- Biblica® Open Malayalam Contemporary Version 2020 ഗലാത്യർ ഗലാത്യർക്ക് എഴുതിയ ലേഖനം ഗലാത്യർ ഗലാ. ഗലാത്യർക്ക് എഴുതിയ ലേഖനം പൗലോസ് അപ്പൊസ്തലനും കൂടെയുള്ള എല്ലാ സഹോദരന്മാരും, ഗലാത്യയിലുള്ള സഭകൾക്ക് എഴുതുന്നത്: എന്റെ അപ്പൊസ്തലത്വം മനുഷ്യരിൽനിന്നോ മനുഷ്യനാലോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ച പിതാവായ ദൈവത്താലും ആകുന്നു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ദൈവേഷ്ടപ്രകാരം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം, ആമേൻ. മറ്റൊരു സുവിശേഷവുമില്ല ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ച ദൈവത്തെ ഉപേക്ഷിച്ച് ഇത്രവേഗം മറ്റൊരു സുവിശേഷത്തിലേക്കു നിങ്ങൾ വ്യതിചലിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു— അത് സുവിശേഷമേ അല്ല! ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തെ വികലമാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു എന്നേയുള്ളു. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു സുവിശേഷം, ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനോ, പ്രസംഗിക്കുന്നെങ്കിൽ അയാൾ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുമ്പേ പ്രസ്താവിച്ചതുതന്നെ ഇപ്പോഴും ആവർത്തിക്കുന്നു: നിങ്ങൾ സ്വീകരിച്ച സുവിശേഷത്തിനു വ്യത്യസ്തമായ ഒരു സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ. ഞാൻ ഇപ്പോൾ മനുഷ്യരുടെ അംഗീകാരമാണോ ദൈവത്തിന്റെ അംഗീകാരമാണോ നേടാൻ ശ്രമിക്കുന്നത്? അതോ ഞാൻ പൊതുജനത്തെ പ്രസാദിപ്പിക്കാനാണോ ശ്രമിക്കുന്നത്? ഇപ്പോഴും ഞാൻ മനുഷ്യരെയാണ് പ്രസാദിപ്പിക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല. ദൈവം പൗലോസിനെ വിളിക്കുന്നു സഹോദരങ്ങളേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. ഞാൻ അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് സ്വീകരിച്ചതോ പഠിച്ചതോ അല്ല; യേശുക്രിസ്തുവിൽനിന്ന് നേരിട്ടുള്ള വെളിപ്പാടിനാൽ എനിക്കു ലഭിച്ചതാണ്. യെഹൂദാമതത്തിലെ എന്റെ മുൻകാല ജീവിതശൈലി നിങ്ങൾക്കറിയാമല്ലോ. ദൈവത്തിന്റെ സഭയെ ഞാൻ തീവ്രമായി ഉപദ്രവിക്കുകയും നശിപ്പിക്കുകയുംചെയ്തിരുന്നു. എന്റെ പിതൃപാരമ്പര്യങ്ങളിൽ ശുഷ്കാന്തി മൂത്ത്, സമകാലീനരായ എന്റെ ജനങ്ങളെക്കാൾ യെഹൂദാമതത്തിൽ ഞാൻ വളരെ മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ1:15 മൂ.ഭാ. അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ; എനിക്കുമുമ്പേ അപ്പൊസ്തലന്മാരായവരെ കാണാൻ ജെറുശലേമിലേക്കു പോകുകയോ ചെയ്യാതെ അറേബ്യയിലേക്കാണ് ഞാൻ പോയത്. പിന്നീട് ദമസ്കോസിലേക്കു മടങ്ങിവരികയും ചെയ്തു. പത്രോസുമായി1:18 മൂ.ഭാ. കേഫാ പരിചയമാകേണ്ടതിന്, മൂന്നു വർഷത്തിനുശേഷം ഞാൻ ജെറുശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തോടുകൂടെ താമസിക്കുകയും ചെയ്തു. കർത്താവിന്റെ സഹോദരനായ യാക്കോബിനെ ഒഴികെ മറ്റ് അപ്പൊസ്തലന്മാരെ ആരെയും ഞാൻ കണ്ടില്ല. ഞാൻ എഴുതുന്നതു വ്യാജമല്ല എന്നു ദൈവംമുമ്പാകെ ഞാൻ ഉറപ്പുതരുന്നു. അതിനുശേഷം ഞാൻ സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലേക്കുപോയി. അപ്പോഴും ഞാൻ യെഹൂദ്യയിലെ ക്രിസ്തീയസഭകൾക്ക് അപരിചിതനായിരുന്നു. “ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്, എന്നെപ്രതി ദൈവത്തെ മഹത്ത്വപ്പെടുത്തി. പൗലോസിന് അപ്പൊസ്തലന്മാരുടെ അംഗീകാരം പിന്നീട്, പതിന്നാലു വർഷത്തിനുശേഷം ഞാനും ബർന്നബാസും, തീത്തോസിനെയുംകൂട്ടി വീണ്ടും ജെറുശലേമിലേക്കു യാത്രയായി. എനിക്കു ലഭിച്ച ഒരു ദർശനം അനുസരിച്ചായിരുന്നു അത്. ഞാൻ ഇപ്പോൾ തുടരുന്നതും മുമ്പ് തുടർന്നുവന്നിരുന്നതുമായ പ്രയത്നങ്ങൾ പ്രയോജനരഹിതമായവ ആണോ എന്നുറപ്പിക്കുന്നതിനുവേണ്ടി സഭയുടെ നേതൃനിരയിലുള്ളവരുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി; ഞാൻ യെഹൂദേതരരോടു ഘോഷിക്കുന്ന സുവിശേഷം അവരുടെമുമ്പാകെ അവതരിപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന തീത്തോസ്, ഒരു ഗ്രീക്കുകാരൻ ആയിരുന്നിട്ടുപോലും അയാൾ പരിച്ഛേദനമേൽക്കാൻ ആരും അപ്പോൾ നിർബന്ധിച്ചില്ല. നമ്മുടെ ഇടയിൽ നുഴഞ്ഞുകയറിയ ചില വ്യാജസഹോദരന്മാർ ക്രിസ്തുയേശുവിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി നമ്മെ യെഹൂദ ആചാരമര്യാദകൾക്ക് അധീനരാക്കാൻ ശ്രമിച്ചു. എങ്കിലും ഒരു നിമിഷംപോലും ഞങ്ങൾ അവർക്ക് അധീനരായില്ല. സുവിശേഷസത്യം നിങ്ങളിൽ സുസ്ഥിരമാകുന്നതിനാണ് ഞങ്ങൾ ആഗ്രഹിച്ചത്. സഭയുടെ നേതൃത്വനിരയിലുള്ളവരെന്നു കരുതപ്പെടുന്ന ആരും ഞാൻ പറഞ്ഞ സന്ദേശത്തോട് ഒന്നുംതന്നെ കൂട്ടിച്ചേർത്തില്ല. അവർ ഏതു നിലയിലുള്ളവർ ആയിരുന്നാലും അവയൊന്നും എനിക്ക് ബാധകവുമല്ല. കാരണം, ദൈവത്തിനു പക്ഷഭേദമില്ലല്ലോ!2:6 അതായത്, ദൈവം മനുഷ്യനെ സ്വീകരിക്കുന്നത് മുഖംനോക്കിയല്ല. ഞാൻ യെഹൂദേതരരോട്2:7 മൂ.ഭാ. അപരിച്ഛേദിതർ സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടതുപോലെതന്നെ പത്രോസ് യെഹൂദരോടും2:7 മൂ.ഭാ. പരിച്ഛേദിതർ സുവിശേഷം അറിയിക്കുന്നു എന്ന് അവർ മനസ്സിലാക്കി. കാരണം, യെഹൂദരുടെ അപ്പൊസ്തലനായ പത്രോസിൽ പ്രവർത്തിച്ച ദൈവംതന്നെയാണ് യെഹൂദേതരരുടെ അപ്പൊസ്തലനായ എന്നിലും പ്രവർത്തിച്ചത്. സഭയിലെ അംഗീകൃത നേതൃത്വനിരയിലുള്ള യാക്കോബും പത്രോസും യോഹന്നാനും, എനിക്കു നൽകപ്പെട്ട കൃപയെക്കുറിച്ച് ബോധ്യം വന്നതിനാൽ, ബർന്നബാസിനും എനിക്കും കൂട്ടായ്മയുടെ വലതുകരം തന്നു. ഞങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കും അവർ യെഹൂദരുടെ മധ്യത്തിലേക്കും പോകാൻ തീരുമാനമെടുത്തു. ദരിദ്രരെ ഓർത്തുകൊള്ളണം എന്നുമാത്രമാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇതു ചെയ്യാൻ ഞാൻ ഉത്സുകനും ആയിരുന്നു. പൗലോസ് പത്രോസിനെ എതിർക്കുന്നു എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി2:11 മൂ.ഭാ. നേർക്കുനേർ അഥവാ, മുഖാമുഖമായി എതിർത്തു. കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു. ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു. അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്? “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല. ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല. “നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല! ഞാൻ തകർത്തുകളഞ്ഞതിനെ ഞാൻതന്നെ പുനർനിർമിക്കുകയാണെങ്കിൽ സ്വയം നിയമലംഘകനെന്നു സ്ഥാപിക്കുകയാണ്. “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!” വിശ്വാസമോ ന്യായപ്രമാണമോ? അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്? നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ3:3 മൂ.ഭാ. ജഡത്തിൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്? നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ? അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.”3:6 ഉൽ. 15:6 വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം. വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും”3:8 ഉൽ. 12:3; 18:18; 22:18 എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു. അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്.3:10 ന്യായപ്രമാണം അനുശാസിക്കുന്നതെല്ലാം പൂർത്തീകരിക്കാൻ കഴിയുമോ എന്നഭയത്തിലാണ് എന്നു വിവക്ഷ. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.”3:10 ആവ. 27:26 ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.”3:11 ഹബ. 2:4 ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”3:12 ലേവ്യ. 18:5 “മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ”3:13 ആവ. 21:23 എന്ന ലിഖിതം അനുസരിച്ച്, ക്രിസ്തു മരത്തിൽത്തൂങ്ങി നമുക്കുവേണ്ടി ശാപമായിത്തീർന്ന് ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തു. ഈ വീണ്ടെടുപ്പ്, അബ്രാഹാമിനു ദൈവം നൽകിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ യെഹൂദേതരർക്കും വന്നുചേർന്നിട്ട്, വാഗ്ദാനം ചെയ്യപ്പെട്ട ദൈവാത്മാവ് വിശ്വാസംമുഖേന നമുക്കും ലഭ്യമാകേണ്ടതിനാണ്. ന്യായപ്രമാണവും വാഗ്ദാനവും സഹോദരങ്ങളേ, നിങ്ങൾക്കു സുപരിചിതമായ ഒരു കാര്യം ഞാൻ പറയാം; സ്ഥിരമാക്കപ്പെട്ട ഒരു വിൽപ്പത്രം മാറ്റാനോ അതിനോടു കൂട്ടിച്ചേർക്കാനോ ആരാലും സാധ്യമല്ലല്ലോ. അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,”3:16 ഉൽ. 12:7; 13:15; 24:7 അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്. ഇതാണ് ഞാൻ പറയുന്നതിന്റെ സാരം: മുമ്പേതന്നെ ദൈവം സ്ഥിരമാക്കി പൂർത്തീകരിക്കുമെന്ന് വാഗ്ദാനംചെയ്ത ഉടമ്പടി—നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ന്യായപ്രമാണം നൽകപ്പെട്ടു എന്ന കാരണത്താൽ—അവിടന്നുതന്നെ അതു നിഷേധിച്ച് അസാധുവാക്കുകയില്ല. അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്. പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ3:19 അതായത്, മോശയുടെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്. ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ. അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു. എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു.3:22 മൂ.ഭാ. തിരുവെഴുത്ത് സകലത്തെയും പാപത്തിന് അധീനമാക്കിയിരിക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്. ദൈവത്തിന്റെമക്കൾ വിശ്വാസം നമ്മിൽ ആവിർഭവിക്കുന്നതിനുമുമ്പ് നാം ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വരാനിരുന്ന വിശ്വാസം വെളിപ്പെട്ടതുവരെ നാം ഈ ബന്ധനത്തിൽത്തന്നെ ആയിരുന്നു. നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം. വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു. ക്രിസ്തുവിനോടു താദാത്മ്യപ്പെടാൻ സ്നാനമേറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു. നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു. ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്. തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്ന ദിവസംവരെ അയാൾ സംരക്ഷകരുടെയും കാര്യസ്ഥരുടെയും അധീനതയിലായിരിക്കും. അതുപോലെതന്നെ, നാമും ആത്മികശൈശവഘട്ടത്തിൽ ലോകത്തിന്റെ പ്രാഥമികശക്തികൾക്ക് അടിമകളായിരുന്നു. എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു. ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ,4:6 പിതാവ് എന്നതിന്റെ അരാമ്യപദം. പിതാവേ” എന്നു വിളിക്കേണ്ടതിനാണ്. നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്;4:7 മൂ.ഭാ. പുത്രൻ മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു. ഗലാത്യരെക്കുറിച്ച് പൗലോസിനുള്ള ഉത്കണ്ഠ മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം? നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു! നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു! സഹോദരങ്ങളേ, ഞാൻ നിങ്ങളെപ്പോലെ ആയതുപോലെ നിങ്ങളും എന്നെപ്പോലെ ആകാൻ ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാൻ ആദ്യം നിങ്ങളോടു സുവിശേഷം പ്രസംഗിക്കാൻ സംഗതിയായത് എന്റെ ശരീരത്തിലെ ബലഹീനത നിമിത്തമായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. എന്റെ ശരീരത്തിന്റെ അവസ്ഥ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എങ്കിലും നിങ്ങൾ എന്നെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല; മറിച്ച് ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, എന്നെ സ്വീകരിച്ചല്ലോ. അന്നത്തെ നിങ്ങളുടെ ആനന്ദം ഇപ്പോൾ എവിടെ? അന്ന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾതന്നെയും ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ? യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം. എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ,4:19 മൂ.