർരാജാവിനെത്തന്നെ നിനക്കെതിരേ വരുത്തും.” അശ്ശൂർ യഹോവയുടെ ഉപകരണം അന്നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്ന് ഈച്ചകൾക്കായും അശ്ശൂർദേശത്തുനിന്നു തേനീച്ചകൾക്കായും ചൂളമടിക്കും. അവ വന്ന് കിഴുക്കാംതൂക്കായ മലയിടുക്കുകളിലും പാറപ്പിളർപ്പുകളിലും സകലമുൾപ്പടർപ്പുകളിലും സർവമേച്ചിൽസ്ഥലങ്ങളിലും താമസമുറപ്പിക്കും. ആ ദിവസത്തിൽ യൂഫ്രട്ടീസ് നദിക്കും അക്കരെനിന്നു കർത്താവ് കൂലിക്കെടുത്ത ഒരു ക്ഷൗരക്കത്തികൊണ്ട്—അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ—തലയും കാലും ക്ഷൗരംചെയ്യിക്കും, അതു താടിയുംകൂടെ നീക്കിക്കളയുകയും ചെയ്യും. അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും. അവയിൽനിന്ന് കിട്ടുന്ന പാലിന്റെ സമൃദ്ധിനിമിത്തം അവൻ തൈരുകൊണ്ട് ഉപജീവനം നടത്തും. ദേശത്തു ശേഷിച്ചിരിക്കുന്ന എല്ലാ ജനവും തൈരും തേനും ഭക്ഷിക്കും. അന്ന് ആയിരം ശേക്കേൽ വെള്ളി7:23 ഏക. 12 കി.ഗ്രാം. വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും. ദേശമെല്ലാം മുള്ളും പറക്കാരയും നിറഞ്ഞുകിടക്കുകനിമിത്തം വേട്ടക്കാർ അമ്പും വില്ലുമായി അവിടെക്കൂടെ സഞ്ചരിക്കും. തൂമ്പകൊണ്ടു കിളച്ച് കൃഷിചെയ്തുപോന്നിരുന്ന എല്ലാ മലകളിലും, മുള്ളും പറക്കാരയും പേടിച്ച് അവിടേക്ക് ആരും പോകാതെയാകും; അവ കന്നുകാലികളെ മേയിക്കുന്നതിനും ആടുകൾക്ക് ചവിട്ടിമെതിക്കുന്നതിനുമുള്ള സ്ഥലമായിത്തീരും. യെശയ്യാവും അദ്ദേഹത്തിന്റെ മക്കളും ഒരു ചിഹ്നംപോലെ അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്”8:1 വേഗം കവർച്ച ചെയ്യപ്പെടുന്ന അഥവാ, വേഗം നശിക്കുന്ന എന്നർഥം. എന്ന് എഴുതുക. ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും. പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക. കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.” യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും, കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും. അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.” രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്.8:10 മൂ.ഭാ. ഇമ്മാനുവേൽ യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്: “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്. സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്, അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ, അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും. പലരും കാലിടറി വീഴും; അവർ വീണു തകർന്നുപോകുകയും കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.” ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക. യാക്കോബിന്റെ സന്തതികളിൽനിന്ന് തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും. ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു. അന്ധകാരം പ്രകാശമായിത്തീരുന്നു വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്? ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്. അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും, അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും. എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു പ്രഭ ദർശിച്ചു; കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു. അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ ആഹ്ലാദിക്കുന്നതുപോലെയും അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു. അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു. യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും രക്തംപുരണ്ട ഓരോ അങ്കിയും അഗ്നിക്ക് ഇന്ധനമായി എരിഞ്ഞടങ്ങും. എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിലായിരിക്കും. അവൻ ഇപ്രകാരം വിളിക്കപ്പെടും: അത്ഭുതമന്ത്രി, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു. അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകുകയില്ല. ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി അതിനെ നീതിയോടും ന്യായത്തോടുംകൂടി സ്ഥാപിച്ച് സുസ്ഥിരമാക്കി ദാവീദിന്റെ രാജ്യത്തിന്മേൽ ഇന്നുമുതൽ എന്നേക്കും വാഴും. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇതു നിറവേറ്റും. യഹോവയുടെ ക്രോധം ഇസ്രായേലിനുനേരേ കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു; അത് ഇസ്രായേലിന്മേൽ വീഴും. “ഇഷ്ടികകൾ വീണുപോയി, എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും; അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു, എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,” എന്ന് അഹങ്കാരത്തോടും ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന സകലജനവും—എഫ്രയീമും ശമര്യാനിവാസികളും—അത് അറിയും. അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും, അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും. അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും. ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു. ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു, അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു. അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല, അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല. കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്; എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം; അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു, അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു. സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം വരണ്ടുണങ്ങും; ജനം അഗ്നിക്ക് ഇന്ധനമാകും; ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല. അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും എന്നിട്ടും വിശന്നിരിക്കുന്നു; ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും, എന്നിട്ടും തൃപ്തിവരുന്നില്ല. ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും: മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു. അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും വിധവകളെ അവരുടെ ഇരയാക്കുന്നതിനും അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം! ശിക്ഷാവിധിയുടെ ദിവസത്തിൽ, ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും? നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും? ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. അശ്ശൂരിന്റെമേൽ ദൈവത്തിന്റെ ന്യായവിധി “എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം! എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്. അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു, എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ, കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ. എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല, അവന്റെ മനസ്സിലുള്ളതും അതല്ല; അവന്റെ ലക്ഷ്യം നശീകരണമാണ്, അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം. അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ? കൽനെ കർക്കെമീശുപോലെയല്ലേ? ഹമാത്ത് അർപ്പാദുപോലെയും, ശമര്യ ദമസ്കോസ്പോലെയും അല്ലേ? എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു, ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ— ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ” സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. അവൻ പറയുന്നു: “ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്; എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു. ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു; ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി. പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ, എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു; ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ, ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു; ചിറകടിക്കുന്നതിനോ വായ് തുറന്നു ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ” വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ? വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്. അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും. ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും; അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും. അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം പരിപൂർണമായും നശിപ്പിക്കും, അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും. അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും. ഇസ്രായേലിന്റെ ശേഷിപ്പ് ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും തങ്ങളെ പ്രഹരിച്ചവനിൽ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ ആത്മാർഥതയോടെ ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും,10:21 മൂ.ഭാ. ശെയാർ-യാശൂബ് വാ. 23 കാണുക. യാക്കോബിന്റെ ശേഷിപ്പുതന്നെ, ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും. ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ. നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. കർത്താവ്, സൈന്യങ്ങളുടെ യഹോവ, ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ, ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട. വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.” സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും; ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും. അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ; നിന്റെ പുഷ്ടി നിമിത്തം ആ നുകം തകർക്കപ്പെടും. അവർ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നുപോയി; മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു. അവർ ചുരം കടന്നു, “ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു. രാമാ വിറയ്ക്കുന്നു; ശൗലിന്റെ ഗിബെയാ ഓടി മറയുന്നു. ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക! ലയേശേ, ശ്രദ്ധിക്കുക! പീഡിതയായ അനാഥോത്തേ! മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു. ഗബീം നിവാസികൾ രക്ഷതേടി അലയുന്നു. ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും; സീയോൻപുത്രിയുടെ മലയുടെനേരേ, ജെറുശലേം കുന്നിന്റെനേരേ അവർ മുഷ്ടി ചുരുട്ടും. നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ് വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും, ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീഴും. യിശ്ശായിയുടെ ശാഖ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും. യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും— ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ശക്തിയുടെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ— അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും. അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല; എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും. നീതി അവിടത്തെ അരപ്പട്ടയും വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും. അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും11:6 അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ഒരുമിച്ചുകഴിയും; ഒരു ചെറിയ കുട്ടി അവയെ നയിക്കും. പശുവും കരടിയും ഒരുമിച്ചു മേയും, അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും, സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും. എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും. ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും. ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും11:11 അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. കൂശിൽനിന്നും11:11 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ഏലാമിൽനിന്നും ബാബേലിൽനിന്നും11:11 മൂ.ഭാ. ശിനാറിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും. അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല. അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും. ഈജിപ്റ്റുകടലിന്റെ നാവിനെ യഹോവ പൂർണമായും നശിപ്പിച്ചുകളയും; തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും. ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ അവർക്ക് ഉണ്ടായിരുന്നതുപോലെ അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും. സ്തോത്രഗീതങ്ങൾ ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും: “യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും, അങ്ങയുടെ കോപം നീങ്ങിപ്പോകുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും12:2 അഥവാ, പ്രതിരോധം ആകുന്നു; അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.” അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന് ആനന്ദത്തോടെ വെള്ളം കോരും. അന്നാളിൽ നിങ്ങൾ പറയും: “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ. സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.” ബാബേലിനെതിരേയുള്ള പ്രവചനം ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം: മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക, അവർ പ്രഭുക്കന്മാരുടെ കവാടങ്ങളിലേക്കു കടക്കാൻ അവരെ ശബ്ദം ഉയർത്തി കൈകാട്ടി വിളിക്കുക. എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ, എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു. വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ പർവതങ്ങളിലെ ഘോഷം കേൾക്കുക! രാജ്യങ്ങളും ജനതകളും ഒത്തൊരുമിച്ചുകൂടിയതുപോലുള്ള ഒരു മഹാഘോഷം ശ്രദ്ധിക്കുക! സൈന്യങ്ങളുടെ യഹോവ യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്നു. അവർ ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളിൽനിന്നുതന്നെ വരുന്നു— യഹോവയും അവിടത്തെ ക്രോധംചൊരിയുന്ന ആയുധങ്ങളും ദേശത്തെ മുഴുവനും നശിപ്പിക്കുന്നതിനായിത്തന്നെ വരുന്നു. വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും. അതിനാൽ എല്ലാ കൈകളും തളരും, ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും. അവർ ഭയവിഹ്വലരാകും, സങ്കടവും വേദനയും അവരെ പിടികൂടും; പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും. ജ്വലിക്കുന്ന മുഖത്തോടെ അവർ അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും. ഇതാ, യഹോവയുടെ ദിവസം വരുന്നു— ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം— ദേശത്തെ ശൂന്യമാക്കുന്നതിനും അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും പ്രകാശം കൊടുക്കുകയില്ല. സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും, ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല. ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും. നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും, നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും. ഞാൻ മനുഷ്യരെ തങ്കത്തെക്കാളും അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും. അങ്ങനെ ഞാൻ ആകാശത്തെ നടുക്കും; സൈന്യങ്ങളുടെ യഹോവയുടെ കോപത്താൽ, അവിടത്തെ ഉഗ്രകോപത്തിന്റെ നാളിൽ ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകും. വേട്ടയാടപ്പെട്ട കലമാൻപോലെയും ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും, അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും. കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും. അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും; അവരുടെ വീടുകൾ കൊള്ളചെയ്യപ്പെടുകയും ഭാര്യമാർ അതിക്രമത്തിന് ഇരയാകുകയും ചെയ്യും. ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും, അവർ വെള്ളി വിലയുള്ളതായി കരുതുന്നില്ല, സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല. അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും; ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല. രാജ്യങ്ങളുടെ ചൂഡാമണിയും ബാബേല്യരുടെ13:19 അഥവാ, കൽദയരുടെ അഭിമാനവും മഹത്ത്വവുമായ ബാബേൽപട്ടണത്തെ, സൊദോമിനെയും ഗൊമോറായെയും തകർത്തതുപോലെ ദൈവം തകർത്തെറിയും. തലമുറതലമുറയായി അതു നിർജനമായും പാർക്കാൻ ആളില്ലാതെയും കിടക്കും; ദേശാന്തരികൾ13:20 മൂ.ഭാ. അറബികൾ അവിടെ കൂടാരമടിക്കുകയില്ല, ഇടയന്മാർ തങ്ങളുടെ കൂട്ടത്തെ അവിടെ കിടത്തുകയുമില്ല. വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും, അവരുടെ വീടുകളിൽ കുറുനരികൾ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും, കാട്ടാടുകൾ അവിടെ നൃത്തംചെയ്യും. അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും. അവളുടെ സമയം അടുത്തിരിക്കുന്നു, അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല. യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും; അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും. വിദേശികളും അവരോടൊപ്പംചേരും അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും, യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും. തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും, തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും. നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്, ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും: “പീഡകൻ എങ്ങനെ ഇല്ലാതെയായി! അവന്റെ ക്രോധം എങ്ങനെ നിലച്ചു?” യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു, അതു ജനത്തെ കോപത്തോടെ നിരന്തരം പ്രഹരിച്ചുപോന്നു, അതു രാഷ്ട്രങ്ങളെ കോപത്തോടും അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു. ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു; അവർ സന്തോഷത്തോടെ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു, “നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു. നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു. അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?” എന്നു പറയും. നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു. ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ! നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ! ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ, നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ! നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു, “ഞാൻ സ്വർഗത്തിൽ കയറും. ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ ഞാനെന്റെ സിംഹാസനം ഉയർത്തും; സമാഗമപർവതത്തിന്മേൽ14:13 ചി.കൈ.പ്ര. ഉത്തരദിക്കിൽ സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും, സാഫോൺ14:13 സാഫോൺ കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും. മേഘോന്നതികൾക്കുമീതേ ഞാൻ കയറും; എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.” എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും. നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും, അവർ നിനക്കു ഭവിച്ചതിനെക്കുറിച്ചു ചിന്തിക്കും: “ഇവനാണോ ഭൂമിയെ കിടുകിടെ വിറപ്പിച്ചവൻ? രാജ്യങ്ങളെ വിഹ്വലമാക്കിയവൻ? ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി, അതിലെ നഗരങ്ങളെ തകിടംമറിച്ച്, തന്റെ ബന്ദികളെ വീട്ടിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നവൻ?” രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം അവരവരുടെ ശവകുടീരത്തിൽ പ്രതാപികളായി കിടക്കുന്നു. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ നിന്നെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു; വാളിനാൽ കുത്തിക്കൊല്ലപ്പെട്ടവരും കുഴിയിലെ കല്ലുകൾവരെ ഇറങ്ങിപ്പോയവരുമായ ഹതന്മാരാൽ നീ പൊതിയപ്പെട്ടിരിക്കുന്നു. ചവിട്ടിയരയ്ക്കപ്പെട്ട ഒരു ശവശരീരംപോലെയാണു നിന്റെ അവസ്ഥ. നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും നിന്റെ ജനത്തെ വധിക്കുകയും ചെയ്തിരിക്കുകയാൽ നിനക്ക് അവരെപ്പോലെ ഒരു ശവസംസ്കാരം ലഭിക്കുകയില്ല. ദുഷ്കർമികളുടെ സന്തതികൾ ഇനിയൊരിക്കലും സ്മരിക്കപ്പെടുകയില്ല. “പൂർവികരുടെ പാപങ്ങൾനിമിത്തം അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക. അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ. “ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,” എന്നു സൈന്യങ്ങളുടെ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ബാബേലിന്റെ നാമവും അതിജീവിച്ചവരെയും അവളുടെ സന്തതിയെയും പിൻഗാമികളെയും ഛേദിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും ചതുപ്പുനിലവുമാക്കും. ഞാൻ അതിനെ നാശത്തിൻചൂൽകൊണ്ടു തൂത്തെറിയും,” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു, “ഞാൻ നിശ്ചയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു, നിശ്ചയം, ഞാൻ ഉദ്ദേശിച്ചിട്ടുള്ളതുപോലെ അതു നിറവേറുകയും ചെയ്യും. അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും; എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും. അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.” സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്; എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്. സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും? അവിടന്നു നീട്ടിയ കരത്തെ പിന്തിരിപ്പിക്കാൻ ആർക്കു സാധിക്കും? ഫെലിസ്ത്യർക്കെതിരേയുള്ള പ്രവചനം ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി: സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും, അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും. ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും, എളിയവർ സുരക്ഷിതരായി വിശ്രമിക്കും. എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും; നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും. നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ! ഫെലിസ്ത്യരേ, വെന്തുരുകുക! വടക്കുനിന്ന് ഒരു പുകപടലം വരുന്നു, ആ സൈന്യഗണത്തിൽ തളർന്നു പിൻവാങ്ങുന്നവർ ആരുംതന്നെയില്ല. ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്, എന്താണ് ഉത്തരം പറയുക? “യഹോവ സീയോനെ സ്ഥാപിച്ചെന്നും അവിടത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയംതേടുമെന്നുംതന്നെ.” മോവാബിനെതിരേയുള്ള പ്രവചനം മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു! ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു. തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; പുരമുകളിലും ചത്വരങ്ങളിലുമുള്ള എല്ലാവരും വിലപിക്കുന്നു, കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു. ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു. എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു. നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, പുല്ലു വാടിയുണങ്ങിയും പോയല്ലോ; ഇളംപുല്ലു നശിച്ചുപോയല്ലോ പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല. തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു. ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു. ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു15:9 ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. നിറഞ്ഞിരിക്കുന്നു, എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— മോവാബിലെ പലായിതരുടെമേലും ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും. നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക. കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും അർന്നോൻ കടവുകളിൽ മോവാബ്യ പുത്രിമാർ. “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, ന്യായം നടത്തുക. നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ രാത്രിപോലെയാക്കുക. പലായിതരെ ഒളിപ്പിക്കുക, അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്. മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരും നശിപ്പിക്കുന്നവർ ഇല്ലാതെയാകും; മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും. അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും. മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— അവളുടെ ഗർവം എത്ര വലിയത്! അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ. അതിനാൽ മോവാബ്യർ വിലപിക്കും, അവർ മോവാബിനെക്കുറിച്ച് വിലപിക്കും. കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക. ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും16:8 അതായത്, ചാവുകടൽ പടർന്നിരുന്നു. അതിനാൽ ഞാൻ യാസേരിനോടൊപ്പം സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. ഹെശ്ബോനേ, എലെയാലേ, ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! നിന്റെ വേനൽക്കാല ഫലങ്ങൾക്കും കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു. ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു. അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു. മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ ഫലസിദ്ധിയുണ്ടാകുകയുമില്ല. ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.” ദമസ്കോസിനെതിരേയുള്ള പ്രവചനം ദമസ്കോസിനെതിരേയുള്ള പ്രവചനം: “നോക്കൂ, ദമസ്കോസ് ഒരു പട്ടണമല്ലാതായിത്തീരും എന്നാൽ അതു നാശനഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും. അരോയേർപട്ടണങ്ങൾ ജനവാസമില്ലാത്തതാകും, അവ ആട്ടിൻപറ്റങ്ങൾക്കുള്ളത്, അവയവിടെ കിടക്കും, ആരും അവയെ ഭയപ്പെടുത്തുകയില്ല. എഫ്രയീമിൽനിന്ന് കോട്ടകെട്ടിയുറപ്പിച്ച പട്ടണം അപ്രത്യക്ഷമാകും, ദമസ്കോസിൽനിന്നു രാജത്വവും ഇല്ലാതാകും; അരാമിൽ ശേഷിച്ച ജനം ഇസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ആ ദിവസത്തിൽ യാക്കോബിന്റെ മഹത്ത്വം മങ്ങിപ്പോകും; അവന്റെ കായപുഷ്ടി ക്ഷയിച്ചുപോകും. അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച് കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും— രെഫായീം താഴ്വരയിൽ ഒരാൾ കാലാപെറുക്കുന്നതുപോലെതന്നെ. ഒലിവുമരത്തിൽനിന്ന് കായ്കൾ ശേഖരിക്കുന്നതിനായി തല്ലുമ്പോൾ ഏറ്റവും മുകളിലത്തെ ശാഖകളിൽ രണ്ടോ മൂന്നോ കായ്കളും ഫലഭൂയിഷ്ഠമായ ശാഖകളിൽ നാലോ അഞ്ചോ കായും ശേഷിക്കുന്നതുപോലെ കാലാപെറുക്കാനുള്ള വകമാത്രം ശേഷിച്ചിരിക്കും,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. ആ ദിവസത്തിൽ മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും അവരുടെ കണ്ണുകൾ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തിരിക്കുകയും ചെയ്യും. അവർ തങ്ങളുടെ കൈകളുടെ നിർമിതിയായ, യാഗപീഠങ്ങളിൽ ഇനിയൊരിക്കലും ആശ്രയിക്കുകയില്ല, തങ്ങളുടെ വിരലുകൾ നിർമിച്ച അശേരാപ്രതിഷ്ഠകളോടും17:8 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. ധൂപപീഠങ്ങളോടും അവർക്കു യാതൊരു ആദരവും കാണുകയില്ല. ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും. എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു; നിങ്ങളുടെ സുരക്ഷിതസ്ഥാനമായ പാറയെ ഓർത്തതുമില്ല. അതുകൊണ്ട്, നിങ്ങൾ മനോഹരമായ തോട്ടങ്ങൾ നട്ട് അവയിൽ അന്യദേശത്തുനിന്നുമുള്ള വള്ളികൾ നടുന്നു. നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു. രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു. എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും. സമുദ്രത്തിന്റെ ഘോഷംപോലെ ആക്രോശിക്കുന്ന നിരവധി രാഷ്ട്രങ്ങൾക്ക് അയ്യോ, കഷ്ടം! അലമുറയിടുന്ന ജനതകൾക്കും അയ്യോ, കഷ്ടം— അവരുടെ ഇരമ്പൽ പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ ആകുന്നു! പെരുവെള്ളം ഇരമ്പുന്നതുപോലെ ജനാവലി ഇരമ്പുന്നെങ്കിലും, അവിടന്ന് അവരെ ശാസിക്കുമ്പോൾ അവർ ദൂരത്തേക്ക് പലായനംചെയ്യും, കുന്നുകളിലെ ധൂളി കാറ്റിന്റെമുമ്പിൽ പറക്കുന്നതുപോലെ കൊടുങ്കാറ്റിന്റെമുമ്പിൽ ചുഴന്നുപറക്കുന്ന പതിർപോലെയും അവർ പാറിപ്പോകും. സന്ധ്യാസമയത്ത് ഇതാ ഭീതി! പ്രഭാതത്തിനുമുമ്പ് അവൻ ഇല്ലാതെപോകുന്നു. നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ അന്ത്യവും ഈ വിധത്തിലായിരിക്കും. കൂശിനെതിരേയുള്ള പ്രവചനം കൂശിലെ നദികൾക്കപ്പുറം ചിറകടി18:1 അഥവാ, വെട്ടുക്കിളി ശബ്ദമുയർത്തുന്ന ദേശമേ! കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം! വേഗമേറിയ സന്ദേശവാഹകരേ, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ. ഭൂമിയിലെ നിവാസികളും ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ, മലമുകളിൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ അതു കാണും, ഒരു കാഹളം മുഴങ്ങുമ്പോൾ നിങ്ങൾ അതു കേൾക്കും. യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ, കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ, ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.” പൂക്കൾകൊഴിഞ്ഞ് അത് മുന്തിരിയായി വിളഞ്ഞുവരുമ്പോൾ വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ് പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും. മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി അവ ഉപേക്ഷിക്കപ്പെടും; കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും, വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും. ആ കാലത്ത്, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും. ഈജിപ്റ്റിനെതിരേയുള്ള പ്രവചനം ഈജിപ്റ്റിനെതിരേയുള്ള പ്രവചനം: ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു. ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു, ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു. “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും— സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും അയൽവാസികൾ അയൽവാസികൾക്കെതിരായും പട്ടണം പട്ടണത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും പോരാടും. അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും, അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും; തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും. ഞാൻ ഈജിപ്റ്റുനിവാസികളെ ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും, ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സമുദ്രജലം വറ്റിപ്പോകും, നദീതടം ഉണങ്ങിവരണ്ടുപോകും. തോടുകളിൽനിന്ന് ദുർഗന്ധം വമിക്കും; ഈജിപ്റ്റിലെ അരുവികൾ ശോഷിച്ചു ജലശൂന്യമാകും. ഞാങ്ങണയും പുല്ലും ഉണങ്ങിപ്പോകും, നൈൽ നദീമുഖത്തും ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും. അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും. മീൻപിടിത്തക്കാർ ഞരങ്ങുകയും വിലപിക്കുകയും ചെയ്യും, നൈൽനദിയിൽ ചൂണ്ടലിടുന്ന എല്ലാവരുംതന്നെ; വെള്ളത്തിൽ വലവീശുന്ന എല്ലാവരുടെയും ആയുരാരോഗ്യം ക്രമേണ നഷ്ടപ്പെടും. ചീകിയെടുത്ത ചണംകൊണ്ട് വേല ചെയ്യുന്നവരും മൃദുലചണനൂൽ നെയ്യുന്നവരും നിരാശയിലാകും. ഈജിപ്റ്റിന്റെ അടിസ്ഥാനങ്ങൾ19:10 പരുത്തികൃഷിയും അനുമ്പന്ധ വ്യവസായങ്ങളും ഈജിപ്റ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്നു. തകർന്നുപോകും, ദിവസക്കൂലിക്കാർ മനസ്സുതകർന്നവരാകും. സോവാനിലെ പ്രഭുക്കന്മാർ വെറും ഭോഷന്മാർ; ഫറവോന്റെ ജ്ഞാനികളായ ഉപദേഷ്ടാക്കൾ ഭോഷത്തം നിറഞ്ഞ ഉപദേശം നൽകും. “ഞാൻ ജ്ഞാനിയുടെ പുത്രൻ; പുരാതന രാജാക്കന്മാരുടെ ശിഷ്യൻതന്നെ” എന്നു ഫറവോനോട് നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും? നിങ്ങളുടെ ജ്ഞാനികളായ പുരുഷന്മാർ ഇപ്പോൾ എവിടെ? സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ എന്താണു ലക്ഷ്യമാക്കിയിട്ടുള്ളതെന്ന്, അവർ മനസ്സിലാക്കി നിങ്ങളോടു പറയട്ടെ. സോവാനിലെ പ്രഭുക്കന്മാർ ഭോഷത്തത്തോടെ പെരുമാറിയിരിക്കുന്നു, നോഫിലെ പ്രഭുക്കന്മാർ വഞ്ചിതരായിരിക്കുന്നു; അവളുടെ ഗോത്രങ്ങൾക്കു മൂലക്കല്ലായിരുന്നവർ ഈജിപ്റ്റിനെ വഴിതെറ്റിച്ചിരിക്കുന്നു. യഹോവ അവരിൽ മൗഢ്യത്തിന്റെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു; മദ്യപർ തങ്ങളുടെ ഛർദിയിൽ എന്നതുപോലെ, ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു. തലയോ വാലോ പനമ്പട്ടയോ ഞാങ്ങണയോ ഉപയോഗിച്ചു ചെയ്യേണ്ട ഒരു വേലയും ഈജിപ്റ്റിൽ ഉണ്ടാകുകയില്ല. അക്കാലത്ത് ഈജിപ്റ്റുകാർ അശക്തരായ സ്ത്രീകളെപ്പോലെയാകും. സൈന്യങ്ങളുടെ യഹോവ തന്റെ കരം അവരുടെനേരേ ഉയർത്തുമ്പോൾ അവർ ഭയന്നുവിറയ്ക്കും. യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും. ആ കാലത്ത് ഈജിപ്റ്റുദേശത്തിലെ അഞ്ചു പട്ടണങ്ങൾ കനാന്യരുടെ ഭാഷ സംസാരിക്കുകയും സൈന്യങ്ങളുടെ യഹോവയോട് ശപഥംചെയ്യുകയും ചെയ്യും. ആ പട്ടണങ്ങളിൽ ഒന്നിന് സൂര്യനഗരം19:18 മൂ.ഭാ. ഈർ-ഹഹേരെസ്, വിനാശത്തിന്റെ പട്ടണം എന്നർഥം. എന്നു പേരാകും. അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും. അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും. അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തും. ഈജിപ്റ്റുകാർ അന്ന് യഹോവയെ അംഗീകരിക്കും. അവർ യാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ച് അവിടത്തെ ആരാധിക്കും. അവർ യഹോവയ്ക്ക് നേർച്ചനേരുകയും അതു നിറവേറ്റുകയും ചെയ്യും. യഹോവ ഈജിപ്റ്റിനെ ഒരു മഹാമാരിയാൽ ശിക്ഷിക്കും; അവിടന്ന് അവരെ അടിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. അങ്ങനെ അവർ യഹോവയിലേക്കു തിരിയും. അവിടന്ന് അവരുടെ യാചന ശ്രദ്ധിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും. ആ കാലത്ത് ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു രാജവീഥിയുണ്ടാകും. അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും പോകും. ഈജിപ്റ്റുകാർ, അശ്ശൂര്യർ ഇവർ ഇരുവരും ഒത്തുചേർന്ന് ആരാധിക്കും. അന്നാളിൽ മൂന്നാമനായ ഇസ്രായേൽ, ഭൂമിയുടെ മധ്യേ ഈജിപ്റ്റിനും അശ്ശൂരിനും ഒരു അനുഗ്രഹമായിരിക്കും. “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും. ഈജിപ്റ്റിനും കൂശിനും എതിരേയുള്ള പ്രവചനം അശ്ശൂർരാജാവായ സർഗോൻ തന്റെ സർവസൈന്യാധിപനെ20:1 മൂ.ഭാ. തർത്താൻ അയച്ച്, അശ്ദോദിനെ ആക്രമിച്ച് പിടിച്ചടക്കിയ വർഷം, ആമോസിന്റെ മകനായ യെശയ്യാവിനോട് യഹോവ അരുളിച്ചെയ്തു: “നീ പോയി നിന്റെ അരയിൽനിന്ന് ചാക്കുശീലയും കാലിൽനിന്ന് ചെരിപ്പും അഴിച്ചുനീക്കുക.” അദ്ദേഹം അപ്രകാരംതന്നെ ചെയ്തു, നഗ്നനായും നഗ്നപാദനായും ചുറ്റിനടന്നു. അപ്പോൾ യഹോവ അരുളിച്ചെയ്തു: “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും ഒരു ചിഹ്നമായി നഗ്നനായും നഗ്നപാദനായും മൂന്നുവർഷം നടന്നതുപോലെ, അശ്ശൂർരാജാവ് ഈജിപ്റ്റിലെ ബന്ധിതരെയും കൂശിയിലെ പ്രവാസികളെയും ഈജിപ്റ്റിന്റെ ലജ്ജയ്ക്കായി യുവാക്കളെയും വൃദ്ധരെയും വസ്ത്രമുരിഞ്ഞവരായും നഗ്നപാദരായും നിതംബം മറയ്ക്കാത്തവരായും പിടിച്ചുകൊണ്ടുപോകും. അപ്പോൾ കൂശിനെ ആശ്രയിച്ചിരുന്നവരും ഈജിപ്റ്റിൽ പ്രശംസിച്ചിരുന്നവരും വിഷണ്ണരും ലജ്ജിതരുമായിത്തീരും. ആ ദിവസത്തിൽ, ‘ഇതാ, ഞങ്ങൾ ആശ്രയിച്ചിരുന്നവർക്ക്, അശ്ശൂർരാജാവിൽനിന്നുള്ള വിമോചനത്തിന്, സഹായംതേടി ഞങ്ങൾ ഓടിച്ചെന്നിരുന്നവർക്ക് എന്തു ഭവിച്ചിരിക്കുന്നു! ഇനി ഞങ്ങൾ എങ്ങനെ രക്ഷപ്പെടും,’ എന്ന് ഈ തീരദേശവാസികൾ പറയും.” ബാബേലിനെതിരേയുള്ള പ്രവചനം സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, ഭയാനകമായ പ്രദേശത്തുനിന്നുതന്നെ. ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു. ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു. എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; ഞാൻ കാത്തിരുന്ന സന്ധ്യാസമയം എനിക്കൊരു ഘോരത നൽകിയിരിക്കുന്നു. അവർ മേശയൊരുക്കുന്നു പരവതാനി വിരിക്കുന്നു ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, പരിചയ്ക്ക് എണ്ണയിടുക! കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ. ഈരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങൾ വരുന്നതും നിരനിരയായി കഴുതകളും ഒട്ടകങ്ങളും വരുന്നതു കാണുമ്പോൾ അവൻ ജാഗ്രതയുള്ളവനാകട്ടെ, പരിപൂർണ ജാഗരൂകൻതന്നെ.” അപ്പോൾ കാവൽക്കാരൻ21:8 ചി.കൈ.പ്ര. ഒരു സിംഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു. ഇതാ, രണ്ടു കുതിരയെപ്പൂട്ടി ഒരു പുരുഷൻ രഥമേറി വരുന്നു. ‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നിലത്തു ചിതറിക്കിടക്കുന്നു,’ ” എന്ന് അയാൾ വിളിച്ചുപറയുന്നു. മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു. ഏദോമിനെതിരേയുള്ള പ്രവചനം ദൂമായ്ക്കെതിരേയുള്ള21:11 ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം. പ്രവചനം: സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, “കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?” കാവൽക്കാരൻ മറുപടി പറയുന്നു: “പ്രഭാതം വരുന്നു, പിന്നെ രാത്രിയും. നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; ഇനിയും വീണ്ടും വരിക.” അറേബ്യക്കെതിരേയുള്ള പ്രവചനം അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ. തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക. അവർ വാളിൽനിന്ന്, ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്. കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും. കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു. ജെറുശലേമിനെക്കുറിച്ചുള്ള പ്രവചനം ദർശനത്താഴ്വരയ്ക്കെതിരേയുള്ള പ്രവചനം: നിങ്ങൾ എല്ലാവരും പുരമുകളിൽ കയറേണ്ടതിന് നിങ്ങൾക്ക് എന്തു സംഭവിച്ചു? കലാപകലുഷിതവും ഒച്ചപ്പാടും അഴിഞ്ഞാട്ടവും നിറഞ്ഞ നഗരമേ, നിങ്ങളുടെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, അവർ യുദ്ധത്തിൽ പട്ടുപോയവരുമല്ല. നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയി; വില്ല് ഉപയോഗിക്കാതെതന്നെ അവർ പിടിക്കപ്പെട്ടു. ശത്രുക്കൾ വളരെദൂരെ ആയിരുന്നപ്പോൾത്തന്നെ ഓടിപ്പോയിട്ടും നിങ്ങൾ എല്ലാവരും ഒരുമിച്ച് ബന്ദികളാക്കപ്പെട്ടു. അതിനാൽ ഞാൻ പറഞ്ഞു, “എന്നെവിട്ടു പിന്മാറുക; ഞാൻ പൊട്ടിക്കരയട്ടെ. എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെച്ചൊല്ലി നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കരുത്.” സൈന്യങ്ങളുടെ യഹോവയായ കർത്താവിൽനിന്ന് ദർശനത്താഴ്വരയിൽ ഭീതിയും സംഹാരവും പരിഭ്രമവും നിറഞ്ഞ ഒരു ദിവസം, മതിലുകൾ ഇടിക്കപ്പെടുകയും പർവതങ്ങളോടു നിലവിളിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു. രഥങ്ങളോടും കുതിരപ്പടയോടുംകൂടെ ഏലാം ആവനാഴിയെടുക്കുന്നു; കീർ പരിചയുടെ ഉറനീക്കുന്നു. നിന്റെ അതിമനോഹരമായ താഴ്വരകളിൽ രഥങ്ങൾ നിറഞ്ഞു; കുതിരച്ചേവകർ നഗരകവാടങ്ങളിൽ അണിനിരന്നു. അവിടന്ന് യെഹൂദയുടെ പ്രതിരോധം നീക്കിക്കളഞ്ഞു, അന്നു നിങ്ങൾ വനസൗധത്തിലെ ആയുധങ്ങൾ നോക്കി. ദാവീദിന്റെ നഗരത്തിന്റെ കോട്ടമതിലുകളിൽ വിള്ളലുകൾ നിരവധിയെന്നു നിങ്ങൾ കണ്ടു; താഴത്തെ കുളത്തിൽ നിങ്ങൾ വെള്ളം കെട്ടിനിർത്തി. നിങ്ങൾ ജെറുശലേമിലെ വീടുകൾ എണ്ണിനോക്കി, കോട്ട ബലപ്പെടുത്തുന്നതിന് നിങ്ങൾ വീടുകൾ ഇടിച്ചുകളഞ്ഞു. പഴയ കുളത്തിലെ22:11 ജെറുശലേം പട്ടണത്തിനു തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു ജലസംഭരണി എന്നു കരുതപ്പെടുന്നു. ജലത്തിനായി നിങ്ങൾ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലാശയമുണ്ടാക്കി, എങ്കിലും അതിനെ നിർമിച്ചവനിലേക്കു നിങ്ങൾ തിരിയുകയോ വളരെക്കാലംമുമ്പേ അത് ആസൂത്രണം ചെയ്തവനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയോ ചെയ്തില്ല. കർത്താവ്, സൈന്യങ്ങളുടെ യഹോവ, ആ ദിവസം നിങ്ങളെ കരയുന്നതിനും വിലപിക്കുന്നതിനും ശിരോമുണ്ഡനംചെയ്ത് ചാക്കുശീലധരിക്കുന്നതിനും ആഹ്വാനംചെയ്തു, എന്നാൽ അതിനുപകരം നിങ്ങൾ ആഹ്ലാദിച്ചു തിമിർത്തു; കന്നുകാലികളെ കശാപ്പുചെയ്ത് ആടിനെ അറത്ത് മാംസം ഭക്ഷിച്ചു വീഞ്ഞു പാനംചെയ്തു. “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ,” എന്നു നിങ്ങൾ പറയുന്നു! സൈന്യങ്ങളുടെ യഹോവ ഞാൻ കേൾക്കുംവിധം എനിക്കു വെളിപ്പെടുത്തിയത്: “നിങ്ങൾ മരിക്കുന്ന ദിവസംവരെ നിങ്ങളുടെ ഈ പാപത്തിന് പ്രായശ്ചിത്തം ലഭിക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇപ്രകാരം കൽപ്പിക്കുന്നു: “നീ പോയി, കാര്യസ്ഥനും കൊട്ടാരം ഭരണാധിപനുമായ ശെബ്നയോട് ഇപ്രകാരം പറയുക: നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടുന്നതിന് ആരാണ് നിനക്ക് അനുമതി നൽകിയത്? ഉയർന്നസ്ഥാനത്ത് നീ കല്ലറ വെട്ടുന്നു; പാറയിൽ ഒരു പാർപ്പിടം നിർമിക്കുന്നു. “കരുതിയിരിക്കുക, യഹോവ നിന്നെ താഴോട്ട് ചുഴറ്റി എറിഞ്ഞുകളയും, അവിടന്നു നിന്നെ ബലമായി പിടിക്കാൻ പോകുന്നു. യഹോവ നിന്നെ ഒരു പന്തുപോലെ ചുരുട്ടിയെടുത്ത് വളരെ വിശാലമായൊരു രാജ്യത്തേക്ക് ഉരുട്ടിക്കളയും, അവിടെ നീ മരിക്കും. നീ അഭിമാനംകൊണ്ടിരുന്ന നിന്റെ രഥങ്ങൾ നിന്റെ യജമാനന്റെ ഗൃഹത്തിന് ഒരു ലജ്ജയായി മാറും. നിന്റെ ഉദ്യോഗത്തിൽനിന്ന് ഞാൻ നിന്നെ സ്ഥാനഭ്രഷ്ടനാക്കും നിന്റെ സ്ഥാനത്തുനിന്ന് നീ നീക്കപ്പെടും. “ആ ദിവസത്തിൽ എന്റെ ദാസനായ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമിനെ ഞാൻ വിളിച്ചുവരുത്തും. അദ്ദേഹത്തെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ അരക്കച്ചകൊണ്ട് അദ്ദേഹത്തിന്റെ അര കെട്ടും. നിന്റെ അധികാരം ഞാൻ അദ്ദേഹത്തിനു നൽകും. ജെറുശലേംനിവാസികൾക്കും യെഹൂദാജനത്തിനും അദ്ദേഹം ഒരു പിതാവായിത്തീരും. ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ തോളിൽ വെക്കും; അദ്ദേഹം തുറക്കുന്നത് അടയ്ക്കാൻ ആർക്കും കഴിയുകയില്ല, അദ്ദേഹം അടയ്ക്കുന്നത് തുറക്കാൻ ആർക്കും കഴിയുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അദ്ദേഹത്തെ തറയ്ക്കും; തന്റെ പിതൃഭവനത്തിന് അദ്ദേഹം മഹത്ത്വമുള്ള ഒരു സിംഹാസനം ആയിത്തീരും. അദ്ദേഹത്തിന്റെ പിതൃഭവനത്തിന്റെ എല്ലാ മഹത്ത്വവും അവർ അദ്ദേഹത്തിന്റെമേൽ തൂക്കിയിടും; സന്തതിയെയും പിൻഗാമികളെയും—കിണ്ണംമുതൽ ഭരണിവരെയുള്ള സകലചെറുപാത്രങ്ങളെയും തന്നെ.” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, “അന്നാളിൽ, ഉറപ്പുള്ള സ്ഥലത്തു തറച്ച ആണി ഇളകിപ്പോകും, അതു മുറിക്കപ്പെട്ട് താഴെവീഴും, അതിന്മേൽ തൂങ്ങുന്ന ഭാരവും വീണുപോകും.” യഹോവയല്ലോ അരുളിച്ചെയ്യുന്നത്. സോരിനെതിരേയുള്ള പ്രവചനം സോരിനെതിരേയുള്ള പ്രവചനം: തർശീശ് കപ്പലുകളേ, വിലപിക്കുക! ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കിത്തീം ദേശത്തുനിന്ന് അവർക്ക് ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു. ദ്വീപുനിവാസികളേ, സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ, നിശ്ശബ്ദരായിരിക്കുക. സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും നൈൽനദീതടത്തിലെ വിളവും ആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം, അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു. സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക, “ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല; ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,” എന്ന് സമുദ്രം പറയുന്നു. ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ, സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും. ദ്വീപുനിവാസികളേ, മുറയിടുക; തർശീശിലേക്കു കടന്നുചെല്ലുക. പുരാതനകാലം മുതലേയുള്ള നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്? അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും. കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ മഹാനഗരമായ സോരിനെതിരേ ആരാണ് ഈ പദ്ധതി ഒരുക്കിയത്? അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു. തർശീശ്പുത്രീ, ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക. അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി, അവിടന്നു രാജ്യങ്ങളെ നടുക്കി. യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു. അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ, നീ ഇനി ആനന്ദിക്കുകയില്ല! “എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക; അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.” ഇതാ, ബാബേല്യരുടെ23:13 അഥവാ, കൽദയരുടെ രാജ്യം, അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി! മരുഭൂമിയിലെ മൃഗങ്ങൾക്കായി അശ്ശൂർ അതിനെ നിയമിച്ചു; അവർ ഉപരോധഗോപുരങ്ങൾ പണിതു; അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞു അവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. തർശീശ് കപ്പലുകളേ, വിലപിക്കുക; നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും. “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ, നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക; അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്, അനവധി ഗാനങ്ങൾ ആലപിക്കുക.” ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും. എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും. ഭൂമിയുടെ ശിക്ഷാവിധി ഇതാ, യഹോവ ഭൂമിയെ ശൂന്യവും ജനവാസമില്ലാത്തതുമാക്കും; അതിനെ കീഴ്‌മേൽ മറിക്കുകയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. അത് ഒരുപോലെ, ജനങ്ങൾക്കെന്നപോലെ പുരോഹിതനും ദാസന്മാർക്കെന്നപോലെ യജമാനനും ദാസിക്കെന്നപോലെ യജമാനത്തിക്കും വാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കും കടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കും പലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും. ഭൂമി ഒന്നാകെ ശൂന്യമായും അതുമുഴുവനും കവർച്ചയായും പോകും. യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. ഭൂമി ഉണങ്ങി വാടിപ്പോകുന്നു, ലോകം തളർന്നു വാടിപ്പോകുന്നു, ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു. ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു; അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും നിയമവ്യവസ്ഥകൾ ലംഘിക്കുകയും നിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി; അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു. അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു, ചുരുക്കംപേർമാത്രം ശേഷിക്കുന്നു. പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു; സന്തുഷ്ടഹൃദയമുള്ളവർ നെടുവീർപ്പിടുന്നു. തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു, വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു. അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല; മദ്യം കുടിക്കുന്നവർക്ക് അതു കയ്‌പായിത്തീരുന്നു. നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു; ആരും പ്രവേശിക്കാതവണ്ണം എല്ലാ വീടും അടയ്ക്കപ്പെട്ടിരിക്കുന്നു. തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു. ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു, ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു, നഗരകവാടം ഇടിച്ചുതകർത്തുകളഞ്ഞു. ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ മുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോ ആയിരിക്കും ഭൂമിയിൽ രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്. അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു; യഹോവയുടെ മഹത്ത്വത്തെപ്പറ്റി അവർ സമുദ്രത്തിൽനിന്ന്24:14 അഥവാ, പശ്ചിമദിക്കിൽനിന്ന് വിളിച്ചുപറയുന്നു. അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക; സമുദ്രതീരങ്ങളിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമം ഉയർത്തുക. “നീതിമാനായവനു24:16 നീതിമാനായവനു, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. മഹത്ത്വം,” എന്ന ഗാനം ഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു! എനിക്ക് അയ്യോ കഷ്ടം! വഞ്ചകർ ഒറ്റുകൊടുക്കുന്നു. അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.” അല്ലയോ ഭൂവാസികളേ, ഭീതിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു. ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ കുഴിയിൽ വീഴും; കുഴിയിൽനിന്ന് കയറുന്നവർ കെണിയിൽ അകപ്പെടും. ആകാശത്തിലെ ജാലകങ്ങൾ24:18 അതായത്, പ്രളയംപോലെ വിനാശം വർഷിക്കപ്പെടും. തുറന്നിരിക്കുന്നു, ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി ചെറിയകഷണങ്ങളായി തകരുന്നു, ഭൂമി പൊട്ടിപ്പിളരുന്നു, ഭൂമി അതിതീവ്രമായി കുലുങ്ങുന്നു. ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു, അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു; അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു, അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല. അന്നാളിൽ യഹോവ ഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയും താഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും. കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ അവർ ഒരുമിച്ചുകൂട്ടപ്പെടും; അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും അനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും.24:22 അഥവാ, മോചിപ്പിക്കപ്പെടുകയും ചെയ്യും അന്നു ചന്ദ്രൻ വിളറിപ്പോകും; സൂര്യൻ ലജ്ജിക്കും; സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും ജെറുശലേമിലും വാഴും. തന്റെ ജനത്തിന്റെ നേതാക്കന്മാരുടെമുമ്പിൽ സകലപ്രതാപത്തോടുംകൂടെത്തന്നെ. യഹോവയ്ക്കു സ്തോത്രം യഹോവേ, അങ്ങാണ് എന്റെ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും, കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടത്തെ പുരാതന പദ്ധതികൾ പരിപൂർണ വിശ്വസ്തതയുള്ളതാണ്. അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി, കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു, വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല; അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല. അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും; ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും. ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും കൊടുങ്കാറ്റിൽ ഒരു ആശ്രയവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും. വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു. സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും— ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ. ഈ പർവതത്തിൽവെച്ച് അവിടന്ന് സകലജനതകളുടെയുംമേലുള്ള ആവരണം, എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും; അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും കണ്ണുനീർ തുടച്ചുകളയും; തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് സകലഭൂമിയിൽനിന്നും നീക്കിക്കളയും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. ആ ദിവസത്തിൽ അവർ പറയും, “ഇതാ, നമ്മുടെ ദൈവം! അവിടത്തേക്കായി നാം കാത്തിരുന്നു. നാം കാത്തിരുന്ന യഹോവ ഇതാകുന്നു; നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.” യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും; ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും. നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ, അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും. യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.25:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും അവയെ താഴെവീഴ്ത്തും; നിലത്തെ പൊടിയോളം അവിടന്ന് അവരെ നിലംപരിചാക്കും. സ്തോത്രഗാനം ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും: ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്; ദൈവം രക്ഷ അതിന്റെ കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു. വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത പ്രവേശിക്കേണ്ടതിന് അതിന്റെ കവാടങ്ങൾ തുറക്കുക. സ്ഥിരമാനസൻ അങ്ങയിൽ ആശ്രയിച്ചിരിക്കുകയാൽ അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും. യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ. മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; അവിടന്ന് അതിനെ നിലംപരിചാക്കി പൊടിയിൽ വീഴ്ത്തിക്കളയുന്നു. കാൽ അതിനെ ചവിട്ടിക്കളയും; പീഡിതരുടെ കാലുകൾ, അശരണരുടെയും കാലുകൾതന്നെ. നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ; നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും. അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി26:8 അഥവാ, ന്യായവിധികൾക്കനുസൃതമായി ജീവിച്ച്, ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു; അങ്ങയുടെ നാമവും സ്മരണയും, ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു. രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു. അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കും. എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും, അവർ നീതി അഭ്യസിക്കുകയില്ല; നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല. യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു, എങ്കിലും അവർ അതു കാണുന്നില്ല. അങ്ങയുടെ ജനത്തോടുള്ള അവിടത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കട്ടെ; അങ്ങയുടെ ശത്രുക്കൾക്കായുള്ള അഗ്നി അവരെ ദഹിപ്പിച്ചുകളയട്ടെ. യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ, അങ്ങ് ഞങ്ങൾക്കു സമാധാനം സ്ഥാപിക്കുന്നു. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്, എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്. അവർ ഇപ്പോൾ മരിച്ചവരാണ്, ഇനിയൊരിക്കലും ജീവിക്കുകയില്ല; അവർ വെറും നിഴൽ, ഇനി ഉയിർത്തെഴുന്നേൽക്കുകയുമില്ല. അങ്ങ് അവരെ ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; അവരുടെ ഓർമയെ മുഴുവനായും അങ്ങ് തുടച്ചുനീക്കിയിരിക്കുന്നു. യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു; അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു. അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു; ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു. യഹോവേ, അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു; അവിടത്തെ ശിക്ഷ അവരുടെമേൽ വീണപ്പോൾ ഒരു യാചന അങ്ങയുടെമുമ്പിൽ പകരുന്നതിനേ അവർക്കു കഴിഞ്ഞുള്ളൂ.26:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. യഹോവേ, ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾ അവൾ വേദനകൊണ്ടു പുളയുകയും നിലവിളിക്കുകയുംചെയ്യുന്നു അതുപോലെ ആയിരുന്നു അവിടത്തെ മുമ്പിൽ ഞങ്ങളുടെ അവസ്ഥ. ഞങ്ങൾ ഗർഭംധരിച്ചു, ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു, എന്നാൽ ഞങ്ങൾ പ്രസവിച്ചത് വെറും കാറ്റ് ആയിരുന്നു. ദേശത്തിന് ഒരു രക്ഷയും ഞങ്ങൾ വരുത്തിയില്ല, ഭൂവാസികൾ ജീവനിലേക്കു വന്നതുമില്ല. അങ്ങയുടെ മൃതന്മാർ ജീവിക്കും; അവരുടെ ശവങ്ങൾ എഴുന്നേൽക്കും— പൊടിയിൽ അധിവസിക്കുന്നവരേ, ഉണർന്ന് ആനന്ദത്താൽ ആർപ്പിടുവിൻ. നിങ്ങളുടെ മഞ്ഞ് പ്രഭാതത്തിലെ തുഷാരബിന്ദുക്കൾപോലെയാണ്; ഭൂമി അവളുടെ മൃതരുടെ ആത്മാക്കളെ വീണ്ടും ജീവിപ്പിക്കും. എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച് വാതിലുകൾ അടയ്ക്കുക; ക്രോധം നിങ്ങളെ കടന്നുപോകുന്നതുവരെ, അൽപ്പനേരത്തേക്ക് ഒളിച്ചുകൊൾക. ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ തന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും, തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല. ഇസ്രായേലിന്റെ വിമോചനം അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും. ആ ദിവസത്തിൽ, “ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക: യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; പതിവായി ഞാൻ അതു നനയ്ക്കുന്നു. ആരും അതിനു ഹാനി വരുത്താതിരിക്കാൻ രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു. ഞാൻ കോപിഷ്ഠനല്ല. എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു. അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.” വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും ഇസ്രായേൽ തളിർത്തു പൂക്കുകയും ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും. അവളെ27:7 അതായത്, ഇസ്രായേലിനെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ യഹോവ അവളെ അടിച്ചത്? അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ അവൾ വധിക്കപ്പെട്ടത്? യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു: കിഴക്കൻകാറ്റിന്റെ ദിവസത്തിൽ തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി. ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും, അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു: യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന് തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നിവർന്നുനിൽക്കുകയില്ല. കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, അവിടെ അവ കിടക്കുകയും ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും. അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും, സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും. കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ; അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല, അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല. അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും. ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും. എഫ്രയീമിലെയും യെഹൂദ്യയിലെയും നേതാക്കൾക്ക് അയ്യോ കഷ്ടം! എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം! വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്, മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ. ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും. എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും. വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് അവർ അതു വിഴുങ്ങുന്നു! ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ശോഭയുള്ള ഒരു കിരീടവും മഹത്ത്വകരമായ മകുടവുമായിരിക്കും. ന്യായാസനത്തിലിരിക്കുന്നവർക്ക് അവിടന്ന് നീതിബോധത്തിന്റെ ആത്മാവും നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക് കരുത്തും ആയിരിക്കും. എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, അവർ വീഞ്ഞിനാൽ മത്തരും മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു. മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു, വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല. “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്? ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്? ഇപ്പോൾ മുലകുടി മാറിയവരെയോ? ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ? കാരണം അവർ പറയുന്നു: കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.” അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും ദൈവം ഈ ജനത്തോടു സംസാരിക്കും. “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും “ഇതാണ് ആശ്വാസസ്ഥാനം,” എന്നും അവിടന്ന് അവരോടു പറഞ്ഞു. എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു. അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ. അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക. “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു. അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ, ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവർ പരിഭ്രാന്തരാകുകയില്ല. ഞാൻ ന്യായത്തെ അളവുനൂലും നീതിയെ തൂക്കുകട്ടയുമാക്കും; അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും, വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും. മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, നിങ്ങൾ തകർന്നുപോകും. അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും; പ്രഭാതംതോറും, രാത്രിയും പകലും അതു നിങ്ങളെ കടന്നുപോകും.” അതിനെക്കുറിച്ചുള്ള കേൾവിതന്നെ നിങ്ങൾക്കു സംഭ്രമമുണ്ടാക്കും. കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും. യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും. ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും; കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ് സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു. ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക. കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ? അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ? അവർ ഉപരിതലം നിരപ്പാക്കി കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് അതിന്റെ നിരയിലും യവം അതിന്റെ സ്ഥാനത്തും ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്? അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല, ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല; കരിംജീരകം കമ്പുകൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്. അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്; അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല. മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ. ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു, അവിടന്ന് തന്റെ ആലോചന അത്ഭുതകരവും ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു. ദാവീദിന്റെ പട്ടണത്തിന് അയ്യോ, കഷ്ടം! അരീയേലേ, അരീയേലേ, ദാവീദ് വസിച്ചിരുന്ന നഗരമേ, നിനക്കു ഹാ, കഷ്ടം! വർഷത്തോടു വർഷം ചേർത്തുകൊള്ളുക, നിങ്ങളുടെ ഉത്സവങ്ങൾ പതിവുപോലെ ആഘോഷിക്കുക. ഞാൻ അരീയേലിനു ദുരിതംവരുത്തും; അവൾ വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യും, അവൾ എനിക്ക് ഒരു ബലിപീഠത്തിന്റെ അടുപ്പുപോലെ ആയിരിക്കും. ഞാൻ നിന്നെ വളഞ്ഞു നിനക്കുചുറ്റും പാളയമടിക്കും; നിനക്കുചുറ്റും ഉപരോധക്കോട്ടകൾ തീർക്കും, ഞാൻ നിനക്കെതിരേ കൊത്തളങ്ങൾ പണിയിക്കുകയും ചെയ്യും. അപ്പോൾ നീ താഴ്ത്തപ്പെടും, നിലത്തുനിന്നുകൊണ്ട് നീ സംസാരിക്കും; നീ സാഷ്ടാംഗം വീണുകിടക്കുന്ന പൂഴിയിൽനിന്ന് നിന്റെ വാക്കുകൾ പുറപ്പെടും. ഭൂമിയിൽനിന്നു ഭൂതം പുറപ്പെട്ടുവരുന്നതുപോലെ നിന്റെ ശബ്ദം വരും; പൊടിയിൽനിന്ന് നിന്റെ ഭാഷണം മന്ത്രിക്കും. നിന്റെ ശത്രുസമൂഹം നേരിയ പൊടിപോലെയും ക്രൂരരായ കവർച്ചസംഘം പാറിപ്പോകുന്ന പതിർപോലെയും ആകും. അതു ക്ഷണനേരംകൊണ്ട്, പെട്ടെന്നുതന്നെ സംഭവിക്കും. ഇടിമുഴക്കം, ഭൂകമ്പം, വലിയശബ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ദഹിപ്പിക്കുന്ന അഗ്നിജ്വാല എന്നിവയോടുകൂടെ സൈന്യങ്ങളുടെ യഹോവ എഴുന്നള്ളും. അരീയേലിനെതിരേ യുദ്ധംചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളുടെയും കവർച്ചസംഘം, അവൾക്കും അവളുടെ കോട്ടയ്ക്കുമെതിരേ ഉപരോധംതീർക്കും. അവളെ ആക്രമിക്കുന്നവർ ഒരു സ്വപ്നംപോലെ, രാത്രിയിൽ കാണുന്ന ഒരു ദർശനംപോലെ ആയിത്തീരും— വിശപ്പുള്ളയാൾ ഭക്ഷിക്കുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ വിശപ്പു ശമിച്ചിട്ടില്ലാത്തതുപോലെയും ദാഹമുള്ളയാൾ പാനംചെയ്യുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ ദാഹം ശമിക്കാതെ ക്ഷീണിതനായിരിക്കുന്നതുപോലെയും ആകും. സീയോൻപർവതത്തെ ആക്രമിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും സൈന്യത്തിന്റെ ഗതി ഇതുതന്നെ ആയിരിക്കും. സ്തബ്ധരാകുക, അത്ഭുതംകൂറുക, അന്ധത പിടിച്ച് കുരുടരാകുക; അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും, അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും. യഹോവ നിങ്ങളുടെമേൽ ഗാഢനിദ്ര അയച്ചിരിക്കുന്നു: നിങ്ങളുടെ പ്രവാചകന്മാരാകുന്ന കണ്ണുകളെ അവിടന്ന് അടച്ചുകളഞ്ഞു; ദർശകന്മാരാകുന്ന ശിരസ്സുകളെ അവിടന്നു മൂടിക്കളഞ്ഞു. എല്ലാ ദർശനവും നിങ്ങൾക്ക് മുദ്രയിട്ട പുസ്തകച്ചുരുളിലെ വചനങ്ങൾപോലെ ആയിത്തീരും. അത് അക്ഷരാഭ്യാസമുള്ള ഒരുവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ, “എനിക്കു കഴിയില്ല, ഇതു മുദ്രയിട്ടിരിക്കുന്നു” എന്ന് അയാൾ മറുപടി പറയും. അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത് പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്. അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും. ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും, ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.” തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം! നിങ്ങൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചുകളയുന്നു, കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ! നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി, “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ? മൺപാത്രം കുശവനെക്കുറിച്ച്, “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ? ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ? ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും. അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും— മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ. അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല. എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.” കഠിനഹൃദയരായ ജനത “കഠിനഹൃദയരായ മക്കൾക്കു ഹാ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “എന്റേതല്ലാത്ത പദ്ധതികൾ നടപ്പിലാക്കി, എന്റെ ആത്മാവിന്റെ ആലോചനകൂടാതെ സഖ്യംചെയ്ത്,30:1 മൂ.ഭാ. പാനീയയാഗം അർപ്പിച്ച്. പാപത്തിനുമേൽ പാപം കൂട്ടുകയും ചെയ്യുന്നവർക്കുതന്നെ. അവർ എന്നോട് അരുളപ്പാടു ചോദിക്കാതെ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നു; ഫറവോന്റെ സംരക്ഷണത്തിനായി ശ്രമിച്ച്, ഈജിപ്റ്റിന്റെ നിഴലിൽ അഭയംതേടുന്നവർക്കുതന്നെ. എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു ലജ്ജയായിത്തീരും, ഈജിപ്റ്റിന്റെ നിഴൽ നിങ്ങൾക്ക് അപമാനമായി ഭവിക്കും. സോവാനിൽ അവർക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നിട്ടും അവരുടെ സ്ഥാനപതികൾ ഹാനേസിൽ എത്തിയിട്ടും, തങ്ങൾക്കു പ്രയോജനം വരുത്താത്തതും സഹായമോ ഉപകാരമോ നൽകാത്തതും ലജ്ജയും അപമാനവും വരുത്തുന്നതുമായ ഒരു ജനതനിമിത്തം അവരെല്ലാവരും ലജ്ജിതരായിത്തീരും.” തെക്കേദേശത്തിലെ30:6 അതായത്, യെഹൂദയ്ക്കു തെക്കുവശത്തുള്ള മൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: ദുരിതവും കഷ്ടതയുമുള്ള, സിംഹവും സിംഹിയും അണലിയും പറക്കുംപാമ്പും നിറഞ്ഞ ദേശത്തിലൂടെ സ്ഥാനപതികൾ കഴുതകളുടെ മുതുകത്ത് അവരുടെ സ്വത്തും, ഒട്ടകങ്ങളുടെ പുറത്ത് അവരുടെ നിധികളും വഹിച്ചുകൊണ്ട്, നിഷ്‌പ്രയോജന ദേശത്തേക്ക്, നിരർഥക സഹായത്തിന്റെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ പോകുന്നു. അതുകൊണ്ട് ഞാൻ അവളെ അലസയായ രഹബ്30:7 പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം. എന്നു വിളിച്ചു. ഇപ്പോൾ പോയി, അവരുടെമുമ്പാകെ ഒരു പലകയിൽ അത് എഴുതുക, വരുംകാലത്തേക്ക് ഒരു ശാശ്വത സാക്ഷ്യമായിരിക്കേണ്ടതിന് അത് ഒരു ചുരുളിൽ എഴുതുക. കാരണം ഇവർ മത്സരമുള്ള ഒരു ജനതയാണ്, യഹോവയുടെ ഉപദേശം ശ്രദ്ധിക്കാത്ത വ്യാജസന്തതിയാണ്. അവർ ദർശകന്മാരോട്, “നിങ്ങൾ ഇനിയൊരിക്കലും ദർശനങ്ങൾ ദർശിക്കരുത്!” എന്നും പ്രവാചകന്മാരോട്, “നിങ്ങൾ ഇനിയൊരിക്കലും സത്യമായ കാര്യം ഞങ്ങളോടു പ്രവചിക്കരുത്! മധുരവാക്കുകൾ ഞങ്ങളോടു സംസാരിക്കുക, വ്യാജം പ്രവചിക്കുക. വഴി വിട്ടുമാറുക, ഈ പാത വിട്ടു നടക്കുക, ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് ഞങ്ങളോടു പറയുന്നതു മതിയാക്കുക” എന്നും പറയുന്നു. അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനം നിരസിക്കയും പീഡനത്തിൽ ആശ്രയിക്കുകയും കാപട്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്, ഈ അകൃത്യം നിങ്ങൾക്ക് നിമിഷനേരംകൊണ്ടു നിലംപൊത്തുന്ന വിള്ളൽവീണ് പുറത്തേക്കു തള്ളിനിൽക്കുന്ന ഉയരമുള്ള ഒരു കോട്ടപോലെ ആയിത്തീരും. അടുപ്പിൽനിന്ന് തീ കോരിയെടുക്കാനോ ജലസംഭരണിയിൽനിന്ന് വെള്ളം മുക്കിയെടുക്കാനോ കൊള്ളാവുന്ന ഒരു കഷണംപോലും അവശേഷിക്കാതെ നിർദയം ഉടച്ചുതകർക്കപ്പെട്ട കുശവന്റെ ഒരു കലംപോലെയാകും അതിന്റെ തകർച്ചയും.” ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ30:15 മൂ.ഭാ. സ്വസ്ഥമായിരുന്നാൽ നിങ്ങൾ രക്ഷപ്രാപിക്കും. ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി, എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല. ‘ഇല്ല, ഞങ്ങൾ കുതിരപ്പുറത്തുകയറി ഓടിപ്പോകും,’ എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ ഓടിപ്പോകും! ‘വേഗമുള്ള കുതിരകളിന്മേൽ ഞങ്ങൾ കയറി ഓടിച്ചുപോകും,’ എന്നും നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിൻതുടരുന്നവരും വേഗമുള്ളവരായിരിക്കും! പർവതശൃംഗത്തിൽ ഒരു കൊടിമരംപോലെയും മലമുകളിൽ ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ ഒരുവന്റെ ഭീഷണിക്കു മുന്നിൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങൾ മുഴുവൻ പേരും ഓടിപ്പോകും.” എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു; അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും. കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു. അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ. ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും. കർത്താവ് നിങ്ങൾക്ക് അപ്പത്തിന്റെ സ്ഥാനത്തു കഷ്ടതയും ജലത്തിനു പകരം പീഡനവുമാണ് തന്നതെങ്കിലും നിന്റെ ഗുരുക്കന്മാർ ഇനി അദൃശ്യരായിരിക്കുകയില്ല; നിന്റെ കണ്ണുകൾ നിന്റെ ഗുരുക്കന്മാരെ കാണും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, “വഴി ഇതാകുന്നു, ഇതിലെ നടന്നുകൊൾക” എന്നൊരു വാക്ക് നിന്റെ പിന്നിൽ നിന്റെ കാതുകൾതന്നെ കേൾക്കും. വെള്ളി പൊതിഞ്ഞ വിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുരൂപങ്ങളെയും നിങ്ങൾ അശുദ്ധമാക്കും. ആർത്തവരക്തം പുരണ്ട തുണി എന്നപോലെ നിങ്ങൾ, “ദൂരെ പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞ് അവയെ എറിഞ്ഞുകളയും. അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും. നിലം ഉഴുന്ന കാളകളും കഴുതകളും, കവരത്തടിയും30:24 അതായത്, ധാന്യവും പതിരും വേർതിരിക്കുന്നതിന് കോരിയെറിയുന്ന ഉപകരണം. തൂമ്പയുംകൊണ്ടു വിരിച്ചിട്ട കാലിത്തീറ്റയും പതിരുനീക്കപ്പട്ട ധാന്യവും തിന്നും. ആ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ നിലംപൊത്തുമ്പോൾ ഉന്നതമായ എല്ലാ പർവതങ്ങളിലും ഉയരമുള്ള എല്ലാ കുന്നുകളിലും അരുവികൾ ഒഴുകിത്തുടങ്ങും. യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും താൻ വരുത്തിയ മുറിവു ഭേദമാക്കുകയും ചെയ്യുന്ന ദിവസത്തിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകുകയും സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശം ചേർന്നതുപോലെ ഏഴുമടങ്ങ് ദീപ്തമായിരിക്കുകയും ചെയ്യും. ഇതാ, കോപംകൊണ്ടു ജ്വലിച്ചും കനത്ത പുകകൊണ്ട് ഇരുണ്ടും യഹോവയുടെ നാമം വിദൂരസ്ഥലത്തുനിന്നും വരുന്നു; അവിടത്തെ അധരങ്ങൾ ക്രോധപൂർണമായും അവിടത്തെ നാവ് ജ്വലിക്കുന്ന അഗ്നിനാളംപോലെയും ഇരിക്കുന്നു. അവിടത്തെ ശ്വാസം കഴുത്തോളം ഉയരുന്ന, കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ പോലെയാണ്. അത് ജനതകളെ നാശമാകുന്ന അരിപ്പയിൽ അരിക്കുന്നു; അത് ജനങ്ങളുടെ താടിയെല്ലിൽ അവരെ വഴിതെറ്റിക്കുന്ന ഒരു കടിഞ്ഞാൺ കോർക്കുകയും ചെയ്യുന്നു. വിശുദ്ധോത്സവം ആഘോഷിക്കുന്ന രാത്രിയിലെന്നപോലെ നിങ്ങൾ ഗാനമാലപിക്കും; യഹോവയുടെ പർവതത്തിലേക്ക്, ഇസ്രായേലിന്റെ പാറയായവന്റെ അടുക്കലേക്ക്, കുഴൽനാദത്തോടൊപ്പം ജനം പോകുമ്പോഴുണ്ടാകുംപോലുള്ള ആനന്ദം നിങ്ങളുടെ ഹൃദയങ്ങൾക്കുണ്ടാകും. യഹോവ തന്റെ മഹത്ത്വമുള്ള അധികാരസ്വരം കേൾപ്പിക്കും, ഭയാനകമായ ക്രോധത്തിലും ദഹിപ്പിക്കുന്ന അഗ്നിജ്വാലയിലും മേഘവിസ്ഫോടനം, ഇടിമിന്നൽ, കന്മഴ എന്നിവയിലും തന്റെ ഭുജവീര്യം അവിടന്നു വെളിപ്പെടുത്തുകയും ചെയ്യും. യഹോവയുടെ ഉഗ്രനാദം അശ്ശൂരിനെ തകർക്കും; തന്റെ വടികൊണ്ട് അവിടന്ന് അവരെ അടിക്കും. യഹോവ തന്റെ ബലമുള്ള ഭുജംകൊണ്ടാണ് അവരോടു യുദ്ധംചെയ്യുമ്പോൾ അവിടന്ന് തന്റെ ശിക്ഷാദണ്ഡുകൊണ്ട് അവരുടെമേൽ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും തപ്പിന്റെയും കിന്നരത്തിന്റെയും നാദത്തോടുകൂടെ ആയിരിക്കും. അഗ്നികുണ്ഡം നേരത്തേതന്നെ ഒരുക്കിയിരിക്കുന്നു; അതു രാജാവിനായിട്ടും സജ്ജമാക്കിയിട്ടുണ്ട്. അതിനെ അവിടന്ന് അഗാധവും വിശാലവുമാക്കിയിരിക്കുന്നു, ചിതയിൽ തീയും ധാരാളം വിറകുമുണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ ജ്വലിപ്പിക്കും. ഈജിപ്റ്റിനെ ആശ്രയിക്കുന്നവർക്കു ഹാ കഷ്ടം സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും കുതിരകളെ ആശ്രയിക്കുകയും അവരുടെ അനവധി രഥങ്ങളിലും കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട് ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം. എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും; അവിടന്ന് തന്റെ വാക്കുകൾ പിൻവലിക്കുകയില്ല. അവിടന്ന് ആ ദുഷ്ടരാഷ്ട്രത്തിനെതിരേ എഴുന്നേൽക്കും, അധർമികളെ സഹായിക്കുന്ന അവർക്കെതിരേതന്നെ. കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്; അവരുടെ കുതിരകൾ ആത്മാവല്ല, മൂപ്പെത്താത്ത മാംസംമാത്രം. യഹോവ തന്റെ കരം നീട്ടുമ്പോൾ, സഹായകർ ഇടറുകയും സഹായം സ്വീകരിക്കുന്നവർ വീഴുകയും ചെയ്യും; അവരെല്ലാം ഒരുമിച്ചുതന്നെ നശിക്കും. യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു സിംഹം മുരളുമ്പോൾ, ഒരു സിംഹക്കുട്ടി അതിന്റെ ഇര കണ്ടു മുരളുമ്പോൾ, ഒരു ഇടയക്കൂട്ടത്തെ അതിനുനേരേ വിളിച്ചുകൂട്ടിയാൽപോലും, അത് അവരുടെ ആർപ്പുവിളി കേട്ടു ഭയപ്പെടുകയോ അവരുടെ ആരവത്താൽ പരിഭ്രമിക്കുകയോ ചെയ്യുകയില്ല. അതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും അതിലെ മലയിലും യുദ്ധംചെയ്യാൻ ഇറങ്ങിവരും. വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ സൈന്യങ്ങളുടെ യഹോവ ജെറുശലേമിനെ സംരക്ഷിക്കും; അവിടന്ന് അതിനെ കാക്കുകയും വിടുവിക്കുകയും ചെയ്യും, അവിടന്ന് അതിനെ ‘കടന്നുപോകുകയും’31:5 ഈ വാക്ക് പെസഹായെ അനുസ്മരിപ്പിക്കുന്നു. മോചിപ്പിക്കുകയും ചെയ്യും.” ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക. കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും. “അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും; മർത്യരുടേതല്ലാത്ത ഒരു വാൾ അവരെ വിഴുങ്ങും. ഈ വാളിൽനിന്ന് അവൻ രക്ഷപ്പെടുകയില്ല, അവരുടെ യുവാക്കൾ അടിമകളായിത്തീരും. ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും; യുദ്ധക്കൊടികണ്ട് അവരുടെ സൈന്യാധിപന്മാർ സംഭ്രമിക്കും,” എന്ന് സീയോനിൽ തീയും ജെറുശലേമിൽ ചൂളയുമുള്ള യഹോവ അരുളിച്ചെയ്യുന്നു. നീതിയുടെ രാജാവ് ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും. ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും. കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും. തിടുക്കമുള്ള32:4 അതായത്, ഭയമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കുള്ള നാവ് തെളിവായി സംസാരിക്കും. ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല. ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു. ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് അവർ ദുരുപായങ്ങൾ ആലോചിക്കുന്നു. എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ജെറുശലേമിലെ സ്ത്രീകൾ അലംഭാവമുള്ള സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുക; സുരക്ഷിതർ എന്നു കരുതുന്ന പുത്രിമാരേ, എന്റെ വചനം ശ്രദ്ധിക്കുക. ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും. മുന്തിരിയുടെ വിളവു മുടങ്ങും, ഫലശേഖരണം ഉണ്ടാകുകയുമില്ല. അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക; സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക! മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക, പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക. സന്തുഷ്ടമായ വയലുകളും ഫലപുഷ്ടിയുള്ള മുന്തിരിവള്ളികളും ഓർത്ത് മാറത്തടിച്ചു വിലപിക്കുക. മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി, അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക, അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ. കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും, ജനനിബിഡമായ നഗരം വിജനമാക്കപ്പെടും; രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും, കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും. ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും മരുഭൂമി ഫലപുഷ്ടിയുള്ള വയലായും വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ. അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും, ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും. നീതിയുടെ ഫലം സമാധാനവും അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും. അന്ന് എന്റെ ജനം സമാധാനഭവനത്തിലും സുരക്ഷിതമായ വസതികളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും. കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും നഗരം നിശ്ശേഷം നിലംപരിചാകുകയും ചെയ്താലും, എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും കന്നുകാലികളെയും കഴുതകളെയും തൊഴുത്തിൽനിന്ന് അഴിച്ചുവിടാൻ കഴിയുകയുംചെയ്യുന്ന നിങ്ങൾ എത്ര അനുഗൃഹീതർ! വൈഷമ്യവും സഹായവും സ്വയം നശിപ്പിക്കപ്പെടാതെ വിനാശം വിതയ്ക്കുന്നവനേ, നിനക്കു ഹാ കഷ്ടം സ്വയം വഞ്ചിക്കപ്പെടാതെ വിശ്വാസവഞ്ചനചെയ്യുന്നവനേ, നിനക്കു ഹാ കഷ്ടം! നീ നശിപ്പിക്കുന്നതു നിർത്തുമ്പോൾ, നീയും നശിപ്പിക്കപ്പെടും; നീ വഞ്ചിക്കുന്നതു നിർത്തുമ്പോൾ, നീയും വഞ്ചിക്കപ്പെടും. യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ, ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ. അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു; അങ്ങ് എഴുന്നേൽക്കുമ്പോൾ രാഷ്ട്രങ്ങൾ ചിതറിപ്പോകുന്നു. വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു; വെട്ടുക്കിളിക്കൂട്ടം പറന്നിറങ്ങുന്നതുപോലെ മനുഷ്യർ അതിന്മേൽ ചാടിവീഴുന്നു. യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു; അവിടന്ന് സീയോനെ ന്യായത്താലും നീതിയാലും നിറയ്ക്കും. അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും, അന്ന് ജ്ഞാനം, പരിജ്ഞാനം, ബലം, രക്ഷ ഇവയുടെ സമൃദ്ധമായ നിക്ഷേപം ആയിരിക്കും; യഹോവാഭക്തി ഈ നിക്ഷേപത്തിന്റെ താക്കോലായിരിക്കും. ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു; സമാധാനദൂതന്മാർ പൊട്ടിക്കരയുന്നു. രാജവീഥികൾ വിജനമായിത്തീർന്നു, യാത്രക്കാർ ആരുംതന്നെ വഴിയിൽ കാണുന്നില്ല. ഉടമ്പടി ലംഘിക്കപ്പെട്ടിരിക്കുന്നു, അതിന്റെ സാക്ഷികൾ33:8 ചി.കൈ.പ്ര. നഗരങ്ങൾ നിന്ദിക്കപ്പെട്ടിരിക്കുന്നു, ആരുംതന്നെ ആദരിക്കപ്പെടുന്നില്ല. ദേശം ഉണങ്ങിവരണ്ടിരിക്കുന്നു, ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു, ബാശാനും കർമേലും ഇലപൊഴിക്കുന്നു. “ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു. “ഇപ്പോൾ ഞാൻ മഹത്ത്വീകരിക്കപ്പെടും; ഇപ്പോൾ ഞാൻ ഉയർത്തപ്പെടും. നിങ്ങൾ പതിർ ഗർഭംധരിച്ച് വൈക്കോൽ പ്രസവിക്കുന്നു; നിങ്ങളുടെ ശ്വാസംതന്നെ നിങ്ങളെ ദഹിപ്പിക്കുന്ന അഗ്നിയായി മാറും. കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും; വെട്ടിക്കളഞ്ഞ മുൾപ്പടർപ്പുപോലെ അവർ തീയിടപ്പെടും.” ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക; സമീപസ്ഥരേ, എന്റെ ശക്തി അംഗീകരിക്കുക! സീയോനിലെ പാപികൾ ഭയപ്പെടുന്നു; അഭക്തർക്കു വിറയൽ ബാധിച്ചിരിക്കുന്നു: “നമ്മിൽ ആർക്ക്, ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം പാർക്കാൻ കഴിയും? നമ്മിൽ ആർക്ക് നിത്യജ്വാലയോടൊപ്പം വസിക്കാൻ കഴിയും?” നീതിയോടെ ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ, കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ, കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ, രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ, ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ— അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്, അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും. അവരുടെ അപ്പം അവർക്കു ലഭിക്കും, അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല. നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും, വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും. “പണം എണ്ണിനോക്കിയവർ എവിടെ? കപ്പം33:18 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. തൂക്കിനോക്കിയവർ എവിടെ? ഗോപുരങ്ങൾക്ക് അധികാരി ആയിരുന്നവർ എവിടെ?” എന്നിങ്ങനെ നിങ്ങളുടെ ഹൃദയം ഭീതിവിഷയങ്ങളെപ്പറ്റി ചിന്തിക്കും. ആരും ഗ്രഹിക്കാത്ത സംഭാഷണവും അപരിചിതവും മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷയുമുള്ള ക്രൂരജനത്തെ നീ ഇനി കാണുകയില്ല. നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണുകൾ ജെറുശലേമിനെ ശാന്തനിവാസസ്ഥാനമായിക്കാണും, അതിലെ കൂടാരങ്ങൾ മാറ്റപ്പെടുകയില്ല; അതിന്റെ അതിരിലെ കുറ്റികൾ ഊരിമാറ്റപ്പെടുകയോ അതിന്റെ കയറുകൾ പൊട്ടിപ്പോകുകയോ ഇല്ല. അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും. വിശാലമായ നദികളും അരുവികളുമുള്ള ഒരു സ്ഥലമായിരിക്കും അത്. തുഴകൾവെച്ച പടക്കപ്പൽ അതിലൂടെ പോകുകയില്ല; കൂറ്റൻ കപ്പലുകൾ അതിലൂടെ കടക്കുകയില്ല. കാരണം യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ നിയമദാതാവ്, യഹോവ നമ്മുടെ രാജാവ്, അവിടന്ന് നമ്മെ രക്ഷിക്കും. നിന്റെ കയർ അയഞ്ഞുകിടക്കുന്നു; അതിനു പാമരത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നതിനോ പായ് നിവർത്തുന്നതിനോ കഴിവില്ല. അന്ന് പിടിച്ചെടുത്ത സമൃദ്ധമായ കൊള്ള പങ്കുവെക്കപ്പെടും, മുടന്തർപോലും അവരുടെ കൊള്ളമുതൽ കൊണ്ടുപോകും. അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല; അവിടെ വസിക്കുന്ന ജനത്തിന് തങ്ങളുടെ പാപമെല്ലാം ക്ഷമിക്കപ്പെട്ടിരിക്കും. രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ! യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും. ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും. എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും. യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്. കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും. കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു. ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും! രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല. മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും.34:11 ഈ പക്ഷികൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും. അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും. അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും. അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും. അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്. അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും. വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. കുങ്കുമച്ചെടിപോലെ അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും. തളർന്ന കൈകൾ ശക്തിപ്പെടുത്തുക, കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക; ഹൃദയത്തിൽ ഭയമുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, നിങ്ങളുടെ ദൈവം വരും, പ്രതികാരവുമായി അവിടന്ന് വരും; പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക. അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും, ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല. മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് അരുവികളും പൊട്ടിപ്പുറപ്പെടും. വരണ്ടപ്രദേശം ജലാശയമായും ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും. ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്, പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും. അവിടെ ഒരു രാജവീഥി ഉണ്ടാകും; അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും; തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി. അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല; ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല. അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല; ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല; ആ വകയൊന്നും അവിടെ കാണുകയില്ല. വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും, യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും. സൻഹേരീബിന്റെ ഭീഷണി ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി. അപ്പോൾ അശ്ശൂർരാജാവ് തന്റെ യുദ്ധക്കളത്തിലെ അധിപനെ36:2 മൂ.ഭാ. റബ്-ശാക്കേയെ ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. ആ സൈന്യാധിപൻ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ36:3 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക: “ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്? നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്? നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ. പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ? “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം. എങ്കിൽ രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും? അതുമാത്രമോ? യഹോവയെക്കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ” അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!” എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?” പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക! രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല. ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ. “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം. പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക് കൊണ്ടുപോകും. “ ‘യഹോവ നമ്മെ വിടുവിക്കും,’ എന്നു പറഞ്ഞ് ഹിസ്കിയാവു നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. രാഷ്ട്രങ്ങളുടെ ദേവന്മാരിൽ ആരെങ്കിലും അവരുടെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് വിടുവിച്ചിട്ടുണ്ടോ? ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ? ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തങ്ങളുടെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?” “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല. പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു. ജെറുശലേമിന്റെ വിടുതൽ പ്രവചിക്കപ്പെടുന്നു ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു. അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു. ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞവാക്കുകൾ അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!” ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു. ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ” അശ്ശൂർരാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ യുദ്ധക്കളത്തിലെ അധിപനും ജെറുശലേമിൽനിന്ന് പിൻവാങ്ങി. അദ്ദേഹം മടങ്ങിച്ചെല്ലുമ്പോൾ രാജാവ് ലിബ്നായ്ക്കെതിരേ യുദ്ധംചെയ്യുന്നതായി കണ്ടു. കൂശ് രാജാവായ തിർഹാക്കാ തന്നോടു യുദ്ധംചെയ്യുന്നതിനായി വരുന്നുണ്ട് എന്ന വാർത്ത സൻഹേരീബിനു ലഭിച്ചിരുന്നു. അദ്ദേഹം ഈ വാർത്ത കേട്ടപ്പോൾ തന്റെ സന്ദേശവുമായി ഹിസ്കിയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അദ്ദേഹത്തിന്റെ സന്ദേശം ഇപ്രകാരമായിരുന്നു: “യെഹൂദാരാജാവായ ഹിസ്കിയാവിനോടു പറയുക: ‘ജെറുശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുകയില്ല എന്നു പറഞ്ഞ്,’ നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ വഞ്ചിക്കരുത്; അശ്ശൂർരാജാക്കന്മാർ സകലരാജ്യങ്ങളെയും ഉന്മൂലനംചെയ്ത് അവയോടു ചെയ്തിരിക്കുന്നതെന്താണെന്ന് നീ തീർച്ചയായും കേട്ടിരിക്കും. ആ നിലയ്ക്ക് നീ വിടുവിക്കപ്പെടുമോ? എന്റെ പൂർവികർ നശിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളെ അവരുടെ ദേവന്മാർ വിടുവിച്ചിട്ടുണ്ടോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിവരിൽ ആരുടെയെങ്കിലും ദേവന്മാർക്ക് അതു കഴിഞ്ഞിട്ടുണ്ടോ? ഹമാത്തുരാജാവും അർപ്പാദുരാജാവും എവിടെ? ലായീർ സെഫർവയിം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാരും എവിടെ?” ഹിസ്കിയാവിന്റെ പ്രാർഥന ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി. അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ! കെരൂബുകളുടെ37:16 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു. യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകളെല്ലാം ശ്രദ്ധിക്കണേ! “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ ജനതകളെയും അവരുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു. ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു37:20 2 രാജാ. 19:19 കാണുക. എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!” സൻഹേരീബിന്റെ പതനം അതിനുശേഷം ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കിയാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവായ സൻഹേരീബിനെക്കുറിച്ച് നീ എന്നോടു പ്രാർഥിച്ചിരിക്കുകയാൽ, അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു, നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു. ആരെയാണു നീ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തത്? ആർക്കെതിരേയാണു നീ ശബ്ദമുയർത്തിയത്? നീ അഹന്തയോടെ കണ്ണുയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ! നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. ‘എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും ഉന്നതമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു. അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച്37:25 2 രാജാ. 19:24 കാണുക. അതിലെ വെള്ളം കുടിച്ചു. എന്റെ പാദതലങ്ങൾകൊണ്ട് ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു,’ എന്നു നീ പറഞ്ഞു. “വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്; പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു നീ കേട്ടിട്ടില്ലേ? കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു. അതിലെ നിവാസികൾ ദുർബലരും ഭീതിപൂണ്ട് ലജ്ജിതരുമായിത്തീർന്നിരിക്കുന്നു. അവർ വയലിലെ പുല്ലും ഇളംപുൽനാമ്പും പുരപ്പുറത്തെ പുല്ലുംപോലെ വളരുംമുമ്പേ കരിഞ്ഞുപോയിരിക്കുന്നു. “എന്നാൽ നീ എവിടെ അധിവസിക്കുന്നെന്നും നിന്റെ പോക്കും വരവും എപ്പോഴൊക്കെയെന്നും എന്റെനേരേയുള്ള നിന്റെ കോപഗർജനവും ഞാൻ അറിയുന്നു. നീ എന്റെനേരേ ഉഗ്രകോപം കാട്ടിയിരിക്കയാലും നിന്റെ ഗർവം എന്റെ ചെവിയിൽ എത്തിയിരിക്കയാലും, ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ വായിലും ഇട്ട് നീ വന്നവഴിയേതന്നെ ഞാൻ നിന്നെ മടക്കിക്കൊണ്ടുപോകും. “ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും: “ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും, രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും. എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ഒരിക്കൽക്കൂടി യെഹൂദാഗോത്രത്തിന്റെ ഒരു ശേഷിപ്പ് താഴേ വേരൂന്നി മീതേ ഫലം കായ്ക്കും. ജെറുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻപർവതത്തിൽനിന്ന് ഒരു രക്ഷിതഗണവും പുറപ്പെട്ടുവരും. സർവശക്തനായ യഹോവയുടെ തീക്ഷ്ണത അതു നിർവഹിക്കും. “അതിനാൽ, അശ്ശൂർരാജാവിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല; ഇവിടേക്ക് ഒരു അസ്ത്രംപോലും തൊടുക്കുകയില്ല. അയാൾ പരിചയുമായി ഇതിന്റെ മുമ്പിൽ വരികയോ ഇതിനെതിരേ സൈന്യത്തെക്കൊണ്ട് ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുകയോ ചെയ്യുകയില്ല. അയാൾ വന്നവഴിയായിത്തന്നെ മടങ്ങിപ്പോകും, അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് ഇതിനെ രക്ഷിക്കും!” അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു. അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു. ഒരു ദിവസം അദ്ദേഹം തന്റെ ദേവനായ നിസ്‌രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാരായ അദ്രമെലെക്കും, ശരേസറും അദ്ദേഹത്തെ വാളാൽ വെട്ടിക്കൊന്നു. അതിനുശേഷം അവർ അരാരാത്ത് ദേശത്തേക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ അദ്ദേഹത്തിനുപകരം രാജാവായി. ഹിസ്കിയാവിന്റെ രോഗം അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച്, മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.” ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു. അപ്പോൾ യെശയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ പോയി ഹിസ്കിയാവിനോടു പറയുക: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. ഈ നഗരത്തെ ഞാൻ സംരക്ഷിക്കും. “ ‘താൻ അരുളിച്ചെയ്ത ഈ കാര്യം യഹോവ ചെയ്യും എന്നുള്ളതിന്, ഇതു യഹോവയിൽനിന്നു നിനക്കുള്ള ഒരു ചിഹ്നമായിരിക്കും: ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിട്ടുള്ള നിഴലിനെ പത്തുചുവടു പിറകോട്ടു തിരിച്ചുവരാൻ ഞാൻ ഇടയാക്കും.’ ” അങ്ങനെ ഘടികാരത്തിൽ സൂര്യൻ ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിറകോട്ടുപോയി. തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്: “എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു. “ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ യാഹാം യാഹിനെ38:11 യഹോവ എന്നതിന്റെ ചുരുക്കെഴുത്താണ് യാഹ് ഞാൻ വീണ്ടും കാണുകയില്ല; ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല, ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു. “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു, എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു, ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു. എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു, കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!” എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്? അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു. ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും. കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു. അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു; ഇനി ഞാൻ ജീവിക്കട്ടെ. തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത് എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു. അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന് എന്റെ സംരക്ഷിച്ചിരിക്കുന്നു; അങ്ങ് എന്റെ സർവപാപങ്ങളും അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; കുഴിയിലേക്കിറങ്ങുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല. ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ് ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്; മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ തങ്ങളുടെ മക്കളോട് അറിയിക്കുന്നു. യഹോവ എന്നെ രക്ഷിക്കും, ഞങ്ങളുടെ ആയുഷ്കാലം മുഴുവനും യഹോവയുടെ ആലയത്തിൽ തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും. “അദ്ദേഹത്തിനു സൗഖ്യം വരേണ്ടതിന്, ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ പുരട്ടണം,” എന്നു യെശയ്യാവ് പറഞ്ഞിരുന്നു. “ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് ചോദിക്കുകയും ചെയ്തിരുന്നു. ബാബേലിൽനിന്നുള്ള സ്ഥാനപതികൾ അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരവും രോഗസൗഖ്യത്തെക്കുറിച്ചും കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. ഹിസ്കിയാവ് ആ സ്ഥാനപതികളെ സന്തോഷത്തോടെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും എല്ലാ ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?” ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് എന്റെ അടുത്തുവന്നു.” “അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.” അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു കേൾക്കുക: നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.” “എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു. ദൈവജനത്തിന് ആശ്വാസം “ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. “ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും അവളോടു വിളിച്ചുപറയുക. മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: “മരുഭൂമിയിൽ യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; നമ്മുടെ ദൈവത്തിന് ഒരു രാജവീഥി നിരപ്പാക്കുക. എല്ലാ താഴ്വരകളും ഉയർത്തപ്പെടും എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും; നിരപ്പില്ലാത്തതു നിരപ്പായിത്തീരട്ടെ, കഠിനപ്രതലങ്ങൾ ഒരു സമതലഭൂമിയായും. യഹോവയുടെ തേജസ്സ് വെളിപ്പെടും, എല്ലാ മനുഷ്യരും അത് ഒരുമിച്ചു കാണും. യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.” “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. “എല്ലാ മാനവരും തൃണസമാനരും അവരുടെ അസ്തിത്വം വയലിലെ പൂപോലെയും. യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം. പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക. ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക. ഭയപ്പെടാതെ ശബ്ദമുയർത്തുക; “ഇതാ, നിങ്ങളുടെ ദൈവം!” എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക. ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു, അവിടന്ന് ശക്തിയുള്ള ഭുജത്താൽ ഭരണം നടത്തുന്നു. ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തെ കൈയിലും ഉണ്ട്. ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു: അവിടന്നു കുഞ്ഞാടുകളെ തന്റെ കൈകളിലേന്തുകയും തന്റെ മാറോടുചേർത്തു വഹിക്കുകയും തള്ളകളെ സൗമ്യതയോടെ നടത്തുകയും ചെയ്യുന്നു. മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും പർവതങ്ങളെ ത്രാസുകൊണ്ടും മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ? യഹോവയുടെ ആത്മാവിന്റെ40:13 അഥവാ, മനസ്സ് ആഴമളക്കാനോ യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ? അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്? ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും തുലാസിലെ പൊടിപോലെയും അവിടത്തേക്ക് തോന്നുന്നു; ഇതാ, ദ്വീപുകളെ ഒരു മണൽത്തരിപോലെ അവിടന്ന് ഉയർത്തുന്നു. ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു തികയുകയോ ഇല്ല. സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത; അവ അവിടത്തേക്ക് നിസ്സാരവും നിരർഥകവും. അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും? ഏതു രൂപത്തോടാണ് നിങ്ങൾ ദൈവത്തെ ഉപമിക്കുന്നത്? വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു, സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു, അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു. ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു; അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു. നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ? അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു. അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു. അവരെ നട്ട ഉടൻതന്നെ, വിതച്ചമാത്രയിൽത്തന്നെ, അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു. “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: ഇവയെല്ലാം നിർമിച്ചത് ആരാണ്? അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല. “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്? നിനക്ക് അറിഞ്ഞുകൂടേ? നീ കേട്ടിട്ടില്ലേ? യഹോവ നിത്യനായ ദൈവം ആകുന്നു, അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; അവിടത്തെ വിവേകം അപ്രമേയംതന്നെ. അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു, ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു. യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു, ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു; എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ അവരുടെ ശക്തി പുതുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; അവർ ഓടും, ക്ഷീണിക്കുകയില്ല, അവർ നടക്കും, തളർന്നുപോകുകയുമില്ല. ഇസ്രായേലിന്റെ സഹായകൻ “ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക! രാഷ്ട്രങ്ങൾ അവരുടെ ശക്തി പുതുക്കട്ടെ! അവർ അടുത്തുവന്ന് സംസാരിക്കട്ടെ; ന്യായവാദത്തിനായി നമുക്കൊരുമിച്ചുകൂടാം. “പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി, നീതിയിൽ അവനെ ആഹ്വാനംചെയ്ത് തന്റെ ശുശ്രൂഷയിൽ ആക്കിയത് ആര്? അവിടന്ന് രാഷ്ട്രങ്ങളെ അവന്റെ കൈയിൽ ഏൽപ്പിക്കുന്നു രാജാക്കന്മാരെ അവന്റെ മുന്നിൽ കീഴ്പ്പെടുത്തുന്നു. അവൻ അവരെ തന്റെ വാളിനാൽ പൊടിപോലെയാക്കുന്നു തന്റെ വില്ലിനാൽ അവരെ പാറിപ്പോകുന്ന പതിരുപോലെയാക്കുന്നു. തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു, പരിക്കേൽക്കാതെ മുന്നോട്ടുപോകുന്നു, ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി, ഇതു പ്രവർത്തിച്ച് പൂർത്തീകരിച്ചത് ആരാണ്? ഞാനാണ് യഹോവ—അതിൽ ആദ്യത്തേതിനോടും അവസാനത്തേതിനോടും അങ്ങനെ പ്രവർത്തിച്ചത്!” അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു; ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു. അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട് “ശക്തരായിരിക്കുക,” എന്നു പറയുന്നു. അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു, കൂടംകൊണ്ട് തല്ലി മിനുസപ്പെടുത്തുന്നവർ അടകല്ലിൽ അടിക്കുന്നവരെ പ്രചോദിപ്പിക്കുന്നു. കൂട്ടിവിളക്കുന്നവരോട് ഒരാൾ, “നന്നായി” എന്നു വിളിച്ചുപറഞ്ഞു. വീണുപോകാതിരിക്കാൻ ഒരുവൻ വിഗ്രഹത്തിന് ആണിയടിച്ചുറപ്പിക്കുന്നു. “എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ, ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു, നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്, ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു. അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ; ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ. ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും; എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും. “നിന്നോടു കോപിക്കുന്നവർ എല്ലാവരും ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം; നിന്നോട് എതിർക്കുന്നവർ ഒന്നുമില്ലാതെയായി നശിച്ചുപോകും. നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും, എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല. നിന്നോടു യുദ്ധംചെയ്യുന്നവർ നാമമാത്രരാകും. നിന്റെ ദൈവമായ യഹോവ ആകുന്ന ഞാൻ നിന്റെ വലതുകൈ പിടിച്ച്, നിന്നോട് ‘ഭയപ്പെടേണ്ട; ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു. കൃമിയായ യാക്കോബേ, ഇസ്രായേൽജനമേ, ഭയപ്പെടേണ്ട, ഞാൻതന്നെ നിന്നെ സഹായിക്കും,” എന്നു നിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ അരുളിച്ചെയ്യുന്നു. “ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും നിരവധി പല്ലുകളുള്ളതുമായ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു. നീ പർവതങ്ങളെ മെതിച്ചു പൊടിയാക്കും, കുന്നുകളെ പതിരാക്കിയും മാറ്റും. നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും, കൊടുങ്കാറ്റ് അവയെ ചിതറിക്കും. എന്നാൽ നീ യഹോവയിൽ ആനന്ദിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനിൽ പ്രശംസിക്കുകയും ചെയ്യും. “ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു, ഒട്ടും ലഭിക്കായ്കയാൽ അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു. അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും; ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. ഞാൻ തരിശുമലകളിൽ നദികളെയും താഴ്വരകൾക്കു നടുവിൽ അരുവികളെയും തുറക്കും. ഞാൻ മരുഭൂമിയെ ജലാശയമാക്കും, വരണ്ടദേശത്തെ നീരുറവയായി മാറ്റും. ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവ് എന്നീ വൃക്ഷങ്ങൾ നടും. ഞാൻ തരിശുഭൂമിയിൽ സരളമരവും പൈനും പുന്നയും വെച്ചുപിടിപ്പിക്കും. യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും ഇസ്രായേലിന്റെ പരിശുദ്ധൻ ഇതിനെ നിർമിച്ചു എന്നും മനുഷ്യർ കാണുകയും അറിയുകയുംചെയ്യുന്നതിനും, ചിന്തിക്കുന്നതിനും വിവേകം പ്രാപിക്കുന്നതിനുംതന്നെ. “വിഗ്രഹങ്ങളേ, നിങ്ങൾ വ്യവഹാരം ബോധിപ്പിക്കുക,” യഹോവ കൽപ്പിക്കുന്നു. “നിങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുക,” യാക്കോബിന്റെ രാജാവ് അരുളിച്ചെയ്യുന്നു. “സംഭവിക്കാൻ പോകുന്നതെന്തെന്ന് നിങ്ങൾ നമ്മെ അറിയിക്കട്ടെ. ഭൂതകാല സംഭവങ്ങൾ എന്തെല്ലാമെന്നു നമ്മോടു പറയുക, നാം അവയെ പരിഗണിച്ച് അവയുടെ പരിണതഫലം എന്തെന്ന് അറിയട്ടെ. അഥവാ, ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നമ്മെ അറിയിക്കുക. നിങ്ങൾ ദേവതകൾ എന്നു നാം അറിയേണ്ടതിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നവ എന്തെന്നു നമ്മോടു പറയുക. നാം കണ്ടു വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുക. എന്നാൽ നിങ്ങൾ ഒന്നുമില്ലായ്മയിലും കീഴേയാണ്, നിങ്ങളുടെ പ്രവൃത്തി തികച്ചും അർഥശൂന്യംതന്നെ; നിങ്ങളെ തെരഞ്ഞെടുക്കുന്നവർ മ്ലേച്ഛരാണ്. “ഞാൻ ഉത്തരദിക്കിൽനിന്ന് ഒരുവനെ ഉണർത്തി; അവൻ ഇതാ വരുന്നു— സൂര്യോദയദിക്കിൽനിന്ന് അവൻ എന്റെ നാമം വിളിച്ചപേക്ഷിക്കും. കുമ്മായക്കൂട്ടുപോലെയും കുശവൻ കളിമണ്ണു ചവിട്ടിക്കുഴയ്ക്കുന്നതുപോലെയും അവൻ ഭരണാധിപരെ ചവിട്ടിമെതിക്കും. ഞങ്ങൾ ഇതെല്ലാം മുൻകൂട്ടി അറിയേണ്ടതിന് അല്ലെങ്കിൽ, ‘അവിടന്ന് നീതിമാൻ,’ എന്നു ഞങ്ങൾ മുമ്പേതന്നെ പറയേണ്ടതിന്, ആരംഭംമുതൽതന്നെ ഇതെക്കുറിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാരാണ്? ആരും ഇതെക്കുറിച്ചു പ്രസ്താവിച്ചില്ല, ആരും ഇതു പ്രവചിച്ചില്ല, നിങ്ങളിൽനിന്ന് ആരും ഒരു വാക്കും കേട്ടിരുന്നില്ല. പണ്ടുതന്നെ ഞാൻ സീയോനോട്: ‘ഇതാ, അവർ!’ എന്നു പറഞ്ഞു. ജെറുശലേമിനു ഞാൻ ഒരു സദ്വാർത്താദൂതനെ നൽകി. ഞാൻ നോക്കി, ഒരുത്തനുമില്ലായിരുന്നു— ഞാൻ അവരോടു ചോദിക്കുമ്പോൾ ഉത്തരം പറയുന്നതിന്, ദേവതകളുടെയിടയിൽ ഉപദേശം നൽകുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല. ഇതാ, അവരെല്ലാവരും വ്യാജരാണ്! അവരുടെ പ്രവൃത്തികൾ വ്യർഥം; അവരുടെ വിഗ്രഹങ്ങൾ കാറ്റും സംഭ്രമവുംതന്നെ. യഹോവയുടെ ദാസൻ “ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും. അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും. ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.” യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും അതിലെ ജനത്തിനു ശ്വാസവും അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ: “അന്ധനയനങ്ങൾ തുറക്കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; ഞാൻ നിന്നെ കൈപിടിച്ചു നടത്തും. ഞാൻ നിന്നെ സൂക്ഷിക്കയും ജനത്തിന് ഒരു ഉടമ്പടിയും യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും. “ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല. ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു, ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു; അവ ഉണ്ടാകുന്നതിനുമുമ്പേ ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.” യഹോവയ്ക്ക് ഒരു സ്തോത്രഗീതം സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും ദ്വീപുകളും അവയിലെ നിവാസികളുമേ, യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക, അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക. മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ. അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ. യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും. “ഞാൻ ദീർഘകാലം മൗനമായിരുന്നു, ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു. ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും അവയിലെ സസ്യങ്ങളെ കരിച്ചുകളയും. ഞാൻ നദികളെ ദ്വീപുകളാക്കും, ജലാശയങ്ങളെ വറ്റിച്ചുംകളയും. ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും. ഇസ്രായേൽജനത്തിന്റെ അന്ധരും ബധിരരും “ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക! എന്റെ ദാസനല്ലാതെ അന്ധൻ ആർ? ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ? നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.” തന്റെ നീതിക്കായി അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ യഹോവയ്ക്കു പ്രസാദമായിരിക്കുന്നു. എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല. നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും? യാക്കോബിനെ കവർച്ചയ്ക്കും ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? യഹോവ തന്നെയല്ലേ, അവിടത്തോടല്ലേ നാം പാപം ചെയ്തത്? കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല. ഇസ്രായേലിന്റെ ഏകരക്ഷകൻ ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്. നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, ഞാൻ നിന്നോടൊപ്പമുണ്ടാകും; നദികളിൽക്കൂടി കടക്കുമ്പോൾ, അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. തീയിൽക്കൂടി നീ നടന്നാൽ, നിനക്കു പൊള്ളൽ ഏൽക്കുകയില്ല; തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു. നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. എന്റെ പുത്രന്മാരെ ദൂരത്തുനിന്നും എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക— എന്റെ പേരിൽ വിളിക്കപ്പെട്ടും എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.” കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക. സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, ജനതകൾ ചേർന്നുവരട്ടെ. അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ. “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല. ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം. നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?” ദൈവത്തിന്റെ കരുണയും ഇസ്രായേലിന്റെ അവിശ്വസ്തതയും നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച് ബാബേല്യരായ43:14 അഥവാ, കൽദയരായ എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.” സമുദ്രത്തിലൂടെ വഴിയും പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്, രഥം, കുതിര, സൈന്യം, പോഷകസൈന്യം എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്, അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ, അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്. ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി ഞാൻ മരുഭൂമിയിൽ വെള്ളവും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും. എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം എന്റെ സ്തുതി വിളംബരംചെയ്യും. “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല. എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം; നമുക്കുതമ്മിൽ വ്യവഹരിക്കാം; നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക. നിന്റെ ആദ്യപിതാവു പാപംചെയ്തു; നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു. അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി; യാക്കോബിനെ സംഹാരത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഏൽപ്പിച്ചുകൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ “ഇപ്പോൾ എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത ഇസ്രായേലേ, കേട്ടുകൊൾക. നിന്നെ നിർമിച്ചവനും ഗർഭത്തിൽ ഉരുവാക്കിയവനും നിന്നെ സഹായിക്കുന്നവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത യെശൂരൂനേ,44:2 നീതിനിഷ്ഠർ എന്നർഥം. അതായത്, ഇസ്രായേൽ ഭയപ്പെടേണ്ട. ദാഹിക്കുന്ന ഭൂമിയിൽ ഞാൻ ജലം പകർന്നുകൊടുക്കും, ഉണങ്ങിവരണ്ട നിലത്ത് ഞാൻ അരുവികൾ ഒഴുക്കും; നിന്റെ സന്തതിയുടെമേൽ ഞാൻ എന്റെ ആത്മാവിനെയും നിന്റെ പിൻഗാമികളുടെമേൽ എന്റെ അനുഗ്രഹത്തെയും വർഷിക്കും. അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും, അരുവികൾക്കരികെയുള്ള അലരിവൃക്ഷങ്ങൾപോലെ തഴച്ചുവളരും. ചിലർ, ‘ഞാൻ യഹോവയുടെ സ്വന്തം’ എന്നു പറയും; മറ്റുചിലർ യാക്കോബിന്റെ പേരു സ്വീകരിക്കും; ഇനിയും ചിലർ തങ്ങളുടെ കൈമേൽ, ‘യഹോവയുടേത്’ എന്നെഴുതി ഇസ്രായേൽ എന്ന പേര് സ്വന്തമാക്കും. വിഗ്രഹങ്ങളെ വിട്ടുതിരിയുക “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— ഇസ്രായേലിന്റെ രാജാവും വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവതന്നെ അരുളുന്നു: ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും; ഞാനല്ലാതെ ഒരു ദൈവവുമില്ല. എന്നെപ്പോലെ മറ്റൊരാൾ ആരുണ്ട്? അവർ അതു പ്രഘോഷിക്കട്ടെ. ഞാൻ എന്റെ പുരാതന ജനതയെ സ്ഥാപിച്ചതുമുതൽ ഇന്നുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ എന്റെ മുന്നിൽ അയാൾ വർണിക്കട്ടെ— അതേ, എന്താണ് സംഭവിക്കാനിരിക്കുന്നത്; അവർ പ്രവചിക്കട്ടെ. ഭയപ്പെടേണ്ട, പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ പണ്ടുമുതലേ അത് അറിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? ഇല്ല, ഞാനല്ലാതെ മറ്റൊരു പാറയില്ല; അങ്ങനെ ഒരുവനെ ഞാൻ അറിയുന്നില്ല.” വിഗ്രഹത്തെ ഉണ്ടാക്കുന്നവർ എല്ലാവരും കേവലം മൂഢരാണ്, അവരുടെ വിലയേറിയ വസ്തുക്കൾ ഒരു വിലയുമില്ലാത്തവതന്നെ. അവയ്ക്കുവേണ്ടി സംസാരിക്കുന്നവർ അന്ധരാണ്; അവരുടെ അജ്ഞത ലജ്ജാകരമാണ്. നിഷ്‌പ്രയോജനകരമായ ഒരു ദേവതയെ രൂപപ്പെടുത്തുകയും വിഗ്രഹം വാർത്തെടുക്കുകയും ചെയ്യുന്നവർ ആർ? ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു; അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്. അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ; അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും. ഇരുമ്പുപണിക്കാരൻ ഒരു ആയുധം എടുത്ത് അതുപയോഗിച്ച് കനലിൽവെച്ച് പണിയുന്നു. ചുറ്റികകൾകൊണ്ടടിച്ച് ഒരു വിഗ്രഹത്തിനു രൂപംനൽകുന്നു അയാളുടെ ഭുജബലത്താൽ അത് അടിച്ചു രൂപപ്പെടുത്തുന്നു. അയാൾ വിശന്നു തളർന്നുപോകുന്നു; വെള്ളം കുടിക്കാതെ അവശനായിത്തീരുന്നു. മരപ്പണിക്കാരൻ തടിക്കഷണത്തിൽ അളവുനൂലുകൊണ്ടു തോതുപിടിച്ചു രൂപം അടയാളപ്പെടുത്തുന്നു; അയാൾ വൃത്തയന്ത്രംകൊണ്ടു വരയ്ക്കുന്നു, ചീകുളികൊണ്ടു പരുപരുത്തഭാഗം ചെത്തിമാറ്റുന്നു. അയാൾ അതിനു മനുഷ്യാകാരംനൽകുന്നു; ക്ഷേത്രത്തിൽ വെക്കാനായി മനുഷ്യന്റെ എല്ലാ ആകാരവടിവും വരുത്തുന്നു. അവൻ ദേവദാരു മുറിച്ചെടുക്കുന്നു, അയാൾ പുന്നമരവും കരുവേലകവും കൈവശപ്പെടുത്തുന്നു. അവൻ കാട്ടിലെ മരങ്ങളുടെ കൂട്ടത്തിൽ തനിക്കുവേണ്ടി അവയെ വളർത്തിക്കൊണ്ടുവരുന്നു, അയാൾ ഒരു അശോകം നട്ടുപിടിപ്പിക്കുന്നു; മഴ അതിനെ വളർത്തുന്നു. അത് ഒരുവൻ തീ കത്തിക്കാൻ ഉപയോഗിക്കുന്നു അതിൽ ഒരുഭാഗം എടുത്തു കത്തിച്ചു തീ കായുന്നു, അയാൾ അതു കത്തിച്ച് അപ്പം ചുടുന്നു. എന്നാൽ അയാൾ അതുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കി അതിനെ ആരാധിക്കുന്നു; ഒരു രൂപം കൊത്തിയുണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയുംചെയ്യുന്നു. അതിന്റെ പകുതി അയാൾ തീ കത്തിക്കുന്നു; അതിന്മീതേ ഭക്ഷണം പാകംചെയ്യുന്നു, അയാൾ മാംസം ചുട്ടു മതിയാകുവോളം തിന്നുന്നു. അവൻ ആ തീയിൽ കുളിർമാറ്റുന്നു, “തീകാഞ്ഞുകൊണ്ട് ആഹാ! നല്ല തീ, എന്റെ കുളിർ മാറി” എന്നു പറയുന്നു. ശേഷിച്ചഭാഗംകൊണ്ട് അയാൾ ഒരു ദേവതയെ നിർമിക്കുന്നു, അയാളുടെ വിഗ്രഹത്തെത്തന്നെ; അയാൾ അതിന്റെ മുമ്പിൽ വീണ് അതിനെ നമസ്കരിക്കുന്നു. അതിനോട് പ്രാർഥിച്ച്, “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവതയല്ലോ!” എന്ന് അയാൾ പറയുന്നു. അവർ ഒന്നും അറിയുന്നില്ല, ഒന്നും ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണ് അടയ്ക്കപ്പെട്ടിരിക്കുന്നു, ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയവും അടയ്ക്കപ്പെട്ടിരിക്കുന്നു. “അതിൽ ഒരുഭാഗം ഞാൻ തീ കത്തിച്ചു; അതിന്റെ കനൽകൊണ്ട് അപ്പം ചുട്ടു, മാംസവും ചുട്ടുതിന്നു. അതിന്റെ ശേഷിച്ചഭാഗംകൊണ്ട് ഞാൻ ഒരു മ്ലേച്ഛവിഗ്രഹമുണ്ടാക്കുമോ? ഒരു മരമുട്ടിയുടെമുമ്പിൽ ഞാൻ സാഷ്ടാംഗം വീഴാമോ?” എന്നിങ്ങനെ ആരും ഹൃദയത്തിൽ ചിന്തിക്കുന്നില്ല, അതിനുതക്ക ബോധവും വിവേകവും ആർക്കുംതന്നെയില്ല. അങ്ങനെയുള്ള മനുഷ്യൻ പുല്ലെന്നുധരിച്ചു ചാരം തിന്നുന്ന മൃഗത്തെപ്പോലെയാണ്;44:20 അഥവാ, മനുഷ്യൻ ചാരം മേയുന്നു. അയാളുടെ കബളിപ്പിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിക്കുന്നു; അവന് സ്വയം രക്ഷിക്കാനോ, “എന്റെ വലങ്കൈയിൽ ഉള്ളതു വെറുമൊരു വ്യാജദേവതയല്ലേ?” എന്നു ചോദിക്കാനോ അയാൾക്കു കഴിയുന്നില്ല. “യാക്കോബേ, ഈ കാര്യങ്ങൾ ഓർക്കുക, ഇസ്രായേലേ, നീ എന്റെ ദാസനാണല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ഭൃത്യൻതന്നെ; ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. ഞാൻ നിന്റെ ലംഘനങ്ങൾ ഒരു കാർമേഘത്തെപ്പോലെ മായിച്ചുകളഞ്ഞിരിക്കുന്നു; പ്രഭാതമഞ്ഞുപോലെ നിന്റെ പാപങ്ങളും. എന്റെ അടുത്തേക്കു മടങ്ങിവരിക, കാരണം ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” ആകാശമേ, ആഹ്ലാദത്തോടെ പാടുക, യഹോവ ഇതു ചെയ്തിരിക്കുന്നു; ഭൂമിയുടെ അധോഭാഗങ്ങളേ, ഉച്ചത്തിൽ ആർക്കുക. പർവതങ്ങളേ, പൊട്ടിയാർക്കുക, വനങ്ങളേ, അതിലെ സകലവൃക്ഷങ്ങളുമേ, യഹോവ യാക്കോബിനെ വീണ്ടെടുത്തല്ലോ, ഇസ്രായേലിൽ അവിടത്തെ മഹത്ത്വം വെളിപ്പെടുത്തുകയും ചെയ്തല്ലോ. ജെറുശലേമിലെ പുനരധിവാസം “നിന്റെ വീണ്ടെടുപ്പുകാരൻ, ഗർഭത്തിൽ നിന്നെ ഉരുവാക്കിയവനുമായ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യഹോവയായ ഞാൻ സകലതും ഉണ്ടാക്കിയിരിക്കുന്നു, ഞാൻതന്നെ ആകാശത്തെ വിരിക്കുന്നു; ഞാൻ ഭൂമിയെ പരത്തിയിരിക്കുന്നു. വ്യാജപ്രവാചകരുടെ ചിഹ്നങ്ങൾ ഞാൻ നിഷ്ഫലമാക്കുകയും ദേവപ്രശ്നംവെക്കുന്നവരെ മൂഢരാക്കുകയുംചെയ്യുന്നു, ജ്ഞാനികളുടെ പാണ്ഡിത്യം മറിച്ചിട്ട് അതു വെറും ഭോഷത്തമാക്കി മാറ്റുന്നു. എന്റെ ദാസന്മാരുടെ വചനം ഞാൻ നിവൃത്തിയാക്കുന്നു, എന്റെ സന്ദേശവാഹകരുടെ പ്രവചനം ഞാൻ നിറവേറ്റുന്നു. “ജെറുശലേമിനെക്കുറിച്ച്, ‘നിന്നിൽ നിവാസികൾ ഉണ്ടാകും,’ എന്നും യെഹൂദാനഗരങ്ങളെക്കുറിച്ച്, ‘അവ പണിയപ്പെടും,’ എന്നും അതിലെ നാശാവശിഷ്ടങ്ങളെക്കുറിച്ച്, ‘ഞാൻ അവ പുനഃസ്ഥാപിക്കും,’ എന്നും ഞാൻ കൽപ്പിക്കുന്നു. ആഴിയോട് ഞാൻ കൽപ്പിക്കുന്നു, ‘ഉണങ്ങിപ്പോകുക, ഞാൻ നിന്റെ നദികളെ വറ്റിച്ചുകളയും,’ കോരെശിനെക്കുറിച്ച്, ‘ഞാൻ നിയമിച്ച ഇടയൻ, അയാൾ എന്റെ ഹിതമെല്ലാം നിറവേറ്റും; ജെറുശലേമിനെക്കുറിച്ച്, “അതു പുനർനിർമിക്കപ്പെടട്ടെ,” എന്നും ദൈവാലയത്തെക്കുറിച്ച്, “അതിന്റെ അടിസ്ഥാനം ഇടപ്പെടട്ടെ” ’ എന്നും കൽപ്പിക്കുന്നതു ഞാൻതന്നെ.” “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന് അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു. ഞാൻ നിനക്കു മുമ്പേ പോകുകയും പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും; ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും. ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും, രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും, ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ. എന്റെ ദാസനായ യാക്കോബിനും ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേലിനുംവേണ്ടി, നീ എന്നെ അംഗീകരിക്കാതിരുന്നിട്ടുകൂടി ഞാൻ നിന്നെ പേർചൊല്ലി വിളിച്ച് നിനക്ക് ഒരു ആദരണീയ നാമം നൽകിയിരിക്കുന്നു. ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല; ഞാനല്ലാതെ വേറൊരു ദൈവവുമില്ല. നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും; സൂര്യോദയസ്ഥാനംമുതൽ അസ്തമയംവരെ എല്ലായിടത്തുമുള്ള ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ. ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല. ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു, ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു. “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക; മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ, ഭൂമി വിശാലമായി തുറന്നുവരട്ടെ, രക്ഷ പൊട്ടിമുളയ്ക്കട്ടെ. നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു. “നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന് തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം! കളിമണ്ണ് കുശവനോട്, ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ. നിർമിക്കപ്പെട്ട വസ്തു, ‘കുശവനു കൈയില്ല,’ എന്നു പറയുമോ. ഒരു പിതാവിനോട്, ‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും ചോദിക്കുന്നവർക്കു ഹാ കഷ്ടം! “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, എന്നെ ചോദ്യംചെയ്യുകയാണോ? എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ? ഞാനാണ് ഭൂമിയെ നിർമിച്ചത്, അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ. എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു; അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി. എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ45:13 മൂ.ഭാ. അവനെ ഉയർത്തും: അവന്റെ വഴികളെല്ലാം ഞാൻ നിരപ്പാക്കും. അവൻ എന്റെ നഗരം പണിയുകയും വിലയോ പ്രതിഫലമോ വാങ്ങാതെ എന്റെ ബന്ധിതരെ വിട്ടയയ്ക്കുകയും ചെയ്യും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽവരും അവ നിന്റെ വകയായിത്തീരും; അവർ ചങ്ങല ധരിച്ചവരായി, നിന്റെ പിന്നാലെ ഇഴഞ്ഞുവരും. നിന്റെ മുമ്പിൽ വീണ്, ‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്, ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’ എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.” ഇസ്രായേലിന്റെ ദൈവമായ രക്ഷകാ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും; അവർ എല്ലാവരും ഒരുമിച്ചുതന്നെ നിന്ദിതരുമായിത്തീരും. എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും അതു നിത്യരക്ഷയായിരിക്കും; നിങ്ങൾ നിത്യയുഗങ്ങളോളം ലജ്ജിതരോ നിന്ദിതരോ ആകുകയില്ല. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, അവിടന്നുതന്നെ ദൈവം; അവിടന്നു ഭൂമിയെ നിർമിച്ചുണ്ടാക്കി, അവിടന്ന് അതിനെ സ്ഥാപിച്ചു; വ്യർഥമായിട്ടല്ല, അധിവാസത്തിനായി അവിടന്ന് അതിനെ നിർമിച്ചു. അവിടന്ന് അരുളിച്ചെയ്യുന്നു, ഞാൻ യഹോവ ആകുന്നു, വേറൊരു ദൈവവുമില്ല, ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്, രഹസ്യമായിട്ടല്ല സംസാരിച്ചത്; ‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്. യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു; ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു. “നിങ്ങൾ കൂടിവരിക; രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക. രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട് മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്. എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക— അവർ കൂടിയാലോചിക്കട്ടെ. പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്? ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്? യഹോവയായ ഞാനല്ലേ? ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാനല്ലാതെ നീതിമാനും രക്ഷകനുമായ മറ്റൊരു ദൈവവുമില്ല. “എല്ലാ ഭൂസീമകളുമേ, എങ്കലേക്കു നോക്കി രക്ഷപ്പെടുക; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല. ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു, എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല: എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എന്റെ നാമത്തിൽ45:23 അഥവാ, എന്നാൽ എല്ലാ നാവും ശപഥംചെയ്യും. ‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ” എന്ന് അവർ എന്നെക്കുറിച്ച് പറയും. അവിടത്തോടു കോപിക്കുന്ന എല്ലാവരും അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും. എന്നാൽ യഹോവയിൽ ഇസ്രായേലിന്റെ സകലസന്തതികളും നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും. ബാബേല്യ ദേവതകൾ ബേൽ വണങ്ങുന്നു, നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങൾ ഭാരംവഹിക്കുന്ന മൃഗങ്ങൾ ചുമക്കുന്നു. അവ ചുമന്നുനടക്കുന്ന ഈ പ്രതിമകൾ അവയ്ക്ക് ഒരു വലിയ ചുമടും തളർന്നുപോയ മൃഗങ്ങൾക്കു താങ്ങാനാകാത്ത ഭാരവുമാണ്. അവ കുനിയുന്നു, ഒരുമിച്ചു മുട്ടുമടക്കുന്നു; ആ ചുമട് സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നില്ല, അവ സ്വയം ബന്ധനത്തിലേക്കു പോകുകയും ചെയ്യുന്നു. “ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ, യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ, ഞാൻ പറയുന്നതു കേൾക്കുക. നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും ഞാൻ മാറ്റമില്ലാത്തവൻ,46:4 മൂ.ഭാ. ഞാൻ അവൻ ആകുന്നു ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ. ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും; ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും. “നിങ്ങൾ എന്നെ ആരോട് ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും? നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തി എന്നെ ഉപമിക്കും? ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു, തുലാസിൽ വെള്ളി തൂക്കിനോക്കുന്നു; അതിനെ ഒരു ദേവതയാക്കുന്നതിന് ഒരു സ്വർണപ്പണിക്കാരനെ അവർ കൂലിക്കു നിർത്തുന്നു, അവർ സാഷ്ടാംഗം വീണ് അതു നമസ്കരിക്കുകയുംചെയ്യുന്നു. അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു; അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു. ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല. ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല. അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല. “ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക. കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല; ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല. ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു, പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും. അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും, എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’ ഒരു ഇരപിടിയൻപക്ഷിയെ കിഴക്കുനിന്നു ഞാൻ വരുത്തും; എന്റെ ആലോചന നിറവേറ്റുന്ന പുരുഷനെ ദൂരദേശത്തുനിന്നും. ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു നിറവേറ്റും; ഞാൻ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അതു നടത്തും. എന്റെ നീതിയിൽനിന്ന് അകന്നിരിക്കുന്ന കഠിനഹൃദയരേ, എന്നെ ശ്രദ്ധിക്കുക. എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു, അത് അകലെയല്ല, എന്റെ രക്ഷ താമസിക്കയുമില്ല. ഞാൻ സീയോന് എന്റെ രക്ഷയും ഇസ്രായേലിന് എന്റെ മഹത്ത്വവും നൽകും. ബാബേലിന്റെ പതനം “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക. ബാബേല്യരുടെ47:1 അഥവാ, കൽദയരായ നഗരറാണിയായവളേ, സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക. ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല. തിരികല്ലെടുത്തു മാവു പൊടിക്കുക; നിന്റെ മൂടുപടം നീക്കുക. നിന്റെ വസ്ത്രം ഉയർത്തുക, തുട മറയ്ക്കാതെ നദി കടക്കുക. നിന്റെ നഗ്നത അനാവൃതമാക്കപ്പെടും, നിന്റെ ഗുഹ്യഭാഗം വെളിപ്പെടും. ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.” ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു, സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. “ബാബേല്യപുത്രീ, നിശ്ശബ്ദയായിരിക്കൂ, അന്ധകാരത്തിലേക്കു കടക്കൂ; രാജ്യങ്ങളുടെ തമ്പുരാട്ടി എന്ന് ഇനി നീ വിളിക്കപ്പെടുകയില്ല. ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ ഞാൻ മലിനമാക്കി; നിന്റെ കൈയിൽ ഞാൻ അവരെ ഏൽപ്പിച്ചു, നീ അവരോടു കരുണ കാണിച്ചില്ല. വൃദ്ധരുടെമേൽപോലും നീ നിന്റെ ഭാരമേറിയ നുകം വെച്ചു. ‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’ എന്നു നീ പറഞ്ഞു. ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോ അതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല. “എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക, നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ, ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല, ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല, പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’ എന്ന് സ്വയം പറയുന്നവളേ, ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ ഇവ രണ്ടും നീ നേരിടും. നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും പുത്രനഷ്ടവും വൈധവ്യവും അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും. നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു. ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’ എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ. അതിനാൽ അനർഥം നിന്റെമേൽ പതിക്കും, മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല. നിനക്കു പരിഹരിക്കാനാകാത്ത ആപത്തു നിന്റെമേൽ വരും; നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം നിന്റെമേൽ പെട്ടെന്നുതന്നെ വീഴും. “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന നിന്റെ ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക. ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം, ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം. ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു! ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ, നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും, നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ. ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും; തീ അവരെ ദഹിപ്പിച്ചുകളയും. അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല. അതു കുളിർമാറ്റുന്നതിനുള്ള കനലോ കായുവാൻ തക്ക തീയോ അല്ല. ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല. കഠിനഹൃദയരായ ഇസ്രായേൽ “യാക്കോബിന്റെ പിൻഗാമികളേ, ഇസ്രായേൽ എന്നു നാമധേയമുള്ളവരേ, യെഹൂദാവംശജരേ, യഹോവയുടെ നാമത്തിൽ ശപഥംചെയ്യുന്നവരേ, സത്യമോ നീതിയോ ഇല്ലാതെയാണെങ്കിലും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരേ, നിങ്ങൾ വിശുദ്ധനഗരത്തിലെ പൗരരെന്ന് അഭിമാനിക്കുന്നവരേ, ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നു എന്ന് അവകാശപ്പെടുന്നവരേ, ഇതു ശ്രദ്ധിക്കുക. സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. പൂർവകാര്യങ്ങൾ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു, അവ എന്റെ വായിൽനിന്ന് പുറപ്പെട്ടു. ഞാൻ അവ അറിയിക്കുകയും ചെയ്തു; പെട്ടെന്നുതന്നെ ഞാൻ പ്രവർത്തിക്കുകയും അവ സംഭവിക്കുകയും ചെയ്തു. കാരണം നിങ്ങൾ എത്ര കഠിനഹൃദയരെന്ന് എനിക്കറിയാം; നിങ്ങളുടെ കഴുത്തിലെ പേശികൾ ഇരുമ്പായിരുന്നു, നിങ്ങളുടെ നെറ്റി വെങ്കലനിർമിതവും ആയിരുന്നു. അതുകൊണ്ട് ഇക്കാര്യങ്ങൾ പണ്ടുതന്നെ ഞാൻ നിന്നെ അറിയിച്ചു; അതു സംഭവിക്കുംമുമ്പേ ഞാൻ നിന്നോടു പ്രഖ്യാപിച്ചു. ‘എന്റെ പ്രതിമകൾ അവ സാധ്യമാക്കിയെന്നും തടികൊണ്ടുള്ള വിഗ്രഹവും സ്വർണബിംബവും അവയ്ക്കുത്തരവിട്ടെന്നും,’ നീ പറയാതിരിക്കേണ്ടതിനുതന്നെ. നീ കേട്ടിട്ടുണ്ട്; ഇപ്പോൾ ഇവയെല്ലാം നോക്കിക്കൊൾക. നീ തന്നെ അതു സമ്മതിക്കുകയില്ലേ? “ഇപ്പോൾമുതൽ ഞാൻ പുതിയ കാര്യങ്ങളും നീ അറിഞ്ഞിട്ടില്ലാത്ത നിഗൂഢതകളും നിന്നെ അറിയിക്കുന്നു. ‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’ എന്നു നീ പറയാതിരിക്കേണ്ടതിന്, അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്; ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല. നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല. നീ വഞ്ചനയോടെ പെരുമാറുന്നു എന്നും ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു. എന്റെ നാമംനിമിത്തം ഞാൻ എന്റെ ക്രോധം താമസിപ്പിക്കുന്നു; നീ പരിപൂർണമായും നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ സ്തുതിനിമിത്തം ഞാൻ അത് അടക്കിവെക്കും. ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; കഷ്ടതയുടെ തീച്ചൂളയിൽ ഞാൻ നിന്റെ മാറ്റ് ഉരച്ചിരിക്കുന്നു. എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ, ഞാൻ അതു ചെയ്യും. എന്നെ അശുദ്ധമാക്കാൻ ഞാൻ അനുവദിക്കുന്നതെങ്ങനെ? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല. ഇസ്രായേലിന്റെ വിമോചനം “യാക്കോബേ, എന്റെ വാക്കു കേൾക്കുക, ഞാൻ വിളിച്ചിട്ടുള്ള ഇസ്രായേലേ: അത് ഞാൻ ആകുന്നു; ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും. എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു, എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ അവയെ വിളിക്കുമ്പോൾ, അവയെല്ലാം ഒന്നുചേർന്ന് നിവർന്നുനിൽക്കുന്നു. “നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക: ഏതു വിഗ്രഹമാണ് ഇക്കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിച്ചിരുന്നത്? യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട സഖ്യകക്ഷി ബാബേലിനെതിരായി തന്റെ ഹിതം നിറവേറ്റും; അദ്ദേഹത്തിന്റെ ഭുജം ബാബേല്യർക്ക്48:14 അഥവാ, കൽദയർക്ക് എതിരായിരിക്കും. ഞാൻ, ഞാൻതന്നെ സംസാരിച്ചിരിക്കുന്നു; അതേ, ഞാൻ അവനെ വിളിച്ചു. ഞാൻ അവനെ കൊണ്ടുവരും, അവൻ തന്റെ വഴിയിൽ മുന്നേറും. “എന്റെ അടുത്തുവന്ന് ഇതു കേൾക്കുക: “ആദ്യത്തെ അറിയിപ്പുമുതൽ ഞാൻ സംസാരിച്ചതൊന്നും രഹസ്യത്തിലല്ല; എന്തും സംഭവിക്കുന്നതിനുമുമ്പേതന്നെ ഞാൻ അവിടെ സന്നിഹിതനാണ്.”48:16 മൂ.ഭാ. ഈ വാക്യഭാഗത്തിന്റെ അർഥം വ്യക്തമല്ല. ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും അവിടത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ. അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു! നിന്റെ പിൻഗാമികൾ മണൽപോലെയും നിന്റെ മക്കൾ എണ്ണമറ്റ ധാന്യമണികൾപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും മായിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്യുമായിരുന്നില്ല.” ബാബേലിനെ ഉപേക്ഷിക്കുക, ബാബേല്യരിൽനിന്ന് ഓടിപ്പോകുക! ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക, “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക. അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടന്ന് അവർക്കുവേണ്ടി പാറയിൽനിന്ന് ജലം ഒഴുക്കി; അവിടന്നു പാറയെ പിളർന്നു അങ്ങനെ വെള്ളം പൊട്ടിപ്പുറപ്പെട്ടു. “എന്നാൽ ദുഷ്ടർക്കു സമാധാനമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവയുടെ ദാസൻ ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു. അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു. “ഇസ്രായേലേ, നീ എന്റെ ദാസൻ; എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.” യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും. അവിടന്ന് അരുളിച്ചെയ്തു: “യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.” ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: “യഹോവ വിശ്വസ്തൻ ആകുകയാലും നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.” ഇസ്രായേലിന്റെ പുനഃസ്ഥാപനം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും. ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം49:12 ചി.കൈ.പ്ര. അസ്വാൻ ദേശത്തുനിന്നും അവർ വരും.” ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു. എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല! ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. നിന്റെ മക്കൾ വേഗം വരും, നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും. കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും നിന്റെ ദേശം പാഴിടമാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സ്ഥലം തികയാതെവണ്ണം നിന്റെ ജനത്തെക്കൊണ്ടു നിറയും, നിന്നെ വിഴുങ്ങിയവർ വിദൂരത്താകും. മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ നീ കേൾക്കെത്തന്നെ നിങ്ങളോട്, ‘ഈ സ്ഥലം ഞങ്ങൾക്കു വളരെ ചെറുതാണ്; ഞങ്ങൾക്കു പാർക്കാൻ ഇടംതരിക’ എന്നു പറയും. അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ രാഷ്ട്രങ്ങൾക്ക് എന്റെ കരമുയർത്തി ഒരു അടയാളം നൽകും ജനതകൾ കാൺകെ എന്റെ കൊടി ഉയർത്തും; അവർ നിന്റെ പുത്രന്മാരെ മാറിടത്തിൽ വഹിച്ചുകൊണ്ടുവരും, നിന്റെ പുത്രിമാരെ തോളിൽ ചുമന്നുകൊണ്ടുവരും. രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ യഹോവയെന്നും എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.” യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും. നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.” ഇസ്രായേലിന്റെ പാപവും ദാസന്റെ അനുസരണവും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ അമ്മയെ ഞാൻ ഉപേക്ഷിച്ചതിന്റെ ഉപേക്ഷണപത്രം എവിടെ? എന്റെ കടക്കാരിൽ ആർക്കാണ് ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്? നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ വിറ്റുകളയപ്പെട്ടു; നിങ്ങളുടെ ലംഘനങ്ങൾനിമിത്തം നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം? വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ? മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ? കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു, നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു; വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു, അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു. ഞാൻ ആകാശത്തെ കറുപ്പ് ഉടുപ്പിക്കുകയും; ചാക്കുശീല പുതപ്പിക്കുകയും ചെയ്യുന്നു.” തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു. അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു, പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ, എതിർത്തില്ല; ഒഴിഞ്ഞുമാറിയതുമില്ല. എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു. പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതിനാൽ ഞാൻ അപമാനിതനാകുകയില്ല. തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി, ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം. എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്. അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും? നമുക്ക് പരസ്പരം വാദിക്കാം! എന്റെ അന്യായക്കാരൻ ആർ? അയാൾ എന്റെ സമീപത്ത് വരട്ടെ! ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും. എന്നെ ആർ കുറ്റംവിധിക്കും? അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും; പുഴു അവരെ തിന്നൊടുക്കും. നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും? അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും? പ്രകാശമില്ലാത്തവർ ഇരുട്ടിൽ നടന്നുകൊള്ളട്ടെ, അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ. എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ, സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ, നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക. ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്. നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും. സീയോനു നിത്യരക്ഷ “നീതിയെ പിൻതുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക; നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ ആശ്വസിപ്പിക്കും, അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. ആനന്ദവും ആഹ്ലാദവും സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും. “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും. എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല. “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, എന്റെ വാക്കു കേൾക്കുക: കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്. പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.” യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! പുരാതനകാലത്തെപ്പോലെയും പഴയ തലമുറകളിലെന്നപോലെയും ഉണരുക. രഹബിനെ വെട്ടിക്കളയുകയും ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ? സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ, വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ? താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ? യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും. “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ. വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്? ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് നാൾതോറും നീ ജീവിക്കുന്നു. പീഡകരുടെ ക്രോധം എവിടെ? പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, അവരുടെ ആഹാരം മുടങ്ങുകയുമില്ല. തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു— സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം. ആകാശത്തെ ഉറപ്പിച്ച്, ഭൂമിക്ക് അടിസ്ഥാനമിട്ട്, സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്, ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.” യഹോവയുടെ ക്രോധപാനപാത്രം യഹോവയുടെ കരത്തിൽനിന്നുള്ള ക്രോധത്തിന്റെ പാനപാത്രം കുടിച്ച, ജെറുശലേമേ, ഉണരുക, ഉണരുക, എഴുന്നേൽക്കുക, നീ പരിഭ്രമത്തിന്റെ പാനപാത്രം മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു. അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ അവളെ നയിക്കാൻ ഒരുത്തനുമില്ല; അവൾ വളർത്തിയ മക്കളിൽ അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല. ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു— നിന്നോടു സഹതപിക്കാൻ ആരുണ്ട്? സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു; നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും? നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി; വലയിൽ അകപ്പെട്ട മാനിനെപ്പോലെ അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു. അവർ യഹോവയുടെ ക്രോധംകൊണ്ടും നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനാൽ പീഡിതരേ, വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക. നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ: “ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു, ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല; അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും, ‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’ എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ. നീ നിന്റെ ശരീരത്തെ നിലംപോലെയും മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.” സീയോനേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! വിശുദ്ധനഗരമായ ജെറുശലേമേ, നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും ഇനിമേൽ നിന്നിലേക്കു വരികയില്ല. ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. ബന്ദിയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു, ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.” കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി; ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു. “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു. “കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,52:5 ചി.കൈ.പ്ര. പരിഹസിക്കുന്നല്ലോ. യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ എന്റെ നാമം ദിവസംമുഴുവനും നിരന്തരം ദുഷിക്കപ്പെടുന്നു.” അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും; അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത് എന്ന് ആ നാളിൽ അവർ അറിയും. അതേ, അതു ഞാൻതന്നെ. സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം! ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. യഹോവ സീയോനെ മടക്കിവരുത്തുന്നത് അവർ അഭിമുഖമായി ദർശിക്കും. ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു. എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു,52:10 മൂ.ഭാ. അനാവൃതമാക്കിയിരിക്കുന്നു. ഭൂമിയുടെ സകലസീമകളും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും. യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും. ദാസന്റെ കഷ്ടതയും മഹത്ത്വവും എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും;52:13 അഥവാ, അഭിവൃദ്ധിയുണ്ടാകും. അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും. അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്, മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു, അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും, രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും. കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും. ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ മുമ്പാകെ വളരും. അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു. നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും പീഡിപ്പിച്ചതും എന്നു നാം കരുതി.53:4 അതായത്, അവന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണ് അവൻ അനുഭവിച്ചത് എന്നു നാം കരുതി. എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു. നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു, എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു; അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി, രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു. പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു. ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നും എന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നും അവന്റെ തലമുറയിൽ ആർ കരുതി? അവൻ യാതൊരു അതിക്രമവും ചെയ്തില്ല, അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല. അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി. തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു. എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും. അവന്റെ പീഡാനുഭവത്തിനുശേഷം അവൻ ജീവന്റെ പ്രകാശം53:11 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. കണ്ട് സംതൃപ്തനാകും; തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും, ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും, അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ. കാരണം അവൻ അനേകരുടെ പാപം വഹിക്കുകയും അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ. ജെറുശലേമിന്റെ ഭാവിമഹത്ത്വം “വന്ധ്യയായവളേ, ആർപ്പിടുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക; കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക, നിന്റെ കൂടാരത്തിന്റെ തിരശ്ശീലകൾ വിശാലമായി നിവർക്കുക, അതു ചുരുക്കരുത്; നിന്റെ കയറുകൾ നീട്ടുകയും കുറ്റികൾ ബലവത്താക്കുകയും ചെയ്യുക. നീ വലത്തോട്ടും ഇടത്തോട്ടും വിസ്തൃതമാകും; നിന്റെ സന്തതി ഇതരരാഷ്ട്രങ്ങൾ കൈവശമാക്കുകയും അവരുടെ ശൂന്യനഗരങ്ങളിൽ പാർക്കുകയും ചെയ്യും. “ഭയപ്പെടേണ്ട; നീ ലജ്ജിതയാകുകയില്ല; പരിഭ്രമിക്കേണ്ട; നീ അപമാനിതയാകുകയില്ല. നിന്റെ യൗവനകാലത്തെ ലജ്ജ നീ മറക്കും, വൈധവ്യനിന്ദ മേലാൽ ഓർക്കുകയുമില്ല. നിന്റെ സ്രഷ്ടാവുതന്നെ നിന്റെ ഭർത്താവ്— സൈന്യങ്ങളുടെ യഹോവ എന്നാണ് അവിടത്തെ നാമം— ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വീണ്ടെടുപ്പുകാരൻ; അവിടന്നു സകലഭൂമിയുടെയും ദൈവം എന്നു വിളിക്കപ്പെടും. പരിത്യക്തയായി ആത്മാവിൽ വേദന പൂണ്ടിരിക്കുന്ന സ്ത്രീയെ എന്നപോലെ യൗവനത്തിൽ വിവാഹംകഴിഞ്ഞയുടനെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെയുള്ള നിന്നെ യഹോവ തിരികെ വിളിക്കും,” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. “അൽപ്പനിമിഷത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു, എങ്കിലും മഹാദയയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. തിളച്ചുമറിഞ്ഞ കോപംനിമിത്തം ഞാൻ നിമിഷനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചുകളഞ്ഞു, എങ്കിലും ശാശ്വത കാരുണ്യത്തോടെ ഞാൻ നിന്നോടു കരുണകാണിക്കും,” എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. “ഇത് എനിക്കു നോഹയുടെ കാലത്തെ പ്രളയംപോലെയാണ്, നോഹയുടെ കാലത്തെപ്പോലെയുള്ള പ്രളയം ഭൂമിയിൽ മേലാൽ സംഭവിക്കുകയില്ലെന്നു ഞാൻ ശപഥംചെയ്തു. അതുപോലെ ഇനിയൊരിക്കലും നിന്നോടു കോപിഷ്ഠനാകുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ല എന്ന് ഇപ്പോൾ ഞാൻ ശപഥംചെയ്തിരിക്കുന്നു. പർവതങ്ങൾ ഇളകിപ്പോകും, കുന്നുകൾ മാറിപ്പോകും, എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,” എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു. “പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ, ഞാൻ നിന്നെ പത്മരാഗംകൊണ്ട്54:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പുനർനിർമിക്കും, ഇന്ദ്രനീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനമിടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും നിന്റെ കവാടങ്ങൾ പുഷ്യരാഗംകൊണ്ടും നിന്റെ മതിലുകൾ മുഴുവനും വിലയേറിയ കല്ലുകൾകൊണ്ടും നിർമിക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും, അവർ വളരെ വലിയ സമാധാനം അനുഭവിക്കും. നീതിയിൽ നീ സുസ്ഥിരയായിത്തീരും: നിഷ്ഠുരവാഴ്ച നിന്നിൽനിന്ന് അകന്നിരിക്കും; നിനക്കു ഭയമുണ്ടാകുകയില്ല. ഭീതിയോ, നിന്നിൽനിന്നു വളരെ അകലെ ആയിരിക്കും; അതു നിന്റെ അടുത്തു വരികയില്ല. ആരെങ്കിലും നിനക്കെതിരേ യുദ്ധംചെയ്യുന്നെങ്കിൽ, അത് എന്റെ ഹിതപ്രകാരം ആയിരിക്കുകയില്ല; നിന്നെ ആക്രമിക്കുന്നവരെല്ലാം നിനക്കു കീഴടങ്ങുകതന്നെചെയ്യും. “ഇതാ, ഞാനാണ്, കരിക്കട്ടമേൽ കാറ്റടിച്ച് അഗ്നിജ്വാല ഉണ്ടാക്കുകയും അതതു പണിക്കുള്ള ആയുധം നിർമിക്കുകയും ചെയ്യുന്ന ഇരുമ്പുപണിക്കാരന്റെയും സ്രഷ്ടാവ്. വിനാശം വിതയ്ക്കാനായി സംഹാരകനെയും സൃഷ്ടിച്ചത് ഞാനാണ്. നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല, നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും. ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. സമൃദ്ധമായ ജീവനിലേക്കു ക്ഷണം “ദാഹാർത്തരായ എല്ലാവരുമേ, വരിക, വെള്ളത്തിങ്കലേക്കു വരിക; നിങ്ങളിൽ പണമില്ലാത്തവരേ, വന്ന് വാങ്ങി ഭക്ഷിക്കുക! നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും വീഞ്ഞും പാലും വാങ്ങുക. ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്? നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക, നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും. നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക; നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക. ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും. ഇതാ, ഞാൻ അദ്ദേഹത്തെ ജനതകൾക്ക് ഒരു സാക്ഷ്യവും രാഷ്ട്രങ്ങൾക്ക് ഭരണാധികാരിയും സൈന്യാധിപനും ആക്കിയിരിക്കുന്നു. നീ അറിയാത്ത രാഷ്ട്രങ്ങളെ നീ വിളിക്കും, നിശ്ചയം, നീ അറിഞ്ഞിട്ടില്ലാത്ത ജനതകൾ നിന്റെ അടുക്കലേക്ക് ഓടിവരും; ഇസ്രായേലിന്റെ പരിശുദ്ധനായ, നിന്റെ ദൈവമായ യഹോവ നിമിത്തം, അവിടത്തെ തേജസ്സ് നിന്നെ അണിയിച്ചിരിക്കുകയാൽത്തന്നെ.” യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക; അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക. ദുഷ്ടർ തങ്ങളുടെ വഴിയെയും നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ. അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും, നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും. “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല, നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്. ആകാശത്തുനിന്നു പൊഴിയുന്ന മഴയും മഞ്ഞും ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്, വിതയ്ക്കുന്നയാൾക്കു വിത്തും ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്, എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും: എന്റെ ഹിതം നിറവേറ്റി ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല. നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും, സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; പർവതങ്ങളും മലകളും നിങ്ങളുടെമുമ്പിൽ പൊട്ടിയാർക്കും, വയലിലെ സകലവൃക്ഷങ്ങളും കരഘോഷം മുഴക്കും. മുള്ളിനുപകരം സരളമരവും പറക്കാരയ്ക്കു പകരം കൊഴുന്തുമരവും വളരും. അത് യഹോവയ്ക്ക് ഒരു പ്രശസ്തിയായും എന്നും നിലനിൽക്കുന്ന ശാശ്വതമായ ഒരു ചിഹ്നമായും തീരും.” സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുക, കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു, എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും. ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ, ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.” “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ശബ്ബത്തുകളെ ആചരിക്കുകയും എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്— അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു സ്മാരകവും പേരും നൽകും; എന്നെന്നും നിലനിൽക്കുന്ന ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും. യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും— ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.” ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.” ദുഷ്ടനേതാക്കൾക്കുള്ള താക്കീത് വയലിലെ സകലമൃഗങ്ങളേ, കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക! ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്, അവർ അറിവില്ലാത്തവർ അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത ഊമനായ്ക്കൾതന്നെ. അവർ നിദ്രപ്രിയരായി സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു. അവർ ഒരിക്കലും തൃപ്തിവരാത്ത, ആർത്തിപൂണ്ട, നായ്ക്കൾ. അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ; അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു, അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു. “വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ! നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം! ഇന്നത്തെപ്പോലെ നാളെയും അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു. നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ. പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം സ്വസ്ഥതയിലേക്കു പ്രവേശിക്കും; അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും. “എന്നാൽ മന്ത്രവാദിനിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക. ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്? ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്? നിങ്ങൾ അതിക്രമത്തിന്റെ മക്കളും വ്യാജ സന്തതികളുമല്ലേ? കരുവേലകങ്ങൾക്കരികിലും ഓരോ ഇലതൂർന്ന മരത്തിൻകീഴിലും നിങ്ങൾ കാമാതുരരാകുന്നു. താഴ്വരകളിൽ പാറപ്പിളർപ്പുകൾക്കുതാഴേ നിങ്ങൾ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നില്ലേ? അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ? പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു; യാഗമർപ്പിക്കാൻ അവിടേക്കാണല്ലോ നീ കയറിപ്പോയത്. വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു. എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു, അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു; നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്, അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി. നീ ഒലിവെണ്ണയുമായി മോലെക്കിന്റെ57:9 അഥവാ, രാജാവിനെ അടുക്കൽച്ചെന്നു, നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു. നിന്റെ പ്രതിനിധികളെ57:9 അഥവാ, വിഗ്രഹങ്ങളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു; നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു! നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു, എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല. നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി അതുകൊണ്ടു നീ ക്ഷീണിച്ചില്ല. “ആരെ ഭയപ്പെട്ടിട്ടായിരുന്നു നീ എന്നോടു വ്യാജം പറയുകയും എന്നെ ഓർക്കാതെ അവഗണിക്കുകയും ചെയ്തത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരിക്കുകയാലല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്? നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും, അവ നിനക്കു പ്രയോജനം ചെയ്യുകയില്ല. നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും, കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും. എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ ദേശം കൈവശമാക്കുകയും എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.” മനം തകർന്നവർക്ക് ആശ്വാസം അവിടന്ന് അരുളിച്ചെയ്യുന്നു: “പണിയുക, പണിയുക, വഴിയൊരുക്കുക! എന്റെ ജനത്തിന്റെ വഴിയിൽനിന്നു പ്രതിബന്ധം നീക്കിക്കളയുക.” ഉന്നതനും ശ്രേഷ്ഠനും അനശ്വരനും പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു, എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും. ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ എപ്പോഴും കോപിക്കുകയോ ചെയ്യുകയില്ല, അങ്ങനെയായാൽ എന്റെതന്നെ സൃഷ്ടിയായ ജനം ഞാൻനിമിത്തം തളർന്നുപോകുമല്ലോ. പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി; ഞാൻ അവരെ ശിക്ഷിച്ചു, കോപത്താൽ ഞാൻ മുഖം മറയ്ക്കുകയും ചെയ്തു, എന്നിട്ടും അവർ തങ്ങൾക്കു ബോധിച്ച വഴിയിൽനടന്നു. ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു. ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം! ഞാൻ അവർക്കു സൗഖ്യംനൽകും,” എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്, അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു. “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു. ദൈവത്തിനു പ്രസാദകരമായ ഉപവാസം “ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക. അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു. ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’ “ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട. ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? ഇതിനെയോ നിങ്ങൾ ഉപവാസമെന്നും യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്? “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകവും തകർത്തുകളയുക, വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം? അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; അങ്ങനെ നിന്റെ നീതി58:8 അഥവാ, നീതിമാൻ നിനക്കു മുമ്പിൽ നടക്കുകയും യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും. അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും. “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ, വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ, നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും. യഹോവ നിന്നെ നിരന്തരം വഴിനടത്തും; വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും. നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും. നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും, ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും; നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും. “നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും ശബ്ബത്തു ലംഘിക്കാതെ നിന്റെ കാലുകൾ അടക്കിവെക്കുകയും ശബ്ബത്തിനെ ഒരു പ്രമോദമെന്നും യഹോവയുടെ വിശുദ്ധദിവസം ആദരണീയമെന്നും കരുതുകയും നിന്റെ സ്വന്തം വഴിക്കു തിരിയാതെയും സ്വന്തം ഇഷ്ടം ചെയ്യാതെയും വ്യർഥസംസാരത്തിലേർപ്പെടാതെയും ആ ദിവസത്തെ ആദരിക്കുകയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ ആനന്ദം കണ്ടെത്തും; ദേശത്തെ ഉന്നതസ്ഥാനങ്ങളിൽ ജയഘോഷത്തോടെ സവാരിചെയ്യുന്നതിനും നിന്റെ പിതാവായ യാക്കോബിന്റെ അവകാശം ആസ്വദിക്കുന്നതിനും ഞാൻ ഇടയാക്കും.” യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു. പാപം, അനുതാപം, വീണ്ടെടുപ്പ് രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം, കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല. എന്നാൽ നിങ്ങളുടെ അനീതികളാണ് നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്; നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്. നിങ്ങളുടെ കൈ രക്തത്താലും നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു. നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു, നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു. ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല; സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല. അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു; അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു. അവർ അണലിമുട്ട വിരിയിക്കുകയും ചിലന്തിവല നെയ്യുകയുംചെയ്യുന്നു. ആ മുട്ട തിന്നുന്നവർ മരിക്കും, ആ മുട്ട പൊട്ടിക്കുമ്പോൾ അണലി പുറത്തുവരുന്നു. അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല; അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല. അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്, അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്. അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു; കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു. അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു; ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വഴികളിൽ ന്യായമില്ല. അവയെ അവർ വക്രതയുള്ള മാർഗങ്ങളാക്കി മാറ്റി; അതിൽക്കൂടി പോകുന്നവർ ആരുംതന്നെ സമാധാനം അറിയുകയില്ല. അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു, നീതി ഞങ്ങളോടൊപ്പം എത്തുന്നതുമില്ല. ഞങ്ങൾ വെളിച്ചം അന്വേഷിച്ചു, എന്നാൽ അന്ധകാരംമാത്രം; പ്രകാശം തിരഞ്ഞു, എന്നാൽ ഞങ്ങൾ അഗാധമായ നിഴലിൽ നടക്കുന്നു. അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു, കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു. ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു. ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു; ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു. ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല; മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു: യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും, ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു, കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു, ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു. അതുകൊണ്ട് ന്യായം പിന്തിരിയുന്നു, നീതി അകന്നുമാറുന്നു; സത്യം വീഥിയിൽ ഇടറുന്നു ആത്മാർഥതയ്ക്കു പ്രവേശിക്കാൻ കഴിയുന്നതുമില്ല. അതേ, സത്യം ഇല്ലാതെയായി, ദോഷം വിട്ടകലുന്നവൻ കവർച്ചയായിത്തീരുന്നു. യഹോവ അതുകണ്ടു; ന്യായമില്ലായ്കയാൽ അത് അവിടത്തേക്ക് അനിഷ്ടമായി. ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു, മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു; തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു. അവിടന്നു നീതി തന്റെ കവചമായും രക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു; പ്രതികാരത്തിന്റെ വസ്ത്രം അണിയുകയും തീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു. അവരുടെ പ്രവൃത്തികൾപോലെതന്നെ, അവിടന്ന് അവർക്കു പകരംനൽകും; തന്റെ എതിരാളികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവുംതന്നെ; ദ്വീപുകൾക്ക് അവിടന്ന് യോഗ്യമായ പ്രതിക്രിയ ചെയ്യും. അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും പൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും. യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരും അണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ. “വീണ്ടെടുപ്പുകാരൻ സീയോനിലേക്കും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവരുടെ അടുത്തേക്കും വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. ജെറുശലേമിന്റെ മഹത്ത്വം “എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു, എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും, അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും. രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും. “കണ്ണുകളുയർത്തി ചുറ്റും നോക്കുക: അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നുവരും നിന്റെ പുത്രിമാരെ കൈകളിൽ എടുത്തുകൊണ്ടുവരും. അപ്പോൾ നീ കണ്ടു ശോഭിക്കും, നിന്റെ ഹൃദയം ആനന്ദാതിരേകത്താൽ മിടിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ കൊണ്ടുവരപ്പെടും, രാഷ്ട്രങ്ങളുടെ സമ്പത്ത് നിന്റെ അടുക്കൽവരും. ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും, മിദ്യാനിലെയും ഏഫയിലെയും ഒട്ടകക്കുട്ടികളാലുംതന്നെ. അവയെല്ലാം ശേബയിൽനിന്ന് വരും, അവ സ്വർണവും സുഗന്ധവർഗവും കൊണ്ടുവന്ന് യഹോവയ്ക്കു സ്തുതിഘോഷം മുഴക്കും. കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും; അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും, അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും. “മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും പറന്നുവരുന്ന ഇവർ ആര്? നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ. “വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും, അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു, എങ്കിലും എന്റെ ദയയാൽ ഞാൻ നിന്നോടു കരുണകാണിക്കും. രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും— ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും; നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും, അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും. നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും; അതേ, ആ രാജ്യങ്ങൾ നിശ്ശേഷം ശൂന്യമാകും. “എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്, ലെബാനോന്റെ മഹത്ത്വം നിന്റെ അടുക്കൽവരും സരളവൃക്ഷവും പൈനും പുന്നയും ഒരുമിച്ചു നിന്റെ അടുക്കൽവരും. അങ്ങനെ ഞാൻ എന്റെ പാദങ്ങൾക്കായി ആ സ്ഥലത്തെ മഹത്ത്വപ്പെടുത്തും. നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും; നിന്നെ നിന്ദിച്ച എല്ലാവരും നിന്റെ പാദത്തിൽ നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരമെന്നും ഇസ്രായേലിൻ പരിശുദ്ധന്റെ സീയോനെന്നും വിളിക്കും. “ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും. നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും, രാജകീയ സ്തനങ്ങൾ നുകരും;60:16 അതായത്, വിദേശരാജ്യങ്ങൾ ഇസ്രായേലിന് സംരക്ഷണം നൽകും. യഹോവയായ ഞാൻ നിന്റെ രക്ഷകനും യാക്കോബിന്റെ ശക്തൻ നിന്റെ വീണ്ടെടുപ്പുകാരനും എന്നു നീ അറിയും. ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും, ഇരുമ്പിനു പകരം വെള്ളിയും. മരത്തിനു പകരം വെങ്കലവും കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും. ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും. ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും. ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല, രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും. നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല; യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും. അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും അവർ ഭൂപ്രദേശം എന്നേക്കും കൈവശമാക്കുകയും ചെയ്യും. എന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിനായി ഞാൻ നട്ട നടുതലയും എന്റെ കൈകളുടെ പ്രവൃത്തിയുമായിരിക്കും അവർ. കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും. ഞാൻ യഹോവ ആകുന്നു; അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.” യഹോവയുടെ പ്രസാദവർഷം ദരിദ്രരോടു സുവിശേഷം അറിയിക്കാൻ യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു. യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും സീയോനിലെ ദുഃഖിതർക്കു— വെണ്ണീറിനു പകരം തലപ്പാവ് അലങ്കാരമായും വിലാപത്തിനു പകരം ആനന്ദതൈലവും വിഷാദഹൃദയത്തിനു പകരം സ്തുതിയെന്ന മേലങ്കിയും നൽകുവാനും, അവിടന്ന് എന്നെ അയച്ചിരിക്കുന്നു. അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന് യഹോവ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും. അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും, പണ്ടു തകർക്കപ്പെട്ടതെല്ലാം കെട്ടിയുയർത്തും; ശൂന്യനഗരങ്ങളെ അവർ പുനരുദ്ധരിക്കും, തലമുറകളായി ശൂന്യമായിക്കിടക്കുന്നവയെത്തന്നെ. അപരിചിതർ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെ മേയിക്കും; വിദേശികൾ നിങ്ങളുടെ നിലങ്ങളിലും മുന്തിരിത്തോപ്പുകളിലും പണിയെടുക്കും. എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാരെന്നു വിളിക്കപ്പെടും, നിങ്ങൾക്കു നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ എന്ന പേരു നൽകപ്പെടും. നിങ്ങൾ ഇതര രാഷ്ട്രങ്ങളുടെ സമ്പത്ത് അനുഭവിക്കും, അവരുടെ ധനം നിങ്ങളുടെ പ്രശംസാവിഷയമായിത്തീരും. നിങ്ങളുടെ ലജ്ജയ്ക്കു പകരമായി നിങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും, അപമാനത്തിനു പകരം നിങ്ങൾ നിങ്ങളുടെ അവകാശത്തെക്കുറിച്ച് ആനന്ദിക്കും. അങ്ങനെ നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങൾക്കു ലഭിക്കും, ശാശ്വതമായ ആനന്ദം നിങ്ങൾക്കുണ്ടാകും. “കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു; കവർച്ചയും അതിക്രമവും ഞാൻ വെറുക്കുന്നു. ഞാൻ വിശ്വസ്തതയോടെ എന്റെ ജനത്തിനു പ്രതിഫലംനൽകും, അവരുമായി ഒരു നിത്യ ഉടമ്പടിയും ചെയ്യും. അവരുടെ സന്തതി രാഷ്ട്രങ്ങൾക്കിടയിലും അവരുടെ പിൻഗാമികൾ ജനതകൾക്കിടയിലും അറിയപ്പെടും. അവരെ കാണുന്നവരെല്ലാം അവർ യഹോവ അനുഗ്രഹിച്ച ജനം എന്ന് അംഗീകരിക്കും.” ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു; എന്റെ ഹൃദയം എന്റെ ദൈവത്തിൽ സന്തോഷിക്കുന്നു. മണവാളൻ തന്റെ ശിരസ്സ് പുരോഹിതനെപ്പോലെ തലപ്പാവുകൊണ്ട് അലങ്കരിക്കുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ അണിയുന്നതുപോലെയും അവിടന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിക്കുകയും നീതിയെന്ന പുറങ്കുപ്പായം അണിയിക്കുകയും ചെയ്തിരിക്കുന്നു. ഭൂമി അതിൽ തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തു കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളുടെയും മുമ്പിൽ നീതിയും സ്തോത്രവും ഉയർന്നുവരാൻ ഇടയാക്കും. സീയോന്റെ പുതിയ നാമം അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പു‍പോലെയും അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല. രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും. നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും. നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ62:4 മൂ.ഭാ. അസൂബാ എന്നോ നിന്റെ ദേശം വിജനദേശം62:4 മൂ.ഭാ. ശെമാമാ എന്നോ വിളിക്കപ്പെടുകയില്ല. എന്നാൽ നീ ഹെഫ്സീബാ62:4 എന്റെ ആനന്ദമായവൾ എന്നർഥം. എന്നും നിന്റെ ദേശം ബെയൂലാ62:4 വിവാഹിത എന്നർഥം. എന്നും വിളിക്കപ്പെടും; കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും. ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ62:5 ചി.കൈ.പ്ര. നിർമാതാക്കൾ നിന്നെ അവകാശമാക്കും. മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും. ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കാനേ പാടില്ല. അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ അവിടത്തേക്ക് സ്വസ്ഥത നൽകരുത്. യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: “തീർച്ചയായും ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല; എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.” കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക. ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം യഹോവ വിളംബരംചെയ്തിരിക്കുന്നു: “ ‘ഇതാ, നിന്റെ രക്ഷ വരുന്നു! ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ എന്നു സീയോൻപുത്രിയോടു പറയുക.” അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും. ദൈവത്തിന്റെ പ്രതികാരദിവസവും വീണ്ടെടുപ്പും ഏദോമിൽനിന്ന് രക്തപങ്കിലമായ വസ്ത്രംധരിച്ചുകൊണ്ട്, അതേ, ഏദോമിലെ ബൊസ്രായിൽനിന്ന് വരുന്ന ഈ വ്യക്തി ആർ? തേജസ്സിന്റെ വസ്ത്രംധരിച്ചുകൊണ്ട് തന്റെ ശക്തിയുടെ പ്രഭാവത്തിൽ വേഗത്തിൽ മുന്നേറുന്ന ഇദ്ദേഹം ആർ? “വിമോചനം പ്രഘോഷിക്കുന്നവനും രക്ഷിക്കാൻ ശക്തനുമായ ഞാൻതന്നെ.” നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവരുടേതുപോലെ ചെമന്നിരിക്കാൻ കാരണമെന്ത്? “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടിമെതിച്ചു; രാഷ്ട്രങ്ങളിൽനിന്ന് ആരുംതന്നെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ ഉടുപ്പിന്മേൽ തെറിച്ചു, എന്റെ വസ്ത്രമെല്ലാം ഞാൻ മലിനമാക്കി. കാരണം പ്രതികാരദിവസം എന്റെ ഹൃദയത്തിലുണ്ട്; ഞാൻ വീണ്ടെടുക്കുന്ന വർഷം വന്നിരിക്കുന്നു. ഞാൻ നോക്കി, സഹായിക്കാൻ ആരുമുണ്ടായില്ല, സഹായിക്കാൻ ആരുമില്ലാത്തതോർത്ത് ഞാൻ വിസ്മയിച്ചു; അതിനാൽ എന്റെ കരംതന്നെ എനിക്കു രക്ഷ വരുത്തി, എന്റെ ക്രോധം എന്നെ തുണച്ചു. എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു; എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി, അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.” സ്തോത്രവും പ്രാർഥനയും അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും. അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം, ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;” അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു. അവരുടെ കഷ്ടതയിലെല്ലാം അവിടന്നും കഷ്ടതയനുഭവിച്ചു, അവിടത്തെ സന്നിധിയിലെ ദൂതൻ63:9 ഇവിടെ ഒരു സന്ദേശവാഹകനോ ദൂതനോ അല്ല വിവക്ഷിക്കുന്നത്, ദൈവസാന്നിധ്യം അവരെ രക്ഷിച്ചു എന്നാണ്. അവരെ രക്ഷിച്ചു. തന്റെ സ്നേഹത്തിലും കരുണയിലും അവിടന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലങ്ങളിലെല്ലാം അവിടന്ന് അവരെ കരങ്ങളിൽ വഹിച്ചു. എങ്കിലും അവർ മത്സരിച്ച് അവിടത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാൽ അവിടന്ന് അവർക്കു ശത്രുവായിത്തീർന്നു, അവർക്കെതിരേ അവിടന്നുതന്നെ യുദ്ധംചെയ്തു. അപ്പോൾ അവിടത്തെ ജനം ആ പ്രാചീനകാലം ഓർത്തു, മോശയുടെയും തന്റെ ജനത്തിന്റെയും നാളുകൾതന്നെ— അവരെ സമുദ്രത്തിലൂടെ തന്റെ ജനത്തിന്റെ ഇടയന്മാരോടൊപ്പം വിടുവിച്ചവൻ എവിടെ? അവരിൽ തന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചവൻ എവിടെ? മോശയുടെ വലംകരത്തോടുചേർന്നു പ്രവർത്തിക്കാനായി തന്റെ മഹത്ത്വമേറിയ ശക്തിയുടെ ഭുജം അയയ്ക്കുകയും തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാകാനായി അവർക്കുമുമ്പിൽ കടലിനെ ഭാഗിച്ച് ആഴങ്ങളിൽക്കൂടെ അവരെ നടത്തുകയും ചെയ്തവൻ ആർ? മരുഭൂമിയിൽ ഇടറാതെ കുതിച്ചുപായും കുതിരയെപ്പോലെ അവരും ഇടറിയില്ല; താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവർക്കു വിശ്രമംനൽകി. അങ്ങേക്ക് മഹത്ത്വകരമായ ഒരു നാമം ഉണ്ടാക്കുന്നതിന് അങ്ങ് തന്റെ ജനത്തെ നയിച്ചത് ഇങ്ങനെയാണ്. സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ, വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ. അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ? അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ. അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും അങ്ങാണ് ഞങ്ങളുടെ പിതാവ്; യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്, പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം. യഹോവേ, ഞങ്ങൾ അവിടത്തെ വഴിവിട്ടു തെറ്റിപ്പോകാൻ ഇടയാക്കിയതും അങ്ങയെ ആദരിക്കാതവണ്ണം ഞങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയതും എന്തുകൊണ്ട്? അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി അങ്ങയുടെ ദാസന്മാർ നിമിത്തം, മടങ്ങിവരണമേ. അങ്ങയുടെ ജനം അങ്ങയുടെ വിശുദ്ധസ്ഥലത്തെ അൽപ്പകാലത്തേക്കുമാത്രം കൈവശമാക്കി, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരത്തെ ചവിട്ടിമെതിച്ചിരിക്കുന്നു. അങ്ങ് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താൽ ഒരിക്കലും വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങൾ ആയിത്തീർന്നിരിക്കുന്നു. യഹോവേ, അവിടന്ന് ആകാശം കീറി ഇറങ്ങിവന്നിരുന്നെങ്കിൽ, അപ്പോൾ പർവതങ്ങൾ അങ്ങയുടെമുമ്പിൽ വിറയ്ക്കും! ചുള്ളിക്കമ്പുകൾക്കു തീ കത്തി വെള്ളം തിളയ്ക്കാൻ ഇടയാകുമ്പോളെന്നപോലെ ഇറങ്ങിവന്ന് അവിടത്തെ ശത്രുക്കൾക്ക് തിരുനാമം വെളിപ്പെടുത്തി രാഷ്ട്രങ്ങൾ തിരുമുമ്പിൽ വിറയ്ക്കാൻ ഇടയാക്കണമേ. ഞങ്ങൾ പ്രതീക്ഷിക്കാത്ത ഭയങ്കരകാര്യങ്ങൾ അങ്ങ് ചെയ്തപ്പോൾ അങ്ങ് ഇറങ്ങിവരികയും പർവതങ്ങൾ തിരുസന്നിധിയിൽ വിറകൊള്ളുകയും ചെയ്തു. തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവനായി അങ്ങല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റി ലോകാരംഭംമുതൽ ആരും കേട്ടിട്ടില്ല; ഒരു കാതും കേട്ടിട്ടില്ല, ഒരു കണ്ണും കണ്ടിട്ടുമില്ല. ആനന്ദത്തോടെ നീതി പ്രവർത്തിക്കുന്നവരെ സഹായിക്കാനായി അങ്ങ് എഴുന്നള്ളുന്നു, അങ്ങയുടെ വഴികൾ ഓർക്കുന്നവരെത്തന്നെ. എന്നാൽ, അങ്ങയുടെ വഴികൾക്കെതിരേ ഞങ്ങൾ പാപം ചെയ്യുകയാൽ അങ്ങു കോപിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും? ഞങ്ങൾ എല്ലാവരും ശുദ്ധിയില്ലാത്തവരെപ്പോലെയായി, ഞങ്ങളുടെ നീതിപ്രവൃത്തികൾ എല്ലാം കറപുരണ്ട തുണിപോലെയാണ്; ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു, ഞങ്ങളുടെ പാപങ്ങൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിക്കുന്നു. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയെ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്ന ആരുമില്ല; അങ്ങു തിരുമുഖം ഞങ്ങളിൽനിന്ന് മറയ്ക്കുകയും ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തല്ലോ. എന്നാലിപ്പോൾ യഹോവേ, അങ്ങാണ് ഞങ്ങളുടെ പിതാവ്. ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളെ മെനയുന്നവനും ആകുന്നു; ഞങ്ങളെല്ലാവരും അവിടത്തെ കൈവേലയാണല്ലോ. യഹോവേ, കഠിനമായി കോപിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ എന്നേക്കും ഓർക്കുകയുമരുതേ. അയ്യോ! കടാക്ഷിക്കണമേ, ഞങ്ങളെല്ലാവരും അവിടത്തെ ജനമാണല്ലോ. അങ്ങയുടെ വിശുദ്ധനഗരങ്ങൾ മരുഭൂമിയായിത്തീർന്നു; സീയോൻ മരുഭൂമിയും ജെറുശലേം ശൂന്യസ്ഥലവുമായി. ഞങ്ങളുടെ പിതാക്കന്മാർ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്നിക്കിരയായി, വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തകർക്കപ്പെട്ടിരിക്കുന്നു. ഇത്രയൊക്കെയായിട്ടും യഹോവേ, അങ്ങ് അടങ്ങിയിരിക്കുമോ? അങ്ങ് മിണ്ടാതിരിക്കുമോ? അളവിനപ്പുറം ഞങ്ങളെ ശിക്ഷിക്കുമോ? ന്യായവിധിയും രക്ഷയും “എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; എന്നെ ആവശ്യപ്പെടാത്തവർ എന്നെ കണ്ടെത്തി. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു പറഞ്ഞു. നന്നല്ലാത്ത മാർഗത്തിൽക്കൂടി സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന, ദുർവാശിയുള്ള ജനത്തിന്റെനേരേ ഞാൻ ദിവസംമുഴുവനും കൈനീട്ടി— അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും ബലിപീഠങ്ങളിലെ ഇഷ്ടികകളിന്മേൽ ധൂപംകാട്ടിയും എന്റെ മുഖത്തുനോക്കി അവർ എന്നെ നിരന്തരം പ്രകോപിപ്പിക്കുന്നു. അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ രഹസ്യമായി ഉറങ്ങാതിരിക്കുന്നു, പന്നിയിറച്ചി തിന്നുകയും നിഷിദ്ധമാംസത്തിന്റെ ചാറിനാൽ പാത്രങ്ങൾ നിറയ്ക്കുകയുംചെയ്യുന്നു; ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്, ഞാൻ നിന്നെക്കാൾ അതിവിശുദ്ധൻ!’ എന്ന് അവർ പറയുന്നു. ഇങ്ങനെയുള്ളവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആകുന്നു. “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും— നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,” യഹോവ അരുളിച്ചെയ്യുന്നു. “അവർ പർവതങ്ങളിൽ ധൂപംകാട്ടുകയും മലകളിൽ എന്നെ പരിഹസിക്കുകയും ചെയ്തതിനാൽ, അവരുടെ പൂർവകാല പ്രവൃത്തികളുടെ മുഴുവൻ തുകയും ഞാൻ അവരുടെ മാറിടത്തിലേക്കുതന്നെ അളന്നുകൊടുക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞു കാണുമ്പോൾ, ജനം, ‘അതിനെ നശിപ്പിക്കരുത്, അതിൽ അനുഗ്രഹം ഉണ്ടല്ലോ,’ എന്നു പറയുന്നതുപോലെ, എന്റെ ദാസന്മാർക്കുവേണ്ടി ഞാൻ പ്രവർത്തിക്കും; ഞാൻ അവരെ എല്ലാവരെയും നശിപ്പിക്കുകയില്ല. ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദ്യയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ശേഷിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട എന്റെ ജനം അത് അവകാശമാക്കുകയും എന്റെ ദാസന്മാർ അവിടെ അധിവസിക്കുകയും ചെയ്യും. എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്, ശാരോൻസമതലം അവരുടെ ആട്ടിൻപറ്റത്തിന്റെ ഒരു മേച്ചിൽപ്പുറവും ആഖോർതാഴ്വര അവരുടെ കന്നുകാലികളുടെ വിശ്രമസ്ഥലവും ആകും. “എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവതത്തെ മറക്കുകയുംചെയ്ത്, ഗദുദേവന്65:11 സൗഭാഗ്യം എന്നർഥം. മേശയൊരുക്കുകയും മേനിദേവിക്ക്65:11 വിധി അഥവാ, അന്ത്യം എന്നർഥം. വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും ചെയ്താൽ, ഞാൻ നിങ്ങളെ വാളിന് ഇരയാക്കും, നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും; കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.” അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും, എന്നാൽ നിങ്ങൾ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ ആനന്ദിക്കും, എന്നാൽ നിങ്ങൾ ലജ്ജിതരാകും. എന്റെ ദാസന്മാർ ഗാനമാലപിക്കും അവരുടെ ഹൃദയത്തിൽനിന്നുള്ള ആനന്ദത്താൽത്തന്നെ, എന്നാൽ നിങ്ങൾ ഹൃദയവ്യഥയാൽ നിലവിളിക്കും. ഹൃദയഭാരത്തോടെ മുറയിടുകയും ചെയ്യും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിങ്ങളുടെ പേര് ഒരു ശാപവാക്കായി നിങ്ങൾ ശേഷിപ്പിക്കും; യഹോവയായ കർത്താവ് നിങ്ങളെ കൊന്നുകളയും, എന്നാൽ തന്റെ ദാസന്മാർക്ക് അവിടന്ന് മറ്റൊരു പേരു നൽകും. പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ, ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്, ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്. പുതിയ ആകാശവും പുതിയ ഭൂമിയും “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ മനസ്സിൽ വരികയോ ചെയ്യുകയില്ല. പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക, ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്. ഞാൻ ജെറുശലേമിൽ ആനന്ദിക്കും എന്റെ ജനത്തിൽ ആഹ്ലാദിക്കും; കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം ഇനി അവിടെ കേൾക്കുകയില്ല. “ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും. അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും. അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും. അവർ വ്യർഥമായി അധ്വാനിക്കുകയോ ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല; കാരണം അവരും അവരുടെ സന്തതികളും യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും സിംഹം കാളയെപ്പോലെ പുല്ലുതിന്നും പൊടി സർപ്പത്തിന് ആഹാരമാകും. എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. ന്യായവിധിയും പ്രത്യാശയും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ? എന്റെ വിശ്രമസ്ഥലം എവിടെ? എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്, അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “വിനയശീലരും മനസ്സുതകർന്നവരും എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്. എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്, ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും ഒരു ഭോജനയാഗം അർപ്പിക്കുന്നവർ പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്. അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാനും അവരെ കഠിനമായി ശിക്ഷിക്കുന്നതു തെരഞ്ഞെടുക്കും അവർ ഭയപ്പെട്ടത് ഞാൻ അവരുടെമേൽ വരുത്തും. ഞാൻ വിളിച്ചു, ആരും ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, ആരും ശ്രദ്ധിച്ചില്ല. അവർ എന്റെമുമ്പിൽ തിന്മ പ്രവർത്തിക്കുകയും എനിക്കു പ്രസാദമില്ലാത്തത് തെരഞ്ഞെടുക്കുകയും ചെയ്തു.” യഹോവയുടെ വചനത്തിൽ വിറയ്ക്കുന്നവരേ, അവിടത്തെ വചനം കേൾക്കുക: “നിങ്ങളെ വെറുക്കുകയും എന്റെ നാമംനിമിത്തം നിങ്ങളെ ഭ്രഷ്ടരാക്കുകയും ചെയ്ത നിങ്ങളുടെ സ്വന്തം ജനം: ‘നിങ്ങളുടെ ആഹ്ലാദം ഞങ്ങൾ കാണേണ്ടതിന് യഹോവ മഹത്ത്വപ്പെട്ടവനാകട്ടെ!’ എന്നു പറഞ്ഞുവല്ലോ. എന്നിട്ടും അവർ ലജ്ജിതരാക്കപ്പെടും. നഗരത്തിൽനിന്നുള്ള ബഹളം കേൾക്കുക, ദൈവാലയത്തിൽനിന്നുള്ള ഘോഷം കേൾക്കുക! തന്റെ ശത്രുക്കളോട് അവർ അർഹിക്കുന്നത് പ്രതികാരംചെയ്യുന്ന യഹോവയുടെ ശബ്ദമാണോ ഈ കേൾക്കുന്നത്. “പ്രസവവേദന അനുഭവിക്കുന്നതിനുമുമ്പേ, അവൾ പ്രസവിക്കുന്നു; നോവു കിട്ടുന്നതിനു മുമ്പുതന്നെ അവൾ ഒരു മകനു ജന്മംനൽകുന്നു. ഇപ്രകാരമുള്ള ഒന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഈ വിധമുള്ളത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു രാജ്യം ജനിക്കുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ഉത്ഭവിക്കുമോ? സീയോന് നോവുകിട്ടിയ ഉടൻതന്നെ അവൾ മക്കളെ പ്രസവിച്ചിരിക്കുന്നു. ഞാൻ പ്രസവത്തിന്റെ നിമിഷംവരെ കൊണ്ടുവന്നശേഷം പ്രസവിപ്പിക്കാതിരിക്കുമോ?” എന്ന് യഹോവ ചോദിക്കുന്നു. “പ്രസവമെടുക്കുന്ന ഞാൻ ഗർഭദ്വാരം അടച്ചുകളയുമോ?” എന്ന് നിങ്ങളുടെ ദൈവം ചോദിക്കുന്നു. “ജെറുശലേമിനെ സ്നേഹിക്കുന്ന എല്ലാവരുമേ, അവളോടൊപ്പം ആനന്ദിച്ച് ആഹ്ലാദിക്കുക; അവളെക്കുറിച്ചു വിലപിക്കുന്നവരേ അവളോടുകൂടെ അതിയായി ആനന്ദിക്കുക. ഒരു ശിശു തന്റെ മാതാവിന്റെ സാന്ത്വനംനൽകുന്ന സ്തനങ്ങൾ വലിച്ചുകുടിക്കുന്നതുപോലെ അവളുടെ കവിഞ്ഞൊഴുകുന്ന സമൃദ്ധി നുകർന്നു നിങ്ങൾ തൃപ്തിയടയും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു നദിയെന്നപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ ധനവും ഞാൻ അവൾക്കു വർധിപ്പിക്കും; നിങ്ങൾ മുലപ്പാൽ കുടിക്കുകയും നിങ്ങളെ ഒക്കത്ത് എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മ അവളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ ജെറുശലേമിനെക്കുറിച്ച് ആശ്വസ്തരാകും.” ഇതു നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും, നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴച്ചുവളരും; യഹോവയുടെ കരം അവിടത്തെ ദാസന്മാർക്കു വെളിപ്പെടും, എന്നാൽ തന്റെ ശത്രുക്കളോട് അവിടന്നു ക്രുദ്ധനാകും. യഹോവ തന്റെ കോപം ഉഗ്രതയോടും തന്റെ ശാസന അഗ്നിജ്വാലകളോടും കൂടെ വെളിപ്പെടുത്തും; ഇതാ, അവിടന്ന് അഗ്നിയിൽ പ്രത്യക്ഷനാകും, അവിടത്തെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. അഗ്നിയാലും തന്റെ വാളിനാലും സകലജനത്തിന്മേലും യഹോവ ന്യായവിധി നടപ്പിലാക്കും, യഹോവയാൽ വധിക്കപ്പെടുന്നവർ നിരവധിയായിരിക്കും. “പന്നിയിറച്ചി, ചുണ്ടെലി, മറ്റ് നിഷിദ്ധവസ്തുക്കൾ തിന്നുന്നവരെ അനുഗമിച്ചുകൊണ്ട് തോട്ടങ്ങൾക്കുള്ളിലേക്കു പോകാനായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നവർ, അവർ ആരെ അനുഗമിക്കുന്നുവോ അവരുടെയും ഇവരുടെയും അന്ത്യം ഒന്നുതന്നെയായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ അവരുടെ പ്രവൃത്തികളെയും ചിന്തകളെയും അറിയുന്നു. ഞാൻ സകലരാഷ്ട്രങ്ങളിലെ ജനത്തെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടും, അവരെല്ലാം വന്ന് എന്റെ മഹത്ത്വം കാണും. “ഞാൻ അവരുടെ ഇടയിൽ ഒരു ചിഹ്നം സ്ഥാപിക്കും; അവരിൽ ശേഷിക്കുന്ന ചിലരെ തർശീശ്, ലിബിയ,66:19 മൂ.ഭാ. പൂൽ വില്ലാളികളുടെ നാടായ ലൂദ്, തൂബാൽ, ഗ്രീസ്66:19 മൂ.ഭാ. യവന എന്നീ രാഷ്ട്രങ്ങളിലേക്കും എന്റെ നാമം കേൾക്കുകയോ എന്റെ മഹത്ത്വം ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത വിദൂരദ്വീപുകളിലേക്കും അയയ്ക്കും. അവർ ഈ ജനതകൾക്കിടയിൽ എന്റെ മഹത്ത്വം വിളംബരംചെയ്യും. ഇസ്രായേൽമക്കൾ ആചാരപരമായി വെടിപ്പുള്ള ഒരു പാത്രത്തിൽ യഹോവയുടെ ആലയത്തിലേക്കു ഭോജനയാഗങ്ങൾ കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സകലജനത്തെയും എല്ലാ രാജ്യങ്ങളിൽനിന്നും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ ജെറുശലേമിലേക്ക് യഹോവയ്ക്ക് ഒരു വഴിപാടായി കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ ഇടയിൽനിന്ന് ഞാൻ ചിലരെ പുരോഹിതന്മാരായും ലേവ്യരായും തിരഞ്ഞെടുക്കും,” എന്നും യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെമുമ്പിൽ നിലനിൽക്കുന്നതുപോലെ നിങ്ങളുടെ പേരും പിൻഗാമികളും നിലനിൽക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ഒരു അമാവാസിമുതൽ മറ്റൊരു അമാവാസിവരെയും ഒരു ശബ്ബത്തുമുതൽ മറ്റൊരു ശബ്ബത്തുവരെയും എല്ലാ മനുഷ്യരും എന്റെ സന്നിധിയിൽ നമസ്കരിക്കാൻ വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവർ പുറപ്പെട്ടുചെന്ന് എനിക്കെതിരേ മത്സരിച്ച മനുഷ്യരുടെ ശവങ്ങൾ നോക്കും; അവരെ തിന്നുന്ന പുഴു ചാകുകയില്ല, അവരെ ദഹിപ്പിക്കുന്ന അഗ്നി കെട്ടുപോകുകയുമില്ല. അവർ സകലമനുഷ്യവർഗത്തിനും അറപ്പായിരിക്കും.”