- Biblica® Open Malayalam Contemporary Version 2020
ആവർത്തനം
ആവർത്തനപ്പുസ്തകം
ആവർത്തനം
ആവ.
ആവർത്തനപ്പുസ്തകം
ആമുഖം
സൂഫിന് എതിർവശത്തുള്ള പാരാൻ പട്ടണത്തിനും തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നീ പട്ടണങ്ങൾക്കും മധ്യത്തിൽ, യോർദാൻനദിക്കു കിഴക്കുള്ള അരാബയിൽവെച്ച് മോശ എല്ലാ ഇസ്രായേലിനോടും പറഞ്ഞ സന്ദേശം. ഹോരേബിൽനിന്ന്1:2 ഹോരേബ്, സീനായി പർവതത്തിന്റെ മറ്റൊരുപേര്. വാ. 1: 6, 19 കാണുക. സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്.
ഇസ്രായേൽമക്കളെ അറിയിക്കാൻ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം നാൽപ്പതാംവർഷം പതിനൊന്നാംമാസം1:3 ചന്ദ്രവർഷമനുസരിച്ചുള്ള എബ്രായമാസമാണ്; ഇന്നത്തെ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണിത്. ഒന്നാംതീയതി അവരെ അറിയിച്ചു. ഇതു ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനെയും അസ്തരോത്തിൽ വാണിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവെച്ചു വധിച്ചതിനുശേഷമായിരുന്നു.
ഹോരേബ് വിടാൻ കൽപ്പന
യോർദാൻനദിക്കു കിഴക്കുള്ള മോവാബിന്റെ ഭൂപ്രദേശത്തുവെച്ച് മോശ യഹോവയുടെ ഈ നിയമം വളരെ വ്യക്തമായി അവരെ അറിയിച്ചു:
നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു. നിങ്ങൾ തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ എല്ലാ സമീപദേശങ്ങളായ അരാബാ, മലനാട്, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, തെക്കേദേശം, തീരപ്രദേശം എന്നിവിടങ്ങളിലുള്ള നിവാസികളിലേക്കും മുന്നേറുക. കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് മഹാനദിവരെയും പോകുക. ഇതാ, ഈ ദേശം നിങ്ങൾക്കായി നൽകിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിപരമ്പരകൾക്കും നൽകാമെന്ന് യഹോവ ശപഥംചെയ്ത ഈ ദേശം പോയി കൈവശമാക്കുക.”
ന്യായാധിപന്മാരുടെ നിയമനം
യഹോവയുടെ അരുളപ്പാടിനുശേഷം ഞാൻ നിങ്ങളോടു പറഞ്ഞത്: “എനിക്കു തനിയേ വഹിക്കാൻ കഴിയുന്നതിലും അപ്പുറം നിങ്ങൾ അധികമാകുന്നു. ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ആയിരം മടങ്ങ് വർധിപ്പിച്ച്, അവിടന്ന് വാഗ്ദാനംചെയ്തതുപോലെ അനുഗ്രഹിക്കട്ടെ! എന്നാൽ നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും പരാതികളും എങ്ങനെ ഞാൻ തനിയേ വഹിക്കും? നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവുമുള്ള ആദരണീയരായ ചില പുരുഷന്മാരെ തെരഞ്ഞെടുക്കുക. അവരെ ഞാൻ നിങ്ങളുടെ നേതാക്കന്മാരാക്കും.”
അതിനു നിങ്ങൾ, “താങ്കൾ നിർദേശിച്ച കാര്യം നല്ലതാകുന്നു” എന്ന് എന്നോട് ഉത്തരം പറഞ്ഞു.
അതുകൊണ്ടു ജ്ഞാനികളും ആദരണീയരുമായ പുരുഷന്മാരെ ആയിരംപേർക്ക് അധിപന്മാർ, നൂറുപേർക്ക് അധിപന്മാർ, അൻപതുപേർക്ക് അധിപന്മാർ, പത്തുപേർക്ക് അധിപന്മാർ എന്നിങ്ങനെ നിങ്ങളുടെ നേതാക്കന്മാരായും ഗോത്രങ്ങളുടെ കാര്യസ്ഥന്മാരായും ഞാൻ നിയോഗിച്ചു. അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ഇപ്രകാരമാണു കൽപ്പിച്ചത്, “ഇസ്രായേല്യ സഹോദരങ്ങൾതമ്മിലും ഇസ്രായേല്യരും പ്രവാസികളുമായിട്ടും ഉള്ള തർക്കങ്ങൾകേട്ട് അവർക്കിടയിൽ നീതിയുക്തമായി വിധികൽപ്പിക്കുക. നിങ്ങൾ വിധിക്കുമ്പോൾ മുഖപക്ഷം കാണിക്കരുത്. വലിയവരുടെയും ചെറിയവരുടെയും പ്രശ്നങ്ങൾ ഒരുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിന്റേതാകുകയാൽ ആരെയും ഭയപ്പെടരുത്. നിങ്ങൾക്ക് പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്നങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക. അവയ്ക്കു ഞാൻ തീർപ്പുകൽപ്പിക്കും.” നിങ്ങൾ ചെയ്യേണ്ട സകലകാര്യങ്ങളും അന്നു ഞാൻ നിങ്ങളോടു കൽപ്പിച്ചിരുന്നു.
ചാരന്മാരെ അയയ്ക്കുന്നു
അതിനുശേഷം, നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ, നാം ഹോരേബിൽനിന്ന് യാത്രതിരിച്ച് അമോര്യരുടെ മലനാട്ടിൽക്കൂടെ—നിങ്ങൾ കണ്ട വലുതും ഭയാനകവുമായ മരുഭൂമിവഴി—കാദേശ്-ബർന്നേയയിൽ എത്തി. അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു. ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ പോയി അതു കൈവശമാക്കിക്കൊൾക. ഭയപ്പെടുകയോ തളർന്നുപോകുകയോ അരുത്.”
ആ സമയം നിങ്ങൾ എല്ലാവരും എന്റെ അടുത്തുവന്നു പറഞ്ഞു: “ദേശം പര്യവേക്ഷണംചെയ്തു നാം പോകേണ്ട വഴിയും എത്തിച്ചേരേണ്ട പട്ടണങ്ങളും പറഞ്ഞുതരേണ്ടതിന് ചില പുരുഷന്മാരെ മുൻകൂട്ടി അങ്ങോട്ടയയ്ക്കുക.”
അക്കാര്യം നല്ലതെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടുപേരെ നിങ്ങളിൽനിന്ന് തെരഞ്ഞെടുത്തു. അവർ പുറപ്പെട്ട് മലനാടുവരെയും പോയി എസ്കോൽ താഴ്വരവരെ ദേശം പര്യവേക്ഷണംചെയ്തു. ആ ദേശത്തുനിന്ന് ചില ഫലങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നിട്ട് ദേശത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു, “ദൈവമായ യഹോവ നമുക്കു നൽകുന്ന ദേശം നല്ലതാകുന്നു.”
യഹോവയ്ക്കെതിരേ മത്സരം
എന്നാൽ നിങ്ങൾ ദൈവമായ യഹോവയുടെ കൽപ്പന എതിർത്തുനിന്നതുകൊണ്ട് അങ്ങോട്ടു കയറിപ്പോകാൻ വിസമ്മതിച്ചു. നിങ്ങൾ കൂടാരങ്ങളിലിരുന്ന് പിറുപിറുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ വെറുക്കുന്നു. അതുകൊണ്ട് നാം നശിക്കേണ്ടതിന് അമോര്യരുടെ കൈയിൽ നമ്മെ ഏൽപ്പിക്കാനാണ് ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്നത്. നാം എങ്ങോട്ടു കയറിപ്പോകും? ‘അവിടത്തെ ജനം നമ്മെക്കാൾ ബലവാന്മാരും ദീർഘകായരുമാണ്. പട്ടണങ്ങൾ ആകാശംവരെ ഉയർന്ന മതിലുകൾ ഉള്ളവയാണ്, ഞങ്ങൾ അനാക്യരെയും അവിടെ കണ്ടു’ എന്നിങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരന്മാർ നമ്മുടെ മനോവീര്യം കെടുത്തിക്കളഞ്ഞു.”
എന്നാൽ ഞാൻ നിങ്ങളോടു പറഞ്ഞു: “നിങ്ങൾ ഭ്രമിക്കുകയോ; അവരെ ഭയപ്പെടുകയോ അരുത്. നിങ്ങൾക്കുമുമ്പായി പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ, ഈജിപ്റ്റിൽ നിങ്ങളുടെ കണ്മുമ്പിൽവെച്ചു ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും. മാത്രവുമല്ല, ഒരു പിതാവ് തന്റെ മകനെ വഹിക്കുന്നതുപോലെ, ഇവിടെ എത്തുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ മരുഭൂമിയിൽ നിങ്ങൾ സഞ്ചരിച്ച വഴിയിലെല്ലാം നിങ്ങളെ വഹിച്ചു എന്നു കണ്ടതല്ലേ?”
ഇതെല്ലാമായിട്ടും, കൂടാരമടിക്കേണ്ട സ്ഥലം അന്വേഷിക്കാനും പോകേണ്ട വഴി കാണിക്കാനുമായി രാത്രി അഗ്നിയായും പകൽ മേഘമായും നിങ്ങൾക്കുമുമ്പായി കടന്നുപോയ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
യഹോവ നിങ്ങളുടെ പിറുപിറുപ്പു കേട്ടപ്പോൾ, കോപിച്ചു ശപഥംചെയ്തുപറഞ്ഞു: “യെഫുന്നയുടെ മകനായ കാലേബ് ഒഴികെ ഈ ദുഷ്ടതലമുറയിലെ പുരുഷന്മാരാരും, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനംചെയ്ത നല്ലദേശം കാണുകയില്ല. അവൻ അതു കാണും. അവൻ യഹോവയെ പൂർണഹൃദയത്തോടെ അനുഗമിച്ചതുകൊണ്ട്, അവൻ നടന്ന് പര്യവേക്ഷണംചെയ്ത ദേശമെല്ലാം ഞാൻ അവനും അവന്റെ സന്തതികൾക്കും കൊടുക്കും.”
യഹോവ നിങ്ങൾനിമിത്തം എന്നോടും കോപിച്ച് അരുളിച്ചെയ്തു: “നീയും അവിടെ പ്രവേശിക്കുകയില്ല. എന്നാൽ നിന്റെ സഹശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ പ്രവേശിക്കും. നീ അവനെ ധൈര്യപ്പെടുത്തണം. കാരണം ഇസ്രായേലിന് ആ ദേശം കൈവശപ്പെടുത്തിക്കൊടുക്കുന്നത് അവനായിരിക്കും. മാത്രമല്ല, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ കുട്ടികളും നന്മതിന്മകളെക്കുറിച്ച് ഇപ്പോൾ അറിവില്ലാത്തവരുമായ നിങ്ങളുടെ മക്കളുമായിരിക്കും അവിടം കൈവശമാക്കുന്നത്. ഞാൻ ആ ദേശം അവർക്കു കൊടുക്കും. അവർ അതു കൈവശപ്പെടുത്തും. ഇപ്പോഴോ നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴി മരുഭൂമിയിലേക്കു യാത്രചെയ്യുക.”
അപ്പോൾ നിങ്ങൾ പറഞ്ഞു: “ഞങ്ങൾ യഹോവയോടു പാപംചെയ്തു. നമ്മുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധംചെയ്യും.” അങ്ങനെ മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമെന്നു വിചാരിച്ച് നിങ്ങൾ ഓരോരുത്തരും യുദ്ധത്തിനുള്ള ആയുധങ്ങൾ ധരിച്ചു.
എന്നാൽ യഹോവ എന്നോട്, “ ‘നിങ്ങൾ യുദ്ധത്തിനു കയറിപ്പോകുകയോ യുദ്ധംചെയ്യുകയോ അരുത്. കാരണം ഞാൻ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും’ എന്ന് അവരോടു പറയുക” എന്നു കൽപ്പിച്ചു.
ഞാൻ അങ്ങനെ നിങ്ങളോടു പറഞ്ഞു, എന്നാൽ നിങ്ങൾ അതു കേൾക്കാതെ യഹോവയുടെ കൽപ്പനയോട് എതിർത്ത് സ്വന്തം ഇഷ്ടപ്രകാരം മലമുകളിലേക്കു പടനീക്കി. ആ മലകളിൽ അധിവസിച്ചിരുന്ന അമോര്യർ നിങ്ങൾക്കെതിരേ വന്ന്, തേനീച്ചക്കൂട്ടംപോലെ നിങ്ങളെ സേയീരിൽനിന്ന് ഹോർമാവരെ പിൻതുടർന്ന് തുരത്തിക്കളഞ്ഞു. നിങ്ങൾ മടങ്ങിവന്ന് യഹോവയുടെമുമ്പാകെ കരഞ്ഞു എങ്കിലും യഹോവ നിങ്ങളുടെ നിലവിളി ചെവിക്കൊണ്ടില്ല. അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു.
മരുഭൂമിയിൽ അലയുന്നു
അതിനുശേഷം യഹോവ എന്നോടു കൽപ്പിച്ചതുപോലെ നാം ചെങ്കടലിലേക്കുള്ള വഴിയിലൂടെ തിരിഞ്ഞ് മരുഭൂമിയിലേക്കു യാത്രചെയ്തു. നാം ദീർഘകാലം സേയീർ പർവതത്തിനുചുറ്റും നടന്നു.
പിന്നീട് യഹോവ എന്നോടു കൽപ്പിച്ചു: “നിങ്ങൾ ഈ പർവതം ആവശ്യത്തിലധികം ചുറ്റിയിരിക്കുന്നു; അതു മതി. ഇപ്പോൾ വടക്കോട്ടു തിരിയുക. ജനത്തോട് ഇങ്ങനെ കൽപ്പിക്കുക; ‘സേയീരിൽ താമസിക്കുന്നവർ ഏശാവിന്റെ മക്കളും നിങ്ങളുടെ ബന്ധുക്കളുമാണ്. അവരുടെ അതിരിലൂടെ നിങ്ങൾ കടന്നുപോകാൻ തുടങ്ങുകയാണ്. അവർ നിങ്ങളെ കണ്ട് ഭയപ്പെടും. അതുകൊണ്ട് നിങ്ങൾ വളരെ ജാഗ്രതയുള്ളവർ ആയിരിക്കണം. നിങ്ങൾ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കരുത്. സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു. ആ ദേശത്തിന്റെ ഒരു ഭാഗവും, കാലുകുത്താൻ ഒരു ചുവടുപോലും, നിങ്ങൾക്കു ഞാൻ അവകാശമായി തരികയില്ല. നിങ്ങൾ പണം നൽകി അവരോട് ആഹാരം വാങ്ങി ഭക്ഷിക്കണം. വെള്ളവും വിലകൊടുത്തുതന്നെ വാങ്ങി കുടിക്കണം.’ ”
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഈ മഹാമരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ഈ നാൽപ്പതുവർഷങ്ങളും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു, നിങ്ങൾക്കു യാതൊന്നിനും കുറവു വന്നില്ല.
അങ്ങനെ, സേയീരിൽ വസിച്ചിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ ബന്ധുക്കളെ കടന്ന് നാം അരാബാവഴി ഏലാത്തിന്റെയും എസ്യോൻ-ഗേബെറിന്റെയും സമീപത്തുകൂടി യാത്രചെയ്തശേഷം തിരിച്ച് മോവാബ് മരുഭൂമിവഴിയായി പോയി.
അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “മോവാബ്യരെ പീഡിപ്പിക്കുകയോ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കുകയോ ചെയ്യരുത്. അവരുടെ ദേശത്തിന്റെ ഒരു ഭാഗവും നിങ്ങൾക്ക് അവകാശമായി ഞാൻ തരികയില്ല. ആർ എന്നദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി നൽകിയിരിക്കുന്നു.”
(അനാക്യരെപ്പോലെ ബലവും എണ്ണത്തിൽ അസംഖ്യവും ഉയരവും ഉള്ളവരായിരുന്ന ഏമ്യർ എന്ന ജനത പണ്ട് അവിടെ താമസിച്ചിരുന്നു. അവരും അനാക്യരെപ്പോലെ മല്ലന്മാർ എന്നു കരുതിപ്പോന്നു. മോവാബ്യർ അവരെ ഏമ്യർ എന്നു വിളിച്ചിരുന്നു. ഹോര്യരും പുരാതനകാലത്ത് സേയീരിൽ താമസിച്ചിരുന്നു. എന്നാൽ ഇസ്രായേലിന് യഹോവ അവകാശമായി കൊടുത്ത ദേശത്ത് അവർ ചെയ്തതുപോലെ, ഏശാവിന്റെ മക്കൾ ഹോര്യരെ എല്ലാവരെയും കൊന്നൊടുക്കിയിട്ട് അവിടെ കുടിയേറിപ്പാർത്തു.)
“ഇപ്പോൾ എഴുന്നേറ്റ് സേരെദുനീർച്ചാൽ കടക്കുക,” എന്ന് യഹോവ കൽപ്പിച്ചതുപോലെ നാം സേരെദുനീർച്ചാൽ കടന്നു.
കാദേശ്-ബർന്നേയയിൽനിന്ന് നാം യാത്ര പുറപ്പെട്ടതുമുതൽ സേരെദുനീർച്ചാൽ കടന്നതുവരെയുള്ള കാലം മുപ്പത്തെട്ടുവർഷം ആയിരുന്നു. അതിനിടയ്ക്ക് യഹോവ അവരോട് ശപഥംചെയ്തിരുന്നതുപോലെ യോദ്ധാക്കളുടെ തലമുറ മുഴുവനും പാളയത്തിൽനിന്ന് നശിച്ചുപോയി. അവരെ പാളയത്തിൽനിന്ന് പൂർണമായി ഇല്ലാതാക്കുന്നതുവരെ യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു.
ഇപ്രകാരം യോദ്ധാക്കളിൽ അവസാനത്തെയാളും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ചുകഴിഞ്ഞപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു, “ഇന്നു മോവാബ്യദേശത്തുള്ള ആർ എന്ന സ്ഥലത്തുകൂടി നിങ്ങൾ കടന്നുപോകണം. അമ്മോന്യരുടെ അടുത്തുചെല്ലുമ്പോൾ അവരെ പീഡിപ്പിക്കുകയോ യുദ്ധത്തിനായി പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്ക് ഓഹരി നൽകുകയില്ല. ഞാൻ അതു ലോത്തിന്റെ മക്കൾക്ക് അവകാശമായി നൽകിയിരിക്കുന്നു.”
(ആ ദേശവും മല്ലന്മാരുടെ ദേശമെന്നു കരുതപ്പെട്ടിരുന്നു. പുരാതനകാലത്തു മല്ലന്മാർ അവിടെ വസിച്ചിരുന്നു. അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു വിളിച്ചുവന്നു. അവർ അനാക്യരെപ്പോലെ ബലമുള്ളവരും എണ്ണത്തിൽ അസംഖ്യവും ഉയരമുള്ളവരും ആയിരുന്നു. യഹോവ അവരെയും അമ്മോന്യരുടെമുമ്പിൽനിന്ന് കൊന്നൊടുക്കി, ഇങ്ങനെ അവർ ആ ദേശത്ത് കുടിയേറി താമസിച്ചു. സേയീരിൽ താമസിച്ചിരുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ യഹോവ ഹോര്യരെ അവരുടെമുമ്പിൽനിന്ന് നശിപ്പിച്ചു. അങ്ങനെ ഏശാവിന്റെ മക്കൾ ആ ദേശം കൈവശമാക്കി ഇന്നുവരെ അവിടെ പാർക്കുന്നു. അതുപോലെ കഫ്തോരിൽനിന്ന്2:23 അതായത്, ക്രീത്തിൽനിന്ന്; [ആമോ. 9:7] കാണുക. വന്ന കഫ്തോര്യർ ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ താമസിച്ചിരുന്ന അവ്വ്യരെ നശിപ്പിച്ച് ആ സ്ഥലങ്ങളിൽ കുടിയേറി.)
