- Biblica® Open Malayalam Contemporary Version 2020
2 ദിനവൃത്താന്തം
ദിനവൃത്താന്തം: രണ്ടാംപുസ്തകം
2 ദിനവൃത്താന്തം
2 ദിന.
ദിനവൃത്താന്തം: രണ്ടാംപുസ്തകം
ശലോമോൻ ജ്ഞാനം ചോദിക്കുന്നു
ശലോമോന്റെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെയിരുന്ന് അത്ഭുതകരമായവിധം അദ്ദേഹത്തെ മഹാനാക്കിത്തീർത്തു. അതിനാൽ ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സുസ്ഥിരനായിത്തീർന്നു.
സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ കുടുംബങ്ങൾക്കു തലവന്മാരായ നായകന്മാർ എന്നിവർ ഉൾപ്പെടെ സകല ഇസ്രായേലിനോടും ശലോമോൻ സംസാരിച്ചു. അതിനുശേഷം ശലോമോനും സർവസഭയും ഗിബെയോനിലെ മലയിലേക്കുപോയി; യഹോവയുടെ ദാസനായ മോശ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നല്ലോ! ദാവീദ് ദൈവത്തിന്റെ പേടകം, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനുവേണ്ടി തയ്യാറാക്കിയ സ്ഥാനത്തേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹം ജെറുശലേമിൽ അതിനുവേണ്ടി ഒരു കൂടാരം സ്ഥാപിച്ചിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. എന്നാൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ വെങ്കലംകൊണ്ടു നിർമിച്ച യാഗപീഠം ഗിബെയോനിൽ യഹോവയുടെ സമാഗമകൂടാരത്തിനുമുമ്പിൽ ആയിരുന്നു. അതിനാൽ ശലോമോനും ആ സമൂഹവും അവിടെ യഹോവയുടെഹിതം ആരാഞ്ഞു. ശലോമോൻ സമാഗമകൂടാരത്തിൽ യഹോവയുടെമുമ്പാകെ വെങ്കലയാഗപീഠത്തിൽച്ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.
അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.”
ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ! അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!”
ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”
അതിനുശേഷം ശലോമോൻ ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള1:13 മൂ.ഭാ. മലയിലുള്ള സമാഗമകൂടാരത്തിന്റെ മുമ്പിൽനിന്നു ജെറുശലേമിലേക്കു മടങ്ങിപ്പോയി. അവിടെ അദ്ദേഹം ഇസ്രായേലിൽ വാണു.
ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. രാജാവ് ജെറുശലേമിൽ വെള്ളിയും സ്വർണവും കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു. ഈജിപ്റ്റിൽനിന്നും കുവേ1:16 ഒരുപക്ഷേ, കിലിക്യ യിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു. ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ1:17 ഏക. 6.9 കി.ഗ്രാം. വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു1:17 ഏക. 1.7 കി.ഗ്രാം. ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു.
ദൈവാലയ നിർമിതിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ
യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു. അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.
ശലോമോൻ സോർരാജാവായ ഹൂരാമിന്2:3 ഹീരാം, ഹൂരാം എന്നതിന്റെ മറ്റൊരുരൂപം. ഒരു സന്ദേശമയച്ചു:
“എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക! യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.
“ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും. സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?
“ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.
“ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും. അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്. തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ2:10 ഏക. 3,600 ടൺ. ഗോതമ്പും 20,000 കോർ യവവും2:10 ബാർലി അഥവാ, ബാർലരി 20,000 ബത്ത്2:10 ഏക. 3,000 ടൺ. വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”
സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി:
“യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
ഹൂരാം തുടർന്നു:
“ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.
“അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു. അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.
“എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും2:15 ബാർലി അഥവാ, ബാർലരി ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും! അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”
ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു. അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.
ശലോമോൻ ദൈവാലയം പണിയുന്നു
അതിനുശേഷം ശലോമോൻ ജെറുശലേമിലെ മോരിയാമലയിൽ, തന്റെ പിതാവായ ദാവീദിന് യഹോവ പ്രത്യക്ഷനായ ഇടത്തുതന്നെ യഹോവയുടെ ആലയം പണിയുന്നതിന് ആരംഭിച്ചു. യെബൂസ്യനായ അരവ്നായുടെ3:1 മൂ.ഭാ. ഓർനാൻ, അരവ്നാ എന്നതിന്റെ മറ്റൊരുരൂപം. മെതിക്കളത്തിൽ ദാവീദ് വേർതിരിച്ചിരുന്ന സ്ഥലമായിരുന്നു അത്. തന്റെ ഭരണത്തിന്റെ നാലാംവർഷം രണ്ടാംമാസത്തിൽ രണ്ടാംദിവസം ശലോമോൻ ആലയത്തിന്റെ നിർമാണം തുടങ്ങി.
ദൈവത്തിന്റെ ആലയം പണിയുന്നതിനു ശലോമോൻ ഇട്ട അടിസ്ഥാനം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഉള്ളതായിരുന്നു3:3 ഏക. 27 മീ. നീളം, 9 മീ. വീതി. (പഴയ അളവുരീതി അനുസരിച്ച്).3:3 പഴയരീതി അനുസരിച്ച് ഒരുമുഴം എന്നത് 46 സെ.മീ., പുതിയരീതി അനുസരിച്ച് 53 സെ.മീ. ആലയത്തിന്റെ മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കു തുല്യമായി, ഇരുപതുമുഴം3:4 ഏക. 3 മീ. നീളവും ഇരുപതുമുഴം3:4 ചി.കൈ.പ്ര. നൂറ്റിയിരുപതുമുഴം പൊക്കവും ഉണ്ടായിരുന്നു.
അതിന്റെ ഉൾവശം അദ്ദേഹം തങ്കംകൊണ്ടു പൊതിഞ്ഞു. വിശാലമായ മുറിക്ക് അദ്ദേഹം സരളമരംകൊണ്ടു മച്ചിട്ടു; അതു മേൽത്തരമായ തങ്കംകൊണ്ടു പൊതിഞ്ഞ് അതിന്മേൽ ഈന്തപ്പനകൾ ഒരു ചങ്ങലപോലെ അങ്കനംചെയ്ത് അലങ്കരിച്ചു. അമൂല്യരത്നങ്ങളും പർവയീമിൽനിന്നുള്ള തങ്കവുംകൊണ്ട് അദ്ദേഹം ആലയത്തെ അലങ്കരിച്ചു. ആലയത്തിലെ മേൽത്തട്ടിന്റെ തുലാങ്ങളും കട്ടിളകളും ഭിത്തികളും കതകുകളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു; ഭിത്തികളിൽ കെരൂബുകളുടെ3:7 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. രൂപം കൊത്തിക്കുകയും ചെയ്തു.
ദൈവാലയത്തിന്റെ വീതിക്കു തുല്യമായ ഇരുപതുമുഴം നീളത്തിലും ഇരുപതുമുഴം വീതിയിലും അതിവിശുദ്ധസ്ഥലം അദ്ദേഹം പണിയിച്ചു. അറുനൂറു താലന്ത്3:8 ഏക. 23 ടൺ. മേൽത്തരമായ തങ്കംകൊണ്ട് അതിന്റെ അകവശം പൊതിഞ്ഞു. സ്വർണആണികൾക്കുതന്നെ അൻപതുശേക്കേൽ3:9 ഏക. 575 ഗ്രാം. തൂക്കമുണ്ടായിരുന്നു. മാളികമുറികളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
അതിവിശുദ്ധസ്ഥലത്ത് അദ്ദേഹം ശില്പനിർമിതമായ ഒരു ജോടി കെരൂബുകളെ സ്ഥാപിച്ചു; അവയും തങ്കംകൊണ്ടു പൊതിഞ്ഞു. കെരൂബുകൾ രണ്ടിന്റെയുംകൂടി ചിറകുകളുടെ ആകെ നീളം ഇരുപതുമുഴമായിരുന്നു. ആദ്യത്തെ കെരൂബിന്റെ ഒരു ചിറകിന്റെ നീളം അഞ്ചുമുഴം;3:11 ഏക. 2.3 മീ. അതിന്റെ അഗ്രം ദൈവാലയത്തിന്റെ ഒരു വശത്തെ ഭിത്തിയിൽ തൊട്ടിരുന്നു. അഞ്ചുമുഴംതന്നെ നീളമുള്ള മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു. ഇതുപോലെതന്നെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറക് അഞ്ചുമുഴം നീളമുള്ളതും ദൈവാലയത്തിന്റെ മറുവശത്തെ ഭിത്തിയിൽ തൊട്ടിരിക്കുന്നതും ആയിരുന്നു. ഇതിന്റെ മറ്റേ ചിറകും അഞ്ചുമുഴം നീളമുള്ളതും ആദ്യത്തെ കെരൂബിന്റെ ചിറകിന്റെ അഗ്രത്തിൽ തൊട്ടതും ആയിരുന്നു. ഈ കെരൂബുകളുടെ ചിറകുകൾ നാലുംകൂടി ഇരുപതുമുഴം നീളത്തിൽ വ്യാപിച്ചിരുന്നു. അവ കാലൂന്നി ആലയത്തിലെ വിശാലമായ മുറിയെ അഭിമുഖീകരിച്ചു നിന്നിരുന്നു.
നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ട് തിരശ്ശീലയുണ്ടാക്കി; അതിന്മേൽ കെരൂബുകളുടെ പ്രതിരൂപവും അദ്ദേഹം നെയ്തുണ്ടാക്കി.
ദൈവാലയത്തിനുമുമ്പിൽ മുപ്പത്തഞ്ചുമുഴം3:15 ഏക. 16 മീ. വീതം പൊക്കവും അതിന്മേൽ അഞ്ചുമുഴം പൊക്കത്തിൽ ഓരോ തലപ്പും ഉള്ള രണ്ടു സ്തംഭങ്ങൾ അദ്ദേഹം സ്ഥാപിച്ചു. കണ്ണികൾ കൊരുത്തുചേർത്തവിധമുള്ള ചങ്ങലകൾ സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിച്ച് അദ്ദേഹം അവയെ അലങ്കരിച്ചു; നൂറു മാതളപ്പഴങ്ങളും ഉണ്ടാക്കി ചങ്ങലയിൽ ഘടിപ്പിച്ചു. ദൈവാലയത്തിനുമുമ്പിൽ ഒന്നു തെക്കും മറ്റേതു വടക്കുമായി അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; തെക്കുവശത്തുള്ള സ്തംഭത്തിന് യാഖീൻ3:17 അവിടന്ന് സ്ഥാപിച്ചിരിക്കുന്നു എന്നർഥം. എന്നും വടക്കുവശത്തുള്ള സ്തംഭത്തിന് ബോവസ്3:17 അങ്ങയിലാണ് ശക്തി എന്നർഥം. എന്നും അദ്ദേഹം പേരിട്ടു.
ദൈവാലയ ഉപകരണങ്ങൾ
ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുള്ള4:1 ഏക. 9 മീ. നീളവും വീതിയും 4.5 മീ. ഉയരം. വെങ്കലംകൊണ്ടുള്ള ഒരു യാഗപീഠവും ഹൂരാം-ആബി ഉണ്ടാക്കി. പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി4:2 മൂ.ഭാ. കടൽ വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം4:2 ഏക. 2.3 മീ. ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം4:2 ഏക. 14 മീ. ആയിരുന്നു. വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു4:3 ഏക. 45 സെ.മീ. പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം4:5 ഏക. 7.5 സെ.മീ. ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ, ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ4:5 അതായത്, ഒരുതരം ലില്ലിപ്പൂവ് ആകൃതിയിലായിരുന്നു. അതിൽ മൂവായിരം ബത്ത്4:5 അതായത്, 66,000 ലി. വെള്ളം സംഭരിക്കാം.
അദ്ദേഹം പിന്നെ പത്തു ക്ഷാളനപാത്രങ്ങൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തും വെച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അതിൽ കഴുകിയിരുന്നു. എന്നാൽ വലിയ ജലസംഭരണി പുരോഹിതന്മാർക്കു കഴുകുന്നതിന് ഉള്ളതായിന്നു.
അദ്ദേഹം തങ്കംകൊണ്ടു പത്തു വിളക്കുതണ്ടുകൾ—അവയെപ്പറ്റി പ്രത്യേകമായുള്ള നിർദേശങ്ങൾ അനുസരിച്ചുതന്നെ—ഉണ്ടാക്കി. അവയിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു.
അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.
അദ്ദേഹം പുരോഹിതന്മാർക്കുള്ള അങ്കണം ഉണ്ടാക്കി, വലിയ അങ്കണവും അങ്കണത്തിനുള്ള വാതിലുകളും ഉണ്ടാക്കി. ആ വാതിലുകൾ വെങ്കലംകൊണ്ടു പൊതിഞ്ഞു. വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു.
പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു.
അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു:
രണ്ടു സ്തംഭങ്ങൾ;
സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ;
സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;
സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;
വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ.
യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം-ആബി നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു. യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സെരേദാനും4:17 മൂ.ഭാ. സാരേഥാ, സെരേദാ എന്നതിന്റെ മറ്റൊരുരൂപം. മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു. ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.
ദൈവത്തിന്റെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു:
സ്വർണയാഗപീഠം;
കാഴ്ചയപ്പം വെക്കുന്നതിനുള്ള മേശകൾ;
നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;
സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു).
തിരികൾ വെടിപ്പാക്കുന്നതിനു തങ്കംകൊണ്ടുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, ആലയത്തിന്റെ സ്വർണക്കതകുകൾ, അതിവിശുദ്ധസ്ഥലത്തേക്കുള്ള അകത്തെ കതകുകൾ, വിശാലമായ മുറിയുടെ കതകുകൾ എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കി.
ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.
ഉടമ്പടിയുടെ പേടകം ദൈവാലയത്തിലേക്കു കൊണ്ടുവരുന്നു
ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിലേക്കു വിളിച്ചുവരുത്തി. ഏഴാംമാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും രാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു.
ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ ലേവ്യർ പേടകം എടുത്തു. ലേവ്യരായ പുരോഹിതന്മാരാണ് പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്. എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു.
അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു. കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച് പേടകത്തെയും അതിന്റെ തണ്ടുകളെയും മൂടിയിരുന്നു. അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ പേടകത്തിന്റെ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്. ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല.
അതിനുശേഷം പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പിൻവാങ്ങി. അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാരെല്ലാം ഗണഭേദമെന്യേ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു. ഗായകരായ ലേവ്യരെല്ലാവരും—ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ മക്കളും ബന്ധുക്കളും—മേൽത്തരം ചണവസ്ത്രം ധരിച്ച് ഇലത്താളം, കിന്നരം, വീണ എന്നിവ വാദനം ചെയ്തുകൊണ്ട്, യാഗപീഠത്തിനു കിഴക്കുവശത്ത് നിന്നിരുന്നു. അവരോടുചേർന്ന് കാഹളം ധ്വനിപ്പിച്ചുകൊണ്ട് 120 പുരോഹിതന്മാരും നിന്നിരുന്നു. യഹോവയ്ക്കു സ്തോത്രവും നന്ദിയും കരേറ്റുന്നതിനു കാഹളക്കാരും ഗായകരും ഏകസ്വരത്തിൽ താളം സംയോജിപ്പിച്ചു. കാഹളം, ഇലത്താളം, മറ്റു വാദ്യോപകരണങ്ങൾ ഇവയുടെയെല്ലാം അകമ്പടിയോടുകൂടി അവർ സ്വരമുയർത്തി യഹോവയെ സ്തുതിച്ചുപാടി:
“അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
അപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവത്തിന്റെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു. എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു.
ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞത്:
“ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു. ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.
“ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു. എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ. എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’
“അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു. ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.”
ശലോമോന്റെ സമർപ്പണപ്രാർഥന
അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി. അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്, ഈ വിധം പ്രാർഥിച്ചു:
“ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ! അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
“ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ എന്റെ നിയമം അനുസരിച്ചു ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ! അതുകൊണ്ട്, യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ!
“എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം? എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ! പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചനകൾ കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ!
“ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ, അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!
“അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ, അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കും അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ!
“അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം, അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ.
“ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രുക്കൾ അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, അയാളുടെ പീഡയും വേദനയും ഓർത്ത് ഈ ആലയത്തിലേക്കു കരങ്ങളുയർത്തി പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! മനുഷ്യരുടെ ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാനും അനുസരിച്ചു ജീവിക്കാനും ഇടയാകുമല്ലോ.
“അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ!
“അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!
“ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ.
“ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ!
“യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,
അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകത്തിലേക്ക്.
യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതവൃന്ദം രക്ഷയുടെ വസ്ത്രം അണിയട്ടെ!
അങ്ങയുടെ വിശ്വസ്തർ അവിടത്തെ നന്മയിൽ ആഹ്ലാദിക്കട്ടെ!
യഹോവയായ ദൈവമേ, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ!
അവിടത്തെ ദാസനായ ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട അചഞ്ചലസ്നേഹത്തെ ഓർക്കണമേ!”
ദൈവാലയപ്രതിഷ്ഠ
ശലോമോൻ പ്രാർഥിച്ചുതീർന്നപ്പോൾ ആകാശത്തുനിന്നു തീയിറങ്ങി ഹോമയാഗവും മറ്റുയാഗങ്ങളും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തെ നിറച്ചിരുന്നു. യഹോവയുടെ തേജസ്സ് അതിനെ നിറച്ചിരുന്നതുമൂലം പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു:
“അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
അതിനുശേഷം, ശലോമോൻരാജാവും സർവജനങ്ങളും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു. രാജാവ് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും യാഗമർപ്പിച്ചു. ഇപ്രകാരം, രാജാവും സകലജനങ്ങളും ചേർന്ന് ദൈവത്തിന്റെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു. പുരോഹിതന്മാർ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. യഹോവയ്ക്കു സ്തുതിപാടാൻ ദാവീദ് രാജാവു നിർമിച്ചിരുന്ന സംഗീതോപകരണങ്ങളുമായി ലേവ്യരും അതുപോലെതന്നെ അണിനിരന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു ചൊല്ലി ദാവീദ് യഹോവയ്ക്കു നന്ദി കരേറ്റുമ്പോൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനിൽക്കവേ പുരോഹിതന്മാർ ലേവ്യർക്ക് അഭിമുഖമായിനിന്ന് കാഹളമൂതി.
അതിനുശേഷം ശലോമോൻ, യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, അദ്ദേഹം നിർമിച്ച വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും മേദസ്സിന്റെ ഭാഗങ്ങളും കൊള്ളുമായിരുന്നില്ല.
അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഏഴുദിവസം ഉത്സവം ആചരിച്ചു. അവർ യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്ക് ഏഴുദിവസവും ഉത്സവത്തിന് ഏഴുദിവസവും ആഘോഷങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതിനാൽ എട്ടാംദിവസം സഭായോഗം കൂടി. ഏഴാംമാസം ഇരുപത്തിമൂന്നാംതീയതി അദ്ദേഹം ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിലേക്കു മടക്കി അയച്ചു. യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത നന്മകളെയും ഓർത്ത് ആനന്ദിച്ചും ആഹ്ലാദിച്ചും അവർ മടങ്ങിപ്പോയി.
യഹോവ ശലോമോനു പ്രത്യക്ഷനാകുന്നു
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു:
“ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.
“മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും. ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
“എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, ‘ഇസ്രായേലിനെ ഭരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടിക്ക് അനുസൃതമായി ഞാൻ നിന്റെ രാജകീയ സിംഹാസനം സ്ഥിരപ്പെടുത്തും.
“എന്നാൽ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവുകളും കൽപ്പനകളും ഉപേക്ഷിച്ചു പിന്മാറി അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത എന്റെ രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. ഞാൻ ഇതു സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും. ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും. ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
ശലോമോന്റെ മറ്റു പ്രവർത്തനങ്ങൾ
യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. അതിനുശേഷം ഹൂരാം8:2 ഹീരാം, ഹൂരാം എന്നതിന്റെ മറ്റൊരുരൂപം. ശലോമോനു നൽകിയ പട്ടണങ്ങൾ അദ്ദേഹം പുതുക്കിപ്പണിത് ഇസ്രായേല്യരെ അവിടെ പാർപ്പിച്ചു. തുടർന്നു ശലോമോൻചെന്ന് ഹമാത്ത്-സോബാ പിടിച്ചടക്കി. അദ്ദേഹം മരുഭൂമിയിൽ തദ്മോർ പട്ടണവും സംഭരണനഗരങ്ങളെല്ലാം ഹമാത്തിലും പണികഴിപ്പിച്ചു. അദ്ദേഹം മുകളിലത്തെ ബേത്-ഹോരോനും താഴ്വരയിലുള്ള ബേത്-ഹോരോനും കോട്ടകെട്ടി ബലപ്പെടുത്തി മതിലും കവാടങ്ങളും ഓടാമ്പലുകളും ഉള്ള ബലമുള്ള നഗരങ്ങളാക്കി പുനർനിർമിച്ചു. അതുപോലെതന്നെ ബാലാത്തും, അദ്ദേഹത്തിന്റെ എല്ലാ സംഭരണനഗരങ്ങളും അദ്ദേഹത്തിന്റെ രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ഇസ്രായേൽമക്കൾ നശിപ്പിക്കാൻ കഴിയാതെയിരുന്ന ഈ ജനതയുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു. എന്നാൽ, ഇസ്രായേല്യരിൽനിന്ന് ആരെയും ശലോമോൻ തന്റെ വേലകൾക്കുവേണ്ടി അടിമകളാക്കിയില്ല; അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും സൈന്യാധിപന്മാരുടെ അധിപതികളും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു. അവരും ശലോമോൻരാജാവിന്റെ മുഖ്യ ഉദ്യോഗസ്ഥന്മാരായിരുന്നു. ജനങ്ങളുടെ കാര്യവിചാരകന്മാരായി 250 ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.
ഫറവോന്റെ പുത്രിയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവന്ന് താൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരത്തിൽ പാർപ്പിച്ചു. “യഹോവയുടെ പേടകം എത്തുന്ന ഇടങ്ങൾ വിശുദ്ധമാണ്, അതിനാൽ ഇസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ ഫറവോന്റെ മകളായ എന്റെ ഭാര്യ വസിച്ചുകൂടാ,” എന്ന് അദ്ദേഹം പറഞ്ഞു.
