- Biblica® Open Malayalam Contemporary Version 2020 പുറപ്പാട് പുറപ്പാടുപുസ്തകം പുറപ്പാട് പുറ. പുറപ്പാടുപുസ്തകം ഇസ്രായേല്യർ പീഡിപ്പിക്കപ്പെടുന്നു യാക്കോബിനോടുകൂടെ, കുടുംബസമേതം ഈജിപ്റ്റിൽ വന്ന ഇസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ, ദാൻ, നഫ്താലി, ഗാദ്, ആശേർ. യാക്കോബിൽനിന്നു ജനിച്ചവർ ആകെ എഴുപതുപേരായിരുന്നു;1:5 ചാവുകടൽ ചുരുളിലും പഴയനിയമ ഗ്രീക്കു പതിപ്പിലും എഴുപത്തഞ്ച്. അ.പ്ര. 7:14 കാണുക. ഉൽ. 46:27-ലെ കുറിപ്പ് കാണുക. യോസേഫ് മുമ്പേതന്നെ ഈജിപ്റ്റിൽ ആയിരുന്നു. വർഷങ്ങൾ കടന്നുപോയി, യോസേഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു. എന്നാൽ അവരുടെ പിൻഗാമികളായ ഇസ്രായേല്യർ, സന്താനസമൃദ്ധിയുള്ളവരായി അത്യധികം വർധിച്ചു; അവർ പ്രബലപ്പെട്ടു. ദേശം അവരെക്കൊണ്ടു നിറഞ്ഞു. കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു. അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു. നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു. അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു. എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു. ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി. ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ1:15 അതായത്, പ്രസവശുശ്രൂഷചെയ്യുന്നവർ. ശിപ്രാ, പൂവാ എന്നിവരോട്, “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു. സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി. പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു. മോശയുടെ ജനനം ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു. എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു. അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു. ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു. അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു. അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, “നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?” എന്നു ചോദിച്ചു. “ഉവ്വ്, പൊയ്ക്കൊൾക,” ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോട്, “എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം” എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി. കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു. മോശ മിദ്യാനിലേക്ക് ഓടിപ്പോകുന്നു ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു. ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു. അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു. “നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു. ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ ഒരു പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു; അവർ തങ്ങളുടെ പിതാവിന്റെ ആട്ടിൻപറ്റത്തിനു കുടിക്കാനുള്ള വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അവിടെ എത്തി. ചില ഇടയന്മാർ വന്ന് അവരെ ഓടിച്ചുകളഞ്ഞു. എന്നാൽ മോശ എഴുന്നേറ്റ് അവരെ സഹായിച്ചു. അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുത്തു. അവർ പിതാവായ രെയൂവേലിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരോട്, “നിങ്ങൾ ഇന്ന് ഇത്രയും നേരത്തേ മടങ്ങിയെത്തിയതെങ്ങനെ?” എന്നു ചോദിച്ചു. അതിന് അവർ, “ഒരു ഈജിപ്റ്റുകാരൻ ഞങ്ങളെ ഇടയന്മാരുടെ കൈയിൽനിന്നു രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്കും ആട്ടിൻപറ്റത്തിനും വെള്ളം കോരിത്തരികയും ചെയ്തു” എന്നു മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പുത്രിമാരോട്, “അദ്ദേഹം എവിടെ? നിങ്ങൾ അദ്ദേഹത്തെ വിട്ടിട്ടുപോന്നത് എന്ത്? നിങ്ങൾ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുക” എന്നു പറഞ്ഞു. മോശ ആ മനുഷ്യനോടുകൂടെ താമസിക്കാമെന്നു സമ്മതിച്ചു. അദ്ദേഹം തന്റെ മകൾ സിപ്പോറയെ മോശയ്ക്കു വിവാഹംചെയ്തുകൊടുത്തു. തുടർന്നു സിപ്പോറ ഒരു മകനെ പ്രസവിച്ചു. “അന്യനാട്ടിൽ ഞാനൊരു പ്രവാസിയായിത്തീർന്നിരിക്കുന്നു,” എന്നു പറഞ്ഞ് മോശ അവന് ഗെർശോം എന്നു പേരിട്ടു. വളരെ നാളുകൾക്കുശേഷം ഈജിപ്റ്റുരാജാവ് മരിച്ചു. ഇസ്രായേൽമക്കൾ തങ്ങളുടെ അടിമവേലനിമിത്തം ഞരങ്ങി നിലവിളിച്ചു. അടിമവേലനിമിത്തം അവരിൽനിന്നുയർന്ന നിലവിളി ദൈവത്തിന്റെ അടുക്കൽ എത്തി. ദൈവം അവരുടെ ദീനരോദനം കേട്ടു; അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള തന്റെ ഉടമ്പടി അവിടന്ന് ഓർത്തു. ദൈവം ഇസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരെക്കുറിച്ചു ചിന്തിച്ചു. മോശയും എരിയുന്ന പടർപ്പും ഈ സമയം മോശ തന്റെ അമ്മായിയപ്പനും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ3:1 മോശയുടെ അമ്മായിയപ്പൻ റെയൂവേൽ, യിത്രോ എന്നീ രണ്ട് പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു; ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് അദ്ദേഹം മരുഭൂമിക്കപ്പുറം ദൈവത്തിന്റെ പർവതമായ ഹോരേബിൽ3:1 സീനായി പർവതത്തിന്റെ മറ്റൊരുപേര്. എത്തി. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്വാലയിൽ അദ്ദേഹത്തിന് പ്രത്യക്ഷനായി. മുൾപ്പടർപ്പ് കത്തുന്നുണ്ടായിരുന്നെങ്കിലും അതു വെന്തുപോകുന്നില്ലെന്ന് മോശ കണ്ടു. “മുൾപ്പടർപ്പ് വെന്തുപോകാതിരിക്കുന്ന ഈ അത്ഭുതകരമായ കാഴ്ച എന്തെന്ന് ഞാൻ അടുത്തുചെന്നു നോക്കട്ടെ,” എന്ന് മോശ തന്നോടുതന്നെ പറഞ്ഞു. അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു. “ഇവിടേക്ക് അടുത്തുവരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,” എന്നു ദൈവം കൽപ്പിച്ചു. “ഞാൻ നിന്റെ പിതാവിന്റെ3:6 ചി.കൈ.പ്ര. പിതാക്കന്മാരുടെ ദൈവവും അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു,” എന്നും അവിടന്ന് അരുളിച്ചെയ്തു. അപ്പോൾ മോശ മുഖം മറച്ചു; ദൈവത്തെ നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. യഹോവ ഇങ്ങനെ അരുളിച്ചെയ്തു, “ഈജിപ്റ്റിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അടിമകളുടെ മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരുടെ സങ്കടം അറിയുന്നു. അതുകൊണ്ട് ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നതിനും അവരെ ആ ദേശത്തുനിന്ന് പുറപ്പെടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്ക്; പാലും തേനും ഒഴുകുന്ന ദേശത്തേക്ക്—കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു—കൊണ്ടുപോകുന്നതിനു ഞാൻ ഇറങ്ങിവന്നിരിക്കുന്നു. ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കാണുകയുംചെയ്തിരിക്കുന്നു. ആകയാൽ നീ ഇപ്പോൾ ചെല്ലുക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും.” എന്നാൽ മോശ ദൈവത്തോട്, “ഫറവോന്റെ അടുക്കൽ ചെല്ലാനും ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുപോരാനും എനിക്ക് എന്തു യോഗ്യതയാണുള്ളത്?” എന്നു ചോദിച്ചു. അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു. “ഞാൻ ഇസ്രായേൽമക്കളുടെ അടുത്തുചെന്ന് അവരോട്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, അവിടത്തെ നാമം എന്ത്?’ എന്ന് അവർ എന്നോടു ചോദിച്ചാൽ, ഞാൻ അവരോട് എന്തു പറയണം?” എന്ന് മോശ ദൈവത്തോടു ചോദിച്ചു. ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.3:14 അഥവാ, ഞാൻ ആയിരിക്കുന്നവൻ ഞാൻ ആയിരിക്കും. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു. ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’ “എന്റെ ശാശ്വതനാമം ഇതാണ്, തലമുറതലമുറയായി എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ. “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു. ഈജിപ്റ്റിലെ നിങ്ങളുടെ ദുരിതങ്ങളിൽനിന്ന് നിങ്ങളെ രക്ഷിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്—പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, കൊണ്ടുവരുമെന്നു ഞാൻ വാഗ്ദാനംചെയ്തിരിക്കുന്നു.’ “ഇസ്രായേല്യ ഗോത്രത്തലവന്മാർ നിന്റെ വാക്കു കേൾക്കും. അങ്ങനെ നീയും ഇസ്രായേല്യ ഗോത്രത്തലവന്മാരും ഈജിപ്റ്റുരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്, ‘എബ്രായരുടെ ദൈവമായ യഹോവ ഞങ്ങളെ സന്ദർശിച്ചു. മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞങ്ങളെ അനുവദിക്കണമേ’ എന്നു പറയുക. എന്നാൽ, ശക്തമായൊരു ഭുജത്തിന്റെ സമ്മർദത്താലല്ലാതെ, ഈജിപ്റ്റുരാജാവ് നിങ്ങളെ പോകാൻ അനുവദിക്കുകയില്ലെന്നു ഞാൻ അറിയുന്നു. ആകയാൽ ഞാൻ എന്റെ കൈ നീട്ടുകയും അവരുടെ ഇടയിൽ ചെയ്യാനിരിക്കുന്ന സകല അത്ഭുതങ്ങളാലും ഈജിപ്റ്റുകാരെ പ്രഹരിക്കുകയും ചെയ്യും. അതിനുശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും. “നിങ്ങൾ വിട്ടുപോരുമ്പോൾ വെറുംകൈയോടെ പോകാതിരിക്കേണ്ടതിനു ഞാൻ ഈജിപ്റ്റുകാരിൽ നിങ്ങളുടെനേർക്ക് അനുകൂലമനോഭാവം ഉളവാക്കും. ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും തന്റെ ഭവനത്തിൽ വസിക്കുന്ന ഏതൊരു സ്ത്രീയോടും വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെടണം; അവ നിങ്ങൾ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്റ്റുകാരെ കൊള്ളയടിക്കേണ്ടതാകുന്നു.” മോശയ്ക്കു നൽകപ്പെട്ട അത്ഭുതചിഹ്നങ്ങൾ അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു. “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു. മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി. പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു. ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം4:6 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. ബാധിച്ചിരുന്നു. “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി. തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും. എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.” മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു. യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു. എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും. പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും. അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും. എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.” മോശ ഈജിപ്റ്റിലേക്കു മടങ്ങുന്നു പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു. അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു. അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു. യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും. അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ. “എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.” വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു. എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു.4:25 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു. ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ4:26 അതായത്, സുന്നത്ത് പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്. യഹോവ അഹരോനോട്, “മോശയെ കാണുന്നതിന് നീ മരുഭൂമിയിലേക്കു ചെല്ലുക” എന്നു കൽപ്പിച്ചു. അദ്ദേഹം ദൈവത്തിന്റെ പർവതത്തിൽവെച്ച് മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു. യഹോവ തന്നെ ഏൽപ്പിച്ചയച്ച എല്ലാ കാര്യങ്ങളും മോശ അഹരോനെ അറിയിച്ചു; താൻ ചെയ്യണമെന്ന് യഹോവ ആജ്ഞാപിച്ചിരുന്ന എല്ലാ അത്ഭുതചിഹ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശയും അഹരോനും ഇസ്രായേല്യ ഗോത്രത്തലവന്മാരെ എല്ലാവരെയും കൂട്ടിവരുത്തി. യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതെല്ലാം അഹരോൻ അവരെ പറഞ്ഞുകേൾപ്പിച്ചു; മോശ ജനങ്ങളുടെമുമ്പാകെ ആ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുകയും ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. യഹോവ തങ്ങളെ സന്ദർശിച്ചെന്നും അവിടന്നു തങ്ങളുടെ കഷ്ടത കണ്ടിരിക്കുന്നെന്നും ഇസ്രായേൽജനം കേട്ടപ്പോൾ അവർ കുമ്പിട്ടു നമസ്കരിച്ചു. ഫറവോൻ പീഡനം കഠിനമാക്കുന്നു അതിനുശേഷം മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന്, “എന്റെ ജനം മരുഭൂമിയിൽ എനിക്കൊരു ഉത്സവം ആചരിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. അതിനു ഫറവോൻ, “ഞാൻ യഹോവയെ അനുസരിക്കേണ്ടതിനും ഇസ്രായേലിനെ വിട്ടയയ്ക്കേണ്ടതിനും അവൻ ആര്? യഹോവയെ ഞാൻ അറിയുന്നില്ല, ഇസ്രായേലിനെ ഞാൻ വിട്ടയയ്ക്കുകയുമില്ല” എന്നു പറഞ്ഞു. അപ്പോൾ അവർ, “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായിരിക്കുന്നു. ഇപ്പോൾ മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കാൻ ഞങ്ങളെ അനുവദിക്കണം; അല്ലെങ്കിൽ അവിടന്നു മഹാമാരിയാലോ വാളിനാലോ ഞങ്ങളെ പീഡിപ്പിച്ചേക്കാം” എന്നു പറഞ്ഞു. എന്നാൽ ഈജിപ്റ്റുരാജാവ്, “മോശയേ, അഹരോനേ, നിങ്ങൾ ജനങ്ങളെ അവരുടെ വേലയിൽ തടസ്സപ്പെടുത്തുന്നത് എന്തിന്? നിങ്ങളുടെ ജോലിയിലേക്കു മടങ്ങിപ്പോകുക!” എന്നു കൽപ്പിച്ചു. ഫറവോൻ വീണ്ടും പറഞ്ഞു: “ഇതാ, ഈ ദേശത്തു ജനങ്ങൾ അസംഖ്യമായിരിക്കുന്നു, പണിയെടുക്കുന്നതിൽനിന്ന് നിങ്ങൾ അവരെ തടസ്സപ്പെടുത്തുകയാണ്.” ഫറവോൻ അന്നുതന്നെ ജനത്തിന്റെമേൽ ആക്കിവെച്ചിരിക്കുന്ന അടിമകളുടെ മേൽനോട്ടക്കാർക്കും അവർക്കുമീതേയുള്ള അധികാരികൾക്കും ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് ഇഷ്ടികയുണ്ടാക്കാൻ വൈക്കോൽ കൊടുക്കരുത്; അവർതന്നെ പോയി ആവശ്യമുള്ള വൈക്കോൽ ശേഖരിക്കട്ടെ. എന്നാൽ നേരത്തേ ഉണ്ടായിരുന്നത്രയും ഇഷ്ടിക ഉണ്ടാക്കാൻ അവരോട് ആവശ്യപ്പെടണം; എണ്ണം കുറയ്ക്കരുത്. അവർ അലസന്മാരാണ്, അതുകൊണ്ടാകുന്നു ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ’ എന്ന് അവർ മുറവിളി കൂട്ടുന്നത്. അവർക്കു ജോലി കുറെക്കൂടി കഠിനമാക്കിക്കൊടുക്കണം, അങ്ങനെ അവർ വ്യാജവാക്കുകളിൽ ശ്രദ്ധിക്കാതെ പണിയെടുത്തുകൊണ്ടേയിരിക്കട്ടെ.” അടിമകളുടെ മേൽനോട്ടക്കാരും അവർക്കുമീതേയുള്ള അധികാരികളും ചെന്നു ജനത്തോടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ കൽപ്പിക്കുന്നു, ‘ഞാൻ നിങ്ങൾക്ക് ഇനിമുതൽ വൈക്കോൽ തരികയില്ല. കിട്ടുന്നേടത്തുനിന്ന് നിങ്ങൾതന്നെ വൈക്കോൽ ശേഖരിക്കണം, എങ്കിലും നിങ്ങളുടെ വേലയിൽ ഒരു കുറവും അനുവദിക്കുകയില്ല.’ ” അതുകൊണ്ടു ജനങ്ങൾ വൈക്കോലിനു പകരം വൈക്കോൽക്കുറ്റി ശേഖരിക്കാൻ ഈജിപ്റ്റിൽ എല്ലായിടങ്ങളിലും ചിതറിപ്പോയി. അടിമകളുടെ മേൽനോട്ടക്കാർ അവരോട്, “ദിവസംതോറുമുള്ള വേല, വൈക്കോലുണ്ടായിരുന്നപ്പോൾ ചെയ്തതുപോലെതന്നെ നിങ്ങൾ ചെയ്തുതീർക്കണം” എന്നു കർശനമായി പറഞ്ഞു. ഫറവോന്റെ അടിമകളുടെ മേൽനോട്ടക്കാർ നിയമിച്ച ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോട്, “നിങ്ങൾ മുമ്പേ ചെയ്തിരുന്നതുപോലെ ഇന്നലെയും ഇന്നും ഇഷ്ടികയുടെ അളവു തികയ്ക്കാത്തതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവരെ അടിച്ചു. ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാർ ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു സങ്കടമുണർത്തിച്ചു: “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നതെന്ത്? അടിയങ്ങൾക്കു വൈക്കോൽ തരുന്നതേയില്ല, എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്കുക!’ എന്നു പറയുന്നു. ഇതാ, അടിയങ്ങളെ അടിക്കുകയും ചെയ്യുന്നു, അവിടത്തെ ജനമാണ് ഇതിൽ തെറ്റുകാർ.” അതിനു ഫറവോൻ, “നിങ്ങൾ മടിയന്മാർ, അലസന്മാർ! അതുകൊണ്ടാണ്, ‘ഞങ്ങൾ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ’ എന്നു നിങ്ങൾ എപ്പോഴും പറയുന്നത്. പോയി ജോലി ചെയ്യുക. വൈക്കോൽ നിങ്ങൾക്കു തരികയേയില്ല, എന്നാലും ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്” എന്നു പറഞ്ഞു. “നിങ്ങൾ ഓരോ ദിവസവും ഉണ്ടാക്കേണ്ട ഇഷ്ടികയുടെ എണ്ണം കുറയ്ക്കരുത്,” എന്ന് ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോടു കൽപ്പിച്ചപ്പോൾത്തന്നെ തങ്ങൾ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി. അവർ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങുമ്പോൾ തങ്ങൾക്കായി കാത്തുനിന്നിരുന്ന മോശയെയും അഹരോനെയും കണ്ടു. “യഹോവ നിങ്ങളെ കാണുകയും ന്യായംവിധിക്കുകയും ചെയ്യട്ടെ! നിങ്ങൾ ഫറവോന്റെയും അദ്ദേഹത്തിന്റെ വേലക്കാരുടെയും മുമ്പിൽ ഞങ്ങളെ നാറ്റിക്കുകയും ഞങ്ങളെ കൊല്ലുന്നതിന് അവരുടെ കൈയിൽ വാൾ കൊടുക്കുകയും ചെയ്തിരിക്കുകയാണ്,” എന്ന് അവർ പറഞ്ഞു. ദൈവം വിമോചനം വാഗ്ദാനംചെയ്യുന്നു അപ്പോൾ മോശ മടങ്ങിച്ചെന്ന് യഹോവയോട്, “കർത്താവേ, അവിടന്ന് ഈ ജനത്തെ കഷ്ടതയിൽ ആക്കിയതെന്ത്? ഇതിനായിട്ടാണോ അങ്ങ് എന്നെ അയച്ചത്? അവിടത്തെ നാമത്തിൽ ഫറവോനോടു സംസാരിക്കാൻ ചെന്നതുമുതൽ അദ്ദേഹം ഈ ജനത്തിന്റെമേൽ കഷ്ടത വരുത്തിയിരിക്കുകയാണ്, അങ്ങ് അവിടത്തെ ജനത്തെ വിടുവിച്ചതുമില്ല” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശയോട്, “ഞാൻ ഫറവോനോട് എന്തു ചെയ്യുമെന്നു നീ കാണും. എന്റെ ശക്തിയുള്ള ഭുജംനിമിത്തം അവൻ അവരെ വിട്ടയയ്ക്കും; എന്റെ ബലമുള്ള കരം കണ്ടിട്ട് അവൻ അവരെ ദേശത്തുനിന്ന് ആട്ടിയോടിക്കും” എന്ന് അരുളിച്ചെയ്തു. ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി6:3 മൂ.ഭാ. സർവശക്തനായ ദൈവം; എൽ-ഷദ്ദായി. പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല. അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു. ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു. “ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും. ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും. അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ” മോശ ഇത് ഇസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ തങ്ങളെ തളർത്തുന്നരീതിയിലുള്ള ക്രൂരമായ അടിമത്തം നിമിത്തം അവർ മോശയുടെ വാക്കു ശ്രദ്ധിച്ചില്ല. ഇതിനുശേഷം യഹോവ മോശയോട്, “നീ ചെന്ന് ഈജിപ്റ്റിലെ രാജാവായ ഫറവോനോട്, ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു പറയുക” എന്നു കൽപ്പിച്ചു. എന്നാൽ മോശ യഹോവയോട്, “ഇസ്രായേൽമക്കൾപോലും എന്റെ വാക്കു കേൾക്കുന്നില്ല, പിന്നെ ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ? ഞാൻ വാക്ചാതുര്യമുള്ളവനല്ലല്ലോ6:12 മൂ.