- Biblica® Open Malayalam Contemporary Version 2020 അപ്പൊ.പ്രവൃത്തികൾ അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ അപ്പൊ.പ്രവൃത്തികൾ അ.പ്ര. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ യേശുവിന്റെ സ്വർഗാരോഹണം തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയ ഗ്രന്ഥം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ ആജ്ഞ നൽകിക്കൊണ്ട് സ്വർഗാരോഹണംചെയ്ത ദിവസംവരെ അവിടന്നു പ്രവർത്തിച്ചും ഉപദേശിച്ചും തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നല്ലോ. അവിടത്തെ ക്രൂശീകരണത്തിനുശേഷം നാൽപ്പതുദിവസംവരെ അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇങ്ങനെ, അനിഷേധ്യമായ നിരവധി തെളിവുകളിലൂടെ, അവിടന്ന് ജീവനോടിരിക്കുന്നതായി യേശു അവർക്കു കാണിച്ചുകൊടുത്തു. ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.” അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു. അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.” ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു. ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു! “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു. യൂദായ്ക്കു പകരം മത്ഥിയാസിനെ തെരഞ്ഞെടുക്കുന്നു ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ1:12 മൂ.ഭാ. ഒരു ശബ്ബത്തിലെ യാത്ര. യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി. തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ: പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്; ഫിലിപ്പൊസ്, തോമസ്; ബർത്തൊലൊമായി, മത്തായി; അല്‌ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന1:13 റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. കനാന്യൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. മർ. 3:18; മത്താ. 10:4 കാണുക. ശിമോൻ, യാക്കോബിന്റെ മകൻ യൂദാ. അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു. അന്നൊരിക്കൽ അവിടെ കൂടിയിരുന്ന ഏകദേശം നൂറ്റിയിരുപതുപേർവരുന്ന വിശ്വാസികളുടെ മധ്യത്തിൽ എഴുന്നേറ്റുനിന്ന്, പത്രോസ് ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, യേശുവിനെ അറസ്റ്റുചെയ്തവർക്കു വഴികാണിച്ച യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദുമുഖേന പ്രവചിച്ചിരുന്ന തിരുവെഴുത്തു നിറവേറേണ്ടത് ആവശ്യമായിവന്നിരിക്കുന്നു. ഞങ്ങളിൽ ഒരാളായി ശുശ്രൂഷയിൽ പങ്കാളിത്തം അവനു ലഭിച്ചിരുന്നു.” എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി. ജെറുശലേംനിവാസികളെല്ലാം ഇതറിഞ്ഞു, അവർ ആ നിലത്തെ അവരുടെ ഭാഷയിൽ “അക്കൽദാമാ” എന്നു വിളിക്കാൻ തുടങ്ങി; “രക്തത്തിന്റെ വയൽ” എന്നാണ് ഇതിനർഥം. “ ‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’1:20 സങ്കീ. 69:25 എന്നും “ ‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’1:20 സങ്കീ. 109:8 എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട്, യോഹന്നാൻ യേശുവിനു സ്നാനം നൽകിയ അന്നുമുതൽ കർത്താവായ യേശു നമ്മിൽനിന്നെടുക്കപ്പെട്ട ദിവസംവരെ അവിടന്ന് നമ്മുടെ മധ്യേ സഞ്ചരിച്ച സമയമെല്ലാം നമ്മുടെ സഹചാരിയായിരുന്ന ഒരാളെ നമ്മോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.” അപ്പോൾ അവർ ബർശബാസ് എന്നും യുസ്തൊസ് എന്നും വിളിക്കപ്പെട്ടിരുന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. എന്നിട്ട് അവർ ഇങ്ങനെ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന കർത്താവേ, തനിക്ക് അർഹമായ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാസ് ഉപേക്ഷിച്ച ഈ അപ്പൊസ്തലശുശ്രൂഷയുടെ സ്ഥാനം സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണിച്ചുതരണമേ.” തുടർന്ന് അവർക്കായി നറുക്കിട്ടു; നറുക്ക് മത്ഥിയാസിനു വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ പരിഗണിക്കപ്പെടുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ ആഗമനം പെന്തക്കൊസ്തുനാൾ2:1 പെസഹാപ്പെരുന്നാളിന്, അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ആഴ്ചകളുടെ പെരുന്നാൾ അഥവാ, വാരോത്സവം, എന്നു വിളിക്കപ്പെട്ട ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു. പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു. തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു. എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,2:4 മൂ.ഭാ. നിറഞ്ഞവരായി ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു. ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി. അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ? പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ? പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാപ്രവിശ്യ,2:10 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം. ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു2:10 ആഫ്രിക്കയുടെ വടക്കൻതീരത്തുള്ള ഒരു ഗ്രാമം. സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!” എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു. എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു. പത്രോസിന്റെ പ്രസംഗം അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ2:15 മൂ.ഭാ. മൂന്നാംമണി ആയിട്ടുള്ളൂ?2:15 ഇത് യെഹൂദരുടെ പ്രാർഥനാസമയമായിരുന്നു; സാധാരണ ഇതിനുശേഷമാണ് അവർ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണംപോലും കഴിച്ചിട്ടില്ലാത്തതിനാൽ ആ സമയത്ത് അവർ മദ്യപിച്ചിട്ടില്ല എന്നാണ് പത്രോസ് ഉദ്ദേശിക്കുന്നത്. യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്: “ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും. ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ. കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.2:21 യോവേ. 2:28-32 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ2:22 മത്താ. 2:23 യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ2:23 മൂ.ഭാ. പ്രമാണരഹിതരായവരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും. എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’2:28 സങ്കീ. 16:8-11 “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ. ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു. അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “ ‘കർത്താവ് എന്റെ കർത്താവിനോട്2:34 അതായത്, പിതാവായ ദൈവം യേശുകർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ, നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’2:35 സങ്കീ. 110:1 “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.” ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും2:38 അഥവാ, മാനസാന്തരപ്പെടുക യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.” ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു. വിശ്വാസികളുടെ കൂട്ടായ്മ അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു. മുടന്തനായ ഭിക്ഷക്കാരനെ പത്രോസ് സൗഖ്യമാക്കുന്നു ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു. ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു. അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി. അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു3:6 ചി.കൈ.പ്ര. ഈ വാക്കു കാണുന്നില്ല നടക്കുക” എന്നു പറഞ്ഞു. അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു. അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരകവാടത്തിൽ ഇരുന്ന യാചകനാണ് അയാൾ എന്ന് അവർ മനസ്സിലാക്കി. അയാൾക്കു സംഭവിച്ചതുകണ്ട് അവർ അത്ഭുതവും സംഭ്രമവും നിറഞ്ഞവരായി. പത്രോസ് പ്രസംഗിക്കുന്നു അയാൾ പത്രോസിനെയും യോഹന്നാനെയും വിട്ടുപോകാതെ നിൽക്കുമ്പോൾ ആശ്ചര്യഭരിതരായ ജനം “ശലോമോന്റെ മണ്ഡപം” എന്ന സ്ഥാനത്ത് അവരുടെ അടുക്കൽ ഓടിക്കൂടി. പത്രോസ് അതുകണ്ട് അവരെ അഭിസംബോധനചെയ്ത് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽജനമേ, ഇതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നതെന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇയാളെ നടക്കാൻ പ്രാപ്തനാക്കി എന്ന ഭാവത്തിൽ ഞങ്ങളെ എന്തിനാണ് സൂക്ഷിച്ചുനോക്കുന്നത്? അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവംതന്നെ, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. നിങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഏൽപ്പിച്ചുകൊടുത്തു. യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് തീരുമാനിച്ചിരുന്നിട്ടും നിങ്ങൾ അദ്ദേഹത്തെ തിരസ്കരിച്ചുകളഞ്ഞു. പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട് കൊലപാതകിയെ മോചിപ്പിച്ച് നിങ്ങൾക്കു വിട്ടുതരണം എന്ന് അപേക്ഷിക്കുകയും ചെയ്തു. ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്. അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്. “ഇപ്പോൾ സഹോദരങ്ങളേ, അജ്ഞതമൂലമാണ് നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും യേശുവിനോട് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് എനിക്കറിയാം. എന്നാൽ ദൈവത്തിന്റെ ക്രിസ്തു ഇവയെല്ലാം സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളിലൂടെ മുൻകൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ ദൈവം പൂർത്തീകരിച്ചു. ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു. മോശ ഇപ്രകാരം പറഞ്ഞു, ‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും; അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം. ആ പ്രവാചകനെ ആരെങ്കിലും അനുസരിക്കാതിരുന്നാൽ അയാൾ ജനത്തിന്റെ ഇടയിൽനിന്ന് സമ്പൂർണമായി ഛേദിക്കപ്പെടും.’3:23 ആവ. 18:15,18,19 “ശമുവേൽമുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ‘ഭൂമിയിലെ സകലകുടുംബങ്ങളും നിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും’3:25 ഉൽ. 22:18; 26:4 എന്നു ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. നിങ്ങൾ ആ പ്രവാചകരുടെയും നിങ്ങളുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടമ്പടിയുടെയും മക്കളാണ്. അങ്ങനെ, നിങ്ങളിൽ ഓരോരുത്തരെയും അവരവരുടെ ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിനാണ് ആദ്യം ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേൽപ്പിച്ച് നിങ്ങളുടെ അടുത്തേക്കയച്ചത്.” പത്രോസും യോഹന്നാനും യെഹൂദരുടെ കോടതിയിൽ പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു. പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി. അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു. എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി. പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു; മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ, മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്. “ ‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’4:11 സങ്കീ. 118:22 ഈ യേശുക്രിസ്തുതന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു4:15 മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്. പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.” തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു. ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ. വിശ്വാസികളുടെ പ്രാർഥന ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? കർത്താവിനും അവിടത്തെ അഭിഷിക്തനും4:26 അഭിഷിക്തൻ, വിവക്ഷിക്കുന്നത് മശിഹാ അഥവാ, ക്രിസ്തു വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’4:26 സങ്കീ. 2:1,2 അങ്ങ് അഭിഷേകം4:27 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.” ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി. വിശ്വാസികൾ സമ്പത്തു പങ്കിടുന്നു വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു. സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ4:36 ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവനാണ് ലേവ്യൻ. ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം. അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു. അനന്യാസും സഫീരയും അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു. കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു. അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്? ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി. പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു. പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?” “അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു. അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു. ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു. സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി. അപ്പൊസ്തലന്മാർ അനേകർക്കു രോഗസൗഖ്യം നൽകുന്നു അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു. പൊതുജനം വിശ്വാസികളെ അത്യധികം ബഹുമാനിച്ചിരുന്നെങ്കിലും ആ സമൂഹത്തോടു സഹകരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അനേകം സ്ത്രീപുരുഷന്മാർ കർത്താവിൽ വിശ്വസിച്ച് വിശ്വാസസമൂഹത്തോടു ചേർന്നു. പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു. ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു. അപ്പൊസ്തലന്മാർ ഉപദ്രവിക്കപ്പെടുന്നു അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി. അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു. എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു. ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു. പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു. അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു. അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യന്റെ5:28 അതായത്, യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന്5:28 മൂ.ഭാ. രക്തത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.” പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.” ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു. അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു. അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം. കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു; അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി. അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും. അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.” അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി. അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഏഴുപേരുടെ തെരഞ്ഞെടുപ്പ് ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ6:1 അതായത്, ഗ്രീക്കു ഭാഷയും സംസ്കാരവും സ്വീകരിച്ച യെഹൂദർ. യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു. അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല. ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം. ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.” ഈ നിർദേശം വിശ്വാസസമൂഹത്തിൽ എല്ലാവർക്കും ഇഷ്ടമായി. വിശ്വാസത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവനായ സ്തെഫാനൊസിനെയും ഫിലിപ്പൊസ്, പ്രൊഖൊരോസ്, നിക്കാനോർ, തിമോൻ, പർമെനാസ്, യെഹൂദാമതത്തിൽ ചേർന്ന അന്ത്യോക്യക്കാരനായ നിക്കോലാവൊസ് എന്നിവരെയും അവർ തെരഞ്ഞെടുത്തു. അവരെ അപ്പൊസ്തലന്മാരുടെമുമ്പിൽ നിർത്തി; അപ്പൊസ്തലന്മാർ പ്രാർഥിച്ച് അവരുടെമേൽ കൈവെക്കുകയും ചെയ്തു. ദൈവവചനം വ്യാപിച്ചുകൊണ്ടേയിരുന്നു. ജെറുശലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിച്ചു. പുരോഹിതന്മാരിലും വളരെപ്പേർ ഈ വിശ്വാസം അംഗീകരിച്ചു. സ്തെഫാനൊസ് ബന്ധിക്കപ്പെടുന്നു ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു. കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു. എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല. അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു. അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.” ന്യായാധിപസമിതിയിൽ ഇരുന്ന എല്ലാവരും സ്തെഫാനൊസിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം ഒരു ദൈവദൂതന്റേതുപോലെ തേജസ്സുള്ളതായി കാണപ്പെട്ടു. സ്തെഫാനൊസിന്റെ പ്രസംഗം അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു. അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന7:3 മൂ.ഭാ. കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക’7:3 ഉൽ. 12:1 എന്ന് അരുളിച്ചെയ്തു. “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു. അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി. ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും. എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’7:7 ഉൽ. 15:13,14 പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം7:8 അതായത്, സുന്നത്ത് നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു. “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.7:9 ഉൽ. 37 കാണുക. എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു. “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി. ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ7:12 അതായത്, യാക്കോബിന്റെ പന്ത്രണ്ട് മക്കളെ. ആദ്യമായി അവിടേക്കയച്ചു. രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു. പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു. അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു. അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു. “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു. കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’7:18 പുറ. 1:8 അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു. “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ7:20 അഥവാ, ദൈവദൃഷ്ടിയിൽ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’7:28 പുറ. 2:14 ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു. “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി. മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു, ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’7:32 പുറ. 3:6 ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല. “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു. ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’7:34 പുറ. 3:5,7,8,10 എന്നും പറഞ്ഞു. “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു. നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു. “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’7:37 ആവ. 18:15 എന്നു പ്രവചിച്ചത്. അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്. “എന്നാൽ, നമ്മുടെ പിതാക്കന്മാർ7:39 അതായത്, അബ്രാഹാമിന്റെ വംശജർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’7:40 പുറ. 32:1 എന്നു പറഞ്ഞു. അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു. എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ? നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’7:43 ആമോ. 5:25-27 “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം7:44 പുറ. 25:22 ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു. നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു. ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ7:46 ചി.കൈ.പ്ര. യാക്കോബുഗൃഹത്തിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു. എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്. “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്: “ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ? എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’7:50 യെശ. 66:1,2 “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്. നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു. ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.” സ്തെഫാനൊസിനെ കല്ലെറിയുന്നു ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു. എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു. “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു. അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു. അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു. പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു. സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു. സഭ പീഡിപ്പിക്കപ്പെടുന്നു അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു. ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു. ഫിലിപ്പൊസ് ശമര്യയിൽ ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു. ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി. മന്ത്രവാദിയായ ശിമോൻ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു. ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു. അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു. പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ. പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്, “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു. “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല. നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും. നീ അസൂയ8:23 മൂ.ഭാ. കയ്‌പ് നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു. അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു. കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി. ഫിലിപ്പൊസും ഷണ്ഡനും കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.” അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ8:27 അതായത്, നൈൽനദിയുടെ തെക്കുഭാഗം. രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.” ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു. “ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു. ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന വേദഭാഗം ഇതായിരുന്നു: “അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി; രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു. അപമാനിതനായ അവസ്ഥയിൽ നീതി അവിടത്തേക്കു നിഷേധിക്കപ്പെട്ടു: അവിടത്തെ വരുംതലമുറയെപ്പറ്റി വിവരിക്കാൻ ആർക്കു കഴിയും? അവിടത്തെ ജീവൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടുവല്ലോ!”8:33 യെശ. 53:7,8 ഷണ്ഡൻ ഫിലിപ്പൊസിനോട്, “പ്രവാചകൻ ഇത് ആരെക്കുറിച്ചാണ് പറയുന്നത്? തന്നെക്കുറിച്ചോ അതോ മറ്റാരെയെങ്കിലുംകുറിച്ചോ? ദയവായി പറഞ്ഞുതരണം” എന്നപേക്ഷിച്ചു. ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി യേശുവിനെപ്പറ്റിയുള്ള സുവിശേഷം അയാളെ അറിയിച്ചുതുടങ്ങി. അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു. “താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു.8:37 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു. അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു. ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു. ശൗലിന്റെ പരിവർത്തനം ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു. അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി. അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു. “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.” ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി. മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല. ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു. കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു. അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു. എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ. എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു. അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു. ശൗൽ ദമസ്കോസിലും ജെറുശലേമിലും ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു. ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു. എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി. അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി. എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു. ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു. ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു. അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. ഗ്രീക്കുഭാഷികളായ യെഹൂദരോട്9:29 അതായത്, ഗ്രീക്കു ഭാഷയും സംസ്കാരവും സ്വീകരിച്ച യെഹൂദർ. അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു. കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു. ഐനെയാസും തബീഥയും പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി. അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു. പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു. യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു. കൊർന്നേല്യൊസും പത്രോസും കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു.10:1 അതായത്, നൂറുപേരടങ്ങുന്ന സൈന്യത്തിന്റെ അധിപൻ. അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു. കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു. തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു. പത്രോസിന്റെ ദർശനം അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.” “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു. “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു. എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി. “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു. പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?” “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു. പത്രോസ് കൊർന്നേല്യൊസിന്റെ ഭവനത്തിൽ പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി. അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു. കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?” കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു. ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.” പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു. “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു. യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ10:45 മൂ.ഭാ. പരിച്ഛേദനക്കാരായ വിശ്വാസികൾ വിസ്മയഭരിതരായി. കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു. അപ്പോൾ പത്രോസ്, “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു യെഹൂദേതരരും ദൈവവചനം അംഗീകരിച്ചു എന്ന വാർത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിൽ എല്ലായിടത്തുമുള്ള സഹോദരങ്ങളും അറിഞ്ഞു. പത്രോസ് ജെറുശലേമിൽ എത്തിയപ്പോൾ യെഹൂദരായ വിശ്വാസികൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്, “താങ്കൾ യെഹൂദേതരരുടെ വീട്ടിൽപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചില്ലേ” എന്നു കുറ്റപ്പെടുത്തി. അതിന് പത്രോസ് എല്ലാക്കാര്യങ്ങളും ആരംഭംമുതൽ സംഭവിച്ചക്രമത്തിൽത്തന്നെ സൂക്ഷ്മമായി അവർക്ക് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു. ‘പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക’ എന്ന് എന്നോടു പറയുന്ന ഒരു അശരീരിയും ഞാൻ കേട്ടു. “ ‘എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ, എന്നു ഞാൻ പറഞ്ഞു.’ “ആ അശരീരി സ്വർഗത്തിൽനിന്ന് പിന്നെയും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു പറയാൻ പാടില്ല’ എന്ന് അരുളിച്ചെയ്തു. ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി. പിന്നെ അതെല്ലാം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു. “അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് എന്റെ അടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞാൻ താമസിച്ചിരുന്ന വീടിന്റെ മുമ്പിൽ വന്നുനിന്നു. ‘മടിക്കാതെ അവരോടുകൂടെ പോകുക’ എന്ന് ആത്മാവ് എന്നോടു കൽപ്പിച്ചു. ഈ ആറുസഹോദരന്മാരും എന്റെകൂടെ പോന്നു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിലെത്തി. ഒരു ദൈവദൂതൻ തന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ദൂതൻ അദ്ദേഹത്തോട്, ‘നീ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക; നീയും നിന്റെ കുടുംബത്തിലുള്ളവരും രക്ഷിക്കപ്പെടാനുള്ള സന്ദേശം അദ്ദേഹം നിനക്കു നൽകും’ എന്ന് അറിയിച്ചെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു. “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു. അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?” ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു. അന്ത്യോക്യയിലെ സഭ സ്തെഫാനൊസിന്റെ വധത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ യെഹൂദരോടുമാത്രം സുവിശേഷം അറിയിച്ചുകൊണ്ടു ഫൊയ്നീക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. അവരിൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചിലർ അന്ത്യോക്യയിലെത്തി അവിടെയുള്ള ഗ്രീക്കുഭാഷികളോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു ജനസമൂഹം വിശ്വസിച്ചു കർത്താവിലേക്കു തിരിഞ്ഞു. ഈ വാർത്ത ജെറുശലേമിലെ സഭ കേട്ടു, അവർ ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചു. അദ്ദേഹം അവിടെ എത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ട് ആനന്ദിച്ചു, സമ്പൂർണഹൃദയത്തോടെ കർത്താവിന് വിധേയരായിരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ബർന്നബാസ് പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ ആയിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയകൂട്ടം ആളുകൾ കർത്താവിലേക്ക് ആനയിക്കപ്പെട്ടു. ശൗലിനെ അന്വേഷിക്കാൻ ബർന്നബാസ് തർസൊസിലേക്കു യാത്രയായി. അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബർന്നബാസും ശൗലും ഒരുവർഷം മുഴുവനും സഭായോഗങ്ങളിൽ പങ്കെടുക്കുകയും വളരെ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിൽവെച്ചാണ്. ആ കാലത്ത് ചില പ്രവാചകർ ജെറുശലേമിൽനിന്ന് അന്ത്യോക്യയിൽ വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്. ശിഷ്യന്മാരെല്ലാവരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ താമസിക്കുന്ന സഹോദരങ്ങൾക്കു സഹായം നൽകാൻ തീരുമാനിച്ചു. അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി. പത്രോസ് കാരാഗൃഹത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നു ഈ സമയത്താണ് ഹെരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കാനായി പിടികൂടിത്തുടങ്ങിയത്. അയാൾ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ടു കൊല്ലിച്ചു. അത് യെഹൂദരെ ആനന്ദിപ്പിച്ചു എന്നുകണ്ടപ്പോൾ അയാൾ പത്രോസിനെയും ബന്ധനത്തിലാക്കി. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലാണ്12:3 യെഹൂദന്മാരുടെ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണിത്. ഈ ഏഴുദിവസവും അവർ പുളിപ്പിക്കാതെ ചുട്ട അപ്പംമാത്രം ഭക്ഷിക്കുന്നു. ഇതു സംഭവിച്ചത്. അയാൾ പത്രോസിനെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി നാലു പടയാളികൾവീതമുള്ള നാലു കൂട്ടങ്ങൾ മാറിമാറി അദ്ദേഹത്തെ കാവൽചെയ്തു. പെസഹയ്ക്കു12:4 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. ശേഷം അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് പരസ്യമായി വിസ്തരിക്കണമെന്നായിരുന്നു ഹെരോദാവിന്റെ ഉദ്ദേശ്യം. പത്രോസ് കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ സഭ അദ്ദേഹത്തിനുവേണ്ടി ജാഗ്രതയോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഹെരോദാരാജാവ് പത്രോസിനെ വിസ്താരത്തിനായി കൊണ്ടുവരാനിരുന്നതിന്റെ തലേരാത്രിയിൽ രണ്ട് പടയാളികളുടെ നടുവിൽ, രണ്ട് ചങ്ങലകളാൽ ബന്ധിതനായി പത്രോസ് കിടന്നുറങ്ങുകയും പടയാളികൾ കാരാഗൃഹത്തിന്റെ വാതിൽക്കൽ കാവൽനിൽക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പെട്ടെന്ന്, കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി, കാരാഗൃഹത്തിൽ ഒരു ഉജ്ജ്വലപ്രകാശം തിളങ്ങി. ദൂതൻ പത്രോസിനെ ഒരുവശത്ത് തട്ടി അദ്ദേഹത്തെ ഉണർത്തി. “വേഗം എഴുന്നേൽക്കൂ!” ദൂതൻ പറഞ്ഞു. പത്രോസിന്റെ കൈകളിൽനിന്ന് ചങ്ങലകൾ അഴിഞ്ഞുവീണു. ദൂതൻ പത്രോസിനോട്, “നിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “മേൽവസ്ത്രം പുതച്ചുകൊണ്ട് എന്റെ പിന്നാലെ വരിക,” ദൂതൻ പറഞ്ഞു. പത്രോസ് ദൂതന്റെ പിറകേ നടന്ന് കാരാഗൃഹത്തിനു പുറത്തുവന്നു. എന്നാൽ, ദൂതൻമുഖേന സംഭവിച്ചത് യഥാർഥമാണെന്ന് അദ്ദേഹം അറിഞ്ഞില്ല. താൻ ഒരു ദർശനം കാണുകയാണെന്ന് അദ്ദേഹം ചിന്തിച്ചു. അവർ ഒന്നാംകാവൽക്കാരെയും രണ്ടാംകാവൽക്കാരെയും കടന്ന് നഗരത്തിലേക്കു നയിക്കുന്ന ഇരുമ്പുവാതിൽക്കലെത്തി. അത് അവർക്കായി തനിയേ തുറന്നു. അവർ അതിലൂടെ പുറത്തുവന്ന് ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അദ്ദേഹത്തെ വിട്ടുപോയി. അപ്പോൾ പത്രോസിന് ബോധം കൈവന്നു. അദ്ദേഹം, “ഹെരോദാവിന്റെ പിടിയിൽനിന്നും എനിക്ക് സംഭവിക്കുമെന്ന് യെഹൂദർ പ്രതീക്ഷിച്ചിരുന്ന എല്ലാവിപത്തിൽനിന്നും കർത്താവ് തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്നു ഞാൻ ഇപ്പോൾ നിശ്ചയമായി അറിയുന്നു” എന്നു പറഞ്ഞു. ഇത് ബോധ്യമായിക്കഴിഞ്ഞപ്പോൾ അദ്ദേഹം യോഹന്നാന്റെ അമ്മയായ മറിയയുടെ വീട്ടിൽച്ചെന്നു—ഈ യോഹന്നാന് മർക്കോസ് എന്നും പേരുണ്ടായിരുന്നു—അവിടെ വളരെപ്പേർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്രോസ് പുറത്തെ വാതിൽക്കൽ മുട്ടി. അപ്പോൾ രോദാ എന്നു പേരുള്ള ഒരു വേലക്കാരി പെൺകുട്ടി വാതിൽ തുറക്കാൻ വന്നു. പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അവൾ ആനന്ദാധിക്യത്താൽ വാതിൽ തുറക്കാതെ തിരികെ ഓടിച്ചെന്ന്, “പത്രോസ് അതാ വാതിൽക്കൽ നിൽക്കുന്നു!” എന്ന് ആശ്ചര്യത്തോടെ പറഞ്ഞു. “നിനക്കു ഭ്രാന്താണ്,” അവർ അവളോടു പറഞ്ഞു. “അല്ല, അദ്ദേഹംതന്നെ,” എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. “എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും,” എന്ന് അവർ പറഞ്ഞു. പത്രോസ് വാതിൽക്കൽ പിന്നെയും മുട്ടിക്കൊണ്ടിരുന്നു. കതകു തുറന്നപ്പോൾ അവർ അദ്ദേഹത്തെ കണ്ടു വിസ്മയഭരിതരായി. ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടിക്കൊണ്ട് പത്രോസ് അവരോട്, കർത്താവ് തന്നെ കാരാഗൃഹത്തിൽനിന്ന് പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് വിവരിച്ചുകേൾപ്പിച്ചു. “യാക്കോബിനെയും ശേഷം സഹോദരങ്ങളെയും ഈ കാര്യങ്ങൾ അറിയിക്കണം,” എന്നു പറഞ്ഞിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്കുപോയി. പ്രഭാതമായപ്പോൾ, പത്രോസിന് എന്തു സംഭവിച്ചിരിക്കും എന്നതിനെക്കുറിച്ച് പടയാളികൾക്കിടയിൽ വലിയ പരിഭ്രമമുണ്ടായി. അദ്ദേഹത്തെ കണ്ടുപിടിക്കാൻ സമഗ്രമായ ഒരന്വേഷണം നടത്തിയിട്ടും കാണാഞ്ഞതിനാൽ ഹെരോദാവ് കാവൽക്കാരെ വിസ്തരിച്ച് അവരെ വധിക്കാൻ ഉത്തരവിട്ടു. ഹെരോദാവിന്റെ മരണം അതിനുശേഷം ഹെരോദാവ് യെഹൂദ്യയിൽനിന്ന് കൈസര്യയിലെത്തി കുറെക്കാലം അവിടെ താമസിച്ചു. അയാൾ സോരിലെയും സീദോനിലെയും ജനങ്ങളോടു കുപിതനായിരിക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് അവർ ഒത്തുകൂടി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം അന്വേഷിച്ചു. അവർ ഭക്ഷണസാധനങ്ങൾക്കായി ഹെരോദാരാജാവിന്റെ ദേശത്തെ ആശ്രയിച്ചിരുന്നതുകൊണ്ട് രാജാവിന്റെ വിശ്വസ്തസേവകരിൽ ഒരാളായ ബ്ലസ്തോസിന്റെ സഹായത്തോടെ സന്ധിസംഭാഷണത്തിന് അപേക്ഷിച്ചു. അതിനായി നിശ്ചയിക്കപ്പെട്ടിരുന്ന ദിവസം ഹെരോദാവ് രാജകീയവസ്ത്രങ്ങൾ അണിഞ്ഞ്, സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രജകളെ അഭിസംബോധനചെയ്ത് സംസാരിച്ചു. “ഇത് മനുഷ്യന്റെ ശബ്ദമല്ല, ഒരു ദേവന്റെ ശബ്ദമാണ്,” ജനം ആർത്തുവിളിച്ചു. ഹെരോദാവ് ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നതുകൊണ്ട് കർത്താവിന്റെ ഒരു ദൂതൻ അയാളെ അപ്പോൾത്തന്നെ അടിച്ചുവീഴ്ത്തി. കൃമികൾ അയാളുടെ ശരീരം കാർന്നുതിന്നു; ഒടുവിൽ അയാൾ മരിച്ചു. എന്നാൽ, ദൈവവചനം പ്രചരിക്കുകയും അനേകർ ഈ വിശ്വാസം അംഗീകരിക്കുകയും ചെയ്തു. ബർന്നബാസും ശൗലും നിയോഗിക്കപ്പെടുന്നു ബർന്നബാസും ശൗലും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയശേഷം മർക്കോസ് എന്നു പേരുള്ള യോഹന്നാനെയുംകൂട്ടി ജെറുശലേമിൽനിന്ന് തിരികെയെത്തി. അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ13:1 മൂ.