ദൈവാലയത്തിന്റെ പൂമുഖത്തിനുമുമ്പിൽ ശലോമോൻ നിർമിച്ചിരുന്ന യാഗപീഠത്തിന്മേൽ അദ്ദേഹം യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു. മോശ കൽപ്പിച്ചതിൻപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും മൂന്നു വാർഷികത്തിരുനാളുകളിലും—പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ, ആഴ്ചകളുടെ പെരുന്നാൾ,8:13 അഥവാ, വാരോത്സവം, [പുറ. 34:22]; [ലേവ്യ. 23:15-22] കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, [അ.പ്ര. 2:1] കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. കൂടാരപ്പെരുന്നാൾ—അതതുദിവസത്തേക്കുള്ള വിധികളനുസരിച്ചുള്ള യാഗങ്ങൾ അദ്ദേഹം അർപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ അനുശാസനമനുസരിച്ച് ശലോമോൻ പുരോഹിതഗണങ്ങളെ അവരുടെ ചുമതലകൾക്കു നിയോഗിച്ചു. ഓരോ ദിവസത്തേക്കുമുള്ള വിധികൾപ്രകാരം സ്തോത്രാർപ്പണശുശ്രൂഷകൾ നയിക്കാനും പുരോഹിതന്മാരെ സഹായിക്കാനുമായി ലേവ്യരെയും നിയോഗിച്ചു. അദ്ദേഹം ദ്വാരപാലകഗണങ്ങളെ വിവിധ കവാടങ്ങളിലെ കാവലിനു നിയോഗിച്ചു. ഇതെല്ലാം ദൈവപുരുഷനായ ദാവീദ് ആജ്ഞാപിച്ചിരുന്നതാണല്ലോ! ഭണ്ഡാരകാര്യങ്ങൾ ഉൾപ്പെടെ യാതൊരു കാര്യത്തിലും പുരോഹിതന്മാരും ലേവ്യരും രാജകൽപ്പനയിൽനിന്നു വ്യതിചലിച്ചില്ല.
യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടനാൾമുതൽ അതിന്റെ പൂർത്തീകരണംവരെ ശലോമോന്റെ എല്ലാ ജോലികളും കൃത്യമായി നടന്നു. അങ്ങനെ യഹോവയുടെ ആലയം പൂർത്തിയായി.
അതിനുശേഷം ശലോമോൻ ഏദോം ദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെറിലേക്കും ഏലാത്തിലേക്കും പോയി. ഹൂരാം സമുദ്രയാത്രയിൽ പരിചയമുള്ള തന്റെ സ്വന്തം സേവകരുടെ നേതൃത്വത്തിൽ ശലോമോനുവേണ്ടി കപ്പലുകൾ അയച്ചുകൊടുത്തു. അവർ ശലോമോന്റെ ആൾക്കാരോടൊപ്പം ഓഫീറിലേക്കു സമുദ്രമാർഗം പോയി; അവിടെനിന്നും അവർ 450 താലന്തു8:18 ഏക. 17 ടൺ. സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.
ശേബാരാജ്ഞി ശലോമോനെ സന്ദർശിക്കുന്നു
ശേബാരാജ്ഞി ശലോമോന്റെ പ്രശസ്തി കേട്ടിട്ട് കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ ജെറുശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും അദ്ദേഹത്തിന് അജ്ഞാതമായിരുന്നില്ല. ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന, അദ്ദേഹത്തിന്റെ മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, വേഷവിധാനങ്ങളോടുകൂടിയ പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി.
അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ നാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. പക്ഷേ, ഇവിടെയെത്തി സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ആളുകൾ പറഞ്ഞുകേട്ടതു ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ അങ്ങയുടെ ജ്ഞാനമാഹാത്മ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങ് ഞാൻ കേട്ടതിനെക്കാൾ എത്രയോ ശ്രേഷ്ഠനാണ്. അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ! യഹോവയായ ദൈവത്തിനുവേണ്ടി ഭരണം നടത്താൻ അങ്ങയെ തന്റെ സിംഹാസനത്തിൽ രാജാവായി പ്രതിഷ്ഠിക്കാൻ പ്രസാദിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ! അങ്ങയുടെ ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹംനിമിത്തവും അവരെ എന്നെന്നേക്കുമായി ഉയർത്താനുള്ള ആഗ്രഹംമൂലവും യഹോവ അങ്ങയെ അവർക്കുമീതേ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.”
അതിനുശേഷം അവൾ നൂറ്റിയിരുപതു താലന്തു9:9 ഏക. 4.5 ടൺ. സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ അവിടെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.
(ഇതു കൂടാതെ, ഹീരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരുംചേർന്ന് ഓഫീറിൽനിന്ന് സ്വർണവും ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളുംകൂടി കൊണ്ടുവന്നു. യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ചവിട്ടുപടികൾ ഉണ്ടാക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും നിർമിക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. യെഹൂദാദേശത്ത് അത്തരത്തിലുള്ളതൊന്നും മുമ്പൊരിക്കലും കാണാൻ ഉണ്ടായിരുന്നില്ല.)
ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അവൾ അദ്ദേഹത്തിനുവേണ്ടി ഇങ്ങോട്ടു കൊണ്ടുവന്നതിനെക്കാൾ വളരെക്കൂടുതൽ അദ്ദേഹം അവൾക്ക് അങ്ങോട്ടു കൊടുത്തയച്ചു. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.
ശലോമോന്റെ ഗാംഭീര്യം
ശലോമോൻ രാജാവിനു പ്രതിവർഷം ലഭിച്ചിരുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്ത്9:13 ഏക. 25 ടൺ. ആയിരുന്നു. ഇതു വ്യാപാരികളും കച്ചവടക്കാരും കരം തീരുവയായി കൊടുത്തിരുന്നതിനു പുറമേയാണ്. കൂടാതെ, സകല അറബിരാജാക്കന്മാരും ദേശാധിപതികളും സ്വർണവും വെള്ളിയും കൊണ്ടുവന്ന് ശലോമോനു കാഴ്ചവെച്ചിരുന്നു.
അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽവീതം9:15 ഏക. 6.9 കി.ഗ്രാം. സ്വർണം ചെലവായി. അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മുന്നൂറു ശേക്കേൽ9:16 ഏക. 3.5 കി.ഗ്രാം. സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.
പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തിന് സ്വർണംകൊണ്ടുള്ള ആറു പടികളും ഒരു പാദപീഠവും ഉണ്ടായിരുന്നു. ഇവ സിംഹാസനത്തോട് ബന്ധിപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു. പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല. രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം9:21 മൂ.ഭാ. തർശീശിലേക്കു പോകുന്ന കപ്പൽ ഉണ്ടായിരുന്നു; ഹൂരാമിന്റെ ദാസന്മാർ അവയെ കൈകാര്യം ചെയ്തിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.
ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു. ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ ഭൂതലത്തിലെ സകലരാജാക്കന്മാരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു. അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു.
കുതിരകൾക്കും രഥങ്ങൾക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ശലോമോനുണ്ടായിരുന്നു. അവരെ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും ശലോമോൻ ആധിപത്യം നേടി. രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു. ഈജിപ്റ്റിൽനിന്നും മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു.
ശലോമോന്റെ മരണം
ശലോമോന്റെ ഭരണകാലത്തുണ്ടായ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം നാഥാൻപ്രവാചകന്റെ രേഖകളിലും ശീലോന്യനായ അഹീയാവിന്റെ പ്രവചനങ്ങളിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച് ദർശകനായ ഇദ്ദോയ്ക്കുണ്ടായ ദർശനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി. പിന്നെ അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കി. അദ്ദേഹത്തിന്റെ മകനായ രെഹബെയാം അദ്ദേഹത്തിന്റെ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
രെഹബെയാമിനെതിരേ ഇസ്രായേൽ
രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി. ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി. അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
“മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു.
എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”
“മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു. വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു. യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു. ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു.
രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്:
“ദാവീദിങ്കൽ നമുക്കെന്ത് ഓഹരി?
യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി?
ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ.
ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!”
അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ10:18 മൂ.ഭാ. ഹദോരാം, അദോനിരാം എന്നതിന്റെ മറ്റൊരുരൂപം. രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു. ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.
എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും ഇസ്രായേലിലുള്ള യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും പറയുക: ‘നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച്; യൊരോബെയാമിനെതിരേ നീങ്ങുന്നതിൽനിന്ന് പിന്തിരിയുകയും ചെയ്തു.
രെഹബെയാം യെഹൂദ്യയെ സുരക്ഷിതമാക്കുന്നു
രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു. ബേത്ലഹേം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം, ലാഖീശ്, അസേക്കാ, സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയായിരുന്നു അദ്ദേഹം യെഹൂദ്യയിലും ബെന്യാമീനിലും കോട്ടകെട്ടി ഉറപ്പിച്ച നഗരങ്ങൾ. അദ്ദേഹം പ്രതിരോധത്തിനുള്ള അവരുടെ കോട്ടകൾ ബലപ്പെടുത്തി അവയിൽ സൈന്യാധിപന്മാരെ നിയോഗിച്ചു; ഭക്ഷണസാധനങ്ങൾ, ഒലിവെണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചുവെച്ചു. പരിചകളും കുന്തങ്ങളും എല്ലാ നഗരങ്ങളിലും അദ്ദേഹം ശേഖരിച്ചുവെച്ചു; തന്നെയുമല്ല, അതിന്റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു. അങ്ങനെ യെഹൂദയും ബെന്യാമീനും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തുടർന്നു.
ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു. യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പുരോഹിതന്മാർ എന്നു കരുതാതെ അവഗണിച്ചിരുന്നു. അതിനാൽ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ പുൽമേടുകളും സമ്പത്തും ഉപേക്ഷിച്ചിട്ട് യെഹൂദ്യയിലും ജെറുശലേമിലും വന്നുചേർന്നു. യൊരോബെയാം താനുണ്ടാക്കിയ ക്ഷേത്രങ്ങളിൽ തന്റെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചു. അവിടെ അവർ ആടുകളുടെയും കാളക്കിടാങ്ങളുടെയും വിഗ്രഹങ്ങളെ ഭജിച്ചുവന്നു. ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു. മൂന്നുവർഷക്കാലം അവർ യെഹൂദാരാജ്യത്തെ പ്രബലമാക്കുകയും ശലോമോന്റെ മകനായ രെഹബെയാമിനു പിന്തുണ കൊടുക്കുകയും ചെയ്തു. ഈ കാലമത്രയും അവർ ദാവീദിന്റെയും ശലോമോന്റെയും കാൽച്ചുവടുകൾ പിൻതുടരുന്നതിൽ വിശ്വസ്തരായി നിലകൊണ്ടു.
രെഹബെയാമിന്റെ കുടുംബം
ദാവീദിന്റെ മകനായ യെരീമോത്തിന്റെയും യിശ്ശായിയുടെ മകൻ എലീയാബിന്റെ മകളായ അബീഹയിലിന്റെയും മകളായ മഹലാത്തിനെ രെഹബെയാം വിവാഹംകഴിച്ചു. അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു. അവൾക്കുശേഷം അബ്ശാലോമിന്റെ മകളായ മയഖായെ രെഹബെയാം ഭാര്യയായി സ്വീകരിച്ചു. അവൾ അദ്ദേഹത്തിന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. രെഹബെയാം അബ്ശാലോമിന്റെ മകളായ മയഖായെ തന്റെ മറ്റു ഭാര്യമാരെക്കാളും വെപ്പാട്ടിമാരെക്കാളും കൂടുതലായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് ആകെ പതിനെട്ടു ഭാര്യമാരും അറുപത് വെപ്പാട്ടികളും ഇരുപത്തിയെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.
മയഖായുടെ മകനായ അബീയാവിനെ രാജാവാക്കാൻ രെഹബെയാം താത്പര്യപ്പെട്ടിരുന്നു. അതിനാൽ അബീയാവിനെ അവന്റെ സകലസഹോദരന്മാരിൽവെച്ചും മുഖ്യരാജകുമാരനായി രെഹബെയാം അവരോധിച്ചു. രെഹബെയാം തന്റെ പുത്രന്മാരിൽ ചിലരെ യെഹൂദ്യയിലും ബെന്യാമീനിലും ഉടനീളമുള്ള ദേശങ്ങളിലും കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള നഗരങ്ങളിലും ചില ദൗത്യങ്ങൾ നൽകി അയച്ചിരുന്നു; അങ്ങനെ അദ്ദേഹം ബുദ്ധിപൂർവം പെരുമാറി. രെഹബെയാം അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ നൽകുകയും അവർക്കുവേണ്ട ഭാര്യമാരെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.
ശീശക്ക് ജെറുശലേമിനെ ആക്രമിക്കുന്നു
രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും12:1 അതായത്, യെഹൂദാ; 2 ദിനവൃത്താന്തത്തിൽ മിക്കസ്ഥലങ്ങളിലും ഇസ്രായേലിന് യെഹൂദാ എന്ന് ഉപയോഗിച്ചിരിക്കുന്നു. യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയോടും ഈജിപ്റ്റിൽനിന്ന് അദ്ദേഹത്തോടുകൂടിവന്ന ലൂബ്യരും സൂക്യരും കൂശ്യരുമായ സംഖ്യയറ്റ കാലാൾപ്പടയോടുംകൂടി ശീശക്ക് ജെറുശലേമിന്റെനേരേവന്നു. അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി.
അപ്പോൾ ശെമയ്യാപ്രവാചകൻ ശീശക്കിനെ പേടിച്ച് ജെറുശലേമിലേക്കു വന്നുചേർന്ന രെഹബെയാമിന്റെയും യെഹൂദ്യയിലെ പ്രഭുക്കന്മാരുടെയും അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ശീശക്കിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.’ ”
അപ്പോൾ ഇസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി, “യഹോവ നീതിമാൻ” എന്നു മറുപടി പറഞ്ഞു.
അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം12:7 മൂ.ഭാ. സ്വയം താഴ്ത്തി വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല. എന്നിരുന്നാലും എന്നെ സേവിക്കുന്നതും അന്യദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം മനസ്സിലാക്കത്തക്കവണ്ണം അവർ ശീശക്കിന്റെ ആശ്രിതരായിരിക്കും.”
ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചപ്പോൾ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടുള്ള പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ പരിചകളും ഏന്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചിരുന്നു; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
രെഹബെയാം തന്നെത്താൻ വിനയപ്പെട്ടതുമൂലം, അദ്ദേഹത്തെ മുഴുവനായി നശിപ്പിച്ചുകളയാതെ യഹോവയുടെ കോപം അദ്ദേഹത്തെ വിട്ടുമാറി. യെഹൂദ്യയിൽ അൽപ്പം നന്മ തീർച്ചയായും അവശേഷിച്ചിരുന്നു.
രെഹബെയാംരാജാവ് സ്വയം ജെറുശലേമിൽ നിലയുറപ്പിച്ച് രാജാവായി തുടർന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. രെഹബെയാം യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ചില്ല; അതിനാൽ അദ്ദേഹം ദുഷ്ടത പ്രവർത്തിച്ചു.
രെഹബെയാമിന്റെ ഭരണകാലത്തെ സംഭവങ്ങളെല്ലാം ആദ്യവസാനം ശെമയ്യാപ്രവാചകന്റെ രേഖകളിലും ദർശകനായ ഇദ്ദോയുടെ വംശാവലി സംബന്ധമായ രേഖകളിലും രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
യെഹൂദാരാജാവായ അബീയാം
യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു. അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മയഖാ13:2 [11:20]; [1 രാജാ. 15:2] കാണുക. ചി.കൈ.പ്ര. മിഖായാ എന്നായിരുന്നു. അവൾ13:2 അഥവാ, പൗത്രി ഗിബെയാക്കാരനായ ഊരിയേലിന്റെ മകളായിരുന്നു.
അബീയാമും യൊരോബെയാമുംതമ്മിൽ യുദ്ധമുണ്ടായി. നാലുലക്ഷം യോദ്ധാക്കളടങ്ങിയ ശക്തരായ ഒരു സൈന്യവുമായി അബീയാം യുദ്ധത്തിനു ചെന്നു. യൊരോബെയാം ശക്തന്മാരായ എട്ടുലക്ഷം ഭടന്മാരെ അബീയാമിനെതിരേ അണിനിരത്തി.
അബീയാം എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ കയറിനിന്നു വിളിച്ചുപറഞ്ഞു: “യൊരോബെയാമും സകല ഇസ്രായേലുമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക! ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിന്റെ രാജത്വം ദാവീദിനും അവന്റെ പിൻഗാമികൾക്കുംവേണ്ടി എന്നെന്നേക്കുമായി ഒരു ലവണ ഉടമ്പടിയാൽ13:5 എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉപ്പ് അവിഭാജ്യഘടകമായിരിക്കുന്നതുപോലെ, മാറ്റം വരുത്തിക്കൂടാത്ത നിയമം. കൊടുത്തിരിക്കുന്നു എന്നത് നിങ്ങൾ അറിയുന്നില്ലേ? എന്നിട്ടും നെബാത്തിന്റെ മകനായ യൊരോബെയാം ദാവീദിന്റെ മകനായ ശലോമോന്റെ ദാസനായിരിക്കെ, തന്റെ യജമാനനെതിരേ മത്സരിച്ചു. ഒരു പ്രയോജനവുമില്ലാത്ത ചില ആഭാസന്മാർ അദ്ദേഹത്തിനുചുറ്റും വന്നുകൂടി. ശലോമോന്റെ മകനായ രെഹബെയാം യുവാവും ചഞ്ചലചിത്തനും ഇവരെ നേരിടാൻതക്ക കരുത്തില്ലാത്തവനും ആയിരുന്നപ്പോൾ ഇവർ അദ്ദേഹത്തെ എതിർത്തു.
“യഹോവയുടെ രാജ്യം ഇതാ ദാവീദിന്റെ പിൻഗാമികളുടെ കൈവശമിരിക്കുന്നു. നിങ്ങൾ അതിനെ ചെറുത്തുനിൽക്കുന്നു. നിങ്ങൾ തീർച്ചയായും ഒരു വിപുലസൈന്യംതന്നെ. നിങ്ങൾക്കു ദേവന്മാരായിരിക്കാൻ യൊരോബെയാം ഉണ്ടാക്കിത്തന്ന സ്വർണക്കാളക്കിടാങ്ങളും നിങ്ങളോടുകൂടെയുണ്ട്. യഹോവയുടെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശക്കാർ ചെയ്യുന്നതുപോലെ നിങ്ങളും സ്വന്തം പുരോഹിതന്മാരെ നിയമിച്ചില്ലേ? സ്വയം വിശുദ്ധീകരിക്കാനായി ഒരു കാളക്കിടാവിനെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുന്ന ഏതൊരുവനും നിങ്ങളുടെ ഇടയിൽ ദേവന്മാരെന്നു വിളിക്കപ്പെടുന്നവർക്കു പുരോഹിതനായിത്തീരാമല്ലോ!
“എന്നാൽ ഞങ്ങളുടെ ദൈവമോ, യഹോവ ആകുന്നു. അവിടത്തെ ഞങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ഞങ്ങളുടെ ഇടയിൽ യഹോവയ്ക്കു പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യുന്നത് അഹരോന്റെ പുത്രന്മാരാണ്; ലേവ്യർ അവരെ അതിൽ സഹായിക്കുകയുംചെയ്യുന്നു. ദിനംപ്രതി രാവിലെയും വൈകുന്നേരവും അവർ യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപങ്ങളും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധീകരിച്ച മേശമേൽ കാഴ്ചയപ്പം ഒരുക്കുന്നു; എല്ലാ സായാഹ്നങ്ങളിലും സ്വർണവിളക്കുതണ്ടിന്മേൽ ദീപങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞകൾ അനുസരിക്കുന്നു; നിങ്ങളോ, അവിടത്തെ ത്യജിച്ചിരിക്കുന്നു. ദൈവം ഞങ്ങളോടുകൂടെയുണ്ട്. അവിടന്നാണ് ഞങ്ങളുടെ നായകൻ. അവിടത്തെ പുരോഹിതന്മാർ തങ്ങളുടെ യുദ്ധാരവം മുഴക്കി നിങ്ങൾക്കെതിരേ യുദ്ധത്തിനായുള്ള കാഹളം മുഴക്കും. ഇസ്രായേൽ പുരുഷന്മാരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു യുദ്ധംചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.”
യൊരോബെയാം യെഹൂദയെ പിൻഭാഗത്തു വളയാൻ സൈന്യത്തെ അയച്ചിരുന്നു; അങ്ങനെ യെഹൂദയുടെമുമ്പിൽ അദ്ദേഹത്തിന്റെ സൈന്യവും പിന്നിൽ പതിയിരിപ്പുകാരെയും ആക്കി. യെഹൂദാ, തങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കപ്പെടുന്നു എന്നു മനസ്സിലാക്കി. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു; പുരോഹിതന്മാർ തങ്ങളുടെ കാഹളമൂതി. യെഹൂദാസൈന്യം യുദ്ധാരവം മുഴക്കി; അവരുടെ യുദ്ധാരവത്തിന്റെ മുഴക്കത്താൽ ദൈവം യൊരോബെയാമിനെയും സകല ഇസ്രായേലിനെയും അബീയാമിന്റെയും യെഹൂദയുടെയും മുമ്പിൽനിന്നു തോറ്റോടുമാറാക്കി. ഇസ്രായേല്യർ യെഹൂദയുടെമുമ്പിൽനിന്നു പലായനംചെയ്തു. ദൈവം അവരെ യെഹൂദയുടെ കൈയിൽ ഏൽപ്പിച്ചു. അബീയാവും സൈന്യവും അവർക്കു കനത്ത നാശം വരുത്തി. ഇസ്രായേലിന്റെ ശക്തന്മാരായ പോരാളികളിൽ അഞ്ചുലക്ഷംപേർ വധിക്കപ്പെട്ടു. അന്ന് ഇസ്രായേൽ കീഴടക്കപ്പെട്ടു; തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് യെഹൂദാജനം വിജയംകൈവരിച്ചു.
അബീയാം യൊരോബെയാമിനെ പിൻതുടർന്നുചെന്ന്, അദ്ദേഹത്തിന്റെ അധീനതയിൽനിന്നു ബേഥേൽ, യെശാനാ, എഫ്രോൻ എന്നീ നഗരങ്ങളും അവയോടുചേർന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു. അബീയാമിന്റെ കാലത്ത് യൊരോബെയാമിനു ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. യഹോവ പ്രഹരിച്ചു; അങ്ങനെ അദ്ദേഹം മരിച്ചുവീണു.
എന്നാൽ അബീയാം പ്രബലനായിത്തീർന്നു. അദ്ദേഹത്തിനു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരും ഉണ്ടായിരുന്നു.
അബീയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളും ഇദ്ദോപ്രവാചകന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആസാ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. ആസായുടെകാലത്ത് പത്തുവർഷത്തേക്ക് ദേശത്തു സമാധാനം നിലനിന്നു.
ആസാ യെഹൂദാരാജാവ്
ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതും നീതിയായുള്ളതും പ്രവർത്തിച്ചു. അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും ക്ഷേത്രങ്ങളും നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ ഇടിച്ചുതകർത്തു; അശേരാപ്രതിഷ്ഠകൾ14:3 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. വെട്ടിവീഴ്ത്തുകയും ചെയ്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും അവിടത്തെ നിയമങ്ങളും കൽപ്പനകളും അനുസരിക്കാനും അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. എല്ലാ യെഹൂദാനഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളും ധൂപബലിപീഠങ്ങളും അദ്ദേഹം നീക്കംചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ ദേശം സമാധാനപൂർണമായിരുന്നു. ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.
ആസാ യെഹൂദാജനതയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ പണിയാം; അവയ്ക്കുചുറ്റും മതിലുകൾ തീർത്ത് ഗോപുരങ്ങളും കവാടങ്ങളും ഓടാമ്പലുകളും സ്ഥാപിച്ച് അവയെ ബലപ്പെടുത്താം. നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് നാട് ഇപ്പോഴും നമ്മുടെ അധീനതയിൽത്തന്നെ. നാം അവിടത്തെ അന്വേഷിച്ചു; അവിടന്ന് ചുറ്റുപാടും നമുക്കു സമാധാനം നൽകിയിരിക്കുന്നു.” അങ്ങനെ അവർ നിർമാണപ്രവർത്തനങ്ങൾ നടത്തി അഭിവൃദ്ധിപ്രാപിച്ചു.
യെഹൂദ്യയിൽനിന്ന് വൻപരിചയും കുന്തവുമേന്തിയ മൂന്നുലക്ഷംപേരും ബെന്യാമീനിൽനിന്ന് ചെറുപരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എൺപതിനായിരംപേരും ഉൾക്കൊള്ളുന്ന ഒരു മഹാസൈന്യം ആസായ്ക്ക് ഉണ്ടായിരുന്നു. ഇവരെല്ലാം ധൈര്യശാലികളായ യോദ്ധാക്കളായിരുന്നു.
ഒരിക്കൽ കൂശ്യനായ സേരഹ് പത്തുലക്ഷം14:9 മൂ.ഭാ. ആയിരത്തിനുമേൽ ആയിരം ഭടന്മാരും മുന്നൂറു രഥങ്ങളുമായി യെഹൂദയ്ക്കെതിരേ പുറപ്പെട്ട് മാരേശാവരെ വന്നു. ആസാ അദ്ദേഹത്തെ നേരിടാൻ പുറപ്പെട്ടുചെന്നു; മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ അവർ സൈന്യത്തെ അണിനിരത്തി.
അതിനുശേഷം ആസാ തന്റെ ദൈവമായ യഹോവയോടു നിലവിളിച്ചു പറഞ്ഞു: “യഹോവേ, ബലവാനെതിരേ ബലഹീനനെ തുണയ്ക്കാൻ അങ്ങയെപ്പോലെ മറ്റൊരുത്തനും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു; ഞങ്ങളെ സഹായിക്കണേ. അങ്ങയുടെ നാമത്തിൽ ഞങ്ങൾ ഈ മഹാസൈന്യത്തിനെതിരേ വന്നിരിക്കുന്നു. യഹോവേ, അങ്ങുതന്നെ ഞങ്ങളുടെ ദൈവം. മനുഷ്യൻ അങ്ങേക്കെതിരേ പ്രബലപ്പെടാൻ ഇടയാക്കരുതേ!”
അപ്പോൾ ആസായുടെയും യെഹൂദയുടെയും മുമ്പാകെ യഹോവ കൂശ്യർക്കു പരാജയം വരുത്തി. അവർ പലായനംചെയ്തു. ആസായും അദ്ദേഹത്തിന്റെ സൈന്യവും ഗെരാർവരെ അവരെ പിൻതുടർന്നു. ഒരിക്കലും നികത്താനാകാത്തവിധം അനേകം കൂശ്യർ14:13 അതായത്, എത്യോപ്യക്കാർ വധിക്കപ്പെട്ടവരായി. യഹോവയുടെയും അവിടത്തെ സൈന്യത്തിന്റെയും മുമ്പിൽ അവർ തകർക്കപ്പെട്ടു. യെഹൂദാജനത വലിയൊരു കൊള്ളയുമായി മടങ്ങിപ്പോന്നു. ഗെരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവർ നശിപ്പിച്ചു. യഹോവയെപ്പറ്റിയുള്ള ഭീതി ആ ദേശവാസികളിന്മേൽ വീണിരുന്നു. അവിടെ ധാരാളം കൊള്ളമുതലുണ്ടായിരുന്നതിനാൽ അവർ ആ നഗരങ്ങളെല്ലാം കൊള്ളയടിച്ചു. അവർ കന്നുകാലികളുടെ ഇടയന്മാരുടെ കൂടാരങ്ങളെയും ആക്രമിച്ചു. ധാരാളം ചെമ്മരിയാടുകളെയും കോലാടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചുകൊണ്ട് അവർ ജെറുശലേമിലേക്കു മടങ്ങി.
ആസായുടെ പരിഷ്കാരങ്ങൾ
ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു. അദ്ദേഹം ആസയെ കാണുന്നതിനായി ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “ആസാരാജാവേ, സകല യെഹൂദാ-ബെന്യാമീൻഗോത്രക്കാരേ, എന്റെ വാക്കു ശ്രദ്ധയോടെ കേൾക്കുക! നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുമ്പോൾ അവിടന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങൾ അവിടത്തെ അന്വേഷിക്കുമെങ്കിൽ, കണ്ടെത്തും. എന്നാൽ നിങ്ങൾ അവിടത്തെ ഉപേക്ഷിച്ചാൽ അവിടന്നു നിങ്ങളെയും ഉപേക്ഷിക്കും. വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു. എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. അക്കാലത്ത് ദേശവാസികളെല്ലാം കലാപങ്ങളിൽ അകപ്പെട്ടിരുന്നതിനാൽ നാട്ടിൽ ഇറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമായിരുന്നില്ല. ദൈവം സകലവിധമായ കഷ്ടതകൾകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഒരു രാജ്യം മറ്റൊരു രാജ്യത്താലും ഒരു നഗരം മറ്റൊരു നഗരത്താലും തകർക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ നിങ്ങൾ ശക്തി സമാഹരിക്കുക! പരിശ്രമം ഉപേക്ഷിക്കരുത്; നിങ്ങളുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.”
ഓദേദിന്റെ മകനും പ്രവാചകനുമായ അസര്യാവിന്റെ വാക്കുകളും പ്രവചനവും കേട്ടപ്പോൾ ആസാ ധൈര്യമുള്ളവനായി, യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലദേശങ്ങളിലും, താൻ എഫ്രയീം മലനാട്ടിൽ പിടിച്ചടക്കിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന സകലമ്ലേച്ഛവിഗ്രഹങ്ങളെയും അദ്ദേഹം നീക്കംചെയ്തു. യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിനു മുമ്പിലുണ്ടായിരുന്ന യാഗപീഠം അദ്ദേഹം പുനരുദ്ധരിച്ചു.
പിന്നെ അദ്ദേഹം സകല യെഹൂദരെയും ബെന്യാമീന്യരെയും എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് അവരുടെയിടയിൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി. ദൈവമായ യഹോവ ആസാ രാജാവിനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് ഇസ്രായേല്യരിൽനിന്ന് വളരെയധികം ആളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്നുചേർന്നിരുന്നു.
ആസായുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷം മൂന്നാംമാസത്തിൽ അവർ ജെറുശലേമിൽ സമ്മേളിച്ചു. അവർ കൊണ്ടുവന്നിരുന്ന കൊള്ളമുതലിൽനിന്ന് എഴുനൂറു കന്നുകാലികളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും അന്ന് അവർ യഹോവയ്ക്കു യാഗമർപ്പിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു. കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു. അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.
ആസാരാജാവിന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, അടിച്ചുതകർത്ത്, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു. ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ഇസ്രായേലിൽനിന്നു ക്ഷേത്രങ്ങൾ നീക്കംചെയ്തില്ല. താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
പിന്നീട് ആസായുടെ ഭരണത്തിന്റെ മുപ്പത്തഞ്ചാമാണ്ടുവരെ യുദ്ധം ഉണ്ടായില്ല.
ആസായുടെ അവസാന വർഷങ്ങൾ
ആസായുടെ ഭരണത്തിന്റെ മുപ്പത്തിയാറാംവർഷത്തിൽ യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത്, ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയച്ചു. എന്നിട്ട് ഈ വിധം പറഞ്ഞു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം16:4 ആബേൽ-മയീം ആബേൽ-ബേത്ത്-മാക്കാ എന്നും അറിയപ്പെടുന്നു. എന്നിവയും നഫ്താലിയിലെ സകലഭണ്ഡാരനഗരങ്ങളും ആക്രമിച്ചു കീഴടക്കി. ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ആ ഉദ്യമംതന്നെ ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം, ആസാരാജാവ് യെഹൂദ്യയിലുള്ള സകലരെയും കൂട്ടിക്കൊണ്ടുചെന്ന് ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ച് അദ്ദേഹം ഗേബായും മിസ്പായും പണിയിച്ചു.
ആ സമയത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുത്തുവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു. കൂശ്യരും, ലൂബ്യരും അസംഖ്യം രഥങ്ങളോടും കുതിരപ്പടയോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലേ? എന്നിട്ടും നീ യഹോവയിൽ ആശ്രയിച്ചപ്പോൾ അവിടന്ന് അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
ഇതുമൂലം ആസാ ആ ദർശകനോടു കോപിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. ഇക്കാരണത്താൽ അദ്ദേഹത്തിനുനേരേ ആസാ കോപാകുലനായിരുന്നു. ഈ സമയത്തുതന്നെ ആസാ ജനങ്ങളിൽ പലരെയും പീഡിപ്പിക്കുകയും ചെയ്തു.
ആസായുടെ ഭരണകാലത്തെ സംഭവങ്ങൾ, ആദ്യവസാനം, യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസായുടെ ഭരണത്തിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ അദ്ദേഹത്തിന് തന്റെ പാദത്തിൽ രോഗം ബാധിച്ചു. രോഗം അതികഠിനമായി മൂർച്ഛിച്ചെങ്കിലും, അദ്ദേഹം തന്റെ രോഗാവസ്ഥയിൽപോലും വൈദ്യന്മാരിൽനിന്നല്ലാതെ യഹോവയിൽനിന്നു സഹായം തേടിയില്ല. അങ്ങനെ തന്റെ ഭരണത്തിന്റെ നാൽപ്പത്തിയൊന്നാമാണ്ടിൽ ആസാ മരിച്ചു; അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. ദാവീദിന്റെ നഗരത്തിൽ ആസാ തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. സുഗന്ധദ്രവ്യങ്ങളും പലതരം പരിമളക്കൂട്ടുകളുംകൊണ്ടു മൂടിയ ഒരു ശവമഞ്ചത്തിൽ അവർ അദ്ദേഹത്തെ കിടത്തി; അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡം ഒരുക്കുകയും ചെയ്തു.
യെഹൂദാരാജാവായ യെഹോശാഫാത്ത്
ആസായുടെ മകനായ യെഹോശാഫാത്ത് അനന്തരാവകാശിയായി രാജ്യഭാരമേറ്റു. അദ്ദേഹം ഇസ്രായേലിനെതിരേ പ്രബലനായിത്തീർന്നു. കോട്ടകെട്ടി ബലപ്പെടുത്തിയിരുന്ന യെഹൂദ്യനഗരങ്ങളിലെല്ലാം അദ്ദേഹം പട്ടാളത്തെ പാർപ്പിച്ചു. യെഹൂദ്യയിലും അദ്ദേഹത്തിന്റെ പിതാവായ ആസാ പിടിച്ചടക്കിയിരുന്ന എഫ്രയീമ്യ നഗരങ്ങളിലും അദ്ദേഹം കാവൽസേനയെ നിയോഗിച്ചു.
യെഹോശാഫാത്ത് ബാൽവിഗ്രഹങ്ങളെ അന്വേഷിക്കാതെ തന്റെ പൂർവപിതാവായ ദാവീദിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിലേതുപോലെ ജീവിച്ചതുമൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അദ്ദേഹം ഇസ്രായേലിന്റെ പ്രവർത്തനമാർഗം പിൻതുടരാതെ, തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു. തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു. അദ്ദേഹത്തിന്റെ ഹൃദയം യഹോവയുടെ വഴികളിൽ ഏകാഗ്രമായിത്തീരുകയും യെഹൂദ്യയിൽനിന്ന് അദ്ദേഹം ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും നീക്കിക്കളയുകയും ചെയ്തു.
തന്റെ ഭരണത്തിന്റെ മൂന്നാമാണ്ടിൽ അദ്ദേഹം തന്റെ പ്രഭുക്കന്മാരായ ബെൻ-ഹയീൻ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നിവരെ യെഹൂദാനഗരങ്ങളിൽ ഉപദേഷ്ടാക്കന്മാരായി നിയോഗിച്ചു. അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസാഹേൽ, ശെമിരാമോത്ത്, യെഹോനാഥാൻ, അദോനിയാവ്, തോബിയാവ്, തോബ്-അദോനിയാവ് എന്നീ ലേവ്യരും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു. അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ഉപദേശിച്ചു. യഹോവയുടെ ന്യായപ്രമാണഗ്രന്ഥം അവരുടെപക്കൽ ഉണ്ടായിരുന്നു. അവർ യെഹൂദാ പട്ടണങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
യെഹൂദയ്ക്കു ചുറ്റുമുള്ള നാടുകളിലെ സകലരാജ്യങ്ങളിലും യഹോവയെപ്പറ്റിയുള്ള ഭീതി വീണിരുന്നു. അതിനാൽ അവരാരും യെഹോശാഫാത്തിനോടു യുദ്ധത്തിനു തുനിഞ്ഞില്ല. ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിനു കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികൾ അദ്ദേഹത്തിന് ഏഴായിരത്തി എഴുനൂറ് കോലാട്ടുകൊറ്റന്മാരും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റന്മാരും അടങ്ങിയ ആട്ടിൻപറ്റത്തെ കാഴ്ചയായി സമർപ്പിച്ചു.
യെഹോശാഫാത്ത് കൂടുതൽ കൂടുതൽ ശക്തനായിത്തീർന്നു. അദ്ദേഹം യെഹൂദ്യയിൽ കോട്ടകളും സംഭരണനഗരങ്ങളും പണിയിച്ചു. അദ്ദേഹം യെഹൂദാ പട്ടണങ്ങളിൽ ധാരാളം വിഭവങ്ങൾ ശേഖരിച്ചിരുന്നു. തഴക്കംചെന്ന യോദ്ധാക്കളെയും അദ്ദേഹം ജെറുശലേമിൽ കരുതിയിരുന്നു. കുടുംബക്രമം അനുസരിച്ച് അവരുടെ പേരുവിവരപ്പട്ടിക ഇപ്രകാരമായിരുന്നു:
യെഹൂദ്യയിൽനിന്ന് സഹസ്രാധിപന്മാരുടെ ഗണം ആയിരം:
അദ്നാ സൈന്യാധിപനും അദ്ദേഹത്തോടൊപ്പം മൂന്നുലക്ഷം യോദ്ധാക്കളും ഉണ്ടായിരുന്നു;
അടുത്തതായി, യെഹോഹാനാൻ സൈന്യാധിപനും അദ്ദേഹത്തോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം ഭടന്മാർ;
അതിനടുത്തായി, സിക്രിയുടെ മകനും യഹോവയുടെ ശുശ്രൂഷയ്ക്കായി സ്വമേധയാ സമർപ്പണം ചെയ്തവനുമായ അമസ്യാവ്; അദ്ദേഹത്തോടൊപ്പം രണ്ടുലക്ഷം യോദ്ധാക്കൾ;
ബെന്യാമീനിൽനിന്ന്:
വീരപരാക്രമിയായ ഭടൻ എല്യാദാ; അദ്ദേഹത്തോടുകൂടെ വില്ലും പരിചയുമേന്തിയ രണ്ടുലക്ഷം പടയാളികൾ;
അടുത്തതായി, യെഹോസാബാദ്; അദ്ദേഹത്തോടുകൂടെ യുദ്ധത്തിനു കോപ്പണിഞ്ഞ ഒരുലക്ഷത്തി എൺപതിനായിരം ഭടന്മാർ.
യെഹൂദ്യയിലുടനീളമുള്ള കോട്ടകെട്ടി ബലപ്പെടുത്തിയ സുരക്ഷിതനഗരങ്ങളിലെ പടയാളികൾക്കുപുറമേ രാജാവിനെ സേവിച്ചിരുന്ന യോദ്ധാക്കൾ ഇവരായിരുന്നു.
മീഖായാവ് ആഹാബിനെതിരേ പ്രവചിക്കുന്നു
യെഹോശാഫാത്തിന് സമ്പത്തും ബഹുമതിയും വളരെ വർധിച്ചു. അദ്ദേഹം വിവാഹബന്ധത്തിലൂടെ ആഹാബുമായി സഖ്യം സ്ഥാപിച്ചു. ചില വർഷങ്ങൾക്കുശേഷം ആഹാബിനെ സന്ദർശിക്കുന്നതിനായി അദ്ദേഹം ശമര്യയിലേക്കുചെന്നു. ആഹാബ് അദ്ദേഹത്തിനും കൂടെയുള്ള ആളുകൾക്കുംവേണ്ടി അനേകം ആടുകളെയും കാളകളെയും അറത്തു. അതിനുശേഷം ഗിലെയാദിലെ രാമോത്ത് ആക്രമിക്കുന്നതിന് തന്നോടൊപ്പം ചെല്ലാൻ അദ്ദേഹത്തെ നിർബന്ധിച്ചു. ഇസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു.
യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെതന്നെ. ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധത്തിനു പോരാം.” യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.”
അങ്ങനെ, ഇസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോട്: “ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനുപോകയോ, അഥവാ, പോകാതിരിക്കയോ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
“പോയാലും! ദൈവം അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചുതരും,” എന്ന് അവർ ഉത്തരം പറഞ്ഞു.
എന്നാൽ, യെഹോശാഫാത്ത് ആഹാബിനോടു: “നാം ദൈവഹിതം അന്വേഷിക്കേണ്ടതിനായി ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?” എന്നു ചോദിച്ചു.
ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ, നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു.
“രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു.
അങ്ങനെ, ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാളോട്, “വേഗത്തിൽ യിമ്ളയുടെ മകനായ മീഖായാവെ കൂട്ടിക്കൊണ്ടുവരിക” എന്നു കൽപ്പന നൽകി.
ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു.
എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, ദൈവം എന്നോട് എന്ത് അരുളിച്ചെയ്യുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു.
മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, ഞാൻ പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു.
മീഖായാവു പരിഹാസത്തോടെ18:14 മൂ.ഭാ. പരിഹാസത്തോടെ എന്ന പദം കാണുന്നില്ല. മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! അവർ നിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും.”
രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു.
അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.”
അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ, നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു.
മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു. അപ്പോൾ യഹോവ, ‘ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു.
“ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’
“ ‘എങ്ങനെ?’ എന്ന് യഹോവ ചോദിച്ചു.
“ ‘ഞാൻ ചെന്ന് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് ആ ആത്മാവ് മറുപടി നൽകി.
“അപ്പോൾ യഹോവ: ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു.
“അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.”
അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു.
“ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു.
അതിനുശേഷം ഇസ്രായേൽരാജാവ്: “മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക. ‘അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു.
അപ്പോൾ മീഖായാവ്, “അങ്ങു സുരക്ഷിതനായി മടങ്ങിവരുമെങ്കിൽ യഹോവ എന്നിലൂടെ അരുളിച്ചെയ്തിട്ടില്ല” എന്നു മറുപടി പറഞ്ഞു. “ഈ ജനമെല്ലാം, എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമോത്ത്-ഗിലെയാദിൽ ആഹാബ് വധിക്കപ്പെടുന്നു
അങ്ങനെ, ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി പുറപ്പെട്ടു. ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പ്രവേശിക്കട്ടെ; എന്നാൽ, അങ്ങ് രാജകീയ വേഷം ധരിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായി യുദ്ധരംഗത്തു പ്രവേശിച്ചു.
എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്,” എന്ന് അരാംരാജാവ് തന്റെ രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു. രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ, “ഇതാണ് ഇസ്രായേൽരാജാവ്” എന്നു ചിന്തിച്ചു; അദ്ദേഹത്തെ ആക്രമിക്കാനായിത്തിരിഞ്ഞു. എന്നാൽ, അദ്ദേഹം നിലവിളിക്കുകയും യഹോവ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. ദൈവം അവരെ അദ്ദേഹത്തിൽനിന്ന് അകറ്റിക്കൊണ്ടുപോയി. അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഏതോ ഒരു അരാമ്യപടയാളി യാദൃച്ഛികമായി വില്ലുകുലച്ച് ഇസ്രായേൽരാജാവിന്റെ കവചത്തിന്റെ വിടവുകൾക്കിടയിൽ എയ്തു. “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിനു വെളിയിൽ കൊണ്ടുപോകുക; എനിക്കു സാരമായി മുറിവേറ്റിരിക്കുന്നു,” എന്നു രാജാവു തേരാളിയോടു കൽപ്പിച്ചു. അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. സന്ധ്യവരെ ഇസ്രായേൽരാജാവ് അരാമ്യർക്ക് അഭിമുഖമായി തന്റെ രഥത്തിൽ ചാരി നിവർന്നുനിന്നു. സൂര്യാസ്തമയത്തിൽ അയാൾ മരിച്ചുവീണു.
യെഹൂദാരാജാവായ യെഹോശാഫാത്ത് ജെറുശലേമിൽ തന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി മടങ്ങിയെത്തിയപ്പോൾ ഹനാനിയുടെ മകനും ദർശകനുമായ യേഹു രാജാവിനെ കാണാൻ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു. “നീ ദുഷ്ടനെ സഹായിക്കുകയും യഹോവയെ വെറുക്കുന്നവനെ സ്നേഹിക്കുകയും19:2 അതായത്, സഖ്യത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ചെയ്യുന്നോ? നിന്റെ ഈ പ്രവൃത്തിമൂലം യഹോവയുടെ ക്രോധം നിന്റെമേൽ വീണിരിക്കുന്നു. എന്നിരുന്നാലും നീ അശേരാപ്രതിഷ്ഠകളിൽനിന്ന് നാടിനെ മോചിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുന്നതിനു മനസ്സുവെക്കുകയും ചെയ്തിരിക്കുന്നതിനാൽ അൽപ്പം നന്മയും നിന്നിലുണ്ട്.”