ഹെശ്ബോനിലെ സീഹോനെ കീഴടക്കുന്നു
“നിങ്ങൾ എഴുന്നേറ്റുചെന്ന് അർന്നോൻ താഴ്വര കടക്കുക. ഇതാ! ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ രാജ്യത്തെയും നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവനോടു യുദ്ധംചെയ്ത് അത് അവകാശമാക്കാൻ തുടങ്ങുക. നിങ്ങളെക്കുറിച്ചുള്ള നടുക്കവും ഭീതിയും ആകാശത്തിനുതാഴെയുള്ള സകലജനത്തിലും ഞാൻ ഇന്നുമുതൽ വരുത്തും. അവർ നിങ്ങളെക്കുറിച്ചു കേട്ട് നിങ്ങൾനിമിത്തം നടുങ്ങിവിറയ്ക്കുകയും മാനസികവിഭ്രാന്തി ഉള്ളവരായിത്തീരുകയും ചെയ്യും.”
അപ്പോൾ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്ക് സമാധാനം വാഗ്ദാനംചെയ്തുകൊണ്ട് സന്ദേശവാഹകരെ അയച്ചു പറഞ്ഞു: “അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമേ. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവഴിയിൽക്കൂടിമാത്രം ഞങ്ങൾ നടക്കും. സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആർ എന്ന ദേശത്തു പാർക്കുന്ന മോവാബ്യരും ചെയ്തതുപോലെ അങ്ങ് വിലയ്ക്കു തരുന്ന ആഹാരം കഴിക്കുകയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കുകയും ചെയ്യാം. യോർദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു നൽകുന്ന ദേശത്തു ചെന്നുചേരുന്നതുവരെ നടന്നുപോകാൻമാത്രം അനുവദിക്കണം.” എന്നാൽ ഹെശ്ബോനിലെ രാജാവായ സീഹോൻ തന്റെ ദേശത്തുകൂടി കടന്നുപോകാൻ നമ്മെ അനുവദിച്ചില്ല. ഇന്നു കാണുന്നതുപോലെ അവനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.
യഹോവ എന്നോടു കൽപ്പിച്ചു: “ഞാൻ സീഹോനെയും അവന്റെ രാജ്യത്തെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. അവന്റെ രാജ്യം അവകാശമാക്കേണ്ടതിന് അതു പിടിച്ചടക്കാൻ തുടങ്ങുക.”
അങ്ങനെ സീഹോനും അവന്റെ സകലജനവും നമ്മുടെനേരേവന്ന് യാഹാസിൽവെച്ച് യുദ്ധംചെയ്തു. നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. നാം അവനെയും പുത്രന്മാരെയും അവന്റെ സകലസൈന്യത്തെയും നിഗ്രഹിച്ചു. ആ സമയത്ത് നാം അവന്റെ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നശിപ്പിച്ചു; ആരെയും ജീവനോടെ അവശേഷിപ്പിച്ചില്ല. പട്ടണങ്ങളിൽനിന്നും വളർത്തുമൃഗങ്ങളും കൊള്ളമുതലുംമാത്രം നാം കൈവശപ്പെടുത്തി. അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേരും താഴ്വരയിലെ പട്ടണവും തുടങ്ങി ഗിലെയാദുവരെ നാം കൈവശപ്പെടുത്താത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ യഹോവ അവയെല്ലാം നമുക്കു നൽകി. അമ്മോന്യരുടെ ദേശവും യാബ്ബോക്കു നദിയുടെ ഒരു ഭാഗവും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ വിലക്കിയിരുന്ന മറ്റുസ്ഥലങ്ങളും നിങ്ങൾ ആക്രമിച്ചില്ല.
ബാശാൻരാജാവായ ഓഗിനെ കീഴടക്കുന്നു
അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു. അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.”
ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു. അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു. ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു. എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി.
ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി. സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു. പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു. മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും3:11 ഏക. 4 മീ. നീളം, 1.8 മീ. വീതി. ആയിരുന്നു.
ദേശം വിഭജിക്കുന്നു
അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു. ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു. ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു. ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും കിന്നെരെത്തുമുതൽ3:17 അതായത്, ഗലീലാതടാകംമുതൽ. കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ3:17 അതായത്, ചാവുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു.
അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം. നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം. യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.”
യോർദാൻനദി കടക്കുന്നതിൽ മോശയ്ക്കുള്ള വിലക്ക്
അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും. നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.”
ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ. യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!”
എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്. പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല. പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു. അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.
അനുസരണം പാലിക്കുക
ഇസ്രായേലേ, നിങ്ങൾ ജീവനോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഇപ്പോൾ ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ഉത്തരവുകളും പ്രമാണങ്ങളും ശ്രദ്ധിക്കുക. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വചനത്തോട് ഒന്നും കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്, പ്രത്യുത, ഞാൻ നിങ്ങൾക്കു നൽകുന്ന ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിക്കുക.
യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു. എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി4:4 മൂ.ഭാ. പറ്റിച്ചേർന്നു നിന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നു.
നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു. നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്?
നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു. അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു. അപ്പോൾ യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ചു. നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു, എന്നാൽ രൂപം ഒന്നും കണ്ടില്ല; അവിടെ ശബ്ദംമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് നിങ്ങളോടു കൽപ്പിച്ച പത്ത് കൽപ്പന എന്ന അവിടത്തെ ഉടമ്പടി അവിടന്ന് നിങ്ങളെ അറിയിച്ചു; രണ്ടു ശിലാഫലകങ്ങളിൽ അവ എഴുതുകയും ചെയ്തു. കൂടാതെ നിങ്ങൾ യോർദാൻനദിക്കക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്ത് ജീവിക്കുമ്പോൾ അനുസരിക്കുന്നതിനുള്ള ഉത്തരവുകളും നിയമങ്ങളും നിങ്ങളോട് ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോടു കൽപ്പിച്ചിരുന്നു.
വിഗ്രഹാരാധനയ്ക്കെതിരേ മുന്നറിയിപ്പ്
യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക. നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം, ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു, ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്. ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു. നിങ്ങളോ, ഇന്ന് ആയിരിക്കുന്നതുപോലെ, അവിടത്തെ അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത്, ഈജിപ്റ്റ് എന്ന ഇരുമ്പുലയിൽനിന്ന് വിടുവിച്ച്, കൊണ്ടുവന്നിരിക്കുന്നു.
എന്നാൽ നിങ്ങൾനിമിത്തം യഹോവ എന്നോടു കോപിച്ചു. ഞാൻ യോർദാന് അക്കരെ കടക്കുകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ആ നല്ലദേശത്ത് പ്രവേശിക്കുകയില്ലെന്നും ശപഥംചെയ്തു. അതുകൊണ്ട് ഞാൻ യോർദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും. എന്നാൽ നിങ്ങൾചെന്ന് ആ നല്ലദേശം കൈവശമാക്കും. ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവിടത്തെ ഉടമ്പടി നിങ്ങൾ മറക്കാതിരിക്കാൻ സൂക്ഷിക്കുക. യഹോവ നിങ്ങൾക്കു വിലക്കേർപ്പെടുത്തിയതുപോലെ യാതൊരു വസ്തുവിന്റെയും രൂപത്തിലുള്ള ഒരു വിഗ്രഹവും നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവ ഭസ്മീകരിക്കുന്ന അഗ്നിയല്ലോ, അവിടന്ന് തീക്ഷ്ണതയുള്ള ദൈവവുമാണ്.
നിങ്ങൾ മക്കളും കൊച്ചുമക്കളുമൊക്കെയായി ദേശത്തു ദീർഘകാലം വസിച്ചശേഷം, ഏതെങ്കിലും തരത്തിലുള്ള ഒരു വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ കൺമുമ്പിൽ ദുഷ്ടത പ്രവർത്തിച്ച് അവിടത്തെ കോപിപ്പിച്ചാൽ, നിങ്ങൾ യോർദാന് അക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്തുനിന്ന് വളരെവേഗം നശിച്ചുപോകുമെന്ന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘായുസ്സോടെ ജീവിക്കുകയില്ല; ഉറപ്പായും നിങ്ങൾ നശിച്ചുപോകും. യഹോവ നിങ്ങളെ ഇതര ജനതകൾക്കിടയിൽ ചിതറിക്കും. യഹോവ നിങ്ങളെ ചിതറിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേർമാത്രമായി ശേഷിക്കും. അവിടെ നിങ്ങൾ കാണാനും കേൾക്കാനും ഭക്ഷിക്കാനും മണക്കാനും കഴിവില്ലാത്തതും കല്ലും മരവുംകൊണ്ടുള്ളതും മനുഷ്യനിർമിതവുമായ ദേവന്മാരെ ആരാധിക്കും. എന്നാൽ അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും. പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ അന്വേഷിക്കുന്നെങ്കിൽ അവിടത്തെ കണ്ടെത്തും. നിങ്ങൾക്ക് കഷ്ടതനേരിടുകയും ഇവ എല്ലാം ജീവിതത്തിൽ സംഭവിക്കുകയുംചെയ്യുമ്പോൾ, ഒടുവിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവിടത്തെ വചനം അനുസരിക്കും. കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്; അവിടന്ന് നിങ്ങളെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത് ഉറപ്പിച്ച അവിടത്തെ ഉടമ്പടി മറക്കുകയോ ചെയ്യുകയില്ല.
യഹോവ ആകുന്നു ദൈവം
ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച ദിവസംമുതൽ നിങ്ങളുടെ പൂർവകാലത്തും ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ എവിടെയെങ്കിലും ഇപ്രകാരം ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ടോ? ഇപ്രകാരം എന്തെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നു നിങ്ങൾ അന്വേഷിക്കുക. അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ വചനം, നിങ്ങൾ കേട്ടതുപോലെ കേട്ടശേഷം, ജീവനോടിരിക്കുന്ന ഏതെങ്കിലും ഒരു ജനതയുണ്ടോ? അല്ലെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്റ്റിൽവെച്ചു നിങ്ങളുടെ കണ്ണുകൾക്ക് മുമ്പാകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ പരീക്ഷകൾ, ചിഹ്നങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, മഹാപ്രവൃത്തികൾ എന്നിവകൊണ്ട് ദൈവം ഏതെങ്കിലും ജനതയെ മറ്റൊരു ജനതയുടെ മധ്യത്തിൽനിന്ന് തനിക്കായി വേർതിരിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ?
എന്നാൽ നിങ്ങൾക്കോ, ഇതെല്ലാം കാണാൻ കഴിഞ്ഞു. യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നിങ്ങൾ അറിയേണ്ടതിനായിരുന്നു അതെല്ലാം. നിങ്ങളെ ശിക്ഷണത്തിൽ നടത്തേണ്ടതിനു സ്വർഗത്തിൽനിന്ന് അവിടന്ന് തന്റെ വചനം നിങ്ങളെ കേൾപ്പിച്ചു. ഭൂമിയിൽ അവിടന്ന് തന്റെ മഹാഗ്നി കാണിച്ചു. നിങ്ങൾ അവിടത്തെ വചനം തീയുടെ നടുവിൽനിന്ന് ശ്രവിച്ചു. നിങ്ങളുടെ പിതാക്കന്മാരെ അവിടന്ന് സ്നേഹിച്ചതുകൊണ്ട് അവിടന്ന് അവരുടെ പിൻഗാമികളെ തെരഞ്ഞെടുത്തു. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയും ഇന്നുള്ളതുപോലെ അവരുടെ ദേശം നിങ്ങൾക്ക് അവകാശമായി നൽകി അവിടെ പാർപ്പിക്കേണ്ടതിനു തന്റെ സാന്നിധ്യവും മഹാശക്തിയുംമൂലം ഈജിപ്റ്റിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു.
അതുകൊണ്ട് മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും ഇന്ന് നിങ്ങൾ അറിഞ്ഞ് അംഗീകരിക്കുക. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ എന്നേക്കുമായി നൽകുന്ന ദേശത്ത് നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകേണ്ടതിനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന ദൈവത്തിന്റെ ഉത്തരവുകളും കൽപ്പനകളും പാലിക്കണം.
സങ്കേതനഗരങ്ങൾ
ആ കാലത്ത് മോശ യോർദാനു കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു. മുൻവൈരംകൂടാതെ അബദ്ധത്തിൽ ആരെയെങ്കിലും കൊലപ്പെടുത്തിയവർക്ക് ആ പട്ടണങ്ങളിലൊന്നിലേക്ക് ഓടിച്ചെല്ലാം, അങ്ങനെയുള്ളവരുടെ ജീവൻ രക്ഷിക്കാൻവേണ്ടിയുള്ള ഒരു ക്രമീകരണമായിരുന്നു അത്. മരുഭൂമിയിൽ സമഭൂമിയിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയ്ക്കും ആയി നിശ്ചയിച്ചു.
ന്യായപ്രമാണത്തിന് ഒരു അവതാരിക
മോശ ഇസ്രായേൽമക്കളുടെമുമ്പിൽ വെച്ച ന്യായപ്രമാണസംഹിത ഇതാകുന്നു. ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട്, ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യത്ത് യോർദാൻനദിക്ക് കിഴക്കുവശത്ത് ബേത്-പെയോരിന്റെ സമീപത്തുള്ള താഴ്വരയിൽവെച്ചു മോശ അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. മോശയും ഇസ്രായേൽമക്കളും ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടശേഷം ആ രാജാവിനെ പരാജയപ്പെടുത്തിയിരുന്നു. സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യമായ അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേർമുതൽ ഹെർമോൻ എന്നു പേർ പറയുന്ന സിർയ്യോൻ4:48 ചി.കൈ.പ്ര. സീയോൻ പർവതംവരെയും പിസ്ഗായുടെ ചെരിവിൽ ഉപ്പുകടൽ4:49 മൂ.ഭാ. അരാബാക്കടൽ; അതായത്, ചാവുകടൽ വരെയുള്ള സമതലമെല്ലാം ഉൾപ്പെടെ യോർദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെ രാജ്യവും അവർ അവകാശമാക്കി.
പത്തു കൽപ്പനകൾ
മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ച് ഇപ്രകാരം പറഞ്ഞു:
ഇസ്രായേലേ, കേൾക്കുക, ഇന്നു ഞാൻ നിങ്ങൾ കേൾക്കുംവിധം നിങ്ങളോടു കൽപ്പിക്കുന്ന ഉത്തരവുകളും നിയമങ്ങളും പഠിക്കുകയും അവ നിശ്ചയമായും പാലിക്കുകയുംവേണം. നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു. യഹോവ ഈ ഉടമ്പടി നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മോടെല്ലാവരോടുമാണു ചെയ്തത്. യഹോവ പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടഭിമുഖമായി സംസാരിച്ചു. തീ നിമിത്തം നിങ്ങൾ ഭയന്ന് പർവതത്തിൽ കയറാത്തതുകൊണ്ട് യഹോവയുടെ വചനം നിങ്ങളെ അറിയിക്കേണ്ടതിനു ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മധ്യസ്ഥനായി നിന്നു.
അവിടന്ന് ഇപ്രകാരം കൽപ്പിച്ചു:
“അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
“ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാൽ, എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചതുപോലെ ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കണം. ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക. എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ കാള, കഴുത തുടങ്ങി ഏതെങ്കിലും മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല. നിങ്ങളുടെ ദാസനും ദാസിയും നിങ്ങളെപ്പോലെ സ്വസ്ഥതയോടെ ഇരിക്കേണ്ടതാണ്. നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്നും അവിടെനിന്നു നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ ശക്തിയുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിച്ചു എന്നും ഓർക്കുക. അതുകൊണ്ടാണ് ശബ്ബത്തുദിവസം ആചരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചത്.
നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
കൊലപാതകം ചെയ്യരുത്.
വ്യഭിചാരം ചെയ്യരുത്.
മോഷ്ടിക്കരുത്.
അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
അയൽവാസിയുടെ ഭാര്യയെ മോഹിക്കരുത്. അയൽവാസിയുടെ വീട്, നിലം, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
ഈ കൽപ്പനകൾ പർവതത്തിൽ അഗ്നി, മേഘം, കൂരിരുട്ട് എന്നിവയുടെ നടുവിൽവെച്ച് യഹോവ നിങ്ങളുടെ സകലസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തതാകുന്നു. അന്ന് ഇതല്ലാതെ യാതൊന്നും അവിടന്നു കൽപ്പിച്ചതുമില്ല; അതിനുശേഷം അവ രണ്ടു ശിലാഫലകങ്ങളിൽ എഴുതി എന്റെ കൈവശം നൽകി.
എന്നാൽ പർവതത്തിൽ തീ ജ്വലിച്ചുകൊണ്ടിരിക്കുകയും കൂരിരുട്ടിനു നടുവിൽനിന്ന് നിങ്ങൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, നിങ്ങളുടെ സകലഗോത്രത്തലവന്മാരും എന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവ അവിടത്തെ തേജസ്സും മഹിമയും ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ശബ്ദം അഗ്നിയുടെ നടുവിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടെ ഇരിക്കുമെന്ന് ഇന്നു ഞങ്ങൾ കണ്ടു! അതുകൊണ്ട് ഞങ്ങൾ മരിക്കുന്നതെന്തിന്? ഈ മഹാഗ്നി ഞങ്ങളെ ദഹിപ്പിച്ചുകളയും. ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ തീർച്ചയായും മരിക്കും. അഗ്നിയിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ ഏതെങ്കിലും മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടോ? നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കുക. നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയുക. ഞങ്ങൾ കേട്ട് അനുസരിക്കാം.”
നിങ്ങൾ എന്നോടു പറഞ്ഞവാക്കുകൾ കേട്ടിട്ട് യഹോവ എന്നോട് ഇപ്രകാരം കൽപ്പിച്ചു: “ഈ ജനം നിന്നോടു സംസാരിച്ച വാക്കുകൾ ഞാൻ കേട്ടു—അവർ പറഞ്ഞതെല്ലാം നല്ലതാകുന്നു— അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്മയുണ്ടാകേണ്ടതിന് അവർ എന്നെ ഭയപ്പെടുകയും എന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
“കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക. നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.”
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകളെല്ലാം പാലിച്ചു ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്. നിങ്ങൾ അവകാശമാക്കുന്ന ദേശത്ത് ജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ദീർഘായുസ്സോടിരിക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെ അവിടത്തെ എല്ലാ കൽപ്പനകളും പാലിച്ച് ജീവിക്കുക.
നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക
നിങ്ങളെ പഠിപ്പിക്കുന്നതിനായി നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ യോർദാൻനദികടന്ന്, അവകാശമാക്കാനിരിക്കുന്ന ദേശത്തു വാസം ആരംഭിക്കുമ്പോൾ നിങ്ങളും നിങ്ങളുടെ മക്കളും അതിനുശേഷം അവരുടെ മക്കളും ഈ കൽപ്പനകൾ അനുസരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ആയുഷ്പര്യന്തം ഭയപ്പെടുകയും വേണം. ഇങ്ങനെ നിങ്ങൾ അവിടത്തെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചാൽ ദീർഘായുസ്സുള്ളവരായിരിക്കും. ഇസ്രായേലേ, കേൾക്ക, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനംചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു വളരെയധികമായി വർധിച്ചുവരേണ്ടതിനും, നിങ്ങൾ സൂക്ഷ്മതയോടെ അനുസരിച്ചു ജീവിക്കുക.
ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.
നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. നിങ്ങൾ മസ്സായിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചിട്ടുള്ള കൽപ്പനകളും അവിടന്ന് തന്നിട്ടുള്ള സാക്ഷ്യങ്ങളും ഉത്തരവുകളും നിങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കണം. നിങ്ങൾ അഭിവൃദ്ധിപ്പെടേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരോടു യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത മനോഹരമായ ഭൂപ്രദേശം ചെന്ന് അവകാശമാക്കേണ്ടതിനും യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ ശത്രുക്കളെ എല്ലാം നിങ്ങളുടെമുമ്പിൽനിന്ന് ഓടിക്കേണ്ടതിനും യഹോവയുടെ സന്നിധിയിൽ നീതിയും പ്രസാദവുമുള്ളതു ചെയ്യുക.
“നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ച സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും എന്തൊക്കെ?” എന്ന് നാളെ നിങ്ങളുടെ മകൻ ചോദിക്കുമ്പോൾ അവനോട് ഇപ്രകാരം പറയണം: “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന്റെ അടിമകൾ ആയിരുന്നു. എന്നാൽ യഹോവ ബലമുള്ള കരംകൊണ്ട് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു. ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയുംമേൽ യഹോവ ഞങ്ങൾ കാണത്തക്കവിധം മഹത്തും ഭയാനകവുമായ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു. നമ്മുടെ പിതാക്കന്മാരോടു ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത ദേശത്തു കൊണ്ടുവരേണ്ടതിന് ഞങ്ങളെ അവിടെനിന്നും വിടുവിച്ചു. നാം എപ്പോഴും അഭിവൃദ്ധിപ്പെടേണ്ടതിനും ഇന്നുള്ളതുപോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനും നമ്മുടെ ദൈവമായ യഹോവയുടെ ഈ ഉത്തരവുകളെല്ലാം ആചരിക്കണമെന്നും അവിടത്തെ ഭയപ്പെടണമെന്നും യഹോവ നമ്മോടു കൽപ്പിച്ചു. നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”
ഇസ്രായേലും ഇതര ജനതകളും
നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്. അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്. കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം,7:5 [ലേവ്യ. 26:1] അവരുടെ അശേരാപ്രതിഷ്ഠകൾ7:5 അതായത്, അശേരാദേവിയുടെ പ്രതീകങ്ങൾ; ആവർത്തനപുസ്തകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പരാമർശമുണ്ട്. വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം. കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.
നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. എന്നാൽ,
തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും;
തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.
അതുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും നിങ്ങൾ അനുസരിച്ചു ജീവിക്കണം.
നിങ്ങൾ ഈ നിയമങ്ങൾ കേട്ട് അവ സസൂക്ഷ്മം പാലിച്ചാൽ, നിങ്ങളുടെ പിതാക്കന്മാരോട് നിങ്ങളുടെ ദൈവമായ യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കും. അവിടന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അവിടന്നു നിങ്ങൾക്കു നൽകുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തു നിങ്ങളുടെ ഉദരഫലത്തെയും കൃഷിഫലത്തെയും—ധാന്യം, വീഞ്ഞ്, ഒലിവെണ്ണ—നിന്റെ കാളക്കിടാങ്ങളെയും ആട്ടിൻപറ്റത്തെയും അനുഗ്രഹിക്കും. നിങ്ങൾ എല്ലാ ജനതകളെക്കാളും അനുഗ്രഹിക്കപ്പെടും. നിങ്ങളിൽ വന്ധ്യനോ വന്ധ്യയോ ഉണ്ടാകുകയില്ല, നിങ്ങളുടെ ആടുമാടുകളിലും കിടാങ്ങൾ ഇല്ലാതിരിക്കുകയില്ല. യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുന്ന ജനതകളെയെല്ലാം നിങ്ങൾ ഉന്മൂലനംചെയ്യണം. അവരോടു നിങ്ങൾ കരുണ കാണിക്കരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്, അതു നിങ്ങൾക്കു കെണിയായിത്തീരും.
“ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ വളരെ ശക്തരാണ്, അതുകൊണ്ട് അവരെ നശിപ്പിക്കാൻ എങ്ങനെ ഞങ്ങൾക്കു സാധിക്കും?” എന്നു നിങ്ങൾ മനസ്സിൽ പറഞ്ഞേക്കാം. എന്നാൽ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും സകല ഈജിപ്റ്റുകാരോടും ചെയ്തതും ഓർക്കുക. സ്വന്തംകണ്ണുകൊണ്ട് നിങ്ങൾ കണ്ട വലിയ പീഡകളും ചിഹ്നങ്ങളും അത്ഭുതങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ച ശക്തിയുള്ള കൈയും നീട്ടിയ ഭുജവും ഓർക്കുക. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം ചെയ്യും. അതുമാത്രമല്ല, ശേഷിക്കുന്നവരും നിങ്ങളുടെമുമ്പിൽ മറഞ്ഞിരിക്കുന്നവരും ഉന്മൂലമാകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവരുടെ നടുവിൽ കടന്നലിനെ7:20 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അയയ്ക്കും. നിങ്ങൾക്കെതിരായി വരുന്ന ജനതകളെക്കണ്ട് നിങ്ങൾ ഭ്രമിക്കരുത്. കാരണം നിങ്ങളുടെ മധ്യത്തിൽ വസിക്കുന്ന ദൈവമായ യഹോവ വീരനും ഭയങ്കരനുമായ ദൈവമാണ്. ആ ജനതകളെ കുറേശ്ശെയായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് നീക്കംചെയ്യും. കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയാകാതിരിക്കേണ്ടതിന് അവരെ ക്ഷണത്തിൽ നശിപ്പിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അവർ ഉന്മൂലമാകുംവരെ അവർക്കു കൊടുംഭീതി വരുത്തും. അവരുടെ രാജാക്കന്മാരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. നിങ്ങൾ അവരുടെ നാമം ആകാശത്തിൻകീഴിൽനിന്ന് തുടച്ചുനീക്കും. ഒരുത്തനും നിങ്ങൾക്കെതിരേ നിൽക്കുകയില്ല; നിങ്ങൾ അവരെ നശിപ്പിക്കും. അവരുടെ ദേവന്മാരുടെ പ്രതിമകൾ തീയിലിട്ട് ചുടണം. നിങ്ങൾ പ്രലോഭനത്തിനു വഴങ്ങി അതിലുള്ള വെള്ളിയും സ്വർണവും സ്വന്തമാക്കരുത്. അത് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. അറപ്പുളവാക്കുന്ന യാതൊന്നും നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകരുത്; അങ്ങനെയായാൽ നിങ്ങളും നശിപ്പിക്കപ്പെടും. അവ നശിപ്പിക്കാനായി വേർതിരിക്കപ്പെട്ടവയാകുകയാൽ അതു നിങ്ങൾക്ക് അത്യന്തം അറപ്പും വെറുപ്പും ആയിരിക്കണം.
യഹോവയെ മറക്കരുത്
നിങ്ങൾ ജീവനോടെ വർധിക്കുന്നതിനും നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥത്തോടുകൂടി യഹോവ വാഗ്ദാനംചെയ്ത ദേശത്ത് പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്നതിനും ഞാൻ ഇന്നു നിങ്ങളോടു പറയുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം. അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി. ഈ നാൽപ്പതുവർഷവും നിങ്ങൾ ധരിച്ച വസ്ത്രം ദ്രവിച്ചില്ല; നിങ്ങളുടെ കാലിനു വീക്കം ഉണ്ടായതുമില്ല. ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച്, അവിടത്തെ വഴികളിൽ നടന്ന് അവിടത്തെ ഭയപ്പെടണം. നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്; ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്; സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.
നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും. വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി. നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു. “എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിക്കാതിരുന്നാൽ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്യുന്ന ജനതകളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.
വിജയം യഹോവയുടെ ദാനം
ഇസ്രായേലേ കേൾക്ക, ഇന്നു നീ യോർദാൻ കടന്നു നിന്നെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുകളുള്ള വലിയ പട്ടണങ്ങളും പിടിച്ചടക്കാൻ പോകുന്നു. നിനക്ക് അറിയാവുന്നതുപോലെ ശക്തിയും ഉയരവുമുള്ള അനാക്യരെന്ന ജനതയാണവർ. “അനാക്യരുടെമുമ്പിൽ ആര് നിൽക്കും,” എന്നിങ്ങനെയുള്ള പറച്ചിൽ നീ കേട്ടിട്ടുണ്ടല്ലോ. എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു മുമ്പേ ദഹിപ്പിക്കുന്ന തീയായി കടന്നുപോകുന്നു എന്നു നീ ഇന്ന് അറിയണം. അവിടന്ന് അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ കീഴ്പ്പെടുത്തുകയും ചെയ്യും. അങ്ങനെ യഹോവ നിന്നോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരെ ഓടിച്ചുകളയുകയും വേഗം നശിപ്പിക്കുകയും ചെയ്യും.
നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളഞ്ഞശേഷം, “എന്റെ നീതി നിമിത്തമാണ് ഈ ദേശം അവകാശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്” എന്നു നീ നിന്റെ ഹൃദയത്തിൽ പറയരുത്. അല്ല, ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളഞ്ഞത്. നീ അവരുടെ ദേശം കൈവശമാക്കാൻ പോകുന്നത് നിന്റെ നീതിയോ ഹൃദയപരമാർഥതയോകൊണ്ടല്ല, പ്രത്യുത, ഈ ജനതകളുടെ ദുഷ്ടതനിമിത്തവും നിന്റെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് യഹോവ ശപഥംചെയ്ത വചനം നിറവേറ്റേണ്ടതിനും ആകുന്നു നിങ്ങളുടെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളയുന്നത്. അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
സ്വർണക്കാളക്കിടാവ്
നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു. യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ ഫലകങ്ങളായ ശിലാഫലകങ്ങൾ സ്വീകരിക്കാൻ ഞാൻ പർവതത്തിൽ കയറിപ്പോയി. നാൽപ്പതുരാവും നാൽപ്പതുപകലും ഞാൻ പർവതത്തിൽ താമസിച്ചു. ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു.
നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്. അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “എഴുന്നേൽക്കുക, വേഗം ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക. നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ച വഴിയിൽനിന്ന് അതിവേഗം വ്യതിചലിച്ച് അവർക്കുവേണ്ടി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു.”
യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു! എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”
അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്. അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു.
പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.
തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു.
“ഞാൻ നിങ്ങൾക്കു നൽകിയ ദേശം പോയി കൈവശമാക്കുക,” എന്നു കൽപ്പിച്ച്, യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനയോടു മത്സരിച്ചു. അവിടത്തെ വിശ്വസിക്കുകയോ അവിടത്തെ വചനം പ്രമാണിക്കുകയോ ചെയ്തില്ല. ഞാൻ നിങ്ങളെ അറിഞ്ഞ ദിവസംമുതൽ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
എഴുതപ്പെട്ട ശിലാഫലകങ്ങൾ
യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തതുകൊണ്ടാണ് ഞാൻ യഹോവയുടെ സന്നിധിയിൽ നാൽപ്പതുരാവും നാൽപ്പതുപകലും സാഷ്ടാംഗം വീണുകിടന്നത്. ഞാൻ യഹോവയോട് ഇപ്രകാരം അപേക്ഷിച്ചു: “സർവശക്തനായ യഹോവേ, അവിടത്തെ മഹാശക്തിയാൽ അങ്ങ് വീണ്ടെടുക്കുകയും ശക്തിയുള്ള ഭുജത്താൽ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവരികയും ചെയ്ത അങ്ങയുടെ ജനത്തെ, അവിടത്തെ സ്വന്തം അവകാശത്തെ, നശിപ്പിക്കരുതേ. അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനതയുടെ മത്സരവും ലംഘനവും പാപവും ഓർക്കരുതേ. അല്ലെങ്കിൽ, അങ്ങു ഞങ്ങളെ ഏതു ദേശത്തുനിന്നാണോ വിടുവിച്ചുകൊണ്ടുവന്നത് ആ ദേശത്തെ ജനങ്ങൾ, ‘താൻ വാഗ്ദാനംചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്ക് സാധിക്കാത്തതുകൊണ്ടും അവിടന്ന് അവരെ വെറുത്തതുകൊണ്ടും അവരെ മരുഭൂമിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു’ എന്നു പറയും. ഇവർ അങ്ങയുടെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് വിടുവിച്ചുകൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ.”
ആ സമയത്ത് യഹോവ എന്നോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തിയെടുത്ത് പർവതത്തിൽ എന്റെ സന്നിധിയിലേക്കു കയറിവരിക. മരംകൊണ്ടുള്ള ഒരു പേടകവും ഉണ്ടാക്കുക. നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ഈ കൽപ്പലകകളിൽ എഴുതും. അവ നീ ആ പേടകത്തിൽ വെക്കണം.”
അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പേടകമുണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി; കൈയിൽ ആ രണ്ടു കൽപ്പലകകളുമായി ഞാൻ പർവതത്തിൽ കയറി. മഹാസമ്മേളനം ഉണ്ടായിരുന്ന ദിവസം യഹോവ പർവതത്തിൽവെച്ച് അഗ്നിയുടെ മധ്യത്തിൽ നിങ്ങളോടു വിളംബരംചെയ്ത പത്തു കൽപ്പനകളും, ആദ്യത്തെ ഫലകങ്ങളിലെ എഴുത്തുപോലെതന്നെ, യഹോവ ആ ഫലകങ്ങളിൽ എഴുതി. യഹോവ അവ എനിക്കു നൽകി. അതിനുശേഷം ഞാൻ പർവതത്തിൽനിന്നും ഇറങ്ങിവന്ന് ഞാൻ ഉണ്ടാക്കിയ പേടകത്തിൽ ഫലകങ്ങൾ വെച്ചു. യഹോവ എന്നോടു കൽപ്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
ഇസ്രായേൽമക്കൾ യാഖാന്യരുടെ കിണറുകൾക്കരികെനിന്ന് മൊസേരോത്തിലേക്കു യാത്രതിരിച്ചു. അഹരോൻ അവിടെ മരിച്ചു. അദ്ദേഹത്തെ അവിടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ എലെയാസാർ അവനുശേഷം പുരോഹിതനായി. അവർ അവിടെനിന്ന് ഗുദ്ഗോദെയിലേക്കും ഗുദ്ഗോദെയിൽനിന്ന് നീരുറവുകളുള്ള നാടായ യൊത്-ബാഥായ്ക്കും യാത്രയായി. അക്കാലത്ത് യഹോവ തന്റെ ഉടമ്പടിയുടെ പേടകം ചുമക്കുന്നതിനും ഇന്നുവരെ തുടർന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുന്നതിനും അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുന്നതിനും ലേവിഗോത്രത്തെ വേർതിരിച്ചു. അതുനിമിത്തം ലേവിക്ക് തന്റെ സഹോദന്മാരോടൊപ്പം ഓഹരിയും അവകാശവും ലഭിച്ചില്ല. നിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്തപ്രകാരം യഹോവതന്നെയാണ് അവരുടെ ഓഹരി.
ഞാൻ ആദ്യത്തേതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും പർവതത്തിൽ താമസിച്ചു. ഈ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു. നിന്നെ നശിപ്പിക്കാതിരിക്കാൻ യഹോവ തീരുമാനിച്ചു. യഹോവ എന്നോട്, “എഴുന്നേൽക്കുക, ഞാൻ അവർക്കു നൽകുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശം അവർ ചെന്ന് അവകാശമാക്കാൻ നീ ജനത്തിന്റെ മുമ്പിലായി നടക്കുക” എന്നു കൽപ്പിച്ചു.
യഹോവയെ ഭയപ്പെടുക
അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം10:16 അതായത്, സുന്നത്ത് ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു. അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെട്ട്, അവിടത്തെ സേവിക്കണം. യഹോവയോട് പറ്റിച്ചേർന്ന്, അവിടത്തെ നാമത്തിൽ ശപഥംചെയ്യണം. അവിടന്നാകുന്നു നിന്റെ പുകഴ്ച; അവിടന്നാകുന്നു നിന്റെ ദൈവം. നീ കണ്ണുകൊണ്ടു കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ പ്രവൃത്തികൾ ചെയ്തത് അവിടന്ന് ആകുന്നു. നിന്റെ പിതാക്കന്മാർ എഴുപത് പേരാണ് ഈജിപ്റ്റിലേക്കു പോയത്. ഇപ്പോൾ നിന്റെ ദൈവമായ യഹോവ നിന്നെ ആകാശത്തുള്ള നക്ഷത്രങ്ങളെപ്പോലെ എണ്ണത്തിൽ വർധിപ്പിച്ചിരിക്കുന്നു.
യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക
നിന്റെ ദൈവമായ യഹോവയെ സ്നേഹിച്ച് അവിടത്തെ പ്രമാണങ്ങളും ഉത്തരവുകളും നിയമങ്ങളും കൽപ്പനകളും എപ്പോഴും പാലിക്കുക. ഇന്നു നിങ്ങൾ ഓർക്കുക: നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, അവിടത്തെ മഹത്ത്വം, അവിടത്തെ ശക്തിയുള്ള കരം, അവിടത്തെ നീട്ടിയ ഭുജം എന്നിവ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്. ഈജിപ്റ്റിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും അവന്റെ രാജ്യത്തോടു മുഴുവനും അവിടന്നു പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും; ഈജിപ്റ്റിന്റെ സൈന്യത്തോടും അവിടത്തെ കുതിരകളോടും രഥങ്ങളോടും ചെയ്ത കാര്യങ്ങളും അവർ നിങ്ങളെ പിൻതുടർന്നപ്പോൾ ചെങ്കടലിലെ വെള്ളം അവരുടെമീതേ ഒഴുക്കിയതും ഇന്ന് കാണുംപോലെ യഹോവ അവരെ പരിപൂർണമായി നശിപ്പിച്ചതും നിങ്ങൾ ഓർക്കണം. നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും അവിടന്ന് രൂബേന്റെ പിൻഗാമികളിലുള്ള എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും പ്രവർത്തിച്ചതും എല്ലാ ഇസ്രായേലിന്റെയും മധ്യത്തിൽവെച്ച് ഭൂമി വായ്‌പിളർന്ന് അവരെയും കുടുംബാംഗങ്ങളെയും കൂടാരങ്ങളെയും അവർക്കുണ്ടായിരുന്ന ജീവനുള്ള സകലതിനെയും വിഴുങ്ങിയതും നിങ്ങളുടെ മക്കളല്ലല്ലോ കണ്ടത്. എന്നാൽ യഹോവ ചെയ്ത ഈ വൻകാര്യങ്ങളെല്ലാം നിങ്ങൾ സ്വന്തം കണ്ണാൽത്തന്നെ കണ്ടിരിക്കുന്നു.
അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശം പിടിച്ചടക്കുന്നതിന് ശക്തി ലഭിക്കുന്നതിനും യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും നൽകുമെന്ന് ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ആ ദേശത്ത് നിങ്ങൾ ദീർഘായുസ്സോടിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന കൽപ്പനകൾ പ്രമാണിക്കണം. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം, നിങ്ങൾ വിട്ടുപോന്ന ഈജിപ്റ്റുദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തുവിതച്ച് പച്ചക്കറിത്തോട്ടത്തിലേതുപോലെ കാലുകൊണ്ട് നനച്ചു. എന്നാൽ യോർദാൻ കടന്ന് നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ളതും ആകാശത്തിൽനിന്നുള്ള മഴവെള്ളം കുടിക്കുന്നതുമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിങ്ങളുടെ ദൈവമായ യഹോവയുടെ നോട്ടമുള്ളതും നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാണ് അത്.
നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ, ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും. ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും.
നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും. എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. അപ്പോൾ യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്നു ശപഥംചെയ്ത ദേശത്ത് ഭൂമിക്കുമീതേ ആകാശമുള്ളകാലത്തോളം നീയും നിന്റെ മക്കളും ദീർഘായുസ്സോടിരിക്കും.
നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരുന്ന് അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും ചെയ്യണമെന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നവ വിശ്വസ്തതയോടെ അനുസരിച്ചാൽ, യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഈ ജനതകളെയെല്ലാം ഓടിച്ചുകളയുകയും. നിങ്ങളെക്കാൾ വലിയവരും ശക്തരുമായവരെ നിങ്ങൾ കുടിയൊഴിപ്പിക്കുകയും ചെയ്യും. നിങ്ങൾ കാലു ചവിട്ടുന്ന എല്ലാ സ്ഥലവും നിങ്ങളുടേതാകും: നിങ്ങളുടെ അതിർത്തി മരുഭൂമിമുതൽ ലെബാനോൻവരെയും യൂഫ്രട്ടീസ് നദിമുതൽ മെഡിറ്ററേനിയൻ കടൽവരെയുമായിരിക്കും. ഒരു മനുഷ്യനും നിങ്ങൾക്കു വിരോധമായി എഴുന്നേൽക്കുകയില്ല. യഹോവയായ ദൈവം നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ, നീ പോകുന്ന രാജ്യത്തൊക്കെയും അവിടന്ന് നിങ്ങളെപ്പറ്റിയുള്ള ഭീതിയും നടുക്കവും വരുത്തും.
