- Biblica® Open Malayalam Contemporary Version 2020
ഹോശേയ
ഹോശേയയുടെ പ്രവചനം
ഹോശേയ
ഹോശ.
ഹോശേയയുടെ പ്രവചനം
യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ1:1 യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം. മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:
ഹോശേയയുടെ ഭാര്യയും മക്കളും
യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.” അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.
അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ1:4 ദൈവം വിതയ്ക്കും എന്നർഥം. എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും. ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”
ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ1:6 കരുണ ലഭിക്കാത്തവൾ എന്നർഥം. എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല. എങ്കിലും ഞാൻ യെഹൂദാഗൃഹത്തോടു സ്നേഹം കാണിക്കും; വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ അല്ല, കുതിരകളെയോ കുതിരച്ചേവകരെയോകൊണ്ടല്ല, അവരുടെ ദൈവമായ യഹോവയായ ഞാൻതന്നെ അവരെ രക്ഷിക്കും.”
ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു. അപ്പോൾ യഹോവ കൽപ്പിച്ചു: “അവനു ലോ-അമ്മീ1:9 എന്റെ ജനമല്ല എന്നർഥം. എന്നു പേരിടുക; കാരണം, ഇസ്രായേൽ എന്റെ ജനമോ ഞാൻ നിങ്ങളുടെ ദൈവമോ അല്ല.
“ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും. യെഹൂദാജനവും ഇസ്രായേൽജനവും ഒരുമിച്ചുചേർക്കപ്പെടും. അവർ ഒരേ നായകനെ നിയമിച്ച്, ദേശത്തുനിന്നു പുറപ്പെട്ടുപോകും. മഹത്തായ ഒരു ദിവസമായിരിക്കും യെസ്രീലിന് ലഭിക്കുന്നത്.”
“അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ, ‘അമ്മീ’2:1 എന്റെ ജനം എന്നർഥം. എന്നും സഹോദരിമാരെ ‘രൂഹമാ’2:1 കരുണ ലഭിച്ചവൾ എന്നർഥം. എന്നും വിളിക്കുക.
ഇസ്രായേലിന്റെ ശിക്ഷയും വീണ്ടെടുപ്പും
“നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക;
കാരണം അവൾ എന്റെ ഭാര്യയല്ല,
ഞാൻ അവളുടെ ഭർത്താവുമല്ല;
അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും
തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ.
അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും
അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും;
ഞാൻ അവളെ മരുഭൂമിപോലെയും
വരണ്ട നിലംപോലെയും ആക്കും
അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.
ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല,
അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ.
അവരുടെ അമ്മ അവിശ്വസ്തയായിരുന്നു
അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു.
അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും;
അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്,
കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’
അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും;
അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.
അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല;
അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല.
അപ്പോൾ അവൾ പറയും:
‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും,
എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’
അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും
ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച
വെള്ളിയും സ്വർണവും അവൾക്കു നൽകിയത്
ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല.
“അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും
പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും.
അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള
എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും
ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ
അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും;
എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല.
ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും:
അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും
ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ.
അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന
മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും;
ഞാൻ അതിനെ കുറ്റിച്ചെടിയാക്കും,
വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും.
ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം
ഞാൻ അവളെ ശിക്ഷിക്കും;
അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട്
തന്റെ കാമുകന്മാരെ പിൻതുടർന്നു,
എന്നെയോ, അവൾ മറന്നുകളഞ്ഞു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു;
ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും
അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും.
അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും,
ആഖോർ2:15 ദുരിതം എന്നർഥം. താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും.
അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ,
ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും.
“ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും;
‘എന്റെ യജമാനനേ’2:16 മൂ.ഭാ. എന്റെ ബാലേ എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല.
ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും;
അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല.
ആ ദിവസം, ഞാൻ അവർക്കുവേണ്ടി
വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും
നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.
വില്ലും വാളും യുദ്ധവും
ദേശത്തുനിന്നു ഞാൻ നീക്കിക്കളയും,
അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.
ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;
ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും
ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.
ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,
അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.
“അന്നു ഞാൻ ഉത്തരം നൽകും,”
യഹോവ അരുളിച്ചെയ്യുന്നു—
“ഞാൻ ആകാശത്തിന് ഉത്തരം നൽകും,
ആകാശം ഭൂമിക്ക് ഉത്തരം നൽകും;
ഭൂമി ധാന്യത്തിനും
പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും,
അവ യെസ്രീലിന് ഉത്തരം നൽകും.
എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും;
‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും.
‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും;
‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും.
ഹോശേയ തന്റെ ഭാര്യയോട് രമ്യതപ്പെടുന്നു
യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”
അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ3:2 ഏക. 170 ഗ്രാം. വെള്ളിക്കും ഒന്നര ഹോമർ3:2 ഏക. 195 കി.ഗ്രാം. യവത്തിനും3:2 ബാർലി അഥവാ, ബാർലരി വിലയ്ക്കുവാങ്ങി. ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.”
രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും3:4 അഥവാ, പുരോഹിതവസ്ത്രമില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും. പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.
ഇസ്രായേലിനെതിരേ കുറ്റാരോപണം
ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;
ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ
യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:
“ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ
ദൈവപരിജ്ഞാനമോ ഇല്ല;
ശാപവും വ്യാജവും കൊലപാതകവും
മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ.
അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു;
രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
ഇതുനിമിത്തം ദേശം വിലപിക്കുന്നു.
അതിലെ നിവാസികളെല്ലാവരും
വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു;
സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
“എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ
പരസ്പരം പഴിചാരുകയോ അരുത്.
നിങ്ങൾ പുരോഹിതനുനേരേ ആരോപണം
ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
നിങ്ങൾ പകൽസമയത്ത് ഇടറിവീഴും.
പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും.
അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു.
“നീ പരിജ്ഞാനം ത്യജിച്ചതിനാൽ
എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും;
നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ,
ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
പുരോഹിതന്മാർ വർധിക്കുന്തോറും,
അവർ എന്നോട് അധികം പാപംചെയ്തു;
അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും
അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും.
ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും
അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
“അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;
അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല,
കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,
കുന്നുകളിൽ നല്ല തണൽ നൽകുന്ന
കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ
അവർ ധൂപംകാട്ടുന്നു.
തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും
പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
“വ്യഭിചാരത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രിമാരെയും
പരപുരുഷസംഗത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല.
കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും
ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു.
ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
“ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും
യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ.
“നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്;
ബേത്-ആവെനിലേക്ക്4:15 ദുഷ്ടതയുടെ ഭവനം എന്നർഥം. പോകരുത്.
‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ
ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്.
അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ
അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു;
അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
അവരുടെ മദ്യം തീർന്നാലും
അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു;
അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും,
അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.
ഇസ്രായേലിനെതിരേ ന്യായവിധി
“പുരോഹിതന്മാരേ, ഇതു കേൾപ്പിൻ!
ഇസ്രായേൽജനമേ, ശ്രദ്ധിക്കുക!
രാജഗൃഹമേ, ചെവിചായ്‌ക്കുക!
ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു:
നിങ്ങൾ മിസ്പായിൽ ഒരു കെണിയും
താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു.
മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു.
ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും.
എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം;
ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല.
എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു;
ഇസ്രായേൽ മലിനമായിരിക്കുന്നു.
“തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ
അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല.
വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്;
അവർ യഹോവയെ അംഗീകരിക്കുന്നില്ല.
ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു;
ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു;
യെഹൂദയും അവരോടുകൂടെ വീഴുന്നു.
അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ
യഹോവയെ അന്വേഷിക്കുമ്പോൾ,
അവിടത്തെ കണ്ടെത്തുകയില്ല,
കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു.
അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു;
അവർ ജാരസന്തതികളെ പ്രസവിക്കുന്നു.
അവരുടെ അമാവാസി ഉത്സവങ്ങൾ
അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.
“ഗിബെയയിൽ കാഹളം മുഴക്കുക;
രാമായിൽ കൊമ്പ് ഊതുക.
ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക;
ബെന്യാമീനേ, മുന്നോട്ടുപോകുക.
കണക്കു തീർക്കുന്ന ദിവസം
എഫ്രയീം ശൂന്യമാകും.
ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ
നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു.
യെഹൂദാപ്രഭുക്കന്മാർ
അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്.
ഞാൻ എന്റെ ക്രോധം
വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.
എഫ്രയീം വിഗ്രഹത്തെ5:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഇഷ്ടപ്പെടുന്നതുകൊണ്ട്
അവൻ പീഡിതനും
വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും
യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും.
“എഫ്രയീം തന്റെ രോഗത്തെയും
യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ,
എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു,
മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു.
എന്നാൽ നിന്നെ സുഖപ്പെടുത്താനും
നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും
യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും.
ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും.
ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.
അവർ തങ്ങളുടെ കുറ്റം സമ്മതിച്ച്
എന്റെ മുഖം അന്വേഷിക്കുന്നതുവരെയും
ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും—
അവരുടെ ദുരിതത്തിൽ
അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”
മാനസാന്തരപ്പെടാത്ത ഇസ്രായേൽ
“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.
യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;
എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.
അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;
അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.
രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;
മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,
നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.
നാം യഹോവയെ അംഗീകരിക്കുക;
അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.
സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ
ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.
അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും
വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”
“എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?
യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?
നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും
അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.
അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,
എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.
എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.6:5 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;
ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
ആദാമിനെപ്പോലെ6:7 അഥവാ, മനുഷ്യനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;
അവർ എന്നോട് അവിശ്വസ്തരായിരുന്നു.
ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;
അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.
ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,
പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു;
അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു,
ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു.
ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:
അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;
ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.
“യെഹൂദയേ, ഞാൻ നിനക്കും
ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
“ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,
ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,
എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും
ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു.
അവർ വഞ്ചന പ്രവർത്തിക്കുന്നു;
കള്ളന്മാർ വീടുകളിൽ കയറുന്നു,
കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു.
എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്
അവർ തിരിച്ചറിയുന്നില്ല.
അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു;
അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.
“അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും
പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു.
അവർ എല്ലാവരും വ്യഭിചാരികൾ,
മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ
അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത
അടുപ്പുപോലെ അവർ ജ്വലിക്കുന്നു.
നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ
പ്രഭുക്കന്മാർ വീഞ്ഞുകുടിച്ച് ഉന്മത്തരാകുന്നു,
അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.
അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു;
അവരുടെ ഹൃദയം ചൂളപോലെ ആകുന്നു.
അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു;
രാവിലെ അതു ജ്വലിക്കുന്ന അഗ്നിപോലെ കത്തുന്നു.
അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു;
അവർ തങ്ങളുടെ ഭരണാധികാരികളെ വിഴുങ്ങുന്നു.
അവരുടെ രാജാക്കന്മാർ എല്ലാവരും വീഴുന്നു,
ആരും എന്നെ വിളിച്ചപേക്ഷിക്കുന്നതുമില്ല.
“എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു;
എഫ്രയീം മറിച്ചിടാത്ത ദോശപോലെ ആകുന്നു.
വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു,
പക്ഷേ, അവൻ അത് അറിയുന്നില്ല.
അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു,
എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല.
ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു,
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും
അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല;
അവിടത്തെ അന്വേഷിക്കുന്നതുമില്ല.
“എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന
വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു;
അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും;
അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും.
അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും;
ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും.
അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ
ഞാൻ അവരെ ശിക്ഷിക്കും.
അവർ എന്നെ വിട്ടുപോയിരിക്കുകയാൽ,
അവർക്കു ഹാ കഷ്ടം!
അവർ എന്നോടു മത്സരിച്ചിരിക്കുകയാൽ
അവർക്കു നാശം!
അവരെ വീണ്ടെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു
പക്ഷേ, അവർ എനിക്കെതിരേ വ്യാജംപറയുന്നു.
അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല,
പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു.
അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു,
അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു
എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു.
ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി,
എങ്കിലും അവർ എനിക്കെതിരേ ദോഷം ചിന്തിക്കുന്നു.
അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല;
അവർ കേടുള്ള വില്ലുപോലെ ആകുന്നു.
അവരുടെ നിഗളവാക്കുകൾനിമിത്തം
പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും.
അങ്ങനെ ഈജിപ്റ്റുദേശത്ത്
അവർ പരിഹസിക്കപ്പെടും.
ഇസ്രായേൽ കൊടുങ്കാറ്റു കൊയ്യും
“കാഹളം നിന്റെ ചുണ്ടിൽ വെക്കുക!
അവർ എന്റെ ഉടമ്പടി ലംഘിച്ച്
എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം
യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ വരും.
‘ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ അംഗീകരിക്കുന്നു!’
എന്ന് ഇസ്രായേൽ എന്നോടു നിലവിളിക്കുന്നു.
എന്നാൽ, ഇസ്രായേൽ നന്മ ഉപേക്ഷിച്ചിരിക്കുന്നു;
ശത്രു അവനെ പിൻതുടരും.
എന്റെ സമ്മതംകൂടാതെ അവർ രാജാക്കന്മാരെ വാഴിക്കുന്നു;
എന്റെ അംഗീകാരം ഇല്ലാതെ അവർ പ്രഭുക്കന്മാരെ തെരഞ്ഞെടുക്കുന്നു.
അവർ സ്വന്തം നാശത്തിനായി,
തങ്ങൾക്കുള്ള വെള്ളിയും സ്വർണവുംകൊണ്ടു
തങ്ങൾക്കുതന്നെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു.
ശമര്യയേ, നിങ്ങളുടെ പശുക്കിടാവിന്റെ വിഗ്രഹത്തെ പുറത്ത് എറിഞ്ഞുകളയുക!
എന്റെ കോപം അവർക്കുനേരേ ജ്വലിക്കുന്നു.
നിർമലരായിരിക്കുന്നത് അവർക്ക് എത്രത്തോളം അസാധ്യമായിരിക്കും?
അത് ഇസ്രായേലിൽനിന്നുള്ളതുതന്നെ!
ഒരു കൊത്തുപണിക്കാരൻ അതിനെ ഉണ്ടാക്കി;
അതു ദൈവമല്ല.
ശമര്യയിലെ പശുക്കിടാവ്
കഷണങ്ങളായി തകർന്നുപോകും.
“അവർ കാറ്റു വിതച്ചു,
കൊടുങ്കാറ്റു കൊയ്യുന്നു.
അവരുടെ തണ്ടിൽ കതിരില്ല;
അതിൽനിന്ന് മാവു കിട്ടുകയുമില്ല.
അതിൽ ധാന്യം വിളഞ്ഞെങ്കിൽക്കൂടെ
അന്യദേശക്കാർ അതു വിഴുങ്ങിക്കളയും.
ഇസ്രായേലിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു;
അവൾ ഇപ്പോൾ രാഷ്ട്രങ്ങളുടെ മധ്യത്തിൽ
ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.
തനിയേ അലഞ്ഞുതിരിയുന്ന ഒരു കാട്ടുകഴുതയെപ്പോലെ
അവർ അശ്ശൂരിലേക്കു പോയി;
എഫ്രയീം തങ്ങളെത്തന്നെ കാമുകന്മാർക്കു വിറ്റിരിക്കുന്നു.
അവർ രാജ്യങ്ങളുടെ മധ്യത്തിൽ തങ്ങളെത്തന്നെ വിറ്റാലും
ഞാൻ ഇപ്പോൾ അവരെ ഒരുമിച്ചുകൂട്ടും;
ശക്തനായ രാജാവിന്റെ പീഡനംനിമിത്തം
അവർ മെലിഞ്ഞുണങ്ങാൻ തുടങ്ങും.
