- Biblica® Open Malayalam Contemporary Version 2020 ദാനീയേൽ ദാനീയേലിന്റെ പ്രവചനം ദാനീയേൽ ദാനി. ദാനീയേലിന്റെ പ്രവചനം ബാബേലിൽ ദാനീയേലിന്റെ പരിശീലനം യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യവുമായി ജെറുശലേമിലേക്ക് വന്ന് അതിനെ ഉപരോധിച്ചു. കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ1:2 മൂ.ഭാ. ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു. അതിനുശേഷം രാജാവ് തന്റെ ഉദ്യോഗസ്ഥമേധാവിയായ അശ്പെനാസിനോട് ഇസ്രായേൽമക്കളിൽ രാജകുടുംബത്തിലും പ്രഭുകുടുംബത്തിലും ഉൾപ്പെട്ടവരും— അംഗവൈകല്യമില്ലാത്തവരും സുന്ദരന്മാരും സർവവിജ്ഞാനശാഖകളിലും സമർഥരും വിവേകശാലികളും ദ്രുതഗ്രഹണശേഷിയുള്ളവരും രാജാവിന്റെ കൊട്ടാരത്തിൽ പരിചരിക്കാൻ യോഗ്യരുമായ ചില യുവാക്കളെ ഹാജരാക്കാൻ ആജ്ഞാപിച്ചു. അവരെ ബാബേല്യരുടെ1:4 അഥവാ, കൽദയരുടെ ഭാഷയും സാഹിത്യവും അഭ്യസിപ്പിക്കാൻ നിർദേശംനൽകി. രാജാവിന്റെ മേശയിലെ ഭക്ഷണത്തിൽനിന്നും വീഞ്ഞിൽനിന്നും അവർക്ക് ഓരോ ദിവസത്തെ ഓഹരി നൽകണമെന്നും മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കണമെന്നും രാജാവു കൽപ്പിച്ചു. അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു— ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി— എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു. എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു. “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും. പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.” അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി. പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു. അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി. ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു. അവരെ രാജസന്നിധിയിൽ കൊണ്ടുചെല്ലാൻ രാജാവു നിശ്ചയിച്ചിരുന്ന കാലാവധി ആയപ്പോൾ, ഉദ്യോഗസ്ഥമേധാവി അവരെ നെബൂഖദ്നേസരിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു. രാജാവ് അവരോടു ചോദിച്ച എല്ലാ ജ്ഞാനവിജ്ഞാനങ്ങളിലും അവർ തന്റെ രാജ്യത്തെങ്ങുമുള്ള ആഭിചാരകരിലും മാന്ത്രികരിലും പതിന്മടങ്ങു മെച്ചമുള്ളവരെന്ന് അദ്ദേഹത്തിനു ബോധ്യമായി. കോരെശ് രാജാവിന്റെ ഭരണത്തിന്റെ ഒന്നാംവർഷംവരെ ദാനീയേൽ അവിടെ സേവനത്തിൽ തുടർന്നു. നെബൂഖദ്നേസരിന്റെ സ്വപ്നം നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും2:2 അഥവാ, കൽദയരെയും വാ. 4,5,10 കാണുക. വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു. അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു. ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു:2:4 ഈ വാക്യംമുതൽ ഏഴാം അധ്യായംവരെ അരാമ്യഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.” രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും. എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു. അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.” രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.” ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല. തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു. ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു. അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു. രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു. ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു. പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു. അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു. ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു. അദ്ദേഹം: “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്. അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു. അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു, വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു. ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു, രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.” ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു. അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല. എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്: “രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു. ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്. “രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു. പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു. അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു. അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു. “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം. രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു; മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ. “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും. പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും. കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും. കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല. “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും. പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.” അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു. രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.” അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു. മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു. സ്വർണപ്രതിമയും തീച്ചൂളയും നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ട് ഒരു പ്രതിമയുണ്ടാക്കി. അതിന്റെ ഉയരം അറുപതു മുഴവും വീതി ആറുമുഴവും3:1 ഏക. 27 മീ. പൊക്കവും 2.7 മീ. വിസ്താരവും. ആയിരുന്നു. അദ്ദേഹം അതിനെ ബാബേൽ പ്രവിശ്യയിലുള്ള ദൂരാസമഭൂമിയിൽ നിർത്തി. അതിനുശേഷം നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും വന്നുചേരാൻ നെബൂഖദ്നേസർ രാജാവ് ആളയച്ചു. അങ്ങനെ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി. നെബൂഖദ്നേസർ നിർത്തിയ പ്രതിമയ്ക്കുമുമ്പിൽ അവർ നിന്നു. അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം. ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.” അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു. ആ സമയത്ത് ചില ജ്യോതിഷികൾ മുന്നോട്ടുവന്ന് യെഹൂദന്മാരെക്കുറിച്ച് ആരോപണം ഉന്നയിച്ചു. അവർ നെബൂഖദ്നേസർ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം എന്നിങ്ങനെയുള്ള സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ അതു കേൾക്കുന്നവരെല്ലാം വീണ് സ്വർണപ്രതിമയെ നമസ്കരിക്കണമെന്നും, അപ്രകാരം വീണ് നമസ്കരിക്കാത്തവർ ആരായിരുന്നാലും അവരെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുമെന്നും തിരുമനസ്സ് ഒരു കൽപ്പന പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. എന്നാൽ അങ്ങ് ബാബേൽ പ്രവിശ്യയുടെ അധികാരികളായി നിയമിച്ചിട്ടുള്ള ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ, രാജാവേ, അങ്ങയുടെ കൽപ്പന ഗൗനിക്കുന്നില്ല. അവർ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.” ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?” ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.” അപ്പോൾ നെബൂഖദ്നേസർ കോപംകൊണ്ടുനിറഞ്ഞു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയുംനേരേ അദ്ദേഹത്തിന്റെ മുഖഭാവം മാറി. തീച്ചൂള പതിവിലും ഏഴുമടങ്ങ് അധികം ചൂടാക്കാൻ അദ്ദേഹം കൽപ്പിച്ചു. സൈന്യത്തിലുള്ള കരുത്തരായ ചില സൈനികരോട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വരിഞ്ഞുകെട്ടി എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയാൻ കൽപ്പിച്ചു. അങ്ങനെ ഈ പുരുഷന്മാരെ അവർ ധരിച്ചിരുന്ന കുപ്പായങ്ങൾ, കാലുറകൾ, തൊപ്പി, മറ്റു വസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞു. രാജകൽപ്പന കർശനമായിരിക്കുകയാലും തീച്ചൂള ഏറ്റവുമധികം ചൂടേറിയതാകുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തുകൊണ്ടുപോയ ഭടന്മാരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു. അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു. “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി. “നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു3:25 അഥവാ, ദേവതകളുടെ തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു. അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു. അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു. അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ. അതിനാൽ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ ദുഷിച്ച് എന്തെങ്കിലും സംസാരിക്കുന്ന ഏതുരാഷ്ട്രത്തിലുള്ള ഏതുജനതയായാലും ഭാഷക്കാരായാലും അവരെ കഷണംകഷണമായി ചീന്തിക്കളയുകയും അവരുടെ ഭവനങ്ങളെ കൽക്കൂമ്പാരമാക്കുകയും ചെയ്യുമെന്ന് ഞാൻ കൽപ്പന നൽകുന്നു. ഈ വിധത്തിൽ രക്ഷിക്കാൻ കഴിയുന്ന മറ്റൊരു ദേവനുമില്ല.” പിന്നീട് രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങൾ നൽകി. നെബൂഖദ്നേസർ സ്വപ്നത്തിൽ കണ്ട വൃക്ഷം നെബൂഖദ്നേസർ രാജാവ്, ഭൂമിയിൽ എല്ലായിടത്തും ജീവിക്കുന്ന സകലരാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! പരമോന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതചിഹ്നങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നിയിരിക്കുന്നു. അവിടത്തെ ചിഹ്നങ്ങൾ എത്ര വലിയവ, അവിടത്തെ അത്ഭുതങ്ങൾ എത്ര പ്രതാപമുള്ളവ! അവിടത്തെ രാജ്യം നിത്യമായ ഒരു രാജ്യംതന്നെ; അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കുന്നു. നെബൂഖദ്നേസർ എന്ന ഞാൻ, എന്റെ അരമനയിൽ സർവ ആഡംബരത്തോടുംകൂടെ സന്തുഷ്ടജീവിതം നയിച്ചുവരികയായിരുന്നു. എന്നാൽ എന്നെ ഭീതിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നം ഞാൻ കണ്ടു. കിടക്കയിൽവെച്ച് എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും ദർശനങ്ങളും എന്നെ ഭയപരവശനാക്കി. അതിനാൽ ഈ സ്വപ്നത്തിന്റെ അർഥം എനിക്കു വെളിപ്പെടുത്തേണ്ടതിന് ബാബേലിലെ സകലജ്ഞാനികളെയും എന്റെ അടുക്കൽ വരുത്താൻ ഞാൻ ആജ്ഞ നൽകി. അപ്പോൾ ആഭിചാരകന്മാരും മന്ത്രവാദികളും ജ്യോതിഷികളും ദേവപ്രശ്നംവെക്കുന്നവരും എന്റെ അടുക്കൽവന്നു. ഞാൻ അവരോട് സ്വപ്നം വിവരിച്ചു; എന്നാൽ അതിന്റെ അർഥം വെളിപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ എന്റെ ദേവന്റെ പേരുള്ള ബേൽത്ത്ശസ്സർ എന്നവനും വിശുദ്ധദേവതകളുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെമുമ്പിൽ വന്നു. അദ്ദേഹത്തോട് ഞാൻ എന്റെ സ്വപ്നം ഇപ്രകാരം വിവരിച്ചു: “മന്ത്രവാദികളിൽ പ്രമുഖനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവതകളുടെ ആത്മാവു നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്ഞാതമല്ലെന്നും എനിക്കറിയാം. ഞാൻ കണ്ട സ്വപ്നത്തിന്റെ താത്പര്യവും അതിന്റെ അർഥവും നീ എന്നെ അറിയിക്കുക. എന്റെ കിടക്കയിൽ ഞാൻ കണ്ട ദർശനങ്ങൾ ഇപ്രകാരമായിരുന്നു. ഞാൻ നോക്കുമ്പോൾ ഭൂമിയുടെ നടുവിൽ ഒരു വൃക്ഷം, അത് അത്യധികം ഉയരമുള്ളതായിരുന്നു. വൃക്ഷം വളരെ വലുപ്പമുള്ളതും ബലമുള്ളതുമായിത്തീർന്നു; അങ്ങനെ അതിന്റെ ഉയരം ആകാശത്തോളമെത്തി. ഭൂമിയുടെ അറ്റങ്ങളോളം അതിനെ കാണാമായിരുന്നു. അതിന്റെ ഇല മനോഹരവും ഫലം സമൃദ്ധവുമായിരുന്നു. എല്ലാവർക്കും അതിൽനിന്ന് ആഹാരം ലഭിച്ചിരുന്നു. വയലിലെ മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു; ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ വസിച്ചു. എല്ലാ ജീവജാലങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു. “കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ4:13 അഥവാ, കാവൽക്കാരൻ, വാ. 17, 23 കാണുക. സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ. എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക. “ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ. അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം4:16 അഥവാ, ഏഴുവർഷം, വാ. 23, 25, 32 കാണുക. കഴിയട്ടെ. “ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’ “നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.” ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു അപ്പോൾ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേൽ ചിന്താപരവശനായി ഭയപ്പെട്ട് കുറച്ചുസമയത്തേക്ക് അസ്തപ്രജ്ഞനായി ഇരുന്നുപോയി. രാജാവ് അദ്ദേഹത്തോട്, “ബേൽത്ത്ശസ്സരേ, സ്വപ്നമോ അതിന്റെ അർഥമോ നിമിത്തം നീ ചിന്താവിവശനാകരുത്” എന്നു കൽപ്പിച്ചു. അപ്പോൾ ബേൽത്ത്ശസ്സർ ഇപ്രകാരം പറഞ്ഞു: “യജമാനനേ, സ്വപ്നം അങ്ങയുടെ ശത്രുക്കൾക്കും അതിന്റെ അർഥം അങ്ങയുടെ എതിരാളികൾക്കും മാത്രമുള്ളതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! വലുതും ബലമുള്ളതും ആകാശത്തോളം ഉയർന്നതും ഭൂമിയിൽ എവിടെ നിന്നാലും കാണാൻ കഴിയുന്ന മനോഹരമായ ഇലയും സമൃദ്ധമായ ഫലവും എല്ലാവർക്കും ഭക്ഷണവും ഉള്ളതും തണലിൽ മൃഗങ്ങളും ശാഖകളിൽ പക്ഷികളും വിശ്രമിക്കുന്നതുമായ— വൃക്ഷം രാജാവേ, അങ്ങുതന്നെ ആകുന്നു. അങ്ങു മഹാനും പ്രബലനുമായിത്തീർന്നിരിക്കുന്നു. അങ്ങയുടെ പ്രഭാവം ആകാശത്തോളം എത്തുന്നതായി തീർന്നിരിക്കുന്നു. അവിടത്തെ ആധിപത്യം ഭൂമിയുടെ അറ്റങ്ങളോളം വ്യാപിച്ചിരിക്കുന്നു. “വിശുദ്ധനായ ഒരു ദൂതൻ ആകാശത്തുനിന്ന് ഇറങ്ങിവന്ന്, ‘വൃക്ഷം വെട്ടിനശിപ്പിക്കാനും അതിന്റെ കുറ്റി നിലത്തെ വേരുകളോടൊപ്പം ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കാനും കൽപ്പിച്ചതും; ആകാശത്തെ മഞ്ഞുകൊണ്ട് അദ്ദേഹം നനയുകയും വയലിലെ മൃഗങ്ങളോടൊപ്പം മേയുകയും ചെയ്യട്ടെ, അങ്ങനെ അദ്ദേഹത്തിന് ഏഴുകാലം കഴിയട്ടെ’ എന്നു പറഞ്ഞതും അങ്ങു കണ്ടല്ലോ. “രാജാവേ, അതിന്റെ അർഥം ഇതാകുന്നു: ഇത് എന്റെ യജമാനനായ രാജാവിന്റെമേൽ വന്നിട്ടുള്ള പരമോന്നതനായവന്റെ കൽപ്പനയാകുന്നു. തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമേനിയുടെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടെയാകും. കാളയെപ്പോലെ അങ്ങു പുല്ലുതിന്നും. തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും വാഴുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും തിരുമേനി ഗ്രഹിക്കുന്നതുവരെ അങ്ങനെ ഏഴുകാലം കഴിയും. വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ ശേഷിക്കുന്നതായിക്കണ്ടതിന്റെ അർഥമോ, സ്വർഗമാണ് സകലതും ഭരിക്കുന്നത് എന്ന് അങ്ങ് അംഗീകരിച്ചതിനുശേഷം രാജ്യം തിരുമേനിക്കു സ്ഥിരമായിത്തീരും എന്നത്രേ. അതുകൊണ്ടു രാജാവേ, എന്റെ ഉപദേശം തിരുമേനിക്കു പ്രസാദകരമായിത്തീരട്ടെ. നീതിയാൽ പാപങ്ങളിൽനിന്നും ദരിദ്രരോടു കരുണ കാട്ടുന്നതിനാൽ അനീതിയിൽനിന്നും അങ്ങ് ഒഴിഞ്ഞിരുന്നാലും. അങ്ങനെയെങ്കിൽ അവിടത്തെ ക്ഷേമകാലം തുടർന്നുപോകുകതന്നെ ചെയ്യും.” സ്വപ്നം നിറവേറുന്നു ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു. പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. “ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു. ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു. നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.” ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു. ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു. അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ; അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു. അവിടന്ന് സകലഭൂവാസികളെയും ശൂന്യം എന്ന് എണ്ണുന്നു. സ്വർഗീയസൈന്യങ്ങളുടെയും ഭൂവാസികളുടെയും മധ്യേ അവിടന്ന് തിരുഹിതം നിറവേറ്റുന്നു. അവിടത്തെ കൈകളെ തടയാനോ, “എന്തു പ്രവർത്തിക്കുന്നു?” എന്ന് അവിടത്തോടു ചോദിക്കാനോ ആർക്കും കഴിയുകയില്ല. ആ സമയത്തുതന്നെ ഞാൻ സുബോധമുള്ളവനായി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനായി എന്റെ പ്രതാപവും മഹത്ത്വവും എനിക്കു തിരികെ ലഭിച്ചു. എന്റെ ഉപദേശകരും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ എന്റെ സിംഹാസനത്തിൽ ഞാൻ പുനരാരൂഢനായി, പൂർവോപരി മഹത്ത്വം എനിക്കു ലഭിച്ചു. ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടത്തെ പ്രവൃത്തികളെല്ലാം സത്യവും അവിടത്തെ വഴികൾ നീതിപൂർവവുംതന്നെ. നിഗളിച്ചുനടക്കുന്നവരെ താഴ്ത്താൻ അവിടന്നു പ്രാപ്തനാകുന്നു. ഭിത്തിമേൽ കാണപ്പെട്ട എഴുത്ത് ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ5:2 അഥവാ, പൂർവികൻ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു. മന്ത്രവാദികളെയും ജ്യോതിഷികളെയും ദേവപ്രശ്നംവെക്കുന്നവരെയും വരുത്താൻ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ബാബേലിലെ ജ്ഞാനികളോട് രാജാവ് ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാൻ കഴിയുന്ന മനുഷ്യനെ ഞാൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിക്കും. അവൻ രാജ്യത്തിൽ മൂന്നാമനായി വാഴും.” അപ്പോൾ രാജാവിന്റെ സകലജ്ഞാനികളും വന്നുകൂടി; എങ്കിലും ആ എഴുത്തു വായിക്കുന്നതിനോ അർഥം പറയുന്നതിനോ ആർക്കും കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർ രാജാവ് അത്യന്തം പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖം അധികം വിളറിവെളുത്തു. അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും അമ്പരന്നു. രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി5:10 അഥവാ, രാജമാതാവ് വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്. വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു. രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.” അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ? ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു. ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.” അപ്പോൾ ദാനീയേൽ രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “സമ്മാനങ്ങൾ തിരുമേനിക്കുതന്നെ ഇരിക്കട്ടെ. പ്രതിഫലം മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും ഞാൻ രാജാവിനുള്ള ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാം. “രാജാവേ, പരമോന്നതനായ ദൈവം തിരുമേനിയുടെ പിതാവായ നെബൂഖദ്നേസരിന് ആധിപത്യവും പ്രതാപവും മഹത്ത്വവും ബഹുമാനവും നൽകി. ദൈവം അദ്ദേഹത്തിനു നൽകിയ പ്രതാപംനിമിത്തം സകലരാഷ്ട്രങ്ങളും ജനതകളും എല്ലാ ഭാഷക്കാരും അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹത്തിന്റെമുമ്പിൽ വിറയ്ക്കുകയും ചെയ്തു. താൻ ആഗ്രഹിച്ചവനെ അദ്ദേഹം കൊല്ലുകയും താൻ ആഗ്രഹിച്ചവനെ ജീവനോടെ രക്ഷിക്കുകയും തനിക്കു ബോധിച്ചവനെ ഉയർത്തുകയും തനിക്കു ബോധിച്ചവനെ താഴ്ത്തുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ ഹൃദയം നിഗളിച്ചു. മനസ്സ് അഹങ്കാരത്താൽ കഠിനമായപ്പോൾ രാജസിംഹാസനത്തിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു, പ്രതാപം അദ്ദേഹത്തെ വിട്ടുപോയി. മനുഷ്യരിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിനു തുല്യമായി; അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളോടൊപ്പമായി. കാളകൾക്കെന്നപോലെ പുല്ല് അദ്ദേഹത്തിന് ആഹാരമായി. പരമോന്നതനായ ദൈവം സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും താൻ ഇച്ഛിക്കുന്നവനെ അവർക്ക് അധിപതിയാക്കിത്തീർക്കുന്നു എന്നും അംഗീകരിച്ചതുവരെയും അദ്ദേഹത്തിന്റെ ശരീരം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു. “എങ്കിലും അദ്ദേഹത്തിന്റെ മകനായ5:22 അഥവാ, അനന്തരാവകാശിയായ ബേൽശസ്സരേ, ഇതെല്ലാം അറിഞ്ഞിരുന്നിട്ടും തിരുമേനി സ്വന്തം ഹൃദയത്തെ വിനയപ്പെടുത്തിയില്ല. നേരേമറിച്ച്, സ്വർഗത്തിലെ ദൈവത്തിനെതിരേ തിരുമേനി സ്വയം ഉയർത്തി. ദൈവാലയത്തിലെ പാത്രങ്ങൾ അവർ അങ്ങയുടെമുമ്പിൽ കൊണ്ടുവന്നു. തിരുമേനിയും തിരുമേനിയുടെ പ്രഭുക്കന്മാരും ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് വീഞ്ഞുകുടിച്ചു. വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവയാൽ നിർമിക്കപ്പെട്ടതും കാണുന്നതിനോ കേൾക്കുന്നതിനോ ഗ്രഹിക്കുന്നതിനോ കഴിവില്ലാത്തതുമായ ദേവതകളെ നിങ്ങൾ വാഴ്ത്തിസ്തുതിച്ചു. തിരുമേനിയുടെ ജീവശ്വാസവും സർവമാർഗങ്ങളും നിയന്ത്രിക്കുന്ന ദൈവത്തെ തിരുമേനി മഹത്ത്വപ്പെടുത്തിയതുമില്ല. അതിനാൽ ആ ദൈവം ഈ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിയിരിക്കുന്നു. “എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. “വാക്കുകളുടെ അർഥം ഇപ്രകാരമാണ്: മെനേ, എന്നതിന് ദൈവം അങ്ങയുടെ രാജത്വത്തിന്റെ ദിനങ്ങൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നും തെക്കേൽ, എന്നതിന് അങ്ങയെ ത്രാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നും ഊഫർസീൻ, എന്നതിന് അങ്ങയുടെ രാജ്യത്തെ വിഭജിച്ച് മേദ്യർക്കും പാർസികൾക്കുമായി നൽകിയിരിക്കുന്നു എന്നുമാണ്.” അപ്പോൾ ബേൽശസ്സരിന്റെ കൽപ്പനപ്രകാരം ദാനീയേലിനെ അവർ ധൂമ്രവസ്ത്രം ധരിപ്പിച്ചു; അദ്ദേഹത്തിന്റെ കഴുത്തിൽ പൊന്മാല അണിയിച്ചു. അദ്ദേഹത്തെ രാജ്യത്തിലെ മൂന്നാമത്തെ ഉന്നത ഭരണാധികാരിയാക്കി വിളംബരം പുറപ്പെടുവിച്ചു. ആ രാത്രിയിൽത്തന്നെ ബാബേൽരാജാവായ5:30 അഥവാ, കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ടാം വയസ്സിൽ രാജ്യം ഏറ്റെടുത്തു. ദാനീയേൽ സിംഹഗുഹയിൽ മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു. അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല. “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു. അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ! മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു. ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു. അപ്പോൾ ആ പുരുഷന്മാർ കൂടിവന്ന്, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർഥനയും യാചനയും കഴിക്കുന്നതു കണ്ടെത്തി. അങ്ങനെ അവർ രാജസന്നിധിയിൽച്ചെന്ന് രാജകൽപ്പനയെപ്പറ്റി ഇപ്രകാരം സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ പ്രാർഥിക്കുന്ന ഏതു മനുഷ്യനെയും സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു നിരോധന ഉത്തരവ് തിരുമേനി പുറപ്പെടുവിച്ചിട്ടില്ലയോ?” അപ്പോൾ രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ആ കാര്യം ശരിതന്നെ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ രാജസന്നിധിയിൽ ഇപ്രകാരം ബോധിപ്പിച്ചു: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ, തിരുമേനിയെയോ തിരുമേനി ഒപ്പുവെച്ചിട്ടുള്ള കൽപ്പനയെയോ കൂട്ടാക്കാതെ ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു.” ഈ വാക്കു കേട്ടയുടൻ രാജാവ് അതിദുഃഖിതനായി ദാനീയേലിനെ മോചിപ്പിക്കാൻ മനസ്സുവെച്ചു; സൂര്യാസ്തമയംവരെയും അദ്ദേഹത്തെ വിടുവിക്കാൻ പ്രയത്നം ചെയ്തു. അപ്പോൾ ഈ പുരുഷന്മാർ പരസ്പരധാരണയോടെ അടുത്തുവന്നു രാജാവിനോട്: “രാജാവു പ്രഖ്യാപിക്കുന്ന യാതൊരു കൽപ്പനയും നിയമവും മാറിപ്പോകരുത് എന്നത് മേദ്യരുടെയും പാർസികളുടെയും ഒരു ചട്ടമാണെന്ന് തിരുമേനി ഗ്രഹിച്ചാലും” എന്നു ബോധിപ്പിച്ചു. അപ്പോൾ രാജാവു കൽപ്പന കൊടുത്തിട്ട്, ദാനീയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിലിട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമാറാകട്ടെ!” എന്നു രാജാവു ദാനീയേലിനോടു പറഞ്ഞു. അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വെച്ചു. ദാനീയേലിന്റെ കാര്യത്തിൽ രാജകൽപ്പന ലംഘിക്കപ്പെടാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും പ്രഭുക്കന്മാരുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്രവെച്ചു. അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല. രാജാവ് അതിരാവിലെ എഴുന്നേറ്റു വളരെ തിടുക്കത്തോടെ സിംഹഗുഹയുടെ അടുക്കൽ ചെന്നു. ഗുഹയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ച്: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു. അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല. അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു. പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു: “നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു. “കാരണം, അവിടന്നാണ് ജീവനുള്ള ദൈവം അവിടന്ന് എന്നെന്നേക്കും നിലനിൽക്കുന്നു; അവിടത്തെ രാജ്യം നാശം ഭവിക്കാത്ത ഒന്നത്രേ, അവിടത്തെ ആധിപത്യം ശാശ്വതമായിരിക്കും. അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു; അവിടന്ന് ആകാശത്തിലും ഭൂമിയിലും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടന്നു ദാനീയേലിനെ മോചിപ്പിച്ചു സിംഹങ്ങളുടെ ശക്തിയിൽനിന്നുതന്നെ.” അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു. നാലുമൃഗങ്ങളെപ്പറ്റി ദാനീയേൽ കണ്ട സ്വപ്നം ബാബേൽരാജാവായ ബേൽശസ്സരിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ ദാനീയേൽ ഒരു സ്വപ്നംകണ്ടു. കിടക്കയിൽവെച്ച് അദ്ദേഹത്തിനു ദർശനങ്ങളുണ്ടായി. അദ്ദേഹം തന്റെ സ്വപ്നത്തിന്റെ സാരാംശം എഴുതി. ദാനീയേൽ ഇപ്രകാരം വിവരിച്ചു: “ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നതു ഞാൻ രാത്രി ദർശനത്തിൽ കണ്ടു. അപ്പോൾ വ്യത്യസ്തങ്ങളായ നാലു വലിയ മൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറിവന്നു. “ഒന്നാമത്തേതു സിംഹത്തിനു തുല്യം, അതിന് കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, അതിന്റെ ചിറകുകൾ പറിച്ചുനീക്കപ്പെട്ടു; അതിനെ നിലത്തുനിന്നുയർത്തി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി; അതിന് ഒരു മനുഷ്യഹൃദയവും നൽകപ്പെട്ടു. “രണ്ടാമതു കരടിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ ഒരു പാർശ്വം ഉയർന്നിരുന്നു; വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലുകൾ ഉണ്ടായിരുന്നു. ‘എഴുന്നേറ്റ് ധാരാളം മാംസം തിന്നുക,’ എന്ന് അതിനോടു പറയപ്പെട്ടു. “അതിനുശേഷം ഞാൻ നോക്കിയപ്പോൾ പുള്ളിപ്പുലിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ മുതുകിൽ പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. ആധിപത്യം ആ മൃഗത്തിനു ലഭിച്ചു. “അതിനുശേഷം രാത്രി ദർശനത്തിൽ ഞാൻ ഉഗ്രവും ഭയാനകവും അതിശക്തവുമായ നാലാമതൊരു മൃഗത്തെ കണ്ടു. അതിന് വലിയ ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നു. അതു തിന്നുകയും തകർക്കുകയും ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തു. അതിനുമുമ്പുള്ള എല്ലാ മൃഗങ്ങളിൽനിന്നും അതു വ്യത്യസ്തമായിരുന്നു; പത്തു കൊമ്പുകൾ അതിനുണ്ടായിരുന്നു. “ആ കൊമ്പുകളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചെറിയ കൊമ്പ് അവയ്ക്കിടയിൽ മുളച്ചുവന്നു. ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽവെച്ച് വേരോടെ പിഴുതെറിയപ്പെട്ടു. ഈ കൊമ്പിൽ മനുഷ്യനുള്ളതുപോലെ കണ്ണുകളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു. “ഞാൻ നോക്കിക്കൊണ്ടിരിക്കെ, “സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു; പുരാതനനായവൻ ഉപവിഷ്ടനായി. അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു. അവിടത്തെ സിംഹാസനം അഗ്നിജ്വാലയും അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു. അവിടത്തെ സന്നിധിയിൽനിന്ന് ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു. ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു. ന്യായവിസ്താരസഭ സമ്മേളിച്ചു, പുസ്തകങ്ങൾ തുറന്നു. “ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു. മറ്റു മൃഗങ്ങളുടെ കാര്യത്തിലാകട്ടെ, അവയുടെ ആധിപത്യം നീക്കപ്പെട്ടു; എങ്കിലും ഒരു നിർദിഷ്ടകാലത്തേക്ക് അവയുടെ ആയുസ്സു നീട്ടിക്കൊടുത്തു. “രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു7:13 മൂ.ഭാ. ബർ-എനാശ് എന്ന വാക്കിന് മനുഷ്യൻ എന്നർഥം. പുതിയനിയമത്തിൽ യേശുവിനു നൽകപ്പെട്ട മനുഷ്യപുത്രൻ, എന്ന പേര് ഈ വാക്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം. അതുകൊണ്ടാണ് മനുഷ്യപുത്രൻ എന്ന പ്രയോഗം ഇവിടെ നിലനിർത്തിയിരിക്കുന്നത്. സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു. സകലരാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരംതന്നെ. സ്വപ്നവ്യാഖ്യാനം “ദാനീയേൽ എന്ന ഞാൻ എന്റെ ആത്മാവിൽ ദുഃഖിച്ചു. എന്റെ മനസ്സിലെ ദർശനങ്ങളാൽ ഞാൻ വിവശനായിത്തീർന്നു. ഞാൻ സമീപത്തു നിന്ന ഒരുവന്റെ അടുക്കൽച്ചെന്ന് ഇതിന്റെയെല്ലാം പൊരുൾ എന്താണെന്നു ചോദിച്ചു. “അതിനാൽ അദ്ദേഹം ഈ കാര്യങ്ങളുടെ സാരം എനിക്കു വ്യക്തമാക്കിത്തന്നു. ഈ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉയർന്നുവരാനുള്ള നാലു രാജാക്കന്മാരാകുന്നു. എന്നാൽ പരമോന്നതന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജ്യം അവകാശമാക്കും. “പിന്നീട്, മറ്റെല്ലാ മൃഗങ്ങളിൽനിന്നു വ്യത്യസ്തവും അതിഭയങ്കരവും ഇരുമ്പുപല്ലുകളും വെങ്കലനഖങ്ങളുമുള്ളതും വിഴുങ്ങുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ തലയിലുണ്ടായിരുന്ന പത്തുകൊമ്പുകളെക്കുറിച്ചും പിന്നീടു മുളച്ചുവളർന്നതും മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണും വമ്പുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാൾ കാഴ്ചയിൽ വലുതുമായ മറ്റേ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ആഗ്രഹിച്ചു. പുരാതനനായവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും വിശുദ്ധർ രാജ്യം