ഗെരിസീമിൽനിന്നും ഏബാലിൽനിന്നും അനുഗ്രഹവും ശാപവും
ഇതാ, ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ അനുഗ്രഹവും ശാപവും വെക്കുന്നു. ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കുമെങ്കിൽ അനുഗ്രഹവും നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വഴിവിട്ട് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ അനുഗമിച്ചാൽ ശാപവും വരും. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവന്നശേഷം, ഗെരിസീം മലയിൽവെച്ച് അനുഗ്രഹങ്ങളും ഏബാൽ മലയിൽവെച്ച് ശാപങ്ങളും പ്രസ്താവിക്കണം. നിങ്ങൾക്കറിവുള്ളതുപോലെ ഈ പർവതങ്ങൾ യോർദാനക്കരെ പടിഞ്ഞാറ് കനാന്യർ പാർക്കുന്നിടമായ അരാബയിലെ ഗിൽഗാലിനടുത്ത് മോരേയിലെ വലിയ വൃക്ഷങ്ങൾക്കരികിൽ സൂര്യാസ്തമയത്തിന് അഭിമുഖമായിട്ടാണല്ലോ. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്ത ദേശം കൈവശമാക്കാൻ നിങ്ങൾ യോർദാൻനദി കടക്കാറായിരിക്കുന്നു. നിങ്ങൾ അവിടം കൈവശമാക്കി നിങ്ങളുടെ ജീവിതം ആരംഭിക്കുമ്പോൾ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ വെക്കുന്ന എല്ലാ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിച്ചുകൊള്ളണം.
ആരാധനാസ്ഥലം
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു കൈവശമാക്കാൻ നൽകുന്ന ദേശത്ത് ജീവിതകാലമെല്ലാം ശ്രദ്ധയോടെ പിൻതുടരേണ്ട ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ പിടിച്ചടക്കാൻ പോകുന്ന ജനതകൾ പർവതശിഖരങ്ങളിലും കുന്നുകളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും അവരുടെ ദേവന്മാരെ ആരാധിക്കുന്ന എല്ലാ സ്ഥലങ്ങളും പരിപൂർണമായി നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങൾ ഇടിച്ചുതകർക്കണം, ആചാരസ്തൂപങ്ങൾ ഉടയ്ക്കണം. അവരുടെ അശേരാപ്രതിഷ്ഠകൾ തീയിൽ ചുട്ടുകളയണം; അവരുടെ ദേവന്മാരുടെ പ്രതിമകൾ ഛേദിച്ചുകളയണം; ആ സ്ഥലത്തുനിന്നും അവയുടെ പേര് മായിച്ചുകളയണം.
അവരുടെ രീതികളിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കാൻ പാടില്ല. നിങ്ങളുടെ സകലഗോത്രങ്ങൾക്കും നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് അവിടത്തെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥാനത്തുവേണം അവിടത്തെ ആരാധിക്കേണ്ടത്. അവിടെ നിങ്ങളുടെ ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയ്ക്കു നൽകാമെന്നു നേർന്നിരിക്കുന്നവ, സ്വമേധാദാനങ്ങൾ, കന്നുകാലികളിൽനിന്നും ആട്ടിൻപറ്റത്തിൽനിന്നുമുള്ള കടിഞ്ഞൂലുകൾ എന്നിവ കൊണ്ടുവരണം. നിങ്ങൾ കൈവെച്ച എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതുകൊണ്ട്, അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം.
ഇന്ന് ഇവിടെ നാം ഓരോരുത്തരും സ്വന്തദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നതു പ്രവർത്തിക്കുമ്പോലെ നിങ്ങൾ പ്രവർത്തിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന സ്വസ്ഥതയിലും അവകാശത്തിലും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ലല്ലോ. എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു പാർക്കുകയും ചുറ്റുപാടുമുള്ള സകലശത്രുക്കളിൽനിന്നും അവിടന്നു നിങ്ങൾക്കു സ്വസ്ഥതനൽകി സുരക്ഷിതരായിരിക്കുകയും ചെയ്യും. അപ്പോൾ ദൈവം തന്റെ നാമം വസിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയുടെമുമ്പാകെ ശപഥംചെയ്ത പ്രത്യേക നേർച്ചകൾ, അങ്ങനെ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നതെല്ലാം നിങ്ങൾ കൊണ്ടുവരണം. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും—തങ്ങൾക്കു സ്വന്തമായി അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത—നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരും ആനന്ദിക്കണം. നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം നിങ്ങളുടെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളണം. യഹോവ നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലത്ത് ഹോമയാഗം അർപ്പിക്കുകയും അവിടെ ഞാൻ കൽപ്പിക്കുന്നതൊക്കെ പ്രവർത്തിക്കുകയും വേണം.
എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അനുഗ്രഹത്തിനൊത്തവിധം ഏതു നഗരത്തിൽവെച്ചും നിന്റെ ഇഷ്ടപ്രകാരം മൃഗങ്ങളെ അറത്ത് ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ ആചാരപരമായി അശുദ്ധരായിത്തീർന്നവർക്കും വിശുദ്ധരായിത്തീർന്നവർക്കും അതു ഭക്ഷിക്കാം. രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം. നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലുകളും നീ യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്ത നേർച്ചകളും സ്വമേധാദാനങ്ങളും പ്രത്യേക വഴിപാടുകളും നിന്റെ നഗരത്തിൽവെച്ച് ഭക്ഷിക്കരുത്. പ്രത്യുത, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും ഭക്ഷിക്കുകയും നിന്റെ എല്ലാ പ്രവൃത്തികളെയും ഓർത്ത് നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ആനന്ദിക്കുകയും ചെയ്യണം. നീ ദേശത്തു പാർക്കുന്നിടത്തോളം ലേവ്യരെ അവഗണിക്കാതെ സൂക്ഷിക്കണം.
നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദാനംചെയ്തതുപോലെ അവിടന്ന് നിന്റെ അതിർത്തി വിപുലമാക്കുമ്പോൾ നീ മാംസം ഭക്ഷിക്കാൻ ആഗ്രഹിച്ച്, “എനിക്കു മാംസം ഭക്ഷിക്കണം” എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടപ്രകാരം നിനക്കു മാംസം വേണ്ടുംപോലെ ഭക്ഷിക്കാം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലം വിദൂരത്താകുന്നു എങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള നിങ്ങളുടെ ആടുകളിൽനിന്നോ കന്നുകാലികളിൽനിന്നോ ഒരു മൃഗത്തെ കൊന്ന് ഞാൻ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ നഗരങ്ങളിൽവെച്ച് നിന്റെ ഇഷ്ടംപോലെ ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ നിനക്ക് അവ ഭക്ഷിക്കാം. ആചാരപരമായി അശുദ്ധരായവർക്കും വിശുദ്ധരായവർക്കും അതു ഭക്ഷിക്കാം. എന്നാൽ രക്തം കുടിക്കാതിരിക്കാൻ സൂക്ഷിക്കണം, കാരണം രക്തം ജീവൻ ആകുന്നു. മാംസത്തോടുകൂടെ ജീവൻ ഭക്ഷിക്കരുത്. രക്തം കുടിക്കരുത്; അത് വെള്ളംപോലെ ഭൂമിയിൽ ഒഴുക്കിക്കളയണം. യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുന്നതിനും നീയും നിനക്കുശേഷം നിന്റെ മക്കളും അഭിവൃദ്ധിപ്പെടേണ്ടതിനും രക്തം കുടിക്കരുത്.
നിന്റെ വിശുദ്ധയാഗങ്ങളും യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്തിട്ടുള്ള നേർച്ചയുമായി യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം. നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഹോമയാഗങ്ങളും രക്തവും മാംസവും അർപ്പിക്കണം. യാഗരക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഒഴിക്കണം. അതിന്റെ മാംസം നിനക്കു ഭക്ഷിക്കാം. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയുമായതു പ്രവർത്തിച്ചിട്ട് നിനക്കും നിന്റെ മക്കൾക്കും എപ്പോഴും നന്മയുണ്ടാകേണ്ടതിനു ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും അനുസരിക്കുക.
നീ കൈവശമാക്കാൻപോകുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളയുമ്പോഴും നീ അവരെ ഉന്മൂലനംചെയ്ത് അവരുടെ ദേശത്തു പാർക്കുമ്പോഴും അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടതിനുശേഷം, “ഈ ജനതകൾ അവരുടെ ദേവന്മാരെ ഭജിച്ചതുപോലെ ഞങ്ങളും ചെയ്യും” എന്നു പറഞ്ഞ് അവരുടെ ദേവന്മാരെപ്പറ്റി അന്വേഷിച്ച് കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണം. നിന്റെ ദൈവമായ യഹോവയെ ഇതര ജനതകൾ അവരുടെ ദേവന്മാരെ ഭജിക്കുന്നതുപോലെയല്ല ആരാധിക്കേണ്ടത്. യഹോവ വെറുക്കുന്ന എല്ലാ അറപ്പായ കാര്യങ്ങളും അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്ത് തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും തങ്ങളുടെ ദേവന്മാർക്ക് അഗ്നിയിൽ ദഹിപ്പിക്കുകവരെ ചെയ്യുന്നുണ്ടല്ലോ.
ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം പ്രമാണിക്കാൻ ജാഗ്രതയുള്ളവരായിരിക്ക; അതിനോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് യാതൊന്നും കുറയ്ക്കുകയോ ചെയ്യരുത്.
അന്യദേവതകളെ ആരാധിക്കുന്നു
നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു ചിഹ്നമോ അത്ഭുതമോ മുൻകൂട്ടി അറിയിക്കുകയും അങ്ങനെ ആ ചിഹ്നമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നമുക്കു മറ്റു ദേവന്മാരെ അനുഗമിക്കാം, നമുക്കവരെ ആരാധിക്കാം”—നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെത്തന്നെ—എന്നു പറഞ്ഞാൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ ശ്രദ്ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യഹോവയെയാണ് നിങ്ങൾ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്; അവിടത്തെ കൽപ്പനകൾ നിങ്ങൾ പ്രമാണിക്കുകയും അവിടത്തെ ശബ്ദം കേൾക്കുകയും വേണം. യഹോവയെ സേവിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരിക്കുകയും വേണം. ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിക്കുകയും അടിമവീട്ടിൽനിന്ന് വീണ്ടെടുക്കുകയുംചെയ്ത നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി സംസാരിക്കുകയും നിങ്ങൾ അനുസരിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ച വഴിയിൽനിന്ന് നിങ്ങളെ തെറ്റിക്കാനായി ശ്രമിക്കുകയും ചെയ്തതുകൊണ്ട് ആ പ്രവാചകനെയും സ്വപ്നക്കാരനെയും നിങ്ങൾ കൊല്ലണം. അങ്ങനെ നിങ്ങളുടെ നടുവിൽനിന്ന് തിന്മ നീക്കിക്കളയണം.
നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം. അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം. അങ്ങനെ എല്ലാ ഇസ്രായേലും ഇതു കേട്ട് ഭയപ്പെടേണ്ടതിനും നിങ്ങൾക്കിടയിൽ ഇനിയാരും ഈ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനുമാണ് ഇത്.
നിന്റെ ദൈവമായ യഹോവ നിനക്കു പാർക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ ദുഷ്ടത പ്രവർത്തിക്കുന്നവർ എഴുന്നേറ്റ്, “അന്യദേവന്മാരെ നമുക്കു സേവിക്കാം” എന്നു നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് നഗരവാസികളെ വശീകരിക്കുന്നു എന്നു കേട്ടാൽ നീ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയും പരിശോധിച്ച് നല്ലവണ്ണം വിസ്തരിക്കുകയും വേണം. അങ്ങനെയുള്ള ഒരു ദുഷ്ടത നിങ്ങളുടെ ഇടയിൽ ഉണ്ടായി എന്ന വസ്തുത സത്യമെന്നു തെളിയിക്കപ്പെട്ടാൽ ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഏൽപ്പിക്കണം. അതിലെ സകലജനത്തെയും കന്നുകാലികളെയും പൂർണമായി നശിപ്പിക്കണം. അതിലുള്ള കൊള്ളവസ്തുക്കൾ നഗരത്തിലെ പൊതുസ്ഥലത്തു കൂട്ടിയിട്ട് നഗരവും അതിലെ കൊള്ളവസ്തുക്കളും നിന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗമായി ചുട്ടുകളയണം. അത് എന്നും നാശകൂമ്പാരമായി കിടക്കണം. പിന്നെ അതു പുനർനിർമിക്കുകയും അരുത്. ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും. ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.
ശുദ്ധവും അശുദ്ധവുമായ ഭക്ഷണം
നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.
അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.14:5 ഈ അധ്യായത്തിലെ പക്ഷികൾ, മൃഗങ്ങൾ എന്നിവ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല. കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.
വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.
ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി, എല്ലാ ഇനത്തിലുംപെട്ട കാക്ക, ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.
ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.
ദശാംശം
എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം. നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം. ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം. നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ.
ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.
കടങ്ങൾക്ക് ഇളവുനൽകുന്ന വർഷം
ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം. അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്. പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം. നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല.
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.
അടിമയ്ക്കു സ്വാതന്ത്ര്യം
നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം. അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്. നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം. ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്.
എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം.
ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
മൃഗങ്ങളുടെ കടിഞ്ഞൂൽ
നിന്റെ ആടുകളിലും മാടുകളിലും കടിഞ്ഞൂലായ ആണിനെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിക്കണം. നിന്റെ കാളകളുടെ കടിഞ്ഞൂലുകളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുത്. നിന്റെ ആടുകളുടെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കയും അരുത്. യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഓരോവർഷവും അവ ഭക്ഷിക്കണം. എന്നാൽ അതിന് മുടന്തോ അന്ധതയോ ഗൗരവതരമായ മറ്റെന്തെങ്കിലും വൈകല്യമോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം അർപ്പിക്കരുത്. നിന്റെ നഗരങ്ങളിൽവെച്ച് അവ ഭക്ഷിക്കാം. പുള്ളിമാനിന്റെയും കലമാനിന്റെയും മാംസം എന്നപോലെ അശുദ്ധനും വിശുദ്ധനും അവ ഭക്ഷിക്കാം. എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
പെസഹ
ആബീബുമാസത്തിൽ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതുകൊണ്ട് ആബീബുമാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയുടെ പെസഹ ആഘോഷിക്കണം. യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ആടുമാടുകളിൽനിന്ന് നിന്റെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം. പുളിപ്പുള്ള അപ്പത്തോടുകൂടെ അതു ഭക്ഷിക്കരുത്. എന്നാൽ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം, ഞെരുക്കത്തിന്റെ അപ്പം, ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് തിടുക്കത്തിൽ ഓടിപ്പോന്നതുകൊണ്ട്, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ദിവസത്തെ നിന്റെ ജീവിതകാലമെല്ലാം ഓർക്കണം. ഏഴുദിവസം നിന്റെ അവകാശദേശത്ത് ഒരിടത്തും പുളിപ്പുള്ള യാതൊന്നും ഉണ്ടായിരിക്കരുത്. ഒന്നാംദിവസം സന്ധ്യക്കു യാഗം അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചല്ലാതെ നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ഏതെങ്കിലും നഗരത്തിൽവെച്ചു പെസഹായാഗം അർപ്പിക്കരുത്. സന്ധ്യക്ക്, സൂര്യാസ്തമയത്തിൽ, ഈജിപ്റ്റിൽനിന്ന് നീ പുറപ്പെട്ട സമയത്തുതന്നെ പെസഹായാഗം അർപ്പിക്കണം. നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അതു പാകംചെയ്ത് ഭക്ഷിക്കണം. അതിനുശേഷം പ്രഭാതത്തിൽ നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകണം. ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടണം. അന്ന് ജോലിയൊന്നും ചെയ്യാൻ പാടില്ല.
ആഴ്ചകളുടെ പെരുന്നാൾ
വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ16:10 അഥവാ, വാരോത്സവം, [പുറ. 34:22]; [ലേവ്യ. 23:15-22] കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു. [അ.പ്ര. 2:1] കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. ആഘോഷിക്കണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം.
കൂടാരപ്പെരുന്നാൾ
മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം. ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം. യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം.
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
ന്യായാധിപന്മാരുടെ ചുമതലകൾ
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും. ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
അന്യദൈവങ്ങളെ ആരാധിക്കുന്നത്
നിന്റെ ദൈവമായ യഹോവയ്ക്കു നീ നിർമിക്കുന്ന യാഗപീഠത്തിനുസമീപം മരംകൊണ്ട് അശേരാബിംബമൊന്നും പ്രതിഷ്ഠിക്കരുത്; നിന്റെ ദൈവമായ യഹോവ വെറുക്കുന്നതിനാൽ ഇത്തരം ആചാരസ്തൂപം ഉയർത്തുകയുമരുത്.
എന്തെങ്കിലും രോഗമോ വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കരുത്. അത് നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു.
യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ തിന്മചെയ്ത് അവിടത്തെ ഉടമ്പടി ലംഘിക്കുകയും ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം. രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല. ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
വ്യവഹാരങ്ങൾ
രക്തച്ചൊരിച്ചിലോ നിയമവ്യവഹാരമോ കൊലപാതകമോ, ഇങ്ങനെ നിനക്കു തീർപ്പുകൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള വ്യവഹാരങ്ങൾ നിന്റെ മുമ്പാകെ വന്നാൽ നീ അവ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുവരണം. ലേവ്യരായ പുരോഹിതന്മാരുടെയും ആ കാലത്തെ ന്യായാധിപന്റെയും അടുത്ത് കൊണ്ടുചെന്ന് അവരുടെ അഭിപ്രായം ആരായണം. അവർ വിധി പ്രഖ്യാപിക്കും. നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അവർ നിനക്കു നൽകുന്ന തീരുമാനം അനുസരിച്ചു നീ പ്രവർത്തിക്കണം. അവർ നിന്നോടു നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു പ്രവർത്തിക്കാൻ നീ ജാഗ്രതയുള്ളവനായിരിക്കണം. അവർ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് നീ പ്രവർത്തിക്കണം. അവർ നിന്നോടു പറയുന്നതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ നീ മാറരുത്. നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വിധി അനുസരിക്കാൻ വിസമ്മതിക്കുന്നവർ മരിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം. എല്ലാ ജനങ്ങളും ഇതു കേട്ട് ഭയപ്പെടണം. പിന്നീട് ആരും അനുസരിക്കാൻ വിസമ്മതിക്കരുത്.
രാജാവിനുള്ള നിർദേശങ്ങൾ
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം നീ അതു കൈവശമാക്കുകയും അവിടെ വാസം ഉറപ്പിക്കുകയും ചെയ്തുകഴിയുമ്പോൾ, “നമ്മുടെ ചുറ്റുമുള്ള ജനതകൾക്കെല്ലാം ഉള്ളതുപോലെ ഒരു രാജാവിനെ നമുക്കു വാഴിക്കാം” എന്നു നീ പറഞ്ഞാൽ, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെത്തന്നെ നീ രാജാവായി വാഴിക്കാൻ ശ്രദ്ധിക്കണം. അവൻ നിന്റെ സ്വന്തം സഹോദരന്മാരിൽ ഒരുവൻ ആയിരിക്കണം. അവൻ ഇസ്രായേല്യരുടെ സഹോദരൻ അല്ലാത്ത ഒരു പ്രവാസി ആയിരിക്കരുത്. മാത്രവുമല്ല, രാജാവ് തനിക്കു കുതിരകളുടെ എണ്ണം വർധിപ്പിക്കുകയോ അവയെ കൂടുതൽ സമ്പാദിക്കുന്നതിന് ജനത്തെ ഈജിപ്റ്റിലേക്കു തിരികെ കൊണ്ടുപോകുകയോ ചെയ്യരുത്. “നിങ്ങൾ അതുവഴി വീണ്ടും കടന്നുപോകരുത്,” എന്ന് യഹോവ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. അവന്റെ ഹൃദയം തെറ്റിപ്പോകാതിരിക്കാൻ അവൻ അനേകം ഭാര്യമാരെ തനിക്കായി സ്വീകരിക്കരുത്. തനിക്കായി സ്വർണവും വെള്ളിയും അധികം സമ്പാദിച്ചുകൂട്ടാനും പാടില്ല.
