- Biblica® Open Malayalam Contemporary Version 2020
കൊലോസ്യർ
കൊലോസ്യർക്ക് എഴുതിയ ലേഖനം
കൊലോസ്യർ
കൊലോ.
കൊലോസ്യർക്ക് എഴുതിയ ലേഖനം
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക്1:2 അഥവാ, വിശ്വാസികളുമായി എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്നു1:2 ചി.കൈ.പ്ര. കർത്താവായ യേശുക്രിസ്തുവിൽനിന്ന് എന്നും കാണുന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
സ്തോത്രവും പ്രാർഥനയും
സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി1:7 ചി.കൈ.പ്ര. നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്.
അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ1:12 ചി.കൈ.പ്ര. നമ്മെ യോഗ്യരാക്കുകയും അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.1:14 ചി.കൈ.പ്ര. അവിടത്തെ രക്തത്താലുള്ള വീണ്ടെടുപ്പ്
ക്രിസ്തു പരമോന്നതൻ
ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
സകലസൃഷ്ടിക്കും അധീശനും1:15 മൂ.ഭാ. സർവത്തിനും മുമ്പേയുള്ള ആദ്യജാതൻ ആകുന്നു.
സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും
സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും
എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;
സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;
സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.
അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും
മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ
ഏറ്റവും പ്രമുഖനും ആകുന്നു.
ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,
ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും
തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.
ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു. ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു. നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു.
സഭയ്ക്കുവേണ്ടി പൗലോസിന്റെ അധ്വാനം
നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു. നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നൽകിയ നിയോഗപ്രകാരം ദൈവവചനഘോഷണം പൂർണമായി നിറവേറ്റാൻ ഞാൻ സഭയുടെ ശുശ്രൂഷകനായിത്തീർന്നു. ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു. മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു1:27 ഒരുനാളിൽ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ നാമും പങ്കാളികളായിത്തീരും എന്ന പ്രത്യാശ. നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി.
ഈ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രസംഗിക്കുന്നത്; ഓരോരുത്തരെയും ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാക്കേണ്ടതിന് സകലജ്ഞാനത്തോടുംകൂടെ അവരെ പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.
നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു. പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്. ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു.
ക്രിസ്തുവിലുള്ള പൂർണജീവിതം
ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.
തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.2:8 അതായത്, ഈ ലോകത്തെ നിയന്ത്രിക്കുന്ന ദുഷ്ടാത്മശക്തികൾ.
ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.
അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ2:13 ചി.കൈ.പ്ര. നമ്മെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.
മാനുഷികവ്യവസ്ഥയിൽനിന്നുള്ള മോചനം
അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത്2:16 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.
നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ,2:20 ഒരു വ്യക്തി ക്രിസ്തുവിനെ കർത്താവായി അംഗീകരിക്കുമ്പോൾ മാനുഷിക തത്ത്വസംഹിതകളുമായുള്ള ബന്ധം എന്നേക്കുമായി വിച്ഛേദിക്കുന്നു എന്നർഥം. എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്, “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു. ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്. സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.
ക്രിസ്തുവിലുള്ള പുതിയ ജീവിതം
നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു. ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക. നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ3:4 ചി.കൈ.പ്ര. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.
അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. ഇവ ദൈവകോപം3:6 ചി.കൈ.പ്ര. അനുസരണകെട്ടവരുടെമേൽ എന്നുകൂടി കാണുന്നു. ജ്വലിപ്പിക്കുന്നവയാണ്. നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ3:11 ക്രൂരതയ്ക്കു പേരുകേട്ട ഒരു ജനവിഭാഗമാണ് ഇവർ. ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ3:11 എല്ലാറ്റിലും പ്രാധാന്യമേറിയത് ക്രിസ്തുവാണ്. നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.
ക്രിസ്തീയകുടുംബം
ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.
മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.
പിതാക്കന്മാരേ,3:21 പിതാക്കന്മാരേ, വിവക്ഷിക്കുന്നത് മാതാപിതാക്കളേ നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.
ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.
യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനനുണ്ടെന്നോർത്ത് ദാസരോടു നീതിയും ന്യായവും പുലർത്തുക.
കൂടുതൽ നിർദേശങ്ങൾ
ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക. ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം4:3 അഥവാ, സുവിശേഷം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം. എനിക്ക് അതു വേണ്ടുംപോലെ വ്യക്തമായി ഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക. ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.
അന്തിമ അഭിവാദനങ്ങൾ
പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച്4:8 ചി.കൈ.പ്ര. നിങ്ങളുടെ അവസ്ഥ അറിവാനും നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും.
എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക.
യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ.4:11 മൂ.ഭാ. പരിച്ഛേദനക്കാർ ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു.
നിങ്ങളിൽ ഒരാളും ക്രിസ്തുയേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങൾക്കു വന്ദനം നേരുന്നു. നിങ്ങൾ ദൈവഹിതത്തെപ്പറ്റി പൂർണനിശ്ചയമുള്ളവരായി നിലനിൽക്കേണ്ടതിന് അദ്ദേഹം നിങ്ങൾക്കുവേണ്ടി അത്യന്തം ജാഗ്രതയോടുകൂടെ നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി.
നമ്മുടെ പ്രിയ വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.
ഈ ലേഖനം നിങ്ങൾ വായിച്ചതിനുശേഷം ലവൊദിക്യസഭയിൽ വായിപ്പിക്കുകയും ലവൊദിക്യയിൽനിന്നുള്ള ലേഖനം നിങ്ങൾ വായിക്കുകയുംചെയ്യണം.
“കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം.
പൗലോസ് എന്ന ഞാൻ സ്വന്തം കൈകൊണ്ട് ഈ വന്ദനവചസ്സുകൾ എഴുതുന്നു. എന്റെ ബന്ധനങ്ങളെ ഓർക്കുക. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.