- Biblica® Open Malayalam Contemporary Version 2020
1 യോഹന്നാൻ
യോഹന്നാൻ എഴുതിയ ഒന്നാംലേഖനം
1 യോഹന്നാൻ
1 യോഹ.
യോഹന്നാൻ എഴുതിയ ഒന്നാംലേഖനം
ജീവന്റെ വചനം
ആരംഭംമുതലേ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൾ കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ ഘോഷിക്കുന്നത്. ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്.
ഇരുളും പ്രകാശവും; പാപവും വിമോചനവും
ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്.2:2 പ്രായശ്ചിത്തം നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.
സഹവിശ്വാസികളോടുള്ള സ്നേഹവും വിദ്വേഷവും
ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന2:7 പഴയ കൽപ്പന, പരസ്പരം സ്നേഹിക്കുക എന്നതാണ്. [യോഹ. 13:34] കാണുക നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്. എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു.
ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല. എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.
ക്രിസ്തു-പാപവിമോചകൻ
കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ്
ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.
പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും
ദൈവവചനം നിങ്ങളിൽ വസിക്കയാലും
നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും
ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു.
ലോകത്തെ സ്നേഹിക്കരുത്
ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
ദൈവപുത്രനെ തിരസ്കരിക്കുന്നവർക്കുള്ള മുന്നറിയിപ്പ്
ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു. അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്.
എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം2:20 മൂ.ഭാ. അഭിഷേകം. പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം.2:20 ചി.കൈ.പ്ര. നിങ്ങൾക്ക് എല്ലാം അറിയാം. നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.
നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും. ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ.
നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല.2:27 ഇവിടെ സത്യോപദേശത്തെക്കുറിച്ചാണ് പരാമർശം. അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.
ദൈവത്തിന്റെമക്കൾ
ഇങ്ങനെ, കുഞ്ഞുമക്കളേ, കർത്താവിന്റെ പുനരാഗമനത്തിൽ നാം അവിടത്തെ സന്നിധിയിൽ ലജ്ജിച്ചു പോകാതെ ധൈര്യമുള്ളവരായിരിക്കാൻ കർത്താവിൽ വസിക്കുക.
അവിടന്നു നീതിമാനെന്നു നിങ്ങൾ അറിയുന്നെങ്കിൽ, നീതി ചെയ്യുന്നവരെല്ലാം കർത്താവിൽനിന്നു ജനിച്ചിരിക്കുന്നു എന്നും നിങ്ങൾക്കുറപ്പാക്കാം.
നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.
പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ. പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല. തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത്3:9 വിത്ത്, വിവക്ഷിക്കുന്നത് വചനം അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.
പരസ്പരം സ്നേഹിക്കുക
പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്. സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്. സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്. സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു. സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ.
ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും. നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ് ദൈവം എന്നും അവിടന്നു സർവജ്ഞാനിയാണ് എന്നും ഓർക്കുക. പ്രിയരേ, നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ, ആത്മവിശ്വാസത്തോടെ നമുക്കു ദൈവസന്നിധിയിൽ ചെല്ലാം. അവിടത്തെ കൽപ്പനകൾ നാം പാലിക്കുകയും അവിടത്തേക്ക് പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടു നാം അപേക്ഷിക്കുന്നതെന്തും ദൈവം നമുക്കു നൽകുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കണം എന്നും അവിടന്നു നമ്മോടു കൽപ്പിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്നും ആകുന്നു അവിടത്തെ കൽപ്പന. ദൈവകൽപ്പനകൾ പാലിക്കുന്നവർ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു. ദൈവം നമുക്കു നൽകിയ ആത്മാവിനാൽ അവിടന്നു നമ്മിൽ വസിക്കുന്നു എന്നു നാം അറിയുന്നു.
വ്യാജപ്രവാചകരെ വിവേചിക്കുക
പ്രിയരേ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. കാരണം, അനേകം വ്യാജപ്രവാചകർ ലോകത്തിൽ വ്യാപിച്ചിട്ടുണ്ട്. ആ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവ ആണോ എന്നു പരിശോധിക്കുക. ദൈവാത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു സമ്പൂർണമനുഷ്യനായി4:2 മൂ.ഭാ. ജഡത്തിൽ അവതരിച്ചു എന്ന് അംഗീകരിക്കുന്ന ഏതൊരാത്മാവും ദൈവത്തിൽനിന്നുള്ളതാകുന്നു. യേശുവിനെ അംഗീകരിക്കാത്ത ഒരാത്മാവും ദൈവത്തിൽനിന്ന് ഉള്ളതല്ല; വരുന്നെന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർക്രിസ്തുവിന്റെ ആത്മാവാണത്. അത് ലോകത്തിൽ ഇപ്പോഴേ ഉണ്ട്.
കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; നിങ്ങൾ വ്യാജപ്രവാചകന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു; കാരണം, നിങ്ങളിൽ വസിക്കുന്ന ദൈവം ലോകത്തിലുള്ളവനെക്കാൾ ശക്തനാണ്. ലോകത്തിൽനിന്നുള്ളവർ ആയതിനാൽ അവർ ലൗകികമായി സംസാരിക്കുന്നു. ലോകം അവരെ ശ്രദ്ധിക്കുന്നു. ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; ദൈവത്തെ അറിയുന്നവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവർ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നതുമില്ല. സത്യാത്മാവിനെയും വ്യാജാത്മാവിനെയും ഇങ്ങനെയാണ് നാം തിരിച്ചറിയുന്നത്.
ദൈവസ്നേഹവും മനുഷ്യസ്നേഹവും
പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.
നാം ദൈവത്തിലും അവിടന്ന് നമ്മിലും വസിക്കുന്നെന്നു നമുക്കു നിശ്ചയമുണ്ട്: ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നല്ലോ. പിതാവ് അവിടത്തെ പുത്രനെ ലോകരക്ഷകനായി അയച്ചത് ഞങ്ങൾ കാണുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്യുന്നു. യേശു ദൈവപുത്രൻ, എന്ന് അംഗീകരിക്കുന്നവരിൽ ദൈവം വസിക്കുന്നു; അവർ ദൈവത്തിലും വസിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.
അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.
ദൈവപുത്രനിലുള്ള വിശ്വാസം
യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല. ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്. യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്?
യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്. സാക്ഷ്യം നൽകുന്നവർ മൂവരാണ്: ആത്മാവ്, വെള്ളം, രക്തം. ഇവർ മൂവരുടെയും സാക്ഷ്യം ഒന്നുതന്നെയാണ്. മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്. ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല. ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്.5:11 അതായത്, പുത്രനിൽനിന്നുള്ളതാണ് ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.
നിത്യജീവന്റെ ഉറപ്പ്
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്. ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം. നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം.
സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക;5:16 അതായത്, അടിയന്തരമായി അപേക്ഷിക്കുക മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്.
ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല. നാം ദൈവത്തിൽനിന്നു ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു. ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.
കുഞ്ഞുമക്കളേ, നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനുള്ള സ്ഥാനം അപഹരിക്കുന്ന എല്ലാറ്റിൽനിന്നും അകന്നിരിക്കുക.5:21 മൂ.ഭാ. വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുക.