- Biblica® Open Malayalam Contemporary Version 2020 യെഹെസ്കേൽ യെഹെസ്കേലിന്റെ പ്രവചനം യെഹെസ്കേൽ യെഹ. യെഹെസ്കേലിന്റെ പ്രവചനം നാലു ജീവികളുടെ ദർശനം മുപ്പതാംവർഷം നാലാംമാസം അഞ്ചാംതീയതി ഞാൻ കേബാർനദീതീരത്ത് പ്രവാസികളുടെ മധ്യേ ഇരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു; ഞാൻ ദൈവികദർശനങ്ങൾ കണ്ടു. യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവർഷം നാലാംമാസം അഞ്ചാംതീയതി, ബാബേലിലെ1:3 അഥവാ, കൽദയദേശം കേബാർ നദീതീരത്തുവെച്ച് ബൂസിയുടെ മകനായ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടുണ്ടായി. അവിടെവെച്ച് യഹോവയുടെ കൈ അദ്ദേഹത്തിന്റെമേൽ വന്നു. ഞാൻ നോക്കിയപ്പോൾ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നതു കണ്ടു—ജ്വലിക്കുന്ന മിന്നൽപ്പിണരുകളോടുകൂടിയതും ഉജ്ജ്വലപ്രകാശത്താൽ വലയംചെയ്തതുമായ ഒരു വലിയ മേഘംപോലെയായിരുന്നു ആ കൊടുങ്കാറ്റിന്റെ വരവ്. അതിന്റെ മധ്യഭാഗം വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അതിനുള്ളിൽ നാലു ജീവികൾക്കു തുല്യമായ രൂപങ്ങൾ ഉണ്ടായിരുന്നു. മനുഷ്യസാദൃശ്യമുള്ള ഒരു രൂപമായിരുന്നു അവയ്ക്ക്. അവ ഓരോന്നിനും നാലുമുഖവും നാലുചിറകും ഉണ്ടായിരുന്നു അവയുടെ കാലുകൾ ഋജുവും പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു. അവ മിനുക്കിയ വെങ്കലംപോലെ തിളങ്ങിയിരുന്നു. അവയുടെ നാലുചിറകുകൾക്കും കീഴിൽ മനുഷ്യന്റേതുപോലെയുള്ള കൈകൾ ഉണ്ടായിരുന്നു. നാലു ജീവികൾക്കും നാലുമുഖങ്ങളും നാലുചിറകുകളും ഉണ്ടായിരുന്നു. ഓരോന്നിന്റെ ചിറകുകളും മറ്റൊന്നിന്റെ ചിറകുകളോടു തൊട്ടിരുന്നു. അവ മുന്നോട്ടു പോകുമ്പോൾ വശങ്ങളിലേക്കൊന്നും തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു. അവയുടെ മുഖത്തിന്റെ ആകൃതി ഇപ്രകാരമായിരുന്നു: നാലു ജീവികൾക്കും മുൻഭാഗത്തു മനുഷ്യമുഖമുണ്ടായിരുന്നു, വലതുഭാഗത്ത് സിംഹമുഖവും ഇടതുഭാഗത്ത് കാളയുടെ മുഖവും നാലിന്റെയും പിൻവശത്തു കഴുകന്റെ മുഖവും ഉണ്ടായിരുന്നു. ഇപ്രകാരമായിരുന്നു അവയുടെ മുഖങ്ങൾ. അവയുടെ ചിറകുകളിൽ രണ്ടെണ്ണം മേലോട്ടു വിരിച്ചിരുന്നു. ഓരോന്നിന്റെയും ഈരണ്ടു ചിറകുകൾ പരസ്പരം സ്പർശിച്ചും ഈരണ്ടു ചിറകുകൾ ശരീരത്തെ മറച്ചുമിരുന്നു, ഓരോന്നും നേരേ മുമ്പോട്ടുപോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ടയിടത്തേക്കു പൊയ്ക്കൊണ്ടിരുന്നു. ഈ നാലു ജീവികളുടെ മധ്യത്തിൽ കത്തുന്ന തീക്കനൽപോലെയോ അവയ്ക്കിടയിൽത്തന്നെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന പന്തംപോലെയോ ഉള്ള ഒരു കാഴ്ച ഉണ്ടായിരുന്നു. ആ തീ ഉജ്ജ്വലമായിരുന്നു, അതിൽനിന്നു മിന്നൽപ്പിണരുകൾ പുറപ്പെട്ടുകൊണ്ടിരുന്നു. ജീവികൾ മിന്നൽപ്പിണരുകൾപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ഓരോന്നിന്റെയും അടുത്ത് ഓരോ ചക്രം ഉണ്ടായിരുന്നു. ചക്രങ്ങളുടെ രൂപവും പണിയും തിളങ്ങുന്ന പുഷ്യരാഗംപോലെ ആയിരുന്നു, നാലിനും ഒരേ ആകൃതിയായിരുന്നു. അവയുടെ രൂപവും പണിയും ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. അവ പോകുമ്പോഴെല്ലാം ജീവികൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ ഏതെങ്കിലും ദിക്കിലേക്ക് അവയ്ക്കു പോകാം; തിരിയേണ്ട ആവശ്യമില്ല. നാലു ചക്രങ്ങളുടെയും ചുറ്റുവളയങ്ങൾ വളരെ ഉയരമുള്ളതും ഭയാനകവും ആയിരുന്നു. നാലിന്റെയും ചുറ്റുവളയങ്ങളുടെ ചുറ്റും കണ്ണുകൾ നിറഞ്ഞിരുന്നു. ജീവികൾ പോകുമ്പോഴെല്ലാം ചക്രങ്ങളും അവയോടൊപ്പം പൊയ്ക്കൊണ്ടിരുന്നു. ജീവികൾ ഭൂമിയിൽനിന്നു പറന്നുയരുമ്പോൾ ചക്രങ്ങളും ഉയർന്നിരുന്നു. ആത്മാവിന് ഏതു ദിക്കിലേക്കു പോകണമോ ആ ദിക്കിലേക്ക് അവ പൊയ്ക്കൊണ്ടിരുന്നു. ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നതുകൊണ്ട് ചക്രങ്ങളും അവയോടൊപ്പം ഉയർന്നിരുന്നു. അവ പോകുമ്പോൾ ചക്രങ്ങളും പോകും; അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. ജീവികൾ ഭൂമിയിൽനിന്നുയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും, കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നു. ജീവികളുടെ തലയ്ക്കുമീതേ പളുങ്കുപോലെ വെട്ടിത്തിളങ്ങുന്ന അത്ഭുതകരമായ ഒരു വിതാനം ഉണ്ടായിരുന്നു. വിതാനത്തിനുകീഴേ അവയുടെ ചിറകുകൾ നേർക്കുനേരേ വിരിച്ചിരുന്നു; ഓരോ ജീവിക്കും അവയുടെ ശരീരത്തിന്റെ ഇരുവശവും മറയ്ക്കുന്ന ഈരണ്ടു ചിറകുകളുണ്ടായിരുന്നു. അവ സഞ്ചരിക്കുമ്പോൾ അവയുടെ ചിറകിന്റെ ഒച്ച പെരുവെള്ളത്തിന്റെ ഒച്ചപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഞാൻ കേട്ടു. അവ നിശ്ചലമായി നിൽക്കുമ്പോൾ ചിറകുകൾ താഴ്ത്തുമായിരുന്നു. ജീവികൾ ചിറകുകൾ താഴ്ത്തിയിട്ടു നിൽക്കുമ്പോൾ അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനു മുകളിൽനിന്നും ഒരു ശബ്ദം പുറപ്പെട്ടു. അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനുമേൽ, കാഴ്ചയിൽ ഇന്ദ്രനീലക്കല്ലിനു തുല്യമായി ഒരു സിംഹാസനത്തിന്റെ രൂപവും അതിന്മേൽ മനുഷ്യസാദൃശ്യമുള്ള ഒരു രൂപവും ഉണ്ടായിരുന്നു. അവിടത്തെ അരക്കെട്ടുമുതൽ മേലോട്ടുള്ള ഭാഗം അഗ്നികൊണ്ടു നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അവിടത്തെ അരക്കെട്ടുമുതൽ താഴോട്ടുള്ള ഭാഗം അഗ്നിപോലെ ജ്വലിച്ചിരുന്നു; അവിടത്തേക്ക് ചുറ്റും ഉജ്ജ്വലപ്രകാശം ഉണ്ടായിരുന്നു. ചുറ്റുമുള്ള ശോഭ, മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലിന്റെ ശോഭപോലെയായിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ സാദൃശ്യം ഈ വിധത്തിലായിരുന്നു. അതു കണ്ടമാത്രയിൽ ഞാൻ കമിഴ്ന്നുവീണു; അപ്പോൾത്തന്നെ ഒരാൾ സംസാരിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു. യെഹെസ്കേൽ പ്രവാചകനായി നിയോഗിക്കപ്പെടുന്നു അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ,2:1 മൂ.ഭാ. ബെൻ-ആദം എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്. ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു. അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം. അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും. നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്. അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ! നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.” അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു. പിന്നീട് അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു ഭക്ഷിക്കുക. ഈ ചുരുൾ ഭക്ഷിച്ചതിനുശേഷം പോയി ഇസ്രായേൽജനത്തോടു സംസാരിക്കുക” എന്നു പറഞ്ഞു. അങ്ങനെ ഞാൻ വായ് തുറന്നു; അവിടന്ന് ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു. അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ ഭക്ഷിച്ച് ഉദരം നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ അതു ഭക്ഷിച്ചു, അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു. അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്. അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു. എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ. ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.” അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക. പിന്നീട് പ്രവാസികളായ നിന്റെ ജനത്തിന്റെ അടുക്കൽച്ചെന്ന് അവർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.” അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു. ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്. അങ്ങനെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി. എന്റെ ആത്മാവ് കയ്‌പും കോപവുംകൊണ്ടു നിറഞ്ഞിരുന്നു; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു. പിന്നെ ഞാൻ കേബാർനദിക്കു സമീപമുള്ള ടെൽ-അവീവിൽ താമസിച്ചിരുന്ന പ്രവാസികളുടെ അടുക്കൽ എത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് ഏഴുദിവസം അതിദുഃഖിതനായി ഞാൻ ഇരുന്നു. യെഹെസ്കേലിന് കാവൽക്കാരൻ എന്ന ദൗത്യം ആ ഏഴുദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക. ദുഷ്ടരോട്, ‘നീ തീർച്ചയായും മരിക്കും’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ നീ അവരോടു സംസാരിക്കുകയോ അവരുടെ ജീവൻ രക്ഷിക്കേണ്ടതിന് അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും. എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും. “മാത്രമല്ല, നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽനിന്നു വിട്ടുമാറി തിന്മ പ്രവർത്തിക്കുമ്പോൾ, അവരുടെമുമ്പിൽ ഞാൻ ഒരു പ്രതിബന്ധം വെക്കും, അവർ മരിക്കും; നീ അവർക്കു താക്കീതു നൽകാതിരുന്നതുകൊണ്ട് അവർ അവരുടെ പാപത്തിൽ മരിക്കും; അവർ ചെയ്ത നീതിപ്രവൃത്തികൾ കണക്കിലെടുക്കുകയില്ല. എന്നാൽ അവരുടെ രക്തത്തിനുത്തരവാദി നീ ആയിരിക്കും. എന്നാൽ നീതിനിഷ്ഠർ പാപം ചെയ്യാതിരിക്കേണ്ടതിന് നീ അവർക്കു മുന്നറിയിപ്പു നൽകുകയും അവർ പാപം ചെയ്യാതിരിക്കുകയും ചെയ്താൽ, അവർ ഈ മുന്നറിയിപ്പു സ്വീകരിച്ചതുമൂലം ജീവിക്കും. നീയും നിന്നെത്തന്നെ സംരക്ഷിച്ചിരിക്കുന്നു.” അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു. ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക. എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും. നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ. എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ. ജെറുശലേമിന്റെ ഉപരോധം പ്രതീകാത്മകമായി “മനുഷ്യപുത്രാ, നീ കളിമണ്ണിന്റെ ഒരു വലിയ കട്ട എടുത്തു മുമ്പിൽവെച്ച് അതിന്മേൽ ജെറുശലേം നഗരം വരയ്ക്കുക. പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക. പിന്നീട് ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുകോട്ടയായി നിർത്തുക. തുടർന്ന് നിന്റെ മുഖം അതിന് അഭിമുഖമായി തിരിക്കുക. അത് ഉപരോധിക്കപ്പെടും, നീ അതിന് ഉപരോധം ഏർപ്പെടുത്തണം. ഇത് ഇസ്രായേൽജനത്തിനുള്ള ഒരു ചിഹ്നം ആയിരിക്കും. “അതിനുശേഷം നീ ഇടതുവശം ചരിഞ്ഞുകിടന്ന് ഇസ്രായേൽജനത്തിന്റെ അതിക്രമം നിന്റെമേൽ ചുമത്തുക. നീ ആ വശം കിടക്കുന്ന ദിവസത്തോളം അവരുടെ പാപം വഹിക്കണം. അവരുടെ പാപത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നു. മുന്നൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ നീ ഇസ്രായേൽജനത്തിന്റെ പാപം ചുമക്കണം. “ഈ ദിവസങ്ങൾ തികച്ചശേഷം നീ വലതുവശം ചരിഞ്ഞുകിടന്ന് യെഹൂദാജനത്തിന്റെ പാപം വഹിക്കണം. വർഷത്തിന് ഒരു ദിവസംവീതം നാൽപ്പതുദിവസം ഞാൻ ആ വിധത്തിൽ നിനക്കു നിയമിച്ചിരിക്കുന്നു. ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം. നിന്റെ ഉപരോധകാലം തികയുന്നതുവരെ നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കേണ്ടതിന് ഞാൻ നിന്നെ കയറുകൊണ്ടു കെട്ടും. “നീ ഗോതമ്പും യവവും4:9 ബാർലി അഥവാ, ബാർലരി അമരയും പയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിലിട്ട് അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ എണ്ണമനുസരിച്ച് മുന്നൂറ്റിത്തൊണ്ണൂറു ദിവസം അതു ഭക്ഷിക്കണം. നീ കഴിക്കുന്ന ഭക്ഷണം ദിനംപ്രതി ഇരുപതുശേക്കേൽ4:10 ഏക. 230 ഗ്രാം. ആയിരിക്കണം; നിർദിഷ്ട സമയങ്ങളിൽത്തന്നെ നീ അതു കഴിക്കണം. ഒരു ഹീനിന്റെ ആറിലൊരു ഭാഗം4:11 ഏക. 0.6 ലി. വെള്ളം നീ ദിവസവും കുടിക്കണം. അതും കൃത്യസമയങ്ങളിലായിരിക്കണം. യവംകൊണ്ടുള്ള4:12 ബാർലി അഥവാ, ബാർലരി അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം. ഞാൻ ഇസ്രായേൽമക്കളെ നാടുകടത്തുന്ന ജനതകളുടെ മധ്യത്തിൽ ഈ വിധം മലിനതയോടെ അവർ തങ്ങളുടെ ആഹാരം ഭക്ഷിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.” അപ്പോൾ അവിടന്ന്: “ഇതാ, മനുഷ്യവിസർജ്യത്തിനു പകരം പശുവിൻചാണകം കത്തിച്ച് നിന്റെ അപ്പം ചുടുന്നതിനു ഞാൻ അനുവാദം തരുന്നു” എന്നു കൽപ്പിച്ചു. അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും. അപ്പവും വെള്ളവും ദുർല്ലഭമായിരിക്കും. ഓരോരുത്തരും പരസ്പരം നോക്കി സ്തബ്ധരായിത്തീരും. തങ്ങളുടെ പാപംനിമിത്തം അവർ ക്ഷയിച്ചുപോകും. ദൈവത്തിന്റെ ന്യായവിധിയുടെ ചിഹ്നം “മനുഷ്യപുത്രാ, ഇപ്പോൾത്തന്നെ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരംചെയ്യുക. പിന്നീട് ത്രാസ് എടുത്ത് രോമം തൂക്കി വിഭജിക്കുക. അതിൽ മൂന്നിലൊരംശം നിന്റെ ഉപരോധകാലം തികയുമ്പോൾ നഗരത്തിന്റെ നടുവിൽവെച്ച് ദഹിപ്പിക്കുക. മൂന്നിലൊന്നെടുത്ത് പട്ടണത്തിനുചുറ്റും വാൾകൊണ്ടു വെട്ടുക. ശേഷിച്ച മൂന്നിലൊരുഭാഗം കാറ്റിൽ പറത്തിക്കളയുക. ഊരിപ്പിടിച്ച വാളുമായി ഞാൻ അവയ്ക്കു പിന്നാലെ ചെല്ലും. എന്നാൽ അവയിൽനിന്ന് അൽപ്പം എടുത്ത് നിന്റെ വസ്ത്രത്തിന്റെ അറ്റത്തു കെട്ടണം. അവയിൽ കുറച്ച് വീണ്ടും എടുത്ത് തീയിലിട്ടു ചുട്ടുകളയണം. അതിൽനിന്ന് ഇസ്രായേലിൽ എല്ലായിടത്തേക്കും ഒരു തീ പടർന്നുപിടിക്കും. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു ജെറുശലേം ആകുന്നു. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചിരിക്കുന്നു; അവൾക്കുചുറ്റും രാജ്യങ്ങൾ ഉണ്ട്. എന്നാൽ അവൾ അവളുടെ ദുഷ്ടതയിൽ ആ ജനതകളെക്കാളും അവൾക്കുചുറ്റുമുള്ള രാജ്യങ്ങളെക്കാളും അധികം എന്റെ നിയമങ്ങൾക്കും ഉത്തരവുകൾക്കും എതിരേ മത്സരിച്ചിരിക്കുന്നു. കാരണം അവൾ എന്റെ നിയമങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു, എന്റെ ഉത്തരവുകൾ പാലിച്ചിട്ടുമില്ല. “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള രാഷ്ട്രങ്ങളെക്കാൾ അധികം മെരുക്കമില്ലാത്തവരായി നിങ്ങൾ തീർന്നിരിക്കുന്നു. നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ നിയമങ്ങൾ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ മാനദണ്ഡങ്ങൾ അനുവർത്തിക്കുന്ന തരത്തിൽപോലും നിങ്ങൾ ജീവിച്ചിട്ടില്ല. “ഈ കാരണത്താൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ, ഞാൻതന്നെ നിങ്ങൾക്ക് എതിരായിരിക്കുന്നു. അയൽരാഷ്ട്രങ്ങൾ കാണുംവിധം ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടപ്പാക്കും. നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾനിമിത്തം മുമ്പു ചെയ്തിട്ടില്ലാത്തതും മേലാൽ ചെയ്യാത്തതുമായ ഒരു കാര്യം ഞാൻ നിങ്ങളോടു ചെയ്യും. അതിനാൽ നിങ്ങളുടെ ഇടയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഭക്ഷിക്കും; മക്കൾ അവരുടെ മാതാപിതാക്കളെയും ഭക്ഷിക്കും. അതിനാൽ ഞാൻ നിങ്ങളുടെമേൽ ന്യായവിധി വരുത്തും; അതിജീവിച്ചവരെ മുഴുവൻ എല്ലാ കാറ്റുകളിലേക്കും ചിതറിക്കും. നിങ്ങൾ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും മറ്റെല്ലാ ഹീനകൃത്യങ്ങളാലും എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുകയാൽ, ഞാൻതന്നെ നിങ്ങളെ ക്ഷൗരംചെയ്യും; എന്റെ കണ്ണുകൾ ഒരിക്കലും നിങ്ങളോടു ദയകാട്ടുകയില്ല, ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയുമില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളിൽ മൂന്നിലൊരംശം മഹാമാരിയാലോ ക്ഷാമത്താലോ നശിക്കും; മൂന്നിലൊരുഭാഗം നഗരത്തിന്റെ മതിലിനു പുറത്തുവെച്ചു വാൾകൊണ്ടു വീഴും; മൂന്നിലൊരുഭാഗത്തെ ഞാൻ കാറ്റുകളിലേക്കു ചിതറിച്ച്, ഊരിപ്പിടിച്ച വാളുമായി അവരെ പിൻതുടരും. “അങ്ങനെ എന്റെ കോപം ശമിക്കും; അവർക്കെതിരേയുള്ള എന്റെ ക്രോധം അവരുടെമേൽ തീർത്ത് ഞാൻ തൃപ്തനാകും. അവരുടെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിട്ടുകഴിയുമ്പോൾ യഹോവയായ ഞാൻതന്നെയാണ് എന്റെ തീക്ഷ്ണതയിൽ സംസാരിച്ചിരിക്കുന്നത് എന്ന് അവർ അറിയും. “നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ മധ്യേ, വഴിപോകുന്ന എല്ലാവരും കാൺകെത്തന്നെ ഞാൻ നിങ്ങളെ നിന്ദ്യമായ ഒരു തകർച്ചയായി മാറ്റും. അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. നിങ്ങളുടെമേൽ മാരകവും വിനാശകാരിയുമായ ക്ഷാമത്തിന്റെ അസ്ത്രങ്ങൾ അയയ്ക്കുമ്പോൾ, നിങ്ങളെ നശിപ്പിക്കാൻതന്നെയാണ് ഞാൻ എയ്യുന്നത്. നിങ്ങളുടെമേലുള്ള ക്ഷാമം ഞാൻ കഠിനമാക്കുകയും ഭക്ഷണം എത്തുന്ന മാർഗം ഞാൻ അടച്ചുകളയുകയും ചെയ്യും. മാത്രമല്ല, ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും. അവ നിങ്ങളെ മക്കളില്ലാത്തവരാക്കും. മഹാമാരിയും രക്തച്ചൊരിച്ചിലും ഞാൻ നിങ്ങളുടെമേൽ വരുത്തും. അങ്ങനെ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.” ഇസ്രായേൽ പർവതങ്ങളുടെ വിനാശം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽ പർവതങ്ങൾക്ക് അഭിമുഖമായിനിന്ന് അവയ്ക്കെതിരേ പ്രവചിക്കുക: ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും. നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കും. നിങ്ങളുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിങ്ങളുടെ ജനത്തെ ഞാൻ അരിഞ്ഞുവീഴ്ത്തും. അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും. നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “ ‘എങ്കിലും ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനതകളിലേക്കും നിങ്ങൾ ചിതറിപ്പോകുമ്പോൾ, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ട ചിലരെ ഞാൻ അവശേഷിപ്പിക്കും. അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ സകലദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളുംനിമിത്തം നിങ്ങളുടെ കൈകളടിച്ചും കാൽകൾ ചവിട്ടിയും “അയ്യോ, കഷ്ടം!” എന്നു പറയുക. അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും. ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും. എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. അവരുടെ എല്ലാ വാസസ്ഥലങ്ങളിലും ഞാൻ അവർക്കെതിരായി കൈനീട്ടി ദേശത്തെ ദിബ്ലാ6:14 ചി.കൈ.പ്ര. രിബ്ല മരുഭൂമിയെക്കാൾ നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” അന്ത്യം വന്നെത്തിയിരിക്കുന്നു യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും അവസാനം വന്നെത്തിയിരിക്കുന്നു! ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും. എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം! ഇതാ അതു വരുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അതു നിന്റെനേരേ ഉണർന്നുവരുന്നു. ഇതാ, അതു വന്നിരിക്കുന്നു! വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും. ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും. എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും. “ ‘ഇതാ, ആ ദിവസം! ഇതാ, അതു വരുന്നു! നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; വടി പൂത്തിരിക്കുന്നു, അഹങ്കാരം തളിർത്തിരിക്കുന്നു! അക്രമം എഴുന്നേറ്റിരിക്കുന്നു, ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. ആ ജനത്തിൽ ആരുംതന്നെ, ആ ജനസമൂഹത്തിലോ അവരുടെ ധനത്തിലോ മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല. “ ‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു. പട്ടണത്തിനുപുറത്ത് വാൾ; അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. വയലിൽ ഇരിക്കുന്നവർ വാളാൽ മരിക്കും. ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും. അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും പർവതങ്ങളിലേക്ക് ഓടിപ്പോകും. താഴ്വരകളിലെ പ്രാവുകളെപ്പോലെ അവർ എല്ലാവരും വിലപിക്കും, ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ. എല്ലാ കൈകളും തളരും; എല്ലാ കാലുകളും മൂത്രത്താൽ നനയും. അവർ ചാക്കുശീല ധരിക്കും, നടുക്കം അവരെ കീഴടക്കും. എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും. “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ. തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. അതിനാൽ അതു ഞാൻ അവർക്ക് ഒരു ഹീനവസ്തുവാക്കിത്തീർക്കും. അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും. ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. അവർ അതിൽ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും. “ ‘ദേശം രക്തപാതകംകൊണ്ടും പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക! അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും. ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല. നാശത്തിനുമീതേ നാശവും കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും. രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” വിഗ്രഹാരാധന ദൈവാലയത്തിൽ ആറാംവർഷം ആറാംമാസം അഞ്ചാംതീയതി ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ യെഹൂദനേതാക്കന്മാർ എന്റെമുമ്പിൽ ഇരുന്നിരുന്നു. അപ്പോൾ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു. ഞാൻ നോക്കിയപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ള8:2 അഥവാ, അഗ്നിസമാനമായ ഒരു രൂപത്തെ കണ്ടു. അദ്ദേഹത്തിന്റെ അരയും അരമുതൽ താഴോട്ടുള്ള ഭാഗവും തീപോലെയും അരമുതൽ മുകളിലേക്കുള്ള ഭാഗം തിളങ്ങുന്ന ലോഹത്തിന്റെ ശോഭയുള്ളതും ആയിരുന്നു. അവിടന്നു തന്റെ കൈപോലെ ഒന്നു നീട്ടി എന്റെ തലമുടി പിടിച്ചു. ആത്മാവ് എന്നെ ഭൂമിക്കും ആകാശത്തിനും മധ്യേ ഉയർത്തി ദൈവത്തിൽനിന്നുള്ള ദർശനത്തിൽ എന്നെ ജെറുശലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേകവാടത്തിന്റെ പ്രവേശനത്തിൽ കൊണ്ടുവന്നു. അവിടെ വളരെയധികം അസൂയ ഉത്തേജിപ്പിക്കുന്ന വലിയൊരു വിഗ്രഹം ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം സമഭൂമിയിൽവെച്ചു ഞാൻ കണ്ട ദർശനംപോലെ അവിടെ ഉണ്ടായിരുന്നു. അപ്പോൾ അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, കണ്ണുകൾ ഉയർത്തി വടക്കോട്ടുനോക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ കണ്ണുയർത്തി വടക്കോട്ടു നോക്കി. യാഗപീഠത്തിന്റെ കവാടത്തിന് വടക്കായി പ്രവേശനത്തിങ്കൽ അസൂയാവിഗ്രഹം ഉണ്ടായിരുന്നു. അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.” അതിനുശേഷം അവിടന്ന് എന്നെ അങ്കണത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുമരിൽ ഒരു ദ്വാരം കണ്ടു. “മനുഷ്യപുത്രാ, ചുമർ തുരക്കുക,” എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചു, ഞാൻ ചുമർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു. അവിടന്ന് എന്നോട്: “അകത്തുപോയി അവർ അവിടെ ചെയ്യുന്ന ദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളും നോക്കുക” എന്നു പറഞ്ഞു. ഞാൻ ഉള്ളിൽ കടന്നുനോക്കി. എല്ലാത്തരം ഇഴജാതികളെയും അറപ്പുളവാക്കുന്ന മൃഗങ്ങളെയും ഇസ്രായേൽഗൃഹത്തിന്റെ എല്ലാ വിഗ്രഹങ്ങളെയും ചുമരിൽ വരച്ചുവെച്ചിരിക്കുന്നതു ഞാൻ കണ്ടു. അവയുടെമുമ്പിൽ ഇസ്രായേലിലെ എഴുപതു നേതാക്കന്മാർ നിന്നിരുന്നു. ശാഫാന്റെ മകനായ യയസന്യാവും അവരുടെ മധ്യേ ഉണ്ടായിരുന്നു. ഓരോരുത്തനും ധൂപകലശം കൈയിൽ പിടിച്ചിരുന്നു. മേഘതുല്യമായ ധൂപത്തിന്റെ സൗരഭ്യം അവിടമാകെ വ്യാപിച്ചിരുന്നു. അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഇരുട്ടിൽ, ഓരോരുത്തനും താന്താങ്ങളുടെ ബിംബങ്ങളുടെ അറകളിൽ, എന്താണു ചെയ്യുന്നതെന്നു നീ കാണുന്നോ? ‘യഹോവ നമ്മെ കാണുന്നില്ല; യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു’ എന്നാണ് അവർ പറയുന്നത്. ഇനിയും ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതായി നീ കാണും, എന്നും അവിടന്ന് എന്നോട് അരുളിച്ചെയ്തു.” പിന്നീട് യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള കവാടത്തിന്റെ പ്രവേശനത്തിലേക്ക് അവിടന്ന് എന്നെ കൊണ്ടുവന്നു. അവിടെ സ്ത്രീകൾ തമ്മൂസുദേവനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നു. അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതു നീ കാണുന്നോ? ഇതിലും വലിയ മ്ലേച്ഛതകൾ ഞാൻ നിനക്കു കാണിച്ചുതരും.” പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നോ? യെഹൂദാഗൃഹത്തിന് ഇവിടെ ചെയ്യുന്ന ഈ മ്ലേച്ഛതകൾ തീരെ നിസ്സാരമെന്നു തോന്നിയിട്ടോ അവർ ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും എന്നെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്? നോക്കൂ, അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്.8:17 മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്, വിവക്ഷിക്കുന്നത് അതിതീവ്രമായ നിലയിൽ ദൈവത്തെ അധിക്ഷേപിക്കുന്ന ഒരു പ്രവൃത്തി. അതിനാൽ ഞാൻ ക്രോധത്തോടെ പ്രവർത്തിക്കും. എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.” വിഗ്രഹാരാധകരെ വധിക്കുന്നു അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു. അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു. അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന്9:3 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു. യഹോവ അവനോട്, “ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക” എന്നു കൽപ്പിച്ചു. എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: “അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്. വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ.” അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു. അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു. അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?” അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ. അതുകൊണ്ട് എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ അവരുടെ തലമേൽ പകരംവീട്ടും.” അപ്പോൾ അരയിൽ എഴുത്തുസാമഗ്രികളേന്തിയ ചണവസ്ത്രധാരിയായ പുരുഷൻ: “എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു. ദൈവത്തിന്റെ തേജസ്സ് ആലയം വിട്ടുപോകുന്നു പിന്നെ ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലകൾക്കുമുകളിലുള്ള വിതാനത്തിന്റെമീതേ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ നീല രത്നംപോലെയുള്ള ഒരു രൂപം കാണപ്പെട്ടു. ചണവസ്ത്രം ധരിച്ച പുരുഷനോട് അവിടന്ന് സംസാരിച്ചു: “കെരൂബുകൾക്കുതാഴേ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങൾക്കിടയിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈനിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്നു കൽപ്പിച്ചു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അദ്ദേഹം അവിടേക്കു ചെന്നു. അദ്ദേഹം ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ തെക്കുവശത്തു നിന്നിരുന്നു. മേഘം അകത്തെ അങ്കണത്തെ നിറച്ചിരുന്നു. അപ്പോൾ യഹോവയുടെ മഹത്ത്വം കെരൂബുകളിൽനിന്നുയർന്ന് ആലയത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു. ആലയം മേഘംകൊണ്ടു നിറഞ്ഞു. അങ്കണവും യഹോവയുടെ മഹത്ത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു. കെരൂബുകളുടെ ചിറകുകളുടെ ഒച്ച സർവശക്തനായ ദൈവം10:5 മൂ.