പിടിച്ചടക്കുകയും ചെയ്യുന്നസമയം വരുവോളം ആ കൊമ്പു വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു. “അദ്ദേഹം ഈ വിശദീകരണം എനിക്കു നൽകി: നാലാമത്തെ മൃഗം, ഭൂമിയിൽ വരാനുള്ള നാലാമത്തേതായ ഒരു രാജത്വമാണ്. അതു മറ്റെല്ലാ രാജത്വങ്ങളെക്കാളും വ്യത്യസ്തമായിരിക്കും. അത് ഭൂമിയെ മുഴുവൻ വിഴുങ്ങുകയും അതിനെ ചവിട്ടിമെതിക്കുകയും തകർക്കുകയും ചെയ്യും. പത്തുകൊമ്പുകളോ, ഈ രാജത്വത്തിൽനിന്ന് എഴുന്നേൽക്കുന്ന പത്തു രാജാക്കന്മാരാണ്. അവർക്കുശേഷം മറ്റൊരു രാജാവ് എഴുന്നേൽക്കും. മുൻഗാമികളിൽനിന്നു വ്യത്യസ്തനായി അദ്ദേഹം മൂന്നു രാജാക്കന്മാരെ കീഴടക്കും. അദ്ദേഹം പരമോന്നതനെതിരേ വമ്പു പറയുകയും പരമോന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുന്നതിനു ശ്രമിക്കുകയും ചെയ്യും. കാലവും കാലങ്ങളും കാലാർധവും7:25 അഥവാ, ഒരുവർഷം, രണ്ടുവർഷം, അരവർഷം കഴിയുംവരെ അവരെ അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കും. “ ‘എന്നാൽ ന്യായവിസ്താരസഭ ഇരിക്കുകയും അദ്ദേഹത്തിന്റെ ആധിപത്യം എടുത്തുകളഞ്ഞ് അവസാനത്തോളം നശിപ്പിച്ച് മുടിച്ചുകളയുകയും ചെയ്യും. പിന്നീട്, രാജത്വവും ആധിപത്യവും ആകാശത്തിനുകീഴേ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും പരമോന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു നൽകപ്പെടും. അവിടത്തെ രാജ്യം ഒരു നിത്യരാജ്യമായിരിക്കും; എല്ലാ ആധിപത്യങ്ങളും അവിടത്തെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’ “ഇങ്ങനെയാകുന്നു കാര്യങ്ങളുടെ അവസാനം. ദാനീയേൽ എന്ന ഞാനാകട്ടെ, എന്റെ വിചാരങ്ങളാൽ അതിവിവശനായിത്തീർന്നു. എന്റെ മുഖം വിളറിവെളുത്തു. എങ്കിലും ഈ കാര്യം ഞാൻ ഹൃദയത്തിൽ സംഗ്രഹിച്ചു.” ദാനീയേലിന്റെ ദർശനം: ആട്ടുകൊറ്റനും കോലാട്ടുകൊറ്റനും ബേൽശസ്സർരാജാവിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ദാനീയേൽ എന്ന എനിക്ക്, മുമ്പുണ്ടായ ദർശനത്തെത്തുടർന്ന് മറ്റൊരു ദർശനം ഉണ്ടായി. ഏലാം പ്രവിശ്യയിലെ എന്റെ ദർശനത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുന്നതായി കണ്ടു. ഞാൻ ഊലായിനദീതീരത്തു8:2 അഥവാ, ഊലായി കവാടത്തിൽ നിൽക്കുന്നതായി ഞാൻ ദർശനത്തിൽ കണ്ടു. ഞാൻ കണ്ണുയർത്തിനോക്കിയപ്പോൾ നദീതീരത്ത്8:3 അഥവാ, കവാടത്തിൽ രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നിൽക്കുന്നതു കണ്ടു. അതിന്റെ രണ്ടുകൊമ്പുകളും നീണ്ടവയായിരുന്നു; എന്നാൽ ഒരു കൊമ്പ് അധികം നീണ്ടതുമായിരുന്നു. അധികം നീണ്ടത് ഒടുവിൽ മുളച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു. ഒരു മൃഗത്തിനും അതിന്റെ മുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല. അതിന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിവുള്ളവർ ആരുമുണ്ടായിരുന്നില്ല. അതു തനിക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു അങ്ങനെ അതു വളരെ വലുതായിത്തീർന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറുനിന്ന് ഭൂമിയുടെ ഉപരിതലത്തിലൂടെ നിലംതൊടാതെ വന്നു; അതിനു കണ്ണുകൾക്കുനടുവിൽ ശ്രദ്ധേയമായ ഒരു കൊമ്പുണ്ടായിരുന്നു. നദീതീരത്തു നിൽക്കുന്നതായി ഞാൻ കണ്ട രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെനേരേ അത് ഉഗ്രകോപത്തോടെ പാഞ്ഞുചെന്നു. അത് ആട്ടുകൊറ്റനരികെ വരുന്നതായി ഞാൻ കണ്ടു. അത് ആട്ടുകൊറ്റന്റെനേരേ ക്രോധത്തോടെ പാഞ്ഞുചെന്നു. അത് ആട്ടുകൊറ്റനെ ഇടിച്ച് അതിന്റെ കൊമ്പുകൾ ചിതറിച്ചുകളഞ്ഞു. അതിനോട് എതിർത്തു നിൽക്കാനുള്ള ശക്തി ആട്ടുകൊറ്റന് ഉണ്ടായിരുന്നില്ല. അതിനാൽ അത് അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. ആട്ടുകൊറ്റനെ അതിന്റെ ശക്തിയിൽനിന്നു രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. കോലാട്ടുകൊറ്റൻ വളരെ വലുതായിത്തീർന്നു. അതിന്റെ ശക്തി വർധിച്ചപ്പോൾ വലിയ കൊമ്പു തകർന്നുപോയി. അതിന്റെ സ്ഥാനത്ത് ആകാശത്തിലെ നാലു കാറ്റുകൾക്കുംനേരേ നാല് അസാധാരണ കൊമ്പുകൾ മുളച്ചുവന്നു. അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പു മുളച്ച് തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനുനേരേയും അത്യന്തം വലുതായിത്തീർന്നു. അത് ആകാശത്തിലെ സൈന്യത്തോളം വളർന്ന് ആ നക്ഷത്രസേനയിൽ ചിലതിനെ ഭൂമിയിലേക്കു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. അത് സൈന്യത്തിന്റെ അധിപതിയോളം തന്നെത്തന്നെ വലുതാക്കി; അദ്ദേഹത്തിനു നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമൃഗത്തെ നീക്കിക്കളയുകയും അദ്ദേഹത്തിന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു. സൈന്യത്തിന്റെ അധിപതിയോടുള്ള മത്സരംനിമിത്തം, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിന്റെ സ്ഥാനത്ത് തന്നെ സേവിക്കാനുള്ള സമൂഹത്തെ ആ മൃഗം നിയമിച്ചു. അതു സത്യത്തെ തകിടംമറിച്ചുകൊണ്ടു ചെയ്ത പ്രവൃത്തികളിലെല്ലാം അഭിവൃദ്ധിപ്രാപിക്കുകയും ചെയ്തു.8:12 മൂ.ഭാ. 11–12 എന്നീ വാക്യങ്ങളുടെ അർഥം വളരെ വ്യക്തമല്ല. അപ്പോൾ ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു. സംസാരിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധനോട്, മറ്റൊരു വിശുദ്ധൻ: “നിരന്തരം അർപ്പിക്കുന്ന ഹോമയാഗമൃഗത്തെയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മത്സരത്തെയും വിശുദ്ധമന്ദിരം, സൈന്യം എന്നിവയും ചവിട്ടിമെതിക്കപ്പെടാൻ ഏൽപ്പിക്കപ്പെടുന്നതിനെയും സംബന്ധിച്ച ദർശനം നിറവേറാൻ എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു. അദ്ദേഹം എന്നോട്: “2,300 സന്ധ്യകളും ഉഷസ്സുകളും വേണ്ടിവരും. അതിനുശേഷം വിശുദ്ധമന്ദിരം പുനർനിർമിക്കപ്പെടും” എന്നു പറഞ്ഞു. ദർശനവ്യാഖ്യാനം ദാനീയേൽ എന്ന ഞാൻ ദർശനം കണ്ടശേഷം അർഥം ഗ്രഹിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കെ, ഒരു പുരുഷരൂപം എന്റെമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. ഊലായി തീരങ്ങൾക്കു മധ്യേനിന്ന്, “ഗബ്രീയേലേ, ഇവനു ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്നു പറയുന്ന ഒരു പുരുഷന്റെ ശബ്ദം ഞാൻ കേട്ടു. അങ്ങനെ അദ്ദേഹം ഞാൻ നിന്നിരുന്നിടത്തു വന്നു. അദ്ദേഹം വന്നപ്പോൾ ഞാൻ ഭയപ്പെട്ടു കമിഴ്ന്നുവീണു. എന്നാൽ അദ്ദേഹം: “മനുഷ്യപുത്രാ,” ഈ ദർശനം അന്ത്യകാലത്തെ സംബന്ധിച്ചുള്ളതെന്നു ഗ്രഹിച്ചുകൊൾക, എന്നു പറഞ്ഞു. അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരിക്കെ, ഞാൻ ബോധരഹിതനായി, നിലത്തു കമിഴ്ന്നുവീണു. അദ്ദേഹം എന്നെ തൊട്ടു നിവർന്നുനിൽക്കുമാറാക്കി. അദ്ദേഹം പറഞ്ഞു: “ഇതാ, ക്രോധകാലത്തിന്റെ അവസാനത്തിൽ എന്തു സംഭവിക്കുമെന്നു ഞാൻ നിന്നെ അറിയിക്കാൻ പോകുകയാണ്; കാരണം അത് അന്ത്യകാലത്തേക്കുള്ള ദർശനമത്രേ. രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ മേദ്യരുടെയും പാർസികളുടെയും രാജാക്കന്മാരെ കുറിക്കുന്നു. പരുപരുത്ത കോലാട്ടുകൊറ്റൻ ഗ്രീക്കുരാജാവാണ്.8:21 മൂ.