- Biblica® Open Malayalam Contemporary Version 2020
എസ്ഥേർ
എസ്ഥേർ
എസ്ഥേർ
എസ്ഥേ.
എസ്ഥേർ
വസ്ഥിരാജ്ഞി സ്ഥാനഭ്രഷ്ടയാകുന്നു
ഇന്ത്യമുതൽ കൂശ്1:1 അതായത്, എത്യോപ്യ വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു: ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ് തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു.
അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു. ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി. ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു. വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി. രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു.
അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി.
ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്, “വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.
നീതിന്യായകാര്യങ്ങൾ രാജാവ് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക പതിവായിരുന്നു, അതുകൊണ്ട് കാലഗതികളെക്കുറിച്ച് നിശ്ചയമുള്ള ജ്ഞാനികളും രാജാവിനോട് ഏറ്റവും അടുപ്പമുള്ളവരും ആ രാജ്യത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നവരും രാജസന്നിധിയിലേക്കു പ്രത്യേക പ്രവേശനാനുമതിയുള്ളവരും പാർസ്യയിലും മേദ്യയിലും ഉള്ള ഏഴു പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിവരോട് രാജാവ് സംസാരിച്ചു.
“നിയമാനുസരണം വസ്ഥിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്?” രാജാവു ചോദിച്ചു; “ഷണ്ഡന്മാർ മുഖേന അറിയിച്ച അഹശ്വേരോശിന്റെ കൽപ്പന അവർ അനുസരിച്ചില്ല.”
അപ്പോൾ മെമൂഖാൻ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ ഉത്തരം പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകലജനങ്ങളോടും പ്രഭുക്കന്മാരോടും തെറ്റുചെയ്തിരിക്കുന്നു. രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും. ഈ ദിവസംതന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ടറിയുന്ന പാർസ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുടെ പത്നികളും രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും ഇങ്ങനെതന്നെ ചെയ്യും. അനാദരവിനും അപസ്വരത്തിനും അന്തമില്ലാതാകും.
“അതിനാൽ രാജാവിനു ഹിതമെങ്കിൽ, വസ്ഥിരാജ്ഞി ഇനിമേലിൽ അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ പ്രവേശിക്കരുതെന്ന് ഒരു രാജകൽപ്പന പുറപ്പെടുവിക്കട്ടെ, അത് പാർസ്യയിലെയും മേദ്യയിലെയും നിയമങ്ങളിൽ മാറ്റപ്പെടാത്തവിധം എഴുതിച്ചേർക്കപ്പെടട്ടെ. കൂടാതെ രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ ഉത്തമയായ മറ്റാർക്കെങ്കിലും നൽകട്ടെ. അങ്ങനെ രാജശാസന അതിവിശാലമായ രാജ്യമെമ്പാടും വിളംബരം ചെയ്തുകഴിയുമ്പോൾ ചെറിയവൾമുതൽ വലിയവൾവരെ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു. ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.
എസ്ഥേരിനെ രാജ്ഞിയാക്കുന്നു
പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു.
ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ്2:6 യെഹോയാഖീൻ, യെഖൊന്യാവ് എന്നതിന്റെ മറ്റൊരുരൂപം. എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു.
രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി.
മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.
അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും2:12 അതായത്, നറുമ്പശ ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു. രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു. വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല.
രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു. അഹശ്വേരോശ് രാജാവിന്റെ ഭരണത്തിന്റെ ഏഴാംവർഷം, പത്താംമാസമായ തേബേത്ത് മാസത്തിൽ എസ്ഥേർ അദ്ദേഹത്തിന്റെമുമ്പിൽ ആനയിക്കപ്പെട്ടു.
