- Biblica® Open Malayalam Contemporary Version 2020
സഭാപ്രസംഗി
സഭാപ്രസംഗി
സഭാപ്രസംഗി
സഭാ.
സഭാപ്രസംഗി
സകലതും അർഥശൂന്യം
ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:
“അർഥശൂന്യം! അർഥശൂന്യം!”
സഭാപ്രസംഗി പറയുന്നു.
“നിശ്ശേഷം അർഥശൂന്യം!
സകലതും അർഥശൂന്യമാകുന്നു.”
സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ
തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?
തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു;
എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.
സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു,
അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.
കാറ്റ് തെക്കോട്ട് വീശുന്നു,
വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു;
നിരന്തരം തന്റെ ഗതി ആവർത്തിച്ച്
ചുറ്റിച്ചുറ്റി കറങ്ങുന്നു.
എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു,
എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല.
അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ
അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.
എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്,
അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം.
കണ്ടിട്ടു കണ്ണിന് മതിവരികയോ
കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.
ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും,
മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും;
സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.
ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ,
“നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?”
പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു;
നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.
പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല,
വരാനിരിക്കുന്ന തലമുറയെ,
അവരുടെ പിന്നാലെ വരുന്നവരും
സ്മരിക്കുന്നില്ല.
ജ്ഞാനം അർഥശൂന്യം
സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.
വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല;
ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.
ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.
ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു;
പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.
അർഥശൂന്യമായ സുഖങ്ങൾ
ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.
ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും2:8 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.—ഞാൻ സമ്പാദിച്ചു. എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.
എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല;
എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല.
എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു,
ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.
എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം;
ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു.
സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു;
സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.
ജ്ഞാനവും ഭോഷത്തവും അർഥശൂന്യം
പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു,
മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു.
രാജാവിന്റെ അനന്തരഗാമിക്ക്
മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?
ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു,
പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.
ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്,
എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു;
എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ്
എന്നു ഞാൻ മനസ്സിലാക്കി.
ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി
എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?”
ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഇതും അർഥശൂന്യമത്രേ.”
കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല;
ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു.
ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!
അധ്വാനം അർഥശൂന്യം
സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം. എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ. സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.
ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു. അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും? അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.
എല്ലാറ്റിനും ഒരു സമയമുണ്ട്
എല്ലാറ്റിനും ഒരു സമയമുണ്ട്,
ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.
ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,
നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,
കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,
ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.
കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,
വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.
കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം,
ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,
അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം,
സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,
കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം,
മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,
സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം,
യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.
അധ്വാനിക്കുന്ന വേലക്കാർ തന്റെ അധ്വാനത്തിൽനിന്ന് എന്തു നേടുന്നു? ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്. അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല. ജീവിച്ചിരിക്കുമ്പോൾ ആനന്ദത്തോടിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. ദൈവത്തിന്റെ ഓരോ പ്രവൃത്തിയും കാലാതീതമായി നിലനിൽക്കുന്നു എന്നെനിക്കു നിശ്ചയമുണ്ട്; അതിനോടെന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ അതിൽനിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നതിനോ കഴിയുകയില്ല. ദൈവം അതു ചെയ്യുന്നതുകൊണ്ട് മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു.
ഇപ്പോഴുള്ളതെല്ലാം പണ്ടും ഉണ്ടായിരുന്നു,
വരാനുള്ളതും മുമ്പ് ഉണ്ടായിരുന്നു;
ദൈവം കഴിഞ്ഞകാലത്തെ മടക്കിവിളിക്കുന്നു.3:15 അഥവാ, മടക്കിവിളിക്കും
സൂര്യനുകീഴിൽ ഇതരകാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്:
ന്യായത്തീർപ്പിന്റെ സ്ഥലത്ത് അന്യായം അരങ്ങേറുന്നു;
നീതിയുടെ സ്ഥാനത്ത് നീതികേടും.
ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ദൈവം നീതിനിഷ്ഠരെയും ദുഷ്ടരെയും
ഒരുപോലെ ന്യായവിധിക്കു കൊണ്ടുവരുന്നു,
കാരണം എല്ലാ പ്രവൃത്തികൾക്കും ഒരു സമയമുണ്ട്,
ഏതു പ്രവൃത്തിയെയും വിധിക്കുന്ന ഒരു നിശ്ചിതകാലവുമുണ്ട്.”
ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും3:19 അഥവാ, ആത്മാവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”
അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും?
പീഡനം, കഠിനാധ്വാനം, മിത്രരാഹിത്യം
പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു:
പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു—
അവർക്ക് ആശ്വാസം പകരാൻ ആരുമില്ല;
പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു—
പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല.
അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ്
ജീവനുള്ളവരെക്കാൾ;
ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ
എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം
നാളിതുവരെ ജനിക്കാത്തവരാണ്,
അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത
കാണാത്തവരാണ്.
ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
ഭോഷർ കൈയുംകെട്ടിയിരുന്ന്
തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.4:5 മൂ.ഭാ. സ്വന്തം മാംസം ഭക്ഷിക്കുന്നു
കാറ്റിനുപിന്നാലെ ഓടി
ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ
പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്.
സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു:
ഏകാകിയായ ഒരു പുരുഷൻ,
അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു.
എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല.
“ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു,
“എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?”
ഇതും അർഥശൂന്യം—
ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!
ഒരാളെക്കാൾ ഇരുവർ നല്ലത്,
കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:
അവരിലൊരാൾ വീണുപോയാൽ,
ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.
ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത
മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.
അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.
എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?
ഒരാൾ ആക്രമിക്കപ്പെട്ടാൽ
ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.
മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.
ഉന്നമനം അർഥശൂന്യം
മുന്നറിയിപ്പ് എങ്ങനെ സ്വീകരിക്കണം എന്നറിയാത്ത വൃദ്ധനും ഭോഷനും ആയ രാജാവിനെക്കാൾ, ദരിദ്രനും ബുദ്ധിമാനുമായ യുവാവ് ഏറെ ശ്രേഷ്ഠൻ. ദരിദ്രഭവനത്തിൽ ജനിച്ചവനെങ്കിലും, അഥവാ, കാരാഗൃഹത്തിൽ ആയിരുന്നവനാണെങ്കിലും ഒടുവിൽ രാജസിംഹാസനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു ഈ യുവാവ്. സൂര്യനുകീഴേ ജീവിച്ചവരും സഞ്ചരിച്ചവരും രാജാവിന്റെ അനന്തരഗാമിയായ ഈ യുവാവിനെ പിൻതുടരുന്നതു ഞാൻ കണ്ടു. അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
ദൈവത്തോടുള്ള നിന്റെ നേർച്ചകൾ നിവർത്തിക്കുക
നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.
സംസാരിക്കുന്നതിൽ തിടുക്കമാകരുത്,
ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന്
ഹൃദയത്തിൽ തിരക്കുകൂട്ടരുത്.
കാരണം ദൈവം സ്വർഗത്തിലും
നീ ഭൂമിയിലും ആകുന്നു,
അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ.
അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ്
വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും.
ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക. നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്. നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം? അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.
സമ്പത്ത് അർഥശൂന്യം
ഒരു പ്രവിശ്യയിൽ ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവരുടെ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീ കാണുന്നെങ്കിൽ, അത്ഭുതപ്പെടരുത്, കാരണം ഒരു അധികാരി ഒരു ഉന്നതാധികാരിയാൽ നിരീക്ഷിക്കപ്പെടുന്നു. അവർക്കിരുവർക്കുംമുകളിലും ഉന്നതരുണ്ട്. ദേശത്തിന്റെ സമൃദ്ധിയുടെ ഗുണഭോക്താക്കൾ ആ ദേശവാസികളെല്ലാമാണ്; രാജാവുതന്നെയും കൃഷിയിടങ്ങളിലെ സമൃദ്ധിയിൽ പങ്കുചേരുന്നു.5:9 മൂ.ഭാ. 8, 9 വാക്യങ്ങളുടെ അർഥം വ്യക്തമല്ല. വാ. 9 മറ്റൊരു പരിഭാഷ: കൃഷിതല്പരനായ ഒരു രാജാവു ദേശത്തിനെല്ലാം അഭിവൃദ്ധി നൽകുന്നു.
പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല;
സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല.
ഇതും അർഥശൂന്യം.
വിഭവങ്ങൾ പെരുകുന്നതനുസരിച്ച്
അവയുടെ ഗുണഭോക്താക്കളും പെരുകുന്നു.
അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ
അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്?
വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും
അവരുടെ ഉറക്കം സുഖകരമാണ്,
എന്നാൽ, സമ്പന്നരുടെ സമൃദ്ധി
അവരുടെ ഉറക്കം കെടുത്തുന്നു.
സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു:
ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ.
ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു,
അവർക്ക് മക്കളുണ്ടാകുമ്പോൾ
അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.
അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു,
സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു.
തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ
അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല.
ഇതും കഠിനതിന്മതന്നെ:
സകലമനുഷ്യരും വരുന്നതുപോലെതന്നെ മടങ്ങുന്നു,
കാറ്റിനെ പിടിക്കുന്നതിനായുള്ള പരക്കംപാച്ചിലുകൊണ്ട്
അവർ എന്തു നേടുന്നു?
തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു;
വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ.
തനിക്കു ദൈവം നൽകിയ ഹ്രസ്വജീവിതകാലത്ത് ഭക്ഷിച്ച് പാനംചെയ്ത്, സൂര്യനുകീഴേയുള്ള തന്റെ അധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നതാണ് ഒരു മനുഷ്യന് ഉത്തമവും ഉചിതവുമായ കാര്യമെന്ന് എനിക്കു ബോധ്യമായി—അതാണല്ലോ അവരുടെ ഓഹരി. മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം. ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.
സൂര്യനുകീഴേ ഞാൻ മറ്റൊരു തിന്മ കണ്ടു, അതു മനുഷ്യർക്ക് അസഹനീയമായിരുന്നു: ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു.
ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു. അർഥമില്ലാതെ അതു വരുന്നു, ഇരുട്ടിൽ അത് മറയുന്നു, ഇരുട്ടിൽത്തന്നെ അതിന്റെ പേരും മറയ്ക്കപ്പെടുന്നു. അത് ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, ആ മനുഷ്യനുള്ളതിനെക്കാൾ വിശ്രമം അതിനുണ്ട്. അയാൾ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും തന്റെ സമൃദ്ധി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരും ഒരേ സ്ഥലത്തേക്കല്ലേ പോകുന്നത്?
എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്,
എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.
ജ്ഞാനിക്ക് ഭോഷരെക്കാൾ എന്ത് നേട്ടമുണ്ട്?
അന്യരുടെമുമ്പിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുന്നതുകൊണ്ട്
ദരിദ്രർ എന്തു നേടുന്നു?
അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ
കണ്ണിനു കാണുന്നതെന്തോ അതു നല്ലത്.
ഇതും അർഥശൂന്യം,
കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു,
മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു;
തന്നെക്കാളും ശക്തരായവരോട്
ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.
വാക്കുകൾ ഏറുമ്പോൾ
അർഥം കുറയുന്നു,
അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം?
നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും?
ജ്ഞാനം
സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം,
മരണദിനത്തെക്കാൾ ജന്മദിനവും.
വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ
വിലാപഭവനത്തിൽ പോകുന്നതു നല്ലത്,
ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ;
ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം.
ചിരിയെക്കാൾ വ്യസനം നല്ലത്,
കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്.
ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും,
ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു.
ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ
ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്.
കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ,
അങ്ങനെയാകുന്നു ഭോഷരുടെ ചിരി.
ഇതും അർഥശൂന്യം.
കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു,
കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.
ആരംഭത്തെക്കാൾ അവസാനം നല്ലത്,
നിഗളത്തെക്കാൾ സഹനം നല്ലത്.
തിടുക്കത്തിൽ ദേഷ്യപ്പെടരുത്;
ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.
“പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്.
അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല.
ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്.
ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ.
ജ്ഞാനം ഒരു അഭയം;
പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ,
എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു
ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത.
ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക:
അവിടന്ന് വളച്ചതിനെ
നേരേയാക്കാൻ ആർക്കു കഴിയും?
