- Biblica® Open Malayalam Contemporary Version 2020
എബ്രായർ
എബ്രായർക്ക് എഴുതിയ ലേഖനം
എബ്രായർ
എബ്രാ.
എബ്രായർക്ക് എഴുതിയ ലേഖനം
ദൈവപുത്രൻ: ദൈവത്തിന്റെ ആത്യന്തിക വെളിപ്പാട്
ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത്1:3 അതായത്, ആദരവിന്റെയും അധികാരത്തിന്റെയും സ്ഥാനം. ഉപവിഷ്ടനായി. ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
പുത്രൻ ദൂതന്മാരെക്കാൾ അതിശ്രേഷ്ഠൻ
ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”1:5 [സങ്കീ. 2:7]
എന്നും
“ഞാൻ അവന്റെ പിതാവും
അവൻ എന്റെ പുത്രനും ആയിരിക്കും”1:5 [2 ശമു. 7:14]; [1 ദിന. 17:13]
എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? മാത്രമല്ല,
“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”1:6 [ആവ. 32:43]
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്. ദൂതന്മാരെക്കുറിച്ച് ദൈവം
“തന്റെ ദൂതന്മാരെ കാറ്റുകളായും1:7 മൂ.ഭാ. ഈ പദത്തിന് ആത്മാവ് എന്നും അർഥമുണ്ട്; ദൂതന്മാരെ സേവകാത്മാക്കളായും, എന്നും പരിഭാഷപ്പെടുത്താം.
സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.”1:7 [സങ്കീ. 104:4]
എന്ന് അരുളിച്ചെയ്തിരിക്കുന്നു. എന്നാൽ പുത്രനെക്കുറിച്ചാകട്ടെ:
“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;
അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്1:9 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം.
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”1:9 [സങ്കീ. 45:6],[7]
മാത്രവുമല്ല,
“കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു.
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും;
വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും.
എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”1:12 [സങ്കീ. 102:25-27]
ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”1:13 [സങ്കീ. 110:1]
എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?
മുന്നറിയിപ്പ് അവഗണിക്കരുത്
അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും. ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്. പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?
ക്രിസ്തു പരിപൂർണമനുഷ്യൻ
നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്. ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു:
“അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം?
അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം2:7 അതായത്, അൽപ്പനേരത്തേക്കുമാത്രം, വാ. 9 കാണുക. താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.”2:8 [സങ്കീ. 8:4-6]
സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.
സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു. വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.
“കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും”2:12 [സങ്കീ. 22:22]
എന്നും
“എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.”2:13 [യെശ. 8:17]
“ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,”2:13 [യെശ. 8:18]
എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.
മക്കൾ മാനുഷശരീരമുള്ളവർ2:14 മൂ.ഭാ. മാംസവും രക്തവും ഉള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി, ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി. തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രാഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്. അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്. അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്.
യേശു മോശയെക്കാളും ഉന്നതൻ
അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി. വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു. ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.”3:5 [സംഖ്യ. 12:7] ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം.
അവിശ്വാസത്തെക്കുറിച്ച് മുന്നറിയിപ്പ്
അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്:
“ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
മരുഭൂമിയിലെ പരീക്ഷാനാളുകളിൽ,
ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി,
എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്.
അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി,
നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.
അതുകൊണ്ട് ആ തലമുറയോട് എനിക്കു കോപമുണ്ടായി;
‘എപ്പോഴും എന്നിൽനിന്നകന്നുപോകുന്ന പ്രവണതയോടുകൂടിയ ഹൃദയമുള്ളവർ,
എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”3:11 [സങ്കീ. 95:7-11]
സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക. നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു.
“ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ,
ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി,
എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്,”3:15 [സങ്കീ. 95:7],[8]
എന്നു പ്രസ്താവിക്കുമ്പോൾ,
ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്ന് മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ? നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്. അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ3:18 അതായത്, വിശ്വസിക്കാത്തവരോടല്ലാതെ മറ്റാരോടാണ്? ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.
