- Biblica® Open Malayalam Contemporary Version 2020 1 തിമോത്തിയോസ് തിമോത്തിയോസിന് എഴുതിയ ഒന്നാംലേഖനം 1 തിമോത്തിയോസ് 1 തിമോ. തിമോത്തിയോസിന് എഴുതിയ ഒന്നാംലേഖനം നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കൽപ്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിത്തീർന്ന പൗലോസ് എന്ന ഞാൻ, വിശ്വാസത്തിൽ എനിക്ക് യഥാർഥ പുത്രനു തുല്യനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ. വ്യാജ ഉപദേഷ്ടാക്കളെപ്പറ്റി മുന്നറിയിപ്പ് ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല. ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ. ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്. ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും അവിഹിതവേഴ്ചക്കാർക്കും സ്വവർഗഭോഗികൾക്കും അടിമവ്യാപാരികൾക്കും1:10 അഥവാ, ആളെ തട്ടിക്കൊണ്ടുപോകുന്നവർക്കും വ്യാജം പറയുന്നവർക്കും വ്യാജശപഥംചെയ്യുന്നവർക്കും നിർമലോപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കുംവേണ്ടിയാണ് ന്യായപ്രമാണം നൽകിയിട്ടുള്ളത്. വാഴ്ത്തപ്പെട്ട ദൈവത്തിന്റെ തേജസ്സുള്ള സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ നിർമലോപദേശം. പൗലോസിനു ലഭിച്ച ദൈവകൃപ എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു. മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു. പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ! ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ! തിമോത്തിയോസിനെ വീണ്ടും അധികാരപ്പെടുത്തുന്നു എന്റെ മകനേ, തിമോത്തിയോസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ നിർദേശം ഞാൻ നിനക്കു നൽകുന്നത്. അതു തിന്മയെ പ്രതിരോധിച്ച് ഉത്തമപടയാളിയായി നിന്റെ വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിർത്തി യുദ്ധസേവ ചെയ്യുന്നതിന് സഹായിക്കട്ടെ. ചിലർ ഇവ ഉപേക്ഷിച്ച് അവരുടെ വിശ്വാസം പൂർണമായി തകർത്തുകളഞ്ഞു. ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്. ആരാധനാ നിർദേശങ്ങൾ സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം. ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ. കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്. സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം. സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്. എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും. അധ്യക്ഷന്മാരും ശുശ്രൂഷകരും ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല. ശുശ്രൂഷകരും3:8 അധ്യക്ഷന്മാരോട് അഥവാ, സഭാമുഖ്യന്മാരോടുചേർന്ന് വിവിധ സഭാശുശ്രൂഷകളിൽ സഹായിക്കുന്നവരെയാണ് ഈ പദം വിവക്ഷിക്കുന്നത്. അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ. അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ,3:11 അഥവാ, ശുശ്രൂഷക്കാരികളും അവരെപ്പോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം. ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്. പൗലോസിന്റെ നിർദേശം നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു. ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്: അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാർക്കു പ്രത്യക്ഷനായി, രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്ത്വത്തിൽ എടുക്കപ്പെട്ടു. എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ. ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും. ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ. ഇത് തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവുമായ വചനമാണ്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു. ഈ കാര്യങ്ങൾ നീ കൽപ്പിക്കുകയും ഉപദേശിക്കുകയുംചെയ്യുക. നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക. ഞാൻ വരുന്നതുവരെ പരസ്യമായ തിരുവചനപാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധചെലുത്തുക. സഭാമുഖ്യന്മാരുടെ കൈവെപ്പുവഴി പ്രവചനത്താൽ നിനക്കു സിദ്ധിച്ച കൃപാദാനങ്ങൾ അവഗണിക്കരുത്. ഇവയെല്ലാം പ്രാവർത്തികമാക്കുക; ഇവയിൽ പൂർണമായി മുഴുകുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവരുടെയും മുമ്പാകെ പ്രകടമാകട്ടെ. നിന്നെക്കുറിച്ചും നിന്റെ ഉപദേശത്തെക്കുറിച്ചും ജാഗ്രതയുള്ളവനായിരിക്കുക. അവയിൽ സുസ്ഥിരനുമായിരിക്കുക. ഇപ്രകാരം ചെയ്താൽ നീ നിന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും. വിധവകൾ, സഭാമുഖ്യന്മാർ നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക. അശരണരായ വിധവകളെ ബഹുമാനിക്കുക. എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്. അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ. എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്. ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക. ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്. അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ. ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ5:10 മൂ.ഭാ. വിശുദ്ധരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം. പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും. അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും. തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു. അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ. നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം5:17 മൂ.ഭാ. രണ്ട് മടങ്ങ് പ്രതിഫലം അഥവാ, ഇരട്ടി ബഹുമാനം നൽകണം. “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്”5:18 ആവ. 25:4 എന്നും “ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ”5:18 ലൂക്കോ. 10:7 എന്നും തിരുവെഴുത്തു പറയുന്നല്ലോ. രണ്ടോ മൂന്നോ സാക്ഷികളുടെ പിൻബലമില്ലാതെ ഒരു സഭാമുഖ്യനെതിരേ ആരോപണം ഉന്നയിക്കരുത്. എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും. ഈ നിർദേശങ്ങൾ നീ മുൻവിധിയോ പക്ഷഭേദമോകൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് ആജ്ഞാപിക്കുന്നു. ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ5:22 മൂ.ഭാ. കൈവെപ്പ് നടത്തുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക. നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക. ചിലരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പുതന്നെ വെളിപ്പെട്ടുവരുന്നു; എന്നാൽ, മറ്റുചിലരുടെ പാപങ്ങൾ അവരെ പിൻതുടർന്നുവരുന്നതേയുള്ളു. സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല. ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുന്നതിന്, അടിമനുകത്തിൻകീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ പൂർണബഹുമതിക്ക് യോഗ്യരായി പരിഗണിക്കേണ്ടതാണ്. വിശ്വാസികളായ യജമാനർ ഉള്ളവർ “അവർ സഹോദരങ്ങളാണല്ലോ” എന്നുകരുതി അവരോട് അനാദരവു കാണിക്കരുത്. മറിച്ച്, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ കൂട്ടുവിശ്വാസികളും പ്രിയപ്പെട്ടവരും ആകുകയാൽ, അവരെ കൂടുതൽ മെച്ചമായി സേവിക്കുകയാണു വേണ്ടത്. വ്യാജ ഉപദേഷ്ടാക്കളും ദ്രവ്യാഗ്രഹവും ഈ കാര്യങ്ങൾ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുക. ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർതമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും. ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു. എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു. വിശ്വാസത്തിന്റെ നല്ല പോരാട്ടം എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ. തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക. ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ കാരണമായിത്തീർന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.