- Biblica® Open Malayalam Contemporary Version 2020 1 ശമുവേൽ ശമുവേലിന്റെ ഒന്നാംപുസ്തകം 1 ശമുവേൽ 1 ശമു. ശമുവേലിന്റെ ഒന്നാംപുസ്തകം ശമുവേലിന്റെ ജനനം എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ1:1 1 ദിന. 6:26-27,33-35 കാണുക. എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ. എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല. എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു. ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു. ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.” അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു. “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.” ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.” “അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല. പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു. അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു. ഹന്നാ ശമുവേലിനെ സമർപ്പിക്കുന്നു അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി. എന്നാൽ ഹന്നാ അവരുടെകൂടെ പോയില്ല. അവൾ ഭർത്താവിനോട്, “കുഞ്ഞിന്റെ മുലകുടി മാറട്ടെ. അപ്പോൾ ഞാനവനെ യഹോവയുടെ തിരുമുമ്പിൽ കൊണ്ടുചെന്ന് സമർപ്പിക്കും;1:22 ചി.കൈ.പ്ര. നാസീർവ്രതസ്ഥനായി സമർപ്പിക്കും. സംഖ്യ. 6:1-21 കാണുക. അവൻ സ്ഥിരമായി അവിടെത്തന്നെ താമസിക്കും.” അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി. പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്,1:24 ചി.കൈ.പ്ര. മൂന്നു കാളക്കിടാവ്. ഒരു ഏഫാ1:24 ഏക. 16 കി.ഗ്രാം. ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ1:28 മൂ.ഭാ. അവൻ അവിടെ യഹോവയെ ആരാധിച്ചു. ഹന്നായുടെ പ്രാർഥന ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ്2:1 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്; വാ. 10 കാണുക. യഹോവയിൽ ഉയർന്നിരിക്കുന്നു. എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു, കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു. “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല; അങ്ങയെപ്പോലെ വേറാരുമില്ല! നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.2:2 പാറ, വിവക്ഷിക്കുന്നത് സുസ്ഥിരമായ ആശ്രയം. “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്! നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ! കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു; അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു. “വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി; കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു. സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു; എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു. വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു; എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു. “യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു. ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ; താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ. അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു. “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്; അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു. തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു, എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു. “ശക്തിയാൽ ആരും ജയിക്കുന്നില്ല; യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു. പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു; യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു. “അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു.” തുടർന്ന് എൽക്കാനാ രാമായിലുള്ള തന്റെ ഭവനത്തിലേക്കു പോയി. ബാലനായ ശമുവേലോ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു. ഏലിയുടെ ദുഷ്ടന്മാരായ പുത്രന്മാർ ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു. അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും; ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്. മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും. “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.” ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു. എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ്2:18 അഥവാ, പുരോഹിതവസ്ത്രം ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു. ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി. യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു. അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു. ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഏലിയുടെ ഭവനത്തിന് എതിരേയുള്ള പ്രവചനം ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ? എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി. എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’ “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു! ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല. കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും. “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും. എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും. അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.” ദൈവം ശമുവേലിനെ വിളിക്കുന്നു ഈ സമയം, ബാലനായ ശമുവേൽ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് യഹോവയുടെ അരുളപ്പാട് വിരളമായിരുന്നു; ദർശനവും സർവസാധാരണമല്ലായിരുന്നു. ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു. ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു. അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു. “അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു. ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു. യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു. യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു. യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!” യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു. അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു. യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും. അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും. തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു. അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ” ശമുവേൽ പ്രഭാതംവരെയും കിടന്നുറങ്ങി; പ്രഭാതത്തിൽ എഴുന്നേറ്റ് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. ഈ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ബാലൻ ഭയപ്പെട്ടു. എന്നാൽ ഏലി, “എന്റെ മോനേ, ശമുവേലേ” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്നു ബാലൻ മറുപടി പറഞ്ഞു. ഏലി ചോദിച്ചു: “യഹോവ നിന്നോട് എന്താണ് അരുളിച്ചെയ്തത്? അതു നീ എന്നിൽനിന്നും ഒളിക്കരുതേ! അവിടന്ന് അരുളിച്ചെയ്തതിൽ എന്തെങ്കിലും നീ എന്നിൽനിന്നും ഒളിച്ചാൽ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!” അതിനാൽ ഒന്നും മറച്ചുവെക്കാതെ സകലതും ശമുവേൽ ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി: “അവിടന്ന് യഹോവയല്ലോ! അവിടത്തെ ഹിതംപോലെ ചെയ്യട്ടെ!” എന്നു പറഞ്ഞു. ശമുവേൽ വളർന്നുവന്നു; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുംതന്നെ വ്യർഥമാകാൻ യഹോവ അനുവദിച്ചില്ല. ശമുവേൽ യഹോവയുടെ പ്രവാചകനെന്ന് ദാൻമുതൽ ബേർ-ശേബാവരെയുള്ള എല്ലാ ഇസ്രായേലിലും സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയായിരുന്നു. യഹോവ ശീലോവിൽവെച്ച് തന്റെ വചനത്തിലൂടെ ശമുവേലിന് തന്നെത്തന്നെ വെളിപ്പെടുത്തി. യഹോവ പല ആവൃത്തി ശീലോവിൽവെച്ച് അദ്ദേഹത്തിന് പ്രത്യക്ഷനായി. ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. ഫെലിസ്ത്യർ ഉടമ്പടിയുടെ പേടകം പിടിച്ചെടുക്കുന്നു അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി. ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു. പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന്4:3 അഥവാ, അത് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.” അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ4:4 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു. ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു. യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ. ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!” അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു. ഏലിയുടെ മരണം അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി. അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു. ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി. അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു. അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു. വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു. ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു.4:18 അഥവാ, നയിച്ചു അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി. അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല. “മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ്4:21 മഹത്ത്വം നഷ്ടപ്പെട്ടു എന്നർഥം. എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്. അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു. പേടകം അശ്ദോദിലും എക്രോനിലും ഫെലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തിയതിനുശേഷം അവർ അതിനെ ഏബെൻ-ഏസെരിൽനിന്നും അശ്ദോദിലേക്കു കൊണ്ടുപോയി. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ ബിംബത്തിനടുത്തായി സ്ഥാപിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു. തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. അതുകൊണ്ട് ഇന്നുവരെയും ദാഗോന്റെ പുരോഹിതന്മാരാകട്ടെ, അശ്ദോദിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന മറ്റുള്ളവരാകട്ടെ, ക്ഷേത്രത്തിന്റെ വാതിൽപ്പടിയിൽ ചവിട്ടാറില്ല. അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്നു കണ്ടപ്പോൾ അശ്ദോദ് നിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരുന്നുകൂടാ. കാരണം യഹോവയുടെ കൈ നമുക്കും നമ്മുടെ ദാഗോൻ ദേവനും ഭാരമേറിയതാണ്.” അതിനാൽ അവർ ഫെലിസ്ത്യഭരണാധിപന്മാരെയെല്ലാം വിളിച്ചുവരുത്തി, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നാം എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഗത്തിലേക്കു മാറ്റാം,” എന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം അവിടെനിന്ന് കൊണ്ടുപോയി. എന്നാൽ അവർ പേടകം ഗത്തിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോൾ ആ നഗരത്തെ ആകമാനം സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യഹോവയുടെ കൈ അതിനെതിരായും പ്രവർത്തിച്ചു. നഗരത്തിൽ സകലരെയും ബാധിക്കുന്ന മൂലക്കുരുക്കൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ യഹോവ ആ നഗരവാസികളായ ആബാലവൃദ്ധം ജനങ്ങളെയും പീഡിപ്പിച്ചു. അതിനാൽ അവർ പേടകം എക്രോനിലേക്കു കൊണ്ടുപോയി. ദൈവത്തിന്റെ പേടകം എക്രോനിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ജനങ്ങൾ നിലവിളിച്ചു: “നമ്മെയും നമ്മുടെ ജനത്തെയും കൊല്ലുന്നതിനായി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം കൊണ്ടുവന്നിരിക്കുന്നു.” അവർ ഫെലിസ്ത്യരുടെ സകലഭരണാധിപന്മാരെയും കൂട്ടിവരുത്തിയിട്ട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം മടക്കി അയയ്ക്കുക. അത് അതിന്റെ സ്ഥാനത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ! ഇല്ലെങ്കിൽ അതു5:11 അഥവാ, അവൻ നമ്മെയും നമ്മുടെ ജനത്തെയും കൊന്നുമുടിക്കും!” എന്നു പറഞ്ഞു. മരണവിഭ്രാന്തി ആ നഗരത്തെ ബാധിച്ചിരുന്നു. യഹോവയുടെ കൈ അവിടെയും അതിഭാരമായിരുന്നു. ജനത്തിൽ മരിക്കാതിരുന്നവർ മൂലക്കുരുക്കളാൽ പീഡിപ്പിക്കപ്പെട്ടു. ആ നഗരത്തിന്റെ നിലവിളി ആകാശംവരെ ഉയർന്നുചെന്നു. പേടകം ഇസ്രായേലിൽ തിരിച്ചെത്തുന്നു ഏഴുമാസക്കാലം യഹോവയുടെ പേടകം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു. അവർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നിങ്ങൾ തിരിച്ചയയ്ക്കുന്നു എങ്കിൽ അത് ഒരു പ്രായശ്ചിത്തംകൂടാതെ ആയിരിക്കരുത്; തീർച്ചയായും ഒരു അകൃത്യയാഗംകൂടി കൊടുത്തയയ്ക്കണം. അപ്പോൾ നിങ്ങൾക്ക് സൗഖ്യം ലഭിക്കും. അവിടത്തെ കൈ നിങ്ങളിൽനിന്നു പിൻവലിക്കാതിരുന്നതിന്റെ കാരണവും നിങ്ങൾക്കു മനസ്സിലാകും.” “അകൃത്യയാഗമായി ഞങ്ങൾ എന്താണു കൊടുത്തുവിടേണ്ടത്?” എന്നു ചോദിച്ചു. അതിന് അവർ ഇപ്രകാരം മറുപടി പറഞ്ഞു: “ഫെലിസ്ത്യഭരണാധിപന്മാരുടെ സംഖ്യയ്ക്കൊത്തവിധം സ്വർണംകൊണ്ടുള്ള അഞ്ചുമൂലക്കുരുവും അഞ്ചു സ്വർണ എലിയും കൊടുത്തുവിടണം. കാരണം, ഈ ബാധകൾതന്നെയാണല്ലോ നിങ്ങളെയും നിങ്ങളുടെ ഭരണാധിപന്മാരെയും പീഡിപ്പിച്ചിരുന്നത്. നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം. ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്? “ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക! യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക. എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.” അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു. സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു. അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു. ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു. ബേത്-ശേമെശുകാരനായ യോശുവയുടെ വയലിന്നരികെ വണ്ടിയെത്തി; അവിടെ ഒരു വലിയ പാറയുടെ അരികത്തു വണ്ടിനിന്നു. ജനം വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചു. ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു. അഞ്ചു ഫെലിസ്ത്യഭരണാധിപന്മാരും ഇവയെല്ലാം കണ്ടതിനുശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങി. ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു. സ്വർണ എലികളുടെ എണ്ണവും ഫെലിസ്ത്യഭരണാധിപന്മാരുടെ അധീനതയിലുള്ള നഗരങ്ങളുടെ—സംരക്ഷിതനഗരങ്ങളും അവയോടുചേർന്ന നാട്ടിമ്പുറങ്ങളിലുള്ള ഗ്രാമങ്ങളുടെ—എണ്ണത്തിനൊത്തവിധം ആയിരുന്നു. ബേത്-ശേമെശുകാരൻ യോശുവയുടെ വയലിലുണ്ടായിരുന്നതും യഹോവയുടെ പേടകം ഇറക്കിവെച്ചതുമായ പാറ ഇന്നുവരെയും ഈ സംഭവത്തിന് ഒരു സാക്ഷ്യമായിരിക്കുന്നു. യഹോവയുടെ പേടകത്തിനുള്ളിലേക്കു നോക്കിയതിനാൽ ബേത്-ശേമെശുകാരിൽ ചിലരെ ദൈവം സംഹരിച്ചു; അവരിൽ എഴുപതുപേരെ6:19 ചി.കൈ.പ്ര. 50,070 മരണത്തിനിരയാക്കി. യഹോവ അവരുടെമേൽ ഏൽപ്പിച്ച കനത്തപ്രഹരംമൂലം ജനം വിലപിച്ചു. ബേത്-ശേമെശുകാർ പറഞ്ഞു: “യഹോവയുടെ സന്നിധിയിൽ, ഈ പരിശുദ്ധനായ ദൈവത്തിന്റെസന്നിധിയിൽ നിൽക്കാൻ ആർക്കു കഴിയും? നമുക്ക് ഇവിടെനിന്ന് ഈ പേടകം എങ്ങോട്ട് അയയ്ക്കാൻ കഴിയും?” അതിനുശേഷം അവർ കിര്യത്ത്-യെയാരീമിലേക്കു ദൂതന്മാരെ അയച്ചു പറയിച്ചു: “യഹോവയുടെ പേടകം ഫെലിസ്ത്യർ തിരികെ അയച്ചിരിക്കുന്നു. നിങ്ങൾ വന്ന് അത് ഏറ്റെടുത്ത് നിങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുക!” അങ്ങനെ കിര്യത്ത്-യെയാരീമിലെ നിവാസികൾ വന്ന് യഹോവയുടെ പേടകം ഏറ്റെടുത്തു. മലമുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്ക് അതു കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ വിശുദ്ധീകരിച്ച്, യഹോവയുടെ പേടകം സൂക്ഷിക്കുന്നതിനായി അവർ ചുമതലപ്പെടുത്തി. ദീർഘനാളുകൾ—ആകെ ഇരുപതുവർഷം—പേടകം കിര്യത്ത്-യെയാരീമിൽത്തന്നെ ആയിരുന്നു. ശമുവേൽ മിസ്പായിൽ ഫെലിസ്ത്യരെ കീഴടക്കുന്നു ഇസ്രായേൽജനമെല്ലാം വിലപിച്ചുകൊണ്ട് യഹോവയിലേക്കു തിരിഞ്ഞു. അപ്പോൾ ശമുവേൽ എല്ലാ ഇസ്രായേൽഗൃഹത്തോടുമായി പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിലേക്കു തിരിഞ്ഞു വരുന്നെങ്കിൽ അന്യദേവന്മാരെയും അസ്തരോത്ത് പ്രതിമകളെയും പരിപൂർണമായി ഉപേക്ഷിക്കണം. നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിക്കുകയും അവിടത്തെമാത്രം സേവിക്കുകയും വേണം. എങ്കിൽ അവിടന്ന് നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കും.” അതുകേട്ട് ഇസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും ഉപേക്ഷിച്ച് യഹോവയെമാത്രം സേവിച്ചു. അതിനുശേഷം ശമുവേൽ, “എല്ലാ ഇസ്രായേലിനെയും മിസ്പായിൽ കൂട്ടിവരുത്തുക; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു മധ്യസ്ഥത ചെയ്യാം” എന്നു പറഞ്ഞു. മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു. ഇസ്രായേല്യരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ ഫെലിസ്ത്യഭരണാധിപന്മാർ അവരെ ആക്രമിക്കുന്നതിനായി വന്നെത്തി. ഇസ്രായേല്യർ ഇതു കേട്ട് ഫെലിസ്ത്യർനിമിത്തം ഭയന്നുവിറച്ചു. അവർ ശമുവേൽ പ്രവാചകനോടു പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുന്നതു നിർത്തരുതേ! അവിടന്ന് ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കട്ടെ!” അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു. ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യർ ഇസ്രായേലുമായി യുദ്ധത്തിന് അണിനിരന്നു. എന്നാൽ അന്നുതന്നെ യഹോവ ഫെലിസ്ത്യർക്കെതിരേ അത്യുച്ചത്തിൽ ഇടിമുഴക്കി അവരെ പരിഭ്രാന്തരാക്കി; ഇസ്രായേലിന്റെ മുമ്പിൽനിന്ന് അവർ തോറ്റോടി. ഇസ്രായേൽജനം മിസ്പായിൽനിന്ന് പുറപ്പെട്ട് വഴിയിലുടനീളം ഫെലിസ്ത്യരെ സംഹരിച്ചുകൊണ്ട്, ബേത്-കാരിന്റെ താഴ്വരവരെ അവരെ പിൻതുടർന്നു. ഇതിനെത്തുടർന്ന് ശമുവേൽ ഒരു കല്ലെടുത്ത് മിസ്പായ്ക്കും സേനിനും മധ്യേ നാട്ടി. “ഇതുവരെ യഹോവ നമ്മെ സഹായിച്ചു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അതിന് ഏബെൻ-ഏസെർ7:12 സഹായശില എന്നർഥം. എന്നു പേരിട്ടു. അങ്ങനെ ഫെലിസ്ത്യർ കീഴടക്കപ്പെട്ടു. പിന്നെ അവർ ഇസ്രായേൽദേശത്തേക്കു വന്നില്ല. ശമുവേലിന്റെ ജീവിതകാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്കെതിരായിരുന്നു. എക്രോൻമുതൽ ഗത്തുവരെ ഫെലിസ്ത്യർ ഇസ്രായേലിൽനിന്നു പിടിച്ചെടുത്തിരുന്ന നഗരങ്ങൾ വീണ്ടെടുക്കപ്പെട്ടു. അവയുടെ അയൽപ്രദേശങ്ങളും ഇസ്രായേല്യർ ഫെലിസ്ത്യരുടെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ചു. അക്കാലത്ത് ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനം പുലർന്നിരുന്നു. ശമുവേലിന്റെ ജീവിതകാലത്തെല്ലാം അദ്ദേഹം ഇസ്രായേലിനു ന്യായാധിപനായിത്തുടർന്നു. വർഷംതോറും അദ്ദേഹം ബേഥേലിലും ഗിൽഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ച് അവിടങ്ങളിൽവെച്ച് ഇസ്രായേലിനു ന്യായപാലനംചെയ്യുമായിരുന്നു. അതിനുശേഷം അദ്ദേഹം രാമായിലേക്കു മടങ്ങിപ്പോകുമായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അവിടെയും അദ്ദേഹം ഇസ്രായേലിനു ന്യായപാലനംചെയ്തുവന്നു. അവിടെ രാമയിൽ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. ഇസ്രായേൽ ഒരു രാജാവിനെ ചോദിക്കുന്നു ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി8:1 അഥവാ, നായകരായി നിയമിച്ചു. അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ. ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു. അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു. എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്. ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു. ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.” അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും. ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും. നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും. നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും. നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും8:16 മൂ.ഭാ. യുവാക്കന്മാരെ കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും. അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും. ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.” എന്നാൽ ശമുവേലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനത്തിനു സമ്മതമായില്ല. അവർ പറഞ്ഞു: “അല്ല, ഞങ്ങളെ ഭരിക്കുന്നതിനായി ഞങ്ങൾക്കൊരു രാജാവിനെ വേണം! അപ്പോൾമാത്രമേ ഞങ്ങൾക്കുചുറ്റുമുള്ള രാഷ്ട്രങ്ങളെപ്പോലെ ഞങ്ങളും ആയിത്തീരുകയുള്ളൂ. ഞങ്ങളെ നയിക്കുന്നതിനും ഞങ്ങൾക്കുമുമ്പായി പുറപ്പെട്ട് ഞങ്ങളുടെ യുദ്ധങ്ങൾ നയിക്കുന്നതിനുമായി ഞങ്ങൾക്കൊരു രാജാവിനെ വേണം.” ശമുവേൽ ജനത്തിന്റെ വാക്കുകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവയെല്ലാം യഹോവയുടെ സന്നിധിയിൽ അറിയിച്ചു. യഹോവ അദ്ദേഹത്തോട്: “അവരുടെ വാക്കുകേട്ട്, അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുക!” എന്നു കൽപ്പിച്ചു. അതിനുശേഷം ശമുവേൽ ഇസ്രായേൽജനത്തോട്: “ഓരോരുത്തനും താന്താങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു. ശമുവേൽ ശൗലിനെ അഭിഷേകം ചെയ്യുന്നു ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ധനികനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെറോറിന്റെ മകനും സെറോർ ബെഖോറത്തിന്റെ മകനും ബെഖോറത്ത് ബെന്യാമീന്യനായ അഫീഹിന്റെ മകനും ആയിരുന്നു. കീശിനു ശൗൽ എന്നു പേരുള്ള അതിസുന്ദരനും യുവാവുമായ ഒരു മകൻ ഉണ്ടായിരുന്നു. ഇസ്രായേൽമക്കളിൽ അദ്ദേഹത്തെക്കാൾ സുമുഖനായ ഒരു പുരുഷൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തോളും തലയും ദേശത്തുണ്ടായിരുന്ന എല്ലാവരെക്കാളും ഉയരമുള്ളതായിരുന്നു. ഒരു ദിവസം ശൗലിന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായി. കീശ് തന്റെ മകനായ ശൗലിനെ വിളിച്ച്, “സേവകന്മാരിൽ ഒരാളെയും കൂട്ടിക്കൊണ്ടുപോയി നമ്മുടെ കഴുതകളെ തെരയുക!” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു. എന്നാൽ കഴുതകളെ കണ്ടുകിട്ടിയില്ല. അവർ ശാലീം ദേശത്തിലൂടെയും സഞ്ചരിച്ചു; എങ്കിലും അവയെ കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം ബെന്യാമീൻദേശത്തുകൂടി പോയി. എന്നിട്ടും അവയെ കാണാൻ കഴിഞ്ഞില്ല. അവർ സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുണ്ടായിരുന്ന ഭൃത്യനോട്: “വരിക; നമുക്കു തിരിച്ചുപോകാം. അല്ലെങ്കിൽ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്തവിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” എന്നു പറഞ്ഞു. എന്നാൽ ഭൃത്യൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷനുണ്ട്. അദ്ദേഹം ആദരണീയനായ ഒരു വ്യക്തിയാണ്; അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അവിടേക്കു പോകാം. ഒരുപക്ഷേ നാം പോകേണ്ട വഴി അദ്ദേഹം പറഞ്ഞുതരും” എന്നു പറഞ്ഞു. ശൗൽ ഭൃത്യനോട്: “നാം അദ്ദേഹത്തിന്റെ അടുത്തേക്കു പോയാൽ അദ്ദേഹത്തിനായി എന്താണ് കൊണ്ടുപോകുക? നമ്മുടെ ഭാണ്ഡത്തിലെ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു. ദൈവപുരുഷനു കാഴ്ച വെക്കാനായി നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ! നമ്മുടെ പക്കൽ എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു. അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ9:8 ഏക. 3 ഗ്രാം. വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു. (മുമ്പ് ഇസ്രായേലിൽ, ഒരു മനുഷ്യൻ ദൈവഹിതം ആരായുന്നതിനായി പോകുമ്പോൾ “വരൂ, നമുക്കു ദർശകന്റെ അടുത്തേക്കു പോകാം,” എന്നു പറയുമായിരുന്നു. ഇന്നു പ്രവാചകൻ എന്നറിയപ്പെടുന്ന ആൾ അന്ന് ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു.) “അതു കൊള്ളാം, വരൂ, നമുക്കു പോകാം,” എന്നു ശൗൽ തന്റെ ഭൃത്യനോടു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു യാത്രതിരിച്ചു. അവർ മല കയറി പട്ടണത്തിലേക്കു ചെല്ലുമ്പോൾ ഏതാനും യുവതികൾ വെള്ളം കോരുന്നതിനായി ഇറങ്ങിവരുന്നതു കണ്ടു. “ദർശകൻ ഇവിടെയുണ്ടോ?” എന്ന് ശൗലും ഭൃത്യനും അവരോടു ചോദിച്ചു. അവർ മറുപടി പറഞ്ഞു: “ഉണ്ട്, അദ്ദേഹം ഇവിടെയുണ്ട്. അതാ, അദ്ദേഹം നിങ്ങളുടെമുമ്പിൽത്തന്നെയുണ്ട്. വേഗം ചെല്ലുക. ഇന്നു ജനങ്ങൾക്കു മലയിൽവെച്ച് ഒരു യാഗം ഉള്ളതിനാൽ അദ്ദേഹം ഇന്നാണു ഞങ്ങളുടെ പട്ടണത്തിൽ വന്നെത്തിയത്. നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.” അവർ കയറ്റം കയറി പട്ടണത്തിലേക്കു ചെന്നു. അവർ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ശമുവേൽ പ്രവാചകൻ യാഗമർപ്പിക്കുന്നതിനു മലയിലേക്കു പോകാൻ അവർക്കെതിരേ വന്നു. ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.” ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു. ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം. മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?” അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു. അതിനുശേഷം ശമുവേൽ ശൗലിനെയും ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രധാനസ്ഥാനത്തിരുത്തി. ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേരായിരുന്നു. ശമുവേൽ പാചകക്കാരനോട്, “പ്രത്യേകം മാറ്റിവെക്കാനായി ഞാൻ പറഞ്ഞേൽപ്പിച്ചിരുന്ന ഓഹരി കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ പാചകക്കാരൻ കൈക്കുറകും അതിന്മേലുള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽ വിളമ്പി. അപ്പോൾ ശമുവേൽ: “താങ്കൾക്കുവേണ്ടി മാറ്റി സൂക്ഷിച്ചുവെച്ചിരുന്ന ഭക്ഷണമിതാ! ഭക്ഷിച്ചുകൊൾക! ഈ അവസരത്തിൽ താങ്കൾക്കു തരുവാനായി വേർതിരിച്ചുവെച്ചിരുന്നതാണിത്. ‘ഞാനും വിരുന്നുകാരെ ക്ഷണിച്ചിട്ടുണ്ട്,’ എന്നു പറഞ്ഞുകൊണ്ട് ഇതു ഞാൻ താങ്കൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരുന്നതാണ്” എന്നു പറഞ്ഞു. അങ്ങനെ അന്ന് ശൗൽ ശമുവേലിനോടുകൂടെ ഭക്ഷണം കഴിച്ചു. അവർ മലയിൽനിന്നിറങ്ങി പട്ടണത്തിൽ വന്നശേഷം ശമുവേൽ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് ശൗലുമായി സംസാരിച്ചു. പ്രഭാതത്തിൽ അവർ ഉണർന്നെഴുന്നേറ്റു. ശമുവേൽ മട്ടുപ്പാവിൽചെന്ന് ശൗലിനെ വിളിച്ചു. “എഴുന്നേൽക്കുക. ഇന്നു ഞാൻ താങ്കളെ യാത്രയയയ്ക്കാം,” എന്നു പറഞ്ഞു. ശൗൽ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവർ ഒന്നിച്ചു യാത്രപുറപ്പെട്ടു. പട്ടണത്തിന്റെ അതിരിലേക്ക് അവർ ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ശമുവേൽ ശൗലിനോട്: “ഭൃത്യനോട് മുമ്പോട്ടുകയറി നടന്നുകൊള്ളാൻ പറയുക” എന്നു പറഞ്ഞു. ഭൃത്യൻ അപ്രകാരംചെയ്തു. അപ്പോൾ ശമുവേൽ: “അൽപ്പനേരം നിൽക്കുക! ദൈവത്തിന്റെ അരുളപ്പാട് എനിക്കു താങ്കളെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു10:1 അഥവാ, തന്റെ ജനമായ ഇസ്രായേലിന് നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും. “അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും. അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം. “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും. ഈ ചിഹ്നങ്ങളെല്ലാം നിറവേറുമ്പോൾ നിനക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്. “നീ എനിക്കുമുമ്പായി ഗിൽഗാലിലേക്കു പോകണം! ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനായി ഞാൻ തീർച്ചയായും അവിടെ നിന്റെയടുക്കൽ ഇറങ്ങിവരും. എന്നാൽ ഞാനവിടെ വന്നെത്തി നീ എന്തു ചെയ്യണം എന്നു പറയുന്നതുവരെ ഏഴുദിവസം എനിക്കായി കാത്തിരിക്കണം.” ശൗൽ രാജാവാക്കപ്പെടുന്നു ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി. അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു. നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു. അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി. അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു. “ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി. ശൗലിന്റെ പിതൃസഹോദരൻ: “ശമുവേൽ നിങ്ങളോടെന്തു പറഞ്ഞു? എന്നോടു പറയുക!” എന്നു പറഞ്ഞു. “കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളോട് ഉറപ്പായി പറഞ്ഞു” എന്ന് ശൗൽ മറുപടി പറഞ്ഞു. രാജത്വത്തെപ്പറ്റി ശമുവേൽ പറഞ്ഞതൊന്നും ശൗൽ തന്റെ പിതൃസഹോദരനെ അറിയിച്ചില്ല. ശമുവേൽ ഇസ്രായേൽജനത്തെയെല്ലാം മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുവരുത്തി. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു; ഈജിപ്റ്റിന്റെയും നിങ്ങളെ ഞെരുക്കിയ സകലരാഷ്ട്രങ്ങളുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ചു.’ എന്നാൽ സകല ആപത്തുകളിൽനിന്നും കഷ്ടതകളിൽനിന്നും രക്ഷിക്കുന്ന നിങ്ങളുടെ ദൈവത്തെ നിങ്ങളിന്നു തിരസ്കരിച്ചിരിക്കുന്നു; ‘ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തരിക,’ എന്നു നിങ്ങൾ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ നിങ്ങൾ ഗോത്രംഗോത്രമായും കുലംകുലമായും യഹോവയുടെ സന്നിധിയിൽ അടുത്തുവരിക.” ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു. പിന്നെ അദ്ദേഹം ബെന്യാമീൻഗോത്രത്തെ കുലംകുലമായി മുമ്പോട്ടു വരുത്തി; മത്രികുലം തെരഞ്ഞെടുക്കപ്പെട്ടു. അവസാനം കീശിന്റെ മകനായ ശൗൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവർ അദ്ദേഹത്തെ അന്വേഷിച്ചപ്പോൾ അവിടെയെങ്ങും കാണാനില്ലായിരുന്നു. അതിനാൽ അവർ വീണ്ടും യഹോവയോട്: “ആ മനുഷ്യൻ ഇവിടെ വന്നിട്ടുണ്ടോ?” എന്ന് അരുളപ്പാടു ചോദിച്ചു. “അയാൾ സാധനസാമഗ്രികൾക്കിടയിൽ ഒളിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു. അവർ ഓടിച്ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽനിന്നപ്പോൾ ശൗൽ മറ്റെല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. ശമുവേൽ സകലജനത്തോടും: “യഹോവ തെരഞ്ഞെടുത്ത മനുഷ്യനെ നിങ്ങൾ കാണുന്നുണ്ടോ? ഇസ്രായേലിലെങ്ങും അവനെപ്പോലെ മറ്റൊരാളുമില്ലല്ലോ” എന്നു പറഞ്ഞു. “രാജാവ് നീണാൾ വാഴട്ടെ!” എന്നു ജനം ആർത്തുവിളിച്ചു. രാജത്വത്തിന്റെ അവകാശങ്ങളും ചുമതലകളും ശമുവേൽ ജനങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. അദ്ദേഹം അവയെല്ലാം ഒരു ചുരുളിൽ എഴുതി യഹോവയുടെ സന്നിധിയിൽ സൂക്ഷിച്ചു. അതിനുശേഷം ശമുവേൽ ജനത്തെ വീടുകളിലേക്കു തിരിച്ചയച്ചു. ശൗലും ഗിബെയയിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവം ഹൃദയത്തിൽ പ്രേരണ നൽകിയ പരാക്രമശാലികളായ ചില പുരുഷന്മാരും അദ്ദേഹത്തോടൊപ്പം പോയി. എന്നാൽ ആഭാസന്മാരായ ചിലർ, “ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്നു പറഞ്ഞ് ശൗലിനെ ധിക്കരിച്ചു; അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നതുമില്ല. എന്നാൽ ശൗൽ അതു ഗണ്യമാക്കിയതേയില്ല. ശൗൽ യാബേശ് നഗരത്തെ വീണ്ടെടുക്കുന്നു അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു. എന്നാൽ അമ്മോന്യനായ നാഹാശ് അവരോട്: “ഞാൻ നിങ്ങളിൽ ഓരോരുത്തരുടെയും വലതുകണ്ണ് ചൂഴ്‌ന്നെടുത്തുകളയും; അങ്ങനെ സമസ്തഇസ്രായേലിനും ഈ അപമാനം വരുത്തും. ഈ ഒരൊറ്റ വ്യവസ്ഥയിൽമാത്രം നിങ്ങളുമായി ഞാൻ സന്ധിചെയ്യാം” എന്നു മറുപടി നൽകി. അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു. സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽവന്ന്11:4 അതായത്, ശൗൽ താമസിച്ചിരുന്ന സ്ഥലം. നാഹാശ് വെച്ച വ്യവസ്ഥകൾ അവിടത്തെ ജനത്തെ അറിയിച്ചു. അപ്പോൾ അവരെല്ലാം ഉച്ചത്തിൽ കരഞ്ഞു. ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു. അവരുടെ വാക്കുകൾ കേട്ടപ്പോൾ ദൈവാത്മാവ് ശക്തിയോടെ ശൗലിൽ വന്ന് ആവസിച്ചു; അദ്ദേഹം കോപംകൊണ്ടു ജ്വലിച്ചു. ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു. ശൗൽ പോരാളികളെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടിയപ്പോൾ ഇസ്രായേൽജനം മൂന്നുലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും11:8 ചി.കൈ.പ്ര. എഴുപതിനായിരം എന്നുകണ്ടു. ഗിബെയയിലേക്കു വന്നിരുന്ന സന്ദേശവാഹകരോട് അവർ: “ ‘നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു വിടുതൽ ഉണ്ടാകും,’ എന്ന് ഗിലെയാദിലെ യാബേശ് നിവാസികളോടു ചെന്നു പറയുക” എന്നു പറഞ്ഞയച്ചു. സന്ദേശവാഹകർ വന്ന് യാബേശ് നിവാസികളെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു. പിറ്റേന്നു ശൗൽ തന്റെ പടയാളികളെ മൂന്നുകൂട്ടമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ അമ്മോന്യരുടെ പാളയത്തിന്റെ നടുവിലേക്ക് ഇരച്ചുകയറി വെയിൽ മൂക്കുംവരെ അവരെ സംഹരിച്ചു. ഈ സംഹാരത്തിൽനിന്ന് തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ടവർ ചിതറിപ്പോയി; തന്മൂലം അവരിൽ രണ്ടുപേർക്ക് ഒരുമിച്ചുനിൽക്കാൻ സാധിച്ചില്ല. ശൗൽ രാജാവായി സ്ഥിരപ്പെടുന്നു ഇതിനുശേഷം ജനം ശമുവേലിനോട്: “ ‘ശൗൽ ഞങ്ങളെ ഭരിക്കുമോ,’ എന്നു ചോദിച്ചവർ ആരാണ്? അവരെ ഞങ്ങളുടെപക്കൽ ഏൽപ്പിച്ചുതരിക! ഞങ്ങൾ അവരെ കൊന്നുകളയും!” എന്നു പറഞ്ഞു. എന്നാൽ ശൗൽ: “ഇന്നു യാതൊരുത്തനെയും വധിക്കാൻ പാടില്ല. കാരണം, യഹോവ ഇന്ന് ഇസ്രായേലിന് വിമോചനം നൽകിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ശമുവേൽ ജനത്തോട്: “വരിക, നമുക്കു ഗിൽഗാലിലേക്കു പോകാം. അവിടെവെച്ച് നമുക്ക് ശൗലിന്റെ രാജത്വം പുനഃസ്ഥാപിക്കാം” എന്നു പറഞ്ഞു. അങ്ങനെ ജനമെല്ലാം ഗിൽഗാലിൽ വന്നു. അവിടെ യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. അവിടെ അവർ യഹോവയുടെമുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സകല ഇസ്രായേലും ഏറ്റവും ആനന്ദിച്ചു. ശമുവേലിന്റെ വിടവാങ്ങൽ പ്രഭാഷണം ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു. ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.” “അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു. ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു. “അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു. ശമുവേൽ വീണ്ടും ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയോഗിക്കുകയും നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് ഇവിടേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തത് യഹോവതന്നെ. ആകയാൽ, നിങ്ങൾ അടുത്തുവന്ന് എന്റെമുമ്പിൽ നിൽക്കുക! നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ പൂർവികർക്കു വേണ്ടിയും യഹോവ ചെയ്ത സകലനന്മകളെയുംകുറിച്ച് ഉള്ള തെളിവുകൾ ഞാൻ നിങ്ങളോടു വിവരിക്കാം. “യാക്കോബ് ഈജിപ്റ്റിൽ പ്രവേശിച്ചതിനുശേഷം നിങ്ങളുടെ പൂർവികർ സഹായത്തിനായി യഹോവയോടു നിലവിളിച്ചു. യഹോവ മോശയെയും അഹരോനെയും അയയ്ക്കുകയും അവർ നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്തു പാർപ്പിക്കുകയും ചെയ്തു. “എന്നാൽ നിങ്ങളുടെ പൂർവികർ തങ്ങളുടെ ദൈവമായ യഹോവയെ വിസ്മരിച്ചു; അതിനാൽ അവിടന്ന് ഹാസോരിലെ രാജാവിന്റെ സേനാധിപതിയായ സീസെരയുടെയും ഫെലിസ്ത്യരുടെയും മോവാബുരാജാവിന്റെയും കൈകളിൽ അവരെ ഏൽപ്പിച്ചു. അവർ ഇസ്രായേലിനെതിരേ യുദ്ധംചെയ്തു. അവർ അപ്പോൾ യഹോവയോടു നിലവിളിച്ചു: ‘ഞങ്ങൾ പാപംചെയ്തു; ഞങ്ങൾ യഹോവയെ ഉപേക്ഷിക്കുകയും ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും സേവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ യഹോവേ, ഞങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ വിടുവിക്കണമേ. എന്നാൽ ഞങ്ങൾ അങ്ങയെ സേവിക്കും.’ അപ്പോൾ യഹോവ യെരൂ-ബാൽ,12:11 ഗിദെയോൻ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ബെദാൻ,12:11 ചി.കൈ.പ്ര. ബാരാക്ക് യിഫ്താഹ്, ശമുവേൽ12:11 ചി.കൈ.പ്ര. ശിംശോൻ എന്നിവരെ അയയ്ക്കുകയും നാലു ഭാഗത്തുമുള്ള നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ സുരക്ഷിതരായി താമസിച്ചു. “എന്നാൽ അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാൻ ഉദ്യമിക്കുന്നതായിക്കണ്ടപ്പോൾ നിങ്ങൾ എന്റെ അടുക്കൽവന്നു; ഞങ്ങളെ ഭരിക്കുന്നതിനു ഞങ്ങൾക്കൊരു രാജാവു വേണം എന്നു നിങ്ങൾ ആവശ്യപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കു രാജാവായിരിക്കെയാണ് നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടത്. ഇപ്പോൾ, ഇതാ, നിങ്ങൾ തെരഞ്ഞെടുത്തവനും നിങ്ങൾ ആഗ്രഹിച്ചവനുമായ രാജാവ്! യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ കൽപ്പിച്ചുനൽകിയിരിക്കുന്നു. നിങ്ങൾ യഹോവയെ ഭയപ്പെടുകയും, അവിടത്തെ സേവിക്കുകയും അനുസരിക്കുകയും, അവിടത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുമെങ്കിൽ, അങ്ങനെ നിങ്ങളും നിങ്ങളെ ഭരിക്കുന്നരാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുമെങ്കിൽ, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കും. എന്നാൽ, നിങ്ങൾ യഹോവയെ അനുസരിക്കാതിരിക്കുകയും അവിടത്തെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്താൽ അവിടത്തെ കരങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ, നിങ്ങൾക്കും എതിരായിരിക്കും. “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക. ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.” അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു. ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!” ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക. നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്. യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല. എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം. യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക! എന്നിട്ടും നിങ്ങൾ ദുശ്ശാഠ്യക്കാരായി തിന്മ പ്രവർത്തിച്ചാൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.” ശമുവേൽ ശൗലിനെ ശാസിക്കുന്നു ശൗൽ രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പതു13:1 ചി.കൈ.പ്ര. മുപ്പത്, എന്നു കാണുന്നില്ല. വയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം13:1 1 ശമു. 15:26-28 കാണുക; അഥവാ, നാൽപ്പത്തിരണ്ടു 1 ശമു. 31:4-6; അ.പ്ര. 13:21 കാണുക. മൂ.ഭാ. നാൽപ്പത് എന്നു കാണുന്നില്ല. ഇസ്രായേലിൽ രാജാവായി വാണു. ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ13:2 ശൗൽരാജാവിന്റെ മകനാണ് യോനാഥാൻ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു. ഗേബായിലുണ്ടായിരുന്ന ഫെലിസ്ത്യസൈനികകേന്ദ്രം യോനാഥാൻ ആക്രമിച്ചു കീഴടക്കി. ഫെലിസ്ത്യർ അതുകേട്ടു. “എബ്രായർ കേൾക്കട്ടെ,” എന്നു പറഞ്ഞ് ശൗൽ നാടൊട്ടുക്കു കാഹളം ഊതിച്ചു: “ശൗൽ ഫെലിസ്ത്യരുടെ സൈനികകേന്ദ്രം ആക്രമിച്ചു കീഴടക്കിയെന്നും ഫെലിസ്ത്യർക്ക് ഇസ്രായേല്യരോട് മുമ്പുണ്ടായിരുന്നതിലും അധികം വെറുപ്പുണ്ടായി,” എന്നും ഉള്ള വാർത്തകൾ ഇസ്രായേല്യരെല്ലാം കേട്ടു. ജനമെല്ലാം ഗിൽഗാലിൽ ശൗലിന്റെ അടുക്കൽ വന്നുചേരാൻ കൽപ്പനയുണ്ടായി. മൂവായിരം13:5 ചി.കൈ.പ്ര. മുപ്പതിനായിരം രഥങ്ങളോടും ആറായിരം അശ്വഭടന്മാരോടും കടൽക്കരയിലെ മണൽപോലെ എണ്ണമറ്റ കാലാൾപ്പടകളോടുംകൂടി ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അണിനിരന്നു. അവർ വന്ന് ബേത്-ആവെനു കിഴക്ക് മിക്-മാസിൽ പാളയമിറങ്ങി. തങ്ങളുടെ നില പരുങ്ങലിലാണെന്നും സൈന്യം വളരെ ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇസ്രായേല്യർ മനസ്സിലാക്കി, അതുകൊണ്ട് ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും മാളങ്ങളിലും ജലസംഭരണികളിലുംചെന്ന് ഒളിച്ചു. എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി. ഈ സമയം ശൗൽ, ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. ജനമെല്ലാം ഭയന്നുവിറച്ച് അദ്ദേഹത്തെ പിൻതുടർന്നു. ശമുവേൽ അവധിയായി നിശ്ചയിച്ചിരുന്ന ഏഴുദിവസവും ശൗൽ അവിടെത്തന്നെ കാത്തിരുന്നു. എന്നാൽ ശമുവേൽ ഗിൽഗാലിൽ വന്നെത്തിയില്ല. ജനം ശൗലിനെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി. അതുകൊണ്ട് “ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക,” എന്നു ശൗൽ കൽപ്പിച്ചു. അദ്ദേഹംതന്നെ ഹോമയാഗങ്ങൾ അർപ്പിച്ചു. യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു. “താങ്കൾ ചെയ്തതെന്താണ്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ, “ജനം എന്നെവിട്ടു ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നെന്നും പറഞ്ഞ സമയത്തിനകം അങ്ങു വന്നെത്തിയിട്ടില്ലെന്നും ഫെലിസ്ത്യർ മിക്-മാസിൽ ഒരുമിച്ചുകൂടിയിരിക്കുന്നെന്നും കണ്ടപ്പോൾ ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിൽവെച്ച് എന്റെമേൽ ആക്രമണം തുടങ്ങുമെന്നും ഞാൻ യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചില്ലല്ലോയെന്നും,’ ഞാൻ ചിന്തിച്ചു. അതിനാൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ഈ വിധം ചെയ്തുപോയി” എന്നു മറുപടി പറഞ്ഞു. ശമുവേൽ പറഞ്ഞു: “നീ കാണിച്ചതു ഭോഷത്തമാണ്. നിന്റെ ദൈവമായ യഹോവ നിനക്കുതന്ന കൽപ്പന നീ പാലിച്ചില്ല. ഇസ്രായേലിന്മേൽ നിന്റെ രാജത്വം അവിടന്ന് എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.” ഇതിനെത്തുടർന്ന് ശമുവേൽ ഗിൽഗാലിൽനിന്ന് ബെന്യാമീൻദേശത്തിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണി. വെറും അറുനൂറുപേരുമാത്രമാണ് ഉണ്ടായിരുന്നത്. ഇസ്രായേൽ ആയുധങ്ങളില്ലാതെ ശൗലും യോനാഥാനും അവരോടുകൂടെയുള്ള പടയാളികളും ബെന്യാമീൻദേശത്തെ ഗിബെയയിൽ13:16 മൂ.ഭാ. ഗേബാ, ഗിബെയാ എന്നതിന്റെ മറ്റൊരുരൂപം. കഴിയുകയായിരുന്നു. അപ്പോൾ ഫെലിസ്ത്യർ മിക്-മാസിൽ പാളയമടിച്ചിരുന്നു. ഫെലിസ്ത്യ പാളയത്തിൽനിന്ന് കൊള്ളസംഘങ്ങൾ മൂന്നുകൂട്ടമായി പുറപ്പെട്ടു; ഒന്ന് ശൂവാലിന്റെ സമീപത്തുള്ള ഒഫ്രയിലേക്കു തിരിഞ്ഞു. മറ്റൊരു സംഘം ബേത്-ഹോരോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കുനേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തിരിഞ്ഞു. ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു. തങ്ങളുടെ കലപ്പ, കൈക്കോടാലി, മഴു, അരിവാൾ മുതലായവ മൂർച്ചകൂട്ടുന്നതിനായി ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുത്തു വരുമായിരുന്നു. കലപ്പയും കൈക്കോടാലിയും മൂർച്ചകൂട്ടുന്നതിനു മൂന്നിൽരണ്ടു ശേക്കേലും13:21 ഏക. 8 ഗ്രാം. മുൾക്കൊളുത്ത്, മഴു, മുൾക്കോൽ ഇവയ്ക്കു മൂന്നിലൊന്നു ശേക്കേലും13:21 ഏക. 4 ഗ്രാം. വീതം കൂലി ഈടാക്കിയിരുന്നു. അതിനാൽ യുദ്ധസമയത്ത് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഭടന്മാരിൽ ആർക്കുംതന്നെ ഒരു വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ശൗലിനും അദ്ദേഹത്തിന്റെ മകൻ യോനാഥാനുംമാത്രമേ അവ ഉണ്ടായിരുന്നുള്ളൂ. യോനാഥാൻ ഫെലിസ്ത്യരെ ആക്രമിക്കുന്നു ഫെലിസ്ത്യരുടെ കൊള്ളസംഘങ്ങളിൽ ഒന്ന് മിക്-മാസിനടുത്തുള്ള ചുരത്തിലേക്കു കടന്നു. ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു. അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു. ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത14:6 പരിച്ഛേദനമേൽക്കാത്ത, വിവക്ഷിക്കുന്നത് യെഹൂദന്മാരല്ലാത്ത, അഥവാ, ദൈവമില്ലാത്ത എന്നാണ്. ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു. ആയുധവാഹകൻ അദ്ദേഹത്തോട്: “അങ്ങയുടെ ഇഷ്ടംപോലെ ചെയ്താലും! മുമ്പേ പൊയ്ക്കൊള്ളൂ; ഞാൻ അങ്ങയുടെ ഇഷ്ടപ്രകാരം പിന്നാലെതന്നെയുണ്ട്” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ പറഞ്ഞു: “വരൂ, നമുക്കു നേരേചെന്ന് അവരുടെമുമ്പിൽ പ്രത്യക്ഷപ്പെടാം; അവർ നമ്മെ കാണട്ടെ! ‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കിവിടെത്തന്നെ നിൽക്കാം. അവരുടെ അടുത്തേക്കു പോകേണ്ടാ. എന്നാൽ ‘ഇങ്ങോട്ടു കയറിവരിക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കു കയറിച്ചെല്ലാം. യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു എന്നതിനു നമുക്കുള്ള ചിഹ്നമായിരിക്കും ഇത്.” അങ്ങനെ അവരിരുവരും ഫെലിസ്ത്യരുടെ ആ കാവൽസേനാകേന്ദ്രത്തിനു തങ്ങളെത്തന്നെ കാണിച്ചു. ഉടനെ ഫെലിസ്ത്യർ വിളിച്ചുപറഞ്ഞു: “നോക്കൂ, എബ്രായർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് ഇതാ കയറിവരുന്നു.” സൈനികകേന്ദ്രത്തിലെ ഭടന്മാർ യോനാഥാനോടും അയാളുടെ ആയുധവാഹകനോടും “ഇവിടേക്കു കയറിവരിക, ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുതരാം,” എന്നു വിളിച്ചുപറഞ്ഞു. യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു. ആദ്യ അക്രമത്തിൽത്തന്നെ ഏകദേശം അരയേക്കർ ഇടത്ത് ഇരുപതുപേരെ യോനാഥാനും ആയുധവാഹകനുംകൂടി കൊന്നുവീഴ്ത്തി. ഇസ്രായേൽ ഫെലിസ്ത്യരെ ഓടിക്കുന്നു ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്. ഫെലിസ്ത്യസൈന്യം ചിതറി നാലുപാടും പായുന്നത് ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ കണ്ടു. ശൗൽ തന്റെകൂടെയുള്ള ജനത്തോടു പറഞ്ഞു: “സൈന്യത്തെ വിളിച്ചുകൂട്ടി നമ്മുടെ കൂട്ടത്തിൽനിന്ന് പോയവർ ആരാണെന്നു കണ്ടുപിടിക്കുക.” അവർ അപ്രകാരംചെയ്തു. യോനാഥാനും അദ്ദേഹത്തിന്റെ ആയുധവാഹകനുംമാത്രം അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. “ദൈവത്തിന്റെ പേടകം കൊണ്ടുവരൂ,” എന്ന് ശൗൽ അഹീയാവിനോട് ആജ്ഞാപിച്ചു (അന്ന് പേടകം ഇസ്രായേലിലുണ്ടായിരുന്നു).14:18 ചി.കൈ.പ്ര. “ഏഫോദ് കൊണ്ടുവരൂ.” (അക്കാലത്ത് അദ്ദേഹം ഇസ്രായേൽജനത്തിന്റെ മുമ്പാകെ ഏഫോദ് ധരിച്ചിരുന്നു.) ശൗൽ പുരോഹിതന്മാരുമായി സംസാരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിലെ കോലാഹലം ഏറിയേറി വന്നുകൊണ്ടിരുന്നു. അതിനാൽ “നിന്റെ കൈ പിൻവലിക്കുക,” എന്ന് ശൗൽ പുരോഹിതനോടു പറഞ്ഞു. അപ്പോൾ ശൗലും കൂടെയുള്ള സകല ആളുകളും ഒരുമിച്ചുകൂടി യുദ്ധത്തിനു പുറപ്പെട്ടു. ഫെലിസ്ത്യർ ആകമാനം കുഴപ്പത്തിലായി പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് അവർ കണ്ടത്. നേരത്തേ ഫെലിസ്ത്യരുടെകൂടെയുണ്ടായിരുന്നവരും അവരുടെ പാളയത്തിൽ ചെന്നെത്തിയവരുമായ എബ്രായരും തിരിഞ്ഞ് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഇസ്രായേല്യരുടെ പക്ഷംചേർന്നു. അതുപോലെതന്നെ എഫ്രയീം ഗിരിപ്രദേശങ്ങളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫെലിസ്ത്യർ തോറ്റോടുന്നു എന്നു കേട്ടമാത്രയിൽ ഇറങ്ങിവന്നു പടയിൽച്ചേർന്ന് അവരെ പിൻതുടർന്നു. അങ്ങനെ അന്ന് യഹോവ ഇസ്രായേലിനെ രക്ഷിച്ചു; യുദ്ധം ബേത്-ആവെന് അപ്പുറംവരെ വ്യാപിച്ചു. യോനാഥാൻ തേൻ ഭക്ഷിക്കുന്നു “ഇന്നു സന്ധ്യയ്ക്കുമുമ്പ്, ഞാനെന്റെ ശത്രുക്കളോടു പകരം വീട്ടുന്നതുവരെ ഭക്ഷണം കഴിക്കുന്നവർ ആരുതന്നെയായാലും അവർ ശപിക്കപ്പെട്ടിരിക്കും,” എന്നു പറഞ്ഞ് ശൗൽ ഇസ്രായേല്യരെക്കൊണ്ടു ശപഥംചെയ്യിച്ചിരുന്നു. തന്മൂലം അവർ അന്ന് വളരെ വിഷമത്തിലായി. ജനത്തിൽ ആരുംതന്നെ ഭക്ഷണം ആസ്വദിച്ചിരുന്നില്ല. സൈന്യമെല്ലാം ഒരു കാട്ടുപ്രദേശത്തെത്തി. അവിടെ നിലത്തു തേനുണ്ടായിരുന്നു. അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു.14:27 അഥവാ, ശക്തി പൂർവസ്ഥിതിയിലായി. വാ. 29 കാണുക അപ്പോൾ പടയാളികളിലൊരാൾ അദ്ദേഹത്തോട്: “ ‘ഇന്നു ഭക്ഷണം കഴിക്കുന്ന ഏതു മനുഷ്യനും ശപിക്കപ്പെട്ടവനായിരിക്കട്ടെ!’ എന്നു പറഞ്ഞ് അങ്ങയുടെ പിതാവ് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അതിനു യോനാഥാൻ ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ പിതാവു ദേശത്തിന് ഉപദ്രവമാണു വരുത്തിയത്. ഈ തേൻ അൽപ്പം ഞാൻ രുചിനോക്കിയതുമൂലം എന്റെ കണ്ണുകൾ തെളിഞ്ഞതു നോക്കുക. ജനങ്ങൾ അവരുടെ ശത്രുക്കളിൽനിന്ന് ഇന്ന് അപഹരിച്ചെടുത്ത കൊള്ളയിൽനിന്ന് അൽപ്പം ചിലതു ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ഇന്നു നാം ഫെലിസ്ത്യരുടെമേൽ നടത്തിയ സംഹാരം കുറെക്കൂടി വിപുലമാകുമായിരുന്നില്ലേ?” ഇസ്രായേല്യർ അന്ന് മിക്-മാസുമുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ തകർത്തു; അപ്പോഴേക്കും ജനം വളരെയേറെ തളർന്നിരുന്നു. ആകയാൽ അവർ കൈവശപ്പെടുത്തിയിരുന്ന കൊള്ളയിൽ ചാടിവീണ് ആടുകളെയും കന്നുകാലികളെയും കാളക്കിടാങ്ങളെയും പിടിച്ച് നിലത്തുവെച്ച് അറത്ത് രക്തത്തോടുകൂടിത്തന്നെ തിന്നുതുടങ്ങി. “ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി. അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു. അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു. ഇതിനെത്തുടർന്ന് ശൗൽ യഹോവയ്ക്കായി ഒരു യാഗപീഠം പണിതു. അദ്ദേഹം യഹോവയ്ക്കായി പണിത ആദ്യത്തെ യാഗപീഠമായിരുന്നു അത്. അപ്പോൾ ശൗൽ: “നമുക്കു രാത്രിയിലും ഫെലിസ്ത്യരെ പിൻതുടരാം; പുലരുംവരെ അവരെ കൊള്ളയിടാം; അവരിൽ ഒരുത്തൻപോലും ജീവനോടെ അവശേഷിക്കാൻ നാം അനുവദിക്കരുത്” എന്നു പറഞ്ഞു. “അങ്ങേക്കു യുക്തമെന്നു തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടി പറഞ്ഞു. എന്നാൽ “ഇവിടെ നാം ദൈവത്തോട് അരുളപ്പാട് ചോദിക്കുക,” എന്നു പുരോഹിതൻ പറഞ്ഞു. അതുകൊണ്ട് ശൗൽ: “യഹോവേ, ഞാൻ ഫെലിസ്ത്യരെ പിൻതുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” എന്ന് യഹോവയോട് ചോദിച്ചു. എന്നാൽ ദൈവം അന്ന് ശൗലിനു മറുപടി കൊടുത്തില്ല. അതിനാൽ ശൗൽ കൽപ്പന പുറപ്പെടുവിച്ചു: “സേനാനേതാക്കന്മാരെല്ലാം ഇവിടെ എന്റെ അടുത്തുവരട്ടെ! ഇന്ന് എന്തു പാപമാണു ചെയ്യപ്പെട്ടതെന്നു നമുക്കാദ്യമായി കണ്ടുപിടിക്കാം. ഇസ്രായേലിനെ രക്ഷിക്കുന്ന ജീവനുള്ള യഹോവയാണെ, അത് എന്റെ മകനായ യോനാഥാന്റെ പക്കലാണെങ്കിൽപോലും, അവൻ മരിക്കണം.” എന്നാൽ ജനത്തിൽ ഒരുത്തൻപോലും ഒരു വാക്കും ഉത്തരമായി പറഞ്ഞില്ല. അതിനുശേഷം ശൗൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും അവിടെ അപ്പുറത്തു നിൽക്കുക! ഞാനും എന്റെ മകനായ യോനാഥാനും ഇവിടെ ഇപ്പുറത്തു നിൽക്കാം.” “അങ്ങേക്കു യുക്തമായിത്തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടികൊടുത്തു. പിന്നെ ശൗൽ ഇസ്രായേലിന്റെ ദൈവമായ യഹോവയോട്: “യഹോവേ, സത്യം അടിയന് ഇന്നു വെളിപ്പെടുത്താത്തത് എന്ത്? ഞാനോ എന്റെ മകൻ യോനാഥാനോ കുറ്റക്കാരനെങ്കിൽ ഊറീമിലൂടെ ഉത്തരമരുളണമേ; ഇസ്രായേൽജനമാണ് കുറ്റക്കാരെങ്കിൽ തുമ്മീമിലൂടെ ഉത്തരമരുളണമേ.”14:41 മിക്ക കൈ.