ദൈവജനത്തിന് വാഗ്ദാനം നൽകപ്പെട്ടിരിക്കുന്ന വിശ്രമം
അവിടത്തെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതു നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധാലുക്കളായിരിക്കാം. നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ട സന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു.4:2 ചി.കൈ.പ്ര. അവർ വിശ്വാസത്തോടുകൂടെ അംഗീകരിക്കാതിരുന്നു വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു;
“ ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു,”4:3 [സങ്കീ. 95:11]
എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും, “ഏഴാംദിവസം ദൈവം തന്റെ സകലപ്രവൃത്തിയിൽനിന്നും വിശ്രമിച്ചു”4:4 [ഉൽ. 2:2] എന്ന് ഏഴാംദിവസത്തെക്കുറിച്ച് ഒരിടത്ത് പ്രസ്താവിക്കുന്നു. “അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല”4:5 [സങ്കീ. 95:11] എന്നു മേലുദ്ധരിച്ച ഭാഗത്തു വീണ്ടും പ്രസ്താവിക്കുന്നു.
ചിലർക്ക് അതിൽ പ്രവേശിക്കാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് ഈ സുവിശേഷം കേട്ടവർ അനുസരണക്കേടിനാൽ പ്രവേശിക്കാതെ പോയതിനാലും “ഇന്ന്” എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിച്ചിട്ടുണ്ട് എന്ന് ദീർഘകാലത്തിനുശേഷം ദാവീദിലൂടെ സൂചിപ്പിക്കുന്നു.
“ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”4:7 [സങ്കീ. 95:7],[8]
യോശുവ അവർക്കു സ്വസ്ഥത നൽകിയിരുന്നെങ്കിൽ പിന്നീടു മറ്റൊരു ദിവസത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്യുകയില്ലായിരുന്നു. അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത്4:9 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. വിശ്രമം അവശേഷിക്കുന്നുണ്ട്. ദൈവം തന്റെ പ്രവൃത്തിയിൽനിന്ന് വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു. അതിനാൽ ഇസ്രായേലിന്റെ അനുസരണക്കേട് മാതൃകയാക്കി, ആരും വീണുപോകാതിരിക്കാൻമാത്രമല്ല, ആ വിശ്രമത്തിൽ പ്രവേശിക്കാനും നമുക്ക് ഉത്സാഹിക്കാം.
ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു. ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.
യേശു ശ്രേഷ്ഠമഹാപുരോഹിതൻ
സ്വർഗാരോഹണം4:14 മൂ.ഭാ. ആകാശത്തിലൂടെ കടന്നുപോയ ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.
മനുഷ്യരുടെ പ്രതിനിധിയായി, ദൈവത്തിനുമുമ്പിൽ പാപങ്ങൾക്കുവേണ്ടിയുള്ള5:1 ഒരാൾ പാപംചെയ്തു എന്ന് ബോധ്യമായാൽ യാഗാർപ്പണത്തിനായി അയാൾ പുരോഹിതന്റെ അടുക്കലാണ് വരേണ്ടത്. കാഴ്ചകളും യാഗങ്ങളും അർപ്പിക്കാനാണ് ഏതു മഹാപുരോഹിതനെയും മനുഷ്യരിൽനിന്ന് ദൈവം തെരഞ്ഞെടുത്ത് നിയോഗിക്കുന്നത്. താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും. അതിനാൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെതന്നെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു. അഹരോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെട്ടവൻ അല്ലാതെ, ഈ മഹനീയസ്ഥാനം ആരും സ്വയം ഏറ്റെടുക്കുന്നില്ല.
അതുപോലെതന്നെ ക്രിസ്തുവും മഹാപുരോഹിതസ്ഥാനത്തേക്ക് സ്വയം അവരോധിക്കുകയായിരുന്നില്ല.
“നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”5:5 [സങ്കീ. 2:7]
എന്നും, മറ്റൊരിടത്ത്
“മൽക്കീസേദെക്കിന്റെ5:6 [എബ്രാ. 7:1-3] കാണുക. ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും,”5:6 [സങ്കീ. 110:4]
എന്നും ദൈവം ക്രിസ്തുവിനോട് അരുളിച്ചെയ്തിരിക്കുന്നു.