യെഹോശാഫാത്ത് ന്യായാധിപന്മാരെ നിയമിക്കുന്നു
യെഹോശാഫാത്ത് ജെറുശലേമിൽ താമസിച്ചു. അദ്ദേഹം ബേർ-ശേബാമുതൽ എഫ്രയീം മലനാടുവരെയുള്ള ജനങ്ങളുടെ മധ്യത്തിലേക്കു വീണ്ടും ഇറങ്ങിച്ചെന്ന് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരികെവരുത്തി. അദ്ദേഹം രാജ്യമെങ്ങും, യെഹൂദ്യയിലെ കോട്ടകെട്ടി ബലപ്പെടുത്തിയ ഓരോ നഗരത്തിലും, ന്യായാധിപന്മാരെ നിയമിച്ചു. അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണ് ന്യായം വിധിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു തീർപ്പുകൽപ്പിക്കുമ്പോൾ യഹോവ നിങ്ങളോടുകൂടെയുണ്ട്. അതിനാൽ നിങ്ങൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധാപൂർവം പരിഗണിച്ചുകൊള്ളണം. യഹോവാഭക്തി നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ! നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ യാതൊരുവിധ അനീതിയോ പക്ഷപാതമോ കൈക്കൂലിയോ ഇല്ല. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ വിധിക്കണം.”
യഹോവയുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും തർക്കമുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനുമായി ചില ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്യകുടുംബങ്ങളുടെ തലവന്മാരെയും യെഹോശാഫാത്ത് ജെറുശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനവും ജെറുശലേംതന്നെയായിരുന്നു. അവർക്ക് അദ്ദേഹം ഈ കൽപ്പന നൽകി: “നിങ്ങൾ വിശ്വസ്തതയോടും പൂർണഹൃദയത്തോടും യഹോവാഭക്തിയോടുംകൂടി നിങ്ങളുടെ കർത്തവ്യം നിറവേറ്റണം. നഗരങ്ങളിൽ പാർക്കുന്ന നിങ്ങളുടെ സഹപൗരന്മാരിൽനിന്നു നിങ്ങളുടെമുമ്പാകെവരുന്ന ഓരോ പരാതിയിലും—രക്തച്ചൊരിച്ചിലിനെക്കുറിച്ചോ, അല്ലെങ്കിൽ നിയമം, കൽപ്പന, ഉത്തരവുകൾ, അനുശാസനങ്ങൾ എന്നിവയെക്കുറിച്ചോ ഏതും ആയിക്കൊള്ളട്ടെ—യഹോവയ്ക്കെതിരേ പാപം ചെയ്യാതിരിക്കാനും അവിടത്തെ ക്രോധം നിങ്ങളുടെമേലും നിങ്ങളുടെ സഹപൗരന്മാരുടെമേലും പതിക്കാതിരിക്കുന്നതിനും നിങ്ങൾ അവർക്കുവേണ്ട മുന്നറിയിപ്പുകൾ നൽകണം. ഇങ്ങനെ ചെയ്താൽ നിങ്ങൾ കുറ്റക്കാരാകുകയില്ല.
“യഹോവയുമായി ബന്ധമുള്ള ഏതുകാര്യത്തിലും പുരോഹിതമുഖ്യനായ അമര്യാവു നിങ്ങളുടെ മേധാവിയായിരിക്കും. രാജകാര്യസംബന്ധമായ ഏതുകാര്യത്തിലും യെഹൂദാഗോത്രത്തിന്റെ നായകനായ യിശ്മായേലിന്റെ മകൻ സെബദ്യാവായിരിക്കും നിങ്ങളുടെ മേധാവി. ലേവ്യർ നിങ്ങളുടെമുമ്പാകെ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നതാണ്. ധൈര്യപൂർവം പ്രവർത്തിക്കുക! യഹോവ, നന്മ പ്രവർത്തിക്കുന്നവരുടെ പക്ഷത്ത് ഉണ്ടായിരിക്കട്ടെ.”
യെഹോശാഫാത്ത് മോവാബിനെയും അമ്മോനെയും പരാജയപ്പെടുത്തുന്നു
അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ20:1 ചി.കൈ.പ്ര. അമ്മോന്യർ ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു.
ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ20:2 അതായത്, ചാവുകടൽ ഏദോമിൽനിന്ന്20:2 ഒരു കൈ.പ്ര. ഏദോം; മിക്ക കൈ.പ്ര. അരാം ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.” യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു. യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി.
യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു:
“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ20:6 മൂ.ഭാ. രാഷ്ട്രം അഥവാ, ജനത സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’
“എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”
യെഹൂദാപുരുഷന്മാരെല്ലാവരും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടി യഹോവയുടെ സന്നിധിയിൽ നിന്നു.
അപ്പോൾ ആ സഭയിൽ നിന്നിരുന്ന യഹസീയേൽ എന്ന പുരുഷന്റെമേൽ യഹോവയുടെ ആത്മാവു വന്നു. യഹസീയേൽ സെഖര്യാവിന്റെ മകൻ; സെഖര്യാവ് ബെനായാവിന്റെ മകൻ; ബെനായാവ് യെയീയേലിന്റെ മകൻ; യെയീയേൽ മത്ഥന്യാവിന്റെ മകൻ; മത്ഥന്യാവ് ലേവ്യനും ആസാഫിന്റെ പുത്രന്മാരിൽ ഒരാളുമായിരുന്നു.
യഹസീയേൽ പറഞ്ഞു: “യെഹോശാഫാത്ത് രാജാവേ, യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികളേ, ശ്രദ്ധയോടെ കേൾക്കുക! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യംമൂലം നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കാരണം യുദ്ധം നിങ്ങൾക്കുള്ളതല്ല, ദൈവത്തിന്റേതാണ്. നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും. ഈ യുദ്ധത്തിൽ നിങ്ങൾക്കു പൊരുതേണ്ടതായി വരികയില്ല. യെഹൂദയേ, ജെറുശലേമേ, നിങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊള്ളുക; അചഞ്ചലരായിത്തന്നെ നിൽക്കുക. എന്നിട്ട് യഹോവ നിങ്ങൾക്കു തരുന്ന വിടുതൽ കാണുക, ഭയപ്പെടരുത്! അധൈര്യരാകരുത്! നാളെ അവരെ നേരിടാനായി പുറപ്പെടുക. യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ”
യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി. സകല യെഹൂദയും ഇസ്രായേലും വീണുവണങ്ങി യഹോവയെ ആരാധിച്ചു. അപ്പോൾ കെഹാത്യരും കോരഹ്യരുമായ ചില ലേവ്യർ എഴുന്നേറ്റ് അത്യുച്ചനാദത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.
അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്:
“യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ,
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി.
അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി.
യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല. അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും20:25 ചി.കൈ.പ്ര. വസ്ത്രങ്ങൾ; മിക്ക കൈ.പ്ര. ശവശരീരങ്ങൾ വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു. നാലാംദിവസം അവർ ബെരാഖാ20:26 സ്തുതി എന്നർഥം. താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്.
തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി. അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു. ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.
യെഹോശാഫാത്തിന്റെ ഭരണത്തിന്റെ അന്ത്യം
അങ്ങനെ യെഹോശാഫാത്ത് യെഹൂദ്യയിൽ വാണു. രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു. അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന് ഹൃദയം പരിപൂർണമായി സമർപ്പിച്ചിരുന്നതുമില്ല.
യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ ആദ്യവസാനം, ഹനാനിയുടെ മകനായ യേഹുവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. അവ ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പിന്നീടൊരിക്കൽ, യെഹൂദാരാജാവായ യെഹോശാഫാത്ത് ദുഷ്‌പ്രവൃത്തിക്കാരനായ ഇസ്രായേൽരാജാവായ അഹസ്യാവുമായി സഖ്യംചെയ്തു. ഒരു കച്ചവടക്കപ്പൽവ്യൂഹം20:36 മൂ.ഭാ. തർശീശിലേക്കു പോകുന്ന കപ്പൽ നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു. മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി20:37 മൂ.ഭാ. തർശീശിലേക്കു പോകുന്നതിനായി അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.
പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു. അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ യെഹോരാമിന്റെ സഹോദരന്മാരായിരുന്നു. ഇവരെല്ലാം ഇസ്രായേൽരാജാവായ21:2 അതായത്, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാരായിരുന്നു. ഇവർക്കെല്ലാം അവരുടെ പിതാവ് ധാരാളം വെള്ളിയും സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തിരുന്നു. കൂടാതെ, യെഹൂദ്യയിലുടനീളം കോട്ടകെട്ടി ബലപ്പെടുത്തിയ സംരക്ഷിതനഗരങ്ങളും പിതൃദത്തമായി അവർക്കു കിട്ടിയിരുന്നു. എന്നാൽ യെഹോരാം ആദ്യജാതനായിരുന്നതിനാൽ രാജ്യം അദ്ദേഹത്തിനാണ് നൽകിയത്.
യെഹോരാം യെഹൂദാരാജാവ്
യെഹോരാം പിതാവിന്റെ സിംഹാസനത്തിൽ ആരൂഢനായി, തന്റെ നില ഭദ്രമാക്കിക്കഴിഞ്ഞപ്പോൾ തന്റെ എല്ലാ സഹോദരന്മാരെയും ചില ഇസ്രായേൽ പ്രഭുക്കന്മാരെയും വാളിനിരയാക്കി. രാജാവാകുമ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു. അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. എന്നിരുന്നാലും താൻ ദാവീദുമായി ചെയ്തിരുന്ന ഉടമ്പടിമൂലം അദ്ദേഹത്തിന്റെ ഭവനത്തെ നശിപ്പിക്കാൻ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി ഒരു വിളക്ക് എപ്പോഴും പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.
യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു. യെഹോരാം തന്റെ ഉദ്യോഗസ്ഥന്മാരോടും രഥങ്ങളോടുംകൂടി അവിടേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു.
യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ട് അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു. അദ്ദേഹം യെഹൂദ്യയുടെ മലകളിൽ ക്ഷേത്രങ്ങൾ പണിയിച്ചു; അങ്ങനെ ജെറുശലേം ജനതയെ പരസംഗം ചെയ്യിക്കുകയും യെഹൂദയെ വഴിതെറ്റിച്ചുകളയുകയും ചെയ്തു.
ഏലിയാ പ്രവാചകനിൽനിന്നു യെഹോരാമിന് ഒരു കത്തുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു:
“നിന്റെ പൂർവപിതാവ് ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ യെഹൂദാരാജാവായ ആസായുടെയോ വഴിയിൽ ജീവിച്ചില്ല. പിന്നെയോ, നീ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ ജീവിച്ചു; ആഹാബ് ഗൃഹം ചെയ്തതുപോലെ നീ യെഹൂദ്യയെയും ജെറുശലേമിലെ ജനത്തെയും പരസംഗം ചെയ്യിച്ചു. നീ സ്വന്തം സഹോദരന്മാരെ വധിച്ചു. അവർ സ്വന്തം ഭവനത്തിലെ അംഗങ്ങളും നിന്നെക്കാൾ വളരെയേറെ ഭേദപ്പെട്ടവരും ആയിരുന്നു. അതുകൊണ്ട് ഇപ്പോൾ നിന്റെ ജനത്തെയും നിന്റെ പുത്രന്മാരെയും നിന്റെ ഭാര്യമാരെയും നിനക്കുള്ള സകലതിനെയും യഹോവ വളരെ കഠിനമായി ശിക്ഷിക്കും.21:14 മൂ.ഭാ. അടിക്കും നിനക്കോ, കുടലിൽ ഒരു വ്യാധിമൂലം കഠിനരോഗം പിടിപെടും; നിന്റെ കുടൽമാല വെളിയിൽ ചാടുന്നതുവരെയും ഈ വ്യാധി വിട്ടുമാറുകയില്ല.’ ”
കൂശ്യരുടെ അടുത്ത് താമസിച്ചിരുന്ന ഫെലിസ്ത്യരിലും അറബികളിലും യഹോവ യെഹോരാമിനെതിരേ ശത്രുത ഉളവാക്കി. അവർ യെഹൂദയ്ക്കെതിരേ പുറപ്പെട്ട് അതിനെ ആക്രമിച്ചു. രാജകൊട്ടാരത്തിൽക്കണ്ട സകലവസ്തുവകകളും, അദ്ദേഹത്തിന്റെ ഭാര്യമാർ, പുത്രന്മാർ എന്നിവരോടൊപ്പം അപഹരിച്ചുകൊണ്ടുപോയി. ഇളയമകൻ യഹോവാഹാസല്ലാതെ21:17 അഹസ്യാവ്, യഹോവാഹാസ് എന്നതിന്റെ മറ്റൊരുരൂപം. അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനും ശേഷിച്ചില്ല.
ഇതെല്ലാം കഴിഞ്ഞപ്പോൾ, യഹോവ അദ്ദേഹത്തെ കുടലിലെ മാറാവ്യാധിയാൽ പീഡിപ്പിച്ചു. ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല.
രാജാവാകുമ്പോൾ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം എട്ടുവർഷം ജെറുശലേമിൽ ഭരണംനടത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ലതാനും.
യെഹൂദാരാജാവായ അഹസ്യാവ്
അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.
രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു22:2 മൂ.ഭാ. നാൽപ്പത്തിരണ്ട്; ചി.കൈ.പ്ര. ഇരുപത്തിരണ്ട്; [2 രാജാ. 8:26] കാണുക. വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
മാതാവിന്റെ ദുഷ്‌പ്രേരണമൂലം അഹസ്യാവും ആഹാബുഭവനത്തിന്റെ വഴികളിൽത്തന്നെ ജീവിച്ചു. തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു. ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. രാമോത്തിൽവെച്ച്22:6 മൂ.ഭാ. രാമാ, രാമോത്ത് എന്നതിന്റെ മറ്റൊരുരൂപം. അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി.
ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ്22:6 ചി.കൈ.പ്ര. അസര്യാവ് യെസ്രീലിൽ ചെന്നിരുന്നു.
യോരാമിന്റെ അടുക്കലേക്കുള്ള അഹസ്യാവിന്റെ സന്ദർശനം, ദൈവം അദ്ദേഹത്തിന്റെ നാശത്തിന് കാരണമാക്കിത്തീർന്നു. അഹസ്യാവ് അവിടെ എത്തിയപ്പോൾ ആഹാബു ഭവനത്തെ നിശ്ശേഷം നശിപ്പിക്കാനായി യഹോവ അഭിഷേകംചെയ്ത് അയച്ചവനും നിംശിയുടെ മകനുമായ യേഹുവിനെ നേരിടാൻ അദ്ദേഹവും യോരാമിനോടുകൂടെ പോയി. ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു. അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.
അഥല്യായും യോവാശും
തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ, അവൾ യെഹൂദ്യയിലെ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. എന്നാൽ യെഹോരാംരാജാവിന്റെ മകളായ യെഹോശേബാ22:11 മൂ.ഭാ. യെഹോശബത്ത്, യെഹോശേബാ എന്നതിന്റെ മറ്റൊരുരൂപം. കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ ആ കുഞ്ഞിനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയും ആയിരുന്ന യെഹോശേബാ അഹസ്യാവിന്റെ സഹോദരി ആയിരുന്നതിനാൽ അവൾ ആ ശിശുവിനെ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കൊല്ലുന്നതിനു കഴിഞ്ഞില്ല. അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ധൈര്യസമേതം മുന്നോട്ടുവന്നു; യെരോഹാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയസേയാവ്, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി. അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ലേവ്യരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരെയും സകലനഗരങ്ങളിൽനിന്നും കൂട്ടിവരുത്തി. അവരെല്ലാം ജെറുശലേമിൽ എത്തിയപ്പോൾ ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു.
യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം. നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിലൊരുഭാഗം കവാടങ്ങളിൽ സൂക്ഷ്മമായി കാവൽനിൽക്കണം. അടുത്ത മൂന്നിലൊരുഭാഗം രാജകൊട്ടാരവും ബാക്കി മൂന്നിലൊരുഭാഗം അടിസ്ഥാനകവാടത്തിങ്കലും കാവൽനിൽക്കണം. മറ്റെല്ലാവരും യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം. തങ്ങളുടെ ഊഴമനുസരിച്ചുള്ള ലേവ്യരും പുരോഹിതന്മാരുമല്ലാതെ മറ്റാരും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചുകൂടാ. ലേവ്യരും പുരോഹിതന്മാരും ശുദ്ധീകരിക്കപ്പെട്ടവരാകുകയാൽ അവർക്കു ദൈവാലയത്തിൽ പ്രവേശിക്കാം. ജനമെല്ലാം പുറത്തുനിന്നുകൊണ്ട് യഹോവയുടെ കൽപ്പന പാലിക്കണം. ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ലേവ്യരും യെഹൂദ്യരെല്ലാവരും ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളെ കൂടെച്ചേർത്തു; കാരണം യെഹോയാദാ ആ ഗണങ്ങളെ വിട്ടയച്ചിരുന്നില്ല. ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും വലിയതും ചെറുതുമായ പരിചകളും ദൈവത്തിന്റെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് ശതാധിപന്മാരുടെ കൈവശം കൊടുത്തു. അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.
യെഹോയാദായും പുത്രന്മാരും രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. അവർ ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു. അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.
സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരെ യെഹോയാദാപുരോഹിതൻ പുറത്തേക്കു വിളിച്ചിട്ടു പറഞ്ഞു: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്.” അങ്ങനെ അവർ അവളെ പിടിച്ചു. കൊട്ടാരവളപ്പിൽ കുതിരക്കവാടത്തിന്റെ പ്രവേശനത്തിൽ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
പിന്നീട് യെഹോയാദാ, താനും ആ ജനവും രാജാവും യഹോവയുടെ ജനമായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യിച്ചു.23:16 [2 രാജാ. 11:17] ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ അടിച്ചുടച്ചു. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
അതിനുശേഷം യെഹോയാദാ ദൈവാലയത്തിന്റെ മേൽനോട്ടം ലേവ്യരായ പുരോഹിതന്മാരുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി യഹോവയുടെ ആലയത്തിൽ, മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം, ഹോമയാഗങ്ങൾ അർപ്പിക്കാനുള്ള ചുമതല ദാവീദുരാജാവ് അവരെയാണു ഭരമേൽപ്പിച്ചിരുന്നത്. ഏതെങ്കിലും വിധത്തിൽ ആചാരപരമായി അശുദ്ധരായ ആരുംതന്നെ അകത്തു കടക്കാതിരിക്കത്തക്കവണ്ണം യെഹോയാദാ യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ കാവൽക്കാരെയും നിയോഗിച്ചു.
അദ്ദേഹം ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ ഭരണാധിപന്മാരെയും ദേശത്തെ സകലജനത്തെയും കൂട്ടിക്കൊണ്ടുചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. മുകളിലത്തെ പടിവാതിൽവഴി അവർ രാജകൊട്ടാരത്തിലേക്കുചെന്ന് രാജാവിനെ രാജകീയ സിംഹാസനത്തിൽ ഇരുത്തി. ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.
യോവാശ് ദൈവാലയം നന്നാക്കുന്നു
യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു. യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം യോവാശിനുവേണ്ടി രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തിരുന്നു; യോവാശിന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.
അൽപ്പകാലം കഴിഞ്ഞ് യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കാൻ തീരുമാനിച്ചു. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽചെന്ന് ദൈവത്തിന്റെ ആലയത്തിന്റെ കേടുപാടുകൾ പോക്കുന്നതിന് എല്ലാ ഇസ്രായേലും ആണ്ടുതോറും കൊടുക്കേണ്ടതായ ദ്രവ്യം ശേഖരിക്കുക! ഇക്കാര്യം വേഗം നിർവഹിക്കുക.” എന്നാൽ ലേവ്യർ വേഗത്തിൽ ഈ കാര്യം ചെയ്തില്ല.
അതിനാൽ രാജാവ് പുരോഹിതമുഖ്യനായ യെഹോയാദായെ വരുത്തി അദ്ദേഹത്തോടു ചോദിച്ചു: “ഉടമ്പടിയുടെ കൂടാരത്തിനുവേണ്ടി യഹോവയുടെ ദാസനായ മോശയും ഇസ്രായേലിന്റെ സർവസഭയും ചുമത്തിയ കരം യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും പിരിച്ചെടുത്തുകൊണ്ടുവരാൻ അങ്ങ് ലേവ്യരോട് ആവശ്യപ്പെടാത്തതെന്ത്?”
ആ ദുഷ്ടസ്ത്രീ അഥല്യയുടെ പുത്രന്മാർ ദൈവത്തിന്റെ മന്ദിരത്തിൽ അതിക്രമിച്ചുകടന്ന് യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കൾപോലും ബാലിനുവേണ്ടി ഉപയോഗിച്ചിരുന്നു.
രാജകൽപ്പനയനുസരിച്ച് അവർ ഒരു കാണിക്കവഞ്ചിയുണ്ടാക്കി യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ പുറത്തുവെച്ചു. ദൈവദാസനായ മോശ മരുഭൂമിയിൽവെച്ച് ഇസ്രായേലിന്മേൽ ചുമത്തിയിരുന്ന കരം സകല യെഹൂദാനിവാസികളും ജെറുശലേമ്യരും കൊണ്ടുവന്ന് യഹോവയ്ക്കു നൽകണം എന്ന് ഒരു വിളംബരവും ഇറക്കി. സകലപ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ വിഹിതം കൊണ്ടുവന്ന് ആ വഞ്ചി നിറയുന്നതുവരെ നിക്ഷേപിച്ചു. വഞ്ചിയിൽ ധാരാളം പണം വീണു എന്നു കാണുമ്പോൾ ലേവ്യർ അതെടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുകൊണ്ടുവരും. അപ്പോഴൊക്കെ രാജാവിന്റെ ലേഖകനും24:11 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. പുരോഹിതമുഖ്യന്റെ കാര്യസ്ഥനുംകൂടി വഞ്ചി ഒഴിച്ചശേഷം പൂർവസ്ഥാനത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. അവർ ദിനംപ്രതി ഈ വിധം ചെയ്യുമായിരുന്നു; അങ്ങനെ വളരെ വലിയൊരു തുക സമാഹരിക്കുകയും ചെയ്തു. ഈ ദ്രവ്യം രാജാവും യെഹോയാദാ പുരോഹിതനുംകൂടി, യഹോവയുടെ ആലയത്തിൽ ആവശ്യമായ പണികൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നവരെ ഏൽപ്പിച്ചു. അവർ യഹോവയുടെ ആലയം പുനരുദ്ധരിക്കുന്നതിന് കൽപ്പണിക്കാരെയും മരപ്പണിക്കാരെയും കൂലിക്കെടുത്തു; കൂടാതെ, ഇരുമ്പും വെങ്കലവുംകൊണ്ടു പണിചെയ്യുന്ന ആളുകളെയും അവർ നിയോഗിച്ചു.