പ്ര. “യഹോവേ, ഉത്തരമരുളണമേ.” എന്ന വാക്യഭാഗം കാണുന്നില്ല. എന്നു പ്രാർഥിച്ചു. അപ്പോൾ യോനാഥാനും ശൗലിനും നറുക്കുവീണു. ജനം കുറ്റവിമുക്തരാക്കപ്പെട്ടു. “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക,” എന്നു ശൗൽ കൽപ്പിച്ചു. യോനാഥാന് നറുക്കുവീണു. ശൗൽ യോനാഥാനോട്, “നീ എന്താണു ചെയ്തത്? എന്നോടു പറയുക” എന്നു ചോദിച്ചു. അപ്പോൾ യോനാഥാൻ അദ്ദേഹത്തോട്: “ഞാൻ എന്റെ വടിയുടെ അഗ്രംകൊണ്ട് അൽപ്പം തേൻ കുത്തിയെടുത്ത് രുചിച്ചുനോക്കി; അതുമൂലം ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു!” എന്നു പറഞ്ഞു. അപ്പോൾ ശൗൽ: “യോനാഥാനേ, നീ മരിക്കുന്നില്ലെങ്കിൽ, ദൈവം എന്നോട് അർഹമായതും അധികവും ചെയ്യട്ടെ!” എന്നു പറഞ്ഞു. എന്നാൽ ജനം ശൗലിനോട്: “യോനാഥാൻ മരിക്കണമെന്നോ? ഇസ്രായേലിന് ഈ മഹത്തായ വിടുതൽ നേടിത്തന്ന യോനാഥാനോ? ഒരിക്കലുമില്ല. ജീവനുള്ള യഹോവയാണെ, അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. ദൈവത്തിന്റെ സഹായത്തോടെയല്ലേ അവൻ ഇന്ന് ഇപ്രകാരം ചെയ്തത്?” എന്നു മറുപടി പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു. തന്മൂലം അദ്ദേഹത്തിനു മരിക്കേണ്ടിവന്നില്ല. അപ്പോൾ ശൗൽ ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി സ്വന്തംനാട്ടിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യരും തങ്ങളുടെ ദേശത്തേക്കു പോയി. ശൗൽ ഇസ്രായേലിൽ ഭരണമേറ്റതിനുശേഷം ചുറ്റുമുള്ള സകലശത്രുക്കളോടും—മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ,14:47 ചി.കൈ.പ്ര. സോബാരാജാവ് ഫെലിസ്ത്യർ എന്നിവരോടെല്ലാം—അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ശത്രുക്കളുടെമേൽ വിജയംകൈവരിച്ചു.14:47 ചി.കൈ.പ്ര. ശിക്ഷിച്ചു അദ്ദേഹം വീരോചിതമായിപ്പോരാടി അമാലേക്യരെ തോൽപ്പിച്ചു. അങ്ങനെ ഇസ്രായേലിനെ കൊള്ളയിട്ട എല്ലാവരുടെയും കൈയിൽനിന്ന് അവരെ വിടുവിച്ചു. ശൗലിന്റെ കുടുംബം ശൗലിന്റെ പുത്രന്മാർ—യോനാഥാൻ, യിശ്‌വി, മൽക്കീ-ശൂവ എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ ആദ്യജാതയ്ക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഹീനോവം എന്നു പേരായിരുന്നു. അവൾ അഹീമാസിന്റെ മകളായിരുന്നു. ശൗലിന്റെ സൈന്യാധിപൻ നേരിന്റെ മകനായ അബ്നേർ ആയിരുന്നു. നേർ ശൗലിന്റെ പിതൃസഹോദരനായിരുന്നു. ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബിയേലിന്റെ പുത്രന്മാരായിരുന്നു. ശൗലിന്റെ ഭരണകാലം മുഴുവൻ ഫെലിസ്ത്യരുമായി കഠിനയുദ്ധം നടന്നിരുന്നു. പ്രബലനോ ധീരനോ ആയ ഒരാളെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ അയാളെ ശൗൽ തന്റെ സേവനത്തിനായി നിയമിച്ചിരുന്നു. ശൗലിന്റെ രാജത്വം യഹോവ തള്ളിക്കളയുന്നു ഒരിക്കൽ ശമുവേൽ ശൗലിന്റെ അടുത്തുവന്ന് “യഹോവ തന്റെ ജനമായ ഇസ്രായേലിനു രാജാവായി നിന്നെ അഭിഷേകംചെയ്യാൻ എന്നെ നിയോഗിച്ചല്ലോ. അതിനാൽ ഇപ്പോൾ യഹോവയിൽനിന്നുള്ള സന്ദേശം ശ്രദ്ധിച്ചുകൊള്ളുക,” എന്നു പറഞ്ഞു. “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ വഴിയിൽ പതിയിരുന്ന് അവരെ ആക്രമിച്ചു ദ്രോഹം പ്രവർത്തിച്ചതിനാൽ ഞാൻ അമാലേക്യരെ ശിക്ഷിക്കും. അതിനാൽ നീ പുറപ്പെട്ടുചെന്ന് അമാലേക്യരെ ആക്രമിച്ച് അവരെയും അവർക്കുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യുക. അവരിൽ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, ശിശുക്കൾ, കന്നുകാലികൾ, ആടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കാതെ കൊന്നുകളയുക.’ ” അങ്ങനെ ശൗൽ ജനത്തെയെല്ലാം തെലായീമിൽ വിളിച്ചുവരുത്തി—അവരെ എണ്ണിനോക്കിയപ്പോൾ രണ്ടുലക്ഷം ഇസ്രായേല്യയോദ്ധാക്കളും പതിനായിരം യെഹൂദ്യയോദ്ധാക്കളും ഉണ്ടായിരുന്നു. ശൗൽ അമാലേക്യരുടെ നഗരംവരെ ചെന്ന് മലയിടുക്കിൽ പതിയിരിപ്പുകാരെ നിർത്തി. പിന്നെ അദ്ദേഹം കേന്യരോടു പറഞ്ഞു: “ഇസ്രായേല്യരെല്ലാം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ നിങ്ങൾ അവരോടു ദയ കാണിച്ചല്ലോ! ഇപ്പോൾ ഞാൻ അമാലേക്യരോടൊപ്പം നിങ്ങളെയും നശിപ്പിക്കാൻ ഇടവരരുത്. അതിനാൽ അമാലേക്യരെ വിട്ട് അകന്നുപോകുക!” അതിനാൽ കേന്യർ അമാലേക്യരെ വിട്ടുപോയി. അതിനുശേഷം ശൗൽ ഹവീലാമുതൽ ഈജിപ്റ്റിനു കിഴക്ക് ശൂർവരെയുള്ള മുഴുവൻദൂരവും അമാലേക്യരെ ആക്രമിച്ചു. അദ്ദേഹം അമാലേക്യരാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു. അദ്ദേഹത്തിന്റെ ജനത്തെയെല്ലാം വാൾത്തലയാൽ ഉന്മൂലനംചെയ്തു. എന്നാൽ ആഗാഗിനെയും അദ്ദേഹത്തിന്റെ ആടുമാടുകൾ, തടിച്ച കാളക്കിടാങ്ങൾ,15:9 അഥവാ, വളർന്ന കാളകൾ. ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ആട്ടിൻകുട്ടികൾ എന്നിവയിൽ ഏറ്റവും നല്ലതിനെ ശൗലും സൈന്യവും ജീവനോടെ ശേഷിപ്പിച്ചു. അവ കൊന്നുമുടിക്കാൻ അവർക്കു മനസ്സുവന്നില്ല. എന്നാൽ നിന്ദ്യവും നിസ്സാരവുമായവയെ എല്ലാം അവർ പരിപൂർണമായി നശിപ്പിച്ചു. അപ്പോൾ യഹോവയുടെ അരുളപ്പാടു ശമുവേലിനുണ്ടായി: “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു. അയാൾ എന്നെ വിട്ടകലുകയും എന്റെ കൽപ്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നു.” ശമുവേൽ കോപംകൊണ്ടുനിറഞ്ഞു. അന്നു രാത്രിമുഴുവൻ അദ്ദേഹം യഹോവയോടു നിലവിളിച്ചു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമുവേൽ ശൗലിനെ കാണുന്നതിനായി ചെന്നു. എന്നാൽ “അദ്ദേഹം കർമേലിലേക്കു പോയെന്നും അവിടെ തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയതിനുശേഷം ഗിൽഗാലിലേക്കു പോയിരിക്കുന്നു,” എന്നും ശമുവേലിന് അറിവുകിട്ടി. ശമുവേൽ തന്റെ അടുത്തെത്തിയപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ! ഞാൻ യഹോവയുടെ കൽപ്പനകൾ അനുഷ്ഠിച്ചിരിക്കുന്നു.” എന്നാൽ ശമുവേൽ ചോദിച്ചു: “എങ്കിൽ ആടുകളുടെ കരച്ചിൽ എന്റെ ചെവിയിൽ പതിക്കുന്നതെന്ത്? കന്നുകാലികളുടെ മുക്കുറ ഞാൻ കേൾക്കുന്നതെന്ത്?” ശൗൽ മറുപടി പറഞ്ഞു: “അമാലേക്യരിൽനിന്ന് പടയാളികൾ കൊണ്ടുവന്നവയാണ് അവ. അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി ആടുകളിലും കന്നുകാലികളിലും ഏറ്റവും മെച്ചമായവയെ അവർ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ മറ്റുള്ളവയെ ഞങ്ങൾ പൂർണമായും നശിപ്പിച്ചിരിക്കുന്നു.” “നിർത്തുക!” ശമുവേൽ ആക്രോശിച്ചു. “കഴിഞ്ഞരാത്രിയിൽ യഹോവ എന്നോടു കൽപ്പിച്ചതു ഞാൻ നിന്നെ അറിയിക്കാം.” “എന്നോടു പറഞ്ഞാലും,” ശൗൽ മറുപടിയായി പറഞ്ഞു. ശമുവേൽ തുടർന്നു പറഞ്ഞു: “ഒരിക്കൽ നിന്റെ സ്വന്തം കണ്ണിൽ നീ ചെറിയവനായിരുന്നു. എന്നിരുന്നാലും നീ ഇസ്രായേൽഗോത്രങ്ങൾക്കു തലവനായിത്തീർന്നില്ലേ? യഹോവ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു. ‘ചെന്ന് ആ ദുഷ്ടജനമായ അമാലേക്യരെ പാടേ നശിപ്പിക്കുക; അവർ ഉന്മൂലനംചെയ്യപ്പെടുന്നതുവരെ അവരോടു പൊരുതുക എന്നു കൽപ്പിച്ച് യഹോവ നിന്നെ ഒരു ദൗത്യത്തിനുവേണ്ടി നിയോഗിച്ചു.’ നീ യഹോവയെ അനുസരിക്കാതെ കൊള്ളയിൽ ആർത്തിപൂണ്ടു ചാടിവീണത് എന്തുകൊണ്ട്? അങ്ങനെ നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു ചെയ്തതെന്തിന്?” ശൗൽ പറഞ്ഞു: “എന്നാൽ ഞാൻ യഹോവയെ അനുസരിച്ചല്ലോ! യഹോവ എന്നെ ഭരമേൽപ്പിച്ച ദൗത്യം നിർവഹിക്കാൻ ഞാൻ പോയി. ഞാൻ അമാലേക്യരെ ഉന്മൂലനംചെയ്ത് അവരുടെ രാജാവായ ആഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നിരിക്കുന്നു. പടയാളികൾ കൊള്ളയിൽനിന്ന് ആടുകളിലും കന്നുകാലികളിലും ചിലതിനെ എടുത്തു. ദൈവത്തിനുള്ള വഴിപാടിൽ ഏറ്റവും മെച്ചമായതിനെ അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിന് അവയെ ഗിൽഗാലിൽ കൊണ്ടുവന്നിരിക്കുകയാണ്.” എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു: “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ? അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം! കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം! മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്! ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്. നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.” അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി. എന്നാൽ ഇപ്പോൾ—എന്റെ പാപം ക്ഷമിക്കണമേ, യഹോവയെ ആരാധിക്കാൻ എന്റെകൂടെ മടങ്ങിവരണമേ—ഞാൻ അങ്ങയോടപേക്ഷിക്കുന്നു.” എന്നാൽ ശമുവേൽ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ നിന്റെകൂടെ വരികയില്ല. നീ യഹോവയുടെ കൽപ്പന തള്ളിക്കളഞ്ഞു. അതിനാൽ യഹോവ നിന്നെ ഇസ്രായേലിന്റെ രാജാവ് എന്ന നിലയിൽനിന്ന് തള്ളിയിരിക്കുന്നു.” ശമുവേൽ പോകുന്നതിനായി തിരിഞ്ഞപ്പോൾ ശൗൽ അദ്ദേഹത്തിന്റെ അങ്കിയുടെ അഗ്രത്തിൽപ്പിടിച്ചു; അതു കീറിപ്പോയി. അപ്പോൾ ശമുവേൽ പറഞ്ഞു: “യഹോവ ഇന്ന് നിന്നിൽനിന്നും ഇസ്രായേലിന്റെ രാജത്വവും കീറിമാറ്റിയിരിക്കുന്നു; നിന്റെ അയൽവാസിയിൽ ഒരുവന്—നിന്നെക്കാൾ ശ്രേഷ്ഠനായ ഒരുവന്—അതു നൽകിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്ത്വമായവൻ കള്ളം പറയുകയില്ല; തന്റെ മനസ്സു മാറ്റുകയുമില്ല. മനം മാറ്റുന്നതിന് അവിടന്ന് മനുഷ്യനല്ലല്ലോ!” അതിനു ശൗൽ മറുപടി പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി. എന്നാൽ ജനത്തിന്റെ നേതാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്നെ മാനിക്കണമേ! അങ്ങയുടെ ദൈവമായ യഹോവയെ ആരാധിക്കാൻ എന്നോടൊപ്പം മടങ്ങിവരണമേ.” അപ്പോൾ ശമുവേൽ ശൗലിനോടൊപ്പം മടങ്ങിച്ചെന്നു. ശൗൽ യഹോവയെ ആരാധിക്കുകയും ചെയ്തു. അതിനുശേഷം “അമാലേക്യരുടെ രാജാവായ ആഗാഗിനെ എന്റെമുമ്പാകെ കൊണ്ടുവരിക,” എന്നു ശമുവേൽ കൽപ്പിച്ചു. “മരണഭീതി നീങ്ങിപ്പോയിരിക്കുന്നു, നിശ്ചയം,” എന്നു ചിന്തിച്ചുകൊണ്ട് ആഗാഗ് ചങ്ങലയിൽ ബന്ധിതനായി15:32 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ശമുവേലിന്റെ മുമ്പാകെയെത്തി. എന്നാൽ ശമുവേൽ, “നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ ഇപ്പോൾ നിന്റെ അമ്മയും മക്കളില്ലാത്തവളാകും” എന്നു പറഞ്ഞു. അവിടെ ഗിൽഗാലിൽവെച്ച് യഹോവയുടെമുമ്പാകെ ശമുവേൽ ആഗാഗിനെ തുണ്ടം തുണ്ടമാക്കി വെട്ടിക്കളഞ്ഞു. അതിനെത്തുടർന്ന് ശമുവേൽ രാമായിലേക്കു പോയി, എന്നാൽ ശൗൽ ഗിബെയയിലെ തന്റെ അരമനയിലേക്കു മടങ്ങി. ശമുവേൽ ശൗലിനെപ്രതി വിലപിച്ചിരുന്നെങ്കിലും തന്റെ മരണംവരെ ശൗലിനെ കാണുന്നതിനായി അദ്ദേഹം പിന്നെ പോയില്ല. ശൗലിനെ ഇസ്രായേലിനു രാജാവാക്കിയതിൽ യഹോവയും ദുഃഖിച്ചു. ശമുവേൽ ദാവീദിനെ അഭിഷേകം ചെയ്യുന്നു യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞിരിക്കുകയാൽ നീ അവനുവേണ്ടി എത്രനാൾ വിലപിക്കും? നീ കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമിൽ യിശ്ശായിയുടെ അടുത്തേക്കയയ്ക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനെ ഞാൻ രാജാവായി തെരഞ്ഞെടുത്തിരിക്കുന്നു.” എന്നാൽ ശമുവേൽ ചോദിച്ചു: “യഹോവേ, ഞാനെങ്ങനെ പോകും? ശൗൽ ഇതേപ്പറ്റി അറിഞ്ഞ് എന്നെ കൊന്നുകളയുമല്ലോ!” യഹോവ അതിനു മറുപടികൊടുത്തു: “നീ ഒരു പശുക്കിടാവുമായി പോകുക. ‘ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു,’ എന്നു പറയുക. യിശ്ശായിയെയും യാഗത്തിനു ക്ഷണിക്കുക! നീ ചെയ്യേണ്ടതു ഞാൻ കാണിച്ചുതരും. എനിക്കുവേണ്ടി, ഞാൻ കാണിച്ചുതരുന്ന വ്യക്തിയെ നീ അഭിഷേകംചെയ്യണം.” യഹോവ കൽപ്പിച്ചതുപോലെ ശമുവേൽ ചെയ്തു. അദ്ദേഹം ബേത്ലഹേമിൽ എത്തി. പട്ടണത്തലവന്മാർ സംഭ്രമത്തോടെ അദ്ദേഹത്തെ എതിരേറ്റു. “അങ്ങയുടെ വരവ് സമാധാനത്തോടെയോ?” എന്ന് അവർ ചോദിച്ചു. അതിന് ശമുവേൽ, “അതേ, സമാധാനത്തോടെതന്നെ. ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക! എന്നിട്ട് എന്നോടൊപ്പം യാഗത്തിനു വന്നുചേരുക!” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ചു; അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” ഇതിനുശേഷം യിശ്ശായി അബീനാദാബിനെ വിളിച്ച് ശമുവേലിന്റെ മുമ്പാകെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. പിന്നെ യിശ്ശായി ശമ്മായെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. യിശ്ശായി തന്റെ ഏഴു പുത്രന്മാരെയും ശമുവേലിന്റെ മുമ്പാകെ വരുത്തി. എന്നാൽ “യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. അതുകൊണ്ട് അദ്ദേഹം യിശ്ശായിയോട്, “ഇത്രയും പുത്രന്മാർമാത്രമാണോ നിനക്കുള്ളത്” എന്നു ചോദിച്ചു. യിശ്ശായി മറുപടി പറഞ്ഞു: “ഇനിയും ഏറ്റവും ഇളയവനുണ്ട്. അവൻ ആടുകളെ മേയിക്കുകയാണ്.” ശമുവേൽ പറഞ്ഞു: “ആളയച്ച് അവനെ വരുത്തുക. അവൻ വന്നെത്തുന്നതുവരെ നാം ഭക്ഷണത്തിനിരിക്കുകയില്ല.” അതിനാൽ യിശ്ശായി ആളയച്ച് അവനെ വരുത്തി. അവൻ ചെമപ്പുനിറമുള്ളവനും അഴകുറ്റ കണ്ണുകളുള്ള അതിസുന്ദരനും ആയിരുന്നു. അപ്പോൾ യഹോവ കൽപ്പിച്ചു: “എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക; അവനാണ് തെരഞ്ഞെടുക്കപ്പെട്ടവൻ!” അതിനാൽ ശമുവേൽ തൈലംനിറച്ച കൊമ്പെടുത്ത് അവന്റെ സഹോദരന്മാരുടെ സാന്നിധ്യത്തിൽ ദാവീദിനെ അഭിഷേകംചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ശക്തിയോടെ ദാവീദിന്മേൽവന്ന് ആവസിച്ചു. അതിനെത്തുടർന്നു ശമുവേൽ രാമായിലേക്കു മടങ്ങിപ്പോയി. ദാവീദ് ശൗലിന്റെ സേവനത്തിൽ അപ്പോൾത്തന്നെ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടകന്നു. യഹോവ അയച്ച ഒരു ദുരാത്മാവ്16:14 അഥവാ, അപകടകരമായ ആത്മാവ് വാ. 15, 16, 23 കാണുക. അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്, “ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ ബാധിച്ചിരിക്കുന്നു. കിന്നരം വായനയിൽ നിപുണനായ ഒരാളെ തെരഞ്ഞു കണ്ടുപിടിക്കാൻ അടിയങ്ങൾക്കു കൽപ്പന തന്നാലും! ദൈവത്തിൽനിന്ന് ദുരാത്മാവ് അങ്ങയുടെമേൽ വരുമ്പോൾ അയാൾ കിന്നരം വായിക്കും. തിരുമനസ്സിന് ആശ്വാസം തോന്നുകയും ചെയ്യും” എന്നു പറഞ്ഞു. “കിന്നരം വായനയിൽ നിപുണനായ ഒരുവനെ കണ്ടുപിടിച്ച് എന്റെമുമ്പിൽ കൊണ്ടുവരിക,” എന്ന് ശൗൽ തന്റെ ഭൃത്യന്മാർക്കു കൽപ്പനകൊടുത്തു. ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവൻ പറഞ്ഞു: “ബേത്ലഹേമ്യനായ യിശ്ശായിയുടെ പുത്രന്മാരിൽ ഒരുവനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരം വായനയിൽ നിപുണനും പരാക്രമശാലിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളരൂപമുള്ളവനുമാണ്. യഹോവയും അവനോടുകൂടെയുണ്ട്.” അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു. അതിനാൽ യിശ്ശായി ഒരു കഴുതയെ വരുത്തി, അപ്പവും ഒരു തുരുത്തി വീഞ്ഞും ഒരു കോലാട്ടിൻകുട്ടിയെയും കയറ്റി അവയെ തന്റെ മകൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. ശൗലിന് അവനോടു വളരെ സ്നേഹമായി. അവൻ ശൗലിന്റെ ആയുധവാഹകന്മാരിൽ ഒരാളായിത്തീർന്നു. അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ച്, “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു. ദൈവം അയച്ച ദുരാത്മാവ് ശൗലിന്റെമേൽ വരുമ്പോൾ ദാവീദ് കിന്നരമെടുത്തു വായിക്കും. അപ്പോൾ ശൗലിന് ആശ്വാസവും സുഖവും ലഭിക്കും; ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും. ദാവീദും ഗൊല്യാത്തും അങ്ങനെയിരിക്കെ ഒരു ദിവസം ഫെലിസ്ത്യർ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കി യെഹൂദ്യയിലെ സോഖോവിൽ ഒരുമിച്ചുകൂടി. സോഖോവിനും അസേക്കെയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ അവർ പാളയമിറങ്ങി. ശൗലും ഇസ്രായേല്യരും ഒരുമിച്ചുകൂടി ഏലാതാഴ്വരയിൽ പാളയമിറങ്ങി. അവർ ഫെലിസ്ത്യരെ നേരിടാനായി അണിനിരന്നു. ഫെലിസ്ത്യർ ഒരു മലഞ്ചരിവിലും ഇസ്രായേല്യർ അതിന്നിപ്പുറം മറ്റൊരു മലഞ്ചരിവിലും അണിനിരന്നു; അവരുടെ മധ്യേ ഒരു താഴ്വരയുണ്ടായിരുന്നു. അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ17:4 ഏക. 3 മീ. അടി ഉയരമുണ്ടായിരുന്നു. അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ17:5 ഏക. 58 കി.ഗ്രാം. തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്. അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ17:6 അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു. അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ17:7 ഏക. 7 കി.ഗ്രാം. തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു. ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.” ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു. ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ. ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെയായിരുന്നു. എന്നാൽ ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് മിക്കപ്പോഴും ബേത്ലഹേമിൽ തന്റെ പിതാവിന്റെ ആടുകളെ നോക്കാൻ പോകുമായിരുന്നു. ഫെലിസ്ത്യനായ ഗൊല്യാത്ത് നാൽപ്പതുദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് യുദ്ധത്തിനു വെല്ലുവിളിച്ചുകൊണ്ടിരുന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ17:17 ഏക. 16 കി.ഗ്രാം. മലരും പത്ത് അപ്പവും എടുത്ത് വേഗത്തിൽ പാളയത്തിൽ കൊണ്ടുചെന്ന് നിന്റെ സഹോദരന്മാർക്കു കൊടുക്കുക. അവരുടെ സേനാധിപനുവേണ്ടി ഈ പാൽക്കട്ടി പത്തുംകൂടി എടുത്തുകൊള്ളുക! നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉറപ്പുവരുത്തി തിരിച്ചുവരിക. അവർ ശൗലിനോടും മറ്റ് ഇസ്രായേല്യരോടും ഒപ്പം ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു പൊരുതുകയാണ്.” പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി. ഇസ്രായേല്യരും ഫെലിസ്ത്യരും അഭിമുഖമായി അണിനിരന്നു. ദാവീദ് തന്റെ സാധനങ്ങൾ പടക്കോപ്പുസൂക്ഷിപ്പുകാരനെ ഏൽപ്പിച്ചിട്ട് അണികളിലേക്ക് ഓടിച്ചെന്ന് തന്റെ സഹോദരന്മാരെ കണ്ടുമുട്ടി കുശലം അന്വേഷിച്ചു. അയാൾ അവരോടു സംസാരിക്കുമ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നു മുമ്പോട്ടുവന്ന് പതിവുപോലെ വെല്ലുവിളി ഉയർത്തി. ദാവീദും അതുകേട്ടു. ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു. അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു. തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?” അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു. ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു. ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?” അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു. ദാവീദ് പറഞ്ഞകാര്യം പരസ്യമായി. അതു ശൗലിന്റെ ചെവിയിലുമെത്തി. അദ്ദേഹം ദാവീദിനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “ഈ ഫെലിസ്ത്യനെതിരേ പൊരുതാൻ നിനക്കു കഴിവില്ല! നീ വെറും ബാലനാണ്. എന്നാൽ അവൻ ചെറുപ്പംമുതലേ യോദ്ധാവാകുന്നു.” എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി. ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു. അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും. സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവ, എന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്ന് വിടുവിക്കും.” അപ്പോൾ ശൗൽ, “പോക, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞു. അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു. ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു. “ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി. ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു. ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു. അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.” ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു. ദാവീദ് ഓടിയടുത്ത് ഫെലിസ്ത്യന്റെ പുറത്തുകയറി നിന്നു. ആ ഫെലിസ്ത്യന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത്. അവനെ കൊന്നു. അതിനുശേഷം ആ വാൾകൊണ്ടുതന്നെ അവന്റെ തല വെട്ടിമാറ്റി. തങ്ങളുടെ മല്ലൻ മരിച്ചെന്നുകണ്ടപ്പോൾ ഫെലിസ്ത്യർ പിന്തിരിഞ്ഞോടിപ്പോയി. അപ്പോൾ ഇസ്രായേൽജനവും യെഹൂദ്യരും ആർത്തുകൊണ്ട് മുന്നോട്ട് ഇരച്ചുകയറി ഗത്തിന്റെ17:52 ചി.കൈ.പ്ര. താഴ്വരയുടെ അതിരോളവും എക്രോനിലേക്കുള്ള കവാടങ്ങൾവരെയും ഫെലിസ്ത്യരെ പിൻതുടർന്നു സംഹരിച്ചു. ശയരയീമിലേക്കുള്ള വഴിമുതൽ ഗത്തും എക്രോനുംവരെ കൊല്ലപ്പെട്ട ഫെലിസ്ത്യർ വീണുകിടന്നിരുന്നു. ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി ഇസ്രായേല്യർ മടങ്ങിയപ്പോൾ അവർ ഫെലിസ്ത്യപാളയം കൊള്ളയിട്ടു. ദാവീദ് ഫെലിസ്ത്യന്റെ തലയെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഫെലിസ്ത്യന്റെ ആയുധങ്ങൾ ദാവീദ് സ്വന്തകൂടാരത്തിൽ സൂക്ഷിക്കുകയും ചെയ്തു. ഫെലിസ്ത്യനെ എതിരിടാൻ ദാവീദ് മുന്നേറുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്: “അബ്നേരേ, ഈ യുവാവ് ആരുടെ മകനാണ്?” എന്നു ചോദിച്ചു. അബ്നേർ മറുപടി പറഞ്ഞു: “രാജാവേ, തിരുമേനിയാണെ, സത്യം, എനിക്കതറിവില്ല.” “ഈ ചെറുപ്പക്കാരൻ ആരുടെ മകനെന്നു കണ്ടുപിടിക്കണം,” എന്നു രാജാവു കൽപ്പിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ശൗലിന്റെ മുമ്പിലേക്കാനയിച്ചു. ഫെലിസ്ത്യന്റെ തല അപ്പോഴും ദാവീദിന്റെ കൈയിലുണ്ടായിരുന്നു. “യുവാവേ, നീ ആരുടെ മകൻ?” ശൗൽ ചോദിച്ചു. “ബേത്ലഹേമ്യനായ അങ്ങയുടെ ദാസൻ യിശ്ശായിയുടെ മകനാണ് അടിയൻ,” ദാവീദ് മറുപടി പറഞ്ഞു. ശൗലിനു ദാവീദിനോടുള്ള അസൂയ ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു. യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും18:4 അതായത്, ബെൽറ്റും അരക്കച്ചയും ദാവീദിനു കൊടുത്തു. ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി. ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?” ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി. പിറ്റേദിവസം ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെമേൽ ശക്തിയോടെ വന്നു. അയാൾ തന്റെ അരമനയിൽ ഉന്മാദാവസ്ഥയിൽ പുലമ്പിക്കൊണ്ടിരുന്നു; ദാവീദോ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടുമിരുന്നു. ശൗലിന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. “ദാവീദിനെ ചുമരോടുചേർത്തു തറച്ചുകളയാം,” എന്നു വിചാരിച്ച് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടുതവണ ഒഴിഞ്ഞു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെയിരിക്കുകയും ശൗലിനെ കൈവെടിയുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഏറ്റവും ഭയപ്പെട്ടു. അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു. ദാവീദ് തന്റെ വഴികളിലെല്ലാം വിജയംകൈവരിച്ചു, കാരണം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. ഇങ്ങനെ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയംകൈവരിക്കുന്നു എന്നുകണ്ടപ്പോൾ, ശൗൽ അദ്ദേഹത്തെ കൂടുതൽ ഭയപ്പെട്ടു. എന്നാൽ ദാവീദ് സമർഥമായി യുദ്ധം നയിച്ചിരുന്നതിനാൽ സകല ഇസ്രായേലും യെഹൂദയും അദ്ദേഹത്തെ സ്നേഹിച്ചു. ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ എന്റെ മൂത്തമകൾ മേരബ്. അവളെ ഞാൻ നിനക്കു ഭാര്യയായി നൽകാം; വീരോചിതമായി എന്നെ സേവിക്കുകയും എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തുകയും ചെയ്താൽമാത്രം മതി. തന്റെ കൈയല്ല; ഫെലിസ്ത്യരുടെ കൈതന്നെ അവന്റെമേൽ പതിക്കട്ടെ” എന്നു ശൗൽ ചിന്തിച്ചിരുന്നു. എന്നാൽ ദാവീദ് ശൗലിനോട്, “രാജാവിന്റെ മരുമകനാകാൻ ഞാൻ ആര്? ഇസ്രായേലിൽ എന്റെ കുടുംബവും എന്റെ കുലവും എന്തുള്ളൂ?” ശൗലിന്റെ മകളായ മേരബിനെ ദാവീദിനു ഭാര്യയായി കൊടുക്കേണ്ട സമയംവന്നപ്പോൾ ശൗൽ അവളെ മെഹോലാത്യനായ അദ്രീയേലിനെക്കൊണ്ട് വിവാഹംകഴിപ്പിച്ചു. ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. ഇതേപ്പറ്റി ശൗലിന് അറിവുകിട്ടിയപ്പോൾ അയാൾ സന്തോഷിച്ചു. “അവൾ അവന് ഒരു കെണിയായിരിക്കുകയും ഫെലിസ്ത്യരുടെ കൈകൾ അവന്റെമേൽ പതിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവളെ അവനു നൽകും,” എന്നു ശൗൽ വിചാരിച്ചു. അതുകൊണ്ടു ശൗൽ ദാവീദിനോട്: “ഇതാ, ഈ രണ്ടാംപ്രാവശ്യം നീ എനിക്കു മരുമകനായിത്തീരണം” എന്നു പറഞ്ഞു. ശൗൽ തന്റെ പരിചാരകന്മാരെ വിളിച്ച്: “ ‘നോക്കൂ, രാജാവു നിന്നിൽ പ്രസാദിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ ഭൃത്യന്മാർക്കെല്ലാം നിന്നോടിഷ്ടമാണ്; അതുകൊണ്ടു നീ രാജാവിന്റെ മരുമകനായിത്തീരണം’ എന്നിങ്ങനെ ദാവീദിനോടു രഹസ്യമായി പറയാൻ” അവരെ നിയോഗിച്ചു. അവർ ആ വാക്കുകൾതന്നെ ദാവീദിനോടു പറഞ്ഞു. എന്നാൽ ദാവീദ് അവരോട്: “രാജാവിന്റെ മരുമകനായിത്തീരുക ഒരു നിസ്സാരകാര്യമെന്നു നിങ്ങൾ ചിന്തിക്കുന്നോ? ഞാൻ ദരിദ്രനും എളിയവനുമാണല്ലോ” എന്നു പറഞ്ഞു. അവർ ദാവീദിന്റെ വാക്കുകൾ രാജാവിനെ അറിയിച്ചു. “ ‘ശത്രുക്കളോടു പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ മറ്റു യാതൊന്നും രാജാവ് സ്ത്രീധനമായി ആഗ്രഹിക്കുന്നില്ല,’ എന്നു നിങ്ങൾ ദാവീദിനോടു പറയുക” എന്നു ശൗൽ അവരോടു കൽപ്പിച്ചു. ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴ്ത്തണമെന്നാണു ശൗൽ ചിന്തിച്ചത്. ശൗലിന്റെ ഭൃത്യന്മാർ ഈ വിവരം ദാവീദിനെ അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുന്നത് അദ്ദേഹത്തിനു സന്തോഷമായി. അതിനാൽ വ്യവസ്ഥയുടെ കാലാവധി തീരുന്നതിനുമുമ്പുതന്നെ ദാവീദ് തന്റെ പടയാളികളോടുകൂടി പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറുപേരെ വധിച്ചു; രാജാവിന്റെ മരുമകനായിത്തീരുന്നതിനുവേണ്ടി അവരുടെ അഗ്രചർമം കൊണ്ടുവന്ന് അദ്ദേഹം രാജാവിന് എണ്ണം ഏൽപ്പിച്ചു. അപ്പോൾ ശൗൽ തന്റെ മകൾ മീഖളിനെ അദ്ദേഹത്തിനു വിവാഹംകഴിച്ചുകൊടുത്തു. യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകൾ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു ബോധ്യമായി. അതിനാൽ ശൗൽ ദാവീദിനെ കൂടുതൽ ഭയപ്പെട്ടു. അദ്ദേഹം ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു. ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടുവന്നു. അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ മറ്റു സേനാധിപന്മാരെക്കാൾ കൂടുതൽ വിജയം നേടിയിരുന്നു. അങ്ങനെ ദാവീദിന്റെ പേരു പ്രസിദ്ധമായിത്തീർന്നു. ശൗൽ ദാവീദിനെ കൊല്ലുന്നതിനു ശ്രമിക്കുന്നു അതിനുശേഷം ദാവീദിനെ വധിക്കണമെന്ന് ശൗൽ തന്റെ പുത്രനായ യോനാഥാനോടും സകലഭൃത്യന്മാരോടും കൽപ്പിച്ചു. എന്നാൽ യോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു, അദ്ദേഹം ദാവീദിനോടു പറഞ്ഞു: “നീ വളരെ കരുതിയിരിക്കണം, എന്റെ പിതാവായ ശൗൽ നിന്നെ കൊന്നുകളയാൻ തക്കംനോക്കിയിരിക്കുന്നു. നാളെ രാവിലെതന്നെ ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചിരിക്കണം. നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.” യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്. ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?” ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു. പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് ഉണ്ടായ സംഭാഷണമെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ദാവീദിനെ കൂട്ടിക്കൊണ്ട് ശൗലിന്റെ അടുത്തുവന്നു. ദാവീദ് മുമ്പിലത്തെപ്പോലെ ശൗലിന്റെ സന്നിധിയിൽ കഴിയുകയും ചെയ്തു. വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരുമായി കഠിനമായി പൊരുതി. അവർ ദാവീദിന്റെ മുമ്പിൽനിന്ന് തോറ്റോടി. ഒരിക്കൽ കൈയിൽ കുന്തവുമായി ശൗൽ തന്റെ അരമനയിൽ ഇരിക്കുമ്പോൾ യഹോവയിൽനിന്നുള്ള ദുരാത്മാവു ശൗലിന്റെമേൽ വന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു. ആ രാത്രിതന്നെ ദാവീദിന്റെ വീടിനു കാവൽനിൽക്കുന്നതിന് ശൗൽ ഭടന്മാരെ അയച്ചു. രാവിലെ അദ്ദേഹം ഇറങ്ങിവരുമ്പോൾ കൊന്നുകളയുന്നതിനായി കൽപ്പനകൊടുക്കുകയും ചെയ്തു. ദാവീദിന്റെ ഭാര്യയായ മീഖൾ കാര്യം മനസ്സിലാക്കിയിട്ട് അദ്ദേഹത്തോട്: “ഇന്നു രാത്രി പ്രാണരക്ഷാർഥം ഓടിപ്പോകുന്നില്ലെങ്കിൽ നാളെ പ്രഭാതത്തിൽ അങ്ങു കൊല്ലപ്പെടും” എന്നു പറഞ്ഞു. അങ്ങനെ മീഖൾ ദാവീദിനെ ഒരു ജനാലയിലൂടെ ഇറക്കിവിട്ടു. അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നെ മീഖൾ ഒരു ബിംബമെടുത്ത് ദാവീദിന്റെ കിടക്കയിൽ കിടത്തി. അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയിട്ടു, ഉടൽ തുണികൊണ്ട് പുതപ്പിക്കുകയും ചെയ്തു. ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച പ്രതിനിധികൾ വന്നപ്പോൾ, “അദ്ദേഹം സുഖമില്ലാതെ കിടക്കുന്നു” എന്നു മീഖൾ അറിയിച്ചു. ശൗൽ ആ പ്രതിനിധികളെ വീണ്ടും ദാവീദിന്റെ ഭവനത്തിലേക്കയച്ചു. “അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെമുമ്പിൽ കൊണ്ടുവരിക,” എന്നു കൽപ്പിച്ചു. എന്നാൽ അവർ മുറിയിൽ പ്രവേശിച്ചപ്പോൾ ദാവീദിന്റെ കിടക്കയിൽ ഒരു ബിംബം തലയ്ക്കൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയുമായി കിടക്കുന്നതു കണ്ടു. ശൗൽ മീഖളിനോട്: “നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?” എന്നു ചോദിച്ചു. “എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു,” എന്ന് മീഖൾ മറുപടി നൽകി. ദാവീദ് രക്ഷപ്പെട്ട് ഓടി രാമായിൽ ശമുവേലിന്റെ അടുത്തെത്തി. ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനെ അറിയിച്ചു. പിന്നെ അവരിരുവരും നയ്യോത്തിലേക്കുപോയി അവിടെ താമസിച്ചു. “ദാവീദ് രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ശൗലിന് അറിവുകിട്ടി. അതിനാൽ ദാവീദിനെ പിടിക്കാൻ ശൗൽ ആളുകളെ അയച്ചു. എന്നാൽ, ഒരുകൂട്ടം പ്രവാചകന്മാർ ശമുവേലിന്റെ നേതൃത്വത്തിൽ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ശൗലിന്റെ ദൂതന്മാർ കണ്ടു. ദൈവാത്മാവ് ശൗലിന്റെ ആളുകളുടെമേലും വന്നു; അവരും പ്രവചിച്ചുതുടങ്ങി. ഇതറിഞ്ഞ് ശൗൽ കൂടുതൽ ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി. ശൗൽ മൂന്നാംപ്രാവശ്യവും ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി. അവസാനം ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ട് സേക്കൂവിലെ വലിയ ജലസംഭരണിയിങ്കൽ എത്തി. “ശമുവേലും ദാവീദും എവിടെ?” എന്ന് അദ്ദേഹം തിരക്കി. “രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ഒരാൾ മറുപടി പറഞ്ഞു. അങ്ങനെ ശൗൽ രാമായിലെ നയ്യോത്തിലെത്തി. എന്നാൽ ദൈവാത്മാവ് ശൗലിന്റെമേൽ വന്നു. അയാൾ നയ്യോത്തിലെത്തുന്നതുവരെ പ്രവചിച്ചുംകൊണ്ടുനടന്നു. ശൗൽ വസ്ത്രം പറിച്ചുകളഞ്ഞ് ശമുവേലിന്റെ സന്നിധിയിലും പ്രവചിച്ചുകൊണ്ടിരുന്നു. അന്നു രാവും പകലും മുഴുവൻ നഗ്നനായിക്കിടന്നു. “ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്ന് ആളുകൾ പറഞ്ഞുവരുന്നതിനു കാരണം ഇതാണ്. ദാവീദും യോനാഥാനും അതിനുശേഷം ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുത്തെത്തി. “ഞാനെന്തു ചെയ്തു? എന്റെ കുറ്റമെന്ത്? എന്നെ കൊല്ലുന്നതിനു തക്കവണ്ണം ഞാൻ അങ്ങയുടെ പിതാവിനോട് എന്തു തെറ്റുചെയ്തു?” എന്ന് അദ്ദേഹം യോനാഥാനോടു ചോദിച്ചു. യോനാഥാൻ മറുപടി പറഞ്ഞു: “ഇല്ല, നീ മരിക്കുകയില്ല. എന്റെ പിതാവ് ചെറുതോ വലുതോ ആയ ഏതു കാര്യവും എന്നോടു രഹസ്യമായി ആലോചിക്കാതെ ചെയ്യാറില്ല. പിന്നെ ഇക്കാര്യം അദ്ദേഹം എന്നിൽനിന്ന് എന്തിനു മറയ്ക്കുന്നു? അതിനാൽ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല.” എന്നാൽ ദാവീദ് പിന്നെയും അദ്ദേഹത്തോട്: “അങ്ങേക്കു ഞാൻ ഏറ്റം പ്രിയമുള്ളവനാണെന്ന് അങ്ങയുടെ പിതാവിനു നല്ലതുപോലെ അറിയാം. ‘യോനാഥാൻ ഇക്കാര്യം അറിഞ്ഞ് ദുഃഖിക്കാതിരിക്കാൻ,’ അദ്ദേഹം ഇക്കാര്യം അറിയാതിരിക്കട്ടെ എന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാൽ, ജീവനുള്ള യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനുമിടയിൽ ഒരടിയകലംമാത്രമേയുള്ളൂ” എന്നു ശപഥംചെയ്തു. അപ്പോൾ യോനാഥാൻ ദാവീദിനോട്: “ഞാനെന്തുചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അതു ഞാൻ ചെയ്തുതരാം” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞു: “നോക്കൂ, നാളെ അമാവാസിയാകുന്നുവല്ലോ? രാജാവിനോടൊപ്പം ഞാനും പന്തിഭോജനം കഴിക്കേണ്ടതാണല്ലോ! എന്നാൽ മറ്റെന്നാൾ സന്ധ്യവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. അങ്ങയുടെ പിതാവ് എന്റെ അസാന്നിധ്യം മനസ്സിലാക്കുകയും എന്നെ അന്വേഷിക്കുകയുംചെയ്താൽ, ‘ബേത്ലഹേമിൽ തന്റെ പിതൃനഗരത്തിൽ തന്റെ കുലത്തിനെല്ലാം ഒരു വാർഷികബലി ഉള്ളതിനാൽ അവിടേക്കു പോകണമെന്ന് ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു’ എന്നു മറുപടി പറയണം. ‘കൊള്ളാം, പൊയ്ക്കൊള്ളട്ടെ,’ എന്ന് അദ്ദേഹം പറയുന്നപക്ഷം അങ്ങയുടെ ദാസനായ ഞാൻ സുരക്ഷിതനാണ്. എന്നാൽ അതിൽ അദ്ദേഹം കോപാകുലനായിത്തീർന്നെങ്കിൽ, അദ്ദേഹം എനിക്കു ദോഷം നിരൂപിച്ചിരിക്കുന്നു എന്ന് അങ്ങേക്കു മനസ്സിലാക്കാം. അങ്ങ് ഈ ദാസനോടു കരുണ കാണിക്കണം. നമ്മൾതമ്മിൽ യഹോവയുടെമുമ്പാകെ ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. എന്നിൽ കുറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ കൈകൊണ്ടുതന്നെ എന്നെ കൊന്നുകളയുക. എന്തിന് അങ്ങയുടെ പിതാവിന്റെ കൈയിൽ എന്നെ ഏൽപ്പിക്കണം.” “ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല,” യോനാഥാൻ പ്രതിവചിച്ചു. “എന്റെ പിതാവു നിനക്കു ദോഷം നിരൂപിക്കുന്നു എന്നതിന് ഒരു ചെറുസൂചനയെങ്കിലും കിട്ടിയാൽ ഞാനതു നിന്നെ അറിയിക്കാതിരിക്കുമോ?” “എന്നാൽ അങ്ങയുടെ പിതാവ് കഠിനമായി സംസാരിക്കുന്നെങ്കിൽ എന്നെ അത് ആരറിയിക്കും?” എന്നു ദാവീദ് ചോദിച്ചു. “വരൂ, നമുക്കു