രാജാവ് മറ്റു സ്ത്രീകളെക്കാൾ അധികം എസ്ഥേരിൽ ആകൃഷ്ടനായി; മറ്റു കന്യകമാരെക്കാൾ അവൾ അദ്ദേഹത്തിന്റെ പ്രീതിയും അംഗീകാരവും സമ്പാദിച്ചു. അതിനാൽ അദ്ദേഹം അവളെ രാജകിരീടം അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി. രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേരിന്റെപേരിൽ വിരുന്നു നൽകി. അദ്ദേഹം പ്രവിശ്യകളിലെല്ലാം അവധി നൽകുകയും, രാജാവിന്റെ ഔദാര്യമനുസരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മൊർദെഖായി ഒരു ഗൂഢാലോചന കണ്ടുപിടിക്കുന്നു
കന്യകമാർ രണ്ടാംതവണ ഒരുമിച്ചുകൂടിയപ്പോൾ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുകയായിരുന്നു. എന്നാൽ എസ്ഥേർ, ചെറുപ്പത്തിൽ മൊർദെഖായിയുടെ കൽപ്പനകൾ പിൻതുടർന്നതുപോലെ തുടർന്നും അനുസരിച്ചതുകൊണ്ട്, മൊർദെഖായിയുടെ നിർദേശാനുസരണം തന്റെ പൗരത്വവും പാരമ്പര്യവും രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.
മൊർദെഖായി രാജകവാടത്തിൽ ഇരിക്കുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനും തേരേശും അദ്ദേഹത്തോടുള്ള കോപംനിമിത്തം അഹശ്വേരോശ് രാജാവിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി. മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു. ഈ വിവരം അന്വേഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ടതിനാൽ ആ രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴുമരത്തിൽ തൂക്കിക്കൊന്നു. ഈ വിവരങ്ങളെല്ലാം രാജാവിന്റെ സാന്നിധ്യത്തിൽത്തന്നെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തിരുന്നു.
യെഹൂദരെ നശിപ്പിക്കാൻ ഹാമാന്റെ ഗൂഢാലോചന
ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു. രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല.
അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു. ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി. എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു.
അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു3:7 ചി.കൈ.പ്ര. നറുക്കുവീണു എന്ന വാക്കു കാണുന്നില്ല..
അപ്പോൾ ഹാമാൻ അഹശ്വേരോശ് രാജാവിനോട്, “അങ്ങയുടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ജനങ്ങളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ഒരു ജനതയുണ്ട്, അവർ മറ്റുള്ള എല്ലാവരിൽനിന്നും തങ്ങളെത്തന്നെ അകറ്റിനിർത്തുന്നവരാണ്. അവരുടെ നിയമങ്ങൾ മറ്റുള്ള എല്ലാ ജനങ്ങളുടേതിൽനിന്നു വിഭിന്നമാണ്. അവർ രാജകൽപ്പനകൾ പ്രമാണിക്കുന്നതുമില്ല; അവർക്ക് അഭയം കൊടുക്കുന്നത് രാജതാത്പര്യങ്ങൾക്കു നല്ലതുമല്ല. രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത്3:9 ഏക. 375 ടൺ. രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു.
അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം വിരലിൽനിന്നൂരി യെഹൂദരുടെ ശത്രുവായ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനു കൊടുത്തു. രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.
പിന്നീട് ആദ്യമാസത്തിന്റെ പതിമ്മൂന്നാംദിവസം ഹാമാൻ എല്ലാ ലേഖകരെയും വിളിച്ചുവരുത്തി. അവർ രാജപ്രതിനിധികൾക്കും, വിവിധ പ്രവിശ്യകളിലെ ദേശാധിപതിമാർക്കും, ജനതകളുടെ പ്രഭുക്കന്മാർക്കും ഉള്ള ഹാമാന്റെ കൽപ്പന ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും എഴുതി. ഇവ അഹശ്വേരോശ് രാജാവിന്റെപേരിൽ എഴുതി മുദ്രമോതിരത്താൽ മുദ്ര ഇട്ടു. പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിതന്നെ സകല യെഹൂദരെയും—യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും—നശിപ്പിക്കാനും കൊല്ലുന്നതിനും അവരുടെ വസ്തുവകകൾ കൊള്ളയിടുന്നതിനും സന്ദേശവാഹകരുടെ കൈവശം രാജാവിന്റെ എല്ലാ പ്രവിശ്യകളിലേക്കും എഴുത്തുകൾ അയച്ചു. സകലജനവിഭാഗങ്ങളും അറിയേണ്ടതിനും ആ ദിവസത്തിനുവേണ്ടി ഒരുങ്ങേണ്ടതിനും കൽപ്പനയുടെ പകർപ്പ് എല്ലാ പ്രവിശ്യകളിലും ഒരു നിയമമായിത്തന്നെ പ്രസിദ്ധമാക്കി.