“എഫ്രയീം പാപശുദ്ധീകരണയാഗങ്ങൾക്കുവേണ്ടി അനേകം യാഗപീഠങ്ങൾ പണിതു എങ്കിലും,
അവയെല്ലാം പാപഹേതുവായിത്തീർന്നിരിക്കുന്നു.
ഞാൻ അവർക്കുവേണ്ടി, എന്റെ ന്യായപ്രമാണത്തിലുള്ള അനേകം സംഗതികൾ എഴുതി,
പക്ഷേ, അവർ അതിനെ വൈദേശികമായി ചിന്തിച്ചുകളഞ്ഞു.
അവർ എനിക്കുള്ള ദാനമായി യാഗങ്ങൾ അർപ്പിക്കുകയും
അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു,
എന്നാൽ യഹോവ അവരിൽ പ്രസാദിക്കുന്നില്ല.
ഇപ്പോൾ യഹോവ അവരുടെ ദുഷ്ടത ഓർക്കും
അവരുടെ പാപങ്ങൾ ശിക്ഷിക്കും;
അവർ ഈജിപ്റ്റിലേക്കു മടങ്ങിപ്പോകും.
ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന്
കൊട്ടാരങ്ങൾ പണിതിരിക്കുന്നു;
യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി.
എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും
അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”
ഇസ്രായേൽ ശിക്ഷിക്കപ്പെടും
ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ
നീ ആനന്ദിക്കരുത്;
കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ
വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട്
ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല;
പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല.
അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല;
എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും
അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും.
അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല,
അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല.
ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും;
അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും.
ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം;
അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല.
നിങ്ങളുടെ ഉത്സവദിവസങ്ങളിൽ,
യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും?
അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും,
ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും
മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും.
അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും.
മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.
ശിക്ഷയുടെ ദിവസങ്ങൾ വരുന്നു,
പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു.
ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ.
നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും
നിങ്ങളുടെ ശത്രുത വലുതാകുകയാലും
പ്രവാചകനെ ഒരു ഭോഷനായും
ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.
യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം
എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു.
എങ്കിലും അവന്റെ വഴികളിൽ കെണികളും
അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.
അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ
മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു.
ദൈവം അവരുടെ ദുഷ്ടത ഓർക്കും
അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.
“ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ,
അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു;
ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ
അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു.
എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ,
അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു.
തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.
എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും—
ജനനമില്ല, ഗർഭമില്ല, ഗർഭധാരണവുമില്ല!
അവർ കുഞ്ഞുങ്ങളെ വളർത്തിയാലും
ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും.
ഞാൻ അവരെ വിട്ടുമാറുമ്പോൾ
അവർക്കു ഹാ കഷ്ടം!
സോരിനെപ്പോലെ മനോഹരസ്ഥലത്തു നട്ടിരിക്കുന്ന
എഫ്രയീമിനെ ഞാൻ കണ്ടു.
എന്നാൽ എഫ്രയീം തന്റെ മക്കളെ
ഘാതകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടിവരും.”
അവർക്കു നൽകണമേ യഹോവേ,
അവർക്ക് അങ്ങ് എന്താണു നൽകുന്നത്?
അലസിപ്പോകുന്ന ഗർഭവും,
വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.
“ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം
ഞാൻ അവിടെ അവരെ വെറുത്തു.
അവരുടെ പാപപ്രവൃത്തികൾനിമിത്തം
ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.
ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല;
അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.
എഫ്രയീം നശിച്ചിരിക്കുന്നു,
അവരുടെ വേര് ഉണങ്ങിപ്പോയി,
അവർ ഫലം പുറപ്പെടുവിക്കുന്നില്ല.
അവർ കുഞ്ഞുങ്ങളെ ഗർഭംധരിച്ചാലും,
അവരുടെ പ്രിയ ഗർഭഫലങ്ങളെ ഞാൻ സംഹരിച്ചുകളയും.”
അവർ യഹോവയെ അനുസരിക്കായ്കകൊണ്ട്
എന്റെ ദൈവം അവരെ നിരസിച്ചുകളയും;
അവർ രാഷ്ട്രങ്ങൾക്കിടയിൽ അലയുന്നവരാകും.
ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി;
അവൻ തനിക്കുതന്നെ ഫലം കായ്ച്ചു.
അവന്റെ ഫലം വർധിച്ചതനുസരിച്ച്,
കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു;
അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്,
അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു.
അവരുടെ ഹൃദയം വഞ്ചനയുള്ളത്,
അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും.
യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും
അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും.
അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ
ഞങ്ങൾക്കു രാജാവില്ല;
അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും,
അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?”
അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,
വ്യാജശപഥങ്ങൾ ചെയ്യുന്നു
ഉടമ്പടികൾ ഉണ്ടാക്കുന്നു.
അതുകൊണ്ട്, ഉഴുതിട്ട നിലത്ത്
വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.
ശമര്യയിൽ പാർക്കുന്ന ജനം
ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു.
അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം
അതിലെ ജനങ്ങൾ വിലപിക്കും
വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും,
അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും.
മഹാരാജാവിനു കപ്പമായിട്ട്
അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും.
എഫ്രയീം അപമാനിക്കപ്പെടും;
ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ
ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.
ഇസ്രായേലിന്റെ പാപമായ
ആവേനിലെ10:8 അതായത്, ബേത്-ആവെനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും.
അവിടെ മുള്ളും പറക്കാരയും വളർന്ന്
അവരുടെ ബലിപീഠങ്ങളെ മൂടും.
അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും
കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.
“ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു,
നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു.
ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ
യുദ്ധം കീഴടക്കുകയില്ലേ?
എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും;
അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന്
അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും.
എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും
മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്;
എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ
നുകം വെക്കും;
ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും
യെഹൂദാ നിലം ഉഴുകയും
യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.
നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.
തരിശുനിലങ്ങളെ ഉഴുവിൻ,
യഹോവ വന്നു
നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ
അവിടത്തെ അന്വേഷിപ്പിൻ.
എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,
നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു,
വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു.
നിങ്ങൾ സ്വന്തബലത്തിലും
യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,
യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും.
യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ
നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും.
അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.
നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ,
ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും.
ആ ദിവസം ഉദിക്കുമ്പോൾ,
ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.
ഇസ്രായേലിനോടുള്ള ദൈവത്തിന്റെ സ്നേഹം
“ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,
ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും
അവർ എന്നെ വിട്ടകന്നുപോയി.
അവർ ബാലിനു ബലിയർപ്പിച്ചു
വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.
എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,
ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;
എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്
അവർ മനസ്സിലാക്കിയില്ല.
ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും
സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;
ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,
ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,
അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.
“അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ
അവർ എങ്കലേക്കു മടങ്ങിവരാൻ വിസമ്മതിച്ചതിനാൽ
അശ്ശൂർ അവരുടെമേൽ ഭരണംനടത്തുകയില്ലേ?
അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും;
അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും
അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.
എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു.
അവർ പരമോന്നതനെ വിളിച്ചപേക്ഷിച്ചാലും
അവിടന്ന് അവരെ ഉദ്ധരിക്കുകയില്ല.
“എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും?
ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും?
ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ?
സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ?
എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു;
എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.
ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല,
ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല.
കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല;
നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ.
ഞാൻ ക്രോധത്തോടെ വരികയുമില്ല.
അവർ യഹോവയെ അനുഗമിക്കും.
അവിടന്ന് സിംഹംപോലെ ഗർജിക്കും;
അവിടന്ന് ഗർജിക്കുമ്പോൾ
അവിടത്തെ മക്കൾ പടിഞ്ഞാറുനിന്നു വിറച്ചുകൊണ്ടുവരും.
അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും
പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും
വിറച്ചുകൊണ്ടുവരും.
ഞാൻ അവരെ തങ്ങളുടെ വീടുകളിൽ പാർപ്പിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഇസ്രായേലിന്റെ പാപം
എഫ്രയീം വ്യാജങ്ങളാലും
ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു.
യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല;
വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.
എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു.
കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും
വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു.
അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു;
ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്;
അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും
അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു;
പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു;
അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു.
അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു,
അവിടെവെച്ച് അവനോടു സംസാരിച്ചു.
യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ;
യഹോവ എന്നത്രേ അവിടത്തെ നാമം!
എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;
സ്നേഹവും നീതിയും നിലനിർത്തുവിൻ,
എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു
അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
എഫ്രയീം അഹങ്കരിക്കുന്നു:
“ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു.
എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ
അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
“ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന
യഹോവയായ ദൈവം ആകുന്നു.
നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ
ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്,
അവർക്ക് അനേകം ദർശനങ്ങൾ നൽകി,
അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
ഗിലെയാദ് ഒരു ദുഷ്ടജനമോ?
എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും!
അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ?
എങ്കിൽ അവരുടെ ബലിപീഠങ്ങൾ
ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
യാക്കോബ് അരാം12:12 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം. ദേശത്തേക്ക് ഓടിപ്പോയി;
ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു.
അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു,
ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു.
അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും;
അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
ഇസ്രായേലിനെതിരേ യഹോവയുടെ കോപം
എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി;
അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു.
എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു.
ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു;
അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും
വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി.
അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ.
“അവർ നരബലി നടത്തുന്നു!
കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!”
എന്ന് അവരെക്കുറിച്ച് പറയുന്നു.
അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും
അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും
മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും
ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും.
“എന്നാൽ, ഈജിപ്റ്റുദേശംമുതൽ
നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു.
ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്,
ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല.
മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു
ഞാൻ നിനക്കുവേണ്ടി കരുതി.
ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി;
തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി,
അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു.
അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും,
പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും.
കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ
ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും;
ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും—
ഒരു വന്യമൃഗം അവരെ ചീന്തിക്കളയും.
“ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്,
നീ നശിപ്പിക്കപ്പെടാൻ പോകുന്നു.
നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ?
‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’
എന്നു നീ പറഞ്ഞ,
നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ?
അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി,
എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു.
എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും
അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു.
പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു,
എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ;
സമയമാകുമ്പോൾ
അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല.
“ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.
മരണമേ, നിന്റെ ബാധകൾ എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?
“എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.
അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും,
യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും
മരുഭൂമിയിൽനിന്ന് അതു വീശും.
അവന്റെ വസന്തം വരികയില്ല;
അവന്റെ കിണർ വറ്റിപ്പോകും.
അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും
കലവറ കൊള്ളയടിക്കപ്പെടും.
ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം,
കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു.
അവർ വാളിനാൽ വീഴും;
അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും,
അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.”
അനുഗ്രഹത്തിനായി അനുതപിക്കുക
ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.
നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!
അനുതാപവാക്യങ്ങളുമായി
യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക.
യഹോവയോടു പറയുക:
“ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ,
ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന്
ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.
അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.
യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല.
ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്,
‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല.
അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ.
“ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും
ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും,
എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ.
ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും;
അവൻ ശോശന്നപ്പുഷ്പംപോലെ14:5 അതായത്, ഒരുതരം ലില്ലിപ്പൂവ് പുഷ്പിക്കും.
ലെബാനോനിലെ ദേവദാരുപോലെ
അവൻ ആഴത്തിൽ വേരൂന്നും;
അവന്റെ ഇളംകൊമ്പുകൾ വളരും.
അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും
വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും.
അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും;
അവർ ധാന്യംപോലെ തഴയ്ക്കും,
അവർ മുന്തിരിവള്ളിപോലെ തളിർക്കും—
ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും.
എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്?
ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും.
ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു;
നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.”
ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ.
ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ.
യഹോവയുടെ വഴികൾ നേരുള്ളവതന്നെ;
നീതിനിഷ്ഠർ അതിൽ നടക്കും
മത്സരികളോ, അതിൽ ഇടറിവീഴും.