ശുഭകാലത്ത് ആനന്ദിക്കുക;
അശുഭകാലം വരുമ്പോൾ ചിന്തിക്കുക:
ഒന്നിനെ സൃഷ്ടിച്ചതുപോലെ
ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു.
അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച്
ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.
എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു:
നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു,
ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു.
അതിനീതിനിഷ്ഠരാകരുത്,
അധികജ്ഞാനമുള്ളവരും ആകരുത്—
എന്തിന് സ്വയം നശിക്കണം?
അതിദുഷ്ടരാകരുത്,
ഭോഷരുമാകരുത്—
നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്?
ഒന്നിനെ പിടിക്കുക,
മറ്റൊന്നിനെ വിട്ടുകളയരുത്.
ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു.
ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ
ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു.
ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന
നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല.
മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്,
അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും.
നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത്
നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ.
ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു,
“ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”—
എന്നാൽ ഇതെനിക്ക് അതീതമായിരുന്നു;
അതിവിദൂരവും അത്യഗാധവും ആയിരുന്നു—
അതു കണ്ടെത്താൻ ആർക്കു കഴിയും?
അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ
ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും
അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും
മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു.
മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്;
കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ,
അവളുടെ ഹൃദയം ഒരു കുരുക്കാണ്;
കൈകൾ ചങ്ങലയുമാണ്.
ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു,
എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും.
“നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു:
ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി—
“എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു,
എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല—
ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്,
എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു.
ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി:
ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു,
എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”
ജ്ഞാനിയെപ്പോലെ ആരാണുള്ളത്?
വസ്തുതകളെ അവലോകനം ചെയ്യാൻ ആർക്കാണു കഴിയുക?
ജ്ഞാനം മനുഷ്യന്റെ മുഖത്തെ ദീപ്തമാക്കുകയും
അതിന്റെ കാഠിന്യത്തെ മാറ്റുകയും ചെയ്യുന്നു.
രാജാവിനെ അനുസരിക്കുക
നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്. രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും?
രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല,
ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു.
മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും,
എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ.
ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട്
എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?
തന്റെ ആത്മാവിനെ തടഞ്ഞുനിർത്താൻ, ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല;
ആയതിനാൽ തങ്ങളുടെ മരണദിനത്തിന്മേൽ അധികാരമുള്ള ആരുംതന്നെയില്ല.
യുദ്ധകാലത്ത് സേനയിൽനിന്ന് ആരെയും പിരിച്ചുവിടുകയില്ല,
അതുപോലെ ദുഷ്‌പ്രവൃത്തി അതു പ്രവർത്തിക്കുന്നവരെയും വിട്ടുപോകുകയില്ല.
സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്. വിശുദ്ധസ്ഥലത്തു മുടങ്ങാതെ വന്നുപോകുകയും അവർ അധികാരം നടത്തിയ നഗരത്തിൽനിന്ന് പുകഴ്ച കവർന്നെടുക്കുകയും8:10 ചി.കൈ.പ്ര. വിസ്മരിക്കപ്പെടുകയും ചെയ്ത ദുഷ്ടർ ബഹുമതികളോടെ അടക്കപ്പെടുന്നതും ഞാൻ കണ്ടു. ഇതും അർഥശൂന്യം!
കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും. നൂറു കുറ്റം ചെയ്ത ദുഷ്ടർ ദീർഘകാലം ജീവിച്ചിരിക്കുമെങ്കിലും ദൈവസന്നിധിയിൽ ഭക്തിപൂർവം ദൈവത്തെ ഭയപ്പെടുന്ന മനുഷ്യർ അവരിലും ശ്രേഷ്ഠരായിത്തീരുമെന്ന് എനിക്കറിയാം. ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.
അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.
എല്ലാവരും മരണത്തിന് അധീനരാണ്
ഇതും ഞാൻ സസൂക്ഷ്മം വിശകലനംചെയ്ത് എത്തിച്ചേർന്നത്: നീതിനിഷ്ഠരും ജ്ഞാനിയും അവർ ചെയ്യുന്നതെല്ലാം ദൈവകരങ്ങളിലാണ്; സ്നേഹമാണോ വിദ്വേഷമാണോ അവരെ കാത്തുനിൽക്കുന്നതെന്ന് ആരും അറിയുന്നില്ല. നീതിനിഷ്ഠർക്കും ദുഷ്ടർക്കും നല്ലവർക്കും അധർമികൾക്കും,9:2 ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല ആചാരപരമായി ശുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും യാഗങ്ങൾ അർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരേ വിധിയാണ് കാത്തിരിക്കുന്നത്.
