- Biblica® Open Malayalam Contemporary Version 2020 ഹബക്കൂക്ക് ഹബക്കൂക്കിന്റെ പ്രവചനം ഹബക്കൂക്ക് ഹബ. ഹബക്കൂക്കിന്റെ പ്രവചനം പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്. ഹബക്കൂക്കിന്റെ പരാതി യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം, അങ്ങു ശ്രദ്ധിക്കാത്തതെന്തേ? അക്രമംനിമിത്തം ഞാൻ നിലവിളിക്കുന്നു; അവിടന്നു രക്ഷിക്കുന്നതുമില്ല. ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ? അവിടന്ന് അന്യായത്തെ സഹിക്കുന്നതെന്ത്? നാശവും അക്രമവും എന്റെ മുമ്പിലുണ്ട്; അവിടെ കലഹമുണ്ട്, ഭിന്നത വർധിക്കുന്നു. ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു, നീതി നിർവഹിക്കപ്പെടുന്നതുമില്ല. ദുഷ്ടർ നീതിയെ നിയന്ത്രിക്കുന്നു, അതിനാൽ നീതി വഴിവിട്ടുപോകുന്നു. യഹോവയുടെ മറുപടി “രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക, ആശ്ചര്യപ്പെടുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു കാര്യം ചെയ്യാൻപോകുന്നു, നിങ്ങളോടു പറഞ്ഞാൽപോലും നിങ്ങൾ വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ. ഉഗ്രന്മാരും സാഹസികരുമായ ബാബേൽജനതയെ1:6 അഥവാ, കൽദയ ഞാൻ എഴുന്നേൽപ്പിക്കും. സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു. അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു; സ്വന്തം ഇഷ്ടമാണ് അവർക്കു നിയമം അവർ സ്വന്തം മാനംമാത്രം പ്രോത്സാഹിപ്പിക്കുന്നു. അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ, സന്ധ്യക്കിറങ്ങുന്ന ചെന്നായ്ക്കളെക്കാൾ ക്രൂരതയുള്ളവ. അവരുടെ കുതിരപ്പട ഗർവത്തോടെ പോകുന്നു; അവരുടെ കുതിരച്ചേവകർ വിദൂരത്തുനിന്നു വരുന്നു. ഇരതേടുന്ന കഴുകനെപ്പോലെ അവർ പറക്കുന്നു, സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു. അവരുടെ പടയണികൾ മരുഭൂമിയിലെ കാറ്റുപോലെ മുന്നോട്ടുപോകുന്നു, മണൽപോലെ ബന്ധിതരെ ശേഖരിക്കുന്നു. അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. അധികാരികളെ പുച്ഛിക്കുന്നു. കോട്ടയുള്ള നഗരങ്ങൾ നോക്കി അവർ ചിരിക്കുന്നു. അവർ കോട്ടകളിൽ മൺപടികളുണ്ടാക്കി അവയെ പിടിച്ചടക്കുന്നു. അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു— അവർ കുറ്റക്കാർ, സ്വന്തശക്തിയാണ് അവരുടെ ദൈവം.” ഹബക്കൂക്കിന്റെ രണ്ടാമത്തെ പരാതി യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ? എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങ് അമർത്യതയുള്ളവനല്ലോ. യഹോവേ, വിധി നടപ്പാക്കേണ്ടതിന് അങ്ങ് അവരെ നിയമിച്ചിരിക്കുന്നു; എന്റെ പാറയായുള്ളവനേ, ശിക്ഷ നടത്തേണ്ടതിന് അവിടന്ന് അവരെ നിയോഗിച്ചിരിക്കുന്നു. ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്; തെറ്റിനെ സഹിക്കുന്നവനുമല്ലല്ലോ. അങ്ങനെയെങ്കിൽ അങ്ങ് ദ്രോഹികളെ സഹിക്കുന്നതെന്ത്? തങ്ങളെക്കാൾ നീതിമാന്മാരെ ദുഷ്ടർ വിഴുങ്ങിക്കളയുമ്പോൾ അവിടന്നു നിശ്ശബ്ദനായിരിക്കുന്നതെന്ത്? സമുദ്രത്തിലെ മത്സ്യംപോലെയും അധിപതിയില്ലാത്ത കടൽജീവികളെപ്പോലെയും അങ്ങു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു. ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു, അവൻ തന്റെ വലയിൽ അവയെ പിടിക്കുന്നു; തന്റെ കോരുവലയിൽ അവയെ ശേഖരിക്കുന്നു, അങ്ങനെ അവൻ അവയിൽ ആഹ്ലാദിച്ച് ആനന്ദിക്കുന്നു. അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു കോരുവലയ്ക്കു ധൂപംകാട്ടുന്നു. തന്റെ വല മുഖാന്തരം അവൻ ആഡംബരത്തിൽ ജീവിക്കുകയും ഏറ്റവും രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു. അവൻ എപ്പോഴും തന്റെ വല കുടയുകയും കരുണയില്ലാതെ രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യുമോ? ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും? യഹോവയുടെ മറുപടി അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക. കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല. “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും. വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു. “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’ നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും. നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം, ശേഷിച്ച ജനം നിന്നെ കൊള്ളയിടും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ. “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്, അനർഥത്തിൽനിന്നു രക്ഷപ്പെടാൻ തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം! അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി. ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും. “രക്തംചിന്തി പട്ടണം പണിയുന്നവനും അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം! ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ? സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും. “അയൽവാസിയുടെ നഗ്നത കാണേണ്ടതിന് അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം! തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും. നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും, നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ. “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില? അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ. മരത്തോട്, ‘ജീവിക്കുക’ എന്നും ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം! മാർഗദർശനം നൽകാൻ അതിനു കഴിയുമോ? സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു; അതിനുള്ളിൽ ശ്വാസമില്ല.” എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ. ഹബക്കൂക്കിന്റെ പ്രാർഥന വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം. യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു. യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ, ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ; കോപത്തിലും കരുണ ഓർക്കണമേ. ദൈവം തേമാനിൽനിന്ന് വന്നു, പരിശുദ്ധനായവൻ പാരാൻപർവതത്തിൽനിന്ന് വന്നു. സേലാ. അവിടത്തെ തേജസ്സ് ആകാശത്തെ മൂടിയിരുന്നു, അവിടത്തെ സ്തുതി ഭൂമിയെ നിറച്ചിരിക്കുന്നു. അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു; തന്റെ ശക്തി മറച്ചിരുന്ന അവിടത്തെ കരങ്ങളിൽനിന്ന് പ്രഭാകിരണങ്ങൾ മിന്നി. മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി അവിടത്തെ ചവിട്ടടികളെ പിൻതുടരുന്നു. യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. പുരാതനപർവതങ്ങൾ തകർന്നുവീണു പഴയ കുന്നുകൾ നിലംപൊത്തി— എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ. കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു, മിദ്യാന്റെ പാർപ്പിടങ്ങൾ വിഷമിക്കയും ചെയ്യുന്നു. യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? അവിടത്തെ കോപം അരുവികൾക്കുനേരേയോ? കുതിരകളെയും രഥങ്ങളെയും വിജയത്തിലേക്കു നയിച്ചപ്പോൾ അങ്ങു സമുദ്രത്തോടു കോപിച്ചുവോ? അങ്ങു വില്ല് അനാവരണംചെയ്തു; അങ്ങു നിരവധി അമ്പുകൾ ആവശ്യപ്പെടുന്നു. അങ്ങ് നദികളാൽ ഭൂമിയെ വിഭജിക്കുന്നു. പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു. ജലപ്രവാഹങ്ങൾ കടന്നുപോയി; ആഴി ഗർജിച്ചു അതിന്റെ തിരമാല ഉയർന്നുപൊങ്ങി. അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു. ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു; കോപത്തിൽ രാജ്യങ്ങളെ മെതിച്ചുകളഞ്ഞു. സ്വജനത്തെ വിടുവിക്കാനും തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി. ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ, ഒളിച്ചിരിക്കുന്ന അരിഷ്ടന്മാരെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെ അവർ ആനന്ദിച്ചപ്പോൾ, അവന്റെ കുന്തംകൊണ്ടുതന്നെ അങ്ങ് അവന്റെ തല തുളച്ചു. അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും പെരുവെള്ളത്തെ മഥിക്കുകയും ചെയ്തു. ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു; ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു; എന്റെ അസ്ഥികൾ ഉരുകി, എന്റെ കാലുകൾ വിറച്ചുപോയി. എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും. അത്തിവൃക്ഷം തളിർക്കുകയില്ല, മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല, ഒലിവുമരം ഫലം കായ്ക്കുകയില്ല, നിലങ്ങൾ ധാന്യം നൽകുകയുമില്ല, തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല, ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും, ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും. കർത്താവായ യഹോവ എന്റെ ബലമാകുന്നു; അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു, അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.