- Biblica® Open Malayalam Contemporary Version 2020
2 പത്രോസ്
പത്രോസ് എഴുതിയ രണ്ടാംലേഖനം
2 പത്രോസ്
2 പത്രോ.
പത്രോസ് എഴുതിയ രണ്ടാംലേഖനം
യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രോസ്,
നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നീതിയിലൂടെ ഞങ്ങൾക്കു ലഭിച്ചതുപോലെയുള്ള അമൂല്യവിശ്വാസം ലഭിച്ചിട്ടുള്ളവർക്ക്, എഴുതുന്നത്:
ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കുന്നു
അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.
ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക. ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും. ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്.
ആകയാൽ സഹോദരങ്ങളേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കുക. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ ഒരിക്കലും പാപത്തിൽ വഴുതിവീഴുകയില്ല. അങ്ങനെ നിങ്ങൾക്കു നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു സ്വീകരണം ലഭിക്കും.
തിരുവചനത്തിലെ പ്രവചനം
നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങളെ അഭ്യസിപ്പിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ സദാ ഓർമിപ്പിക്കാൻ ഞാൻ തൽപ്പരനാണ്. ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു. കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം. എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രഭാപൂർണമായ പുനരാഗമനം ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലത്തോടെ കെട്ടിച്ചമച്ച കഥകൾകൊണ്ടായിരുന്നില്ല; മറിച്ച്, ഞങ്ങൾ അവിടത്തെ പ്രതാപത്തിന് ദൃക്‌സാക്ഷികൾ ആയിരുന്നതുകൊണ്ടാണ്. “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ”1:17 [മത്താ. 17:5]; [മർ. 9:7]; [ലൂക്കോ. 9:35] എന്ന അശരീരി പരമോൽക്കൃഷ്ടമായ തേജസ്സിൽനിന്ന് ഉണ്ടായപ്പോൾ പിതാവായ ദൈവത്തിൽനിന്ന് അവിടത്തേക്ക് ബഹുമാനവും തേജസ്സും ലഭിച്ചു. കർത്താവിനോടൊപ്പം വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് പുറപ്പെട്ട ഈ അശരീരി കേട്ടു.
ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്. തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഹിതാനുസരണം ഉത്ഭവിച്ചിട്ടില്ല; പിന്നെയോ, പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിക്കുകയായിരുന്നു.
വ്യാജപ്രവാചകരുടെ നാശം
എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം നാശം വരുത്തിവെക്കും. അവരുടെ ഈ ദുഷ്‌പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും. അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല.
പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ2:4 മൂ.ഭാ. ടാർട്ടറസ് അതായത്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ സൂക്ഷിപ്പുസ്ഥാനം. നരകം എന്നും പരിഭാഷപ്പെടുത്താം. സൂക്ഷിച്ചിരിക്കുന്നു. അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ പ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്. ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശംവരുത്തി;2:6 [ഉൽ. 19] കാണുക. ഇവർ അഭക്തർക്കു ഭവിക്കാനിരിക്കുന്നവെക്ക് ഒരു നിദർശനമാണ്. എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു. നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു. പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം; പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും.
തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്. എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല. എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു.
അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്. വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ! നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ2:15 ചി.കൈ.പ്ര. ബോസോർ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു. തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച്2:16 [സംഖ്യ. 22:21-35] കാണുക. പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.
ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.” നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും. നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്. “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു”2:22 [സദൃ. 26:11] എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.
കർത്താവിന്റെ ദിവസം
പ്രിയരേ, ഞാൻ നിങ്ങൾക്കെഴുതുന്ന രണ്ടാംലേഖനമാണ് ഇത്. നിങ്ങളുടെ നിഷ്കപടമായ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്ന സ്മരണികയായിട്ടാണ് ഈ രണ്ട് ലേഖനങ്ങളും ഞാൻ എഴുതിയത്. വിശുദ്ധപ്രവാചകന്മാരിലൂടെ മുമ്പ് അറിയിച്ച തിരുവചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാരിലൂടെ നമ്മുടെ കർത്താവായ രക്ഷിതാവ് നൽകിയ കൽപ്പനയും നിങ്ങൾ അനുസ്മരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
പരമപ്രധാനമായി നിങ്ങൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കുക: അന്ത്യകാലത്ത് പരിഹാസകർ സ്വന്തം ദുർമോഹങ്ങൾക്ക് അനുസൃതമായി പരിഹാസം വർഷിച്ചുകൊണ്ടു വരും. “കർത്താവ് വാഗ്ദാനംചെയ്ത ആ ‘ആഗമനം’ എവിടെ? പിതാക്കന്മാരുടെ കാലശേഷവും എല്ലാ കാര്യങ്ങളും ലോകസൃഷ്ടിയുടെ ആരംഭത്തിൽ ആയിരുന്നതുപോലെതന്നെ ഇപ്പോഴും തുടരുന്നല്ലോ” എന്ന് അവർ പറയും. എന്നാൽ പ്രാരംഭത്തിൽ, ദൈവമുഖത്തുനിന്ന് പുറപ്പെട്ട വാക്കുകളാൽത്തന്നെ ആകാശം സൃഷ്ടിക്കപ്പെട്ടു എന്നതും വെള്ളത്തിൽനിന്നും വെള്ളത്താലും ഭൂമിയുടെ സൃഷ്ടി നടന്നു എന്നതും, അതേ വെള്ളത്താൽത്തന്നെ അന്നത്തെ ലോകം പ്രളയജലത്തിൽ മുങ്ങി നശിച്ചെന്നതും അവർ മനഃപൂർവം വിസ്മരിക്കുന്നു. ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ തിരുവചനത്താൽത്തന്നെ സംരക്ഷിക്കപ്പെട്ടും ന്യായവിധിയുടെയും അഭക്തരുടെ നാശത്തിന്റെയും ദിവസത്തിൽ അഗ്നിക്കിരയാകാൻ സൂക്ഷിക്കപ്പെട്ടുമിരിക്കുന്നു.
എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു. അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും.3:10 ചി.കൈ.പ്ര. ന്യായവിധിക്ക് വിധേയമാകും എന്നും ശൂന്യമായിത്തീരും എന്നും കാണുന്നു.
സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക. നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കുള്ള അവസരം എന്നു കരുതുക. നമ്മുടെ പ്രിയസഹോദരൻ പൗലോസും തനിക്കു ദൈവം നൽകിയ ജ്ഞാനം അനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വസ്തുതകളെക്കുറിച്ചുതന്നെ ആണല്ലോ അദ്ദേഹം തന്റെ എല്ലാ ലേഖനങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത്. മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. മറ്റു തിരുവെഴുത്തുകൾ എന്നപോലെ ഇവയും, അജ്ഞരും അസ്ഥിരചിത്തരുമായ ചിലർ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
അതുകൊണ്ടു പ്രിയരേ, ഈ കാര്യങ്ങൾ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ നിയമനിഷേധികളുടെ സ്വാധീനവലയത്തിൽപ്പെട്ട്, നിങ്ങളുടെ സുസ്ഥിരസ്ഥാനത്തുനിന്ന് വീഴാതിരിക്കാൻ ജാഗ്രതപുലർത്തുക. നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക.
അവിടത്തേക്ക് ഇപ്പോഴും എന്നെന്നും മഹത്ത്വം! ആമേൻ.