ഭാ. സർവശക്തനായ ദൈവം; എൽ-ഷദ്ദായി. സംസാരിക്കുമ്പോൾ എന്നപോലെ പുറത്തെ അങ്കണംവരെ കേട്ടിരുന്നു. ചണവസ്ത്രം ധരിച്ച പുരുഷനോട് യഹോവ ഇപ്രകാരം കൽപ്പിച്ചു, “കെരൂബുകളുടെ മധ്യേ തിരിയുന്ന ചക്രങ്ങൾക്കിടയിൽനിന്നു തീക്കനൽ എടുക്കുക” അപ്പോൾ അദ്ദേഹം ചെന്ന് ചക്രങ്ങൾക്കു സമീപം നിന്നു. അപ്പോൾ ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് കെരൂബുകളുടെ മധ്യത്തിലുള്ള തീയിലേക്കു കൈനീട്ടി കുറെ കനൽ എടുത്ത് ചണവസ്ത്രം ധരിച്ചവന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു വാങ്ങി പുറത്തേക്കുപോയി. (കെരൂബുകളുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്ന് കാണപ്പെട്ടിരുന്നു.) ഞാൻ നോക്കിയപ്പോൾ കെരൂബുകൾക്കുകീഴേ നാലു ചക്രം, ഓരോ കെരൂബിനും താഴെയായി ഓരോന്ന് കാണപ്പെട്ടു. ചക്രങ്ങളുടെ ശോഭ പുഷ്യരാഗരത്നംപോലെ ആയിരുന്നു. അവയുടെ കാഴ്ച ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെയും നാലും ഒരേ രീതിയിലും ആയിരുന്നു. അവ ചലിക്കുമ്പോൾ കെരൂബുകൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ എങ്ങോട്ടുവേണമെങ്കിലും അവയ്ക്കു പോകാം; അവ പോകുമ്പോൾ അതിലെ ചക്രങ്ങൾക്കു തിരിയേണ്ട ആവശ്യമില്ല. കെരൂബുകളുടെ തല അഭിമുഖമായിരുന്ന വശത്തേക്ക് അവ സഞ്ചരിച്ചു, അവയ്ക്ക് ഇടംവലം തിരിയേണ്ട ആവശ്യമില്ല. അവയുടെ മുഴുവൻ ശരീരവും പിൻഭാഗവും കൈകളും ചിറകുകളും കണ്ണുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു, നാലു ചക്രങ്ങൾക്കു ചുറ്റും എല്ലായിടത്തും കണ്ണുകൾ ഉണ്ടായിരുന്നു. ചക്രങ്ങൾക്കു ഞാൻ കേൾക്കെ, “ചുഴലിച്ചക്രങ്ങൾ” എന്നു പേരുവിളിച്ചു. നാലു കെരൂബുകൾക്കും നാലു മുഖംവീതം ഉണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിന്റേതും രണ്ടാമത്തേതു മനുഷ്യന്റേതും മൂന്നാമത്തേതു സിംഹത്തിന്റേതും നാലാമത്തേത് കഴുകന്റേതും ആയിരുന്നു. അപ്പോൾ കെരൂബുകൾ മേലോട്ടുയർന്നു. അവ ഞാൻ കേബാർനദീതീരത്തു കണ്ട നാലു ജീവികൾതന്നെ. കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും. ഭൂമിയിൽനിന്നുയരാൻ കെരൂബുകൾ ചിറകുവിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വംവിട്ടുമാറുകയില്ല. കെരൂബുകൾ നിശ്ചലമായി നിൽക്കുമ്പോൾ, ചക്രങ്ങളും നിൽക്കും; കെരൂബുകൾ ഉയരുമ്പോൾ ചക്രങ്ങളും അവയോടൊത്തുയരും; കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നു. അപ്പോൾ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ പ്രവേശനകവാടത്തിൽനിന്നു മാറി കെരൂബുകൾക്കു മീതേ നിന്നു. അപ്പോൾ ഞാൻ നോക്കിക്കൊണ്ടിരിക്കെത്തന്നെ കെരൂബുകൾ ചിറകുവിരിച്ച് ഭൂമിയിൽനിന്നുയർന്നു. അവ പുറപ്പെട്ടുപോയപ്പോൾ ചക്രങ്ങളും അവയുടെ പാർശ്വത്തിൽ ഉണ്ടായിരുന്നു. എല്ലാവരും യഹോവയുടെ ആലയത്തിന്റെ കിഴക്കേകവാടത്തിൽ നിന്നു, ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവർക്കുമീതേ നിന്നു. ഇവ കേബാർ നദീതീരത്തുവെച്ച് ഇസ്രായേലിന്റെ ദൈവത്തിനുകീഴേ ഞാൻ കണ്ട ജീവികളായിരുന്നു. അങ്ങനെ അവ കെരൂബുകൾ എന്നു ഞാൻ മനസ്സിലാക്കി. ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്നുണ്ടായിരുന്നു. അവയുടെ മുഖസാദൃശ്യം ഞാൻ കേബാർനദീതീരത്തു കണ്ടവിധംതന്നെ ആയിരുന്നു. ഓരോന്നും നേരേ മുമ്പോട്ടുതന്നെ സഞ്ചരിച്ചു. ജെറുശലേമിന്റെ പതനം അതിനുശേഷം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിന്റെ കിഴക്കോട്ടു മുഖമുള്ള കിഴക്കേകവാടത്തിൽ കൊണ്ടുവന്നു. അവിടെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിൽ ഇരുപത്തിയഞ്ചു പുരുഷന്മാർ ഉണ്ടായിരുന്നു. അവരിൽ ജനത്തിന്റെ നേതാക്കളായ അസ്സൂരിന്റെ മകനായ യയസന്യാവിനെയും ബെനായാവിന്റെ മകനായ പെലത്യാവിനെയും ഞാൻ കണ്ടു. യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ പട്ടണത്തിൽ ദുഷ്ടതനിറഞ്ഞ നിർദേശങ്ങൾ നൽകിക്കൊണ്ട് ഗൂഢാലോചന നടത്തുന്ന പുരുഷന്മാരാണ് ഇവർ. ‘നമ്മുടെ വീടുകൾ അടുത്തിടെയല്ലേ പുതുക്കിപ്പണിതത്? ഈ പട്ടണം ഒരു കുട്ടകവും നാം അതിനുള്ളിലെ മാംസവും ആണല്ലോ,’ എന്ന് അവർ പറയുന്നു. അതുകൊണ്ട് അവർക്കെതിരായി പ്രവചിക്കുക; മനുഷ്യപുത്രാ, പ്രവചിക്കുക.” അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു. ഈ പട്ടണത്തിലെ നിരവധി ആളുകളെ നിങ്ങൾ വധിച്ചു; അവരെക്കൊണ്ട് അതിന്റെ തെരുവീഥികൾ നിറച്ചിരിക്കുന്നു. “അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ പട്ടണത്തിന്റെ നടുവിൽ നിങ്ങൾ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ പട്ടണം കുട്ടകവുമാകുന്നു. ഞാനോ, നിങ്ങളെ അതിൽനിന്ന് പുറത്തുവരുത്തും. നിങ്ങൾ വാളിനെ ഭയപ്പെട്ടു; അതിനാൽ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ നിങ്ങളെ നഗരമധ്യത്തിൽനിന്നു പുറത്തുകൊണ്ടുവരും. ഞാൻ നിങ്ങളെ വിദേശികളുടെ കൈയിൽ ഏൽപ്പിച്ച് നിങ്ങളുടെമേൽ ന്യായവിധി വരുത്തും. നിങ്ങൾ വാളാൽ വീഴും; ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. ഈ പട്ടണം നിങ്ങൾക്ക് ഒരു കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനുള്ളിലെ മാംസവും ആകുകയില്ല. എന്നാൽ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ചു ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.” ഞാൻ പ്രവചിച്ചുകൊണ്ടിരിക്കെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ, “അയ്യോ! യഹോവയായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ശേഷിപ്പിനെ നിശ്ശേഷം നശിപ്പിക്കുമോ” എന്നു നിലവിളിച്ചു. ഇസ്രായേലിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള വാഗ്ദാനം അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, ജെറുശലേംനിവാസികൾ നിന്റെ സഹപ്രവാസികളെയും ഇസ്രായേൽജനം മുഴുവനെയുംകുറിച്ച് ഇങ്ങനെ പറയുന്നു: ‘അവർ യഹോവയിൽനിന്നു ദൂരെ പോയിരിക്കുന്നു, ഈ ദേശം നമുക്ക് ഒരവകാശമായി നൽകപ്പെട്ടിരിക്കുന്നു.’ “അതിനാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്കു നീക്കിക്കളഞ്ഞുവെങ്കിലും രാജ്യങ്ങളുടെ മധ്യേ അവരെ ചിതറിച്ചെങ്കിലും, അവർ പോയിട്ടുള്ള ദേശങ്ങളിൽ ഞാൻ അൽപ്പനേരത്തേക്ക് അവർക്കൊരു വിശുദ്ധമന്ദിരമായിരുന്നു.’ “അതിനാൽ നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളുടെ മധ്യേനിന്നു ശേഖരിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരികെത്തരും.’ “അവർ അവിടേക്കു മടങ്ങിവരുമ്പോൾ അവരുടെ എല്ലാ മ്ലേച്ഛരൂപങ്ങളും നിന്ദ്യമായ വിഗ്രഹങ്ങളും അവർ അതിൽനിന്നു നീക്കിക്കളയും. അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും എന്നാൽ തങ്ങളുടെ ഹൃദയം എല്ലാ മ്ലേച്ഛരൂപങ്ങളിലേക്കും നിന്ദ്യമായ വിഗ്രഹങ്ങളിലേക്കും അർപ്പിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെ തലമേൽതന്നെ ഞാൻ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.” പിന്നീട് കെരൂബുകൾ ചിറകുകൾ വിടർത്തി; ചക്രങ്ങളും അവയ്ക്കരികിൽത്തന്നെ ഉണ്ടായിരുന്നു. ഇസ്രായേലിൻദൈവത്തിന്റെ മഹത്ത്വം അവയ്ക്കുമീതേ ഉണ്ടായിരുന്നു. യഹോവയുടെ മഹത്ത്വം പട്ടണത്തിന്റെ മധ്യേനിന്ന് ഉയർന്ന്, നഗരത്തിനു കിഴക്കുള്ള പർവതത്തിന്മേൽ നിന്നു. ആത്മാവ് ഒരു ദർശനത്തിൽ എന്നെ ഉയർത്തി ദൈവാത്മാവിനാൽത്തന്നെ ബാബേൽദേശത്തു11:24 അഥവാ, കൽദയ പ്രവാസികളുടെ അടുക്കലേക്കു കൊണ്ടുവന്നു. പിന്നീട് ഞാൻ കണ്ട ദർശനം എന്റെ കാഴ്ചയ്ക്കു മറഞ്ഞു; അങ്ങനെ യഹോവ എനിക്കു കാണിച്ചുതന്ന സകലകാര്യങ്ങളും ഞാൻ പ്രവാസികളോടു പറഞ്ഞു. പ്രവാസം പ്രതീകാത്മകമായി യഹോവയുടെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “മനുഷ്യപുത്രാ, കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയുമിരിക്കുന്ന മത്സരമുള്ള ജനത്തിന്റെ മധ്യത്തിലാണ് നീ പാർക്കുന്നത്. കാരണം അവർ മത്സരമുള്ള ഒരു ജനതതന്നെ. “അതുകൊണ്ട് മനുഷ്യപുത്രാ, യാത്രയ്ക്കുള്ള ഭാണ്ഡം ഒരുക്കി പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറെടുക്കുക; പകൽസമയത്ത് അവർ കാൺകെ നിന്റെ സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പുറപ്പെടുക. മത്സരമുള്ള ഒരു ജനതയെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്സിലാക്കിയെന്നുവരാം. പകൽസമയത്ത് അവർ കാൺകെ പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറാക്കിവെച്ച നിന്റെ ഭാണ്ഡം പുറത്തുകൊണ്ടുവരിക. പിന്നീട് വൈകുന്നേരത്ത് അവർ നോക്കിനിൽക്കുമ്പോൾത്തന്നെ പ്രവാസത്തിലേക്കെന്നപോലെ പുറപ്പെടുക. അവർ കാൺകെ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ നിന്റെ ഭാണ്ഡവുമായി പുറപ്പെടുക. അവർ കാൺകെ ഭാണ്ഡം നിന്റെ ചുമലിലേറ്റി ഇരുട്ടത്ത് യാത്രപുറപ്പെടുക. നിലം കാണാത്തവിധം നിന്റെ മുഖം മൂടുക. ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു ചിഹ്നമാക്കിയിരിക്കുന്നു.” എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു. രാവിലെ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, മത്സരമുള്ള ജനതയായ ഇസ്രായേൽജനം ‘നീ എന്താണു ചെയ്യുന്നത്?’ എന്നു നിന്നോടു ചോദിച്ചില്ലേ? “അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ അരുളപ്പാട് ജെറുശലേമിലെ പ്രഭുക്കന്മാർക്കും അതിലുള്ള ഇസ്രായേൽജനം മുഴുവനും ഉള്ളതാണ്. ഞാൻ നിങ്ങൾക്ക് ഒരു ചിഹ്നമാണ്,’ എന്ന് അവരോടു പറയുക. “ഞാൻ ചെയ്തതുപോലെ അവർക്കു സംഭവിക്കും; അവർ പ്രവാസത്തിലേക്ക്, അടിമകളായി പോകേണ്ടിവരും. “അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടിൽ തന്റെ ഭാണ്ഡം ചുമലിലേറ്റി പുറപ്പെടും; അതു പുറത്തുകൊണ്ടുവരാൻ അവൻ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കും; നിലം സ്വന്തം കണ്ണുകൊണ്ടു കാണാത്തവിധം അയാൾ തന്റെ മുഖം മറയ്ക്കും. മാത്രമല്ല, ഞാൻ എന്റെ വല അയാളുടെമേൽ വിരിക്കും; എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും; ഞാൻ അയാളെ കൽദയരുടെ ദേശമായ ബാബേലിലേക്കു കൊണ്ടുവരും. എങ്കിലും ഇതൊന്നും അയാൾ സ്വന്തം കണ്ണുകളാൽ കാണുകയില്ല. അവിടെവെച്ച് അയാൾ മരിക്കും.12:13 2 രാജാ. 25:7 കാണുക. അയാൾക്കു ചുറ്റുമുള്ള അയാളുടെ സഹായികളെയും മുഴുവൻ സൈന്യത്തെയും ഞാൻ കാറ്റിൽ ചിതറിക്കും. അവരുടെ പിന്നാലെ ഞാൻ ഊരിപ്പിടിച്ച വാളുമായി പിൻതുടരും. “ഞാൻ അവരെ ജനതകൾക്കുമധ്യേ ചിതറിച്ച് രാജ്യങ്ങളിലൂടെ ഛിന്നിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, വിറയലോടെ നിന്റെ അപ്പം തിന്നുകയും നടുക്കത്തോടും ഭീതിയോടുംകൂടെ നിന്റെ വെള്ളം കുടിക്കുകയും ചെയ്യുക. ദേശത്തെ ജനങ്ങളോട് ഇപ്രകാരം പറയുക: ‘ഇസ്രായേൽദേശത്തുള്ള ജെറുശലേംനിവാസികളെപ്പറ്റി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിൽ വസിക്കുന്നവരുടെ അതിക്രമം നിമിത്തം അതിലുള്ള ഒരു വസ്തുവും അവശേഷിപ്പിക്കാതെ സകലതും കൊള്ളചെയ്യപ്പെടും. അതുകൊണ്ട് അവർ ഭീതിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും. നിവാസികളുള്ള പട്ടണങ്ങൾ ശൂന്യമായും ദേശം നിർജനമായും തീരും; അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ” കാലവിളംബം സംഭവിക്കുകയില്ല യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: “മനുഷ്യപുത്രാ, ‘ദിവസങ്ങൾ നീണ്ടുപോകുന്നു, ദർശനങ്ങളൊന്നും നിവൃത്തിയാകുന്നതുമില്ല,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെപ്പറ്റി നിങ്ങൾക്കുള്ള പഴമൊഴിക്ക് ഇനി എന്തു സാംഗത്യം? അവരോട് ഇങ്ങനെ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ മേലാൽ ഇതൊരു പഴഞ്ചൊല്ലായിത്തീരാതവണ്ണം ഞാൻ ഈ പഴഞ്ചൊല്ലിനെ നിർത്തലാക്കും. എന്നാൽ ദിവസങ്ങൾ അടുത്തുവരുന്നു എന്നും ദർശനങ്ങളെല്ലാം നിറവേറ്റപ്പെടുമെന്നും അവരോടു പറയുക. കാരണം ഇസ്രായേൽജനത്തിൽ ഇനിയൊരിക്കലും കപടദർശനമോ മുഖസ്തുതി പറയുന്ന ദേവപ്രശ്നമോ ഉണ്ടാകുകയില്ല. യഹോവയായ ഞാൻതന്നെ സംസാരിക്കും; ഞാൻ സംസാരിക്കുന്ന വചനങ്ങൾ എല്ലാം നിറവേറുകയും ചെയ്യും; അതിനു കാലതാമസം ഉണ്ടാക്കുകയില്ല; കാരണം, ഹേ, മത്സരമുള്ള ജനതയേ, നിങ്ങളുടെകാലത്ത് ഞാൻ അരുളിച്ചെയ്യുകയും അതു നിറവേറ്റുകയും ചെയ്യും എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.’ ” യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “മനുഷ്യപുത്രാ, ‘അയാൾക്കു ലഭിക്കുന്ന ദർശനം ബഹുകാലത്തിനുശേഷം സംഭവിക്കാനുള്ളതാണ്, അതിവിദൂരഭാവിയിലെ കാര്യമാണ് അയാൾ പ്രവചിക്കുന്നത്’ എന്നിങ്ങനെ ഇസ്രായേൽജനത പറയുന്നു. “അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളൊന്നും ഇനി താമസിക്കുകയില്ല; ഞാൻ അരുളിച്ചെയ്യുന്ന ഏതു വചനവും നിറവേറ്റപ്പെടും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” വ്യാജപ്രവാചകന്മാർക്ക് അയ്യോ കഷ്ടം! അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക. സ്വന്തം ഹൃദയങ്ങളിൽ നിന്നു പ്രവചിക്കുന്നവരോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തം സങ്കൽപ്പം പിൻതുടരുകയും യാതൊന്നും കാണാതിരിക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ13:3 അഥവാ, ദുഷ്ടരായ പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിലെ കുറുക്കന്മാർക്കു സമം. യഹോവയുടെ ദിവസത്തിലെ യുദ്ധത്തിൽ മതിലുകൾ ഉറച്ചുനിൽക്കേണ്ടതിന്, അതിൽ പിളർപ്പുണ്ടായ ഭാഗങ്ങൾ ഇസ്രായേൽജനത്തിനുവേണ്ടി കെട്ടിയുറപ്പിക്കാൻ നിങ്ങൾ പോയിട്ടില്ല. യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു. ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്? “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘സമാധാനം ഇല്ലാതിരിക്കെ “സമാധാനം,” എന്ന് ഉദ്ഘോഷിച്ച് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചുകളയുകയാലും ബലമില്ലാത്ത ഒരു മതിൽ പണിത് അവർ അതിനു വെള്ളപൂശുകയാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്. അതുകൊണ്ട്, വെള്ളപൂശുന്നവരോട് ആ മതിൽ വേഗം ഇടിഞ്ഞുവീഴും എന്നു പറയുക. മലവെള്ളപ്പാച്ചിൽപോലെ മഴപെയ്യും; മഞ്ഞുകട്ടക‍ൾ വർഷിക്കും; കൊടുങ്കാറ്റ് ചീറിയടിക്കും. അങ്ങനെ മതിൽ നിലംപൊത്തുമ്പോൾ “നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്ന് നിങ്ങളോട് ആളുകൾ ചോദിക്കുകയില്ലേ?” “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തിൽ ഞാൻ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടും; എന്റെ കോപത്തിൽ മഞ്ഞുകട്ടകളും മഴവെള്ളപ്പാച്ചിലും വിനാശകാരിയായ രൗദ്രത്തോടെ പതിക്കും. നിങ്ങൾ വെള്ളപൂശിയ മതിൽ, അതിന്റെ അടിത്തറ തെളിഞ്ഞുകാണുന്നവിധം ഞാൻ ഇടിച്ചുകളയും. അതു13:14 അഥവാ, നഗരം വീഴുമ്പോൾ അതിന്റെ നടുവിൽ നിങ്ങൾ നാശമടയും; ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും. അങ്ങനെ ആ മതിലിന്മേലും അതിനു വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ഞാൻ നിറവേറ്റും; “മതിലും അതിനു വെള്ളപൂശിയവരും നീങ്ങിപ്പോയിരിക്കുന്നു, എന്നു ഞാൻ നിങ്ങളെ അറിയിക്കും. ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’ “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും13:19 ബാർലി അഥവാ, ബാർലരി ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ” വിഗ്രഹാരാധകർ കുറ്റംചുമത്തപ്പെടുന്നു ഇസ്രായേലിലെ ചില ഗോത്രത്തലവന്മാർ വന്ന് എന്റെമുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, ഈ പുരുഷന്മാർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച്, ദുഷ്ടതനിറഞ്ഞ പ്രതിബന്ധം അവരുടെമുമ്പിൽ വെച്ചിരിക്കുന്നു. അവർ എന്നോട് ആലോചന ചോദിക്കാൻ ഞാൻ അവരെ അനുവദിക്കണമോ? അതിനാൽ നീ അവരോടു സംസാരിക്കുക. അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്ന ഏതൊരു ഇസ്രായേല്യനും പ്രവാചകന്റെ അടുത്ത് പോകുമ്പോൾ, യഹോവയായ ഞാൻതന്നെ അവരുടെ വിഗ്രഹാരാധനയുടെ ബാഹുല്യം അനുസരിച്ചുതന്നെ അവരോട് ഉത്തരം പറയും. വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’ “അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക! “ ‘എന്നെവിട്ടു സ്വയം പിന്മാറി വിഗ്രഹങ്ങളെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളിൽ വെച്ചുകൊണ്ട് തങ്ങൾക്കുവേണ്ടി ആലോചന ചോദിക്കാൻ പ്രവാചകന്റെ അടുക്കൽ വരുന്ന ഏതെങ്കിലും ഇസ്രായേല്യനാകട്ടെ, ഇസ്രായേലിൽ വസിക്കുന്ന വിദേശിയാകട്ടെ, യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരമരുളും. ഞാൻ എന്റെ മുഖം അവർക്കെതിരേ തിരിച്ച് അവരെ ഒരു നിദർശനവും പഴഞ്ചൊല്ലും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഞാൻ അവരെ ഛേദിച്ചുകളയും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘എന്നാൽ ആ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു പ്രവചനം അറിയിച്ചാൽ യഹോവയായ ഞാൻ ആണ് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നത്. ഞാൻ അവന്റെനേരേ കൈനീട്ടി അവനെ എന്റെ ജനമായ ഇസ്രായേലിൽനിന്ന് സംഹരിച്ചുകളയും. അവരുടെ അനീതിയുടെ ശിക്ഷ അവർ വഹിക്കും—അരുളപ്പാടു ചോദിക്കുന്നവരുടെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെതന്നെ ആയിരിക്കും. അതുകൊണ്ട് ഇസ്രായേൽജനം ഇനിയൊരിക്കലും എന്നെ വിട്ടകന്നുപോകുകയോ തങ്ങളുടെ പാപങ്ങളാൽ തങ്ങളെത്തന്നെ അശുദ്ധരാക്കുകയോ ചെയ്യുകയില്ല. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” ജെറുശലേമിനു ന്യായവിധി അനിവാര്യം പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “മനുഷ്യപുത്രാ, ഒരു രാഷ്ട്രം എന്നോടു പാപംചെയ്ത് അവിശ്വസ്തരായിത്തീർന്നാൽ ഞാൻ അതിന്റെനേരേ എന്റെ കൈനീട്ടി അവർക്കുള്ള ആഹാരലഭ്യത മുടക്കിക്കളയുകയും അതിന്മേൽ ക്ഷാമം വരുത്തി മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്ന് സംഹരിച്ചുകളകയും ചെയ്യും. നോഹ, ദാനീയേൽ,14:14 അഥവാ, ദാനെൽ, പുരാതന എഴുത്തുകളിൽ പ്രസിദ്ധിനേടിയ ഒരാൾ. വാ. 20 കാണുക. ഇയ്യോബ് എന്നീ മൂന്നുപുരുഷന്മാർ അതിന്റെമധ്യേ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് അവർ താന്താങ്ങളെമാത്രമേ വിടുവിക്കുകയുള്ളൂ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വന്യമൃഗങ്ങളെ അയയ്ക്കുകയും അവ ആ രാഷ്ട്രത്തെ മക്കളില്ലാത്തവരാക്കിത്തീർക്കുകയും ആ വന്യമൃഗങ്ങൾനിമിത്തം അവിടം ആരും കടന്നുപോകാതവണ്ണം അതിനെ നിർജനമാക്കിത്തീർക്കുകയും ചെയ്യുന്നപക്ഷം, ഈ മൂന്നുപുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവർക്ക് തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്നു ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു: അവർമാത്രം വിടുവിക്കപ്പെടുകയും ദേശം നിർജനമായിത്തീരുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വാൾ വരുത്തിയിട്ട്, ‘ആ വാൾ ദേശത്തുകൂടിക്കടന്ന്,’ അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കട്ടെ എന്നു കൽപ്പിച്ചാൽ, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഈ മൂന്നുപുരുഷന്മാർ അതിന്റെ മധ്യത്തിൽ ഉണ്ടായിരുന്നാലും അവർമാത്രം രക്ഷപ്പെടുന്നതല്ലാതെ അവർക്ക് സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “അതുമല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചിട്ട് അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കാൻ തക്കവണ്ണം എന്റെ ക്രോധം രക്തച്ചൊരിച്ചിലിലൂടെ അതിന്മേൽ ചൊരിഞ്ഞാൽ, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ പുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവരുടെ നീതികൊണ്ട് തങ്ങളെത്തന്നെ രക്ഷിക്കുന്നതല്ലാതെ സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കേണ്ടതിന് വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ന്യായവിധികൾ ജെറുശലേമിന്മേൽ അയച്ചാൽ അത് എത്ര ഭയാനകമായിരിക്കും? എന്നാലും ഇവയെല്ലാം അതിജീവിച്ച, പുത്രന്മാരും പുത്രിമാരും അടങ്ങിയ ഒരുകൂട്ടം അതിൽനിന്നു പുറപ്പെട്ടു പോരുന്നതിനായി ശേഷിച്ചിരിക്കും. അവർ നിങ്ങളുടെ അടുക്കൽവരും. നിങ്ങൾ അവരുടെ ജീവിതരീതിയും പ്രവൃത്തികളും കണ്ട് ഞാൻ ജെറുശലേമിനു വരുത്തിയ അനർഥത്തെക്കുറിച്ച് ആശ്വസിക്കും—ഞാൻ അതിന്മേൽ വരുത്തിയ സകലവിപത്തുകളെക്കുറിച്ചുംതന്നെ. അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.” ജെറുശലേം പ്രയോജനമില്ലാത്ത ഒരു മുന്തിരിവള്ളി അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “മനുഷ്യപുത്രാ, കാട്ടിലെ മരങ്ങൾക്കിടയിലുള്ള ഏതെങ്കിലും ഒന്നിന്റെ ശാഖയെക്കാൾ ഒരു മുന്തിരിയുടെ തണ്ടിന് എന്തു വിശേഷതയാണുള്ളത്? പ്രയോജനമുള്ള എന്തെങ്കിലും നിർമിക്കാനുള്ള തടി അതിൽനിന്ന് എപ്പോഴെങ്കിലും എടുക്കാൻ കഴിയുമോ? ഏതെങ്കിലും പാത്രം തൂക്കിയിടേണ്ടതിന് അതിൽനിന്ന് ഒരാണിയെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? അതു വിറകായി തീയിൽ ഇടുകയും തീ അതിന്റെ രണ്ട് അഗ്രവും കത്തിക്കുകയും അതിന്റെ നടുമുറിയും വെന്തുപോകുകയും ചെയ്തിരിക്കുന്നു. ഇനി അതുകൊണ്ടു വല്ല പ്രയോജനവും ഉണ്ടാകുമോ? അതു മുഴുവനായിരുന്നപ്പോൾതന്നെ അതുകൊണ്ട് ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. തീ അതിനെ ദഹിപ്പിക്കുകയും അതു കരിഞ്ഞുപോകുകയും ചെയ്തശേഷം എന്തിനെങ്കിലും അത് ഉപകരിക്കുമോ? “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ മരങ്ങൾക്കിടയിൽ അഗ്നിക്ക് ഇന്ധനമായി മുന്തിരിവള്ളിയെ ഞാൻ ഉപയോഗിച്ചതുപോലെതന്നെ ജെറുശലേംനിവാസികളോടും ഇടപെടും. ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. അവർ അവിശ്വസ്തരായിത്തീർന്നതുകൊണ്ട് ഞാൻ ദേശം ശൂന്യമാക്കിത്തീർക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.” ജെറുശലേം—വ്യഭിചാരിണിയായ ഒരു ഭാര്യ അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കു ലഭിച്ചത്: “മനുഷ്യപുത്രാ, ജെറുശലേമിനോട് അവളുടെ മ്ലേച്ഛതകൾ വിളിച്ചറിയിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ജെറുശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉത്ഭവവും ജനനവും കനാന്യദേശത്തുനിന്നാണ്. നിന്റെ പിതാവ് ഒരു അമോര്യനും മാതാവ് ഒരു ഹിത്യസ്ത്രീയുമത്രേ. നിന്റെ ജനനത്തെ സംബന്ധിച്ചാകട്ടെ, നീ ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്റെ മാലിന്യം നീക്കുന്നതിനു വെള്ളത്തിൽ കുളിപ്പിച്ചതുമില്ല. ഉപ്പുകൊണ്ടു നിന്നെ ശുദ്ധീകരിച്ചില്ല; ശീലകൊണ്ടു പൊതിഞ്ഞതുമില്ല. നിനക്കുവേണ്ടി ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്നതിന് സഹതാപം കാണിക്കുകയോ ഒരു കണ്ണും അനുകമ്പയോടെ നിന്നെ നോക്കുകയോ ചെയ്തില്ല. പിന്നെയോ, നീ ജനിച്ചനാളിൽ വെറുക്കപ്പെട്ടവളായിരുന്നതിനാൽ തുറസ്സായസ്ഥലത്തേക്കു നിന്നെ എറിഞ്ഞുകളകയാണ് ഉണ്ടായത്. “ ‘ഞാൻ കടന്നുപോകുമ്പോൾ രക്തത്തിൽ കുളിച്ച്, കൈകാലിട്ടടിച്ചുകൊണ്ടിരുന്ന നിന്നെക്കണ്ട്, “ജീവിച്ചുകൊള്ളുക” എന്നു നിന്നോടു പറഞ്ഞു. നീ രക്തത്തിൽ കിടക്കെ “ജീവിച്ചുകൊള്ളുക” എന്നും നിന്നോടു പറഞ്ഞു.16:6 ചി.കൈ.പ്ര. നീ രക്തത്തിൽ കിടക്കെ “ജീവിക്കുക!” എന്നു ഞാൻ നിന്നോടു പറഞ്ഞു, എന്ന വാക്യഭാഗം ആവർത്തിക്കുന്നു. വയലിലെ സസ്യത്തെപ്പോലെ ഞാൻ നിന്നെ വളർത്തി. നീ വളർന്ന് വികസിച്ച് ഋതുമതിയായി. നിന്റെ സ്തനങ്ങൾ വളരുകയും ദീർഘമായ കേശം ഉണ്ടാകുകയും ചെയ്തു; എന്നിട്ടും നീ പൂർണ നഗ്നയായിരുന്നു. “ ‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “ ‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു. ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു. ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ശിരസ്സിൽ മനോഹരകിരീടവും ധരിപ്പിച്ചു. അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു. നീ നിന്റെ വസ്ത്രങ്ങളിൽ ചിലതുകൊണ്ട് വർണാഭങ്ങളായ ക്ഷേത്രങ്ങൾ നിർമിച്ചു. അവിടെവെച്ചു നീ വ്യഭിചാരത്തിലേർപ്പെട്ടു. നീ അവരുടെ അടുത്തേക്കുചെന്നു; അവർ നിന്റെ സൗന്ദര്യം കവർന്നെടുത്തു.16:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ഞാൻ നിനക്കുതന്ന മേന്മയേറിയ സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ നീ എടുത്ത് നിനക്കു വേശ്യാവൃത്തി ചെയ്യാനുള്ള പുരുഷവിഗ്രഹങ്ങൾ നിർമിച്ചു. നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു. ഞാൻ നിനക്കുതന്ന ആഹാരം; നിന്നെ പോഷിപ്പിക്കാൻ തന്ന നേരിയമാവ്, ഒലിവെണ്ണ, തേൻ എന്നിവ നീ അവയുടെമുമ്പിൽ സുഗന്ധധൂപമായി അർപ്പിച്ചു. സംഭവിച്ചത് ഇതാണ് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘ഇതിനുംപുറമേ, നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ ആ വിഗ്രഹങ്ങൾക്കു ഭോജനമായി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തി നിനക്കു മതിയായില്ലേ? നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു. നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല. “ ‘കഷ്ടം! നിനക്കു കഷ്ടം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ എല്ലാ ദുഷ്ടതയും കൂടാതെ, നിന്റെ ഓരോ ചത്വരങ്ങളിലും കുന്നുകൾ ഉയർത്തി അവയിൽ വലിയ ക്ഷേത്രങ്ങൾ പണിതു. എല്ലാ തെരുക്കോണുകളിലും നിനക്കായി വലിയ ക്ഷേത്രങ്ങൾ നിർമിച്ച് നിന്റെ സൗന്ദര്യത്തിന് അവമതിപ്പുണ്ടാക്കി. വഴിപോക്കരായ ഏതൊരുവന്റെ മുന്നിലും നീ കാലുകൾ അകറ്റി നിന്റെ വഷളത്തം വർധിപ്പിച്ചു. വലിയ ജനനേന്ദ്രിയമുള്ള നിന്റെ അയൽക്കാരായ ഈജിപ്റ്റുനിവാസികളോടും നീ വേശ്യാവൃത്തിയിലേർപ്പെട്ടു. നിന്റെ വഷളത്തംകൊണ്ട് എന്റെ കോപം നീ ജ്വലിപ്പിച്ചു. അതുകൊണ്ട് ഞാൻ നിന്റെനേരേ എന്റെ കൈനീട്ടി നിന്റെ ഭൂപ്രദേശം കുറച്ചു; നിന്നെ വെറുക്കുകയും നിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏൽപ്പിച്ചുകൊടുത്തു. നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല. നിന്റെ വഷളത്തം വ്യാപാരികളുടെ ദേശമായ ബാബേൽവരെ16:29 അഥവാ, കൽദയദേശംവരെയും വിപുലീകരിച്ചിട്ടും, അതുകൊണ്ടൊന്നും നിനക്കു തൃപ്തിവന്നില്ല. “ ‘ലജ്ജയറ്റ ഒരു വേശ്യയെപ്പോലെ ഇങ്ങനെയെല്ലാം നീ പ്രവർത്തിക്കുമ്പോൾ, നിനക്കെതിരേ ഞാൻ ക്രോധാകുലനായിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഓരോ വഴിത്തലയ്ക്കലും നീ കുന്നുകൾ പണിത് ഓരോ ചത്വരത്തിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുകയുംചെയ്യുമ്പോൾ നിന്ദയുടെ പ്രതിഫലം വെറുക്കുന്നതുകൊണ്ട് നീ ഒരു വേശ്യയിൽനിന്നു വ്യത്യസ്തയായിരിക്കുന്നു. “ ‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം! പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്. നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു. “ ‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക! യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാമുകന്മാരുമൊത്തുള്ള നിന്റെ വഷളത്തത്തിൽ നിന്റെ ആസക്തി കോരിച്ചൊരിയുകയും നിന്റെ നഗ്നത അനാവൃതമാക്കുകയും ചെയ്യുകയാൽ, നിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങൾ നിമിത്തവും നീ അവർക്കു നിവേദിച്ച നിന്റെ മക്കളുടെ രക്തംനിമിത്തവും നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും. വ്യഭിചാരം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള ന്യായവിധി ഞാൻ നിനക്കു നൽകി, ക്രോധത്തിന്റെയും അവിശ്വസ്തതയുടെയും പ്രതികാരമായി നിന്റെ രക്തവും ഞാൻ ചൊരിയും. നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും. അവർ ഒരു ജനസമൂഹത്തെ നിന്റെനേരേ ഇളക്കിവിടും; അവർ നിന്നെ കല്ലെറിയുകയും തങ്ങളുടെ വാളുകളാൽ വെട്ടിനുറുക്കിക്കളയുകയും ചെയ്യും. നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല. അങ്ങനെ നിനക്കെതിരേയുള്ള എന്റെ ക്രോധം ശാന്തമാകും; എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും. ഞാൻ ശാന്തനാകും; ഇനിയൊരിക്കലും കോപിക്കുകയുമില്ല. “ ‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ? “ ‘പഴഞ്ചൊല്ലുകൾ ഉദ്ധരിക്കുന്നവരെല്ലാം നിനക്കെതിരേ, “യഥാമാതാ തഥാസുതാ” എന്ന പഴഞ്ചൊല്ല് ഉദ്ധരിക്കും. സ്വന്തം ഭർത്താവിനെയും മക്കളെയും വെറുത്ത നിന്റെ മാതാവിന്റെ പുത്രിതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും നിന്ദിച്ച നിന്റെ സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഒരു ഹിത്യസ്ത്രീയും പിതാവ് ഒരു അമോര്യനുമത്രേ. നിന്റെ ജ്യേഷ്ഠസഹോദരി തന്റെ പുത്രിമാരോടൊപ്പം വടക്കുഭാഗത്തു താമസിക്കുന്ന ശമര്യയത്രേ; നിന്റെ ഇളയ സഹോദരി സ്വന്തം പുത്രിമാരോടൊത്ത് തെക്കുഭാഗത്തു വസിക്കുന്ന സൊദോം ആകുന്നു. നീ അവരുടെ വഴികളിൽ നടക്കുകയും അവരുടെ മ്ലേച്ഛതകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുകയുംമാത്രമല്ല ചെയ്തിരിക്കുന്നത്. പിന്നെയോ, നിന്റെ എല്ലാ നടപ്പുകളിലും അവരെക്കാൾ അത്യന്തം ദുഷിച്ചവിധത്തിൽ ജീവിക്കുകയാണ് ചെയ്തത്. ജീവനുള്ള ഞാൻ ശപഥംചെയ്തു പറയുന്നു: നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല. അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു. മാത്രമല്ല, നിന്റെ സഹോദരിയായ ശമര്യ നീ ചെയ്തതിന്റെ പകുതി പാപംപോലും പ്രവർത്തിച്ചിട്ടില്ല. അവരെക്കാൾ അധികമായി നീ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു. അങ്ങനെ നീ ചെയ്ത എല്ലാ മ്ലേച്ഛതകളുംനിമിത്തം നിന്റെ സഹോദരിമാർ നീതിയുള്ളവരെന്നു തോന്നിക്കാൻ നീ ഇടയാക്കുകയാണു ചെയ്തത്. നീ അവരെക്കാൾ മ്ലേച്ഛതയോടെ പാപം ചെയ്യുകമൂലം അവർ നിന്നെക്കാൾ നീതിയുള്ളവരായി കാണപ്പെടുന്നു. അതിനാൽ നിന്റെ സഹോദരിമാർക്കു കൂടുതൽ അനുകൂലമായ ന്യായവിധി നീ നേടിക്കൊടുത്തു. അതേ, നിന്റെ സഹോദരിമാരെ കൂടുതൽ നീതിയുള്ളവരാക്കി പ്രദർശിപ്പിച്ചതിൽ ലജ്ജിതയായി നീ നിന്റെ അപമാനഭാരം വഹിച്ചുകൊൾക. “ ‘നീ അവർക്ക് ആശ്വാസദായകയായി തീർന്നതിലുള്ള നിന്റെ അപമാനം വഹിച്ച് ലജ്ജിതയായി തീരേണ്ടതിനുവേണ്ടി, ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും പ്രവാസത്തിൽനിന്ന് അവരെ തിരികെവരുത്തും. അതോടൊപ്പം ഞാൻ നിന്റെ പ്രവാസികളെയും പുനരുദ്ധരിക്കും. സൊദോമും അവളുടെ പുത്രിമാരും ശമര്യയും അവരുടെ പുത്രിമാരുമായ നിന്റെ സഹോദരിമാരും അവരുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരോടൊപ്പം നിന്റെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും. നീ അഭിമാനിച്ചിരുന്ന ദിവസങ്ങളിൽ, നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ, നിന്റെ സഹോദരിയായ സൊദോമിന്റെ പേര് നീ ഉച്ചരിക്കുകപോലും ചെയ്തിട്ടില്ല. അതുപോലെ ഇപ്പോൾ നിന്റെ സഹോദരിയായ ഏദോമിന്റെയും16:57 ചി.