- Biblica® Open Malayalam Contemporary Version 2020 എഫേസ്യർ എഫേസ്യർക്ക് എഴുതിയ ലേഖനം എഫേസ്യർ എഫേ. എഫേസ്യർക്ക് എഴുതിയ ലേഖനം ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചവരായി എഫേസോസിൽ ഉള്ള1:1 ചി.കൈ.പ്ര. എഫേസോസിൽ ഉള്ള, എന്നതു കാണുന്നില്ല. വിശുദ്ധർക്ക്, എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്. സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു. അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്. സ്തോത്രാർപ്പണവും പ്രാർഥനയും ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. മാത്രവുമല്ല, നിങ്ങളുടെ ഹൃദയം1:18 മൂ.ഭാ. ഹൃദയദൃഷ്ടി പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ. മരണത്തിൽനിന്ന് ജീവനിലേക്ക് നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്. ക്രിസ്തുയേശുവിലുള്ള ഐക്യം ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ2:13 ക്രിസ്തുവിന്റെ രക്തത്താൽ, വിവക്ഷിക്കുന്നത് ക്രൂശുമരണത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു. ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു. യെഹൂദേതരർക്കുവേണ്ടിയുള്ള ദൈവികപദ്ധതി അതുകൊണ്ട്, പൗലോസ് എന്ന ഞാൻ യെഹൂദേതരരായ നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ തടവുകാരനായിരിക്കുന്നു. നിങ്ങൾക്കുവേണ്ടി ദൈവം എന്നെ ഏൽപ്പിച്ച ദൈവകൃപയുടെ കാര്യവിചാരകത്വം എന്തെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ മുമ്പേതന്നെ ചുരുക്കത്തിൽ എഴുതിയിട്ടുള്ളതുപോലെ, വെളിപ്പാടിനാൽ എനിക്ക് ആ രഹസ്യം അറിയാൻ കഴിഞ്ഞു. ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും. ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം. ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു. ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം. അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു. എഫേസ്യർക്കുവേണ്ടിയുള്ള പ്രാർഥന ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ3:14 സകലത്തിന്റെയും സൃഷ്ടാവായ എന്നു വിവക്ഷ. പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്. എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. സഭ എന്ന ക്രിസ്തുവിൻ ശരീരത്തിന്റെ ഐക്യം കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ. എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു. “അവിടന്ന് ആരോഹണംചെയ്തപ്പോൾ അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,”4:8 സങ്കീ. 68:18 എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ. “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ? ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്. ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും. തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു. പ്രകാശത്തിന്റെ മക്കളായി ജീവിക്കുക ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു. യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക. അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. “കോപിച്ചു, എന്നാലും പാപംചെയ്യരുത്;”4:26 സങ്കീ. 4:4 നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; പിശാചിന് അവസരം കൊടുക്കരുത്. മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്. കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക. നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക. നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല. അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്. ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ. അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്. മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക. പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്. അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക. അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്. എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും. അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.” അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി5:18 മൂ.ഭാ. നിറഞ്ഞവരായി സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക. ഭാര്യമാരേ ഭർത്താക്കന്മാരേ ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക. ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക. കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ. ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്. ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ. തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.”5:31 ഉൽ. 2:24 ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്. മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും”6:2-3 ആവ. 5:16 എന്നാണല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക. ദാസരേ, നിങ്ങൾ ഭയഭക്തിയോടെ ഹൃദയപരമാർഥതയിൽ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെതന്നെ ഈ ലോകത്തിൽ നിങ്ങൾക്കുള്ള യജമാനരെയും അനുസരിക്കുക. യജമാനരെ പ്രീണിപ്പിക്കുന്നതിനായി അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, പിന്നെയോ, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ഹൃദയംഗമമായി ദൈവഹിതം നിറവേറ്റുന്നവരാകുക. നിങ്ങൾ മനുഷ്യർക്ക് സേവചെയ്യുന്നവരായിട്ടല്ല, കർത്താവിനു സേവചെയ്യുന്നതുപോലെ സന്മനസ്സോടെ സേവനം ചെയ്യുക. ദാസരോ സ്വതന്ത്രരോ ആരായാലും അവർ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് അനുയോജ്യമായ പ്രതിഫലം കർത്താവിൽനിന്നു ലഭിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ സേവകരോട് അങ്ങനെതന്നെ വർത്തിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്; അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവിടന്ന് പക്ഷഭേദം ഇല്ലാത്തവനാണെന്നും നിങ്ങൾക്കറിയാമല്ലോ. പിശാചിനോട് എതിർത്തുനിൽക്കുക അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല,6:12 മൂ.ഭാ. ജഡരക്തങ്ങളോടല്ല മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്.6:12 നമ്മുടെ യുദ്ധം ഭൗതികശക്തികളുമായിട്ടല്ല, പ്രത്യുത ആത്മികശക്തികളുമായിട്ടാണ് എന്നു സാരം. അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: സത്യമെന്ന അരപ്പട്ട6:14 അതായത്, ബെൽറ്റ് കെട്ടിയും നീതി കവചമായി ധരിച്ചും സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക. ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക. ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക. അഭിവാദനങ്ങൾ പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിഹിക്കൊസ് എന്റെ ക്ഷേമത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നിങ്ങളെ അറിയിക്കും. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക്6:23 മൂ.ഭാ. സഹോദരങ്ങൾക്ക് വിശ്വാസവും സമാധാനവും സ്നേഹവും ലഭിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഉണ്ടായിരിക്കട്ടെ.