- Biblica® Open Malayalam Contemporary Version 2020
2 തിമോത്തിയോസ്
തിമോത്തിയോസിന് എഴുതിയ രണ്ടാംലേഖനം
2 തിമോത്തിയോസ്
2 തിമോ.
തിമോത്തിയോസിന് എഴുതിയ രണ്ടാംലേഖനം
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന ജീവന്റെ വാഗ്ദാനപ്രകാരം,
പ്രിയപുത്രനായ തിമോത്തിയോസിന്, എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കരുണയും സമാധാനവും നിനക്ക് ഉണ്ടാകുമാറാകട്ടെ.
വിശ്വസ്തനായിരിക്കുക
എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു. നിന്റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.
പൗലോസിനോടും സുവിശേഷത്തോടുമുള്ള പ്രതിബദ്ധത
അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്. അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ1:8 യേശുകർത്താവിലൂടെയുള്ള രക്ഷയുടെസന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക. കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ1:10 യേശുക്രിസ്തുവിന്റെ മനുഷ്യാവതാരമാണ് വിവക്ഷ. ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പൊസ്തലനും ഉപദേഷ്ടാവുമായി ദൈവമാണ് എന്നെ നിയമിച്ചത്. അതിനാൽ ഞാൻ ഇപ്പോൾ ഈ ക്ലേശങ്ങൾ എല്ലാം സഹിച്ചിട്ടും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് എനിക്കറിയാം. ഞാൻ നിക്ഷേപിച്ചവയെല്ലാം ആ ദിവസംവരെ കാത്തുസൂക്ഷിക്കുന്നതിന് അവിടന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്.
എന്നിൽനിന്നു കേട്ട നിർമലവചനത്തെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഒരു മാതൃകയാക്കി നീ സൂക്ഷിക്കുക. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ നിന്നിലെ നല്ല നിക്ഷേപങ്ങൾ സംരക്ഷിക്കുക.
വിധേയത്വത്തിന് ഉദാഹരണം
ഫുഗലൊസും ഹെർമോഗനേസും ഉൾപ്പെടെ ഏഷ്യാപ്രവിശ്യയിലുള്ള1:15 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം. എല്ലാവരും എന്നെ പരിത്യജിച്ചു എന്നു നിനക്കറിയാമല്ലോ.
ഒനേസിഫൊരൊസിന്റെ കുടുംബത്തോട് കർത്താവ് കരുണകാണിക്കട്ടെ; അയാൾ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ എന്നെ മിക്കപ്പോഴും ആശ്വസിപ്പിച്ചിട്ടുണ്ട്. അയാൾ റോമിൽ ആയിരുന്നപ്പോൾ എന്നെ കണ്ടെത്തുന്നതുവരെ വളരെ ക്ലേശപൂർവം അന്വേഷിച്ചു. ആ ദിവസത്തിൽ കർത്താവിൽനിന്ന് കരുണ ലഭിക്കാൻ കർത്താവ് അയാളെ സഹായിക്കട്ടെ! എഫേസോസിൽവെച്ചും അയാൾ ഏതെല്ലാം തരത്തിൽ എന്നെ ശുശ്രൂഷിച്ചെന്നു നിനക്കു നന്നായി അറിയാമല്ലോ.
ക്രിസ്തുയേശുവിന്റെ നല്ല സൈനികൻ
എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക. അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക. ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക. സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്. കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല. കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്. ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.
ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക. ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു.
ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ:
നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ
ക്രിസ്തുവിനോടുകൂടെ ജീവിക്കും;
കഷ്ടത സഹിക്കുന്നെങ്കിൽ
അവിടത്തെ ഭരണത്തിൽ പങ്കാളികളാകും.
അവിടത്തെ നിരാകരിക്കുന്നെങ്കിൽ
അവിടന്നു നമ്മെയും നിരാകരിക്കും.
നാം വിശ്വാസവിഹീനരായിത്തീർന്നാലും
അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും;
തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!
ദൈവം അംഗീകരിക്കുന്ന ശുശ്രൂഷകൻ
നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക. “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക. ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്. അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു. എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം2:19 മൂ.ഭാ. നാമം ഉച്ചരിക്കുന്നവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.
ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും. സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.
യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക. മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.
അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും. അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.
