- Biblica® Open Malayalam Contemporary Version 2020 2 ശമുവേൽ ശമുവേലിന്റെ രണ്ടാംപുസ്തകം 2 ശമുവേൽ 2 ശമു. ശമുവേലിന്റെ രണ്ടാംപുസ്തകം ദാവീദ് ശൗലിന്റെ മരണവാർത്ത കേൾക്കുന്നു ശൗലിന്റെ മരണശേഷം അമാലേക്യരെ തോൽപ്പിച്ചു മടങ്ങിയെത്തിയ ദാവീദ് തുടർന്നുള്ള രണ്ടു ദിവസങ്ങൾ സിക്ലാഗിൽ താമസിച്ചു. മൂന്നാംദിവസം ശൗൽ യുദ്ധംചെയ്തുകൊണ്ടിരുന്ന പാളയത്തിൽനിന്ന് ഒരു മനുഷ്യൻ ദുഃഖസൂചകമായി വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടിയെത്തി. ദാവീദിന്റെ മുമ്പിലെത്തി അയാൾ അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു. “നീ എവിടെനിന്നു വരുന്നു,” എന്നു ദാവീദ് ചോദിച്ചു. “ഞാൻ ഇസ്രായേല്യരുടെ പാളയത്തിൽനിന്നു രക്ഷപ്പെട്ടു വരികയാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു. “എന്താണു സംഭവിച്ചത്? എന്നോടു പറയുക,” എന്നു ദാവീദ് കൽപ്പിച്ചു. ആ മനുഷ്യൻ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അവരിൽ അനേകർ മരിച്ചുവീണു; ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി!” ദാവീദ് ആ ചെറുപ്പക്കാരനോട്: “ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി എന്നവിവരം നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു. അദ്ദേഹം പിന്നിലേക്കു തിരിഞ്ഞുനോക്കി, എന്നെ കണ്ടു; എന്നെ വിളിച്ചു. ‘അടിയൻ ഇതാ,’ എന്നു ഞാൻ ഉത്തരം പറഞ്ഞു. “ ‘നീ ആര്?’ അദ്ദേഹം എന്നോടു ചോദിച്ചു.” “ ‘ഒരു അമാലേക്യൻ,’ എന്നു ഞാൻ മറുപടി പറഞ്ഞു. “അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘എന്നോടടുത്തുവന്നു നിൽക്കുക; എന്നെ കൊല്ലുക! ഞാൻ മരണത്തിന്റെ അതിവേദനയിൽ ആണ്; എന്നിട്ടും ജീവൻ അറ്റുപോകുന്നില്ല.’ “അതുകേട്ടു ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ കൊന്നു. തന്റെ വീഴ്ചയ്ക്കുശേഷം അദ്ദേഹം പിന്നെ ജീവിക്കുകയില്ല എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം തലയിൽ അണിഞ്ഞിരുന്ന കിരീടവും കൈയിൽ അണിഞ്ഞിരുന്ന വളയും ഞാനെടുത്ത് എന്റെ യജമാനനായ അങ്ങേക്കുവേണ്ടി ഇതാ കൊണ്ടുവന്നിരിക്കുന്നു.” അപ്പോൾ ദാവീദും കൂടെയുണ്ടായിരുന്ന സകലരും തങ്ങളുടെ വസ്ത്രം പറിച്ചുകീറി. അവർ ശൗലിനെയും അദ്ദേഹത്തിന്റെ മകൻ യോനാഥാനെയും യഹോവയുടെ സൈന്യത്തെയും ഇസ്രായേൽ രാഷ്ട്രത്തെയുംകുറിച്ച്—അവർ വാളാൽ വീണുപോയതുകൊണ്ട്—കരഞ്ഞു വിലപിച്ചു സന്ധ്യവരെ ഉപവസിച്ചു. വസ്തുത വന്നറിയിച്ച ആ ചെറുപ്പക്കാരനോട്, “നീ എവിടത്തുകാരൻ?” എന്നു ദാവീദ് ചോദിച്ചു. “ഒരു അന്യദേശക്കാരന്റെ മകൻ; അമാലേക്യൻ,” എന്ന് അയാൾ മറുപടി പറഞ്ഞു. ദാവീദ് അയാളോടു ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ നശിപ്പിക്കുന്നതിനുവേണ്ടി സ്വന്തം കരമുയർത്താൻ നീ ഭയപ്പെടാതിരുന്നതെന്തുകൊണ്ട്?” അതിനുശേഷം ദാവീദ് തന്റെ ഭൃത്യന്മാരിൽ ഒരുവനെ വിളിച്ച്, “ചെന്ന് അവനെ വെട്ടിക്കളയുക!” എന്ന് ആജ്ഞാപിച്ചു. അയാൾ ചെന്ന് ആ അമാലേക്യനെ വെട്ടിവീഴ്ത്തി; അയാൾ മരിച്ചു. ദാവീദ് അവനോട്, “ ‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു. ശൗലിനെയും യോനാഥാനെയുംകുറിച്ച് ദാവീദിന്റെ വിലാപം ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു. വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ1:18 അഥവാ, നീതിനിഷ്ഠരുടെ ഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു: “ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി; വീരന്മാർ വീണുപോയതെങ്ങനെ! “ഗത്തിൽ അതു പ്രസ്താവിക്കരുത്, അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്; ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ; പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ. “ഗിൽബോവ ഗിരിനിരകളേ, നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ, തട്ടുതട്ടായ വയലുകളും1:21 അഥവാ, യാഗങ്ങൾക്കുള്ള ധാന്യം വിളയുന്ന വയലുകളും നിങ്ങളിൽ ഇല്ലാതെപോകട്ടെ. കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്, ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല. “നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല. ശൗലും യോനാഥാനും; അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു. മരണത്തിലും അവർ വേർപിരിഞ്ഞില്ല! അവർ കഴുകന്മാരിലും വേഗമേറിയവർ, സിംഹങ്ങളിലും ബലശാലികൾതന്നെ! “ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ! അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു. “വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കേറ്റവും പ്രിയനായിരുന്നു! നിനക്ക് എന്നോടുള്ള സ്നേഹം വിസ്മയകരമായിരുന്നു, അത് ഒരു സ്ത്രീയുടെ സ്നേഹത്തെക്കാളും അതിശയകരം! “വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!” ദാവീദ് യെഹൂദാരാജാവായി അഭിഷേകംചെയ്യപ്പെടുന്നു ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു. “പോകുക,” എന്ന് യഹോവ കൽപ്പിച്ചു. “എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു. “ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി. യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി. തന്റെ അനുയായികളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ഹെബ്രോനിലും അതിന്റെ പട്ടണങ്ങളിലുമായി അവർ താമസമുറപ്പിച്ചു. അപ്പോൾ യെഹൂദാപുരുഷന്മാർ ഹെബ്രോനിലേക്കു വന്നു. അവിടെവെച്ച് അവർ ദാവീദിനെ യെഹൂദാഗോത്രത്തിനു രാജാവായി അഭിഷേകംചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളാണു ശൗലിനെ സംസ്കരിച്ചതെന്ന് ദാവീദിന് അറിവുകിട്ടി. അപ്പോൾ അദ്ദേഹം അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഈ വിധം പറയിച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതുവഴി അദ്ദേഹത്തോടു നിങ്ങൾ കാരുണ്യം കാട്ടിയതിനാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ! നിങ്ങൾ ഈ വിധം പ്രവർത്തിച്ചതുകൊണ്ട് ഞാനും നിങ്ങളോടു ദയയും വിശ്വസ്തതയും പുലർത്തും. നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.” ദാവീദിന്റെയും ശൗലിന്റെയും ഭവനങ്ങൾതമ്മിൽ യുദ്ധം ഇതിനിടെ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനുമായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ2:8 എശ്-ബാൽ, ഈശ്-ബോശെത്ത് എന്നതിന്റെ മറ്റൊരുപേര്. മഹനയീമിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം ഈശ്-ബോശെത്തിനെ, ഗിലെയാദിനും അശൂരിക്കും യെസ്രീലിനും എഫ്രയീമിനും ബെന്യാമീനിനും സകല ഇസ്രായേലിനും രാജാവാക്കി. ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന് രാജാവാകുമ്പോൾ അദ്ദേഹത്തിനു നാൽപ്പതുവയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഭരണംനടത്തി. എന്നാൽ യെഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു. ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴുവർഷവും ആറുമാസവുമായിരുന്നു. നേരിന്റെ മകനായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ആൾക്കാരോടൊപ്പം മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു. സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു. അപ്പോൾ അബ്നേർ യോവാബിനോട് പറഞ്ഞു: “യുവാക്കളിൽ ചിലർ എഴുന്നേറ്റ് നമ്മുടെമുമ്പിൽ പരസ്പരം പൊരുതട്ടെ!” “ശരി അങ്ങനെതന്നെയാകട്ടെ!” എന്നു യോവാബ് മറുപടി പറഞ്ഞു. അങ്ങനെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ബെന്യാമീന്യരുടെയും പക്ഷത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ പക്ഷത്തുനിന്നു പന്ത്രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടു, അവർ എഴുന്നേറ്റു വന്നു. അപ്പോൾ ഓരോരുത്തനും തന്റെ എതിരാളിയുടെ തലയ്ക്കു കടന്നുപിടിച്ച് പാർശ്വത്തിൽ വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചുതന്നെ നിലംപതിച്ചു. അതിനാൽ ഗിബെയോനിലെ ആ സ്ഥലത്തിന്, ഹെൽക്കത്ത്-ഹസ്സൂരീം2:16 ശത്രുതയുടെ നിലം അഥവാ, വാൾത്തലകളുടെ നിലം എന്നർഥം. എന്നു പേരായി. അന്നു നടന്ന യുദ്ധം അതിഭീകരമായിരുന്നു. അബ്നേരും ഇസ്രായേൽ പടയാളികളും ദാവീദിന്റെ സൈന്യത്തിനുമുമ്പിൽ പരാജയപ്പെട്ടു. യോവാബ്, അബീശായി, അസാഹേൽ എന്നിങ്ങനെ സെരൂയയുടെ മൂന്നുപുത്രന്മാരും അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുകലമാനിനെപ്പോലെ ഗതിവേഗമുള്ളവനായിരുന്നു. അദ്ദേഹം അബ്നേരിനെ പിൻതുടർന്നു. പിൻതുടർന്നുള്ള ഓട്ടത്തിൽ അദ്ദേഹം വലത്തോട്ടോ ഇടത്തോട്ടോ മാറിയിട്ടില്ല. അബ്നേർ പിറകോട്ടു തിരിഞ്ഞുനോക്കി, “ഇതു നീ തന്നെയോ അസാഹേലേ” എന്നു ചോദിച്ചു. “അതേ,” എന്ന് അസാഹേൽ മറുപടി പറഞ്ഞു. അബ്നേർ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “നീ വലത്തോട്ടോ ഇടത്തോട്ടോ മാറി യുവാക്കളിൽ ഒരുവനെക്കൊന്ന് അവന്റെ ആയുധവർഗം അപഹരിക്കുക.” എന്നാൽ അബ്നേരിനെ പിൻതുടരുന്നത് അസാഹേൽ മതിയാക്കിയില്ല. വീണ്ടും അബ്നേർ അസാഹേലിനു മുന്നറിയിപ്പു നൽകി; “എന്നെ പിൻതുടരുന്നതു മതിയാക്കുക! ഞാൻ നിന്നെ കൊന്നുവീഴ്ത്തുന്നതെന്തിന്! പിന്നെ ഞാനെങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തുനോക്കും!” എന്നാൽ പിൻതുടരുന്നതു വിട്ടുമാറാൻ അസാഹേൽ കൂട്ടാക്കിയില്ല. അതിനാൽ അബ്നേർ തന്റെ കുന്തത്തിന്റെ പിൻതല അസാഹേലിന്റെ വയറ്റിൽ കുത്തിക്കടത്തി. കുന്തം അദ്ദേഹത്തിന്റെ പിറകുവശത്തൂടെ വെളിയിൽ വന്നു. അയാൾ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്തേക്കു വന്ന എല്ലാവരും അവിടെ തരിച്ചുനിന്നുപോയി. എന്നാൽ യോവാബും അബീശായിയും അബ്നേരിനെ പിൻതുടർന്നു. സൂര്യാസ്തമയസമയത്ത് അവർ ഗിബെയോൻ മരുഭൂമിയിലേക്കുള്ള വഴിയിൽ ഗീഹിന്റെ അരികിലുള്ള അമ്മാക്കുന്നിൽ എത്തി. ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒരുമിച്ചുകൂടി. അവർ സംഘംചേർന്ന് കുന്നിൻമുകളിൽ നിലയുറപ്പിച്ചു. അബ്നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “വാൾ എക്കാലവും സംഹരിച്ചുകൊണ്ടിരിക്കണമോ? ഇതു കയ്‌പിലേ കലാശിക്കൂ എന്നു താങ്കൾക്കു മനസ്സിലാകുന്നില്ലേ! സഹോദരന്മാരെ പിൻതുടരുന്നതു മതിയാക്കാൻ അങ്ങു സ്വന്തം അണികളോട് ആജ്ഞാപിക്കുകയില്ലേ? അതിന് ഇനിയെന്തിന് താമസിക്കുന്നു?” യോവാബു മറുപടി പറഞ്ഞു: “ജീവനുള്ള ദൈവത്താണ, താങ്കൾ എന്നോടു സംസാരിച്ചില്ലായിരുന്നെങ്കിൽ പടജനം പ്രഭാതംവരെ തങ്ങളുടെ സഹോദരന്മാരെ പിൻതുടരുമായിരുന്നു.” അപ്പോൾ യോവാബു കാഹളമൂതി. ജനമെല്ലാം നിന്നു. അവർ പിന്നെ ഇസ്രായേലിനെ പിൻതുടർന്നില്ല; പോരാട്ടം തുടർന്നതുമില്ല. അന്നു രാത്രിമുഴുവൻ അബ്നേരും കൂട്ടരും അരാബയിലൂടെ സഞ്ചരിച്ചു. അവർ യോർദാൻ കടന്ന് പ്രഭാതംമുഴുവനും2:29 മൂ.ഭാ. ബിത്രോൻ. ഈ വാക്കിന്റെ അർഥം വ്യക്തമല്ല. യാത്രതുടർന്നു മഹനയീമിലെത്തി. പിന്നെ യോവാബും അബ്നേരിനെ പിൻതുടരുന്നതിൽനിന്നു പിന്തിരിഞ്ഞ് തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി. അസാഹേലിനെക്കൂടാതെ ദാവീദിന്റെ ആൾക്കാരിൽ പത്തൊൻപതുപേർകൂടെ നഷ്ടപ്പെട്ടതായിക്കണ്ടു. എന്നാൽ ദാവീദിന്റെ ആൾക്കാർ അബ്നേരിനോടുകൂടെയുള്ളവരിൽ മുന്നൂറ്റിയറുപതു ബെന്യാമീന്യരെ കൊലചെയ്തിരുന്നു. അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി. ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു. ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു: അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. രണ്ടാമൻ കർമേൽക്കാരനായ നാബാലിന്റെ വിധവയായ അബീഗയിലിൽ ജനിച്ച കിലെയാബ്. മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലായിൽ ജനിച്ച യിത്‌രെയാം. ഇവരാണ് ദാവീദിന് ഹെബ്രോനിൽവെച്ചു ജനിച്ച മക്കൾ. അബ്നേർ ദാവീദിന്റെ അടുത്തേക്കു വരുന്നു ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു. അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ശൗലിനുണ്ടായിരുന്നു. “എന്റെ പിതാവിന്റെ വെപ്പാട്ടിയായ സ്ത്രീയെ സ്വീകരിച്ചതെന്തിന്?” എന്ന് ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു. ഈശ്-ബോശെത്തിന്റെ വാക്കുകൾമൂലം അബ്നേർ അത്യന്തം കുപിതനായി; അദ്ദേഹം മറുപടി പറഞ്ഞു: “യെഹൂദാപക്ഷത്തുള്ള ഒരു നായുടെ തലയാണു ഞാനെന്നു താങ്കൾ ധരിച്ചിരിക്കുന്നോ? ഞാൻ ഇന്നും താങ്കളുടെ പിതാവായ ശൗലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിതന്മാരോടും കൂറുള്ളവനായിരിക്കുന്നു. ഞാൻ താങ്കളെ ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ഈ സ്ത്രീയുടെപേരിൽ താങ്കൾ എന്നിൽ ഒരു കുറ്റം ആരോപിക്കുകയാണോ! രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!” ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെട്ടിരുന്നു. അതിനാൽ പിന്നെ ഒരു വാക്കുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല. അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.” ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.” പിന്നെ ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: “നൂറു ഫെലിസ്ത്യരുടെ അഗ്രചർമം3:14 അതായത്, ജീവൻ വിലയായിക്കൊടുത്ത് ഞാൻ വിവാഹനിശ്ചയം ചെയ്ത, എന്റെ ഭാര്യ മീഖളിനെ ഏൽപ്പിച്ചുതരിക.” അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി. എന്നാൽ അവളുടെ ഭർത്താവായ ഫല്തിയേൽ കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. “ഭവനത്തിലേക്കു മടങ്ങിപ്പോകുക,” എന്ന് അബ്നേർ അയാളോട് ആജ്ഞാപിച്ചു; അയാൾ മടങ്ങിപ്പോകുകയും ചെയ്തു. അബ്നേർ ഇസ്രായേലിലെ ഗോത്രത്തലവന്മാരുമായി കൂടിയാലോചിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “കുറച്ചുനാളായി ദാവീദിനെ നിങ്ങളുടെ രാജാവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നല്ലോ! ‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.” അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി. അബ്നേരും അദ്ദേഹത്തോടൊപ്പം ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി. ദാവീദ് അദ്ദേഹത്തിനും ആൾക്കാർക്കുംവേണ്ടി ഒരു വിരുന്നൊരുക്കി. അപ്പോൾ അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ വേഗം പോകട്ടെ! ഞാൻ ചെന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി സകല ഇസ്രായേലിനെയും കൂട്ടിവരുത്താം. അവർ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ സകല ഇസ്രായേലിനെയും അങ്ങേക്കു ഭരിക്കുകയും ചെയ്യാം.” അങ്ങനെ ദാവീദ് അബ്നേരിനെ യാത്രയാക്കി. അദ്ദേഹം സമാധാനത്തോടെ മടങ്ങിപ്പോയി. യോവാബ് അബ്നേരിനെ വധിക്കുന്നു ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു. യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു. അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ! നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!” പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല. അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു. പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല. അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ3:29 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!” (ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.) അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു. അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി: “അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്! നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല, നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല. ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!” സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു. പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു. സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു. നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി. അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ! ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!” ഈശ്-ബോശെത്ത് വധിക്കപ്പെടുന്നു അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചെന്നു കേട്ടപ്പോൾ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനു ധൈര്യം നഷ്ടപ്പെട്ടു; ഇസ്രായേല്യരെല്ലാം സ്തബ്ധരായിപ്പോയി. ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ബെരോത്തിലെ ജനം ഗിത്ഥായീമിലേക്കു പലായനംചെയ്തു. അവർ ഇന്നുവരെയും അവിടെ പ്രവാസികളായി താമസിക്കുന്നു. (ശൗലിന്റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായ ഒരു മകനുണ്ടായിരുന്നു. യെസ്രീലിൽനിന്നും ശൗലിനെയും യോനാഥാനെയുംപറ്റിയുള്ള വാർത്തയെത്തുമ്പോൾ അവന് അഞ്ചുവയസ്സായിരുന്നു. അവന്റെ പോറ്റമ്മ അവനെയും എടുത്തുകൊണ്ടു പലായനംചെയ്തു. രക്ഷപ്പെടുന്നതിനുവേണ്ടി തിടുക്കത്തിൽ ഓടവേ ബാലൻ നിലത്തുവീണു മുടന്തനായിത്തീർന്നു. അവന്റെ പേര് മെഫീബോശെത്ത്4:4 മെരീബ്-ബാൽ, മെഫീബോശെത്ത് എന്നതിന്റെ മറ്റൊരുപേര്. എന്നായിരുന്നു.) ബെരോത്യനായ രിമ്മോന്റെ മക്കൾ രേഖാബും ബാനയും ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. വെയിലിന് ചൂടുകൂടിയിരുന്ന സമയത്ത് അവർ അവിടെയെത്തി. അപ്പോൾ ഈശ്-ബോശെത്ത് മധ്യാഹ്ന വിശ്രമത്തിലായിരുന്നു. അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു. ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ4:7 അതായത്, യോർദാൻ താഴ്വര വഴിയായി യാത്രചെയ്തത്. അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നിട്ടു പറഞ്ഞു: “ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ—അങ്ങയുടെ ശത്രുവിന്റെ—തല ഇതാ, അദ്ദേഹം അങ്ങയുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചു. ഇന്നു യഹോവ എന്റെ യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അദ്ദേഹത്തിന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.” ബെരോത്യനായ രിമ്മോന്റെ മകൻ രേഖാബിനോടും അയാളുടെ സഹോദരൻ ബാനയോടും ദാവീദ് മറുപടി പറഞ്ഞു: “എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ച യഹോവയാണെ, താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു! അങ്ങനെയിരിക്കെ ദുഷ്ടന്മാർ ഒരു നിരപരാധിയായ മനുഷ്യനെ അവന്റെ സ്വന്തം വീട്ടിൽവെച്ച്, അവന്റെ സ്വന്തം കിടക്കയിൽ കൊലചെയ്താൽ ഞാനതിനുകൊടുക്കുന്ന പ്രതിഫലം എത്രയോ അധികമായിരിക്കും! അയാളുടെ രക്തം ഞാൻ നിങ്ങളുടെ കൈയിൽനിന്ന് ചോദിക്കുകയില്ലേ? നിങ്ങളെ ഞാൻ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?” അങ്ങനെ ദാവീദ് തന്റെ പടയാളികൾക്കു കൽപ്പനകൊടുത്തു; അവർ അവരെ വധിച്ചു. അതിനുശേഷം പടയാളികൾ അവരുടെ കൈകാലുകൾ വെട്ടി ഉടലുകൾ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിയിട്ടു. പിന്നീട് അവർ ഈശ്-ബോശെത്തിന്റെ ശിരസ്സെടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവകുടീരത്തിൽ സംസ്കരിച്ചു. ദാവീദ് ഇസ്രായേലിനെല്ലാം രാജാവായിത്തീരുന്നു ഇസ്രായേലിന്റെ ഗോത്രങ്ങളെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ! മുമ്പ് ശൗൽ ഞങ്ങൾക്കു രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും’ എന്ന് യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!” ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ രാജാവ് അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. അതിനുശേഷം അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു. രാജാവാകുമ്പോൾ ദാവീദിനു മുപ്പതുവയസ്സായിരുന്നു. അദ്ദേഹം നാൽപ്പതുവർഷം രാജാവായി വാണു. ഹെബ്രോനിൽ അദ്ദേഹം യെഹൂദയ്ക്കു രാജാവായി ഏഴുവർഷവും ആറുമാസവും വാണു. ജെറുശലേമിൽ അദ്ദേഹം സകല ഇസ്രായേലിനും യെഹൂദയ്ക്കും രാജാവായി മുപ്പത്തിമൂന്നു വർഷവും വാണു. ദാവീദ് ജെറുശലേം പിടിച്ചടക്കുന്നു അങ്ങനെയിരിക്കെ, ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ ആക്രമിക്കാനായി രാജാവും പടജനങ്ങളും അണിയണിയായി നീങ്ങി. “നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല. അന്ധർക്കും മുടന്തർക്കുംപോലും നിന്നെ തടയാൻ കഴിയും,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. ദാവീദിന് തങ്ങളുടെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് അവർ വിചാരിച്ചിരുന്നു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം. അന്നു ദാവീദ് പറഞ്ഞു: “ആരെങ്കിലും ദാവീദ് വെറുക്കുന്ന5:8 അഥവാ, ശത്രുതയുള്ള ‘അന്ധരും മുടന്തരുമായ’ യെബൂസ്യരെ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർ അവിടെ ചെന്നെത്തുന്നത് വെള്ളം കൊണ്ടുവരുന്നതിനായി നിർമിച്ച തുരങ്കംവഴിയായിരിക്കണം” എന്നു പറഞ്ഞു. “ ‘അന്ധരും മുടന്തരും’ കൊട്ടാരത്തിൽ പ്രവേശിക്കരുത്,” എന്ന ചൊല്ലുണ്ടാകാനുള്ള കാരണം ഇതാണ്. അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു; അതിന് ദാവീദിന്റെ നഗരമെന്നു പേരുവിളിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ5:9 മൂ.ഭാ. മില്ലോ ഉള്ളിലേക്കു പണിതുയർത്തി. സൈന്യങ്ങളുടെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു. അങ്ങനെയിരിക്കെ, സോരിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സ്ഥാനപതികളെ അയച്ചു. അവരോടൊപ്പം അദ്ദേഹം ദേവദാരുത്തടികളും അതു പണിയുന്നതിനുള്ള ആശാരിമാർ, കൽപ്പണിക്കാർ എന്നിവരെയുംകൂടി അയച്ചിരുന്നു. അവർ ദാവീദിനുവേണ്ടി ഒരു അരമന പണിതു. തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ സമുന്നതമാക്കിയെന്നും ദാവീദ് മനസ്സിലാക്കി. ഹെബ്രോൻ വിട്ടുപോന്നതിനുശേഷം, ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ വെപ്പാട്ടികളെയും ഭാര്യമാരെയും സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫിയ, എലീശാമ, എല്യാദാ, എലീഫേലെത്ത്. ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു ഇസ്രായേലിനു രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് കോട്ടയ്ക്കുള്ളിലേക്കുപോയി. ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. അതിനാൽ ദാവീദ് യഹോവയോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, നിശ്ചയമായും ഞാൻ ഫെലിസ്ത്യരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.” അതിനാൽ ദാവീദ് ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “യഹോവ വെള്ളച്ചാട്ടംപോലെ എന്റെമുമ്പിൽ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം5:20 ഇരച്ചുകയറുന്ന കർത്താവ് എന്നർഥം. എന്നു പേരായി. ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവയെല്ലാം എടുത്തുകൊണ്ടുപോയി.5:21 1 ദിന. 14:12 കാണുക. ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ യഹോവ: “നീ നേരേ ചെല്ലാതെ പിൻഭാഗത്തുകൂടി അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച്5:23 വളരെ കൃത്യതയോടെ, ഇത് ഏതുതരം വൃക്ഷമാണ് എന്നു പറയുക സാധ്യമല്ല. അവരെ ആക്രമിക്കുക! ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ വേഗം പുറപ്പെടണം; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ യഹോവ നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു. അങ്ങനെ, യഹോവ കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ5:25 മൂ.ഭാ. ഗേബാമുതൽ 1 ദിന. 14:16 ഗേസെർവരെ, വഴിയിലുടനീളം അദ്ദേഹം ഫെലിസ്ത്യരെ സംഹരിച്ചു. ഉടമ്പടിയുടെ പേടകം ജെറുശലേമിലേക്കു കൊണ്ടുവരുന്നു ദാവീദ് വീണ്ടും ഇസ്രായേലിൽ, തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു മുപ്പതിനായിരം വീരയോദ്ധാക്കളെ ഒരുമിച്ചുകൂട്ടി. അവരോടൊപ്പം അദ്ദേഹം യെഹൂദ്യയിലെ ബാലായിലേക്ക്6:2 അതായത്, കിര്യത്ത്-യെയാരീം. 1 ദിന. 13:6 കാണുക. പുറപ്പെട്ടു. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന6:2 ചി.കൈ.പ്ര. ഈ പദം കാണുന്നില്ല. ദൈവത്തിന്റെ പേടകം അവിടെനിന്നു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു. ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു. അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു. ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി,6:5 ചി.കൈ.പ്ര. പാട്ടോടെ 1 ദിന. 13:8 കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ കൈനീട്ടി ദൈവത്തിന്റെ പേടകത്തിൽ പിടിച്ചു. അയാളുടെ ഈ അനാദരവുമൂലം യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു; ദൈവം അയാളെ സംഹരിച്ചു. അയാൾ ദൈവത്തിന്റെ പേടകത്തിനു സമീപംതന്നെ മരിച്ചുവീണു. യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി.6:8 മൂ.ഭാ. കോപാകുലനായി ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ6:8 ഉസ്സയുടെനേരേ ആക്രമണം എന്നർഥം. എന്നു വിളിച്ചുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടു. “യഹോവയുടെ പേടകം എന്റെ അടുത്തേക്കു കൊണ്ടുവരുന്നതെങ്ങനെ,” എന്ന് അദ്ദേഹം പറഞ്ഞു. യഹോവയുടെ പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുപോകുന്നതിന് അദ്ദേഹം താത്പര്യപ്പെട്ടില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു. യഹോവയുടെ പേടകം ഗിത്യനായ ഓബേദ്-ഏദോമിന്റെ ഭവനത്തിൽ മൂന്നുമാസം ഇരുന്നു; യഹോവ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും അനുഗ്രഹിച്ചു. “ദൈവത്തിന്റെ പേടകംനിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അദ്ദേഹത്തിനുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു,” എന്നു ദാവീദ് രാജാവിന് അറിവുകിട്ടി. അതിനാൽ അദ്ദേഹം ചെന്ന് ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്ന് ദൈവത്തിന്റെ പേടകം ഉല്ലാസപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ പേടകം ചുമന്നിരുന്നവർ ആറു ചുവടുവെച്ചപ്പോൾ അദ്ദേഹം ഒരു കാളയെയും ഒരു കൊഴുത്ത കിടാവിനെയും ബലിയർപ്പിച്ചു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ചുകൊണ്ട്6:14 അഥവാ, പുരോഹിതവസ്ത്രമണിഞ്ഞ് തന്റെ സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. അങ്ങനെ ദാവീദും സകല ഇസ്രായേൽഗൃഹവുംചേർന്ന് ആർപ്പുവിളിയോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പേടകം കൊണ്ടുവന്നു. യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി. ഇങ്ങനെ അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത്, അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് യഹോവയുടെമുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുതീർന്നപ്പോൾ ദാവീദ് സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും6:19 അഥവാ, ഈന്തപ്പഴക്കട്ട. എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി. ദാവീദ് സ്വകുടുംബത്തെ ആശീർവദിക്കുന്നതിനായി തിരിച്ചെത്തിയപ്പോൾ, ശൗലിന്റെ മകളായ മീഖൾ അദ്ദേഹത്തെ എതിരേറ്റുചെന്നു. അവൾ പരിഹാസപൂർവം ചോദിച്ചു: “ഒരു കോമാളി ഉടുതുണി അഴിച്ച് ചാഞ്ചാടുന്നതുപോലെ തന്റെ ദാസന്മാരുടെയും ദാസികളുടെയുംമുമ്പിൽ അർധനഗ്നനാക്കിയ ഇസ്രായേൽരാജാവ് ഇന്ന് എന്തു പുകഴ്ചയാണ് നേടിയിരിക്കുന്നത്!” ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ അർധനഗ്നനായി നൃത്തം ചെയ്തെങ്കിൽ അത് എന്റെ ദൈവമായ യഹോവയുടെമുമ്പാകെയാണ്. തന്റെ ജനമായ ഇസ്രായേലിനു രാജാവായി എന്നെ നിയോഗിക്കുകമൂലം നിന്റെ പിതാവിനെക്കാളും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതൊരുവനെക്കാളും ഉപരിയായി എന്നെ തെരഞ്ഞെടുത്ത യഹോവയുടെമുമ്പാകെ ഞാനിനിയും നൃത്തംചെയ്യും. ഞാനിനിയും ഇതിലധികം ഹീനനും എന്റെ കണ്മുമ്പിൽ ഇതിനെക്കാളും നിന്ദിതനുമായിത്തീരും. എന്നാൽ നീ പറഞ്ഞ ദാസിമാരാലോ, ഞാൻ ബഹുമാനിതനായിത്തീരും.” എന്നാൽ ശൗലിന്റെ മകളായ മീഖളിന് അവളുടെ മരണപര്യന്തം സന്താനസൗഭാഗ്യം ലഭിച്ചില്ല. ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം ദാവീദ് രാജാവ് കൊട്ടാരത്തിൽ താമസമുറപ്പിക്കുകയും ചുറ്റുമുള്ള സകലശത്രുക്കളിൽനിന്നും യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകുകയും ചെയ്തശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും പ്രവർത്തിച്ചുകൊൾക, യഹോവ അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു രാജാവിനോട് മറുപടി പറഞ്ഞു. എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: ഞാൻ അധിവസിക്കേണ്ടതിന്നു നീയാണോ എനിക്ക് ഒരു ആലയം പണിയുന്നത്? ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഒരു കൂടാരത്തെ എന്റെ വാസസ്ഥലമാക്കി ഞാൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനമായ ഇസ്രായേലിനെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ ഭരണാധിപന്മാരിൽ ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ. “അതുകൊണ്ട്, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു. നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ മഹത്താക്കിത്തീർക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും. “ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു: നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ7:16 ചി.കൈ.