- Biblica® Open Malayalam Contemporary Version 2020 ആമോസ് ആമോസിന്റെ പ്രവചനം ആമോസ് ആമോ. ആമോസിന്റെ പ്രവചനം തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ1:1 യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം. മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു. അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.” ഇസ്രായേലിന്റെ അയൽരാജ്യങ്ങളുടെമേൽ ന്യായവിധി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും. ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ1:5 ദുഷ്ടത എന്നർഥം. താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു. ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും. ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു. ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു. ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു: ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ. അവരുടെ രാജാവ്1:15 അഥവാ, മോലെക്ക് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു. ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും അതു കെരീയോത്തിന്റെ2:2 അഥവാ, അവളുടെ പട്ടണങ്ങളെ കോട്ടകളെ ദഹിപ്പിക്കും. യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും, മോവാബ് മഹാനാശത്തിൽ അകപ്പെടും. ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും; അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു; അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല; അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ, വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ, ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.” ഇസ്രായേലിന്മേൽ ന്യായവിധി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു. ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു. അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, അവൻ ദേവദാരുപോലെ പൊക്കമുള്ളവരും കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. മുകളിലുള്ള അവരുടെ ഫലത്തെയും താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു. അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി. “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും2:11 സംഖ്യ. 6:1-21 കാണുക. ഞാൻ എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു. “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല. വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല. ഏറ്റവും ധീരന്മാരായ പടയാളികൾപോലും ആ ദിവസം നഗ്നരായി ഓടിപ്പോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഇസ്രായേലിനെതിരേ സാക്ഷികളെ ക്ഷണിക്കുന്നു ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക: “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും ഞാൻ നിന്നെ ശിക്ഷിക്കും.” തമ്മിൽ യോജിച്ചിട്ടല്ലാതെ, രണ്ടുപേർ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നും പിടിക്കാതിരിക്കുമ്പോൾ അതു ഗുഹയിൽ മുരളുമോ? കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ വീഴുമോ? എന്തെങ്കിലും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ? തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല. സിംഹം ഗർജിച്ചിരിക്കുന്നു, ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, ആര് പ്രവചിക്കാതിരിക്കും? അശ്ദോദിലെയും ഈജിപ്റ്റിലെയും കോട്ടകളിൽ വിളംബരംചെയ്യുക: “ശമര്യാപർവതങ്ങളിൽ കൂടിവരിക; അവളുടെ വലിയ അസ്വസ്ഥതയും അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക. “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും, അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ, ശമര്യയിൽ കിടക്കയുടെ അറ്റത്തും ദമസ്കോസിൽ കട്ടിലുകളിലും ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.” “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു. “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു നിലത്തു വീഴും. ഞാൻ വേനൽക്കാല വസതികളെയും ശൈത്യകാല വസതികളെയും പൊളിച്ചുകളയും; ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഇസ്രായേൽ ദൈവത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: “ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക! സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു: “നിങ്ങളെ കൊളുത്തുകൾകൊണ്ടും നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും4:2 അഥവാ, മീൻ കുട്ടകൾകൊണ്ടും പിടിച്ചുകൊണ്ടുപോകുന്ന കാലം വരും. നിങ്ങൾ ഓരോരുത്തരും നേരേ മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും. നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും മൂന്നാംദിവസംതോറും4:4 അഥവാ, വർഷംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക. പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി; എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു. ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി, മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല. ഒരു വയലിൽ മഴ പെയ്തു, മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി. ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല. എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു. വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ, നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു. നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു, നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു. നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി. നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്, നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.” പർവതങ്ങളെ രൂപപ്പെടുത്തുന്നവനും കാറ്റുകളെ സൃഷ്ടിക്കുന്നവനും തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും പ്രഭാതത്തെ അന്ധകാരമാക്കുന്നവനും ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്— സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം! ഒരു വിലാപവും മാനസാന്തരത്തിനുള്ള ആഹ്വാനവും ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു: “ഇസ്രായേൽ കന്യക വീണുപോയി, ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല! സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു, അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.” യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആയിരംപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ നൂറുപേർമാത്രം ശേഷിക്കും; നൂറുപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ പത്തുപേർമാത്രം ശേഷിക്കും.” യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിച്ചുകൊണ്ടു ജീവിക്കുക; ബേഥേലിനെ അന്വേഷിക്കരുത്, ഗിൽഗാലിൽ പോകരുത്, ബേർ-ശേബയിലേക്കു യാത്ര ചെയ്യരുത്. കാരണം ഗിൽഗാൽ നിശ്ചയമായും പ്രവാസത്തിലേക്കു പോകുകയും ബേഥേൽ ശൂന്യമായിത്തീരുകയും ചെയ്യും.5:5 ഹോശ. 4:15 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ, അല്ലെങ്കിൽ, യഹോവ യോസേഫിന്റെ ഗോത്രങ്ങളിലൂടെ അഗ്നിപോലെ കടന്നുപോകും; അതിനെ ദഹിപ്പിക്കും, ബേഥേലിൽ അഗ്നികെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല. ന്യായത്തെ കയ്‌പാക്കുകയും നീതിയെ നിലത്തെറിഞ്ഞുകളകയും ചെയ്യുന്നവരുണ്ട്. കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക— യഹോവ എന്നാകുന്നു അവിടത്തെ നാമം! അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു, കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു. കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും സത്യം പറയുന്നവരെ നിങ്ങൾ നിന്ദിക്കുകയും ചെയ്യുന്നു. നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു, അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു. നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും അതിൽ പാർക്കുകയില്ല; നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കുകയില്ല. നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു നിങ്ങളുടെ പാപങ്ങൾ എത്ര വലുതായിരിക്കുന്നു! നിങ്ങൾ നീതിമാനെ പീഡിപ്പിക്കുന്നു, കൈക്കൂലി വാങ്ങുന്നു; കോടതിയിൽ ദരിദ്രനു ന്യായം നിഷേധിക്കുന്നു. ഇതു ദുഷ്കാലമാകുകയാൽ വിവേകമുള്ളവർ മിണ്ടാതിരിക്കുന്നു. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്, തിന്മയല്ല, നന്മതന്നെ അന്വേഷിപ്പിൻ. അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും. ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക; ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക. ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എല്ലാ തെരുവീഥികളിലും വിലാപവും എല്ലാ ചത്വരങ്ങളിലും മുറവിളിയും ഉണ്ടാകും. കൃഷിക്കാരെ കരയുന്നതിനും വിലാപക്കാരെ വിലപിക്കുന്നതിനും ക്ഷണിക്കും. എല്ലാ മുന്തിരിത്തോപ്പുകളിലും വിലാപം ഉണ്ടാകും, ഞാൻ നിങ്ങളുടെ മധ്യേ കടന്നുപോകുന്നതുനിമിത്തംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവയുടെ ദിവസം യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നത് എന്തിന്? ആ ദിവസം ഇരുട്ടായിരിക്കും, വെളിച്ചമായിരിക്കുകയില്ല. അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെമുമ്പിൽ ചെന്നുപെടുന്നതുപോലെയും ഒരുവൻ തന്റെ വീട്ടിൽ കടന്നു ഭിത്തിയിൽ കൈവെച്ച ഉടനെ അവനെ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും; അത് അശേഷം പ്രകാശമില്ലാത്ത ഘോരാന്ധകാരംതന്നെ. “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല. നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും, ഞാൻ അവയെ സ്വീകരിക്കുകയില്ല. നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും ഞാൻ അതിൽ പ്രസാദിക്കുകയില്ല. നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട! നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല. എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ, നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ! “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ? നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും നക്ഷത്രദേവനായ കിയൂനെയും നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ? അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം. നിർവിചാരികൾക്കു ഹാ കഷ്ടം സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം! കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ? നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു, ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു. ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു. കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും നിങ്ങൾ ഭക്ഷിക്കുന്നു. നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു; സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു. നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു. എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല. അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും; നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും. യഹോവ ഇസ്രായേലിന്റെ നിഗളത്തെ വെറുക്കുന്നു യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു; അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല, ഞാൻ പട്ടണത്തെയും അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.” ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും. മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും. യഹോവ കൽപ്പന അയച്ചുകഴിഞ്ഞു, യഹോവ വലിയ വീട് തകർത്തുകളയും ചെറിയ വീട് ഛിന്നഭിന്നമാകും. കുതിര പാറപ്പുറത്ത് ഓടുമോ? അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ? എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി; നീതിയിൻ ഫലത്തെ കയ്‌പാക്കിയുമിരിക്കുന്നു. ലോ-ദേബാരിനെ6:13 ശൂന്യം എന്നർഥം. കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്, “നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ6:13 കൊമ്പ് എന്നർഥം. കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ, സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും; അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ എല്ലാ നിലകളിലും പീഡിപ്പിക്കും.” വെട്ടുക്കിളി, തീ, തൂക്കുകട്ട യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു. അവ ദേശം തിന്നുവെളുപ്പിച്ചപ്പോൾ, ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?” യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” യഹോവ കൽപ്പിച്ചു. യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: “യഹോവയായ കർത്താവ് അഗ്നിയാലുള്ള ന്യായവിധി കൽപ്പിക്കുകയായിരുന്നു; അതു വലിയ ആഴിയെ ഉണക്കിക്കളയുകയും ദേശത്തെ വിഴുങ്ങിക്കളയുകയും ചെയ്തു.” അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?” യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു. അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട7:7 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു. യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?” “ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും; യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.” ആമോസും അമസ്യാവും ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല. ആമോസ് പറയുന്നത് ഇതാണ്: “ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും, ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട് പ്രവാസത്തിലേക്കു പോകും.’ ” അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക. ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.” ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു. എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു. ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക: “ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്, യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു. “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും, നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും നീ യെഹൂദേതരരുടെ7:17 മൂ.ഭാ. അശുദ്ധ ദേശത്തുവെച്ചു മരിക്കും. ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു പ്രവാസത്തിലേക്കു പോകും.’ ” ഒരു കുട്ട നിറയെ പാകമായ പഴം യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം: “ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു. “ഒരു കുട്ട നിറയെ പാകമായ പഴം കാണുന്നു,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിന്റെ സമയം പാകമായിരിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.” യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!” ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ, ദേശത്തിലെ സാധുക്കളെ ഓടിച്ചുകളയുന്നവരേ, ഇതു കേൾക്കുക: അവർ പറയുന്നു, “ധാന്യം വിൽക്കേണ്ടതിന് അമാവാസി എപ്പോൾ കഴിയും? ഗോതമ്പു വിൽക്കേണ്ടതിന് ശബ്ബത്ത് എപ്പോൾ ഒഴിഞ്ഞുപോകും?” അവർ അളവുപാത്രം ചെറുതാക്കുന്നു, വില വർധിപ്പിക്കുന്നു കള്ളത്തുലാസുകൊണ്ടു വഞ്ചിക്കുന്നു, ദരിദ്രരെ വെള്ളിക്കുപകരമായും എളിയവരെ ഒരു ജോടി ചെരിപ്പിനുപകരമായും വാങ്ങുന്നു, ഗോതമ്പിന്റെ പതിരുപോലും അവർ വിൽക്കുന്നു. യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല. “ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ? അതിൽ പാർക്കുന്നവർ വിലപിക്കുകയില്ലയോ? ദേശംമുഴുവനും നൈൽനദിപോലെ ഉയരും; ഈജിപ്റ്റിലെ നദിപോലെ അതു പൊങ്ങുകയും താഴുകയും ചെയ്യും. “യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ആ ദിവസത്തിൽ, സൂര്യനെ ഞാൻ നട്ടുച്ചയ്ക്ക് അസ്തമിപ്പിക്കും മധ്യാഹ്നത്തിൽ ഭൂമിയിൽ ഞാൻ ഇരുട്ടു പരത്തും. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും നിങ്ങളുടെ സംഗീതം കരച്ചിലായിത്തീരും. നിങ്ങളെ എല്ലാവരെയും ചാക്കുശീല ഉടുപ്പിക്കും നിങ്ങളുടെ തല ക്ഷൗരംചെയ്യിക്കും. ആ സമയം, ഏകപുത്രന്റെ വിയോഗത്തിൽ വിലപിക്കുന്നതുപോലെ ആക്കും അതിന്റെ അവസാനം അത്യന്തം കയ്‌പുമായിരിക്കും.” യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഞാൻ ദേശത്തു ക്ഷാമം അയയ്ക്കുന്ന ദിവസങ്ങൾ വരുന്നു. അത് അപ്പത്തിനായുള്ള ക്ഷാമമോ വെള്ളത്തിനായുള്ള ദാഹമോ അല്ല; പിന്നെയോ, യഹോവയുടെ വചനം കേൾക്കാനുള്ള മഹാക്ഷാമംതന്നെ. അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും വടക്കുമുതൽ കിഴക്കുവരെ അലഞ്ഞുനടക്കും. അവർ യഹോവയുടെ വചനം അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയുമില്ല. “ആ ദിവസത്തിൽ, “സൗന്ദര്യമുള്ള യുവതികളും ശക്തരായ യുവാക്കന്മാരും ദാഹംകൊണ്ടു തളർന്നുപോകും. ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും, ‘ദാനേ, നിന്റെ ദൈവത്താണെ’ എന്നോ ‘ബേർ-ശേബയിലെ ദേവനാണെ’ എന്നോ ശപഥംചെയ്യുന്നവരും വീണുപോകും: പിന്നീടൊരിക്കലും അവർ എഴുന്നേൽക്കുകയില്ല.” ഇസ്രായേൽ നശിപ്പിക്കപ്പെടും കർത്താവ് യാഗപീഠത്തിനുസമീപം നിൽക്കുന്നതു ഞാൻ കണ്ടു; അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “പടിവാതിലുകൾ കുലുങ്ങത്തക്കവണ്ണം ഗോപുരങ്ങളുടെ ശിരസ്സിൽ അടിക്കുക. സകലജനത്തിന്റെയും ശിരസ്സിൽ അവയെ തള്ളിയിടുക; ശേഷിച്ചിരിക്കുന്ന എല്ലാവരെയും ഞാൻ വാൾകൊണ്ടു കൊല്ലും. ആരും രക്ഷപ്പെടുകയില്ല, ഓടിപ്പോകുകയുമില്ല. അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും എന്റെ കൈ അവിടെ അവരെ പിടിക്കും. അവർ സ്വർഗംവരെ കയറിയാലും ഞാൻ അവരെ താഴെയിറക്കും. അവർ കർമേലിന്റെ നെറുകയിൽ ഒളിച്ചാലും ഞാൻ അവരെ വേട്ടയാടിപ്പിടിക്കും. അവർ എന്നെ വിട്ട് ഓടി സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ചാലും, അവിടെ, അവരെ കടിക്കാൻ സർപ്പത്തോടു ഞാൻ കൽപ്പിക്കും. അവരുടെ ശത്രുക്കൾനിമിത്തം അവർ പ്രവാസത്തിലേക്കു പോയാലും അവിടെ അവരെ കൊല്ലുന്നതിനു ഞാൻ വാളിനോടു കൽപ്പിക്കും. “ഞാൻ അവരുടെമേൽ നന്മയ്ക്കല്ല, തിന്മയ്ക്കുതന്നെ എന്റെ ദൃഷ്ടി പതിക്കും.” സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഭൂമിയെ തൊടുന്നു, അത് ഉരുകിപ്പോകുന്നു; ഭൂവാസികളൊക്കെയും വിലപിക്കുന്നു. ദേശംമുഴുവനും നൈൽനദിപോലെ ഉയരുന്നു, ഈജിപ്റ്റിലെ നദിപോലെ അതു താഴുകയും ചെയ്യുന്നു; അവിടന്നു തന്റെ കൊട്ടാരം സ്വർഗത്തിൽ പണിയുന്നു, അതിന്റെ അടിസ്ഥാനം9:6 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഭൂമിയിൽ ഇടുന്നു; സമുദ്രത്തിലെ വെള്ളത്തെ അവിടന്നു വിളിക്കുന്നു ഭൂമുഖത്തേക്ക് ആ വെള്ളം വർഷിക്കുന്നു— യഹോവ എന്നാകുന്നു അവിടത്തെ നാമം. “നിങ്ങൾ ഇസ്രായേല്യർ എനിക്കു കൂശ്യരെപ്പോലെയല്ലേ?” യഹോവ ചോദിക്കുന്നു. “ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും ഞാനല്ലയോ കൊണ്ടുവന്നത്? “കർത്താവായ യഹോവയുടെ കണ്ണുകൾ പാപംനിറഞ്ഞ രാജ്യത്തിന്മേൽ ഉണ്ട്. ഞാൻ അതിനെ നശിപ്പിക്കും ഭൂമുഖത്തുനിന്നുതന്നെ. എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ ഉന്മൂലനാശം ചെയ്യുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ കൽപ്പന കൊടുക്കും, ധാന്യം മുറത്തിൽ പാറ്റിയെടുക്കുന്നതുപോലെ ഞാൻ സകലരാഷ്ട്രങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽഗൃഹത്തെ പാറ്റും, ഒരു ചരൽക്കല്ലുപോലും നഷ്ടപ്പെടുകയില്ല. എന്റെ ജനത്തിന്റെ മധ്യത്തിലുള്ള സകലപാപികളും, ‘നമുക്ക് അത്യാഹിതമൊന്നും വരികയില്ല, ഒന്നും സംഭവിക്കുകയുമില്ല,’ എന്നു പറയുന്നവരും വാളിനാൽ മരിക്കും. ഇസ്രായേലിന്റെ പുനഃസ്ഥാപനം “ആ ദിവസത്തിൽ, “ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ പുനഃസ്ഥാപിക്കും— അതിന്റെ ഇടിഞ്ഞ മതിലുകൾ ഞാൻ ശരിയാക്കും അതിന്റെ നാശങ്ങളെ പരിഹരിച്ച് അതിനെ യഥാസ്ഥാനപ്പെടുത്തും. അങ്ങനെ അവർ ഏദോമിൽ ശേഷിച്ചവരെയും എന്റെ നാമം വഹിക്കുന്ന എല്ലാ രാജ്യങ്ങളെയും കൈവശമാക്കും,” എന്ന് ഇതു ചെയ്യുന്ന യഹോവതന്നെ അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു: “ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും. പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു! പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും. “നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും. അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും; അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും. ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും, ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന് ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,” എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.