- Biblica® Open Malayalam Contemporary Version 2020 1 തെസ്സലോനിക്യർ തെസ്സലോനിക്യർക്ക് എഴുതിയ ഒന്നാംലേഖനം 1 തെസ്സലോനിക്യർ 1 തെസ്സ. തെസ്സലോനിക്യർക്ക് എഴുതിയ ഒന്നാംലേഖനം പൗലോസും സില്വാനൊസും1:1 അതായത്, ശീലാസ് തിമോത്തിയോസും, പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. തെസ്സലോനിക്യരുടെ ജീവിതവും വിശ്വാസവും നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു. നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു. ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ. കാഠിന്യമേറിയ കഷ്ടതയിലും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തോടെ നിങ്ങൾ വചനം സ്വീകരിച്ചുകൊണ്ട് ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു. അങ്ങനെ നിങ്ങൾ മക്കദോന്യയിലും അഖായയിലും ഉള്ള സകലവിശ്വാസികൾക്കും മാതൃകയായിത്തീർന്നു. കർത്താവിന്റെ വചനം നിങ്ങളിൽനിന്ന് മക്കദോന്യയിലും അഖായയിലും എത്തിച്ചേർന്നു1:8 മൂ.ഭാ. മുഴങ്ങി അഥവാ, പ്രതിധ്വനിച്ചു എന്നുമാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതേക്കുറിച്ച് ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല. കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു. തന്നെയുമല്ല ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച തന്റെ പുത്രനും വരാനുള്ള ക്രോധത്തിൽനിന്ന് നമ്മെ വിമുക്തരാക്കുന്ന വ്യക്തിയുമായ യേശു സ്വർഗത്തിൽനിന്നു വരുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നതും അവർ ഞങ്ങളോടു പ്രസ്താവിക്കുന്നു. പൗലോസിന്റെ തെസ്സലോനിക്യൻ ദൗത്യം സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ. മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു. ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല; നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്. ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കറിയാം; അതിനു ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല. പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്. നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു. സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇതു നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ. വിശ്വാസികളായ നിങ്ങളുടെ മധ്യത്തിൽ ഞങ്ങൾ എത്ര പവിത്രരും നീതിനിഷ്ഠരും നിഷ്കളങ്കരും ആയിരുന്നെന്നതിനു നിങ്ങളും ദൈവവും സാക്ഷി. ഞങ്ങൾ നിങ്ങളോടു പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോടു പെരുമാറുന്നതുപോലെ ആയിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്. ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു. സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു. യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്. യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു. തെസ്സലോനിക്യരെ കാണാനുള്ള പൗലോസിന്റെ വാഞ്ഛ എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും2:20 മൂ.ഭാ. മഹത്ത്വം ആനന്ദവും. അതുകൊണ്ട് ഇനിയും നിങ്ങളിൽനിന്ന് വേർപിരിഞ്ഞിരിക്കുക അസഹനീയമെന്നു വന്നപ്പോൾ, ഞങ്ങളിൽ ചിലർ അഥേനയിൽ3:1 അതായത്, ഏതൻസിൽ താമസിച്ചിട്ട്, ഈ പീഡനങ്ങളുടെ മധ്യത്തിൽ നിങ്ങൾ അചഞ്ചലരായിരിക്കേണ്ടതിന് നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ സഹപ്രവർത്തകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയച്ചു. ഈ കഷ്ടതകൾ നമ്മുടെ നിയോഗമാണെന്ന് നിങ്ങൾ അറിയുന്നല്ലോ. നമുക്കു പീഡനം ഉണ്ടാകുമെന്നു ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മുൻകൂട്ടി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് നിങ്ങൾ നന്നായി അറിയുന്നല്ലോ. നിങ്ങളിൽനിന്നു വേർപിരിഞ്ഞിരിക്കുന്നത് അസഹ്യമായപ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ നിജസ്ഥിതി അറിയാനാണ് ഞാൻ ആളയച്ചത്. പ്രലോഭകൻ നിങ്ങളെ വല്ല പ്രലോഭനത്തിലും അകപ്പെടുത്തിയോ എന്നും ഞങ്ങളുടെ പ്രയത്നങ്ങൾ വ്യർഥമായോ എന്നും എനിക്ക് ഭയമായിരുന്നു. തിമോത്തിയോസിന്റെ പ്രോത്സാഹജനകമായ വിവരങ്ങൾ എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ സഹോദരങ്ങളേ, ഞങ്ങളുടെ സകലദുരന്തങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തിലും നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ആശ്വാസം പകർന്നു. ഞങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നത് നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നതു കൊണ്ടാണ്. നിങ്ങൾനിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന സകല ആനന്ദത്തിനുമായി ദൈവത്തിനു മതിയായവിധം നന്ദി പറയാൻ ഞങ്ങൾക്കെങ്ങനെ കഴിയും? നിങ്ങളെ മുഖാമുഖം കാണാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്താനും ഞങ്ങൾ രാവും പകലും വളരെ ശുഷ്കാന്തിയോടെ പ്രാർഥിക്കുന്നു. നിങ്ങളുടെ സമീപത്ത് എത്താൻ നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾക്കു വഴിയൊരുക്കട്ടെ. ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ. നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ. ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു. കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം4:5 താന്താങ്ങളുടെ ഭാര്യയോടൊത്ത് എന്നു വിവക്ഷ. കാത്തുസൂക്ഷിക്കാൻ പഠിക്കണം. ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്. ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്. സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി4:11 മൂ.ഭാ. സ്വന്തം കൈകൊണ്ടു ജോലി ചെയ്തും ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും. പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രത്യാശ സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച്4:13 മൂ.ഭാ. നിദ്രപ്രാപിച്ചവരെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും. കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു4:15 മൂ.ഭാ. നിദ്രകൊള്ളുന്നവർക്ക് മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു. കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക. കർത്താവിന്റെ ദിവസം സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല. എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക. സമാപന നിർദേശങ്ങൾ സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക. നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക. എപ്പോഴും ആനന്ദിക്കുക; നിരന്തരം പ്രാർഥിക്കുക; എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു. ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; പ്രവചനം നിസ്സാരവൽക്കരിക്കരുത്. സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും. സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക. ഈ ലേഖനം എല്ലാ സഹോദരങ്ങളെയും വായിച്ചു കേൾപ്പിക്കണമെന്നു കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.