രാജകൽപ്പന അനുസരിച്ച് സന്ദേശവാഹകർ അതിവേഗം പുറപ്പെട്ടു; കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധമാക്കി. രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു; എന്നാൽ ശൂശൻ പട്ടണം പരിഭ്രാന്തമായി.
മൊർദെഖായി എസ്ഥേരിനോട് സഹായത്തിനായി അപേക്ഷിക്കുന്നു
ഈ സംഭവം അറിഞ്ഞ മൊർദെഖായി തന്റെ വസ്ത്രംകീറി ചാക്കുശീല ധരിച്ച് ചാരം പൂശി കഠിന ദുഃഖത്തോടെ നിലവിളിച്ചുകൊണ്ട് പട്ടണത്തിലേക്കു ചെന്നു. എന്നാൽ അദ്ദേഹം രാജകവാടംവരെമാത്രം പോയി; കാരണം ചാക്കുശീല ധരിച്ചിരിക്കുന്നവർക്കു രാജകൊട്ടാരത്തിന്റെ കവാടം കടക്കാൻ അനുവാദമില്ലായിരുന്നു. വിളംബരവും രാജകൽപ്പനയും ലഭിച്ച എല്ലാ പ്രവിശ്യകളിലും ഉള്ള യെഹൂദർ വളരെ സങ്കടപ്പെട്ടു; അവർ ഉപവസിക്കുകയും കരഞ്ഞു നിലവിളിക്കുകയും ചെയ്തു. വളരെപ്പേർ ചാക്കുശീല ധരിച്ച് ചാരത്തിൽ കിടന്നു.
എസ്ഥേർരാജ്ഞിയുടെ തോഴിമാരും ഷണ്ഡന്മാരും വന്നു മൊർദെഖായിയെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ വ്യാകുലപ്പെട്ടു. അവൾ അദ്ദേഹത്തിനു ചാക്കുവസ്ത്രത്തിനു പകരം ധരിക്കാൻ വസ്ത്രം കൊടുത്തുവിട്ടു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല. അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.
ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി. മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു. മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.
ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു. അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു: “രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.”
എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”
എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി: “പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”
മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
രാജാവിനോടുള്ള എസ്ഥേരിന്റെ അഭ്യർഥന
മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രങ്ങൾ അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ രാജഗൃഹത്തിന്റെ വാതിൽക്കൽ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് അഭിമുഖമായി സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
രാജാവ് അവളോടു ചോദിച്ചു: “എസ്ഥേർരാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയാണെങ്കിൽപോലും ഞാൻ നിനക്കു നൽകാം.”
എസ്ഥേർ മറുപടി പറഞ്ഞു: “തിരുഹിതമെങ്കിൽ, രാജാവിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് ഇന്ന് അങ്ങു ഹാമാനോടൊപ്പം വരണം.”
അപ്പോൾ രാജാവ്, “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുന്നതിനായി ഹാമാനെ ഉടൻതന്നെ വരുത്താൻ” കൽപ്പിച്ചു.
അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു.
എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും യാചനയും ഇതാണ്: രാജാവിന് എന്നോട് പ്രീതിയുണ്ടെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളം ഉണ്ടെങ്കിൽ, രാജാവും ഹാമാനും ഞാൻ ഒരുക്കുന്ന വിരുന്നിനു നാളെയുംവരണം. അപ്പോൾ ഞാൻ രാജാവ് കൽപ്പിച്ചതിനു മറുപടി നൽകാം” എന്നു പറഞ്ഞു.
ഹാമാന്റെ കോപം മൊർദെഖായിക്കെതിരേ
ഹാമാൻ അന്ന് ആനന്ദത്തോടെ ഉല്ലസിച്ചുകൊണ്ടു മടങ്ങിപ്പോയി. എന്നാൽ മൊർദെഖായി രാജകവാടത്തിൽ തന്റെ സമീപത്തിൽ എഴുന്നേൽക്കാതെയും തന്നെ ഭയപ്പെടാതെയും ഇരിക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ മൊർദെഖായിക്കെതിരേ കോപം നിറഞ്ഞു. എങ്കിലും ഹാമാൻ ആത്മനിയന്ത്രണം പാലിച്ചു വീട്ടിലേക്കു മടങ്ങി.