അവൻ രാജസിംഹാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരിൽനിന്ന് ഈ നിയമത്തിന്റെ ഒരു പകർപ്പ് തനിക്കുവേണ്ടി എഴുതിയെടുക്കണം. ഈ നിയമത്തിലെ എല്ലാ വചനങ്ങളും ഉത്തരവുകളും ശ്രദ്ധയോടെ അനുസരിച്ച് അവന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനും അവൻ സഹോദരന്മാരെക്കാൾ തന്നെത്തന്നെ ശ്രേഷ്ഠനെന്നു കരുതാതിരിക്കാനും നിയമത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതിരിക്കേണ്ടതിനും അത് അവനോടൊപ്പം ഇരിക്കുകയും തന്റെ ജീവകാലമെല്ലാം വായിക്കുകയുംചെയ്യണം. അപ്പോൾ അവനും അവന്റെ തലമുറയും ദീർഘകാലം ഇസ്രായേലിൽ രാജാക്കന്മാരായി ഭരണംനടത്തും.
പുരോഹിതന്മാർക്കും ലേവ്യർക്കുമുള്ള ഓഹരി
ലേവ്യരായ പുരോഹിതന്മാർക്കും വിശേഷാൽ ലേവി ഗോത്രത്തിനു മുഴുവനും ഇസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങൾകൊണ്ട് അവർ ജീവിക്കണം, കാരണം അതാണ് അവരുടെ ഓഹരി. അവരുടെ സഹോദരങ്ങളുടെ ഇടയിൽ അവർക്കൊരു അവകാശവും ഉണ്ടാകാൻ പാടില്ല. യഹോവ അവരോടു വാഗ്ദാനംചെയ്തതുപോലെ അവിടന്നുതന്നെയാണ് അവരുടെ ഓഹരി.
ജനത്തിൽനിന്ന് ആരെങ്കിലും കാളയെയോ ആടിനെയോ യാഗം അർപ്പിക്കുമ്പോൾ, പുരോഹിതന്മാർക്കുള്ള ഓഹരി ഇവയാണ്: കൈക്കുറകും കവിൾത്തടം രണ്ടും ആന്തരികാവയവങ്ങളും നൽകണം. ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവർക്കു നൽകണം. യഹോവയുടെ നാമത്തിൽ എപ്പോഴും നിന്നു ശുശ്രൂഷിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സകലഗോത്രത്തിൽനിന്നും അവരെയും പുത്രന്മാരെയും തെരഞ്ഞെടുത്തിരിക്കുന്നു.
ഇസ്രായേലിലെ ഏതെങ്കിലും നഗരത്തിൽ പ്രവാസിയായി താമസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വളരെ താത്പര്യത്തോടെ വന്നാൽ അവിടെ യഹോവയുടെ ശുശ്രൂഷചെയ്യാൻ നിൽക്കുന്ന ലേവ്യരായ സഹോദരന്മാരെപ്പോലെ അദ്ദേഹത്തിനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാവുന്നതാണ്. അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം.
ഇതര ജനതകളുടെ മ്ലേച്ഛത അനുകരിക്കരുത്
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്. നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.
പ്രവാചകൻ
നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല. നിന്റെ ദൈവമായ യഹോവ നിങ്ങളുടെ സഹയിസ്രായേല്യരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം. “ഞങ്ങളെ ഇനി ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ഈ മഹാഗ്നി കാണാനും അനുവദിക്കരുതേ! അങ്ങനെയായാൽ ഞങ്ങൾ മരിച്ചുപോകും,” എന്ന് ഹോരേബിൽ മഹാസമ്മേളനം കൂടിയനാളിൽ നിങ്ങളുടെ ദൈവമായ യഹോവയോടു നിങ്ങൾ അപേക്ഷിച്ചല്ലോ.
യഹോവ എന്നോട് അരുളിച്ചെയ്തു: “അവർ പറഞ്ഞത് ശരിയാണ്. ഞാൻ അവർക്കുവേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹയിസ്രായേല്യരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിക്കും. ഞാൻ എന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ അധരത്തിൽ നൽകും. ഞാൻ കൽപ്പിക്കുന്നതെല്ലാം അദ്ദേഹം അവരോടു പറയും. ആ പ്രവാചകൻ എന്റെ നാമത്തിൽ അവരോടു പറയുന്ന വചനങ്ങൾ ആരെങ്കിലും അനുസരിക്കാതിരുന്നാൽ ഞാൻതന്നെ അവരോടു കണക്കുചോദിക്കും. എന്നാൽ ഒരു പ്രവാചകൻ, ഞാൻ അവനോടു കൽപ്പിച്ചിട്ടില്ലാത്ത വചനം എന്റെ നാമത്തിൽ പ്രസ്താവിക്കുകയോ അല്ലെങ്കിൽ ഒരു പ്രവാചകൻ അന്യദേവന്മാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ അവനെ വധിക്കണം.
“ഒരു സന്ദേശം യഹോവയുടെ നാമത്തിൽ അല്ല പ്രസ്താവിച്ചതെങ്കിൽ ഞങ്ങൾ എങ്ങനെ അറിയും,” എന്നു നിങ്ങൾ സ്വയം പറഞ്ഞാൽ, ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രഖ്യാപനം ചെയ്യുന്നത് സംഭവിക്കാതിരിക്കുകയും സത്യമാകാതെവരികയും ചെയ്താൽ അത് യഹോവ അരുളിച്ചെയ്ത സന്ദേശമല്ല. ആ പ്രവാചകൻ അതു ധിക്കാരത്തോടെ സ്വയംകൃതമായി പറഞ്ഞതാണ്. അവനെ ഭയപ്പെടരുത്.
സങ്കേതനഗരങ്ങൾ
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തിലെ ജനതകളെ അവിടന്ന് നശിപ്പിച്ച്, നിങ്ങൾ അവരെ ഓടിച്ചുകളഞ്ഞ് അവരുടെ നഗരങ്ങളിലും വീടുകളിലും വസിക്കുമ്പോൾ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് നിങ്ങൾക്കുവേണ്ടി മൂന്നു നഗരങ്ങൾ വേർതിരിക്കണം. ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തിന്റെ ദൂരം അനുസരിച്ച് മൂന്നായി വിഭജിക്കണം. ആരെങ്കിലും ഒരാളെ വധിച്ചാൽ കൊലപാതകം ചെയ്തവ്യക്തി ഈ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടണം.
ഒരാളെ കൊലചെയ്യുന്ന വ്യക്തി തന്റെ ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെടാനുള്ള വ്യവസ്ഥ ഇതാണ്—ഒരാൾ തന്റെ അയൽവാസിയെ മുൻവൈരം കൂടാതെയും മനഃപൂർവമല്ലാതെയും കൊലചെയ്താൽ; ഉദാഹരണമായി ഒരാൾ തന്റെ അയൽവാസിയുമായി മരം മുറിക്കാൻ കാട്ടിൽ പോകുകയും മരം മുറിക്കാൻ അയാൾ കോടാലി ഓങ്ങുമ്പോൾ കോടാലി പിടിയിൽനിന്നും ഊരി അയൽവാസിയുടെമേൽ പതിച്ച് അയാൾ മരിക്കുകയും ചെയ്താൽ, ആ വ്യക്തിക്കു ജീവരക്ഷയ്ക്കുവേണ്ടി ഈ നഗരങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടാം. അല്ലാത്തപക്ഷം, ദൂരം കൂടുതലാണെങ്കിൽ, രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അയാളെ പിൻതുടർന്ന് പിടികൂടുകയും അയാൾ മരണശിക്ഷ അർഹിക്കുന്നില്ലെങ്കിൽപോലും ആ മനുഷ്യനെ കൊല്ലുകയും ചെയ്യും. അയാൾ തന്റെ അയൽവാസിയോട് മുൻവൈരം കൂടാതെയും മനഃപൂർവമായല്ലാതെയും ആണല്ലോ കൊലചെയ്തത്. മൂന്നു നഗരങ്ങൾ നിങ്ങൾക്കുവേണ്ടി വേർതിരിച്ചിടണമെന്ന് ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് അതുകൊണ്ടാണ്.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും അവിടത്തെ പാതയിൽ നടക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന സകലകൽപ്പനകളും ശ്രദ്ധയോടെ പിൻതുടരുകയും ചെയ്യണം. അങ്ങനെയായാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിര് വിസ്താരമാക്കി നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശമെല്ലാം നിങ്ങൾക്കു നൽകുകയും ചെയ്യും. അപ്പോൾ നീ വേറെ മൂന്നു നഗരങ്ങൾകൂടി വേർതിരിച്ചിടണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു നിഷ്കളങ്കരക്തം ചൊരിയപ്പെടാതിരിക്കുന്നതിനും നിരപരാധിയുടെ രക്തപാതകം നിന്റെമേൽ വരാതിരിക്കുന്നതിനുമാണിത്.
എന്നാൽ ഒരാൾ തന്റെ അയൽവാസിയെ വെറുക്കുകയും അയാൾക്കുവേണ്ടി പതിയിരുന്ന് ആക്രമിച്ച്, അയാളെ മുറിപ്പെടുത്തി കൊല്ലുകയും ചെയ്തശേഷം ആ മനുഷ്യൻ ഈ നഗരങ്ങളിലൊന്നിലേക്ക് ഓടി രക്ഷപ്പെട്ടാൽ, അയാളുടെ നഗരത്തലവന്മാർ ആളയച്ച് ആ മനുഷ്യനെ അവിടെനിന്നു തിരികെക്കൊണ്ടുവന്ന് അയാളെ വധിക്കേണ്ടതിന് രക്തപ്രതികാരകന്റെ കൈയിൽ ഏൽപ്പിക്കണം. അയാളോടു ദയ തോന്നരുത്. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിനു കുറ്റമില്ലാത്ത രക്തംചൊരിഞ്ഞ പാതകം ഇസ്രായേലിൽനിന്ന് നീക്കിക്കളയണം.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കവകാശമായി നൽകുന്ന ദേശത്ത് നിന്റെ അവകാശത്തിൽ പൂർവികർ സ്ഥാപിച്ചിട്ടുള്ള നിന്റെ അയൽവാസിയുടെ അതിര് നീക്കാൻ പാടില്ല.
സാക്ഷികൾ
ഒരു വ്യക്തി ചെയ്ത അതിക്രമത്തിനും കുറ്റകൃത്യത്തിനും കുറ്റംവിധിക്കാൻ ഒരൊറ്റ സാക്ഷി മതിയാകുകയില്ല. രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഒരു കാര്യത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.
ഒരാളുടെമേൽ ഒരു കള്ളസ്സാക്ഷി ആർക്കെങ്കിലും വിരോധമായി പറഞ്ഞ് കുറ്റം ആരോപിച്ചാൽ തമ്മിൽ തർക്കമുള്ള രണ്ടു വ്യക്തികളും യഹോവയുടെ സന്നിധിയിൽ അന്നത്തെ പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പിൽ നിൽക്കണം. ന്യായാധിപൻ വിശദമായി അന്വേഷണം നടത്തണം. സാക്ഷി കള്ളസ്സാക്ഷിയാണെന്നും അയാൾ സഹയിസ്രായേല്യനെതിരേ കള്ളസ്സാക്ഷ്യം നൽകിയെന്നും തെളിയിക്കപ്പെട്ടാൽ, അയാൾ കള്ളസ്സാക്ഷ്യം നൽകി മറ്റേ കക്ഷിയോടു ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് നിങ്ങൾ ആ മനുഷ്യനോടു ചെയ്യണം. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കംചെയ്യണം. പിന്നീട് ഒരിക്കലും നിങ്ങളുടെ ഇടയിൽ ഈ വിധത്തിലുള്ള തിന്മ ഉണ്ടാകാതിരിക്കാൻ ശേഷിക്കുന്നവർ ഇതു കേട്ട് ഭയപ്പെടണം. യാതൊരുവിധത്തിലും ദയ കാണിക്കരുത്: ജീവനുപകരം ജീവൻ, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, ഇതായിരിക്കണം നിങ്ങളുടെ പ്രമാണം.
യുദ്ധത്തിനുപോകുമ്പോൾ
നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്. നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം: “ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”
ഉദ്യോഗസ്ഥന്മാർ സൈന്യത്തോട് ഇപ്രകാരം പറയണം: “ആരെങ്കിലും പുതിയ വീട് പണിതിട്ട് ഗൃഹപ്രതിഷ്ഠ നടത്താത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ ഗൃഹപ്രതിഷ്ഠ നടത്തുകയും ചെയ്യും. ആരെങ്കിലും മുന്തിരിത്തോപ്പു നട്ടശേഷം അതിന്റെ ഫലം അനുഭവിക്കാത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.” ഉദ്യോഗസ്ഥന്മാർ വീണ്ടും പറയേണ്ടത്, “ആരെങ്കിലും ഭയപ്പെട്ടോ ഹൃദയം തളർന്നോ ഇരിക്കുന്നവനായിട്ടുണ്ടോ? അവന്റെ സഹപടയാളികളുടെ ഹൃദയം ക്ഷീണിക്കാതെ ഇരിക്കേണ്ടതിന് അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ.” ഉദ്യോഗസ്ഥന്മാർ സൈന്യത്തോടു സംസാരിച്ചശേഷം അവരുടെമേൽ സൈന്യാധിപന്മാരെ നിയമിക്കണം.
നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം. അവർ നിങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് വാതിൽ തുറന്നാൽ അവിടെയുള്ള ജനം എല്ലാം നിങ്ങൾക്ക് അടിമകളായി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യണം. എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം. നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം. എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിങ്ങൾക്കു കൊള്ളയായി എടുക്കാം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുക്കളിൽനിന്ന് നൽകിയ കൊള്ളവസ്തുക്കൾ നിങ്ങൾക്കനുഭവിക്കാം. നിങ്ങൾക്കു സമീപമുള്ള ഈ ജനതകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത എല്ലാ വിദൂരനഗരങ്ങളോടും ഇങ്ങനെതന്നെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന നഗരങ്ങളിലെ ശ്വാസമുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്. ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ പൂർണമായി സംഹരിക്കണം. അല്ലാത്തപക്ഷം അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്യുന്ന മ്ലേച്ഛതകൾ പിൻതുടരാൻ നിങ്ങളെ പഠിപ്പിക്കും; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപം ചെയ്യാനിടയാകും.
ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ? എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഫലങ്ങളുള്ള വൃക്ഷങ്ങൾമാത്രം വെട്ടിക്കളയുക. നിന്നോടു യുദ്ധംചെയ്യുന്ന നഗരം കീഴടങ്ങുംവരെ അവ ഉപയോഗിച്ച് നിനക്കു കൊത്തളങ്ങൾ നിർമിക്കാം.
തെളിവില്ലാത്ത കൊലപാതകത്തിനുള്ള പ്രായശ്ചിത്തം
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം. ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം. അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു. ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം. അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല. യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും. യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.
അടിമസ്ത്രീയെ ഭാര്യയാക്കുമ്പോൾ
നീ നിന്റെ ശത്രുക്കളോടു യുദ്ധംചെയ്യാൻ പോയി നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ അടിമകളായി എടുക്കുകയും ചെയ്യുമ്പോൾ അടിമകളുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നിനക്ക് അവളെ ഭാര്യയായി സ്വീകരിക്കാം. അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്. നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.
ആദ്യജാതന്റെ ഓഹരി
ഒരാൾക്ക് ഇഷ്ടയായും അനിഷ്ടയായും രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും രണ്ടുപേരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ പുത്രനാകുകയും ചെയ്താൽ അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു വിഭജിച്ചുകൊടുക്കുമ്പോൾ അനിഷ്ടയുടെ പുത്രനായ ആദ്യജാതനു പകരം ഇഷ്ടയുടെ പുത്രന് ആദ്യജാതനുള്ള അവകാശങ്ങൾ നൽകാൻ പാടില്ല. അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.
അനുസരണമില്ലാത്ത മകൻ
ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
വിവിധ നിയമങ്ങൾ
മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ അവന്റെ പിണം രാത്രിമുഴുവൻ മരത്തിൽ കിടക്കാൻ പാടില്ല. മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവർ ദൈവത്താൽ ശപിക്കപ്പെട്ടവരായതുകൊണ്ട് അന്നുതന്നെ അവനെ സംസ്കരിക്കണം. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ മലിനമാക്കരുത്.
ജീവനും വിശുദ്ധിയും സൂക്ഷിക്കുക
സഹയിസ്രായേല്യന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു നീ കണ്ടാൽ അതു കണ്ടില്ലെന്നു നടിക്കരുത്. അതിനെ അയാളുടെ അടുത്ത് എത്തിച്ചുകൊടുക്കണം. സഹയിസ്രായേല്യൻ നിനക്കു സമീപവാസിയല്ല, അയാൾ നിനക്കു പരിചിതനും അല്ലാതെ ഇരിക്കുന്നെങ്കിൽ ആ മനുഷ്യൻ അന്വേഷിച്ചു വരുന്നതുവരെ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കണം. പിന്നെ അതിനെ അയാൾക്കു തിരികെ നൽകണം. നിന്റെ സഹോദരങ്ങളുടെ കഴുത, പുറങ്കുപ്പായം, ഇങ്ങനെ അവർക്കു നഷ്ടപ്പെടുന്ന ഏതു വസ്തുവും നീ കണ്ടെത്തിയാൽ ഇങ്ങനെതന്നെ ചെയ്യണം. നീ അതിനെ കണ്ടില്ലെന്നു നടിക്കരുത്.
നിന്റെ സഹയിസ്രായേല്യന്റെ കാളയോ കഴുതയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേൽപ്പിക്കാൻ അതിന്റെ ഉടമസ്ഥനെ സഹായിക്കണം.
സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്; പുരുഷൻ സ്ത്രീയുടെ വസ്ത്രവും ധരിക്കരുത്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെയും നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
ഒരു മരത്തിലോ നിലത്തിലോ കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള പക്ഷിക്കൂട് നിന്റെ വഴിയരികിൽ കണ്ടാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെമേലോ മുട്ടയുടെമേലോ ഇരിക്കുന്നെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ തള്ളപ്പക്ഷിയെ പിടിക്കരുത്. നിനക്കു നന്മയും ദീർഘായുസ്സുമുണ്ടാകാനായി തള്ളപ്പക്ഷിയെ വിടണം. കുഞ്ഞുങ്ങളെ നിനക്കെടുക്കാം.
നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മേൽക്കൂരയ്ക്കു ചുറ്റിലും കൈമതിൽ പണിയണം. ആരെങ്കിലും മേൽക്കൂരയിൽനിന്നു താഴെവീണ് രക്തച്ചൊരിച്ചിലിന്റെ കുറ്റം നിന്റെ വീടിന്മേൽ വരാതിരിക്കേണ്ടതിനാണിത്.
നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.
കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്.
ആട്ടുരോമവും ചണവും ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
നീ ധരിക്കുന്ന പുറങ്കുപ്പായത്തിന്റെ നാലുകോണിലും തൊങ്ങലുകൾ ഉണ്ടായിരിക്കണം.
