- Biblica® Open Malayalam Contemporary Version 2020 1 കൊരിന്ത്യർ കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം 1 കൊരിന്ത്യർ 1 കൊരി. കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി ദൈവം തിരുഹിതപ്രകാരം വിളിച്ച പൗലോസും നമ്മുടെ സഹോദരനായ സോസ്തനേസും ചേർന്ന്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും1:2 അഥവാ, വേർതിരിക്കപ്പെട്ടവർ വിശുദ്ധജനം ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരുമായ, കൊരിന്തിലുള്ള ദൈവസഭയ്ക്കും എല്ലാ സ്ഥലങ്ങളിലുമായി നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച1:2 മൂ.ഭാ. നാമം വിളിച്ചപേക്ഷിക്കുന്ന സകലർക്കുമായി എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. സ്തോത്രാർപ്പണം ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ; ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു. ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ1:8 അതായത്, പുനരാഗമനത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും. അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ. സഭയിലെ ഭിന്നത സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേ തർക്കവിതർക്കങ്ങൾ ഉണ്ടെന്നു ക്ലോവയുടെ ബന്ധുക്കളിൽ ചിലർ എന്നെ അറിയിച്ചു. അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ1:12 മൂ.ഭാ. കേഫാവിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നോ? പൗലോസാണോ നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? പൗലോസിന്റെ നാമത്തിലോ നിങ്ങൾ സ്നാനം സ്വീകരിച്ചത്? ക്രിസ്പൊസിനും ഗായൊസിനും ഒഴികെ നിങ്ങളിൽ മറ്റാർക്കും ഞാൻ സ്നാനം നൽകിയിട്ടില്ലാത്തതിനാൽ ദൈവത്തിന് സ്തോത്രംചെയ്യുന്നു. അതുകൊണ്ട് എന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു എന്ന് നിങ്ങളിൽ ആർക്കും പറയാൻ കഴിയുകയില്ല. അല്ല, സ്തെഫാനൊസിന്റെ വീട്ടുകാരെയുംകൂടി ഞാൻ സ്നാനം കഴിപ്പിച്ചിട്ടുണ്ട്; മറ്റാർക്കെങ്കിലും സ്നാനം ഞാൻ നൽകിയിട്ടുള്ളതായി ഓർക്കുന്നില്ല. ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്. ക്രിസ്തു—ദൈവികജ്ഞാനവും ദൈവികശക്തിയും ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും; ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,”1:19 യെശ. 29:14 എന്ന് എഴുതിയിരിക്കുന്നല്ലോ.1:19 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും1:24 മൂ.ഭാ. ഗ്രീക്കുകാർ —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്. സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”1:31 യിര. 9:24 സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല. ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്. ആത്മാവിൽനിന്നുള്ള ജ്ഞാനം എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല. ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!2:9 യെശ. 64:4 എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലതും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു. ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല. ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതു ഗ്രഹിക്കാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത്. മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു.2:13 അഥവാ, ആത്മികപാഠങ്ങൾ ആത്മികമനുഷ്യർക്ക് മനസ്സിലാക്കി കൊടുക്കുന്നു. ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകുകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല. സകലതും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല. “കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”2:16 യെശ. 40:13 നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്. സഭയിലെ ഭിന്നിപ്പ് സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു. ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ? ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം. ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ. യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല. ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും. ആ ദിവസം അതു വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും. ഒരാൾ പണിയുന്ന നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും. അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം! നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം. ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു”3:19 ഇയ്യോ. 5:13 എന്നും “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു”3:20 സങ്കീ. 94:11 എന്നും എഴുതിയിരിക്കുന്നല്ലോ. അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, പൗലോസോ അപ്പൊല്ലോസോ കേഫാവോ3:22 അതായത്, പത്രോസോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം. നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല. എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്. ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും. സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന്4:6 അതായത്, ഞങ്ങളുടെ ജീവിതങ്ങൾ കണ്ട് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല. നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്? ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ! അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു. ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം! ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു. ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു; ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു. പൗലോസിന്റെ അപേക്ഷയും മുന്നറിയിപ്പും നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്. നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു. ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ4:17 അതായത്, ക്രിസ്തുവിനെ ഞാൻ അനുകരിക്കുന്നത് അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും. ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു. എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും! ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ? നിഷിദ്ധസംഗമത്തിനുള്ള ശിക്ഷ നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ5:1 ഭാര്യയെ, വിവക്ഷിക്കുന്നത് രണ്ടാനമ്മ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ5:1 ദൈവത്തിൽനിന്ന് നിയമസംഹിത ലഭിച്ചവരാണ് യെഹൂദർ, എന്നാൽ അങ്ങനെയല്ലാത്തവരാണ് ഇക്കൂട്ടർ. മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു. നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ, ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം5:5 അഥവാ, ശരീരം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ. നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ5:7 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം. അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. സഭയ്ക്കു പുറത്തുള്ള5:10 മൂ.ഭാ. ഈ ലോകത്തിലെ അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും. സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്. സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”5:13 ആവ. 17:7; 19:19; 21:21; 22:21,24; 24:7 വിശ്വാസികൾതമ്മിലുള്ള വ്യവഹാരം നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത്6:1 മൂ.ഭാ. വിശുദ്ധരുടെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്? ദൈവജനമാണ് ലോകത്തെ ന്യായംവിധിക്കാനിരിക്കുന്നത് എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരമായ തർക്കങ്ങൾ തീരുമാനിക്കാൻ നിങ്ങൾ അസമർഥരോ? നാം ദൂതന്മാരെയും ന്യായംവിധിക്കും എന്നറിയുന്നില്ലേ? അങ്ങനെയുള്ള നാം ലൗകികകാര്യങ്ങളെ എത്രയധികം! അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ? ഞാൻ ഇതു നിങ്ങളുടെ ലജ്ജയ്ക്കായി പറയുന്നു. വിശ്വാസികൾക്കു പരസ്പരമുള്ള തർക്കം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെയായോ? എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു; അതും അവിശ്വാസികളുടെമുമ്പിൽ! നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം? അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ! അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു. ലൈംഗികാധർമം “എനിക്കെല്ലാം അനുവദനീയമാണ്,” ചിലർ പറഞ്ഞേക്കാം. എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല. “ആഹാരം ഉദരത്തിന്, ഉദരം ആഹാരത്തിന് എന്നാൽ ദൈവം ഇവ രണ്ടും ഇല്ലാതാക്കും,” ചിലർ പറഞ്ഞേക്കാം. ശരീരം ലൈംഗികാധർമത്തിനുള്ളതല്ല; ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും അത്രേ. ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും. നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്. വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും”6:16 ഉൽ. 2:24 എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു. ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു. ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക. വിവാഹത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ7:1 മൂ.ഭാ. സ്പർശിക്കുക തിരിക്കുന്നത് പുരുഷനു നല്ലത്.” എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം. ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക. ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇതു പറയുന്നത്: എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അവരവരുടേതായ കൃപാദാനം ലഭിച്ചിട്ടുണ്ടല്ലോ; ഒരാൾക്ക് ഒരുതരം; മറ്റൊരാൾക്ക് മറ്റൊരുതരം. അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്. എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്. വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.7:14 വിശ്വാസിയല്ലാത്ത ഭർത്താവ് വിശ്വാസിനിയായ ഭാര്യയുടെ സ്വാധീനംകൊണ്ട് ഒരുപക്ഷേ വിശ്വാസിയായേക്കാം. അതുപോലെതന്നെ മറിച്ചും. കുടുംബം വിഭജിക്കപ്പെട്ടുപോയാൽ കുഞ്ഞുങ്ങൾക്ക് കർത്താവിനെ അറിയാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്, എന്നാൽ കുടുംബം അവിഭക്തമായിരുന്നാൽ ദൈവഹിതമാണെങ്കിൽ കുഞ്ഞുങ്ങളും കർത്താവിനെ അറിഞ്ഞേക്കും. അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം? അവസ്ഥാമാറ്റത്തെക്കുറിച്ചുള്ള നിർദേശങ്ങൾ കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു. ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്. പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം. ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ. കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്. നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്. സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്. അവിവാഹിതരെക്കുറിച്ചുള്ള നിർദേശങ്ങൾ ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണനിമിത്തം വിശ്വാസയോഗ്യനായ ഞാൻ എന്റെ അഭിപ്രായം പറയുകയാണ്: ഇപ്പോഴത്തെ പ്രതിസന്ധി നിമിത്തം, നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് ഞാൻ കരുതുന്നു. നിനക്കൊരു ഭാര്യയുണ്ടെങ്കിൽ വിവാഹമോചനം അന്വേഷിക്കരുത്. നീ അവിവാഹിതനെങ്കിൽ വിവാഹംകഴിക്കാൻ മുതിരുകയുമരുത്. നീ വിവാഹംചെയ്യുന്നെങ്കിൽ അതു പാപമല്ല; കന്യക വിവാഹംകഴിക്കുന്നെങ്കിൽ അവളും പാപംചെയ്യുന്നില്ല. എന്നാൽ വിവാഹിതരാകുന്നവർക്ക് ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരും. അവ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. സഹോദരങ്ങളേ, ഇനി അൽപ്പകാലംമാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നു ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. വിവാഹിതർ ഇനി അവിവാഹിതരെപ്പോലെയും; വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും; ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും; വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും; ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. കാരണം ഇക്കാണുന്ന രൂപത്തിലുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു; അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്. വിവാഹനിശ്ചയം ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അനൗചിത്യമെന്നും കന്യകയുടെ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നെന്നും അതുകൊണ്ട് വിവാഹം നടത്തുന്നതാണ് ഉചിതമെന്നും ഒരാൾക്കു തോന്നിയാൽ അയാൾ സ്വന്തം ഹിതമനുസരിച്ചു പ്രവർത്തിക്കട്ടെ! അവർ വിവാഹിതരാകട്ടെ, അതിൽ പാപമില്ല. എന്നാൽ പരപ്രേരണകൂടാതെ, പൂർണമായും സ്വന്തം ഹിതപ്രകാരം, ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നെങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു. അങ്ങനെ, തന്റെ കന്യകയെ വിവാഹംകഴിക്കുന്നയാൾ യോഗ്യമായതു ചെയ്യുന്നു; എന്നാൽ വിവാഹംകഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. ഭർത്താവു ജീവിച്ചിരിക്കുന്ന കാലമത്രയും ഭാര്യ അയാളോടു ബന്ധിതയായിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾക്കിഷ്ടമെങ്കിൽ വേറൊരാളെ വിവാഹംചെയ്യാം; എന്നാൽ അയാൾ കർത്താവിൽ വിശ്വസിക്കുന്നയാളെമാത്രമേ ആകാവൂ. അവൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ അവൾ ഏറെ അനുഗൃഹീതയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു. വിഗ്രഹാർപ്പിതഭക്ഷണം ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു. എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു. വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല”8:4 മൂ.ഭാ. വിഗ്രഹം ഒന്നുമില്ല എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു. ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും. എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു. ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല. എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ. അപ്പൊസ്തലന്റെ അവകാശങ്ങൾ ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ അധ്വാനത്തിന്റെ ഫലമല്ലേ നിങ്ങൾ? ഞാൻ മറ്റുള്ളവർക്ക് ഒരു അപ്പൊസ്തലൻ അല്ലെങ്കിൽപോലും നിങ്ങൾക്ക് ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്. എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാണ്: നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ? മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ9:5 അതായത്, പത്രോസിനെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ? തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ? ആരാണ് സ്വന്തം ചെലവിൽ സൈനികസേവനം ചെയ്യുന്നത്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവർ ആരുണ്ട്? ആട്ടിൻപറ്റത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരും ആരുണ്ട്? കേവലം മാനുഷികമായ വീക്ഷണത്തിലൂടെയോ ഞാൻ ഇതു പറയുന്നത്? ന്യായപ്രമാണത്തിലും ഇതേകാര്യം പ്രസ്താവിച്ചിട്ടില്ലേ? “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്”9:9 ആവ. 25:4; 10:7; പുറ. 32:6 എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ? നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം! എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു. ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം. എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ. പൗലോസ് തന്റെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു. യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി. ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും. അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു. സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു. സ്വയം പരിശീലനത്തിന്റെ ആവശ്യം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും.9:25 അക്കാലത്ത് ഒലിവിലകൊണ്ട് മെടഞ്ഞ കിരീടമാണ് രാജാവ് സമ്മാനാർഹർക്ക് നൽകിയിരുന്നത്. അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല9:26 മൂ.ഭാ. വായുവിൽ കുത്തുന്നയാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു. ഇസ്രായേൽ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില. എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു. അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു. അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു”10:7 പുറ. 32:6 എന്നെഴുതിയിരിക്കുന്നല്ലോ. നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ10:9 ചി.കൈ.