ഭാ. ടെട്രാക്ക്, അതായത്, നാലിൽ ഒരുഭാഗത്തിന്റെ ഭരണാധികാരി. ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു. സൈപ്രസ് ദ്വീപിൽ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി, അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു. അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു. പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി. അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു. പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു; മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു. അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ13:20 അഥവാ, ന്യായാധിപന്മാരെ കൊടുത്തു. പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു. ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു. “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി. യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു. “അബ്രാഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേവസിക്കുന്ന യെഹൂദേതരരായ ദൈവഭക്തരേ, രക്ഷയുടെ ഈ സന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്. ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു. വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു. എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്. “ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’13:32-33 സങ്കീ. 2:7 എന്നെഴുതിയിരിക്കുന്നല്ലോ. യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’13:34 യെശ. 55:3 മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’13:35 സങ്കീ. 16:10 “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയും ചെയ്തു. എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ, ജീർണത കണ്ടില്ല. “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു. “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ ഒരു കാര്യംചെയ്യും; ആർ പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ,”13:40-41 ഹബ. 1:5 എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക. പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു. യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദാമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി. ജനക്കൂട്ടത്തെക്കണ്ട്, അസൂയാലുക്കളായ യെഹൂദർ പൗലോസ് പറഞ്ഞതിനെ എതിർക്കുകയും അദ്ദേഹത്തെ ദുഷിച്ചു സംസാരിക്കുകയും ചെയ്തു. അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,”13:47 യെശ. 49:6 എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്. ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു. എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി. അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരേ കുടഞ്ഞുകളഞ്ഞശേഷം13:51 പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക, വിവക്ഷിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി, ഇനി നിങ്ങളുടെമേൽ വരുന്ന ശിക്ഷയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഇക്കോന്യയിലേക്കു പോയി. ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു. ഇക്കോന്യയിൽ ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു. എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു. പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു. യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി. എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു. അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു. ലുസ്ത്രയിലും ദെർബയിലും ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി. പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു. ബർന്നബാസിനെ അവർ സീയൂസ്14:12 സീയൂസും ഹെർമിസും ഹൈന്ദവസങ്കൽപ്പത്തിലെ ഇന്ദ്രനും ബുധനും തുല്യം. എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു. നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു. അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്. പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു. എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.” ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു. പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു. എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി. സിറിയൻ അന്ത്യോക്യയിലേക്കു മടക്കയാത്ര പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച് ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു. പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു. പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി. അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി. അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ. അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു. അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു. ജെറുശലേം സമ്മേളനം യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു. ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു. സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു. അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു. അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം15:10 വഹിക്കാൻ കഴിയാതിരുന്ന നുകം, വിവക്ഷിക്കുന്നത് യെഹൂദന്മാർ അനുഷ്ഠിച്ചുവന്നിരുന്ന മോശയുടെ ന്യായപ്രമാണം. ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.” ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ. പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു: “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും; മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന15:17 ആമോ. 9:11,12 കർത്താവ് അരുളിച്ചെയ്യുന്നു.’ “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം. മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!” യെഹൂദേതരരായ വിശ്വാസികൾക്കുള്ള കത്ത് അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു. അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം! ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു. അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ. ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ! അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു. ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു. പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു. കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു. എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു. പൗലോസും ബർന്നബാസുംതമ്മിൽ അഭിപ്രായഭിന്നത കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.” മർക്കോസ് എന്നും പേരുള്ള യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു. എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു. അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി, എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി. അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു. തിമോത്തിയോസ് പൗലോസിനോടും ശീലാസിനോടും ചേരുന്നു അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു. അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി. അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു. പൗലോസിന് മക്കദോന്യക്കാരനെക്കുറിച്ചുള്ള ദർശനം പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു. മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ16:8 മുസ്യയിലെ തുറമുഖപട്ടണമാണ് ത്രോവാസ്. എത്തി. രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി. ലുദിയായുടെ മാനസാന്തരം ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി. അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു. ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു. അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു. പൗലോസും ശീലാസും കാരാഗൃഹത്തിൽ ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി. തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്; റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു. പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി. അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു. അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു. ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു. അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു. അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു. പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു. ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു. നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു. അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.” “റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്. സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു. അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു. കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി. തെസ്സലോനിക്യയിൽ പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു; ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു. എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു. എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു; യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു. ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി. എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു. ബെരോവയിൽ രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു. ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു. യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു. പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി. സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു. പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ17:15 അതായത്, ഏതൻസിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി. പൗലോസ് അഥേനയിൽ പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി. അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ17:18 തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന ചിന്താഗതിയോടെ ജീവിക്കുന്നതാണ് എപ്പിക്കൂര്യനിസം; ലൗകികാസക്തികളിൽനിന്നുള്ള വിരക്തിയോടെ ജീവിക്കുന്നതാണ് സ്റ്റോയിസം. ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്. പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ? താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു. (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.) അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്: “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ! “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.” മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി. ഏതാനുംപേർ ക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിന്റെ അനുചരർ ആയിത്തീർന്നു. അവരുടെ കൂട്ടത്തിൽ, അരയോപാഗസിലെ അംഗമായിരുന്ന ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ള ഒരു സ്ത്രീയും മറ്റുപലരും ഉണ്ടായിരുന്നു. പൗലോസ് കൊരിന്തിൽ ഇതിനുശേഷം പൗലോസ് അഥേനയിൽനിന്ന് കൊരിന്തിലേക്കു യാത്രയായി. അവിടെ അദ്ദേഹം പൊന്തൊസ് സ്വദേശിയായ അക്വിലാസ് എന്നു പേരുള്ള ഒരു യെഹൂദനെ കണ്ടു. യെഹൂദരെല്ലാം റോം വിട്ടു പൊയ്ക്കൊള്ളണമെന്നു ക്ലൗദ്യൊസ് ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചതനുസരിച്ച് അക്വിലാസ് തന്റെ ഭാര്യയായ പ്രിസ്കില്ലയെയുംകൂട്ടി ഇറ്റലിയിൽനിന്ന് കൊരിന്തിൽ ആയിടയ്ക്കു വന്നതായിരുന്നു. പൗലോസ് അവരെ സന്ദർശിക്കാൻ ചെന്നു. പൗലോസും അക്വിലാസിനെയും പ്രിസ്കില്ലയെയുംപോലെതന്നെ ഒരു കൂടാരപ്പണിക്കാരനായിരുന്നു. അതുകൊണ്ട് പൗലോസും അവരോടുകൂടെ താമസിച്ച് ജോലിചെയ്തു. ശബ്ബത്തുതോറും അദ്ദേഹം പള്ളിയിൽ ചെന്ന് യെഹൂദരോടും ഗ്രീക്കുകാരോടും സുവിശേഷത്തെക്കുറിച്ചു സംവാദിച്ച് സമർഥിച്ചുകൊണ്ടിരുന്നു. ശീലാസും തിമോത്തിയോസും മക്കദോന്യയിൽനിന്ന് വന്നതിനുശേഷം പൗലോസ് വചനഘോഷണത്തിൽത്തന്നെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചുകൊണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദരോടു സാക്ഷീകരിച്ചുതുടങ്ങി. എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു. അതിനുശേഷം പൗലോസ് യെഹൂദപ്പള്ളിയിൽനിന്ന് സത്യദൈവത്തിന്റെ ആരാധകനായ തീത്തോസ് യുസ്തൊസിന്റെ ഭവനത്തിൽ ചെന്നു. അത് പള്ളിയുടെ തൊട്ടടുത്തായിരുന്നു. പള്ളിമുഖ്യനായ ക്രിസ്പൊസും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു; പൗലോസിനെ കേട്ട കൊരിന്ത് നിവാസികളിൽ വളരെപ്പേരും വിശ്വസിച്ചു സ്നാനമേറ്റു. ഒരു രാത്രിയിൽ കർത്താവ് പൗലോസിനോടു ദർശനത്തിൽ, “നീ ഭയപ്പെടരുത്; തുടർന്നും പ്രസംഗിക്കുക, മിണ്ടാതിരിക്കരുത്. ഞാൻ നിന്നോടുകൂടെയുണ്ട്, ആരും നിന്നെ ആക്രമിക്കുകയോ നിനക്കു ഹാനി വരുത്തുകയോ ഇല്ല, എനിക്ക് ഈ പട്ടണത്തിൽ അനേകരുണ്ട്” എന്ന് അരുളിച്ചെയ്തു. പൗലോസ് കൊരിന്ത് നിവാസികളെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം അവിടെ താമസിച്ചു. ഗല്ലിയോൻ അഖായയിലെ ഭരണാധികാരിയായിരിക്കുമ്പോൾ യെഹൂദന്മാർ സംഘടിതരായി പൗലോസിനെതിരേ തിരിഞ്ഞ് അദ്ദേഹത്തെ ന്യായാസനത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു: “ഈ മനുഷ്യൻ യെഹൂദനിയമത്തിനു വിപരീതമായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ മനുഷ്യരെ നിർബന്ധിക്കുന്നു,” എന്ന് അവർ ആരോപണം ഉന്നയിച്ചു. പൗലോസ് സംസാരിക്കാൻ ഒരുങ്ങുമ്പോൾ ഗല്ലിയോൻ യെഹൂദരോട്, “ഇയാൾ ചെയ്ത എന്തെങ്കിലും അപരാധമോ ഗുരുതരമായ കുറ്റമോ സംബന്ധിച്ചാണു യെഹൂദരായ നിങ്ങൾക്കു പരാതിയുള്ളതെങ്കിൽ ഞാൻ ക്ഷമയോടെ അതു കേൾക്കുമായിരുന്നു. എന്നാൽ, ഇതു നിങ്ങളുടെ സ്വന്തം ന്യായപ്രമാണത്തിലെ വാക്കുകളും നാമങ്ങളും സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ്. ഇതു നിങ്ങൾതന്നെ പരിഹരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾക്കു ന്യായാധിപതിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം അവരെ കോടതിമുറിയിൽനിന്ന് പുറത്താക്കി. അപ്പോൾ അവർ പള്ളിമുഖ്യനായ സോസ്തനേസിന്റെനേരേ തിരിഞ്ഞ് അയാളെ പിടിച്ചു കോടതിയുടെമുമ്പിൽവെച്ച് അടിച്ചു. എന്നാൽ, ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പ്രിസ്കില്ല, അക്വിലാസ്, അപ്പൊല്ലോസ് പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു. അവർ എഫേസോസിലെത്തി. പൗലോസ് പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടു. അദ്ദേഹം തനിയേ പള്ളിയിൽ ചെന്ന് യെഹൂദരോടു സംവാദം നടത്തി. തങ്ങളോടുകൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അവർ അപേക്ഷിച്ചെങ്കിലും അദ്ദേഹമതു നിരസിച്ചു. “ദൈവഹിതമെങ്കിൽ ഞാൻ മടങ്ങിവരും” എന്നു വിടവാങ്ങുമ്പോൾ അവർക്കു വാക്കു കൊടുത്തു. അതിനുശേഷം എഫേസോസിൽനിന്ന് അദ്ദേഹം കപ്പൽകയറി. കൈസര്യയിൽ കരയ്ക്കിറങ്ങി സഭയെ അഭിവാദനംചെയ്തശേഷം അദ്ദേഹം അന്ത്യോക്യയിലേക്കു യാത്രയായി. അന്ത്യോക്യയിൽ കുറെക്കാലം ചെലവഴിച്ചശേഷം പൗലോസ് അവിടെനിന്നു യാത്രതിരിച്ചു. ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് അവിടെയുള്ള ശിഷ്യരെ വിശ്വാസത്തിൽ ഉറപ്പിച്ചു. ആയിടയ്ക്ക് അലക്സാന്ത്രിയ സ്വദേശിയും അപ്പൊല്ലോസ് എന്നു പേരുള്ളവനുമായ ഒരു യെഹൂദൻ എഫേസോസിലെത്തി. അദ്ദേഹം വാഗ്മിയും തിരുവെഴുത്തുകളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളയാളുമായിരുന്നു. അദ്ദേഹത്തിന് കർത്താവിന്റെ മാർഗത്തെപ്പറ്റി പ്രബോധനം ലഭിച്ചിരുന്നു. യോഹന്നാന്റെ സ്നാനത്തെപ്പറ്റിമാത്രമേ അപ്പൊല്ലോസിന് അറിവുണ്ടായിരുന്നുള്ളൂവെങ്കിലും ആത്മാവിൽ തീക്ഷ്ണതയോടെ പ്രസംഗിക്കുകയും യേശുവിനെക്കുറിച്ചു കൃത്യതയോടെ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം പള്ളികളിൽ ധൈര്യത്തോടെ പ്രസംഗിച്ചുതുടങ്ങി. പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു. അവർ ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്തമായി അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസ് അഖായയിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് അവിടെയുള്ള ശിഷ്യന്മാർക്ക് കത്തു കൊടുത്തയയ്ക്കുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവർക്ക് അദ്ദേഹം വലിയ സഹായമായിത്തീർന്നു. അദ്ദേഹം യെഹൂദന്മാരുടെ വാദഗതികളെ ശക്തിയോടെ പരസ്യമായി ഖണ്ഡിക്കുകയും യേശുതന്നെ ക്രിസ്തുവെന്നു തിരുവെഴുത്തുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു. പൗലോസ് എഫേസോസിൽ അപ്പൊല്ലോസ് കൊരിന്തിൽ ആയിരുന്നപ്പോൾ, പൗലോസ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് എഫേസോസിൽ എത്തിച്ചേർന്നു. അവിടെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?” “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു. “എങ്കിൽ, നിങ്ങൾ സ്വീകരിച്ച സ്നാനം ഏതായിരുന്നു?” അദ്ദേഹം ചോദിച്ചു. “അത് യോഹന്നാൻ നൽകിയ സ്നാനം ആയിരുന്നു,” അവർ ഉത്തരം പറഞ്ഞു. അതിനു പൗലോസ്, “യോഹന്നാന്റെ സ്നാനം മാനസാന്തരസ്നാനമായിരുന്നു. തന്റെ പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ, വിശ്വസിക്കണമെന്ന് യോഹന്നാൻ ജനങ്ങളെ ഉപദേശിച്ചു” എന്നു പറഞ്ഞു. ഇതു മനസ്സിലാക്കിയ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു. പൗലോസ് അവരുടെമേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു; വിവിധ ഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവരെല്ലാംകൂടി പന്ത്രണ്ടോളംപേർ ആയിരുന്നു. പൗലോസ് മൂന്നുമാസംവരെ അവിടെയുള്ള യെഹൂദപ്പള്ളിയിൽച്ചെന്ന് സധൈര്യം പ്രസംഗിക്കുകയും ജനങ്ങൾക്ക് പൂർണവിശ്വാസം വരത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് തർക്കിക്കുകയും ചെയ്തു. എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി. ഇത് രണ്ടുവർഷംവരെ തുടർന്നു. അതിന്റെ ഫലമായി ഏഷ്യാപ്രവിശ്യയിൽ താമസിച്ചിരുന്ന എല്ലാ യെഹൂദരും ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കാനിടയായി. ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു. ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്. ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്. ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്, ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു. എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു.19:19 ഒരു ദ്രഹ്മ ഒരു ദിവസത്തെ വേതനത്തിന് തുല്യം. ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഇവയെല്ലാം സംഭവിച്ചതിനുശേഷം പൗലോസ് മക്കദോന്യയിലും അഖായയിലുംകൂടി യാത്രചെയ്ത് ജെറുശലേമിലേക്ക് പോകാൻ മനസ്സിൽ തീരുമാനിച്ചു. “അവിടെച്ചെന്നതിനുശേഷം എനിക്കു റോമിലും പോകണം,” എന്ന് അദ്ദേഹം പറഞ്ഞു. തന്റെ സഹായികളിൽ തിമോത്തിയോസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കദോന്യയിലേക്ക് അയച്ചിട്ട് അദ്ദേഹം കുറെക്കാലംകൂടി ഏഷ്യാപ്രവിശ്യയിൽ താമസിച്ചു. എഫേസോസിലെ ലഹള ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി. വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു. അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ! എന്നാൽ, ഈ പൗലോസ് ഇവിടെ എഫേസോസിലും ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുമുള്ള ഒട്ടധികം ആളുകളോട്, ‘മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ ദൈവങ്ങളേ അല്ല’ എന്നു പറഞ്ഞ് അവരെ വശീകരിച്ച് വഴിതെറ്റിച്ചിരിക്കുന്നു. അത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നല്ലോ. നമ്മുടെ തൊഴിലിനുള്ള പ്രസക്തി നഷ്ടമാകുമെന്നുമാത്രമല്ല, മഹാദേവിയായ അർത്തെമിസിന്റെ ക്ഷേത്രം അപമാനിതമായിത്തീരും എന്ന അപകടംകൂടി ഇതിലുണ്ട്; ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുംമാത്രമല്ല, ലോകമെമ്പാടും ഭജിക്കപ്പെടുന്ന ഈ ദേവിയുടെ പ്രതാപം നഷ്ടപ്പെടാനും ഇതുമൂലം ഇടയാകും.” ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു. പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി. പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല. ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു. ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു. യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി. എന്നാൽ, അയാൾ ഒരു യെഹൂദനാണെന്നറിഞ്ഞപ്പോൾ അവരെല്ലാവരുംകൂടിച്ചേർന്ന്, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് രണ്ടുമണിക്കൂറോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ? ഈ വസ്തുതകൾ അനിഷേധ്യമായിരിക്കുന്ന സ്ഥിതിക്ക്, നിങ്ങൾ ശാന്തരായിരിക്കുകയും തിടുക്കത്തിൽ ഒന്നും ചെയ്യാതിരിക്കുകയും വേണം. ഈ മനുഷ്യരെ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നു; എന്നാൽ ഇവർ, ക്ഷേത്രങ്ങൾ കവർച്ചചെയ്യുകയോ നമ്മുടെ ദേവിയെ ദുഷിക്കുകയോ ചെയ്തിട്ടില്ല. ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്. കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്. ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.” ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പൗലോസ് മക്കദോന്യയിലും അഖായയിലും ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു. ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു. അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു. അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു. യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു. ഞങ്ങൾ സമ്മേളിച്ച മുകൾനിലയിലെ മുറിയിൽ ധാരാളം വിളക്കുകൾ ഉണ്ടായിരുന്നു. യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി.20:9 മുറിയിലെ ചൂടും പുകയുമായിരിക്കാം യൂത്തിക്കൊസിനെ ഉറക്കത്തിലേക്കു നയിച്ചത് മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു. പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി. ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു. എഫേസോസിലെ സഭാമുഖ്യന്മാരോടു പൗലോസിന്റെ യാത്രാമൊഴി ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്. അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി. പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു. സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക്20:16 പെസഹാപ്പെരുന്നാളിന് അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു. മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി. അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ! യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു. നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം. മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ20:22 മൂ.