സ്നേഹിതരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിച്ചുവരുത്തി. ഹാമാൻ തന്റെ ധനമഹിമയും പുത്രബഹുത്വവും രാജാവു തന്നെ ആദരിച്ചു മറ്റു പ്രഭുക്കന്മാരിൽനിന്നും ഉദ്യോഗസ്ഥന്മാരിൽനിന്നും ഉയർത്തിയതും അവരോടു വിവരിച്ചു. അദ്ദേഹം തുടർന്നു, “അതുമാത്രമല്ല, രാജാവിനോടൊപ്പം വിരുന്നിന് എസ്ഥേർരാജ്ഞി ക്ഷണിച്ച ഏക വ്യക്തിയും ഞാനാണ്. നാളെയും രാജാവിനോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. എന്നാൽ യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എനിക്കു തൃപ്തി നൽകുന്നില്ല.”
അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ സേരെശും സകലസ്നേഹിതരും അദ്ദേഹത്തോട്, “അൻപതുമുഴം5:14 ഏക. 23 മീ. ഉയരമുള്ള ഒരു തൂക്കുമരം ഉണ്ടാക്കി, രാവിലെ ചെന്ന് മൊർദെഖായിയെ അതിന്മേൽ തൂക്കാൻ രാജാവിനോട് അപേക്ഷിക്ക. അതിനുശേഷം സന്തോഷത്തോടെ രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഈ ഉപദേശം ഹാമാനു ബോധിച്ചു; അവൻ തൂക്കുമരം പണിയിച്ചു.
മൊർദെഖായി ആദരിക്കപ്പെടുന്നു
അന്നുരാത്രി രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല, അതുകൊണ്ടു തനിക്കു വായിച്ചുകേൾക്കേണ്ടതിനു തന്റെ വാഴ്ചക്കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയ ദിനവൃത്താന്തപുസ്തകം കൊണ്ടുവരാൻ കൽപ്പനകൊടുത്തു. അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
അപ്പോൾ രാജാവു ചോദിച്ചു: “ഇതിന് എന്തു ബഹുമതിയും അംഗീകാരവുമാണ് നാം മൊർദെഖായിക്ക് നൽകിയത്?”
“ഒന്നും നൽകിയിട്ടില്ല,” എന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു.
“പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
“ഹാമാൻ അങ്കണത്തിൽ നിൽക്കുന്നു,” രാജഭൃത്യന്മാർ അറിയിച്ചു.
“അവനെ അകത്തേക്കു കൊണ്ടുവരിക,” രാജാവ് കൽപ്പിച്ചു.
ഹാമാൻ അകത്തു പ്രവേശിച്ചപ്പോൾ രാജാവ് അവനോട്, “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന് എന്താണ് ചെയ്തുകൊടുക്കേണ്ടത്?” എന്നു ചോദിച്ചു.
“എന്നെയല്ലാതെ മറ്റാരെയാണ് രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന് ഹാമാൻ ഉള്ളിൽ കരുതി. അതിനാൽ അവൻ ഉത്തരം പറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി, രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് സഞ്ചരിക്കുന്ന കുതിരയും രാജശിരസ്സിൽ വെക്കുന്ന കിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരിൽ ഒരുവനെ ഏൽപ്പിക്കണം. രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനെ രാജവസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി, ‘രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പട്ടണവീഥികളിലൂടെ ആനയിക്കണം.”
രാജാവ് ഹാമാനോടു കൽപ്പിച്ചു: “വേഗം നീ പോയി, പറഞ്ഞതുപോലെ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജകവാടത്തിൽ ഇരിക്കുന്ന മൊർദെഖായി എന്ന യെഹൂദന് ഇതെല്ലാം ചെയ്യുക. നീ പറഞ്ഞതിൽ ഒരു കുറവും വരുത്തരുത്.”
അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന്, മൊർദെഖായിയെ വസ്ത്രം അണിയിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!”
പിന്നീട് മൊർദെഖായി രാജകവാടത്തിലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ച്, തലമൂടി വീട്ടിലേക്ക് ഓടിപ്പോയി. തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു.
അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു. അവർ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയിരിക്കുന്ന വിരുന്നിനു സംബന്ധിക്കാൻ ഹാമാനെ തിടുക്കത്തിൽ വിളിച്ചുകൊണ്ടുപോയി.