കൈ.പ്ര. അരാം അവൾക്കുചുറ്റുമുള്ള ഫെലിസ്ത്യപുത്രിമാരുടെയും നിന്നെ നിന്ദിക്കുന്ന എല്ലാവരുടെയും മുമ്പിൽ നീയും നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു, നിന്റെ വിഷയലമ്പടത്തത്തിന്റെയും മ്ലേച്ഛതകളുടെയും ശിക്ഷാഭാരം നീ ഏറ്റുവാങ്ങും എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഉടമ്പടിലംഘനംമൂലം ഞാൻ നിന്നോടുചെയ്ത ശപഥത്തിനു നീ അപമാനം വരുത്തിയതുപോലെതന്നെ ഞാൻ നിന്നോടും ചെയ്യും. എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും. നിന്റെ ജ്യേഷ്ഠസഹോദരിയെയും ഇളയ സഹോദരിയെയും നീ കണ്ടുമുട്ടുമ്പോൾ, നീ നിന്റെ വഴികൾ ഓർത്ത് ലജ്ജിതയായിത്തീരും. ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; ഞാൻ നിന്നോടുചെയ്ത ഉടമ്പടിപ്രകാരം അല്ലതാനും. അങ്ങനെ ഞാൻ നിന്നോടുള്ള എന്റെ ഉടമ്പടി പുനഃസ്ഥാപിക്കും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും. നീ ചെയ്തതിനൊക്കെയും ഞാൻ പരിഹാരം വരുത്തുമ്പോൾ, നീ എല്ലാ കാര്യങ്ങളും ഓർത്ത് ലജ്ജിതയാകുകയും നിന്റെ അപമാനംനിമിത്തം ഇനിയൊരിക്കലും വായ് തുറക്കാതിരിക്കുകയും ചെയ്യും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” ഒരു മുന്തിരിച്ചെടിയും രണ്ടു കഴുകന്മാരും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “മനുഷ്യപുത്രാ, ഒരു കടങ്കഥ അവതരിപ്പിച്ച് ഒരു സാദൃശ്യകഥയായി ഇസ്രായേൽജനത്തോടു പറയുക. ഈ സന്ദേശം അവരെ അറിയിക്കുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശക്തമായ ചിറകുകളും നീണ്ട തൂവലുകളും പല നിറമുള്ള സമൃദ്ധമായ പപ്പുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവൃക്ഷത്തിന്റെ അഗ്രഭാഗം ഒടിച്ചെടുത്തുകൊണ്ടുപോയി; അവൻ അതിന്റെ ഇളംചില്ലകളുടെ അഗ്രഭാഗംതന്നെ മുറിച്ചു വാണിജ്യ പ്രധാനമായ ഒരു ദേശത്തു കൊണ്ടുവന്ന് കച്ചവടക്കാരുടെ ഒരു നഗരത്തിൽ അതിനെ നട്ടു. “ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാതെ പടരുന്ന ഒരു മുന്തിരിവള്ളിയായി. അതിന്റെ ശാഖകൾ അവന്റെനേരേ നീണ്ടു, എന്നാൽ വേരുകൾ അതിന്റെ അടിയിലായിരുന്നു. അങ്ങനെ അതൊരു മുന്തിരിവള്ളിച്ചെടിയായി; ചില്ലകൾ പുറപ്പെടുവിക്കയും ഇലനിറഞ്ഞ ശാഖകൾ നീട്ടുകയും ചെയ്തു. “ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി. ശാഖകൾ വീശി ഫലം കായ്ക്കുന്നതിനും ഒരു വിശിഷ്ട മുന്തിരിവള്ളി ആയിത്തീരുന്നതിനുംവേണ്ടി സമൃദ്ധമായ ജലാശയത്തിനരികെ നല്ല മണ്ണിലാണ് അതിനെ നട്ടിരുന്നത്.’ “അവരോടു പറയുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു വളരുമോ? അതു വാടിപ്പോകത്തക്കവണ്ണം അവൻ അതിന്റെ വേരുകൾ പിഴുതെടുക്കുകയും കായ്കൾ പറിച്ചുകളകയും ചെയ്യുകയില്ലേ? അതിന്റെ തളിർത്ത ഇലകളെല്ലാം വാടിപ്പോകുകയില്ലേ? അതിന്റെ വേരുകൾ പിഴുതെടുക്കേണ്ടതിന് വലിയ ബലമോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ” യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്ക് ഇപ്രകാരം ഉണ്ടായി: “ ‘ഈ കാര്യങ്ങളുടെ അർഥമെന്ത്,’ എന്ന് മത്സരമുള്ള ജനതയോട് നീ ചോദിച്ചിട്ട്, അവരോടു പറയുക: ‘ബാബേൽരാജാവ് ജെറുശലേമിലേക്കുവന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടൊപ്പം ബാബേലിലേക്കു കൊണ്ടുവന്നു. രാജകുടുംബാംഗങ്ങളിൽ ഒരുവനെ തെരഞ്ഞെടുത്ത് അവനുമായി അദ്ദേഹം ഒരു കരാറിൽ ഏർപ്പെട്ടു. രാജ്യം തന്നെത്താൻ ഉയർത്താതെ അദ്ദേഹത്തിനു കീഴടങ്ങിയിരുന്ന് തന്റെ ശപഥം പാലിച്ചു മുന്നോട്ടു പോകേണ്ടതിനു രാജ്യത്തെ പ്രബലന്മാരെയെല്ലാം അദ്ദേഹം പിടിച്ചുകൊണ്ടുപോയിരുന്നു. അതിനാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ലാത്തവിധത്തിൽ രാജ്യം അധഃപതിക്കുകയും അദ്ദേഹവുമായി ഏർപ്പെട്ട കരാർ അനുസരിച്ചുമാത്രം കഷ്ടിച്ചു മുന്നോട്ടു പോകും എന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്തു. എന്നാൽ ആ രാജാവ് അദ്ദേഹത്തോട് മത്സരിച്ച് തനിക്ക് കുതിരകളെയും ധാരാളം സൈന്യങ്ങളെയും നൽകേണ്ടതിന് ഈജിപ്റ്റിലേക്കു സ്ഥാനപതികളെ അയച്ചു. ഇതിൽ അവൻ വിജയിക്കുമോ? ഇത്തരം കാര്യങ്ങൾ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? വാസ്തവമായും അവന് ആ കരാർ ലംഘിച്ചശേഷം രക്ഷപ്പെടാൻ കഴിയുമോ? “ ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: അവൻ ബാബേലിൽവെച്ച് അവനെ രാജാവാക്കിയ രാജാവിന്റെ രാജ്യത്തുവെച്ചുതന്നെ വധിക്കപ്പെടും, നിശ്ചയം; ആ രാജാവുമായി ചെയ്ത ശപഥം അവഗണിക്കുകയും തന്റെ കരാർ ലംഘിക്കുകയുമാണല്ലോ അവൻ ചെയ്തത്. അസംഖ്യംപേരെ നശിപ്പിക്കാൻവേണ്ടി അവൻ ഉപരോധക്കോട്ട പണിത് ചുറ്റും മൺകൂനകൾ ഉയർത്തപ്പെടുമ്പോൾ, ഫറവോന് അദ്ദേഹത്തിന്റെ പ്രബലസൈന്യവും വലിയ കവർച്ചക്കൂട്ടവുംകൊണ്ട് യുദ്ധത്തിൽ ഒരു പ്രയോജനവും ഉണ്ടാകുകയില്ല. അയാൾ ആ ശപഥം അവഗണിച്ച് ഉടമ്പടി ലംഘിച്ചിരിക്കുന്നു. അയാൾ ഹസ്തദാനംചെയ്തു കരാറിൽ ഏർപ്പെട്ടിട്ടും ഇതെല്ലാം ചെയ്തിരിക്കുന്നു. അതിനാൽ അയാൾ രക്ഷപ്പെടുകയില്ല. “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അയാൾ അവഗണിച്ച എന്നോടുള്ള ശപഥവും അയാൾ ലംഘിച്ച എന്റെ ഉടമ്പടിയും ഞാൻ അയാളുടെ തലമേൽത്തന്നെ വരുത്തും. എന്റെ വല ഞാൻ അയാളുടെമേൽ വിരിക്കും. എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും. എനിക്കെതിരായി അയാൾ ചെയ്ത വിശ്വാസവഞ്ചനമൂലം ഞാൻ അയാളെ ബാബേലിലേക്കു വരുത്തുകയും അവിടെവെച്ച് അയാളോടു ഞാൻ ന്യായവിധി നടപ്പാക്കുകയും ചെയ്യും. അയാളുടെ എല്ലാ സൈന്യങ്ങളിലുമുൾപ്പെട്ട ശ്രേഷ്ഠയോദ്ധാക്കളെല്ലാം വാൾകൊണ്ടു വീഴും; ശേഷിക്കുന്നവർ നാലുദിക്കിലേക്കും ചിതറിപ്പോകും.അപ്പോൾ യഹോവയായ ഞാൻ ഇത് അരുളിച്ചെയ്തിരിക്കുന്നു എന്നു നിങ്ങൾ അറിയും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ദേവദാരുവിൽനിന്ന് അതിന്റെ അഗ്രത്തിലുള്ള ഒരു ചിനപ്പ് എടുത്ത് ഞാൻ നടും; അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽനിന്ന് ഒരു ഇളംചില്ല ഞാൻ ഒടിച്ച് അതു വളരെ ഉയരമുള്ള ഒരു പർവതത്തിൽ നടും. അത് ശാഖകൾ വീശി ഫലം കായ്ക്കേണ്ടതിന് ഇസ്രായേലിന്റെ ഉന്നതഗിരിയിൽ ഞാൻ അതിനെ നടും. അതു മനോഹരമായ ഒരു ദേവദാരുവായിത്തീരും. എല്ലാത്തരം പക്ഷികളും അതിൽ കൂടുവെക്കും; അതിന്റെ ശാഖകളുടെ തണലിൽ അവ പാർക്കും. യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തുകയും താഴ്ന്നതിനെ ഉയർത്തുകയും പച്ചയായതിനെ ഉണക്കുകയും ഉണങ്ങിയതിനെ തഴപ്പിക്കുകയും ചെയ്യുന്നു എന്നു വയലിലെ സകലവൃക്ഷങ്ങളും അറിയും. “ ‘യഹോവയായ ഞാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്; അതു ഞാൻ നിറവേറ്റുകതന്നെ ചെയ്യും.’ ” പാപം ചെയ്യുന്നവർ മരിക്കും അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “ ‘മാതാപിതാക്കൾ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെ സംബന്ധിച്ച് നിങ്ങൾ പറയുന്ന പഴഞ്ചൊല്ലിന്റെ അർഥം എന്താണ്? “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇസ്രായേലിൽ ഇനിയൊരിക്കലും നിങ്ങൾ ഈ പഴഞ്ചൊല്ലു പറയാൻ ഇടവരികയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. മാതാപിതാക്കളോ മക്കളോ എല്ലാവരും എനിക്കുള്ളവർതന്നെ—ഇരുകൂട്ടരും ഒരുപോലെ എനിക്കുള്ളവരാണ്. പാപംചെയ്യുന്ന വ്യക്തിതന്നെയായിരിക്കും മരിക്കുന്നത്. “ഒരു മനുഷ്യൻ നീതിനിഷ്ഠനായിരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയോ ഇസ്രായേൽഗൃഹത്തിലെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുകയോ ഋതുമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയില്ല. അയാൾ ആരെയും പീഡിപ്പിക്കുകയില്ല, എന്നാൽ, കടം മേടിച്ചവർക്ക് അവരുടെ പണയം മടക്കിക്കൊടുക്കും. അയാൾ കവർച്ച ചെയ്യുകയില്ല, എന്നാൽ, വിശപ്പുള്ളവർക്ക് അയാൾ തന്റെ ആഹാരം കൊടുക്കുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയും ചെയ്യും. അയാൾ തന്റെ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുകയില്ല. അയാൾ തന്റെ കരം നീതികേടിൽനിന്ന് പിന്തിരിക്കുകയും മനുഷ്യർതമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ ന്യായപാലനം നടത്തുകയും ചെയ്യും. അയാൾ എന്റെ ഉത്തരവുകൾ പാലിക്കുകയും വിശ്വസ്തതയോടെ എന്റെ നിയമങ്ങൾ പ്രമാണിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ നീതിനിഷ്ഠരാകുന്നു; അവർ നിശ്ചയമായും ജീവിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “എന്നാൽ അയാൾക്ക് രക്തം ചൊരിയുകയോ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു അക്രമകാരിയായ മകൻ ഉണ്ട് എന്നു കരുതുക (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല): “പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക, തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക, ദരിദ്രരോടും ഞെരുക്കമനുഭവിക്കുന്നവരോടും അതിക്രമം പ്രവർത്തിക്കുക, പിടിച്ചുപറിക്കുക, പണയം മടക്കി കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ വണങ്ങുക, മ്ലേച്ഛത പ്രവർത്തിക്കുക. തന്റെ ദ്രവ്യം പലിശയ്ക്കു കൊടുത്ത് കൊള്ളലാഭമുണ്ടാക്കുക, ഇപ്രകാരം പ്രവർത്തിക്കുന്ന മനുഷ്യൻ ജീവിക്കുമോ? ഒരിക്കലുമില്ല! അയാൾ ഈ മ്ലേച്ഛതകൾ എല്ലാം ചെയ്തിരിക്കുകയാൽ അയാളെ മരണത്തിന് ഏൽപ്പിക്കണം; അയാളുടെ രക്തം അയാളുടെ തലമേൽതന്നെ ഇരിക്കും. “എന്നാൽ അയാൾക്ക് ഒരു മകൻ ജനിച്ചിട്ട് അയാൾ തന്റെ പിതാവുചെയ്ത ഈ പാപങ്ങളെല്ലാം കണ്ടിട്ട് അതുപോലെ ചെയ്യാതിരിക്കുന്നു എന്നു ചിന്തിക്കുക: “അയാൾ പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കാതിരിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളെ വണങ്ങാതിരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കാതിരിക്കുകയോ ആരെയെങ്കിലും പീഡിപ്പിക്കാതിരിക്കുകയോ പണയം മടക്കി കൊടുക്കാതിരിക്കയോ പിടിച്ചുപറിക്കാതിരിക്കുകയോ ചെയ്യാതെ, വിശപ്പുള്ളവർക്കു തന്റെ ആഹാരം നൽകുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയുംചെയ്യുന്നു. ദരിദ്രരെ അപായപ്പെടുത്തുന്നതിൽനിന്നും അയാൾ തന്റെ കൈ സൂക്ഷിക്കുന്നു, അവരിൽനിന്നു പലിശ വാങ്ങുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുന്നില്ല. അയാൾ എന്റെ നിയമങ്ങൾ പാലിക്കുകയും ഉത്തരവുകൾ നിവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വ്യക്തി തന്റെ പിതാവിന്റെ പാപംമൂലം മരിക്കുകയില്ല; അയാൾ നിശ്ചയമായും ജീവിക്കും. എന്നാൽ അയാളുടെ പിതാവ് അക്രമം കാട്ടുകയും തന്റെ സഹോദരന്റെ മുതൽ കവർച്ചചെയ്യുകയും ജനത്തിന്റെ ഇടയിൽ അനീതി പ്രവർത്തിക്കുകയും ചെയ്യുകനിമിത്തം അയാൾ തന്റെ പാപംനിമിത്തം മരിക്കും. “എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, ‘പിതാവിന്റെ അകൃത്യം പുത്രൻ വഹിക്കേണ്ടതല്ലയോ?’ ആ പുത്രൻ ന്യായവും നീതിയും പ്രവർത്തിക്കുകയും എന്റെ എല്ലാ ഉത്തരവുകളും അനുസരിക്കുകയും ചെയ്യുകയാൽ അവൻ തീർച്ചയായും ജീവിക്കും. പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും. “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും. ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും. “എങ്കിലും നിങ്ങൾ പറയുന്നു: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല.’ ഇസ്രായേൽജനമേ, കേട്ടുകൊൾവിൻ. എന്റെ വഴി നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്? നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി പാപംചെയ്യുന്നെങ്കിൽ അവൻ അതുനിമിത്തം മരിക്കും; തങ്ങൾചെയ്ത പാപംനിമിത്തംതന്നെ അവർ മരിക്കും. ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്. തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല. എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്? “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക. നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു? കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക. ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഒരു വിലാപഗാനം “നീ ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഇപ്രകാരം ഒരു വിലാപഗാനം ആലപിക്കുക: “ ‘സിംഹങ്ങളുടെ മധ്യത്തിൽ എന്തൊരു സിംഹിയായിരുന്നു നിന്റെ മാതാവ് ആരായിരുന്നു! അവൾ സിംഹക്കുട്ടികളുടെ ഇടയിൽക്കിടന്ന്, അവളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവന്നു. തന്റെ കുട്ടികളിൽ ഒന്നിനെ അവൾ വളർത്തിക്കൊണ്ടുവന്നു; അവൻ ഒരു ശക്തനായ സിംഹമായിത്തീർന്നു. ഇരകളെ കടിച്ചുചീന്തുന്നതിന് അവൻ ശീലിച്ചു. മനുഷ്യരെ അവൻ വിഴുങ്ങിക്കളഞ്ഞു. രാഷ്ട്രങ്ങൾ അവനെപ്പറ്റി കേട്ടു, അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു. അവർ അവനെ ചങ്ങലയ്ക്കിട്ട് ഈജിപ്റ്റുദേശത്തു കൊണ്ടുവന്നു. “ ‘അവൾ തന്റെ ആഗ്രഹത്തിനു ഭംഗം സംഭവിച്ചതുകണ്ട് തന്റെ സിംഹക്കുട്ടികളിൽ മറ്റൊന്നിനെ വളർത്തി ശക്തനായ ഒരു സിംഹമാക്കിമാറ്റി. അവൻ സിംഹങ്ങൾക്കിടയിൽ സഞ്ചരിച്ച്, ഇപ്പോൾ ശക്തനായ ഒരു സിംഹമായിത്തീർന്നു. ഇരയെ കടിച്ചുചീന്തുവാൻ അവൻ ശീലിച്ചു; അവനും മനുഷ്യരെ വിഴുങ്ങിക്കളഞ്ഞു. അവരുടെ ബലമേറിയ ശക്തികേന്ദ്രങ്ങൾ അവൻ തകർത്തു; അവരുടെ നഗരങ്ങളെ അവൻ ശൂന്യമാക്കി. അവന്റെ ഗർജനം കേട്ട് ദേശവും അതിലെ സകലനിവാസികളും നടുങ്ങി. രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള എല്ലാ ദിക്കുകളിൽനിന്നും അവന്റെനേരേ ആക്രമിച്ചു. അവർ അവനായി വല വിരിച്ചു; അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു. അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി; അവനെ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇസ്രായേൽ പർവതങ്ങളിൽ അവന്റെ ഗർജനം ഇനി കേൾക്കാതിരിക്കേണ്ടതിന് അവർ അവനെ കാരാഗൃഹത്തിൽ അടച്ചു. “ ‘നിന്റെ അമ്മ നിന്റെ മുന്തിരിത്തോപ്പിൽ വെള്ളങ്ങൾക്കരികെ നട്ട ഒരു മുന്തിരിവള്ളിപോലെ ആയിരുന്നു; ജലസമൃദ്ധിനിമിത്തം അത് ഫലഭൂയിഷ്ഠവും ശാഖകൾ നിറഞ്ഞതും ആയിരുന്നു. രാജാക്കന്മാർക്കു ചെങ്കോൽ നിർമിക്കാൻ പറ്റിയ കടുപ്പമുള്ള ശാഖകൾ അതിന് ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നുനിന്നിരുന്നു. അതിന്റെ ഉയരംകൊണ്ടും അനവധി ശാഖകൾകൊണ്ടും അതു സുവ്യക്തമായി കാണാമായിരുന്നു. എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു; അതിനെ നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു, അതിലെ കായ്കൾ ഉതിർന്നുപോയി. അതിന്റെ ബലമേറിയ കൊമ്പുകൾ ഉണങ്ങിപ്പോയി, അഗ്നി അതിനെ ദഹിപ്പിച്ചുകളഞ്ഞു. ഇപ്പോൾ അതിനെ മരുഭൂമിയിൽ, ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു. പ്രധാന ശാഖയിൽനിന്ന് അഗ്നി പടർന്ന് അതിന്റെ ഫലങ്ങൾ ചുട്ടെരിക്കപ്പെട്ടു. അധിപതിയുടെ ഒരു ചെങ്കോലിന് ഉപയുക്തമായ ഒരു ശാഖയും അതിൽ അവശേഷിച്ചില്ല.’ ഇത് ഒരു വിലാപം; ഒരു വിലാപഗീതമായി ഉപയോഗിക്കപ്പെടേണ്ടതുമാണ്.” മത്സരിയായ ഇസ്രായേൽ ശുദ്ധീകരിക്കപ്പെടുന്നു ഏഴാംവർഷം അഞ്ചാംമാസം പത്താംതീയതി ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ ചിലർ യഹോവയോട് അരുളപ്പാടു ചോദിക്കുന്നതിനായി വന്ന് എന്റെമുമ്പിൽ ഇരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ ഇസ്രായേൽ ഗോത്രത്തലവന്മാരോട് സംസാരിക്കുക, ‘നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ വന്നിരിക്കുന്നോ? നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പറയുക. “നീ അവരെ ന്യായംവിധിക്കുമോ? മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ നീ അവരെ അറിയിക്കുക. എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേലിനെ തെരഞ്ഞെടുത്ത ദിവസംതന്നെ, യാക്കോബ് ഗൃഹത്തിലെ സന്തതികളോടു കൈയുയർത്തി ശപഥംചെയ്ത് ഈജിപ്റ്റുദേശത്തുവെച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയിരുന്നു. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു,” എന്ന് കൈയുയർത്തി അവരോട് അരുളിച്ചെയ്തു. ഈജിപ്റ്റുദേശത്തുനിന്ന് അവരെ പുറപ്പെടുവിച്ച് ഞാൻ അവർക്കുവേണ്ടി തെരഞ്ഞെടുത്തതും പാലും തേനും ഒഴുകുന്ന ദേശത്തേക്കും, എല്ലാ ദേശങ്ങളിലുംവെച്ച് മനോഹരമായിരിക്കുന്ന ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്ന് അന്നു ഞാൻ അവരോടു ശപഥംചെയ്തു. ഞാൻ അവരോട്: “നിങ്ങളിൽ ഓരോരുത്തനും താന്താങ്ങളുടെ കണ്ണിൽ മലിനമായിരിക്കുന്ന വിഗ്രഹങ്ങളെ എറിഞ്ഞുകളയുക. ഈജിപ്റ്റിലെ വിഗ്രഹങ്ങളെക്കൊണ്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു, എന്ന് അരുളിച്ചെയ്തു.” “ ‘എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. എന്നെ അനുസരിക്കാൻ അവർക്കു മനസ്സുണ്ടായില്ല. അവർ ദൃഷ്ടിവെച്ചിരുന്ന നിന്ദ്യമായ വിഗ്രഹങ്ങളെ അവർ നീക്കിക്കളയുകയോ ഈജിപ്റ്റിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഞാൻ ഈജിപ്റ്റുദേശത്തിന്റെ നടുവിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞ് എന്റെ കോപം അവരുടെമേൽ ചെലവഴിക്കും എന്ന് അരുളിച്ചെയ്തു. എന്നാൽ എന്റെ നാമംനിമിത്തം ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്നു. അവരുടെ നിവാസസ്ഥാനത്തിനുചുറ്റും അധിവസിച്ചുവന്ന ഇതര രാഷ്ട്രങ്ങൾക്കിടയിലും അവർ കാൺകെത്തന്നെ എന്നെത്തന്നെ വെളിപ്പെടുത്തിയതുമായ ജനത്തിന്റെ മധ്യത്തിൽ എന്റെ നാമം അശുദ്ധമാകാതിരിക്കേണ്ടതിനും ഞാൻ അപ്രകാരംചെയ്തു. അങ്ങനെ ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. അവർക്കു ഞാൻ എന്റെ ഉത്തരവുകൾ നൽകുകയും എന്റെ നിയമങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും. മാത്രമല്ല, എനിക്കും അവർക്കും മധ്യേ ഒരു ചിഹ്നമായിരിക്കേണ്ടതിനും ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്ന് അവർ അറിയുന്നതിനുംവേണ്ടി ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൽപ്പിച്ചുകൊടുത്തു. “ ‘എന്നാൽ ഇസ്രായേൽജനം മരുഭൂമിയിൽവെച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കാതെ എന്റെ നിയമങ്ങൾ നിരസിച്ചു—അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും—എന്റെ ശബ്ബത്തുകളെ അവർ അത്യന്തം അശുദ്ധമാക്കി. അപ്പോൾ അവരെ സംഹരിക്കേണ്ടതിന് മരുഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയാൻ ഞാൻ നിശ്ചയിച്ചു. ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതു കണ്ട രാഷ്ട്രങ്ങളുടെ ദൃഷ്ടിയിൽ എന്റെ നാമം മലിനമാകാതിരിക്കേണ്ടതിന് ഞാൻ അതിനുവേണ്ടി പ്രവർത്തിച്ചു. അവരുടെ ഹൃദയം നിരന്തരം അവരുടെ വിഗ്രഹങ്ങൾക്കു സമർപ്പിതമായിരുന്നതുമൂലം അവർ എന്റെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും ഉത്തരവുകൾ പാലിക്കാതിരിക്കുകയും എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കുകയും ചെയ്തു. അതുകൊണ്ട് ഞാൻ അവർക്കു നൽകിയ, പാലും തേനും ഒഴുകുന്നതും സകലദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരവുമായ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് മരുഭൂമിയിൽവെച്ച് ഞാൻ അവരോടു കൈയുയർത്തി ശപഥംചെയ്തു. എങ്കിലും എനിക്ക് അവരോടു സഹതാപം തോന്നിയതുകൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവെച്ച് അവരെ നാമാവശേഷമാക്കുകയും ചെയ്യാതിരുന്നു. മരുഭൂമിയിൽവെച്ച് ഞാൻ അവരുടെ സന്താനങ്ങളോട്: “നിങ്ങളുടെ പിതാക്കന്മാരുടെ നിയമവ്യവസ്ഥകൾ അനുവർത്തിക്കുകയോ അവരുടെ നിയമങ്ങൾ പ്രമാണിക്കയോ അവരുടെ വിഗ്രഹങ്ങളാൽ നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ എന്റെ ഉത്തരവുകളിൽ പാലിക്കുകയും എന്റെ നിയമങ്ങൾ അനുഷ്ഠിക്കയും ചെയ്യുക. എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു ചിഹ്നമായിരിക്കട്ടെ എന്നു കൽപ്പിച്ചു.” “ ‘എന്നാൽ അവരുടെ മക്കളും എനിക്കെതിരേ മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കുകയോ, “അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും,” എന്നു ഞാൻ പ്രഖ്യാപനംചെയ്തിരുന്ന എന്റെ നിയമങ്ങൾ പ്രമാണിക്കാൻ മനസ്സുവെക്കുകയോ ചെയ്തില്ല. അവർ എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കി. അതിനാൽ മരുഭൂമിയിൽവെച്ച് അവർക്കെതിരേ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും എന്റെ കോപം അവരുടെമേൽ നിവർത്തിക്കണമെന്നും അരുളിച്ചെയ്തു. എന്നാൽ ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ടതായ രാഷ്ട്രങ്ങളുടെമുമ്പിൽ എന്റെ നാമം അശുദ്ധമാകാതിരിക്കാൻ ഞാൻ എന്റെ കരം പിൻവലിച്ചു. അവർ എന്റെ നിയമങ്ങൾ അനുസരിക്കാതെ എന്റെ ഉത്തരവുകൾ നിരസിച്ചുകളകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതിനാൽ ഞാൻ അവരെ ഈ ജനതകൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങൾക്കിടയിൽ ഛിന്നഭിന്നമാക്കുകയും ചെയ്യുമെന്നു മരുഭൂമിയിൽവെച്ച് ഞാൻ കൈയുയർത്തി അവരോടു ശപഥംചെയ്തു. അതുകൊണ്ട് ഞാൻ അവർക്കു നന്മയല്ലാത്ത നിയമവ്യവസ്ഥകളും ജീവിക്കാൻ ഉപകരിക്കാത്ത നിയമങ്ങളും നൽകി; അവർ തങ്ങളുടെ ആദ്യജാതന്മാരെയെല്ലാം അഗ്നിപ്രവേശം ചെയ്യിച്ചതുകൊണ്ട് അവരിൽ ഭീതി നിറയ്ക്കാനായി തങ്ങളുടെ വഴിപാടുകളാൽത്തന്നെ ഞാൻ അവരെ അശുദ്ധരാക്കി; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയേണ്ടതിനുതന്നെ.’ “അതുകൊണ്ട് മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തോട്, ‘ഇതാകുന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഇക്കാര്യത്തിലും നിങ്ങളുടെ പിതാക്കന്മാർ എനിക്കെതിരേ അവിശ്വസ്തരായി തീർന്നതിനാൽ എന്നെ നിന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാൻ അവർക്കു കൊടുക്കുമെന്നു കൈയുയർത്തി ശപഥംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവിടെയുള്ള എല്ലാ ഉയർന്ന മലകളും തഴച്ചുവളരുന്ന വൃക്ഷങ്ങളും അവർ തെരഞ്ഞെടുത്ത് അവിടെയെല്ലാം യാഗമർപ്പിക്കുകയും എന്റെ കോപം ജ്വലിപ്പിക്കുംവിധം ബലിയർപ്പിക്കുകയും സുഗന്ധധൂപം നിവേദിക്കുകയും പാനീയബലികൾ പകരുകയും ചെയ്തു. അപ്പോൾ ഞാൻ അവരോട്, നിങ്ങൾ പോകുന്ന ക്ഷേത്രം ഏത്?’ ” എന്നു ചോദിച്ചു. അതിനാൽ ഇപ്രകാരമുള്ള ക്ഷേത്രങ്ങൾ ഇന്നുവരെയും ബാമാ20:29 പൂജാഗിരി അഥവാ, ക്ഷേത്രം എന്നർഥം. എന്നു വിളിക്കപ്പെടുന്നു. മത്സരമുള്ള ഇസ്രായേൽജനം പുനരുദ്ധരിക്കപ്പെടുന്നു “അതിനാൽ ഇസ്രായേൽജനത്തോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ മോഹിക്കുകയും ചെയ്യുമോ? നിങ്ങൾ നിങ്ങളുടെ വഴിപാട് അർപ്പിച്ച്—നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ച്—നിങ്ങൾ ഇന്നുവരെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കുകയാണു ചെയ്യുന്നത്. അങ്ങനെയിരിക്കെ, ഇസ്രായേൽജനമേ, നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ ഞാൻ അനുവദിക്കണമോ? ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “ ‘ “മരത്തെയും കല്ലിനെയും സേവിക്കുന്ന രാഷ്ട്രങ്ങളെപ്പോലെയും ലോകത്തിലെ ജനതകളെപ്പോലെയും ഞങ്ങൾക്ക് ആകണം,” എന്നു നിങ്ങൾ പറയുന്നു; എന്നാൽ നിങ്ങളുടെ മനസ്സിലെ സങ്കൽപ്പം ഒരിക്കലും നടക്കുകയില്ല. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽനിന്നു തിരിയെ വരുത്തുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും. ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് അഭിമുഖമായി നിങ്ങളുടെ ന്യായവിധി നടപ്പിലാക്കും. ഈജിപ്റ്റുദേശത്തിലെ മരുഭൂമിയിൽവെച്ച് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ന്യായംവിധിച്ചതുപോലെ ഞാൻ നിങ്ങളെയും ന്യായംവിധിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ നിങ്ങളെ എന്റെ വടിക്കുകീഴിൽ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിലേക്കു കൊണ്ടുവരികയും ചെയ്യും. എന്നോട് മത്സരിച്ച് എനിക്കെതിരേ അക്രമം പ്രവർത്തിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നുപാർക്കുന്ന ദേശത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും അവർ ഇസ്രായേൽദേശത്തു പ്രവേശിക്കുകയില്ല. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘ഇസ്രായേൽജനമേ, നിങ്ങളെക്കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഓരോരുത്തരും പോയി അവരവരുടെ വിഗ്രഹങ്ങളെ സേവിച്ചുകൊൾക; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു ശ്രദ്ധിക്കും; നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് പിന്നെയൊരിക്കലും എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കുകയില്ല. എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിന്റെ ഉന്നതഗിരിയിൽത്തന്നെ എല്ലാ ഇസ്രായേൽഗൃഹവും, ഒന്നൊഴിയാതെ സ്വന്ത ദേശത്തുവെച്ച് എന്നെ സേവിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവിടെ ഞാൻ അവരെ കൈക്കൊള്ളും. അവിടെ നിങ്ങളുടെ വിശിഷ്ടദാനങ്ങളായ20:40 അഥവാ, ആദ്യദാനങ്ങളായ വഴിപാടുകളെയും നിങ്ങളുടെ യാഗങ്ങളോടുകൂടെ ഞാൻ ആവശ്യപ്പെടും. ഞാൻ നിങ്ങളെ ജനതകളിൽനിന്നു തിരികെ വരുത്തുകയും നിങ്ങൾ ചിതറിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യുമ്പോൾ സുഗന്ധധൂപമായി നിങ്ങളെ കൈക്കൊള്ളും. രാഷ്ട്രങ്ങൾ കാൺകെ ഞാൻ നിങ്ങളിലൂടെ പരിശുദ്ധൻ എന്നു തെളിയിക്കപ്പെടും. നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു ഞാൻ കൈയുയർത്തി ശപഥംചെയ്ത ദേശമായ ഇസ്രായേൽദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. അവിടെവെച്ചു നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കിയ നിങ്ങളുടെ പെരുമാറ്റവും നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഓർക്കും. നിങ്ങൾ ചെയ്ത എല്ലാ ദുഷ്ടതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പുതോന്നും. ഇസ്രായേൽജനമേ, നിങ്ങളുടെ ദുഷ്ടവഴികളോ നിങ്ങളുടെ ദുഷിച്ച പ്രവൃത്തികളോ അനുസരിച്ചല്ല, എന്റെ നാമം നിമിത്തംതന്നെ ഞാൻ നിങ്ങളോടു ഇടപെടുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” തെക്കേ ദേശത്തിന് എതിരേയുള്ള പ്രവചനം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ തെക്കോട്ടു നിന്റെ മുഖംതിരിച്ച് തെക്കേദിക്കിനെതിരായി, തെക്കേദിക്കിലുള്ള വനത്തിനെതിരായിത്തന്നെ പ്രവചിക്കുക. തെക്കേദിക്കിലെ കാടുകളോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളെ അഗ്നിക്കിരയാക്കാൻ പോകുന്നു. അത് നിങ്ങളിലുള്ള എല്ലാ പച്ചമരത്തെയും ഉണങ്ങിയമരത്തെയും ദഹിപ്പിച്ചുകളയും. കത്തിയാളുന്ന ആ തീജ്വാല അണയ്ക്കപ്പെടുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള സകലമുഖങ്ങളും അതിനാൽ കരിഞ്ഞുപോകും. യഹോവയായ ഞാൻ അതു ജ്വലിപ്പിച്ചെന്ന് സകലരും കാണും; അത് അണഞ്ഞുപോകുകയില്ല.’ ” അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, അവൻ എന്നെക്കുറിച്ച്, ‘അവൻ സാദൃശ്യകഥകളാണല്ലോ സംസാരിക്കുന്നത്,’ എന്നു പറയുന്നുവല്ലോ” എന്നു പറഞ്ഞു. ബാബേൽ ദൈവികന്യായവിധിയുടെ വാൾ അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ; നിന്റെ മുഖം ജെറുശലേമിനെതിരേ തിരിച്ച് വിശുദ്ധമന്ദിരത്തിനെതിരേ പ്രസംഗിക്കുക. ഇസ്രായേൽദേശത്തിനു വിരോധമായി പ്രവചിക്കുക. അവളോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു. ഞാൻ എന്റെ വാൾ ഉറയിൽനിന്നൂരി നീതിനിഷ്ഠരെയും ദുഷ്ടരെയും നിങ്ങളുടെ ഇടയിൽനിന്ന് ഛേദിച്ചുകളയും. ഞാൻ നീതിനിഷ്ഠരെയും ദുഷ്ടരെയും ഛേദിച്ചുകളയാൻ പോകുന്നതുകൊണ്ട് എന്റെ വാൾ തെക്കുമുതൽ വടക്കുവരെ എല്ലാവർക്കുമെതിരേ ഉറയിൽനിന്നു പുറപ്പെടും. യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയിരിക്കുന്നു എന്ന് അപ്പോൾ എല്ലാവരും അറിയും. അതു ഇനി മടങ്ങിപ്പോകുകയില്ല.’ “നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക! ‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.” പിന്നെയും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്, ‘കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഒരു വാൾ, ഒരു വാൾ അതിനു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു. കൊലനടത്താൻ മൂർച്ചകൂട്ടിയും മിന്നൽപോലെ തിളങ്ങേണ്ടതിനു മിനുക്കിയുമിരിക്കുന്നു! “ ‘എന്റെ രാജകീയ പുത്രന്റെ ചെങ്കോലിൽ നമുക്കു ആനന്ദിക്കാമോ? ആ വാൾ ഇപ്രകാരമുള്ള എല്ലാ കോലിനെയും നിന്ദിക്കുന്നു. “ ‘കൈയിൽ വഹിക്കാൻ കഴിയുംവിധം അതിനെ മിനുക്കാൻ കൊടുത്തിരിക്കുന്നു; കൊലയാളിയുടെ കൈയിൽ കൊടുക്കാൻവേണ്ടി അതിനെ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു. മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക, അത് എന്റെ ജനത്തിന്മേൽ, ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും. അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക. “ ‘പരീക്ഷ അതു നിശ്ചയമായും വരും. എങ്കിലും വാളിനാൽ നിന്ദിക്കപ്പെടുന്ന ചെങ്കോൽതന്നെ തുടരാതെപോയാൽ എന്താകും? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ “നീയോ മനുഷ്യപുത്രാ, പ്രവചിക്കുക, നിന്റെ കൈകൾ കൂട്ടിയടിക്കുക. വാൾ, നിഹതന്മാരുടെ വാൾതന്നെ, രണ്ടുപ്രാവശ്യം വെട്ടട്ടെ, അല്ലാ മൂന്നുപ്രാവശ്യംതന്നെ. അതു സംഹാരത്തിന്റെ വാൾ— മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു. അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു,21:15 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അവരുടെ എല്ലാ കവാടങ്ങളിലും. നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു. വലത്തോട്ടോ ഇടത്തോട്ടോ എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ അവിടേക്കുതന്നെ പുറപ്പെടുക. ഞാനും കൈകൊട്ടി എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.” യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് രണ്ടുവഴികൾ അടയാളപ്പെടുത്തുക; അവ രണ്ടും ഒരു രാജ്യത്തുനിന്നുതന്നെ പുറപ്പെടും. ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക. അമ്മോന്യരുടെ രബ്ബയിലേക്ക് ആ വാൾ വരേണ്ടതിന് ഒരു വഴിയും യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള ജെറുശലേമിലേക്ക് വരേണ്ടതിന് മറ്റൊരു വഴിയും അടയാളപ്പെടുത്തുക. കാരണം, ബാബേൽരാജാവ് വഴിത്തിരിവിങ്കൽ രണ്ടുവഴികൾ പിരിയുന്നിടത്ത് പ്രശ്നംനോക്കാൻ നിൽക്കുന്നു. അയാൾ അമ്പുകൾ കുലുക്കി തന്റെ കുലദേവന്മാരോടു ചോദിക്കുകയും ലക്ഷണമറിയാൻ യാഗമർപ്പിച്ച മൃഗത്തിന്റെ കരൾ നോക്കുകയും ചെയ്യുന്നു. യന്ത്രമുട്ടികൾ സ്ഥാപിക്കാനും സംഹരിക്കുന്നതിനു കൽപ്പന പുറപ്പെടുവിക്കുന്നതിനും യുദ്ധാരവം മുഴക്കുന്നതിനും കവാടങ്ങൾക്കുനേരേ യന്ത്രമുട്ടികൾ വെക്കാനും ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിതുയർത്തുന്നതിനും ജെറുശലേമിലുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ എത്തിയിരിക്കുന്നു. അത് അവനോടുള്ള വിധേയത്വം ശപഥംചെയ്തവർക്ക് അത് ഒരു വ്യാജലക്ഷണമായിത്തോന്നുന്നു. എന്നാൽ അയാൾ അവരുടെ അകൃത്യം അനുസ്മരിപ്പിക്കുകയും അടിമകളായി അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യും. “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജനങ്ങൾ തങ്ങളുടെ തുറന്ന മത്സരംമൂലം നിങ്ങളുടെ എല്ലാ അകൃത്യങ്ങളും എന്നെ ഓർമപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ഇതു ചെയ്തിരിക്കുകയാൽ നിങ്ങൾ അടിമകളായി പിടിച്ചു കൊണ്ടുപോകപ്പെടും. “ ‘വഷളനും ദുഷ്ടനുമായ ഇസ്രായേൽ പ്രഭുവേ, നിന്റെ നാൾ ഇതാ വന്നിരിക്കുന്നു; ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക; കാര്യങ്ങൾക്കു മാറ്റം സംഭവിക്കണം. താണത് ഉയർത്തപ്പെടുകയും ഉയർന്നത് താഴ്ത്തപ്പെടുകയും ചെയ്യും. ഉന്മൂലനാശം! ഉന്മൂലനാശം! ഞാൻ അതിന് ഉന്മൂലനാശമാക്കും! അവകാശമുള്ളവൻ വരുവോളം കിരീടം പുനഃസ്ഥാപിക്കപ്പെടാതിരിക്കും; അവനു ഞാൻ അതു നൽകുകയും ചെയ്യും.’ “മനുഷ്യപുത്രാ, നീ ഇപ്രകാരം പ്രവചിച്ചു പറയുക: അമ്മോന്യരെപ്പറ്റിയും അവരുടെ പരിഹാസത്തെപ്പറ്റിയും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘സംഹാരത്തിനായി ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു, മിന്നൽപോലെ വിളങ്ങേണ്ടതിന് അതു തേച്ചു മിനുക്കിയിരിക്കുന്നു! നിങ്ങളെക്കുറിച്ച് വ്യാജദർശനങ്ങൾ ദർശിക്കുകയും വ്യാജദേവപ്രശ്നങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന ദുഷ്ടരായ വധിക്കപ്പെടാനുള്ളവരുടെ കഴുത്തിൽ അതു പ്രയോഗിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു, ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. “ ‘ആ വാൾ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തുതന്നെ, നിന്റെ ജന്മദേശത്തുതന്നെ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും; സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും. നീ അഗ്നിക്ക് ഇന്ധനമായിത്തീരും; നിന്റെ രക്തം നിന്റെ ദേശത്തുതന്നെ ചൊരിയപ്പെടും. ആരും ഇനി നിന്നെ ഓർക്കുകയില്ല; യഹോവയായ ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു.’ ” ജെറുശലേമിന്റെ പാപത്തിനുള്ള ന്യായവിധി പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ലഭിച്ചു: “മനുഷ്യപുത്രാ, നീ അവളെ ന്യായംവിധിക്കുമോ? രക്തപാതകമുള്ള നഗരത്തെ നീ ന്യായംവിധിക്കുമോ? എങ്കിൽ അവളുടെ എല്ലാ മ്ലേച്ഛതകളും അവളെ അറിയിക്കുക. നീ ഇപ്രകാരം പറയണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ നടുവിൽ രക്തം ചൊരിഞ്ഞും വിഗ്രഹങ്ങളുണ്ടാക്കി നിന്നെത്തന്നെ മ്ലേച്ഛയാക്കി സ്വന്തം വിനാശം നിന്റെമേൽ സ്വയം ക്ഷണിച്ചുവരുത്തുന്ന നഗരമേ, നീ ചൊരിഞ്ഞ രക്തം മുഖേന നീ കുറ്റവാളിയായിരിക്കുന്നു; നീ നിർമിച്ച വിഗ്രഹങ്ങൾനിമിത്തം നീ മ്ലേച്ഛയായിരിക്കുന്നു. അങ്ങനെ നിന്റെ ദിവസം നീ സമീപസ്ഥമാക്കി; നിന്റെ അന്തിമവർഷങ്ങൾ വന്നെത്തിയിരിക്കുന്നു. തന്മൂലം ഞാൻ നിന്നെ ജനതകൾക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങൾക്കും പരിഹാസവുമാക്കിയിരിക്കുന്നു. കുപ്രസിദ്ധവും ക്ഷോഭംനിറഞ്ഞതുമായ പട്ടണമേ, നിന്റെ അടുത്തും അകലെയുമുള്ളവർ നിന്നെ പരിഹസിക്കും. “ ‘നോക്കൂ, നിന്നിൽ വസിക്കുന്ന ഇസ്രായേൽ പ്രഭുക്കന്മാർ രക്തച്ചൊരിച്ചിലിനായി അവരുടെ ശക്തി ഉപയോഗിക്കുന്നത് കാണുക. അവർ നിന്നിൽ വസിച്ചുകൊണ്ട് മാതാപിതാക്കളെ നിന്ദിക്കുന്നു; വിദേശികളെ പീഡിപ്പിക്കുന്നു; അനാഥരെയും വിധവമാരെയും ദ്രോഹിക്കുന്നു. നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും എന്റെ ശബ്ബത്തിനെ അശുദ്ധമാക്കുകയും ചെയ്യുന്നു. രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിലുണ്ട്; പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയും ദുഷ്കർമം പ്രവർത്തിക്കുകയും ചെയ്യുന്നവർ നിന്റെ മധ്യേയുണ്ട്. നിന്നിൽവെച്ച് അവർ തങ്ങളുടെ പിതാക്കന്മാരുടെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ച് അവർ ഋതുമാലിന്യത്താൽ ആചാരപരമായി അശുദ്ധയായി കഴിയുന്ന സ്ത്രീയുടെ അടുക്കൽ ചെല്ലുന്നു. ഒരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയോടു മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുവൻ തന്റെ മരുമകളുമായി ദുഷ്ടത പ്രവർത്തിച്ച് അവളെ മലിനയാക്കുന്നു. വേറൊരുവൻ തന്റെ പിതാവിന്റെ മകളായ സഹോദരിയെ അപമാനിക്കുന്നു. നിന്നിൽവെച്ച് അവർ രക്തപാതകത്തിനായി കൈക്കൂലി വാങ്ങുന്നു; നീ ദരിദ്രരിൽനിന്നു പലിശയും കൊള്ളലാഭവും വാങ്ങുന്നു. നീ അയൽവാസിയോട് അനീതിയോടെ പെരുമാറി ആദായമുണ്ടാക്കുകയും എന്നെ മറന്നുകളകയും ചെയ്യുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘നീ അസത്യമാർഗത്തിലൂടെ നേടിയ ലാഭത്തിന്റെയും നിങ്ങളുടെ ഇടയിലുള്ള രക്തപാതകത്തിന്റെയും നേരേ ഞാൻ കൈകൊട്ടുന്നു. ഞാൻ നിന്നോട് ഇടപെടുന്ന ദിവസം നിന്റെ ധൈര്യം നിലനിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അതു നിവർത്തിക്കും. ഞാൻ നിന്നെ ജനതകൾക്കിടയിൽ ചിതറിക്കും; ഞാൻ നിന്നെ രാജ്യങ്ങളിൽ ഛിന്നഭിന്നമാക്കും; നിങ്ങളുടെ അശുദ്ധി ഞാൻ അവസാനിപ്പിക്കും. രാഷ്ട്രങ്ങളുടെമുമ്പിൽ നീ നിന്നെത്തന്നെ അശുദ്ധമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ” അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എനിക്കു ലോഹക്കിട്ടമായിത്തീർന്നിരിക്കുന്നു; അവർ എല്ലാവരും ഉലയിൽ ചെമ്പും വെളുത്തീയവും ഇരുമ്പും കറുത്തീയവുമായിത്തീർന്നിരിക്കുന്നു; അവർ വെള്ളിയുടെ വെറും കിട്ടമായി മാറിയിരിക്കുന്നു. അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ എല്ലാവരും ലോഹക്കിട്ടമായിത്തീർന്നിരിക്കുകയാൽ, ഞാൻ നിങ്ങളെ ജെറുശലേമിന്റെ നടുവിൽ കൂട്ടും. അവർ വെള്ളിയും ചെമ്പും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ മധ്യേ ഊതി ഉരുക്കുന്നതുപോലെ, ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും. ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേൽ എന്റെ ക്രോധാഗ്നി ഊതും; നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. വെള്ളി ഉലയിൽ ഉരുകിപ്പോകുന്നതുപോലെ നിങ്ങൾ അതിന്റെമധ്യേ ഉരുകിപ്പോകും. യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയും.’ ” യഹോവയുടെ അരുളപ്പാട് എനിക്ക് വീണ്ടും ഉണ്ടായി: “മനുഷ്യപുത്രാ, ‘നിങ്ങൾ ക്രോധദിവസത്തിൽ ശുദ്ധിപ്രാപിക്കാത്തതും മഴയേൽക്കാത്തതുമായ ഒരു ദേശമാകുന്നു’ എന്ന് അവളോടു പറയുക. അവളുടെ നടുവിൽ പ്രവാചകന്മാരുടെ22:25 അഥവാ, പ്രഭുക്കന്മാരുടെ ഒരു ഗൂഢാലോചനയുണ്ട്. അലറി ഇര കടിച്ചുകീറുന്ന സിംഹംപോലെ അവർ ജനത്തെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവളുടെ മധ്യേ നിരവധി വിധവകളെ വർധിപ്പിക്കുന്നു. അവളുടെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോട് അതിക്രമം പ്രവർത്തിച്ച് എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കിയിരിക്കുന്നു. വിശുദ്ധമായതും അശുദ്ധമായതുംതമ്മിൽ ഒരു വിവേചനം അവർ വെച്ചിട്ടില്ല. ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിലുള്ള വ്യത്യാസം എന്തെന്ന് അവർ പഠിച്ചിട്ടില്ല. ഞാൻ അവരുടെ മധ്യേ അശുദ്ധനായിത്തീരുമാറ് അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. അവളുടെ മധ്യേയുള്ള പ്രഭുക്കന്മാർ കൊള്ളലാഭം ഉണ്ടാക്കേണ്ടതിന് ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞുകൊണ്ടു വ്യാജദർശനങ്ങളും കള്ളദേവപ്രശ്നങ്ങളും അറിയിക്കുന്ന അവളുടെ പ്രവാചകന്മാർ അവർക്കുവേണ്ടി വെള്ളപൂശുന്നവരാകുന്നു. ദേശത്തെ ജനങ്ങൾ ധനാപഹരണംനടത്തുകയും കൊള്ളയിടുകയും ചെയ്യുന്നു. അവർ ദരിദ്രരെയും ഞെരുക്കമനുഭവിക്കുന്നവരെയും പീഡിപ്പിക്കുകയും നീതി നിഷേധിച്ചുകൊണ്ട് വിദേശിയെ ചൂഷണംചെയ്യുകയും ചെയ്യുന്നു. “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എന്റെമുമ്പാകെ അതിലുള്ള വിടവിൽ നിൽക്കേണ്ടതിന് ഒരു മനുഷ്യനെ ഞാൻ അവരുടെ മധ്യേ അന്വേഷിച്ചു; ആരെയും കണ്ടെത്തിയില്ല. അതിനാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു, എന്റെ കോപാഗ്നിയിൽ ഞാൻ അവരെ നശിപ്പിച്ചു. അവരുടെ അക്രമത്തെ ഞാൻ അവരുടെ തലമേൽത്തന്നെ വരുത്തിയിരിക്കുന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.” വ്യഭിചാരിണികളായ രണ്ടു സഹോദരിമാർ വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, ഒരമ്മയുടെ പുത്രിമാരായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു; അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു. അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയസഹോദരിക്ക് ഒഹൊലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു, അവർ പുത്രീപുത്രന്മാരെ പ്രസവിച്ചു. ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നത് ജെറുശലേമും ആകുന്നു. “ഒഹൊലാ എനിക്കുള്ളവളായിരിക്കെത്തന്നെ വേശ്യാവൃത്തിയിൽ ജീവിച്ചു. അവൾ സ്നേഹിച്ചിരുന്ന അശ്ശൂര്യരിൽ ആസക്തയായി, അവരുടെ യോദ്ധാക്കൾ നീലവസ്ത്രം ധരിച്ചവരായിരുന്നു, അവരിലെ ദേശാധിപതിമാരും സൈന്യാധിപന്മാരും സുമുഖരായ യുവാക്കളും കുതിരപ്പുറത്തു സഞ്ചരിക്കുന്നവരുമായിരുന്നു. അവൾ അശ്ശൂരിലെ ശ്രേഷ്ഠപുരുഷന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവൾ അവരിൽ കാമസക്തയായി തന്നെ മോഹിച്ചവരുടെ എല്ലാ വിഗ്രഹങ്ങളാലും തന്നെത്താൻ മലിനയാക്കി. ഈജിപ്റ്റിൽവെച്ചു അവൾ ശീലിച്ച തന്റെ വേശ്യാസ്വഭാവം അവൾ ഉപേക്ഷിച്ചില്ല; അവളുടെ യൗവനത്തിൽ പുരുഷന്മാർ അവളോടൊപ്പം കിടക്കപങ്കിട്ടു. അവർ അവളുടെ കന്യാസ്തനങ്ങൾ തലോടി; തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി. “അതിനാൽ അവൾ മോഹിച്ച അവളുടെ ജാരന്മാരായ അശ്ശൂര്യരുടെ കൈയിൽത്തന്നെ ഞാൻ അവളെ ഏൽപ്പിച്ചു. അവർ അവളുടെ നഗ്നത അനാവരണംചെയ്തു. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോകുകയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു. അങ്ങനെ അവൾ സ്ത്രീകൾക്കിടയിൽ സംസാരവിഷയമാകുകയും അവർ അവളുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു. “അവളുടെ സഹോദരി ഒഹൊലീബാ ഇതു കണ്ടെങ്കിലും അവൾ കാമാസക്തിയിൽ തന്റെ സഹോദരിയെക്കാൾ അധഃപതിച്ചവളായിത്തീർന്നു. അവളുടെ വേശ്യാവൃത്തി തന്റെ സഹോദരിയുടേതിനെക്കാൾ അധികമായിരുന്നു. അശ്ശൂര്യ ദേശാധിപതിമാർ, സൈന്യാധിപന്മാർ, മോടിയിൽ വസ്ത്രംധരിച്ചവർ, യോദ്ധാക്കൾ, കുതിരസവാരിക്കാർ, സുമുഖരായ യുവാക്കൾ എന്നിവരോടായിരുന്നു അവളുടെ കാമാസക്തിജ്വലിച്ചത്. അവൾ തന്നെത്താൻ മലിനയാക്കിയതായി ഞാൻ കണ്ടു; അവർ ഇരുവരും ഒരേവഴിയിൽത്തന്നെ ജീവിച്ചു. “അവൾ തന്റെ വേശ്യാവൃത്തി വളരെയധികമായി തുടർന്നുകൊണ്ടിരുന്നു. ചുമരിന്മേൽ ചെമപ്പുനിറംകൊണ്ടു വരച്ചിരിക്കുന്ന കൽദയരുടെ23:14 അഥവാ, ബാബേല്യരുടെ പ്രതിച്ഛായ അവൾ കണ്ടു. ചിത്രത്തിൽ വരച്ചിരുന്ന ആ പുരുഷന്മാർ, കൽദയരായ ബാബേൽ സാരഥികളെപ്പോലെ അരപ്പട്ട23:15 അതായത്, ബെൽറ്റ് കെട്ടിയവരും കാറ്റിൽ ഒഴുകുന്ന തലപ്പാവു ധരിച്ചവരുമായിരുന്നു. അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു. അങ്ങനെ ബാബേല്യർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന്, തങ്ങളുടെ കാമാസക്തിയാൽ അവർ അവളെ മലിനയാക്കി. അവരാൽ മലിനയായിത്തീർന്നപ്പോൾ അവൾക്ക് അവരോടു വെറുപ്പുതോന്നി. ഇങ്ങനെ അവൾ തന്റെ വേശ്യാവൃത്തി പരസ്യമായിത്തന്നെ തുടരുകയും തന്റെ നഗ്നത അനാവരണം ചെയ്യുകയും ചെയ്തപ്പോൾ, മുമ്പ് അവളുടെ സഹോദരിയോട് എനിക്ക് വെറുപ്പു തോന്നിയിരുന്നതുപോലെ അവളോടും എനിക്കു വെറുപ്പുതോന്നി. എന്നിട്ടും ഈജിപ്റ്റുദേശത്തുവെച്ച് തന്റെ യൗവനകാലത്തു വേശ്യയായിരുന്നത് ഓർത്തുകൊണ്ട് അവൾ വളരെയധികം വഷളത്തം നിറഞ്ഞവളായിത്തീർന്നു. കഴുതകളുടേതുപോലെ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള കാമുകന്മാരെ അവൾ കൊതിച്ചു. അങ്ങനെ ഈജിപ്റ്റിൽവെച്ച് നിന്റെ മാറിടം പ്രേമപൂർവം താലോലിക്കപ്പെടുകയും നിന്റെ യൗവനസ്തനങ്ങൾ തലോടപ്പെടുകയുംചെയ്ത യൗവനകാലത്തെ വിഷയലമ്പടത്തം നീ കൊതിച്ചു. “അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കു വെറുപ്പുതോന്നി നീ ഉപേക്ഷിച്ചുകളഞ്ഞ നിന്റെ കാമുകന്മാരെ ഞാൻ ഉണർത്തി, എല്ലാവശത്തുനിന്നും ഞാൻ അവരെ നിന്റെനേരേ വരുത്തും— ബാബേല്യരും കൽദയർ എല്ലാവരും പെക്കോദ്യർ, ശോവ്യർ, കോവ്യർ, അവരോടൊപ്പമുള്ള അശ്ശൂര്യർ എല്ലാവരും സുമുഖരായ യുവാക്കൾ, ദേശാധിപതികൾ, സൈന്യാധിപർ, കുതിരച്ചേവകർ, ഉന്നതസ്ഥാനീയർ, കുതിരസവാരിക്കാർ ഇങ്ങനെയുള്ള എല്ലാവരെയുംതന്നെ. അവർ ആയുധങ്ങളും23:24 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. രഥങ്ങളും പല്ലക്കുകളും പടക്കൂട്ടവുമായി നിന്റെനേരേ വരും. പരിചയും ചെറുപരിചയും ശിരോകവചവും ധരിച്ച് എല്ലാവശത്തുനിന്നും അവർ നിനക്കെതിരേ അണിനിരക്കും. ഞാൻ നിനക്കുള്ള ന്യായവിധി അവരെ ഏൽപ്പിക്കും; അവർ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ ന്യായംവിധിക്കും. ഞാൻ നിനക്കുനേരേ എന്റെ തീക്ഷ്ണത ജ്വലിപ്പിക്കും, അവർ ക്രോധത്തോടെ നിന്നോട് ഇടപെടും, അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും, നിന്നിൽ അവശേഷിക്കുന്നവർ വാളിനാൽ വീഴും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടുപോകും. ഇവയെല്ലാം അതിജീവിച്ചവർ തീയാൽ ദഹിപ്പിക്കപ്പെടും. അവർ നിന്റെ വസ്ത്രം നീക്കി നിന്നെ നഗ്നയാക്കി നിന്റെ രമണീയമായ ആഭരണങ്ങൾ എടുത്തുകൊണ്ടുപോകും. അങ്ങനെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വിഷയലമ്പടത്തവും വേശ്യാവൃത്തിയും ഞാൻ നിർത്തലാക്കും. നീ മേലാൽ കണ്ണുയർത്തി അവരെ നോക്കുകയോ ഈജിപ്റ്റിനെ ഓർക്കുകയോ ചെയ്യുകയില്ല. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പകയ്ക്കുന്നവരും നിനക്കു വെറുപ്പ് ഉണ്ടാക്കുന്നവരുമായവരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും. അവർ നിന്ദയോടെ നിന്നോടു ഇടപെട്ടു നിന്റെ സമ്പത്തൊക്കെയും അപഹരിക്കും. അവർ നിന്നെ പരിപൂർണ നഗ്നയാക്കി ഉപേക്ഷിക്കും. നിന്റെ വേശ്യാവൃത്തിയുടെ അപമാനവും നിന്റെ വിഷയലമ്പടത്തവും വഷളത്തവും വെളിപ്പെട്ടുവരും. നീ ജനതകളോടൊത്ത് പരസംഗം ചെയ്യുകയാലും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനമാക്കുകയും ചെയ്തതിനാലും ഇതെല്ലാം നീ തന്നെ നിന്റെമേൽ വരുത്തും. നിന്റെ സഹോദരിയുടെ വഴിയിൽ നീ നടന്നതുമൂലം അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും, ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ; നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും, കാരണം അതിൽ വളരെ കൊള്ളുമല്ലോ. നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും, വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ. നീ അതു കുടിച്ചു വറ്റിക്കും; അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും; അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും. ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് നിന്റെ പിന്നിൽ എറിഞ്ഞുകളകയാൽ നിന്റെ വിഷയലമ്പടത്തദുഷ്ടതയുടെയും വേശ്യാവൃത്തിയുടെയും ശിക്ഷ നീ ഇപ്പോൾ ഏറ്റുകൊള്ളുക.” പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഒഹൊലയെയും ഒഹൊലീബായെയും നീ ന്യായംവിധിക്കുമോ? എങ്കിൽ അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക. അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു. ഇതുംകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും ചെയ്തു. അവർ തങ്ങളുടെ വിഗ്രഹങ്ങൾക്കായി സ്വന്തം മക്കളെ ബലിയർപ്പിച്ച ആ ദിവസംതന്നെ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് അതിനെ അശുദ്ധമാക്കി. ഈ കാര്യം എന്റെ ആലയത്തിനുള്ളിൽത്തന്നെ അവർ ചെയ്തിരിക്കുന്നു. “മാത്രവുമല്ല, ദൂരത്തുള്ള ആളുകളെ വരുത്താൻ അവർ സന്ദേശവാഹകരെ അയച്ചു; അവർ വന്നപ്പോൾ നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു സ്വയം മോടിവരുത്തി. നീ മനോഹരമായ ഒരു കട്ടിലിന്മേൽ ഇരുന്ന് മുമ്പിൽ ഒരു മേശയിട്ട് അതിന്മേൽ എന്റെ ധൂപവർഗവും ഒലിവെണ്ണയും വെച്ചു. “ഉല്ലാസഭരിതരായ ജനക്കൂട്ടത്തിന്റെ ഘോഷം അവളോടൊപ്പമുണ്ടായിരുന്നു. സാധാരണക്കാരായ ആളുകളോടൊപ്പം മരുഭൂമിയിൽനിന്ന് മദ്യപന്മാരെയും കോലാഹലക്കാരെയും വരുത്തി. അവർ അവളുടെയും അവളുടെ സഹോദരിയുടെയും കൈകളിൽ വളയിടുകയും തലയിൽ മനോഹരമായ കിരീടങ്ങൾ വെക്കുകയും ചെയ്തു. അപ്പോൾ വ്യഭിചാരംകൊണ്ട് അവശയായവളെക്കുറിച്ചു ഞാൻ: ‘ഇപ്പോൾ അവർ അവളോടും അവൾ അവരോടും വേശ്യാവൃത്തി നടത്തുമോ?’ എന്നു ചോദിച്ചു. എന്നിട്ടും അവർ അവളെ പ്രാപിച്ചു. പുരുഷന്മാർ ഒരു വേശ്യയുമായി വേഴ്ചയിലേർപ്പെടുന്നതുപോലെ അവർ വിഷയലമ്പടകളായ ഒഹൊലയുമായും ഒഹൊലീബായുമായും വേഴ്ചനടത്തി. എന്നാൽ നീതിനിഷ്ഠരായ ന്യായാധിപർ വ്യഭിചാരിണികൾക്കും രക്തം ചൊരിയുന്ന സ്ത്രീകൾക്കുമുള്ള ന്യായപ്രകാരം അവരെ ന്യായംവിധിക്കും; കാരണം അവർ വ്യഭിചാരിണികളല്ലോ; അവരുടെ കൈകളിൽ രക്തവുമുണ്ട്. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർക്കെതിരേ ഒരു ജനസമൂഹത്തെ വരുത്തി അവരെ ഭീതിക്കും കൊള്ളയ്ക്കും ഇരയാക്കുക. ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും. “അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും. അങ്ങനെ നിങ്ങൾ നിങ്ങളുടെ വിഷയലമ്പടത്തത്തിനു ശിക്ഷ സഹിക്കേണ്ടിവരും. നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ശിക്ഷ നിങ്ങൾ അനുഭവിക്കും; അങ്ങനെ ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.” തിളയ്ക്കുന്ന കുട്ടകം ഒൻപതാംവർഷം പത്താംമാസം പത്താംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. “മനുഷ്യപുത്രാ, ഈ തീയതി, ഈ തീയതിതന്നെ, രേഖപ്പെടുത്തുക. കാരണം ബാബേൽരാജാവ് ഈ ദിവസത്തിൽത്തന്നെ ജെറുശലേമിനെതിരേ ഉപരോധം തീർത്തിരിക്കുന്നു. ഈ മത്സരഗൃഹത്തോട് ഒരു സാദൃശ്യകഥ ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ ഒരു കുട്ടകം അടുപ്പത്തുവെച്ച്, അതിൽ വെള്ളം ഒഴിക്കുക. അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ— തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക. ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക. ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത് അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക. അസ്ഥികൾ അതിൽക്കിടന്ന് വെന്തു പാകമാകട്ടെ. കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ക്ലാവുപിടിച്ചതും ക്ലാവു നീങ്ങിപ്പോകാത്തതുമായ കുട്ടകംപോലെ രക്തപാതക ദോഷമുള്ള ഈ നഗരത്തിന് അയ്യോ, കഷ്ടം! അതിന് നറുക്കിടാതെതന്നെ അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്കുക. “ ‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്: വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്; മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല അവൾ അതു ചൊരിഞ്ഞത്. ക്രോധം ജ്വലിപ്പിക്കാനും പ്രതികാരം നടത്തുന്നതിനുംവേണ്ടി ഞാൻ അതു വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു, അതിനാൽ അതു മൂടിപ്പോകുകയില്ല. അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘രക്തപാതകമുള്ള നഗരത്തിന് അയ്യോ, കഷ്ടം! വിറകുകൂമ്പാരം ഞാനും ഉയരമുള്ളതാക്കും. അങ്ങനെ വിറകു കൂമ്പാരമായി കൂട്ടി തീ കത്തിക്കുക. ചാറു കുറുകുമാറ് മാംസം നല്ലവണ്ണം വേവിക്കുക; അങ്ങനെ അസ്ഥികൾ വെന്തുപോകട്ടെ. അതിനുശേഷം അതിന്റെ ചെമ്പ് കാഞ്ഞ് ജ്വലിക്കുന്നതിനും ക്ലാവ് ഉരുകേണ്ടതിനും അതിന്റെ ശേഖരം എരിഞ്ഞുപോകുന്നതിനുമായി ആ കുട്ടകം ഒഴിച്ചെടുത്ത് കനലിന്മേൽ വെക്കുക. എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു; അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല; അതു തീയിൽപോലും നീങ്ങിപ്പോയില്ല. “ ‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല. “ ‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ” യെഹെസ്കേലിന്റെ ഭാര്യയുടെ മരണം പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്. മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.” അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു. അപ്പോൾ ജനം എന്നോട്, “ഈ കാര്യങ്ങളുടെ താത്പര്യം എന്താണെന്ന് താങ്കൾ ഞങ്ങൾക്കു പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു. അങ്ങനെ ഞാൻ അവരോടു പറഞ്ഞു: “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. നീ ഇസ്രായേൽജനത്തോടു പറയുക, ‘യഹോവയായ കർത്താവ് ഇതാണ് അരുളിച്ചെയ്യുന്നത്: നിങ്ങൾ അഭിമാനം കൊള്ളുന്ന നിങ്ങളുടെ ശക്തികേന്ദ്രവും നിങ്ങളുടെ കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ഛയുമായ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കാൻ പോകുകയാണ്; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യും. നിങ്ങൾ മീശയും താടിയും മറയ്ക്കുകയോ വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല. നിങ്ങൾ തലപ്പാവു തലയിലും ചെരിപ്പു കാലിലും ധരിച്ചുകൊള്ളും. നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ പാപംനിമിത്തം ഉരുകി പരസ്പരം നോക്കി നെടുവീർപ്പിടും. യെഹെസ്കേൽ നിങ്ങൾക്ക് ഒരു ചിഹ്നം ആയിരിക്കും; അദ്ദേഹം ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.’ “മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ ആ ദിവസം ഒരു പലായനംചെയ്യുന്നയാൾ വന്ന് ഈ വാർത്ത നിന്നെ അറിയിക്കും. അയാളോടു സംസാരിക്കാൻ നിന്റെ വായ് തുറക്കപ്പെടും; നീ പിന്നീടു മൗനമായിരിക്കാതെ സംസാരിക്കും. അങ്ങനെ നീ അവർക്കൊരു ചിഹ്നം ആയിത്തീരും. ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” അമ്മോന്യർക്കെതിരേയുള്ള പ്രവചനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യർക്കെതിരേ തിരിച്ച് അവരെക്കുറിച്ച് ഇപ്രകാരം പ്രവചിക്കുക. അവരോടു പറയുക: ‘യഹോവയായ കർത്താവിന്റെ അരുളപ്പാടു കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും യെഹൂദാജനം പ്രവാസത്തിലേക്കു പോയപ്പോൾ അവരെക്കുറിച്ചും “നന്നായി” എന്നു നീ പറയുകയാൽ ഞാൻ നിന്നെ കിഴക്കുദേശക്കാർക്ക് ഒരവകാശമായി ഏൽപ്പിച്ചുകൊടുക്കും; അവർ തങ്ങളുടെ പാളയങ്ങളും കൂടാരങ്ങളും നിന്നിൽ സ്ഥാപിക്കും. നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കുകയും ചെയ്യും. ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് ഒരു മേച്ചിൽപ്പുറമായും അമ്മോനിനെ ആട്ടിൻപറ്റങ്ങൾക്ക് ഒരു വിശ്രമസ്ഥലവും ആക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നീ അറിയും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ ഹൃദയത്തിലെ എല്ലാ ദുഷ്ടതയോടുംകൂടി ഇസ്രായേൽദേശത്തെക്കുറിച്ചു സന്തോഷിച്ച് കൈകൊട്ടുകയും കാൽ നിലത്തുചവിട്ടി ആഹ്ലാദിക്കയും ചെയ്തതിനാൽ, ഞാൻ എന്റെ കരം നിന്റെനേരേ നീട്ടി നിന്നെ ഇതര രാഷ്ട്രങ്ങൾക്ക് ഒരു കൊള്ളയാക്കിത്തീർക്കും. ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽനിന്നു തൂത്തെറിയും; രാജ്യങ്ങളിൽനിന്ന് ഉന്മൂലനംചെയ്ത് നശിപ്പിച്ചുകളയും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ” മോവാബ്യർക്കെതിരേയുള്ള പ്രവചനം “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ “ഇതാ, യെഹൂദാഗൃഹം മറ്റെല്ലാ ജനതകളെയുംപോലെ ആയിത്തീർന്നു,” എന്ന് മോവാബും സേയീരും പറയുകകൊണ്ട്, ഞാൻ മോവാബുദേശത്തിന്റെ മഹത്ത്വമായ പാർശ്വഭൂമിയെ, അതിർത്തി നഗരങ്ങളായ ബേത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യാത്തയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെക്കും. ഞാൻ മോവാബിനെ അമ്മോന്യരോടൊപ്പം കിഴക്കുള്ള ജനതകൾക്ക് അവകാശമായിക്കൊടുക്കും; അങ്ങനെ രാഷ്ട്രങ്ങൾക്കിടയിൽ അമ്മോന്യർ സ്മരിക്കപ്പെടാതെയാകും; ഇങ്ങനെ ഞാൻ മോവാബിന്മേൽ ശിക്ഷാവിധി വരുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” ഏദോമ്യർക്കെതിരേയുള്ള പ്രവചനം “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഏദോം യെഹൂദാജനത്തോടു പ്രതികാരം നടത്തി ഏറ്റവുമധികം കുറ്റക്കാരായിത്തീർന്നിരിക്കുന്നു, അതിനാൽ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഞാൻ എന്റെ കൈ ഏദോമിനെതിരേ നീട്ടി അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിച്ചുകളയും; ഞാൻ അതിനെ ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളാൽ വീഴും. എന്റെ ജനമായ ഇസ്രായേൽ മുഖാന്തരം ഞാൻ ഏദോമിനോടു പ്രതികാരംചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും തക്കവണ്ണം ഞാൻ ഏദോമിനോടു പ്രവർത്തിക്കും. അപ്പോൾ അവർ എന്റെ പ്രതികാരം മനസ്സിലാക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ” ഫെലിസ്ത്യർക്കെതിരേയുള്ള പ്രവചനം “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഫെലിസ്ത്യർ പ്രതികാരബുദ്ധിയോടും ഹൃദയത്തിൽ വിദ്വേഷത്തോടുംകൂടി പകരംവീട്ടുകയും മുൻകാലശത്രുതവെച്ചുകൊണ്ട് യെഹൂദയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുകയാൽ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ കരം ഫെലിസ്ത്യർക്കെതിരേ നീട്ടാൻ പോകുന്നു; ഞാൻ കെരീത്യരെ തൂത്തെറിയുകയും തീരപ്രദേശത്ത് ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. ഞാൻ മഹാപ്രതികാരം നടത്തി എന്റെ ക്രോധത്തിൽ അവരെ ശിക്ഷിക്കും. ഞാൻ അവരോടു പ്രതികാരം നടത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” സോരിന്ന് എതിരേയുള്ള പ്രവചനം പന്ത്രണ്ടാംവർഷം പതിനൊന്നാംമാസം26:1 ചി.കൈ.പ്ര. പന്ത്രണ്ടാം, മാസം എന്നീ വാക്കുകൾ കാണുന്നില്ല. ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ജെറുശലേമിനെപ്പറ്റി, ‘ആഹാ! രാഷ്ട്രങ്ങളുടെ കവാടം തകർക്കപ്പെട്ടു, അതിന്റെ വാതിലുകൾ എനിക്കുമുമ്പാകെ മലർക്കെ തുറക്കപ്പെട്ടു; ഇപ്പോൾ അവൾ ശൂന്യയായിരിക്കുകയാൽ എനിക്ക് സമൃദ്ധിയുണ്ടാകും’ എന്ന് സോർ പറയുകയാൽ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു; സമുദ്രം അതിന്റെ തിരകളെ തള്ളിച്ചുകൊണ്ടു വരുന്നതുപോലെ ഞാൻ അനേക രാഷ്ട്രങ്ങളെ നിനക്കെതിരേ വരുത്തും. അവർ സോരിന്റെ മതിലുകൾ തകർത്ത് ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അവളുടെ പൊടി അടിച്ചുവാരിക്കളഞ്ഞ് അവളെ ഒരു വെറും പാറയാക്കും. കടലിന്റെ സമീപത്ത് വല വിരിക്കുന്ന ഒരു സ്ഥലമായി അവൾ തീരും; ഞാൻ കൽപ്പിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവൾ രാഷ്ട്രങ്ങൾക്കു കവർച്ചയായിത്തീരും. പ്രധാന ഭൂപ്രദേശത്തെ അവളുടെ വാസസ്ഥലങ്ങളിലുള്ളവർ വാളാൽ നശിപ്പിക്കപ്പെടും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്ന് രാജാധിരാജാവും ബാബേലിന്റെ അധിപതിയുമായ നെബൂഖദ്നേസരിനെ26:7 മൂ.ഭാ. നെബൂഖദരേനേസർ, നെബൂഖദ്നേസർ എന്നതിന്റെ മറ്റൊരുരൂപം. കുതിരകളും രഥങ്ങളും കുതിരച്ചേവകരും വിപുലമായ ഒരു സൈന്യവുമായി ഞാൻ സോരിനെതിരേ കൊണ്ടുവരും. പ്രധാന ഭൂപ്രദേശത്തെ നിന്റെ വാസസ്ഥലങ്ങളിലുള്ളവരെ അവൻ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരേ ഉപരോധമതിൽ പണിതു മതിൽപ്പൊക്കത്തോളം ചരിഞ്ഞ പാത പണിതുയർത്തും; പരിചകൾകൊണ്ട് ഒരു മറ തീർക്കുകയും ചെയ്യും. അവൻ നിന്റെ മതിലുകൾക്കെതിരേ യന്ത്രമുട്ടികൾവെച്ച് തന്റെ ആയുധങ്ങൾകൊണ്ട് നിന്റെ ഗോപുരങ്ങൾ തകർത്തുകളയും. നിന്നെ പൊടിപടലംകൊണ്ടു മറയ്ക്കുമാറ് അവന്റെ കുതിരകൾ അനവധിയായിരിക്കും. മതിൽ ഇടിച്ചുകളഞ്ഞ പട്ടണത്തിലേക്കു ജനക്കൂട്ടം കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽക്കൂടി കടക്കുമ്പോൾ പോർക്കുതിരകളുടെയും വണ്ടികളുടെയും രഥങ്ങളുടെയും ആരവംകൊണ്ട് നിന്റെ മതിലുകൾ വിറകൊള്ളും. അവന്റെ കുതിരകളുടെ കുളമ്പടി നിന്റെ എല്ലാ തെരുവീഥികളും മെതിച്ചുകളയും. നിന്റെ ജനത്തെ അവൻ വാളാൽ സംഹരിക്കും; നിന്റെ ശക്തമായ തൂണുകൾ നിലംപൊത്തും. അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ വിഭവങ്ങൾ കൊള്ളയിട്ട്, നിന്റെ മതിലുകൾ ഇടിച്ചുനിരത്തി, നിന്റെ മനോഹരഭവനങ്ങൾ തകർത്ത്, നിന്റെ കല്ലും മരവും മണ്ണുമെല്ലാം കടലിൽ എറിഞ്ഞുകളയും. നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണാനാദം ഇനിയൊരിക്കലും കേൾക്കുകയില്ല. ഞാൻ നിന്നെ വെറുമൊരു പാറയാക്കും; നീ മീൻവല വിരിക്കാനുള്ള ഒരു സ്ഥലമായിത്തീരും. ഇനിയൊരിക്കലും നീ പുനർനിർമിക്കപ്പെടുകയില്ല. യഹോവയായ ഞാൻ അതു കൽപ്പിച്ചിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്. “യഹോവയായ കർത്താവ് സോരിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്നിൽ മുറിവേറ്റവർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ പതനത്തിന്റെ ഒച്ചയാൽ തീരദേശം വിറയ്ക്കുകയില്ലേ? അപ്പോൾ തീരദേശത്തിലെ സകലപ്രഭുക്കന്മാരും തങ്ങളുടെ സിംഹാസനം വിട്ടിറങ്ങി അങ്കികൾ നീക്കി ചിത്രത്തയ്യലുള്ള തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റും. അവർ നിങ്കൽ സ്തബ്ധരായി ഭീതിപൂണ്ട് ഓരോ നിമിഷവും വിറച്ചുകൊണ്ട് നിലത്തിരിക്കും. അപ്പോൾ അവർ നിന്നെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി ഇപ്രകാരം പറയും: “ ‘സമുദ്രസഞ്ചാരികൾ നിറഞ്ഞിരുന്ന പ്രശസ്ത നഗരമേ, നീ നശിച്ചുപോയത് എങ്ങനെ! നീയും നിന്റെ പൗരന്മാരും സമുദ്രത്തിലെ ശക്തിയായിരുന്നു. അവിടെ താമസിച്ചിരുന്ന സകലർക്കും നീയൊരു ഭീതിവിഷയം ആയിരുന്നു. ഇപ്പോഴോ നിന്റെ പതനദിവസത്തിൽ തീരപ്രദേശങ്ങൾ വിറയ്ക്കുന്നു; കടലിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ നടുങ്ങിപ്പോകുന്നു.’ “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിവാസികളില്ലാത്ത നഗരംപോലെ ഞാൻ നിന്നെ ശൂന്യമാക്കുമ്പോൾ, അഗാധസമുദ്രത്തെ ഞാൻ നിന്റെമേൽ വരുത്തി പെരുവെള്ളം നിന്നെ മൂടിക്കളയുമ്പോൾ, കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം പുരാതന ജനത്തിന്റെ അടുക്കലേക്കു ഞാൻ നിന്നെ നയിക്കും; പ്രാചീനതയുടെ അവശിഷ്ടങ്ങളെന്നപോലെ ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പംതന്നെ പാർപ്പിക്കും. ജീവനുള്ളവരുടെ ദേശത്തേക്കു നീ മടങ്ങുകയോ അവിടെ നീ നിവസിക്കുകയോ ചെയ്യുകയില്ല. ഞാൻ നിനക്കു ഭയാനകമായ ഒരു അന്ത്യംവരുത്തും; നീ ഇല്ലാതെയാകും; ആളുകൾ നിന്നെ അന്വേഷിക്കുമെങ്കിലും ഇനിയൊരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” സോരിനെക്കുറിച്ച് ഒരു വിലാപഗാനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തുക. സോരിനോടു പറയുക: സമുദ്രത്തിലേക്കുള്ള കവാടത്തിൽ സ്ഥിതിചെയ്ത്, അനേകം തീരപ്രദേശങ്ങൾക്കു വ്യാപാരിയായിത്തീർന്ന നഗരമേ, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ “അല്ലയോ സോരേ, ഞാൻ സൗന്ദര്യസമ്പൂർണ,” എന്നു നീ പറയുന്നല്ലോ. നിന്റെ അധികാരസീമ സമുദ്രമധ്യേ ആയിരുന്നല്ലോ; നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യത്തിനു പൂർണതവരുത്തി. സെനീരിലെ27:5 അഥവാ, ഹെർമോനിലെ സരളമരംകൊണ്ട് അവർ നിന്റെ മരപ്പണിയെല്ലാം ചെയ്തു; നിനക്കൊരു പാമരം പണിയാൻ അവർ ലെബാനോനിൽനിന്ന് ഒരു ദേവദാരു കൊണ്ടുവന്നു. ബാശാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴകൾ നിർമിച്ചു; കിത്തീം തീരങ്ങളിലെ പുന്നമരംകൊണ്ട് അവർ നിനക്കു മേൽത്തട്ടുണ്ടാക്കി, അതിൽ ആനക്കൊമ്പു പതിച്ച് അലങ്കരിച്ചു. ഈജിപ്റ്റിൽനിന്നുള്ള ചിത്രത്തയ്യലുള്ള നേർമയേറിയ ചണവസ്ത്രത്തിൽ അവർ നിനക്കു കപ്പൽപ്പായുണ്ടാക്കി; അതു നിനക്കു കൊടിയായിത്തീർന്നു; എലീശാദ്വീപിന്റെ തീരത്തുനിന്നുള്ള നീലവസ്ത്രവും ഊതവർണവസ്ത്രവും നിന്റെ വിതാനമായിരുന്നു. സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി; സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു. ഗിബാലിലെ തഴക്കംവന്ന പണിക്കാരും നിന്റെ പലകകൾചേർത്ത് വിടവ് അടച്ചു. കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും നിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു. “ ‘പാർസിയിലെയും ലുദിയയിലെയും പൂത്തിലെയും പുരുഷന്മാർ നിന്റെ സൈന്യത്തിൽ ഭടന്മാരായി സേവനമനുഷ്ഠിച്ചു. അവർ തങ്ങളുടെ പരിചകളും ശിരോകവചങ്ങളും നിന്റെ ചുമരുകളിൽ തൂക്കി, അതു നിനക്ക് അഴകുവരുത്തി. അർവാദിലെയും ഹേലെക്കിലെയും പുരുഷന്മാർ നിന്റെ മതിലുകളുടെ എല്ലാഭാഗത്തും; ഗമ്മാദിലെ പുരുഷന്മാർ നിന്റെ ഗോപുരങ്ങളിലും നിലയുറപ്പിച്ചു. അവർ തങ്ങളുടെ പരിചകൾ നിന്റെ ചുമരുകളിൽ തൂക്കിയിട്ട്, നിന്റെ സൗന്ദര്യം പൂർണമാക്കിത്തീർത്തു. “ ‘നിന്റെ വിഭവസമൃദ്ധിയാൽ തർശീശ് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ വിഭവങ്ങൾക്കുപകരം അവർ വെള്ളിയും ഇരുമ്പും വെളുത്തീയവും കറുത്തീയവും നിനക്കു നൽകി. “ ‘ഗ്രീസും27:13 മൂ.ഭാ. യവന തൂബാലും മേശെക്കും, നീയുമായി വ്യാപാരം നടത്തി; നിന്റെ പാത്രങ്ങൾക്കു പകരം അവർ അടിമകളെയും വെങ്കലംകൊണ്ടുള്ള ഉപകരണങ്ങളും നിനക്കു നൽകി. “ ‘ബെത്ത്-തോഗർമക്കാർ നിന്റെ കച്ചവടസാധനങ്ങൾക്കുപകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നൽകി. “ ‘ദേദാന്യർ27:15 അഥവാ, രൊദോസ്യർ നിന്റെ വ്യാപാരികളും നിരവധി തീരപ്രദേശങ്ങൾ നിനക്കു ഉപഭോക്താക്കളുമായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു വിലയായിത്തന്നു. “ ‘നിന്റെ വിഭവസമൃദ്ധമായ ഉൽപന്നങ്ങൾനിമിത്തം അരാമ്യർ27:16 ചി.കൈ.പ്ര. ഏദോം നിന്നോടു വാണിജ്യത്തിലേർപ്പെട്ടു. നിന്റെ കച്ചവടച്ചരക്കുകൾക്കുപകരം അവർ മാണിക്യവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും മൃദുലചണനൂൽവസ്ത്രവും പവിഴവും മാണിക്യവും നിനക്കു തന്നു. “ ‘യെഹൂദയും ഇസ്രായേലും നിന്നോടു കച്ചവടത്തിലേർപ്പെട്ടു, നിന്റെ വിഭവങ്ങൾക്കുപകരം അവർ മിന്നീത്തിലെ ഗോതമ്പും27:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പലഹാരങ്ങളും തേനും ഒലിവെണ്ണയും പരിമളതൈലവും നൽകി. “ ‘നിന്റെ പലതരം ഉൽപന്നങ്ങളും കച്ചവടച്ചരക്കിന്റെ സമൃദ്ധിയും നിമിത്തം ദമസ്കോസ് നീയുമായി വ്യാപാരം നടത്തി. ഹെൽബോനിലെ വീഞ്ഞും സഹാരിലെ വെളുത്ത കമ്പിളിയും ഊസാലിലെ വീഞ്ഞുവീപ്പകളും നിന്റെ ചരക്കുകളായ പച്ചിരുമ്പും വഴനത്തോലും വയമ്പും അവർ പകരം നൽകി. “ ‘ദേദാൻ, കുതിരപ്പുറത്തു വിരിക്കുന്ന വിശേഷവസ്ത്രംകൊണ്ട് നിന്നോടു വ്യാപാരം നടത്തി. “ ‘അറേബ്യരും കേദാരിലെ പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായി; അവർ കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. “ ‘ശേബയിലെയും രാമായിലെയും വ്യാപാരികൾ നീയുമായി വ്യാപാരം ചെയ്തു. ഏറ്റവും വിശിഷ്ടമായ പരിമളതൈലവും രത്നങ്ങളും സ്വർണവും അവർ നിനക്കു വിലയ്ക്കു തന്നു. “ ‘ഹാരാനും കാനെഹും ഏദനും ശേബായിലുള്ള വ്യാപാരികളും അശ്ശൂരും കിൽമാദും നിന്നോടു കച്ചവടം നടത്തി. നിന്റെ വിപണികളിൽ അവർ വിശേഷവസ്ത്രങ്ങളും നീലവസ്ത്രങ്ങളും ചരടുകൾ പിരിച്ചു ബലവത്തായി കെട്ടിയിട്ടുള്ള വർണശബളവുമായ ചിത്രത്തയ്യലുള്ള പരവതാനികളും വിൽപ്പന നടത്തി. “ ‘തർശീശ് കപ്പലുകൾ നിന്റെ വിഭവം കൊണ്ടുപോകുന്ന വാഹനങ്ങളായി. സമുദ്രമധ്യത്തിലൂടെ നിറയെ ചരക്കുകളുമായി നീ സഞ്ചരിച്ചു. നിന്റെ തുഴകൾവലിക്കുന്നവർ പുറം കടലുകളിലേക്കു നിന്നെ നയിക്കും; എന്നാൽ നടുക്കടലിൽവെച്ച് കിഴക്കൻകാറ്റു നിന്നെ തകർത്തുകളയും. നിന്റെ കപ്പൽച്ചേതനാളിൽ നിന്റെ സമ്പത്തും കച്ചവടസാധനങ്ങളും വിഭവങ്ങളും കപ്പൽക്കാരും കപ്പിത്താന്മാരും പലകകൾചേർത്തു വിടവടയ്ക്കുന്നവരും നിന്റെ കച്ചവടക്കാരും സൈനികർ എല്ലാവരും കപ്പലിലുള്ള മറ്റെല്ലാവരുംതന്നെ സമുദ്രമധ്യേ താണുപോകും. നിന്റെ കപ്പൽയാത്രികരുടെ നിലവിളികേട്ട് തീരദേശങ്ങൾ നടുങ്ങിപ്പോകും. തുഴകൾവലിക്കുന്നവർ എല്ലാവരും തങ്ങളുടെ കപ്പലുകൾ ഉപേക്ഷിക്കും; കപ്പൽക്കാരും കപ്പിത്താന്മാരും കരയിൽ നിലയുറപ്പിക്കും. അവർ ശബ്ദമുയർത്തി നിങ്ങളെപ്രതി അതിദാരുണമായി വിലപിക്കും; അവർ തലയിൽ പൊടിവാരിയിട്ട് ചാരത്തിൽ കിടന്ന് ഉരുളും. നീ നിമിത്തം അവർ തല മൊട്ടയടിച്ച്, ചാക്കുശീല ഉടുക്കും; അതിവേദനയോടെ അവർ നിന്നെപ്പറ്റി കരയുകയും കയ്‌പോടെ വിലപിക്കുകയും ചെയ്യും. നിന്നെയോർത്തു ദുഃഖിച്ചുകൊണ്ട് അവർ നിന്നെപ്പറ്റി ഇങ്ങനെയൊരു വിലാപഗാനം ആലപിക്കും: “സമുദ്രത്താൽ ചുറ്റപ്പെട്ട സോരിനെപ്പോലെ നിശ്ശബ്ദമാക്കപ്പെട്ട വേറെ ഏതു നഗരമാണുള്ളത്?” നിന്റെ വാണിജ്യവിഭവങ്ങൾ കടലിലൂടെ കടന്നുപോയപ്പോൾ ഒട്ടനേകം രാഷ്ട്രങ്ങളെ നീ സംതൃപ്തരാക്കി; നിന്റെ വലിയ സമ്പത്തും വസ്തുവകകളുംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി. ഇപ്പോഴോ, കടൽ നിന്നെ തകർത്തുകളഞ്ഞു, നീ ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നുപോയി; നിന്റെ വിഭവങ്ങളും നിന്റെ എല്ലാ പങ്കുകാരും നിന്നോടൊപ്പം പോയിമറഞ്ഞു. തീരദേശങ്ങളിൽ വസിക്കുന്നവരെല്ലാം നിന്റെ വിനാശത്തിൽ സ്തബ്ധരായി; അവരുടെ രാജാക്കന്മാർ ഭീതിയാൽ നടുങ്ങുന്നു, ഭയംകൊണ്ട് അവരുടെ മുഖം വാടിയിരിക്കുന്നു. വിവിധ രാഷ്ട്രങ്ങളിലെ വ്യാപാരികൾ നിന്റെനേരേ പരിഹസിക്കുന്നു; ഭയാനകമായ ഒരു അന്ത്യമാണല്ലോ നിനക്കുണ്ടായത്, നീ എന്നേക്കുമായി ഇല്ലാതെയായിരിക്കുന്നു.’ ” സോർരാജാവിന് എതിരേയുള്ള പ്രവചനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ, “ഞാൻ ദൈവമാകുന്നു; സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും, നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ. നീ ദാനീയേലിനെക്കാളും28:3 അഥവാ, ദാനെൽ, പുരാതന എഴുത്തുകളിൽ പ്രസിദ്ധിനേടിയ ഒരാൾ. ജ്ഞാനിയോ? ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ? നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം നീ നിന്റെ സമ്പത്തു വർധിപ്പിച്ചു; നിന്റെ സമ്പത്തുനിമിത്തം നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു. “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ ജ്ഞാനിയെന്നു കരുതുന്നതുമൂലവും, ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ നിങ്ങൾക്കെതിരേ വരുത്തും; അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച് നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും. അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും, സമുദ്രമധ്യേയുള്ള നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും. അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ? നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും. വിദേശീയരുടെ കൈകളാൽ നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും. ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ” യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടി അവനോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ പരിപൂർണതയുടെ മാതൃകയായിരുന്നു, ജ്ഞാനസമ്പൂർണനും തികഞ്ഞ സൗന്ദര്യം ഉള്ളവനുംതന്നെ. നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; ചെമന്നരത്നം, പീതരത്നം, വജ്രം, പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം28:13 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. എന്നിങ്ങനെയുള്ള എല്ലാ വിശിഷ്ടരത്നങ്ങളാലും നീ അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിന്നെ നിർമിച്ചനാളിൽത്തന്നെ അവയെല്ലാം ഒരുക്കപ്പെട്ടിരുന്നു നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വർണനിർമിതവുമായിരുന്നു. നീ അഭിഷിക്തനും സംരക്ഷകനുമായ കെരൂബ് ആയിരുന്നു; കാരണം, അതായിരുന്നു നിന്റെ നിയോഗം. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിൽ ആയിരുന്നു; നീ ആഗ്നേയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച ദിവസംമുതൽ നിന്നിൽ ദുഷ്ടത കണ്ടെത്തുംവരെ നിന്റെ നടപ്പിൽ നീ നിഷ്കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ അന്തരംഗം അക്രമത്താൽ നിറഞ്ഞു, അങ്ങനെ നീ പാപംചെയ്തു. അതിനാൽ ഞാൻ ദൈവത്തിന്റെ പർവതത്തിൽനിന്ന് നിന്നെ അശുദ്ധനെന്ന് എണ്ണി പുറത്താക്കിക്കളഞ്ഞു. സംരക്ഷകനായ കെരൂബേ, ഞാൻ നിന്നെ ആഗ്നേയരഥങ്ങളുടെ മധ്യേനിന്ന് നിഷ്കാസനംചെയ്തു. നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം നിഗളിച്ചു; നിന്റെ തേജസ്സുനിമിത്തം നിന്റെ ജ്ഞാനത്തെ നീ ദുഷിപ്പിച്ചു. തന്മൂലം ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. രാജാക്കന്മാരുടെമുമ്പിൽ ഞാൻ നിന്നെ ഒരു പ്രദർശന വസ്തുവാക്കിത്തീർത്തു. നിന്റെ അനവധിയായ പാപംകൊണ്ടും വ്യാപാരത്തിലെ നീതികേടുകൊണ്ടും നിന്റെ വിശുദ്ധമന്ദിരങ്ങളെ നീ അശുദ്ധമാക്കി. അതിനാൽ നിന്റെ മധ്യത്തിൽനിന്ന് ഞാൻ ഒരു തീ പുറപ്പെടുവിക്കും, അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ നോക്കിക്കൊണ്ടിരുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ചുതന്നെ ഞാൻ നിന്നെ ഭസ്മമാക്കി മാറ്റിക്കളയും. നിന്നെ അറിഞ്ഞിരുന്ന സകലജനതകളും നിന്നെക്കണ്ടു സ്തബ്ധരാകും; ഒരു ഭീകരമായ അന്ത്യത്തിലേക്കു നീ വന്നെത്തിയിരിക്കുന്നു നീ എന്നേക്കുമായി ഇല്ലാതെയാകും.’ ” സീദോന് എതിരേയുള്ള പ്രവചനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നിന്റെ മുഖം സീദോന് എതിരേ തിരിച്ച്, അവൾക്കെതിരേ പ്രവചിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘സീദോനേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു, നിന്റെ മധ്യേ ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തും. ഞാൻ നിന്നിൽ ശിക്ഷ നടപ്പാക്കുമ്പോഴും നിങ്ങളുടെ മധ്യത്തിൽ ഞാൻ വിശുദ്ധൻ എന്നു തെളിയിക്കുമ്പോഴും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അതിൽ ഒരു പകർച്ചവ്യാധി വരുത്തി അതിന്റെ തെരുവീഥികളിലൂടെ രക്തം ഒഴുക്കും. എല്ലാ ഭാഗത്തുനിന്നും നിനക്കെതിരേ വരുന്ന വാളിനാൽ നിഹതന്മാരായവർ നിന്റെ മധ്യേ വീഴും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘ഇസ്രായേൽജനത്തിന് ഇനിയൊരിക്കലും വേദനിപ്പിക്കുന്ന പറക്കാരയും മൂർച്ചയുള്ള മുള്ളുകളുമായി വിദ്വേഷം വെച്ചുപുലർത്തുന്ന അയൽക്കാർ ഉണ്ടാകുകയില്ല. ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്ന് അപ്പോൾ അവർ അറിയും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തെ അവർ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് ഞാൻ കൂട്ടിച്ചേർക്കുമ്പോൾ രാജ്യങ്ങളുടെ ദൃഷ്ടിയിൽ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കും. അപ്പോൾ അവർ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത അവരുടെ സ്വന്തം ദേശത്തുപാർക്കും. അവർ അവിടെ സുരക്ഷിതരായി താമസിച്ച് വീടുകളും മുന്തിരിത്തോപ്പുകളും ഉണ്ടാക്കും. അവരോട് വിദ്വേഷം വെച്ചുപുലർത്തിയ അവരുടെ എല്ലാ അയൽക്കാർക്കും ഞാൻ ശിക്ഷാവിധി നൽകുമ്പോൾ അവർ നിർഭയരായി വസിക്കും. അപ്പോൾ ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” ഈജിപ്റ്റിനെതിരേയുള്ള പ്രവചനം ഫറവോനെതിരേയുള്ള ന്യായവിധി പത്താംവർഷം പത്താംമാസം പന്ത്രണ്ടാംതീയതി, യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നിന്റെ മുഖം ഈജിപ്റ്റുരാജാവായ ഫറവോനെതിരേ തിരിച്ച് അദ്ദേഹത്തിനും മുഴുവൻ ഈജിപ്റ്റിനും എതിരായി പ്രവചിക്കുക. അവനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈജിപ്റ്റുരാജാവായ ഫറവോനേ, ഞാൻ നിനക്ക് എതിരാകുന്നു. നദികളുടെ മധ്യത്തിൽ കിടക്കുന്ന മഹാഭീകരസത്വമേ, “നൈൽനദി എനിക്കുള്ളത്; ഞാൻ അതിനെ എനിക്കായി നിർമിച്ചു,” എന്നു നീ പറയുന്നല്ലോ. എന്നാൽ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തും; നിന്റെ പ്രവാഹങ്ങളിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കാൻ ഇടയാക്കും. നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കുന്ന എല്ലാ മത്സ്യങ്ങളോടുംകൂടെ ഞാൻ നിന്നെ നദിയിൽനിന്ന് വലിച്ചുകയറ്റും. ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും, നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ. നീ തുറസ്സായസ്ഥലത്തു വീണുപോകും, ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല. ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും. അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്. അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു. “ ‘അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെനേരേ വാൾ അയച്ച് നിന്നിലുള്ള മനുഷ്യരെയും ജന്തുക്കളെയും കൊന്നുകളയും. ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “ ‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,” അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും. മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽ അതിൽ ചവിട്ടുകയില്ല. നാൽപ്പതുവർഷത്തേക്ക് അതിൽ ആരും പാർക്കുകയുമില്ല. ഞാൻ ഈജിപ്റ്റുദേശത്തെ ശൂന്യദേശങ്ങളുടെ മധ്യേ ഒരു ശൂന്യദേശമാക്കിത്തീർക്കും; അവിടത്തെ പട്ടണങ്ങൾ നാൽപ്പതുവർഷത്തേക്ക് ശൂന്യനഗരങ്ങളുടെ മധ്യേ ശൂന്യമായിക്കിടക്കും; ഈജിപ്റ്റ് ദേശവാസികളെ ഞാൻ ദേശാന്തരങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കും. “ ‘എങ്കിലും കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ നാൽപ്പതുവർഷങ്ങൾക്കുശേഷം ഞാൻ ഈജിപ്റ്റുനിവാസികളെ അവർ ചിതറിക്കപ്പെട്ടിരുന്ന ദേശങ്ങളിൽനിന്ന് ശേഖരിക്കും. ഞാൻ അവരെ പ്രവാസത്തിൽനിന്ന് അവരുടെ ജന്മദേശമായ പത്രോസിലേക്കു29:14 അതായത്, തെക്കേ ഈജിപ്റ്റിലേക്കു തിരികെവരുത്തും. അവിടെ അവർ ഒരു എളിയ രാജ്യമായിരിക്കും. അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല. ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” നെബൂഖദ്നേസരിനുള്ള പ്രതിഫലം ഇരുപത്തിയേഴാംവർഷം ഒന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യത്തെയുംകൊണ്ട് സോരിനെതിരായി അതികഠിനമായി യുദ്ധംചെയ്തു. ഉരസൽകൊണ്ട് എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തുകൽ കുമിളച്ചതുപോലെയായി. എന്നിട്ടും സോരിനെതിരായി താനും തന്റെ സൈന്യവും ചെയ്തതിനു തക്ക പ്രതിഫലം അവിടെനിന്നു കിട്ടിയില്ല. അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസ്സെരിനു നൽകാൻപോകുന്നു; അവൻ അതിലെ സമ്പത്തു കവർന്നുകൊണ്ടുപോകും. തന്റെ സൈന്യത്തിനു പ്രതിഫലമായി അവൻ ആ രാജ്യത്തെ കവർച്ചചെയ്യുകയും കൊള്ളയിടുകയും ചെയ്യും. അവനും അവന്റെ സൈന്യവും എനിക്കുവേണ്ടി ആ കൃത്യം ചെയ്തതുകൊണ്ട് അവന്റെ പ്രയത്നത്തിനുള്ള പ്രതിഫലമായി ഞാൻ അതിനെ അവനു നൽകും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ആ ദിവസത്തിൽ ഞാൻ ഇസ്രായേൽഗൃഹത്തിന് ഒരു കൊമ്പു29:21 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. മുളപ്പിക്കും; അവരുടെ മധ്യേ ഞാൻ നിന്റെ വായ് തുറക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” ഈജിപ്റ്റിനെക്കുറിച്ച് ഒരു വിലാപഗാനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇങ്ങനെ വിലപിച്ചു പറയുക, “അയ്യോ കഷ്ടദിവസം!” ആ ദിവസം അടുത്തിരിക്കുന്നു, യഹോവയുടെ ദിവസം അടുത്തിരിക്കുന്നു— കാർമേഘംകൊണ്ടിരുണ്ട ദിവസം! രാഷ്ട്രങ്ങൾക്ക് ആപത്തിന്റെ ദിവസംതന്നെ. ഈജിപ്റ്റിനെതിരേ ഒരു വാൾ വരും, കൂശ് അതിവേദനയിലാകും ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ, അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും. കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും. “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈജിപ്റ്റിന്റെ സഹായികൾ വീഴും, അവളുടെ ശക്തിയുടെ അഭിമാനം തകർന്നടിയും. മിഗ്ദോൽമുതൽ അസ്വാൻവരെ അവർ വാൾകൊണ്ടു വീഴുമെന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ശൂന്യദേശങ്ങളുടെ മധ്യേ അവർ ശൂന്യമായിത്തീരും. അവരുടെ നഗരങ്ങൾ ശൂന്യനഗരങ്ങളുടെ കൂട്ടത്തിലായിരിക്കും. ഞാൻ ഈജിപ്റ്റിനു തീവെച്ച് അതിന്റെ സഹായികളെല്ലാം നാശമടയുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ ഈജിപ്റ്റിലെ കവർച്ചസംഘത്തെ ഇല്ലാതാക്കും. അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി ദേശത്തെ നശിപ്പിക്കാൻ വന്നുചേരും. അവർ ഈജിപ്റ്റിനെതിരേ വാളൂരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച് ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും, നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും. ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല, ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും. ഞാൻ പത്രോസിനെ30:14 അതായത്, തെക്കേ ഈജിപ്റ്റിനെ ശൂന്യമാക്കുകയും സോവാനു തീ വെക്കുകയും നോവിന്റെമേൽ ശിക്ഷാവിധി വരുത്തുകയും ചെയ്യും. ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ ഞാൻ എന്റെ ക്രോധം പകരും; നോവിലെ കവർച്ചസംഘത്തെ ഞാൻ സംഹരിക്കും. ഈജിപ്റ്റിനു ഞാൻ തീവെക്കും; സീൻ അതിവേദനയിലാകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം ദുരിതത്തിലാകും. ആവെനിലെയും30:17 അതായത്, ഓനിലെ അഥവാ, ഹെലിയൊപ്പൊലീസിലെ പീ-ബേസെത്തിലെയും യുവാക്കൾ വാൾകൊണ്ടു വീഴും, ഈ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും. ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ തഹ്പനേസിൽ പകൽ ഇരുണ്ടുപോകും; അവിടെ അവളുടെ ശക്തിയുടെ പ്രതാപം നശിക്കും. അവളെ ഒരു മേഘം മൂടും, അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” ഫറവോന്റെ കൈകൾ തകർക്കപ്പെടുന്നു പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല. അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും. ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും. ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും. ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” ലെബാനോനിലെ ദേവദാരു പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക: “ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക? ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക, അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു; അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത് മുകളിൽ ആകാശചുംബികളായിരുന്നു. വെള്ളം അതിനെ സമ്പുഷ്ടമാക്കി, ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു; അരുവികൾ അതിന്റെ തടത്തിനു ചുറ്റും ഒഴുകി, അവയുടെ ചാലുകൾ വയലിലെ എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു. അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു; അതിന്റെ ശിഖരങ്ങൾ വർധിച്ചു, ശാഖകൾ നീണ്ടുവളർന്നു, ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു. ആകാശത്തിലെ സകലപറവകളും അതിന്റെ ശാഖകളിൽ കൂടുവെച്ചു; വയലിലെ എല്ലാ മൃഗങ്ങളും അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി, വലിയ ജനതകളെല്ലാം അതിന്റെ തണലിൽ ജീവിച്ചു. പടർന്നുപന്തലിച്ച ശാഖകളോടെ സമൃദ്ധമായ ജലധാരകളിലേക്ക് അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ അതു സൗന്ദര്യപ്രതാപിയായിത്തീർന്നു. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു തുല്യമായിരുന്നില്ല, സരളമരങ്ങൾ അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല, അരിഞ്ഞിൽമരങ്ങളും അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും അതിനോളം ഭംഗി ഉണ്ടായിരുന്നില്ല. സമൃദ്ധമായ ശാഖാപടലത്തോടുകൂടി ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു, ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടിരുന്നു. “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും, ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു. വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി. ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു. അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു. അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി. “ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും. “ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ” ഫറവോനെക്കുറിച്ച് ഒരു വിലാപഗാനം പന്ത്രണ്ടാംവർഷം പന്ത്രണ്ടാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “ ‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും. ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും. ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും. ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും. നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല. ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും. ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ബാബേൽരാജാവിന്റെ വാൾ നിനക്കുനേരേ വരും. എല്ലാ ജനതകളിലുംവെച്ചു ക്രൂരന്മാരായ പ്രബലയോദ്ധാക്കളുടെ വാൾകൊണ്ടു നിന്റെ കവർച്ചസംഘങ്ങളെല്ലാം വീഴുന്നതിനു ഞാൻ ഇടയാക്കും. ഈജിപ്റ്റിന്റെ അഭിമാനത്തെ അവർ തകർത്തുകളയും; അവളുടെ കവർച്ചസംഘങ്ങൾ മുഴുവനും നശിപ്പിക്കപ്പെടും. സമൃദ്ധമായ ജലാശയങ്ങൾക്കരികെനിന്ന് അവരുടെ കന്നുകാലികളെയെല്ലാം ഞാൻ നശിപ്പിച്ചുകളയും; മേലാൽ ഈ ജലാശയങ്ങളെ മനുഷ്യന്റെ കാൽ കലക്കുകയോ മൃഗങ്ങളുടെ കുളമ്പുകൾ കലക്കമുണ്ടാക്കുകയോ ചെയ്യുകയില്ല. അതിനുശേഷം അവരുടെ വെള്ളം തെളിഞ്ഞ് എണ്ണപോലെ ഒഴുകാൻ ഞാൻ ഇടവരുത്തും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ ഈജിപ്റ്റിനെ ശൂന്യമാക്കി ദേശത്തുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യും, അവിടെ പാർക്കുന്നവരെയെല്ലാം ഞാൻ സംഹരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ “അവർ അതിനെക്കുറിച്ച് ആലപിക്കുന്ന വിലാപഗീതം ഇതാകുന്നു. ജനതകളുടെ പുത്രിമാർ അത് ആലപിക്കും. ഈജിപ്റ്റിനും അതിന്റെ കവർച്ചസംഘത്തിനുംവേണ്ടി അവർ അത് ആലപിക്കുമെന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.” ഈജിപ്റ്റിന്റെ അധഃപതനം പന്ത്രണ്ടാംവർഷം ആ മാസം, പതിനഞ്ചാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഈജിപ്റ്റിലെ കവർച്ചസംഘത്തെപ്പറ്റി വിലപിച്ച് അവരെയും ശക്തരായ രാഷ്ട്രങ്ങളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഭൂമിയുടെ അധോഭാഗങ്ങളിലേക്കു തള്ളിയിടുക. അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’ വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും. വാൾ അവൾക്കെതിരേ ഊരപ്പെട്ടിരിക്കുന്നു; അവളെയും അവളുടെ കവർച്ചസംഘങ്ങളെയും അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുക. പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’ “അശ്ശൂർ അവളുടെ സർവസൈന്യത്തോടുംകൂടെ അവിടെയുണ്ട്; അവളുടെ സകലനിഹതന്മാരും അവൾക്കുചുറ്റും കല്ലറകളിലുണ്ട്; വാളേറ്റുവീണ എല്ലാവരുംതന്നെ. അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അഗാധതയിലാണ്; അവളുടെ സൈന്യം ആ ശവക്കുഴിക്കു ചുറ്റുമായിക്കിടക്കുന്നു. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരെല്ലാം വാളാൽ വധിക്കപ്പെട്ട് വീണിരിക്കുന്നു. “ഏലാം അവിടെയുണ്ട്; അവളുടെ കവർച്ചസംഘങ്ങളും അവൾക്കുചുറ്റുമായി കാണാം. അവരെല്ലാം വാളാൽ കൊന്നുവീഴ്ത്തപ്പെട്ടിരിക്കുന്നു. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയവരെല്ലാം പരിച്ഛേദനം ഏൽക്കാത്തവരായി അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ തങ്ങളുടെ ലജ്ജ വഹിക്കുന്നു. നിഹതന്മാരുടെ മധ്യേ അവൾക്കായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു; അവളുടെ കവർച്ചസംഘമെല്ലാം അവളുടെ ശവക്കുഴിക്കുചുറ്റുമുണ്ട്; അവരെല്ലാം അപരിച്ഛേദിതരും വാളാൽ കൊല്ലപ്പെട്ടവരുമത്രേ. അവരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു പരന്നതിനാൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ ലജ്ജ വഹിക്കുന്നു. നിഹതന്മാർക്കിടയിൽ അവരെ കിടത്തിയിരിക്കുന്നു. “മേശെക്കും തൂബാലും അവിടെയുണ്ട്. അവരുടെ കവർച്ചസംഘമെല്ലാം അവരുടെ ശവക്കുഴിക്കുചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തുകയാൽ കൊല്ലപ്പെട്ടവരാണ് അവർ. വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ32:27 ചി.കൈ.പ്ര. ശിക്ഷ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന32:27 ചി.കൈ.പ്ര. പരിച്ഛേദനം ഏൽക്കാത്ത യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു. “ഫറവോനേ, നീയും പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരുടെ ഇടയിൽ കിടക്കുകയും ചെയ്യും. “ഏദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംതന്നെ. അവർ ശക്തരായിരുന്നിട്ടും വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കുന്ന; അപരിച്ഛേദിതരും കുഴിയിൽ ഇറങ്ങുന്നവരുമായവരോടുകൂടെ അവർ കിടക്കുന്നു. “ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു. “ഫറവോനും അവന്റെ സകലസൈന്യവും അവരെ കാണും. വാൾകൊണ്ടു കൊല്ലപ്പെട്ട തന്റെ കവർച്ചസംഘത്തെപ്പറ്റി അവന് ആശ്വാസം ലഭിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ജീവനുള്ളവരുടെ ദേശത്ത് ഞാനാണല്ലോ ഭീതിപരത്തിയത്. അങ്ങനെ ഫറവോനും അവന്റെ കവർച്ചസംഘംമുഴുവനും വാളാൽ കൊല്ലപ്പെട്ട അപരിച്ഛേദിതരുടെ മധ്യത്തിൽ കിടക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” യെഹെസ്കേൽ ഒരു കാവൽക്കാരൻ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, നിന്റെ ദേശക്കാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ ഒരു ദേശത്തിനെതിരേ വാൾ വരുത്തുമ്പോൾ ആ ദേശവാസികൾ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തു കാവൽക്കാരനാക്കിവെക്കുന്നപക്ഷം, ദേശത്തിനെതിരേ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകാൻ അവൻ കാഹളം ഊതുമ്പോൾ, അവർ കാഹളശബ്ദം കേട്ടിട്ടും മുന്നറിയിപ്പ് ഗൗനിക്കാതിരിക്കുകയുംചെയ്തിട്ടു വാൾ വന്ന് അവരുടെ ജീവൻ എടുക്കുകയും ചെയ്യുമെങ്കിൽ, അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും. അവർ കാഹളശബ്ദം കേട്ടിട്ട് അതു ഗൗനിക്കാതിരിക്കുകയാൽ അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും; അവർ അതു ഗൗനിച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ രക്ഷിക്കുമായിരുന്നു. എന്നാൽ കാവൽക്കാരൻ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകുന്നതിനു കാഹളം ധ്വനിപ്പിക്കാതെയിരുന്നാൽ വാൾ വന്ന് അവരിൽ ഒരുവന്റെ ജീവൻ നഷ്ടപ്പെടുന്നപക്ഷം, ആ മനുഷ്യൻ തന്റെ പാപംനിമിത്തം മരണമടയുന്നുവെങ്കിലും ഞാൻ കാവൽക്കാരനെ അവന്റെ രക്തത്തിന് ഉത്തരവാദിയായി പരിഗണിക്കും.’ “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക. ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും. എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും. “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക. “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’ നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും. ഞാൻ ദുഷ്ടരോട്, ‘നിങ്ങൾ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുമെങ്കിൽ— തങ്ങൾ പണയമായി വാങ്ങിയതു തിരിച്ചുകൊടുക്കുകയും മോഷ്ടിച്ച വസ്തു തിരിച്ചേൽപ്പിക്കുകയും ജീവൻ നൽകുന്ന നിയമങ്ങൾ അനുസരിക്കുകയും ദോഷം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. അവർ ചെയ്തുപോയ പാപങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. അവർ നീതിയും ന്യായവുമായുള്ളതു ചെയ്തിരിക്കുന്നു; അവൻ തീർച്ചയായും ജീവിക്കും. “എന്നിട്ടും നിന്റെ സ്വദേശികൾ: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല’ എന്നു പറയുന്നു. എന്നാൽ അവരുടെ വഴിയാണ് നീതിയുക്തമല്ലാത്തതായി ഇരിക്കുന്നത്. നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ അതുനിമിത്തം മരിക്കും. എന്നാൽ ഒരു ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അതു ചെയ്യുകമൂലം അവൻ ജീവിക്കും. എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.” ജെറുശലേമിന്റെ പതനം വിശദീകരിക്കുന്നു ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!” ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തിന്റെ ശൂന്യാവശിഷ്ടങ്ങളിൽ താമസിക്കുന്നവർ പറയുന്നത്: ‘അബ്രാഹാം ഒരേയൊരു മനുഷ്യനായിരുന്നു; എന്നിട്ടും അദ്ദേഹത്തിനു ദേശംമുഴുവനും അവകാശമായി ലഭിച്ചു. ഞങ്ങളോ, അനേകരാണെങ്കിലും ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നു.’ അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ രക്തത്തോടുകൂടെ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ? നിങ്ങൾ സ്വന്തം വാളിൽ ആശ്രയിക്കുന്നു; നിങ്ങൾ മ്ലേച്ഛമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയെ വഷളാക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?’ “നീ അവരോട് പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ശൂന്യശിഷ്ടങ്ങളിൽ താമസിക്കുന്നവർ വാളാൽ വീഴും; വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഞാൻ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കിത്തീർക്കും; കോട്ടകളിലും ഗുഹകളിലും പാർക്കുന്നവർ പകർച്ചവ്യാധിയാൽ നശിക്കും. ഞാൻ ദേശത്തെ ഒരു ശൂന്യസ്ഥലമാക്കിത്തീർക്കും; അവളുടെ ശക്തിയും പ്രതാപവും അവസാനിക്കും; ഇസ്രായേലിലെ ഗിരിപ്രദേശങ്ങൾ, ആരും വഴിനടക്കാതവണ്ണം ശൂന്യമായിത്തീരും. അവർ ചെയ്ത എല്ലാ മ്ലേച്ഛകർമങ്ങളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ “മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’ എന്റെ ജനം പതിവായി ചെയ്യാറുള്ളതുപോലെ നിന്റെ അടുക്കൽവന്ന് നിന്റെ മുമ്പിൽ ഇരുന്ന് നീ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നു; എന്നാൽ അതൊന്നും അവർ പ്രായോഗികമാക്കുന്നില്ല. തങ്ങളുടെ വാകൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; അവരുടെ ഹൃദയമോ അന്യായലാഭം കൊതിക്കുന്നു. വാസ്തവത്തിൽ നീ അവർക്കു വാദ്യം മീട്ടി പ്രേമഗാനങ്ങൾ മധുരസ്വരത്തിൽ പാടുന്ന ഒരുവനെക്കാൾ വലിയ വിശേഷതയൊന്നുമില്ല. അവർ നിന്റെ വാക്കു കേൾക്കുന്നെങ്കിലും അവ അനുസരിക്കുന്നില്ല. “എന്നാൽ ഇവയെല്ലാം സംഭവിക്കുമ്പോൾ—ഇതാ അതു നിശ്ചയമായും വരുമ്പോൾ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” ഇസ്രായേലിലെ ഇടയന്മാർ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ചു നീ പ്രവചിക്കുക. അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രായേലിലെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ഇടയന്മാർ ആടുകളെ പരിപാലിക്കേണ്ടതല്ലേ? നിങ്ങൾ തൈര് കുടിക്കുകയും ആട്ടിൻരോമംകൊണ്ടു വസ്ത്രം ധരിക്കുകയും തടിച്ചമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നില്ല. നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയോ രോഗം ബാധിച്ചതിനു സൗഖ്യം വരുത്തുകയോ മുറിവേറ്റതിനു മുറിവു കെട്ടുകയോ ചെയ്തിട്ടില്ല. നിങ്ങൾ വഴിതെറ്റിയതിനെ തിരികെ വരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. “ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും. ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും. ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും. ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും. ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും. “ ‘നിങ്ങളെ സംബന്ധിച്ചാകട്ടെ, എന്റെ ആട്ടിൻപറ്റമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കും. നല്ല മേച്ചിൽസ്ഥലത്ത് മേയുന്നതു പോരേ നിങ്ങൾക്കു? ശേഷിച്ച മേച്ചിൽപ്പുറം നിങ്ങൾ കാൽകൊണ്ടു ചവിട്ടിമെതിക്കണമോ? തെളിനീരു കുടിക്കുന്നതു നിങ്ങൾക്കു പോരായോ? ശേഷിച്ച ജലം നിങ്ങളുടെ കാൽകൊണ്ട് ചവിട്ടിക്കലക്കണമോ? എന്റെ ആട്ടിൻപറ്റം നിങ്ങൾ ചവിട്ടിക്കളഞ്ഞതു തിന്നുകയും നിങ്ങൾ കലക്കിയ ജലം കുടിക്കുകയും ചെയ്യണമോ? “ ‘അതിനാൽ അവരോട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നോക്കുക, തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മധ്യേ ഞാൻ ന്യായംവിധിക്കും. ബലഹീനമായ ആടുകളെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും കൊമ്പുകൊണ്ട് ഇടിച്ചും നിങ്ങൾ ചിതറിക്കുന്നതിനാൽ, എന്റെ ആടുകളെ ഞാൻ വിടുവിക്കും. അവ ഇനിമേൽ കവർച്ചചെയ്യപ്പെടുകയില്ല. ആടിനും ആടിനും ഇടയിൽ ഞാൻ ന്യായംവിധിക്കും. ഞാൻ അവയ്ക്കുമേലായി ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെത്തന്നെ നിയമിക്കും. അവൻ അവയെ പരിപാലിക്കും; അവൻ അവയെ പരിപാലിച്ച് അവയ്ക്ക് ഇടയനായിത്തീരും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവമായും എന്റെ ദാസനായ ദാവീദ് അവർക്കു പ്രഭുവായും തീരും. യഹോവയായ ഞാൻ ആകുന്നു അരുളിച്ചെയ്തിരിക്കുന്നത്. “ ‘ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിചെയ്ത് ദേശത്തെ വന്യമൃഗങ്ങളിൽനിന്നു വിടുവിക്കും. അങ്ങനെ അവ സുരക്ഷിതമായി മരുഭൂമിയിൽ ജീവിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും.34:26 ഉൽ. 48:20 കാണുക. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും. വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല. വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല. അപ്പോൾ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെയുണ്ടെന്നും ഇസ്രായേൽജനമാകുന്ന അവർ എന്റെ ജനമാണെന്നും അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. എന്റെ മേച്ചിൽസ്ഥലത്തെ ആടുകളായ നിങ്ങൾ എന്റെ സ്വന്തം ആടുകളാണ്, ഞാൻ നിങ്ങളുടെ ദൈവവും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ” ഏദോമിന് എതിരേയുള്ള പ്രവചനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സേയീർപർവതത്തിനെതിരേ മുഖംതിരിച്ച് അതിനെതിരേ ഇപ്രകാരം പ്രവചിക്കുക: അവരോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; എന്റെ ഭുജം ഞാൻ നിനക്കെതിരേ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. ഞാൻ നിന്റെ പട്ടണങ്ങളെ കുപ്പക്കുന്നാക്കും; നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും. “ ‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ, അതുകൊണ്ട് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഞാൻ നിങ്ങളെ രക്തച്ചൊരിച്ചിലിന് ഏൽപ്പിച്ചുകൊടുക്കും, അതു നിങ്ങളെ പിൻതുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നീ രക്തച്ചൊരിച്ചിൽ വെറുക്കാതിരുന്നതുകൊണ്ട്, രക്തച്ചൊരിച്ചിൽ നിന്നെ പിൻതുടരും. ഞാൻ സേയീർപർവതത്തെ ഒരു ശൂന്യസ്ഥലമാക്കും; അവിടെ വരികയും പോകുകയും ചെയ്യുന്നവരെ അതിൽനിന്ന് ഛേദിച്ചുകളയും. ഞാൻ നിന്റെ പർവതങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; വാളാൽ കൊല്ലപ്പെട്ടവർ നിന്റെ മലകളിലും താഴ്വരകളിലും മലയിടുക്കുകളിലും വീണുകിടക്കും. ഞാൻ നിന്നെ എന്നെന്നേക്കും ശൂന്യമാക്കും; നിന്റെ പട്ടണങ്ങളിൽ ജനവാസം ഉണ്ടാകുകയില്ല; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. “ ‘യഹോവയായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും, “ഈ രണ്ടു ജനതകളും രാജ്യങ്ങളും ഞങ്ങളുടേത് ആയിത്തീരും; ഞങ്ങൾ അവയെ അവകാശപ്പെടുത്തും” എന്നു നീ പറയുകയാൽ ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അവരോടുള്ള വിദ്വേഷത്തിൽ നീ പ്രകടിപ്പിച്ച കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോട് ഇടപെടും; ഞാൻ നിന്നെ ന്യായം വിധിക്കുമ്പോൾ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഇസ്രായേൽ പർവതങ്ങൾക്കെതിരായി നീ പറഞ്ഞ എല്ലാ നിന്ദ്യകാര്യങ്ങളും യഹോവയായ ഞാൻ കേട്ടു എന്ന് അപ്പോൾ നീ അറിയും. “അവരെ ശൂന്യമാക്കിത്തീർത്തിരിക്കുന്നു; ഞങ്ങൾ അവരെ വിഴുങ്ങേണ്ടതിന് അവർ ഞങ്ങളുടെപക്കൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു,” എന്നു നീ പറഞ്ഞുവല്ലോ. നീ സംയമം പാലിക്കാതെ എനിക്കെതിരേ ആത്മപ്രശംസ ചെയ്യുകയും സംസാരിക്കുകയും ചെയ്തു; ഞാൻ അതു കേട്ടുമിരിക്കുന്നു. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭൂമിമുഴുവനും ആഹ്ലാദിക്കുമ്പോൾ, ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കും. ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” ഇസ്രായേലിനു പുതുജീവൻ “മനുഷ്യപുത്രാ, നീ ഇസ്രായേൽ പർവതങ്ങളോട് ഇപ്രകാരം പ്രവചിച്ചു പറയുക: ‘ഇസ്രായേൽ പർവതങ്ങളേ, യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച് “ആഹാ! പുരാതനഗിരികൾ ഞങ്ങളുടെ കൈവശത്തിലായിരിക്കുന്നു” ’ എന്നു പറയുന്നുവല്ലോ. അതിനാൽ നീ ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മനുഷ്യരുടെ അസൂയയും നിന്ദയുംനിറഞ്ഞ സംസാരത്തിനു പാത്രമായി ശേഷിക്കുന്ന രാഷ്ട്രങ്ങളുടെ അവകാശമായി മാറുംവിധം അവർ നിങ്ങളെ ശൂന്യമാക്കി നാലുപാടുനിന്നും നിങ്ങളെ തകർത്തതുകൊണ്ട്, ഇസ്രായേൽ ഗിരിനിരകളേ, യഹോവയായ കർത്താവിന്റെ വാക്കു ശ്രദ്ധിക്കുക: പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിക്കിടക്കുന്ന ശൂന്യാവശിഷ്ടങ്ങളോടും ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവുമായിത്തീർന്നിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു— എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയിൽ ഞാൻ ശേഷിക്കുന്ന ജനതകളോടും ഏദോമിനോടും സംസാരിച്ചിരിക്കുന്നു. ഹൃദയത്തിൽ ആഹ്ലാദത്തോടും അസൂയയോടുംകൂടി അവർ എന്റെ ദേശം തങ്ങളുടെ അവകാശമാക്കി അതിന്റെ മേച്ചിൽസ്ഥലങ്ങളെ കവർച്ച ചെയ്തിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ അതിനാൽ ഇസ്രായേൽദേശത്തെപ്പറ്റി പ്രവചിച്ച് അതിലെ പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജനതകളുടെ നിന്ദ സഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയിലും ക്രോധത്തിലും ഇപ്രകാരം സംസാരിക്കുന്നു. അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കുചുറ്റുമുള്ള ജനതകൾ നിന്ദ സഹിക്കേണ്ടിവരും എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്യുന്നു. “ ‘എന്നാൽ ഇസ്രായേൽ പർവതങ്ങളേ, എന്റെ ജനമായ ഇസ്രായേൽ സ്വദേശത്തേക്കു വേഗം തിരിച്ചുവരുമെന്നതിനാൽ നിങ്ങൾ അവർക്കുവേണ്ടി കൊമ്പുകളും ഫലങ്ങളും പുറപ്പെടുവിക്കുക. ഞാൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനായി നിങ്ങളെ കൃപയോടെ വീക്ഷിക്കുന്നു; നിങ്ങളിൽ ഉഴവും വിതയും ഉണ്ടാകും. നിങ്ങളിൽ വസിക്കുന്ന ജനങ്ങളെ, ഇസ്രായേൽജനത്തെ, ഒന്നാകെ ഞാൻ വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും. ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടും. നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. ഞാൻ ജനത്തെ, എന്റെ ജനമായ ഇസ്രായേലിനെത്തന്നെ, നിങ്ങളിൽ അധിവസിക്കുമാറാക്കും. അവർ നിങ്ങളെ കൈവശമാക്കും. നിങ്ങൾ അവരുടെ അവകാശമായിത്തീരും. ഇനിമേൽ നീ അവരുടെ മക്കളെ അപഹരിക്കുകയില്ല. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ജനത്തെ തിന്നുകളകയും നിന്റെ രാഷ്ട്രത്തിലെ കുഞ്ഞുങ്ങളെ അപഹരിക്കുകയും ചെയ്യുന്നു,” എന്നു ചിലർ നിന്നോടു പറയുന്നു. അതുകൊണ്ട്, നീ ഇനിയൊരിക്കലും മനുഷ്യരെ തിന്നുകളയുകയും ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്യുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഇനിയൊരിക്കലും നീ രാഷ്ട്രങ്ങളുടെ പരിഹാസം കേൾക്കുകയില്ല, ഇനിമേൽ നീ ജനങ്ങളുടെ നിന്ദ സഹിക്കേണ്ടിവരുകയില്ല, മേലാൽ ദേശം വീണുപോകാൻ നീ ഇടവരുത്തുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ” ഇസ്രായേലിന്റെ പുനഃസ്ഥാപനം ഉറപ്പാക്കപ്പെടുന്നു വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽജനം സ്വന്തം ദേശത്തു താമസിച്ചിരുന്നകാലത്ത് അവർ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ മലിനമാക്കി. അവരുടെ പെരുമാറ്റം എന്റെ ദൃഷ്ടിയിൽ ഋതുമതിയായ ഒരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു. അതിനാൽ ദേശത്ത് അവർ രക്തം ചൊരിഞ്ഞതിനാലും തങ്ങളുടെ വിഗ്രഹങ്ങളാൽ അതിനെ അശുദ്ധമാക്കിയതിനാലും ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞു. ഞാൻ അവരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചു; അവർ രാജ്യങ്ങളിലെല്ലാം ചിന്നിച്ചിതറി. അവരുടെ ജീവിതരീതിക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ അവരെ ന്യായംവിധിച്ചു. ഏതെല്ലാം ജനതകൾക്കിടയിൽ അവർ എത്തിച്ചേർന്നോ, അവിടെയെല്ലാം അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. കാരണം അവരെക്കുറിച്ചു ജനം: ‘ഇവർ യഹോവയുടെ ജനതയാണ്, എങ്കിലും അവർക്കു തങ്ങളുടെ നാടുവിട്ടുപോകേണ്ടിവന്നു’ എന്നു പറയാൻ ഇടയായി. ഇസ്രായേൽജനം പോയ ദേശങ്ങളിലെല്ലാം അവർ അശുദ്ധമാക്കിത്തീർത്ത എന്റെ വിശുദ്ധനാമത്തെപ്പറ്റി എനിക്കു ഹൃദയഭാരം ഉണ്ടായി. “അതിനാൽ ഇസ്രായേൽഗൃഹത്തോടു നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾക്കുവേണ്ടിയല്ല, നിങ്ങൾ പോയ ജനതകൾക്കിടയിലെല്ലാം അശുദ്ധമാക്കിത്തീർത്ത എന്റെ പരിശുദ്ധനാമത്തിനുവേണ്ടിയാണ് ഞാൻ ഈ കാര്യങ്ങൾചെയ്യാൻ പോകുന്നത്. നിങ്ങൾ ജനതകൾക്കിടയിൽ അശുദ്ധമാക്കിയ, അവരുടെ മധ്യേ അശുദ്ധമായിത്തീർന്ന എന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധി ഞാൻ അവരെ കാണിക്കും. അങ്ങനെ നിങ്ങളിലൂടെ എന്റെ വിശുദ്ധി ഞാൻ അവരുടെ ദൃഷ്ടിയിൽ തെളിയിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ആ ജനതകൾ മനസ്സിലാക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘ഞാൻ നിങ്ങളെ രാഷ്ട്രങ്ങളിൽനിന്ന് കൂട്ടി എല്ലാ രാജ്യങ്ങളിൽനിന്നും ശേഖരിച്ച് നിങ്ങളുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും. ഞാൻ നിങ്ങളുടെമേൽ നിർമലജലം തളിക്കും; നിങ്ങൾ നിർമലരായിത്തീരും. നിങ്ങളുടെ എല്ലാ അശുദ്ധികളെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ഞാൻ നിങ്ങളെ നിർമലീകരിക്കും. ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും. നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷിക്കും. ഞാൻ ധാന്യം വിളിച്ചുവരുത്തി അതു സമൃദ്ധമാക്കും, ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്തുകയില്ല. ക്ഷാമംനിമിത്തം നിങ്ങൾ ഇനിയൊരിക്കലും രാഷ്ട്രങ്ങൾക്കിടയിൽ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും വയലിലെ വിളവും വർധിപ്പിക്കും. അന്ന് നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്കർമങ്ങളെയുംകുറിച്ച് ഓർത്ത് നിങ്ങളുടെ പാപങ്ങളും മ്ലേച്ഛതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ വെറുപ്പുതോന്നും. നിങ്ങൾനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതെന്നു നിങ്ങൾ അറിയണം, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ലജ്ജാവിവശരായിത്തീരുവിൻ. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നനാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങളിൽ വീണ്ടും ജനങ്ങളെ പാർപ്പിക്കും. നിങ്ങളുടെ ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടുകയും ചെയ്യും. ശൂന്യമായിരുന്ന ദേശം അതിൽക്കൂടി കടന്നുപോകുന്നവരുടെ ദൃഷ്ടിയിൽ ശൂന്യമായിക്കിടക്കാതെ അവിടെ കൃഷിചെയ്യപ്പെടുന്നതാകും. അവർ പറയും, “ശൂന്യമായിക്കിടന്ന ഈ സ്ഥലം ഏദെൻതോട്ടംപോലെയായിത്തീർന്നു; കുപ്പക്കുന്നായും ശൂന്യമായും ഇടിഞ്ഞും കിടന്നിരുന്ന പട്ടണങ്ങൾ കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടതും ജനവാസവും ഉള്ളതുമായിത്തീർന്നല്ലോ.” അപ്പോൾ യഹോവയായ ഞാൻ ഇടിഞ്ഞുകിടന്നതിനെ വീണ്ടും പണിതുവെന്നും ശൂന്യമായിരുന്നിടത്ത് കൃഷിയിറക്കിയെന്നും നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങൾ അറിയും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു, ഞാൻ അതു നിറവേറ്റുകയും ചെയ്യും.’ “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരിക്കൽക്കൂടി ഞാൻ ഇസ്രായേൽജനത്തിന്റെ അപേക്ഷകേട്ട് ഇത് അവർക്കുവേണ്ടി ചെയ്യും. അവരുടെ ജനങ്ങളെ ഞാൻ ആട്ടിൻപറ്റംപോലെ അനവധിയായി വർധിപ്പിക്കും. ശൂന്യമായിക്കിടന്നിരുന്ന പട്ടണങ്ങൾ ജെറുശലേമിലെ നിയമിക്കപ്പെട്ട ഉത്സവങ്ങളുടെ സമയത്ത് യാഗത്തിനുള്ള ആട്ടിൻപറ്റം അസംഖ്യമായിരിക്കുന്നതുപോലെ മനുഷ്യരാകുന്ന ആട്ടിൻപറ്റംകൊണ്ടു നിറയും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” ഉണങ്ങിയ അസ്ഥികളുടെ താഴ്വര യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; യഹോവയുടെ ആത്മാവിൽ എന്നെ കൊണ്ടുവന്ന് ഒരു താഴ്വരയുടെ നടുവിൽ നിർത്തി. അത് അസ്ഥികളാൽ നിറഞ്ഞതായിരുന്നു. അവിടന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി. ആ താഴ്വരയുടെ പരപ്പിൽ വളരെയധികം അസ്ഥികൾ ഞാൻ കണ്ടു. അവ ഏറ്റവും ഉണങ്ങിയുമിരുന്നു. അവിടന്ന് എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുക സാധ്യമോ?” “യഹോവയായ കർത്താവേ, അങ്ങുമാത്രം അറിയുന്നു,” എന്നു ഞാൻ ഉത്തരം പറഞ്ഞു. അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം37:5 കാറ്റ് അഥവാ, ആത്മാവ് എന്നർഥം. അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ” അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു. ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’ ” അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു. അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു. അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും. ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ” ഒരു രാജാവ് ഒരു രാഷ്ട്രം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: “മനുഷ്യപുത്രാ, നീ മരംകൊണ്ടുള്ള ഒരു വടി എടുത്ത് അതിന്മേൽ ‘യെഹൂദയ്ക്കും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. അതിനുശേഷം മറ്റൊരു വടി എടുത്ത് അതിന്മേൽ, ‘എഫ്രയീമിന്റെ വടി, യോസേഫിനും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും. “നിന്റെ ദേശക്കാർ, ‘ഇതിന്റെ അർഥം എന്താണെന്നു ഞങ്ങളോടു പറയുകയില്ലേ?’ എന്നു ചോദിക്കുമ്പോൾ അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിട്ടുള്ള ഇസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവയെ യെഹൂദയുടെ വടിയോടുചേർത്ത് ഒന്നാക്കിത്തീർക്കും, അവ ഒറ്റയൊരു വടിയാകും; അവ എന്റെ കൈയിൽ ഒന്നായിത്തീരും.’ നീ എഴുതിയ വടികൾ അവരുടെ കണ്മുമ്പിൽ പിടിക്കുക. എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും. ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിന്മേൽ ഒരു രാജ്യമാക്കിത്തീർക്കും. അവർക്കെല്ലാവർക്കും ഒരു രാജാവ് ഉണ്ടാകും. അവർ ഇനിയൊരിക്കലും രണ്ടു രാഷ്ട്രം ആകുകയില്ല; രണ്ടു രാജ്യമായി വിഭജിക്കപ്പെടുകയുമില്ല. അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛബിംബങ്ങളാലോ അതിക്രമങ്ങളാലോ തങ്ങളെത്തന്നെ അശുദ്ധരാക്കുകയില്ല. അവരുടെ പാപകരമായ പിന്മാറ്റത്തിൽനിന്നു ഞാൻ അവരെ രക്ഷിക്കും, ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനമായും ഞാൻ അവർക്കു ദൈവമായും തീരും. “ ‘എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും. അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാവും. അവർ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ഉത്തരവുകൾ പ്രമാണിക്കാൻ ശ്രദ്ധിക്കും. ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും. ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിയിൽ ഏർപ്പെടും. അതൊരു ശാശ്വത ഉടമ്പടി ആയിരിക്കും. ഞാൻ അവരെ സ്ഥിരപ്പെടുത്തി അവരുടെ സംഖ്യയെ വർധിപ്പിക്കും. ഞാൻ എന്റെ വിശുദ്ധമന്ദിരത്തെ എന്നേക്കുമായി അവരുടെ മധ്യേ സ്ഥാപിക്കും. എന്റെ വാസസ്ഥലം അവരോടുകൂടെ ആയിരിക്കും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും. എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’ ” രാഷ്ട്രങ്ങളുടെമേൽ യഹോവയുടെ മഹത്തായ വിജയം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, രോശ്,38:2 അഥവാ, പ്രഭുക്കന്മാരുടെ മുഖ്യൻ മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെനേരേ നിന്റെ മുഖംതിരിച്ച് അവനു വിരോധമായി ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ തിരിച്ചുനിർത്തി നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്റെ സമസ്തസൈന്യവുമായി നിന്നെ പുറപ്പെടുവിക്കും. നിന്റെ എല്ലാ കുതിരപ്പട്ടാളവും ആയുധധാരികളായ അശ്വാരൂഢന്മാർ മുഴുവനും ചെറുതും വലുതുമായ പരിചകളോടുകൂടി വാളേന്തിയ ഒരു വലിയ സമൂഹവും, പരിചകളും ശിരോകവചങ്ങളും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ എന്നിവരും ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമാഗൃഹവും അവന്റെ എല്ലാ സൈന്യവും നിന്നോടൊപ്പമുണ്ടായിരിക്കും. “ ‘നീയും നിന്നോടൊപ്പമുള്ള എല്ലാ കവർച്ചസംഘവും ഒരുങ്ങി സന്നദ്ധരായിരിക്കുക. നീ അവർക്കു നേതൃത്വം വഹിച്ചുകൊൾക. വളരെനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും. വാളിൽനിന്ന് രക്ഷപ്പെട്ടതും അനേകം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ പർവതങ്ങളിലേക്ക് ഒരുമിച്ചു ചേർക്കപ്പെട്ടതും ദീർഘകാലം ശൂന്യമായിക്കിടന്നതുമായ ഒരു രാജ്യത്തെ ഭാവികാലത്ത് നീ ആക്രമിക്കും. രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരപ്പെട്ടവരാണ് അവർ. ഇപ്പോൾ അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്നു. നീയും നിന്റെ എല്ലാ സൈന്യങ്ങളും നിന്നോടൊപ്പമുള്ള വിവിധ ജനതകളും ഒരു കൊടുങ്കാറ്റുപോലെ കയറിവന്ന് മേഘംപോലെ ദേശത്തെ മൂടും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും; നീ ഒരു ദുരുപായം നിരൂപിക്കും. “മതിൽക്കെട്ടില്ലാത്ത ഗ്രാമങ്ങളുള്ള ദേശത്തെ ഞാൻ ആക്രമിക്കും; മതിലുകൾ ഇല്ലാതെയും കവാടങ്ങളും ഓടാമ്പലുകളും കൂടാതെ, സമാധാനത്തോടും യാതൊരു ശങ്കയും കൂടാതെയും ജീവിക്കുന്നവരെത്തന്നെ. പുനരധിവസിപ്പിക്കപ്പെട്ട ശൂന്യസ്ഥലങ്ങളെയും രാഷ്ട്രങ്ങളിൽനിന്നു വന്നുചേർന്ന് മൃഗങ്ങളാലും വസ്തുവകകളാലും സമ്പന്നരായി ദേശത്തിന്റെ മധ്യേവസിക്കുന്ന38:12 അതായത്, ഭൂമിയുടെ പൊക്കിൾ ജനത്തിനുനേരേ ഞാൻ കൈനീട്ടി അവരെ കവർച്ചചെയ്തു കൊള്ളയിടും,” എന്നു നീ പറയും. ശേബയും ദേദാനും തർശീശിലെ വ്യാപാരികളും അവിടെയുള്ള എല്ലാ ഗ്രാമങ്ങളും38:13 മൂ.ഭാ. സിംഹക്കുട്ടികളും നിന്നോടു ചോദിക്കുന്നു: “നീ കൊള്ളയിടാനാണോ വന്നത്? വെള്ളിയും സ്വർണവും അപഹരിക്കാനും കന്നുകാലികളെ കവർച്ചചെയ്യാനും വളരെ കൊള്ളശേഖരിക്കാനുമോ നിന്റെ കവർച്ചപ്പടയെ ഒരുമിച്ചുകൂട്ടിയത്?” എന്നു നീ ചോദിക്കും.’ “അതിനാൽ മനുഷ്യപുത്രാ, നീ പ്രവചിച്ച് ഗോഗിനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി ജീവിക്കുമ്പോൾ അതു നിന്റെ ശ്രദ്ധയിൽപ്പെടുകയില്ലേ? നീയും നിന്നോടൊപ്പമുള്ള പല ജനതകളും കുതിരപ്പുറത്തുകയറി ഒരു വിപുല സൈന്യമായി വടക്കേ അറ്റത്തുനിന്നു വരും. ദേശത്തെ മറയ്ക്കുന്ന ഒരു മേഘംപോലെ എന്റെ ജനമായ ഇസ്രായേലിന്നെതിരേ നീ വരും. ഗോഗേ, അന്ത്യകാലത്ത് ജനതകൾ കാൺകെ നിന്നിലൂടെ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന് ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കഴിഞ്ഞകാലത്ത് എന്റെ ദാസന്മാരായ ഇസ്രായേലിന്റെ പ്രവാചകന്മാരിലൂടെ ഞാൻ നിന്നെക്കുറിച്ചല്ലയോ അരുളിച്ചെയ്തിട്ടുള്ളത്? അവർ അന്ന് ഞാൻ നിന്നെ ഇസ്രായേലിനെതിരേ പുറപ്പെടുവിക്കുമെന്ന് അനേകവർഷക്കാലം പ്രവചിച്ചിരുന്നു. അന്നാളിൽ സംഭവിക്കുന്നത് ഇതായിരിക്കും: ഗോഗ് ഇസ്രായേൽദേശത്തെ ആക്രമിക്കുമ്പോൾ എന്റെ ഉഗ്രകോപം ജ്വലിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അക്കാലത്ത് ഇസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പമുണ്ടാകുമെന്ന് എന്റെ തീക്ഷ്ണതയിലും ക്രോധാഗ്നിയിലും ഞാൻ അരുളിച്ചെയ്യുന്നു. സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും വയലിലെ മൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ജീവികളും ഭൂമുഖത്തുള്ള സകലജനവും എന്റെ സന്നിധിയിൽ വിറയ്ക്കും. മലകൾ മറിഞ്ഞുപോകും കടുന്തൂക്കായ സ്ഥലങ്ങൾ ഇടിഞ്ഞുപോകും എല്ലാ മതിലും നിലംപരിചാകും. എന്റെ എല്ലാ പർവതങ്ങളിലും ഞാൻ ഗോഗിനെതിരേ ഒരു വാൾ വിളിച്ചുവരുത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യന്റെയും വാൾ അവന്റെ സഹോദരന്റെമേൽ വീഴും. പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലുംകൊണ്ട് ഞാൻ അവനെതിരേ ന്യായവിധി നടത്തും. ഞാൻ അവന്റെമേലും അവന്റെ സൈന്യത്തിന്മേലും അവനോടൊപ്പമുള്ള നിരവധി രാഷ്ട്രങ്ങളുടെമേലും പെരുമഴയും മഞ്ഞുകട്ടയും എരിയുന്ന ഗന്ധകവും വർഷിപ്പിക്കും. ഇങ്ങനെ ഞാൻ എന്റെ മഹത്ത്വവും വിശുദ്ധിയും വെളിപ്പെടുത്തും. അനേകം രാഷ്ട്രങ്ങൾക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ “മനുഷ്യപുത്രാ, നീ ഗോഗിനെതിരായി പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവരുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. ഞാൻ നിന്നെ നേരേ തിരിച്ചു വലിച്ചിഴയ്ക്കും. വടക്കേ അറ്റത്തുനിന്ന് നിന്നെ ഇസ്രായേൽ പർവതങ്ങൾക്ക് എതിരേ കൊണ്ടുവരും. ഞാൻ നിന്റെ വില്ല് നിന്റെ ഇടങ്കൈയിൽനിന്നു തെറിപ്പിക്കും; നിന്റെ അമ്പുകൾ വലങ്കൈയിൽനിന്നു വീഴ്ത്തും. ഇസ്രായേൽ പർവതങ്ങളിൽ നീ നിപതിക്കും, നീയും നിന്റെ സൈന്യംമുഴുവനും നിന്നോടൊപ്പമുള്ള രാഷ്ട്രങ്ങളുംതന്നെ. ചീഞ്ഞ മാംസം തിന്നുന്ന എല്ലാ ഇനം പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും നിന്നെ ഞാൻ ആഹാരമായി നൽകും. നീ വെളിമ്പ്രദേശത്തു വീഴും. ഞാൻ അതു കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ മാഗോഗിന്മേലും തീരപ്രദേശങ്ങളിൽ സുരക്ഷിതരായിപ്പാർക്കുന്ന എല്ലാവരുടെമേലും തീ അയയ്ക്കും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “ ‘ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഇനി ഞാൻ അനുവദിക്കുകയില്ല. യഹോവയായ ഞാൻ ഇസ്രായേലിന്റെ പരിശുദ്ധനെന്ന് ഇതരരാഷ്ട്രങ്ങൾ അറിയും. ഇതാ, അതു വരുന്നു! അതു തീർച്ചയായും സംഭവിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ ഞാൻ അരുളിച്ചെയ്ത ദിവസം. “ ‘അന്ന് ഇസ്രായേൽ പട്ടണങ്ങളിൽ പാർക്കുന്നവർ തങ്ങളുടെ ആയുധങ്ങൾ വിറകായി ഉപയോഗിക്കും. ചെറുതും വലുതുമായ പരിചകൾ, അമ്പുകൾ, വില്ലുകൾ, യുദ്ധത്തിനുള്ള ഗദകൾ, കുന്തങ്ങൾ എന്നിവയെല്ലാം അവർ കത്തിക്കും. അവർ അവയുപയോഗിച്ച് ഏഴുവർഷം തീ കത്തിക്കും. അവർ ഈ ആയുധങ്ങൾ വിറകായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വയലുകളിൽനിന്ന് വിറകുശേഖരിക്കുകയോ വനത്തിൽനിന്ന് വിറകുവെട്ടുകയോ ചെയ്യേണ്ടിവരികയില്ല. തങ്ങളെ കൊള്ളചെയ്തവരെ അവർ കൊള്ളചെയ്യുകയും തങ്ങളിൽനിന്ന് കവർച്ചചെയ്തവരെ അവർ കവർച്ചചെയ്യുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘ആ കാലത്ത് ഞാൻ ഗോഗിന് ഇസ്രായേൽദേശത്ത് ഒരു ശ്മശാനഭൂമി നൽകും. സമുദ്രത്തിന്റെ പൂർവ ദിശയിലേക്കു യാത്ര ചെയ്യുന്നവരുടെ താഴ്വരയിൽത്തന്നെ. ഗോഗിനെയും അവന്റെ കവർച്ചസംഘം എല്ലാറ്റിനെയും അവിടെ കുഴിച്ചിടുന്നതുമൂലം അതു വഴിപോക്കരുടെ വഴി തടസ്സപ്പെടുത്തും. അങ്ങനെ അത് ഹാമോൻ-ഗോഗ് താഴ്വര എന്നു വിളിക്കപ്പെടും. “ ‘അവരെ സംസ്കരിച്ചു ദേശം വെടിപ്പാക്കാൻ ഇസ്രായേൽജനത്തിനു ഏഴുമാസത്തോളം വേണ്ടിവരും. ദേശത്തെ ജനങ്ങൾ എല്ലാവരുംതന്നെ അവരെ സംസ്കരിക്കുന്നതിൽ പങ്കാളികളാകും. ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന ദിവസം അവർക്ക് ഓർക്കത്തക്ക ഒരു ദിവസമായിരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ദേശം വെടിപ്പാക്കുന്നതിന് തുടർച്ചയായി ജോലിക്കാരെ നിയമിക്കും. അവർ മറ്റുള്ളവരുമായിച്ചേർന്ന് ദേശംമുഴുവനും സഞ്ചരിച്ച് അവശേഷിച്ച ശവങ്ങളും മറവുചെയ്യും. “ ‘ഏഴുമാസം കഴിയുമ്പോൾ അവർ ഒരു വിശദമായ പരിശോധന നടത്തും. അവർ ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടെത്തിയാൽ അതിനരികെ ഒരു ചിഹ്നംവെക്കും. ആ അസ്ഥി ശവക്കുഴി തോണ്ടുന്നവർ ഹമോനാ39:15-16 കവർച്ചസംഘം എന്നർഥം. എന്നു വിളിക്കപ്പെടുന്ന ഒരു പട്ടണത്തിനരികെയുള്ള ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യുംവരെ ആ അടയാളം അവിടെ ഉണ്ടായിരിക്കും. അങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.’ “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും കാട്ടുമൃഗങ്ങളോടും നീ ഇപ്രകാരം വിളിച്ചുപറയുക: ‘നാലുപാടുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും നിങ്ങൾക്കുവേണ്ടി ഒരുക്കുന്ന യാഗത്തിനായി ഒരുമിച്ചു വന്നുചേരുക; ഇസ്രായേൽ പർവതങ്ങളിലുള്ള മഹായാഗത്തിനുതന്നെ. അവിടെ നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യും. നിങ്ങൾ വീരന്മാരായ പുരുഷന്മാരുടെ മാംസം തിന്നുകയും ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കുകയും ചെയ്യും. അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളുംതന്നെ. ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തിൽനിന്ന് നിങ്ങൾ മാംസം തൃപ്തിയാകുവോളം തിന്നുകയും രക്തം ലഹരിവരുവോളം കുടിക്കുകയും ചെയ്യും. എന്റെ മേശയിൽനിന്ന് നിങ്ങൾ കുതിരകളെയും തേരാളികളെയും ശക്തന്മാരെയും എല്ലാത്തരം യുദ്ധവീരന്മാരെയും തിന്നു തൃപ്തരാകും,’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ഞാൻ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ എന്റെ മഹത്ത്വം വെളിപ്പെടുത്തും. എല്ലാ രാജ്യങ്ങളും ഞാൻ നൽകുന്ന ശിക്ഷയും ഞാൻ അവരുടെമേൽ പതിപ്പിച്ച എന്റെ കൈയും കാണും. ആ ദിവസംമുതൽ ഞാൻ അവരുടെ ദൈവമായ യഹോവയെന്ന് ഇസ്രായേൽജനം അറിയും. ഇസ്രായേൽജനം തങ്ങളുടെ പാപംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോട് അവിശ്വസ്തരായതുനിമിത്തം ഞാൻ അവർക്ക് എന്റെ മുഖം മറച്ച് അവർ വാളിനിരയാകുമാറ് ശത്രുക്കളുടെകൈയിൽ അവരെ ഏൽപ്പിച്ചു എന്നും ഇതരരാഷ്ട്രങ്ങൾ മനസ്സിലാക്കും. അവരുടെ അശുദ്ധിക്കും പാപത്തിനും തക്കവണ്ണം ഞാൻ അവരോട് ഇടപെട്ടു; ഞാൻ എന്റെ മുഖം അവർക്കു മറച്ചുകളഞ്ഞു. “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിനെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തും. എല്ലാ ഇസ്രായേൽമക്കളോടും ഞാൻ കരുണകാണിക്കും; എന്റെ പരിശുദ്ധനാമത്തെക്കുറിച്ച് ഞാൻ തീക്ഷ്ണതയുള്ളവനാകും. ആർക്കും അവരെ ഭയപ്പെടുത്താൻ സാധിക്കാത്തവിധം അവർ സുരക്ഷിതരായി തങ്ങളുടെ ദേശത്തു ജീവിച്ചപ്പോൾ അവർ എന്നോടു കാണിച്ച ലജ്ജാകരമായ അവിശ്വസ്തത അവർ മറക്കും. ഞാൻ അവരുടെ ശത്രുക്കളായ ജനതകളുടെ ഇടയിൽനിന്നും രാജ്യങ്ങളിൽനിന്നും അവരെ തിരിച്ചുകൊണ്ടുവന്നശേഷം, അനേകം രാഷ്ട്രങ്ങളുടെ മധ്യത്തിൽ ഞാൻ എന്നെത്തന്നെ അവർ കാൺകെ വിശുദ്ധീകരിക്കും. ഞാൻ അവരെ പ്രവാസികളായി ഇതര ജനതകൾക്കിടയിലേക്ക് അയച്ചു; എങ്കിലും അവരിൽ ഒരാളെപ്പോലും പിന്നിൽ വിട്ടുകളയാതെ ഞാൻ അവരെ ശേഖരിച്ച് സ്വന്തം ദേശത്തേക്ക് കൂട്ടിവരുത്തിയതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും. ഞാൻ ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനിയൊരിക്കലും എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” ദൈവാലയനിർമിതിക്കുള്ള സ്ഥലം പുനഃസ്ഥാപിക്കപ്പെടുന്നു ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു. ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.” പുറത്തെ അങ്കണത്തിലേക്കുള്ള കിഴക്കേ കവാടം ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു.40:5 ഏക. 3.2 മീ.; 40–48 വരെയുള്ള അധ്യായങ്ങളിൽ ഒരുമുഴം എന്നത് 53 സെ.മീ. അഥവാ, 21 ഇഞ്ച്. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു. അതിലെ കാവൽമാടങ്ങൾക്ക് ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും ഉണ്ടായിരുന്നു. കാവൽമാടങ്ങൾക്കിടയിൽ തള്ളിനിൽക്കുന്ന മതിലുകൾക്ക് അഞ്ചുമുഴം40:7 ഏക. 2.7 മീ. കനമുണ്ടായിരുന്നു. പൂമുഖത്തിന് തൊട്ടടുത്ത് ആലയത്തിന് അഭിമുഖമായിട്ടുള്ള പടിവാതിലിന്റെ ആഴം ഒരു ദണ്ഡ് ആയിരുന്നു. അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിലെ പടിപ്പുര അളന്നു. അത് എട്ടുമുഴവും40:9 ഏക. 4.2 മീ. അതിന്റെ കട്ടിളക്കാലുകൾ രണ്ടുമുഴവും40:9 ഏക. 1 മീ. ആയിരുന്നു. പ്രവേശനകവാടത്തിലെ പടിപ്പുര ആലയത്തിന് അഭിമുഖമായിരുന്നു. കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ. അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിന്റെ വീതി അളന്നു. അതു പത്തുമുഴവും അതിന്റെ നീളം പതിമ്മൂന്നുമുഴവും40:11 വീതി 5.3 മീ, നീളം 6.9 മീ. ആയിരുന്നു. ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു. അദ്ദേഹം ഒരു കാവൽമാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു. അതു വാതിൽമുതൽ വാതിൽവരെ ഇരുപത്തിയഞ്ചുമുഴം40:13 ഏക. 13 മീ. ആയിരുന്നു. അദ്ദേഹം തള്ളിനിൽക്കുന്ന ഭിത്തിയുടെ അകവശംമുഴുവനും അളന്നു. അത് അറുപതുമുഴം40:14 ഏക. 32 മീ. ആയിരുന്നു. ആലയാങ്കണത്തിലേക്കു തുറന്നിരിക്കുന്ന പടിപ്പുരവരെയുള്ള അളവായിരുന്നു ഇത്. പ്രവേശനകവാടംമുതൽ അതിന്റെ പടിപ്പുരയുടെ അങ്ങേയറ്റംവരെയുള്ള ദൂരം അൻപതുമുഴം40:15 ഏക. 27 മീ. ആയിരുന്നു. കാവൽമാടത്തിനും കവാടത്തിനുള്ളിൽ തള്ളിനിൽക്കുന്ന ഭിത്തികൾക്കും ചുറ്റിലുമായി അഴിയുള്ള വീതികുറഞ്ഞ ജാലകങ്ങൾ ഉണ്ടായിരുന്നു; പടിപ്പുരയ്ക്ക് ഉണ്ടായിരുന്നതുപോലെതന്നെ. ഈ ജാലകങ്ങൾ എല്ലാംതന്നെ അകത്തേക്കു തുറക്കുന്നവ ആയിരുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തിയുടെ പ്രതലങ്ങളിൽ ഈന്തപ്പനകൾ കൊത്തി അലങ്കരിച്ചിരുന്നു. പുറത്തെ അങ്കണം അനന്തരം അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ദൈവാലയാങ്കണത്തിനു ചുറ്റും മുറികളും ഓരോ കൽത്തളവും പണിയപ്പെട്ടിരുന്നു. കൽത്തളങ്ങളിൽ മുപ്പതു മുറികൾ ഉണ്ടായിരുന്നു. കൽത്തളം പ്രവേശനകവാടങ്ങളോടു ചേർന്നിരുന്നു; അതിന്റെ നീളവും വീതിയും തുല്യം. ഇത് താഴത്തെ കൽത്തളം. പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം40:19 ഏക. 53 മീ. വീതമായിരുന്നു. വടക്കേ കവാടം പിന്നെ അദ്ദേഹം പുറത്തെ അങ്കണത്തെ അഭിമുഖീകരിക്കുന്ന വടക്കേകവാടത്തിന്റെ നീളവും വീതിയും അളന്നു. അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു. അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അകത്തെ അങ്കണത്തിന്, കിഴക്കുഭാഗത്ത് ഉണ്ടായിരുന്നതുപോലെതന്നെ വടക്കേ കവാടത്തിന് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. ഒരു കവാടംമുതൽ എതിർദിശയിലെ കവാടംവരെയുള്ള അകലം അളന്നു; അത് നൂറുമുഴം ആയിരുന്നു. തെക്കേ കവാടം അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ. ആ ജാലകങ്ങൾപോലെ ഇതിനും പൂമുഖത്തിനുചുറ്റും മറ്റു ദിക്കുകളിലേതുപോലെയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു; അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അതിന് തള്ളിനിൽക്കുന്ന ഭിത്തികളുടെ മുഖത്ത് ഇരുവശത്തും ഈന്തപ്പനകളുടെ അലങ്കാരം ഉണ്ടായിരുന്നു. അകത്തെ അങ്കണത്തിന് തെക്കോട്ട് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. തെക്കോട്ട് ഒരു കവാടംമുതൽ മറ്റേ കവാടംവരെ അദ്ദേഹം അളന്നു; അതു നൂറുമുഴം ആയിരുന്നു. അകത്തെ അങ്കണത്തിന്റെ കവാടങ്ങൾ പിന്നീട് അദ്ദേഹം തെക്കേ കവാടത്തിൽക്കൂടി എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം തെക്കേ കവാടം അളന്നു. അതിനും മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു. അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. കവാടങ്ങളുടെ പൂമുഖങ്ങൾ ചുറ്റും ഇരുപത്തിയഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവ ആയിരുന്നു. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ കട്ടിളക്കാലുകൾ ഈന്തപ്പനകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നെ കിഴക്കുവശത്ത് അകത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം ആ കവാടം അളന്നു. അതിന് മറ്റുള്ളവയുടെ അളവുകൾ ആയിരുന്നു. അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുവന്ന് അത് അളന്നു. അതിന് മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു. അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖങ്ങളും അപ്രകാരംതന്നെ അളവുള്ളവയായിരുന്നു. അതിനുചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. യാഗം ഒരുക്കുന്നതിനുള്ള അറകൾ അകത്തെ കവാടത്തിൽ ഓരോന്നിലും പൂമുഖത്തിനടുത്ത് വാതിലോടുകൂടിയ ഒരു അറ ഉണ്ടായിരുന്നു. ഹോമയാഗത്തിനുള്ള മാംസം അവിടെയാണ് കഴുകിയിരുന്നത്. കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്. കവാടത്തിന്റെ പൂമുഖത്തിന്റെ പുറത്തെ മതിലിന്റെ സമീപത്തായി വടക്കേകവാടത്തിന്റെ പ്രവേശനത്തിലുള്ള പടികളുടെ അടുത്തായിത്തന്നെ രണ്ടു മേശയും പടികളുടെ മറുവശത്തായി വേറെ രണ്ടു മേശയും ഉണ്ടായിരുന്നു. ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു. ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു.40:42 വീതി 80 സെ.മീ., നീളം 53 സെ.മീ. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു. അകത്ത് മതിലുകളിൽ ചുറ്റിലും നാലുവിരൽ40:43 ഏക. 9 സെ.മീ. നീളമുള്ള ഇരട്ടക്കൊളുത്തുകൾ തറച്ചിരുന്നു. ആ മേശകൾ യാഗത്തിനുള്ള മാംസം വെക്കുന്നതിനുവേണ്ടിയുള്ളവ ആയിരുന്നു. പുരോഹിതന്മാർക്കുള്ള മുറികൾ അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ40:44 മൂ.ഭാ. കിഴക്കേ കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു. അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള മുറി ആലയത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കും വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.” പിന്നെ അദ്ദേഹം അങ്കണം അളന്നു: അത് നൂറുമുഴം നീളവും നൂറുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. യാഗപീഠമോ, ആലയത്തിന്റെ മുൻവശത്തായിരുന്നു. പുതിയ ദൈവാലയം പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും40:48 ഏക. 7.4 മീ. തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും40:48 ഏക. 1.6 മീ. ഇരുവശങ്ങളിലും ഉണ്ടായിരുന്നു. പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും40:49 ഏക. 11 മീ. മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു40:49 മൂ.ഭാ. പതിനൊന്നു40:49 ഏക. 6.4 മീ. മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ40:49 ചി.കൈ.പ്ര. പത്തു പടികൾ ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു. അതിനുശേഷം ആ പുരുഷൻ എന്നെ ആലയത്തിലെ വിശാലമായ മുറിയിലേക്കു കൊണ്ടുവന്ന് കട്ടിളക്കാലുകൾ അളന്നു. കട്ടിളക്കാലുകളുടെ വീതി ഇരുവശങ്ങളിൽ ഓരോന്നിലും ആറുമുഴം41:1 ഏക. 3.2 മീ. വീതമായിരുന്നു. പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴം ആയിരുന്നു. അതിന്റെ പാർശ്വഭിത്തികളുടെ നീളം ഇപ്പുറത്ത് അഞ്ചുമുഴവും41:2 ഏക. 2.7 മീ. അപ്പുറത്ത് അഞ്ചുമുഴവുമായിരുന്നു. അദ്ദേഹം ആലയത്തിലെ വിശാലമുറിയും അളന്നു. അതിന്റെ നീളം നാൽപ്പതുമുഴവും വീതി ഇരുപതു മുഴവും ആയിരുന്നു. പിന്നീട് അദ്ദേഹം അന്തർമന്ദിരത്തിലേക്കു ചെന്ന് പ്രവേശനത്തിലെ കട്ടിളക്കാലുകൾ അളന്നു. അതിന്റെ ഓരോന്നിന്റെയും വീതി രണ്ടുമുഴംവീതം ആയിരുന്നു.41:3 ഏക. 1.1 മീ. പ്രവേശനത്തിന്റെ വീതി ആറുമുഴവും പ്രവേശനത്തിന്റെ ഇരുവശവുമുള്ള തള്ളിനിൽക്കുന്ന ചുമരുകളുടെ വീതി ഏഴുമുഴം41:3 ഏക. 3.7 മീ. വീതവുമായിരുന്നു. അദ്ദേഹം അന്തർമന്ദിരത്തിന്റെ നീളം അളന്നു. അത് ഇരുപതു മുഴവും വീതി ആലയത്തിന്റെ വിശാലമായ മുറിയുടെ വീതിക്കൊത്തവണ്ണം ഇരുപതു മുഴവും ആയിരുന്നു. “ഇത് അതിവിശുദ്ധസ്ഥലം,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതിനുശേഷം അദ്ദേഹം ആലയത്തിന്റെ ചുമർ അളന്നു. അതിന്റെ കനം ആറുമുഴം ആലയത്തിന്റെ ചുറ്റുമുള്ള മുറികളുടെ വീതി നാലുമുഴം.41:5 ഏക. 2.1 മീ. വശത്തോടുചേർന്ന മുറികൾ ഒന്നിനുമേൽ ഒന്നായി മൂന്നു നിലയിലായിരുന്നു. ഓരോ നിലയിലും മുപ്പതു മുറികൾ ഉണ്ടായിരുന്നു. ആലയഭിത്തിക്കകത്തേക്കു കടക്കാതിരിക്കുന്നതിനായി വശത്തോടുചേർന്ന മുറികളെ താങ്ങിനിർത്താൻ ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു. ആലയത്തിനു ചുറ്റുമുള്ള മുറികൾ ഓരോ നില കഴിയുന്തോറും വീതി കൂടിക്കൂടിവരുന്നവ ആയിരുന്നു. ആലയത്തിനു ചുറ്റുമുള്ള കെട്ടിടം മുകളിലോട്ടു വിസ്താരംകൂടുമാറ് പണിതിരുന്നു. താഴത്തെ നിലയിൽനിന്ന് മുകളിലെത്താൻ നടുവിലത്തെ നിലയിലൂടെ കോണിപ്പടികൾ ഉണ്ടായിരുന്നു. വശങ്ങളിലുള്ള മുറികൾക്ക് ഒരു അടിസ്ഥാനമാകുംവിധം ആലയത്തിനുചുറ്റും ഉയർന്ന തറ ഞാൻ കണ്ടു; ഒരു ദണ്ഡിന്റെ നീളമായ, ആറു നീണ്ട മുഴങ്ങളായിരുന്നു അതിന് ഉണ്ടായിരുന്നത്. വശത്തോടുചേർന്ന മുറികളുടെ പുറത്തെ ചുമരിന്റെ കനം അഞ്ചുമുഴമായിരുന്നു. ആലയത്തിന്റെ വശങ്ങളിലെ മുറികൾക്കും പുരോഹിതന്മാരുടെ മുറികൾക്കും ഇടയിൽ ഇരുപതുമുഴം വീതിയുള്ള ഒരു അങ്കണം ആലയത്തിനുചുറ്റും ഉണ്ടായിരുന്നു. തുറസ്സായ സ്ഥലത്തുനിന്നു വശത്തോടുചേർന്ന മുറികളിലേക്കു പ്രവേശിക്കാൻ വാതിലുകൾ ഉണ്ടായിരുന്നു; ഒന്നു വടക്കുവശത്തും മറ്റൊന്നു തെക്കുവശത്തും. തുറസ്സായ സ്ഥലത്തോടു ചേർന്നുള്ള തറയ്ക്ക് എല്ലാവശത്തും അഞ്ചുമുഴം വീതി ഉണ്ടായിരുന്നു. ആലയത്തിന്റെ അങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിന്റെ വീതി എഴുപതുമുഴമായിരുന്നു.41:12 ഏക. 37 മീ. കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിലിന്റെ കനം അഞ്ചുമുഴവും അതിന്റെ ആകെ നീളം തൊണ്ണൂറു മുഴവുമായിരുന്നു.41:12 ഏക. 48 മീ. അതിനുശേഷം അദ്ദേഹം ആലയം അളന്നു; അതിന്റെ നീളം നൂറുമുഴം.41:13 ഏക. 53 മീ. ആലയത്തിന്റെ അങ്കണവും കെട്ടിടവും അതിന്റെ ചുമരുകൾക്കും നൂറുമുഴം നീളമായിരുന്നു. ആലയത്തിന്റെ കിഴക്കുവശത്തെ മുറ്റത്തിന്റെയും ആലയത്തിന്റെ മുൻഭാഗത്തിന്റെയും വീതി നൂറുമുഴംവീതമായിരുന്നു. പിന്നെ അദ്ദേഹം പിൻഭാഗത്തുള്ള മുറ്റത്തിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ നീളവും അതിനോടു ചേർന്ന് ഇരുവശത്തുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളും അളന്നു; അവയുടെ നീളം നൂറുമുഴം. ആലയത്തിലെ വിശാലമായ മുറി, അന്തർമന്ദിരം, അങ്കണത്തിന് അഭിമുഖമായുള്ള പൂമുഖം, ഇവ മൂന്നിനും ചുറ്റുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങൾ ഉമ്മറപ്പടികൾ വീതികുറഞ്ഞ ജനാലകൾ—ഉമ്മറപ്പടിയും ഉൾപ്പെടെ അതിനപ്പുറമുള്ള എല്ലാം—നിലത്തുനിന്ന് ജാലകങ്ങൾവരെയും തടികൊണ്ടു മറച്ചിരുന്നു, ജാലകങ്ങളോ അടച്ചിരുന്നു. അന്തർമന്ദിരത്തിന്റെ വാതിലിന്റെ പുറത്ത് മുകളിലുള്ള സ്ഥലത്തും മന്ദിരത്തിന്റെ ചുമരിന്റെചുറ്റും അകമേയും പുറമേയും കൃത്യം ഇടവിട്ട് കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു. കെരൂബിനും കെരൂബിനും മധ്യേ ഓരോ ഈന്തപ്പന കൊത്തിയിരുന്നു. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു: ഒരുവശത്തുള്ള ഈന്തപ്പനയ്ക്കുനേരേ മനുഷ്യമുഖവും മറുവശത്തേതിനുനേരേ സിംഹമുഖവുമാണ് ഉണ്ടായിരുന്നത്. ആലയത്തിനുചുറ്റും എല്ലായിടവും ഇപ്രകാരംതന്നെ കൊത്തിയിരുന്നു. വിശാലമായ മുറിയുടെ ഭിത്തിയിൽ നിലംമുതൽ പ്രവേശനത്തിന്റെ മുകൾഭാഗംവരെയും കെരൂബുകളും ഈന്തപ്പനകളും കൊത്തിയിരുന്നു. വിശാലമായ മുറിക്ക് ദീർഘചതുരമായ കട്ടിള ഉണ്ടായിരുന്നു, അതിവിശുദ്ധസ്ഥാനത്തിനു മുന്നിലുള്ള കട്ടിളയും അതിനു സമാനമായിരുന്നു. മൂന്നുമുഴം41:22 ഏക. 1.5 മീ. ഉയരവും രണ്ടുമുഴം സമചതുരവുമായ മരംകൊണ്ടുള്ള ഒരു യാഗപീഠം ഉണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും പാർശ്വങ്ങളും മരംകൊണ്ട് ഉള്ളതായിരുന്നു. ആ പുരുഷൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്നു പറഞ്ഞു. ആലയത്തിലെ വിശാലമായ മുറിക്കും അതിവിശുദ്ധ മന്ദിരത്തിനും ഇരട്ടക്കതകുകൾ ഉണ്ടായിരുന്നു. ഓരോ കതകിനും രണ്ടു പലകകൾ വീതമായിരുന്നു ഉണ്ടായിരുന്നത്—വിജാഗിരിവെച്ച രണ്ടു പലകകൾ ഓരോ വാതിലിനും. ചുമരുകളിൽ കാണപ്പെട്ടതുപോലെതന്നെ വിശാലമായ മുറിയുടെ കതകുകളിലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു. പൂമുഖത്തിന്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു കനത്ത തുലാം ഉണ്ടായിരുന്നു. പൂമുഖത്തിന്റെ വശങ്ങളിലെ ഭിത്തികളിൽ ഇരുവശത്തും ഈന്തപ്പനകൾ കൊത്തിയിട്ടുള്ള വീതികുറഞ്ഞ ജനാലകൾ ഉണ്ടായിരുന്നു. ആലയത്തിന്റെ വശങ്ങളിലുള്ള മുറികളിലും തുലാങ്ങൾ ഉണ്ടായിരുന്നു. പുരോഹിതന്മാർക്കുള്ള മുറികൾ അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു: അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും42:2 ഏക. 53 മീ. നീളവും 27 മീ. വീതിയും. ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു. അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും42:3 ഏക. 11 മീ. പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു. മുറികളുടെ മുൻഭാഗത്ത് ഉള്ളിലായി പത്തുമുഴം വീതിയിലും നൂറുമുഴം നീളത്തിലും ഒരു നടപ്പാത ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കുഭാഗത്തായിരുന്നു. താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു. മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു. മുറികൾക്കും പുറത്തെ അങ്കണത്തിനും സമാന്തരമായി ഒരു പുറംചുമർ ഉണ്ടായിരുന്നു. അതിന് മുറികൾക്കു മുമ്പിൽ അൻപതുമുഴം നീളമുണ്ടായിരുന്നു. പുറത്തെ അങ്കണത്തിനടുത്തു നിരനിരയായുള്ള മുറികളുടെ നീളം അൻപതു മുഴവും വിശുദ്ധമന്ദിരത്തിനു തൊട്ടടുത്തുള്ള നിരയുടെ നീളം നൂറു മുഴവുമായിരുന്നു. പുറത്തെ അങ്കണത്തിൽനിന്ന് ഈ മുറികളിലേക്കു കടക്കാൻ താഴത്തെ നിലയിൽ കിഴക്കുവശത്തായി ഒരു പ്രവേശനം ഉണ്ടായിരുന്നു. തെക്കേവശത്ത്42:10 മൂ.ഭാ. കിഴക്കേവശത്ത് പുറത്തെ അങ്കണമതിലിനോടു ചേർന്ന് ദൈവാലയമുറ്റത്തോടു ചേർന്ന് പുറത്തെ മതിലിന് എതിരേ മുറികളുണ്ടായിരുന്നു. അവയുടെ മുൻഭാഗത്ത് ഒരു നടപ്പാത ഉണ്ടായിരുന്നു. അവയ്ക്കു നീളവും വീതിയും പുറത്തേക്കുള്ള വാതിലുകളും അളവുകളും വടക്കുഭാഗത്തെ മുറികൾക്കു സമാനമായിരുന്നു. വടക്കുവശത്തുള്ള വാതിലുകൾപോലെയായിരുന്നു തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ. പുരോഹിതന്മാർ ഒരിക്കൽ വിശുദ്ധമന്ദിരത്തിന്റെ ചുറ്റുവട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, ശുശ്രൂഷിക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റാതെ അവർ പുറത്തെ അങ്കണത്തിലേക്ക് പോകാൻ പാടുള്ളതല്ല, കാരണം ആ വസ്ത്രങ്ങൾ വിശുദ്ധമല്ലോ. ജനത്തിനുള്ള സ്ഥലത്തിനടുത്ത് ചെല്ലുന്നതിനുമുമ്പ് അവർ വേറെ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.” ദൈവാലയത്തിന്റെ അന്തർഭാഗമെല്ലാം അളന്നുതീർന്നശേഷം അദ്ദേഹം എന്നെ കിഴക്കേ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുപോയി. ദൈവാലയപ്രദേശം ചുറ്റും അളന്നു. കിഴക്കേവശം അളവുദണ്ഡിനാൽ അളന്നു; അത് അഞ്ഞൂറു മുഴമെന്നു കണ്ടു. വടക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡിന്റെ കണക്കനുസരിച്ച് അത് അഞ്ഞൂറ് മുഴമായിരുന്നു.42:17 ഏക. 265 മീ. തെക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം. അനന്തരം അദ്ദേഹം പടിഞ്ഞാറുവശത്തെത്തി അവിടവും അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം. അങ്ങനെ ആ പ്രദേശമാകെ, നാലുവശവും അദ്ദേഹം അളന്നു. വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻവേണ്ടി അവിടെ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ഉള്ള ഒരു മതിൽ ഉണ്ടായിരുന്നു. ദൈവത്തിന്റെ തേജസ്സ് ദൈവാലയത്തിലേക്കു മടങ്ങിവരുന്നു അതിനുശേഷം ആ പുരുഷൻ എന്നെ കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന കവാടത്തിലേക്കു കൊണ്ടുവന്നു. അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്നു വരുന്നതു ഞാൻ കണ്ടു. അവിടത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയായിരുന്നു. അവിടത്തെ തേജസ്സുകൊണ്ട് ഭൂമി ഉജ്ജ്വലമായി. ഞാൻ കണ്ട ദർശനം നഗരത്തെ നശിപ്പിക്കാൻ അവിടന്നു43:3 മിക്ക കൈ.