ദാമ്പത്യബന്ധത്തിൽ അവിശ്വസ്തത
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംചെയ്ത് അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം അവളെ ഇഷ്ടപ്പെടാതെ അവൾക്കു ദുഷ്പേരുണ്ടാക്കി അപമാനിച്ച്, “ഞാൻ ഈ സ്ത്രീയെ വിവാഹംകഴിച്ചു, പക്ഷേ ഞാൻ ഇവളെ സമീപിച്ചപ്പോൾ ഇവളിൽ കന്യകാലക്ഷണം കണ്ടില്ല” എന്നു പറഞ്ഞാൽ; ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തുപോയി അവളുടെ കന്യകാലക്ഷണം കാണിക്കണം. പെൺകുട്ടിയുടെ പിതാവ് ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞാൻ എന്റെ മകളെ ഈ പുരുഷനു വിവാഹംകഴിപ്പിച്ചുകൊടുത്തു. എന്നാൽ അവൻ അവളെ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ അവൻ, ‘ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല’ എന്നിങ്ങനെ അപവാദം പറയുന്നു. പക്ഷേ, ഇതാ, എന്റെ മകളുടെ കന്യകാലക്ഷണം.” അതിനുശേഷം അവളുടെ മാതാപിതാക്കൾ പട്ടണത്തലവന്മാരുടെമുമ്പിൽ ആ വസ്ത്രം കാണിക്കണം. പട്ടണത്തലവന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷ നൽകണം. ഇസ്രായേലിലെ ഒരു കന്യകയ്ക്കു ദുഷ്പേരുണ്ടാക്കിയതുകൊണ്ട് പെൺകുട്ടിയുടെ പിതാവിന് നൂറു ശേക്കേൽ22:19 ഏക. 1.2 കി.ഗ്രാം. വെള്ളി നൽകാൻ അവർ അവന് പിഴയിടണം. അവൾ അവനു ഭാര്യയായി തുടരണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളെ വിവാഹമോചനം ചെയ്യാൻ പാടില്ല.
എന്നാൽ ആരോപണം സത്യമായിരിക്കുകയും പെൺകുട്ടിയുടെ കന്യകാലക്ഷണം ഒന്നും കണ്ടെത്താതിരിക്കുകയും ചെയ്താൽ, അവളെ പിതാവിന്റെ വീട്ടുവാതിൽക്കൽ കൊണ്ടുചെന്ന്, അവളുടെ നഗരത്തിലെ പുരുഷന്മാർ കല്ലെറിഞ്ഞുകൊല്ലണം. അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് പിതാവിന്റെ വീട്ടിൽവെച്ചുതന്നെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.
വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം. പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുവൻ നഗരത്തിനു പുറത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവളെ ബലാൽക്കാരംചെയ്യുകയും ചെയ്താൽ ആ പുരുഷൻമാത്രം മരണശിക്ഷ അനുഭവിക്കണം. മരണശിക്ഷയ്ക്കു തക്ക പാപമൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് പെൺകുട്ടിയോട് ഒന്നും ചെയ്യരുത്. ഒരാൾ ഒരു അയൽവാസിയോടു കോപിച്ച് അയാളെ കൊല്ലുന്നതിനു തുല്യമായ പ്രവൃത്തിയാണിത്. നഗരത്തിനു പുറത്തുവെച്ചാണല്ലോ പുരുഷൻ പെൺകുട്ടിയെ കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ആ പെൺകുട്ടി രക്ഷയ്ക്കായി നിലവിളിച്ചാൽപോലും അവളെ രക്ഷിക്കാൻ അവിടെ ആരും ഉണ്ടായിരിക്കുകയില്ല.
എന്നാൽ വിവാഹനിശ്ചയം ചെയ്തിട്ടില്ലാത്ത ഒരു കന്യകയെ ഒരുവൻ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളെ ബലാൽക്കാരംചെയ്യുകയും അതു കണ്ടുപിടിക്കുകയും ചെയ്താൽ ബലാൽക്കാരംചെയ്ത പുരുഷൻ പെൺകുട്ടിയുടെ പിതാവിന് അൻപതുശേക്കേൽ22:29 ഏക. 575 ഗ്രാം. വെള്ളി നൽകണം. അവൻ അവൾക്കു മാനഹാനി വരുത്തിയതുകൊണ്ട് അവളെ വിവാഹംകഴിക്കണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പാടില്ല.
ഒരുവൻ തന്റെ പിതാവിന്റെ ഭാര്യയെ വിവാഹംചെയ്യരുത്; അയാൾ തന്റെ പിതാവിന്റെ കിടക്കയോട് അനാദരവുകാട്ടരുത്.
യഹോവയുടെ സഭ
ജനനേന്ദ്രിയം വിച്ഛേദിക്കപ്പെട്ടവനോ ഉടയ്ക്കപ്പെട്ടവനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
വിലക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധത്തിലൂടെ ജനിക്കുന്നവ്യക്തിയും അയാളുടെ പത്താമത്തെ തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
അമ്മോന്യരോ മോവാബ്യരോ, അവരുടെ പത്താമത്തെ തലമുറയിലുള്ള ഒരുത്തൻപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ നിങ്ങളുടെ വഴിയിൽ അപ്പവും വെള്ളവുംകൊണ്ട് അവർ നിങ്ങളെ എതിരേൽക്കാതിരുന്നതുകൊണ്ടും നിങ്ങളെ ശപിക്കേണ്ടതിന് അരാം-നെഹറയിമിലെ23:4 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കു വിളിച്ചതുകൊണ്ടുമാണത്. എങ്കിലും നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ബിലെയാമിനെ ശ്രദ്ധിക്കാതെ നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. നിന്റെ ജീവിതകാലത്തൊരിക്കലും അവർക്ക് സമാധാനമോ ഐശ്വര്യമോ ആഗ്രഹിക്കരുത്.
ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരനെ വെറുക്കരുത്; നീ അവന്റെ രാജ്യത്ത് പ്രവാസിയായി താമസിച്ചിരുന്നല്ലോ. അവരുടെ മൂന്നാംതലമുറയ്ക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
പാളയത്തിലെ അശുദ്ധി
നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം. സന്ധ്യയാകുമ്പോൾ അവൻ കുളിക്കണം. സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിലേക്കു തിരികെ വരാം.
വിസർജനത്തിനുവേണ്ടി പാളയത്തിനുപുറത്ത് നിങ്ങൾക്ക് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാര ഉണ്ടായിരിക്കണം. ഒരു കുഴിയുണ്ടാക്കി വിസർജ്യം അതിൽ മൂടിയിടണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കുന്നതിനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നതിനും നിങ്ങളുടെ പാളയത്തിനു മധ്യേ സഞ്ചരിക്കുന്നു. നിങ്ങളിൽ മ്ലേച്ഛമായവ കണ്ടിട്ട് അവിടന്ന് നിങ്ങളെ വിട്ടകന്നുപോകാതിരിക്കാൻ നിങ്ങളുടെ പാളയം ശുദ്ധമായിരിക്കണം.
വിവിധ നിയമങ്ങൾ
ഒരു അടിമ തന്റെ ഇപ്പോഴത്തെ യജമാനനിൽനിന്നു രക്ഷപ്പെട്ട് നിന്നെ അഭയം പ്രാപിച്ചാൽ ആ അടിമയെ അയാളുടെ യജമാനനു കൈമാറരുത്. അവർ നിങ്ങളുടെ ഇടയിൽ തനിക്ക് ഇഷ്ടമുള്ള പട്ടണത്തിൽ എവിടെയെങ്കിലും താമസിക്കട്ടെ. അവനെ പീഡിപ്പിക്കരുത്.
ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ23:18 മൂ.ഭാ. നായുടെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
പണത്തിനോ ഭക്ഷണത്തിനോ പലിശ വാങ്ങാവുന്ന ഏതെങ്കിലും വസ്തുവിനോ നിന്റെ സഹയിസ്രായേല്യനോട് പലിശ വാങ്ങരുത്. അന്യദേശക്കാരിൽനിന്നു നിനക്ക് പലിശ വാങ്ങാം. എന്നാൽ നീ അവകാശമാക്കാൻപോകുന്ന ദേശത്തു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഇസ്രായേല്യനായ ഒരു സഹോദരനോട് പലിശ വാങ്ങരുത്.
നിന്റെ ദൈവമായ യഹോവയ്ക്ക് നീ നേർച്ച നേർന്നാൽ അതു നിറവേറ്റാൻ താമസിക്കരുത്. നിന്റെ ദൈവമായ യഹോവ അതു നിന്നോടു ചോദിക്കും. അതിൽ നീ കുറ്റക്കാരനായിത്തീരും. എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല. നീ സ്വമേധയാ നിന്റെ വാകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുകൊണ്ട് നിന്റെ അധരംകൊണ്ട് ഉച്ചരിച്ചത് എന്തായിരുന്നാലും അതു തീർച്ചയായും നിറവേറ്റണം.
നിന്റെ അയൽവാസിയുടെ മുന്തിരിത്തോപ്പിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ മുന്തിരി ഭക്ഷിക്കാം. പക്ഷേ, ഒന്നും നിന്റെ കുട്ടയിൽ ഇടരുത്. നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.
ബലഹീനരെ സംരക്ഷിക്കുന്നതിനുള്ള നിയമം
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചശേഷം അവളിൽ ദോഷം കണ്ടെത്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ വന്നാൽ വിവാഹമോചനപത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്ക് അയയ്ക്കണം, അവന്റെ വീട്ടിൽനിന്ന് പോയതിനുശേഷം അവൾക്ക് മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാം. രണ്ടാമത്തെ ഭർത്താവും അവളെ ഇഷ്ടപ്പെടാതെ വിവാഹമോചനത്തിനുള്ള പത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയോ ആ പുരുഷൻ മരിക്കുകയോ ചെയ്താൽ അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.
വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
കുഷ്ഠംപോലുള്ള24:8 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം. നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്. നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം. അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള നിയമം
മനുഷ്യർക്കുതമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ അവരെ കോടതിയിൽ കൊണ്ടുവന്ന് ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തരാക്കുകയും കുറ്റക്കാരെ ശിക്ഷ വിധിക്കുകയും വേണം. കുറ്റക്കാർ അടിക്കു യോഗ്യരെങ്കിൽ ന്യായാധിപൻ അവരെ നിലത്തു കിടത്തി തന്റെ സാന്നിധ്യത്തിൽ അവരുടെ കുറ്റത്തിന് എത്ര അടി അർഹിക്കുന്നോ അത്രയും അവരെ അടിപ്പിക്കണം. എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.
ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്.
സഹോദരന്മാർ ഒരുമിച്ചു താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ വിധവ കുടുംബത്തിനു പുറത്തുനിന്ന് വിവാഹംകഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹംകഴിച്ച് അവളോടു ഭർത്തൃസഹോദരന്റെ ധർമം നിറവേറ്റണം. മരിച്ചുപോയ സഹോദരന്റെ നാമം ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതനിൽ അവന്റെ നാമം നിലനിർത്തണം.
എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.” പിന്നീട് പട്ടണത്തലവന്മാർ അവനെ വിളിപ്പിച്ചു സംസാരിക്കണം. “എനിക്ക് അവളെ സ്വീകരിക്കാൻ സമ്മതമല്ല,” എന്ന് അവൻ തീർത്തുപറഞ്ഞാൽ അവന്റെ സഹോദരന്റെ വിധവ ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽവെച്ച് അവന്റെ അടുത്തുചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുനീക്കി അവന്റെ മുഖത്തു തുപ്പിയിട്ട്, “തന്റെ സഹോദരന്റെ കുടുംബം പണിയാത്തവരോട് ഇങ്ങനെ ചെയ്യും” എന്നു പറയണം. അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും.
രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ, നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്.
നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്. നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം. ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക. നിങ്ങൾ ക്ഷീണിച്ചും തളർന്നും ഇരുന്നപ്പോൾ അവർ വഴിയാത്രയിൽ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും, പിൻനിരയിൽ തളർന്നു തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അവർ ദൈവത്തെ ഭയപ്പെട്ടില്ല. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത്, ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് സ്വസ്ഥത നൽകുമ്പോൾ നീ അമാലേക്യരുടെ സ്മരണ ആകാശത്തിനു കീഴിൽനിന്ന് തുടച്ചുനീക്കണം. ഇതു മറക്കരുത്!
ആദ്യഫലവും ദശാംശവും
നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം അതു സ്വന്തമാക്കി നീ അവിടെ വസിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തെ മണ്ണിൽനിന്നു ലഭിക്കുന്ന സകലത്തിന്റെയും ആദ്യഫലം കുറെ എടുത്ത് ഒരു കുട്ടയിൽ വെച്ച് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചെല്ലണം. അന്നത്തെ പുരോഹിതന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയണം: “നമുക്ക് നൽകുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഇന്നു ഞാൻ ഏറ്റുപറയുന്നു.” പുരോഹിതൻ ആ കുട്ട നിന്റെ കൈയിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനുമുമ്പിൽ വെക്കണം. അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ഇങ്ങനെ പ്രസ്താവിക്കണം: “എന്റെ പിതാവ് അലഞ്ഞുനടന്ന ഒരു അരാമ്യനായിരുന്നു. അദ്ദേഹം ചുരുക്കംചില ആളുകളുമായി ഈജിപ്റ്റിലേക്കുചെന്ന് അവിടെ പ്രവാസിയായി താമസിച്ചു. അവിടെ വലുപ്പവും ബലവും അസംഖ്യവുമായ ഒരു ജനതയായിത്തീർന്നു. എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു ദോഷമായി പെരുമാറി ഞങ്ങളെ പീഡിപ്പിച്ച് കഠിനമായി വേലചെയ്യിപ്പിച്ചു. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും പീഡയും കണ്ടു. യഹോവ ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഭയങ്കരവും അത്ഭുതകരവുമായ ചിഹ്നങ്ങൾകൊണ്ടും അത്ഭുതപ്രവൃത്തികൾകൊണ്ടും ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു. പാലും തേനും ഒഴുകുന്ന ഈ ദേശത്തേക്ക് അവിടന്നു ഞങ്ങളെ കൊണ്ടുവന്ന് ഈ ദേശം ഞങ്ങൾക്കു നൽകി. യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” അതിനുശേഷം അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ നമസ്കരിക്കുകയും വേണം. നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നൽകിയ എല്ലാ നന്മയിലും നീയും ലേവ്യരും നിങ്ങളുടെയിടയിലുള്ള പ്രവാസികളും ആനന്ദിക്കണം.
ദശാംശത്തിന്റെ വർഷമായ മൂന്നാംവർഷത്തിൽ നിന്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിന്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം. അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഇപ്രകാരം പറയണം: “അങ്ങ് എന്നോടു കൽപ്പിച്ചിട്ടുള്ളതുപോലെ ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്ന് വേർതിരിച്ച് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും കൊടുത്തിരിക്കുന്നു. ഞാൻ അവിടത്തെ കൽപ്പന വിട്ടുമാറുകയോ അതു മറക്കുകയോ ചെയ്തിട്ടില്ല. എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കുവേണ്ടി അതിൽനിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു. അങ്ങയുടെ വിശുദ്ധനിവാസമായ സ്വർഗത്തിൽനിന്ന് നോക്കി അവിടത്തെ ജനമായ ഇസ്രായേലിനെയും അവിടന്നു ഞങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ ഞങ്ങൾക്കു നൽകിയ പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ.”
യഹോവയുടെ കൽപ്പന പ്രമാണിക്കുക
ഈ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കൽപ്പിക്കുന്നു. നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും അവ ശ്രദ്ധയോടെ പ്രമാണിക്കണം. യഹോവ നിന്റെ ദൈവമായിരിക്കുമെന്നും അവിടത്തെ വഴിയിൽ നടന്ന് അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും പാലിക്കുമെന്നും യഹോവയെ അനുസരിക്കുമെന്നും നീ ഇന്നു പ്രസ്താവിച്ചിരിക്കുന്നു. നീ യഹോവയുടെ സ്വന്തജനവും തന്റെ അവകാശമായ നിക്ഷേപവും ആയിരിക്കും എന്ന് യഹോവ ഇന്നു പ്രസ്താവിച്ചിരിക്കുകയാൽ അവിടത്തെ സകലകൽപ്പനകളും പ്രമാണിക്കേണ്ടതാകുന്നു. താൻ സൃഷ്ടിച്ച എല്ലാ ജനതകളെക്കാളും നിന്നെ പുകഴ്ചയിലും പ്രസിദ്ധിയിലും മാനത്തിലും ഉന്നതനാക്കുമെന്നും താൻ വാഗ്ദാനംചെയ്തതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു നീ വിശുദ്ധജനം ആയിരിക്കുമെന്നും അവിടന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
ഏബാൽപർവതത്തിലെ യാഗപീഠം
ഇതിനുശേഷം മോശയും ഇസ്രായേൽഗോത്രത്തലവന്മാരും ജനത്തോടു കൽപ്പിച്ചു: “ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും പാലിക്കുക. നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് എത്തുമ്പോൾ വലിയ കല്ലുകൾ പടുത്തുയർത്തി അതിൽ കുമ്മായം തേക്കണം. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ഈ നദികടന്നു പ്രവേശിക്കുമ്പോൾ നീ ഈ നിയമത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതണം. അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം. അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പുകൊണ്ടുള്ള ആയുധം സ്പർശിക്കരുത്. ചെത്തിമിനുക്കാത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിത് അതിന്മേൽനിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കണം. അവിടെ സമാധാനയാഗങ്ങൾ അർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഭക്ഷിക്കുകയും ആനന്ദിക്കുകയും വേണം. നീ ഉയർത്തിയ കല്ലുകളിൽ ഈ നിയമത്തിന്റെ വചനങ്ങൾ വളരെ വ്യക്തമായി എഴുതണം.”
മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.”
ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു:
നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം:
“ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
“ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ
നിന്റെ ദൈവമായ യഹോവയെ നീ പൂർണമായി അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളെല്ലാം ശ്രദ്ധയോടെ പാലിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സകലജനതകൾക്കും മീതേ ഉന്നതനാക്കും. നിന്റെ ദൈവമായ യഹോവയെ നീ അനുസരിക്കുമെങ്കിൽ ഈ അനുഗ്രഹങ്ങൾ നിന്റെമേൽ വരികയും നിന്നെ പിൻതുടരുകയും ചെയ്യും.
നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും.
നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും—വളർത്തുമൃഗങ്ങളുടെ കിടാങ്ങളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും—അനുഗ്രഹിക്കപ്പെടും.
നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും.
നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും.
യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന സകലത്തിലും അനുഗ്രഹം അയയ്ക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും.
നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച് അവിടത്തെ വഴികളിൽ നടക്കുമെങ്കിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ നിന്നെ വിശുദ്ധജനമായി അവിടന്ന് സ്ഥിരപ്പെടുത്തും. അപ്പോൾ ഭൂമിയിലെ സകലജനതകളും നീ യഹോവയുടെ നാമത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് അവർ നിന്നെ ഭയപ്പെടും. യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും.
യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നീ എപ്പോഴും മുൻനിരയിലായിരിക്കും; ഒരിക്കലും പിൻനിരയിലാകുകയില്ല. യഹോവ നിന്നെ വാലല്ല, തലയാക്കും. ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന ഏതെങ്കിലും കൽപ്പനയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി അന്യദേവന്മാരുടെ പിന്നാലെപോയി അവയെ സേവിക്കരുത്.
അനുസരണക്കേടിനുള്ള ശാപങ്ങൾ
എന്നാൽ നീ നിന്റെ ദൈവമായ യഹോവയെ അനുസരിക്കാതെയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളും ഉത്തരവുകളും ശ്രദ്ധയോടെ പാലിക്കാതെയും ഇരുന്നാൽ ഈ ശാപങ്ങൾ നിന്റെമേൽ വന്ന് അതു നിന്നെ അധീനപ്പെടുത്തും:
നഗരത്തിൽ നീ ശപിക്കപ്പെടും, വയലിൽ നീ ശപിക്കപ്പെടും
നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും ശപിക്കപ്പെടും.
നിന്റെ ഗർഭഫലം ശപിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും, വളർത്തുമൃഗങ്ങളുടെ കിടാക്കളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും ശപിക്കപ്പെടും.
നീ അകത്തുവരുമ്പോൾ ശപിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ ശപിക്കപ്പെടും.