പണിയുടെ ചുമതലക്കാർ കഠിനാധ്വാനശീലമുള്ളവരായിരുന്നു. അവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു. അവർ ദൈവാലയത്തെ ആദ്യത്തെ രൂപകൽപ്പനകൾക്കനുസൃതമായി പുനരുദ്ധരിച്ചു ബലപ്പെടുത്തി. പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു.
യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു. ഇസ്രായേലിൽ, ദൈവത്തിനും അവന്റെ ജനങ്ങൾക്കുംവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ പരിഗണിച്ച് അവർ അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരോടൊപ്പം സംസ്കരിച്ചു.
യോവാശിന്റെ തിന്മ
യെഹോയാദായുടെ മരണശേഷം യെഹൂദ്യയിൽനിന്നുള്ള ഉദ്യോഗസ്ഥന്മാർ വന്ന് രാജാവിനെ വണങ്ങി. അദ്ദേഹം അവർക്കു ചെവികൊടുക്കുകയും ചെയ്തു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെ ഉപേക്ഷിച്ചുചെന്ന് അശേരാപ്രതിഷ്ഠകളെയും ബിംബങ്ങളെയും ആരാധിച്ചു. അവരുടെ ഈ കുറ്റംനിമിത്തം ദൈവകോപം യെഹൂദ്യയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചു. അവരെ തിരികെ വരുത്താനായി യഹോവ അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയയ്ക്കുകയും ആ പ്രവാചകന്മാർ അവർക്കെതിരേ സാക്ഷ്യം പറയുകയും ചെയ്തെങ്കിലും അവർ ചെവിക്കൊണ്ടില്ല.
യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. അദ്ദേഹം ജനത്തിനുമുമ്പാകെ നിന്ന് ഈ വിധം പറഞ്ഞു: “ഇതാ ദൈവം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കുന്നതെന്ത്? അതിനാൽ നിങ്ങൾക്കു ശുഭം വരികയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ അവിടന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.’ ”
എന്നാൽ അവർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി; രാജകൽപ്പനയനുസരിച്ച് അവർ അദ്ദേഹത്തെ യഹോവയുടെ ആലയാങ്കണത്തിൽവെച്ച് കല്ലെറിഞ്ഞുകൊന്നു. സെഖര്യാവിന്റെ പിതാവായ യെഹോയാദാ തന്നോടു കാണിച്ച ദയ യോവാശ് രാജാവ് ഓർമിച്ചില്ല; അയാൾ അദ്ദേഹത്തിന്റെ മകനെ കൊന്നു. “യഹോവ ഇതു കാണട്ടെ! നിനക്കെതിരേ കണക്കു തീർക്കട്ടെ,” എന്നു പറഞ്ഞുകൊണ്ട് സെഖര്യാവു മരിച്ചുവീണു.
ആ വർഷം തീരാറായപ്പോൾ24:23 ഒരുപക്ഷേ വസന്തകാലത്ത് അരാമ്യസൈന്യം യോവാശിനെതിരേ വന്നുചേർന്നു. അവർ യെഹൂദ്യയെയും ജെറുശലേമിനെയും ആക്രമിച്ച് സകലജനനായകന്മാരെയും വധിച്ചു; കൊള്ളമുതൽ മുഴുവൻ അവർ ദമസ്കോസിലേക്ക്, അവരുടെ രാജാവിന് കൊടുത്തയച്ചു. വളരെക്കുറച്ച് ആളുകളുമായാണ് അരാമ്യസൈന്യം വന്നതെങ്കിലും യഹോവ ഒരു വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് യോവാശിന്റെമേൽ ന്യായവിധി നടത്തപ്പെട്ടു. അരാമ്യസൈന്യം പിൻവാങ്ങിയപ്പോൾ യോവാശിനെ വളരെ മാരകമായ നിലയിൽ മുറിവേൽപ്പിച്ചിട്ടാണ് അവർ വിട്ടുപോയത്. പുരോഹിതനായ യെഹോയാദായുടെ പുത്രനെ വധിച്ചതുമൂലം അദ്ദേഹത്തിന്റെ ഭൃത്യന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും, കിടക്കയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്തു. അങ്ങനെ യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു അദ്ദേഹത്തെ അടക്കിയത്.
ഒരു അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും,24:26 യോസാബാദ്, സാബാദ് എന്നതിന്റെ മറ്റൊരുരൂപം. മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ24:26 ശോമെർ, ശിമ്രീത്ത് എന്നതിന്റെ മറ്റൊരുരൂപം. മകൻ യെഹോസാബാദും ആയിരുന്നു യോവാശിനെതിരേ ഗൂഢാലോചന നടത്തിയത്. യോവാശിന്റെ പുത്രന്മാരുടെയും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും അദ്ദേഹം ദൈവാലയം പുനരുദ്ധരിച്ചതിന്റെയും വിവരങ്ങൾ രാജാക്കന്മാരുടെ ചരിത്രവ്യാഖ്യാന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ അമസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
അമസ്യാവ് യെഹൂദാരാജാവ്
അമസ്യാവ് രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ അതു പൂർണഹൃദയത്തോടെ ആയിരുന്നില്ല. രാജ്യം തന്റെ അധീനതയിൽ ഉറച്ചപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി. എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,”25:4 [ആവ. 24:16] എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് അവരുടെ മക്കളെ കൊലചെയ്യിച്ചില്ല.
അമസ്യാവ് യെഹൂദാജനതയെ ഒരുമിച്ചു വിളിച്ചുകൂട്ടി; അവരെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃകുടുംബക്രമമനുസരിച്ച് സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തി; യുദ്ധസേവനത്തിനു സന്നദ്ധരും കുന്തവും പരിചയും പ്രയോഗിക്കാൻ പ്രാപ്തരുമായി മൂന്നുലക്ഷം പടയാളികൾ ഉള്ളതായിക്കണ്ടു. നൂറു താലന്തു25:6 ഏക. 3.75 ടൺ. വെള്ളികൊടുത്ത് അദ്ദേഹം ഇസ്രായേലിൽനിന്ന് ഒരുലക്ഷം യോദ്ധാക്കളെ വാടകയ്ക്കും എടുത്തു.
എന്നാൽ ഒരു ദൈവപുരുഷൻ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു: “അല്ലയോ രാജാവേ, ഇസ്രായേലിൽനിന്നുള്ള ഈ പടയാളികൾ അങ്ങയോടുകൂടി യുദ്ധത്തിനു വരരുത്—കാരണം യഹോവ ഇസ്രായേല്യരോടുകൂടെ ഇല്ല. എഫ്രയീംജനതയിലെ യാതൊരുത്തന്റെകൂടെയും ഇല്ല. യുദ്ധത്തിൽ അങ്ങുതന്നെ ചെന്ന് ധീരമായി പോരാടിയാലും ദൈവം നിങ്ങളെ ശത്രുവിന്റെ മുമ്പിൽ പരാജയപ്പെടുത്തും. കാരണം ദൈവം തുണയ്ക്കാനും തകർക്കാനും ശക്തിയുള്ളവനാണ്.”
“എന്നാൽ ഈ പടയാളികൾക്കുവേണ്ടി ഞാൻ കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യമോ?” അമസ്യാവ് ദൈവപുരുഷനോട് ചോദിച്ചു.
അതിന് ദൈവപുരുഷൻ: “യഹോവയ്ക്ക് അതും അതിലധികവും തരാൻ കഴിയും” എന്നുത്തരം പറഞ്ഞു.
അതിനാൽ എഫ്രയീമിൽനിന്ന് തന്റെ അടുത്തേക്കുവന്ന ആ സൈന്യത്തെ അമസ്യാവു പിരിച്ചുവിട്ടു; അവരെ എഫ്രയീമിലേക്കു തിരിച്ചയച്ചു. യെഹൂദയ്ക്കെതിരേ അവരുടെ ക്രോധം ജ്വലിച്ചു. അവർ ഉഗ്രകോപത്തോടെ മടങ്ങിപ്പോയി.
അതിനുശേഷം അമസ്യാവ് തന്റെ സൈന്യത്തെ അണിനിരത്തി അവരെ ഉപ്പുതാഴ്വരയിലേക്കു നയിച്ചു. അവിടെ അദ്ദേഹം സേയീർനിവാസികളിൽ പതിനായിരംപേരെ സംഹരിച്ചു. യെഹൂദാസൈന്യം മറ്റൊരു പതിനായിരംപേരെക്കൂടി ജീവനോടെ പിടികൂടി; അവരെ കടുംതൂക്കായ ഒരു പാറയുടെ മുകളിലേക്കു കൊണ്ടുപോയി, അവിടെനിന്ന് അവരെ താഴേക്ക് എറിഞ്ഞുകളഞ്ഞു; അവരുടെ ശരീരങ്ങൾ ഛിന്നഭിന്നമായിപ്പോയി.
ഈ സമയത്ത് ഈ യുദ്ധത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ അമസ്യാവു തിരിച്ചയച്ച ഇസ്രായേൽ പടക്കൂട്ടം യെഹൂദാനഗരങ്ങളിൽ—ശമര്യമുതൽ ബേത്-ഹോരോൻവരെ കടന്നാക്രമിച്ചു. അവർ മൂവായിരം ആളുകളെ വധിക്കുകയും അനവധി കൊള്ളമുതൽ കൊണ്ടുപോകുകയും ചെയ്തു.
അമസ്യാവ് ഏദോമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ സേയീർജനതയുടെ ദേവന്മാരെയും എടുത്തുകൊണ്ടുപോന്നു. അദ്ദേഹം അവയെ തന്റെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് അവയുടെമുമ്പിൽ കുമ്പിടുകയും ഹോമബലികൾ അർപ്പിക്കുകയും ചെയ്തു. യഹോവയുടെ കോപം അമസ്യാവിനെതിരേ ജ്വലിച്ചു. യഹോവ ഒരു പ്രവാചകനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. ആ പ്രവാചകൻ ചോദിച്ചു: “സ്വന്തം ജനത്തെ നിന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിയാഞ്ഞവരാണല്ലോ ഈ ദൈവങ്ങൾ! ഈ ജനതയുടെ ദേവന്മാരെ നീയെന്തിന് ആശ്രയിക്കുന്നു!”
പ്രവാചകൻ സംസാരിച്ചുകൊണ്ടിരിക്കെ, രാജാവ് അദ്ദേഹത്തോടു പറഞ്ഞു, “നിന്നെ രാജാവിന്റെ ഉപദേഷ്ടാവായി ഞങ്ങൾ നിയമിച്ചിട്ടുണ്ടോ? നിർത്തുക. നീ വെട്ടുകൊണ്ടു ചാകുന്നതെന്തിന്?”
അതിനാൽ ആ പ്രവാചകൻ നിർത്തി. പക്ഷേ, ഇത്രയുംകൂടി പറഞ്ഞു: “നീ ഇതു ചെയ്യുകയാലും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കയാലും ദൈവം നിന്നെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.”
അതിനുശേഷം യെഹൂദാരാജാവായ അമസ്യാവ് തന്റെ ഉപദേഷ്ടാക്കളുമായി കൂടിയാലോചിച്ചശേഷം ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ വെല്ലുവിളി അയച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. ഏദോമിനെ തോൽപ്പിച്ചെന്നു താങ്കൾ പറയുന്നുണ്ടാകാം; അതിനാൽ നീയിപ്പോൾ ഉന്നതനും നിഗളിയുമായിത്തീർന്നിരിക്കുന്നു. എന്നാൽ അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അദ്ദേഹം ഏദോമ്യദേവന്മാരെ ആശ്രയിക്കയാൽ അദ്ദേഹത്തെ യോവാശിന്റെകൈയിൽ ഏൽപ്പിക്കണമെന്നതു ദൈവഹിതമായിരുന്നു. അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി. ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി. ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച്, യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് അദ്ദേഹത്തെ ജെറുശലേമിലേക്കു കൊണ്ടുവന്നു. തുടർന്ന് അദ്ദേഹം ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ25:23 വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്. ഏകദേശം നാനൂറുമുഴം25:23 ഏക. 180 മീ. നീളത്തിൽ ഇടിച്ചുനിരത്തി. ഓബേദ്-ഏദോമിന്റെ സൂക്ഷിപ്പിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം എടുത്തുകൊണ്ടുപോയി. അതോടൊപ്പം കൊട്ടാരഭണ്ഡാരവും ജാമ്യത്തടവുകാരെയും അദ്ദേഹം കൈയടക്കി. ഇവയെല്ലാമായി അദ്ദേഹം ശമര്യയിലേക്കു മടങ്ങി.
ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു. അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? അമസ്യാവ് യഹോവയെ പിൻതുടരുന്നതിൽ നിന്നും വിട്ടുമാറിയ ദിവസംമുതൽ അദ്ദേഹത്തിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് യെഹൂദാ25:28 ചി.കൈ.പ്ര. ദാവീദിന്റെ; [2 രാജാ. 14:20] കാണുക. നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
യെഹൂദാരാജാവായ ഉസ്സീയാവ്
അതിനുശേഷം യെഹൂദാജനമെല്ലാം ചേർന്ന് പതിനാറുവയസ്സുള്ള ഉസ്സീയാവിനെ26:1 അസര്യാവ് എന്നും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവായി അവരോധിച്ചു. അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയ്ക്കായി വീണ്ടെടുത്തതും ഇദ്ദേഹമാണ്.
ഉസ്സീയാവ് രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു. തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു. തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു.
ഉസ്സീയാവ് ഫെലിസ്ത്യർക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു; ഗത്ത്, യബ്നേഹ്, അശ്ദോദ് എന്നീ പട്ടണങ്ങൾ പിടിച്ച് അവയുടെ മതിലുകൾ തകർത്തുകളഞ്ഞു. അദ്ദേഹം അശ്ദോദിനു ചുറ്റുപാടും, ഫെലിസ്ത്യരുടെ ഇടയിൽ മറ്റിടങ്ങളിലും പട്ടണങ്ങൾ പണിതു. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ താമസിച്ചിരുന്ന അറബികൾക്കും മെയൂന്യർക്കും എതിരായുള്ള യുദ്ധത്തിൽ ഉസ്സീയാവിനെ സഹായിച്ചു. അമ്മോന്യർ അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഉസ്സീയാവ് ഏറ്റവും ശക്തനായിത്തീർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി ഈജിപ്റ്റിന്റെ അതിർത്തിവരെയും പരന്നു.
ഉസ്സീയാവ് ജെറുശലേമിൽ കോൺകവാടത്തിലും താഴ്വരവാതിൽക്കലും26:9 പടിഞ്ഞാറുഭാഗത്തുള്ള ഒരു പ്രവേശനകവാടത്തിന്റെ പേരാണ് ഇത്. മതിലിന്റെ തിരിവിലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു.
ഏതു നിമിഷവും യുദ്ധത്തിനു പുറപ്പെടാൻ ഒരുക്കമുള്ള നല്ല തഴക്കം സിദ്ധിച്ച സൈന്യം ഉസ്സീയാവിന് ഉണ്ടായിരുന്നു. രാജാവിന്റെ സേനാപതികളിൽ ഒരാളായ ഹനന്യായുടെ നിർദേശമനുസരിച്ച് ലേഖകനായ യെയീയേലും ഉദ്യോഗസ്ഥനായ മയസേയാവുംകൂടി സൈനികരുടെ എണ്ണം തിട്ടപ്പെടുത്തി, ഗണംതിരിച്ച് രേഖപ്പെടുത്തി. പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു. ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുഴുവൻ സൈന്യത്തിനും ആവശ്യമായ പരിച, കുന്തം, ശിരോകവചം, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവയെല്ലാം ഉസ്സീയാവ് ഒരുക്കിക്കൊടുത്തു. ഗോപുരങ്ങളിലും മതിലിന്റെ മൂലക്കൊത്തളങ്ങളിലും സ്ഥാപിച്ച് ശത്രുക്കളുടെനേരേ അസ്ത്രങ്ങൾ എയ്യുന്നതിനും വലിയ കല്ലുകൾ ചുഴറ്റിയെറിയുന്നതിനും കൗശലവേലയിലെ വിദഗ്ദ്ധന്മാർ രൂപകൽപ്പനചെയ്ത യന്ത്രങ്ങൾ അദ്ദേഹം ജെറുശലേമിൽ ഉണ്ടാക്കിച്ചു. ഏറ്റവും പ്രബലനായിത്തീരുന്നതുവരെ അദ്ദേഹത്തിന് യഹോവയിൽനിന്ന് അത്ഭുതകരമായി സഹായം ലഭിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി നാലുപാടും പരന്നു.
എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു. അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.”
ധൂപവർഗം കത്തിക്കുന്നതിനുള്ള ധൂപകലശം കൈയിൽ ഉണ്ടായിരുന്ന ഉസ്സീയാവു കുപിതനായി. യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെമുമ്പിൽ പുരോഹിതന്മാരുടെനേരേ ക്രോധാവേശം പൂണ്ടുനിൽക്കുമ്പോൾ, അവരുടെ കണ്മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം26:19 ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. പൊങ്ങി. പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു.
മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
ഉസ്സീയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സീയാവു നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. “അദ്ദേഹം കുഷ്ഠരോഗിയായിരുന്നല്ലോ,” എന്നു ജനം പറയുകയാൽ രാജാക്കന്മാരുടെ കല്ലറകൾക്കടുത്ത് അവരുടെതന്നെ വകയായ ഒരു ശ്മശാനഭൂമിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.
യോഥാം യെഹൂദാരാജാവ്
രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു; എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ജനം തങ്ങളുടെ വഷളത്തങ്ങൾ തുടർന്നുപോന്നു. യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം27:3 അതായത്, ദൈവാലയത്തിന്റെ തെക്കുവശത്തെ കവാടം എന്നു കരുതപ്പെടുന്നു; [2 ദിന. 23:20] കാണുക. യോഥാം പുതുക്കിപ്പണിതു; ഓഫേൽ കുന്നിലെ മതിലും വളരെ വിപുലമായ രീതിയിൽ അദ്ദേഹം പണിതുറപ്പിച്ചു. യെഹൂദ്യമലകളിൽ പട്ടണങ്ങളും കോട്ടകളും ഗോപുരങ്ങളും പണികഴിപ്പിച്ചു.
യോഥാം അമ്മോന്യരാജാവിനെ ആക്രമിച്ചു കീഴടക്കി. ആ വർഷം അമ്മോന്യർ അദ്ദേഹത്തിനു നൂറു താലന്തു27:5 ഏക. 3.75 ടൺ. വെള്ളിയും പതിനായിരം കോർ27:5 ഏക. 1,800 ടൺ. ഗോതമ്പും പതിനായിരം കോർ27:5 ഏക. 1,500 ടൺ. യവവും27:5 ബാർലി അഥവാ, ബാർലരി കൊടുത്തു. തുടർന്നു രണ്ടാംവർഷത്തിലും മൂന്നാംവർഷത്തിലും അവർ ഇതേ അളവിൽ കൊണ്ടുവന്നു കൊടുത്തു.
ഇങ്ങനെ തന്റെ ദൈവമായ യഹോവയുടെമുമ്പാകെ ക്രമമായി നടന്നിരുന്നതിനാൽ യോഥാം മേൽക്കുമേൽ പ്രബലനായിത്തീർന്നു.
യോഥാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ—അദ്ദേഹം നടത്തിയ എല്ലാ യുദ്ധങ്ങളും ചെയ്ത മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ—ഇസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
ആഹാസ് യെഹൂദാരാജാവ്
രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല. ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിക്കുകയും ബാലിനെ ആരാധിക്കാനായി വാർപ്പുപ്രതിമകൾ ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹം ബെൻ-ഹിന്നോം താഴ്വരയിൽ ദഹനബലികൾ അർപ്പിക്കുകയും യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടരുകയും ചെയ്തു. അദ്ദേഹം സ്വന്തം പുത്രന്മാരെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു. അദ്ദേഹം ക്ഷേത്രങ്ങളിലും മലകളുടെ മുകളിലും സകലഇലതൂർന്ന മരങ്ങളുടെ കീഴിലും ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു.
അതിനാൽ അദ്ദേഹത്തിന്റെ ദൈവമായ യഹോവ അദ്ദേഹത്തെ അരാംരാജാവിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. അരാമ്യർ അദ്ദേഹത്തെ തോൽപ്പിക്കുകയും അദ്ദേഹത്തിന്റെ അനവധി ആളുകളെ തടവുകാരായി പിടിച്ച് ദമസ്കോസിലേക്കു കൊണ്ടുപോകുകയും ചെയ്തു.
യഹോവ അദ്ദേഹത്തെ ഇസ്രായേൽരാജാവിന്റെ കൈയിലും ഏൽപ്പിച്ചുകൊടുത്തു. ഇസ്രായേൽരാജാവ് അദ്ദേഹത്തെ അതികഠിനമായി തോൽപ്പിച്ചു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഫലമായി രെമല്യാവിന്റെ മകനായ പേക്കഹ് യെഹൂദ്യരിൽ ഒരുലക്ഷത്തി ഇരുപതിനായിരം പടയാളികളെ ഒറ്റദിവസംതന്നെ വധിച്ചു. എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയസേയാവെയും കൊട്ടാരം ചുമതലക്കാരനായ സൈന്യാധിപൻ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എൽക്കാനായെയും വധിച്ചു. ഇസ്രായേല്യർ തങ്ങളുടെ സഹോദരജനമായ യെഹൂദ്യരിൽനിന്നും സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം ആളുകളെ അടിമകളായി പിടിച്ചുകൊണ്ടുപോയി. ധാരാളം മുതൽ കൊള്ളയടിച്ച് ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ ഓദേദ് എന്നു പേരുള്ള യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു. സൈന്യം ശമര്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരുടെമുമ്പാകെ ചെന്ന് ഈ വിധം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരുന്നതിനാൽ, അവൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ നിങ്ങളോ, ആകാശംവരെ എത്തുന്ന കോപത്തോടെ അവരെ കൂട്ടക്കൊല നടത്തിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ യെഹൂദ്യയിലെയും ജെറുശലേമിലെയും സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ പാപം ചെയ്യുകയാൽ നിങ്ങളും കുറ്റക്കാരല്ലേ? ഇപ്പോൾ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ സഹോദരവർഗത്തിൽനിന്നു നിങ്ങൾ പിടിച്ച തടവുകാരെ തിരിച്ചയയ്ക്കുക! അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.”