ഭാ. ബന്ധിതനായി ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല. ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. “നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല.20:26 നിങ്ങളിൽ ആരെങ്കിലും നിത്യനരകത്തിലേക്ക് പോയാൽ അതിന് ഞാൻ ഉത്തരവാദിയല്ല എന്നു വിവക്ഷ. ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്. നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ20:28 ചി.കൈ.പ്ര. സ്വപുത്രന്റെ രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ20:28 ചി.കൈ.പ്ര. കർത്താവിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക. ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം. ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും. അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക. “ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ. നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ! ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.” പൗലോസ് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അവരോടെല്ലാവരോടുംകൂടെ മുട്ടുകുത്തി പ്രാർഥിച്ചു. എല്ലാവരും വളരെ കരഞ്ഞ് അദ്ദേഹത്തെ ആലിംഗനംചെയ്ത് ചുംബിച്ചു. “നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് അവർക്കേറ്റവുമധികം സങ്കടമുണ്ടാക്കിയത്. പിന്നെ അവർ കപ്പലിന്റെ അടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു. പൗലോസ് ജെറുശലേമിലേക്ക് അങ്ങനെ അവരോട് യാത്രപറഞ്ഞശേഷം ഞങ്ങൾ കപ്പൽകയറി കോസ്ദ്വീപിലും അടുത്തദിവസം രൊദോസ്ദ്വീപിലും അവിടെനിന്നു പത്തര തുറമുഖത്തിലും എത്തി. അവിടെ ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് അതിൽ കയറി ഞങ്ങൾ യാത്രതുടർന്നു. യാത്രയ്ക്കിടയിൽ സൈപ്രസ്ദ്വീപ് കാണാൻ കഴിഞ്ഞു. അതിന്റെ തെക്കുവശത്തുകൂടെ സിറിയയിലേക്കുപോയി. സോരിൽ ആ കപ്പലിലെ ചരക്ക് ഇറക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾ അവിടെ കരയ്ക്കിറങ്ങി. ക്രിസ്തുശിഷ്യരെ കണ്ടെത്തി ഞങ്ങൾ ഏഴുദിവസം അവിടെ താമസിച്ചു. ജെറുശലേമിലേക്കു പോകരുതെന്ന് ആ ശിഷ്യന്മാർ പൗലോസിനോട് ദൈവാത്മപ്രേരണയാൽ നിർബന്ധിച്ചുപറഞ്ഞു. എന്നാൽ, അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സകലശിഷ്യന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഞങ്ങളോടുകൂടെ നഗരത്തിനു പുറത്തേക്കുവന്നു; കടൽത്തീരത്തു ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു; പിന്നെ പരസ്പരം യാത്രപറഞ്ഞുപിരിഞ്ഞു. ഞങ്ങൾ കപ്പൽകയറി യാത്രതുടർന്നു. അവർ അവരുടെ വീടുകളിലേക്കു മടങ്ങുകയും ചെയ്തു. സോരിൽനിന്ന് കപ്പലിൽ യാത്രചെയ്തു ഞങ്ങൾ പ്തൊലെമായിസിൽ എത്തി. അവിടെ കരയ്ക്കിറങ്ങി സഹോദരങ്ങളെ അഭിവാദനംചെയ്ത് അവരോടുകൂടെ ഒരു ദിവസം താമസിച്ചു. പിറ്റേദിവസം ഞങ്ങൾ അവിടംവിട്ട് കൈസര്യയിൽ എത്തി; അവിടെ ഞങ്ങൾ സുവിശേഷകനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഏഴുപേരിൽ ഒരാളായിരുന്നു.21:8 അ.പ്ര. 6:1-6 കാണുക. അദ്ദേഹത്തിനു പ്രവാചികകളായ നാലു പുത്രിമാരുണ്ടായിരുന്നു; അവർ അവിവാഹിതകളുമായിരുന്നു. ഞങ്ങൾ അവിടെയെത്തി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദ്യയിൽനിന്ന് അഗബൊസ് എന്നു പേരുള്ള ഒരു പ്രവാചകൻ അവിടെവന്നു. അദ്ദേഹം ഞങ്ങളുടെ അടുക്കൽവന്ന്, പൗലോസിന്റെ അരപ്പട്ട21:11 അതായത്, ബെൽറ്റ് എടുത്ത് സ്വന്തം കൈകളും കാലുകളും കെട്ടിയശേഷം ഇങ്ങനെ പറഞ്ഞു, “ ‘ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ജെറുശലേമിലെ യെഹൂദനേതാക്കന്മാർ ഇതേവിധത്തിൽ ബന്ധിക്കുകയും യെഹൂദേതരരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമെന്ന്’ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു.” ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന സഹോദരങ്ങളും ജെറുശലേമിലേക്കു പോകരുതെന്ന് പൗലോസിനോട് അപേക്ഷിച്ചു. അപ്പോൾ പൗലോസ്, “നിങ്ങൾ ഇങ്ങനെ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്തിന്? ബന്ധിക്കപ്പെടാൻമാത്രമല്ല, കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ജെറുശലേമിൽ മരിക്കാനും ഞാൻ തയ്യാറാണ്” എന്നു മറുപടി പറഞ്ഞു. അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി. എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി. കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു. പൗലോസ് ജെറുശലേമിൽ ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു. അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു. ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്. എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും. അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും. യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!” അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. പൗലോസ് ബന്ധനസ്ഥനാകുന്നു ആ ഏഴുദിവസം കഴിയാറായപ്പോൾ ഏഷ്യാപ്രവിശ്യയിൽനിന്നുള്ള ചില യെഹൂദർ പൗലോസിനെ ദൈവാലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി അദ്ദേഹത്തെ പിടികൂടി. “ഇസ്രായേൽജനമേ, ഞങ്ങളെ സഹായിക്കുക! നമ്മുടെ ജനങ്ങൾക്കും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നവൻ ഇയാളാണ്. മാത്രമല്ല, ഇയാൾ ഗ്രീക്കുകാരെ ദൈവാലയത്തിനുള്ളിൽ കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു!” എന്ന് അവർ വിളിച്ചുപറഞ്ഞു. എഫേസ്യനായ ത്രൊഫിമൊസിനെ അവർ നേരത്തേ നഗരത്തിൽവെച്ചു പൗലോസിനോടൊപ്പം കണ്ടിരുന്നു. പൗലോസ് അയാളെയും ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുമെന്ന് അവർ അനുമാനിച്ചു. നഗരം മുഴുവൻ ഇളകി; ജനങ്ങൾ ഓടിക്കൂടി. അവർ പൗലോസിനെ ദൈവാലയത്തിൽനിന്ന് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. ഉടൻതന്നെ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും ചെയ്തു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ജെറുശലേം നഗരം മുഴുവൻ ഇളകിമറിഞ്ഞിരിക്കുന്നെന്ന് റോമൻ സൈന്യാധിപന് അറിവുലഭിച്ചു. അയാൾ പെട്ടെന്നുതന്നെ ചില ശതാധിപന്മാരെയും സൈനികരെയും കൂട്ടിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു. സൈന്യാധിപനെയും പട്ടാളക്കാരെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിർത്തി. സൈന്യാധിപൻ ചെന്ന് പൗലോസിനെ അറസ്റ്റ് ചെയ്തു; അദ്ദേഹത്തെ പിടിച്ച് രണ്ടുചങ്ങലകൊണ്ടു ബന്ധിക്കാൻ കൽപ്പിച്ചു. അദ്ദേഹം ആരാണെന്നും എന്തു കുറ്റമാണു ചെയ്തതെന്നും അയാൾ ചോദിച്ചു. ജനക്കൂട്ടത്തിൽ ഓരോരുത്തരും ഓരോവിധത്തിൽ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ബഹളംനിമിത്തം സൈന്യാധിപനു സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെവന്നതുകൊണ്ട് പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ അയാൾ ആജ്ഞാപിച്ചു. പൗലോസ് ദൈവാലയത്തിന്റെ സോപാനത്തിൽ എത്തിയപ്പോഴേക്കും ജനക്കൂട്ടം വല്ലാതെ അക്രമാസക്തരായി; അതുകൊണ്ടു സൈനികർക്ക് അദ്ദേഹത്തെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. അവരുടെ പിന്നാലെ ചെന്ന ജനസമൂഹം, “അവനെ കൊന്നുകളയുക, കൊന്നുകളയുക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. പൗലോസ് ജനസമൂഹത്തോടു പ്രസംഗിക്കുന്നു അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ? കുറെനാൾമുമ്പ് ഒരു വിപ്ളവം തുടങ്ങുകയും നാലായിരം ഭീകരന്മാരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്റ്റുകാരനല്ലേ നിങ്ങൾ?” എന്നു ചോദിച്ചു. അപ്പോൾ പൗലോസ്, “ഞാൻ കിലിക്യാപ്രവിശ്യയിലെ തർസൊസിൽനിന്നുള്ള ഒരു യെഹൂദനാണ്; ഒട്ടും അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരൻ. ദയവായി ജനങ്ങളോടു സംസാരിക്കാൻ എന്നെ അനുവദിക്കേണം” എന്നു പറഞ്ഞു. സൈന്യാധിപന്റെ അനുമതി ലഭിച്ചപ്പോൾ പൗലോസ് സോപാനത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കുനേരേ ആംഗ്യംകാട്ടി; അവർ നിശ്ശബ്ദരായപ്പോൾ അദ്ദേഹം എബ്രായരുടെ ഭാഷയിൽ അവരോട് ഇങ്ങനെ പ്രഘോഷിച്ചു. “സഹോദരന്മാരേ, പിതാക്കന്മാരേ, എന്റെ പ്രതിവാദം കേൾക്കുക.” പൗലോസ് എബ്രായരുടെ ഭാഷയിൽ അവരെ അഭിസംബോധന ചെയ്തതു കേട്ടപ്പോൾ ജനം വളരെ ശാന്തരായി. അദ്ദേഹം ഇങ്ങനെ തുടർന്നു: “കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു. ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി. “അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു. “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു. എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല. “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു. ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി. “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു. അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു. “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’ “ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു. അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്നു പറഞ്ഞു. “അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം. അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു. “കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്കയയ്ക്കും’ എന്ന് അരുളിച്ചെയ്തു.” പൗലോസ് എന്ന റോമൻ പൗരൻ ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു. അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ, സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു. സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു. ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു. സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?” “അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു. “ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” സൈന്യാധിപൻ പറഞ്ഞു. അതിനു മറുപടിയായി പൗലോസ് പറഞ്ഞു, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്.” അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു. പൗലോസ് ന്യായാധിപസമിതിക്കുമുമ്പിൽ യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെമുമ്പിൽ നിർത്തി. പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.” അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു. അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു. പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു. “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,”23:5 പുറ. 22:28 എന്നു പൗലോസ് മറുപടി പറഞ്ഞു. ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു. അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും23:7 യെഹൂദർക്കിടയിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ. പരീശന്മാർ: ന്യായപ്രമാണത്തിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് ഊന്നൽ കൊടുക്കുന്നവർ. സദൂക്യർ: ദൃശ്യമായതിൽ അപ്പുറമുള്ളവ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. ഉദാ. മരണാനന്തരജീവിതം, ദൈവദൂതന്മാർ എന്നിവ നിരാകരിക്കുന്നവർ. തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു. പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു. അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു. അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു. ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു. പൗലോസിനെ വധിക്കാൻ ഗൂഢാലോചന പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു. എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു. അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു. ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു. സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു. “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു. പൗലോസിനെ കൈസര്യയിലേക്കു മാറ്റുന്നു അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന23:23 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക. പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.” അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി: അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ. ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി. അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു. അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി. അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു. പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി. കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി. ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്, “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഫേലിക്സിന്റെ മുമ്പാകെയുള്ള വിചാരണ അഞ്ചുദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, സമുദായനേതാക്കന്മാരിൽ ചിലരെയും തെർത്തുല്ലോസ് എന്നു പേരുള്ള ഒരു അഭിഭാഷകനെയുംകൂട്ടി കൈസര്യയിൽ വന്നു. അവർ പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഭരണാധികാരിയെ ബോധിപ്പിച്ചു. പൗലോസിനെ അകത്തേക്കു വിളിച്ചുവരുത്തിയശേഷം ഫേലിക്സിന്റെ മുമ്പിൽ തെർത്തുല്ലോസ് പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഇങ്ങനെ നിരത്താൻ തുടങ്ങി: “അഭിവന്ദ്യനായ ഫേലിക്സേ, അങ്ങയുടെ ഭരണത്തിൻകീഴിൽ ഞങ്ങൾ ഏറെക്കാലമായി സമാധാനമനുഭവിച്ചുപോരുന്നു; അങ്ങയുടെ ദീർഘദൃഷ്ടി നിമിത്തം ഈ ദേശത്തിന് വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലായിടത്തും എല്ലാവിധത്തിലുമുള്ള ഈ അഭ്യുന്നതിക്കായി ഞങ്ങൾ അങ്ങയോട് അത്യധികം കൃതജ്ഞതയുള്ളവരാണ്. അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും: “ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ‘നസറായപക്ഷക്കാരുടെ’ ഒരു നേതാവായ ഈ മനുഷ്യൻ യെഹൂദരുടെ ദൈവാലയം അശുദ്ധമാക്കുന്നതിനു ശ്രമിക്കുകയുണ്ടായി; അതുകൊണ്ട് ഇയാളെ പിടികൂടി, ഞങ്ങളുടെ ന്യായപ്രമാണമനുസരിച്ച് വിസ്തരിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ, സഹസ്രാധിപനായ ലുസിയാസ് ബലം പ്രയോഗിച്ച് ഞങ്ങളിൽനിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. അങ്ങയുടെമുമ്പാകെ ഞങ്ങളുടെ ആരോപണങ്ങൾ വ്യക്തമാക്കാൻ ഉത്തരവിട്ടു. അങ്ങ് ഇയാളെ നേരിട്ടു വിസ്തരിക്കുമ്പോൾ,24:8 ചി.കൈ.പ്ര. വാ. 6 രണ്ടാംപകുതിമുതൽ വാ. 8 ആദ്യപകുതിവരെ കാണുന്നില്ല. ഞങ്ങൾ ഇയാൾക്കെതിരായി കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നതാണ്.” ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ആവർത്തിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന യെഹൂദന്മാർ കുറ്റാരോപണങ്ങളെ ഉറപ്പിച്ചു. ഇതുകഴിഞ്ഞ്, തനിക്കു സംസാരിക്കാമെന്ന് ഭരണാധികാരി ആംഗ്യംകാട്ടി, അനുമതിനൽകിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവിടന്ന് അനേകം വർഷങ്ങളായി ഈ ദേശത്തിന്റെ ന്യായാധിപനായിരിക്കുന്നെന്ന് എനിക്കറിയാം; അതുകൊണ്ട് ഞാൻ ആനന്ദത്തോടുകൂടി എന്റെ പ്രതിവാദം നടത്തുകയാണ്. ഞാൻ ആരാധനയ്ക്കായി ജെറുശലേമിലേക്കു പോയിട്ട് പന്ത്രണ്ട് ദിവസത്തിൽ അധികമായിട്ടില്ലെന്ന് അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഞാൻ ദൈവാലയത്തിൽവെച്ച് ആരോടെങ്കിലും തർക്കിക്കുന്നതായോ യെഹൂദപ്പള്ളിയിലോ നഗരത്തിൽ മറ്റെവിടെയെങ്കിലുമോ ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഈ കുറ്റാരോപണം നടത്തുന്നവർ കണ്ടിട്ടില്ല; ഇപ്പോൾ എനിക്കെതിരേ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ അങ്ങയുടെമുമ്പാകെ തെളിയിക്കാൻ ഇവർക്കു സാധ്യവുമല്ല. ഏതായാലും ഒരു കാര്യം ഞാൻ സമ്മതിക്കുന്നു: ഞാൻ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നത്, ഇവർ മതഭേദം എന്നു പറയുന്ന ഈ മാർഗത്തിന്റെ അനുഗാമി എന്ന നിലയ്കാണ്. ന്യായപ്രമാണത്തിന് അനുസൃതമായ എല്ലാക്കാര്യങ്ങളിലും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന എല്ലാറ്റിലും ഞാൻ വിശ്വസിക്കുന്നു. നീതിനിഷ്ഠർക്കും ദുഷ്ടർക്കും പുനരുത്ഥാനം ഉണ്ടാകുമെന്ന് ദൈവത്തിൽ ഇവർക്കുള്ള അതേ പ്രത്യാശ എനിക്കും ഉണ്ട്. അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. “സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്. ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല. എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. അങ്ങനെയല്ലെങ്കിൽ ന്യായാധിപസമിതിക്കുമുമ്പിൽ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ കഴിഞ്ഞോ എന്ന് ഇവിടെയുള്ളവർ പറയട്ടെ. ‘മരിച്ചവരുടെ പുനരുത്ഥാനത്തെപ്രതിയാണ് ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ വിസ്തരിക്കപ്പെടുന്നത്,’ എന്ന് അവരുടെ ഇടയിൽനിന്നപ്പോൾ വിളിച്ചുപറഞ്ഞതൊഴിച്ചു മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ?” ഈ മാർഗത്തെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീരുമാനിക്കാം” എന്നു പറഞ്ഞ് ഫേലിക്സ് നടപടികൾ മാറ്റിവെച്ചു. തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു. കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു. പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി. ഫെസ്തൊസിന്റെ മുമ്പിൽ ന്യായവിസ്താരം അധികാരം ഏറ്റു മൂന്നുദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസ് കൈസര്യയിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി. അവിടെ പുരോഹിതമുഖ്യന്മാരും യെഹൂദനേതാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ ഹാജരായി പൗലോസിനെതിരേയുള്ള ആരോപണങ്ങൾ അവതരിപ്പിച്ചു. തങ്ങൾക്കുള്ള ഒരു ആനുകൂല്യമെന്നനിലയിൽ പൗലോസിനെ ജെറുശലേമിലേക്കു വരുത്താൻ ദയവുണ്ടാകണമെന്ന് അവർ നിർബന്ധപൂർവം അപേക്ഷിച്ചു. അദ്ദേഹത്തെ വഴിക്കുവെച്ചു കൊന്നുകളയാൻ അവർ ഒരു പതിയിരിപ്പിനു വട്ടംകൂട്ടുന്നുണ്ടായിരുന്നു. ഫെസ്തൊസ് അവരോട്: “പൗലോസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഞാൻ ഉടനെതന്നെ അവിടേക്കു പോകുന്നുണ്ട്. നിങ്ങളുടെ നേതാക്കന്മാരിൽ ചിലർക്ക് എന്റെകൂടെ വന്ന് അവിടെവെച്ച് അയാൾക്കെതിരേയുള്ള ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്” എന്നു മറുപടി പറഞ്ഞു. അവരോടുകൂടെ എട്ടുപത്തു ദിവസം താമസിച്ചശേഷം അയാൾ കൈസര്യയിലേക്കു യാത്രയായി; പിറ്റേദിവസം അയാൾ കോടതി വിളിച്ചുകൂട്ടി പൗലോസിനെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു. പൗലോസ് ഹാജരായപ്പോൾ, ജെറുശലേമിൽനിന്ന് വന്നിരുന്ന യെഹൂദർ അദ്ദേഹത്തിനുചുറ്റും നിന്നുകൊണ്ട് ഗുരുതരമായ അനവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു; എന്നാൽ, അവ തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല. പൗലോസ് തന്റെ പ്രതിവാദത്തിൽ, “ഞാൻ യെഹൂദരുടെ ന്യായപ്രമാണത്തിനും ദൈവാലയത്തിനും വിപരീതമായോ കൈസർക്കു വിരോധമായോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പ്രസ്താവിച്ചു. യെഹൂദർക്ക് ഒരു ആനുകൂല്യം ചെയ്തുകൊടുക്കണമെന്ന ആഗ്രഹത്തോടെ ഫെസ്തൊസ് പൗലോസിനോട്, “നിങ്ങൾക്ക് ജെറുശലേമിൽ പോയി അവിടെ എന്റെമുമ്പാകെ ഈ ആരോപണങ്ങൾ സംബന്ധിച്ചു വിസ്തരിക്കപ്പെടാൻ സമ്മതമാണോ?” എന്നു ചോദിച്ചു. അതിനു പൗലോസ്: “ഞാൻ ഇപ്പോൾ കൈസറുടെ കോടതിമുമ്പാകെ നിൽക്കുന്നു, അവിടെയാണ് എന്നെ വിസ്തരിക്കേണ്ടത്. അങ്ങേക്കുതന്നെ നന്നായി അറിയാവുന്നതുപോലെ ഞാൻ യെഹൂദരോട് ഒരുതെറ്റും ചെയ്തിട്ടില്ല. മരണത്തിനർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ഉപദേശകസമിതിയുമായി കൂടിയാലോചന നടത്തിയിട്ട്, “കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് അപേക്ഷിച്ചിരിക്കുന്ന നിങ്ങൾ കൈസറുടെ അടുത്തേക്കുതന്നെ പോകും” എന്നു പ്രഖ്യാപിച്ചു. ഫെസ്തൊസ് അഗ്രിപ്പാരാജാവിന്റെ ഉപദേശം തേടുന്നു ഏതാനും ദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പാരാജാവും ബർന്നീക്കയുംകൂടി ഫെസ്തൊസിന് അഭിവാദനം അർപ്പിക്കാൻ കൈസര്യയിൽ എത്തി. അവർ കുറെയധികം ദിവസങ്ങൾ അവിടെ ചെലവഴിച്ചതിനാൽ ഫെസ്തൊസ് പൗലോസിന്റെ കേസ് അഗ്രിപ്പാരാജാവുമായി ചർച്ചചെയ്തു. ഫെസ്തൊസ് ഇങ്ങനെ പറഞ്ഞു: “ഫേലിക്സ് വിചാരണത്തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്. ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദാമതത്തിലെ നേതാക്കന്മാരും അയാൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. “എന്നാൽ, തനിക്കെതിരേ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്കു പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ലെന്നു ഞാൻ അവരോടു പറഞ്ഞു. അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നെ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു. എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല. പകരം അവരുടെ മതത്തെയും മരിച്ചുപോയവനെങ്കിലും ജീവിച്ചിരിക്കുന്നെന്ന് പൗലോസ് അവകാശപ്പെടുന്ന യേശു എന്ന മനുഷ്യനെയും സംബന്ധിച്ചുള്ള ചില തർക്കങ്ങൾമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്നു ചോദിച്ചു. എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്കയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.” പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താത്പര്യമുണ്ട്.” എന്നു പറഞ്ഞു. “അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു. പൗലോസ് അഗ്രിപ്പാവിന്റെ മുമ്പിൽ പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു. തുടർന്ന് ഫെസ്തൊസ് ഇങ്ങനെ പ്രസ്താവിച്ചു: “അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം സന്നിഹിതരായിരിക്കുന്നവരേ, നിങ്ങൾ ഈ മനുഷ്യനെ കാണുന്നല്ലോ! യെഹൂദാസമൂഹം ഒന്നടങ്കം ജെറുശലേമിലും ഇവിടെ കൈസര്യയിലും ഇയാളെക്കുറിച്ചാണ് എന്നോടു പരാതിപ്പെടുകയും ഇയാൾ ഒരു നിമിഷംപോലും ജീവിച്ചിരുന്നുകൂടാ എന്ന് ഒച്ചപ്പാടുണ്ടാക്കുകയുംചെയ്തത്. മരണത്തിന് അർഹമായതൊന്നും ഇയാൾ ചെയ്തിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി; എന്നാൽ ഇയാൾ ചക്രവർത്തിക്കുമുമ്പിൽ മേൽവിചാരണയ്ക് അപേക്ഷിച്ചിരിക്കുകയാൽ ഇയാളെ റോമിലേക്കയയ്ക്കാൻ ഞാൻ തീരുമാനിച്ചു. എങ്കിലും ഇയാളെക്കുറിച്ചു ചക്രവർത്തിതിരുമനസ്സിലേക്ക് എഴുതാൻ വ്യക്തമായ കാര്യമൊന്നും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ, വിശിഷ്യ, അഗ്രിപ്പാരാജാവേ, അങ്ങയുടെമുമ്പാകെ കൊണ്ടുവന്നിരിക്കുകയാണ്; ഈ വിചാരണയുടെ ഫലമായി എഴുതാനുള്ള വക ലഭിക്കുമെന്നാണെന്റെ പ്രതീക്ഷ. ആരോപണങ്ങൾ വ്യക്തമാക്കാതെ തടവുകാരനെ അയയ്ക്കുന്നതു യുക്തമല്ല എന്നു ഞാൻ കരുതുന്നു.” അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു: “അഗ്രിപ്പാരാജാവേ, യെഹൂദരുടെ എല്ലാ ആരോപണങ്ങൾക്കുമെതിരായി, അങ്ങയുടെമുമ്പിൽ നിന്നുകൊണ്ട് പ്രതിവാദം നടത്താൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ, ഞാൻ എന്നെത്തന്നെ ഭാഗ്യവാൻ എന്നു കരുതുന്നു. പ്രത്യേകിച്ചു യെഹൂദരുടെ ആചാരങ്ങളെക്കുറിച്ചും അവരുടെ മധ്യേയുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും അങ്ങ് വളരെ പരിചിതനാണല്ലോ. ആകയാൽ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. “ജീവിതാരംഭംമുതൽ, ബാല്യത്തിൽ സ്വദേശത്തിലും തുടർന്ന് ജെറുശലേമിലും ഞാൻ ഏതുവിധമാണ് ജീവിച്ചുപോന്നിട്ടുള്ളത് എന്ന് എല്ലാ യെഹൂദർക്കും അറിവുള്ളതാണ്. ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും. ദൈവം ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിലുള്ള എന്റെ പ്രത്യാശയാണ് ഞാൻ ഇന്നു വിസ്തരിക്കപ്പെടാനുള്ള കാരണം. ഞങ്ങളുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപകൽ ശ്രദ്ധയോടെ ദൈവത്തെ ആരാധിച്ചുപോരുന്നത് ഈ വാഗ്ദാനം പ്രാപിക്കാമെന്ന പ്രത്യാശയോടെയാണ്. അല്ലയോ രാജാവേ, ഈ പ്രത്യാശനിമിത്തമാണ് യെഹൂദർ എന്റെമേൽ കുറ്റം ചുമത്തുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്? “നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു; ജെറുശലേമിൽ ഞാൻ ചെയ്തതും അതുതന്നെ. പുരോഹിതമുഖ്യന്മാരുടെ അധികാരപത്രം വാങ്ങി ഞാൻ അനേകം വിശുദ്ധരെ തടവിലാക്കുകയും, അവരെ നിഗ്രഹിക്കുന്നതിന് എന്റെ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്. ഞാൻ പലതവണ യെഹൂദപ്പള്ളികൾതോറും ചെന്ന് അവരെ ശിക്ഷിക്കുകയും ദൈവദൂഷണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അവർക്കെതിരേയുള്ള കോപം തലയ്ക്കു പിടിച്ചിട്ട്, അവരെ പീഡിപ്പിക്കാനായി ഞാൻ വിദേശനഗരങ്ങളിലും പോയിരുന്നു. “അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു. “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും26:17 മൂ.