പ്ര. നിന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ” ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു. ദാവീദിന്റെ പ്രാർഥന അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ? അത്രയുമല്ല, കർത്താവായ യഹോവേ, അവിടത്തെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! കർത്താവായ യഹോവേ, കേവല മർത്യനോടുള്ള അവിടത്തെ പ്രവൃത്തി എത്ര മഹത്തായത്! “കർത്താവായ യഹോവേ, ഈ ദാസനെ അവിടന്ന് അറിയുന്നല്ലോ! ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ വാഗ്ദാനപ്രകാരവും തിരുഹിതം അനുസരിച്ചും ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; അത് അടിയനെ അറിയിച്ചുമിരിക്കുന്നു. “കർത്താവായ യഹോവേ, അവിടന്ന് മഹോന്നതനാകുന്നു. ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല. അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത7:23 1 ദിന. 17:21 അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെയും അവരുടെ ദേവന്മാരെയും ഓടിച്ചുകളഞ്ഞുവല്ലോ. അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു. “ഇപ്പോൾ ദൈവമായ യഹോവേ, അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം പാലിക്കണമേ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ! അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ; അങ്ങനെ സൈന്യങ്ങളുടെ യഹോവ ആകുന്നു ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ!” അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെമുമ്പാകെ സുസ്ഥിരമാകട്ടെ. “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അവിടത്തെ ദാസനായ അടിയന് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ‘ഞാൻ നിനക്കായി ഒരു ഭവനം പണിയും,’ എന്ന് അരുളിച്ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ! അതിനാൽ അവിടത്തെ ഈ ദാസൻ ഈ പ്രാർഥന അർപ്പിക്കാൻ ധൈര്യപ്പെടുന്നു. കർത്താവായ യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ വാക്കുകൾ വിശ്വസനീയമായവയാണ്! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു. അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിക്കണമേ! കർത്താവായ യഹോവേ, അവിടന്ന് അരുളിച്ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗൃഹീതമായിരിക്കും.” ദാവീദിന്റെ വിജയങ്ങൾ കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു മേഥെഗ്-അമ്മാ അദ്ദേഹം പിടിച്ചെടുത്തു. ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു.8:2 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം8:3 അഥവാ, സ്മാരകം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി. അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം8:4 ചി.കൈ.പ്ര. 1,700 കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി. ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി. ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും8:8 ചി.കൈ.പ്ര. ബേതഹിൽനിന്നും 1 ദിന. 18:8 കാണുക. ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി8:9 തൂ, തോയി എന്നതിന്റെ മറ്റൊരുരൂപം. കേട്ടപ്പോൾ, ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ8:10 ഹദോരാം, യോരാം എന്നതിന്റെ മറ്റൊരുരൂപം. അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു. താൻ കീഴടക്കിയ ഏദോമ്യർ,8:11-12 ചി.കൈ.പ്ര. അരാമ്യർ മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു. ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ8:13 ചി.കൈ.പ്ര. അരാമ്യരെ സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു. അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി. ദാവീദിന്റെ ഉദ്യോഗസ്ഥർ തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു. സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു. അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും സെരായാ ലേഖകനും8:17 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ആയിരുന്നു. യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്മാർ പുരോഹിതന്മാരായിരുന്നു.8:18 അഥവാ, രാജകീയ ഉപദേഷ്ടാക്കന്മാരായിരുന്നു. 1 ദിന. 18:17 കാണുക. ദാവീദും മെഫീബോശെത്തും ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു. “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു. “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു. “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു. “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി. ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു. ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു. മെഫീബോശെത്ത് നമസ്കരിച്ചുകൊണ്ട്: “എന്നെപ്പോലെ ഒരു ചത്ത നായെ കടാക്ഷിക്കാൻ അടിയൻ എന്തുള്ളൂ?” എന്നു പറഞ്ഞു. ഇതിനുശേഷം രാജാവ് സീബായെ വിളിച്ചുവരുത്തി, ശൗലിന്റെ കാര്യസ്ഥൻ അയാളോടു പറഞ്ഞു: “ശൗലിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്തിനു തിരിച്ചു നൽകിയിരിക്കുന്നു. നീയും നിന്റെ പുത്രന്മാരും സേവകരും അവനുവേണ്ടി അവന്റെ നിലങ്ങൾ കൃഷി ചെയ്യണം. നിന്റെ യജമാനന്റെ പൗത്രനായ അവന് ഉപജീവനത്തിനുള്ള വക ലഭിക്കത്തക്കവിധം നിങ്ങൾ നിലത്തിലെ വിളവുകൾ ശേഖരിച്ചുകൊടുക്കണം. നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്ത് എപ്പോഴും എന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കും.” (സീബായ്ക്ക് പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉണ്ടായിരുന്നു). അപ്പോൾ സീബാ രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്നതെല്ലാം അവിടത്തെ ദാസനായ, അടിയൻ ചെയ്തുകൊള്ളാം.” അപ്രകാരം മെഫീബോശെത്ത് രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദുരാജാവിന്റെ9:11 ചി.കൈ.പ്ര. എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. മെഫീബോശെത്തിന്, മീഖാ എന്നു പേരുള്ള ഒരു ചെറിയ മകനുണ്ടായിരുന്നു. സീബായുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു. ഇങ്ങനെ മെഫീബോശെത്ത് ജെറുശലേമിൽത്തന്നെ താമസിച്ചു. അദ്ദേഹം നിത്യവും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. അദ്ദേഹത്തിന്റെ രണ്ടുകാലിലും മുടന്തായിരുന്നു. ദാവീദ് അമ്മോന്യരെ തോൽപ്പിക്കുന്നു പിന്നീട് അമ്മോന്യരുടെ രാജാവു മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചതുപോലെ ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു. ദാവീദ് അയച്ച ആളുകൾ അമ്മോന്യരുടെ ദേശത്ത് എത്തി. അപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ രാജാവായ ഹാനൂനോടു പറഞ്ഞു: “സഹതാപം പ്രകടിപ്പിക്കുന്നതിന് അങ്ങയുടെ അടുത്തേക്ക് പ്രതിനിധികളെ അയയ്ക്കുകവഴി ദാവീദ് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കാണിക്കുകയാണ് എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? നഗരത്തെ പര്യവേക്ഷണംചെയ്യുന്നതിനും അതിനെതിരേ ചാരപ്രവർത്തനം നടത്തുന്നതിനും അതിനെ അട്ടിമറിക്കുന്നതിനുമല്ലോ അയാൾ ആളുകളെ അയച്ചിരിക്കുന്നത്?” അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു. ദാവീദ് ഇക്കാര്യം അറിഞ്ഞു. ആ മനുഷ്യർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.” തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രമായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അവർ ബേത്ത്-രാഹോബിൽനിന്നും സോബയിൽനിന്നുമായി ഇരുപതിനായിരം അരാമ്യ കാലാളുകളെയും മയഖാ രാജാവിനോട് ആയിരം പടയാളികളെയും തോബിൽനിന്നു പന്തീരായിരം പടയാളികളെയും വാടകയ്ക്കു വരുത്തി. ഇതു കേട്ടിട്ട്, ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. എന്നാൽ സോബയിൽനിന്നും രെഹോബിൽനിന്നുമുള്ള അരാമ്യരും തോബിൽനിന്നും മയഖായിൽനിന്നുമുള്ള പടയാളികൾ—അവർമാത്രമായി—വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു. തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി. ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. എന്നിട്ടു യോവാബു പറഞ്ഞു: “എനിക്കു നേരിടാൻ കഴിയാത്തവിധം അരാമ്യർ പ്രാബല്യം പ്രാപിച്ചാൽ നീ എന്റെ രക്ഷയ്ക്കായി വന്നെത്തണം. മറിച്ച് അമ്മോന്യർ, നിനക്കു നേരിടാൻ കഴിയാത്തവിധം, പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിന്റെ രക്ഷയ്ക്കായി വന്നെത്തും. ശക്തനായിരിക്കുക! നമ്മുടെ ജനങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു ധീരമായി പൊരുതാം. അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളത് യഹോവ ചെയ്യട്ടെ!” അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി. അരാമ്യർ പലായനം ചെയ്യുന്നതായി കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നോടി പട്ടണത്തിനുള്ളിൽ പ്രവേശിച്ചു. അതിനാൽ യോവാബ് അമ്മോന്യരുമായുള്ള പോരിൽനിന്നും പിൻവാങ്ങി ജെറുശലേമിലേക്കു മടങ്ങിപ്പോന്നു. ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ വീണ്ടും സംഘംചേർന്നു. യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെയും ഹദദേസർ വരുത്തിയിരുന്നു. ഹദദേസറിന്റെ സൈന്യാധിപനായ ശോബക്ക് അവരെ നയിച്ചു; അവർ ഹേലാമിലേക്കു ചെന്നു. ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന് ഹേലാമിൽ എത്തി. ദാവീദിനെ നേരിടുന്നതിനായി അരാമ്യർ സൈന്യത്തെ അണിനിരത്തി അദ്ദേഹത്തോടു പൊരുതി. എന്നാൽ അവർ ഇസ്രായേലിന്റെ മുമ്പിൽനിന്ന് തോറ്റോടി. അവരുടെ തേരാളികളിൽ എഴുനൂറു പേരെയും കാലാളുകളിൽ10:18 1 ദിന. 19:18 കാണുക. ചി.കൈ.പ്ര. കുതിരപ്പട നാൽപ്പതിനായിരം പേരെയും ദാവീദ് സംഹരിച്ചു. അദ്ദേഹം അവരുടെ സൈന്യാധിപനായ ശോബക്കിനെയും അദ്ദേഹം വധിച്ചു. ഇസ്രായേല്യർ തങ്ങളെ പരാജയപ്പെടുത്തി എന്നുകണ്ടപ്പോൾ, ഹദദേസരിനു കീഴ്പ്പെട്ടിരുന്ന രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനസന്ധിചെയ്തു. അവർ ഇസ്രായേലിനു കീഴ്പ്പെട്ടു ജീവിച്ചു. അതിനുശേഷം അമ്മോന്യരെ തുടർന്നും സഹായിക്കാൻ അരാമ്യർ ഭയപ്പെട്ടു. ദാവീദും ബേത്ത്-ശേബയും അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു. അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു. “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു. ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു. പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി. എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല. “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ11:11 അഥവാ, സൂക്കോത്തിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!” അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു. ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല. പിറ്റേന്നു രാവിലെ ദാവീദ് യോവാബിന് ഒരു കത്തെഴുതി ഊരിയാവിന്റെ കൈവശം കൊടുത്തയച്ചു. അതിൽ അദ്ദേഹം എഴുതിയിരുന്നു: “ഊരിയാവിനെ അത്യുഗ്രമായ പോരാട്ടം നടക്കുന്നിടത്തു മുൻനിരയിൽ നിർത്തണം. അങ്ങനെ അവൻ വെട്ടേറ്റുവീണു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻവാങ്ങണം.” അതനുസരിച്ച് യോവാബ് നഗരത്തെ വളയുമ്പോൾ ശൂരരായ എതിരാളികൾ നിലയുറപ്പിച്ചിരിക്കുന്നു എന്നു ബോധ്യമുള്ള ഒരിടത്ത് ഊരിയാവിനെ നിയോഗിച്ചു. നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു. യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി. അദ്ദേഹം ദൂതന്മാരോടു പറഞ്ഞയച്ചു: “നിങ്ങൾ യുദ്ധത്തിന്റെ ഈ പൂർണവിവരണം രാജാവിനു നൽകിക്കഴിയുമ്പോൾ, രാജാവിന്റെ ക്രോധം ജ്വലിക്കും; അദ്ദേഹം നിങ്ങളോടു ചോദിച്ചെന്നുവരാം ‘നിങ്ങൾ നഗരത്തോട് ഇത്രയേറെ അടുത്തുചെന്നു പൊരുതിയതെന്തിന്? അവർ മതിലിന്മേൽനിന്ന് അമ്പെയ്യുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ? യെരൂബ്-ബേശെത്തിന്റെ11:21 യെരൂ-ബാൽ എന്ന പേരിലും അറിയപ്പെട്ടിരുന്നു. മകനായ അബീമെലെക്കിനെ കൊന്നതാരാണ്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്റെ പിള്ള അയാളുടെമേൽ ഇട്ടതുകൊണ്ടല്ലേ അയാൾ തേബെസിൽവെച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്തിന്?’ ഇപ്രകാരം അദ്ദേഹം ചോദിച്ചാൽ, ‘അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്ന് അദ്ദേഹത്തോടു പറയണം.” ദൂതൻ പുറപ്പെട്ടു. അയാൾ വന്ന് യോവാബു പറഞ്ഞയച്ച കാര്യങ്ങളെല്ലാം ദാവീദിനോടു പറഞ്ഞു. ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു. അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.” ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു പറയുക, ‘ഇതുമൂലം നീ ദുഃഖിക്കരുത്; വാൾ അങ്ങും ഇങ്ങും നാശം വിതയ്ക്കും. നഗരത്തിനെതിരേ ആക്രമണം ശക്തിപ്പെടുത്തി അതിനെ നശിപ്പിക്കുക.’ യോവാബിനെ പ്രോത്സാഹിപ്പിക്കാൻ നീ ഈ വിധം പറയുക.” തന്റെ ഭർത്താവു മരിച്ചുപോയി എന്ന് ഊരിയാവിന്റെ ഭാര്യ കേട്ടപ്പോൾ അവൾ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു. വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ തന്റെ കൊട്ടാരത്തിൽ വരുത്തി. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. എന്നാൽ ദാവീദിന്റെ ഈ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായിത്തീർന്നു. നാഥാൻ ദാവീദിനെ ശാസിക്കുന്നു യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു. “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.” അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.” അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’ “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ” അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു. നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.” നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ12:16 ചി.കൈ.പ്ര. ചാക്കുശീലയിൽ എന്ന പ്രയോഗം കാണുന്നില്ല. കിടന്ന് രാത്രികൾ കഴിച്ചു. അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു. തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു. “അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു. ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!” അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.” അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ്12:25 യഹോവ സ്നേഹിക്കുന്നവൻ എന്നർഥം. എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു. ഈ സമയത്ത് യോവാബ് അമ്മോന്യരുടെ രബ്ബയ്ക്കെതിരേ പൊരുതി രാജകീയ കോട്ട പിടിച്ചെടുത്തു. അപ്പോൾ യോവാബ് ദൂതന്മാരെ അയച്ചു ദാവീദിനോടു പറയിച്ചു. “ഞാൻ രബ്ബയ്ക്കെതിരേ പൊരുതി അതിന്റെ ജലസംഭരണികൾ കൈവശപ്പെടുത്തിയിരിക്കുന്നു, അതിനാൽ ഇപ്പോൾ ശേഷമുള്ള പടയെക്കൂട്ടി നഗരത്തെ വളഞ്ഞ് അങ്ങുതന്നെ അതിനെ പിടിച്ചടക്കിയാലും! അല്ലാത്തപക്ഷം ഞാൻ അതിനെ പിടിച്ചടക്കുകയും അത് എന്റെ പേരിൽ അറിയപ്പെടുകയും ചെയ്യാൻ ഇടയാകുമല്ലോ!” അതിനാൽ ദാവീദ് സകലസൈന്യത്തെയുംകൂട്ടി രബ്ബയിലേക്കു ചെന്നു; അതിനെ ആക്രമിച്ചു കീഴടക്കി. ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത്12:30 ഏക. 34 കി.ഗ്രാം. സ്വർണം; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. അവിടത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും12:31 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി. അമ്നോനും താമാറും കുറച്ചുനാൾ കഴിഞ്ഞ് ദാവീദിന്റെ മകനായ അമ്നോൻ താമാറിൽ അനുരക്തനായി. താമാർ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരിയും അതീവസുന്ദരിയും ആയിരുന്നു. തന്റെ സഹോദരി താമാറിൽ ആസക്തനായിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയായിരുന്നു. അതിനാൽ അവളോടു വല്ലതും ചെയ്യുന്നത് അയാൾക്കു പ്രയാസമായിരുന്നു. അമ്നോന്, യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രനായിരുന്നു. യോനാദാബ് ഏറ്റവും തന്ത്രശാലിയുമായിരുന്നു. അയാൾ അമ്നോനോട്: “രാജകുമാരാ, അങ്ങ് നാൾ കഴിയുന്തോറും ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്തുകൊണ്ട്? എന്നോടു പറയുകയില്ലേ?” എന്നു ചോദിച്ചു. “എന്റെ സഹോദരൻ അബ്ശാലോമിന്റെ പെങ്ങൾ താമാറിൽ എനിക്കു പ്രേമം ഉണ്ടായിരിക്കുന്നു,” എന്ന് അമ്നോൻ അയാളോടു പറഞ്ഞു. യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’ ” അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!” അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.” അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു. പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി. അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു. എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു. “അരുതേ! എന്റെ സഹോദരാ!” അവൾ കേണപേക്ഷിച്ചു. “എന്നെ നിർബന്ധിക്കരുതേ! ഇങ്ങനെ ഒരു കാര്യം ഇസ്രായേലിൽ പാടില്ലല്ലോ! ഈ ദുഷ്കൃത്യം ചെയ്യരുതേ. ഞാൻ ഈ അപമാനം എവിടെച്ചെന്നു തീർക്കും? അങ്ങും ഇസ്രായേലിലെ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ! ദയവായി ഇക്കാര്യം രാജാവിനോടു പറഞ്ഞാലും; അദ്ദേഹം എന്നെ അങ്ങേക്കു വിവാഹംകഴിച്ചുതരാതിരിക്കുകയില്ല.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവളെക്കാൾ കായബലം ഏറിയവനായതിനാൽ അയാൾ അവളെ ബലാൽക്കാരംചെയ്തു. പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു. വാസ്തവത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നതിനെക്കാൾ അധികമായി അവളെ വെറുത്തു. “എഴുന്നേറ്റു പുറത്തുപോകൂ,” അമ്നോൻ അവളോടു പറഞ്ഞു. അവൾ അയാളോടു പറഞ്ഞു: “അരുത് സഹോദരാ, എന്നെ പുറത്താക്കുന്നത് അങ്ങ് എന്നോട് ഇപ്പോൾ ചെയ്ത ഈ ദോഷത്തെക്കാൾ വലിയ തെറ്റായിരിക്കും.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. “ഈ സ്ത്രീയെ പുറത്താക്കി വാതിൽ അടച്ചുകളക,” എന്ന് അയാൾ തന്റെ ഭൃത്യനോട് ആജ്ഞാപിച്ചു. അതിനാൽ അമ്നോന്റെ ഭൃത്യൻ അവളെ പിടിച്ചു പുറത്താക്കി കതകും അടച്ചു. അതിമനോഹരമായ13:18 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഒരു നിലയങ്കിയാണ് അവൾ ധരിച്ചിരുന്നത്. അന്ന് ഇസ്രായേലിൽ കന്യകകളായ രാജകുമാരിമാർ ധരിക്കാറുള്ളത് അത്തരത്തിലുള്ള അങ്കിയായിരുന്നു. താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന അലംകൃതവസ്ത്രവും കീറി; തലയിൽ കൈവെച്ച് ഉച്ചത്തിൽ വിലപിച്ചുകൊണ്ട് കടന്നുപോയി. അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു. ദാവീദ് രാജാവ് ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി. അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു. അബ്ശാലോം അമ്നോനെ കൊല്ലുന്നു രണ്ടു വർഷങ്ങൾക്കുശേഷം, എഫ്രയീം നാടിന്റെ അതിരിങ്കലുള്ള ബാൽ-ഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവമായിരുന്നു. സകലരാജകുമാരന്മാരെയും അദ്ദേഹം അതിനു ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെയും അടുത്തുവന്ന്, “അങ്ങയുടെ ഈ ദാസന്റെ ആടുകളുടെ രോമം കത്രിക്കുന്നവർ വന്നെത്തിയിരിക്കുന്നു. ദയവായി രാജാവും സേവകരും ആഘോഷങ്ങളിൽ സംബന്ധിക്കണേ!” എന്നപേക്ഷിച്ചു. “വേണ്ടാ, എന്റെ മകനേ!” രാജാവു മറുപടി പറഞ്ഞു: “ഞങ്ങളെല്ലാവരുംകൂടി വരേണ്ടതില്ല. അതു നിനക്കു ഭാരമായിരിക്കും.” എങ്കിലും അബ്ശാലോം അദ്ദേഹത്തെ നിർബന്ധിച്ചു. എന്നിട്ടും അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്നാൽ തന്റെ ആശിസ്സുകൾ നേർന്നു. അപ്പോൾ അബ്ശാലോം പറഞ്ഞു. “അങ്ങു വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരൻ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ!” രാജാവ് അയാളോടു ചോദിച്ചു: “അവനെന്തിനു നിന്റെകൂടെ വരണം?” എന്നാൽ അബ്ശാലോം അദ്ദേഹത്തെ വളരെ നിർബന്ധിച്ചു. അതിനാൽ ദാവീദ് അമ്നോനെയും മറ്റു രാജകുമാരന്മാരെയും അയാളോടൊപ്പം അയച്ചു. അബ്ശാലോം തന്റെ ഭൃത്യന്മാരോട്: “ശ്രദ്ധിക്കുക, അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുന്ന സമയത്ത് ‘അമ്നോനെ അടിച്ചുകൊല്ലുക’ എന്നു ഞാൻ നിങ്ങളോടു പറയും. അപ്പോൾ നിങ്ങൾ അവനെ കൊല്ലണം. ഭയപ്പെടേണ്ടതില്ല; ഞാനല്ലേ നിങ്ങൾക്കു കൽപ്പന തരുന്നത്? ബലവും ധീരതയും കാണിക്കുക” എന്നു പറഞ്ഞു. അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി. അവർ മാർഗമധ്യേ ആയിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചെന്നും അവരിൽ ഒരുത്തൻപോലും ശേഷിച്ചിട്ടില്ല” എന്നും ഒരു വാർത്ത ദാവീദിനു ലഭിച്ചു. രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി വെറും നിലത്തുകിടന്നു; അദ്ദേഹത്തിന്റെ സേവകരും വസ്ത്രംകീറിക്കൊണ്ട് ചുറ്റും നിന്നു. എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു. അങ്ങയുടെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടുവെന്ന വാർത്ത എന്റെ യജമാനനായ രാജാവ് ഗണ്യമാക്കരുതേ! അമ്നോൻമാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ.” ഇതിനിടെ അബ്ശാലോം ഓടിപ്പോയിരുന്നു. കാവൽക്കാരൻ തലയുയർത്തിനോക്കി; പടിഞ്ഞാറുഭാഗത്ത് അനവധി ആളുകൾ മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നതു കണ്ടു. ഉടൻതന്നെ കാവൽക്കാരൻ രാജാവിനെ വിവരം അറിയിച്ചു, “ഹൊറൊനായിംവഴി മലഞ്ചെരിവിലൂടെ ഒരുകൂട്ടം പുരുഷന്മാർ വരുന്നത് ഞാൻ കണ്ടു.”13:34 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. ഉടനെ യോനാദാബു രാജാവിനോട്: “ഇതാ, അടിയൻ പറഞ്ഞതുപോലെ സംഭവിച്ചല്ലോ! രാജകുമാരന്മാർ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അയാൾ സംസാരിച്ചുതീർന്നപ്പോൾത്തന്നെ രാജകുമാരന്മാർ ഉറക്കെ നിലവിളിച്ചുകൊണ്ട് വന്നെത്തി. രാജാവും അദ്ദേഹത്തിന്റെ സകലസേവകരും അതിദുഃഖത്തോടെ കരഞ്ഞു. എന്നാൽ അബ്ശാലോം ഓടിപ്പോയി ഗെശൂർരാജാവും അമ്മീഹൂദിന്റെ മകനുമായ തൽമായിയുടെ അടുക്കലെത്തി. എന്നാൽ ദാവീദ് രാജാവ് തന്റെ മകനായ അമ്നോനെ ഓർത്ത് വളരെ ദിവസങ്ങൾ വിലപിച്ചു. അബ്ശാലോം ഓടിപ്പോയി ഗെശൂരിൽ എത്തിയശേഷം, മൂന്നുവർഷം അവിടെ താമസിച്ചു. അമ്നോന്റെ മരണംകാരണം ദാവീദുരാജാവിനുണ്ടായ ദുഃഖത്തിന് ആശ്വാസം വന്നിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം അബ്ശാലോമിനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചു. അബ്ശാലോം ജെറുശലേമിലേക്കു തിരിച്ചുവരുന്നു രാജാവിന്റെ ഹൃദയം അബ്ശാലോമിനുവേണ്ടി വാഞ്ഛിക്കുന്നുണ്ടെന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചു. അദ്ദേഹം തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നും വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി. അദ്ദേഹം അവളോടു പറഞ്ഞു: “നീ വിലാപത്തിലാണെന്നു നടിക്കണം; വിലാപവസ്ത്രങ്ങളണിയണം, സുഗന്ധതൈലങ്ങളൊന്നും പൂശരുത്; മരിച്ചവനുവേണ്ടി വളരെനാളായി ദുഃഖാചരണം നടത്തുന്ന ഒരു സ്ത്രീയെന്നമട്ടിൽ പെരുമാറണം. എന്നിട്ടു നീ രാജസന്നിധിയിൽച്ചെന്ന് ഇത്തരത്തിൽ അദ്ദേഹത്തോടു പറയണം.” അവൾ പറയേണ്ട വാക്കുകളെല്ലാം യോവാബു പറഞ്ഞുകൊടുത്തു. തെക്കോവക്കാരിയായ ആ സ്ത്രീ രാജസന്നിധിയിൽ എത്തി.14:4 ചി.കൈ.പ്ര. സംസാരിച്ചു അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു. “രാജാവേ! അടിയനെ സഹായിക്കണേ,” അവൾ കേണു. “എന്താണു നിന്റെ പ്രശ്നം?” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “രാജാവേ, അടിയൻ ഒരു വിധവയാണ്. അടിയന്റെ ഭർത്താവു മരിച്ചുപോയി. അവിടത്തെ ദാസിയായ അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവർ വയലിൽവെച്ചു പരസ്പരം കലഹിച്ചു. അവരെ പിടിച്ചുമാറ്റുവാൻ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഒരുവൻ മറ്റവനെ അടിച്ചുകൊന്നു. ഇപ്പോൾ കുലം മുഴുവൻ ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ‘സഹോദരഘാതകനായവനെ ഏൽപ്പിച്ചുതരിക, അവൻ കൊന്ന സഹോദരന്റെ ജീവനുപകരം ഞങ്ങൾ അവനെ കൊന്നു പ്രതികാരംചെയ്യട്ടെ. അവൻ പൈതൃകസ്വത്ത് അവകാശമാക്കാൻ യോഗ്യനല്ല’ എന്നാണ് അവർ പറയുന്നത്. ഭൂമുഖത്ത് എന്റെ ഭർത്താവിനു പേരോ പിൻഗാമിയോ അവശേഷിക്കാതെ, എനിക്ക് ഇന്നുള്ള ഏക കനലും കെടുത്തിക്കളയാനാണ് അവരുടെ ഭാവം.” രാജാവ് ആ സ്ത്രീയോട് ഇപ്രകാരം പറഞ്ഞു: “നീ വീട്ടിൽ പൊയ്ക്കൊള്ളൂ! നിന്റെ കാര്യത്തിൽ ഞാൻ കൽപ്പന കൊടുക്കുന്നുണ്ട്.” എന്നാൽ ആ തെക്കോവക്കാരി വീണ്ടും അദ്ദേഹത്തോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവും അവിടത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.” അതിനു രാജാവു മറുപടി പറഞ്ഞു: “ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞാൽ അവനെ എന്റെ അടുക്കൽ വരുത്തുക. പിന്നെ ഒരിക്കലും അവൻ നിന്നെ ശല്യപ്പെടുത്തുകയില്ല.” അവൾ പറഞ്ഞു: “രക്തപ്രതികാരകൻ കൂടുതൽ നാശം വരുത്തുകയും എന്റെ മകൻ കൊല്ലപ്പെടുകയും ചെയ്യാതിരിക്കാൻവേണ്ടി രാജാവേ, അങ്ങ് ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കണേ!” അദ്ദേഹം അതിനു മറുപടിയായി: “യഹോവയാണെ, നിന്റെ മകന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു. “അങ്ങയുടെ ഈ ദാസി ഒരു വാക്കുകൂടി ഉണർത്തിക്കട്ടെ!” എന്നു സ്ത്രീ പറഞ്ഞു. “പറയൂ,” എന്നു രാജാവു മറുപടികൊടുത്തു. ആ സ്ത്രീ പറഞ്ഞു: “എങ്കിൽ ദൈവജനത്തിനെതിരേ ഇതേവിധത്തിലുള്ള ഒരു കാര്യം രാജാവേ, അങ്ങു നിരൂപിക്കുന്നതെന്ത്? രാജാവേ, അങ്ങ് ഈ വിധി പ്രസ്താവിക്കുമ്പോൾ തന്നെത്തന്നെ കുറ്റം വിധിക്കുകയല്ലേ? കാരണം പ്രവാസിയായിരിക്കുന്ന സ്വന്തം മകനെ അങ്ങ് തിരികെ വരുത്തിയിട്ടില്ലല്ലോ! നിലത്തു തൂകിപ്പോയ ജലം വീണ്ടും തിരിച്ചു ശേഖരിക്കാൻ കഴിയാത്തതുപോലെ, നാം എല്ലാം മരിക്കും. എന്നാൽ ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായ ഒരുവൻ, താൻ ഇനിയും ഭ്രഷ്ടനായിക്കഴിയാതിരിപ്പാനുള്ള വഴി ആലോചിക്കുന്നു. “ജനം എന്നെ ഭയപ്പെടുത്തിയതിനാൽ ഇക്കാര്യം എന്റെ യജമാനനായ രാജാവിനോടു പറയാൻ വന്നതാണ് ഞാൻ. ‘ഞാൻ രാജാവിനോടു സംസാരിക്കും; ഒരുപക്ഷേ അദ്ദേഹം തന്റെ ദാസി പറയുന്നതു ചെയ്തേക്കാം’ എന്ന് അങ്ങയുടെ ദാസിയായ അടിയൻ ചിന്തിച്ചു. ‘ദൈവം ഞങ്ങൾക്കു നൽകിയ അവകാശത്തിൽനിന്ന് എന്നെയും എന്റെ മകനെയും ഛേദിച്ചുകളയാൻ ശ്രമിക്കുന്ന മനുഷ്യന്റെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ രാജാവു മനസ്സുവെച്ചേക്കും,’ എന്ന് അടിയൻ വിചാരിച്ചു. അതിനാൽ അങ്ങയുടെ ഈ ദാസി അപേക്ഷിക്കട്ടെ, ‘എന്റെ യജമാനനായ രാജാവിന്റെ കൽപ്പന എന്റെ ഓഹരി സുരക്ഷിതമാക്കട്ടെ. കാരണം നന്മതിന്മകൾ വിവേചിക്കുന്നതിൽ എന്റെ യജമാനനായ രാജാവ് ദൈവദൂതനു സദൃശനാണല്ലോ! അങ്ങയുടെ ദൈവമായ യഹോവ അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ.’ ” അപ്പോൾ രാജാവ് ആ സ്ത്രീയോടു പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ! അതു നീ എന്നിൽനിന്ന് മറച്ചുവെക്കരുത്.” “എന്റെ യജമാനനായ രാജാവ് ചോദിച്ചാലും,” സ്ത്രീ മറുപടി പറഞ്ഞു. രാജാവു ചോദിച്ചു: “ഈ കാര്യങ്ങളിലെല്ലാം നിന്നോടുകൂടെ യോവാബിന്റെ കൈയില്ലേ?” സ്ത്രീ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങാണെ, എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്ന ഒരു കാര്യത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറാൻ ഒരുവനും കഴിയുകയില്ലല്ലോ! അതേ, ഇതു ചെയ്യാൻ എനിക്കു നിർദേശം തന്നത് അങ്ങയുടെ ദാസനായ യോവാബുതന്നെ. ഈ വാക്കുകളെല്ലാം എനിക്കു പറഞ്ഞുതന്നതും അദ്ദേഹംതന്നെ. ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താനായി അങ്ങയുടെ ദാസനായ യോവാബ് ഇതു ചെയ്തിരിക്കുന്നു. എന്റെ യജമാനൻ ഒരു ദൈവദൂതനു സദൃശം ജ്ഞാനിയാണല്ലോ! ഭൂതലത്തിൽ നടക്കുന്നതെല്ലാം അവിടന്ന് അറിയുന്നു.” രാജാവു യോവാബിനോടു പറഞ്ഞു: “കൊള്ളാം; ഇക്കാര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. നീ പോയി അബ്ശാലോം കുമാരനെ കൂട്ടിക്കൊണ്ടുവരിക!” യോവാബ് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. അദ്ദേഹം രാജാവിനെ അഭിനന്ദിച്ചുകൊണ്ട് ഈ വിധം പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് ഈ ദാസന്റെ അഭ്യർഥന അനുവദിച്ചിരിക്കുന്നല്ലോ! അങ്ങയുടെ കണ്മുമ്പിൽ ഈ ദാസനു പ്രസാദം ലഭിച്ചിരിക്കുന്നു എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു.” അതിനുശേഷം യോവാബ് ഗെശൂരിൽച്ചെന്ന് അബ്ശാലോം കുമാരനെ ജെറുശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു. എന്നാൽ “അവൻ സ്വന്തം ഭവനത്തിലേക്കുതന്നെ പോകട്ടെ. എന്റെ സന്നിധിയിൽ അവൻ വരരുത്,” എന്നു രാജാവ് കൽപ്പിച്ചു. അപ്രകാരം അബ്ശാലോം സ്വഭവനത്തിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല. ഇസ്രായേലിലെങ്ങും സൗന്ദര്യംകൊണ്ട് അബ്ശാലോം കുമാരനോളം കീർത്തിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. ആപാദചൂഡം യാതൊരുവിധ ന്യൂനതകളുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം വർഷത്തിലൊരിക്കലേ തന്റെ മുടിമുറിപ്പിക്കുമായിരുന്നുള്ളൂ. അതു വളർന്ന് തനിക്കു ഭാരമായിത്തീരുമ്പോഴായിരുന്നു മുറിപ്പിച്ചിരുന്നത്. അദ്ദേഹം മുടി മുറിപ്പിക്കുമ്പോഴൊക്കെയും അതിന്റെ തൂക്കം നോക്കുമായിരുന്നു. അതിന്റെ ഭാരം രാജതൂക്കപ്രകാരം ഇരുനൂറു ശേക്കേൽ14:26 ഏക. 2.3 കി. ഗ്രാം. ആയിരുന്നു. അബ്ശാലോമിന് മൂന്നുപുത്രന്മാരും ഒരു പുത്രിയും ജനിച്ചിരുന്നു. പുത്രിയുടെ പേര് താമാർ എന്നായിരുന്നു; അവൾ അതീവസുന്ദരിയുമായിരുന്നു. രാജസന്നിധിയിൽ പ്രത്യക്ഷപ്പെടാതെ അബ്ശാലോം രണ്ടുവർഷം ജെറുശലേമിൽ താമസിച്ചു. പിന്നെ യോവാബിനെ രാജസന്നിധിയിലേക്ക് അയയ്ക്കുന്നതിന് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരുന്നതിന് അബ്ശാലോം ആളയച്ചു. എന്നാൽ യോവാബ് ചെല്ലാൻ കൂട്ടാക്കിയില്ല. രണ്ടാമതും അദ്ദേഹം ആളയച്ചു; യോവാബു ചെന്നില്ല. അപ്പോൾ അദ്ദേഹം തന്റെ സേവകന്മാർക്കു കൽപ്പനകൊടുത്തു. “നോക്കൂ, യോവാബിന്റെ വയൽ എന്റെ വയലിന് തൊട്ടടുത്താണല്ലോ! അതിൽ യവം വിളഞ്ഞുകിടക്കുന്നു. നിങ്ങൾചെന്ന് അതിന് തീകൊടുക്കുക!” അങ്ങനെ അബ്ശാലോമിന്റെ ദാസന്മാർ ആ വയലിന് തീയിട്ടു. അപ്പോൾ യോവാബ് അബ്ശാലോമിന്റെ വീട്ടിലേക്കുചെന്നു. “അങ്ങയുടെ ദാസന്മാർ എന്റെ വയലിനു തീയിട്ടതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. അബ്ശാലോം യോവാബിനോടു പറഞ്ഞു: “നോക്കൂ ഞാൻ താങ്കൾക്കുവേണ്ടി ആളയച്ചില്ലേ? ‘ഞാൻ ഗെശൂരിൽനിന്ന് വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു എനിക്കു നല്ലത് എന്നു രാജാവിനോടു ചെന്നു പറയുന്നതിനായി താങ്കൾ വരണമെന്നു ഞാൻ പറഞ്ഞയച്ചിരുന്നു.’ എനിക്കിപ്പോൾ രാജസന്നിധിയിൽ പോകണം. എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അദ്ദേഹം എന്നെ കൊല്ലട്ടെ!” അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഇക്കാര്യമെല്ലാം അറിയിച്ചു. അപ്പോൾ രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു. അദ്ദേഹം രാജസന്നിധിയിൽ വന്ന് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു. അബ്ശാലോമിന്റെ ഉപജാപം കാലക്രമേണ അബ്ശാലോം ഒരു രഥവും കുതിരകളും, തന്റെ മുമ്പിൽ ഓടുന്നതിന് അൻപത് അകമ്പടിക്കാരെയും സമ്പാദിച്ചു. അദ്ദേഹം പതിവായി അതിരാവിലെ എഴുന്നേറ്റ് രാജവീഥിയുടെ അരികിൽ നിൽക്കും. വ്യവഹാരമുള്ള ആരെങ്കിലും തീർപ്പിനുവേണ്ടി രാജസവിധത്തിൽ സമർപ്പിക്കാനുള്ള ആവലാതിയുമായി വന്നാൽ അബ്ശാലോം അയാളെ വിളിച്ച്, “നീ ഏതു നഗരക്കാരൻ” എന്നു ചോദിക്കും. “അടിയൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരൻ,” എന്ന് അയാൾ മറുപടി പറയും. അപ്പോൾ അബ്ശാലോം പറയും: “നിന്റെ വാദം ന്യായയുക്തമാണ്; എന്നാൽ അതു കേൾക്കാൻ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ!” പിന്നെ അബ്ശാലോം ഇങ്ങനെയുംകൂടി പറയുമായിരുന്നു “ഹാ! എന്നെ നാടിനു ന്യായാധിപൻ ആക്കിയിരുന്നെങ്കിൽ; എങ്കിൽ വ്യവഹാരവും തർക്കവും ഉള്ള ഏതൊരുത്തനും എന്റെ അടുക്കൽ വരികയും ഞാൻ അവർക്കു ന്യായംവിധിക്കുകയും ചെയ്യുമായിരുന്നു.” കൂടാതെ, ആരെങ്കിലും അബ്ശാലോമിനെ വണങ്ങാനായി അടുത്തുവന്നാൽ അദ്ദേഹം കൈനീട്ടി അയാളെ പിടിച്ചു ചുംബിക്കുമായിരുന്നു. നീതി തേടി രാജാവിന്റെ അടുത്തേക്കു വരുന്ന സകല ഇസ്രായേല്യരോടും അബ്ശാലോം ഈ വിധം പെരുമാറി. അങ്ങനെ അദ്ദേഹം ഇസ്രായേൽജനതയുടെ ഹൃദയം വശീകരിച്ചു. നാലു15:7 ചി.കൈ.പ്ര. നാൽപ്പത് വർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞു: “അടിയൻ യഹോവയ്ക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിക്കാൻ അടിയനെ അനുവദിക്കണമേ! അങ്ങയുടെ ദാസനായ അടിയൻ അരാമിലെ ഗെശൂരിൽ ആയിരുന്നപ്പോൾ ‘യഹോവ എന്നെ വീണ്ടും ജെറുശലേമിലേക്കു വരുത്തുമെങ്കിൽ ഞാൻ ഹെബ്രോനിൽ15:8 ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല. യഹോവയ്ക്ക് ആരാധന നടത്തിക്കൊള്ളാം’ എന്നു നേർച്ച നേർന്നിരുന്നു.” “സമാധാനത്തോടെ പോകുക,” എന്നു രാജാവ് അദ്ദേഹത്തോടു കൽപ്പിച്ചു. അങ്ങനെ അബ്ശാലോം ഹെബ്രോനിലേക്കു യാത്രതിരിച്ചു. അപ്പോൾ അബ്ശാലോം ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും രഹസ്യദൂതന്മാരെ അയച്ചു. കാഹളനാദം കേൾക്കുമ്പോൾ, “അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു” എന്നു വിളിച്ചു പറയുന്നതിനുള്ള ഏർപ്പാടുചെയ്തു. ജെറുശലേമിൽനിന്ന് ഇരുനൂറു പുരുഷന്മാർ അബ്ശാലോമിനെ അനുഗമിച്ചിരുന്നു. അവരെ അതിഥികളായി ക്ഷണിച്ചതായിരുന്നു. ഈ ഗൂഢാലോചനയൊന്നും അറിയാത്ത ശുദ്ധഗതിക്കാരായിരുന്നു അവർ. അബ്ശാലോം യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദിന്റെ ഉപദേഷ്ടാവും ഗീലോന്യനുമായ അഹീഥോഫെലിനെ അദ്ദേഹത്തിന്റെ നഗരമായ ഗീലോനിൽ നിന്ന് ആളയച്ചുവരുത്തിയിരുന്നു. ഇങ്ങനെ അബ്ശാലോമിന്റെ സംഘം ദിനംപ്രതി വർധിച്ചുവരികയാൽ ഗൂഢാലോചനയ്ക്കു ബലം കൂടിവന്നു. ദാവീദ് പലായനംചെയ്യുന്നു ഒരു സന്ദേശവാഹകൻ ജെറുശലേമിൽവന്ന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേൽജനതയുടെ കൂറ് അബ്ശാലോമിനോടുകൂടെ ആയിത്തീർന്നിരിക്കുന്നു.” അപ്പോൾ ദാവീദ് ജെറുശലേമിൽ തന്നോടുകൂടെയുണ്ടായിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: “വരിക! നമുക്ക് ഓടിപ്പോകാം. അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയില്ല. നമുക്ക് ഉടനെ പോകണം; അല്ലെങ്കിൽ അവൻ വേഗം കടന്നുവന്ന് നമ്മെ ജയിക്കുകയും നശിപ്പിക്കുകയും നഗരം വാളിനിരയാക്കുകയും ചെയ്യും!” രാജഭൃത്യന്മാർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ഇതാ യജമാനനായ രാജാവു തീരുമാനിക്കുന്നതുപോലെ ചെയ്യാൻ അടിയങ്ങൾ ഒരുക്കമാണ്.” അങ്ങനെ ദാവീദ് രാജാവ് തന്റെ സകലഗൃഹത്തോടുംകൂടി പുറപ്പെട്ടു. എന്നാൽ കൊട്ടാരം സൂക്ഷിക്കുന്നതിനായി അദ്ദേഹം പത്ത് വെപ്പാട്ടികളെ അവിടെ ആക്കിയിരുന്നു. അങ്ങനെ രാജാവു യാത്രയായി. സകലജനവും അദ്ദേഹത്തെ പിൻചെന്നു. അൽപ്പദൂരം പിന്നിട്ട് ഒരിടത്ത് അവർ നിന്നു. കെരീത്യരും പ്ളേത്യരും ഗത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്ന അറുനൂറു ഗിത്യരും ഉൾപ്പെടെ ജനമെല്ലാം രാജാവിന്റെ മുമ്പിലൂടെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു: “നീ ഞങ്ങളോടുകൂടെ വരുന്നതെന്തിന്? മടങ്ങിപ്പോയി രാജാവായ അബ്ശാലോമിനോടുകൂടെ പാർക്കുക. നീ ഒരു വിദേശി; സ്വന്തം ദേശത്തുനിന്നു വന്നുപാർക്കുന്നവൻ. നീ ഇന്നലെ വന്നു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലയുമാറാക്കുമോ? ഞാൻ എവിടേക്കു പോകുന്നു എന്നു നിശ്ചയമില്ല. അതിനാൽ നിന്റെ നാട്ടുകാരെയും ചേർത്ത് മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!” എന്നാൽ ഇത്ഥായി രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയാണെ, എന്റെ യജമാനനായ രാജാവാണെ, എന്റെ യജമാനനായ രാജാവ് എവിടെ ആയിരിക്കുന്നോ അവിടെത്തന്നെ—മരണമോ ജീവനോ എന്തു വന്നാലും—അടിയനും ആയിരിക്കും.” “ശരി, മുമ്പോട്ടു പൊയ്ക്കൊള്ളൂ,” എന്നു ദാവീദ് ഇത്ഥായിയോടു കൽപ്പിച്ചു. അങ്ങനെ ഗിത്യനായ ഇത്ഥായിയും തന്റെ സകല അനുയായികളോടും അവരുടെ കുടുംബങ്ങളോടുംകൂടെ കടന്നുപോയി. ജനമെല്ലാം കടന്നുപോകുമ്പോൾ ഗ്രാമവാസികൾ ഉച്ചത്തിൽ കരഞ്ഞു. രാജാവും കിദ്രോൻതോടു കടന്നു. ആ ജനമെല്ലാം മരുഭൂമിയിലേക്കു യാത്രതിരിച്ചു. സാദോക്കും അദ്ദേഹത്തോടുകൂടെയുള്ള ലേവ്യരും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ചുമന്നുകൊണ്ടുവന്നു. അവർ ദൈവത്തിന്റെ പേടകം ഇറക്കിവെച്ചു; ജനമെല്ലാം നഗരം കടന്നുതീരുന്നതുവരെ അബ്യാഥാർ യാഗങ്ങൾ അർപ്പിച്ചു. അപ്പോൾ രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പേടകം നഗരത്തിലേക്കു മടക്കിക്കൊണ്ടുപോകുക. യഹോവയുടെ ദൃഷ്ടിയിൽ എനിക്കു പ്രീതി ലഭിക്കുമെങ്കിൽ അവിടന്ന് എന്നെ തിരികെ വരുത്തുകയും പേടകത്തെയും തിരുനിവാസത്തെയും വീണ്ടും കാണാൻ എനിക്ക് ഇടയാകുകയും ചെയ്യും. എന്നാൽ ‘എനിക്കു നിന്നിൽ പ്രസാദമില്ല,’ എന്നാണ് അവിടന്ന് കൽപ്പിക്കുന്നതെങ്കിൽ, ഇതാ ഞാൻ ഒരുക്കം; അവിടത്തെ ഹിതംപോലെ എന്നോടു ചെയ്യട്ടെ!” പുരോഹിതനായ സാദോക്കിനോടു രാജാവു വീണ്ടും പറഞ്ഞു: “നീ ഒരു ദർശകനല്ലേ? നിന്റെ മകൻ അഹീമാസിനെയും അബ്യാഥാരിന്റെ മകൻ യോനാഥാനെയും കൂട്ടി സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങിപ്പോകുക. നീയും അബ്യാഥാരും നിങ്ങളോടൊപ്പം രണ്ടു പുത്രന്മാരെയും കൂട്ടിക്കൊള്ളുക. നിങ്ങളിൽനിന്ന് വിവരം ലഭിക്കുംവരെ ഞാൻ മരുഭൂമിയിലെ കടവിങ്കൽ കാത്തുനിൽക്കും.” അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പേടകം ജെറുശലേമിലേക്കു തിരികെ കൊണ്ടുപോയി അവിടെ താമസിച്ചു. എന്നാൽ ദാവീദ് ഒലിവുമലയിലേക്കു യാത്രതുടർന്നു. അദ്ദേഹം തല മൂടിയും നഗ്നപാദനായും കരഞ്ഞുകൊണ്ടു യാത്രചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സകലജനവും, അവർ കടന്നുപോകുമ്പോൾ തലമൂടി വിലപിച്ചുകൊണ്ടിരുന്നു. അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടി. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ ഭോഷത്തമാക്കിത്തീർക്കണമേ,” എന്നു ദാവീദ് പ്രാർഥിച്ചു. പിന്നെ ദാവീദ് മലമുകളിൽ, ജനം ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്ത് എത്തി. അർഖ്യവംശജനായ ഹൂശായി അദ്ദേഹത്തെ കാണുന്നതിനായി അവിടെവന്നു. തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് അയാൾ വന്നെത്തി. ദാവീദ് അയാളോടു പറഞ്ഞു: “നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും. അതിനാൽ നീ നഗരത്തിലേക്കു തിരിച്ചുചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം. മുമ്പു ഞാൻ അങ്ങയുടെ പിതാവിന്റെ ദാസനായിരുന്നു. എന്നാൽ ഇന്നു ഞാൻ അങ്ങയുടെ ദാസനായിരിക്കും,’ എന്നു പറഞ്ഞാൽ അഹീഥോഫെലിന്റെ ആലോചനയെ നിഷ്ഫലമാക്കി നിനക്കെന്നെ സഹായിക്കാൻ കഴിയും. പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെ ഉണ്ടല്ലോ. രാജകൊട്ടാരത്തിൽവെച്ച് നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറയുക. അവരുടെ രണ്ടു പുത്രന്മാർ—സാദോക്കിന്റെ മകനായ അഹീമാസും, അബ്യാഥാരിന്റെ മകനായ യോനാഥാനും—അവിടെ അവരോടുകൂടെ ഉണ്ട്. നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറഞ്ഞയയ്ക്കുക.” അങ്ങനെ അബ്ശാലോം നഗരത്തിൽ പ്രവേശിക്കുമ്പോൾത്തന്നെ ദാവീദിന്റെ സ്നേഹിതനായ ഹൂശായിയും ജെറുശലേമിൽ എത്തിച്ചേർന്നു. ദാവീദും സീബയും ദാവീദ് ഒലിവുമല കടന്ന് അൽപ്പദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ കാര്യസ്ഥനായ സീബായെ കണ്ടുമുട്ടി. അദ്ദേഹം ദാവീദിനെ കാണുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ കോപ്പിട്ടതും ഭാരം കയറ്റിയതുമായ രണ്ടു കഴുതകളും ഉണ്ടായിരുന്നു. ആ കഴുതകളുടെ പുറത്ത് ഇരുനൂറ് അടയും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിപ്പഴക്കട്ടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. “നീ ഇവയെല്ലാം കൊണ്ടുവന്നതെന്തിന്?” എന്നു രാജാവ് സീബായോടു ചോദിച്ചു. സീബ മറുപടി പറഞ്ഞു: “കഴുതകൾ രാജാവിന്റെ കുടുംബാംഗങ്ങൾക്കു കയറുന്നതിനും, അടയും പഴവും അങ്ങയുടെ കൂടെയുള്ളവർക്കു തിന്നുന്നതിനും വീഞ്ഞ് മരുഭൂമിയിൽ തളർന്നുപോകുന്നവർക്കു തളർച്ച തീർക്കുന്നതിനുമാണ്.” അപ്പോൾ രാജാവു ചോദിച്ചു: “നിന്റെ യജമാനന്റെ പൗത്രൻ എവിടെ?” സീബാ അദ്ദേഹത്തോടു പറഞ്ഞു: “അദ്ദേഹം ജെറുശലേമിൽ പാർക്കുന്നു. കാരണം, ‘ഇന്ന് ഇസ്രായേൽഗൃഹം എന്റെ വലിയപ്പനായ ശൗലിന്റെ രാജത്വം എനിക്കു തിരികെത്തരും,’ എന്ന് അദ്ദേഹം പറയുന്നു.” അപ്പോൾ രാജാവു സീബായോട്: “മെഫീബോശെത്തിന് ഉണ്ടായിരുന്നതെല്ലാം ഇപ്പോൾ നിന്റേതാണ്” എന്നു പറഞ്ഞു. അതിനു സീബ: “എന്റെ യജമാനനായ രാജാവേ! അങ്ങയെ ഞാൻ ആദരപൂർവം നമിക്കുന്നു. അടിയന് എന്നും തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. ശിമെയി ദാവീദിനെ ശപിക്കുന്നു ദാവീദുരാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഒരുവൻ പുറപ്പെട്ടുവന്നു. അയാൾ ഗേരയുടെ മകനും ശിമെയി എന്നു പേരുള്ളവനും ആയിരുന്നു; അയാൾ ദാവീദിനെ ശപിച്ചുംകൊണ്ടു കടന്നുവന്നു. അയാൾ രാജാവിനെയും രാജഭൃത്യന്മാരെയും കല്ലുവാരിയെറിഞ്ഞു; സകലപടയാളികളും പ്രത്യേക അംഗരക്ഷകരും ദാവീദിന്റെ വലത്തും ഇടത്തുമായി നീങ്ങുകയായിരുന്നു. ശപിക്കുന്നതിനിടയിൽ ശിമെയി പറഞ്ഞു: “കടന്നുപോകൂ, രക്തപാതകാ! കടന്നുപോകൂ, നീചാ! ശൗലിന്റെ ഗൃഹത്തിൽ നീ ചിന്തിയ രക്തത്തിനു യഹോവ പകരം ചെയ്തിരിക്കുന്നു; അദ്ദേഹത്തിനു പകരമാണല്ലോ നീ രാജാവായത്. യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിനു നൽകിയിരിക്കുന്നു. നീ രക്തം ചിന്തിയവനാണ്; അതിനാൽ നിനക്ക് അതിന്റെ ഫലം ലഭിച്ചിരിക്കുന്നു.” അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നല്ലോ! ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ?” എന്നു ചോദിച്ചു. എന്നാൽ രാജാവു പറഞ്ഞു: “സെരൂയയുടെ പുത്രന്മാരേ, നിങ്ങൾക്ക് ഇതിൽ എന്തുകാര്യം? അവൻ ശപിക്കട്ടെ. ‘ദാവീദിനെ ശപിക്കുക,’ എന്ന് യഹോവ അവനോടു കൽപ്പിച്ചിരിക്കുന്നു. പിന്നെ ‘നീ ഇതു ചെയ്യുന്നതെന്ത്?’ എന്നു ചോദിക്കാൻ ആർക്കാണ് അവകാശം?” പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ മാംസമായ എന്റെ സ്വന്തമകൻ എനിക്കു പ്രാണഹാനി വരുത്താൻ നോക്കുന്നു. പിന്നെ ഈ ബെന്യാമീന്യൻ ചെയ്യുന്നതിൽ എന്താണാശ്ചര്യം. അയാളെ വിടുക, അയാൾ ശപിക്കട്ടെ. അങ്ങനെ ചെയ്യാൻ യഹോവ അയാളോടു കൽപ്പിച്ചിരിക്കുന്നു. യഹോവ എന്റെ കഷ്ടതയെ കടാക്ഷിക്കുകയും ഇന്ന് എനിക്കു ലഭിക്കുന്ന ശാപത്തിനു പകരമായി അവിടത്തെ ഉടമ്പടിയുടെ അനുഗ്രഹം നൽകുകയും ചെയ്തേക്കാം!” അങ്ങനെ ദാവീദും കൂടെയുള്ള ജനവും വീഥിയിലൂടെ യാത്രതുടർന്നു. ശിമെയിയും അവർക്കെതിരേ മലഞ്ചെരിവിലൂടെ പൊയ്ക്കൊണ്ടിരുന്നു. പോകുമ്പോൾ അയാൾ ദാവീദിനെ ശപിക്കുകയും കല്ലും ചെളിയും വാരിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. രാജാവും അദ്ദേഹത്തോടൊപ്പമുള്ള സകലജനവും തളർന്ന് അവശരായി ലക്ഷ്യസ്ഥാനത്ത് എത്തി.16:14 ചി.കൈ.പ്ര. യോർദാൻ നദീതീരത്ത് എത്തി. അവിടെ അവർ വിശ്രമിച്ചു. ഹൂശായിയും അഹീഥോഫെലും ഇതിനിടെ അബ്ശാലോമും സകല ഇസ്രായേൽജനവും ജെറുശലേമിലെത്തി. അഹീഥോഫെലും അവരോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ദാവീദിന്റെ സ്നേഹിതനും അർഖ്യനുമായ ഹൂശായി അബ്ശാലോമിന്റെ അടുത്തുവന്ന്: “രാജാവ് നീണാൾ വാഴട്ടെ! രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആശംസിച്ചു. അബ്ശാലോം ഹൂശായിയോട്: “നീ നിന്റെ സ്നേഹിതനോടു കാണിക്കുന്ന സ്നേഹം ഇതാണോ? നിന്റെ സ്നേഹിതനോടുകൂടി നീ പോകാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. ഹൂശായി അബ്ശാലോമിനോടു പറഞ്ഞു: “ഇല്ല, യഹോവയും ഈ ജനവും ഇസ്രായേലിന്റെ സർവജനവും തെരഞ്ഞെടുക്കുന്ന ആളിന്റെ ഭാഗത്താണു ഞാൻ. അദ്ദേഹത്തോടുകൂടെ ഞാൻ നിൽക്കും. അതും കൂടാതെ, ആരെയാണു ഞാൻ സേവിക്കേണ്ടത്? എന്റെ യജമാനന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.” “നാം എന്താണു ചെയ്യേണ്ടത്; താങ്കളുടെ ഉപദേശമെന്ത്?” എന്ന് അബ്ശാലോം അഹീഥോഫെലിനോടു ചോദിച്ചു. അഹീഥോഫെൽ മറുപടി പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കുന്നതിനുവേണ്ടി അങ്ങയുടെ പിതാവ് വിട്ടിട്ടുപോയിരിക്കുന്ന അദ്ദേഹത്തിന്റെ വെപ്പാട്ടികളോടുകൂടെ അങ്ങു കിടക്കപങ്കിടണം. അപ്പോൾ അങ്ങ് സ്വപിതാവിന്റെ വെറുപ്പിനുപാത്രമായിത്തീർന്നിരിക്കുന്നു എന്നു സകല ഇസ്രായേലും കേൾക്കുകയും അങ്ങയോടുകൂടെയുള്ളവരുടെ കരങ്ങൾ കരുത്താർജിക്കുകയും ചെയ്യും.” അങ്ങനെ അവർ അബ്ശാലോമിനുവേണ്ടി മട്ടുപ്പാവിനുമുകളിൽ ഒരു കൂടാരം ഒരുക്കി. സകല ഇസ്രായേലും കാൺകെ അയാൾ സ്വപിതാവിന്റെ വെപ്പാട്ടികളോടുകൂടെ കിടക്കപങ്കിട്ടു. അക്കാലത്ത് അഹീഥോഫെൽ നൽകുന്ന ഉപദേശങ്ങൾ ദൈവത്തിന്റെ അരുളപ്പാടുപോലെയായിരുന്നു. ആയതിനാൽ ദാവീദും അബ്ശാലോമും അഹീഥോഫെലിന്റെ ഉപദേശങ്ങളെ മാനിച്ചത് ആ വിധംതന്നെയായിരുന്നു. അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം.17:1 അഥവാ, പുറപ്പെടട്ടെ അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും, അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.” ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു. “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു. ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?” ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല. അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല. ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും. അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ. “അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം. അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല. ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.” “അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു. അതിനുശേഷം ഹൂശായി പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ചെന്നു. “അബ്ശാലോമിനും ഇസ്രായേൽ ഗോത്രത്തലവന്മാർക്കും അഹീഥോഫെൽ ഇന്നപ്രകാരം ഉപദേശം നൽകി; എന്നാൽ ഞാനാകട്ടെ, ഇങ്ങനെയെല്ലാമാണ് ഉപദേശിച്ചത്,” എന്ന് അവരോടു പറഞ്ഞു. അദ്ദേഹം തുടർന്നു: “ഇപ്പോൾത്തന്നെ വേഗത്തിൽ സന്ദേശമയച്ച് ദാവീദിനോടു പറയിക്കുക. ‘മരുഭൂമിയിലെ കടവിങ്കൽ രാത്രി കഴിച്ചുകൂട്ടരുത്, പെട്ടെന്ന് നദികടന്നു പോകുക; വീഴ്ചവരുത്തരുത്. അല്ലെങ്കിൽ രാജാവും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും സംഹരിക്കപ്പെടും.’ ” യോനാഥാനും അഹീമാസിനും പട്ടണത്തിൽ പ്രവേശിച്ചിട്ട് പുറത്തുപോകുക സാധ്യമായിരുന്നില്ല. അതിനാൽ അവർ ഏൻ-രോഗേലിനരികെ കാത്തുനിൽക്കുകയായിരുന്നു. ഒരു വേലക്കാരി ചെന്ന് അവരോടു വിവരം പറയുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു. എന്നാൽ ഈ പ്രാവശ്യം ഒരു ചെറുപ്പക്കാരൻ അവരെ കാണുകയും അബ്ശാലോമിനെ വിവരം അറിയിക്കുകയും ചെയ്തു. അതിനാൽ അവരിരുവരും വേഗം ബഹൂരീമിൽ ഒരുവന്റെ വീട്ടിൽച്ചെന്നു കയറി. അയാളുടെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു. അവർ അതിൽ ഇറങ്ങിയിരുന്നു. അയാളുടെ ഭാര്യ ഒരു മൂടുവിരിയെടുത്ത് കിണറിന്റെ വായ് മൂടിയശേഷം അതിന്മേൽ ധാന്യം ഉണക്കാനായി നിരത്തി. സംഗതികളെപ്പറ്റി ആർക്കും യാതൊരറിവും ലഭിച്ചിരുന്നില്ല. അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്ന്, “അഹീമാസും യോനാഥാനും എവിടെ?” എന്നു സ്ത്രീയോടു ചോദിച്ചു. “അവർ തോടു കടന്നുപോയി,” എന്നു സ്ത്രീ മറുപടി പറഞ്ഞു. ആ ഭൃത്യന്മാർ പിറകേ ചെന്നു തെരഞ്ഞെങ്കിലും ആരെയും കാണായ്കയാൽ ജെറുശലേമിലേക്കു മടങ്ങിപ്പോയി. ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.” അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല. തന്റെ ഉപദേശം അവർ സ്വീകരിച്ചില്ല എന്നുകണ്ടപ്പോൾ അഹീഥോഫെൽ തന്റെ കഴുതയ്ക്ക് കോപ്പിട്ട് സ്വന്തം നഗരത്തിലുള്ള വീട്ടിലേക്കു പോയി. അവിടെച്ചെന്ന് തന്റെ ഗൃഹകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം അയാൾ തൂങ്ങിമരിച്ചു. അയാളുടെ പിതാവിന്റെ കല്ലറയിൽ അയാളെ അടക്കംചെയ്തു. അബ്ശാലോമിന്റെ മരണം ദാവീദ് മഹനയീമിലേക്കുപോയി. അബ്ശാലോം ഇസ്രായേലിന്റെ സകലസൈന്യങ്ങളുമായി യോർദാൻ കടന്നു. യോവാബിനു പകരം അമാസയെ അബ്ശാലോം സൈന്യാധിപനായി അവരോധിച്ചിരുന്നു. അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗയിലിനെ യേഥെർ17:25 യിത്രാ, യേഥെർ എന്നതിന്റെ മറ്റൊരുരൂപം. എന്ന യിശ്മായേല്യൻ17:25 1 ദിന. 2:17 കാണുക. ചി.കൈ.പ്ര. ഇസ്രായേല്യൻ വിവാഹംചെയ്തിട്ട് ഉണ്ടായ മകനായിരുന്നു. ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു. ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകനായ ശോബിയും ലോ-ദേബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീറും രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും കിടക്കകളും തളികകളും മൺപാത്രങ്ങളും കൊണ്ടുവന്നു. ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുന്നതിനായി അവർ ഗോതമ്പ്, യവം, ധാന്യമാവ്, മലർ, അമരക്കായ്, പയർ, തേൻ, തൈര്, ആട്, പശുവിൻ പാൽക്കട്ടി എന്നിവകൂടി കൊണ്ടുവന്നിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നല്ലോ,” എന്ന് അവർ പറഞ്ഞു. അതിനുശേഷം ദാവീദ് തന്നോടുകൂടെയുള്ള സൈന്യത്തെ വിളിച്ചുകൂട്ടി എണ്ണം തിട്ടപ്പെടുത്തുകയും അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിക്കുകയും ചെയ്തു. ദാവീദ് തന്റെ പടയാളികളിൽ മൂന്നിലൊരുഭാഗത്തെ യോവാബിന്റെ ആധിപത്യത്തിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായിയുടെ ആധിപത്യത്തിലും ബാക്കിയുള്ള മൂന്നിലൊന്നിനെ ഗിത്യനായ ഇത്ഥായിയുടെ ആധിപത്യത്തിലും ആക്കി അയച്ചു. “ഞാനും തീർച്ചയായും നിങ്ങളോടുകൂടി മുന്നണിയിലേക്കുവരുന്നു,” എന്നു രാജാവു പറഞ്ഞു. എന്നാൽ ജനം പറഞ്ഞു: “അങ്ങു വരരുത്! ഞങ്ങൾ തോറ്റോടേണ്ടതായിവന്നാലും അവർ ഞങ്ങളെ കാര്യമാക്കുകയില്ല. ഞങ്ങളിൽ പകുതി ആളുകൾ വധിക്കപ്പെട്ടാലും അതാരും പരിഗണിക്കുകയില്ല. പക്ഷേ, അങ്ങോ! അങ്ങ് ഞങ്ങളിൽ പതിനായിരംപേർക്കു തുല്യനത്രേ! അങ്ങു നഗരത്തിലിരുന്ന് ഞങ്ങളെ സഹായിക്കുന്നതാണു നല്ലത്.” “നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതു ഞാൻ ചെയ്യാം,” എന്നു രാജാവു പറഞ്ഞു. അതിനാൽ രാജാവു പടിവാതിൽക്കൽ നിന്നു. സകലജനങ്ങളും നൂറുനൂറായും ആയിരമായിരമായും കടന്നുപോയി. രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും: “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് ദയവോടെ പെരുമാറുക,” എന്നു കൽപ്പിച്ചു. അബ്ശാലോമിനെക്കുറിച്ച് രാജാവു സൈന്യാധിപന്മാർ ഓരോരുത്തരോടും കൽപ്പിക്കുന്നത് പടയാളികളെല്ലാം കേട്ടിരുന്നു. അങ്ങനെ സൈന്യം ഇസ്രായേലിനെ നേരിടുന്നതിനായി പട്ടണത്തിനുപുറത്തേക്കു നീങ്ങി. എഫ്രയീം വനത്തിൽവെച്ച് അവർ ഏറ്റുമുട്ടി. അവിടെവെച്ച് ഇസ്രായേൽസൈന്യം ദാവീദിന്റെ ചേവകരോടു തോറ്റു. അന്ന് ഒരു മഹാസംഹാരം നടന്നു. ഇരുപതിനായിരം പടയാളികൾ വധിക്കപ്പെട്ടു. യുദ്ധം ആ പ്രദേശമെല്ലാം പരന്നു. അന്ന് വാളിനാൽ കൊല്ലപ്പെട്ടവരിൽ അധികംപേർ വനത്തിന്റെ ഘോരതനിമിത്തം കൊല്ലപ്പെട്ടു. അബ്ശാലോം ദാവീദിന്റെ സൈന്യത്തിന് എതിരേ പുറപ്പെട്ടു. അദ്ദേഹം തന്റെ കോവർകഴുതപ്പുറത്ത് ഓടിച്ചുപോയി. ഇടതൂർന്ന ശിഖരങ്ങളോടുകൂടിയ ഒരു കരുവേലകത്തിന്റെ അടിയിലൂടെ കഴുത ഓടിപ്പോയപ്പോൾ അബ്ശാലോമിന്റെ തലമുടി ആ മരത്തിൽ കുരുങ്ങി. അദ്ദേഹം സഞ്ചരിച്ചിരുന്ന കഴുത ഓടിപ്പോകുകയും അദ്ദേഹം ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടക്കുകയും ചെയ്തു. പടയാളികളിൽ ഒരുവൻ ഇതുകണ്ട് ഓടിച്ചെന്നു യോവാബിനോട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു. തന്നോടിതു പറഞ്ഞ ആളിനോടു യോവാബു ചോദിച്ചു: “എന്ത്! നീ കണ്ടെന്നോ? എങ്കിൽ നീ അവിടെവെച്ചുതന്നെ അവനെ വെട്ടി നിലത്തു വീഴ്ത്താഞ്ഞതെന്തുകൊണ്ട്? എങ്കിൽ ഞാൻ നിനക്കു പത്തുശേക്കേൽ18:11 ഏക. 115 ഗ്രാം. വെള്ളിയും ഒരു അരപ്പട്ടയും18:11 അതായത്, ബെൽറ്റ് നൽകുമായിരുന്നല്ലോ!” എന്നാൽ ആ മനുഷ്യൻ യോവാബിനോട് ഈ വിധം മറുപടി പറഞ്ഞു: “ഒരായിരം ശേക്കേൽ18:12 ഏക. 12 കി.ഗ്രാം. വെള്ളി എന്റെ കൈയിൽ തൂക്കിത്തന്നാലും ഞാൻ രാജകുമാരന്റെനേരേ കൈ ഉയർത്തുകയില്ല. ‘എന്നെ ഓർത്ത് അബ്ശാലോം രാജകുമാരനെ സംരക്ഷിക്കണം,’ എന്ന് ഞങ്ങളെല്ലാം കേൾക്കെയാണല്ലോ രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കൽപ്പിച്ചത്. മറിച്ച്, ഞാൻ കുമാരന്റെ നേരേ വഞ്ചനകാട്ടി എന്റെ ജീവൻ അപകടത്തിലാക്കിയിരുന്നെങ്കിൽ—രാജാവിന് അജ്ഞാതമായിരിക്കുകയില്ലല്ലോ—അങ്ങുതന്നെ എന്നിൽനിന്ന് അകന്നുനിൽക്കുമായിരുന്നു.” “നിന്നോടു സംസാരിച്ചുനിന്ന് ഞാൻ സമയം പാഴാക്കുകയില്ല,” എന്നു പറഞ്ഞു യോവാബ് മൂന്നു വേൽ18:14 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. കൈയിലെടുത്തുകൊണ്ട് അവിടെ ഓടിയെത്തി. അപ്പോഴും കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടന്നിരുന്ന അബ്ശാലോമിന്റെ നെഞ്ചിൽ അവ കുത്തിയിറക്കി. യോവാബിന്റെ ആയുധവാഹകരിൽ പത്തുപേർ അബ്ശാലോമിന്റെ ചുറ്റുംനിന്ന് അദ്ദേഹത്തെ അടിച്ചുകൊന്നു. അപ്പോൾ യോവാബു കാഹളമൂതി, യോവാബു വിലക്കിയതിനാൽ പടയാളികൾ ഇസ്രായേലിനെ പിൻതുടരുന്നതു മതിയാക്കി. അവർ അബ്ശാലോമിനെ എടുത്ത് വനത്തിലെ ഒരു വലിയ കുഴിയിൽ ഇട്ടു; അയാളുടെമേൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടുകയും ചെയ്തു. ഇതിനിടെ ഇസ്രായേലെല്ലാം താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി. അബ്ശാലോം ജീവിച്ചിരുന്നകാലത്തു തനിക്കു സ്മാരകമായി രാജതാഴ്വരയിൽ ഒരു സ്തംഭം സ്ഥാപിച്ചിരുന്നു. “എന്റെ ഓർമ നിലനിർത്താൻ എനിക്കൊരു മകനില്ലല്ലോ,” എന്നു ചിന്തിച്ചിട്ട് അദ്ദേഹം ആ സ്തംഭത്തിനു തന്റെ പേരുതന്നെ നൽകിയിരുന്നു. ഇന്നും അത് അബ്ശാലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു. ദാവീദിന്റെ വിലാപം അപ്പോൾ സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന്, രാജാവിനെ തന്റെ ശത്രുക്കളുടെ കൈയിൽനിന്നു യഹോവ വിടുവിച്ചിരിക്കുന്നു എന്ന വർത്തമാനം അറിയിക്കട്ടെ!” എന്നു പറഞ്ഞു. യോവാബ് അദ്ദേഹത്തോട്: “ഇന്നു വാർത്ത കൊടുക്കേണ്ടതു നീയല്ല; ഇനി ഒരവസരത്തിൽ നിനക്കു വാർത്തയുമായി പോകാം. രാജകുമാരൻ മരിച്ചിരിക്കുകയാൽ ഇന്നു നീ വാർത്തയുമായി പോകരുത്,” എന്നു പറഞ്ഞു. അതിനെത്തുടർന്ന് യോവാബ് ഒരു കൂശ്യനെ വിളിച്ച്: “നീ കണ്ടത് ചെന്ന് രാജാവിനെ അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങിയിട്ട് ഓടിപ്പോയി. സാദോക്കിന്റെ മകനായ അഹീമാസ് വീണ്ടും യോവാബിനോടു നിർബന്ധിച്ചുപറഞ്ഞു: “എന്തും സംഭവിക്കട്ടെ! കൂശ്യന്റെ പിന്നാലെ ഓടാൻ എന്നെ അനുവദിച്ചാലും!” എന്നാൽ യോവാബു മറുപടി പറഞ്ഞു: “എന്റെ മകനേ, നീ എന്തിനു പോകാൻ ആഗ്രഹിക്കുന്നു? ഒരു പ്രതിഫലം ലഭിക്കുന്ന വാർത്തയല്ല നിനക്ക് അറിയിക്കാനുള്ളത്.” അയാൾ വീണ്ടും നിർബന്ധപൂർവം: “എന്തും വരട്ടെ, ഞാൻ ഓടിച്ചെല്ലും” എന്നു പറഞ്ഞു. അതിനാൽ “ഓടിക്കൊള്ളുക!” യോവാബ് പറഞ്ഞു. അഹീമാസ് സമഭൂമി18:23 അതായത്, യോർദാൻ സമഭൂമി. വഴിയായി ഓടി കൂശ്യനെ പിന്നിലാക്കി. ഈ സമയത്ത് ഉള്ളിലെയും പുറത്തെയും കവാടങ്ങൾക്കിടയിലായി ദാവീദ് ഇരിക്കുകയായിരുന്നു. കാവൽക്കാരൻ മതിലിങ്കലെ കവാടത്തിന്റെ മുകൾത്തട്ടിൽ കയറിനിന്നു നോക്കി. ഒരുവൻ തനിച്ച് ഓടിവരുന്നത് അയാൾ കണ്ടു. കാവൽക്കാരൻ ആ വിവരം രാജാവിനെ വിളിച്ചറിയിച്ചു. “അയാൾ തനിച്ചാണു വരുന്നതെങ്കിൽ ശുഭവർത്തമാനമായിരിക്കും,” എന്നു രാജാവു പറഞ്ഞു. അയാൾ ഓടിയടുത്തുകൊണ്ടിരുന്നു. പിന്നെ മറ്റൊരാൾകൂടി ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അയാൾ കവാടസൂക്ഷിപ്പുകാരനെ വിളിച്ചറിയിച്ചു. “ഇതാ! മറ്റൊരാൾകൂടി തനിയേ ഓടിവരുന്നു!” “അവനും ശുഭവർത്തമാനമായിരിക്കും കൊണ്ടുവരുന്നത്,” എന്നു രാജാവു പറഞ്ഞു. “ഓടിവരുന്നവരിൽ ആദ്യത്തെ ആൾ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെ എനിക്കുതോന്നുന്നു,” എന്ന് കാവൽക്കാരൻ പറഞ്ഞു. “അവൻ നല്ലവനാണ്; അവൻ ശുഭവർത്തമാനം കൊണ്ടുവരുന്നു,” എന്നു രാജാവു പറഞ്ഞു. അപ്പോൾ അഹീമാസ് രാജാവിനോട്, “എല്ലാം ശുഭമായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അയാൾ രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചശേഷം പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയ്ക്കു സ്തോത്രം! എന്റെ യജമാനനായ രാജാവിനെതിരേ കൈ ഉയർത്തിയവരെ അവിടന്ന് ഏൽപ്പിച്ചുതന്നിരിക്കുന്നു.” “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” എന്നു രാജാവു ചോദിച്ചു. അഹീമാസ് ഉത്തരം പറഞ്ഞു: “രാജാവേ! അങ്ങയുടെ ദാസനായ അടിയനെ യോവാബു പറഞ്ഞയയ്ക്കുമ്പോൾ ഞാനൊരു വലിയ ബഹളം കണ്ടു. എന്നാൽ അതെന്താണെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല.” “നീ അവിടെ മാറിനിൽക്കുക,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അയാൾ അവിടെ മാറിനിന്നു. അപ്പോൾ കൂശ്യൻവന്ന് അറിയിച്ചു: “എന്റെ യജമാനനായ രാജാവേ, ശുഭവർത്തമാനം കേട്ടാലും! അങ്ങേക്കെതിരേ ഉയർന്ന എല്ലാവരുടെയും പിടിയിൽനിന്ന് യഹോവ ഇന്ന് അങ്ങയെ വിടുവിച്ചിരിക്കുന്നു.” “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” രാജാവു കൂശ്യനോടു ചോദിച്ചു. “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയെ ദ്രോഹിക്കാൻ മുതിരുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആയിത്തീരട്ടെ!” എന്നു കൂശ്യൻ മറുപടി പറഞ്ഞു. രാജാവു നടുങ്ങിപ്പോയി. അദ്ദേഹം പടിപ്പുരമാളികയിൽ കയറി വിലപിച്ചു. പോകുമ്പോൾ “എന്റെ മകനേ, അബ്ശാലോമേ! എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ! നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്ശാലോമേ, എന്റെ മകനേ! എന്റെ മകനേ!” എന്നിങ്ങനെ അദ്ദേഹം വിലപിച്ചു. “രാജാവ് അബ്ശാലോമിനെച്ചൊല്ലി കരഞ്ഞു വിലപിച്ചുകൊണ്ടിരിക്കുന്നു,” എന്നു യോവാബു കേട്ടു. “രാജാവു തന്റെ മകനെപ്രതി വ്യസനിച്ചിരിക്കുന്നു,” എന്നു പറയുന്നതു പടയാളികളെല്ലാം കേട്ടിരുന്നതിനാൽ സൈന്യത്തിനെല്ലാം അന്നത്തെ വിജയം ദുഃഖമായി കലാശിച്ചു. പടയിൽനിന്നു തോറ്റോടി നാണംകെട്ടു വരുന്നവരെപ്പോലെ ജനമെല്ലാം അന്നു നഗരത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുവന്നു. രാജാവു തന്റെ മുഖം മറച്ച് “എന്റെ മകനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ ഉച്ചത്തിൽ കരഞ്ഞു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും അങ്ങയുടെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ ഇപ്പോൾ രക്ഷിച്ചിരിക്കുന്ന ഈ ജനങ്ങളെ അങ്ങ് അപമാനിച്ചിരിക്കുന്നു. അങ്ങയെ വെറുക്കുന്നവരെ അങ്ങു സ്നേഹിക്കുകയും സ്നേഹിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ സൈന്യാധിപന്മാരും അവരോടൊപ്പമുള്ള ജനങ്ങളും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്ശാലോം ജീവനോടെയിരിക്കുകയും ഞങ്ങളെല്ലാം മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്ക് ഇന്നു സന്തോഷമാകുമായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. അങ്ങ് ഉടനെ പുറത്തുവന്ന് അങ്ങയുടെ ജനത്തെ അഭിനന്ദിക്കണം! അപ്രകാരം ചെയ്യുന്നതിന് പുറത്തേക്കു വരാത്തപക്ഷം ഞാനിതാ, യഹോവയുടെ നാമത്തിൽ ആണയിട്ടുപറയുന്നു, ഇന്നു സന്ധ്യയാകുമ്പോഴേക്കും അങ്ങയുടെകൂടെ ഒരൊറ്റയാൾപോലും ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ യൗവനകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സകല അനർഥങ്ങളെക്കാളും അതു ഗുരുതരമായിരിക്കുകയും ചെയ്യും.” അതിനാൽ രാജാവ് എഴുന്നേറ്റ് കവാടത്തിൽ ഉപവിഷ്ടനായി. “രാജാവു കവാടത്തിൽ ഇരിക്കുന്നു,” എന്നു കേട്ടപ്പോൾ ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പാകെ വന്നുചേർന്നു. ഇതിനിടെ ഇസ്രായേല്യരെല്ലാം സ്വന്തം ഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു. ദാവീദ് ജെറുശലേമിലേക്കു തിരികെവരുന്നു ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും ജനം പരസ്പരം ഈ വിധം തർക്കിച്ചുകൊണ്ടിരുന്നു; “രാജാവു നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു വിടുവിച്ചു. ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ രക്ഷിച്ചതും അദ്ദേഹംതന്നെ. എന്നാലിപ്പോൾ അബ്ശാലോംമുഖാന്തരം നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു. ഇപ്പോൾ നമ്മെ ഭരിക്കുന്നതിനായി നാം അഭിഷേകംചെയ്ത അബ്ശാലോം യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ ഒന്നും മിണ്ടാതിരിക്കുന്നതെന്ത്?” അതിനുശേഷം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഈ സന്ദേശം അയച്ചു: “നിങ്ങൾ യെഹൂദ്യയിലെ നേതാക്കന്മാരോടു ചോദിക്കുക: ‘സകല ഇസ്രായേലിലും സംസാരിക്കപ്പെടുന്ന വസ്തുത, രാജാവിന്റെ ആസ്ഥാനത്ത് എത്തിയിരിക്കുന്നു. എന്നിട്ടും രാജാവിനെ കൊട്ടാരത്തിലേക്കു തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിന്നിലാകുന്നതെന്തിന്? നിങ്ങൾ എന്റെ സഹോദരന്മാർ! എന്റെ സ്വന്തമാംസവും രക്തവും! അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങളെന്തിനു പിന്നിലാകണം?’ അമാസയോട് ഇപ്രകാരം പറയുക: ‘നീ എന്റെ സ്വന്തമാംസവും രക്തവും അല്ലേ? ഇപ്പോൾമുതൽ നീ യോവാബിനു പകരം എന്റെ സൈന്യത്തിനു നായകനായിരിക്കുന്നില്ലെങ്കിൽ ദൈവം എന്നോടു പകരം ചെയ്യട്ടെ!’ ” യെഹൂദാഗോത്രത്തിലെ സകലരുടെയും ഹൃദയം ദാവീദ് ഒരുപോലെ കവർന്നു. “അങ്ങും അങ്ങയുടെ സകല അനുയായികളും മടങ്ങിവന്നാലും,” എന്ന് അവർ സന്ദേശമയച്ചു. അപ്പോൾ രാജാവ് മടങ്ങി യോർദാന്റെ തീരംവരെ എത്തി. ദാവീദിനെ ചെന്നു കാണുന്നതിനും അദ്ദേഹത്തെ യോർദാൻ കടത്തിക്കൊണ്ടു വരുന്നതിനുമായി യെഹൂദ്യയിലെ ജനമെല്ലാം ഗിൽഗാലിൽ എത്തിയിരുന്നു. ഗേരയുടെ മകൻ ശിമെയി എന്ന ബഹൂരീംകാരനായ ബെന്യാമീന്യനും ദാവീദ് രാജാവിനെ എതിരേൽക്കുന്നതിന് യെഹൂദാജനത്തോടൊപ്പം ബദ്ധപ്പെട്ടുചെന്നു. അദ്ദേഹത്തോടൊപ്പം ശൗൽഗൃഹത്തിന്റെ കാര്യസ്ഥനായ സീബായും അദ്ദേഹത്തിന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉൾപ്പെടെ ആയിരം ബെന്യാമീന്യരും ഉണ്ടായിരുന്നു. അവർ യോർദാൻനദീതീരത്തേക്ക് രാജസന്നിധിയിൽ ബദ്ധപ്പെട്ടു പാഞ്ഞെത്തി. രാജഗൃഹത്തെ ഇക്കരയ്ക്ക് ആനയിക്കാനും രാജഹിതം നിറവേറ്റുവാനുമായി അവർ യോർദാന്റെ കടവു കടന്നെത്തി. ഗേരയുടെ മകനായ ശിമെയി യോർദാൻ കടന്നെത്തിയപ്പോൾ അദ്ദേഹം രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. ശിമെയി രാജാവിനോടു പറഞ്ഞു: “എന്റെ യജമാനൻ അടിയനെ കുറ്റക്കാരനായി കണക്കാക്കരുതേ! എന്റെ യജമാനനായ രാജാവ് ജെറുശലേം വിട്ടുപോയ ദിവസം അടിയൻ ചെയ്ത തെറ്റ് അവിടന്ന് ഓർക്കരുതേ! അതു മനസ്സിൽനിന്ന് മായിച്ചുകളയണമേ! അവിടത്തെ ദാസനായ അടിയൻ പാപംചെയ്തു എന്നു ഞാൻ അറിയുന്നു. എന്നാൽ ഇന്നിതാ ഞാൻ വന്നിരിക്കുന്നു; യോസേഫിന്റെ ഗോത്രങ്ങളിലുംവെച്ച് മുമ്പനായി എന്റെ യജമാനനായ രാജാവിനെ എതിരേൽക്കാൻ അടിയൻ വന്നിരിക്കുന്നു.” അപ്പോൾ സെരൂയയുടെ മകനായ അബീശായി പറഞ്ഞു: “ശിമെയി യഹോവയുടെ അഭിഷിക്തനെ ശപിച്ചവനാണ്. ഇക്കാരണത്താൽത്തന്നെ അവൻ വധിക്കപ്പെടേണ്ടതല്ലേ?” അതിനു ദാവീദ്, “സെരൂയാപുത്രന്മാരേ! ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തുകാര്യം? എന്ത് അധികാരംകൊണ്ടാണ് നിങ്ങൾ ഈ കാര്യത്തിൽ ഇടപെടുന്നത്? ഇന്ന് ഇസ്രായേലിൽ ആരെങ്കിലും വധിക്കപ്പെടണമോ? ഇന്നു ഞാൻ ഇസ്രായേലിനു മുഴുവനും രാജാവാണെന്ന് എനിക്കറിഞ്ഞുകൂടേ?” എന്നു പറഞ്ഞു. രാജാവു ശിമെയിയോട്, “നീ മരിക്കുകയില്ല” എന്നു പറഞ്ഞു. രാജാവ് ആ കാര്യം ശപഥംചെയ്ത് ഉറപ്പാക്കുകയും ചെയ്തു. ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേൽക്കുന്നതിനു വന്നു. രാജാവ് വിട്ടുപോയ നാൾമുതൽ സുരക്ഷിതനായി തിരിച്ചെത്തിയ നാൾവരെയും അദ്ദേഹം തന്റെ പാദങ്ങൾക്കു പരിചരണം നൽകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. മെഫീബോശെത്ത് ജെറുശലേമിൽനിന്നും രാജാവിനെ എതിരേൽക്കാനായി വന്നെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മെഫീബോശെത്തേ! നീ എന്റെകൂടെ വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ! അങ്ങയുടെ ദാസനായ അടിയൻ ഒരു മുടന്തനാകുകയാൽ, ‘എന്റെ കഴുതയ്ക്കു കോപ്പിട്ടുതരണം, ഞാനതിന്മേൽക്കയറി രാജാവിന്റെ കൂടെപ്പോകും’ എന്നു ഞാൻ പറഞ്ഞു. എന്നാൽ എന്റെ ദാസനായ സീബാ എന്നെ ചതിച്ചു. അതുകൂടാതെ അയാൾ അടിയനെപ്പറ്റി എന്റെ യജമാനനായ രാജാവിനോട് അപവാദം പറയുകയും ചെയ്തു. എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെയാകുന്നുവല്ലോ! അതിനാൽ അവിടത്തേക്ക് ഇഷ്ടമായത് അടിയനോടു ചെയ്താലും! എന്റെ യജമാനനായ രാജാവിങ്കൽനിന്നും എന്റെ വലിയപ്പന്റെ പിൻഗാമികളെല്ലാം മരണമല്ലാതെ മറ്റൊന്നും അർഹിച്ചിരുന്നില്ല. എന്നാൽ അങ്ങ്, അങ്ങയുടെ ദാസനായ അടിയന്, അങ്ങയുടെ മേശയിങ്കൽ ഭക്ഷണത്തിന് ഇരിക്കുന്നവരോടുകൂടെ സ്ഥാനം തന്നു. അങ്ങനെയിരിക്കെ രാജാവിന്റെ സമക്ഷത്തിൽ മറ്റെന്തെങ്കിലുംകൂടി അപേക്ഷിക്കാൻ അടിയന് എന്തവകാശം?” അദ്ദേഹത്തോടു രാജാവു പറഞ്ഞു: “എന്തിനു കൂടുതൽ പറയുന്നു? നീയും സീബായുംകൂടി ഭൂസ്വത്തുകൾ വീതിച്ചെടുത്തുകൊള്ളാൻ ഞാനിതാ കൽപ്പിച്ചിരിക്കുന്നു.” മെഫീബോശെത്ത് രാജാവിനോടു വീണ്ടും പറഞ്ഞു: “ഇന്ന് എന്റെ യജമാനനായ രാജാവ് സുരക്ഷിതനായി കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുകയാൽ സ്വത്തുക്കൾ എല്ലാം അയാൾ എടുത്തുകൊള്ളട്ടെ!” രാജാവിനോടുകൂടി യോർദാൻ കടക്കുന്നതിനും അവിടെനിന്നും അദ്ദേഹത്തെ യാത്രയാക്കുന്നതിനുമായി രോഗെലീമിൽനിന്നും ഗിലെയാദ്യനായ ബർസില്ലായിയും വന്നുചേർന്നു. ഈ സമയം ബർസില്ലായി എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവു മഹനയീമിൽ താമസിച്ചിരുന്നകാലത്ത് അദ്ദേഹത്തിനുവേണ്ട ഭക്ഷണസാമഗ്രികൾ അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം വളരെ ധനികനുമായിരുന്നു. രാജാവു ബർസില്ലായിയോടു പറഞ്ഞു. “എന്നോടൊപ്പം ജെറുശലേമിൽ താമസിക്കുക. നിങ്ങൾക്കു വേണ്ടതെല്ലാം ഞാൻ തന്നു രക്ഷിക്കും.” എന്നാൽ ബർസില്ലായി രാജാവിനോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും! ഞാനെന്തിന് രാജാവിനോടുകൂടി ജെറുശലേമിൽ പോരണം! എനിക്കിപ്പോൾ എൺപതു വയസ്സായി, ആസ്വാദ്യവും അല്ലാത്തതുംതമ്മിൽ വിവേചിച്ചുപറയാൻ എനിക്കു കഴിയുമോ? ഭക്ഷണപാനീയങ്ങളുടെ സ്വാദു തിരിച്ചറിയാനും അടിയനു കഴിയുമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം കേട്ടുരസിക്കാൻ എനിക്കു കഴിയുമോ? എന്റെ യജമാനനായ രാജാവിന് ദാസനായ അടിയൻ ഒരു ഭാരമായിരിക്കുന്നതെന്തിന്? അവിടത്തെ ഈ ദാസൻ യോർദാൻ കടന്ന് അൽപ്പദൂരം രാജാവിനോടുകൂടെപ്പോരാം. രാജാവ് അടിയന് ഈ വിധം പ്രതിഫലം തരുന്നതെന്തിന്? അങ്ങയുടെ ദാസൻ തിരികെപ്പോകട്ടെ! എന്റെ സ്വന്തം നഗരത്തിൽ എന്റെ മാതാപിതാക്കന്മാരുടെ കല്ലറയ്ക്കരികിൽ ഞാൻ മരിക്കട്ടെ! എന്നാൽ ഇതാ, അങ്ങയുടെ ദാസനായ കിംഹാം. എന്റെ യജമാനനായ രാജാവിനോടുകൂടി അയാൾ യോർദാൻ കടന്നുവരട്ടെ! അങ്ങയുടെ പ്രസാദംപോലെ അയാളോടു ചെയ്താലും!” രാജാവു കൽപ്പിച്ചു: “കിംഹാം എന്നോടുകൂടി യോർദാൻ കടന്നുവരട്ടെ! താങ്കളുടെ ഇഷ്ടംപോലെ ഞാൻ അവനുവേണ്ടി ചെയ്തുകൊടുക്കാം; താങ്കൾ എന്നിൽനിന്നും ആഗ്രഹിക്കുന്നതെന്തും ഞാൻ താങ്കൾക്കുവേണ്ടി ചെയ്തുതരാം.” അങ്ങനെ ജനമെല്ലാം യോർദാൻ കടന്നു; അതിനുശേഷം രാജാവും നദികടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. രാജാവു ഗിൽഗാലിലേക്കു പോയപ്പോൾ കിംഹാമും അദ്ദേഹത്തോടൊപ്പം പോയി. യെഹൂദാപട്ടാളം മുഴുവനും, ഇസ്രായേൽ പടയിൽ പകുതിയും രാജാവിന് അകമ്പടി സേവിച്ചിരുന്നു. പെട്ടെന്നുതന്നെ ഇസ്രായേൽജനമെല്ലാം വന്ന് രാജാവിനോടു പറഞ്ഞു: “യെഹൂദ്യരായ ഞങ്ങളുടെ സഹോദരന്മാർ രാജാവിനെയും കുടുംബത്തെയും സകലപരിചാരകരോടുംകൂടി രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നതെന്തിന്?” യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?” അപ്പോൾ ഇസ്രായേൽജനം യെഹൂദ്യരോടു മറുപടി പറഞ്ഞു: “ഞങ്ങൾക്കു രാജാവിങ്കൽ പത്ത് ഓഹരിയുണ്ട്; അതുകൊണ്ട് ഞങ്ങൾക്കു ദാവീദിന്മേൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ അവകാശവുമുണ്ട്. അങ്ങനെയിരിക്കെ നിങ്ങൾ ഞങ്ങളെ ഇത്ര അവഗണിക്കുന്നതെന്തിന്? ഞങ്ങളുടെ രാജാവിനെ തിരിച്ചുകൊണ്ടുവരുന്നകാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” എന്നാൽ യെഹൂദാജനത്തിന്റെ വാക്കുകൾ ഇസ്രായേൽജനത്തിന്റേതിനെക്കാൾ പരുഷമായിരുന്നു. ശേബാ ദാവീദിനെതിരേ മത്സരിക്കുന്നു ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!” അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു. ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്. പിന്നെ രാജാവ് അമാസയെ വിളിച്ച്, “മൂന്നുദിവസത്തിനകം യെഹൂദാജനതയെ വിളിച്ചുകൂട്ടിക്കൊണ്ട് തന്റെ അടുക്കൽ വരാൻ കൽപ്പിച്ചു.” അങ്ങനെ അമാസ പോയി. എന്നാൽ രാജാവ് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല. അപ്പോൾ ദാവീദ് അബീശായിയോടു പറഞ്ഞു: “ഇപ്പോൾ ബിക്രിയുടെ മകനായ ശേബാ, അബ്ശാലോം ചെയ്തതിനെക്കാൾ അധികം ദ്രോഹം നമുക്കു ചെയ്തേക്കാം. അതിനാൽ നിന്റെ യജമാനന്റെ ആളുകളെയും കൂട്ടി അവനെ പിൻതുടരുക; അല്ലെങ്കിൽ അവൻ വല്ല സംരക്ഷിതനഗരവും കണ്ടെത്തുകയും നമ്മിൽനിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാം.” അതിനാൽ യോവാബിന്റെ ആളുകളും കെരീത്യരും പ്ളേത്യരും സകലപരാക്രമശാലികളായ യോദ്ധാക്കളും അബീശായിയുടെ നേതൃത്വത്തിൽ ബിക്രിയുടെ മകനായ ശേബയെ പിൻതുടരാൻ ജെറുശലേമിൽനിന്ന് പുറപ്പെട്ടു. അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു. “സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു. യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു. യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!” അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു. അങ്ങനെ അമാസ പെരുവഴിയിൽനിന്നു നീക്കപ്പെട്ടതിനുശേഷം ജനമെല്ലാം ബിക്രിയുടെ മകനായ ശേബയെ പിടികൂടാൻ യോവാബിന്റെ പിന്നാലെ ചെന്നു. ശേബാ ആബേൽ ബേത്ത്-മാക്കാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും ബേര്യരുടെ സകലപ്രവിശ്യകളിലൂടെയും കടന്നുപോയി. അവരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ അനുഗമിച്ചു. യോവാബും സകലപടയാളികളും വന്ന് ആബേൽ-ബേത്ത്-മാക്കായിൽ ശേബയെ ഉപരോധിച്ചു. പട്ടണത്തിനുള്ളിൽ കടക്കുന്നതിനു ചരിഞ്ഞ പാതയുണ്ടാക്കി. അതു കിടങ്ങിന്റെ വക്കിലായിരുന്നു. യോവാബിനോടുകൂടെയുള്ള ജനമെല്ലാം കോട്ട തകർക്കാനായി ഇടിച്ചുകൊണ്ടിരിക്കുമ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.” യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അവൾ തുടർന്നു: “ ‘ആബേലിൽച്ചെന്ന് പ്രശ്നത്തിനു പരിഹാരം തേടുക,’ എന്ന് മുമ്പു പറയുമായിരുന്നു. അങ്ങനെ അവർ പ്രശ്നങ്ങൾ പരിഹരിച്ചും വന്നിരുന്നു. ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?” അതുകേട്ട് യോവാബ്, “ദൈവം എനിക്കിതിന് ഇടവരുത്താതിരിക്കട്ടെ. വിഴുങ്ങിക്കളയുന്നതിനോ നശിപ്പിക്കുന്നതിനോ എനിക്ക് ഇടവരാതിരിക്കട്ടെ! ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.” “അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു. അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി. ദാവീദിന്റെ ഉദ്യോഗസ്ഥന്മാർ യോവാബ് സകല ഇസ്രായേൽ സൈന്യത്തിനും അധിപനായിരുന്നു; കെരീത്യർക്കും പ്ളേത്യർക്കും അധിപതി യെഹോയാദായുടെ മകനായ ബെനായാവ് ആയിരുന്നു. അദോരാം20:24 ചി.കൈ.പ്ര. അദോനിരാം. 1 രാജാ. 4:6; 5:14 കാണുക. നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ. അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ. ശെവാ ലേഖകൻ, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ. യായിര്യനായ20:26 ചി.കൈ.പ്ര. ഇത്രര്യനായ ഈരാ ദാവീദിന്റെ പുരോഹിതനുമായിരുന്നു. ഗിബെയോന്യരുടെ പ്രതികാരം ദാവീദിന്റെ ഭരണകാലത്ത് മൂന്നുവർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ “ശൗലും രക്തപാതകമുള്ള അവന്റെ ഭവനവുംകാരണം ഈ വിധം സംഭവിച്ചിരിക്കുന്നു. ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കിയതിന്റെ ഫലമാണിത്,” എന്ന് യഹോവ അരുളിച്ചെയ്തു. രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു). ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണം? നിങ്ങൾ യഹോവയുടെ അവകാശമായ ഇസ്രായേലിനെ അനുഗ്രഹിക്കാൻ തക്കവണ്ണം ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്?” ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു. അവർ രാജാവിനോടു മറുപടി പറഞ്ഞു: “ഞങ്ങൾ കൂട്ടമായി സംഹരിക്കപ്പെടുകയും ഇസ്രായേൽദേശത്തെങ്ങും ഞങ്ങൾക്കൊരു ഇടംകിട്ടാതെ പോകുകയും ചെയ്യത്തക്കവണ്ണം ഞങ്ങളെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരേ ദുരാലോചന നടത്തുകയുംചെയ്ത ആ മനുഷ്യനുണ്ടല്ലോ! അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു. യഹോവയുടെമുമ്പാകെ ദാവീദും ശൗലിന്റെ മകനായ യോനാഥാനുംതമ്മിൽ ചെയ്ത ഉടമ്പടിയനുസരിച്ച് രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി. അവരോടൊപ്പം അയ്യാവിന്റെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനിയെയും മെഫീബോശെത്തിനെയും അവരോടൊപ്പം ശൗലിന്റെ മകളായ മീഖൾ21:8 ചി.കൈ.