ഹാമാന്റെ മരണം
രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. രണ്ടാംദിവസം അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേരിനോട് വീണ്ടും ചോദിച്ചു, “എസ്ഥേർരാജ്ഞീ, എന്താണ് നിന്റെ അപേക്ഷ? അതു നിനക്കു നൽകാം. എന്താണ് നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും അതു നിനക്കു ലഭിക്കും.”
അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ. കാരണം നശിപ്പിച്ച്, കൊല്ലപ്പെട്ട്, ഉന്മൂലനംചെയ്യപ്പെടാനായി എന്നെയും എന്റെ ജനത്തെയും ഇതാ വിറ്റിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു. കാരണം അതുപോലും മഹാരാജാവിനെ ശല്യപ്പെടുത്താൻ മതിയായ കാരണം ആകുമായിരുന്നില്ല.”
അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?”
എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും! ഈ ദുഷ്ടനായ ഹാമാൻതന്നെ!”
അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നുവിറച്ചു. രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു നിർത്തി കൊട്ടാരത്തിന്റെ ഉദ്യാനത്തിലേക്കു പോയി. എന്നാൽ രാജാവ്, തനിക്ക് അനർഥം നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ട് ഹാമാൻ എസ്ഥേർരാജ്ഞിയോടു തന്റെ ജീവൻ ഇരന്നുവാങ്ങാൻ അവിടെ നിന്നു.
രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു.
അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു.
രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി. രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു.
“അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു. അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു.
യെഹൂദന്മാർക്കനുകൂലമായ രാജാവിന്റെ വിളംബരം
അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു. രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.
എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു. രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.
എസ്ഥേർ രാജാവിനോടു പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടായി, ഇക്കാര്യം ശരിയെന്നു ബോധ്യപ്പെടുകയും എന്നോടു പ്രിയംതോന്നുകയും ചെയ്യുന്നെങ്കിൽ, രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദരെയും സംഹരിക്കാൻ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ നിയമത്തിനു വിരോധമായി രാജാവ് ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഒരു ദുരന്തം എന്റെ ജനത്തെ മൂടുന്നത് ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ കുടുംബത്തിന്റെ നാശം ഞാൻ എങ്ങനെ കണ്ടു സഹിക്കും?”
അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു. ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”
മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്. അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.
ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു. അഹശ്വേരോശ് രാജാവിന്റെ എല്ലാ പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിയായിരുന്നു യെഹൂദർക്ക് ഇതു ചെയ്യാൻ അനുവാദം. ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.
അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.
യെഹൂദരുടെ ജയോത്സവം
മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു. യെഹൂദർക്ക് അത് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സമയമായിരുന്നു. എല്ലാ പ്രവിശ്യയിലും എല്ലാ പട്ടണങ്ങളിലും രാജകൽപ്പന ലഭിച്ച എല്ലായിടത്തും യെഹൂദർക്കിടയിൽ സന്തോഷവും ആനന്ദവും ഉണ്ടായി. അവിടെ വിരുന്നും ആഘോഷവും ഉണ്ടായി. യെഹൂദരെക്കുറിച്ചുള്ള ഭയംനിമിത്തം ഇതര ജനവിഭാഗങ്ങളിലുള്ള അനേകരും യെഹൂദരായിത്തീർന്നു.
പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതി രാജാവിന്റെ കൽപ്പന നടപ്പാക്കേണ്ടിയിരുന്നു. ഈ ദിവസം യെഹൂദരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. യെഹൂദർക്കു തങ്ങളുടെ ശത്രുക്കളുടെമേൽ ആധിപത്യം ലഭിച്ചു. അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല. മൊർദെഖായിയോടുള്ള ഭയംനിമിത്തം പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും, രാജപ്രതിനിധികളും ദേശാധിപതികളും ഭരണാധിപന്മാരും യെഹൂദരെ സഹായിച്ചു. മൊർദെഖായി കൊട്ടാരത്തിൽ പ്രമുഖനായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി എല്ലാ പ്രവിശ്യകളിലും വ്യാപിക്കുകയും അദ്ദേഹം കൂടുതൽ കൂടുതൽ അധികാരമുള്ളവനായിത്തീരുകയും ചെയ്തു.
യെഹൂദർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളാൽ കൊന്നു. അവർ തങ്ങളെ വെറുത്തവരോടെല്ലാം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെയൊക്കെയും പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ യെഹൂദരുടെ ശത്രുവും ഹമ്മെദാഥയുടെ മകനുമായ ഹാമാന്റെ പത്തുമക്കളെയും അവർ കൊന്നു. എന്നാൽ അവർ കൊള്ളമുതലിൽ തൊട്ടതേയില്ല.
ശൂശൻ രാജധാനിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അന്നുതന്നെ രാജാവിനെ അറിയിച്ചു. രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തുപുത്രന്മാരെയും കൊന്നൊടുക്കി അവരെ നശിപ്പിച്ചു. രാജാവിന്റെ മറ്റുള്ള പ്രവിശ്യകളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്കു ലഭിക്കും. എന്താണ് ഇനിയും നിന്റെ ആഗ്രഹം? അതും നിനക്ക് നൽകാം” എന്നു പറഞ്ഞു.
അപ്പോൾ എസ്ഥേർ മറുപടി പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ ശൂശനിലുള്ള യെഹൂദന്മാർക്ക് ഇന്നത്തെ കൽപ്പന അനുസരിച്ച് നാളെയും പ്രവർത്തിക്കാൻ അനുവാദം കൊടുക്കണേ. ഹാമാന്റെ പത്തുമക്കളെയും തൂക്കിലേറ്റുകയും ചെയ്യണമേ.”
ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി. ആദാർമാസം പതിന്നാലാംതീയതി ശൂശനിലുള്ള യെഹൂദന്മാർ ഒത്തുകൂടി ശൂശനിലുള്ള മുന്നൂറു പുരുഷന്മാരെ തൂക്കിലേറ്റി. എന്നാൽ അവർ കൊള്ളമുതലിൽ കൈവെച്ചില്ല.
ഇതേസമയം രാജാവിന്റെ പ്രവിശ്യകളിലുള്ള ബാക്കി യെഹൂദരും സ്വയരക്ഷയ്ക്കും ശത്രുവിൽനിന്നുള്ള വിടുതലിനുമായി ഒരുമിച്ചുകൂടി. അവർ എഴുപത്തയ്യായിരംപേരെ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളമുതലിൽ കൈ തൊട്ടില്ല. ഇത് ആദാർമാസം പതിമ്മൂന്നാംതീയതി സംഭവിച്ചു. പതിന്നാലാംതീയതി അവർ വിശ്രമിച്ചു; അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
ശൂശനിലുള്ള യെഹൂദർ പതിമ്മൂന്നാംതീയതിയും പതിന്നാലാംതീയതിയും ഒരുമിച്ചുകൂടിയ ശേഷം പതിനഞ്ചാംതീയതി വിശ്രമിച്ചു. ആ ദിവസം അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.
പൂരീം സ്ഥാപിക്കപ്പെടുന്നു
വർഷംതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതികളെ യെഹൂദർ തങ്ങളുടെ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെട്ട ദിവസമായും തങ്ങളുടെ ദുഃഖം സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായും കൊണ്ടാടണമെന്നും, അങ്ങനെ ഈ ദിവസങ്ങൾ ആഘോഷത്തിന്റെയും വിരുന്നിന്റെയും ദിവസങ്ങളായും പരസ്പരം ഭോജനസമ്മാനങ്ങൾ കൈമാറുന്നതിനും ദരിദ്രർക്ക് ദാനധർമങ്ങൾ കൊടുക്കുന്നതിനുമുള്ള ദിവസങ്ങളായും ആചരിക്കണമെന്നും നിർദേശിച്ചുകൊണ്ട് അടുത്തും അകലെയുമായി അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദർക്കും മൊർദെഖായി കത്തുകളയച്ചു.