ഭാ. ജനതകളിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’ “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു. ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.” പൗലോസ് ഇങ്ങനെ പ്രതിവാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു, “പൗലോസേ, നിനക്കു ഭ്രാന്താണ്. നിന്റെ വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.” അതിനു പൗലോസ്: “ബഹുമാന്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നത് സത്യവും യുക്തിസഹവുമാണ്. രാജാവിന് ഈ കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടു സ്വതന്ത്രമായി സംസാരിക്കാം. ഇത് ഏതോ ഒരു കോണിൽ നടന്ന കാര്യമല്ല. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നോ? വിശ്വസിക്കുന്നെന്ന് എനിക്കറിയാം.” അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു. അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു. രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു. അവർ മുറി വിട്ടുപോകുമ്പോൾ, “ഈ മനുഷ്യൻ മരണത്തിനോ തടവിനോ അർഹമായതൊന്നും ചെയ്തിട്ടില്ല” എന്നു പരസ്പരം പറഞ്ഞു. അഗ്രിപ്പാ ഫെസ്തൊസിനോട്, “ഇയാൾ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ ഇയാളെ വിട്ടയയ്ക്കാമായിരുന്നു” എന്നു പറഞ്ഞു. റോമിലേക്കുള്ള കപ്പൽയാത്ര കടൽമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇറ്റലിയിലേക്കു പോകേണ്ടത് എന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ചക്രവർത്തിയുടെ സേനാവിഭാഗത്തിൽപ്പെട്ട, യൂലിയൊസ് എന്ന ശതാധിപനെ ഏൽപ്പിച്ചു. ഏഷ്യാപ്രവിശ്യയുടെ തീരത്തുള്ള സ്ഥലങ്ങൾക്കു സമീപത്തുകൂടി യാത്രചെയ്യാൻ പുറപ്പെടുന്ന അദ്രമുത്ത്യ തുറമുഖപട്ടണത്തിലെ27:2 കപ്പലുകൾ ഏതെങ്കിലും തുറമുഖപട്ടണത്തിൽ രജിസ്റ്റർചെയ്യുന്ന പതിവ് അന്നും നിലനിന്നിരുന്നു. ഒരു കപ്പലിൽ ഞങ്ങൾ യാത്രയാരംഭിച്ചു. മക്കദോന്യപ്രദേശത്തുള്ള തെസ്സലോനിക്യപട്ടണക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു. പിറ്റേദിവസം ഞങ്ങൾ സീദോനിൽ ഇറങ്ങി: യൂലിയൊസ് പൗലോസിനോടുള്ള ദയനിമിത്തം അദ്ദേഹത്തിനു തന്റെ സ്നേഹിതന്മാരുടെ അടുക്കൽ പോകാനും അവരുടെ സൽക്കാരം സ്വീകരിക്കാനും അനുവാദം നൽകി. അവിടെനിന്ന് ഞങ്ങൾ കപ്പൽയാത്ര തുടർന്നു; കാറ്റു പ്രതികൂലമായിരുന്നതുകൊണ്ട് സൈപ്രസ് ദ്വീപിന്റെ മറപറ്റിയാണ് ഓടിയത്. കടൽമാർഗം കിലിക്യയുടെയും പംഫുല്യയുടെയും തീരത്തോടുചേർന്ന്, യാത്രചെയ്ത് ഞങ്ങൾ ലുക്കിയയിലെ മുറായിൽ എത്തി. അവിടെ ഇറ്റലിയിലേക്കു പോകുന്ന ഒരു അലെക്സന്ത്രിയാക്കപ്പൽ കണ്ടിട്ടു ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി. ഞങ്ങളുടെ യാത്ര പല ദിവസങ്ങൾ തീരെ മന്ദഗതിയിലായിരുന്നു; വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നിദോസ് പട്ടണത്തിനു സമീപത്തെത്തി. മുമ്പോട്ടുപോകാൻ കാറ്റ് അനുവദിക്കാതിരുന്നതുകൊണ്ട് ഞങ്ങൾ സാൽമോനെതിരേയുള്ള ക്രേത്തദ്വീപിന്റെ മറവിലേക്കു കപ്പലോടിച്ചു. തീരത്തോടുചേർന്നു ക്ലേശിച്ചു മുമ്പോട്ടുനീങ്ങി, ലസയ്യ പട്ടണത്തിനടുത്തുള്ള “മനോഹരതുറമുഖം” എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം27:9 അതായത്, യോം കിപൂർ. സെപ്റ്റംബർ മാസത്തിന്റെ ഒടുവിലായാണ് ഈ പെരുന്നാൾ വരുന്നത്. സെപ്റ്റംബർ പകുതിക്കുശേഷം കടൽയാത്ര ആപൽക്കരമായിത്തീരും, നവംബർ പകുതിമുതൽ മാർച്ച് പകുതിവരെ പാടേ നിർത്തിവെക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര നാശകരമാകും. അതു കപ്പലിനും ചരക്കിനും നമ്മുടെ ജീവനുപോലും ഭീമമായ നഷ്ടം വരുത്താൻപോകുന്നതായി ഞാൻ കാണുന്നു.” എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്. ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക. കൊടുങ്കാറ്റ് തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു. എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു. പിറ്റേന്ന് ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞതിനാൽ, അവർ ചരക്കുകൾ കടലിലേക്കെറിഞ്ഞുകളയാൻ തുടങ്ങി. മൂന്നാംദിവസം അവർ സ്വന്തം കൈകൊണ്ടുതന്നെ കപ്പലിന്റെ ഭാരം കൂടിയ ഉപകരണങ്ങളും എറിഞ്ഞുകളഞ്ഞു. അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി. കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന് എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു. ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” കപ്പൽച്ചേതം ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ27:27 ഇന്നത്തെ ഇറ്റലിക്ക് തെക്കുഭാഗമായി കണക്കാക്കപ്പെടുന്നു. തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി. അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ27:28 അതായത്, ഇരുപത് ഫാതം. എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ27:28 അതായത്, പതിനഞ്ച് ഫാതം. എന്നുകണ്ടു. ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അണിയത്തുനിന്നു27:30 അതായത്, കപ്പലിന്റെ അഥവാ, വള്ളത്തിന്റെ മുൻഭാഗം നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി. പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി. അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു. എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. നേരം വെളുത്തപ്പോൾ, സ്ഥലം ഏതെന്നു തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടിട്ട്, കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ നിശ്ചയിച്ചു. അവർ നങ്കൂരങ്ങൾ മുറിച്ചു കടലിൽത്തള്ളുകയും ചുക്കാൻ ബന്ധിച്ചിരുന്ന കയർ അഴിച്ചുവിടുകയും ചെയ്തു. പിന്നീട് കാറ്റിനെതിരേ പായ നിവർത്തി കരയ്ക്കുനേരേ നീങ്ങി. എന്നാൽ കപ്പൽ ഇരുവശവും കടലുള്ള ഒരു മണൽത്തിട്ടയിൽ കയറി ഉറച്ചുപോയി. അണിയം അനക്കമില്ലാതാകുകയും അമരം27:41 അതായത്, കപ്പലിന്റെ പിൻഭാഗം തിരകളുടെ ആഘാതത്തിൽ തകർന്നുപോകുകയും ചെയ്തു. തടവുകാരിൽ ആരും നീന്തി രക്ഷപ്പെടാതിരിക്കാൻ അവരെ കൊന്നുകളയണമെന്നു പടയാളികൾ ആലോചിച്ചു. എന്നാൽ, ശതാധിപൻ പൗലോസിന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആ ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്താൻ കഴിവുള്ളവർ കപ്പലിൽനിന്ന് ആദ്യം ചാടി നീന്തി കരയ്ക്കെത്തിക്കൊള്ളാനും ശേഷമുള്ളവർ പലകകളിലോ കപ്പലിന്റെ അവശിഷ്ടങ്ങളിലോ പിടിച്ചു കരയിൽ എത്താനും അദ്ദേഹം ഉത്തരവിട്ടു. ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്ക്കെത്തി. മാൾട്ടാദ്വീപിൽ രക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ, അതു മാൾട്ടാ എന്നു പേരുള്ള ഒരു ദ്വീപാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ദ്വീപുനിവാസികൾ ഞങ്ങളോട് അസാധാരണമായ കനിവു കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് അവർ തീകൂട്ടി ഞങ്ങളെ എല്ലാവരെയും സ്വാഗതംചെയ്തു. പൗലോസ് ഒരുകെട്ട് ചുള്ളിക്കമ്പുകൾ ശേഖരിച്ചു തീയിലേക്കിടുമ്പോൾ ഒരണലി ചൂടുകൊണ്ടു പുറത്തുചാടി അദ്ദേഹത്തിന്റെ കൈയിൽ ചുറ്റി. ഇങ്ങനെ പൗലോസിന്റെ കൈയിൽ പാമ്പു തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് ദ്വീപുനിവാസികൾ, “ഈ മനുഷ്യൻ തീർച്ചയായും ഒരു കൊലപാതകിയാണ്; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി ഇയാളെ ജീവിക്കാൻ അനുവദിക്കുന്നില്ലല്ലോ!” എന്നു തമ്മിൽ പറഞ്ഞു. എന്നാൽ, പൗലോസ് ആ പാമ്പിനെ തീയിലേക്കു കുടഞ്ഞുകളഞ്ഞു; ദോഷമൊന്നും സംഭവിച്ചില്ല. അദ്ദേഹം നീരുവെച്ചു വീങ്ങുകയോ ഉടൻതന്നെ മരിച്ചുവീഴുകയോ ചെയ്യുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ, ഏറെനേരം കാത്തിരുന്നിട്ടും അനർഥമൊന്നും സംഭവിക്കുന്നില്ല എന്നുകണ്ടപ്പോൾ അവർ മനസ്സുമാറ്റി, അദ്ദേഹം ഒരു ദേവൻതന്നെ എന്നു പറഞ്ഞു. ദ്വീപുപ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെയടുത്ത് കുറെ സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു മൂന്നുദിവസം ആദരവോടെ സൽക്കരിച്ചു. അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി. ഈ സംഭവത്തെത്തുടർന്നു ദ്വീപിലെ മറ്റു രോഗികളും വന്നു സൗഖ്യംപ്രാപിച്ചു. അവർ പല സമ്മാനങ്ങൾ നൽകി ഞങ്ങളെ ബഹുമാനിച്ചു. യാത്രപുറപ്പെട്ടപ്പോൾ, ഞങ്ങൾക്ക് ആവശ്യമായിരുന്നതെല്ലാം കൊണ്ടുവന്നു തന്നു. റോമിൽ എത്തുന്നു മൂന്നുമാസത്തിനുശേഷം, ആ ദ്വീപിൽ ശീതകാലം കഴിയുന്നതുവരെ നങ്കൂരമടിച്ചു കിടന്നിരുന്ന അശ്വനിചിഹ്നമുള്ള28:11 അതായത്, ഇരട്ടദൈവങ്ങൾ ഒരു അലെക്സന്ത്രിയൻ കപ്പലിൽ ഞങ്ങൾ കയറി യാത്രപുറപ്പെട്ടു. ഞങ്ങൾ സുറക്കൂസയിലെത്തി മൂന്നുദിവസം അവിടെ താമസിച്ചു. അവിടെനിന്നു യാത്രതിരിച്ച് രെഗ്യമിൽ എത്തി. പിറ്റേന്ന് തെക്കൻകാറ്റു വീശിയതിനാൽ അതിന്റെ അടുത്തദിവസം ഞങ്ങൾ പുത്തെയൊലിയിൽ എത്തി. അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി. അവിടെയുള്ള സഹോദരങ്ങൾ, ഞങ്ങൾ വരുന്നെന്നു കേട്ടിരുന്നു; അവർ ഞങ്ങളെ സ്വീകരിക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലോസ് ദൈവത്തിനു സ്തോത്രംചെയ്ത് ധൈര്യംപൂണ്ടു. ഞങ്ങൾ റോമിലെത്തിയശേഷം പൗലോസിന്, പടയാളികളുടെ കാവലിൽ വേറിട്ടു താമസിക്കാൻ അനുവാദം കിട്ടി. പൗലോസ് റോമിൽ പ്രസംഗിക്കുന്നു മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി. അവർ വന്നുകൂടിയപ്പോൾ പൗലോസ് അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ സഹോദരന്മാരേ, ഞാൻ നമ്മുടെ ജനങ്ങൾക്കോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും ജെറുശലേമിൽവെച്ച് എന്നെ തടവുകാരനാക്കി റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു. മരണശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമൊന്നും ഞാൻ ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് അവർ എന്നെ വിചാരണചെയ്തശേഷം സ്വതന്ത്രനായി വിടാൻ ആഗ്രഹിച്ചു. എന്നാൽ യെഹൂദർ എതിർത്തപ്പോൾ ഞാൻ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിക്കാൻ നിർബന്ധിതനായി. സ്വജനങ്ങൾക്കെതിരേ എന്തെങ്കിലും പരാതി ഉണ്ടായിരുന്നതുകൊണ്ടല്ല അങ്ങനെ ചെയ്തത്. നിങ്ങളെ സന്ദർശിക്കണമെന്നും നിങ്ങളോടു സംസാരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടത് ഇതു വ്യക്തമാക്കാനാണ്. ഇസ്രായേലിന്റെ പ്രത്യാശനിമിത്തമാണ് ഞാൻ ഈ ചങ്ങലയാൽ ബന്ധിതനായിരിക്കുന്നത്.” “താങ്കളെ സംബന്ധിച്ച് ഞങ്ങൾക്കു യെഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല; അവിടെനിന്നു വന്ന സഹോദരങ്ങളിലാരും താങ്കളെപ്പറ്റി ദോഷമായ വിവരങ്ങൾ അറിയിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. എന്നാൽ, എല്ലായിടത്തുമുള്ള ജനങ്ങൾ ഈ മതവിഭാഗത്തെ എതിർത്തു സംസാരിക്കുന്നതായി അറിയുന്നതുകൊണ്ട്, താങ്കളുടെ അഭിപ്രായം കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.” അവർ പറഞ്ഞു. അവർ ഒരു ദിവസം നിശ്ചയിച്ചു; അന്നു നിരവധി ആളുകൾ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു വന്നെത്തി. രാവിലെമുതൽ സന്ധ്യവരെ അദ്ദേഹം അവരോടു ദൈവരാജ്യത്തെപ്പറ്റി വിശദീകരിച്ചു പ്രസംഗിക്കുകയും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ചിലർക്കു ബോധ്യപ്പെട്ടു; മറ്റുചിലർ വിശ്വസിച്ചില്ല. അവർതമ്മിൽ യോജിപ്പിലെത്താതെ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ പൗലോസ് ഇങ്ങനെയൊരു പ്രസ്താവന നടത്തി: “ ‘ഈ ജനത്തിന്റെ അടുത്തുചെന്ന് അവരോടു പറയേണ്ടത്: “നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.” ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു,’28:27 യെശ. 6:9,10 എന്നു പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളത് സത്യംതന്നെ. “അതുകൊണ്ട് ദൈവം അവിടത്തെ രക്ഷ യെഹൂദേതരർക്ക് അയച്ചിരിക്കുന്നു, അവർ അത് അംഗീകരിക്കും എന്നു നിങ്ങളറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” പൗലോസ് രണ്ടുവർഷംമുഴുവൻ താൻ വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചുകൊണ്ട്, തന്നെ കാണാൻവന്ന എല്ലാവരെയും സ്വീകരിച്ചു.28:29 ചി.കൈ.പ്ര. ഈ വാക്യം കാണുന്നില്ല. അദ്ദേഹം ധൈര്യസമേതം, നിർവിഘ്നം ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടുമിരുന്നു.