- Biblica® Open Malayalam Contemporary Version 2020
2 കൊരിന്ത്യർ
കൊരിന്ത്യർക്ക് എഴുതിയ രണ്ടാംലേഖനം
2 കൊരിന്ത്യർ
2 കൊരി.
കൊരിന്ത്യർക്ക് എഴുതിയ രണ്ടാംലേഖനം
ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
കൊരിന്തിലുള്ള ദൈവസഭയ്ക്കും അഖായ സംസ്ഥാനത്തിൽ എല്ലായിടത്തുമുള്ള സകലവിശുദ്ധർക്കും, എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
ആശ്വാസദായകനായ ദൈവം
കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു.
സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ1:8 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും. പ്രാർഥനയിലൂടെ നിങ്ങൾ ഞങ്ങൾക്കു സഹായികളായല്ലോ. ഇങ്ങനെ അനേകംപേരുടെ പ്രാർഥനയ്ക്ക് ഉത്തരമായി ദൈവം ഞങ്ങളെ കൃപയോടെ സഹായിച്ചിരിക്കുന്നു. അതുനിമിത്തം അവരെല്ലാം ഞങ്ങളെയോർത്ത്1:11 ചി.കൈ.പ്ര. നിങ്ങൾക്കുവേണ്ടി ദൈവത്തിന് സ്തോത്രംചെയ്യാൻ ഇടയാകും.
പൗലോസിന്റെ പരിപാടികളിൽ വന്ന മാറ്റം
ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും1:12 ചി.കൈ.പ്ര. സത്യസന്ധതയോടെ ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്. നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല. മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ1:14 മൂ.ഭാ. ദിവസത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും.
ഈ ആത്മവിശ്വാസത്തോടെയാണ് ഞാൻ മുമ്പുതന്നെ നിങ്ങളെ സന്ദർശിക്കണമെന്നും അങ്ങനെ നിങ്ങൾക്കു രണ്ടാമതും പ്രയോജനം ഉണ്ടാകണമെന്നും ഉദ്ദേശിച്ചത്. മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം. ചഞ്ചലചിത്തത്തോടെയാണോ ഞാൻ ഈ തീരുമാനമെടുത്തത്? ഒരേ ശ്വാസത്തിൽ “ഉവ്വ്, ഉവ്വ്” എന്നും “ഇല്ല, ഇല്ല” എന്നും പറയാൻ ഇടനൽകുന്ന മാനുഷികരീതിയിലാണോ, ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്?
നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല എന്നതിനു വാക്കുമാറാത്ത ദൈവം സാക്ഷിയാണ്. ഞാനും സില്വാനൊസും1:19 ശീലാസ്, സില്വാനൊസ് എന്നതിന്റെ മറ്റൊരുരൂപം. തിമോത്തിയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ചിലസമയം “ഉവ്വ്” എന്നും മറ്റുചില സമയം “ഇല്ല” എന്നും മാറിക്കൊണ്ടിരിക്കുന്നവൻ ആയിരുന്നില്ല; അവിടത്തേക്ക് എപ്പോഴും “ഉവ്വ്” മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ദൈവം മനുഷ്യന് എത്രയെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം ക്രിസ്തുവിലൂടെ അവയ്ക്ക് ദൈവമഹത്ത്വത്തിനായി “ആമേൻ” പറയും. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതും നമ്മെ ദൈവികശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നതും1:21 മൂ.ഭാ. അഭിഷേകം. പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ദൈവംതന്നെ. അവിടന്ന് തന്റെ ഉടമസ്ഥതയുടെ മുദ്ര നമ്മുടെമേൽ പതിച്ച്, തന്റെ ആത്മാവിനെ ആദ്യഗഡുവായി നമ്മുടെ ഹൃദയങ്ങളിൽ പകരുകയുംചെയ്തിരിക്കുന്നു.
നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണു ഞാൻ കൊരിന്തിലേക്കു പിന്നെയും വരാതിരുന്നത്. അതിനു ദൈവം സാക്ഷി. നിങ്ങളുടെ വിശ്വാസജീവിതത്തിന്മേൽ ആധിപത്യംനടത്തുന്നവരായിട്ടല്ല; മറിച്ച്, നിങ്ങളുടെ ആനന്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സഹപ്രവർത്തകരെപ്പോലെയാണ് ഞങ്ങൾ. കാരണം, നിങ്ങൾ വിശ്വാസത്തിൽ സുസ്ഥിരരാണല്ലോ.