പ്ര. കർത്താവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ. ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ10:13 അതായത്, പരീക്ഷ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും. വിഗ്രഹാരാധനയും തിരുവത്താഴവും അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക, ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ? അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു. ഇസ്രായേൽജനതയെക്കുറിച്ചു10:18 മൂ.ഭാ. ജഡപ്രകാരമുള്ള ഇസ്രായേൽ ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ? എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ? വിശ്വാസിയുടെ സ്വാതന്ത്ര്യം “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.”10:26 സങ്കീ. 24:1 ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്? നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്. ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക. ആരാധനയിൽ ശിരോവസ്ത്രം നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ അനുമോദിക്കുന്നു. പുരുഷന്റെ ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ;11:3 അഥവാ, അവളുടെ ഭർത്താവ് ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശിരോവസ്ത്രം ധരിച്ചുകൊണ്ടു പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്. ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തലമുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് ഒരു സ്ത്രീക്കു തോന്നുന്നെങ്കിൽ അവൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം. പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്.11:7 ദൈവസന്നിധിയിൽ മനുഷ്യന്റെ തേജസ്സ് മൂടപ്പെടുകയും ദൈവത്തിന്റെ തേജസ്സ് വെളിപ്പെടുത്തപ്പെടുകയും ചെയ്യേണ്ടതാണ്. കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്;11:8 ആദ്യമനുഷ്യരായ ആദമിന്റെയും ഹവ്വയുടെയും കാര്യമാണ് ഇവിടെ വിവക്ഷ. പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീയുടെ ശിരസ്സിൽ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്. എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ. നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ? നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു. ഇതിനെപ്പറ്റി ആരെങ്കിലും തർക്കിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കീഴ്വഴക്കം ഞങ്ങൾക്കില്ല, ദൈവസഭകൾക്കും ഇല്ലായെന്നുമാത്രമേ എനിക്കു പറയാനുള്ളൂ. കർത്താവിന്റെ അത്താഴം നിങ്ങളെ പ്രശംസിച്ചുകൊണ്ടല്ല ഞാൻ ഇനിയുള്ള നിർദേശങ്ങൾ നൽകുന്നത്. കാരണം, നിങ്ങളുടെ യോഗങ്ങൾ ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുന്നു. ഒന്നാമത്, നിങ്ങളുടെ സഭായോഗങ്ങളിൽ ഭിന്നതകൾ ഉള്ളതായി ഞാൻ കേൾക്കുന്നു; ഒരു പരിധിവരെ ഞാനത് വിശ്വസിക്കുകയുംചെയ്യുന്നു. നിങ്ങളുടെ ഇടയിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആരെന്നു വ്യക്തമാകേണ്ടതിന് ഭിന്നതകൾ ഉണ്ടാകേണ്ടതാണ്. നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു. തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല. ഇതാണ് ഞാൻ കർത്താവിൽനിന്ന് പ്രാപിച്ച് നിങ്ങൾക്ക് ഏൽപ്പിച്ചുതന്നത്: കർത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത് സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. അതുപോലെതന്നെ, അവിടന്ന് അത്താഴത്തിനുശേഷം പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠമായ ഉടമ്പടി, ഇതു പാനംചെയ്യുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു. ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്. ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ11:29 അതായത്, കർത്താവിന്റെ ശരീരത്തിന്റെ പവിത്രത പരിഗണിക്കാതെ തിരുവത്താഴത്തിൽ പങ്കെടുക്കുന്നവർ. ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്താൽ അയാൾ സ്വന്തം ശിക്ഷാവിധിതന്നെ ഭക്ഷിക്കുകയും പാനംചെയ്യുകയുമാണ് ചെയ്യുന്നത്. ഇക്കാരണത്താലാണ് നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. ചിലർ മരണമടയുകയും ചെയ്തിരിക്കുന്നു. നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി. അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷിക്കാനായി ഒരുമിച്ചുകൂടുമ്പോൾ എല്ലാവരും വന്നുചേരാനായി കാത്തിരിക്കുക. നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം. ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം. ആത്മാവിന്റെ ദാനങ്ങൾ സഹോദരങ്ങളേ, ആത്മാവിന്റെ ദാനങ്ങളെക്കുറിച്ചു നിങ്ങൾ അജ്ഞരായിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ക്രിസ്തുവിശ്വാസികളല്ലാതിരുന്നപ്പോൾ, വശീകരിക്കപ്പെട്ട് ഊമവിഗ്രഹങ്ങളുടെ അടുത്തേക്ക് വഴിതെറ്റിപ്പോയതു നിങ്ങൾക്കറിയില്ലേ? അതിനാൽ, നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കണം: ദൈവാത്മാവിൽ സംസാരിക്കുന്ന ആരും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല; പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും “യേശു കർത്താവാകുന്നു” എന്നു പറയാനും സാധ്യമല്ല. കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം; ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം. പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം. പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം12:7 മൂ.ഭാ. ആത്മാവിന്റെ പ്രകാശനം നൽകിയിരിക്കുന്നത്. ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും. ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ, ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം. ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു. ഏകശരീരം, പല അവയവങ്ങൾ പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും.12:12 ക്രിസ്തുവിൽ വിശ്വസിച്ചവരുടെകൂട്ടമായ സഭയാണ് ഇവിടെ വിവക്ഷ. നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റവരും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു. ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്. “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു കാൽ പറഞ്ഞു എന്ന കാരണത്താൽ അത് ശരീരത്തിന്റെ അവയവം അല്ലാതാകുന്നില്ല. “ഞാൻ കണ്ണല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു ചെവി പറഞ്ഞു എന്ന കാരണത്താൽ അതു ശരീരഭാഗം അല്ലാതാകുന്നില്ല. ശരീരം ആകമാനം കണ്ണായിരുന്നെങ്കിൽ കേൾക്കുന്നതെങ്ങനെ? ശരീരംമുഴുവൻ ചെവിയായിരുന്നെങ്കിൽ മണം അറിയുന്നതെങ്ങനെ? എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ? എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്. “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കൈയോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല. വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ. മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവെക്ക് സൗന്ദര്യം വരുത്തുന്നു. സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു. ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു. നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു. ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു. എല്ലാവരും അപ്പൊസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ? എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ? ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക. സ്നേഹം അനിവാര്യം ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം13:3 ചി.കൈ.പ്ര. അഭിമാനപൂർവം എന്ന വാക്കു കാണുന്നില്ല. എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല. സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു. സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും. നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു. എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും. എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ. പ്രവചനം, വിവിധഭാഷ എന്നീ കൃപാദാനങ്ങൾ സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക. അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു. എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു. അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്. നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ. സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം? കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും? കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ? അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും! ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല. ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും. നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ പുരോഗതിക്കുതകുന്ന ദാനങ്ങളിൽ മികവു നേടുക. അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം. ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും. ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ? നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല. ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക. ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല,14:21 യെശ. 28:11,12 എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.” അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ട് സഭമുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അന്വേഷകരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ? എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അന്വേഷകനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും; അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും. വ്യവസ്ഥിതമായ സഭായോഗം സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്. അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം. വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ. രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം. എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്. പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്. ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ, സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല. എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്. ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ? ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ. അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും.14:38 ചി.കൈ.പ്ര. അയാൾക്ക് ഇത് അറിയുന്നില്ലെങ്കിൽ അറിവില്ലാത്തയാളായി തുടരട്ടെ. ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്. എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ. ക്രിസ്തുവിന്റെ പുനരുത്ഥാനം സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു നൽകപ്പെട്ട പരമപ്രധാനമായ വചനം ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ. അവിടന്ന് പത്രോസിനും15:5 മൂ.