അപ്പോൾ യെഹോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ ഹിസ്കിയാവ്, ഹദ്ളായിയുടെ മകൻ അമാസ എന്നീ എഫ്രയീമ്യനേതാക്കന്മാരിൽ ചിലർ യുദ്ധം കഴിഞ്ഞു മടങ്ങിവന്നവരെ എതിർത്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ ആ തടവുകാരെ ഇവിടെ കൊണ്ടുവരരുത്. അങ്ങനെചെയ്താൽ നാം യഹോവയുടെമുമ്പാകെ കുറ്റക്കാരായിത്തീരും. നമ്മുടെ കുറ്റം ഇപ്പോൾത്തന്നെ വലുതാണ്. ദൈവത്തിന്റെ ഉഗ്രകോപവും നമ്മുടെമേലുണ്ട്. അതിനാൽ നമ്മുടെ പാപങ്ങളെയും അപരാധത്തെയും ഇനിയും പെരുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നോ?”
അപ്പോൾ പടയാളികൾ ഇസ്രായേൽ പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പിൽവെച്ചുതന്നെ ബന്ധിതരെ കൊള്ളമുതൽസഹിതം വിട്ടയച്ചു. നിയുക്തരായ ആളുകൾ എഴുന്നേറ്റ് തടവുകാരുടെ ചുമതല ഏറ്റെടുത്തു. അക്കൂട്ടത്തിൽ നഗ്നരായിരുന്നവർക്കു കൊള്ളയിൽനിന്നു വസ്ത്രം കൊടുത്തു. അവർ തടവുകാർക്ക് വസ്ത്രവും ചെരിപ്പും ഭക്ഷണപാനീയങ്ങളും നൽകി; അവരുടെ മുറിവുകൾക്ക് എണ്ണതേച്ചു. ക്ഷീണിതരെ അവർ കഴുതപ്പുറത്തു കയറ്റി. അങ്ങനെ അവർ തടവുകാരെ ഈന്തപ്പനകളുടെ നഗരമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുത്ത് എത്തിച്ചിട്ട് ശമര്യയിലേക്കു മടങ്ങിപ്പോയി.
അക്കാലത്ത് ആഹാസുരാജാവ് അശ്ശൂർരാജാക്കന്മാരുടെ28:16 ചി.കൈ.പ്ര. രാജാവ്; [2 രാജാ. 16:7] അടുത്ത് സഹായാഭ്യർഥനയുമായി ആളയച്ചു; കാരണം ഏദോമ്യർ വീണ്ടുംവന്ന് യെഹൂദയെ ആക്രമിക്കുകയും അവരെ തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേസമയം ഫെലിസ്ത്യർ കുന്നിൻപ്രദേശങ്ങളിലും യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള പട്ടണങ്ങളിലും കടന്നാക്രമിച്ചു; അവർ ബേത്-ശേമെശും അയ്യാലോനും ഗെദേരോത്തും അതുപോലെ സോഖോവും തിമ്നയും ഗിംസോവും അതിനോടുചേർന്ന ഗ്രാമങ്ങളും പിടിച്ചടക്കി അവിടെ വാസമുറപ്പിച്ചു. ഇസ്രായേൽരാജാവായ28:19 അതായത്, യെഹൂദാരാജാവായ ആഹാസ് യെഹൂദ്യയിൽ ദുഷ്ടത വർധിപ്പിക്കുകയും യഹോവയോട് അത്യധികം അവിശ്വസ്തനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹംനിമിത്തം യഹോവ യെഹൂദയ്ക്ക് അധഃപതനം വരുത്തി. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അദ്ദേഹത്തിന്റെ അടുത്തുവന്നു. എന്നാൽ അദ്ദേഹം ആഹാസിനെ സഹായിക്കുന്നതിനുപകരം ഉപദ്രവിക്കുകയാണു ചെയ്തത്. ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ പക്കലും ഉണ്ടായിരുന്ന ധനത്തിൽ ഒരംശം എടുത്ത് അശ്ശൂർരാജാവിനു കാഴ്ചവെച്ചു. എന്നിട്ടും അദ്ദേഹം ആഹാസിനെ സഹായിച്ചില്ല.
ആഹാസിന്റെ ഈ ദുരിതകാലത്തും അദ്ദേഹം യഹോവയോട് വിശ്വസ്തത പുലർത്തുന്നതിൽ കൂടുതൽ അപരാധം പ്രവർത്തിച്ചു: “അരാംരാജാക്കന്മാരുടെ ദേവന്മാർ, അവരെ സഹായിച്ചു; ആ ദേവന്മാർ എന്നെയും സഹായിക്കേണ്ടതിനു ഞാൻ അവർക്കു ബലികൾ അർപ്പിക്കും” എന്നു പറഞ്ഞ് ആഹാസ് തന്നെ തോൽപ്പിച്ച ദമസ്കോസിലെ ദേവന്മാർക്കു ബലികൾ അർപ്പിച്ചു. പക്ഷേ, ഇവയെല്ലാം അദ്ദേഹത്തിന്റെയും ഇസ്രായേലിന്റെയും നാശത്തിനു ഹേതുവായിത്തീർന്നു.
ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെല്ലാം ഒരുമിച്ചുകൂട്ടി ഉടച്ചുകളഞ്ഞു; അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ അടച്ചിട്ടു; ജെറുശലേമിന്റെ തെരുവുകോണുകളിലെല്ലാം തനിക്കായി ബലിപീഠങ്ങൾ നിർമിച്ചു. യെഹൂദ്യയിലെ ഓരോ നഗരത്തിലും അന്യദേവന്മാർക്കു യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ക്ഷേത്രങ്ങൾ അദ്ദേഹം നിർമിച്ചു. അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അദ്ദേഹം കുപിതനാക്കി.
ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ആദ്യന്തം യെഹൂദാരാജാക്കന്മാരുടെയും ഇസ്രായേൽരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ജെറുശലേം പട്ടണത്തിൽ സംസ്കരിച്ചു; എന്നാൽ ഇസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.
ഹിസ്കിയാവ് ദൈവാലയം ശുദ്ധീകരിക്കുന്നു
രാജാവാകുമ്പോൾ ഹിസ്കിയാവിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബീയാ ആയിരുന്നു. തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ, അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ ഒന്നാംമാസത്തിൽത്തന്നെ അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ തുറന്നു; അവയുടെ കേടുപാടുകൾ നീക്കി. അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദൈവാലയത്തിന്റെ കിഴക്കേ അങ്കണത്തിൽ വിളിച്ചുകൂട്ടി. എന്നിട്ട് അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു കേൾക്കുക! നിങ്ങളെത്തന്നെയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും വിശുദ്ധീകരിപ്പിൻ! വിശുദ്ധസ്ഥലത്തുനിന്നു സകലമാലിന്യങ്ങളും നീക്കിക്കളയുക! നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായിരുന്നു; അവർ നമ്മുടെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളതു പ്രവർത്തിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് അവിടത്തെ നിവാസസ്ഥാനത്തുനിന്നു മുഖംതിരിക്കുകയും അവിടത്തോടു പുറം കാട്ടുകയും ചെയ്തു. അവർ യഹോവയുടെ ആലയത്തിലെ മണ്ഡപത്തിന്റെ വാതിൽ അടച്ച് വിളക്കുകൾ അണച്ചുകളഞ്ഞു. വിശുദ്ധമന്ദിരത്തിൽ ഇസ്രായേലിന്റെ ദൈവത്തിന് അവർ ധൂപവർഗം കത്തിക്കുകയോ ഹോമയാഗങ്ങൾ അർപ്പിക്കുകയോ ചെയ്തില്ല. അതിനാൽ യഹോവയുടെ ഉഗ്രകോപം യെഹൂദയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചിരിക്കുന്നു. നിങ്ങൾ ഇന്നു സ്വന്തം കണ്ണാൽ കാണുന്നതുപോലെ, അവിടന്ന് അവരെ ഭീതിക്കും ബീഭത്സതയ്ക്കും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ വാളാൽ വീണതും നമ്മുടെ പുത്രന്മാരും പുത്രിമാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടതും ഇതുമൂലമാണ്. എന്നാൽ ഇപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറുന്നതിന് അവിടന്നുമായി ഒരു ഉടമ്പടിചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. എന്റെ മക്കളേ, ഇനിയും നിങ്ങൾ അനാസ്ഥ കാണിക്കരുത്; കാരണം, തിരുമുമ്പിൽ നിൽക്കാനും അവിടത്തെ സേവിക്കാനും തനിക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും ധൂപവർഗം കത്തിക്കുന്നതിനുമായി യഹോവ നിങ്ങളെ തെരഞ്ഞെടുത്തതാണല്ലോ!”
അപ്പോൾ ലേവ്യർ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി മുമ്പോട്ടുവന്നു:
കെഹാത്യരിൽനിന്ന്:
അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ;
മെരാര്യരിൽനിന്ന്:
അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവ്;
ഗെർശോന്യരിൽനിന്ന്:
സിമ്മയുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഏദെൻ;
എലീസാഫാന്റെ പിൻഗാമികളിൽനിന്ന്:
ശിമ്രി, യെയീയേൽ;
ആസാഫിന്റെ പിൻഗാമികളിൽനിന്ന്:
സെഖര്യാവ്, മത്ഥന്യാവ്;
ഹേമാന്റെ പിൻഗാമികളിൽനിന്ന്:
യെഹീയേൽ, ശിമെയി;
യെദൂഥൂന്റെ പിൻഗാമികളിൽനിന്ന്:
ശെമയ്യാവ്, ഉസ്സീയേൽ.
അവർ ലേവ്യരായ തങ്ങളുടെ സഹോദരങ്ങളെ കൂട്ടിവരുത്തി തന്നെത്താൻ ശുദ്ധീകരിച്ചു. അതിനുശേഷം രാജകൽപ്പന മാനിച്ച്, യഹോവയുടെ കൽപ്പനകൾ അനുസരിച്ചുതന്നെ, ദൈവാലയം ശുദ്ധീകരിക്കാൻ തുടങ്ങി. യഹോവയുടെ ആലയത്തിന്റെ അന്തർഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്മാർ അകത്തുകടന്നു. അവിടെക്കണ്ട മാലിന്യമെല്ലാം അവർ പുറത്ത് അങ്കണത്തിൽ കൊണ്ടുവന്നു. ലേവ്യർ അവയെടുത്ത് ദൂരെ കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു. ഒന്നാംമാസത്തിലെ ഒന്നാംതീയതി അവർ ശുദ്ധീകരണകർമം തുടങ്ങി. ഒന്നാംമാസം എട്ടാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിലെത്തി. അവർ എട്ടുദിവസംകൂടി യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം നടത്തി. അങ്ങനെ ഒന്നാംമാസത്തിന്റെ പതിനാറാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം പൂർത്തിയാക്കി.
അതിനുശേഷം അവർ ഹിസ്കിയാരാജാവിന്റെ അടുത്തുവന്ന് ബോധിപ്പിച്ചത്: “ഞങ്ങൾ യഹോവയുടെ ആലയം മുഴുവൻ ശുദ്ധീകരിച്ചിരിക്കുന്നു. ഹോമയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പത്തിനുള്ള തിരുമേശയും അതിന്റെ എല്ലാ ഉപകരണങ്ങളും ശുദ്ധീകരിച്ചിരിക്കുന്നു. കൂടാതെ, ആഹാസുരാജാവ് തന്റെ ഭരണകാലത്ത് യഹോവയോടുള്ള അവിശ്വസ്തതമൂലം നീക്കിക്കളഞ്ഞ ഉപകരണങ്ങളെല്ലാം ഞങ്ങൾ സജ്ജമാക്കി ശുദ്ധീകരിച്ചിരിക്കുന്നു. അവയെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുമ്പാകെയുണ്ട്.”
പിറ്റേന്ന് അതിരാവിലെ ഹിസ്കിയാരാജാവ് എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടിവരുത്തി യഹോവയുടെ ആലയത്തിലേക്കു ചെന്നു. അവർ രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യെഹൂദയ്ക്കുംവേണ്ടി പാപപരിഹാരയാഗം അർപ്പിക്കുന്നതിന് ഏഴ് കാളകളെയും ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് ആൺകുഞ്ഞാടുകളെയും ഏഴ് മുട്ടാടുകളെയും കൊണ്ടുവന്നു. അവയെ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കൽപ്പിച്ചു. അവർ കാളകളെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അടുത്തദിവസം ആട്ടുകൊറ്റന്മാരെ അറത്തപ്പോൾ അവയുടെ രക്തവും പുരോഹിതന്മാർ വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അവർ കുഞ്ഞാടുകളെയും അറത്ത് അവയുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു. പാപപരിഹാരയാഗത്തിനുള്ള മുട്ടാടുകളെ അവർ കൊണ്ടുവന്ന് രാജാവിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. അവർ അവയുടെമേൽ കൈവെച്ചു. പുരോഹിതന്മാർ അവയെ അറത്തു; എല്ലാ ഇസ്രായേലിന്റെയും പ്രായശ്ചിത്തത്തിനായി അവർ ആ രക്തം പാപപരിഹാരയാഗമായി യാഗപീഠത്തിന്മേൽ അർപ്പിച്ചു. ഹോമയാഗങ്ങളും പാപപരിഹാരയാഗങ്ങളും എല്ലാ ഇസ്രായേലിനുംവേണ്ടി അർപ്പിക്കണമെന്നത് രാജാവിന്റെ കൽപ്പനയായിരുന്നു.
ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കൽപ്പനപ്രകാരം അദ്ദേഹം ലേവ്യരെ ഇലത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടി യഹോവയുടെ ആലയത്തിൽ നിർത്തി. തന്റെ പ്രവാചകന്മാർമുഖേന യഹോവ നൽകിയിരുന്ന കൽപ്പനയും അതുതന്നെയായിരുന്നു. ലേവ്യർ ദാവീദിന്റെ വാദ്യോപകരണങ്ങളുമായും പുരോഹിതന്മാർ കാഹളങ്ങളുമായും നിലയുറപ്പിച്ചു.
യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു. ഹോമയാഗാർപ്പണം തുടങ്ങിയപ്പോൾത്തന്നെ കാഹളങ്ങളുടെയും ഇസ്രായേൽരാജാവായ ദാവീദ് നിശ്ചയിച്ചിരുന്ന വാദ്യോപകരണങ്ങളുടെയും അകമ്പടിയോടുകൂടി യഹോവയ്ക്കു ഗാനാലാപവും തുടങ്ങി. ഗായകർ പാടുകയും കാഹളക്കാർ കാഹളമൂതുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ സഭ മുഴുവൻ നമസ്കരിച്ചുകൊണ്ട് ആരാധിച്ചു; ഇവയെല്ലാം ഹോമയാഗം തീരുന്നതുവരെയും തുടർന്നുകൊണ്ടിരുന്നു.
യാഗം സമാപിച്ചപ്പോൾ രാജാവും കൂടെയുണ്ടായിരുന്ന എല്ലാവരും കുമ്പിട്ട് ആരാധിച്ചു. ദാവീദിന്റെയും ദർശകനായ ആസാഫിന്റെയും വാക്കുകളിൽ യഹോവയ്ക്കു സ്തോത്രമാലപിക്കാൻ ഹിസ്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആജ്ഞാപിച്ചു. അവർ ആഹ്ലാദപൂർവം സ്തോത്രഗാനങ്ങൾ ആലപിച്ചു; അവർ എല്ലാവരും തലവണക്കി ആരാധിച്ചു.
ഇതിനുശേഷം ഹിസ്കിയാവ് ആ സമൂഹത്തോടു പറഞ്ഞു: “ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിച്ചിരിക്കുന്നല്ലോ! വരിക, യാഗങ്ങളും സ്തോത്രയാഗങ്ങളും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരിക!” ആ ജനസമൂഹം യാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവന്നു; കൂടാതെ സന്മനസ്സുള്ളവരെല്ലാം ഹോമയാഗങ്ങളും കൊണ്ടുവന്നു.
ആ ജനസമൂഹം കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: എഴുപതു കാള, നൂറ് ആട്ടുകൊറ്റന്മാർ, ഇരുനൂറ് ആൺകുഞ്ഞാടുകൾ; ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു. യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി വേർതിരിച്ച മൃഗങ്ങളിൽ അറുനൂറു കാളയും മൂവായിരം ചെമ്മരിയാടും കോലാടും ഉണ്ടായിരുന്നു. എന്നാൽ, പുരോഹിതന്മാർ വളരെ കുറവായിരുന്നു. അതിനാൽ ഹോമയാഗത്തിനുള്ള മൃഗങ്ങളെയെല്ലാം തുകലുരിച്ച് സജ്ജമാക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് ജോലിയെല്ലാം തീരുന്നതുവരെയും മറ്റു പുരോഹിതന്മാർ സ്വയം ശുദ്ധീകരിച്ചു വന്നെത്തുന്നതുവരെയും അവരുടെ സഹോദരന്മാരായ ലേവ്യർ അവരെ സഹായിച്ചു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു. ഹോമയാഗം അതീവ സമൃദ്ധമായിരുന്നു; സമാധാനയാഗങ്ങൾക്കുള്ള മേദസ്സും ഹോമയാഗത്തോടൊപ്പമുള്ള പാനീയയാഗങ്ങളും അങ്ങനെതന്നെ.
അങ്ങനെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷ പുനഃസ്ഥാപിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അതിവേഗം നടന്നു; അതിനുതക്കവണ്ണം ദൈവം തന്റെ ജനത്തെ ഒരുക്കിയതോർത്ത് ഹിസ്കിയാവും സർവജനവും ആഹ്ലാദിച്ചു.
ഹിസ്കിയാവ് പെസഹ ആഘോഷിക്കുന്നു
ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി. രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു. വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി. ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി30:5 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!
രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു:
“ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ! നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക! നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”
സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു. യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.
അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു. അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു.
അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു. ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു. വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ! വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!” യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.
ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു.
യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു.30:22 അഥവാ, യഹോവയോടു പാപങ്ങൾ ഏറ്റുപറഞ്ഞു.
സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു. യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു. അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല. അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.
ഇതെല്ലാം കഴിഞ്ഞപ്പോൾ അവിടെ സന്നിഹിതരായിരുന്ന ഇസ്രായേല്യർ യെഹൂദ്യനഗരങ്ങളിലേക്കുചെന്ന് ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അവർ നശിപ്പിച്ചു. അവയെല്ലാം നശിപ്പിച്ചുകഴിഞ്ഞപ്പോൾ ഇസ്രായേൽമക്കൾ താന്താങ്ങളുടെ നഗരത്തിലേക്കും അവകാശത്തിലേക്കും മടങ്ങി.
ആരാധനയ്ക്കുവേണ്ടി സംഭാവനകൾ
പുരോഹിതന്മാരിലും ലേവ്യരിലും ഓരോരുത്തരുടെയും ചുമതലകളുടെ അടിസ്ഥാനത്തിൽ ഹിസ്കിയാവ് അവരെ ഗണങ്ങളായി വേർതിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനും ശുശ്രൂഷകൾ ചെയ്യാനും സ്തോത്രം കരേറ്റാനും യഹോവയുടെ തിരുനിവാസത്തിന്റെ പടിവാതിലുകളിൽ സ്തുതിഗീതങ്ങൾ ആലപിക്കാനും അവരെ നിയോഗിച്ചു. യഹോവയുടെ ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, പ്രഭാതത്തിലെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കും ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതപെരുന്നാളുകളിലും നടത്തുന്ന ഹോമയാഗങ്ങൾക്കുംവേണ്ടി അദ്ദേഹം തന്റെ സ്വന്തം വകയിൽനിന്ന് വിഹിതം നൽകി. പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു. ഈ കൽപ്പന പ്രസിദ്ധമായ ഉടനെതന്നെ ഇസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, ഒലിവെണ്ണ, തേൻ, വയലിലെ ഇതര വിഭവങ്ങൾ എന്നിവയുടെയെല്ലാം ആദ്യഫലം ഉദാരമനസ്സോടെ കൊണ്ടുവന്നു. എല്ലാറ്റിന്റെയും ദശാംശവും അവർ ധാരാളമായി കൊണ്ടുവന്നു. യെഹൂദ്യയുടെ പട്ടണങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേൽജനതയുടെയും യെഹൂദ്യരുടെയും കാര്യത്തിലാകട്ടെ, അവരും തങ്ങളുടെ കാളകൾ, ആടുകൾ എന്നിവയുടെ ദശാംശവും അവരുടെ ദൈവമായ യഹോവയ്ക്കു സമർപ്പിച്ചിരുന്ന സകലവിശുദ്ധവസ്തുക്കളുടെയും ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായിക്കൂട്ടി. അവർ മൂന്നാംമാസത്തിൽ ഇപ്രകാരം ചെയ്തുതുടങ്ങി; ഏഴാംമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. ഹിസ്കിയാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ പുകഴ്ത്തുകയും അവിടത്തെ ജനമായ ഇസ്രായേലിനെ ആശീർവദിക്കുകയും ചെയ്തു.
ഹിസ്കിയാവ് പുരോഹിതന്മാരോടും ലേവ്യരോടും ഈ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു. സാദോക്കിന്റെ കുടുംബത്തിലുള്ളവനും പുരോഹിതമുഖ്യനുമായ അസര്യാവ് മറുപടി പറഞ്ഞു: “ജനം തങ്ങളുടെ സംഭാവനകൾ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നുതുടങ്ങിയതുമുതൽ ഞങ്ങൾക്കു മതിയാകുംവരെ ഭക്ഷിക്കാനും വേണ്ടുവോളം മിച്ചംവെക്കാനുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇത്രവലിയ ഒരു ശേഖരം ഇവിടെ അവശേഷിച്ചിരിക്കുന്നു.”
യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളൊരുക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു; അതു നിർവഹിക്കപ്പെട്ടു. സംഭാവനകളും ദശാംശങ്ങളും സമർപ്പിതവസ്തുക്കളും അവർ വിശ്വസ്തതയോടെ അകത്തേക്കെടുത്തു. ലേവ്യനായ കോനന്യാവ് ഈ വസ്തുക്കളുടെ ചുമതലക്കാരനായിരുന്നു; അദ്ദേഹത്തിന്റെ സഹോദരൻ ശിമെയി രണ്ടാംസ്ഥാനക്കാരനും. ഹിസ്കിയാരാജാവിന്റെയും ദൈവാലയത്തിന്റെ ചുമതലക്കാരനായ അസര്യാവിന്റെയും നിയോഗപ്രകാരം കോനന്യാവിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശിമെയിയുടെയും കീഴിൽ യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ മേൽനോട്ടക്കാരായിരുന്നു.
ലേവ്യനായ യിമ്നായുടെ മകനും കിഴക്കേകവാടത്തിൽ കാവൽക്കാരനുമായ കോരേ ദൈവത്തിനു സമർപ്പിച്ചിരുന്ന സ്വമേധായാഗങ്ങളുടെ മേൽനോട്ടം വഹിച്ചു. യഹോവയ്ക്കായി സമർപ്പിക്കപ്പെട്ട സംഭാവനകളും വിശുദ്ധദാനങ്ങളും അദ്ദേഹം വിഭജിച്ചുകൊടുത്തിരുന്നു. പുരോഹിതനഗരങ്ങളിൽ പ്രായഭേദംകൂടാതെ അവരുടെ സഹപുരോഹിതന്മാർക്ക് അവരവരുടെ ഗണമനുസരിച്ചു വിഭജിച്ചുകൊടുക്കുന്ന കാര്യത്തിൽ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവർ വിശ്വസ്തതയോടെ അദ്ദേഹത്തെ സഹായിച്ചിരുന്നു.
ഇതിനുംപുറമേ, വംശാവലിരേഖകളിൽ പേരു ചേർക്കപ്പെട്ടവരും മൂന്നുവയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരുമായ പുരുഷാംഗങ്ങൾക്കും തങ്ങളുടെ ഗണങ്ങളും ചുമതലകളും പ്രകാരം തങ്ങളുടെ കർത്തവ്യത്തിൽപ്പെട്ട ജോലികൾ നിർവഹിക്കുന്നതിനു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിയുന്ന സകലർക്കും അവർ ഓഹരി വിഭജിച്ചുകൊടുത്തിരുന്നു. വംശാവലിരേഖകളിൽ കുടുംബങ്ങളായി പേരുചേർക്കപ്പെട്ടിരുന്ന പുരോഹിതന്മാർക്കും ഓഹരികൊടുത്തു; അതുപോലെതന്നെ ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ള ലേവ്യർക്കും അവരുടെ ഗണങ്ങളും ചുമതലകളും പരിഗണിച്ച് ഓഹരി കൊടുത്തിരുന്നു. ഇക്കാര്യത്തിൽ അവർ വംശാവലിരേഖകളിൽ പേരുള്ള മുഴുവൻ സമൂഹത്തിലെയും ശിശുക്കളെയും ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും ഉൾപ്പെടുത്തിയിരുന്നു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ അവർ വിശ്വസ്തരായിരുന്നു.
അവരുടെ പട്ടണങ്ങൾക്കു പുറത്തു കൃഷിയിടങ്ങളിലോ മറ്റേതെങ്കിലും പട്ടണത്തിലോ താമസിച്ചിരുന്ന അഹരോന്റെ പിൻതലമുറയിലെ പുരോഹിതന്മാരുടെ കാര്യത്തിലാകട്ടെ, അവരിലെ ഓരോ പുരുഷനും ലേവ്യവംശാവലിയിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള സകലർക്കും ഓഹരി വിഭജിച്ചുകൊടുക്കാൻ പേരെടുത്തുപറഞ്ഞ് ആളുകളെ നിയോഗിച്ചിരുന്നു.
ഹിസ്കിയാവ് ഇപ്രകാരം യെഹൂദ്യയിലെല്ലാം ചെയ്തു. അദ്ദേഹം തന്റെ ദൈവമായ യഹോവയുടെമുമ്പാകെ നന്മയും നീതിയും വിശ്വസ്തതയും പ്രവർത്തിച്ചു. ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയിലും ന്യായപ്രമാണവും കൽപ്പനകളും അനുസരിക്കുന്ന കാര്യത്തിലും ഹിസ്കിയാവ് ഏറ്റെടുത്ത ഓരോകാര്യത്തിലും അദ്ദേഹം ദൈവത്തെ അന്വേഷിക്കുകയും പൂർണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം അഭിവൃദ്ധിപ്രാപിച്ചു.
സൻഹേരീബ് ജെറുശലേമിനെ ഭീഷണിപ്പെടുത്തുന്നു
ഹിസ്കിയാവ് ഇതെല്ലാം ഏറ്റവും വിശ്വസ്തതയോടെ ചെയ്തുകഴിഞ്ഞപ്പോൾ അശ്ശൂർരാജാവായ സൻഹേരീബ് വന്ന് യെഹൂദയെ ആക്രമിച്ചു. സുരക്ഷിതനഗരങ്ങളെ ജയിച്ചടക്കാമെന്നു വ്യാമോഹിച്ച് അദ്ദേഹം അവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. സൻഹേരീബ് വന്നെത്തിയെന്നും അദ്ദേഹം ജെറുശലേമിനോടു യുദ്ധംചെയ്യാൻ ഉദ്ദേശിക്കുന്നെന്നും കണ്ടപ്പോൾ ഹിസ്കിയാവ് തന്റെ ഉന്നതോദ്യോഗസ്ഥരെയും സൈന്യാധിപന്മാരെയും വിളിച്ചുകൂട്ടി; അരുവികളിലൂടെ നഗരത്തിനു വെളിയിലേക്കുള്ള നീരൊഴുക്കു തടയുന്നതിന് ആലോചിച്ചുറച്ചു. അവർ അക്കാര്യത്തിൽ രാജാവിനെ സഹായിക്കുകയും ചെയ്തു. അസംഖ്യം ആളുകളുള്ള ഒരു സൈന്യം ഒരുമിച്ചുകൂടി. സകല ഉറവുകളും ദേശത്തിലൂടെയുള്ള നീരൊഴുക്കുകളും അവർ അടച്ചുകളഞ്ഞു. “അശ്ശൂർ രാജാക്കന്മാർക്കു32:4 ചി.കൈ.പ്ര. രാജാവ് സമൃദ്ധമായി വെള്ളം കണ്ടെത്തുന്നതെന്തിന്?” എന്ന് അവർ നിരൂപിച്ചു. കോട്ടയുടെ ഉടഞ്ഞഭാഗങ്ങൾ നന്നാക്കുന്നതിനും അതിന്മേൽ ഗോപുരങ്ങൾ പണിയുന്നതിനും അദ്ദേഹം അത്യധ്വാനം ചെയ്തു. കോട്ടയ്ക്കുചുറ്റും മറ്റൊരു മതിൽകൂടി അദ്ദേഹം പണിയിച്ചു; കൂടാതെ, ദാവീദിന്റെ നഗരത്തിലെ മുകൾത്തട്ടു32:5 മൂ.ഭാ. മില്ലോ ബലപ്പെടുത്തി. അസംഖ്യം ആയുധങ്ങളും പരിചകളും അദ്ദേഹം ഉണ്ടാക്കിച്ചു.
അദ്ദേഹം ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരകവാടത്തിലുള്ള വിശാലസ്ഥലത്തു തന്റെമുമ്പാകെ കൂട്ടിവരുത്തുകയും പ്രോത്സാഹിപ്പിക്കുംവിധം ഇങ്ങനെ പറയുകയും ചെയ്തു: “ശക്തരും ധീരരുമായിരിക്കുക! അശ്ശൂർരാജാവും അദ്ദേഹത്തിന്റെ വിപുലസൈന്യവുംമൂലം നിങ്ങൾ സംഭീതരോ ധൈര്യഹീനരോ ആകരുത്. എന്തെന്നാൽ, അദ്ദേഹത്തോടുകൂടെ ഉള്ളതിനെക്കാൾ മഹത്തായ ഒരു ശക്തി നമ്മോടുകൂടെ ഉണ്ട്. അദ്ദേഹത്തോടുകൂടെ വെറും സൈന്യബലമേയുള്ളൂ;32:8 മൂ.ഭാ. മാംസഭുജമേയുള്ളൂ നമ്മോടുകൂടെയാകട്ടെ, നമ്മുടെ ദൈവമായ യഹോവയുണ്ട്. നമ്മെ സഹായിക്കാനും നമുക്കുവേണ്ടി യുദ്ധംചെയ്യുന്നതിനും അവിടന്ന് നമ്മോടുകൂടെയുണ്ട്.” യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ഈ വാക്കുകൾമൂലം ജനം ആത്മവിശ്വാസം വീണ്ടെടുത്തു.
പിന്നീട് അശ്ശൂർരാജാവായ സൻഹേരീബും അദ്ദേഹത്തിന്റെ സൈന്യങ്ങളും ലാഖീശിനെ ഉപരോധിച്ച് താവളമടിച്ചുകിടന്നിരുന്നപ്പോൾ, യെഹൂദാരാജാവായ ഹിസ്കിയാവിനും അവിടെയുള്ള സകല യെഹൂദ്യജനതയ്ക്കുമുള്ള സന്ദേശവുമായി അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരെ ജെറുശലേമിലേക്കയച്ചു:
“അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം അറിയിക്കുന്നു: ജെറുശലേമിന് എതിരേയുള്ള ഉപരോധത്തെ ചെറുത്ത് അവിടെ നിലനിൽക്കുന്നതിനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? നിങ്ങൾ എന്തിലാണ് ആശ്രയം വെച്ചിരിക്കുന്നത്? ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു രക്ഷിക്കും,’ എന്നു ഹിസ്കിയാവ് പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴിതെറ്റിക്കുകയാണ്; വിശപ്പും ദാഹവുംമൂലം നിങ്ങൾ ചത്തൊടുങ്ങാൻ വഴിയൊരുക്കുകയാണ്. ‘നിങ്ങൾ ഒരേയൊരു യാഗപീഠത്തിൽ ആരാധിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്യണം,’ എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഈ ദേവന്മാരുടെ ക്ഷേത്രങ്ങളും ബലിപീഠങ്ങളും എല്ലാം ഹിസ്കിയാവ് നീക്കിക്കളഞ്ഞില്ലേ?
“മറ്റു ദേശങ്ങളിലെ സകലജനങ്ങളോടും ഞാനും എന്റെ പിതാക്കന്മാരും ചെയ്തതെന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം? എന്റെ കൈയിൽനിന്ന് തങ്ങളുടെ ദേശത്തെ വിടുവിക്കാൻ ആ രാജ്യങ്ങളിലെ ദേവന്മാർക്കു കഴിഞ്ഞിട്ടുണ്ടോ? എന്റെ പിതാക്കന്മാർ നശിപ്പിച്ച ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആർക്കെങ്കിലും എന്റെ കൈയിൽനിന്നു തങ്ങളുടെ ജനത്തെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? പിന്നെങ്ങനെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിയും? ആകയാൽ, ഇപ്പോൾ ഹിസ്കിയാവ് നിങ്ങളെ ഈ വിധം ചതിക്കാനും വഴിതെറ്റിക്കാനും ഇടകൊടുക്കരുത്. നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കരുത്; കാരണം യാതൊരു രാഷ്ട്രത്തിന്റെയോ രാജ്യത്തിന്റെയോ ഒരു ദേവനും എന്റെ കൈയിൽനിന്നോ എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നോ തങ്ങളുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ, എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ നിങ്ങളുടെ ദൈവത്തിന് ഒട്ടും കഴിയുകയില്ല!”
ദൈവമായ യഹോവയ്ക്കും അവിടത്തെ ദാസനായ ഹിസ്കിയാവിനും എതിരായി സൻഹേരീബിന്റെ ദാസന്മാർ വീണ്ടും വളരെയേറെ നിന്ദാവാക്കുകൾ ചൊരിഞ്ഞു. “മറ്റു ദേശങ്ങളിലെ ജനങ്ങളുടെ ദേവന്മാർ എന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചില്ല; അതുപോലെ ഹിസ്കിയാവിന്റെ ദൈവവും എന്റെ കൈയിൽനിന്നു തന്റെ ജനത്തെ രക്ഷിക്കുകയില്ല,” എന്നു പറഞ്ഞ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അധിക്ഷേപിച്ചുകൊണ്ട് രാജാവും കത്തുകൾ എഴുതി. മതിലിന്മേൽ ഉണ്ടായിരുന്ന ജെറുശലേംനിവാസികളോട് അവർ അത് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു. അവരെ സംഭ്രാന്തരും ആശങ്കാകുലരുമാക്കി നഗരം പിടിച്ചെടുക്കാൻവേണ്ടിയായിരുന്നു ഇത്. ഭൂതലത്തിലെ അന്യ ദേവന്മാരെക്കുറിച്ച്—മനുഷ്യരുടെ കൈകളാൽ നിർമിക്കപ്പെട്ടവരെക്കുറിച്ച്—സംസാരിച്ചതുപോലെ അവർ ജെറുശലേമിന്റെ ദൈവമായ യഹോവയെക്കുറിച്ചും സംസാരിച്ചു.
ഇതുനിമിത്തം ഹിസ്കിയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർഥിച്ചുകൊണ്ട് സ്വർഗത്തിലേക്കു നിലവിളിച്ചു. യഹോവ ഒരു ദൈവദൂതനെ അയച്ചു. അദ്ദേഹം അശ്ശൂർരാജാവിന്റെ പാളയത്തിലെ സകലശൂരയോദ്ധാക്കളെയും സൈന്യാധിപന്മാരെയും അധിപതിമാരെയും സംഹരിച്ചുകളഞ്ഞു. അങ്ങനെ സൻഹേരീബ് അപമാനിതനായി സ്വന്തനാട്ടിലേക്കു മടങ്ങി. അദ്ദേഹം അവിടെ തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു ചെന്നപ്പോൾ അദ്ദേഹത്തിന്റെതന്നെ പുത്രന്മാരിൽ ചിലർ അദ്ദേഹത്തെ വാളിനിരയാക്കി.
അങ്ങനെ യഹോവ ഹിസ്കിയാവിനെയും ജെറുശലേം ജനതയെയും അശ്ശൂർരാജാവായ സൻഹേരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്നു രക്ഷിച്ചു. അവിടന്ന് അവർക്ക് ചുറ്റുപാടും സ്വസ്ഥതനൽകി. പലരും ജെറുശലേമിൽ യഹോവയ്ക്കു നേർച്ചകളും യെഹൂദാരാജാവായ ഹിസ്കിയാവിന് വിലപിടിച്ച സമ്മാനങ്ങളും കൊണ്ടുവന്നു. അന്നുമുതൽ അദ്ദേഹം സകലരാഷ്ട്രങ്ങളുടെയും ദൃഷ്ടിയിൽ വളരെ ആദരണീയനായിത്തീർന്നു.
ഹിസ്കിയാവിന്റെ നിഗളം, വിജയം, മരണം
അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു; യഹോവ അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കുത്തരമരുളുകയും അത്ഭുതകരമായ ചിഹ്നം അദ്ദേഹത്തിനു നൽകുകയും ചെയ്തു. എന്നാൽ ഹിസ്കിയാവിന്റെ ഹൃദയം നിഗളിച്ചു; അദ്ദേഹം തനിക്കു ലഭിച്ച കാരുണ്യത്തിന് ദൈവത്തോടു നന്ദിയുള്ളവനായിരുന്നില്ല. അതിനാൽ യഹോവയുടെ ക്രോധം അദ്ദേഹത്തിനും യെഹൂദയ്ക്കും ജെറുശലേമിനുംനേരേയുണ്ടായി. അപ്പോൾ ഹിസ്കിയാവ് തന്റെ ഹൃദയത്തിലെ നിഗളത്തെപ്പറ്റി അനുതപിച്ചു. ജെറുശലേംനിവാസികളും അനുതപിച്ചു. അതിനാൽ ഹിസ്കിയാവിന്റെകാലത്ത് യഹോവയുടെ ക്രോധം അവരുടെമേൽ പതിച്ചില്ല.
ഹിസ്കിയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു. തനിക്കുള്ള വെള്ളിയും പൊന്നും വിലയേറിയ രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും പരിചകളും എല്ലാവിധമായ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനായി അദ്ദേഹം ഭണ്ഡാരങ്ങൾ നിർമിച്ചു. ധാന്യം, വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് സംഭരണശാലകളും കന്നുകാലികൾക്കു തൊഴുത്തുകളും ആട്ടിൻപറ്റങ്ങൾക്ക് ആലകളും അദ്ദേഹം പണിയിച്ചു. ദൈവം അദ്ദേഹത്തിന് ധാരാളമായി ധനം നൽകിയിരുന്നതിനാൽ അദ്ദേഹം സ്വന്തമായി പട്ടണങ്ങളും ആട്ടിൻപറ്റങ്ങളും കാലിക്കൂട്ടങ്ങളും സമ്പാദിച്ചു.
ഗീഹോൻ ജലപ്രവാഹത്തിന്റെ മുകളിലത്തെ നീരൊഴുക്കു തടഞ്ഞ് അതിനെ താഴേ, ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ഒഴുക്കിയത് ഈ ഹിസ്കിയാവായിരുന്നു. അദ്ദേഹം ഏറ്റെടുത്ത സകലകാര്യങ്ങളിലും വിജയംകൈവരിച്ചു. എന്നാൽ ദേശത്തു സംഭവിച്ച വിസ്മയകരമായ അടയാളത്തെപ്പറ്റി ചോദിച്ചറിയുന്നതിന് ബാബേൽ ഭരണാധികാരികൾ ദൗത്യസംഘത്തെ അയച്ചപ്പോൾ സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. ഇത് അദ്ദേഹത്തിന്റെ ഉള്ളറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടിയായിരുന്നു.
ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനങ്ങളിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതപ്പെട്ടിരിക്കുന്നു. ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകൾ സ്ഥിതിചെയ്യുന്ന കുന്നിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. അദ്ദേഹം മരിച്ചപ്പോൾ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെല്ലാം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.
യെഹൂദാരാജാവായ മനശ്ശെ
മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു. തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും33:5 [2 ദിന. 4:9] കാണുക. അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും നിങ്ങളുടെ പൂർവികർക്കായി നിയോഗിച്ചുതന്നിരിക്കുന്ന ഈ ദേശം വിട്ടുപോകാൻ ഇസ്രായേല്യരുടെ പാദങ്ങൾക്ക് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല; എന്നാൽ ഞാൻ മോശമുഖാന്തരം നൽകിയിരിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുശാസനങ്ങളും ഓരോന്നും പ്രമാണിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കുമെങ്കിൽമാത്രം!” എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു.
യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല. അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു. അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി.
അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു.
യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. എന്നിരുന്നാലും ജനം ക്ഷേത്രങ്ങളിൽ യാഗമർപ്പിക്കുന്നതു തുടർന്നുകൊണ്ടിരുന്നു; പക്ഷേ, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടിമാത്രം ആയിരുന്നു അവിടങ്ങളിൽ യാഗം അർപ്പിച്ചത്!
തന്റെ ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദർശകന്മാർ അദ്ദേഹത്തോടു സംസാരിച്ച വാക്കുകളും ഉൾപ്പെടെ മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ33:18 അതായത്, യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രാർഥനയും അഭയയാചനയുംകേട്ട് യഹോവ മനസ്സലിഞ്ഞു. ഇങ്ങനെ അദ്ദേഹം ദൈവമുമ്പാകെ വിനയപ്പെടുന്നതിനുമുമ്പ് ചെയ്ത സകലപാപങ്ങളും അവിശ്വസ്തതയും, എവിടെയെല്ലാം ക്ഷേത്രങ്ങൾ നിർമിച്ചുവെന്നും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും സ്ഥാപിച്ചുവെന്നുമുള്ള ചരിത്രമെല്ലാം ദർശകന്മാരുടെ33:19 മൂ.ഭാ. ഹോസായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.
യെഹൂദാരാജാവായ ആമോൻ
ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു. മനശ്ശെ ഉണ്ടാക്കിയിരുന്ന സകലബിംബങ്ങൾക്കും ആമോൻ ബലികൾ അർപ്പിക്കുകയും അവയെ സേവിക്കുകയും ചെയ്തു. എന്നാൽ തന്റെ പിതാവായ മനശ്ശെയിൽനിന്നു വ്യത്യസ്തമായി, ആമോൻ യഹോവയുടെമുമ്പാകെ വിനയപ്പെട്ടില്ല; അദ്ദേഹം തന്റെ അപരാധം വർധിപ്പിക്കുകമാത്രമേ ചെയ്തുള്ളൂ.
ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.
യോശിയാവിന്റെ പരിഷ്കാരങ്ങൾ
രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ വഴികളിൽത്തന്നെ ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.
തന്റെ ഭരണത്തിന്റെ എട്ടാംവർഷം, അദ്ദേഹം നന്നേ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, യോശിയാവ് തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പന്ത്രണ്ടാംവർഷം, ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും നിർമാർജനംചെയ്ത് യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ജനം ബാലിന്റെ ബലിപീഠങ്ങൾ തകർത്തു; അവയ്ക്കു മുകളിൽ ഉണ്ടായിരുന്ന ധൂപബലിപീഠങ്ങളും വെട്ടിനുറുക്കി. അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും അവർ അടിച്ചുതകർത്തു പൊടിയാക്കി; ആ പൊടി അവയ്ക്കു ബലികൾ അർപ്പിച്ചിരുന്നവരുടെ ശവകുടീരങ്ങളിൽ വിതറി. പൂജാരികളുടെ അസ്ഥികൾ അദ്ദേഹം അവരുടെ ബലിപീഠങ്ങളിൽ ദഹിപ്പിച്ചു; ഇങ്ങനെ അദ്ദേഹം യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിച്ചു. മനശ്ശെ, എഫ്രയീം, ശിമെയോൻ എന്നിവരുടെ നഗരങ്ങളിലും നഫ്താലിവരെയും അവയ്ക്കുചുറ്റും നശിച്ചുകിടന്ന ഇടങ്ങളിലും അവർ ഇപ്രകാരംതന്നെ ചെയ്തു. അങ്ങനെ അവർ ഇസ്രായേലിലെല്ലാം ബലിപീഠങ്ങൾ ഇടിച്ചുനിരത്തുകയും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും തകർത്തു പൊടിയാക്കുകയും ധൂപബലിപീഠങ്ങളെല്ലാം വെട്ടിനുറുക്കുകയും ചെയ്തു. അതിനുശേഷം യോശിയാവ് ജെറുശലേമിലേക്കു മടങ്ങി.
യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം നാടും ദൈവാലയവും ശുദ്ധീകരിച്ചുകഴിഞ്ഞപ്പോൾ, അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രാജകീയ രേഖാപാലകനും യോവാശിന്റെ മകനുമായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു.
അവർ മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തുചെന്ന് ദൈവാലയത്തിൽ കിട്ടിയിരുന്ന പണം അദ്ദേഹത്തെ ഏൽപ്പിച്ചു. ഇത് മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിന്റെ സകലശേഷിപ്പിൽനിന്നും യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലജനങ്ങളിൽനിന്നും ജെറുശലേംനിവാസികളിൽനിന്നും ദ്വാരപാലകരായ ലേവ്യർ ശേഖരിച്ചതായിരുന്നു. യഹോവയുടെ ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ അവർ ആ പണം ഏൽപ്പിച്ചു. അവർ ആ പണം, ആലയം പുനരുദ്ധരിക്കാൻവേണ്ടി പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു വേതനമായി കൊടുത്തു. മുമ്പ് യെഹൂദാരാജാക്കന്മാർ നശിച്ചുപോകുന്നതിന് അനുവദിച്ചിരുന്ന ചെത്തിയകല്ല്, ചെറിയ ചട്ടങ്ങൾക്കുള്ള തടി, കെട്ടിടങ്ങളുടെ തുലാങ്ങൾക്കുവേണ്ടിയുള്ള തടി ഇവ വാങ്ങുന്നതിനായി മരപ്പണിക്കാർക്കും ശില്പികൾക്കും പണം കൊടുത്തു.
ജോലിക്കാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; അവർക്കു നിർദേശങ്ങൾ കൊടുക്കുന്നതിനു യഹത്ത്, ഓബദ്യാവ്, മെരാരിയുടെ പിൻഗാമികളായ ലേവ്യരും കെഹാത്തിന്റെ പിൻഗാമികളായ സെഖര്യാവ്, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു. സംഗീതോപകരണങ്ങൾ മീട്ടുന്നതിൽ വിദഗ്ദ്ധരായ ലേവ്യർ ചുമട്ടുകാരുടെ മേൽനോട്ടം വഹിച്ചിരുന്നു. അവർ എല്ലാത്തരം പണികളുടെയും മേൽവിചാരകരുമായിരുന്നു. ലേവ്യരിൽ ചിലർ ലേഖകരും വേദജ്ഞരും34:13 മൂ.ഭാ. സൊപേരിം വാതിൽകാവൽക്കാരുമായി സേവനം അനുഷ്ഠിച്ചു.
ന്യായപ്രമാണഗ്രന്ഥം കണ്ടെടുക്കുന്നു
യഹോവയുടെ ആലയത്തിനുള്ളിൽ നിക്ഷേപിച്ചിരുന്ന ദ്രവ്യം അവർ പുറത്തേക്ക് എടുത്തുകൊണ്ടിരുന്നപ്പോൾ, മോശമുഖാന്തരം തങ്ങൾക്കു നൽകപ്പെട്ടിരുന്ന യഹോവയുടെ ന്യായപ്രമാണഗ്രന്ഥം ഹിൽക്കിയാപുരോഹിതൻ കണ്ടെത്തി. “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു; അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു.
ശാഫാൻ ആ പുസ്തകം രാജാവിന്റെ അടുത്തുകൊണ്ടുവന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “അങ്ങയുടെ സേവകന്മാരെ ഏൽപ്പിച്ചിരിക്കുന്ന ജോലികളെല്ലാം അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം അവർ പുറത്തെടുത്ത് ജോലിക്കാരെയും മേൽവിചാരകന്മാരെയും ഏൽപ്പിച്ചിരിക്കുന്നു.” കാര്യവിചാരകനായ ശാഫാൻ തുടർന്നു രാജാവിനെ അറിയിച്ചു: “പുരോഹിതനായ ഹിൽക്കിയാവ് ദൈവാലയത്തിൽനിന്നും കണ്ടെടുത്ത ഒരു പുസ്തകം എന്നെ ഏൽപ്പിച്ചിരിക്കുന്നു.” ലേഖകനായ ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
രാജാവ് ന്യായപ്രമാണത്തിലെ വാക്കുകൾ കേട്ടിട്ട് വസ്ത്രംകീറി. അദ്ദേഹം ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായുടെ മകനായ അബ്ദോനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി: “എനിക്കുവേണ്ടിയും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! നമ്മുടെ പൂർവികർ യഹോവയുടെ വചനങ്ങൾ പ്രമാണിച്ചിട്ടില്ല; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ പ്രവർത്തിച്ചിട്ടുമില്ല. അതിനാൽ യഹോവയുടെ ഉഗ്രകോപം നമ്മുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു.”
ഹിൽക്കിയാവും രാജാവു നിയോഗിച്ച മറ്റാളുകളും പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. ഹസ്രയുടെ34:22 ഹർഹാസ് എന്നും വിളിക്കപ്പെട്ടിരുന്നു. മകനായ തോക്ഹത്തിന്റെ34:22 തിക്‌വാഹ് എന്നും വിളിക്കപ്പെട്ടിരുന്നു. മകനും രാജവസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു അവൾ. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു.
അവൾ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുത്തേക്കയച്ച പുരുഷനോടു ചെന്നു പറയുക. ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും സർവനാശം—യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സമസ്തശാപങ്ങളുംതന്നെ—വരുത്താൻപോകുന്നു. കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ സകലപ്രവൃത്തികളാലും34:25 അഥവാ, കൈകൾ ചെയ്ത എല്ലാറ്റിനാലും എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തതിനാൽ ഈ സ്ഥലത്തിന്മേൽ ഞാൻ എന്റെ ക്രോധം ചൊരിയും; അതു ശമിക്കുകയുമില്ല.’ നീ കേട്ട വചനങ്ങളെ സംബന്ധിച്ച്, ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിക്കുന്നത് ഇതാണ് എന്ന്, യഹോവയുടെഹിതം ആരായുന്നതിനു നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു ചെന്നു പറയുക: ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി യഹോവ കൽപ്പിച്ചിരിക്കുന്നതെന്തെന്നു കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ ദൈവമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേലും ഇതിൽ വസിക്കുന്നവരുടെമേലും വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.”
അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.
പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി. യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും ലേവ്യരെയും, വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു. താൻ യഹോവയെ പിൻതുടരുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി അനുസരിക്കുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി.
ജെറുശലേമിലും ബെന്യാമീനിലുമുള്ള സകലരോടും ഈ വിധം സ്വയം പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഉടമ്പടിക്കനുസൃതമായി ജെറുശലേം ജനത ദൈവവുമായി അപ്രകാരം പ്രതിജ്ഞചെയ്തു.
ഇസ്രായേൽജനതയുടെ വകയായിരുന്ന സകലപ്രദേശങ്ങളിൽനിന്നും സകലമ്ലേച്ഛവിഗ്രഹങ്ങളെയും യോശിയാവു നീക്കിക്കളഞ്ഞു. ഇസ്രായേലിൽ ഉണ്ടായിരുന്ന സകലരും തങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാൻ അദ്ദേഹം സംഗതിവരുത്തി. അദ്ദേഹം ജീവിച്ചിരുന്നകാലംവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പിൻതുടരുന്നതിൽനിന്ന് അവർ വ്യതിചലിച്ചില്ല.
യോശിയാവ് പെസഹ ആചരിക്കുന്നു
യോശിയാവ് ജെറുശലേമിൽ യഹോവയ്ക്കു പെസഹ ആചരിച്ചു. ഒന്നാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. അദ്ദേഹം പുരോഹിതന്മാരെ അവരവരുടെ ചുമതലകൾക്കായി നിയോഗിക്കുകയും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇസ്രായേൽജനത സകലരെയും അഭ്യസിപ്പിക്കുകയും യഹോവയ്ക്കു ശുശ്രൂഷചെയ്യുന്നതിനായി വേർതിരിക്കപ്പെട്ടവരുമായ ലേവ്യരോട് അദ്ദേഹം കൽപ്പിച്ചു: “ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണികഴിപ്പിച്ച ആലയത്തിൽ യഹോവയുടെ വിശുദ്ധപേടകം സ്ഥാപിക്കുക. ഇനിയും നിങ്ങൾ അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെയും അവിടത്തെ ജനമായ ഇസ്രായേലിനെയും സേവിക്കുക. ഇസ്രായേൽരാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ മകനായ ശലോമോന്റെയും നിർദേശങ്ങളനുസരിച്ച് നിങ്ങൾ പിതൃഭവനക്രമത്തിലും ഗണക്രമത്തിലും സ്വയം ഒരുങ്ങുവിൻ!
“നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനതയുടെ ഓരോ പിതൃകുലത്തിനും ഓരോ ലേവ്യഗണം വരത്തക്കവണ്ണം നിങ്ങൾ വിശുദ്ധസ്ഥലത്തു നിൽക്കുക. നിങ്ങൾ പെസഹ അറക്കുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും മോശമുഖാന്തരം യഹോവ കൽപ്പിച്ചിട്ടുള്ള പ്രമാണങ്ങൾക്കനുസൃതമായി നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനത്തിനുവേണ്ടി കുഞ്ഞാടിനെ ഒരുക്കുകയും ചെയ്യുക.”
അവിടെ സന്നിഹിതരായിരുന്ന സാമാന്യജനങ്ങൾക്കെല്ലാം പെസഹായാഗം കഴിക്കാനായി യോശിയാവ് മുപ്പതിനായിരം ആടുകളെയും കോലാടുകളെയും മൂവായിരം കാളയെയും കൊടുത്തു. അവ രാജാവിന്റെ സ്വകാര്യസമ്പത്തിൽനിന്നുള്ളവ ആയിരുന്നു.
രാജാവിന്റെ പ്രഭുക്കന്മാരും സന്മനസ്സോടെ ജനങ്ങൾക്കും പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി സംഭാവന ചെയ്തു. ദൈവാലയത്തിലെ അധിപതിമാരായ ഹിൽക്കിയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാരുടെ പെസഹായാഗത്തിനായി രണ്ടായിരത്തി അറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു. കോനന്യാവും അദ്ദേഹത്തിന്റെ ശെമയ്യാവ്, നെഥനയേൽ എന്നീ സഹോദരന്മാരും ഹശബ്യാവും യെയീയേലും യോസാബാദും ലേവ്യരിലെ നേതാക്കന്മാരും ലേവ്യർക്കു പെസഹായാഗത്തിനായി അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അപ്പോൾ രാജകൽപ്പനയനുസരിച്ച് പുരോഹിതന്മാർ താന്താങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. ലേവ്യരും ഗണംഗണമായി വന്നുനിന്നു. അവർ പെസഹാക്കുഞ്ഞാടിനെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ലേവ്യർ പെസഹാക്കുഞ്ഞാടുകളുടെ തുകലുരിച്ചു. പിതൃഭവനവിഭാഗങ്ങൾ അനുസരിച്ച് ജനങ്ങൾക്കു വിതരണം ചെയ്യുന്നതിനായി അവർ ഹോമയാഗത്തിനുള്ളവ നീക്കിവെച്ചു. മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ജനങ്ങൾ അവ യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്യണമായിരുന്നു. കാളകളുടെ കാര്യത്തിലും അവർ ഇപ്രകാരംതന്നെ ചെയ്തു. വിധിപ്രകാരം അവർ പെസഹാക്കുഞ്ഞാടിന്റെ മാംസം തീയിൽ ചുട്ടെടുത്തു. മറ്റു അർപ്പിക്കപ്പെട്ട വിശുദ്ധവസ്തുങ്ങൾ അവർ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് വേഗത്തിൽ ജനങ്ങൾക്കു വിളമ്പിക്കൊടുത്തു. പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെയും വ്യാപൃതരായിരുന്നതിനാൽ ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി.
ആസാഫിന്റെ പിൻഗാമികളായ ഗായകന്മാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും നിർദേശങ്ങളനുസരിച്ചുള്ള സ്ഥാനങ്ങളിൽ നിന്നു. ദ്വാരപാലകരും താന്താങ്ങളുടെ സ്ഥാനം വിട്ടുപോകേണ്ടതില്ലായിരുന്നു. കാരണം, അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടതും ഒരുക്കിയിരുന്നു.
അങ്ങനെ, യോശിയാരാജാവിന്റെ കൽപ്പനപ്രകാരം പെസഹ ആചരിക്കാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാനുംവേണ്ട യഹോവയുടെ ശുശ്രൂഷകളെല്ലാം അന്ന് ഒരുക്കപ്പെട്ടു. അവിടെ സന്നിഹിതരായിരുന്ന ഇസ്രായേൽമക്കളെല്ലാം പെസഹ ആചരിക്കുകയും ഏഴുദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിക്കുകയും ചെയ്തു. ശമുവേൽ പ്രവാചകന്റെ കാലത്തിനുശേഷം ഇതുപോലൊരു പെസഹ ഇസ്രായേലിൽ ആചരിച്ചിട്ടില്ല; പുരോഹിതന്മാരോടും ലേവ്യരോടും അവിടെ ജെറുശലേംനിവാസികളോടുകൂടെ വന്നുചേർന്നിരുന്ന സകല യെഹൂദരോടും ഇസ്രായേല്യരോടുംകൂടെ യോശിയാവ് ആചരിച്ചവിധത്തിൽ ഒരു പെസഹ ഇസ്രായേൽരാജാക്കന്മാരിൽ ആരുംതന്നെ ആചരിച്ചിട്ടില്ല. യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിലാണ് ഈ പെസഹാ ആചരിച്ചത്.
യോശിയാവിന്റെ മരണം
ഇതെല്ലാംകഴിഞ്ഞ്, യോശിയാവ് ദൈവാലയകാര്യങ്ങളെല്ലാം ക്രമമാക്കിക്കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവായ നെഖോ യൂഫ്രട്ടീസ് നദിയിങ്കലെ കർക്കെമീശിനെതിരേ യുദ്ധംചെയ്യാനെത്തി. അദ്ദേഹത്തെ എതിരിടുന്നതിനായി യോശിയാവു സൈന്യവുമായി പുറപ്പെട്ടു. എന്നാൽ നെഖോ അദ്ദേഹത്തിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “യെഹൂദാരാജാവേ, എനിക്കും അങ്ങേക്കുംതമ്മിൽ എന്തു കലഹം? ഇപ്പോൾ ഞാൻ ആക്രമിക്കുന്നത് അങ്ങയെയല്ല; എനിക്കു യുദ്ധമുള്ള ഗൃഹത്തെമാത്രം. അതു വേഗംചെയ്യാൻ ദൈവമെന്നോടു കൽപ്പിച്ചുമിരിക്കുന്നു. അതിനാൽ എന്നോടുകൂടെയുള്ള ദൈവത്തെ എതിർക്കുന്നതു മതിയാക്കുക. അല്ലെങ്കിൽ അവിടന്ന് അങ്ങയെ നശിപ്പിക്കും.”
എങ്കിലും യോശിയാവ് നെഖോയെ വിട്ടു പിന്മാറിയില്ല, എന്നാൽ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പങ്കെടുത്തു. ദൈവകൽപ്പനപ്രകാരം നെഖോ പ്രസ്താവിച്ച കാര്യങ്ങളെ അദ്ദേഹം വകവെച്ചില്ല. മറിച്ച്, മെഗിദ്ദോസമഭൂമിയിൽ നെഖോയുമായി പൊരുതാൻ എത്തി.
വില്ലാളികൾ യോശിയാരാജാവിനെ എയ്തു. “എന്നെ ഇവിടെനിന്നു കൊണ്ടുപോകുക! എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു,” എന്ന് അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരോടു പറഞ്ഞു. അതിനാൽ അവർ അദ്ദേഹത്തെ രഥത്തിൽനിന്നിറക്കി; മറ്റൊരു രഥത്തിലേറ്റി ജെറുശലേമിലേക്കു കൊണ്ടുപോന്നു. അവിടെവെച്ച് അദ്ദേഹം മരിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. സകല യെഹൂദയും ജെറുശലേമും അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
യിരെമ്യാവും യോശിയാവിനുവേണ്ടി ഒരു വിലാപഗീതം രചിച്ചു. സകലപുരുഷന്മാരും സ്ത്രീകളും അടങ്ങിയ സംഗീതജ്ഞർ ഇന്നുവരെയും തങ്ങളുടെ വിലാപങ്ങളിൽ യോശിയാവിനെ അനുസ്മരിക്കുന്നു. ഇസ്രായേലിൽ അതൊരു ചട്ടമായിത്തീർന്നിരിക്കുന്നു. വിലാപങ്ങളിൽ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
യോശിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു ജെറുശലേമിൽ രാജാവായി വാഴിച്ചു.
യെഹൂദാരാജാവായ യഹോവാഹാസ്
രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. ഈജിപ്റ്റിലെ രാജാവ് ജെറുശലേമിൽവെച്ച് യഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം നൂറു താലന്തു36:3 ഏക. 3.75 ടൺ. വെള്ളിയും ഒരു താലന്തു36:3 ഏക. 34 കി.ഗ്രാം. സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു. ഈജിപ്റ്റ് രാജാവ് യഹോവാഹാസിന്റെ ഒരു സഹോദരനായ എല്യാക്കീമിനെ യെഹൂദയ്ക്കും ജെറുശലേമിനും രാജാവാക്കി; അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ പിടിച്ച് ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയും ചെയ്തു.
യെഹൂദാരാജാവായ യെഹോയാക്കീം
രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. തന്റെ ദൈവമായ യഹോവയുടെമുമ്പാകെ തിന്മയായത് അദ്ദേഹം പ്രവർത്തിച്ചു. ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ36:7 അഥവാ, കൊട്ടാരത്തിൽ സൂക്ഷിച്ചു.
യെഹോയാക്കീമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛകൃത്യങ്ങളും അദ്ദേഹത്തിനു പ്രതികൂലമായി കാണപ്പെട്ട എല്ലാക്കാര്യങ്ങളും ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.
യെഹൂദാരാജാവായ യെഹോയാഖീൻ
രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു.36:9 [2 രാജാ. 24:8]; മിക്ക കൈ.പ്ര. എട്ട് അദ്ദേഹം മൂന്നുമാസവും പത്തുദിവസവും ജെറുശലേമിൽ വാണു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായതു പ്രവർത്തിച്ചു. പിറ്റേ വസന്തകാലത്ത് നെബൂഖദ്നേസർ രാജാവ് ആളുവിട്ട് യെഹോയാഖീനെ ബാബേലിലേക്കു വരുത്തി. അതോടൊപ്പം, യഹോവയുടെ ആലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും ബാബേലിലേക്കു കൊണ്ടുപോരുന്നു. യെഹോയാഖീന്റെ പിതൃസഹോദരനായ36:10 ബന്ധു എന്ന അർഥത്തിൽ സഹോദരൻ എന്ന പദം എബ്രായഭാഷയിൽ ഉപയോഗിച്ചിരിക്കുന്നു. [2 രാജാ. 24:17] കാണുക. സിദെക്കീയാവിനെ അദ്ദേഹം യെഹൂദയ്ക്കും ജെറുശലേമിനും രാജാവായി വാഴിച്ചു.
യെഹൂദാരാജാവായ സിദെക്കീയാവ്
സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹം തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ വചനങ്ങൾ തന്നോടു പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ അദ്ദേഹം തന്നെത്താൻ വിനയപ്പെട്ടുമില്ല. തന്നെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനെതിരേ അദ്ദേഹം മത്സരിക്കുകയും ചെയ്തു. അദ്ദേഹം മർക്കടമുഷ്ടിക്കാരനായി സ്വന്തം ഹൃദയം കഠിനമാക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് അദ്ദേഹം തിരിഞ്ഞില്ല. അതിനുംപുറമേ സകലപുരോഹിതമുഖ്യന്മാരും ജനങ്ങളും ഇതര രാഷ്ട്രങ്ങളിലെ സകലവിധമായ മ്ലേച്ഛാചാരങ്ങളും പിൻതുടർന്ന് വളരെയധികമായി അവിശ്വസ്തത കാട്ടി, ജെറുശലേമിൽ വിശുദ്ധീകരിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തെ അവർ അശുദ്ധമാക്കി.
ജെറുശലേമിന്റെ പതനം
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടുമുള്ള കരുണനിമിത്തം അവരുടെ അടുത്തേക്കു വീണ്ടും വീണ്ടും തന്റെ ദൂതന്മാരെ അയച്ച് പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ യഹോവയുടെ ഉഗ്രകോപം തന്റെ ജനത്തിനുനേരേ ജ്വലിക്കുകയും അത് ഒഴിവാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുന്നതുവരെ അവർ ദൈവത്തിന്റെ ദൂതന്മാരെ അധിക്ഷേപിക്കുകയും അവിടത്തെ വാക്കുകളുടെനേരേ അവജ്ഞകാട്ടുകയും അവിടത്തെ പ്രവാചകന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. യഹോവ ബാബേൽ36:17 അഥവാ, കൽദയ രാജാവിനെ അവർക്കെതിരേ വരുത്തി. അദ്ദേഹം അവരുടെ യുവാക്കളെ വിശുദ്ധമന്ദിരത്തിൽവെച്ച് വാളാൽ കൊന്നു. യുവാവിനെയോ യുവതിയെയോ വൃദ്ധനെയോ പടുകിഴവനെയോ ഒരുത്തരെയും അദ്ദേഹം വിട്ടുകളയാതെ സകലരെയും വാളിനിരയാക്കി. ദൈവം അവരെ എല്ലാവരെയും നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു. ദൈവത്തിന്റെ ആലയത്തിലെ ചെറുതും വലുതുമായ സകല ഉപകരണങ്ങളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളും എല്ലാം അദ്ദേഹം ബാബേലിലേക്കു കൊണ്ടുപോയി. അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.
വാളിൽനിന്നു രക്ഷപ്പെട്ട ശേഷിപ്പിനെ അദ്ദേഹം ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അടിമകളായിരുന്നു. ദേശം അതിന്റെ ശബ്ബത്തുവിശ്രമം ആസ്വദിച്ചു. യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിവൃത്തിയാകുംവിധം എഴുപതുവർഷം പൂർത്തിയാകുന്നതുവരെ ദേശത്തിനു ശൂന്യകാലമായിരുന്നു.
പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
“പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു:
“ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ യഹോവ അവരോടുകൂടെ ഇരിക്കുമാറാകട്ടെ.’ ”