വേദനയുണ്ടാക്കുന്ന മറ്റൊരു സന്ദർശനത്തിനായി നിങ്ങളുടെ അടുക്കൽ വരരുതെന്നു ഞാൻ തീരുമാനിച്ചു. ഞാൻ നിങ്ങളെ വേദനിപ്പിച്ചാൽ, ഞാൻ വേദനിപ്പിച്ച നിങ്ങൾതന്നെയല്ലാതെ എന്നെ ആശ്വസിപ്പിക്കാൻ മറ്റാരാണുള്ളത്? എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്. മഹാദുഃഖത്തോടും ഹൃദയനുറുക്കത്തോടും വളരെ കണ്ണുനീരോടുംകൂടെയാണു ഞാൻ നിങ്ങൾക്ക് അത് എഴുതിയത്. അതിന്റെ ഉദ്ദേശ്യമോ നിങ്ങളെ ദുഃഖിപ്പിക്കുക എന്നതല്ല മറിച്ച്, എനിക്കു നിങ്ങളോടുള്ള സ്നേഹം എത്ര ആഴമേറിയത് എന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരിക എന്നതാണ്.
കുറ്റം ചെയ്തവനു മാപ്പ്
നിങ്ങളിലൊരുവൻ എനിക്കു സങ്കടമുണ്ടാക്കുന്നെങ്കിൽ അയാൾ എന്നെയല്ല, ഞാൻ കണക്കിലേറെ പറയരുതല്ലോ, ഒരളവുവരെ നിങ്ങൾക്ക് എല്ലാവർക്കുമാണ് സങ്കടം വരുത്തിയിരിക്കുന്നത്. ഭൂരിപക്ഷംപേർ അവനു നൽകിക്കഴിഞ്ഞ ശിക്ഷ ധാരാളംമതി. ഇനി, അയാൾ അസഹനീയമായ ദുഃഖത്തിൽ വീണുപോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണു വേണ്ടത്. അങ്ങനെ, അവനോടുള്ള സ്നേഹം നിങ്ങൾ വീണ്ടും ഉറപ്പിച്ചുകൊടുക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ സകലത്തിലും അനുസരണം പാലിക്കുമോ എന്നു പരീക്ഷിച്ചറിയേണ്ടതിനാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു—ക്ഷമിക്കപ്പെടാനായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ—നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ സന്നിധിയിലാണ് ഞാൻ അത് ക്ഷമിച്ചിരിക്കുന്നത്. സാത്താൻ നമ്മെ വഞ്ചിക്കാൻ അവസരം നൽകരുത്. നാം അവന്റെ കുതന്ത്രങ്ങൾ അറിയാത്തവർ അല്ലല്ലോ?
പുതിയ ഉടമ്പടിയുടെ ശുശ്രൂഷകർ
ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ എത്തിയപ്പോൾ കർത്താവുതന്നെ എനിക്ക് ഒരു വാതിൽ തുറന്നുതന്നു. എങ്കിലും എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണാതിരുന്നതുകൊണ്ട് ഞാൻ അസ്വസ്ഥചിത്തനായിത്തീർന്നു. അതുകൊണ്ട് ഞാൻ ത്രോവാസിലുള്ളവരോടു യാത്രപറഞ്ഞ് മക്കദോന്യയിലേക്കു പോയി.
ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയഘോഷമായി നടത്തുകയും ഞങ്ങളിലൂടെ അവിടത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തോത്രം. ദൈവസന്നിധിയിൽ യേശുക്രിസ്തു അർപ്പിക്കുന്ന സുഗന്ധധൂപംപോലെയാണ് രക്ഷിക്കപ്പെടുന്നവരുടെ മധ്യത്തിലും നശിച്ചുപോകുന്നവരുടെ മധ്യത്തിലും ഞങ്ങളുടെ ജീവിതങ്ങൾ. നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ? പലരും ചെയ്യുന്നതുപോലെ ഞങ്ങൾ ദൈവവചനത്തെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നില്ല; മറിച്ച് ദൈവത്താൽ അയയ്ക്കപ്പെട്ടവർ എന്ന ബോധ്യത്തോടെ ഞങ്ങൾ ദൈവസന്നിധിയിൽ ആത്മാർഥതയോടെ, ക്രിസ്തു തന്ന അധികാരത്തോടെ സംസാരിക്കുന്നു.
ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം? നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്. അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്”3:3 അതായത്, തുറന്ന കത്ത് നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.
യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്. ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്ന് വരുന്നു. അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ.3:6 എഴുതപ്പെട്ട പ്രമാണം മനുഷ്യന്റെ ലംഘനങ്ങളെ ചൂണ്ടിക്കാണിച്ച് അയാൾ മരണാർഹനെന്ന് വ്യക്തമാക്കുന്നു. എന്നാൽ ദൈവസ്നേഹമാകട്ടെ ആത്മികമായി മരിച്ച മനുഷ്യനെ ആത്മികമായി പുനർജീവിപ്പിക്കുന്നു. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
പുതിയ ഉടമ്പടിയുടെ തേജസ്സ്
കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു.3:7 [പുറ. 34:29-30] അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും. കുറ്റക്കാരനെന്നു വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും! ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു. ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന3:11 മൂ.ഭാ. താൽക്കാലികമായ ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!
ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു. തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി3:13 അതായത്, ഭയപ്പെടാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല. ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്. ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു. എന്നാൽ, ഒരു വ്യക്തി കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു. കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സ് കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.
മൺപാത്രങ്ങളിലെ നിക്ഷേപം
ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല. ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ”4:6 [ഉൽ. 1:3] എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.
എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു. അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.
“ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു”4:13 [സങ്കീ. 116:10] എന്ന് എഴുതിയിരിക്കുന്നു:4:13 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.
അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.
സ്വർഗീയഭവനം
നാം ജീവിക്കുന്ന ഈ മൺകൂടാരം5:1 അതായത്, താൽക്കാലിക ജീവിതം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി5:3 അതായത്, ആത്മാവില്ലാത്ത ശരീരം കാണപ്പെടുകയില്ല. അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു5:4 അതായത്, മരണം കാംക്ഷിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.
അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം. കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.
അനുരഞ്ജനത്തിന്റെ ശുശ്രൂഷ
അതുനിമിത്തമാണ്, കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം5:11 മൂ.ഭാ. കർത്താവിനെ ഭയപ്പെടുക മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അതു വ്യക്തമാണ് എന്നു ഞാൻ കരുതുന്നു. ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുകയല്ല, പിന്നെയോ ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ നിങ്ങൾക്ക് അവസരം തരികയാണ്. അങ്ങനെ നിങ്ങൾ ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ട് പുകഴുന്നവരോട് ഉത്തരം പറയാൻ സാധിക്കും. ഞങ്ങൾ “മനോവിഭ്രാന്തിയുള്ളവരെപ്പോലെ” കാണപ്പെടുന്നെങ്കിൽ അത് ദൈവഹിതം നിറവേറ്റുന്നതിലുള്ള ആവേശം നിമിത്തമാണ്. ഞങ്ങൾ സുബോധമുള്ളവരായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല. ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.
അതുകൊണ്ട്, ഇനിമുതൽ ഞങ്ങൾ ആരെയും മാനുഷികമാനദണ്ഡങ്ങളാൽ അളക്കുന്നില്ല. ഒരിക്കൽ ക്രിസ്തുവിനെയും വെറും മനുഷ്യനായി വീക്ഷിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല. ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു. ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്. തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപശുദ്ധീകരണയാഗമാക്കി.
നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
“പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു:
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,”6:2 [യെശ. 49:8]
എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.
പൗലോസിന്റെ വൈഷമ്യങ്ങൾ
ഞങ്ങളുടെ ശുശ്രൂഷയ്ക്ക് അപവാദം വരാതിരിക്കേണ്ടതിന് ഞങ്ങൾ ആരുടെയും പാതയിൽ തടസ്സം ഉണ്ടാക്കുന്നില്ല. ഞങ്ങൾ ചെയ്യുന്ന സകലത്തിലൂടെയും ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരാണ് ഞങ്ങൾ എന്നു തെളിയിക്കുന്നു. കഷ്ടതകളും ഞെരുക്കങ്ങളും എല്ലാവിധത്തിലുമുള്ള വിപത്തുകളും ഞങ്ങൾ ക്ഷമയോടെ സഹിച്ചു, ഞങ്ങൾ അടിയേറ്റു; കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; ക്രുദ്ധജനത്തിന്റെ ലഹളയെ അഭിമുഖീകരിച്ചു; അധ്വാനത്താൽ പരിക്ഷീണിതരായി; ഉറക്കമില്ലാതെ രാത്രികൾ ചെലവഴിച്ചു; പട്ടിണിയിലായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആത്മാർഥസ്നേഹത്തിലൂടെയും ഞങ്ങളുടെ നിർമല ജീവിതത്തിലൂടെയും വിവേകത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ക്ഷമാശീലത്തിലൂടെയും ദയയിലൂടെയും ഞങ്ങൾ ആരാണെന്നു തെളിയിച്ചു. സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്, ആദരവിലൂടെയും അനാദരവിലൂടെയും ദുഷ്കീർത്തിയിലൂടെയും സൽകീർത്തിയിലൂടെയും ഞങ്ങൾ കടന്നുപോകുന്നു; പരമാർഥികളെങ്കിലും വഞ്ചകരായും പ്രസിദ്ധരെങ്കിലും അപ്രസിദ്ധരെപ്പോലെയും കരുതപ്പെടുന്നു. ഞങ്ങൾ മരിക്കുന്നെങ്കിലും ജീവിക്കുന്നു. അടികൊള്ളുന്നെങ്കിലും കൊല്ലപ്പെടുന്നില്ല. ദുഃഖിതരെങ്കിലും എപ്പോഴും ആനന്ദിക്കുന്നു. ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം ഉള്ളവർതന്നെ.
കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം വിശാലമാക്കിയിരിക്കുന്നു. നിങ്ങളോടുള്ള സ്നേഹം ഞങ്ങൾ നൽകാതിരുന്നിട്ടില്ലെങ്കിലും, നിങ്ങളത് ഞങ്ങൾക്കു നൽകുന്നില്ല. നിങ്ങൾ ഞങ്ങൾക്ക് മക്കളെപ്പോലെ ആണ്. അതുകൊണ്ട് നിങ്ങളും ഞങ്ങളെപ്പോലെതന്നെ ഹൃദയവിശാലത ഉള്ളവരായിരിക്കുന്നത് ന്യായമാണല്ലോ.
അവിശ്വാസികളുമായി സഹകരിക്കരുത്
അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ? ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്? ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ:
“ഞാൻ അവരിൽ വസിക്കുകയും
അവരുടെ ഇടയിൽ നടക്കുകയും ചെയ്യും;
ഞാൻ അവരുടെ ദൈവവും
അവർ എന്റെ ജനവും ആയിരിക്കും”6:16 [ലേവ്യ. 26:12]; [യിര. 32:38]; [യെഹ. 37:27]
എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ,
“അവരിൽനിന്ന് പുറത്തുവരികയും
വേർപിരിയുകയുംചെയ്യുക,
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
അശുദ്ധമായതൊന്നും സ്പർശിക്കരുത്;
എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”6:17 [യെശ. 52:11]; [യെഹ. 20:34],[41]
“ഞാൻ നിങ്ങൾക്കു പിതാവും
നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും,6:18 [2 ശമു. 7:14]
എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”
പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം.
പൗലോസിന്റെ ആനന്ദം
നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.
മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.
എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു. എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല. ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്. ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു. ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു. ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു. ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു. അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.
വിശ്വാസികൾക്കായുള്ള ധനശേഖരം
സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു. അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു. വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം.
ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.
ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും. ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും.
നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും. “കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല”8:15 [പുറ. 16:18] എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.
തീത്തോസിനെ കൊരിന്തിലേക്ക് അയയ്ക്കുന്നു
നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം. തീത്തോസ് ഞങ്ങളുടെ അഭ്യർഥന സ്വീകരിച്ചെന്നുമാത്രമല്ല, വളരെ ഉത്സാഹത്തോടെ, ബാഹ്യസമ്മർദമൊന്നും കൂടാതെതന്നെയാണ് നിങ്ങളുടെ അടുത്തേക്കു വരുന്നത്. ഞങ്ങൾ അയാളോടൊപ്പം മറ്റൊരു സഹോദരനെയും അയയ്ക്കുന്നു. ആ സഹോദരൻ സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയാൽ സകലസഭയുടെയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ളയാളാണ്. തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം. ഞങ്ങളുടെ കൈയിൽ വന്നുചേരുന്ന ഉദാരമായ സംഭാവന കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരാക്ഷേപവും ഉണ്ടാകരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കർത്തൃസന്നിധിയിൽമാത്രമല്ല മനുഷ്യരുടെമുമ്പാകെയും യോഗ്യമായതുമാത്രമേ ചെയ്യുകയുള്ളൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
പല കാര്യങ്ങളിലും ജാഗ്രതയുള്ളവനെന്നു ഞങ്ങൾ പലപ്പോഴും പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ സഹോദരനെയും അവരോടൊപ്പം അയയ്ക്കുന്നു. അദ്ദേഹത്തിനു നിങ്ങളിലുള്ള വിശ്വാസംമൂലം ഇപ്പോൾ അദ്ദേഹം കൂടുതൽ ഉത്സാഹിയാണ്. തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്. അതുകൊണ്ട്, ഈ ആളുകളോടു നിങ്ങൾക്കുള്ള സ്നേഹവും നിങ്ങളിൽ ഞങ്ങൾക്കുള്ള അഭിമാനവും സഭകളുടെമുമ്പിൽ തെളിയിച്ചുകൊടുക്കുക.
വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരണം സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ടതില്ല. കാരണം, സഹവിശ്വാസികളെ സഹായിക്കാനുള്ള നിങ്ങളുടെ ഉത്സാഹം എനിക്കറിയാം. അഖായയിലുള്ള നിങ്ങൾ കഴിഞ്ഞവർഷംമുതലേ സംഭാവന ചെയ്യാൻ ഉത്സുകരായിരിക്കുന്നെന്നു നിങ്ങളെപ്പറ്റി മക്കദോന്യക്കാരോടു ഞാൻ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടാണിരുന്നത്; നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവരെയും പ്രവർത്തനോത്സുകരാക്കിയിട്ടുമുണ്ട്. ഈ വിഷയത്തിൽ നിങ്ങളെക്കുറിച്ചു ഞങ്ങൾക്കുള്ള അഭിമാനം വ്യാജമല്ല എന്നു തെളിയിക്കാനും ഞാൻ നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കാനുംവേണ്ടിയാണു സഹോദരന്മാരെ അയയ്ക്കുന്നത്. ഇത്, മക്കദോന്യക്കാരായ ആരെങ്കിലും എന്റെകൂടെ വരികയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താൽ, നിങ്ങളെ സംബന്ധിച്ച അമിതവിശ്വാസം നിമിത്തം ഞങ്ങൾ ലജ്ജിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ്. നിങ്ങൾക്കുണ്ടാകുന്ന ലജ്ജയെക്കുറിച്ച് പറയുകയേ വേണ്ട. അതുകൊണ്ട് നിങ്ങളെ മുൻകൂട്ടി സന്ദർശിച്ചു നിങ്ങൾ വാഗ്ദാനംചെയ്തിരുന്ന ഉദാരസംഭാവനയുടെ ക്രമീകരണം പൂർത്തിയാക്കാൻ സഹോദരന്മാരോട് ആവശ്യപ്പെടണമെന്നു ഞാൻ ചിന്തിച്ചു. അപ്പോൾ അതു വൈമനസ്യത്തോടെയല്ല, ഒരു ഔദാര്യദാനമായി ഒരുക്കപ്പെട്ടിരിക്കും.
ഉദാരമായി വിതയ്ക്കുക
അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
“അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”9:9 [സങ്കീ. 112:9]
എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും. നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ. നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!
പൗലോസിന്റെ ശുശ്രൂഷ
നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു: ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്. ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു. നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ10:6 അതായത്, നിങ്ങൾക്ക് അൽപ്പംകൂടി പക്വതയും പരിജ്ഞാനവും വന്നതിനുശേഷം. അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.
നിങ്ങൾ പുറമേയുള്ളവമാത്രമാണോ കാണുന്നത്? ഞാൻ ക്രിസ്തുവിനുള്ളയാൾ എന്ന് ആരെങ്കിലും സ്വയം അഭിമാനിക്കുന്നെങ്കിൽ, ഞങ്ങളും അയാളെപ്പോലെതന്നെ ക്രിസ്തുവിനുള്ളവർ എന്നുകൂടെ മനസ്സിലാക്കണം. നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല. ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ. എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.
ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും. ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ. മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല. “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”10:17 [യിര. 9:24] സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.
പൗലോസും വ്യാജ അപ്പൊസ്തലന്മാരും
എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ. ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ, പിശാച്11:3 മൂ.ഭാ. സർപ്പം ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു. ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ!
ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല. എനിക്ക് പ്രഭാഷണനൈപുണ്യം ഇല്ലെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല. ഇത് ഞങ്ങൾ എല്ലാവിധത്തിലും എപ്പോഴും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുള്ളതാണ്. പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ? നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്. നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും. എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്. എനിക്കു നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു.
ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും. അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ. ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ! ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.