ഭാ. യവനരാജാവാണ് കണ്ണുകൾക്കു മധ്യേയുള്ള വലിയ കൊമ്പ് അവരുടെ ആദ്യരാജാവിനെയാണ് കുറിക്കുന്നത്. ഒടിഞ്ഞ കൊമ്പിന്റെ സ്ഥാനത്തു മുളച്ചുവന്ന നാലു കൊമ്പുകളും അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് ഉത്ഭവിക്കുന്ന നാലു രാജ്യങ്ങളെ കാണിക്കുന്നു; എന്നാൽ അദ്ദേഹത്തിന്റെ ശക്തിയോടെ അല്ലതാനും. “അവരുടെ ഭരണത്തിന്റെ അന്ത്യകാലത്ത്—അതിക്രമക്കാരുടെ അതിക്രമം മുഴുക്കുമ്പോൾ—ഉഗ്രരൂപിയും കൗശലബുദ്ധിയുള്ളവനുമായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം അതിശക്തനാകും; സ്വന്തശക്തിയാൽ അല്ലതാനും. അദ്ദേഹം ഭയങ്കരനാശം ചെയ്തുകൊണ്ട് തന്റെ ഇഷ്ടം പ്രവർത്തിച്ച് വിജയിക്കും. അദ്ദേഹം വീരന്മാരെയും വിശുദ്ധജനത്തെയും നശിപ്പിക്കും. വഞ്ചന പടർന്നുപന്തലിക്കാൻ അദ്ദേഹം ഇടയാക്കുകയും മറ്റുള്ളവരെക്കാൾ താൻ ഉന്നതനെന്നു ഭാവിക്കുകയും ചെയ്യും. അവർ സുരക്ഷിതരെന്നു കരുതിയിരിക്കുന്ന അദ്ദേഹം പലരെയും നശിപ്പിക്കും. പ്രഭുക്കന്മാരുടെ പ്രഭുവിനെയും അദ്ദേഹം എതിർക്കും. എന്നാൽ അദ്ദേഹം തകർക്കപ്പെടും; മനുഷ്യകരംകൊണ്ടല്ലതാനും. “സന്ധ്യകളെയും ഉഷസ്സുകളെയുംപറ്റിയുണ്ടായ ദർശനം സത്യമാണ്. എന്നാൽ ഈ ദർശനം മുദ്രവെക്കുക; അതു വിദൂരഭാവികാലത്തേക്കുള്ളതാകുന്നു.” ഇതിനുശേഷം ദാനീയേലെന്ന ഞാൻ വളരെദിവസത്തേക്കു ക്ഷീണിതനും രോഗിയുമായിരുന്നു. പിന്നീട് വീണ്ടും ഞാൻ എഴുന്നേറ്റ് രാജകാര്യങ്ങളിൽ വ്യാപൃതനായി. ഈ ദർശനത്തെക്കുറിച്ചു ഞാൻ അത്ഭുതപരവശനായി; അതു മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായിരുന്നു. ദാനീയേലിന്റെ പ്രാർഥന ബാബേൽ9:1 അഥവാ, കൽദയ രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ, ദാനീയേൽ എന്ന ഞാൻ, ജെറുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷംകൊണ്ട് അവസാനിക്കും എന്നു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടനുസരിച്ചുള്ള ഒരു കാലസംഖ്യ തിരുവെഴുത്തുകളിൽനിന്ന് ഗ്രഹിച്ചു. അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു. ഞാൻ എന്റെ ദൈവമായ യഹോവയോട് ഇപ്രകാരം പ്രാർഥിച്ച് ഏറ്റുപറഞ്ഞു: “വലിയവനും ഭയങ്കരനും തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്കും അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന ദൈവവുമായ കർത്താവേ, ഞങ്ങൾ പാപംചെയ്തു, അതിക്രമം പ്രവർത്തിച്ചു; ദുഷ്ടതയോടെ ജീവിച്ചു. അങ്ങയുടെ കൽപ്പനകളിൽനിന്നും നിയമങ്ങളിൽനിന്നും വിട്ടുമാറി അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനങ്ങളോടും അവിടത്തെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല. “കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം. യഹോവേ, ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും വിമോചനവുമുണ്ട്. ഞങ്ങളോ, അവിടത്തോടു മത്സരിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം ഞങ്ങൾ അനുസരിക്കുകയോ അവിടത്തെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞങ്ങളുടെമുമ്പിൽവെച്ച ന്യായപ്രമാണം പ്രമാണിക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേൽ മുഴുവനും അവിടത്തെ അനുസരിക്കാതെ, അവിടത്തെ ന്യായപ്രമാണം ലംഘിച്ച് വഴിവിട്ടു നടന്നിരിക്കുന്നു. “ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ ന്യായപ്രമാണത്തിൽ ആണയിലൂടെ ശപഥംചെയ്തു രേഖപ്പെടുത്തിയിട്ടുള്ള ന്യായവിധി ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു. വലിയ അനർഥം ഞങ്ങളുടെമേൽ വരുത്തുമെന്ന് ഞങ്ങൾക്കും ഞങ്ങളെ ന്യായപാലനംചെയ്തവർക്കും എതിരേ സംസാരിച്ചിരിക്കുന്ന വചനങ്ങൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ജെറുശലേമിനു സംഭവിച്ചതുപോലെയുള്ള ഒന്ന് ആകാശത്തിൻകീഴിലെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ലല്ലോ. മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ അനർഥമെല്ലാം ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ അകൃത്യം വിട്ടുതിരിഞ്ഞ് അങ്ങയുടെ സത്യത്തിനു ചെവികൊടുത്തുകൊണ്ട് ഞങ്ങളുടെ ദൈവമായ യഹോവയുടെ കരുണയ്ക്കായി ഞങ്ങൾ അപേക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഈ വിനാശം ഞങ്ങളുടെമേൽ വരുത്തുന്നതിനു യഹോവ മടിച്ചില്ല, കാരണം അവിടന്നു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഞങ്ങളുടെ ദൈവമായ യഹോവ നീതിമാനാകുന്നു; എന്നിട്ടും ഞങ്ങൾ അവിടത്തെ വചനം കേട്ടനുസരിച്ചിട്ടില്ല. “ബലമുള്ള ഭുജത്താൽ തന്റെ ജനത്തെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവരികയും ഇന്നുള്ളതുപോലെ തനിക്കായി ഒരു നാമം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്തിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. കർത്താവേ, അവിടത്തെ സർവനീതിക്കും തക്കവണ്ണം ഇപ്പോൾ അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധപർവതമായ ജെറുശലേം നഗരംവിട്ടു നീങ്ങുമാറാകട്ടെ. എന്തെന്നാൽ ഞങ്ങളുടെ പാപവും ഞങ്ങളുടെ പിതാക്കന്മാരുടെ അതിക്രമവുംനിമിത്തം ജെറുശലേമും അങ്ങയുടെ ജനങ്ങളും ചുറ്റുമുള്ള എല്ലാവർക്കും ഒരു നിന്ദാവിഷയമായിത്തീർന്നിരിക്കുന്നു. “അതിനാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ അവിടത്തെ ദാസന്റെ പ്രാർഥനയ്ക്കും യാചനകൾക്കും ചെവിചായ്‌ക്കണമേ. ശൂന്യമായിക്കിടക്കുന്ന അവിടത്തെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവ് നിമിത്തം തിരുമുഖം പ്രകാശിപ്പിക്കണമേ. എന്റെ ദൈവമേ, ചെവിചായ്ച്ചു കേൾക്കണമേ. കണ്ണുതുറന്നു തിരുനാമം വഹിക്കുന്ന നഗരത്തിന്റെ ശൂന്യത കാണണമേ. ഞങ്ങളുടെ നീതിനിമിത്തമല്ല, അവിടത്തെ മഹാദയ കാരണമാണ് ഞങ്ങൾ ഈ അപേക്ഷ തിരുസന്നിധിയിൽ സമർപ്പിക്കുന്നത്. കർത്താവേ, കേൾക്കണമേ. കർത്താവേ, ക്ഷമിക്കണമേ. കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ. എന്റെ ദൈവമേ, തിരുനാമംനിമിത്തം ഇനിയും താമസിക്കരുതേ; അവിടത്തെ നഗരവും അവിടത്തെ ജനവും തിരുനാമം വഹിക്കുന്നല്ലോ.” എഴുപത് “ഏഴുകൾ” ഞാൻ ഇങ്ങനെ പ്രാർഥിക്കുകയും എന്റെ പാപവും എന്റെ ജനമായ ഇസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ— ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, മുമ്പു ഞാൻ ദർശനത്തിൽ കണ്ടിരുന്ന പുരുഷനായ ഗബ്രീയേൽ, സന്ധ്യായാഗത്തിന്റെ സമയത്ത് അത്യന്തം ക്ഷീണിതനായിരുന്ന എന്റെ അടുക്കൽ അതിവേഗത്തിൽ പറന്നെത്തി. അദ്ദേഹം എന്നോടു സംസാരിക്കുകയും ഇത്തരം നിർദേശങ്ങൾ നൽകുകയും ചെയ്തു: “ദാനീയേലേ, നിനക്ക് ഉൾക്കാഴ്ചയും വിവേകവും പകർന്നുതരാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക. “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ9:24 അഥവാ, അതിവിശുദ്ധമായവനെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’9:24 അഥവാ, ആഴ്ചകൾ, വാ. 25, 26 കാണുക. നിയമിച്ചിരിക്കുന്നു. “അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ9:25 അഥവാ, പ്രഭുവായ മശീഹാവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും. അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു ‘ഏഴു’9:27 അഥവാ, ആഴ്ച കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ9:27 മൂ.ഭാ. ചിറകിന്മേൽ അദ്ദേഹം സ്ഥാപിക്കും.” ദാനീയേലിനു പ്രത്യക്ഷനായ പുരുഷൻ പാർസിരാജാവായ കോരെശിന്റെ മൂന്നാംവർഷത്തിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു. ആ കാര്യം സത്യവും ഒരു മഹായുദ്ധത്തെ സംബന്ധിക്കുന്നതും10:1 അഥവാ, ക്ലേശകരമായതും ആയിരുന്നു. ആ കാര്യത്തിന്റെ അർഥം ഒരു ദർശനത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു. ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല. ഒന്നാംമാസം ഇരുപത്തിനാലാം തീയതി ഞാൻ മഹാനദിയായ ടൈഗ്രീസിന്റെ തീരത്തിരിക്കുകയായിരുന്നു. ഞാൻ തലയുയർത്തിനോക്കി ചണവസ്ത്രം ധരിച്ച് അരയിൽ ഊഫാസിൽനിന്നുള്ള തങ്കംകൊണ്ടു നിർമിച്ച അരപ്പട്ട10:5 അതായത്, ബെൽറ്റ് കെട്ടിയതുമായ ഒരു പുരുഷനെ കണ്ടു. അദ്ദേഹത്തിന്റെ ശരീരം പുഷ്യരാഗംപോലെയും മുഖം മിന്നൽപ്പിണർപോലെയും കണ്ണുകൾ എരിയുന്ന പന്തങ്ങൾപോലെയും കൈകളും കാലുകളും മിനുക്കിയ വെങ്കലത്തിന്റെ ശോഭയുള്ളവയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ആൾക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു. ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു. അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു. അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു. പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു. പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോട് എതിർത്തുനിന്നു. അപ്പോൾ പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കാൻ വന്നു. കാരണം ഞാൻ അവിടെ പാർസിരാജാവിനോടൊപ്പം തടഞ്ഞുവെക്കപ്പെട്ടിരുന്നു. നിന്റെ ജനത്തിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് നിന്നെ അറിയിക്കാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. ദർശനം വിദൂരഭാവിയിലേക്കുള്ളതാകുന്നു.” അദ്ദേഹം ഈ വാക്കുകൾ എന്നോടു സംസാരിച്ചപ്പോൾ ഞാൻ മുഖം കുനിച്ച് ഒന്നും പറയാൻ കഴിവില്ലാതെ നിന്നുപോയി. അപ്പോൾ മനുഷ്യരൂപമുള്ള ഒരുവൻ10:16 ചി.കൈ.പ്ര. മനുഷ്യന്റെ കൈപോലുള്ള ഒന്ന് എന്റെ അധരങ്ങളെ തൊട്ടു. അപ്പോൾ ഞാൻ വായ് തുറന്ന് എന്റെമുമ്പിൽ നിന്നവനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന ബാധിച്ച് ഒരു ശക്തിയുമില്ലാതായിരിക്കുന്നു. അടിയനു യജമാനനോട് എങ്ങനെ സംസാരിക്കാൻ കഴിയും? എനിക്കോ, ഇപ്പോൾ ഒട്ടും ശക്തിയില്ല. എന്നിൽ ശ്വാസംപോലും ശേഷിച്ചിട്ടില്ല.” അപ്പോൾ മനുഷ്യസാദൃശ്യമുള്ളവൻ വീണ്ടും എന്നെ തൊട്ട് ബലപ്പെടുത്തി. “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ട; നിനക്കു സമാധാനം! ശക്തിപ്പെടുക, ശക്തനായിരിക്കുക,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾത്തന്നെ ഞാൻ ശക്തിയുള്ളവനായിത്തീർന്നു, “യജമാനൻ സംസാരിച്ചാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നിന്റെ അടുക്കൽ വന്നത് എന്തിനെന്നു നിനക്കറിയാമോ? ഞാൻ ഇപ്പോൾ പാർസിയിലെ പ്രഭുവിനോടു യുദ്ധംചെയ്യാൻ മടങ്ങിപ്പോകും; ഞാൻ പോയശേഷം ഗ്രീക്കുദേശത്തിന്റെ10:20 മൂ.ഭാ. യവനദേശത്തിന്റെ പ്രഭു വരും. എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ഞാൻ നിന്നോടു പറയാം. (നിങ്ങളുടെ പ്രഭുവായ മീഖായേൽ ഒഴികെ ഈ കാര്യങ്ങളിൽ എന്നോടൊപ്പം ഉറച്ചുനിൽക്കാൻ ആരുമില്ല.) മേദ്യനായ ദാര്യാവേശിന്റെ ഒന്നാംവർഷത്തിൽ അദ്ദേഹത്തെ പിൻതാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും ഞാൻ എഴുന്നേറ്റു. തെക്കും വടക്കും ഉള്ള രാജാക്കന്മാർ “ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിയിൽ ഇനി മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. അതിനുശേഷം വരുന്ന നാലാമൻ അവരെല്ലാവരെക്കാളും അതിസമ്പന്നനായിരിക്കും. സമ്പത്തിലൂടെ പ്രബലനാകുമ്പോൾ അദ്ദേഹം എല്ലാവരെയും ഗ്രീക്കുദേശത്തിനെതിരേ11:2 മൂ.ഭാ. യവനദേശത്തിനെതിരേ ഇളക്കിവിടും. പിന്നീടു ശക്തനായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം വലിയ അധികാരത്തോടെ ഭരിക്കുകയും സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും11:4 നാലുകാറ്റിലേക്കും, വിവക്ഷിക്കുന്നത് രാജ്യം നാലായി വിഭജിക്കപ്പെടും. ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും. “അപ്പോൾ തെക്കേരാജ്യത്തിലെ രാജാവു ശക്തനായിത്തീരും. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരുവൻ അദ്ദേഹത്തെക്കാൾ ശക്തനായി ഭരണംനടത്തും. അദ്ദേഹത്തിന്റെ ആധിപത്യം മഹാ ആധിപത്യമായിരിക്കും. ഏതാനും വർഷം കഴിഞ്ഞ് അവർ ഒരു സഖ്യംചെയ്യും. തെക്കേരാജ്യത്തിലെ രാജാവിന്റെ പുത്രി, വടക്കേരാജ്യത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യാൻ വരും. എങ്കിലും അവളുടെ അധികാരം നിലനിർത്താൻ കഴിയുകയില്ല. ആ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ശക്തിയും11:6 അഥവാ, സന്തതിയും തുടരുകയുമില്ല. അവളും അവളെ കൊണ്ടുചെന്നവരും അവളുടെ പിതാവും അവളെ തുണച്ചവരും ഉപേക്ഷിക്കപ്പെടും. “അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും. മാത്രവുമല്ല, അവരുടെ ദേവതകളെ, അവരുടെ ലോഹപ്രതിമകളോടും സ്വർണവും വെള്ളിയുംകൊണ്ടുള്ള വിലയേറിയ പാത്രങ്ങളോടുംകൂടി അദ്ദേഹം ഈജിപ്റ്റിലേക്കു കൊണ്ടുപോകും. പിന്നീട് കുറെ വർഷത്തേക്ക് അദ്ദേഹം വടക്കേരാജ്യത്തിലെ രാജാവിനെ ആക്രമിക്കാതെയിരിക്കും. അതിനുശേഷം വടക്കേരാജ്യത്തിലെ രാജാവ് തെക്കേരാജ്യത്തിനെതിരേ ആക്രമണം അഴിച്ചുവിടും; എങ്കിലും സ്വന്തം രാജ്യത്തേക്കുതന്നെ മടങ്ങിപ്പോകും. അദ്ദേഹത്തിന്റെ പുത്രന്മാർ വീണ്ടും യുദ്ധത്തിനു തയ്യാറെടുക്കുകയും വിപുലമായൊരു സൈന്യത്തെ കൂട്ടിവരുത്തുകയും ചെയ്യും. ആ സൈന്യം മുന്നേറി, ആരാലും തടഞ്ഞുനിർത്താൻ കഴിയാത്ത പ്രളയജലപ്രവാഹംപോലെ മുന്നേറിവന്ന് അയാളുടെ കോട്ടവരെ യുദ്ധം എത്തിച്ചേരും. “തെക്കേരാജ്യത്തിലെ രാജാവ് കുപിതനായി സൈന്യത്തെ നീക്കി വടക്കേദേശത്തിലെ രാജാവിനോടു യുദ്ധംചെയ്യും. വടക്കേദേശത്തിലെ രാജാവ് വലിയൊരു സൈന്യത്തെ അണിനിരത്തും, എന്നാൽ ആ സൈന്യം പരാജയപ്പെടും. ആ സൈന്യം തൂത്തെറിയപ്പെടുമ്പോൾ തെക്കേരാജ്യത്തിലെ രാജാവ് തന്റെ അഹന്തനിമിത്തം പതിനായിരക്കണക്കിന് ആളുകളെ അരിഞ്ഞുവീഴ്ത്തും, എന്നാലും അദ്ദേഹത്തിന്റെ വിജയം നിലനിൽക്കുകയില്ല. വടക്കേരാജ്യത്തിലെ രാജാവ് മടങ്ങിവന്ന് മുമ്പിലത്തേതിലധികം സൈന്യത്തെ അണിനിരത്തും. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം വലിയൊരു സൈന്യത്തോടും സർവസന്നാഹങ്ങളോടുംകൂടെ വരും. “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും. അപ്പോൾ വടക്കേദേശത്തിലെ രാജാവു വന്ന് ചരിഞ്ഞ പാത പണിത് കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണം പിടിച്ചെടുക്കും. തെക്കേരാജ്യത്തിലെ സൈന്യത്തിന് ആക്രമണം ചെറുത്തുനിൽക്കാനുള്ള ശേഷി ഉണ്ടാകുകയില്ല; അവരിൽ അതിശക്തരായ സൈനികവ്യൂഹംപോലും ഉറച്ചുനിൽക്കുകയില്ല, വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും. തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടെ വരാൻ അദ്ദേഹം തീരുമാനിച്ച് തെക്കേരാജ്യത്തെ രാജാവുമായി സന്ധിചെയ്യും. അദ്ദേഹം ആ രാജ്യത്തെ നശിപ്പിക്കാൻവേണ്ടി ഒരു പുത്രിയെ അദ്ദേഹത്തിനു വിവാഹംചെയ്തുകൊടുക്കും. എന്നാൽ തന്റെ പദ്ധതി ഫലംകാണുകയില്ല; അവൾ അദ്ദേഹത്തിന്റെ പക്ഷത്തു നിൽക്കുകയുമില്ല. പിന്നീട് അദ്ദേഹം തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് നിരവധി പട്ടണങ്ങളും പിടിച്ചെടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം ഒരു സൈന്യാധിപൻ നിർത്തലാക്കും; ആ ധിക്കാരത്തിനനുസൃതമായ പ്രതികാരവുംചെയ്യും. പിന്നീട് അദ്ദേഹം സ്വന്തം ദേശത്തിലെ കോട്ടകൾക്കുനേരേ തിരിയും; എന്നാൽ പിന്നീടൊരിക്കലും കാണാത്തവിധം കാലിടറി നിലംപൊത്തും. “അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരുവൻ എഴുന്നേൽക്കും. അദ്ദേഹം തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു പീഡകനെ അയയ്ക്കും. എങ്കിലും ചില വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സംഹരിക്കപ്പെടും. അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കുകയില്ല. “അദ്ദേഹത്തിന്റെ സ്ഥാനത്തു രാജത്വപദവി നൽകപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവൻ അധികാരത്തിലേക്കുവരും. ജനം സുരക്ഷിതരെന്നു കരുതിയിരിക്കുമ്പോൾ അയാൾ വന്ന് ഗൂഢാലോചനയിലൂടെ രാജ്യം കൈവശമാക്കും. പിന്നീട് പ്രളയതുല്യമായ ഒരു സൈന്യം അദ്ദേഹത്തിന്റെ മുമ്പിൽനിന്ന് തുടച്ചുനീക്കപ്പെടും. ഉടമ്പടിയുടെ പ്രഭുവും നാശമടയും. അദ്ദേഹത്തോടൊപ്പം സന്ധിചെയ്തശേഷം അദ്ദേഹം വഞ്ചന പ്രവർത്തിക്കും; ചുരുക്കംചില അനുയായികളോടൊപ്പം അദ്ദേഹം അധികാരത്തിലേക്ക് ഉയർത്തപ്പെടും. സമാധാനകാലത്ത് പ്രവിശ്യകളിലെ ഏറ്റവും സമ്പത്തുള്ള സ്ഥലങ്ങളിലേക്കു കടന്നുചെന്ന് തന്റെ പിതാക്കന്മാർക്കോ അവരുടെ പൂർവപിതാക്കന്മാർക്കോ സാധിക്കാതിരുന്നത് അദ്ദേഹം നേടിയെടുക്കും. അദ്ദേഹം കൊള്ളയും കവർച്ചയും സമ്പത്തും തന്റെ അനുയായികൾക്കിടയിൽ വാരിവിതറും. കോട്ടകളുടെനേരേ അദ്ദേഹം തന്റെ പദ്ധതികൾ ആസൂത്രണം ചെയ്യും; എന്നാൽ അത് അൽപ്പകാലത്തേക്കുമാത്രമായിരിക്കും. “അദ്ദേഹം ഒരു വിപുലസൈന്യത്തോടുകൂടെ വന്ന് തെക്കേദേശത്തിലെ രാജാവിനെതിരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും. തന്മൂലം തെക്കേദേശത്തിലെ രാജാവ് വളരെ വിപുലവും ശക്തവുമായ ഒരു സൈന്യവുമായി യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അദ്ദേഹത്തിനെതിരേ തന്ത്രങ്ങൾ പ്രയോഗിക്കുകകൊണ്ട് ചെറുത്തുനിൽക്കുക ദുഷ്കരമായിരിക്കും. രാജാവിന്റെ ഭക്ഷണവിഹിതം കഴിക്കുന്നവർതന്നെ അദ്ദേഹത്തെ നശിപ്പിക്കും. അയാളുടെ സൈന്യം തൂത്തെറിയപ്പെടും; വളരെപ്പേർ കൊല്ലപ്പെട്ടവരായി വീഴുകയും ചെയ്യും. ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരേ മേശയിൽവെച്ചുതന്നെ പരസ്പരം കപടം സംസാരിക്കും; എങ്കിലും അതു സഫലമാകുകയില്ല. നിർണയിക്കപ്പെട്ട സമയത്തുമാത്രമേ അവസാനം വരികയുള്ളൂ. പിന്നീട് വടക്കേദേശത്തെ രാജാവ് വലിയ കവർച്ചയോടുകൂടെ സ്വന്തം ദേശത്തേക്കു മടങ്ങും; അദ്ദേഹത്തിന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും. അദ്ദേഹം അതിനെതിരേ സ്വന്തം ഇഷ്ടം പ്രവർത്തിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും. “നിശ്ചയിക്കപ്പെട്ട സമയത്ത് അദ്ദേഹം വീണ്ടും തെക്കേദേശത്തെ ആക്രമിക്കും, എന്നാൽ ഈ അന്ത്യകാലഘട്ടത്തിൽ അതു മുമ്പിലത്തേതുപോലെ ഫലിക്കുകയില്ല. കിത്തീം11:30 അഥവാ, പടിഞ്ഞാറൻ തീരങ്ങളിലെ കപ്പലുകൾ അദ്ദേഹത്തിനുനേരേ വരും; അതിനാൽ അദ്ദേഹം നിരാശനായി മടങ്ങും. പിന്നീട് അദ്ദേഹം തന്റെ ക്രോധം വിശുദ്ധ ഉടമ്പടിക്കെതിരേ അഴിച്ചുവിടും. പിന്നീട് അദ്ദേഹം മടങ്ങിവന്ന് വിശുദ്ധ ഉടമ്പടി ഉപേക്ഷിക്കുന്നവരെ ആദരിക്കും. “അദ്ദേഹം അയച്ച സൈന്യങ്ങൾ അണിനിരന്ന് വിശുദ്ധമന്ദിരത്തിന്റെ കോട്ട അശുദ്ധമാക്കി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം നിർത്തലാക്കും. അപ്പോൾ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത അവർ അവിടെ പ്രതിഷ്ഠിക്കും. ഉടമ്പടിക്കു വിരുദ്ധമായി ദുഷ്ടതയോടെ പ്രവർത്തിക്കുന്നവരെ അയാൾ മുഖസ്തുതികൊണ്ട് വഷളാക്കും. എന്നാൽ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു ധീരത കാണിക്കും. “ജനത്തിൽ ജ്ഞാനികൾ പലരെയും പ്രബോധിപ്പിക്കും. എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും. അവർ വീഴുമ്പോൾ അൽപ്പസഹായം അവർക്കു ലഭിക്കും. എന്നാൽ പലരും കാപട്യത്തോടെ അവരോടു ചേരും. എന്നാൽ അന്ത്യകാലംവരെയും അവരിൽ ശുദ്ധീകരണവും നിർമലീകരണവുംകൊണ്ട് നിഷ്കളങ്കരായി മാറ്റപ്പെടേണ്ടതിന് ജ്ഞാനികളിൽ ചിലർ ഇടറിവീഴും; കാരണം നിശ്ചയിക്കപ്പെട്ട സമയത്തുമാത്രമേ അന്ത്യം വരുകയുള്ളൂ. തന്നെത്താൻ ഉയർത്തുന്ന രാജാവ് “രാജാവ് സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം എല്ലാ ദേവന്മാർക്കുംമീതേ തന്നെത്താൻ ഉയർത്തി ദേവാധിദൈവത്തിനെതിരേ കൊടിയ ദൂഷണം സംസാരിക്കും. ക്രോധകാലം തികയുവോളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെല്ലാം വിജയംനേടും; കാരണം നിർണയിക്കപ്പെട്ടത് അപ്രകാരം സംഭവിക്കുകതന്നെചെയ്യും. എല്ലാവർക്കുംമീതേ സ്വയം ഉയർത്തുന്നവനാകുകയാൽ അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദേവതകളെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ മറ്റേതെങ്കിലും ദേവനെയോ ആദരിക്കുകയില്ല. പകരം അദ്ദേഹം തന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേവനെ—കോട്ടകളുടെ ദേവനെത്തന്നെ—സ്വർണം, വെള്ളി, രത്നങ്ങൾ, അമൂല്യവസ്തുക്കൾ എന്നിവയാൽ ആദരിക്കും. ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും. “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവുമായി യുദ്ധംചെയ്യും. രഥങ്ങളും കുതിരച്ചേവകരും വലിയ കപ്പൽവ്യൂഹങ്ങളുമായി വടക്കേദേശരാജാവ് ചുഴലിക്കാറ്റുപോലെ അദ്ദേഹത്തിനുനേരേ ചെല്ലും. അയാൾ അനേകം രാജ്യങ്ങളുടെമേൽ പാഞ്ഞുകയറി അവയെയെല്ലാം ഒരു പ്രളയംപോലെ കവിഞ്ഞൊഴുകി കടന്നുപോകും. അദ്ദേഹം മനോഹരദേശത്തെയും ആക്രമിക്കും. അനേകം രാജ്യങ്ങൾ വീഴും; എന്നാൽ ഏദോമും മോവാബും അമ്മോന്യനേതാക്കന്മാരും അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപ്പെടും. അദ്ദേഹം തന്റെ ശക്തിയുള്ള കൈനീട്ടി അനേകം രാജ്യങ്ങളെ പിടിച്ചടക്കും; ഈജിപ്റ്റുദേശം അതിൽനിന്ന് ഒഴിവാകുകയില്ല. ഈജിപ്റ്റിലെ സ്വർണം, വെള്ളി എന്നീ നിക്ഷേപങ്ങളെയും അമൂല്യവസ്തുക്കളെയും അദ്ദേഹം കൈക്കലാക്കും. ലിബിയക്കാരും കൂശ്യരും11:43 അതായത്, എത്യോപ്യ അദ്ദേഹത്തിനു കീഴടങ്ങും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും. സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല. അന്ത്യകാലങ്ങൾ “ആ കാലത്ത് നിന്റെ ജനത്തിനു സംരക്ഷണം നൽകുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും. ഒരു ജാതി ഉണ്ടായതുമുതൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പീഡനകാലം ഉണ്ടാകും. ആ കാലത്തു നിന്റെ ജനം—പുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടിട്ടുള്ള സകലരും—വിടുവിക്കപ്പെടും. നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ വലിയൊരു ജനാവലി—ചിലർ നിത്യജീവനായും മറ്റുചിലർ അപമാനത്തിനും നിത്യനിന്ദയ്ക്കുമായും—ഉയിർത്തെഴുന്നേൽക്കും. ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും. നീയോ ദാനീയേലേ, കാലത്തിന്റെ അന്ത്യം വരുന്നതുവരെ ഈ വചനങ്ങൾ അടച്ച് പുസ്തകച്ചുരുൾ മുദ്രയിടുക. ജ്ഞാന വർധനയ്ക്കായി പലരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും.” പിന്നീട്, ദാനീയേൽ എന്ന ഞാൻ നോക്കിയപ്പോൾ, മറ്റു രണ്ടുപേർ നിൽക്കുന്നതു കണ്ടു; ഒരുവൻ നദിയുടെ ഇക്കരെയും മറ്റവൻ അക്കരെയും. ചണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിനുമീതേ നിന്നവനോട് ഒരുവൻ: “ഈ അത്ഭുതകാര്യങ്ങളുടെ അവസാനത്തിന് എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു. ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും12:7 അഥവാ, ഒരുവർഷം, രണ്ടുവർഷം, അരവർഷം ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു. ഞാൻ കേട്ടു, എങ്കിലും ഗ്രഹിച്ചില്ല. അതിനാൽ ഞാൻ: “എന്റെ യജമാനനേ, ഈ സംഭവങ്ങളുടെ പരിണാമം എന്തായിരിക്കും?” എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ദാനീയേലേ, നീ പോകുക. ഈ വചനങ്ങൾ അന്ത്യകാലത്തേക്കായി അടച്ചു മുദ്രയിട്ടവയാകുന്നു; അനേകർ നിർമലീകരിക്കപ്പെട്ടു നിഷ്കളങ്കരായി ശുദ്ധീകരിക്കപ്പെടും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കും; അവർ ആരും ഗ്രഹിക്കുകയില്ല, എന്നാൽ ജ്ഞാനികൾ ഗ്രഹിക്കും. “നിരന്തര ഹോമയാഗം നിർത്തലാക്കപ്പെടുകയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തശേഷം 1,290 ദിവസം ഉണ്ടായിരിക്കും. 1,335 ദിവസം കഴിയുന്നതുവരെ കാത്തിരുന്നു ജീവിക്കുന്നവർ അനുഗൃഹീതർ. “എന്നാൽ നീയോ, അവസാനം വരുന്നതുവരെ പൊയ്ക്കൊള്ളൂ. വിശ്രമിച്ച്, കാലാവസാനത്തിൽ നിന്റെ ഓഹരി പ്രാപിക്കുന്നതിനായി നീ എഴുന്നേറ്റുവരും.”