പ്ര. ഞാൻ വന്നപ്പോഴത്തെ ദർശനംപോലെയും, കേബാർനദീതീരത്തു ഞാൻ കണ്ട ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു. യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ ആലയത്തിലേക്കു പ്രവേശിച്ചു. അപ്പോൾ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു. ആ പുരുഷൻ എന്റെ അടുക്കൽ നിൽക്കുമ്പോൾ ഒരുവൻ ആലയത്തിന്റെ ഉള്ളിൽനിന്ന് എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു. അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിനായുള്ള സ്ഥലവും എന്റെ പാദങ്ങൾ വെക്കാനുള്ള ഇടവുമാകുന്നു. ഇസ്രായേല്യരുടെ മധ്യേ ഞാൻ എന്നേക്കും വസിക്കുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനമോ അവരുടെ രാജാക്കന്മാരോ അവരുടെ വ്യഭിചാരംകൊണ്ടും അവരുടെ രാജാക്കന്മാരുടെ മരണത്തോട് അനുബന്ധിച്ച്43:7 അഥവാ, അവരുടെ ക്ഷേത്രങ്ങൾ നടത്തുന്ന ശവസംസ്കാരയാഗങ്ങൾകൊണ്ടും43:7 അഥവാ, സ്മാരകങ്ങൾ ഇനിമേലാൽ എന്റെ വിശുദ്ധനാമത്തെ മലീമസമാക്കുകയില്ല. എനിക്കും അവർക്കും ഇടയിൽ ഒരു ചുമർമാത്രം ഉണ്ടായിരിക്കുമാറ്, തങ്ങളുടെ ഉമ്മറപ്പടികൾ എന്റെ ഉമ്മറപ്പടികൾക്കു സമീപവും തങ്ങളുടെ കട്ടിളകൾ എന്റെ കട്ടിളകൾക്കു സമീപവും ആക്കിയിട്ടാണ് അവർ എന്റെ നാമം അശുദ്ധമാക്കിയത്. അവർ ചെയ്ത മ്ലേച്ഛകർമങ്ങളിലൂടെ അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കിയിരിക്കുന്നു. തന്മൂലം ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു. ഇപ്പോൾ അവർ തങ്ങളുടെ വ്യഭിചാരവും തങ്ങളുടെ രാജാക്കന്മാർക്കുവേണ്ടി നടത്തുന്ന ശവസംസ്കാരയാഗങ്ങളും എന്റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ. അപ്പോൾ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും. “മനുഷ്യപുത്രാ, ഇസ്രായേൽജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന് ഈ ആലയം അവർക്ക് വിവരിച്ചുകൊടുക്കുക. അവർ അതിന്റെ പരിപൂർണത പരിഗണിക്കുക. അവർ തങ്ങൾചെയ്ത എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നെങ്കിൽ ആലയത്തിന്റെ രൂപകൽപ്പനയും—അതിന്റെ സംവിധാനവും അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും—അതിന്റെ സമ്പൂർണ രൂപകൽപ്പനയും അനുശാസനങ്ങളും നിയമങ്ങളും അവരെ അറിയിക്കുക. അവർ അതിന്റെ രൂപകൽപ്പനയോടു വിശ്വസ്തരായി അതിന്റെ എല്ലാ അനുശാസനങ്ങളും അനുസരിക്കേണ്ടതിന് അതെല്ലാം അവർ കാൺകെ എഴുതിവെക്കുക. “ഇതാണ് ആലയത്തെ സംബന്ധിച്ചുള്ള പ്രമാണം: പർവതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം. ഇതാണ് ആലയത്തെക്കുറിച്ചുള്ള നിയമം. യാഗപീഠം “നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം: നിലത്തുള്ള അതിന്റെ ചുവടുമുതൽ താഴത്തെ തട്ടുവരെ അതിന് രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. യാഗപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരമുണ്ടാകണം. അടുപ്പിൽനിന്നു മുകളിലേക്ക് നാലുകൊമ്പ് ഉണ്ടായിരിക്കണം. യാഗപീഠത്തിന്റെ അടുപ്പ് പന്ത്രണ്ടുമുഴം നീളത്തിലും പന്ത്രണ്ടുമുഴം വീതിയിലും സമചതുരമായിരിക്കണം. മുകളിലത്തെ തട്ടും പതിന്നാലുമുഴം നീളത്തിലും പതിന്നാലുമുഴം വീതിയിലും സമചതുരമായിരിക്കണം. അതിന്റെ വക്ക് ചുറ്റും അര മുഴവും ചുവട് ചുറ്റും ഒരുമുഴവും ആയിരിക്കണം. യാഗപീഠത്തിലേക്കുള്ള പടികൾ കിഴക്കോട്ടായിരിക്കണം.” പിന്നീട് അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാഗപീഠം നിർമിച്ചുകഴിയുമ്പോൾ ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും രക്തം തളിക്കുന്നതിനുമുള്ള അനുശാസനങ്ങൾ ഇവയായിരിക്കും: സാദോക്കിന്റെ പുത്രന്മാരായി എനിക്കു ശുശ്രൂഷചെയ്യാൻ അടുത്തുവരുന്ന ലേവ്യരായ പുരോഹിതന്മാർക്ക് പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെ കൊടുക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അതിന്റെ കുറെ രക്തം എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പുകളിലും മുകൾത്തട്ടിന്റെ നാലു കോണുകളിലും വക്കിന്മേൽ ചുറ്റിലും പുരട്ടി യാഗപീഠം ശുദ്ധീകരിച്ച് അതിനുള്ള പ്രായശ്ചിത്തം കഴിക്കുകയും വേണം. കാളക്കിടാവിനെ പാപശുദ്ധീകരണയാഗത്തിനായി എടുത്തു വിശുദ്ധമന്ദിരത്തിനു പുറത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം. “രണ്ടാംദിവസം നീ പാപശുദ്ധീകരണയാഗമായി ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ അർപ്പിക്കണം. കാളക്കിടാവിന്റെ യാഗംകൊണ്ട് ശുദ്ധീകരണം നടത്തിയതുപോലെ യാഗപീഠവും ശുദ്ധീകരിക്കപ്പെടണം. അതിനു ശുദ്ധീകരണം വരുത്തിയശേഷം നീ ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം, രണ്ടും ഊനമില്ലാത്തവ ആയിരിക്കണം. നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെമേൽ ഉപ്പുവിതറി അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം. “ഏഴുദിവസത്തേക്ക് നീ ഓരോ കോലാട്ടുകൊറ്റനെ ദിനംപ്രതി പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയുംകൂടെ നീ അർപ്പിക്കണം. ഏഴുദിവസത്തേക്ക് യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തി അതിനെ ശുദ്ധീകരിക്കണം; അങ്ങനെ അത് വിശുദ്ധ ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിക്കണം. ഈ ദിവസങ്ങൾ തികഞ്ഞശേഷം എട്ടാംദിവസംമുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അപ്പോൾ ഞാൻ നിങ്ങളെ കൈക്കൊള്ളും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” പൗരോഹിത്യം പുനഃസ്ഥാപിക്കപ്പെടുന്നു അതിനുശേഷം ആ പുരുഷൻ എന്നെ പുറത്തോട്ടു ദർശനമുള്ള വിശുദ്ധമന്ദിരത്തിന്റെ കിഴക്കേ കവാടത്തിങ്കൽ കൊണ്ടുവന്നു, അത് അടച്ചിരുന്നു. അപ്പോൾ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ കവാടം തുറക്കാതെ അടച്ചിട്ടിരിക്കണം; ആരും അതിലൂടെ കടക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടെ കടക്കുകയാൽ അത് അടച്ചിട്ടിരിക്കണം. യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കാൻ ഗോപുരത്തിനുള്ളിൽ ഇരിക്കാൻ പ്രഭുവിനുമാത്രമേ അനുവാദമുള്ളൂ. പ്രവേശനകവാടത്തിന്റെ പൂമുഖംവഴി അദ്ദേഹം പ്രവേശിക്കുകയും അതേ വഴിയിൽക്കൂടി പുറത്തേക്കു പോകുകയും ചെയ്യണം.” പിന്നീട് ആ പുരുഷൻ എന്നെ വടക്കേ കവാടത്തിൽക്കൂടെ ആലയത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു. യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക മത്സരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇപ്രകാരം അറിയിക്കണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽഗൃഹമേ, നിങ്ങളുടെ മ്ലേച്ഛകർമങ്ങൾ മതിയാക്കുക! നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള കടമകൾ നിറവേറ്റാതെ വിദേശികളെ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ ആക്കിയിരിക്കുന്നു. അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത ഒരു വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്. ഇസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്ന വിദേശികൾപോലും അവിടെ പ്രവേശിക്കരുത്. “ ‘ഇസ്രായേൽ തെറ്റിപ്പോയകാലത്ത് എന്നെ വിട്ടകന്നുപോയവരും എന്നെ ഉപേക്ഷിച്ചു വിഗ്രഹങ്ങളുടെ പിന്നാലെ പോയവരുമായ ലേവ്യർ തങ്ങളുടെ പാപത്തിന്റെ അനന്തരഫലം അനുഭവിക്കണം. അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിലിന്റെ ഉത്തരവാദിത്വമുള്ളവരായി അതിൽ ശുശ്രൂഷചെയ്യാം; അവർ ജനങ്ങൾക്കുവേണ്ടി ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ച് അവരുടെമുമ്പിൽ നിന്ന് അവരെ ശുശ്രൂഷിക്കുകയുംചെയ്യാം. എന്നാൽ, അവർ ജനത്തിന്റെ വിഗ്രഹങ്ങളുടെമുമ്പിൽ ശുശ്രൂഷിച്ച് ഇസ്രായേൽ പാപംചെയ്യാൻ പ്രേരിപ്പിച്ചതുകൊണ്ട് തങ്ങളുടെ അകൃത്യത്തിന്റെ അനന്തരഫലം അവർ അനുഭവിച്ചേ മതിയാകൂ എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു എന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അവർ പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാനോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുക്കളെയോ അതിവിശുദ്ധയാഗവസ്തുക്കളെയോ സ്പർശിക്കാനോ എന്നോട് അടുത്തുവരരുത്; അവർ തങ്ങളുടെ നിന്ദ്യകർമങ്ങളുടെ ലജ്ജ വഹിക്കണം. എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും. “ ‘എന്നാൽ ഇസ്രായേൽജനം എന്നെ വിട്ടുപോയകാലത്ത് എന്റെ വിശുദ്ധമന്ദിരം കാവൽചെയ്തിരുന്നവരും സാദോക്കിന്റെ വംശത്തിലുള്ളവരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷചെയ്യേണ്ടതിന് എന്നോട് അടുത്തുവരണം; അവർ മേദസ്സും രക്തവും എനിക്ക് അർപ്പിക്കാൻ എന്റെമുമ്പാകെ നിൽക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവർമാത്രം എന്റെ വിശുദ്ധമന്ദിരത്തിലേക്കു പ്രവേശിക്കണം; അവർമാത്രം എന്റെ മേശയുടെ അടുക്കൽവന്ന് എനിക്ക് ശുശ്രൂഷചെയ്യണം. അവർ എനിക്കു കാവൽക്കാരായി ശുശ്രൂഷ അനുഷ്ഠിക്കണം. “ ‘അവർ അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തു പ്രവേശിക്കുമ്പോൾ പരുത്തിനൂൽവസ്ത്രം ധരിക്കണം; അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തും ആലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോൾ അവർ ഒരുതരത്തിലുമുള്ള കമ്പിളിവസ്ത്രവും ധരിക്കരുത്. അവർ തലയിൽ പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും അരയിൽ പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും ധരിക്കണം. വിയർപ്പുണ്ടാക്കുന്ന യാതൊന്നും അവർ ധരിക്കരുത്. പുറത്തെ അങ്കണത്തിൽ ജനങ്ങളുടെ അടുക്കലേക്ക് അവർ ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രങ്ങളുമായുള്ള സമ്പർക്കത്താൽ ജനം വിശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി വിശുദ്ധമുറികളിൽ വെച്ചിട്ട്, മറ്റു വസ്ത്രം ധരിക്കണം. “ ‘അവർ തങ്ങളുടെ തല ക്ഷൗരംചെയ്യുകയോ തലമുടി വളരാൻ അനുവദിക്കുകയോ ചെയ്യാതെ തങ്ങളുടെ തലമുടി കത്രിക്കുകമാത്രം ചെയ്യണം. ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്. അവർ വിധവകളെയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയോ വിവാഹംകഴിക്കരുത്. ഇസ്രായേൽ വംശത്തിലെ കന്യകളെയോ ഒരു പുരോഹിതന്റെ വിധവകളെയോമാത്രമേ അവർ വിവാഹംചെയ്യാവൂ. അവർ വിശുദ്ധമായതും സാമാന്യമായതും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിനു പഠിപ്പിച്ചുകൊടുക്കണം; ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിൽ വിവേചിച്ചറിയാൻ അവരെ സഹായിക്കണം. “ ‘ഏതൊരു വ്യവഹാരത്തിലും പുരോഹിതന്മാർ ന്യായാധിപന്മാരായിരിക്കണം; എന്റെ ചട്ടങ്ങൾ അനുസരിച്ച് അവർ തീർപ്പുകൽപ്പിക്കണം. നിശ്ചയിക്കപ്പെട്ട എല്ലാ ഉത്സവങ്ങളിലും അവർ എന്റെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധമായി പാലിക്കുകയും ചെയ്യണം. “ ‘ഒരു പുരോഹിതൻ മരിച്ച ആളിന്റെ അടുക്കൽ ചെന്ന് തന്നെത്താൻ അശുദ്ധനാക്കരുത്; എങ്കിലും മരിച്ച വ്യക്തി തന്റെ പിതാവോ മാതാവോ മകനോ മകളോ സഹോദരനോ അവിവാഹിതയായ സഹോദരിയോ ആണെങ്കിൽ അശുദ്ധനാകാം. പിന്നീട് ആചാരപരമായ തന്റെ ശുദ്ധീകരണം നിർവഹിച്ചശേഷം ഏഴുദിവസം അദ്ദേഹം കാത്തിരിക്കണം. അതിനുശേഷം വിശുദ്ധമന്ദിരത്തിന്റെ അകത്തെ അങ്കണത്തിലേക്ക് മന്ദിരത്തിന്റെ ശുശ്രൂഷയ്ക്കായി പോകുന്ന ദിവസത്തിൽ അവൻ തനിക്കായിത്തന്നെ ഒരു പാപശുദ്ധീകരണയാഗം അർപ്പിക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ ‘ഞാൻമാത്രമായിരിക്കണം പുരോഹിതന്മാർക്കുള്ള ഏക ഓഹരി. ഇസ്രായേലിൽ അവർക്ക് ഒരവകാശവും നിങ്ങൾ നൽകരുത്. ഞാൻ ആയിരിക്കും അവരുടെ ഓഹരി. അവർ ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം എന്നിവയാൽ ഉപജീവനം കഴിക്കണം; ഇസ്രായേലിൽ യഹോവയ്ക്കായി സമർപ്പിക്കപ്പെട്ടതെല്ലാം അവരുടെ വകയായിരിക്കണം. ആദ്യഫലത്തിലും പ്രത്യേക വഴിപാടുകളിലും ഉത്തമമായതെല്ലാം പുരോഹിതന്മാർക്കുള്ളതായിരിക്കണം. നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ പൊടിച്ച ധാന്യമാവിന്റെ ആദ്യഭാഗമൊക്കെയും അവർക്കു നൽകണം. താനേ ചത്തതോ വന്യമൃഗങ്ങളാൽ വലിച്ചുകീറപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ ഭക്ഷിക്കരുത്. ഇസ്രായേൽ പൂർണമായും പുനഃസ്ഥാപിക്കപ്പെടുന്നു “ ‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം45:1 ഏക. 13 കി.മീ. നീളവും 20,000 മുഴം45:1 ഏക. 11 കി.മീ. വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും. ഇതിൽ 500 മുഴം45:2 ഏക. 265 മീ. സമചതുരമുള്ള ഒരുഭാഗം വിശുദ്ധമന്ദിരത്തിനുവേണ്ടി ആയിരിക്കണം, അതിനുചുറ്റും 50 മുഴം45:2 ഏക. 27 മീ. തുറസ്സായസ്ഥലമായി കിടക്കണം. ആ വിശുദ്ധഭൂമിയിൽനിന്ന് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള സ്ഥലം അളന്നു വേർതിരിക്കണം; അതിവിശുദ്ധസ്ഥലമായ വിശുദ്ധമന്ദിരം അതിൽ ആയിരിക്കണം. അതു വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിക്കുന്നവരും യഹോവയുടെമുമ്പാകെ ശുശ്രൂഷയ്ക്കായി അടുത്തുവരുന്നവരുമായ പുരോഹിതന്മാർക്കായുള്ള വിശുദ്ധ ഓഹരി ആയിരിക്കും. അത് അവരുടെ ഭവനങ്ങൾക്കായുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനായുള്ള വിശുദ്ധസ്ഥലവുമായിരിക്കണം, 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരുഭാഗം ആലയത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്ക് അവകാശമാക്കി വസിക്കാനുള്ള പട്ടണങ്ങൾക്കുള്ള സ്ഥലമായിരിക്കും. “ ‘വിശുദ്ധ ഓഹരിയായ ഈ സ്ഥലത്തോടു ചേർന്ന് 5,000 മുഴം45:6 ഏക. 2.7 കി.മീ. വീതിയും 25,000 മുഴം നീളവുമുള്ള ഒരു സ്ഥലം നഗരസ്വത്തായി വിഭാഗിക്കണം. അത് ഇസ്രായേൽഗൃഹത്തിനു മുഴുവൻ ഉള്ളതായിരിക്കണം. “ ‘പ്രഭുവിന്റെ സ്ഥലത്തിന്ന്, വിശുദ്ധ ഓഹരിയായ സ്ഥലവും നഗരത്തിനായി വേർതിരിച്ച സ്ഥലവും ഇരുവശങ്ങളിലും അതിരുകളായിരിക്കും. പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും നീണ്ടുകിടക്കുന്നതായിരിക്കും; അത് ഗോത്രങ്ങളുടെ അവകാശങ്ങളിൽ ഒന്നിനോടു ചേർന്നു പടിഞ്ഞാറേ അതിരിനും കിഴക്കേ അതിരിനും സമാന്തരമായിരിക്കും. ഈ ഭൂമി ഇസ്രായേലിൽ അവന്റെ അവകാശമായിരിക്കണം. എന്റെ പ്രഭുക്കന്മാർ ഇനിയൊരിക്കലും എന്റെ ജനത്തെ പീഡിപ്പിക്കരുത്. എന്നാൽ അവർ ഇസ്രായേൽജനത്തെ അവരവരുടെ ഗോത്രങ്ങൾക്കുള്ള ഭൂപ്രദേശം അവകാശമാക്കാൻ അനുവദിക്കണം. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽ പ്രഭുക്കന്മാരേ, നിങ്ങൾ പരിധി ലംഘിച്ചിരിക്കുന്നു. നിങ്ങളുടെ അതിക്രമവും പീഡനവും ഉപേക്ഷിച്ച് ന്യായമായതും നീതിയുള്ളതും പ്രവർത്തിക്കുക. എന്റെ ജനത്തെ കവർച്ചചെയ്യുന്നത് മതിയാക്കുക, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിങ്ങൾ കൃത്യതയുള്ള തുലാസ്, കൃത്യതയുള്ള ഏഫാ,45:10 ഏക. 22 ലി. കൃത്യതയുള്ള ബത്ത്45:10 ഏക. 22 ലി. എന്നിവ ഉപയോഗിക്കണം. ഏഫായും ബത്തും ഒരേ അളവിലുള്ളവ ആയിരിക്കണം. ബത്ത് ഹോമറിന്റെ പത്തിലൊന്നും ഏഫാ ഹോമറിന്റെ പത്തിലൊന്നും തന്നെയായിരിക്കണം. രണ്ട് അളവുകളുടെയും മാനദണ്ഡം ഹോമറായിരിക്കണം. ഇരുപതു ഗേരാ ആയിരിക്കണം ഒരു ശേക്കേൽ.45:12 ഏക. 12 ഗ്രാം. ഇരുപതുശേക്കേൽ ഇരുപത്തിയഞ്ചു ശേക്കേൽ, പതിനഞ്ചുശേക്കേൽ എന്നിവയുടെ ആകത്തുകയായിരിക്കണം ഒരു മിന്നാ.45:12 ഏക. 690 ഗ്രാം. “ ‘നിങ്ങൾ വഴിപാടുകൾ അർപ്പിക്കേണ്ടത് ഈ വിധത്തിലാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്; ഓരോ ഹോമർ യവത്തിൽനിന്നും45:13 ബാർലി അഥവാ, ബാർലരി ഒരു ഏഫായുടെ ആറിലൊന്ന്. ഓരോ കോറിൽനിന്നും ഒരു ബത്തിന്റെ പത്തിലൊന്നു ഭാഗം ഒലിവെണ്ണയ്ക്കുള്ള പ്രമാണമാണ്. (ഒരു കോർ എന്നത്, പത്തുബത്ത് അഥവാ ഒരു ഹോമറിനു തുല്യമാണ്.45:14 മൊത്തം അളവിന്റെ ഒരു ശതമാനം നികുതിയായി നൽകണം എന്നാണ് വിവക്ഷിക്കുന്നത്. ഇസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരാടിനെ കൊടുക്കണം. ഇവ ജനങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഭോജനയാഗവും ഹനനയാഗവും സമാധാനയാഗവുമായി ഉപയോഗിക്കപ്പെടണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം. ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം. പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം. മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം. “ ‘ഒന്നാംമാസം പതിന്നാലാംതീയതി നിങ്ങൾ പെസഹാ ആചരിക്കണം, ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം. ആ ഏഴുദിവസങ്ങളിൽ ഓരോ ദിവസവും അവർ ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം; പാപശുദ്ധീകരണയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. അവൻ കാളയൊന്നിന് ഒരു ഏഫായും ആട്ടുകൊറ്റനൊന്നിന് ഒരു ഏഫായും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും ഭോജനയാഗമായി അർപ്പിക്കണം. “ ‘ഏഴാംമാസം പതിനഞ്ചാംതീയതി ആരംഭിക്കുന്ന ഉത്സവത്തിൽ ഈ ഏഴുദിവസവും അദ്ദേഹം പാപശുദ്ധീകരണയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും ഒലിവെണ്ണയ്ക്കും ഇതേരീതിയിലാണ് ക്രമീകരണം ചെയ്യേണ്ടത്. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ അങ്കണത്തിന്റെ കിഴക്കോട്ടു ദർശനമുള്ള കവാടം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം; എന്നാൽ ശബ്ബത്ത് നാളിലും അമാവാസിയിലും അതു തുറന്നിടണം. പ്രഭു പുറത്തുനിന്നു കവാടത്തിന്റെ പൂമുഖംവഴി പ്രവേശിച്ച് ഗോപുരത്തിന്റെ കവാടത്തൂണിനരികെ നിൽക്കണം. പുരോഹിതന്മാർ അദ്ദേഹത്തിന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. അദ്ദേഹം ഗോപുരത്തിന്റെ ഉമ്മറപ്പടിക്കൽ നിന്നുകൊണ്ട് നമസ്കരിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ കവാടം സന്ധ്യവരെ അടയ്ക്കരുത്. ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം. പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം. മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും46:5 ഏക. 16 കി.ഗ്രാം. കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ46:5 ഏക. 3.8 ലി. ഒലിവെണ്ണയും അർപ്പിക്കണം. അമാവാസിദിനത്തിൽ അദ്ദേഹം ഒരു കാളക്കിടാവിനെയും ആറു കുഞ്ഞാടിനെയും ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം. എല്ലാം ഊനമില്ലാത്തവ ആയിരിക്കണം. അദ്ദേഹം ഭോജനയാഗമായി കാളക്കിടാവിന് ഒരു ഏഫായും ആട്ടുകൊറ്റന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും അർപ്പിക്കണം, ഏഫ ഒന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം. പ്രഭു കവാടത്തിന്റെ പൂമുഖത്തിലൂടെ അകത്തുകടക്കുകയും അതേവഴിയിലൂടെ പുറത്തുപോകുകയും ചെയ്യണം. “ ‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം. അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം. വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം അർപ്പിക്കേണ്ടത് ഒരു കാളയ്ക്ക് ഒരു ഏഫായും ഒരു മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് അവരവരുടെ പ്രാപ്തിപോലെയും ആയിരിക്കണം. ഓരോ ഏഫായ്ക്കും ഒരു ഹീൻ ഒലിവെണ്ണ അർപ്പിക്കണം. “ ‘പ്രഭു യഹോവയ്ക്കു സ്വമേധാദാനമായ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള കവാടം അദ്ദേഹത്തിനുവേണ്ടി തുറന്നുകൊടുക്കണം. അദ്ദേഹം ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അദ്ദേഹം പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം. “ ‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം. ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്. ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം. എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം. പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’ ” അതിനുശേഷം ആ പുരുഷൻ എന്നെ കവാടത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി വടക്കോട്ടു ദർശനമുള്ളതും പുരോഹിതന്മാർക്കുള്ളതുമായ വിശുദ്ധമുറികളിലേക്കു കൊണ്ടുവന്നു; അവിടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു സ്ഥലം അദ്ദേഹം എനിക്കു കാണിച്ചുതന്നു. അദ്ദേഹം എന്നോട്: “ഇതാണ് പുരോഹിതന്മാർ അകൃത്യയാഗവും പാപശുദ്ധീകരണയാഗവും പാകംചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം. അവയെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്ന് ജനംകൂടെ ശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിനാണ്46:20 പുരോഹിതന്മാരല്ലാത്തവർ യാഗവസ്തുവുമായി സമ്പർക്കത്തിലേർപ്പെട്ട് ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ എന്നു വിവക്ഷ. ഇങ്ങനെ ചെയ്യേണ്ടത്” എന്ന് അരുളിച്ചെയ്തു. പിന്നീട് അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി; അതിന്റെ നാലു കോണിലൂടെയും എന്നെ നയിച്ചു. അതിന്റെ ഓരോ കോണിലും മറ്റൊരു മുറ്റം ഞാൻ കണ്ടു. പുറത്തെ അങ്കണത്തിന്റെ നാലുകോണിലും നാൽപ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലുമുള്ള മുറ്റങ്ങൾ ഒരേ വലുപ്പമുള്ളവ ആയിരുന്നു. നാലു മുറ്റങ്ങളിൽ ഓരോന്നിനും ചുറ്റുമായി ഒരുനിര കല്ലു കെട്ടിയിരുന്നു. ഈ കൽനിരകൾക്കുകീഴേ ചുറ്റും തീ കത്തിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു. അദ്ദേഹം എന്നോട്: “ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവർ ജനങ്ങളുടെ യാഗങ്ങൾ പാകപ്പെടുത്തുന്നതിനുള്ള അടുക്കളകളാണിത്,” എന്ന് അരുളിച്ചെയ്തു. ദൈവാലയത്തിൽനിന്ന് ഒഴുകുന്ന നദി അതിനുശേഷം അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. വെള്ളം ആലയത്തിന്റെ തെക്കുവശത്ത് കീഴേനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. അദ്ദേഹം എന്നെ വടക്കേ കവാടത്തിൽക്കൂടി പുറത്തുകൊണ്ടുവന്ന് പുറത്തെ വഴിയിൽക്കൂടി ചുറ്റും നടത്തി കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു കൊണ്ടുവന്നു. വെള്ളം തെക്കുവശത്തുനിന്നും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. ആ പുരുഷൻ കൈയിൽ അളക്കുന്നതിനുള്ള ഒരു ചരടുമായി കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം ആയിരംമുഴം47:3 ഏക. 530 മീ. അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കണങ്കാലോളം എത്തുന്നുണ്ടായിരുന്നു. വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കാൽമുട്ടോളം എത്തിയിരുന്നു. പിന്നെയും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ട് നയിച്ചു. അവിടെ വെള്ളം അരയോളം എത്തുന്നുണ്ടായിരുന്നു. വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു. അദ്ദേഹം എന്നോട് “മനുഷ്യപുത്രാ, ഇതു നീ കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ നദീതീരത്തേക്കു കൊണ്ടുവന്നു. ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു. അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ47:8 അഥവാ, യോർദാൻ താഴ്വര വഴിയായി ഉപ്പുകടലിലേക്ക്47:8 അതായത്, ചാവുകടൽ ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും. അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും. എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും. നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.” ദേശത്തിന്റെ അതിരുകൾ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അവകാശമായി നിങ്ങൾ വിഭജിക്കേണ്ട ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. യോസേഫിന് രണ്ടുപങ്ക് ഉണ്ടായിരിക്കണം. നിങ്ങൾ അത് ഓരോ ഗോത്രത്തിനും തുല്യാവകാശമായി വിഭജിച്ചുകൊള്ളണം. ഞാൻ അതിനെ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു കൈ ഉയർത്തി ശപഥംചെയ്തു. ഈ ദേശം നിങ്ങൾക്ക് അവകാശമായിത്തീരും. “ദേശത്തിന്റെ അതിർത്തികൾ ഇപ്രകാരമായിരിക്കും: “വടക്കുഭാഗത്ത് മെഡിറ്ററേനിയൻ സമുദ്രംമുതൽ ഹെത്ത്ലോൻവഴി ലെബോ-ഹമാത്തും സെദാദുംവരെയും, ബെരോത്തും സിബ്രായീമുംവരെയും (ദമസ്കോസിന്റെയും ഹമാത്തിന്റെയും അതിർത്തിക്കിടയിലുള്ള സ്ഥലം), ഹൗറാന്റെ അതിർത്തിവരെയുള്ള ഹസേർ-ഹത്തികോൺവരെയും. ഇങ്ങനെ സമുദ്രംമുതൽ ദമസ്കോസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാന്റെ47:17 എനോൻ, ഏനാൻ എന്നതിന്റെ മറ്റൊരുരൂപം. വടക്കുള്ള ഹമാത്തിന്റെ അതിരായിരിക്കും ദേശത്തിന്റെ വടക്കേ അതിർത്തി. കിഴക്കുഭാഗത്ത്: ഹൗറാൻ, ദമസ്കോസ്, ഗിലെയാദിനും ഇസ്രായേൽദേശത്തിനും മധ്യേ യോർദാനോടു ചേർന്ന് ഉപ്പുകടലും കടന്ന് താമാർവരെ ആയിരിക്കും കിഴക്കേ അതിർത്തി. തെക്കേഭാഗമാകട്ടെ, തെക്കോട്ടു താമാർമുതൽ മെരീബോത്ത് കാദേശ് ജലാശയംവരെയും ഈജിപ്റ്റിന്റെ തോടുവരെയും മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കണം. ഇതായിരിക്കും തെക്കേ അതിര്. പടിഞ്ഞാറേ ഭാഗം, തെക്കേ അതിരുമുതൽ ലെബോ-ഹമാത്തിലേക്കുള്ള തിരിവുവരെയും മഹാസമുദ്രമായിരിക്കും. ഇതാണ് പടിഞ്ഞാറേ അതിർത്തി. “അതിനാൽ ഇസ്രായേലിന്റെ ഗോത്രം അനുസരിച്ച് നിങ്ങൾ ഈ ദേശം വിഭജിച്ചുകൊള്ളണം. നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന മക്കളുള്ള വിദേശികൾക്കുമായി നിങ്ങൾ ദേശം അവകാശമായി അനുവദിച്ചുകൊടുക്കണം. ഇസ്രായേല്യരെപ്പോലെതന്നെ അവരെ തദ്ദേശീയരായി പരിഗണിക്കണം; ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ അവർക്കും ഒരവകാശം നൽകണം. ഏതൊരു ഗോത്രത്തോടൊപ്പം ഒരു വിദേശി താമസിക്കുന്നുവോ ആ ഗോത്രത്തിന്റെ ഭൂപ്രദേശത്തായിരിക്കണം അയാൾക്കുള്ള ഓഹരി,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ദേശവിഭജനം “ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: “വടക്കേ അതിർത്തിയിൽ, ദാനിന് ഒരു ഓഹരി ഉണ്ടായിരിക്കും; വടക്കേ അറ്റംമുതൽ ഹെത്ത്ലോനിലേക്കുള്ള വഴിയോടുചേർന്ന് ലെബോ-ഹമാത്തുവരെയും ഹസർ-ഏനാനും ഹമാത്തിനോടുചേർന്നുള്ള ദമസ്കോസിന്റെ വടക്കേ അതിർത്തിവരെയും ആയിരിക്കും അതിന്റെ കിഴക്കേവശംമുതൽ പടിഞ്ഞാറുവശംവരെയുള്ള അതിർത്തിയുടെ ഒരുഭാഗം. കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെയുള്ള ദാന്റെ അതിർത്തിയിൽ ആശേരിന് ഒരു ഓഹരി ഉണ്ടായിരിക്കും. നഫ്താലിക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അത് ആശേരിന്റെ അതിർത്തിമുതൽ കിഴക്കുപടിഞ്ഞാറായി വ്യാപിച്ചുകിടക്കും. മനശ്ശെക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അതു നഫ്താലിയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും. എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും. രൂബേന് ഒരു ഓഹരി; അത് എഫ്രയീമിന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുനിന്നും പടിഞ്ഞാറുവരെ ആയിരിക്കും. യെഹൂദയ്ക്ക് ഒരു ഓഹരി; അത് രൂബേന്റെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും. “യെഹൂദയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും നിങ്ങൾ യഹോവയ്ക്കു പ്രത്യേക വഴിപാടായി വേർതിരിക്കുന്ന പ്രദേശമായിരിക്കും. അതിന് 25,000 മുഴം വീതിയുണ്ടായിരിക്കും. അതിന്റെ നീളം കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രപ്രദേശത്തിന്റെ നീളത്തിനു തുല്യമായിരിക്കും. വിശുദ്ധമന്ദിരം അതിന്റെ മധ്യത്തിൽ ആയിരിക്കും. “യഹോവയ്ക്കു നിങ്ങൾ വഴിപാടായി വേർതിരിക്കുന്ന പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കും. ഇത് പുരോഹിതന്മാർക്കുള്ള വിശുദ്ധസ്ഥലമായിരിക്കും. വടക്കുഭാഗത്ത് അത് 25,000 മുഴം നീളത്തിലായിരിക്കും. പടിഞ്ഞാറുഭാഗത്ത് അതിന്റെ വീതി 10,000 മുഴവും, കിഴക്കുഭാഗത്ത് 10,000 മുഴവുമായിരിക്കും. തെക്കേഭാഗത്തും നീളം 25,000 മുഴമായിരിക്കും. അതിന്റെ മധ്യത്തിൽ യഹോവയുടെ ആലയമായിരിക്കും. ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ. അത് ലേവ്യർക്കു കൊടുത്ത അവകാശദേശത്തിന്റെ അതിരിനോടുചേർന്ന്, ദേശത്തിന്റെ വിശുദ്ധ അംശത്തിൽനിന്ന് ഇവർക്കു നൽകപ്പെടുന്ന അതിവിശുദ്ധമായ സവിശേഷദാനമായിരിക്കും. “പുരോഹിതന്മാരുടെ ഈ പ്രദേശത്തോടു ചേർന്ന് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരു ഓഹരി ഉണ്ടായിരിക്കും. അതിന്റെ ആകെ നീളം 25,000 മുഴവും, വീതി 10,000 മുഴവും തന്നെ. അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്. “ശേഷിച്ച സ്ഥലം, 5,000 മുഴം വീതിയിലും 25,000 മുഴം നീളത്തിലുമുള്ളത്, നഗരത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടിയും ഭവനങ്ങൾക്കും മേച്ചിൽസ്ഥലങ്ങൾക്കുംവേണ്ടിയും ആയിരിക്കണം. നഗരം അതിന്റെ മധ്യത്തിൽ ആയിരിക്കും. അതിന്റെ അളവുകൾ ഇപ്രകാരം ആയിരിക്കണം: വടക്കേവശം 4,500 മുഴം;48:16 ഏക. 2.4 കി.മീ. തെക്കേവശം 4,500 മുഴം; കിഴക്കേവശം 4,500 മുഴം; പടിഞ്ഞാറേവശം 4,500 മുഴം. നഗരത്തിനുവേണ്ടിയുള്ള മേച്ചിൽപ്പുറം വടക്ക് 250 മുഴവും48:17 ഏക. 135 മീ. തെക്ക് 250 മുഴവും കിഴക്ക് 250 മുഴവും പടിഞ്ഞാറ് 250 മുഴവും ദൈർഘ്യമുള്ളതായിരിക്കും. അവശേഷിക്കുന്ന സ്ഥലം വിശുദ്ധഅംശത്തിന്റെ അതിരിനോടുചേർന്ന് അതിന്റെ നീളത്തിനൊത്ത് കിഴക്കോട്ടു 10,000 മുഴവും, പടിഞ്ഞാറോട്ടു 10,000 മുഴവും ആയിരിക്കും. അതിലെ ഉത്പന്നങ്ങൾ നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനത്തിനുവേണ്ടി ആയിരിക്കും. അതിൽ കൃഷിചെയ്യുന്ന കൃഷിക്കാർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവർ ആയിരിക്കും. ഓരോ വശത്തും 25,000 മുഴംവീതമുള്ള ഒരു സമചതുരമാണ് മുഴുവൻ സ്ഥലവും. വിശുദ്ധസ്ഥലം ഒരു സവിശേഷ ദാനമായി നഗരത്തിന്റെ സ്വത്തിനോടുചേർത്ത് നിങ്ങൾ വേർതിരിക്കും. “വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും. അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും. “ശേഷമുള്ള ഗോത്രങ്ങൾക്കുള്ള സ്ഥലം: “ബെന്യാമീന് ഒരു ഓഹരി. അതു കിഴക്ക് തുടങ്ങി പടിഞ്ഞാറുവരെ വ്യാപിച്ചിരിക്കും. ശിമെയോന് ഒരു ഓഹരി; അത് ബെന്യാമീന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും. യിസ്സാഖാറിന് ഒരു ഓഹരി; അത് ശിമെയോന്റെ ഓഹരിമുതൽ കിഴക്കുതൊട്ടു പടിഞ്ഞാറുവരെ ആയിരിക്കും. സെബൂലൂന് ഒരു ഓഹരി; അത് യിസ്സാഖാറിന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും ഗാദിന് ഒരു ഓഹരി; അത് സെബൂലൂന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുമുതൽ പടിഞ്ഞാറുവരെ ആയിരിക്കും. ഗാദിന്റെ തെക്കേ അതിർത്തി താമാർമുതൽ തെക്കോട്ടുപോയി മെരീബത്ത് കാദേശിലെ ജലാശയംവരെയും തുടർന്ന് ഈജിപ്റ്റിലെ തോടിനോടുചേർന്ന് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും. “ഇതാണ് നീ ഇസ്രായേൽഗോത്രത്തിന് അവകാശമായി വിഭാഗിക്കേണ്ട ദേശം. അവരുടെ ഓഹരികൾ ഇവതന്നെ,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. പുതിയ നഗരത്തിന്റെ കവാടങ്ങൾ “നഗരത്തിന്റെ പുറത്തേക്കുള്ള കവാടങ്ങൾ ഇവയായിരിക്കും: “4,500 മുഴം നീളമുള്ള വടക്കുവശത്തുനിന്നാണ്, ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് അനുസൃതമായി നഗരകവാടങ്ങളുടെ നാമകരണം ആരംഭിക്കുന്നത്. വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ കവാടം, യെഹൂദയുടെ കവാടം, ലേവിയുടെ കവാടം എന്നിങ്ങനെ ആയിരിക്കും അവയുടെ പേരുകൾ. കിഴക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ ഇവയാണ്: യോസേഫിന്റെ കവാടം, ബെന്യാമീന്റെ കവാടം, ദാന്റെ കവാടം. തെക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ശിമെയോന്റെ കവാടം, യിസ്സാഖാറിന്റെ കവാടം, സെബൂലൂന്റെ കവാടം. പടിഞ്ഞാറേ വശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ഗാദിന്റെ കവാടം, ആശേരിന്റെ കവാടം, നഫ്താലിയുടെ കവാടം. “നഗരത്തിന്റെ ചുറ്റളവ് 18,000 മുഴം.48:35 ഏക. 9.5 കി.മീ. “അന്നുമുതൽ നഗരത്തിന്റെ പേര് ‘യഹോവശമ്മ’48:35 യഹോവ അവിടെ സന്നിഹിതനാണ് എന്നർഥം. എന്നായിരിക്കും.”