ഭാ. ഞാൻ പരിച്ഛേദനമേൽക്കാത്ത അധരങ്ങളുള്ളവനാണ്.” എന്നു പറഞ്ഞു. മോശയുടെയും അഹരോന്റെയും കുടുംബവിവരം എന്നാൽ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു. ഇസ്രായേൽജനത്തെ ഈജിപ്റ്റിൽനിന്ന് വിടുവിക്കേണ്ടതിന് ഇസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റുരാജാവായ ഫറവോന്റെ അടുക്കലേക്കും അവിടന്ന് ഞങ്ങളെ നിയോഗിച്ചയച്ചു. അവരുടെ പിതൃഭവനങ്ങളിലെ തലവന്മാർ ഇവരായിരുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി; ഇവയായിരുന്നു രൂബേന്റെ കുലങ്ങൾ. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ; ഇവയായിരുന്നു ശിമെയോന്റെ കുലങ്ങൾ. തങ്ങളുടെ വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി. (ലേവി 137 വർഷം ജീവിച്ചിരുന്നു.) കുലങ്ങളുടെ ക്രമമനുസരിച്ച് ഗെർശോന്റെ പുത്രന്മാർ ലിബ്നിയും ശിമെയിയും ആയിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവരായിരുന്നു. (കെഹാത്ത് 133 വർഷം ജീവിച്ചിരുന്നു.) മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി എന്നിവരായിരുന്നു. ഇവരാണ് തങ്ങളുടെ പ്രമാണരേഖകളിൻപ്രകാരം ലേവിയുടെ കുലങ്ങൾ. അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹംകഴിച്ചു; അവൾ അവന് അഹരോനെയും മോശയെയും പ്രസവിച്ചു. അമ്രാം നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി എന്നിവരായിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എത്സാഫാൻ, സിത്രി. അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ പെങ്ങളുമായ എലീശേബയെ വിവാഹംകഴിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസാഫ് എന്നിവരായിരുന്നു. കോരഹിന്റെ കുലങ്ങൾ ഇവതന്നെ. അഹരോന്റെ മകനായ എലെയാസാർ ഫൂതിയേലിന്റെ പെൺമക്കളിൽ ഒരുവളെ വിവാഹംകഴിച്ചു; അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു. ഇവരായിരുന്നു ലേവ്യകുടുംബങ്ങളുടെ കുലംകുലമായുള്ള തലവന്മാർ. “ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോരുക” എന്ന് യഹോവ കൽപ്പിച്ചത് ഇതേ അഹരോനോടും മോശയോടും ആയിരുന്നു. ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനെപ്പറ്റി ഈജിപ്റ്റിലെ രാജാവായ ഫറവോനോടു സംസാരിച്ചവരും ഇവരായിരുന്നു—ഈ മോശയും അഹരോനും. അഹരോൻ മോശയ്ക്കു പകരം സംസാരിക്കുന്നു യഹോവ ഈജിപ്റ്റിൽവെച്ചു മോശയോടു സംസാരിച്ചപ്പോൾ അവിടന്ന്, “ഞാൻ യഹോവ ആകുന്നു, ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം ഈജിപ്റ്റിലെ രാജാവായ ഫറവോനോടു പറയുക” എന്നു കൽപ്പിച്ചു. എന്നാൽ മോശ യഹോവയോട്, “വാക്ചാതുര്യമില്ലാത്തവനാണു ഞാൻ; ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ?” എന്നു ചോദിച്ചു. അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും. ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും. എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും. ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.” മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു. അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു. അഹരോന്റെ വടി സർപ്പമായിത്തീരുന്നു യഹോവ മോശയോടും അഹരോനോടും, “ ‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും7:9 പാമ്പായിത്തീരും എന്നതിനുള്ള എബ്രായപദം ഗ്രീക്കു പതിപ്പിൽ മഹാവ്യാളി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.” എന്ന് അരുളിച്ചെയ്തു. അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു. ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി. വെള്ളം രക്തമാകുന്നു അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഫറവോന്റെ ഹൃദയം കഠിനമാണ്, ജനത്തെ വിട്ടയയ്ക്കാൻ അവനു മനസ്സില്ല. രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം. പിന്നെ അവനോട് ഇങ്ങനെ പറയുക: ‘എബ്രായരുടെ ദൈവമായ യഹോവ താങ്കളോട് ഇങ്ങനെ പറയാൻ എന്നെ അയച്ചിരിക്കുന്നു: മരുഭൂമിയിൽ എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്നാൽ താങ്കൾ ഇതുവരെയും അതു കേട്ടില്ല. യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ്: ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും. എന്റെ കൈയിലിരിക്കുന്ന വടികൊണ്ടു ഞാൻ നൈലിനെ അടിക്കുകയും അതു രക്തമായിത്തീരുകയും ചെയ്യും. നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’ ” യഹോവ മോശയോട് അരുളിച്ചെയ്തു: “ ‘നിന്റെ വടിയെടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ—നദികളുടെയും തോടുകളുടെയുംമേൽ, കുളങ്ങളുടെയും എല്ലാ സംഭരണികളുടെയുംമേൽ—നിന്റെ കൈനീട്ടുക എന്ന് അഹരോനോടു പറയുക. അവ രക്തമായി മാറും.’ ഈജിപ്റ്റിൽ എല്ലായിടത്തും, മരത്തൊട്ടികളിലും7:19 അഥവാ, വിഗ്രഹങ്ങളിലും കൽഭരണികളിലുംപോലും, രക്തം ഉണ്ടായിരിക്കും.” യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു. നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു. ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല. പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല. ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി. തവളകളുടെ ബാധ യഹോവ നൈൽനദിയെ അടിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞിരുന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ചെന്ന് ഫറവോനോട് ഇങ്ങനെ പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. നീ അവരെ വിട്ടയയ്ക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ ദേശത്തെല്ലായിടത്തും തവളകളുടെ ബാധ വരുത്തും. നൈൽനദി തവളകളെക്കൊണ്ടു നിറയും. അവ നിന്റെ കൊട്ടാരത്തിലും ശയനമുറിയിലും കിടക്കമേലും നിന്റെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും വന്നുകയറും. നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ഉദ്യോഗസ്ഥരുടെയുംമേൽ തവളകൾ കയറും.’ ” “ ‘ഈജിപ്റ്റുദേശത്ത് തവളകൾ കയറാൻ നിന്റെ കൈ വടിയോടുകൂടി തോടുകളുടെയും പുഴകളുടെയും കുളങ്ങളുടെയും മീതേ നീട്ടുക,’ എന്ന് അഹരോനോടു പറയണമെന്ന് യഹോവ മോശയോടു കൽപ്പിച്ചു.” അങ്ങനെ അഹരോൻ ഈജിപ്റ്റിലെ വെള്ളത്തിനുമീതേ തന്റെ കൈ നീട്ടുകയും തവളകൾ കയറിവന്നു ദേശത്തെ മൂടുകയും ചെയ്തു. മന്ത്രവാദികൾ തങ്ങളുടെ മാന്ത്രികവിദ്യയാൽ അതേകാര്യം ചെയ്തു; അവരും ഈജിപ്റ്റുദേശത്തു തവളകളെ വരുത്തി. ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി അവരോട്, “എന്റെയും എന്റെ ജനങ്ങളുടെയും അടുക്കൽനിന്ന് തവളകൾ നീങ്ങിപ്പോകാൻ നിങ്ങൾ യഹോവയോട് അപേക്ഷിക്കുക; അപ്പോൾ യഹോവയ്ക്കു യാഗം കഴിക്കാൻ നിങ്ങളുടെ ജനങ്ങളെ ഞാൻ വിട്ടയയ്ക്കാം” എന്നു പറഞ്ഞു. മോശ ഫറവോനോടു പറഞ്ഞു: “നിങ്ങളെയും നിങ്ങളുടെ വീടുകളെയും വിട്ട് തവള നദിയിൽമാത്രമായി ഒതുങ്ങേണ്ടതിന് താങ്കൾക്കും സേവകർക്കും ജനത്തിനുംവേണ്ടി ഞാൻ പ്രാർഥിക്കേണ്ട സമയം ദയവായി നിശ്ചയിച്ചുതന്നാലും.” “നാളെ,” ഫറവോൻ പറഞ്ഞു. അതിനുത്തരമായി മോശ പറഞ്ഞത്, “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു സദൃശനായി ആരുമില്ല എന്നു താങ്കൾ അറിയേണ്ടതിന് അത് അങ്ങനെ സംഭവിക്കും. തവളകൾ താങ്കളെയും താങ്കളുടെ ഭവനങ്ങളെയും സേവകരെയും ജനത്തെയും വിട്ടുപോയി നൈൽനദിയിൽമാത്രം ഒതുങ്ങും.” മോശയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് പോയതിനുശേഷം മോശ യഹോവയോട്, ഫറവോന്റെമേൽ അവിടന്നു വരുത്തിയിരുന്ന തവളകളെ സംബന്ധിച്ചു പ്രാർഥിച്ചു. മോശയുടെ പ്രാർഥനയനുസരിച്ച് യഹോവ പ്രവർത്തിച്ചു. തവളകൾ വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ചത്തൊടുങ്ങി. അവയെ കൂമ്പാരങ്ങളായി കൂട്ടി. അവയുടെ ദുർഗന്ധം ദേശമെങ്ങും നിറഞ്ഞു. എന്നാൽ തവളകളിൽനിന്ന് ആശ്വാസംലഭിച്ചു എന്നുകണ്ടപ്പോൾ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ, ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കി; മോശയുടെയും അഹരോന്റെയും വാക്ക് അയാൾ കേട്ടതുമില്ല. പേൻ പെരുകുന്നു ഇതിനുശേഷം യഹോവ മോശയോടു പറഞ്ഞു: “നീ അഹരോനോടു പറയുക, ‘നിന്റെ വടിയെടുത്ത് നിലത്തെ പൂഴിയിൽ അടിക്കുക.’ അപ്പോൾ അതു പേനായിത്തീർന്ന് ഈജിപ്റ്റു മുഴുവൻ വ്യാപിക്കും.” അവർ അപ്രകാരംചെയ്തു. അഹരോൻ കൈനീട്ടി തന്റെ വടികൊണ്ട് നിലത്തെ പൂഴിയിൽ അടിച്ചു. അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ആയിത്തീർന്നു; ഈജിപ്റ്റിലെല്ലായിടവും നിലത്തെ പൂഴിമുഴുവനും പേൻ ആയിത്തീർന്നു. മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാൽ പേൻ ഉണ്ടാക്കാൻ ശ്രമിച്ചു; എന്നാൽ, അവർക്കതിനു കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ നിറഞ്ഞുനിന്നു. അപ്പോൾ മന്ത്രവാദികൾ ഫറവോനോടു പറഞ്ഞത്, “ഇതു ദൈവത്തിന്റെ കൈവിരൽ പ്രവർത്തിക്കുന്നതാകുന്നു.” എന്നാൽ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല. ഈച്ചയുടെ ബാധ ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും. “ ‘എന്നാൽ എന്റെ ജനം പാർക്കുന്ന ഗോശെൻ പ്രദേശത്തെ അന്നു ഞാൻ ഒഴിവാക്കും. അവിടെ ഈച്ച ഉണ്ടായിരിക്കുകയില്ല; അങ്ങനെ യഹോവയായ ഞാൻതന്നെ ഈ ദേശത്തിന്റെ മധ്യേയുണ്ട് എന്നു നീ അറിയും. എന്റെ ജനത്തെയും നിന്റെ ജനത്തെയുംതമ്മിൽ ഞാൻ വേർതിരിക്കും.8:23 ചി.കൈ.പ്ര. വീണ്ടെടുക്കും. ഈ അത്ഭുതചിഹ്നം നാളെത്തന്നെ സംഭവിക്കും.’ ” യഹോവ അങ്ങനെതന്നെ ചെയ്തു. ഈച്ചകളുടെ കനത്ത കൂട്ടങ്ങൾ ഫറവോന്റെ കൊട്ടാരത്തിലേക്കും ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും പ്രവഹിച്ചു. ഈജിപ്റ്റുദേശം മുഴുവനും ഈച്ചകളെക്കൊണ്ടു നശിച്ചു. അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “പോകുക, നിങ്ങളുടെ ദൈവത്തിന് ഈ ദേശത്തുവെച്ചുതന്നെ യാഗം അർപ്പിക്കുക,” എന്നു പറഞ്ഞു. “അതു ശരിയല്ല,” മോശ പറഞ്ഞു. “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ഞങ്ങൾ അർപ്പിക്കുന്ന യാഗം ഈജിപ്റ്റുകാർക്ക് അറപ്പു തോന്നിക്കുന്നതായിരിക്കും. അവരുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ യാഗം ഞങ്ങൾ അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കൽപ്പിക്കുന്നതുപോലെ, മരുഭൂമിയിൽ മൂന്നുദിവസത്തെ യാത്രചെയ്തു ചെന്ന് അവിടത്തേക്കു ഞങ്ങൾ യാഗം അർപ്പിക്കേണ്ടതാകുന്നു.” “മരുഭൂമിയിൽവെച്ചു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, എന്നാൽ നിങ്ങൾ വളരെ അകലെപ്പോകരുത്; എനിക്കുവേണ്ടി പ്രാർഥിക്കുക,” ഫറവോൻ പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “താങ്കളെ വിട്ടുപോയിക്കഴിഞ്ഞാലുടൻതന്നെ ഞാൻ യഹോവയോട് അപേക്ഷിക്കാം, ഈച്ചകൾ നാളെ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോകും. എന്നാൽ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ജനങ്ങളെ വിട്ടയയ്ക്കാതെ ഫറവോൻ വീണ്ടും വഞ്ചനാപരമായി പ്രവർത്തിക്കുകയില്ലെന്നത് ഉറപ്പായിരിക്കണം.” പിന്നെ മോശ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോടു പ്രാർഥിച്ചു. മോശയുടെ അപേക്ഷയനുസരിച്ച് യഹോവ പ്രവർത്തിച്ചു: ഈച്ചകൾ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോയി; ഒന്നുപോലും അവശേഷിച്ചില്ല. എന്നാൽ ഈ പ്രാവശ്യവും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചില്ല. കന്നുകാലികളുടെമേൽ ഉണ്ടായ ബാധ ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു. നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും. എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല. യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.” പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല. ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല. പരു എന്ന ബാധ ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ. അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.” അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി. മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല. കന്മഴയുടെ ബാധ യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും. ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു. എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.9:16 അഥവാ, സംരക്ഷിച്ചിരിക്കുന്നു. നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു. അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും. നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’ ” ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു. യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു. ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു. മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു; കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല. ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു. ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല. അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു. യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.” അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും. എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു. ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല. ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല. മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി. അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല. വെട്ടുക്കിളിയുടെ ബാധ യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെയും അവന്റെ ഉദ്യോഗസ്ഥരുടെയും മുന്നിൽ എന്റെ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കേണ്ടതിന് അവരുടെ ഹൃദയം കഠിനമാക്കിയിരിക്കുന്നു. ഞാൻ ഈജിപ്റ്റുകാരോട് എത്ര കർശനമായി പെരുമാറിയെന്നും അവരുടെ ഇടയിൽ എന്റെ അത്ഭുതചിഹ്നങ്ങൾ എങ്ങനെ പ്രവർത്തിച്ചെന്നും നിനക്കു നിന്റെ മക്കളോടും മക്കളുടെ മക്കളോടും വിവരിക്കാൻ കഴിയേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.” മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു, “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘നീ എത്രകാലം എന്റെമുമ്പിൽ നിന്നെത്തന്നെ വിനയപ്പെടുത്താതിരിക്കും? എന്റെ ജനം എന്നെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക. നീ അവരെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നാളെ നിന്റെ ദേശത്തു വെട്ടുക്കിളികളെ അയയ്ക്കും. നിലം കാണാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. നിന്റെ വയലുകളിലും നിലത്തും തളിർത്തുവളരുന്ന സകലവൃക്ഷങ്ങളും ഉൾപ്പെടെ, കന്മഴയിൽ നശിക്കാതെ ശേഷിച്ചിട്ടുള്ളതെല്ലാം അവ തിന്നുകളയും. അവ നിന്റെയും നിന്റെ ഉദ്യോഗസ്ഥരുടെയും ഈജിപ്റ്റുകാരായ എല്ലാവരുടെയും ഭവനങ്ങളിൽ നിറയും. ആ കാഴ്ച നിന്റെ പിതാക്കന്മാരോ പൂർവികരോ ഈ ദേശത്തു താമസം ഉറപ്പിച്ച നാൾമുതൽ ഇതുവരെയും ഒരിക്കലും കണ്ടിട്ടില്ലാത്തതായിരിക്കും.’ ” പിന്നെ മോശ പിന്തിരിഞ്ഞ് ഫറവോനെ വിട്ടുപോയി. ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തോട്, “ഈ മനുഷ്യൻ എത്രകാലം നമുക്ക് ഒരു കെണിയായി തുടരും? ആ ജനം ചെന്ന് അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കണം. ഈജിപ്റ്റു നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അങ്ങ് ഇപ്പോഴും മനസ്സിലാക്കുന്നില്ലയോ?” എന്നു ചോദിച്ചു. അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽ തിരികെക്കൊണ്ടുവന്നു. “പൊയ്ക്കൊൾക, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക,” അദ്ദേഹം പറഞ്ഞു. “എന്നാൽ ആരൊക്കെയാണു പോകുന്നത്?” അദ്ദേഹം ചോദിച്ചു. അതിന് മോശ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കേണ്ടതാകുന്നു; അതുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ ചെറുപ്പക്കാരെയും വൃദ്ധജനങ്ങളെയും ആൺമക്കളെയും പെൺമക്കളെയും ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും കൂട്ടിയാണു പോകുന്നത്.” അപ്പോൾ ഫറവോൻ പറഞ്ഞു, “ഞാൻ നിങ്ങളെ നിങ്ങളുടെ കുഞ്ഞുങ്ങളോടുംകൂടെ പോകാൻ അനുവദിച്ചാൽ, യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ! നിങ്ങൾ ദോഷത്തിനു തുനിഞ്ഞിരിക്കുന്നു. വേണ്ടാ, പുരുഷന്മാർമാത്രം പോയി യഹോവയെ ആരാധിക്കുക; അതാണല്ലോ നിങ്ങൾ ഇതുവരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്?” പിന്നെ മോശയെയും അഹരോനെയും ഫറവോന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു, “വെട്ടുക്കിളികൾ വന്നു ദേശത്തെ മൂടി, വയലിൽ വളരുന്നതെല്ലാം, കന്മഴ കഴിഞ്ഞു ശേഷിക്കുന്ന സകലതും തിന്നുകളയേണ്ടതിന് നിന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടുക.” മോശ ഈജിപ്റ്റിനുമീതേ തന്റെ വടിനീട്ടി. യഹോവ അന്നു പകലും രാത്രിയും ദേശത്തുകൂടി ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. നേരം പുലർന്നപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളികളെ വരുത്തിയിരുന്നു. അവ ഈജിപ്റ്റിനെ മുഴുവൻ ആക്രമിച്ച്, ദേശത്ത് അത്യധികമായി വ്യാപിച്ചു. അതുപോലുള്ള വെട്ടുക്കിളിശല്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല. അവ ദേശംമുഴുവൻ മൂടിയതുകൊണ്ട് എല്ലായിടവും ഇരുണ്ടുപോയി. കന്മഴ ശേഷിപ്പിച്ചിരുന്നതെല്ലാം—വയലിലെ സസ്യങ്ങളും വൃക്ഷങ്ങളിലെ കായ്കളും എല്ലാം—അവ തിന്നുതീർത്തു. ഈജിപ്റ്റുദേശത്ത് ഒരിടത്തും, വൃക്ഷങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോൻ മോശയെയും അഹരോനെയും പെട്ടെന്നു വരുത്തി അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും പാപംചെയ്തിരിക്കുന്നു. എന്റെ പാപം ഈ ഒരു പ്രാവശ്യംകൂടി ക്ഷമിക്കുക; മാരകമായ ഈ ബാധ എന്നിൽനിന്ന് അകറ്റിക്കളയാൻ നിങ്ങളുടെ ദൈവമായ യഹോവയോട് അപേക്ഷിക്കണം.” മോശ ഫറവോന്റെ അടുക്കൽനിന്നുപോയി യഹോവയോടു പ്രാർഥിച്ചു. യഹോവ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റു വരുത്തി; അതു വെട്ടുക്കിളികളെ കൊണ്ടുപോയി ചെങ്കടലിൽ എറിഞ്ഞു. ഈജിപ്റ്റിൽ ഒരിടത്തും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അദ്ദേഹം ഇസ്രായേൽമക്കളെ വിട്ടയച്ചില്ല. ഇരുട്ടിന്റെ ബാധ അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.” എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല. ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു. കടിഞ്ഞൂലുകളുടെ സംഹാരം യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഫറവോന്റെയും ഈജിപ്റ്റിന്റെയുംമേൽ ഒരു ബാധകൂടി വരുത്തും. അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ സകലരെയും പുറത്താക്കും. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.” യഹോവ ഈജിപ്റ്റുകാർക്ക് ഇസ്രായേൽജനത്തോടു കരുണതോന്നിപ്പിച്ചു. മോശ ഈജിപ്റ്റിൽ, ഫറവോന്റെ ഉദ്യോഗസ്ഥന്മാർക്കും ഈജിപ്റ്റിലെ ജനതയ്ക്കും സമാരാധ്യനായിരുന്നു. മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും. സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും. എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു. യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല. പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു, “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം. ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം. ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു! “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല. “ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്. “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ12:17 മൂ.ഭാ. സൈന്യത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം. പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.” ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല. “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു. ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. പുറപ്പാട് ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു. എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി. മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു. ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു. ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്. ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി. അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല. ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു. ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി. അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു. പെസഹായുടെ നിബന്ധനകൾ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു: “ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല. നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല. “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്. ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം. “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.” യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു. യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. കടിഞ്ഞൂലുകളുടെ സമർപ്പണം യഹോവ മോശയോട്, “സകല ആദ്യജാതന്മാരെയും എനിക്കായി ശുദ്ധീകരിക്കുക. മനുഷ്യരുടേതാകട്ടെ, മൃഗങ്ങളുടേതാകട്ടെ, ഇസ്രായേൽമക്കളുടെ ഇടയിലുള്ള എല്ലാ കടിഞ്ഞൂലുകളും എനിക്കുള്ളതാകുന്നു” എന്നു കൽപ്പിച്ചു. അപ്പോൾ മോശ ജനത്തോടു പറഞ്ഞു, “അടിമദേശമായ ഈജിപ്റ്റിൽനിന്ന് യഹോവ ശക്തമായ ഭുജത്താൽ നിങ്ങളെ വിടുവിച്ചുകൊണ്ടുപോന്നതിനാൽ നിങ്ങൾ അവിടെനിന്നു പുറപ്പെട്ട ഈ ദിവസത്തിന്റെ ഓർമ നിലനിർത്തണം. പുളിപ്പുള്ള യാതൊന്നും നിങ്ങൾ തിന്നരുത്. ആബീബുമാസം13:4 പൗരാണിക എബ്രായർ അനുവർത്തിച്ചുവന്ന ചന്ദ്രവർഷത്തിലെ ആദ്യമാസമാണ് ആബീബുമാസം ഇത് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ്. ഈ ദിവസത്തിലാണ് നിങ്ങൾ വിട്ടുപോന്നത്. യഹോവ നിങ്ങളെ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്ത്, പാലും തേനും ഒഴുകുന്നതും നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോട് അവിടന്നു വാഗ്ദാനംചെയ്തതുമായ ദേശത്ത്, കൊണ്ടുചെന്നതിനുശേഷം ഈ മാസത്തിൽ നിങ്ങൾ ഈ കർമം ആചരിക്കണം: ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുകയും ഏഴാംദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കുകയും വേണം. ആ ഏഴുദിവസവും നീ പുളിപ്പില്ലാത്ത അപ്പമാണു തിന്നേണ്ടത്; പുളിപ്പുള്ള ഒന്നുംതന്നെ നിന്റെ പക്കൽ കാണരുത്, നിന്റെ അതിരുകൾക്കുള്ളിൽ ഒരിടത്തും പുളിമാവ് അശേഷം കാണരുത്. അന്നു നീ നിന്റെ മകനോട്, ഞാൻ ഈജിപ്റ്റിൽനിന്ന് പോന്ന ദിവസം യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തമാണു ഞാൻ ഇങ്ങനെ ചെയ്യുന്നതെന്നു പറയണം. യഹോവയുടെ ന്യായപ്രമാണം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതിന് ഈ അനുഷ്ഠാനം നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിയിൽ ഒരു സ്മാരകവും ആയിരിക്കണം; യഹോവ തന്റെ ശക്തിയുള്ള കരത്താൽ നിന്നെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു കൊണ്ടുവന്നുവല്ലോ. നീ ഓരോവർഷവും നിശ്ചിതസമയത്ത് ഈ അനുഷ്ഠാനം ആചരിച്ചുകൊള്ളണം. “യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും ആണയിട്ടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ, നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുവന്ന് അവിടം നിനക്കു നൽകുമ്പോൾ നീ സകലകടിഞ്ഞൂലുകളെയും യഹോവയ്ക്കു വേർതിരിക്കേണ്ടതാകുന്നു. നിന്റെ ആടുമാടുകളുടെ സകല ആൺകടിഞ്ഞൂലുകളും യഹോവയ്ക്കുള്ളതാകുന്നു. കഴുതകളുടെ കടിഞ്ഞൂലുകളിൽ ഓരോന്നിനെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടെടുക്കണം. അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരായ എല്ലാവരെയും വീണ്ടെടുക്കണം. “ഭാവികാലത്തു നിന്റെ മകൻ നിന്നോട്, ‘ഇതിന്റെ അർഥം എന്താകുന്നു?’ എന്നു ചോദിക്കുമ്പോൾ നീ അവനോടു പറയുക: ‘യഹോവ നമ്മെ ബലമുള്ള കൈയാൽ അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു. നമ്മെ വിട്ടയയ്ക്കുകയില്ല എന്നു ഫറവോൻ ശാഠ്യംപിടിച്ചപ്പോൾ യഹോവ ഈജിപ്റ്റിലെ സകലമനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കൊന്നുകളഞ്ഞു. അതുകൊണ്ടാണ് ഞാൻ കടിഞ്ഞൂലായ ആണിനെയെല്ലാം യഹോവയ്ക്ക് അർപ്പിക്കുകയും എന്റെ ആദ്യജാതന്മാരെ എല്ലാവരെയും വീണ്ടെടുക്കുകയും ചെയ്യുന്നത്.’ യഹോവ തന്റെ ബലമുള്ള കരത്താൽ നമ്മെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു എന്നത്, നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിത്തടത്തിൽ ഒരു മുദ്രയും ആയിരിക്കണം.” സമുദ്രം തരണംചെയ്യുന്നു ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി. ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു. യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു.13:19 ഉൽ. 50:25 കാണുക. അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിയുടെ അരികിലുള്ള ഏഥാമിൽ പാളയമടിച്ചു. യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല. ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്, “നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം. ‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും. ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു. അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി. ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി. യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുകൊണ്ട്, യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്ന ഇസ്രായേൽജനത്തെ അയാൾ പിൻതുടർന്നു. ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു. ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു. അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.” ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക. ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക. ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി. അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു. പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു. ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു. ഈജിപ്റ്റുകാർ അവരെ പിൻതുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയുമെല്ലാം അവരെ പിൻതുടർന്നു കടലിന്റെ നടുവിലേക്കു ചെന്നു. പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി. അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ14:25 ചി.കൈ.പ്ര. ഊരിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു. അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു. മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു. വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല. എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു. ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു. മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു. മോശയുടെയും മിര്യാമിന്റെയും ഗീതം ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു: “ഞാൻ യഹോവയ്ക്കു പാടും, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു. “യഹോവ എന്റെ ബലവും എന്റെ ഗീതവും15:2 അഥവാ, പരിരക്ഷ ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും. അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും. യഹോവ യുദ്ധവീരനാകുന്നു; യഹോവ എന്നാകുന്നു അവിടത്തെ നാമം. ഫറവോന്റെ രഥങ്ങളെയും അയാളുടെ സൈന്യത്തെയും അവിടന്നു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. ഫറവോന്റെ സൈന്യാധിപന്മാരിൽ മികവുറ്റവർ ചെങ്കടലിൽ മുങ്ങിത്താണുപോയി. അഗാധജലം അവരെ മൂടിക്കളഞ്ഞു; അവർ കല്ലുപോലെ ആഴങ്ങളിലേക്കു താണുപോയി. യഹോവേ, അവിടത്തെ വലങ്കൈ അത്യന്തം ശ്രേഷ്ഠവും ബലവും ഉള്ളത്! യഹോവേ, അവിടത്തെ വലങ്കൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു. “അവിടത്തോട് എതിർത്തവരെ അവിടത്തെ രാജകീയ പ്രഭാവത്താൽ അങ്ങ് വീഴ്ത്തിക്കളഞ്ഞു. അവിടന്നു ക്രോധാഗ്നി അയച്ചു; അതു വൈക്കോൽക്കുറ്റിപോലെ അവരെ ദഹിപ്പിച്ചുകളഞ്ഞു. അവിടത്തെ ശക്തമായ ഉച്ഛ്വാസത്താൽ വെള്ളം കൂമ്പാരമായി ഉയർന്നു; ഇരച്ചുകയറുന്ന ജലപ്രവാഹങ്ങൾ മതിൽപോലെ ഉറച്ചുനിന്നു; അഗാധപ്രവാഹങ്ങൾ ആഴിയുടെ അന്തർഭാഗത്ത് ഉറഞ്ഞുപോയി. ‘ഞാൻ പിൻതുടരും, ഞാൻ അവരെ കീഴടക്കും,’ എന്നു ശത്രു അഹങ്കരിച്ചു. ‘കൊള്ളമുതൽ പങ്കിടും, ഞാൻതന്നെ അവരെ വിഴുങ്ങിക്കളയും, എന്റെ വാൾ ഊരിയെടുത്ത് എന്റെ കൈകൊണ്ടുതന്നെ അവരെ നശിപ്പിക്കും എന്നുംതന്നെ.’ എന്നാൽ, അവിടന്നു തന്റെ ശ്വാസത്താൽ അവരെ ഊതിപ്പറപ്പിച്ചു; സമുദ്രം അവരെ മൂടിക്കളഞ്ഞു. അവർ ഈയംപോലെ ആഴിയിൽ ആഴ്ന്നുപോയി. യഹോവേ, ദേവന്മാരിൽ അവിടത്തേക്കു സദൃശനായി ആരുള്ളൂ? വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ! തേജസ്സിൽ ഭയങ്കരൻ! അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ! അങ്ങേക്കു തുല്യനായി ആരുള്ളൂ? “അവിടന്നു വലങ്കൈ നീട്ടുകയും ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു. അവിടന്നു വീണ്ടെടുത്ത ജനത്തെ ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും. അവിടത്തെ വിശുദ്ധനിവാസത്തിലേക്ക് അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും. ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും. ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും, മോവാബിലെ നേതാക്കന്മാർ വിറകൊള്ളും, കനാനിലെ ജനങ്ങൾ15:15 അഥവാ, ഭരണാധികാരികൾ ഉരുകിപ്പോകും; ഭീതിയും സംഭ്രമവും അവർക്കുണ്ടാകും. യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ അവിടന്നു വിലകൊടുത്തു വാങ്ങിയ15:16 അഥവാ, സൃഷ്ടിച്ച ജനം കടന്നുപോകുന്നതുവരെ, അവിടത്തെ ഭുജബലംനിമിത്തം അവർ കല്ലുപോലെ നിശ്ചലരാകും. യഹോവേ, അവിടന്ന് അവരെ അകത്തുകൊണ്ടുവന്ന് അവിടത്തെ അവകാശമായ പർവതത്തിൽ നട്ടുപിടിപ്പിക്കും. ആ സ്ഥലം, യഹോവേ, അങ്ങേക്കു വസിക്കേണ്ടതിന്, തൃക്കരം സ്ഥാപിച്ചിട്ടുള്ള വിശുദ്ധനിവാസംതന്നെ. “യഹോവ വാഴും എന്നും എന്നേക്കും.” ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു. അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. മിര്യാം അവർക്കു പാടിക്കൊടുത്തു: “യഹോവയ്ക്കു പാടുക, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.” മാറായിലെയും ഏലീമിലെയും വെള്ളം ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു. അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ15:23 കയ്‌പ് എന്നർഥം. എന്നു പറയുന്നത്.) “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു. അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി. അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു. അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.” പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു. മന്നയും കാടപ്പക്ഷിയും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി. മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു. ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ. ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.” അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും; രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?” മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.” പിന്നെ മോശ അഹരോനോടു പറഞ്ഞു, “ ‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.” അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു. യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ” അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം16:16 ഏക. 1.4 കി.ഗ്രാം. എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.” തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു. മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു. എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു. ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ.16:22 ഏക. 2.8 കി.ഗ്രാം. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു. അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’ ” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല. മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല. ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.” എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല. അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും? യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.” അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു. ഇസ്രായേൽമക്കൾ അതിനു മന്ന16:31 ഇത് എന്താണ്? എന്നർഥം. വാ. 15 കാണുക. എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു. മോശ പറഞ്ഞു, “യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ, ‘മരുഭൂമിയിൽ നിങ്ങൾക്കു ഭക്ഷിക്കാൻ നൽകിയ അപ്പം വരുംതലമുറകൾക്കു കാണാൻ കഴിയേണ്ടതിന്, അവർക്കായി അതിൽ ഒരു ഓമെർ എടുത്തു സൂക്ഷിച്ചുവെക്കുക.’ ” മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു. ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി. ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്. പാറയിൽനിന്ന് വെള്ളം യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു. മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു. അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു. അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. അവിടെ ഹോരേബിലെ17:6 സീനായി പർവതത്തിന്റെ മറ്റൊരുപേര്. പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ17:7 പരീക്ഷ എന്നർഥം. എന്നും മെരീബാ17:7 കലഹം എന്നർഥം. എന്നും പേരിട്ടു. അമാലേക്യരെ തോൽപ്പിക്കുന്നു അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു. മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു. മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി. മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും. മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു. യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി. ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.” മോശ ഒരു യാഗപീഠം പണിത് അതിനു “യഹോവ നിസ്സി”17:15 യഹോവ എന്റെ കൊടി എന്നർഥം, എന്നു പേരിട്ടു. “യഹോവയുടെ സിംഹാസനത്തിലേക്കു17:16 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. കൈകൾ ഉയർത്തപ്പെടുമെന്നും, യഹോവ അമാലേക്യരോടു തലമുറതലമുറയായി യുദ്ധംചെയ്യും” എന്നും അദ്ദേഹം പറഞ്ഞു. യിത്രോ മോശയെ സന്ദർശിക്കുന്നു ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലകാര്യങ്ങളും യഹോവ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന വിവരവും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു. മോശ തന്റെ ഭാര്യയായ സിപ്പോറയെ മടക്കി അയച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പനായ യിത്രോ അവളെയും അവളുടെ രണ്ട് ആൺമക്കളെയും സ്വീകരിച്ചു. “ഞാൻ അന്യദേശത്ത് പ്രവാസിയായിരിക്കുന്നു,” എന്നു പറഞ്ഞ് ഒരു മകന് മോശ ഗെർശോം എന്നു പേരിട്ടു. “എന്റെ പിതാവിന്റെ ദൈവം എന്റെ സഹായമായി, അവിടന്ന് എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു,” എന്നു പറഞ്ഞുകൊണ്ട് മറ്റേമകന് അദ്ദേഹം എലീയേസർ18:4 ദൈവം എന്റെ സഹായകൻ എന്നർഥം. എന്നു പേരിട്ടു. മോശയുടെ അമ്മായിയപ്പനായ യിത്രോ മോശയുടെ ആൺമക്കളെയും ഭാര്യയെയും കൂട്ടിക്കൊണ്ടു മരുഭൂമിയിൽ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അവിടെ, ദൈവത്തിന്റെ പർവതത്തിനരികെ മോശ കൂടാരമടിച്ചിരുന്നു. “നിന്റെ അമ്മായിയപ്പനായ യിത്രോ എന്ന ഞാൻ നിന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി നിന്റെ അടുത്തേക്കു വന്നിരിക്കുന്നു,” എന്നു യിത്രോ അദ്ദേഹത്തെ അറിയിച്ചു. മോശ പുറപ്പെട്ട് അമ്മായിയപ്പനെ വണങ്ങി ചുംബിച്ച് എതിരേറ്റു. അവർ പരസ്പരം അഭിവാദനംചെയ്തശേഷം കൂടാരത്തിലേക്കു പോയി. യഹോവ ഇസ്രായേലിനുവേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്ത സകലകാര്യങ്ങളെക്കുറിച്ചും വഴിയിൽ അവർക്കു നേരിട്ട സകലവൈഷമ്യങ്ങളെക്കുറിച്ചും യഹോവ അവരെ വിടുവിച്ചതിനെക്കുറിച്ചും മോശ യിത്രോയെ പറഞ്ഞുകേൾപ്പിച്ചു. ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്താൻ അവർക്കുവേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും കേട്ട് യിത്രോ ആനന്ദിച്ചു. അദ്ദേഹം പറഞ്ഞു, “ഈജിപ്റ്റുകാരുടെയും ഫറവോന്റെയും കൈയിൽനിന്ന് നിന്നെ വിടുവിച്ചവനും ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ജനങ്ങളെ മോചിപ്പിച്ചവനുമായ യഹോവ വാഴ്ത്തപ്പെട്ടവൻ. യഹോവ സകലദേവന്മാരെക്കാളും വലിയവൻ18:11 അഥവാ, ശക്തൻ എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഇസ്രായേലിനോടു ധിക്കാരമായി പെരുമാറിയവരോട് അവിടന്ന് ഇങ്ങനെ ചെയ്തല്ലോ!” പിന്നെ, മോശയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഒരു ഹോമയാഗവും മറ്റുയാഗങ്ങളും അർപ്പിച്ചു. അഹരോനും ഇസ്രായേലിലെ സകലഗോത്രത്തലവന്മാരും വന്ന് മോശയുടെ അമ്മായിയപ്പനോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു. പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു. ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.” അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല. നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല. ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം. അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം. സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക. അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ! നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.” മോശ അമ്മായിയപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു; അദ്ദേഹം പറഞ്ഞതുപോലെ എല്ലാം ചെയ്തു. അദ്ദേഹം സകല ഇസ്രായേലിൽനിന്നും സമർഥരായ പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ജനത്തിനു നായകന്മാരാക്കി. ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിച്ചു. അവർ എപ്പോഴും ജനത്തിനു ന്യായപാലനം നടത്തി. പ്രയാസമുള്ള വ്യവഹാരങ്ങൾ അവർ മോശയുടെമുമ്പിൽ കൊണ്ടുവന്നു. ലഘുവായവയ്ക്ക് അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്തു. മോശ അമ്മായിയപ്പനെ യാത്രയയച്ചു; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി. സീനായിപർവതത്തിൽ ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ19:1 ചന്ദ്രവർഷത്തിലെ രണ്ടുമാസം തികയുന്ന ആ ദിവസം. സംഖ്യ. 33:3 കാണുക.—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ പ്രവേശിച്ചു. അവിടെ പർവതത്തിനു മുന്നിലായി ഇസ്രായേൽ പാളയമടിച്ചു. ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ: ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു. ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു. നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.” മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു. “യഹോവ കൽപ്പിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം,” എന്ന് ജനമെല്ലാം ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു. ജനത്തിന്റെ വാക്കു മോശ ദൈവസന്നിധിയിലെത്തിച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനംകേട്ട് നിന്നിൽ എപ്പോഴും വിശ്വസിക്കേണ്ടതിനു ഞാൻ ഇതാ മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു.” അപ്പോൾ മോശ ജനം പറഞ്ഞതു യഹോവയോട് അറിയിച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു, “ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ഇന്നും നാളെയും വിശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ, അന്ന് യഹോവ സകലജനവും കാണുംവിധം സീനായിമലയിൽ ഇറങ്ങിവരും. മലയുടെ ചുറ്റും ജനത്തിന് അതിരുതിരിച്ചിട്ട് അവരോടു പറയണം, ‘പർവതത്തിലേക്കു പോകുകയോ അതിന്റെ അടിവാരത്തിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തെ തൊട്ടാൽ അവൻ കൊല്ലപ്പെടും. ആരും ആ മനുഷ്യനെ സ്പർശിക്കരുത്. അയാളെ നിശ്ചയമായും കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം: മനുഷ്യനായാലും മൃഗമായാലും ജീവനോടിരിക്കരുത്.’ കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം ദീർഘമായി ഊതുമ്പോൾമാത്രം അവർക്ക് പർവതത്തിനടുത്തേക്കു പോകാം.” മോശ പർവതത്തിൽനിന്ന് ഇറങ്ങിയതിനുശേഷം ജനത്തിന്റെ അടുക്കൽ ചെന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രം അലക്കി. പിന്നെ, അദ്ദേഹം അവരോട്, “മൂന്നാംദിവസത്തേക്ക് ഒരുങ്ങിക്കൊള്ളുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.” മൂന്നാംദിവസം പ്രഭാതത്തിൽ പർവതത്തിനുമീതേ, കനത്ത മേഘത്തോടൊപ്പം ഇടിയും മിന്നലും തുടർന്ന് അത്യുച്ചത്തിലുള്ള കാഹളനാദവും ഉണ്ടായി. പാളയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പേടിച്ചുവിറച്ചു. ഇതിനുശേഷം ദൈവത്തെ എതിരേൽക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്തു നിന്നു. യഹോവ സീനായിപർവതത്തിൽ, തീയിൽ, ഇറങ്ങിവന്നതുകൊണ്ട് മല പുകകൊണ്ടു മൂടി. ചൂളയിൽനിന്ന് പൊങ്ങുന്നതുപോലെ പുക ഉയർന്നുപൊങ്ങി. പർവതം19:18 ചി.കൈ.പ്ര. ജനമെല്ലാം വല്ലാതെ വിറച്ചു. കാഹളത്തിന്റെ മുഴക്കം ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ സംസാരിക്കുകയും ദൈവം19:19 അഥവാ, ദൈവത്തിന്റെ ശബ്ദം ഉച്ചത്തിൽ അദ്ദേഹത്തിന് ഉത്തരം നൽകുകയും ചെയ്തു. യഹോവ സീനായിമലയുടെ മുകളിൽ ഇറങ്ങിവന്ന് മോശയെ പർവതാഗ്രത്തിലേക്കു വിളിച്ചു; മോശ കയറിച്ചെന്നു. യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. യഹോവയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. അല്ലാത്തപക്ഷം യഹോവ അവർക്കു ജീവഹാനി വരുത്തും” എന്ന് അരുളിച്ചെയ്തു. മോശ യഹോവയോട്, “ ‘പർവതത്തിനുചുറ്റും അതിരുതിരിച്ച് അതിനെ വിശുദ്ധീകരിച്ചു വേർതിരിക്കുക,’ എന്ന് അവിടന്നുതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നതുകൊണ്ട് ജനത്തിനു സീനായിമലയിൽ പ്രവേശിക്കാൻ സാധ്യമല്ല” എന്ന് ഉത്തരം പറഞ്ഞു. “ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടുവരിക. പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ അടുത്തേക്ക് അതിരുലംഘിച്ചു കടന്നുവരരുത്, വന്നാൽ യഹോവ അവർക്കു ഹാനി വരുത്തും,” അവിടന്നു മറുപടി നൽകി. മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു. പത്തു കൽപ്പനകൾ ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു: “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്. നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും. നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല. ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല; എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം. കൊലപാതകം ചെയ്യരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്. അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.” ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു. മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു. ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു. വിഗ്രഹങ്ങളും യാഗപീഠങ്ങളും ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു! ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്. “ ‘മണ്ണുകൊണ്ട് ഒരു യാഗപീഠം നിങ്ങൾ എനിക്കായി നിർമിക്കണം; അതിന്മേൽ നിങ്ങളുടെ ഹോമയാഗവസ്തുക്കൾ, സമാധാന വഴിപാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കന്നുകാലികൾ എന്നിവ അർപ്പിക്കുക. എന്റെ നാമം ആദരിക്കപ്പെടാൻ ഞാൻ ഇടയാക്കുന്നിടത്തെല്ലാം വന്നു ഞാൻ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ എനിക്കായി കല്ലുകൊണ്ടു യാഗപീഠം പണിയുന്നെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്; അതിന്മേൽ പണിയായുധം പ്രയോഗിച്ചാൽ നിങ്ങൾ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിന്മേൽ നിങ്ങളുടെ നഗ്നത അനാവരണം ചെയ്യാതിരിക്കേണ്ടതിന് ചവിട്ടുപടികളിലൂടെ അതിന്മേൽ കയറരുത്.’ വിവിധ നിയമങ്ങൾ “നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്: എബ്രായദാസന്മാർ “ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം. അവൻ ഏകനായിട്ടാണു വരുന്നതെങ്കിൽ ഏകനായിത്തന്നെ പോകാവുന്നതാണ്; വരുമ്പോൾ ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പൊയ്ക്കൊള്ളണം. യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും. “എന്നാൽ ആ ദാസൻ: ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു; എനിക്കു സ്വതന്ത്രനായി പോകാൻ ആഗ്രഹമില്ല’ എന്നു തുറന്നുപറയുന്നെങ്കിൽ യജമാനൻ അവനെ ദൈവത്തിന്റെ21:6 അഥവാ, ന്യായാധിപന്മാരുടെ മുമ്പിൽ കൂട്ടിക്കൊണ്ടുപോകണം. അദ്ദേഹം അവനെ വാതിലിന്റെയോ കട്ടിളക്കാലിന്റെയോ അടുത്തുകൊണ്ടുചെന്ന് സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അദ്ദേഹത്തെ സേവിക്കണം. “ഒരുവൻ തന്റെ മകളെ ദാസിയായി വിൽക്കുന്നെങ്കിൽ അവൾ ദാസന്മാർ പോകുന്നതുപോലെ സ്വതന്ത്രയായി പോകരുത്. അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല. അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം. ആ മനുഷ്യൻ മറ്റൊരുവളെ വിവാഹംചെയ്യുന്നെങ്കിൽ ഒന്നാമത്തവൾക്കു ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവ കുറയ്ക്കരുത്. ഇവ മൂന്നും അദ്ദേഹം അവൾക്കു കൊടുക്കുന്നില്ലെങ്കിൽ, പണം കൊടുക്കാതെ അവൾക്കു സ്വതന്ത്രയായി പോകാവുന്നതാണ്. വ്യക്തിക്കുണ്ടാകുന്ന ക്ഷതങ്ങൾ “ആരെങ്കിലും ഒരു മനുഷ്യനെ അടിച്ചുകൊന്നാൽ അയാൾ മരണശിക്ഷ അനുഭവിക്കണം. എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം. എന്നാൽ ഒരു വ്യക്തി കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ കൊല്ലുന്നെങ്കിൽ ആ മനുഷ്യനെ എന്റെ യാഗപീഠത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയണം. “അപ്പനെയോ അമ്മയെയോ അടിക്കുന്നവരും21:15 അഥവാ, കൊല്ലുന്നവരും മരണശിക്ഷ അനുഭവിക്കണം. “ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം. “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും21:17 അഥവാ, അപമര്യാദയോടെ സംസാരിക്കുക. മരണശിക്ഷ അനുഭവിക്കണം. “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരാൾ മറ്റൊരാളെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ21:18 അഥവാ, ഒരു ഉപകരണംകൊണ്ടോ ഇടിച്ച് അയാൾ മരിക്കാതെ, കിടപ്പിലാകുകയും പിന്നീട് എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ ഇടിച്ച വ്യക്തിയെ ശിക്ഷിക്കേണ്ടതില്ല; എങ്കിലും ഇടിയേറ്റയാൾക്കു നഷ്ടപരിഹാരം കൊടുക്കുകയും പരിപൂർണസൗഖ്യം വരുത്താൻ വേണ്ടതു ചെയ്യുകയും വേണം. “ആരെങ്കിലും തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ട് അടിച്ചിട്ട് അതിന്റെ ഫലമായി ആ അടിമ മരിച്ചുപോയാൽ അടിച്ച വ്യക്തിയെ ശിക്ഷിക്കണം; എന്നാൽ അടിമ ഒന്നോ രണ്ടോ ദിവസംകൂടി ജീവിച്ചിരുന്നാൽ ആ മനുഷ്യനെ ശിക്ഷിക്കേണ്ടതില്ല; അടിമ അവന്റെ സ്വത്താണല്ലോ! “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും21:22 അഥവാ, ഗർഭച്ഛിദ്രം സംഭവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്. എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം. “ഒരു യജമാനൻ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു നശിപ്പിച്ചാൽ, കണ്ണിനു നഷ്ടപരിഹാരമായി ആ ദാസനെയോ ദാസിയെയോ, സ്വാതന്ത്ര്യം കൊടുത്തു വിട്ടയയ്ക്കണം. ആ മനുഷ്യൻ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുകൊഴിച്ചാൽ പല്ലിനുള്ള നഷ്ടപരിഹാരമായി ആ ദാസനെ, അഥവാ, ദാസിയെ വിട്ടയയ്ക്കണം. “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല. എന്നാൽ ആ കാള കുത്തുന്ന സ്വഭാവമുള്ളതും ഉടമയ്ക്കു മുന്നറിയിപ്പു നൽകിയിട്ടും അയാൾ അതിനെ കെട്ടി സൂക്ഷിക്കാതിരുന്നതുമാണെങ്കിൽ, അത് ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം; ഉടമയും മരണശിക്ഷ അനുഭവിക്കണം. എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം. മകനെയോ മകളെയോ കാള കുത്തിക്കൊന്നാലും ഈ നിയമം ബാധകമായിരിക്കും. ഒരു ദാസനെയോ ദാസിയെയോ കാള കുത്തിക്കൊന്നാൽ അതിന്റെ ഉടമ അടിമയുടെ ഉടമയ്ക്കു മുപ്പതു ശേക്കേൽ21:32 ഏക. 345 ഗ്രാം. വെള്ളി കൊടുക്കുകയും കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. സ്വത്തിനുള്ള സംരക്ഷണം “ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ, കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും. “ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം. എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം. “ആരെങ്കിലും ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ചു കശാപ്പു ചെയ്യുകയോ വിൽക്കുകയോ ചെയ്താൽ അയാൾ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം. “ഒരു കള്ളൻ ഭവനഭേദനം നടത്തുമ്പോൾ അടികൊണ്ടു മരിച്ചുപോയാൽ സ്വയരക്ഷയ്ക്കായി അടിച്ചയാൾക്കു രക്തപാതകം ഇല്ല. എന്നാൽ സൂര്യോദയത്തിനുശേഷമാണ് അങ്ങനെ സംഭവിക്കുന്നതെങ്കിൽ അയാൾ രക്തച്ചൊരിച്ചിൽനിമിത്തം കുറ്റക്കാരനായിരിക്കും. “മോഷ്ടാവ് തീർച്ചയായും നഷ്ടപരിഹാരം നടത്തിയിരിക്കണം, എന്നാൽ ആ വ്യക്തിക്ക് അതിനു വകയില്ലെങ്കിൽ മോഷ്ടിച്ച കുറ്റത്തിന് അയാളെ വിൽക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ ആ മനുഷ്യന്റെ കൈവശം ജീവനോടെ കാണപ്പെട്ടാൽ, അയാൾ അതിന്റെ ഇരട്ടി തിരിച്ചുകൊടുക്കണം. “ആരെങ്കിലും തന്റെ മൃഗങ്ങളെ വയലിലോ മുന്തിരിത്തോപ്പിലോ മേയിക്കുമ്പോൾ അലഞ്ഞുതിരിയാൻ അനുവദിച്ചിട്ട് അവ മറ്റൊരാളുടെ വയലിൽ മേഞ്ഞാൽ അയാൾ സ്വന്തം വയലിലെയോ മുന്തിരിത്തോപ്പിലെയോ നല്ലതിനെ പകരം കൊടുക്കണം. “തീപിടിച്ചിട്ട് അതു മുൾപ്പടർപ്പുകളിലേക്കു വ്യാപിച്ച്, കറ്റകളോ കൊയ്തെടുക്കാനുള്ള വിളവോ വയലോ കത്തിപ്പോയാൽ തീ വെച്ചയാൾ നഷ്ടപരിഹാരം ചെയ്യണം. “ആരെങ്കിലും വെള്ളിയോ മറ്റു സാധനങ്ങളോ സൂക്ഷിച്ചുവെക്കാൻ ഒരു അയൽവാസിയെ ഏൽപ്പിച്ചിട്ട് അയാളുടെ വീട്ടിൽനിന്ന് അവ മോഷ്ടിക്കപ്പെടുകയും മോഷ്ടാവിനെ പിടികിട്ടുകയും ചെയ്താൽ മോഷ്ടാവ് അവയുടെ ഇരട്ടി മടക്കിക്കൊടുക്കണം. എന്നാൽ കള്ളനെ പിടികിട്ടിയില്ലെങ്കിൽ വീട്ടുടമ മറ്റേയാളുടെ സ്വത്ത് അപഹരിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നിശ്ചയം വരുത്താൻ ആ മനുഷ്യനെ ദൈവസന്നിധിയിൽ22:8 അഥവാ, ന്യായാധിപസന്നിധിയിൽ കൊണ്ടുവരണം. കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം എന്നിങ്ങനെയുള്ള എന്തിന്റെയെങ്കിലും കാര്യത്തിൽ ‘അതു തന്റേത്’ എന്ന് ആരെങ്കിലും അവകാശപ്പെടുന്നപക്ഷം, ഇരുകക്ഷികളും തങ്ങളുടെ കാര്യം ദൈവസന്നിധിയിൽ22:9 അഥവാ, ന്യായാധിപസന്നിധിയിൽ കൊണ്ടുവരണം; കുറ്റക്കാരെന്നു ദൈവം വിധിക്കുന്നവർ തന്റെ അയൽവാസിക്ക് ഇരട്ടി പകരം കൊടുക്കണം. “ആരെങ്കിലും അയൽക്കാരെ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും മൃഗമോ ചാകുകയോ മുറിവേൽക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയും സാക്ഷി ഇല്ലാതിരിക്കുകയും ചെയ്താൽ അവർതമ്മിലുള്ള തർക്കം യഹോവയുടെമുമ്പാകെ തീർക്കണം; അയൽക്കാരുടെ വസ്തുവിന്മേൽ താൻ കൈവെച്ചിട്ടില്ല എന്ന് യഹോവയുടെമുമ്പാകെ അയൽവാസി ശപഥംചെയ്യുകയുംവേണം. ഉടമ ഈ വസ്തുത അംഗീകരിക്കണം, പകരമായി ഒന്നുംതന്നെ നൽകേണ്ടതില്ല. എന്നാൽ അതു തന്റെ പക്കൽനിന്നു മോഷ്ടിക്കപ്പെട്ടുവെങ്കിൽ അയാൾ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം. മൃഗത്തെ ഒരു വന്യജന്തു കടിച്ചുകീറിയെങ്കിൽ അയാൾ മൃഗത്തിന്റെ അവശിഷ്ടം അതിനു തെളിവായി കൊണ്ടുവരേണ്ടതാണ്; കടിച്ചുകീറിയതിനു പകരമായി അയാൾ ഒന്നും കൊടുക്കേണ്ടതില്ല. “ആരെങ്കിലും അയൽക്കാരുടെ പക്കൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമയുടെ അസാന്നിധ്യത്തിൽ അതിനു മുറിവേൽക്കുകയോ അതു ചത്തുപോകുകയോ ചെയ്താൽ ആ മനുഷ്യൻ നഷ്ടപരിഹാരം കൊടുക്കണം. ഉടമ മൃഗത്തോടുകൂടെ ഉണ്ടെങ്കിൽ കടംവാങ്ങിയയാൾ ഒന്നും കൊടുക്കേണ്ടതില്ല. മൃഗത്തെ കൂലിക്കു വാങ്ങിയതാണെങ്കിൽ, നഷ്ടം നികത്താൻ കൂലിയായി കൊടുത്ത പണം മതിയാകും. സമൂഹത്തോടുള്ള ഉത്തരവാദിത്വം “വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നവൻ കന്യാധനം നൽകി അവളെ ഭാര്യയായി സ്വീകരിക്കണം. അവളുടെ പിതാവ് അവളെ അവനു കൊടുക്കാൻ തീർത്തും വിസമ്മതിക്കുന്നെങ്കിലും, അവൻ കന്യകമാർക്കുള്ള സ്ത്രീധനം കൊടുക്കേണ്ടതാണ്. “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്. “മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നവർ മരണശിക്ഷ അനുഭവിക്കണം. “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം. “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ. “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും. “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്. അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം. ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ. “ദൈവത്തെ ദുഷിക്കുകയോ നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ ശപിക്കുകയോ അരുത്. “നിന്റെ ധാന്യശേഖരത്തിൽനിന്നും വീഞ്ഞുശേഖരത്തിൽനിന്നും22:29 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ഉള്ള വഴിപാടുകൾ അർപ്പിക്കാൻ വൈകരുത്. “നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു നൽകണം. നിന്റെ കന്നുകാലികളുടെയും ആടുകളുടെയും കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അതു തള്ളയോടുകൂടെ ഏഴുദിവസം നിന്നുകൊള്ളട്ടെ, എന്നാൽ എട്ടാംദിവസം അതിനെ എനിക്കു തരണം. “നിങ്ങൾ എന്റെ വിശുദ്ധജനമായിരിക്കേണ്ടവരാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ കടിച്ചുകീറിയ മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; അതു നായ്ക്കൾക്ക് ഇട്ടുകൊടുക്കണം. നീതിയും കരുണയും സംബന്ധിച്ച നിയമങ്ങൾ “വ്യാജവാർത്ത പ്രചരിപ്പിക്കരുത്. ദുഷ്ടരായവരെ സഹായിക്കാൻ കള്ളസ്സാക്ഷിയാകരുത്. “ദോഷം പ്രവർത്തിക്കാൻ ഭൂരിപക്ഷത്തോടു യോജിക്കരുത്. വ്യവഹാരത്തിൽ സാക്ഷ്യം പറയുമ്പോൾ ജനക്കൂട്ടത്തോടുചേർന്നു ന്യായം അട്ടിമറിക്കരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ ആ വ്യക്തിയോടു പക്ഷഭേദം കാട്ടുകയും അരുത്. “നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ അലഞ്ഞുതിരിയുന്നതായി കണ്ടാൽ നിശ്ചയമായും അതിനെ ആ മനുഷ്യന്റെ അടുക്കൽ തിരിച്ചെത്തിക്കണം. നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം. “വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്. വ്യാജാരോപണത്തിൽ നിനക്കു പങ്കുണ്ടാകരുത്. നിരപരാധിയും നീതിമാനും ആയ ഒരു മനുഷ്യനെയും കൊല്ലരുത്. കുറ്റവാളിയെ ഞാൻ ശിക്ഷിക്കാതെ വിടുകയില്ല. “കൈക്കൂലി വാങ്ങരുത്; കൈക്കൂലി കാഴ്ചയുള്ളവരെ അന്ധരാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. “പ്രവാസികളെ പീഡിപ്പിക്കരുത്; ഈജിപ്റ്റിൽ പ്രവാസികളായിരുന്ന നിങ്ങൾക്ക് ഒരു വിദേശിയുടെ ജീവിതം എങ്ങനെയെന്ന് അറിയാമല്ലോ. ശബ്ബത്ത് നിയമങ്ങൾ “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക. എന്നാൽ ഏഴാംവർഷം നിലം ഉഴാതെ തരിശായിടുക. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് ആഹാരത്തിനുള്ളതു ശേഖരിക്കട്ടെ. അവർ ഉപേക്ഷിക്കുന്നതു കാട്ടുജന്തുക്കൾ തിന്നട്ടെ. മുന്തിരിത്തോപ്പിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം. “ആറുദിവസം നിന്റെ ജോലി ചെയ്യണം; എന്നാൽ നിന്റെ കാളയും കഴുതയും വിശ്രമിക്കേണ്ടതിനും, നിന്റെ ദാസിയുടെ പുത്രനും പ്രവാസിയും ഉന്മേഷം പ്രാപിക്കേണ്ടതിനും ഏഴാംദിവസം വേല ചെയ്യരുത്. “ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ ചെയ്യണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അവ നിന്റെ അധരങ്ങളിൽനിന്നു കേൾക്കാൻ ഇടയാകുകയുമരുത്. മൂന്നു വാർഷികോത്സവങ്ങൾ “വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങൾ എനിക്കായി ഉത്സവം ആചരിക്കണം. “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കുക. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ പുളിമാവു ചേർക്കാതെ ഉണ്ടാക്കിയ അപ്പം ഏഴുദിവസം ഭക്ഷിക്കണം. ആബീബുമാസത്തിലെ, നിശ്ചയിക്കപ്പെട്ട സമയത്തുവേണം ഇതു ഭക്ഷിക്കേണ്ടത്; ആ മാസത്തിലാണല്ലോ നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടത്. “ആരും എന്റെ സന്നിധിയിൽ വെറുങ്കൈയോടെ വരരുത്. “നിങ്ങളുടെ വയലിൽനിന്നുള്ള ആദ്യഫലം ശേഖരിക്കുമ്പോൾ കൊയ്ത്തുത്സവം23:16 അഥവാ, വാരോത്സവം, പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇതു പിന്നീട്, പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, അ.പ്ര. 2:1 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. ആചരിക്കണം. “വർഷാവസാനം നിങ്ങൾ വയലിലെ വിളവു ശേഖരിച്ചു കഴിയുമ്പോൾ കായ്-കനിപ്പെരുന്നാൾ23:16 ഇതു പിന്നീട്, കൂടാരപ്പെരുന്നാൾ എന്നു വിളിക്കപ്പെട്ടു, ലേവ്യ. 23:16-20 കാണുക. ആചരിക്കണം. “വർഷത്തിൽ മൂന്നുപ്രാവശ്യം സകലപുരുഷന്മാരും കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം. “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. “എനിക്ക് അർപ്പിക്കുന്ന ഉത്സവയാഗങ്ങളുടെ മേദസ്സ് പ്രഭാതംവരെ സൂക്ഷിക്കരുത്. “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്. വഴി ഒരുക്കാൻ ദൈവത്തിന്റെ ദൂതൻ “വഴിയിൽ നിന്നെ സംരക്ഷിച്ച്, ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നെ കൊണ്ടുവരാൻ ഇതാ ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കുന്നു. അവനെ ശ്രദ്ധിക്കുകയും അവന്റെ വാക്കു കേൾക്കുകയും വേണം. അവനെ എതിർക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിന്റെ എതിർപ്പു ക്ഷമിക്കുകയില്ല. അവൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് ഞാൻ കൽപ്പിക്കുന്നതെല്ലാം പ്രവർത്തിച്ചാൽ ഞാൻ നിന്റെ ശത്രുക്കൾക്ക് ശത്രുവും നിന്റെ പ്രതിയോഗികൾക്ക് പ്രതിയോഗിയും ആയിരിക്കും. എന്റെ ദൂതൻ നിനക്കുമുമ്പായി പോകുകയും അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു നിന്നെ കൊണ്ടുവരികയും അവരെ തുടച്ചുനീക്കുകയും ചെയ്യും. അവരുടെ ദേവതകൾക്കുമുന്നിൽ വണങ്ങുകയോ ആരാധിക്കുകയോ അവരുടെ ആചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യരുത്. നീ അവരെ നശിപ്പിച്ച് അവരുടെ ആചാരസ്തൂപങ്ങൾ തകർത്തുകളയണം. നിന്റെ ദൈവമായ യഹോവയെ ആരാധിക്കണം; നിന്റെ ആഹാരത്തിന്മേലും വെള്ളത്തിന്മേലും അവിടത്തെ അനുഗ്രഹം ഉണ്ടായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും. ഗർഭം അലസുന്നവളോ വന്ധ്യയോ നിന്റെ ദേശത്ത് ഉണ്ടായിരിക്കുകയില്ല. ഞാൻ നിനക്കു പൂർണായുഷ്കാലം തരും. “ഞാൻ നിനക്കുമുമ്പായി എന്റെ ഭീതി അയച്ച്, നീ നേരിടുന്ന ഓരോ ജനതയെയും പരിഭ്രാന്തരാക്കും. അങ്ങനെ ഞാൻ നിന്റെ സകലശത്രുക്കളെയും പിന്തിരിഞ്ഞോടിപ്പിക്കും. ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ വഴിയിൽനിന്ന് ആട്ടിയോടിക്കാൻ ഞാൻ നിനക്കുമുമ്പായി കടന്നലിനെ23:28 അഥവാ, സംഭ്രമം. ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അയയ്ക്കും. എന്നാൽ ദേശം വിജനമായിത്തീർന്ന്, കാട്ടുമൃഗങ്ങളുടെ ആധിക്യം നിന്നെ ബാധിക്കുമെന്നുള്ളതുകൊണ്ട് ഞാൻ ഒരു വർഷത്തിനകം അവരെ ആട്ടിയോടിക്കുകയില്ല. നീ വേണ്ടുവോളം പെരുകി ദേശം അവകാശമാക്കുമ്പോഴേക്കും ഞാൻ അവരെ കുറേശ്ശെ കുറേശ്ശെയായി നിന്റെ മുമ്പിൽനിന്ന് ആട്ടിയോടിക്കും. “ഞാൻ നിന്റെ ദേശം ചെങ്കടൽമുതൽ മെഡിറ്ററേനിയൻ കടൽവരെയും23:31 മൂ.ഭാ. ഫെലിസ്ത്യരുടെ കടൽവരെയും. മരുഭൂമിമുതൽ യൂഫ്രട്ടീസ് നദിവരെയും ആക്കി അതിർത്തികൾ സ്ഥിരമാക്കും. ഞാൻ ദേശവാസികളെ നിനക്കു കൈമാറുകയും നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും. അവരുമായോ അവരുടെ ദേവതമാരുമായോ ഒരു ഉടമ്പടിയും ഉണ്ടാക്കരുത്. അവരുടെ ദേവതമാരെ ആരാധിക്കുന്നതു നിനക്കു നിശ്ചയമായും കെണി ആകുമെന്നുള്ളതുകൊണ്ട് അവരെ നിന്റെ ദേശത്തു വസിക്കാൻ അനുവദിക്കരുത്; അനുവദിച്ചാൽ അവർ നിങ്ങളെക്കൊണ്ട് എനിക്കു വിരോധമായി പാപം ചെയ്യിക്കും.” ഉടമ്പടി ഉറപ്പിക്കുന്നു ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാരിൽ എഴുപതുപേരും യഹോവയുടെ അടുത്തേക്കു കയറിവരിക. നിങ്ങൾ ദൂരെനിന്ന് ആരാധിക്കുക. എന്നാൽ മോശമാത്രം യഹോവയെ സമീപിക്കട്ടെ, മറ്റുള്ളവർ അടുത്തുവരാൻ പാടില്ല. ജനം മോശയോടുകൂടെ കയറിവരികയുമരുത്.” മോശ ചെന്ന് യഹോവയുടെ വചനങ്ങളും നിയമങ്ങളും ജനത്തെ അറിയിച്ചു. “യഹോവ കൽപ്പിച്ചിട്ടുള്ളതെല്ലാം ഞങ്ങൾ ചെയ്യും,” എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു. പിന്നെ, യഹോവ അരുളിച്ചെയ്തതെല്ലാം മോശ എഴുതിവെച്ചു. പിറ്റേന്ന് അതിരാവിലെ മോശ എഴുന്നേറ്റ് മലയുടെ അടിവാരത്ത് ഒരു യാഗപീഠം പണിയുകയും ഇസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു കൽത്തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ചില ഇസ്രായേല്യയുവാക്കന്മാരെ അയച്ചു; അവർ ചെന്നു ഹോമയാഗങ്ങൾ അർപ്പിക്കുകയും യഹോവയ്ക്കു സമാധാനയാഗമായി കാളക്കിടാങ്ങളെ അർപ്പിക്കുകയും ചെയ്തു. മോശ രക്തത്തിൽ പകുതി പാത്രങ്ങളിൽ ആക്കി; മറ്റേപകുതി യാഗപീഠത്തിന്മേൽ തളിച്ചു. പിന്നെ അദ്ദേഹം ഉടമ്പടിയുടെ പുസ്തകം എടുത്തു ജനത്തെ വായിച്ചുകേൾപ്പിച്ചു. “ഞങ്ങൾ യഹോവയെ അനുസരിക്കും; അവിടന്നു കൽപ്പിച്ചിട്ടുള്ളതെല്ലാം ചെയ്യും,” എന്നു ജനം പറഞ്ഞു. മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചു. “ഈ വചനങ്ങൾ എല്ലാം അനുസരിച്ച് യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തം ഇതാകുന്നു,” എന്നു പറഞ്ഞു. ഇതിനുശേഷം മോശയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാർ എഴുപതുപേരും ചെന്ന് ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. അവിടത്തെ പാദങ്ങൾക്കുകീഴേ ഇന്ദ്രനീലം പതിച്ച തളംപോലെയോ സ്വച്ഛനീലാകാശംപോലെയോ എന്തോ ഉണ്ടായിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ നായകന്മാർക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു. യഹോവ മോശയോട്, “നീ പർവതത്തിൽ കയറിവന്ന് ഇവിടെ കാത്തിരിക്കുക; അവരുടെ പ്രബോധനത്തിനായി നിയമവും കൽപ്പനകളും എഴുതിയിട്ടുള്ള കൽപ്പലകകൾ ഞാൻ നിങ്ങളെ പഠിപ്പിക്കും” എന്ന് അരുളിച്ചെയ്തു. മോശ സഹായിയായ യോശുവയോടുകൂടെ പുറപ്പെട്ടു. മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു. ഗോത്രത്തലവന്മാരോട് അദ്ദേഹം, “ഞങ്ങൾ നിങ്ങളുടെ അടുക്കൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾക്കായി ഇവിടെ കാത്തിരിക്കുക. അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും ഒരു തർക്കമുണ്ടായാൽ അവരെ സമീപിക്കാവുന്നതാണ്” എന്നു പറഞ്ഞു. മോശ പർവതത്തിലേക്കു കയറിപ്പോയി. അപ്പോൾ ഒരു മേഘം പർവതത്തെ മൂടി. യഹോവയുടെ തേജസ്സ് സീനായിമലമേൽ ആവസിച്ചു. ആറുദിവസം മേഘം പർവതത്തെ മൂടിയിരുന്നു. ഏഴാംദിവസം യഹോവ മേഘത്തിനുള്ളിൽനിന്ന് മോശയെ വിളിച്ചു. യഹോവയുടെ തേജസ്സ് ഇസ്രായേല്യർക്ക് പർവതത്തിന്റെ മുകളിൽ കത്തിയെരിയുന്ന തീപോലെ കാണപ്പെട്ടു. മോശ പർവതത്തിന്റെ മുകളിലേക്കു ചെന്ന് മേഘത്തിനുള്ളിൽ പ്രവേശിച്ചു. മോശ നാൽപ്പതുപകലും നാൽപ്പതുരാത്രിയും പർവതത്തിൽ ആയിരുന്നു. സമാഗമകൂടാരത്തിലേക്കു കൊണ്ടുവരേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് എനിക്കു കാഴ്ചദ്രവ്യം കൊണ്ടുവരാൻ പറയണം. സന്മനസ്സുള്ള ഏവനോടും നിങ്ങൾ വഴിപാടു വാങ്ങണം. “അവരിൽനിന്ന് വാങ്ങേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ ഇവയാണ്: “പൊന്ന്, വെള്ളി, വെങ്കലം. നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ,25:5 അതായത്, ജലത്തിലുള്ള വലിയ സസ്തനിയുടെ തുകൽ. ഖദിരമരം; വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ, ഏഫോദിലും25:7 അഥവാ, പുരോഹിതവസ്ത്രം. നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ. “ഞാൻ അവരുടെ മധ്യേ വസിക്കേണ്ടതിനായി അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം നിർമിക്കണം. ഈ സമാഗമകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഞാൻ നിനക്കു കാണിച്ചുതരാനിരിക്കുന്ന മാതൃകയനുസരിച്ചുതന്നെ ആയിരിക്കണം. പേടകം “അവർ ഖദിരമരംകൊണ്ട് എനിക്ക് ഒരു പേടകം പണിയണം; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.25:10 ഏക. 1.1 മീ. നീളവും 70 സെ.മീ. വീതിയും ഉയരവും. അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ ഒരു അരികുപാളി പിടിപ്പിക്കണം. അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി പിടിപ്പിക്കണം. അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം. പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ കടത്തിവെക്കണം. തണ്ടുകൾ പേടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം; അവ നീക്കംചെയ്യരുത്. ഞാൻ നിനക്കു തരാനിരിക്കുന്ന ഉടമ്പടിയുടെ പലക പേടകത്തിൽ വെക്കണം. “തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കണം. അതിനുശേഷം പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ25:18 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. നിർമിക്കണം. ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി യോജിപ്പിക്കണം. കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടണം; അവ പരസ്പരം അഭിമുഖമായിരിക്കണം. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരിക്കണം. പാപനിവാരണസ്ഥാനം പേടകത്തിന്റെ മുകളിൽ വെക്കണം; ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിയുടെ പലക പേടകത്തിന്റെ ഉള്ളിൽ വെക്കണം. അവിടെ പാപനിവാരണസ്ഥാനത്തിനു മുകളിൽ ഉടമ്പടിയുടെ പേടകത്തിനുമീതേയുള്ള രണ്ടു കെരൂബുകൾക്കും മധ്യേ ഞാൻ നിനക്കു പ്രത്യക്ഷനായി, ഇസ്രായേല്യർക്കുള്ള കൽപ്പനകളെല്ലാം നിന്നോട് അരുളിച്ചെയ്യും. മേശ “ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കണം; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരിക്കണം.25:23 ഏക. 90 സെ.മീ. നീളവും 45 സെ.മീ. വീതിയും 70 സെ.മീ. ഉയരവും. അതു തങ്കംകൊണ്ടു പൊതിയുകയും ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കുകയും വേണം. മേശയുടെ ചുറ്റും കൈപ്പത്തിയുടെ25:25 ഏക. 7.5 സെ.മീ. വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ അരികുപാളിയും വേണം. മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം. മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം. തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിയണം. അവ ഉപയോഗിച്ച് മേശ ചുമക്കണം. അതിന്റെ തളികകളും താലങ്ങളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും കിണ്ടികളും തങ്കംകൊണ്ടായിരിക്കണം നിർമിക്കേണ്ടത്. മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം. നിലവിളക്ക് “തങ്കംകൊണ്ട് ഒരു നിലവിളക്കു നിർമിക്കണം. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽനിന്ന് അടിച്ചുണ്ടാക്കിയതായിരിക്കണം. നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരിക്കണം. ഓരോശാഖയിൽ ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരിക്കണം; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരിക്കണം. നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ വേണം. നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരിക്കണം. മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്നുള്ള ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിച്ചുപണിതതായിരിക്കണം. “അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി, മുൻവശത്തുള്ള സ്ഥലം പ്രകാശിപ്പിക്കാൻ തക്കവണ്ണം ദീപങ്ങൾ കൊളുത്തണം. അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കിയതായിരിക്കണം. നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ഒരു താലന്തു25:39 ഏക. 34 കി.ഗ്രാം. തങ്കം ഉപയോഗിക്കണം. പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സമാഗമകൂടാരം “പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം നിർമിക്കണം; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടായിരിക്കണം. എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരിക്കണം; ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.26:2 ഏക. 13 മീ. നീളവും 1.8 മീ. വീതിയും. അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; ഇങ്ങനെ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കണം. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കണം. ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കണം. രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കണം. കണ്ണികൾ നേർക്കുനേർ ആയിരിക്കണം. തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കണം. സമാഗമകൂടാരം ഒന്നായിരിക്കത്തക്കവണ്ണം തിരശ്ശീലകളെ കൊളുത്തുകൊണ്ട് ഒന്നായി പിണച്ചുചേർക്കണം. “സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി, കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കണം. പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരിക്കണം. ഓരോന്നിനും മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.26:8 ഏക. 13.5 മീ. നീളവും 1.8 മീ. വീതിയും. അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം. തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും ഉണ്ടാക്കണം. അതിനുശേഷം വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കണം. കൂടാരം ഒന്നായി ഇണച്ചുചേർക്കത്തക്കവണ്ണം, കൊളുത്തുകൾ കണ്ണികളിൽ ഇട്ട് ഒന്നായി യോജിപ്പിക്കണം. കൂടാരതിരശ്ശീലകളിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പകുതിഭാഗം, സമാഗമകൂടാരത്തിന്റെ പിൻവശത്തു തൂക്കിയിടണം. മൂടുവിരിയുടെ നീളത്തിൽ ശേഷിപ്പുള്ള ഭാഗം, സമാഗമകൂടാരത്തെ മൂടേണ്ടതിന് ഒരുവശത്ത് ഒരുമുഴവും മറ്റേവശത്ത് ഒരുമുഴവും26:13 ഏക. 45 സെ.മീ. എന്നിങ്ങനെ രണ്ടുവശങ്ങളിലും തൂങ്ങിക്കിടക്കണം. ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട്26:14 ജലത്തിൽ വസിക്കുന്ന വലിയ സസ്തനജീവികളുടെ തുകൽ ആകാനാണ് സാധ്യത. ഒരു പുറമൂടിയും ഉണ്ടാക്കണം. “സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കണം. ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കണം.26:16 ഏക. 4.5 മീ. നീളവും 70 സെ.മീ. വീതിയും. പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം. ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും ഉണ്ടാക്കണം. രണ്ടു മൂലകളിലും, താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരിക്കണം. രണ്ടു പലകകളും ഇപ്രകാരം ആയിരിക്കണം. അവ രണ്ടും മൂലപ്പലകകളാണ്. ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടായിരിക്കണം. “ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കുക; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം. നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം. പലകകൾ തങ്കംകൊണ്ടു പൊതിയണം; സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കണം; സാക്ഷകളും തങ്കംകൊണ്ടു പൊതിയണം. “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചു നീ സമാഗമകൂടാരം ഉയർത്തണം. “നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർക്കണം. നാലു വെള്ളിച്ചുവടുകളിൽ നിൽക്കുന്നതും തങ്കം പൊതിഞ്ഞ ഖദിരമരംകൊണ്ടുള്ള നാലു തൂണുകളുടെന്മേൽ അവ തങ്കക്കൊളുത്തുകളിൽ തൂക്കിയിടണം. കൊളുത്തുകളിൽ തിരശ്ശീല തൂക്കിയിടണം; തിരശ്ശീലയ്ക്കു പിന്നിൽ ഉടമ്പടിയുടെ പേടകം വെക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവുംതമ്മിൽ വേർതിരിക്കുന്നതായിരിക്കണം. അതിവിശുദ്ധസ്ഥലത്ത്, ഉടമ്പടിയുടെ പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെക്കണം. തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം. “കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും ഉണ്ടാക്കണം. ഈ മറശ്ശീലയ്ക്ക് തങ്കക്കൊളുത്തുകൾ ഉണ്ടാക്കണം; ഖദിരമരംകൊണ്ട് അഞ്ചുതൂണുകൾ ഉണ്ടാക്കി, അവ തങ്കംകൊണ്ടു പൊതിയണം. അവയ്ക്കു വെങ്കലംകൊണ്ട് അഞ്ചു ചുവടും വാർത്തുണ്ടാക്കണം. ഹോമയാഗപീഠം “ഖദിരമരംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം. അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും27:1 ഏക. 2.3 മീ. ഉള്ള സമചതുരമായിരിക്കണം; ഉയരം മൂന്നുമുഴമായിരിക്കണം.27:1 ഏക. 1.4 മീ. അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടായിരിക്കണം; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയതായിരിക്കണം, അതു വെങ്കലംകൊണ്ടു പൊതിയണം. അതിന്റെ ഉപകരണങ്ങളൊക്കെയും—വെണ്ണീർ എടുക്കേണ്ട കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കണം. യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പയും അരിപ്പയ്ക്കുന്മേൽ നാലു കോണുകളിലുമായി നാലു വെങ്കലവളയവും ഉണ്ടാക്കണം. യാഗപീഠത്തിന്റെ പകുതിവരെ എത്തുന്നവിധത്തിൽ യാഗപീഠത്തിന്റെ ചുറ്റുപടിക്കുകീഴേ അരിപ്പ വെക്കണം. യാഗപീഠത്തിനു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കണം. അവ വെങ്കലംകൊണ്ടു പൊതിയണം. വളയങ്ങളിൽ തണ്ടുകൾ ഉറപ്പിക്കണം. യാഗപീഠം വഹിച്ചുകൊണ്ടുപോകുന്നതിന് രണ്ടു ഭാഗത്തും തണ്ടുകൾ ഉണ്ടായിരിക്കും. യാഗപീഠം പലകകൾകൊണ്ട് അകം പൊള്ളയായി ഉണ്ടാക്കണം; പർവതത്തിൽ കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ അത് ഉണ്ടാക്കണം. അങ്കണം “സമാഗമകൂടാരത്തിന് ഒരു അങ്കണം ഉണ്ടാക്കണം. തെക്കുവശത്തു നൂറുമുഴം27:9 ഏക. 45 മീ. നീളത്തിൽ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല ഉണ്ടായിരിക്കണം. അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം. വടക്കേവശത്തിനും നൂറുമുഴം നീളത്തിൽ മറശ്ശീലയും ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം. “സമാഗമകൂടാരാങ്കണത്തിന്റെ പടിഞ്ഞാറുവശത്തിന് അൻപതുമുഴം27:12 ഏക. 23 മീ. വീതിയിൽ മറശ്ശീലയും പത്തു ചുവടുകളിൽ പത്തു തൂണുകളും വേണം. കിഴക്കു സൂര്യോദയഭാഗത്തുള്ള അങ്കണത്തിനും അൻപതുമുഴം വീതി ഉണ്ടായിരിക്കണം. പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം27:14 ഏക. 6.8 മീ. നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും വേണം. പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരിക്കണം. “സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന്, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഇരുപതുമുഴം27:16 ഏക. 9 മീ. നീളമുള്ള ഒരു മറശ്ശീലയും അതിനു നാലു തൂണുകളും നാലു ചുവടുകളും ഉണ്ടാക്കണം. അങ്കണത്തിനു ചുറ്റുമുള്ള എല്ലാ തൂണുകൾക്കും വെള്ളികൊണ്ടുള്ള കൊളുത്തുകളും മേൽചുറ്റുപടികളും വെങ്കലച്ചുവടുകളും ഉണ്ടായിരിക്കണം. അങ്കണത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടായിരിക്കണം. അതിനു വെങ്കലച്ചുവടുകൾവേണം. പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുള്ള മറശ്ശീലയും ഉണ്ടായിരിക്കണം. സമാഗമകൂടാരത്തിൽ, അതിന്റെ കുറ്റികളും അങ്കണത്തിന്റെ കുറ്റികളും ഉൾപ്പെടെ ഏതുപയോഗത്തിനുമുള്ള എല്ലാ ഉപകരണങ്ങളും വെങ്കലംകൊണ്ടുള്ളവ ആയിരിക്കണം. നിലവിളക്കിനുള്ള എണ്ണ “വിളക്കുകൾ കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. സമാഗമകൂടാരത്തിൽ, ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ യഹോവയുടെ സന്നിധിയിൽ വിളക്കുകൾ കത്തിക്കൊണ്ടിരിക്കണമെന്നത്, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇസ്രായേൽജനതയ്ക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം. പൗരോഹിത്യവസ്ത്രങ്ങൾ “ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക. നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം. എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം. തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം. ഏഫോദ് “നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം. അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം. “രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം. ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം. ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം. തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം. തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം. നിർണയപ്പതക്കം “തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം. അത് ഒരുചാൺ28:16 ഏക. 9 ഇഞ്ച്. നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം. അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം28:20 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം. ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം. “നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം. തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം. തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം. മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം. തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം. തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം. നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം. “അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം. കൂടാതെ, നിർണയപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും28:30 അതായത്, വെളിപ്പാടും സത്യവും. വെക്കണം; അഹരോൻ യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അവ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കും. അങ്ങനെ, ഇസ്രായേൽമക്കൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സഹായകമായ മാധ്യമങ്ങൾ യഹോവയുടെമുമ്പാകെ അഹരോൻ തന്റെ ഹൃദയത്തിന്മേൽ വഹിക്കും. മറ്റു പൗരോഹിത്യവസ്ത്രങ്ങൾ “ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം. അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം വേണം. അതു കീറിപ്പോകാതിരിക്കേണ്ടതിനു കവചത്തിനുള്ളതുപോലെ നെയ്ത്തുപണിയായ ഒരു നാട28:32 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ദ്വാരത്തിന്റെ ചുറ്റിലും ഉണ്ടായിരിക്കണം. അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും തങ്കംകൊണ്ടു മണികളും ഉണ്ടാക്കണം. അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം, ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം ഈ ക്രമത്തിൽ ആയിരിക്കണം. അഹരോൻ ശുശ്രൂഷചെയ്യുമ്പോൾ അതു ധരിക്കണം. യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും അതിന്റെ നാദം കേൾക്കട്ടെ; അല്ലെങ്കിൽ അവൻ മരിക്കും. “തങ്കംകൊണ്ട് ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി അതിൽ മുദ്ര കൊത്തണം: യഹോവയ്ക്കു വിശുദ്ധം. ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം. ഇസ്രായേൽമക്കൾ വിശുദ്ധവഴിപാടുകളിലൂടെ വിശുദ്ധീകരിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളിലും സംഭവിക്കാവുന്ന കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം. യഹോവയുടെ പ്രസാദം അവർക്കു ലഭിക്കേണ്ടതിന് ആ പട്ടം എപ്പോഴും അഹരോന്റെ നെറ്റിയിൽ ഇരിക്കണം. “മൃദുലചണവസ്ത്രംകൊണ്ടുള്ള അങ്കി ചിത്രപ്പണിയായി നെയ്തുണ്ടാക്കണം. മൃദുലചണനൂൽകൊണ്ടു തലപ്പാവും ഉണ്ടാക്കണം. അരക്കെട്ടും ചിത്രത്തയ്യൽപ്പണിയായി ഉണ്ടാക്കണം. അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായി അങ്കിയും അരക്കെട്ടും ശിരോവസ്ത്രവും നിർമിക്കണം. നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം. “അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം. അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം. “ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം. പുരോഹിതന്മാരുടെ ശുദ്ധീകരണം “അവർ എനിക്ക് പൗരോഹിത്യശുശ്രൂഷചെയ്യാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഈ കാര്യങ്ങൾ ചെയ്യണം: ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റന്മാരെയും കൊണ്ടുവരണം. നേർത്ത ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും ഉണ്ടാക്കണം. അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം. പിന്നീട്, അഹരോനെയും പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ വരുത്തി, അവരെ വെള്ളത്തിൽ കഴുകണം. വസ്ത്രങ്ങൾ എടുത്ത്, അഹരോനെ അടിവസ്ത്രം, ഏഫോദിന്റെ അങ്കി, ഏഫോദ്, നിർണയപ്പതക്കം ഇവ ധരിപ്പിച്ച് അവന്റെ അരയിൽ ഏഫോദിന്റെ ചിത്രത്തയ്യലുള്ള നടുക്കെട്ടു കെട്ടണം. അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം. പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം. അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അവരെയും അങ്കി ധരിപ്പിക്കണം. അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും. “ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം. “സമാഗമകൂടാരത്തിന്റെ മുൻവശത്തു കാളയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെക്കണം. അതിനുശേഷം, സമാഗമകൂടാരവാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം. കാളക്കിടാവിന്റെ രക്തം കുറെ എടുത്ത് നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് അവ മുഴുവനും യാഗപീഠത്തിൽ ദഹിപ്പിക്കണം. എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം. “ഇതിനുശേഷം ഒരു ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെക്കണം. ആട്ടുകൊറ്റനെ അറത്തശേഷം, അതിന്റെ രക്തം എടുത്ത് യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ ആന്തരികാവയവങ്ങളും കാലും കഴുകി, തല, കഷണങ്ങൾ എന്നിവയോടു ചേർത്തുവെക്കണം. അതിനുശേഷം, ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. “രണ്ടാമത്തെ ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെക്കണം. അതിനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും അവന്റെ പുത്രന്മാരുടെ വലതുചെവിയുടെ അറ്റത്തും അവരുടെ വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം. അതിനുശേഷം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിക്കണം. പിന്നീട് യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറെ എടുത്ത്, അഹരോന്റെമേലും അവന്റെ വസ്ത്രങ്ങളിന്മേലും പുത്രന്മാരുടെമേലും അവരുടെ വസ്ത്രങ്ങളിന്മേലും തളിക്കണം. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും. “നീ ആട്ടുകൊറ്റന്റെ മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുക്കണം. ഇതു പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റൻ. യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരിക്കുന്ന കുട്ടയിൽനിന്ന് ഒരു അടയും ഒലിവെണ്ണ പകർന്ന ഒരു വടയും ഒരു അപ്പവും എടുക്കണം. ഇവയെല്ലാം എടുത്ത് അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കൈയിലും വെച്ചിട്ട്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അതിനുശേഷം അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തോടൊപ്പം ഹൃദ്യസുഗന്ധമായി യഹോവയ്ക്ക് അർപ്പിക്കണം. ഇതു യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. പിന്നീട് അഹരോന്റെ പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റന്റെ നെഞ്ചു നീ എടുത്ത് യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; അതു നിന്റെ ഓഹരിയായിരിക്കും. “അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം. ഇത് ഇസ്രായേൽമക്കളുടെ പക്കൽനിന്നും അഹരോനും അവന്റെ പുത്രന്മാർക്കും നിത്യാവകാശമായിരിക്കണം. ഇത് ഇസ്രായേൽജനം നിങ്ങളുടെ സമാധാനയാഗങ്ങളിൽനിന്ന് യഹോവയ്ക്ക് അർപ്പിക്കുന്ന വിശിഷ്ടയാഗമായിരിക്കും. “അഹരോന്റെ വിശുദ്ധവസ്ത്രങ്ങൾ അവന്റെ പുത്രന്മാരുടെ അവകാശമായിരിക്കും. അവർ അതു ധരിച്ചുകൊണ്ട് അഭിഷേകവും പ്രതിഷ്ഠയും പ്രാപിക്കണം. അവന്റെ പുത്രന്മാരിൽ അവനു പകരം വിശുദ്ധമന്ദിരത്തിൽ പൗരോഹിത്യശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുന്നവൻ ഏഴുദിവസം അതു ധരിക്കണം. “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം. അഹരോനും പുത്രന്മാരും സമാഗമകൂടാരവാതിലിൽവെച്ച് ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും ഭക്ഷിക്കണം. അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്. പ്രതിഷ്ഠായാഗത്തിന്റെ മാംസത്തിലോ അപ്പത്തിലോ എന്തെങ്കിലും പ്രഭാതംവരെ ശേഷിച്ചിരുന്നാൽ അതു തീയിൽ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകുകയാൽ ഭക്ഷിക്കരുത്. “അങ്ങനെ ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ എല്ലാം നീ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി ചെയ്യണം; അവരുടെ പ്രതിഷ്ഠാകർമം ഏഴുദിവസം നീണ്ടുനിൽക്കണം. പ്രായശ്ചിത്തമായി, ദിനംപ്രതി ഓരോ കാളയെ പാപശുദ്ധീകരണയാഗമായിട്ട് അർപ്പിക്കണം. പ്രായശ്ചിത്തം കഴിച്ചു യാഗപീഠത്തിനും ശുദ്ധിവരുത്തുക; അതിന്റെ വിശുദ്ധീകരണത്തിനായി അഭിഷേകം ചെയ്യുകയും വേണം. ഏഴുദിവസം യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമാകുകയും, അതിനെ തൊടുന്നതൊക്കെയും വിശുദ്ധമാകുകയും ചെയ്യും. “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്. ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം. ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും,29:40 ഏക. 1.6 കി.ഗ്രാം. പാനീയയാഗമായി കാൽ ഹീൻ29:40 ഏക. 1 ലി. വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം. രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം. “സമാഗമകൂടാരവാതിൽക്കൽ യഹോവയുടെമുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായിരിക്കണം. അവിടെ ഞാൻ നിങ്ങൾക്കു പ്രത്യക്ഷനായി നിങ്ങളോടു സംസാരിക്കും. അവിടെ ഞാൻ ഇസ്രായേൽമക്കൾക്കു വെളിപ്പെടും. ആ സ്ഥലം എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും. “ഞാൻ സമാഗമകൂടാരത്തെയും യാഗപീഠത്തെയും ശുദ്ധീകരിക്കും. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും ശുദ്ധീകരിക്കും. ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും. അവരുടെ മധ്യേ വസിക്കാൻ അവരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. ധൂപപീഠം “സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം.30:2 ഏക. 45 സെ.മീ. നീളവും വീതിയും 90 സെ.മീ. ഉയരവും. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം. അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം. ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം. ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം. ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം. “അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം. അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം. ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്. വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.” വീണ്ടെടുപ്പുവില യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല. എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ30:13 ഏക. 5.8 ഗ്രാം. കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്. എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്. നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.” വെങ്കലംകൊണ്ടുള്ള തൊട്ടി യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം. അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം. അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം. അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.” അഭിഷേകതൈലം യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ30:23 ഏക. 5.8 കി.ഗ്രാം. അയഞ്ഞമീറ,30:23 അഥവാ, നറുമ്പശ അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ30:23 ഏക. 2.9 കി.ഗ്രാം. സൗരഭ്യമുള്ള വയമ്പും അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ30:24 ഏക. 3.8 ലി. ഒലിവെണ്ണയും എടുക്കണം. ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം. ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം. “എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം. ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം. അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ” സുഗന്ധവർഗം യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം. സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം. നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം. ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം. സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.” ബെസലേലും ഒഹൊലീയാബും യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “ഇതാ, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു. ഞാൻ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു. സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. മാത്രമല്ല, ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനെ ഞാൻ അവനു സഹായിയായി നിയമിച്ചിരിക്കുന്നു. “ഞാൻ നിന്നോടു കൽപ്പിച്ച എല്ലാ പണികളും ചെയ്യുന്നതിന് എല്ലാ വിദഗ്ദ്ധന്മാരുടെ ഹൃദയങ്ങളിലും ഞാൻ പ്രത്യേക കഴിവ് നൽകിയിരിക്കുന്നു. “സമാഗമകൂടാരവും ഉടമ്പടിയുടെ പേടകവും അതിന്മേലുള്ള പാപനിവാരണസ്ഥാനവും കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെങ്കലത്തൊട്ടിയും അതിന്റെ കാലും നെയ്തെടുത്ത വിശേഷവസ്ത്രങ്ങളും പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പൗരോഹിത്യശുശ്രൂഷയ്ക്കു വരുന്ന അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗവും. “ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ അവർ ഉണ്ടാക്കണം.” ശബ്ബത്ത് യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ ഇസ്രായേൽമക്കളോട് ഇപ്രകാരം പറയണം. ‘നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്, ഇതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേയുള്ള ഒരു ചിഹ്നം ആയിരിക്കണം. “ ‘നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. ശബ്ബത്തിനെ അശുദ്ധമാക്കുന്നവർ മരണശിക്ഷ അനുഭവിക്കണം. ആ ദിവസത്തിൽ ഏതെങ്കിലും വേലചെയ്യുന്നവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. ആറുദിവസം വേലചെയ്യണം; എന്നാൽ ഏഴാംദിവസം സ്വസ്ഥതയുടെ ശബ്ബത്ത്, അതു യഹോവയ്ക്കു വിശുദ്ധം. ശബ്ബത്തുനാളിൽ വേലചെയ്യുന്നവർ മരണശിക്ഷ അനുഭവിക്കണം. അതുകൊണ്ട് ഇസ്രായേൽമക്കൾ നിത്യനിയമമായി ശബ്ബത്തിനെ തലമുറതലമുറയായി ആചരിക്കണം. അത് എനിക്കും ഇസ്രായേൽമക്കൾക്കും മധ്യേ എന്നേക്കുമുള്ള ഒരു ചിഹ്നം ആകുന്നു; ആറുദിവസംകൊണ്ട് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; ഏഴാംദിവസം യഹോവ സ്വസ്ഥനായി വിശ്രമിച്ചു.’ ” അവിടന്ന് സീനായിപർവതത്തിൽവെച്ചു മോശയോട് അരുളിച്ചെയ്തശേഷം, ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായ ഉടമ്പടിയുടെ പലക രണ്ടും അദ്ദേഹത്തിനു കൊടുത്തു. സ്വർണക്കാളക്കിടാവ് മോശ, പർവതത്തിൽനിന്നിറങ്ങിവരാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ അവർ അഹരോനു ചുറ്റും വന്നുകൂടി, “വരിക, ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ32:1 അഥവാ, ഒരു ദേവതയെ; വാ. 23, 31 കാണുക. ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്റ്റിൽനിന്നുകൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു. അഹരോൻ അവരോട്, “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ധരിച്ചിട്ടുള്ള സ്വർണക്കുണുക്കുകൾ എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ സകലജനവും തങ്ങളുടെ സ്വർണക്കുണുക്കുകൾ എടുത്ത് അവ അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ കൈയിൽനിന്ന് അവൻ അതു വാങ്ങി കൊത്തുളികൊണ്ട് ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. അപ്പോൾ അവർ, “ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ!” എന്നു പറഞ്ഞു. ഇതു കണ്ടപ്പോൾ അഹരോൻ കാളക്കിടാവിന്റെമുമ്പിൽ ഒരു യാഗപീഠം പണിതു. “നാളെ യഹോവയ്ക്ക് ഒരു ഉത്സവം ഉണ്ട്,” എന്നു വിളിച്ചുപറഞ്ഞു. അടുത്തദിവസം ജനം രാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു; വിളയാടാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.” “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.” എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്? ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ! അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും32:13 അഥവാ, യാക്കോബിനെ; യാക്കോബ്, ഇസ്രായേൽ എന്നീ പേരുകൾ ഇടകലർത്തി പഴയനിയമത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു. ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ” അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല. ഇതിനുശേഷം മോശ തിരിഞ്ഞു, കൈയിൽ ഉടമ്പടിയുടെ രണ്ടു പലകയുമായി പർവതത്തിൽനിന്ന് ഇറങ്ങി. പലക അപ്പുറവും ഇപ്പുറവുമായി, രണ്ടുവശത്തും എഴുത്തുള്ളതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ കൊത്തിയിരുന്ന എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു. ജനത്തിന്റെ ആഘോഷശബ്ദം യോശുവ കേട്ടപ്പോൾ അദ്ദേഹം മോശയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു. “അതു ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റവരുടെ നിലവിളിയുമല്ല; പാടുന്നവരുടെ ശബ്ദമാണു ഞാൻ കേൾക്കുന്നത്,” എന്ന് മോശ പറഞ്ഞു. മോശ പാളയത്തിനു സമീപമെത്തിയപ്പോൾ കാളക്കിടാവിനെയും നൃത്തക്കാരെയും കണ്ടു, അദ്ദേഹത്തിന്റെ കോപം ജ്വലിച്ചു: അദ്ദേഹം പലക രണ്ടും കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു. അദ്ദേഹം പർവതത്തിന്റെ അടിവാരത്തിൽവെച്ച് അവ പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയ കാളക്കിടാവിനെ അദ്ദേഹം എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി, വെള്ളത്തിൽ കലക്കി ഇസ്രായേൽമക്കളെ കുടിപ്പിച്ചു. മോശ അഹരോനോട്, “ഇത്രവലിയ പാപത്തിലേക്ക് ഈ ജനത്തെ നയിക്കാൻ തക്കവണ്ണം അവർ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു. “യജമാനൻ കോപിക്കരുതേ, ഈ ജനം എത്രവരെ ദോഷത്തിലേക്കു ചായുമെന്ന് അങ്ങ് അറിയുന്നല്ലോ. ‘ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക. ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല,’ എന്നു ജനം എന്നോടു പറഞ്ഞു. അപ്പോൾ ഞാൻ അവരോട്, ‘പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ’ എന്നു പറഞ്ഞു. അവർ സ്വർണം എന്റെ കൈയിൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു, ഈ കാളക്കിടാവ് പുറത്തുവന്നു” എന്ന് അഹരോൻ പറഞ്ഞു. ജനം നിയന്ത്രണംവിട്ടവരായി എന്നും അഹരോൻ അവരെ കെട്ടഴിച്ചുവിട്ടു എന്നും തന്നിമിത്തം ശത്രുക്കളുടെമുമ്പിൽ അവർ പരിഹാസ്യരായി എന്നും മോശ കണ്ടു. മോശ പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു “യഹോവയുടെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ,” എന്നു പറഞ്ഞു. ലേവ്യർ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി. അപ്പോൾ മോശ അവരോട്, “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഓരോരുത്തനും വാൾ അരയ്ക്കു കെട്ടട്ടെ. പാളയത്തിന്റെ കവാടംതോറും ചെന്ന് ഓരോരുത്തനും സ്വന്തം സഹോദരനെയും സ്നേഹിതനെയും അയൽവാസിയെയും കൊന്നുകളയട്ടെ.’ ” മോശ കൽപ്പിച്ചതുപോലെ ലേവ്യർ ചെയ്തു; അന്നു മൂവായിരത്തോളംപേർ മരിച്ചു. അപ്പോൾ മോശ, “നിങ്ങൾ സ്വന്തം പുത്രന്മാർക്കും സഹോദരന്മാർക്കും എതിരേ എഴുന്നേറ്റതുകൊണ്ട് ഇന്നു നിങ്ങൾ യഹോവയ്ക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നു; ഇന്നു നിങ്ങളെ അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അടുത്തദിവസം മോശ ജനത്തോടു പറഞ്ഞത്, “നിങ്ങൾ മഹാപാപം ചെയ്തിരിക്കുന്നു. ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും. ഒരുപക്ഷേ നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിഞ്ഞേക്കും.” അങ്ങനെ മോശ യഹോവയുടെ അടുക്കൽ കയറിച്ചെന്നു. “ഈ ജനം എത്ര മഹാപാപം ചെയ്തിരിക്കുന്നു! അവർ തങ്ങൾക്കുതന്നെ സ്വർണംകൊണ്ടു ദേവന്മാരെ ഉണ്ടാക്കി. എന്നാൽ, ഇപ്പോൾ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ പുസ്തകത്തിൽനിന്ന് എന്റെ പേരു മായിച്ചുകളയണമേ,” എന്നപേക്ഷിച്ചു. യഹോവ മോശയോട്, “എന്നോടു പാപം ചെയ്തവന്റെ പേരു ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും. ആകയാൽ, നീ പോയി ഞാൻ നിന്നോടു കൽപ്പിച്ച ദേശത്തേക്ക് ഈ ജനത്തെ കൂട്ടിക്കൊണ്ടുപോകണം; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും; എന്നാൽ അവരുടെ പ്രവൃത്തികളുടെ കണക്കുചോദിക്കുമ്പോൾ32:34 മൂ.ഭാ. സന്ദർശനദിവസത്തിൽ അവരുടെ പാപങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും” എന്ന് അരുളിച്ചെയ്തു. അഹരോൻ ഉണ്ടാക്കിയ കാളക്കിടാവിന്റെ കാര്യത്തിൽ അവർ ചെയ്ത പാപംനിമിത്തം യഹോവ ജനത്തെ ഒരു ബാധയാൽ ദണ്ഡിപ്പിച്ചു. യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീയും ഈജിപ്റ്റിൽനിന്ന് നീ പുറപ്പെടുവിച്ചുകൊണ്ടുവന്ന ഈ ജനവും ഈ സ്ഥലംവിട്ട്, ‘ഞാൻ നിന്റെ സന്തതിക്കു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു പോകുക. ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും. പാലും തേനും ഒഴുകുന്ന ദേശത്തേക്കു പോകുക. വഴിയിൽവെച്ചു ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളോടുകൂടെ വരികയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.” ദുഃഖകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണമൊന്നും ധരിച്ചില്ല. “നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു. ഞാൻ ഒരു നിമിഷമെങ്കിലും നിങ്ങളോടുകൂടെ നടന്നാൽ നിങ്ങളെ നശിപ്പിക്കാൻ ഇടയായേക്കും; ഇപ്പോൾ നിങ്ങളുടെ ആഭരണങ്ങൾ നീക്കിക്കളയുക; നിങ്ങളോട് എന്തു ചെയ്യണമെന്ന് ഞാൻ നിശ്ചയിക്കും എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക,” എന്ന് യഹോവ മോശയോടു കൽപ്പിച്ചിരുന്നു. അങ്ങനെ, ഹോരേബ്33:6 സീനായി പർവതത്തിന്റെ മറ്റൊരുപേര്. പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. സമാഗമകൂടാരം പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു. മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും. മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു. ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല. മോശയും യഹോവയുടെ തേജസ്സും മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.” യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.” അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?” യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.” അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു. യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.” യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.” പുതിയ കൽപ്പലകകൾ യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും. നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.” അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.” അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു. “കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു. അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും. ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നത് അനുസരിക്കുക. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. നീ ചെല്ലുന്ന ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. അല്ലെങ്കിൽ, അതു നിനക്ക് ഒരു കെണിയായിത്തീരും. നിങ്ങൾ അവരുടെ ബലിപീഠങ്ങൾ തകർക്കണം; അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം; അവരുടെ അശേരാപ്രതിഷ്ഠകൾ34:13 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. വെട്ടിക്കളയണം. അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ. “ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്. അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്. “നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുത്. “പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം. “നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു. എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം. “വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്. “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം. “ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും34:22 പുറ. 23:16 കാണുക. വർഷാന്ത്യത്തിൽ34:22 അതായത്, കൊയ്ത്തുകാലം. കായ്-കനിപ്പെരുന്നാളും34:22 ലേവ്യ. 23:16-20 കാണുക. നീ ആചരിക്കണം. നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം. ഞാൻ ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, നിന്റെ ദേശത്തെ വിശാലമാക്കും. നിങ്ങൾ വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കാൻപോകുമ്പോൾ ആരും നിങ്ങളുടെ ദേശം മോഹിക്കുകയില്ല. “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്. “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.” യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത്, “ഈ വചനങ്ങൾ എഴുതുക; ഈ വചനങ്ങളനുസരിച്ചു ഞാൻ നിന്നോടും ഇസ്രായേലിനോടും ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.” മോശ, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെകൂടെ ആയിരുന്നു. അവിടന്ന് ആ നിയമത്തിന്റെ വചനങ്ങളെ, പത്തുകൽപ്പനകളെത്തന്നെ, കൽപ്പലകകളിൽ എഴുതിക്കൊടുത്തു. മോശയുടെ മുഖം പ്രകാശിക്കുന്നു മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല. മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു. എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു. അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു. മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു. മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു. ശബ്ബത്ത് നിയമങ്ങൾ മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്: ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.” സമാഗമകൂടാരത്തിനുള്ള സാധനസാമഗ്രികൾ മോശ ഇസ്രായേൽജനത്തിന്റെ സംഘത്തോടു പറഞ്ഞത്, “യഹോവ ഇപ്രകാരം കൽപ്പിച്ചു: നിങ്ങൾക്കുള്ളവയിൽനിന്ന് യഹോവയ്ക്കു കാഴ്ചദ്രവ്യം എടുക്കണം. സന്മനസ്സുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരട്ടെ. “പൊന്ന്, വെള്ളി, വെങ്കലം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ,35:7 അതായത്, ജലത്തിലുള്ള വലിയ സസ്തനിയുടെ തുകൽ; വാ. 23 കാണുക. ഖദിരമരം, വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ, ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ. “നിങ്ങളിൽ വിദഗ്ദ്ധർ എല്ലാവരും വന്നു യഹോവ കൽപ്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കണം. “സമാഗമകൂടാരം; അതിന്റെ കൂടാരവും, മൂടുവിരി, കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ, പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല, മേശയും അതിന്റെ തണ്ടുകളും എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും വെളിച്ചത്തിനു വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും, അതിന്റെ വിളക്കുകൾ, വിളക്കിനുള്ള എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, സമാഗമകൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ, സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, സമാഗമകൂടാരത്തിന്റെ കുറ്റികൾ, അങ്കണത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ—പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.” അപ്പോൾ ഇസ്രായേൽമക്കളുടെ സർവസംഘവും മോശയുടെമുമ്പിൽനിന്ന് പുറപ്പെട്ടു. സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു. ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു. നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു. വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു. വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു. വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു. ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു. കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു. ബെസലേലും ഒഹൊലീയാബും മോശ ഇസ്രായേൽജനത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കുക, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ യഹോവ പേരുചൊല്ലി വിളിച്ചിരിക്കുന്നു. യഹോവ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു. സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും, രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. യഹോവ ബെസലേലിനും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനും മറ്റുള്ളവരെ അഭ്യസിപ്പിക്കാനുള്ള പ്രാപ്തിയും നൽകിയിരിക്കുന്നു. കൊത്തുപണിക്കാരന്റെയും കരകൗശലപ്പണിക്കാരന്റെയും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും സകലവിധ പണികളും കലാചാതുരിയോടെ ചെയ്യുന്നതിനു യഹോവ അവർക്കു വൈദഗ്ദ്ധ്യം നൽകിയിരിക്കുന്നു. ബെസലേലും ഒഹൊലീയാബും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു യഹോവയുടെ കൽപ്പനപ്രകാരം സകലപ്രവൃത്തിയും ചെയ്യുന്നതിനു യഹോവ വൈദഗ്ദ്ധ്യവും പ്രാപ്തിയും നൽകിയ സകലജ്ഞാനികളും, യഹോവ കൽപ്പിച്ചതനുസ്സരിച്ച് വേലചെയ്യണം.” അങ്ങനെ മോശ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ ജ്ഞാനം നൽകിയിരുന്ന എല്ലാ വിദഗ്ദ്ധരെയും ജോലിചെയ്യാൻ മനസ്സിൽ പ്രേരണ ലഭിച്ച എല്ലാവരെയും വിളിച്ചുകൂട്ടി. വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു. “യഹോവ ചെയ്യാൻ കൽപ്പിച്ചിട്ടുള്ള പ്രവൃത്തികൾക്കു വേണ്ടതിലധികമായി ജനങ്ങൾ കൊണ്ടുവരുന്നു,” എന്നു പറഞ്ഞു. അപ്പോൾ മോശ ഒരു കൽപ്പന നൽകി, “പുരുഷന്മാരോ സ്ത്രീകളോ വിശുദ്ധമന്ദിരത്തിലേക്കു വഴിപാടായി ഇനി ഒന്നും കൊണ്ടുവരേണ്ടതില്ല” എന്നു പാളയത്തിലെങ്ങും അറിയിച്ചു. അങ്ങനെ, ജനം വഴിപാടുകൾ കൊണ്ടുവരുന്നതു നിർത്തി. അവർക്കു ലഭിച്ച സാധനങ്ങൾ, എല്ലാ പണികളും ചെയ്യാൻ ആവശ്യമായതിലും അധികം ആയിരുന്നു. സമാഗമകൂടാരം പണിക്കാരിൽ വൈദഗ്ദ്ധ്യമുള്ളവർ എല്ലാവരും, പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം ഉണ്ടാക്കി; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടാക്കിയിരുന്നു. എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരുന്നു. ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.36:9 ഏക. 13 മീ. നീളവും 1.8 മീ. വീതിയും. അവർ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു. അതിനുശേഷം അവർ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കി. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കി. ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കി. കണ്ണികൾ നേർക്കുനേർ ആയിരുന്നു. അവർ തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തുകൊണ്ടു രണ്ടു തിരശ്ശീലക്കൂട്ടവും ഒന്നോടൊന്ന് ഒരുമിച്ചുചേർത്തു. അങ്ങനെ സമാഗമകൂടാരം ഒന്നായിത്തീർന്നു. സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കി. പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരുന്നു—മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.36:15 ഏക. 14 മീ. നീളവും 1.8 മീ. വീതിയും. അവർ അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർത്തു. ഇപ്രകാരം തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും അവർ ഉണ്ടാക്കി. കൂടാരം ഒന്നായി ഇണച്ചു ചേർക്കേണ്ടതിന്, അവർ വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കി. ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും അവർ ഉണ്ടാക്കി. അവർ, സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കി. ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരുന്നു.36:21 ഏക. 4.5 മീ. നീളവും 70 സെ.മീ. വീതിയും. പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കി. അവർ സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കി. ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കി. സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കി. സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ അവർ ഉണ്ടാക്കി. സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും അവർ ഉണ്ടാക്കി. രണ്ടു മൂലകളിലും താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരുന്നു. രണ്ടു പലകകളും ഇപ്രകാരം ആയിരുന്നു. അവ രണ്ടും മൂലപ്പലകകളാണ്. ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടാക്കി. അവർ ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കി. നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുംവിധം ഉണ്ടാക്കി. പലകകൾ അവർ തങ്കംകൊണ്ടു പൊതിഞ്ഞു: സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കി: സാക്ഷകളും അവർ തങ്കംകൊണ്ടു പൊതിഞ്ഞു. നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അവർ തിരശ്ശീല ഉണ്ടാക്കി. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർത്തിരുന്നു. അവർ, അതിനു ഖദിരമരംകൊണ്ടു നാലുതൂണും ഉണ്ടാക്കി. അവ തങ്കംകൊണ്ടു പൊതിഞ്ഞു: അവയ്ക്കു തങ്കക്കൊളുത്തുകൾ ഉണ്ടാക്കി; വെള്ളികൊണ്ടു നാലുചുവടും വാർപ്പിച്ചുണ്ടാക്കി. കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും അതിന് അഞ്ചുതൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവർ തൂണുകളുടെ ചുവടുകളും മേൽച്ചുറ്റുപടികളും തങ്കംകൊണ്ടു പൊതിഞ്ഞു; അവയ്ക്ക് അഞ്ചു വെങ്കലച്ചുവടുകളും ഉണ്ടാക്കി. പേടകം ബെസലേൽ, ഖദിരമരംകൊണ്ടു പേടകം ഉണ്ടാക്കി; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.37:1 ഏക. 1.1 മീ. നീളവും 70 സെ.മീ. വീതിയും ഉയരവും. അദ്ദേഹം അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കി ഒരു അരികുപാളി പിടിപ്പിച്ചു. അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി ഉറപ്പിച്ചു. പിന്നെ അദ്ദേഹം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിഞ്ഞു. പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ ഉറപ്പിച്ചു. അദ്ദേഹം തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കി. പിന്നെ അദ്ദേഹം, പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിച്ചു. ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി അദ്ദേഹം ഉണ്ടാക്കി. കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടുകയും പരസ്പരം അഭിമുഖമായിരിക്കുകയും ചെയ്തു. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരുന്നു. മേശ അവർ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരുന്നു.37:10 ഏക. 90 സെ.മീ. നീളവും 45 സെ.മീ. വീതിയും 70 സെ.മീ. ഉയരവും. അവർ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. അതിനുചുറ്റും കൈപ്പത്തിയുടെ37:12 ഏക. 7.5 സെ.മീ. വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്ത അരികുപാളിയും ഉണ്ടാക്കി. അവർ മേശയ്ക്കു നാലു തങ്കവളയം വാർത്തുണ്ടാക്കി. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ തറച്ചു. മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താനുള്ള വളയങ്ങൾ പട്ടയോടു ചേർത്തിരുന്നു. മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. മേശമേലുള്ള ഉപകരണങ്ങളായ തളികകളും താലങ്ങളും കിണ്ടികളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും അവർ തങ്കംകൊണ്ടുണ്ടാക്കി. നിലവിളക്ക് അവർ തങ്കംകൊണ്ട് നിലവിളക്കു നിർമിച്ചു. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽത്തന്നെ അടിപ്പുപണിയായി ഉണ്ടാക്കി. നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരുന്നു. ഓരോശാഖയിലും ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരുന്നു; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരുന്നു. നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ ഉണ്ടായിരുന്നു. നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരുന്നു. മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്ന് ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിപ്പുപണിയായി ഉണ്ടാക്കി. അവർ അതിന്റെ ഏഴ് ദീപങ്ങളും അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കി. അവർ ഒരു താലന്തു37:24 ഏക. 34 കി.ഗ്രാം. തങ്കംകൊണ്ടു നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി. ധൂപപീഠം അവർ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി. അതു സമചതുരത്തിൽ ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും രണ്ടുമുഴം ഉയരമുള്ളതും ആയിരുന്നു.37:25 ഏക. 45 സെ.മീ. നീളവും വീതിയും 90 സെ.മീ. ഉയരവും. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒരുഖണ്ഡമായിത്തന്നെ ഉണ്ടാക്കി. അവർ, അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കി. ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിച്ചു. അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി. അതു തങ്കംകൊണ്ടു പൊതിഞ്ഞു. അവർ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം വിശുദ്ധമായ അഭിഷേകതൈലവും ശുദ്ധമായ സുഗന്ധവർഗവും ഉണ്ടാക്കി. ഹോമയാഗപീഠം ബെസലേൽ, ഖദിരമരംകൊണ്ടു മൂന്നുമുഴം38:1 ഏക. 1.4 മീ. ഉയരമുള്ള ഒരു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ള38:1 ഏക. 2.3 മീ. സമചതുരമായിരുന്നു. അവർ അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയിരുന്നു. അതു വെങ്കലംകൊണ്ട് പൊതിഞ്ഞു. അതിന്റെ ഉപകരണങ്ങളൊക്കെയും—കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കി. അവർ യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പ ഉണ്ടാക്കി; അതു യാഗപീഠത്തിന്റെ ചുറ്റുപടിക്കുതാഴേ അതിന്റെ പകുതിവരെ എത്തി. വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി. അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അവ വെങ്കലംകൊണ്ടു പൊതിഞ്ഞു. യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ അവർ തണ്ടുകൾ ഉറപ്പിച്ചു; അവർ യാഗപീഠം പലകകൾകൊണ്ടു പൊള്ളയായി ഉണ്ടാക്കി. കഴുകുന്നതിനുള്ള തൊട്ടി സമാഗമകൂടാരവാതിൽക്കൽ ശുശ്രൂഷ ചെയ്തുപോന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ38:8 അതായത്, കണ്ണാടികൾ ഉപയോഗിച്ച്, അവർ വെങ്കലത്തൊട്ടിയും അതിന്റെ വെങ്കലക്കാലും ഉണ്ടാക്കി. അങ്കണം പിന്നീട്, അവർ സമാഗമകൂടാരാങ്കണം ഉണ്ടാക്കി. തെക്കുവശത്തു നൂറുമുഴം38:9 ഏക. 45 മീ. നീളം ഉണ്ടായിരുന്നു. അവിടെ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല തൂക്കിയിരുന്നു. അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. വടക്കേവശത്തിനും നൂറുമുഴം നീളം ഉണ്ടായിരുന്നു. അതിന് ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. പടിഞ്ഞാറുവശത്തിന് അൻപതുമുഴം38:12 ഏക. 23 മീ. വീതി ഉണ്ടായിരുന്നു. അവിടെയും മറശ്ശീല തൂക്കിയിരുന്നു. അതിനു, പത്തു തൂണുകളും പത്തു ചുവടുകളും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. കിഴക്കു സൂര്യോദയഭാഗത്തിനും അൻപതുമുഴം വീതി ഉണ്ടായിരുന്നു. പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം38:14 ഏക. 6.8 മീ. നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. സമാഗമകൂടാരാങ്കണത്തിന്റെ പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും, അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. അങ്കണത്തിന്റെ ചുറ്റും തൂക്കിയിരുന്ന മറശ്ശീല പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയതായിരുന്നു. തൂണുകളുടെ ചുവടുകൾ വെങ്കലംകൊണ്ടും കൊളുത്തുകളും മേൽച്ചുറ്റുപടികളും വെള്ളികൊണ്ടും ഉണ്ടാക്കിയിരുന്നു, തൂണുകളുടെ ചുവടുകൾ വെള്ളിപൊതിഞ്ഞവ ആയിരുന്നു. അങ്കണത്തിലെ തൂണുകൾക്കെല്ലാം വെള്ളികൊണ്ടുള്ള മേൽച്ചുറ്റുപടിയും ഉണ്ടായിരുന്നു. സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന് മറശ്ശീല നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണി ചെയ്ത്, ഉണ്ടാക്കിയതായിരുന്നു. അതിന് ഇരുപതുമുഴം38:18 ഏക. 9 മീ. നീളവും, അങ്കണത്തിന്റെ മറശ്ശീലയുടെ വീതിക്കുസമമായി അഞ്ചുമുഴം38:18 ഏക. 2.3 മീ. ഉയരവും ഉണ്ടായിരുന്നു. അതിനു നാലുതൂണും, നാലു വെങ്കലച്ചുവടുകളും ഉണ്ടായിരുന്നു. അതിന്റെ കൊളുത്തും മേൽച്ചുറ്റുപടിയും വെള്ളികൊണ്ടുണ്ടാക്കിയതും അതിന്റെ ചുവടുകൾ വെള്ളിപൊതിഞ്ഞതും ആയിരുന്നു. സമാഗമകൂടാരത്തിനും കൂടാരാങ്കണത്തിനും ചുറ്റുമുള്ള കുറ്റികൾ എല്ലാം വെങ്കലംകൊണ്ടുള്ളവ ആയിരുന്നു. ഉപയോഗിച്ച സാധനസാമഗ്രികൾ മോശയുടെ കൽപ്പനയാൽ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശപ്രകാരം ലേവ്യർ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഉടമ്പടിയുടെ കൂടാരം എന്ന സമാഗമകൂടാരത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ ചെലവ്: യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതെല്ലാം ചെയ്യുകയുണ്ടായി. ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനും കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിചെയ്യുന്നവനുമായ ഒഹൊലീയാബ് അവനോടുകൂടെ ഉണ്ടായിരുന്നു. വിശുദ്ധമന്ദിരത്തിന്റെ സകലപണികൾക്കുമായി വിശിഷ്ടയാഗാർപ്പണമായി ലഭിച്ചത്, വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ 29 താലന്ത് 730 ശേക്കേൽ സ്വർണം38:24 തൂക്കം ഒരു ടൺ തങ്കത്തിലും കൂടുതലായിരുന്നു. ആയിരുന്നു. ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്,38:25 ഏക. 3.5 ടൺ. 1,775 ശേക്കേൽ വെള്ളി38:25 ഏക. 20 കി.ഗ്രാം. ആയിരുന്നു. ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ38:26 ഏക. 5.7 ഗ്രാം. വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു. വിശുദ്ധമന്ദിരത്തിന്റെ 100 ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്, ഒരു ചുവടിന് ഒരു താലന്തുവീതം 100 ചുവടിനു 100 താലന്തു വെള്ളി ചെലവായി. തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു. വിശിഷ്ടയാഗാർപ്പണമായി ലഭിച്ച വെങ്കലം 70 താലന്ത് 2,400 ശേക്കേൽ38:29 ഏക. 2.5 ടൺ. ആയിരുന്നു. സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള ചുവടുകളും വെങ്കലയാഗപീഠവും അതിന്റെ വെങ്കലജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും സമാഗമകൂടാരാങ്കണത്തിന്റെ ചുറ്റുമുള്ള ചുവടുകളും അതിന്റെ കവാടത്തിനുള്ള ചുവടുകളും സമാഗമകൂടാരത്തിന്റെ കുറ്റികളും സമാഗമകൂടാരാങ്കണത്തിന്റെ കുറ്റികളും നിർമിക്കാൻ ആ വെങ്കലം ഉപയോഗിച്ചു. പൗരോഹിത്യവസ്ത്രങ്ങൾ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി. ഏഫോദ് ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു. ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു. നിർണയപ്പതക്കം അവർ ഏഫോദിന്റെ വൈദഗ്ദ്ധ്യമാർന്ന ചിത്രപ്പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു നിർണയപ്പതക്കം ഉണ്ടാക്കി. അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും39:9 ഏക. 9 ഇഞ്ച്. ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരുന്നു. അതിൽ നാലുനിര രത്നങ്ങൾ പതിച്ചു. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം39:13 ഈ വിലയേറിയ കല്ലുകൾ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിച്ചിരുന്നു. ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരുന്നു. നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കി. തങ്കംകൊണ്ടു രണ്ടു കസവുതടവും രണ്ടു വളയവും ഉണ്ടാക്കി. രണ്ടു വളയവും നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിച്ചു. തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി. മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിച്ചു. അവർ തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിച്ചു. അവർ തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മേൽഭാഗത്തുവെച്ചു. നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ട് അവർ ചേർത്തുകെട്ടി. മറ്റു പൗരോഹിത്യവസ്ത്രങ്ങൾ അവൻ ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി. അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം ഉണ്ടാക്കി, ദ്വാരത്തിന്റെ വശം കീറിപ്പോകാതിരിക്കേണ്ടതിനു ദ്വാരത്തിന്റെ ചുറ്റിലും നാടയുംവെച്ചു. അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ, എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ മാതളപ്പഴങ്ങൾക്കിടയിൽ ചേർത്തുവെച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും അതിനടുത്ത് ഒരു മാതളപ്പഴവും എന്നക്രമത്തിൽ ചേർത്തിരുന്നു. അഹരോനും അവന്റെ പുത്രന്മാർക്കും മൃദുലചണവസ്ത്രംകൊണ്ടു നെയ്ത്തുപണിയായ അങ്കിയും മൃദുലചണനൂൽകൊണ്ടു തലപ്പാവും മൃദുലചണനൂൽകൊണ്ടു ശിരോവസ്ത്രവും പിരിച്ച മൃദുലചണനൂൽകൊണ്ട് അടിവസ്ത്രവും പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി അരക്കെട്ടും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഉണ്ടാക്കി. അവർ തങ്കംകൊണ്ടു വിശുദ്ധകിരീടമെന്ന നെറ്റിപ്പട്ടം ഉണ്ടാക്കി. അതിൽ മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തിയുണ്ടാക്കി: “യഹോവയ്ക്കു വിശുദ്ധം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അതു തലപ്പാവിൽ കെട്ടേണ്ടതിന് അതിൽ നീലച്ചരടു കോർത്തുകെട്ടി. മോശ സമാഗമകൂടാരം പരിശോധിക്കുന്നു ഇങ്ങനെ, സമാഗമത്തിനുള്ള കൂടാരത്തിന്റെ പണിമുഴുവനും പൂർത്തിയായി; യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അവർ സമാഗമകൂടാരം മോശയുടെ അടുക്കൽ കൊണ്ടുവന്നു: കൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ, ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടുള്ള പുറമൂടി, തഹശുതുകൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, ഉടമ്പടിയുടെ പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം; മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും തങ്കംകൊണ്ടുള്ള വിളക്കുതണ്ടും അതിന്റെ നിരയിലെ ദീപങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും, വിളക്കിനുള്ള എണ്ണ, സ്വർണംകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, വെങ്കലയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ, സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, കൂടാരാങ്കണത്തിനുള്ള കുറ്റികൾ, സമാഗമത്തിനുള്ള കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ, പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ. ഇങ്ങനെ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ ഇസ്രായേൽമക്കൾ സകലപണിയും പൂർത്തിയാക്കി. മോശ പണികൾ പരിശോധിച്ചു: യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ അതു ചെയ്തിരിക്കുന്നു എന്നുകണ്ടു; മോശ അവരെ അനുഗ്രഹിച്ചു. സമാഗമകൂടാരം സ്ഥാപിക്കുന്നു ഇതിനുശേഷം യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒന്നാംമാസം ഒന്നാംതീയതി, സമാഗമത്തിനുള്ള കൂടാരം നീ സ്ഥാപിക്കണം. ഉടമ്പടിയുടെ പേടകം അതിനുള്ളിൽ വെക്കുകയും തിരശ്ശീലകൊണ്ടു മറയ്ക്കുകയും വേണം. മേശ കൊണ്ടുവന്ന്, അതിന്റെമേൽ വെക്കേണ്ട സാധനങ്ങൾ ക്രമീകരിക്കണം. പിന്നീട്, നിലവിളക്കുകൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ കത്തിക്കണം. ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ മറശ്ശീല തൂക്കുകയും വേണം. “സമാഗമത്തിനുള്ള കൂടാരത്തിന്റെ കവാടത്തിനു മുമ്പിൽ ഹോമയാഗപീഠം വെക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെച്ച് അതിൽ വെള്ളം ഒഴിക്കണം. അതിനുചുറ്റും സമാഗമകൂടാരാങ്കണം ക്രമീകരിച്ച് അങ്കണകവാടത്തിൽ മറശ്ശീല തൂക്കണം. “അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്ത് അതിന്റെ സകല ഉപകരണങ്ങളെയും ശുദ്ധീകരിക്കണം; അവ വിശുദ്ധമായിത്തീരും. ഹോമയാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്ത് യാഗപീഠത്തെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമായിരിക്കണം. തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. “അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം. പിന്നീട് അഹരോനെ വിശുദ്ധവസ്ത്രങ്ങൾ ധരിപ്പിച്ച്, എനിക്ക് പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിക്കണം. അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ, അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെയും അഭിഷേകംചെയ്യണം. അവരുടെ അഭിഷേകം തലമുറതലമുറയായി പൗരോഹിത്യത്തിനുള്ള അഭിഷേകം ആയിരിക്കണം.” യഹോവ കൽപ്പിച്ചതുപോലെ സകലതും മോശ ചെയ്തു. ഇങ്ങനെ, രണ്ടാംവർഷത്തിന്റെ ഒന്നാംമാസം ഒന്നാംതീയതി സമാഗമകൂടാരം സ്ഥാപിക്കപ്പെട്ടു. മോശ സമാഗമകൂടാരം സ്ഥാപിച്ചു, ചുവടുകൾ ഉറപ്പിച്ചു, പലകകൾ നിർത്തി, സാക്ഷകൾ ഉറപ്പിച്ചു, തൂണുകൾ നാട്ടി. ഇതിനുശേഷം യഹോവ തന്നോടു കൽപ്പിച്ചതുപോലെ അദ്ദേഹം മൂടുവിരി സമാഗമകൂടാരത്തിന്മേൽ വിരിച്ചു, അതിന്മീതേ പുറമൂടിയും വിരിച്ചു. അദ്ദേഹം ഉടമ്പടിയുടെ പലക എടുത്തു പേടകത്തിൽവെച്ചു. പേടകത്തിനു തണ്ടുറപ്പിച്ചു, പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെച്ചു. പിന്നീട് അദ്ദേഹം പേടകം സമാഗമകൂടാരത്തിൽ കൊണ്ടുവന്നു; യഹോവ തന്നോടു കൽപ്പിച്ചതുപോലെ മറയ്ക്കാനുള്ള തിരശ്ശീലതൂക്കി ഉടമ്പടിയുടെ പേടകം മറച്ചു. മോശ, സമാഗമത്തിനുള്ള കൂടാരത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്തു മേശ വെച്ചു. യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ, മേശയുടെമേൽ യഹോവയുടെമുമ്പാകെ അപ്പം അടുക്കിവെച്ചു. സമാഗമത്തിനുള്ള കൂടാരത്തിന്റെ തെക്കുഭാഗത്തായി മേശയ്ക്കുനേരേ അദ്ദേഹം നിലവിളക്കു വെച്ചു. യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു. മോശ സമാഗമകൂടാരത്തിൽ തിരശ്ശീലയുടെ മുൻഭാഗത്തു തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല തൂക്കി; സമാഗമത്തിനുള്ള കൂടാരവാതിലിനു മുൻവശത്തു ഹോമയാഗപീഠം വെച്ചു. യഹോവ കൽപ്പിച്ചിരുന്നതുപോലെ അതിന്മേൽ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചു. അദ്ദേഹം സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളമൊഴിക്കുകയും ചെയ്തു. മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിലേക്കു ചെല്ലുമ്പോഴും കൈകാലുകൾ കഴുകിയിരുന്നു. പിന്നീടു മോശ സമാഗമകൂടാരത്തിനും യാഗപീഠത്തിനുംചുറ്റും കൂടാരാങ്കണം ക്രമീകരിച്ചു; അങ്കണകവാടത്തിന്റെ മറശ്ശീല തൂക്കി; ഇങ്ങനെ മോശ ആ വേല പൂർത്തിയാക്കി. യഹോവയുടെ തേജസ്സ് അപ്പോൾ മേഘം സമാഗമകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറഞ്ഞു. മേഘം സമാഗമകൂടാരത്തിന്മേൽ വസിക്കയും യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറയുകയും ചെയ്തതുകൊണ്ട്, മോശയ്ക്കു സമാഗമകൂടാരത്തിനകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ സകലപ്രയാണങ്ങളിലും സമാഗമകൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും. എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും. ഇസ്രായേൽമക്കളുടെ സകലപ്രയാണങ്ങളിലും എല്ലാ ഇസ്രായേല്യരും കാൺകെ, പകൽസമയത്തു സമാഗമകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അഗ്നിയും ഉണ്ടായിരുന്നു.