വയലിലേക്കു പോകാം,” എന്നു യോനാഥാൻ ദാവീദിനോട് പറഞ്ഞു. അങ്ങനെ അവരിരുവരും ഒരുമിച്ചു വയലിലേക്കുപോയി. അവിടെവെച്ച് യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി. മറ്റെന്നാൾ ഈ നേരത്തിനകം തീർച്ചയായും ഞാൻ എന്റെ പിതാവിനോട് നിന്നെപ്പറ്റി സംസാരിക്കും. അദ്ദേഹത്തിനു നിന്നോടു പ്രീതിയാണെങ്കിൽ ഞാനക്കാര്യം ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ? എന്നാൽ മറിച്ച് അദ്ദേഹം നിനക്കു ദ്രോഹം നിരൂപിക്കുന്നതായി മനസ്സിലായാൽ ഞാനതു നിന്നെ അറിയിക്കുകയും നിന്നെ സുരക്ഷിതനായി പറഞ്ഞയയ്ക്കുകയും ചെയ്യും. അല്ലാത്തപക്ഷം യഹോവ എന്നെ കഠിനമായി ശിക്ഷിക്കട്ടെ. യഹോവ എന്റെ പിതാവിനോടുകൂടെയിരുന്നതുപോലെ, നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. എന്നാൽ ഞാൻ ജീവിച്ചിരിക്കുന്നതുവരെ, യഹോവയുടെ കരുണയ്ക്കു തുല്യമായ അചഞ്ചലമായ കരുണ നീ എന്നോടു കാണിക്കണം. ഞാൻ മരിച്ചാൽ എന്റെ കുടുംബത്തിന്റെ നേർക്കു നിന്റെ അചഞ്ചലമായ കരുണ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെ ഭൂമിയിൽനിന്ന് സമൂലം ഛേദിച്ചുകളയുന്ന കാലത്തുപോലും. “അങ്ങനെ ദാവീദിന്റെ ശത്രുക്കളോട് യഹോവ കണക്കു ചോദിക്കട്ടെ,” എന്നു പറഞ്ഞ് യോനാഥാൻ ദാവീദിന്റെ ഭവനവുമായി ഉടമ്പടിചെയ്തു. യോനാഥാൻ പ്രാണനെപ്പോലെ ദാവീദിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, ആ സ്നേഹബന്ധത്തിന്റെ പേരിൽ ദാവീദിനെക്കൊണ്ടു വീണ്ടും ശപഥംചെയ്യിച്ചു. അതിനുശേഷം യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണല്ലോ! നിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനാൽ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും. മറ്റെന്നാൾ സന്ധ്യയോടടുത്ത് ഈ പ്രശ്നങ്ങളുടെ തുടക്കത്തിൽ നീ ഒളിച്ചിരുന്ന സ്ഥാനത്ത്; ഏസെൽക്കല്ലിന്റെ മറവിൽ ഒളിച്ചിരിക്കുക. ഞാൻ ഒരു ലക്ഷ്യത്തിലേക്ക് എന്ന ഭാവേന മൂന്ന് അമ്പുകൾ കല്ലിന്റെ വശത്തേക്ക് എയ്യും. ‘പോയി അമ്പുകൾ നോക്കിയെടുത്തു കൊണ്ടുവരൂ,’ എന്നു പറഞ്ഞു ഞാനൊരു ബാലനെ അയയ്ക്കും. ‘നോക്കൂ, അമ്പുകൾ നിന്റെ ഇപ്പുറത്ത് എടുത്തുകൊണ്ടുവരൂ,’ എന്നു ഞാൻ വിളിച്ചുപറയുന്നപക്ഷം നീ എഴുന്നേറ്റുവരണം. ജീവനുള്ള യഹോവയാണെ, നീ സുരക്ഷിതനാണ്; യാതൊരാപത്തുമില്ല. എന്നാൽ ‘നോക്കൂ, അമ്പുകൾ നിന്റെ അപ്പുറത്ത് അതാ,’ എന്നു ഞാൻ ആ ബാലനോടു വിളിച്ചുപറയുന്നപക്ഷം നീ പൊയ്ക്കൊള്ളൂ; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു. ഓർക്കുക: ഞാനും നീയുംതമ്മിൽ പറഞ്ഞൊത്തിരിക്കുന്ന ഇക്കാര്യത്തിൽ യഹോവതന്നെ എനിക്കും നിനക്കും മധ്യേ എന്നേക്കുംസാക്ഷി.” അങ്ങനെ ദാവീദ് വയലിൽ പോയി ഒളിച്ചിരുന്നു. അമാവാസിയുടെ ഉത്സവദിനം വന്നപ്പോൾ രാജാവു പന്തിഭോജനത്തിനിരുന്നു. അദ്ദേഹം ആചാരമര്യാദകളനുസരിച്ച് ഭിത്തിയോടു ചേർന്നുള്ള തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. യോനാഥാൻ അദ്ദേഹത്തിന് അഭിമുഖമായിരുന്നു20:25 മൂ.ഭാ. യോനാഥാൻ എഴുന്നേറ്റുനിന്നു.. ശൗലിന്റെ പാർശ്വത്തിൽ അബ്നേർ ഇരുന്നു. എന്നാൽ ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു. അന്നു ശൗൽ ഒന്നും മിണ്ടിയില്ല. “ദാവീദിന് അശുദ്ധി വരത്തക്കവണ്ണം എന്തെങ്കിലും സംഭവിച്ചുകാണും! അതേ അവന് ശുദ്ധിയില്ല!” എന്നു ശൗൽ ചിന്തിച്ചു. എന്നാൽ അടുത്തദിവസമായ മാസപ്പിറവിയുടെ രണ്ടാംദിനത്തിലും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു. അപ്പോൾ ശൗൽ തന്റെ മകനായ യോനാഥാനോട്: “ഇന്നലെയും ഇന്നും യിശ്ശായിയുടെ മകൻ ഭോജനത്തിനു വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. യോനാഥാൻ അതിനു മറുപടി പറഞ്ഞു: “ബേത്ലഹേംവരെ പോകുന്നതിനു ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു: ‘ഞങ്ങളുടെ കുടുംബമെല്ലാം ഒത്തുചേർന്ന് നഗരത്തിൽവെച്ച് ഒരു യാഗം അർപ്പിക്കുകയാണ്, അവിടെയെത്താൻ എന്റെ ജ്യേഷ്ഠൻ ആജ്ഞാപിച്ചിരിക്കുന്നു; നിനക്കെന്നോടു പ്രിയമുണ്ടെങ്കിൽ പോകാനും എന്റെ സഹോദരന്മാരെ കാണാനും എന്നെ അനുവദിക്കണമെന്നും ദാവീദ് നിർബന്ധിച്ചു.’ അതുമൂലമാണ് അദ്ദേഹം രാജാവിന്റെ വിരുന്നിനു വരാതിരുന്നത്.” ശൗലിന്റെ ക്രോധം യോനാഥാന്റെനേരേ ജ്വലിച്ചു. അദ്ദേഹം അയാളോട്: “വക്രതയും ദുശ്ശാഠ്യവുമുള്ളവളുടെ മകനേ! നിന്റെ ലജ്ജയ്ക്കും നിന്നെ പെറ്റ നിന്റെ അമ്മയുടെ ലജ്ജയ്ക്കുമായി, നീ യിശ്ശായിപുത്രന്റെ പക്ഷംപിടിക്കുന്നു എന്ന് എനിക്കറിഞ്ഞുകൂടേ? യിശ്ശായിപുത്രൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയോ നിന്റെ രാജത്വമോ ഉറയ്ക്കുകയില്ല. ഉടൻ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക. അവൻ തീർച്ചയായും മരിക്കണം!” എന്നു പറഞ്ഞു. “അയാളെ എന്തിനു കൊല്ലണം? അയാൾ എന്തു തെറ്റുചെയ്തു?” യോനാഥാൻ സ്വപിതാവിനോടു ചോദിച്ചു. എന്നാൽ ശൗൽ അവനെ കൊല്ലുന്നതിനായി അവന്റെനേരേ കുന്തമോങ്ങി. അപ്പോൾ തന്റെ പിതാവു ദാവീദിനെ കൊല്ലുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്ന് യോനാഥാന് ബോധ്യമായി. ഉഗ്രകോപത്തോടെ യോനാഥാൻ തീൻമേശയിൽനിന്നും എഴുന്നേറ്റുപോയി. അമാവാസിയുടെ പിറ്റേന്നാൾ അദ്ദേഹം യാതൊന്നും ഭക്ഷിച്ചില്ല. തന്റെ പിതാവു ദാവീദിന്റെനേരേ അനുഷ്ഠിച്ച ലജ്ജാകരമായ പെരുമാറ്റത്തിൽ അദ്ദേഹം ഏറ്റവും ദുഃഖിതനായിരുന്നു. പിറ്റേന്നു പ്രഭാതത്തിൽ ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത് യോനാഥാൻ വയലിലേക്കുപോയി. ഒരു ബാലനും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പുകൾ നോക്കിയെടുത്തുകൊണ്ടുവരിക,” എന്ന് യോനാഥാൻ ബാലനോടു പറഞ്ഞു. ബാലൻ ഓടിപ്പോയപ്പോൾ യോനാഥാൻ അവന്റെ അപ്പുറത്തേക്ക് ഒരമ്പെയ്തു. അമ്പു ചെന്നുവീണ ഇടത്തിൽ ആ ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു വിളിച്ചുപറഞ്ഞു. “അമ്പു നിന്റെ അപ്പുറത്തല്ലോ?” വീണ്ടും അദ്ദേഹം വിളിച്ചുപറഞ്ഞു, “വേഗം, വേഗം ചെല്ലൂ, നിൽക്കരുത്” ബാലൻ അമ്പെടുത്ത് തന്റെ യജമാനന്റെ അടുത്തേക്കു കൊണ്ടുവന്നു. ഇതേപ്പറ്റി യാതൊന്നും ആ ബാലന് അറിഞ്ഞുകൂടായിരുന്നു. യോനാഥാനും ദാവീദിനുംമാത്രമേ ഇതിന്റെ പൊരുൾ അറിയാമായിരുന്നുള്ളൂ. പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ആ ബാലനെ ഏൽപ്പിച്ചിട്ട്, “നഗരത്തിലേക്കു തിരിച്ചു കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞ്” അവനെ അയച്ചു. ആ ബാലൻ പോയിക്കഴിഞ്ഞപ്പോൾ ദാവീദ് പാറയുടെ തെക്കുഭാഗത്തുനിന്ന് എഴുന്നേറ്റുവന്ന് യോനാഥാന്റെ മുമ്പിൽ മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി. അവർ പരസ്പരം ചുംബിച്ചുകരഞ്ഞു. ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോട്: “ ‘എനിക്കും നിനക്കും എന്റെ പിൻഗാമികൾക്കും നിന്റെ പിൻഗാമികൾക്കും മധ്യേ, യഹോവ എന്നേക്കുംസാക്ഷി,’ എന്നു പറഞ്ഞ്, നാം പരസ്പരം സഖ്യം ചെയ്തിരിക്കുകയാൽ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് എഴുന്നേറ്റുപോയി. യോനാഥാനോ, പട്ടണത്തിലേക്കു മടങ്ങിപ്പോന്നു. ദാവീദ് നോബിൽ ദാവീദ് നോബിൽ പുരോഹിതനായ അഹീമെലെക്കിന്റെ അടുക്കൽ എത്തിച്ചേർന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അഹീമെലെക്കു സംഭ്രമത്തോടെ: “അങ്ങെന്താണു തനിച്ചുവന്നത്? കൂടെ ആരുമില്ലാത്തതെന്താണ്?” എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമെലെക്കിനോടു മറുപടി പറഞ്ഞു: “രാജാവ് എന്നെ ഒരു പ്രത്യേക കാര്യത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. ‘എന്നെ ചുമതലപ്പെടുത്തിയ കാര്യവും എനിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ആരും അറിയരുത്,’ എന്നും കൽപ്പിച്ചിരിക്കുന്നു. എന്റെ ആൾക്കാരുടെ കാര്യമാകട്ടെ, ഒരു പ്രത്യേകസ്ഥലത്തു വന്നെത്താൻ ഞാനവരോടു പറഞ്ഞിരിക്കുകയാണ്. അതിനാൽ ഇപ്പോൾ താങ്കളുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരണം, ഇല്ലെങ്കിൽ ഇപ്പോൾ എന്തുണ്ടോ, അതു തരണം.” ആ പുരോഹിതൻ ദാവീദിനോട്: “എന്റെ കൈവശം സാധാരണ അപ്പമില്ല, എങ്കിലും വിശുദ്ധമായ കുറെ അപ്പമുണ്ട്. അങ്ങയുടെ ഭൃത്യന്മാർ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരെങ്കിൽമാത്രം അതു തരാം” എന്നു പറഞ്ഞു. ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി21:5 അഥവാ, കഴിഞ്ഞ ചില ദിവസങ്ങളായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു. അന്ന് ചൂടുള്ള അപ്പം കാഴ്ചയായി വെച്ചിട്ട് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കംചെയ്ത കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെയില്ലായിരുന്നു. അതിനാൽ, നീക്കിയ ആ വിശുദ്ധ അപ്പംതന്നെ പുരോഹിതൻ ദാവീദിനു നൽകി. എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവനെ അവിടെ യഹോവയുടെ സന്നിധിയിൽ തടഞ്ഞുവെച്ചിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനും ഏദോമ്യനുമായ ദോയേഗ് ആയിരുന്നു അത്. ദാവീദ് വീണ്ടും അഹീമെലെക്കിനോടു ചോദിച്ചു. “ഇവിടെ അങ്ങയുടെപക്കൽ ഒരു വാളോ കുന്തമോ വല്ലതും ഉണ്ടോ? രാജാവു കൽപ്പിച്ചകാര്യം തിടുക്കത്തിൽ നിറവേറ്റേണ്ടിയിരുന്നതിനാൽ ഞാൻ എന്റെ വാളോ മറ്റായുധങ്ങളോ ഒന്നും എടുത്തിട്ടില്ല.” പുരോഹിതൻ മറുപടി പറഞ്ഞു: “അങ്ങ് ഏലാതാഴ്വരയിൽവെച്ചു വധിച്ച ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഇവിടെയുണ്ട്. ഏഫോദിന്റെ പിറകിൽ അതൊരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. അങ്ങേക്ക് ആവശ്യമെങ്കിൽ അതെടുക്കാം. അതല്ലാതെ മറ്റു വാളൊന്നും ഇവിടെയില്ല.” “അതിനുതുല്യം മറ്റൊന്നില്ലല്ലോ! അതെനിക്കു തരൂ,” എന്നു ദാവീദ് പറഞ്ഞു. ദാവീദ് ഗത്തിൽ പിന്നെ ദാവീദ് രക്ഷപ്പെട്ട് ശൗലിനെക്കുറിച്ചുള്ള ഭയംനിമിത്തം ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കൽ എത്തി. എന്നാൽ ആഖീശിന്റെ സേവകന്മാർ അദ്ദേഹത്തോട്: “ആ ദേശത്തിലെ രാജാവായ ദാവീദല്ലേ ഇത്. “ ‘ശൗൽ ആയിരങ്ങളെ കൊന്നു; എന്നാൽ, ദാവീദ് പതിനായിരങ്ങളെയും’ എന്ന് ഗാനപ്രതിഗാനമായി അവർ പാടി നൃത്തംചെയ്തത് ഇവനെക്കുറിച്ചല്ലോ?” എന്നു പറഞ്ഞു. ദാവീദ് ഈ വാക്കുകളുടെ പൊരുൾ ഗ്രഹിച്ചതിനാൽ അദ്ദേഹം ഗത്തിലെ രാജാവായ ആഖീശിനെ വളരെ ഭയപ്പെട്ടു. അതിനാൽ ദാവീദ് അവരുടെമുമ്പിൽ തന്റെ സ്വഭാവം മാറ്റി, അവരുടെ പിടിയിൽ ഇരിക്കെത്തന്നെ, വാതിൽപ്പലകകളിൽ കുത്തിവരച്ചും താടിമീശയിലൂടെ തുപ്പലൊഴുക്കിയുംകൊണ്ട് ഒരു ഭ്രാന്തനായി അഭിനയിച്ചു. ഇതുകണ്ട ആഖീശ് തന്റെ സേവകന്മാരോട് ചോദിച്ചു: “ആ മനുഷ്യനെ നോക്കൂ! അയാൾ ഭ്രാന്തനാണ്! നിങ്ങൾ അയാളെ എന്തിന് എന്റെമുമ്പിൽ കൊണ്ടുവന്നു? ഈ നാട്ടിലെങ്ങും ഭ്രാന്തമാർ ഇല്ലാഞ്ഞിട്ടോ എന്റെമുമ്പിൽ ഭ്രാന്തുകളിക്കാൻ നിങ്ങൾ ഈ മനുഷ്യനെ ഇങ്ങോട്ടുകൊണ്ടുവന്നത്? ഇത്തരക്കാർ വരേണ്ടത് എന്റെ അരമനയിലോ?” ദാവീദ് അദുല്ലാംഗുഹയിലും മിസ്പായിലും അങ്ങനെ ദാവീദ് ഗത്ത് വിട്ടോടി അദുല്ലാം ഗുഹയിൽ അഭയംതേടി. അദ്ദേഹത്തിന്റെ സഹോദരന്മാരും പിതൃഭവനവും എല്ലാം ഇതു കേട്ട് അവിടെയെത്തി. ഞെരുക്കമുള്ളവർ, കടബാധ്യതയുള്ളവർ, അസന്തുഷ്ടർ എന്നിങ്ങനെയുള്ളവരെല്ലാം ദാവീദിന്റെ ചുറ്റും ഒത്തുചേർന്നു. അദ്ദേഹം അവർക്കു നേതാവുമായി. അങ്ങനെ ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം വന്നുകൂടി. അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു. അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു. എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു. ശൗൽ നോബിലെ പുരോഹിതന്മാരെ വധിക്കുന്നു ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു. ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?” അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു. അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.” ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി. അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!” “തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?” അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ?22:14 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ! അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.” എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു. അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല. അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു. പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി. എന്നാൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ ഒരു മകൻ, അബ്യാഥാർ തെറ്റിയൊഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്ക് ഓടിപ്പോയി. യഹോവയുടെ പുരോഹിതന്മാരെ ശൗൽ കൊന്നു എന്ന വസ്തുത അബ്യാഥാർ ദാവീദിനോടു പറഞ്ഞു. അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “അന്ന് ഏദോമ്യനായ ദോയേഗ് അവിടെ ഉണ്ടായിരുന്നു; അവൻ തീർച്ചയായും ശൗലിനോട് ഈ വിവരം പറയുമെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ പിതാവിന്റെ കുടുംബത്തിന്റെയെല്ലാം മരണത്തിനു ഞാൻ കാരണക്കാരനായല്ലോ. എന്നോടുകൂടെ പാർക്കുക! ഭയപ്പെടേണ്ട! എന്റെ പ്രാണനെ വേട്ടയാടുന്നവർ നിനക്കും ജീവഹാനി വരുത്താൻ നോക്കുന്നു. എങ്കിലും നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും!” ദാവീദ് കെയീലയെ രക്ഷിക്കുന്നു “ഫെലിസ്ത്യർ കെയീലയെ ആക്രമിക്കുന്നെന്നും അവർ മെതിക്കളം കവർച്ച ചെയ്യുന്നെന്നും,” ദാവീദിന് അറിവുകിട്ടി. “ഞാൻ പോയി ഈ ഫെലിസ്ത്യരെ നേരിടണമോ,” എന്ന് അദ്ദേഹം യഹോവയോട് അരുളപ്പാടു ചോദിച്ചു. “ചെന്ന് ഫെലിസ്ത്യരോടു പൊരുതി കെയീലയെ രക്ഷിക്കുക,” എന്ന് യഹോവ ദാവീദിനോടു കൽപ്പിച്ചു. എന്നാൽ ദാവീദിനോടുകൂടെയുള്ളവർ അദ്ദേഹത്തോട്: “ഇവിടെ ഈ യെഹൂദ്യയിൽത്തന്നെ നാം ഭയപ്പെട്ടു കഴിയുന്നു. പിന്നെ നാം കെയീലയിൽ ഫെലിസ്ത്യസൈന്യങ്ങൾക്കെതിരേ എങ്ങനെ ചെല്ലും?” എന്നു ചോദിച്ചു. അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു. അതിനാൽ ദാവീദും കൂടെയുള്ളവരും കെയീലയിലേക്കുചെന്ന് ഫെലിസ്ത്യരോടു പൊരുതി അവരെ തോൽപ്പിച്ച് അവരുടെ ആടുമാടുകളെ അപഹരിച്ചു. അവർ ഫെലിസ്ത്യർക്കു കനത്ത നാശം വരുത്തുകയും കെയീലയിലെ ജനങ്ങളെ രക്ഷിക്കുകയും ചെയ്തു. കെയീലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിപ്പോകുമ്പോൾ അഹീമെലെക്കിന്റെ മകനായ അബ്യാഥാർ തന്റെകൂടെ ഏഫോദും കൊണ്ടുപോന്നിരുന്നു. ശൗൽ ദാവീദിനെ പിൻതുടരുന്നു ദാവീദ് കെയീലയിലേക്കു പോയിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി. “വാതിലുകളും ഓടാമ്പലുകളുമുള്ള ഒരു നഗരത്തിൽ ദാവീദ് സ്വയം വന്ന് അകപ്പെട്ടതുമൂലം ദൈവം അവനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്നു ശൗൽ പറഞ്ഞു. പിന്നീട് ശൗൽ തന്റെ സർവസൈന്യത്തെയും യുദ്ധത്തിനായി വിളിച്ചുകൂട്ടി. കെയീലയിലേക്കുചെന്ന് ദാവീദിനെയും ആൾക്കാരെയും വളയാൻ അയാൾ അവർക്കു കൽപ്പനകൊടുത്തു. ശൗൽ തനിക്കെതിരേ ദുരാലോചന നടത്തുന്നു എന്ന് ദാവീദ് മനസ്സിലാക്കി. “ഏഫോദ് തന്റെ അടുത്തുകൊണ്ടുവരിക,” അദ്ദേഹം പുരോഹിതനായ അബ്യാഥാരിനോടു കൽപ്പിച്ചു. അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു. കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!” “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു. “കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു. “അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു. അങ്ങനെ ദാവീദും കൂടെയുള്ള ഏകദേശം അറുനൂറ് ആളുകളും കെയീലാ വിട്ടുപോന്നു. അവർ തരംപോലെ ഓരോരോ സ്ഥലത്തേക്കു നീങ്ങിക്കൊണ്ടിരുന്നു. ദാവീദ് കെയീലയിൽനിന്നും രക്ഷപ്പെട്ടു എന്നു ശൗൽ അറിഞ്ഞപ്പോൾ അവിടേക്കുള്ള യാത്ര നിർത്തിവെച്ചു. ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല. ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു. ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.” അങ്ങനെ അവർ ശൗലിനുമുമ്പായി സീഫിലേക്കു പോയി. അപ്പോൾ ദാവീദും കൂടെയുള്ളവരും യശിമോന് തെക്ക് അരാബയിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. ശൗലും അദ്ദേഹത്തിന്റെ ആളുകളും തെരച്ചിൽ തുടങ്ങി. ദാവീദ് അതറിഞ്ഞപ്പോൾ മാവോൻ മരുഭൂമിയിലെ വലിയപാറയിൽ ചെന്നു താമസിച്ചു. ശൗൽ ഇതറിഞ്ഞപ്പോൾ ദാവീദിനെ പിൻതുടർന്നു. അദ്ദേഹവും മാവോൻ മരുഭൂമിയിലേക്കു പോയി. ശൗൽ പർവതത്തിന്റെ ഒരുവശത്തുകൂടി നീങ്ങിക്കൊണ്ടിരുന്നു; ദാവീദും അനുയായികളും മറുവശത്തുകൂടിയും. ശൗലിനെ ഒഴിഞ്ഞുമാറിപ്പോകാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കുന്നതിനായി ശൗലും സൈന്യവും അടുത്തു വന്നുകൊണ്ടിരുന്നു. അപ്പോൾ ഒരു സന്ദേശവാഹകൻ വന്ന്, “വേഗം വന്നാലും! ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു ശൗലിനെ അറിയിച്ചു. അപ്പോൾ ശൗൽ ദാവീദിനെ പിൻതുടരുന്നതു മതിയാക്കി ഫെലിസ്ത്യരെ നേരിടാനായി മടങ്ങിപ്പോയി. അതിനാൽ ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത്23:28 പിരിഞ്ഞുപോക്കിന്റെ പാറ എന്നർഥം. എന്നു പേരായി. ദാവീദ് അവിടെനിന്നു പോയി എൻ-ഗെദിയിലെ സുരക്ഷിതമേഖലകളിൽ വസിച്ചു. ദാവീദ് ശൗലിന്റെ ജീവൻ സംരക്ഷിക്കുന്നു ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി. അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു. ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു. അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു. അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു? ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു. എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു. അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല. ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല. “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ? യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!” ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു. അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു. എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല. ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ! നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു. എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.” അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി. ദാവീദ്, നാബാൽ, അബീഗയിൽ ശമുവേൽ മരിച്ചു. ഇസ്രായേലെല്ലാം ഒരുമിച്ചുകൂടി അദ്ദേഹത്തിനുവേണ്ടി വിലപിച്ചു; രാമായിലുള്ള സ്വവസതിയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. അതിനുശേഷം ദാവീദ് പുറപ്പെട്ട് പാരാൻ25:1 ചി.കൈ.പ്ര. മാവൊൻ മരുഭൂമിയിൽ പോയി താമസിച്ചു. കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ പേര് നാബാൽ എന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അബീഗയിൽ വിവേകവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നാൽ അവളുടെ ഭർത്താവ് ദയയില്ലാത്തവനും ദുഷ്ടനും കാലേബിന്റെ വംശജനും ആയിരുന്നു. ദാവീദ് മരുഭൂമിയിലായിരുന്നപ്പോൾ നാബാൽ കർമേലിൽ ആടുകളുടെ രോമം കത്രിക്കുന്നുണ്ട് എന്നു കേട്ടു. അദ്ദേഹം തന്റെ കൂട്ടത്തിൽനിന്ന് പത്തു ചെറുപ്പക്കാരെ വിളിച്ച് അവിടേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിൽ നാബാലിന്റെ അടുത്തേക്കു ചെല്ലുക. അദ്ദേഹത്തെ എന്റെ നാമത്തിൽ വന്ദനംചെയ്യുക. എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘താങ്കൾ ദീർഘായുസ്സോടെയിരിക്കട്ടെ! താങ്കൾക്കും താങ്കളുടെ ഭവനത്തിനുംമാത്രമല്ല, താങ്കൾക്കുള്ള എല്ലാവർക്കും ആയുരാരോഗ്യങ്ങൾ ലഭിക്കട്ടെ! “ ‘ഇപ്പോൾ താങ്കൾക്ക് ആടുകളുടെ രോമം കത്രിക്കുന്ന സമയമാണെന്നു ഞാൻ കേട്ടിരിക്കുന്നു. താങ്കളുടെ ഇടയന്മാർ ഞങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അവർക്കൊരുദ്രോഹവും ചെയ്തിട്ടില്ല. അവർ കർമേലിൽ ആയിരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. താങ്കളുടെ ഭൃത്യന്മാരോടു ചോദിച്ചാലും. അവർ അതു പറയും. അതിനാൽ ഞാനയയ്ക്കുന്ന ഈ ചെറുപ്പക്കാരോടു ദയ തോന്നേണം. ഒരു പ്രത്യേകദിവസത്തിലാണല്ലോ ഞങ്ങൾ വരുന്നതും! ദയവായി താങ്കളുടെ ഈ ഭൃത്യന്മാർക്കും താങ്കളുടെ മകനായ ദാവീദിനുംവേണ്ടി എന്തുകൊടുക്കാൻ കഴിയുമോ അതു കൊടുക്കണം.’ ” ദാവീദിന്റെ ആളുകൾ വന്ന് ഈ സന്ദേശം ദാവീദിന്റെ നാമത്തിൽ നാബാലിനെ അറിയിച്ചു. എന്നിട്ട് അവർ കാത്തുനിന്നു. എന്നാൽ നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ദാവീദ് ആര്? യിശ്ശായിയുടെ മകനാര്? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു ധാരാളമാണ്. എവിടെനിന്നു വന്നവർ എന്നുപോലും അറിയാത്ത ആളുകൾക്കുവേണ്ടി ഞാനെന്റെ അപ്പവും വെള്ളവും, എന്റെ വീട്ടിൽ രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഇറച്ചിയും എടുത്തുകൊടുക്കുന്നതെന്തിന്?” ദാവീദിന്റെ ഭൃത്യന്മാർ മടങ്ങിവന്ന് ഈ വാക്കുകളെല്ലാം ദാവീദിനെ അറിയിച്ചു. അപ്പോൾ ദാവീദ് തന്റെ ആളുകളോട് ആജ്ഞാപിച്ചു: “നിങ്ങളുടെ വാൾ ധരിച്ചുകൊള്ളുക.” അതുകേട്ട് എല്ലാവരും താന്താങ്ങളുടെ വാൾ അരയ്ക്കുകെട്ടി. ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം പോയി. ശേഷിച്ച ഇരുനൂറുപേർ സാധനസാമഗ്രികൾ കാത്തുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. സേവകന്മാരിലൊരാൾ നാബാലിന്റെ ഭാര്യ അബീഗയിലിനെ അറിയിച്ചു: “യജമാനനെ അഭിവാദനം ചെയ്യുന്നതിനായി ദാവീദ് മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചിരുന്നു. എന്നാൽ അദ്ദേഹം അവരെ ശകാരിക്കുകയാണു ചെയ്തത്. ആ മനുഷ്യർ ഞങ്ങൾക്ക് ഏറ്റവും നല്ലവരായിരുന്നു. അവർ ഞങ്ങളോടു ദ്രോഹം പ്രവർത്തിച്ചിട്ടില്ല. ഞങ്ങൾ വെളിമ്പ്രദേശത്ത് അവരുടെ അടുത്ത് ആയിരുന്ന നാളുകളിൽ ഒരിക്കലും നമുക്കൊന്നും നഷ്ടമായിട്ടില്ല. ഞങ്ങൾ അവരുടെ അടുത്ത് ആടുകളെ മേയിച്ചു കഴിഞ്ഞിരുന്ന കാലത്തെല്ലാം രാപകൽ അവർ ഞങ്ങൾക്കുചുറ്റും ഒരു കോട്ടയായിരുന്നു. ആകയാൽ എന്തുചെയ്യാൻ കഴിയുമെന്നു ചിന്തിച്ച് പ്രവർത്തിച്ചാലും! എന്തെന്നാൽ നമ്മുടെ യജമാനനും അദ്ദേഹത്തിന്റെ സകലഭവനത്തിനും നാശം അടുത്തിരിക്കുന്നു എന്ന കാര്യം ഉറപ്പാണ്. യജമാനനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ. അത്രയ്ക്കു വികടസ്വഭാവിയാണ് അദ്ദേഹം.” അബീഗയിൽ സമയം ഒട്ടും നഷ്ടപ്പെടുത്തിയില്ല. അവൾ തിടുക്കത്തിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകംചെയ്ത അഞ്ച് ആടും അഞ്ചു സേയാ25:18 ഏക. 27 കി.ഗ്രാം. മലരും നൂറ് ഉണക്കമുന്തിരിയടയും ഇരുനൂറ് അത്തിപ്പഴക്കട്ടയും എടുത്ത് കഴുതകളുടെ പുറത്തു കയറ്റി. “നിങ്ങൾ എനിക്കുമുമ്പേ പോകുക. ഞാൻ പിന്നാലെ വരുന്നുണ്ട്,” എന്നു പറഞ്ഞ് അവൾ ദാസന്മാരെ അയച്ചു. എന്നാൽ അവൾ തന്റെ ഭർത്താവായ നാബാലിനോട് ഒന്നും പറഞ്ഞതുമില്ല. അവൾ കഴുതപ്പുറത്ത് ഒരു മലയിടുക്കിലൂടെ ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവളുടെനേരേ വരികയായിരുന്നു; അവൾ അവരെക്കണ്ടു. എന്നാൽ ദാവീദ്: “ഈ മനുഷ്യന്റെ സമ്പത്തിൽ യാതൊന്നും നഷ്ടമാകാതിരിക്കത്തക്കവണ്ണം ഞാൻ അവയെ കാത്തുരക്ഷിച്ചതെല്ലാം ഇന്നു വ്യർഥമായിത്തീർന്നിരിക്കുന്നു. അവനെനിക്ക്, നന്മയ്ക്കുപകരം തിന്മ ചെയ്തിരിക്കുന്നു. അവന്റെ സന്തതിയിൽ ഒരാണിനെയെങ്കിലും ഞാൻ പുലരുംവരെ ജീവനോടെ ശേഷിപ്പിച്ചാൽ ദൈവം ദാവീദിനോട്25:22 ചി.കൈ.പ്ര. ദാവീദിന്റെ ശത്രുവിനോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറഞ്ഞിരുന്നു. അബീഗയിൽ ദാവീദിനെക്കണ്ടപ്പോൾ വേഗം കഴുതപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അവൾ അദ്ദേഹത്തിന്റെ കാൽക്കൽവീണു പറഞ്ഞു: “എന്റെ പ്രഭോ, കുറ്റം എന്റെമേൽമാത്രമായിരിക്കട്ടെ! അങ്ങയുടെ ഈ ദാസിയെ അങ്ങയോടു സംസാരിക്കാൻ അനുവദിച്ചാലും! ഈ ദാസിക്ക് പറയാനുള്ളത് ഒന്നു കേൾക്കണേ! എന്റെ പ്രഭോ! അങ്ങ് ആ ദുഷ്ടമനുഷ്യനായ നാബാലിനെ ഗണ്യമാക്കരുതേ! അവൻ തന്റെ പേരുപോലെതന്നെയാണ്. നാബാലെന്നാണല്ലോ അവന്റെ പേര്. ഭോഷത്തം അവന്റെ കൂടപ്പിറപ്പാണ്. അടിയനോ, യജമാനൻ അയച്ച ആളുകളെ കണ്ടിരുന്നില്ല. ഇന്ന് യഹോവ രക്തപാതകത്തിൽനിന്നും സ്വന്തം കൈകൾകൊണ്ടുള്ള പകപോക്കലിൽനിന്നും ജീവനുള്ള ദൈവമായ യഹോവയാണെ, അങ്ങാണെ, എന്റെ യജമാനനെ തടഞ്ഞിരിക്കുന്നു. അങ്ങയുടെ ശത്രുക്കളും എന്റെ യജമാനനു ദ്രോഹം നിരൂപിക്കുന്ന ഏവരും ആ നാബാലിനെപ്പോലെ ആയിത്തീരട്ടെ! അങ്ങയുടെ ഈ ദാസി എന്റെ യജമാനനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ചകൾ അങ്ങയുടെ അനുയായികൾക്കു നൽകിയാലും. “ദയതോന്നി അങ്ങയുടെ ഈ ദാസിയുടെ കുറ്റം ക്ഷമിക്കണമേ. യഹോവ എന്റെ യജമാനനുവേണ്ടി ശാശ്വതമായൊരു ഭവനം പണിയും. യഹോവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളാണല്ലോ അങ്ങ് നടത്തുന്നത്. അങ്ങു ജീവനോടിരിക്കുന്ന കാലത്തൊരിക്കലും ഒരു കുറ്റകൃത്യം അങ്ങയിൽ കാണാൻ ഇടവരാതിരിക്കട്ടെ. അങ്ങയുടെ ജീവൻ അപഹരിക്കാനായി ഏതെങ്കിലും ഒരുവൻ അങ്ങയെ പിൻതുടർന്നുകൊണ്ടിരുന്നാലും, എന്റെ യജമാനന്റെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ ഭദ്രമായി കെട്ടപ്പെട്ടിരിക്കും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ ജീവനോ, കവിണത്തടത്തിലെ കല്ലുപോലെ യഹോവ ചുഴറ്റിയെറിഞ്ഞുകളയും. യഹോവ എന്റെ യജമാനനായ അങ്ങേക്കുവേണ്ടി വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളെല്ലാം ചെയ്തുതന്ന് അങ്ങയെ ഇസ്രായേലിനു നായകനായി അവരോധിക്കുമ്പോൾ, അകാരണമായി രക്തം ചിന്തിയതുകൊണ്ടോ സ്വന്തം കൈയാൽ പകപോക്കിയതുകൊണ്ടോ ഉള്ള മനസ്സാക്ഷിക്കുത്തലും വ്യഥാഭാരവും യജമാനന് ഉണ്ടാകുകയുമില്ല. യഹോവ എന്റെ യജമാനനു വിജയം നൽകുമ്പോൾ ഈ എളിയ ദാസിയെയും ഓർത്തുകൊള്ളണമേ!” ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ എതിരേൽക്കാനായി ഇന്നു നിന്നെ അയച്ച, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം! നിന്റെ വിവേകം സ്തുത്യർഹംതന്നെ. രക്തപാതകവും സ്വന്തം കൈകൊണ്ടു പ്രതികാരവും ചെയ്യാതെ എന്നെ ഇന്നു തടഞ്ഞ നിന്റെ പ്രവൃത്തിയും പ്രശംസനീയംതന്നെ. അതിനാൽ നീ അനുഗൃഹീതയായിരിക്കട്ടെ! നിന്നോടു ദ്രോഹം പ്രവർത്തിക്കുന്നതിൽനിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, നീ എന്നെ എതിരേൽക്കാൻ തിടുക്കത്തിൽ വന്നില്ലായിരുന്നെങ്കിൽ നാളത്തെ പുലരിയിൽ നാബാലിന്റെ വംശത്തിൽപ്പെട്ട ഒരൊറ്റ പുരുഷപ്രജപോലും ജീവനോടെ ശേഷിക്കുമായിരുന്നില്ല.” അവൾ കൊണ്ടുവന്നിരുന്നത് ദാവീദ് അവളുടെ കൈയിൽനിന്നു സ്വീകരിച്ചു. പിന്നെ അദ്ദേഹം അവളോടു പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പൊയ്ക്കൊള്ളൂ! ഞാൻ നിന്റെ വാക്കു കൈക്കൊണ്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു.” അബീഗയിൽ നാബാലിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ സ്വഭവനത്തിൽ രാജകീയമായ ഒരു വിരുന്നു നടത്തുകയായിരുന്നു. അയാൾ ഏറ്റവും ഉല്ലാസഭരിതനും മദ്യപിച്ചു മദോന്മത്തനും ആയിത്തീർന്നു. അതിനാൽ പിറ്റേദിവസം പ്രഭാതംവരെ അവൾ അയാളോടു യാതൊന്നും പറഞ്ഞില്ല. പ്രഭാതത്തിൽ നാബാൽ അയാളുടെ മദ്യലഹരി ഒഴിഞ്ഞ സമയത്ത് സകലകാര്യങ്ങളും ഭാര്യ അയാളോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അയാളുടെ ഹൃദയം നിർജീവമായി; അയാൾ മരവിച്ചിരുന്നുപോയി. ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോൾ യഹോവ നാബാലിനെ പ്രഹരിക്കുകയാൽ അയാൾ മരിച്ചുപോയി. നാബാൽ മരിച്ചു എന്നു കേട്ടപ്പോൾ ദാവീദ് ഇപ്രകാരം പറഞ്ഞു: “എന്നോടു നിന്ദാപൂർവം പെരുമാറിയതിന് എനിക്കുവേണ്ടി നാബാലിനോടു വാദിച്ച യഹോവയ്ക്കു സ്തോത്രം! അവൻ തന്റെ ദാസനെ തിന്മ പ്രവർത്തിക്കുന്നതിൽനിന്നു തടയുകയും നാബാലിന്റെ അകൃത്യം അവന്റെ തലമേൽത്തന്നെ വീഴ്ത്തുകയും ചെയ്തിരിക്കുന്നു.” ഇതിനുശേഷം അബീഗയിൽ തന്റെ ഭാര്യയായിത്തീരുന്നതിനുള്ള താത്പര്യം അറിയിക്കുന്നതിനായി ദാവീദ് അവൾക്കു സന്ദേശംനൽകി. ദാവീദിന്റെ ഭൃത്യന്മാർ കർമേലിൽ വന്ന് അബീഗയിലിനോടു പറഞ്ഞു: “തന്റെ ഭാര്യയായിരിക്കാൻ നിന്നെ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനായി ദാവീദ് ഞങ്ങളെ അയച്ചിരിക്കുന്നു.” അവൾ സാഷ്ടാംഗം വീണു നമസ്കരിച്ചിട്ടു പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി, അങ്ങയെ സേവിപ്പാനും എന്റെ യജമാനന്റെ ഭൃത്യരുടെ പാദങ്ങൾ കഴുകാനും സന്നദ്ധയായവൾ!” അബീഗയിൽ വേഗം എഴുന്നേറ്റ് കഴുതപ്പുറത്തുകയറി. അഞ്ചു പരിചാരികകളും അവളെ അനുഗമിച്ചു. അവൾ ദാവീദിന്റെ ഭൃത്യന്മാരുടെകൂടെപ്പോയി അദ്ദേഹത്തിനു ഭാര്യയായിത്തീർന്നു. ദാവീദ് യെസ്രീൽക്കാരിയായ അഹീനോവമിനെയും വിവാഹംകഴിച്ചിരുന്നു; ഇരുവരും അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു. എന്നാൽ ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായ മീഖളിനെ ഗാല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു25:44 ഫല്തിയേൽ, ഫല്തി എന്നതിന്റെ മറ്റൊരുരൂപം. കൊടുത്തിരുന്നു. ദാവീദ് ഒരിക്കൽക്കൂടി ശൗലിന്റെ ജീവൻ വിട്ടുകൊടുക്കുന്നു സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തുവന്ന്, “ദാവീദല്ലേ യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നത്?” എന്നറിയിച്ചു. അതുകൊണ്ട് ഇസ്രായേലിൽനിന്ന് തെരഞ്ഞെടുത്ത മൂവായിരം പടയാളികളുമായി ശൗൽ ദാവീദിനെ തെരയുന്നതിനായി സീഫ് മരുഭൂമിയിലേക്കു പോയി. യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ വഴിയരികെ ശൗൽ പാളയമടിച്ചു. എന്നാൽ ദാവീദോ, മരുഭൂമിയിൽത്തന്നെ താമസിച്ചു. ശൗൽ തന്നെ പിൻതുടരുന്നു എന്നുകണ്ടപ്പോൾ ദാവീദ് ചാരന്മാരെ അയച്ച് ശൗൽ ഇന്ന സ്ഥലത്തെത്തിയിരിക്കുന്നെന്നു മനസ്സിലാക്കി. അതിനെത്തുടർന്ന് ദാവീദ് പുറപ്പെട്ട് ശൗൽ പാളയമടിച്ചിരിക്കുന്ന സ്ഥലത്തെത്തി. ശൗലും നേരിന്റെ മകനായ അദ്ദേഹത്തിന്റെ സേനാധിപതി അബ്നേരും കിടന്നിരുന്ന ഇടം അദ്ദേഹം കണ്ടു. ശൗൽ പാളയത്തിനുള്ളിൽ, തന്റെ ചുറ്റും വലയം തീർത്തിരുന്ന സൈനികരുടെ മധ്യേ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ ദാവീദ് ഹിത്യനായ അഹീമെലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് എന്റെകൂടെ ആർ വരും?” എന്നു ചോദിച്ചു. “ഞാൻ വരാം,” എന്ന് അബീശായി മറുപടി പറഞ്ഞു. അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു. അബീശായി ദാവീദിനോട്: “ദൈവം അങ്ങയുടെ ശത്രുവിനെ ഇതാ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചുതന്നിരിക്കുന്നു. ഞാനവനെ എന്റെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കട്ടെ; രണ്ടാമതൊന്നുകൂടി കുത്തുകയില്ല” എന്നു പറഞ്ഞു. എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും? ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും. തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു. അങ്ങനെ ശൗലിന്റെ തലയ്ക്കൽനിന്ന് കുന്തവും ജലപാത്രവും ദാവീദെടുത്തു. അവർ പുറപ്പെട്ടുപോന്നു. ഒരുത്തരും കണ്ടില്ല; ആരും അറിഞ്ഞതുമില്ല. ആരും ഉണർന്നതുമില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവ അവരെ ഗാഢനിദ്രയിലാക്കിയിരുന്നു. പിന്നെ ദാവീദ് മറുവശത്തേക്കു കടന്ന് അൽപ്പം ദൂരത്ത് ഒരു കുന്നിൻമുകളിൽ കയറിനിന്നു. അവർക്കിടയിൽ മതിയായ അകലമുണ്ടായിരുന്നു. അദ്ദേഹം പട്ടാളക്കാരോടും നേരിന്റെ മകൻ അബ്നേരിനോടുമായി, “അബ്നേരേ, നീ എന്നോട് ഉത്തരം പറയുമോ?” എന്നു വിളിച്ചുചോദിച്ചു. “രാജസന്നിധിയിൽ കൂകിവിളിക്കുന്ന നീയാര്?” എന്ന് അബ്നേർ ചോദിച്ചു. ദാവീദ് പറഞ്ഞു: “നീയൊരു പുരുഷനല്ലേ? ഇസ്രായേലിൽ നിനക്കു തുല്യനായി ആരുണ്ട്? നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാത്തതെന്ത്? നിന്റെ യജമാനനായ രാജാവിനെ കൊലപ്പെടുത്താൻ ഒരുവൻ വന്നിരുന്നല്ലോ! നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.” അപ്പോൾ ശൗൽ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരമോ?” എന്ന് അദ്ദേഹം ചോദിച്ചു. “അതേ! എന്റെ യജമാനനായ രാജാവേ, എന്റെ സ്വരംതന്നെ,” ദാവീദ് മറുപടി പറഞ്ഞു. “പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്? ഇപ്പോൾ എന്റെ യജമാനനായ രാജാവ് അടിയന്റെ വാക്കുകൾ ശ്രദ്ധിക്കണമേ! യഹോവ ആകുന്നു എനിക്കെതിരായി തിരുമേനിയെ പ്രേരിപ്പിക്കുന്നതെങ്കിൽ, അവിടന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ! അതല്ല, മനുഷ്യരാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ അവർ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവരായിത്തീരട്ടെ! അവർ ഇപ്പോൾത്തന്നെ യഹോവയുടെ അവകാശത്തിലെ എന്റെ ഓഹരിയിൽനിന്ന് എന്നെ ഓടിച്ചുകളയുകയും ‘പോയി അന്യദൈവങ്ങളെ സേവിച്ചുകൊള്ളൂ,’ എന്നു പറയുകയും ചെയ്തിരിക്കുകയാണല്ലോ! ആകയാൽ എന്റെ രക്തം യഹോവയുടെമുമ്പാകെ നിലത്തുവീഴാതിരിക്കട്ടെ! ഒരുവൻ പർവതങ്ങളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ, ഇസ്രായേൽരാജാവ് ഒരു ചെള്ളിനെത്തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ?” അപ്പോൾ ശൗൽ വിളിച്ചുപറഞ്ഞു: “എന്റെ മകനേ, ദാവീദേ, മടങ്ങിവരിക! ഞാൻ പാപംചെയ്തിരിക്കുന്നു. നീ ഇന്ന് എന്റെ ജീവനെ വിലയേറിയതായി കണക്കാക്കിയിരിക്കുകയാൽ ഞാനിനിയും നിന്നെ ദ്രോഹിക്കാൻ തുനിയുകയില്ല. നിശ്ചയമായും, ഞാനൊരു ഭോഷനെപ്പോലെ പ്രവർത്തിച്ചുപോയി! എനിക്കു വലിയ തെറ്റുപറ്റിപ്പോയിരിക്കുന്നു.” ദാവീദ് മറുപടി പറഞ്ഞു: “ഇതാ, രാജാവിന്റെ കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഭൃത്യന്മാരിൽ ഒരുവനെ അയച്ച് എടുത്തുകൊണ്ടാലും! യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. യഹോവ ഇന്ന് തിരുമേനിയെ എന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ ഞാൻ യഹോവയുടെ അഭിഷിക്തന്റെനേരേ കൈയുയർത്തുകയില്ല. ഞാനിന്ന് അങ്ങയുടെ ജീവൻ വിലയേറിയതായി കരുതിയതുപോലെതന്നെ, യഹോവ എന്റെ ജീവനും വിലയേറിയതായി കരുതി അവിടന്ന് എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിക്കുമാറാകട്ടെ!” അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ മഹാകാര്യങ്ങൾ പ്രവർത്തിക്കും; നീ ജയം പ്രാപിക്കും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ വഴിക്കുപോയി, ശൗൽ കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു. ദാവീദ് ഫെലിസ്ത്യരുടെ ഇടയിൽ അതിനുശേഷം ദാവീദ് ഈ വിധം ചിന്തിച്ചു: “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കുകയേയുള്ളൂ. ഫെലിസ്ത്യനാടുകളിലേക്ക് ഓടിപ്പോയി രക്ഷപ്പെടുന്നതായിരിക്കും എനിക്കേറ്റവും നല്ലത്. അപ്പോൾ ശൗൽ ഇസ്രായേൽദേശത്തെല്ലാം എന്നെ തെരയുന്നതു മതിയാക്കും. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറ്റിയൊഴിയുകയും ചെയ്യാം.” അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് അനുയായികളും അവിടംവിട്ട് ഗത്തിലെ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുത്ത് എത്തിച്ചേർന്നു. ദാവീദും സംഘവും ഗത്തിൽ ആഖീശിനോടൊപ്പം താമസിച്ചു. ഓരോരുത്തരുടെയും കുടുംബവും അവരോടുകൂടെയുണ്ടായിരുന്നു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിലും—ഈ രണ്ടു ഭാര്യമാരും—ദാവീദിനോടൊപ്പം ഉണ്ടായിരുന്നു. ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്നു ശൗൽ കേട്ടു. പിന്നെ അദ്ദേഹം ദാവീദിനെ തെരഞ്ഞതുമില്ല. പിന്നെ ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു കരുണയുണ്ടെങ്കിൽ നാട്ടിൻപുറത്തെ പട്ടണങ്ങളിലൊന്നിൽ എനിക്കൊരു ഇടം അനുവദിച്ചുതന്നാലും! ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസൻ എന്തിന് രാജനഗരത്തിൽ അങ്ങയോടൊപ്പം വസിക്കുന്നു?” അതിനാൽ അന്നുതന്നെ ആഖീശ്, സിക്ലാഗുദേശം ദാവീദിനു കൽപ്പിച്ചുകൊടുത്തു. അതിനാൽ അത് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു. ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലുമാസവും താമസിച്ചു. ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു). ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. “നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു. ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു. അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിനോടു പൊരുതുന്നതിനു തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ആഖീശ് ദാവീദിനോട്: “പടയിൽ നീയും നിന്റെ ആളുകളും എന്നോടുകൂടെ പോരേണ്ടതാണ് എന്നു നീ അറിയണം” എന്നു പറഞ്ഞു. “കൊള്ളാം; അങ്ങയുടെ ഈ ദാസന് എന്തുചെയ്യാൻ കഴിയുമെന്ന് അങ്ങേക്കു നേരിട്ടു കാണാം,” എന്നു ദാവീദ് മറുപടി പറഞ്ഞു. ആഖീശ് വീണ്ടും: “വളരെ നന്ന്. ഞാൻ നിന്നെ ആയുഷ്പര്യന്തം എന്റെ അംഗരക്ഷകനായി നിയോഗിക്കും” എന്ന് ഉത്തരം പറഞ്ഞു. ശൗലും എൻ-ദോരിലെ വെളിച്ചപ്പാടത്തിയും ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫെലിസ്ത്യർ ഒരുമിച്ചുകൂടിവന്ന് ശൂനേമിൽ പാളയമിറങ്ങി. ശൗൽ എല്ലാ ഇസ്രായേല്യരെയും കൂട്ടിവരുത്തി ഗിൽബോവയിൽ പാളയമിറങ്ങി. ഫെലിസ്ത്യസൈന്യത്തെ കണ്ടപ്പോൾ ശൗൽ പരിഭ്രാന്തനായി; അദ്ദേഹത്തിന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞു. അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല. “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു. “എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു. അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.” എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു. “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു. “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു. “ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു. ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു. രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു. “ഒരു ദേവൻ28:13 അഥവാ, ആത്മാവ് ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു. “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു. “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു. അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു. “നീ എന്നെ വിളിച്ച് എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതെന്തിന്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ: “പിതാവേ, ഞാനേറ്റവും കഷ്ടത്തിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു പൊരുതുന്നു; ദൈവം എന്നെ വിട്ടകന്നുമിരിക്കുന്നു. പ്രവാചകന്മാർമുഖേനയോ സ്വപ്നത്തിലൂടെയോ അവിടന്ന് എനിക്കു മറുപടി അരുളുന്നില്ല. ഞാനെന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിനായി അങ്ങയെ വിളിച്ചതാകുന്നു” എന്നു പറഞ്ഞു. ശമുവേൽ പറഞ്ഞു: “യഹോവ നിന്നെ ഇപ്പോൾ കൈവിട്ടിരിക്കുന്നു. അവിടന്ന് നിന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ആ നിലയ്ക്ക് നീ എന്നോട് ആലോചിക്കുന്നതെന്തിന്? യഹോവ എന്നിലൂടെ മുൻകൂട്ടി അരുളിച്ചെയ്തതുപോലെ ഇപ്പോൾ ചെയ്തിരിക്കുന്നു. യഹോവ രാജത്വം നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ അയൽക്കാരിൽ ഒരുവനു— ദാവീദിനുതന്നെ—കൊടുത്തിരിക്കുന്നു. നീ യഹോവയെ അനുസരിക്കാതിരുന്നതിനാലും അമാലേക്യരുടെനേരേ അവിടത്തെ ഉഗ്രകോപം നടത്താതിരുന്നതിനാലും യഹോവ നിന്നോട് ഇന്ന് ഇപ്രകാരം ചെയ്തിരിക്കുന്നു. യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും. നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെയായിരിക്കും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും.” ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല. ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു! ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!” ശൗൽ അതു നിരസിച്ചു. “ഇല്ല, ഞാൻ തിന്നുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശൗലിന്റെ അനുയായികളും ആ സ്ത്രീയോടുചേർന്ന് അയാളെ നിർബന്ധിച്ചു. അപ്പോൾ ശൗൽ അവരുടെ വാക്കുകൾ കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. ആ സ്ത്രീക്ക്, തന്റെ വീട്ടിൽ തടിച്ചുകൊഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവൾ അതിനെ വേഗം അറത്തു പാകംചെയ്തു. അവൾ മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി. അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു. ആഖീശ് ദാവീദിനെ സിക്ലാഗിലേക്കു മടക്കി അയയ്ക്കുന്നു ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെയെല്ലാം അഫേക്കിൽ ഒരുമിച്ചുകൂട്ടി. ഇസ്രായേല്യരും യെസ്രീലിലെ നീരുറവയ്ക്കരികെ പാളയമിറങ്ങി. ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ശതങ്ങളും സഹസ്രങ്ങളുമായ സേനാവിഭാഗങ്ങളോടുകൂടി നീങ്ങി. ദാവീദും അനുയായികളും ആഖീശിനോടൊപ്പം പിൻനിരയിലായിരുന്നു. അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു. ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു. എന്നാൽ, ഫെലിസ്ത്യപ്രഭുക്കന്മാർ അദ്ദേഹത്തിനുനേരേ കോപാകുലരായി. “ആ മനുഷ്യനെ തിരിച്ചയയ്ക്കുക. അങ്ങ് കൽപ്പിച്ചുകൊടുത്ത സ്ഥലത്തേക്ക് അയാൾ പൊയ്ക്കൊള്ളട്ടെ. യുദ്ധത്തിൽ അയാൾ നമ്മുടെകൂടെ വരരുത്. വന്നാൽ യുദ്ധരംഗത്തുവെച്ച് അയാൾ നമുക്കെതിരേ തിരിയും. നമ്മുടെ ആളുകളുടെ തലകൾ എടുത്ത് ആയിരിക്കുകയില്ലേ അയാൾ തന്റെ യജമാനന്റെ പ്രീതി പുനഃസ്ഥാപിക്കുന്നത്. അതിനെക്കാൾ നല്ല മാർഗം അയാൾക്കു വേറെ ഉണ്ടോ? തങ്ങളുടെ നൃത്തത്തിൽ: “ ‘ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും,’ എന്ന് അവർ ഏറ്റുപാടിയ ദാവീദുതന്നെയല്ലേ ഇത്?” എന്നു പറഞ്ഞു. അതിനാൽ ആഖീശ് ദാവീദിനെ വിളിച്ചുപറഞ്ഞു. “ജീവനുള്ള യഹോവയാണെ, നീ വിശ്വസ്തനാണ്; സൈന്യത്തിൽ നീ എന്നോടൊപ്പം സേവനം ചെയ്യുന്നത് എനിക്കിഷ്ടവുമാണ്. നീ എന്റെ അടുത്തുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ നിന്നെ അംഗീകരിക്കുന്നില്ല. അതിനാൽ പിന്തിരിഞ്ഞ് സമാധാനത്തോടെ പോകുക! ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അപ്രീതി ഉണ്ടാകുന്നവിധത്തിൽ നാം ഒന്നും ചെയ്യരുത്.” അപ്പോൾ ദാവീദ് ആഖീശിനോട്: “എന്നാൽ ഞാനെന്തു ചെയ്തു? ഞാൻ അങ്ങയുടെ അടുത്തുവന്ന നാളുമുതൽ ഇന്നുവരെ ഈ ദാസനിൽ എന്തു കുറ്റം അങ്ങു കണ്ടിട്ടുണ്ട്? എന്റെ യജമാനനായ രാജാവിന്റെ വൈരികൾക്കെതിരേ ഞാൻ എന്തുകൊണ്ട് പൊരുതിക്കൂടാ?” എന്നു ചോദിച്ചു. ആഖീശ് ദാവീദിനോട്: “എനിക്കറിയാം; എന്റെ കണ്ണിൽ നീ ഒരു ദൈവദൂതനെപ്പോലെ പ്രിയങ്കരനാണ്. എന്നിരുന്നാലും ‘അവൻ നമ്മോടൊപ്പം യുദ്ധത്തിനു വന്നുകൂടാ,’ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ പറഞ്ഞിരിക്കുന്നു. അതിനാൽ അതിരാവിലെ എഴുന്നേറ്റ്, നിന്റെകൂടെ വന്നിരിക്കുന്ന, നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട്, വെളിച്ചമായാലുടൻ പൊയ്ക്കൊള്ളൂ.” അതിനാൽ ദാവീദും അനുയായികളും അതിരാവിലെ ഉണർന്ന്, ഫെലിസ്ത്യദേശത്തേക്കു പുറപ്പെട്ടു. ഫെലിസ്ത്യർ യെസ്രീലിലേക്കും പോയി. ദാവീദ് അമാലേക്യരെ നശിപ്പിക്കുന്നു മൂന്നാംദിവസം ദാവീദും അനുയായികളും സിക്ലാഗിലെത്തി. അപ്പോഴേക്കും അമാലേക്യർ തെക്കേദേശവും30:1 അതായത്, യെഹൂദയ്ക്കു തെക്കുവശവും സിക്ലാഗും കടന്നാക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗിനെ ആക്രമിച്ച് അതിനു തീയിട്ടു. സ്ത്രീകളെയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വൃദ്ധരെയും ചെറുപ്പക്കാരെയും ഭേദമില്ലാതെ സകലരെയും അടിമകളായി പിടിച്ചുകൊണ്ടുപോയി. അവരിൽ ആരെയും അമാലേക്യർ കൊന്നില്ല. അവരെ പിടിച്ചുകൊണ്ട് തങ്ങളുടെ വഴിക്കുപോയി. ദാവീദും അനുയായികളും സിക്ലാഗിൽ എത്തിയപ്പോൾ അതിനെ തീയിട്ടു നശിപ്പിച്ചിരിക്കുന്നതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നതായും കണ്ടു. ദാവീദും കൂട്ടരും ഉച്ചത്തിൽ വിലപിച്ചു; കരയാൻ ശക്തിയില്ലാതായിത്തീരുന്നതുവരെ അവർ കരഞ്ഞു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരും അടിമകളായി പിടിക്കപ്പെട്ടിരുന്നു. ജനം തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്ത് വ്യസനിച്ചിരുന്നതിനാൽ ദാവീദിനെ കല്ലെറിഞ്ഞു കൊല്ലണമെന്നുംകൂടി അവർ പറഞ്ഞു. അങ്ങനെ അദ്ദേഹം അത്യന്തം വിഷമത്തിലായി. എന്നാൽ ദാവീദ് തന്റെ ദൈവമായ യഹോവയിൽ ശരണപ്പെട്ടു ബലംപ്രാപിച്ചു. പിന്നെ ദാവീദ് അഹീമെലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്, “ഏഫോദു കൊണ്ടുവരിക” എന്ന് ആജ്ഞാപിച്ചു. അബ്യാഥാർ അത് അദ്ദേഹത്തിന്റെമുമ്പിൽ കൊണ്ടുചെന്നു. അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ സമൂഹത്തെ പിൻതുടരണമോ? എനിക്കവരെ പിടികൂടാൻ സാധിക്കുമോ?” എന്നു ആലോചന ചോദിച്ചു. “പിൻതുടരുക. നീ തീർച്ചയായും അവരെ പിടികൂടും; സകലരെയും വിമോചിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്യും,” എന്ന് യഹോവ ഉത്തരംനൽകി. ദാവീദും കൂടെയുള്ള ആ അറുനൂറുപേരും ബസോർ മലയിടുക്കിലെത്തി. അവിടെ ചിലർ പിന്നിലായിപ്പോയി. കാരണം ഇരുനൂറുപേർ ആ മലയിടുക്കു താണ്ടാൻ കഴിയാത്തവിധം പരിക്ഷീണരായിത്തീർന്നിരുന്നു. എന്നാൽ ദാവീദും ബാക്കി നാനൂറുപേരും പിൻതുടർന്നു. അവർ വയലിൽ ഒരു ഈജിപ്റ്റുകാരനെ കണ്ടെത്തി. അവർ അയാളെ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നു. അവർ അയാൾക്ക് കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും, ഒരു കഷണം അത്തിപ്പഴക്കട്ടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. അതു തിന്നപ്പോൾ അയാൾക്ക് ജീവൻ വീണ്ടുകിട്ടി; മൂന്നുരാവും മൂന്നുപകലും അയാൾ യാതൊന്നും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അയാളോടു ചോദിച്ചു: “നീ ആരുടെ ആളാണ്? എവിടെനിന്നു വരുന്നു?” അയാൾ പറഞ്ഞു: “ഞാനൊരു ഈജിപ്റ്റുകാരനാണ്; ഒരു അമാലേക്യന്റെ അടിമ. മൂന്നുദിവസംമുമ്പ് ഞാൻ രോഗിയായിത്തീർന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ കെരീത്യരുടെ തെക്കേദേശവും യെഹൂദ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളും കാലേബിന്റെ തെക്കേനാടും ആക്രമിച്ചു കൊള്ളചെയ്തു. സിക്ലാഗ് ഞങ്ങൾ ചുട്ടുകരിച്ചു.” ദാവീദ് അയാളോട്: “ഈ കൊള്ളസംഘത്തിന്റെ അടുത്തേക്കു ഞങ്ങൾക്കു നീ വഴികാട്ടിത്തരുമോ?” എന്നു ചോദിച്ചു. “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ പക്കൽ എന്നെ ഏൽപ്പിച്ചുകൊടുക്കുകയില്ലെന്നും ദൈവമുമ്പാകെ ശപഥംചെയ്താലും! എങ്കിൽ ഞാൻ നിങ്ങളെ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകാം,” എന്ന് അയാൾ പറഞ്ഞു. അയാൾ ദാവീദിനെ അവിടേക്കു നയിച്ചു. അവരോ, ഫെലിസ്ത്യനാടുകളിൽനിന്നും യെഹൂദ്യയിൽനിന്നും അപഹരിച്ചു കൊണ്ടുപോരുന്ന വലിയ കൊള്ളമുതൽകൊണ്ട്, തിന്നും കുടിച്ചും ബഹളംവെച്ച് ആ പ്രദേശമാകെ ചിതറി താമസിച്ചിരുന്നു. ദാവീദ് അന്നുസന്ധ്യമുതൽ പിറ്റേദിവസം വൈകുന്നേരംവരെ അവരോടു പൊരുതി. ഒട്ടകപ്പുറത്തേറി പലായനംചെയ്ത നാനൂറു യുവാക്കളല്ലാതെ, അവരിൽ ആരും ജീവനോടെ ശേഷിച്ചില്ല. തന്റെ രണ്ടു ഭാര്യമാരുൾപ്പെടെ അമാലേക്യർ അപഹരിച്ചുകൊണ്ടുപോയ സകലതും ദാവീദ് വീണ്ടെടുത്തു. ബാലനോ വൃദ്ധനോ ആൺകുട്ടിയോ പെൺകുട്ടിയോ കൊള്ളമുതലോ അവർ കൊണ്ടുപോയിരുന്നതിൽ യാതൊന്നും കിട്ടാതെപോയില്ല. എല്ലാം ദാവീദ് തിരികെ കൊണ്ടുവന്നു. അവരുടെ ആടുമാടുകളെയും അദ്ദേഹം അപഹരിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ മറ്റു കാലിക്കൂട്ടങ്ങളോടൊപ്പം അവയെയും തെളിച്ചുകൊണ്ട് മുമ്പേപോയി. “ഇതു ദാവീദിന്റെ കൊള്ള,” എന്ന് അവർ പറഞ്ഞു. ദാവീദിനെ അനുഗമിക്കാൻ കഴിയാത്തവിധം പരിക്ഷീണരായി പിന്നിൽ ബസോർ മലയിടുക്കിൽ തങ്ങിയിരുന്ന ഇരുനൂറുപേരുടെ അടുത്ത് അദ്ദേഹമെത്തി. ദാവീദിനെയും കൂടെയുള്ളവരെയും സ്വീകരിക്കുന്നതിനായി അവർ ഓടിയിറങ്ങിവന്നു. ദാവീദും കൂട്ടരും അടുത്തുവന്നപ്പോൾ അദ്ദേഹം അവരെ അഭിവാദനംചെയ്തു. എന്നാൽ ദാവീദിന്റെ അനുയായികളിൽ ദുഷ്ടന്മാരും നീചരുമായവർ: “അവർ നമ്മോടുകൂടെ വരാതിരുന്നതിനാൽ നാം കൊണ്ടുവന്ന കൊള്ളയുടെ ഓഹരി അവർക്കു കൊടുത്തുകൂടാ. എന്നാൽ അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ!” എന്നു പറഞ്ഞു. ദാവീദ് അതിനു മറുപടി പറഞ്ഞു: “എന്റെ സഹോദരന്മാരേ, അങ്ങനെ അരുത്. യഹോവ നമുക്കു നൽകിയിരിക്കുന്ന വകകൾകൊണ്ട് നിങ്ങൾ അപ്രകാരം ചെയ്യരുത്. നമുക്കെതിരേ വന്ന സൈന്യങ്ങളിൽനിന്ന് അവൻ നമ്മെ രക്ഷിച്ചു; അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. നിങ്ങൾ ഈ പറയുന്ന വാക്കുകൾ ആർ ചെവിക്കൊള്ളും? യുദ്ധത്തിനു പോകുന്നവന്റെയും സാധനസാമഗ്രികളുടെ അടുത്തിരിക്കുന്നവന്റെയും ഓഹരി തുല്യമായിരിക്കണം. എല്ലാവരും തുല്യമായി വീതംവെച്ചെടുക്കണം.” അന്നുമുതൽ ഇന്നുവരെയും ദാവീദ് ഇതിനെ ഇസ്രായേലിന് ഒരു ചട്ടവും നിയമവും ആക്കിത്തീർത്തു. ദാവീദ് സിക്ലാഗിൽ എത്തിയപ്പോൾ കൊള്ളയിൽ ഒരംശം തന്റെ സ്നേഹിതന്മാരായ യെഹൂദനേതാക്കന്മാർക്കു കൊടുത്തയച്ചു. “യഹോവയുടെ ശത്രുക്കളെ കൊള്ളചെയ്തതിൽനിന്ന് ഇതാ നിങ്ങൾക്കൊരു സമ്മാനം,” എന്നു പറയിക്കുകയും ചെയ്തു. ബേഥേൽ, തെക്കേ രാമോത്ത്, യത്ഥീർ ഇവിടങ്ങളിലുള്ളവർക്കും അരോയേർ, സിഫ്-മോത്ത്, എസ്തെമോവാ, രാഖാൽ എന്നിവിടങ്ങളിലുള്ളവർക്കും യരഹ്മേല്യരുടെയും കേന്യരുടെയും പട്ടണങ്ങളിലുള്ളവർക്കും, ഹോർമാ, ബോർ-ആശാൻ, അഥാക്ക്, ഹെബ്രോൻ എന്നിവിടങ്ങളിലുള്ളവർക്കും ദാവീദും അനുയായികളും സഞ്ചരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഉള്ളവർക്കും ദാവീദ് ഓഹരി കൊടുത്തയച്ചു. ശൗൽ തന്റെ ജീവൻ ഒടുക്കുന്നു ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു. ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു. ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു. ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു. ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു. അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും ആയുധവാഹകനും മറ്റാളുകളും എല്ലാം അന്ന് ഒരേദിവസംതന്നെ ഒരുമിച്ചു മരിച്ചു. ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു. അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്നുപുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. അവർ അദ്ദേഹത്തിന്റെ തല വെട്ടി ആയുധവർഗം അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു. ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി. ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികൾ കേട്ടപ്പോൾ അവരിലെ പരാക്രമശാലികളെല്ലാം രാത്രിമുഴുവൻ സഞ്ചരിച്ച് ബേത്-ശയാനിലെത്തി. അവർ ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ ബേത്-ശയാനിലെ മതിലിൽനിന്നും അഴിച്ചിറക്കി യാബേശിലേക്കു കൊണ്ടുവന്ന് അവരെ അവിടെ ദഹിപ്പിച്ചു. അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.