സ്വന്തം കഷ്ടതകളെപ്പറ്റി പൗലോസിന്റെ പ്രശംസ
ഞാൻ വീണ്ടും പറയട്ടെ: എന്നെ ഒരു ഭോഷൻ എന്ന് ആരും കരുതരുത്; അഥവാ, കരുതിയാൽ, ഒരു ഭോഷൻ എന്നപോലെ എന്നെ സ്വീകരിക്കുക. അപ്പോൾ അൽപ്പമൊന്ന് പ്രശംസിക്കാൻ എനിക്കു കഴിയുമല്ലോ. ഇങ്ങനെയുള്ള ആത്മപ്രശംസ കർത്തൃഹിതപ്രകാരമല്ല, ഇത് ഒരു ഭോഷന്റെ ഭാഷണമാണ്. അനേകരും തങ്ങളുടെ ലൗകികനേട്ടങ്ങളിൽ അഹങ്കരിക്കുന്നു. എങ്കിൽ ഞാനും അൽപ്പം ആത്മപ്രശംസ നടത്തട്ടെ. നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ! വാസ്തവം പറഞ്ഞാൽ, നിങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും മുതലെടുക്കുന്നവരെയും നിങ്ങളുടെ ഇടയിൽ നേതാവാകാൻ ശ്രമിക്കുന്നവരെയും എന്തിനേറെപ്പറയുന്നു, നിങ്ങളുടെ മുഖത്തടിക്കുന്നവരെപ്പോലും നിങ്ങൾ സഹിക്കുന്നു! ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു.
മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും. അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ. അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു. നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്?
അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി. എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
പൗലോസിന്റെ ദർശനവും ജഡത്തിലെ ശൂലവും
പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം. —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം. ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു. അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു. ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്. പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്. അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ,12:10 ബലഹീനതകൾ, വിവക്ഷിക്കുന്നത് രോഗങ്ങൾ പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.
കൊരിന്ത്യരെപ്പറ്റി പൗലോസിനുള്ള കരുതൽ
ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല. എന്നിൽ അപ്പൊസ്തലന്റെ ലക്ഷണങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും മഹാസഹിഷ്ണുതയോടുകൂടി നിങ്ങളുടെ മധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നല്ലോ. ഞാൻ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരമായിത്തീർന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഞാൻ കുറവു വരുത്തിയിട്ടുള്ളത്? ഈ തെറ്റ് എന്നോടു ക്ഷമിച്ചാലും!
ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്. അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്? അതെന്തായാലും ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയില്ല; എന്നിട്ടും നിങ്ങൾ കരുതുന്നത് ഞാൻ കൗശലക്കാരനായി നിങ്ങളെ വഞ്ചിച്ചെന്നോ? നിങ്ങളുടെ അടുക്കൽ അയച്ച ആരിൽക്കൂടെയെങ്കിലും ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ? ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്?
ഞങ്ങൾ ഇത്രവരെ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നു എന്നാണോ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്? എന്നാൽ അങ്ങനെയല്ല വാസ്തവത്തിൽ പ്രിയസ്നേഹിതരേ, ക്രിസ്തുവിൽ നിങ്ങളുടെ ആത്മികോന്നതി ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഇതെല്ലാം ദൈവത്തിനുമുമ്പാകെ സംസാരിക്കുന്നത്. ഞാൻ വരുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു; ഈർഷ്യ, ശണ്ഠ, ക്രോധം, സ്വാർഥമോഹം, ഭിന്നത, അപവാദം, ഏഷണി, അഹങ്കാരം, കലഹം എന്നിവ നിങ്ങളുടെ മധ്യത്തിൽ ഉണ്ടായിരിക്കുമോയെന്നും എനിക്ക് ആശങ്കയുണ്ട്. ഞാൻ വീണ്ടും വരുമ്പോൾ പാപംചെയ്തിട്ടു, തങ്ങൾ ഏർപ്പെട്ടിരുന്ന അശുദ്ധി, ലൈംഗികാധർമം, വ്യഭിചാരം എന്നിവയെപ്പറ്റി അനുതപിക്കാത്ത പലരെ പിന്നെയും കണ്ട്, ലജ്ജിതനായി, ദൈവസന്നിധിയിൽ ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.
അവസാന മുന്നറിയിപ്പുകൾ
ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.”13:1 [ആവ. 19:15] ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്! ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.
നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന. സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു. കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്.
അഭിവാദനങ്ങൾ
എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
ഇവിടെയുള്ള സകലവിശുദ്ധരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.