യഹോവയെ ഉപേക്ഷിച്ച് നീ ചെയ്ത തിന്മപ്രവൃത്തികൾനിമിത്തം നീ നശിച്ച് വേഗത്തിൽ ശിഥിലമാകുന്നതുവരെ അവിടന്ന് നീ കൈ തൊടുന്ന സകലത്തിന്മേലും ശാപവും വിഭ്രാന്തിയും അസ്വസ്ഥതയും അയയ്ക്കും. നീ അവകാശമാക്കാൻ പ്രവേശിക്കുന്ന ദേശത്തുനിന്ന് നിന്നെ ഉന്മൂലനംചെയ്യുന്നതുവരെ യഹോവ നിനക്കു മഹാവ്യാധി വരുത്തും. പനി, നീർവീക്കം, കഠിനചൂട്, വരൾച്ച, പൂപ്പൽ, പുഴുക്കുത്ത് എന്നീ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ യഹോവ നിനക്കു വരുത്തും. നീ നശിക്കുംവരെ അവ മഹാവ്യാധിയായി നിന്നെ പിൻതുടരും. നിന്റെ തലയ്ക്കു മുകളിലുള്ള ആകാശം വെങ്കലവും താഴെയുള്ള ഭൂമി ഇരുമ്പും ആയിത്തീരും. യഹോവ നിന്റെ ദേശത്തെ മഴയെ ധൂളിയും പൊടിയും ആക്കും. നീ നശിക്കുംവരെ അവ ആകാശത്തുനിന്നു നിന്റെമേൽ പെയ്യും.
യഹോവ ശത്രുക്കളുടെമുമ്പിൽ നിന്നെ തോൽക്കുമാറാക്കും. നീ ഒരു വഴിയായി അവരെ എതിരിടും. ഏഴുവഴിയായി അവരുടെമുമ്പിൽനിന്ന് ഓടിപ്പോകും. നിനക്കു സംഭവിക്കുന്നതു കാണുന്ന ഭൂമിയിലെ സകലരാജ്യങ്ങൾക്കും നീ ഒരു ഭീതിവിഷയമാകും. നിന്റെ പിണം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും. അവയെ ഓടിച്ചുകളയാൻ ആരും ഉണ്ടായിരിക്കുകയില്ല. യഹോവ നിന്നെ ഈജിപ്റ്റിലെ പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നീ തീരാവ്യാധികളാൽ ബാധിക്കും. ഭ്രാന്ത്, അന്ധത, മാനസികവിഭ്രാന്തി എന്നിവയാൽ യഹോവ നിന്നെ ബാധിക്കും. അന്ധർ ഇരുട്ടിൽ തപ്പുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നിന്റെ വഴികളിലൊന്നും നിനക്കു ഗുണം വരികയില്ല. നീ നിരന്തരം പീഡിപ്പിക്കപ്പെടുകയും കവർച്ചയ്ക്കിരയാകുകയും ചെയ്യും. നിന്നെ വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
നീ ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിക്കും. മറ്റൊരുവൻ അവളെ കൊണ്ടുപോകുകയും ബലാൽക്കാരംചെയ്യുകയും ചെയ്യും. നീ വീടുപണിയും. എന്നാൽ അതിൽ നീ വസിക്കുകയില്ല. നീ മുന്തിരിത്തോപ്പു നട്ടുണ്ടാക്കും, എന്നാൽ അതിന്റെ ഫലവും നീ അനുഭവിക്കുകയില്ല. നിന്റെ കാളയെ നിന്റെ കൺമുമ്പിൽ അറക്കും, എന്നാൽ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്നിൽനിന്ന് അപഹരിക്കും. നിനക്കു തിരികെ കിട്ടുകയുമില്ല. നിന്റെ ആടുകൾ നിന്റെ ശത്രുക്കൾക്കു സ്വന്തമാകും, അവയെ ആരും രക്ഷിക്കുകയില്ല. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അന്യരാജ്യക്കാർ കൊണ്ടുപോകും. ദിനംതോറും അവരെ കാത്തിരുന്ന് നിന്റെ കണ്ണുകൾ ക്ഷീണിക്കും, നിന്റെ ശക്തിക്ഷയിച്ച് കരം ചലിപ്പിക്കാൻപോലും സാധിക്കുകയില്ല, നിന്റെ നിലത്തെ വിളവും അധ്വാനഫലവും നീ അറിയാത്ത ജനത അനുഭവിക്കും, ഞെരുക്കവും പീഡനവും അല്ലാതെ മറ്റൊന്നും നിന്റെ ജീവകാലത്തൊരിക്കലും ലഭിക്കുകയില്ല. നീ കാണുന്ന കാഴ്ചകൾ നിന്നെ ഭ്രാന്തനാക്കും. സൗഖ്യമാകാത്ത വേദനയുള്ള പരുക്കളാൽ നിന്റെ ഉള്ളംകാൽമുതൽ നെറുകവരെ കാലിലും മുഴങ്കാലിലും എല്ലാം യഹോവ നിന്നെ കഷ്ടപ്പെടുത്തും.
യഹോവ നിന്നെയും നിന്റെമേൽ നിയോഗിച്ച രാജാവിനെയും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ജനതയുടെ അടുത്തേക്ക് ഓടിച്ചുകളയും. അവിടെ നീ മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ ആരാധിക്കും. യഹോവ നിന്നെ അയയ്ക്കുന്ന സകലജനതകളുടെയും മധ്യേ നീ ഭീതിവിഷയവും പഴഞ്ചൊല്ലും പരിഹാസവാക്കും ആയിത്തീരും.
നീ വളരെ വിത്ത് വയലിൽ വിതയ്ക്കും, എന്നാൽ വെട്ടുക്കിളികൾ അവ നശിപ്പിക്കുന്നതുകൊണ്ട് നീ അൽപ്പംമാത്രം കൊയ്യും. നീ മുന്തിരിത്തോപ്പു നട്ട് കൃഷി ചെയ്യും, എന്നാൽ പുഴു തിന്നുകളയുന്നതുകൊണ്ട് വീഞ്ഞുകുടിക്കുകയോ മുന്തിരി ശേഖരിക്കുകയോ ചെയ്യുകയില്ല. നിനക്ക് ദേശത്തെല്ലാം ഒലിവുമരങ്ങൾ ഉണ്ടാകും, എന്നാൽ ഒലിവുകായ്കൾ പൊഴിഞ്ഞുപോകുന്നതുകൊണ്ട് നീ എണ്ണ ഉപയോഗിക്കുകയില്ല. നിനക്ക് പുത്രന്മാരും പുത്രിമാരും ഉണ്ടാകും: എന്നാൽ അവർ നിനക്കു സ്വന്തമാകുകയില്ല, അവർ അടിമകളായി പോകും. നിന്റെ ദേശത്തെ വിളവുകളും വൃക്ഷങ്ങളും വെട്ടുക്കിളികളുടെ കൂട്ടം തിന്നുകളയും.
നിങ്ങളുടെ ഇടയിലുള്ള പ്രവാസി നിനക്കുമീതേ അഭിവൃദ്ധിപ്പെട്ട് ഉയർന്നുവരും, എന്നാൽ നീ ക്ഷയിച്ച് താണുപോകും. അവർ നിനക്കു വായ്പ നൽകും, എന്നാൽ അവർക്കു വായ്പ നൽകാൻ നിനക്കു സാധിക്കുകയില്ല. അവർ തലയും നീ വാലും ആയിരിക്കും.
ഈ ശാപമെല്ലാം നിന്റെമേൽ വന്നുഭവിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും പാലിക്കാതെയും അവിടത്തെ അനുസരിക്കാതെയുമിരുന്നതുകൊണ്ട് നീ ഉന്മൂലമാകുന്നതുവരെ അവ നിന്നെ പിൻതുടരുകയും അധീനപ്പെടുത്തുകയും ചെയ്യും. അവ നിനക്കും നിന്റെ സന്തതിക്കും ഒരു ചിഹ്നവും അത്ഭുതവും ആയി എന്നേക്കും ഇരിക്കും. നിന്റെ ഐശ്വര്യസമൃദ്ധിയുടെ സമയത്ത് നീ ആഹ്ലാദത്തോടും ആനന്ദത്തോടുംകൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാതിരുന്നതുകൊണ്ട്, വിശപ്പിലും ദാഹത്തിലും നഗ്നതയിലും ദാരിദ്ര്യത്തിലും യഹോവ നിനക്കുനേരേ അയയ്ക്കുന്ന ശത്രുക്കളെ നീ സേവിക്കും. അവിടന്ന് നിന്നെ നശിപ്പിക്കുന്നതുവരെ നിന്റെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
വളരെ അകലെനിന്നും, ഭൂമിയുടെ അറ്റത്തുനിന്നുതന്നെ, കഴുകൻ പറന്നിറങ്ങി വരുന്നതുപോലെ യഹോവ ഒരു ജനതയെ നിന്റെമേൽ വരുത്തും. അവർ നീ അറിഞ്ഞിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന ജനതയും വൃദ്ധരെ ബഹുമാനിക്കുകയോ യുവാക്കളോടു കരുണകാണിക്കുകയോ ചെയ്യാത്ത ക്രൂരമുഖമുള്ള ജനതയുമാകുന്നു. നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും. നീ ശിഥിലമാകുന്നതുവരെ നിന്റെ ധാന്യമോ പുതുവീഞ്ഞോ ഒലിവെണ്ണയോ കാളക്കിടാങ്ങളെയോ കുഞ്ഞാടുകളെയോ നിനക്കു ശേഷിപ്പിക്കുകയില്ല. നിന്റെ ദേശത്ത് എങ്ങും നീ ആശ്രയിക്കുന്ന ഉയരവും ഉറപ്പും ഉള്ള മതിലുകൾ വീഴുന്നതുവരെ അവർ നിന്നെ ഉപരോധിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ ദേശത്ത് എങ്ങുമുള്ള എല്ലാ നഗരങ്ങളിലും നിന്നെ ഉപരോധിക്കും.
ഉപരോധകാലത്തെ ശത്രുവിന്റെ പീഡനത്തിന്റെയും കഷ്ടപ്പെടുത്തലിന്റെയും ആധിക്യംനിമിത്തം നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ ഭക്ഷിക്കും. നിങ്ങളുടെ മധ്യത്തിലുള്ള മൃദുലഹൃദയനും ആർദ്രതയുള്ളവനുമായ പുരുഷൻ തന്റെ സഹോദരനോടും താൻ സ്നേഹിക്കുന്ന ഭാര്യയോടും ശേഷിക്കുന്ന മക്കളോടും ദയ കാണിക്കാതെ അവരിൽ ഒരാൾക്കുപോലും താൻ ഭക്ഷിക്കുന്ന മക്കളുടെ മാംസം അശേഷം നൽകുകയില്ല. ശത്രു നിന്റെ പട്ടണങ്ങളെയെല്ലാം ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം നിനക്ക് ഒരു ശേഷിപ്പും ഉണ്ടാകുകയില്ല. നിങ്ങളുടെ ഇടയിലുള്ളവളും, ദേഹമാർദവത്താലും കോമളത്വത്താലും ഉള്ളംകാൽ നിലത്തു ചവിട്ടാൻപോലും മടിക്കുന്ന മൃദുലഹൃദയമുള്ളവളും ആർദ്രതയുള്ളവളുമായ സ്ത്രീപോലും, താൻ സ്നേഹിക്കുന്ന ഭർത്താവിനെയും പുത്രീപുത്രന്മാരെയും കരുണയില്ലാതെ നോക്കും. ശത്രു നിന്റെ നഗരങ്ങളിൽ നിന്നെ ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം സകലത്തിന്റെയും ദൗർലഭ്യം നിമിത്തം അവൾ തന്റെ ഉദരത്തിൽനിന്നു വരുന്ന മറുപിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും രഹസ്യമായി ഭക്ഷിക്കും.
നിന്റെ ദൈവമായ യഹോവ എന്ന മഹത്ത്വമുള്ളതും ഭയങ്കരവുമായ നാമം ഭയപ്പെട്ട് ബഹുമാനിക്കേണ്ടതിന് ഈ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന സകലവചനങ്ങളും നീ പ്രമാണിക്കണം. അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ നിന്റെയും നിന്റെ സന്തതിയുടെയുംമേൽ അസാധാരണമായ വ്യാധികളും കഠിനവും ദുഃഖകരവും ദീർഘനാളുകൾ നിലനിൽക്കുന്നതുമായ രോഗങ്ങളും അയയ്ക്കും. നീ ഭയപ്പെട്ടിരുന്ന ഈജിപ്റ്റിലെ വ്യാധികളെല്ലാം അവിടന്ന് നിന്റെമേൽ വരുത്തും. അവയിൽനിന്നു നിനക്കൊരു മോചനവും ഉണ്ടാകുകയില്ല. ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സകലവിധ രോഗങ്ങളും അത്യാഹിതങ്ങളും നീ നശിച്ചുതീരുംവരെ യഹോവ നിനക്കു വരുത്തും. നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാത്തതുകൊണ്ട്, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ആയിരുന്ന നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും. നിങ്ങൾക്ക് ഐശ്വര്യസമൃദ്ധി ഉണ്ടാകാനും എണ്ണത്തിൽ വർധിക്കാനും യഹോവയ്ക്കു പ്രസാദം തോന്നിയതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ഉന്മൂലനംചെയ്യാനും ശിഥിലമാക്കാനും നശിപ്പിച്ചുകളയാനും യഹോവയ്ക്കു പ്രസാദമാകും.
യഹോവ നിങ്ങളെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ജനതകളുടെ ഇടയിൽ ചിതറിച്ചുകളയും. അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദേവന്മാരെ നീ ആരാധിക്കും. ആ ജനതകളുടെ ഇടയിൽ നിന്റെ കാലിനു വിശ്രമം ലഭിക്കുകയില്ല; നീ സ്വസ്ഥത കണ്ടെത്തുകയുമില്ല. അവിടെ യഹോവ നിനക്ക് ഉത്കണ്ഠാകുലമായ മനസ്സും കാത്തിരുന്നു തളർന്ന കണ്ണുകളും ഭീതിനിറഞ്ഞ ഹൃദയവും നൽകും. അവിടെ നീ നിരന്തരം അനിശ്ചിതത്വത്തിലും രാവും പകലും ഭയത്തിലും ജീവന് ഉറപ്പില്ലാതെയും ജീവിക്കും. ഹൃദയത്തിൽ നിറയുന്ന ഭീതി നിമിത്തവും കണ്ണുകൊണ്ടു കാണുന്ന കാഴ്ച നിമിത്തവും “സായാഹ്നമായെങ്കിൽ!” എന്നു പ്രഭാതത്തിലും “പ്രഭാതമായെങ്കിൽ!” എന്നു സായാഹ്നത്തിലും നീ പറയും. നീ ഇനി ഒരിക്കലും തിരിച്ചുപോകരുത് എന്നു ഞാൻ നിന്നോടു കൽപ്പിച്ച ഈജിപ്റ്റിലേക്ക് തിരികെ യഹോവ നിന്നെ കപ്പലിൽ കയറ്റി അയയ്ക്കും. അവിടെ നിങ്ങളുടെ സ്ത്രീകളും പുരുഷന്മാരും ദാസന്മാരും ദാസിമാരുമായി നിങ്ങളുടെ ശത്രുക്കൾക്കു വിൽക്കപ്പെടാൻ തയ്യാറാകും. പക്ഷേ, ആരും നിങ്ങളെ വാങ്ങുകയില്ല.
ഹോരേബിൽവെച്ച് ഇസ്രായേല്യരോടു ചെയ്ത ഉടമ്പടിക്ക് അനുബന്ധമായി മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശയോടു കൽപ്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:
ഉടമ്പടി പാലിക്കുന്നതിനുള്ള നിർദേശം
മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
യഹോവ ഈജിപ്റ്റിൽവെച്ച് ഫറവോനോടും അവന്റെ ഉദ്യോഗസ്ഥന്മാരോടും അവന്റെ സകലദേശത്തോടും ചെയ്തത് എല്ലാം നിങ്ങൾ സ്വന്തം കണ്ണുകൊണ്ടു കണ്ടല്ലോ. ആ മഹാപരീക്ഷകളും ചിഹ്നങ്ങളും അത്ഭുതപ്രവൃത്തികളും നിങ്ങളുടെ സ്വന്തംകണ്ണുകൊണ്ട് കണ്ടു. എന്നാൽ ഇന്നുവരെ നിങ്ങൾക്ക് യഹോവ തിരിച്ചറിവുള്ള ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും നൽകിയിട്ടില്ല.29:4 നിങ്ങൾ കണ്ട സംഭവങ്ങളുടെ പൊരുൾ മനസ്സിലാക്കിയിട്ടില്ല എന്നു വിവക്ഷ. മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല. നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.
നിങ്ങൾ ഈ സ്ഥലത്തെത്തിച്ചേർന്നപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനുവന്നു. പക്ഷേ, നാം അവരെ കീഴടക്കി. നാം അവരുടെ രാജ്യം പിടിച്ചെടുത്ത് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു. അതുകൊണ്ട് നീ ചെയ്യുന്ന സകലകാര്യങ്ങളിലും അഭിവൃദ്ധിപ്പെടേണ്ടതിന് ഈ ഉടമ്പടിയുടെ നിബന്ധനകൾ ശ്രദ്ധയോടെ പാലിക്കുക. നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും— നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ, നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു. പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.
നാം ഈജിപ്റ്റിൽ എങ്ങനെ താമസിച്ചുവെന്നും ഇവിടെ എത്തിച്ചേരാനുള്ള യാത്രയിൽ എങ്ങനെ രാജ്യങ്ങൾ കടന്നുവന്നു എന്നും നിങ്ങൾക്കുതന്നെ അറിവുള്ളതാണ്. അവരുടെ ഇടയിൽ മ്ലേച്ഛവിഗ്രഹങ്ങളും, തടി, കല്ല്, വെള്ളി, സ്വർണം ഇവകൊണ്ടുള്ള പ്രതിമകളും നിങ്ങൾ കണ്ടിട്ടുണ്ട്. ആ ജനതകളുടെ ദേവന്മാരെ ആരാധിക്കേണ്ടതിന് നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയം വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുലമോ ഗോത്രമോ നിങ്ങളുടെ ഇടയിൽ ഉണ്ടാകുകയില്ല എന്ന് ഉറപ്പുവരുത്തുക. അപ്രകാരം കയ്‌പുവിഷം പുറപ്പെടുവിക്കുന്ന ഒരു വേരുപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
അങ്ങനെയുള്ള ഒരു വ്യക്തി ഈ പ്രതിജ്ഞയുടെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ തന്നെത്താൻ അനുഗ്രഹിച്ചശേഷം, “ഞാൻ എന്റെ സ്വന്തം വഴികളിൽത്തന്നെ നടന്നാലും സുരക്ഷിതനായിരിക്കും” എന്നു ചിന്തിക്കും. അവർ ഇതുമൂലം നീരൊഴുക്കുള്ളനിലത്തും ഉണങ്ങിയനിലത്തും, ഒരുപോലെ അത്യാഹിതം കൊണ്ടുവരും. യഹോവ ഒരിക്കലും അവരോടു ക്ഷമിക്കുകയില്ല; അവിടത്തെ കോപവും തീക്ഷ്ണതയും അവർക്കുനേരേ ജ്വലിക്കും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാപങ്ങളെല്ലാം അവരുടെമേൽ വരും, ആകാശത്തിനു കീഴിൽനിന്ന് അവരുടെ പേരുകൾ യഹോവ തുടച്ചുനീക്കും. ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപനിയമങ്ങൾക്കനുസരിച്ച് അവർക്ക് അത്യാഹിതം വരേണ്ടതിന് യഹോവ ഇസ്രായേലിലെ സകലഗോത്രത്തിൽനിന്നും അവരെ വേർതിരിക്കും.
നിങ്ങളുടെ കാലശേഷം വരുന്ന തലമുറയിലെ മക്കളും ദൂരദേശത്തുനിന്നു വരുന്ന പ്രവാസികളും ദേശത്തിന്മേൽ വന്ന അത്യാഹിതങ്ങളും ദണ്ഡനത്തിനായി യഹോവ അയച്ച രോഗങ്ങളും കാണും. ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും. എല്ലാ ജനതകളും ചോദിക്കും: “യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇപ്രകാരം ചെയ്തത്? എന്തുകൊണ്ടാണ് ഈ ക്രോധാഗ്നി ജ്വലിക്കുന്നത്?”