ഭാ. കേഫാ തുടർന്ന് പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി. അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു. പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകല അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു; ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി. ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്. അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും. മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പ് ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം. തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല. മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു. ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു. നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്. എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്. ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും! ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം. എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.15:27 സങ്കീ. 8:6 സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം. സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും. മരിച്ചവരുടെ പുനരുത്ഥാനമേ ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി? ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്? സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്. എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു15:32 റോമാപൗരനായ പൗലോസിനെ വന്യമൃഗങ്ങൾക്ക് ഭക്ഷണമാകാൻ ഇട്ടുകൊടുത്തു എന്നത് അവിശ്വസനീയമാണെന്നും, വന്യമൃഗങ്ങൾ എന്നത് ക്രൂരന്മാരായ മല്ലയുദ്ധപ്പോരാളികൾ എന്നതിന് വ്യംഗഭാഷയാണെന്നും അവരുമായി ദ്വന്ദയുദ്ധത്തിനായി അന്നത്തെ തീയേറ്ററിൽ വിട്ടുകൊടുത്തതായിരിക്കാം ഇവിടെ വിവക്ഷയെന്നും ഒരു പക്ഷമുണ്ട്. കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം? മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ.”15:32 യെശ. 22:13 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”15:33 ഗ്രീക്കു കവിയായ മെനാണ്ടറിന്റെ വരികൾ. നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല. പുനരുത്ഥിതശരീരം “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം. ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല. ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്. എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു. എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ. സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്. സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്. മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു. അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു”15:45 ഉൽ. 2:7 എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി. ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം. ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള15:47 മണ്ണുകൊണ്ടുള്ളവൻ എന്നർഥം. മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ. ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു. നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും. സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല. ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു”15:54 യെശ. 25:8 എന്നു എഴുതിയ വചനം നിറവേറും. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”15:55 ഹോശ. 13:14 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു. അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക. ജെറുശലേമിലുള്ള വിശ്വാസികൾക്കുവേണ്ടി ധനശേഖരണം ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം. ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം. വ്യക്തിപരമായ അപേക്ഷകൾ ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്. ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ. ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു. എന്നാൽ പെന്തക്കൊസ്തുവരെ16:8 പെസഹാപ്പെരുന്നാളിന് അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ഞാൻ എഫേസോസിൽ താമസിക്കും. കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്. തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ. ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും. ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ. സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത്16:15 മൂ. ഭാ. ആദ്യഫലം സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്. അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക. അഭിവാദനം ഏഷ്യാപ്രവിശ്യയിലെ16:19 ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം സഭകൾ നിങ്ങളെ അഭിവാദനംചെയ്യുന്നു. അക്വിലാസും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവാദനംചെയ്യുന്നു. എല്ലാ സഹോദരങ്ങളും അഭിവാദനംചെയ്യുന്നു. വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക. പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു. കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരണമേ! കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ. നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം, ആമേൻ.16:24 ചി.കൈ.പ്ര. ആമേൻ എന്ന പദമില്ല.