നല്ല മനുഷ്യർക്ക് എങ്ങനെയാണോ
പാപികൾക്കും അങ്ങനെതന്നെ.
ശപഥംചെയ്യുന്നവർക്ക് എങ്ങനെയാണോ
അതു ഭയക്കുന്നവർക്കും ഗതി ഒന്നുതന്നെ.
സൂര്യനുകീഴിൽ നടക്കുന്ന ഓരോന്നിലും ഉള്ള പരിതാപകരമായ അവസ്ഥ ഇതാണ്: ഒരേ വിധി എല്ലാവർക്കും വന്നുചേരുന്നു. മനുഷ്യരുടെ ഹൃദയങ്ങൾ, തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നുമാത്രമല്ല അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയമാകെ മതിഭ്രമംപേറി നടക്കുന്നു. പിന്നീട് അവർ മൃതരോടൊപ്പം കൂടുന്നു. ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ!
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു,
എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല.
അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല,
അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.
അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും
അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു.
സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും
പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.
പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി. നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.
മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു:
ഓട്ടം വേഗമുള്ളവർക്കുള്ളതല്ല,
യുദ്ധം ശക്തരായവർക്കുള്ളതുമല്ല.
ജ്ഞാനികൾക്കു ഭക്ഷണവും
വിവേകികൾക്കു സമ്പത്തും
വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല;
എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.
മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല:
വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ
കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ
അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന
ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു.
ഭോഷത്തത്തെക്കാൾ ജ്ഞാനം നല്ലത്
സൂര്യനുകീഴിൽ ഞാൻ കണ്ട ജ്ഞാനത്തിന്റെ മറ്റൊരു മാതൃക എന്നിൽ ആഴത്തിൽ പതിഞ്ഞു: ഒരിക്കൽ വളരെക്കുറച്ചുമാത്രം ജനങ്ങളുള്ള ഒരു ചെറിയ നഗരം ഉണ്ടായിരുന്നു. ശക്തനായ ഒരു രാജാവ് അതിനെതിരേ വന്നു, അതിനെ വളഞ്ഞു. അതിനുചുറ്റും വലിയ കൊത്തളങ്ങൾ പണിതു. ദരിദ്രനെങ്കിലും ജ്ഞാനിയായ ഒരു മനുഷ്യൻ ആ നഗരത്തിൽ താമസിച്ചിരുന്നു. അദ്ദേഹം തന്റെ ജ്ഞാനംകൊണ്ട് ആ നഗരത്തെ രക്ഷിച്ചു. എന്നാൽ ആരും ആ ദരിദ്രനെ ഓർത്തില്ല. അപ്പോൾ ഞാൻ പറഞ്ഞു, “ജ്ഞാനം ബലത്തെക്കാൾ ശ്രേഷ്ഠം.” എന്നാൽ ആ ദരിദ്രന്റെ ജ്ഞാനം അവഗണിക്കപ്പെട്ടു, അദ്ദേഹത്തിന്റെ വാക്കുകൾ പിന്നെ ആരും ശ്രദ്ധിച്ചതുമില്ല.
ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ
ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.
ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം.
എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.
ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ
അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു.
ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു,
എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും.
വഴിയേ നടക്കുമ്പോൾപോലും
ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും
താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു.
ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ
നിന്റെ പദവി നീ ഉപേക്ഷിക്കരുത്;
പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും.
സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു,
ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ:
ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും
കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു.
അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും
പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.
കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു;
മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു.
പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം;
വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം.
മഴു ബലമില്ലാത്തതും
അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ
കൂടുതൽ ശക്തി ആവശ്യമായി വരും,
എന്നാൽ സാമർഥ്യം വിജയം നൽകും.
പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ
അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ.
ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്,
എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു.
ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്;
അവസാനത്തിലോ, അവ ദുഷ്ടതയുടെ മതിഭ്രമം വെളിവാക്കുന്നു—
ഭോഷർ വാക്കുകൾ പെരുക്കുന്നു.
എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല—
തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും?
ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു;
പട്ടണത്തിലേക്കുള്ള വഴി അവർ അറിയുന്നില്ല.
ദാസൻ10:16 അഥവാ, ബാലൻ രാജാവായിത്തീർന്ന ദേശമേ,
അതികാലത്തുതന്നെ സദ്യക്കിരിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നിനക്കു ഹാ കഷ്ടം!
കുലീനനായ രാജാവും
മദോന്മത്തരാകാനല്ല, ശക്തിനേടാൻ
യഥാകാലത്തു ഭക്ഷണം കഴിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നീ അനുഗ്രഹിക്കപ്പെട്ടത്.
ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു;
അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു.
വിരുന്ന് ചിരിക്കാനുള്ള അവസരം,
വീഞ്ഞ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നു,
എന്നാൽ എല്ലാറ്റിന്റെയും ഉത്തരം പണമാണ്.
മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്,
കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്,
കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും,
പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്.
വെള്ളത്തിനുമീതേ അപ്പം
നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക;
വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും.
നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക;
എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ.
മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ,
അവ ഭൂമിയിലേക്കു പെയ്തിറങ്ങും.
ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും,
അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും.
കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല;
മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.
കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ,
ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ,
അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും
നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല.
പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക,
സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്,
കാരണം ഇതോ അതോ
ഏതു സഫലമാകുമെന്നോ
അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.
യൗവനത്തിൽ നിന്റെ സ്രഷ്ടാവിനെ ഓർക്കുക
പ്രകാശം മധുരമാകുന്നു.
സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു.
ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം
അവയെല്ലാം ആസ്വദിക്കട്ടെ.
എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ
കാരണം അവ ഏറെയാണല്ലോ.
വരാനുള്ളതെല്ലാം അർഥശൂന്യമാണ്.
യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക.
യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ.
നിന്റെ ഹൃദയത്തിന്റെ ആലോചനയെയും
നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക.
എന്നാൽ ഇവയെല്ലാംനിമിത്തം
ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക.
അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും
നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക,
കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.
യൗവനകാലത്തുതന്നെ
നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക,
ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്,
“ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല”
എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—
സൂര്യനും വെളിച്ചവും
ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്,
മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—
അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും
ബലിഷ്ഠരായവർ കുനിയും
അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും
ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;
തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും
പൊടിക്കുന്ന ശബ്ദം അവ്യക്തമാകും;
പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും,
എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;
മനുഷ്യർ ഉയരങ്ങളെ ഭയക്കും;
തെരുവോരങ്ങളിലെ അപകടങ്ങളെയും!
ബദാംവൃക്ഷം പൂക്കുമ്പോൾ
വിട്ടിൽ ഇഴഞ്ഞുനടക്കും.
അഭിലാഷങ്ങൾ ഉണരുകയില്ല.12:5 നിന്റെ മുടി നരച്ച്, മരണാസന്നമായ ഒരു വിട്ടിൽ ശക്തിയറ്റ് ഇഴഞ്ഞുനടക്കുന്നതുപോലെ നീയും ഇഴഞ്ഞുനടക്കും എന്നു വിവക്ഷ.
അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും,
വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.
അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ,
സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ;
ഉറവിങ്കലെ കുടം ഉടയുന്നതിനും
കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,
പൂഴി അതു വന്ന മണ്ണിലേക്കും
ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.
“അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു.
“ഓരോന്നും അർഥശൂന്യമാകുന്നു!”
സഭാപ്രസംഗിയുടെ ഉപസംഹാരചിന്ത
സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.
ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. എന്റെ കുഞ്ഞേ12:12 മൂ.ഭാ. എന്റെ മകനേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക.
പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.
ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;
ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:
ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,
ഇതാകുന്നു എല്ലാവർക്കും കരണീയം.
കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,
നല്ലതോ തീയതോ ആയ ഓരോന്നിനെയും
ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.