അതിന്റെ മറുപടി ഇപ്രകാരമായിരിക്കും: “അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചതുകൊണ്ടാണിത്. അവർ അറിഞ്ഞിട്ടില്ലാത്തതും അവർക്കു നൽകപ്പെട്ടിട്ടില്ലാത്തതുമായ അന്യദേവന്മാരെ നമസ്കരിക്കാനും ആരാധിക്കാനും അവർ പോയി. അതുകൊണ്ട് യഹോവയുടെ കോപം ദേശത്തിനുനേരേ ജ്വലിച്ചു. അങ്ങനെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലശാപങ്ങളും അതിന്മേൽ വരുത്തി. യഹോവ തന്റെ ഉഗ്രകോപത്തിലും മഹാക്രോധത്തിലും അവരെ ദേശത്തുനിന്ന് പിഴുതെടുത്ത് ഇന്നുള്ളതുപോലെ അന്യദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.”
മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. വെളിപ്പെട്ടിട്ടുള്ള കാര്യങ്ങളോ, നാം ഈ നിയമത്തിന്റെ വചനങ്ങൾ പാലിക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകുന്നു.
യഹോവയിലേക്കു തിരിഞ്ഞാൽ ഐശ്വര്യം
ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ30:3 അഥവാ, അടിമത്തം പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും. നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും. നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും. നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം. അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും ഗർഭഫലത്തിലും മൃഗഫലത്തിലും നിലത്തിലെ വിളവിലും മഹാസമൃദ്ധി നൽകും. നിന്റെ ദൈവമായ യഹോവയുടെ വചനം കേട്ട് ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടത്തെ കൽപ്പനകളും ഉത്തരവുകളും പ്രമാണിക്കുകയും നിന്റെ ദൈവമായ യഹോവയിലേക്കു പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തിരിയുകയും ചെയ്യുമെങ്കിൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിൽ വീണ്ടും പ്രസാദിക്കുകയും സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.
ജീവനോ മരണമോ തെരഞ്ഞെടുക്കാം
ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല. “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല. “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല. വചനം നിങ്ങളോട് ഏറ്റവും സമീപമാകുന്നു, നിങ്ങൾ അനുസരിക്കത്തക്കവിധം അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു.
ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു. നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു.
എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ, നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു.
ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.
യോശുവ മോശയുടെ പിൻഗാമി
അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്. നിന്റെ ദൈവമായ യഹോവതന്നെ നിനക്കുമുമ്പായി കടന്നുചെല്ലും. അവിടന്ന് ഈ ജനതകളെ നിന്റെ മുമ്പിൽനിന്ന് നശിപ്പിക്കുകയും നീ അവരുടെ ദേശം അവകാശമാക്കുകയും ചെയ്യും. യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ യോശുവയും നിങ്ങൾക്കുമുമ്പേ കടന്നുചെല്ലും. യഹോവ അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശവാസികളോടൊപ്പം നശിപ്പിച്ചതുപോലെ ഇവരോടും ചെയ്യും. യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും, ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെയെല്ലാം നിങ്ങൾ അവരോടു ചെയ്യണം. ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”
അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം. യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
ന്യായപ്രമാണം പരസ്യമായി വായിക്കുക
അങ്ങനെ മോശ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമക്കുന്ന ലേവിയുടെ മക്കളായ പുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാർക്കും നൽകി. അതിനുശേഷം മോശ അവരോട് ഇങ്ങനെ കൽപ്പിച്ചു: “ഏഴുവർഷം കൂടുമ്പോഴുള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുന്നാളിൽ, നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടത്തെ സന്നിധിയിൽ എല്ലാ ഇസ്രായേലും കൂടിവരുമ്പോൾ അവർ കേൾക്കേണ്ടതിന് നിങ്ങൾ ഈ ന്യായപ്രമാണം വായിച്ചു കേൾപ്പിക്കണം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം. ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.”
ഇസ്രായേലിന്റെ മത്സരം പ്രവചിക്കുന്നു
യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി.
അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
“ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു: “ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും. നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം! നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും. എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”
മോശയുടെ ഗീതം
ആദിയോടന്തം മോശ ഈ ഗാനത്തിലെ വചനങ്ങൾ ഇസ്രായേലിന്റെ സകലസഭയും കേൾക്കത്തക്കവിധം ചൊല്ലിക്കേൾപ്പിച്ചു.
ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം;
ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക.
എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ,
എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ,
ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ,
തളിർചെടികളിൽ മാരിപോലെ.
ഞാൻ യഹോവയുടെ നാമം ഘോഷിക്കും.
നമ്മുടെ ദൈവത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുക!
അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും,
അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു.
അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു,
അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു;
കാരണം അവർ അവിടത്തെ മക്കളല്ല;
അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്.
ബുദ്ധിയില്ലാത്ത ഭോഷരേ,
ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്?
അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും;
നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ?
പൂർവകാലങ്ങളെ ഓർക്കുക;
പിൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക.
നിന്റെ പിതാവിനോടു ചോദിക്കുക, അവൻ നിന്നോടു പറയും,
നിന്റെ ഗോത്രത്തലവന്മാരോടു ചോദിക്കുക, അവർ നിന്നോടു വിശദീകരിക്കും.
പരമോന്നതൻ ജനതകൾക്ക് അവരുടെ ഓഹരി നൽകിയപ്പോൾ,
അവിടന്ന് മനുഷ്യവർഗത്തെ വേർതിരിച്ചപ്പോൾ,
ഇസ്രായേൽമക്കളുടെ എണ്ണം അനുസരിച്ച്
അവിടന്ന് ജനസമൂഹങ്ങൾക്ക് അതിർത്തി നിശ്ചയിച്ചു.
യഹോവയുടെ ഓഹരിയോ അവിടത്തെ ജനം,
യാക്കോബ് അവിടത്തേക്ക് വേർതിരിക്കപ്പെട്ട ഓഹരി.
അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,
വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ.
അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു,
അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.
ഒരു കഴുകൻ തന്റെ കൂടിളക്കി
കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും
ചിറകുവിരിച്ച് അവയെ ഉയർത്തുകയും
ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.
യഹോവ ഏകനായി അവനെ നയിച്ചു,
ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി,
വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു.
അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും
തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു.
കന്നുകാലികളുടെയും ആട്ടിൻപറ്റത്തിന്റെയും വെണ്ണയും പാലും,
ആടുകളുടെയും കോലാടുകളുടെയും മാംസവും,
ബാശാനിലെ വിശിഷ്ട ആട്ടുകൊറ്റന്മാരെയും
നേർത്ത ഗോതമ്പിൻ കാമ്പിനെയും അവനു കൊടുത്തു.
മുന്തിരിയുടെ രക്തമായ വീഞ്ഞു നീ കുടിച്ചു.
യെശൂരൂൻ32:15 നീതിനിഷ്ഠർ എന്നർഥം. അതായത്, ഇസ്രായേൽ. തടിച്ചുകൊഴുത്തു, കാൽകുടഞ്ഞു,
അവൻ കൊഴുത്തുതടിച്ചു, മിനുമിനുത്തു.
തന്നെ സൃഷ്ടിച്ച ദൈവത്തെ അവൻ ഉപേക്ഷിച്ചു,
അവന്റെ രക്ഷയുടെ പാറയെ തള്ളിക്കളഞ്ഞു.
അന്യദൈവങ്ങളാൽ അവർ അവിടത്തെ തീക്ഷ്ണതയുള്ളവനാക്കി.
മ്ലേച്ഛവിഗ്രഹങ്ങളാൽ അവർ അവിടത്തെ പ്രകോപിപ്പിച്ചു,
ദൈവമല്ലാത്ത ഭൂതങ്ങൾക്ക് അവർ ബലി അർപ്പിച്ചു—
അവർ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക്,
അടുത്തകാലത്തു പുതുതായി പ്രത്യക്ഷപ്പെട്ട ദേവന്മാർക്ക്,
നിങ്ങളുടെ പിതാക്കന്മാർ ഭയപ്പെട്ടിട്ടില്ലാത്ത അന്യദേവന്മാർക്കുതന്നെ.
നിന്നെ ജനിപ്പിച്ച പാറയെ നീ ഉപേക്ഷിച്ചു,
നിനക്കു ജന്മംനൽകിയ ദൈവത്തെ നീ മറന്നുകളഞ്ഞു.
യഹോവ അതുകണ്ടു, അവരെ ഉപേക്ഷിച്ചു.
കാരണം അവന്റെ പുത്രന്മാരും പുത്രിമാരും അവിടത്തെ പ്രകോപിപ്പിച്ചു.
അവിടന്ന് അരുളിച്ചെയ്തു: “എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കും,
അവരുടെ അന്ത്യം എന്താകുമെന്നു ഞാൻ കാണും.
അവർ മത്സരികളായ തലമുറയല്ലോ,
അവിശ്വസ്ത സന്തതികൾതന്നെ.
ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നെ തീക്ഷ്ണതയുള്ളവനാക്കി,
അവരുടെ മിഥ്യാമൂർത്തികളെക്കൊണ്ട് എന്നെ കോപിപ്പിച്ചു.
ജനമല്ലാത്തവരെക്കൊണ്ടു ഞാൻ അവരെ അസൂയയുള്ളവരാക്കും.
തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ അവരെ പ്രകോപിപ്പിക്കും.
എന്റെ കോപത്താൽ അഗ്നി ജ്വലിച്ചു,
അതു പാതാളത്തിന്റെ അടിത്തട്ടുവരെ കത്തും.
അതു ഭൂമിയെയും അതിലെ കൊയ്ത്തുകളെയും ദഹിപ്പിക്കും.
അതു പർവതങ്ങളുടെ അടിസ്ഥാനങ്ങൾ കത്തിക്കും.
“ഞാൻ അത്യാഹിതങ്ങൾ അവരുടെമേൽ കുന്നുകൂട്ടും,
അവർക്കെതിരേ എന്റെ അസ്ത്രങ്ങൾ തൊടുത്തുവിടും.
ഞാൻ അവർക്കെതിരേ കഠിനക്ഷാമം അയയ്ക്കും,
ദഹിപ്പിക്കുന്ന പകർച്ചവ്യാധിയും മാരകവ്യാധിയും അയയ്ക്കും.
ഞാൻ വന്യമൃഗങ്ങളുടെ പല്ല് അവർക്കെതിരേ അയയ്ക്കും;
പൊടിയിൽ ഇഴയുന്ന സർപ്പങ്ങളുടെ വിഷവും അയയ്ക്കും.
തെരുവിൽവെച്ച് വാൾ അവരെ മക്കളില്ലാത്തവരാക്കും,
അവരുടെ വീടുകളിൽ ഭീതി ആവസിക്കും.
യുവാക്കളും യുവതികളും നശിക്കും.
ശിശുക്കളും നരച്ചവരും നശിക്കും.
ഞാൻ അവരെ ചിതറിക്കുമെന്നും
മനുഷ്യകുലത്തിൽനിന്ന് അവരുടെ സ്മരണ മായിക്കും എന്നും ഞാൻ പറഞ്ഞു.
എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു,
അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും,
‘ഞങ്ങളുടെ കരം വിജയിച്ചു;
യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’ ”
അവർ ബുദ്ധിയില്ലാത്ത ജനം,
അവർക്കു വിവേചനശക്തിയില്ല.
അവർ വിവേകികളായിരുന്നെങ്കിൽ ഇതു ഗ്രഹിക്കുമായിരുന്നു,
അവരുടെ അന്ത്യം എന്താകുമെന്നു വിവേചിക്കുമായിരുന്നു.
അവരുടെ പാറ അവരെ വിറ്റുകളയുകയും
യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ,
ഒരുവൻ ആയിരത്തെയും
ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?
അവരുടെ പാറ നമ്മുടെ പാറപോലെ അല്ല
എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.
അവരുടെ മുന്തിരി സൊദോമിലെ മുന്തിരിയിൽനിന്നും
ഗൊമോറായിലെ വയലുകളിൽനിന്നുമുള്ളതാകുന്നു.
അവരുടെ മുന്തിരിപ്പഴങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു;
അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളതാകുന്നു.
അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം;
മൂർഖന്റെ മാരകവിഷംതന്നെ.
“ഇത് എന്റെപക്കൽ സംഭരിക്കുകയും
എന്റെ കലവറകളിൽ മുദ്രവെച്ചു സൂക്ഷിച്ചിരിക്കുകയുമല്ലേ?
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും.
തക്കസമയത്ത് അവരുടെ കാൽ വഴുതും,
അവരുടെ അനർഥകാലം സമീപമായിരിക്കുന്നു,
അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും
അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ,
യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും
തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.
അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ,
അവർ അഭയം കണ്ടെത്തിയ പാറ,
അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ,
അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ?
അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ!
അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
“ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക!
ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു,
ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു,
എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.
എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു:
എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,
എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി,
ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ,
എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും
എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും,
എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും;
കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം,
ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക.
അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും.
അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും;
അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.
മോശ നൂന്റെ മകനായ യോശുവയോടൊപ്പം32:44 മൂ.ഭാ. ഹോശേയാ, യോശുവ എന്നതിന്റെ മറ്റൊരുരൂപം. വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു. മോശ ഈ വചനങ്ങളെല്ലാം ഇസ്രായേലിനോടു ചൊല്ലിത്തീർന്നശേഷം അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു: “ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക. ഇവ നിങ്ങൾക്കു കേവലം വ്യർഥമായ കാര്യങ്ങളല്ല—അവ നിങ്ങളുടെ ജീവൻ ആകുന്നു. നിങ്ങൾ അവകാശമാക്കാൻ യോർദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ ഇവയാൽ ദീർഘായുസ്സോടെ ഇരിക്കും.”
മോശ നെബോ മലമുകളിലേക്ക്
ആ ദിവസംതന്നെ യഹോവ മോശയോടു കൽപ്പിച്ചു: “യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക. നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും. സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്. അതുകൊണ്ട് നീ ദൂരത്തുനിന്ന് ആ ദേശം കാണും. പക്ഷേ ഇസ്രായേൽജനതയ്ക്കു ഞാൻ നൽകുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല.”
മോശ ഇസ്രായേൽമക്കളെ അനുഗ്രഹിക്കുന്നു
ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു:
“യഹോവ സീനായിൽനിന്ന് വന്നു,
സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു;
പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു.
തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്,33:2 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു.
അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു;
അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു.
അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു,
അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു,
യാക്കോബിന്റെ സഭയുടെ അവകാശമായി,
മോശ നമുക്കു നൽകിയ നിയമംതന്നെ.
ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ
ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ
അങ്ങ് യെശൂരൂന് രാജാവായിരുന്നു.
“രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ,
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ;
അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ.
അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു;
അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”
ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“അങ്ങയുടെ തുമ്മീമും ഊറീമും
അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്.
അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു;
മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.
അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്,
‘ഞാൻ അവരെ അറിയുന്നില്ല’ എന്നു പറഞ്ഞു.
അവൻ തന്റെ സഹോദരന്മാരെ അംഗീകരിച്ചില്ല,
തന്റെ മക്കളെ സ്വീകരിച്ചുമില്ല,
എന്നാൽ അവൻ അങ്ങയുടെ വചനം കാത്തു,
അങ്ങയുടെ ഉടമ്പടി സൂക്ഷിച്ചു.
അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും
അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു.
അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും
അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു.
യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ,
അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ.
അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം
അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.”
ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ,
ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു,
യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”
യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു,
മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും
താഴേ അഗാധതയിലെ ജലംകൊണ്ടും;
സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും
ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും;
പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും
ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും;
ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും
കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും
സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ,
ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ.
പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു.
അവകൊണ്ട് അവൻ ജനതകളെ,
ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും.
എഫ്രയീമിന്റെ പതിനായിരങ്ങളും;
മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.”
സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും
യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക.
അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും,
അവിടെ നീതിയാഗങ്ങൾ അർപ്പിക്കും;
സമുദ്രങ്ങളിലെ സമൃദ്ധിയിലും
മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.”
ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു:
“ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!
ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു,
ഭുജവും നെറുകയും പറിച്ചുകീറുന്നു.
ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു;
നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു.
ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ,
യഹോവയുടെ നീതിയും
ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.”
ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന,
ഒരു സിംഹക്കുട്ടി.”
നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും
അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു;
തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”
ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:
“പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു;
അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ,
അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ.
നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും;
നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം.
“യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല,
നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ
മേഘാരൂഢനായി വരുന്നു,
നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു,
കീഴേ ശാശ്വതഭുജങ്ങളുണ്ട്.
ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി,
‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു.
ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്,
അങ്ങനെ ഇസ്രായേൽ നിർഭയമായും
യാക്കോബ് സുരക്ഷിതമായും വസിക്കുന്നു,
അവിടെ ആകാശം മഞ്ഞുപൊഴിക്കും.
ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ!
നിന്നെപ്പോലെ
യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ?
അവിടന്നു നിന്റെ പരിചയും സഹായകനും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും,
നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.”
മോശയുടെ മരണം
അതിനുശേഷം മോശ മോവാബ് സമതലത്തിൽനിന്ന് യെരീഹോവിനെതിരേയുള്ള നെബോ പർവതത്തിലെ പിസ്ഗായുടെ മുകളിൽ കയറി. യഹോവ അവിടെവെച്ച് ഗിലെയാദുമുതൽ ദാൻവരെയും നഫ്താലിദേശം മുഴുവനും മനശ്ശെയുടെയും എഫ്രയീമിന്റെയും അതിർത്തിയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽവരെയുള്ള യെഹൂദാദേശം മുഴുവനും തെക്കേദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോമുതൽ സോവാർവരെയുള്ള താഴ്വരകളിലെ എല്ലാ മേഖലകളും കാണിച്ചു. അതിനുശേഷം യഹോവ അദ്ദേഹത്തോടു കൽപ്പിച്ചു: “ ‘ഞാൻ നിന്റെ സന്തതികൾക്ക് ഇതു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥത്താൽ വാഗ്ദാനംചെയ്ത ദേശം ഇതാകുന്നു. ഇതു നിന്റെ കണ്ണാലെ കാണാൻ ഞാൻ നിന്നെ അനുവദിച്ചു, എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.”
യഹോവ പറഞ്ഞതുപോലെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബിൽവെച്ചു മരിച്ചു. യഹോവ അവനെ മോവാബിൽ ബേത്-പെയോരിന്ന് എതിർവശത്തുള്ള താഴ്വരയിൽ സംസ്കരിച്ചു, എന്നാൽ ഇന്നുവരെ അദ്ദേഹത്തെ സംസ്കരിച്ച സ്ഥലം ആരും അറിയുന്നില്ല. മോശ മരിക്കുമ്പോൾ നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായേല്യർ മോശയെ ഓർത്ത് മോവാബ് സമതലത്തിൽ മുപ്പതുദിവസം വിലപിച്ചു. അങ്ങനെ വിലാപകാലം അവസാനിച്ചു.
നൂന്റെ മകനായ യോശുവയെ മോശ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അദ്ദേഹം ജ്ഞാനപൂർണനായിത്തീർന്നു.34:9 അഥവാ, ആത്മാവിൽ നിറഞ്ഞു. ഇസ്രായേൽജനം അദ്ദേഹത്തെ ശ്രദ്ധിക്കുകയും യഹോവ മോശയോടു കൽപ്പിച്ചത് അനുസരിക്കുകയും ചെയ്തു.
യഹോവ മുഖാമുഖമായി സംസാരിച്ച ഒരു പ്രവാചകനും മോശയ്ക്കുശേഷം ഇസ്രായേലിൽ ഉണ്ടായിട്ടില്ല. യഹോവ അദ്ദേഹത്തെ ഈജിപ്റ്റിൽ ഫറവോന്റെയും അയാളുടെ സകല ഉദ്യോഗസ്ഥന്മാരുടെയും ദേശത്തെ സകലനിവാസികളുടെയും മുന്നിൽ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനായി നിയോഗിച്ചയച്ചു. എല്ലാ ഇസ്രായേല്യരും കാൺകെ മോശ പ്രദർശിപ്പിച്ച അത്യന്തശക്തിയും അദ്ദേഹം പ്രവർത്തിച്ച വിസ്മയാവഹമായ കാര്യങ്ങളുംപോലെ വേറൊന്നും മറ്റാരും ചെയ്തിട്ടില്ല.