ഇവർ ഭവനങ്ങളിൽ നുഴഞ്ഞുകയറി, പാപത്തിന് അധീനരും ബഹുവിധമോഹങ്ങളിൽ ആസക്തരുമായി ധാർമിക ചാപല്യമുള്ള സ്ത്രീകളെ വശംവദരാക്കുന്നു. ഇത്തരം സ്ത്രീകൾ നിരന്തരം പഠിക്കുന്നവർ ആണെങ്കിലും സത്യം തിരിച്ചറിയാൻ പ്രാപ്തരായിത്തീരുന്നില്ല. യന്നേസും യംബ്രേസും മോശയോട് എതിർത്തു. അതുപോലെ ഇവരും സത്യത്തോട് എതിർക്കുന്നു. ഇവർ ദൂഷിതമനസ്ക്കരും വിശ്വാസം സംബന്ധിച്ച് പരാജിതരുമാണ്. ഈ വിധത്തിൽ ഇവർ അധികം മുന്നോട്ടു പോകുകയില്ല; കാരണം, മുൻപറഞ്ഞ ഇരുവരുടെയും കാര്യത്തിലെന്നപോലെ ഇവരുടെയും മൗഢ്യം എല്ലാവർക്കും വ്യക്തമാകും.
തിമോത്തിയോസിനുള്ള നിർദേശങ്ങൾ
ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി. ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും, എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും. എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്;3:16 ദൈവനിശ്വസിതമാണ്, വിവക്ഷിക്കുന്നത് ദൈവാത്മ പ്രചോദിതമാണ് അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിച്ച് തിരുരാജ്യം സ്ഥാപിക്കാൻ പ്രത്യക്ഷനാകുന്ന ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സന്നിധിയിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ്: തിരുവചനം ഘോഷിക്കുക; അനുകൂലസമയത്തും പ്രതികൂലസമയത്തും അതിന് സന്നദ്ധനായിരിക്കുക. വളരെ ക്ഷമയോടെ ഉപദേശിച്ചുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, പ്രോത്സാഹിപ്പിക്കുക. മനുഷ്യർ നിർമലോപദേശം ഉൾക്കൊള്ളാൻ വിമുഖരായിട്ട് തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുന്ന ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടുന്ന കാലം വരും. അന്ന് അവർ സത്യത്തിനു പുറംതിരിഞ്ഞ്,4:4 മൂ.ഭാ. ചെവികൊടുക്കാതെ കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക.
ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു;4:6 [സംഖ്യ. 28:7]4:6 വീഞ്ഞ് യാഗപീഠത്തിന്മേൽ അർപ്പിക്കപ്പെടുന്നതുപോലെ, തന്റെ ജീവൻ ഒരു യാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു. ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു. ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.
വ്യക്തിപരമായ പ്രസ്താവനകൾ
എന്റെ അടുത്ത് കഴിയുന്നത്ര വേഗം എത്താൻ ഉത്സാഹിക്കുക. എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു. ലൂക്കോസുമാത്രമാണ് എന്നോടുകൂടെയുള്ളത്. മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരിക; അയാൾ എന്റെ ശുശ്രൂഷയിൽ എനിക്കു പ്രയോജനമുള്ളവനാണ്. തിഹിക്കൊസിനെ ഞാൻ എഫേസോസിലേക്ക് അയച്ചിരിക്കുകയാണ്. നീ വരുമ്പോൾ, ത്രോവാസിൽ കാർപ്പൊസിന്റെ അടുക്കൽ ഞാൻ വെച്ചിട്ടുപോന്ന പുറംകുപ്പായവും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും കൊണ്ടുവരണം.
ചെമ്പുപണിക്കാരനായ അലെക്സന്തർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം കർത്താവ് അവന് നൽകും. നീയും അവനെ സൂക്ഷിക്കുക, കാരണം അയാൾ നമ്മുടെ സന്ദേശത്തെ ശക്തിയുക്തം എതിർത്തവനാണ്.
ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
ആശംസകൾ
പ്രിസ്കിലയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ.
എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തോസിൽ രോഗിയായി വിട്ടിട്ട് പോന്നു. ശീതകാലത്തിനുമുമ്പേ ഇവിടെ എത്താൻ നീ പരമാവധി ശ്രമിക്കണം.
യൂബൂലൊസും പൂദെസും ലീനോസും ക്ലൗദിയയും സഹോദരങ്ങൾ സകലരും നിനക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു.
കർത്താവ് നിന്റെ ആത്മാവോടുകൂടെ ഉണ്ടാകുമാറാകട്ടെ. അവിടത്തെ കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.