യേശു ഈ ലോകത്തിൽ ജീവിച്ച കാലത്ത്, മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉറക്കെ നിലവിളിച്ചും കണ്ണുനീരൊഴുക്കിയും അപേക്ഷകളും യാചനകളും അർപ്പിച്ചു; ദൈവത്തോടുള്ള അഗാധഭക്തി നിമിത്തം അതിന് ഉത്തരം ലഭിക്കുകയും ചെയ്തു.5:7 [ഹോശ. 13:14] കാണുക. അവിടന്ന് ദൈവപുത്രനായിരുന്നിട്ടും താൻ അനുഭവിച്ച കഷ്ടങ്ങളിൽനിന്ന് അനുസരണപഠിച്ച് എല്ലാവിധത്തിലും യോഗ്യതയുള്ളവനായി. ഇങ്ങനെ, അവിടന്ന് തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായിത്തീർന്ന്, മൽക്കീസേദെക്കിന്റെ ക്രമത്തിലുള്ള മഹാപുരോഹിതനായി ദൈവത്താൽ നിയോഗിക്കപ്പെടുകയും ചെയ്തു.
വീഴാതിരിക്കാൻ സൂക്ഷിക്കുക
ഈ വിഷയം സംബന്ധിച്ച് ഞങ്ങൾക്ക് വളരെയേറെ അറിയിക്കാനുണ്ട്, എങ്കിലും ഗ്രഹിക്കാനുള്ള മന്ദതനിമിത്തം നിങ്ങളോട് വിശദീകരിക്കുക ദുഷ്കരമാണ്. വാസ്തവത്തിൽ, നിങ്ങൾ വിശ്വസിച്ചതുമുതലുള്ള സമയം കണക്കാക്കിയാൽ ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടതാണ്; എന്നാൽ ഇപ്പോഴും ദൈവവചനത്തിന്റെ പ്രാഥമികപാഠങ്ങൾപോലും മറ്റൊരാൾ നിങ്ങളെ ഉപദേശിക്കേണ്ട അവസ്ഥയിലാണ്. നിങ്ങൾക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത് പാലാണ്, ഖരരൂപത്തിലുള്ള ആഹാരമല്ല. പാൽമാത്രം കുടിച്ചു ജീവിക്കുന്നയാൾ നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത വെറും ശിശുവാണ്. സ്ഥിരപരിശീലനത്തിലൂടെ നന്മയും തിന്മയും വ്യവച്ഛേദിക്കാനുള്ള കഴിവ് സമാർജിച്ച പക്വതയുള്ളവർക്കുമാത്രമാണ് ഖരരൂപത്തിലുള്ള ആഹാരം.
ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ,6:1-2 അതായത്, വിവിധ ദൈവികശുശ്രൂഷകൾക്കായി നിയോഗിക്കുന്ന കർമം. മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം.6:3 അഥവാ, തീർച്ചയായും ദൈവം അനുവദിച്ചാൽ വിവരിക്കും.
ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ. കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും. എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും.
പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്. ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല. നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.
ദൈവികവാഗ്ദാനങ്ങൾ സുനിശ്ചിതമാണ്
ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു: “ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.”6:14 [ഉൽ. 22:17]6:14 മൂ.ഭാ. അനുഗ്രഹിച്ച് അനുഗ്രഹിക്കും, വർധിപ്പിച്ച് വർധിപ്പിക്കും. എന്ന് അരുളിച്ചെയ്തു. അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു.
തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു. ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി. ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്. ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു! അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.
മൽക്കീസേദെക്കിന്റെ പൗരോഹിത്യം
ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു.7:1 [ഉൽ. 14:18-19] അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം. അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു.
അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു! ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്. എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു. ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ. ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ7:8 അതായത്, അബ്രാഹാമിന്റെയും മൽക്കീസേദെക്കിന്റെയും കാര്യത്തിൽ. സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി. ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം. കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.