ഭാ. ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു. ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്. ഹാഗറും സാറയും നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ? ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു. ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്. സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്. കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വന്ധ്യയായവളേ ആനന്ദിക്കുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക! കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.”4:27 യെശ. 54:1 എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്. മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി4:29 മൂ.ഭാ. ആത്മാവിൽ ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നാൽ, തിരുവെഴുത്ത് എന്തുപറയുന്നു? “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം”4:30 ഉൽ. 21:10 എന്നാണല്ലോ. ആകയാൽ സഹോദരങ്ങളേ, നാം ദാസിയുടെയല്ല; സ്വതന്ത്രയുടെ മക്കളാണ്. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക. എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ. നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്. “അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.” നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ. പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. ആത്മാവിനാലുള്ള ജീവിതം സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക”5:14 ലേവ്യ. 19:18 എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്! ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല. മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്. എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു. നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം. നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്. എല്ലാവർക്കും നന്മ ചെയ്യുക സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം. നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്. പരിച്ഛേദനമല്ല, പുതിയ സൃഷ്ടിയാണു വേണ്ടത് നോക്കൂ, എന്റെ സ്വന്തം കൈയാൽ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാൻ നിങ്ങൾക്കെഴുതുന്നത്! മനുഷ്യരുടെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് പരിച്ഛേദനമേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്. അവർ അങ്ങനെചെയ്യുന്നതിന് ഒരേയൊരു കാരണം ക്രിസ്തുവിന്റെ ക്രൂശിന്റെസന്ദേശം പ്രസംഗിക്കുമ്പോഴുണ്ടാകുന്ന പീഡനം ഒഴിവാക്കുക എന്നതാണ്. പരിച്ഛേദനവാദികൾതന്നെയും ന്യായപ്രമാണം പൂർണമായും പ്രാവർത്തികമാക്കുന്നില്ല, എന്നിട്ടും പരിച്ഛേദനം എന്ന ശാരീരിക അനുഷ്ഠാനത്തിന് നിങ്ങളെ വിധേയപ്പെടുത്തി എന്നതിൽ അഭിമാനിക്കാനാണ് അവർ നിങ്ങളെ പരിച്ഛേദനം ഏൽപ്പിക്കാൻ പരിശ്രമിക്കുന്നത്. ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും. പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം. ഈ നിയമം പിൻതുടരുന്ന എല്ലാവർക്കും—ദൈവത്തിന്റെ ഇസ്രായേലിനും—കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ഇനി എന്നെ ആരും വിഷമിപ്പിക്കരുത്; കാരണം യേശുവിന്റെ ചാപ്പ എന്റെ ശരീരത്തിൽ ഞാൻ വഹിക്കുന്നുണ്ടല്ലോ!6:17 യേശുവിനുവേണ്ടി ധാരാളം കഷ്ടവും വേദനയും അനുഭവിക്കുന്നുണ്ടല്ലോ എന്നു വിവക്ഷ. ഉടമസ്ഥന്റെ അടയാളം ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് മൃഗങ്ങളുടെമേൽ രേഖപ്പെടുത്തുമായിരുന്നു. സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.