പ്ര. മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു ചേർത്തു. ഈ ഏഴുപേരെ അദ്ദേഹം ഗിബെയോന്യർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെ കൊന്ന് യഹോവയുടെമുമ്പാകെ മലയിൽ തൂക്കിയിട്ടു. അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു കൊല്ലപ്പെട്ടു. യവക്കൊയ്ത്തിന്റെ21:9 ബാർലി അഥവാ, ബാർലരി ആദ്യദിവസങ്ങളിലാണ് അവർ വധിക്കപ്പെട്ടത്. അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല. ശൗലിന്റെ വെപ്പാട്ടിയായ അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടു. അപ്പോൾ അദ്ദേഹം ചെന്ന് യാബേശ്-ഗിലെയാദിലെ പൗരന്മാരിൽനിന്നു ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും അസ്ഥികൾ കൊണ്ടുവന്നു (ഫെലിസ്ത്യർ ഗിൽബോവാ മലയിൽവെച്ച് ശൗലിനെ വധിച്ചശേഷം അദ്ദേഹത്തിന്റെയും യോനാഥാന്റെയും മൃതശരീരങ്ങൾ ബേത്-ശയാനിൽ കൊണ്ടുചെന്ന് പൊതു മൈതാനത്തിൽ തൂക്കിയിരുന്നു. യബേശ് നിവാസികൾ അവയെ അവിടെനിന്നു രഹസ്യമായി കൊണ്ടുവന്നിരുന്നു). അവിടെനിന്നു ദാവീദ് ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും ഗിബെയയിൽവെച്ചു കൊന്നു തൂക്കപ്പെട്ടവരുടെയും അസ്ഥികളും ശേഖരിച്ചു. ബെന്യാമീൻദേശത്ത് സേലയിൽ, ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ, ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അവർ സംസ്കരിച്ചു. രാജാവു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. അതിനുശേഷം ദേശത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി. ഫെലിസ്ത്യർക്കെതിരേയുള്ള യുദ്ധങ്ങൾ ഫെലിസ്ത്യരും ഇസ്രായേല്യരുംതമ്മിൽ വീണ്ടും ഒരിക്കൽ യുദ്ധമുണ്ടായി. ദാവീദ് സൈന്യസമേതം ചെന്ന് അവരുമായി പോരാടി; എന്നാൽ അദ്ദേഹം തളർന്നുപോയി. അപ്പോൾ മുന്നൂറു ശേക്കേൽ21:16 ഏക. 3.5 കി. ഗ്രാം. തൂക്കമുള്ള വെങ്കലശൂലം ധരിച്ചവനും പുതിയ ഒരു വാൾ അരയ്ക്കു കെട്ടിയവനും രാഫായുടെ പിൻഗാമികളിൽ ഒരുവനുമായ യിശ്ബി-ബെനോബ് ദാവീദിനെ കൊല്ലുന്നതിന് അദ്ദേഹത്തോടടുത്തു. എന്നാൽ സെരൂയയുടെ മകനായ അബീശായി അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ഓടിയെത്തി. അദ്ദേഹം ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. “ഇസ്രായേലിന്റെ വിളക്ക് പൊലിഞ്ഞുപോകാതിരിക്കാൻ, മേലിൽ അങ്ങു ഞങ്ങളോടൊപ്പം പോർക്കളത്തിലേക്കു വരരുത്,” എന്ന് ദാവീദിന്റെ പടയാളികൾ അന്ന് അദ്ദേഹത്തോടു ശപഥംചെയ്തുപറഞ്ഞു. ഈ സംഭവത്തിനുശേഷം ഗോബിൽവെച്ച് ഫെലിസ്ത്യരുമായി മറ്റൊരു യുദ്ധമുണ്ടായി. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫായുടെ പിൻഗാമികളിൽ മല്ലനായ സഫിനെ വധിച്ചു. ഗോബിൽവെച്ചുതന്നെ ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ21:19 ചി.കൈ.പ്ര. യാരെമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ21:19 മൂ.ഭാ. ഈ വാക്ക് കാണുന്നില്ല. വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്. ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു. അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയിയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു. ഇവർ നാലുപേരും ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു. ദാവീദിന്റെ സ്തോത്രഗാനം യഹോവ ദാവീദിനെ, അദ്ദേഹത്തിന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു. അദ്ദേഹം പാടി: “യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും22:3 അഥവാ, കർത്താവ് എന്റെ രക്ഷയുടെ കൊമ്പും22:3 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ— അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു. “സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. മരണത്തിരമാലകൾ എനിക്കുചുറ്റും ആർത്തിരമ്പി; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ കാതുകളിൽ എത്തി. ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, ആകാശത്തിന്റെ22:8 ചി.കൈ.പ്ര. പർവതങ്ങളുടെ. സങ്കീ. 18:7 കാണുക. അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. അവിടന്നു കെരൂബിൻമുകളിലേറി22:11 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു.22:11 ചി.കൈ.പ്ര. പ്രത്യക്ഷപ്പെട്ടു.സങ്കീ. 18:10 അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മിന്നൽപ്പിണരുകൾ കത്തിജ്വലിച്ചു. യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു. അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു യഹോവേ, അവിടത്തെ ശാസനയാൽ, അങ്ങയുടെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ. “അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. “എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, അവിടത്തെ ദൃഷ്ടിയിൽ എന്നിലുള്ള22:25 ചി.കൈ.പ്ര. എന്റെ കൈയിലുള്ള, സങ്കീ. 18:24 വിശുദ്ധിക്കനുസരിച്ചുതന്നെ. “വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. നിർമലരോട് അവിടന്ന് നിർമലതയോടും എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ നിഗളിച്ചുനടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവെക്കുന്നു. യഹോവേ, അവിടന്നാണ് എന്റെ വിളക്ക്; യഹോവ എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു. അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം. “ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില22:32 ശില, വിവക്ഷിക്കുന്നത് സംരക്ഷകൻ. ആരാണ്? ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു. എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു. അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല. “ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല. ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ നിശ്ശേഷം തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു. ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു. യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞോടുമാറാക്കി, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു. സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. ഞാൻ അവരെ പൊടിച്ച് ഭൂമിയിലെ പൊടിപടലംപോലെയാക്കി; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു. “എന്റെ ജനത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയായി വേർതിരിച്ചു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു, വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു22:46 ചി.കൈ.പ്ര. ആയുധധാരികളായി പുറത്തുവരുന്നു. “യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനും പാറയുമായ എന്റെ ദൈവം അത്യുന്നതൻ. അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എനിക്കു വിധേയപ്പെടുത്തി തന്നിരിക്കുന്നു, അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് വിടുവിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും. “അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലമായ ദയ പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും എന്നേക്കുംതന്നെ.” ദാവീദിന്റെ അന്ത്യവചസ്സുകൾ ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു: “യിശ്ശായിപുത്രനായ ദാവീദിന്റെ, പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ, യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ, ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ: “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു; അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു, ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു: ‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ, അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ, കാർമേഘരഹിതമായ പ്രഭാതത്തിലെ സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ; മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’ “എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ? അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ? വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ. അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ? എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു, അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല, അവയെ തൊടേണ്ടവർ ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു. അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.” ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കൾ ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ23:8 ഹക്‌മോന്യനായ, തഹ്കെമോന്യനായ എന്നതിന്റെ മറ്റൊരുരൂപം. യോശേബ്-ബോശ്ശേബെത്ത്,23:8 ചി.കൈ.പ്ര. ഈശ്-ബോശെത്ത് അതായത്, എശ്-ബാൽ 1 ദിന. 11:11 ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു.23:8 ചി.കൈ.പ്ര. ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ച എസ്ന്യൻ അദീനോ ഇവൻതന്നെ. അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ23:9 1 ദിന. 11:13 കാണുക. അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു. എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്. അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി. എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി. കൊയ്ത്തുകാലത്ത് ഒരിക്കൽ മുപ്പതു പ്രമുഖയോദ്ധാക്കളിൽ മൂന്നുപേർ അദുല്ലാം ഗുഹയിൽ ദാവീദിന്റെ അടുത്തെത്തി. അന്ന് ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നു. ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു പറഞ്ഞു: “അയ്യോ യഹോവേ! ഇതു ചെയ്യാൻ എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ പുരുഷന്മാരുടെ രക്തമല്ലേ, ഇത്?” ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു. സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ23:18 1 ദിന. 11:20 കാണുക. ചി.കൈ.പ്ര. മുപ്പതുപേരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു23:18 ചി.കൈ.പ്ര. മുപ്പത് പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു. അദ്ദേഹം ആ മൂവരെക്കാളും23:19 ചി.കൈ.പ്ര. മുപ്പത് അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു. ഭീമാകാരനായ ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു. യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു. മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി. മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യനായ ശമ്മാ, ഹരോദ്യനായ എലീക്കാ, ഫൽത്യനായ ഹേലെസ്, തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്തുകാരനായ അബിയേസെർ, ഹൂശാത്യനായ സിബ്ബെഖായി,23:27 വാ. 21:18; 1 ദിന. 11:29 കാണുക. ചി.കൈ.പ്ര. മെബുന്നായി അഹോഹ്യനായ സൽമോൻ, നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,23:29 ചി.കൈ.പ്ര. ഹേലെബ് ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി, പിരാഥോന്യനായ ബെനായാവ്, ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി,23:30 1 ദിന. 11:32 കാണുക. ചി.കൈ.പ്ര. ഹുരായി അർബാത്യനായ അബീ-അൽബോൻ, ബർഹൂമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്ബാ, യാശേന്റെ പുത്രന്മാരും, ഹരാര്യനായ ശമ്മായുടെ മകൻ23:33 1 ദിന. 11:34 കാണുക. മൂ.ഭാ. ഈ വാക്ക് കാണുന്നില്ല. യോനാഥാൻ, ഹരാര്യനായ ശരാരിന്റെ23:33 1 ദിന. 11:35 കാണുക. ചി.കൈ.പ്ര. സകാരിന്റെ മകൻ അഹീയാം മാഖാത്യനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, കർമേല്യനായ ഹെസ്രോ, അർബ്യനായ പാറായി, സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യനായ ബാനി,23:36 1 ദിന. 11:38 കാണുക. ചി.കൈ.പ്ര. ഹഗ്രീയുടെ പുത്രൻ അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യനായ നഹരായി, യിത്രിയനായ ഈരാ, യിത്രിയനായ ഗാരേബ്, ഹിത്യനായ ഊരിയാവ് എന്നിവരും. ഇങ്ങനെ ഇവർ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു. ദാവീദ് യോദ്ധാക്കളുടെ ജനസംഖ്യ എടുക്കുന്നു യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു. അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും24:2 1 ദിന. 21:2 കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.” എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?” എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു. ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി. യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു. യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.” പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ” അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു24:13 1 ദിന. 21:12 കാണുക. ചി.കൈ.പ്ര. ഏഴു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!” അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു. സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു. സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!” ദാവീദ് ഒരു യാഗപീഠം പണിയുന്നു അന്ന് ഗാദ് ചെന്ന് ദാവീദിനോടു പറഞ്ഞു: “ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.” യഹോവ ഗാദ് പ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ ദാവീദ് പോയി. രാജാവും അനുയായികളും തന്റെ അടുത്തേക്കു വരുന്നതായിക്കണ്ടപ്പോൾ അരവ്നാ ഓടിവന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?” “താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.” അരവ്നാ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് പ്രസാദം തോന്നുന്നതെല്ലാം എടുത്ത് അർപ്പിച്ചാലും! ഇതാ! ഹോമയാഗത്തിനുള്ള കാളകൾ ഇവിടെയുണ്ട്. വിറകിനുവേണ്ടി മെതിവണ്ടികളും കാളയുടെ നുകങ്ങളും ഉണ്ടല്ലോ! തിരുമനസ്സേ! ഇതെല്ലാം രാജാവിനുവേണ്ടി അരവ്നായുടെ24:23 ചി.കൈ.പ്ര. അരവ്നാ രാജാവ് തിരുമുൽക്കാഴ്ചയാകുന്നു.” അരവ്നാ തുടർന്നു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ.” എന്നാൽ രാജാവ് അരവ്നായോടു മറുപടി പറഞ്ഞു: “അല്ല, അതിനു വിലതരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. എനിക്കു യാതൊരു ചെലവും വരാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അൻപതുശേക്കേൽ24:24 ഏക. 575 ഗ്രാം. വെള്ളികൊടുത്ത് ആ മെതിക്കളവും കാളകളും വാങ്ങിച്ചു. ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ ദേശത്തിനുവേണ്ടിയുള്ള പ്രാർഥന യഹോവ കേട്ടു; ഇസ്രായേലിനെ ബാധിച്ചിരുന്ന മഹാമാരി നീങ്ങിപ്പോയി.