അങ്ങനെ യെഹൂദർ, തങ്ങൾ ആരംഭിച്ച ആഘോഷം തുടരാനും മൊർദെഖായി തങ്ങൾക്ക് എഴുതിയതുപോലെ പ്രവർത്തിക്കാനും തീരുമാനിച്ചു. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനും യെഹൂദരുടെ ശത്രുവുമായ ഹാമാൻ യെഹൂദർക്കെതിരേ ഗൂഢാലോചന നടത്തുകയും അവരെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതിന് നറുക്കിടുകയും ചെയ്തു—പേർഷ്യൻ ഭാഷയിൽ ഇതിനെ പൂര്, എന്നു വിളിക്കുന്നു— ഇതിനെക്കുറിച്ച് രാജാവിന് അറിവുകിട്ടി.9:25 അഥവാ, എസ്ഥേർ രാജാവിന്റെ സന്നിധിയിൽ വന്നപ്പോൾ അപ്പോൾ ഹാമാൻ യെഹൂദർക്കെതിരേ ആലോചിച്ച ദുഷ്ടത അവന്റെ തലമേൽതന്നെ വരേണ്ടതിന് അവനെയും അവന്റെ പുത്രന്മാരെയും തൂക്കിലേറ്റുവാൻ രാജാവ് രേഖാമൂലം കൽപ്പന പുറപ്പെടുവിച്ചു. ഈ കാരണത്താൽ പൂര്, എന്ന വാക്കിനോട് ബന്ധപ്പെടുത്തി ഈ നാളുകൾക്ക് പൂരീം എന്നു പേരുവിളിച്ചു. ഈ കത്തിൽ എഴുതിയിരിക്കുന്നതു നിമിത്തവും അവർ കണ്ടതും അവർക്കു സംഭവിച്ച കാര്യങ്ങളുംനിമിത്തവും തങ്ങളും തങ്ങളുടെ പിൻഗാമികളും, തങ്ങളോടു ചേരുന്നവരും മുടക്കംകൂടാതെ വർഷംതോറും നിർദിഷ്ടസമയത്ത് ഇവ ആചരിക്കണമെന്ന് യെഹൂദർ തീരുമാനിച്ചുറച്ചു. ഈ ദിവസങ്ങൾ തലമുറതലമുറയായി എല്ലാ കുടുംബങ്ങളിലും പ്രവിശ്യകളിലും പട്ടണങ്ങളിലും ഓർമിച്ച് ആചരിക്കണം. പൂരീമിന്റെ ഈ ദിവസങ്ങൾ യെഹൂദരാൽ ആഘോഷിക്കപ്പെടാതെപോകുകയോ അവരുടെ തലമുറകളിൽനിന്ന് അവയുടെ ഓർമ ഇല്ലാതാകുകയോ ചെയ്യരുത്.
അബീഹയീലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും മൊർദെഖായി എന്ന യെഹൂദനും പൂരീം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി അയച്ചു. അങ്ങനെ മൊർദെഖായി അഹശ്വേരോശ് രാജാവിന്റെ നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലുമുള്ള യെഹൂദർക്ക് സമാധാനത്തിന്റെയും സത്യത്തിന്റെയും വചനങ്ങളായി, മൊർദെഖായി എന്ന യെഹൂദനും എസ്ഥേർരാജ്ഞിയും യെഹൂദരോട് ആവശ്യപ്പെട്ടിരുന്നതുപോലെയും ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ തങ്ങൾക്കും പിൻഗാമികൾക്കുംവേണ്ടിയും അവർ ക്രമീകരിച്ചിരുന്നതുപോലെയും പൂരീമിന്റെ ദിവസങ്ങൾ നിർദിഷ്ടസമയത്ത് ആചരിക്കേണ്ടതിന് കത്തുകളയച്ചു. പൂരീമിന്റെ ഈ ആചാരങ്ങൾ എസ്ഥേരിന്റെ കൽപ്പനപ്രകാരം ഉറപ്പിച്ച് അവ രേഖകളിൽ ചേർക്കുകയും ചെയ്തു.
മൊർദെഖായിയുടെ ബഹുമതി
അഹശ്വേരോശ് രാജാവ് രാജ്യത്തുടനീളം വിദൂരതീരങ്ങൾക്കും കരം ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ അധികാരത്തിന്റെയും ശക്തിയുടെയും എല്ലാ പ്രവൃത്തികളും മൊർദെഖായിക്കു നൽകിയ ബഹുമതിയുടെ കാര്യങ്ങളും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? മൊർദെഖായി എന്ന യെഹൂദൻ അഹശ്വേരോശ് രാജാവിനു രണ്ടാമനും, യെഹൂദന്മാരുടെ ഇടയിൽ ഉന്നതനും തന്റെ വർഗക്കാരുടെ ഇടയിൽ സമ്മതനും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ജനത്തിന്റെ നന്മയ്ക്കായിട്ടു പ്രവർത്തിക്കയും, അവരുടെ അഭിവൃദ്ധിക്കായി നിലകൊള്ളുകയും ചെയ്തു.