യേശുവും മൽക്കീസേദെക്കും
ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ? പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം. നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല. ആ നമ്മുടെ കർത്താവ് യെഹൂദാഗോത്രത്തിൽ ജനിച്ചു എന്നത് സുവ്യക്തമാണല്ലോ. മോശ ആ ഗോത്രത്തെക്കുറിച്ച് പൗരോഹിത്യസംബന്ധമായി യാതൊന്നും കൽപ്പിച്ചിട്ടില്ല. മൽക്കീസേദെക്കിനു തുല്യനായ വേറൊരു പുരോഹിതൻ വന്നാൽ ഞങ്ങൾ പറയുന്ന ഇക്കാര്യം അധികം വ്യക്തമാകും. അദ്ദേഹം പുരോഹിതനായിത്തീർന്നത് തന്റെ കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അനശ്വരമായ ജീവന്റെ ശക്തി തന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,”7:17 [സങ്കീ. 110:4]
എന്നു സാക്ഷീകരിച്ചിട്ടുണ്ട്.
ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.
മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!
“ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’
എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു;
അതിനു മാറ്റമില്ല,”7:21 [സങ്കീ. 110:4]
എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു.
പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി7:25 അതായത്, എന്നെന്നേക്കും രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.
പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ. ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു.
പുതിയ ഉടമ്പടിയുടെ മഹാപുരോഹിതൻ
നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.
വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്. ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ. അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം8:5 [പുറ. 26:1-37]; [36:8-38] കാണുക. പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക”8:5 [പുറ. 25:40] എന്നാണ്. പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.
എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ? അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,
എന്ന്, കർത്താവിന്റെ അരുളപ്പാട്.
ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത
ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ
ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ
ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”8:12 [യിര. 31:31-34]
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.
ലൗകികകൂടാരത്തിലെ ആരാധന
ദൈവം ഇസ്രായേലുമായി ചെയ്ത ആദ്യഉടമ്പടിയിൽ ആരാധനയും ലൗകികവിശുദ്ധമന്ദിരവും സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നു. അതിനനുസൃതമായി ഒരു കൂടാരം നിർമിക്കപ്പെട്ടു. സമാഗമകൂടാരത്തിന്റെ ആദ്യഭാഗത്ത് (അതായത്, ഒന്നാംതിരശ്ശീലയ്ക്കു പിന്നിൽ) നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്. കൂടാരത്തിന്റെ രണ്ടാംതിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം. അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു. പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും9:5 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.
മേൽപ്പറഞ്ഞപ്രകാരം എല്ലാ ക്രമീകരണവും ചെയ്തതിനുശേഷം പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ അനുഷ്ഠിക്കാനായി കൂടാരത്തിന്റെ ആദ്യഭാഗത്തു പതിവായി പ്രവേശിച്ചിരുന്നു. എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്. ആദ്യത്തെ കൂടാരവും (അത് സംബന്ധിച്ച അനുഷ്ഠാനങ്ങളും) നിലനിന്നിരുന്ന കാലംവരെ അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ദൃശ്യമായിരുന്നില്ല എന്നു പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു. ഈ പുറമേയുള്ള കൂടാരം വർത്തമാനകാലത്തിന്റെ പ്രതീകമാണ്. അർപ്പിക്കപ്പെടുന്ന വഴിപാടുകളും യാഗങ്ങളും ആരാധകന്റെ മനസ്സാക്ഷിയെ തൃപ്തിവരുത്താൻ പര്യാപ്തമായിരുന്നില്ല. ഭക്ഷണപാനീയങ്ങളും വിവിധ കഴുകലുകളും സംബന്ധിച്ച ബാഹ്യനിയമങ്ങൾ പുതിയൊരു വ്യവസ്ഥിതി സ്ഥാപിതമാകുന്നതുവരെമാത്രം സാംഗത്യമുള്ളവയായിരുന്നു.
ക്രിസ്തുവിന്റെ യാഗം സമ്പൂർണയാഗം
എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന9:11 ചി.കൈ.പ്ര. ഭാവിയിൽ സ്ഥാപിതമാകാൻ ഇരിക്കുന്ന നന്മ നിറഞ്ഞ വ്യവസ്ഥിതിയുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത്. അവിടന്ന് മനുഷ്യനിർമിതമല്ലാത്ത, അതായത്, ഭൗതികമല്ലാത്ത വലുതും സമ്പൂർണവുമായ ഒരു കൂടാരത്തിൽക്കൂടി പ്രവേശിച്ചു. മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!
വിളിക്കപ്പെട്ടവർ9:15 അഥവാ, ദൈവത്തിന്റെ സ്വന്തം ജനമായിത്തീർന്നവർക്ക് എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്.
ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല. ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്. മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം”9:19-20 [ഉൽ. 24:8] എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു. അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.
ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്. മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ9:24 മൂ.ഭാ. പ്രത്യക്ഷനാകാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. മഹാപുരോഹിതൻ വർഷംതോറും അന്യരക്തവുമായി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതുപോലെ, ക്രിസ്തുവിന് കൂടെക്കൂടെ തന്നെത്താൻ യാഗം അർപ്പിക്കേണ്ട ആവശ്യമില്ല. മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി. ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.
ക്രിസ്തുവിന്റെ നിസ്തുലയാഗം
ന്യായപ്രമാണമല്ല യാഥാർഥ്യം, അതു വരാനിരുന്ന നന്മകളുടെ പ്രതിരൂപംമാത്രമാണ്. അതുകൊണ്ട് വർഷംതോറും ആവർത്തിക്കപ്പെടുന്ന യാഗങ്ങൾക്ക്, തിരുസന്നിധാനത്തോട് അടുത്തുവരുന്നവരെ പരിപൂർണരാക്കാൻ കഴിയുന്നതേയില്ല. അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ? എന്നാൽ, അവ പാപങ്ങളുടെ വർഷംതോറുമുള്ള അനുസ്മരണംമാത്രമാണ്. കാരണം, കാളകളുടെയും മുട്ടാടുകളുടെയും രക്തത്തിനു പാപനിവാരണം വരുത്താൻ സാധ്യമല്ല.
അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, അവിടന്ന് ദൈവത്തോട്:
“യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല.
എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി;
സർവാംഗദഹനയാഗങ്ങളിലും
പാപശുദ്ധീകരണയാഗങ്ങളിലും സംപ്രീതനായില്ല.
അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ10:7 മൂ.ഭാ. പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു—
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ”10:7 [സങ്കീ. 40:6-8] എന്നു പറഞ്ഞു.
ഇതു പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല. ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു. യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്.
ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി; അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു. അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു.
പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു:
“ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്”10:16 [യിര. 31:33]
എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു. തുടർന്ന്,
“അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും
ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”10:17 [യിര. 31:34] എന്നും പറയുന്നു.
ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.
സഹിഷ്ണുതയ്ക്കുവേണ്ടിയുള്ള ആഹ്വാനം
അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ! സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.
സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു. അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക. “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും”10:30 [ആവ. 32:35] എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും”10:30 [ആവ. 32:36]; [സങ്കീ. 135:14] എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ. ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!
സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക. ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു. മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്.
ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.
“ഇനി അൽപ്പകാലം കഴിഞ്ഞ്
വരാനുള്ളവൻ വരും,
താമസിക്കില്ല.”10:37 [യെശ. 26:20]; [ഹബ. 2:3]
“വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്,
പിന്മാറുന്നയാളിൽ
എന്റെ മനസ്സിന് പ്രസാദമില്ല.”10:38 [ഹബ. 2:4]
എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.
വിശ്വാസം പ്രവൃത്തിപഥത്തിൽ
വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്.
ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു.
ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഹാനോക്ക് മരണം അനുഭവിക്കാതെ, വിശ്വാസത്താൽ എടുക്കപ്പെട്ടു; “ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ പിന്നെ കാണപ്പെട്ടതേയില്ല;”11:5 [ഉൽ. 5:24] എടുക്കപ്പെടുന്നതിനു മുമ്പ്, ദൈവത്തെ പ്രസാദിപ്പിച്ചവൻ എന്ന സാക്ഷ്യം അദ്ദേഹത്തിനു ലഭിച്ചു. വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു.
അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു. അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു. ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു. സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു. അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.
ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു. ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്. തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു. എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു.
താൻ പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചു. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും”11:17-18 [ഉൽ. 21:12] എന്ന വാഗ്ദാനത്തെ സഹർഷം സ്വീകരിച്ചയാൾതന്നെ തന്റെ ഒരേയൊരു മകനെ യാഗാർപ്പണം ചെയ്യാൻ തയ്യാറായി. മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു.
യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും വിശ്വാസത്താൽ അവരുടെ ഭാവി മുൻകൂട്ടിക്കണ്ട് അനുഗ്രഹിച്ചു.
ആസന്നമരണനായ യാക്കോബ് തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്ന്11:21 മൂ.ഭാ. പ്രൊസ്കുനെവൊ. ഈ പദത്തിന് ആരാധിക്കുക, കുനിയുക, നമസ്കരിക്കുക എന്നീ അർഥങ്ങളുമുണ്ട്. യോസേഫിന്റെ പുത്രന്മാർ ഇരുവരെയും വിശ്വാസത്താൽ അനുഗ്രഹിച്ചു.
യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പലായനത്തിന്റെ കാര്യം, വിശ്വാസത്താൽ പരാമർശിക്കുകയും തന്റെ അസ്ഥികളുടെ പുനഃസംസ്കരണത്തെക്കുറിച്ച് നിർദേശിക്കുകയും ചെയ്തു.
മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.
മോശ വളർന്നപ്പോൾ “ഫറവോന്റെ പുത്രിയുടെ മകൻ” എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചത് ഈ വിശ്വാസത്താൽത്തന്നെയാണ്. അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു; അദ്ദേഹം ഈജിപ്റ്റിലെ അമൂല്യ സമ്പത്തിനെക്കാൾ ക്രിസ്തുവിനെപ്രതിയുള്ള അപമാനം മൂല്യമേറിയതെന്നു കരുതി. കാരണം മോശ ദൈവത്തിൽനിന്ന് തനിക്കു ലഭിക്കാനുള്ള പ്രതിഫലത്തിൽ സ്ഥിരചിത്തനായിരുന്നു. അദ്ദേഹം വിശ്വാസത്താൽ രാജകോപം ഭയപ്പെടാതെ ഈജിപ്റ്റ് വിട്ടുപോന്നു; അദൃശ്യനായ ദൈവത്തെ ദർശിച്ചു എന്നതുപോലെ തന്റെ പ്രയാണം തുടർന്നു. ആദ്യജാതന്മാരെ സംഹരിക്കുന്ന ദൂതൻ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സ്പർശിക്കാതിരിക്കേണ്ടതിനായി മോശ വിശ്വാസത്താൽ പെസഹ11:28 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. ആചരിക്കുകയും രക്തം (വീടുകളുടെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും) പുരട്ടുകയും ചെയ്തു.
ഇസ്രായേല്യർ വിശ്വാസത്താൽ, ഉണങ്ങിയ നിലത്തെന്നപോലെ ചെങ്കടൽ കടന്നു; എന്നാൽ അതിന് ഈജിപ്റ്റുകാർ പരിശ്രമിച്ചപ്പോൾ അവരെല്ലാം മുങ്ങിമരിച്ചു.
ഇസ്രായേൽസൈന്യം വിശ്വാസത്താൽ ഏഴുദിവസം യെരീഹോക്കോട്ട വലംവെച്ചു; അത് നിലംപൊത്തി.
രാഹാബ് എന്ന ഗണിക വിശ്വാസത്താൽ ചാരന്മാരെ സമാധാനത്തോടെ സ്വാഗതം ചെയ്തതുകൊണ്ട് വിശ്വസിക്കാതിരുന്ന11:31 അതായത്, അനുസരിക്കാതിരുന്ന മറ്റുള്ളവരോടൊപ്പം നശിക്കാതിരുന്നു.
ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല. അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു, അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു. ചില സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ജീവനോടെ തിരികെ കിട്ടി, മറ്റുചിലർ രക്ഷപ്പെടാൻ ആഗ്രഹിക്കാതെ ശ്രേഷ്ഠമായ പുനരുത്ഥാനം ലഭിക്കേണ്ടതിന് മരണംവരെ പീഡനം ഏറ്റു. വേറെചിലർ പരിഹാസം, ചമ്മട്ടിയടി, ചങ്ങല, തടവ് എന്നിവ സഹിച്ചു. ചിലർ കല്ലേറിനാൽ വധിക്കപ്പെട്ടു, ഈർച്ചവാളാൽ പിളർത്തപ്പെട്ടു, വാളിനാൽ കൊല്ലപ്പെട്ടു. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തുകൽ ധരിച്ച്, നിരാശ്രയരും പീഡിതരും നിന്ദിതരുമായി കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞു, ഗുഹകളിലും മാളങ്ങളിലുമായി ജീവിച്ചു. ലോകം അവർക്ക് അനുയോജ്യമായിരുന്നില്ല.
അവർ എല്ലാവരും തങ്ങളുടെ വിശ്വാസത്തിന് അഭിനന്ദിക്കപ്പെട്ടുവെങ്കിലും അവരിൽ ആരുംതന്നെ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ല. നമ്മോടുചേർന്ന് അവരും പൂർണത പ്രാപിക്കാനായി ദൈവം നമുക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായതു കരുതിയിരുന്നു.
അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം. വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു. നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.
ദൈവികശിക്ഷണം
പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.
“എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,
അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.
കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,
താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”12:6 [സദൃ. 3:11],[12]
എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?
ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക. അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”12:13 [സദൃ. 4:26]
മുന്നറിയിപ്പും ശാക്തീകരണവും
സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.12:15 വിശ്വാസികൾ പരസ്പരമുള്ള സ്നേഹമില്ലായ്മ വളരെ ചെറുതായി ആരംഭിച്ചിട്ട് ഒരു വൻവൃക്ഷമായി പടർന്ന് പന്തലിക്കും അതിനെതിരേ സൂക്ഷ്മതയുള്ളവരായിരിക്കുക. ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
ഭയവും ആനന്ദവും പ്രദാനംചെയ്യുന്ന പർവതങ്ങൾ
സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ കാഹളധ്വനിയെയോ “ഇനി ഒരു വാക്കും ഞങ്ങളോടു കൽപ്പിക്കരുതേ,”12:19 [പുറ. 19:16-25]; [20:18-20] കാണുക. എന്നു കേട്ടവർ കെഞ്ചിയ ശബ്ദഘോഷണത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്. “ഒരു മൃഗമാണെങ്കിൽപോലും പർവതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം”12:20 [പുറ. 19:12],[13] എന്ന കൽപ്പന അവർക്ക് അസഹനീയമായിരുന്നു. ആ കാഴ്ച അത്യന്തം ഭയാനകമായിരുന്നതിനാൽ മോശയും “ഞാൻ ഭീതിയാൽ നടുങ്ങുന്നു”12:21 [ആവ. 9:19] കാണുക. എന്നു പറഞ്ഞു.
എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ12:22 അതായത്, ജെറുശലേം പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.
അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ? അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും”12:26 [ഹഗ്ഗാ. 2:6] എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു. അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്.
ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം; “നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”12:29 [ആവ. 4:24]
അവസാന പ്രബോധനങ്ങൾ
നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.13:1 മൂ.ഭാ. സഹോദരസ്നേഹം തുടർന്നുകൊണ്ടിരിക്കുക. അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.
“ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,
ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”13:5 [ആവ. 31:6]
എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,
“കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”13:6 [സങ്കീ. 118:6],[7]
നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക. യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.
വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്. നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.
മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു. അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു. ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം. ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.
അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.
ആശിർവാദവും അന്തിമ അഭിവാദനങ്ങളും
നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.
നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം.
ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.
കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.